ആദിയിൽ വചനമുണ്ടായിരുന്നു.

"ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തൊടൊപ്പമായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി. അവനിലെ ജീവൻ വെളിച്ചമായിരുന്നു. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവനിൽ സ്വർഗീയസത്യവും സൗന്ദര്യവും നിറഞ്ഞുനിന്നു." (യോഹന്നാൻ എഴുതിയ സുവിശേഷം, ഒന്നാമദ്ധ്യായം)


യോഹന്നാന്റെ സുവിശേഷത്തിലെ ഈ ആദ്യവാക്യത്തിലെ മർമ്മശബ്ദമാണ് വചനം. ദൈവം, അനന്തത, വെളിച്ചം, ജീവൻ, സൃഷ്ടി, സൗന്ദര്യം എന്നിവയെയെല്ലാം വചനം എന്ന ഒറ്റ വാക്കിലൂടെ സംശ്ളേഷിക്കാനുള്ള ഒരു ശ്രമമാണ് യോഹന്നാൻ നടത്തുന്നത്. ഈ ശബ്ദങ്ങൾ തമ്മിലുള്ള വെറും ബന്ധമെന്ന അർത്ഥത്തിലല്ല, മറിച്ച്, അവയിലുൾക്കൊണ്ടിരിക്കുന്ന ഗൂഢാർത്ഥങ്ങളുടെ അതിഗാഢമായ ബന്ധമാണ് സുവിശേഷകൻ ഉദ്ദേശിക്കുന്നത്. ചരിത്രപുരുഷനായ യേശുവിന് ദൈവത്തിനൊപ്പംതന്നെ സ്ഥാനം കല്പിച്ചുനൽകുക എന്ന ഉദ്ദേശ്യം ഗ്രന്ഥകാരൻ മറച്ചുവയ്ക്കുനനില്ല. അതാകട്ടെ, വിശ്വാസാധിഷ്ഠിതമായ ഒരു തന്റേടമാണ്. അതിൽ യുക്തിക്ക് യാതൊരു സ്ഥാനവുമില്ല. എന്നാൽ, ഈ വാക്യത്തെ യുക്ത്യാധിഷ്ഠിതമായ ബൌദ്ധിക നിരീക്ഷണത്തിനു വിധേയമാക്കാമോ എന്നൊരു ശ്രമമാണ് ഇവിടെ നടത്തുന്നത്. ആ സംരംഭത്തിൽ, പരമ്പരാഗതമായ നിർവചനങ്ങളിൽ പലതും നാം ഉപേക്ഷിക്കേണ്ടിവരും. ഉദാ. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നതിനുപകരം ദൈവം തന്നെ സൃഷ്ടിപരതയാണ്, അതാകട്ടെ, കഴിഞ്ഞുപോയ ഒരു പ്രവൃത്തിയല്ല, മറിച്ച്, അനാദിമുതൽ നിത്യം തുടർന്നുകൊണ്ടിരിക്കുന്ന ഒന്നായി മനസ്സിലാക്കേണ്ടിവരും. സൃഷ്ടിപരതതന്നെയാണ് ദൈവം എന്നുവരുമ്പോൾ ദൈവത്തെയും സൃഷ്ടിയെയും കാരണവും കാര്യവുമായി കണാനാവാത്ത ഒരവസ്ഥയാണുണ്ടാവുക. അതായത്, ദൈവം ഏതൊക്കെയോ ക്രിയകളുടെ സ്വതന്ത്രനായ കർത്താവു മാത്രമല്ല, ക്രിയാത്മകതതന്നെയാണ് എന്ന് മനസ്സിലാക്കാമെങ്കിൽ, എല്ലാം അവനാൽ ഉണ്ടാക്കപ്പെട്ടു എന്നതിലും അഗാധമായി, എല്ലാം അവനെക്കൊണ്ട്‌, അവനിലൂടെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന നിതാന്തയദ്ഭുതമാണ്‌ നമ്മെ രോമാഞ്ചംകൊള്ളിക്കുക. അങ്ങനെയെങ്കിൽ, എവിടെയാണ് മനുഷ്യനെന്ന കർത്താവിന്റെ സ്ഥാനം? ഒരെഴുത്തുകാരൻ, ഒരു കവി, ശില്പി, സംഗീതജ്ഞൻ, തൊഴിലാളി, അമ്മ, അച്ഛൻ എന്നിവരെല്ലാം സൃഷ്ടാക്കളല്ലേ? അഗാധമായ സൃഷ്ടിപരതയിൽ ഇവരിലെ വ്യഷ്ടിതലത്തിലുള്ള കർതൃത്വം പ്രത്യക്ഷപരമായതു മാത്രമായി തരംതാഴും. അവിടെയെല്ലാം യാഥാർത്ഥ ചാലകശക്തി ദൈവം തന്നെയാണ് എന്നംഗീകരിക്കേണ്ടി വരും; അവനിലൂടെയല്ലാതെ ഒന്നും സംഭവിക്കുന്നില്ല!

ഇത് മനസ്സിലാക്കുകയെന്നാൽ, ദൈവം എന്നൊരു ശക്തി പുറത്തെവിടെയോ നിന്ന് കാര്യങ്ങൾ ശരിപ്പെടുത്തുകയല്ല, പകരം, ദൈവതം നമ്മുടെ വ്യഷ്ടിഗതമായ അഹത്തെ ആഗിരണം ചെയ്ത് തത്സ്ഥാനത്ത് പ്രവർത്തിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടിവരും. ഒരു നർത്തകനും ഓടക്കുഴലൂത്തുകാരനും കൃഷിക്കാരനും വാദ്ധ്യാരും, നാമോരോരുത്തരും ദൈവികമായ ഉപകരണങ്ങൾ മാത്രമായിത്തീരുന്നു, അല്ലെങ്കിൽ അതിലേയ്ക്ക് ഉയർത്തപ്പെടുന്നു.

ഈ ചിന്താധാര വിശ്വാസജീവിതത്തിലും അന്വർത്ഥമാണ്. ഞാനില്ലാതാവുന്നതിലൂടെ അവൻ വളരുക എന്ന് യേശുവിനെയോർത്തുകൊണ്ട് പോളും ദൈവപിതാവിനെ സ്മരിച്ചുകൊണ്ട് യേശുവും പറഞ്ഞതിന്റെ പൊരുളാണിത്. അതുതന്നെയാണ് ദൈവാവബോധത്തിലെത്തുന്ന ഓരോ വ്യക്തിയും സാർത്ഥകമാക്കുന്നത്. എല്ലാം ദൈവാവേശിമാണെന്ന തിരിച്ചറിവുണ്ടാകുന്നത് സ്വന്തം പ്രജ്ഞയുടെ അഭാവത്തോടെയാണെന്നത് ഒരു വിരുദ്ധോക്തിയായി തോന്നാം. എന്നാൽ അതാണ്‌ ഒരു ബുദ്ധനിലും ഒരു യേശുവിലും പ്രവർത്തിച്ചത്. ഐശ്വര്യപ്രകാശമായി സ്വയം തിരിച്ചറിയുക എന്ന അനുഭവമാണത്. ആ പ്രകാശത്തിൽ അഹം അപ്രത്യക്ഷമാകുന്നു എന്നതാണ് എല്ലാ യഥാർത്ഥ ദൈവാനുഭവവും സാക്ഷ്യപ്പെടുത്തുന്നത്. ദൈവം പ്രകാശമാണ് (1 യോഹ. 1,5). ഉള്ളത് ജീവന്റെ മഹാസമുദ്രം മാത്രമാണ്. അതിലെ തിരകൾ അതിന്റെ ഭാഗമല്ലാതെ മറ്റൊന്നുമല്ല. സമുദ്രവും തിരകളും രണ്ടല്ല, ഒന്നുതന്നെയാണ്. വേറിട്ടൊരസ്തിത്വം അവക്കില്ല. അങ്ങനെ ജീവൻ മൊത്തത്തിൽ ഒരു ദൈവികനൃത്തമായിത്തീരുന്നു. പ്രപഞ്ചം പ്രകാശിതമായ ഒരേയൊരൂർജ്ജത്തിന്റെ ജീവസ്പന്ദമായിത്തീരുന്നു. ശിവതാണ്ഡവം എന്നയാശയത്തിന്റെ ഗാംഭീര്യസൗന്ദര്യം ഇതോടുചേർത്ത് മനസ്സിലാക്കേണ്ടതാണ്.
ഈ അനുഭവത്തിൽ സ്ഥലകാലവ്യത്യാസങ്ങൾ അപ്രത്യക്ഷമാകും. 'ആദി'യെന്ന വാക്ക് മനുഷ്യഭാഷയുടെ പരിമിതികൊണ്ട് ഉപയോഗിക്കേണ്ടിവരുന്നതാണ്. ആദിയിലെന്നാൽ തുടക്കമില്ലാത്ത നിത്യതയിൽ എന്നല്ലാതെ വേറൊരു പാഠഭേദമില്ല. തുടക്കമില്ലാത്തതിന് ഒടുക്കവുമില്ല എന്ന ന്യായയുക്തിയിൽ, ആദിക്ക് അനന്തതയെന്നയർത്ഥമാണ് കിട്ടുന്നത്. അതായത് ശാസ്ത്ര വീക്ഷണത്തിൽ എന്നും സ്ഥിരമായി നിലകൊള്ളുന്ന പ്രപഞ്ചോർജ്ജത്തിന്റെ പര്യായമാണ് വചനം. മനുഷ്യനെ സംബന്ധിച്ചിടത്തോളം, തന്നിലെയും പ്രപഞ്ചത്തിലെയും സമഗ്രോർജ്ജത്തിന്റെ പ്രഭവസ്ഥാനമായി ഭാരതത്തിൽ ആരാധ്യമായിരുന്ന ഓം (ॐ) തന്നെയാണ് ഈ വചനം. സ്തൂലത്തെയും സൂക്ഷ്മത്തെയും സ്വരുമിപ്പിക്കാൻ നമുക്കുള്ള ഏറ്റവും നല്ല ഉപകരണമാണത്. ഏതെല്ലാം അർത്ഥസാന്ദ്രതകളാണ് അതിൽ നിക്ഷിപ്തമായിരിക്കുന്നത്! സമയത്തിലൂടെ ഉഴറുന്ന മനുഷ്യന് സമയത്തെ മറികടന്ന് തന്റെയുറവിടത്തിലേയ്ക്ക് എത്തിനോക്കാനുള്ള ത്വരയുടെ പ്രതിഫലനമായും, ദിവ്യത്വവും മനുഷ്യത്വവും തമ്മിൽ ബന്ധിപ്പിക്കാൻ പോരുന്ന ഒരു ചിഹ്നമായും ഓം അല്ലെങ്കിൽ വചനം നിലകൊള്ളുന്നു. നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞതും, ആദിയിൽ വചനമുണ്ടായിരുന്നു എന്ന് സുവിശേഷകർത്താവ് എഴുതിയതും ഒരേ മനുഷ്യാനുഭവത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. നമ്മുടെ ജീവനാഡിയായ ചലനത്തെ അളക്കുന്നത് സമയംകൊണ്ടാണല്ലോ. വചനം എന്ന അകാശയാനത്തിൽ സമയത്തിലൂടെ നിത്യദിവ്യതയിലേയ്ക്ക് കൂപ്പുകുത്തുകയാണ്, യോഹന്നാൻ.

യോഹന്നാനെയും അദ്ദേഹത്തിൻറെ ആരാധ്യവിഷയമായ, എന്നുമുണ്ടായിരുന്നതും ഉള്ളതും വരാനിരിക്കുന്നതുമായ ദൈവത്തിന്റെ കുഞ്ഞാടിനെയും (വെളിപാട് എന്ന പുസ്തകത്തിന്റെ ഉള്ളടക്കം) മറികടന്ന്, പ്രപഞ്ചം മുഴുവൻ അനന്തമായ ദിവ്യതയിൽ കുളിച്ചുനിൽക്കുന്നതായി വീക്ഷിക്കാനായാൽ, ദൈവാവതാരങ്ങളുടെ ആവശ്യം പാടേ ഇല്ലാതാകുന്നു. കാരണം, പ്രപഞ്ചം മൊത്തത്തിലും അതിലെ ഓരോ തരിയും ദിവ്യമാണ്. സൃഷ്ടാവും സൃഷ്ടിയും, കാരണവും കാര്യവും എന്ന ദ്വന്ദ്വചിന്തയുടെ ബലഹീനതയാണ് ദൈവാവതാരങ്ങളെ കാത്തിരിക്കാനും തേടിപ്പോകാനും മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് യേശുവിലും ദൈവത്വം ചാർത്തപ്പെട്ടത്‌. അതിന്റെ ഫലമായാണ് യേശുവിനെപ്പറ്റി വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു എന്ന് വേദപുസ്തകത്തിൽ എഴുതപ്പെട്ടത്. മേൽസൂചിപ്പിച്ച അർത്ഥതലങ്ങൾ നന്നായി സ്വാംശീകരിച്ച ഫാ. സെബാസ്റ്റ്യൻ കാപ്പൻ എഴുതി: "മാംസവത്തായ വചനം എന്നതിനേക്കാൾ വചനമായിത്തീർന്ന മാംസമാണ് യേശു" എന്ന് മനസ്സിലാക്കുകയാണ് ഉത്തമം. കാരണം, അതോടേ, ദൈവമനസ്സിൽ നമ്മളോരോരുത്തരും അങ്ങനെയാണെന്ന് കണ്ടെത്തുക അനായാസമായിത്തീരും. താൻതന്നെയാണ് തന്റെ സൂര്യനെന്ന് ഓരോ മനുഷ്യനും തിരിച്ചറിയണമെന്ന് മാർക്സും, ഒരോ മനുഷ്യനും തനിക്കുതന്നെ വെളിച്ചമായിരിക്കണമെന്നു ബുദ്ധനും അനുശാസിക്കുന്നത് പരോക്ഷമായെങ്കിലും ഈ ഉൾക്കാഴ്ചയുടെ സ്ഥിരീകരണമാണ്. നാം കാണുന്ന ഈ സ്ഥൂലപ്രപഞ്ചത്തിനു പിന്നിൽ ഒരു സൂക്ഷ്മപ്രപഞ്ചമുണ്ടെന്നും ഇവ രണ്ടും തമ്മിൽ ചില മാന്ത്രികബന്ധങ്ങളുണ്ടെന്നും നമ്മുടെ പൂർവികരും മനസ്സിലാക്കിയിരുന്നു. എല്ലാം ഒന്നുതന്നെയെന്നനുശാസിക്കുന്ന, ഭാരതത്തിനു സ്വന്തമായ, അദ്വൈതവിശ്വാസത്തിന്റെ പ്രതിഫലനങ്ങളാണല്ലോ വേദോപനിഷത്തുകളിൽ കാണുന്നത്. യേശു നളന്ദയിലോ മറ്റൊരു ഭാരതീയ വിദ്യാലയത്തിലോ കുറേക്കാലം തങ്ങിയിരുന്നുവെന്ന് പല സാഹചര്യത്തെളിവുകളുടെയും പിൻബലത്തിൽ വിശ്വസിക്കുന്നവർ വളരെയുണ്ട്. നീ തന്നെയാണ് നിന്റെ വെളിച്ചം, അത് നിന്റെയുള്ളിലാണ് എന്ന് യേശുവും പറഞ്ഞിട്ടുണ്ടല്ലോ.


അനുബന്ധം: യോഹന്നാന്റെ വചനവും ഒങ്കാരവും 
ഇനി നമുക്ക് ഒങ്കാരത്തിന്റെ അർത്ഥവ്യാപ്തിയിലേയ്ക്ക് ഒന്നെത്തിനോക്കാം. മാണ്‍ഡൂക്യോപനിഷത്തിലെ ആദ്യമന്ത്രത്തിന്റെ സംസ്കൃതശ്ളോകം ഇങ്ങനെയാണ്. "ഒമിത്യേതദക്ഷരമിദം സർവ്വം/ തസ്യോപവ്യാഖ്യാനം/ഭൂതം ഭവത് ഭവിഷ്യദിതി/ സർവമോംകാര ഏവ." അർത്ഥം ചുരുക്കിയെഴുതാം. "ഈ കാണുന്നതെല്ലാം ഓംകാരം എന്നുള്ള അക്ഷരമാണ്. ഭൂതത്തിലും വർത്തമാനത്തിലും ഭവിഷ്യത്തിലും എന്തെല്ലാം അടങ്ങുന്നുവോ, അതെല്ലാം ഒങ്കാരമാകുന്നു." ഇതിന്റെ ഉള്ളർത്ഥങ്ങളിലേയ്ക്ക് കടക്കുമ്പോൾ, യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യവാക്യം ഇതിന്റെതന്നെ മറ്റൊരു വിവർത്തനമല്ലേ എന്ന സംശയം സ്ഥിരീകരിക്കപ്പെടും.

ധ്യാനത്തിനുള്ള ഒരു മന്ത്രമാണ് ॐ. സ്വസ്ഥമായി ഒരിടത്തിരുന്ന്, കണ്ണുകൾ പൂട്ടി, സാവധാനത്തിൽ പറയൂ: "ഇദം സർവം", "ഇതെല്ലാം". ഒരു ചെറുവിരൽ അനക്കിക്കൊണ്ട് ഇത് (വിരൽ) എന്ന് വിചാരിക്കുക, അതോടൊപ്പം അതിനെ മൊത്തം ശരീരത്തിന്റെ ഒരംശമായിട്ടും കൂടി കരുതുക. അതോടേ വിരലും ശരീരവും തമ്മിലുള്ള അന്തരം മാഞ്ഞുപോകട്ടെ. എന്നതുപോലെ, ഇത് സർവമാണ് എന്നു ധ്യാനിക്കുമ്പോൾ, ബോധത്തിലെ ഏറ്റവും മദ്ധ്യസ്ഥമായിരിക്കുന്ന ഒരു ബിന്ദുവിൽ നിന്ന് അറിവ് നാലുപാടേയ്ക്കും വികസിക്കുന്നതായി അനുഭവപ്പെടും. 'സർവ്വം' എന്ന് വിചാരിക്കുമ്പോഴേയ്ക്കും ബോധത്തിന്റെ ചക്രവാളസീമ എത്രയോ ദൂരെ എത്തിക്കഴിഞ്ഞിരിക്കുന്നു! അത് പരിധിയില്ലാതെ അങ്ങ് തുടർന്നുപോകുന്നു. 

എന്തിലെങ്കിലും ശ്രദ്ധ ചെലുത്തിക്കൊണ്ട് 'ഇത്' എന്നുപറയുമ്പോൾ ആ ശബ്ദം എന്തിന്റെയോ വിശേഷണമായി 'ഈ പൂവ്', 'ഈ കുട്ടി', ' ഈ മരം' എന്ന രീതിയിൽ ചെറിയവയിലേയ്ക്ക് മനസ്സിനെ ഒതുക്കുന്നു. ഉടനടി അവയെ പൊതിഞ്ഞ് സ്ഥലകാലങ്ങൾ വന്നുചേരുന്നു. അവയോടൊപ്പം ഇതെല്ലാം ക്ഷരമാണ്, മാഞ്ഞുപോകും എന്നയാശങ്കയും. എന്നാൽ ഒന്നിനെയും വിശേഷിപ്പിക്കാൻ നോക്കാതെ, 'ഇത്' ഒരു സാമാന്യമായി കരുതി അതിലുൾക്കൊള്ളുന്ന അറിവിനെ എല്ലാ വശത്തേയ്ക്കും വികസിപ്പിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ, മൂന്നു കാലങ്ങളിലും നിറഞ്ഞുനില്ക്കുന്നതെല്ലാം അതിലുൾപ്പെടും എന്ന് കാണാനാവും. നശ്വരതയിലെ ആപേക്ഷികത അക്ഷയമായതിലെ പൂർണതയാൽ ആവേശിതമായിത്തീരുന്നു. അങ്ങനെ 'ഇദം' 'സർവ്വ'മായിത്തീരുന്നു. ഇത് എന്ന അറിവിലങ്കുരിച്ച ബോധത്തിന്റെ ഏകകം സർവ്വം എന്ന വിസ്ത്രുതിയിലേയ്ക്കുള്ള ഈ വിടരലിനെയാണ് ഓം പ്രതിനിധീകരിക്കുന്നത്. ആ വികാസം ആദ്യ അറിവിൽ നിന്ന് അറിയുന്നവനും അറിയപ്പെടുന്നതും ചേർന്നുണ്ടാകുന്ന ദ്വന്ദ്വമില്ലാത്ത അക്ഷര (പരിധിയോ ക്ഷയമോ ഇല്ലാത്തത്) മാകുന്നതുവരെ പോകുന്നു. അങ്ങനെയുണ്ടാകുന്ന സർവ്വമെന്ന അറിവിനെയാണ് (ഞാൻ എന്ന ജ്ഞാതാവും സർവ്വം എന്ന ജ്ഞേയവും ഒന്നായിരിക്കുന്ന അവസ്ഥ) ഓം എന്ന അക്ഷരമായി ഈ മന്ത്രത്തിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ, എപ്പോഴും ചഞ്ചലമായിരിക്കുന്ന ദൃശ്യപ്രപഞ്ചത്തിലെ അചഞ്ചലമായ സത്യത്തെയാണ്‌ ഓം കൊണ്ട് ദ്യോതിപ്പിക്കുന്നത്. അറിയുന്നവനിലും അറിയപ്പെടുന്നതിലും ഒരേ സമയം അറിവെന്ന പ്രകാശമായി പ്രശോഭിക്കുന്നതാണ് ഓം. നിത്യസദ്‌വസ്തുവായ ആ പ്രകാശംതന്നെയാണ് ദിവ്യത അല്ലെങ്കിൽ പരംപൊരുൾ. ഇത്രയും വിശദീകരിച്ചത് സംക്ഷിപ്തമായി പറഞ്ഞാൽ ഇങ്ങനെയായിരിക്കും: "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു." 

ഈ ചിന്തക്ക് ഉപോത്ബലകമായി സമയത്തെപ്പറ്റിയുള്ള നമ്മുടെ ധാരണയും ശുദ്ധീകരിക്കേണ്ടതുണ്ട്. സമയബോധം കുഴഞ്ഞുമറിഞ്ഞ ഒരു പ്രതിഭാസമാണ്. സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാൽ വർത്തമാനം മാത്രമേയുള്ളൂ. ഭൂതം എന്നാൽ ഉണ്ടായത്, വർത്തമാനത്തിൽ ഇല്ലാത്തത് എന്നാണ്. എന്നാൽ, ബോധത്തിലൂടെ കടന്നുപോകുന്നതിനെയൊക്കെയും അളന്നുനോക്കുന്ന നമ്മുടെ ശീലംകൊണ്ട്, കഴിഞ്ഞുപോയതിനെയും നമ്മൾ വർത്തമാനത്തിൽ സജീവമാക്കി നിർത്തുന്നു. അങ്ങനെ ഭൂതമായതെല്ലാം വർത്തമാനബോധത്തിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടുവന്ന് അതിന് സ്ഥിരമായ അസ്ഥിത്വം നൽകാൻ നോക്കുന്നത് ഒരു പാഴ്‌വേലയാണെന്നു മാത്രമല്ല, അതൊരു കെണിയുമാണ്‌. കാരണം, അതൊരസത്യമാണ്. 

അതുപോലെ തന്നെയാണ് ഭാവി അല്ലെങ്കിൽ ഭവിഷ്യത്തും. വര്ത്തമാനകാലബോധത്തിൽ കാല്പനികമായി മാത്രം ഉയർന്നുവരുന്ന പ്രതീക്ഷകളും ആശങ്കകളുമാണ് ഭവിഷ്യത്തായി നമ്മൾ വിലയിരുത്തുന്നത്. എന്നാൽ അവയും അസ്തിത്വമില്ലാത്ത അസത്യങ്ങളാണ് എന്നത് നാം എപ്പോഴും മറക്കുകയാണ് ചെയ്യുന്നത്. അപ്പോൾ, വർത്തമാനം, ഈ ഒരു നിമിഷം മാത്രമാണ്. അത് മാത്രമാണ് സത്യം. മറ്റു രണ്ടിനെപ്പറ്റിയുമുള്ള വേവലാതി അസ്ഥാനത്താണ്. അത് മനസ്സിലാക്കിയാൽ മാത്രമേ ശാന്തിയെന്തെന്ന് നമുക്ക് അനുഭവിച്ചറിയാനാവൂ. നാശമില്ലാത്ത ഒരേയൊരു സത്യം ഇപ്പോൾ ഇവിടെ നാം അനുഭവിക്കുന്നതാണ്. അതാകട്ടെ സർവ്വത്തെയും ഉൾക്കൊള്ളുകയും ചെയ്യുന്നു.
  • ആദിയില്‍ വചനം ഉണ്ടായിരുന്നു; ആ വചനത്തെ, സാക്കിന്റെ ലേഖനം വേണ്ടത്ര പ്രകാശത്തോടെ ജ്വലിപ്പിച്ചിരിക്കുന്നു. സാക് നേരെ അതിന്റെ സത്തയിലെക്ക് വായനക്കാരെ എടുത്തെറിയുന്നതുപോലെ ഒരനുഭവം. ചിലപ്പോള്‍ തോന്നും നമുക്കുള്ളത് ദൈവശാസ്ത്രജ്ഞാന്മാരാണോ അതോ അല്പ്പജ്ഞാനികളാണോയെന്ന്. ഉല്‍പ്പത്തിയുടെ പുസ്തകം തുടങ്ങുന്നത് തന്നെ ദൈവം എങ്ങിനെ ഓരോ തരിയും ഈ വചനം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നു വിശദീകരിച്ചുകൊണ്ടാണ്. രസതന്ത്ര വിദഗ്ദന്മാര്‍ ഇത് സരളമായി തെളിയിച്ചു തരും; ആറ്റം വിഭജിച്ച്‌ അവരുടെ വാദം അവര്‍ സ്ഥാപിക്കുകയും ചെയ്യും. ആറ്റമിനും താഴേക്ക് സബ് ആറ്റമിക് തലങ്ങള്‍ ഉണ്ടെന്നുള്ളതും അവര്ക്കതറിയാം. ഇതിനെപ്പറ്റി ഉണരിലിലൂടെ മനസ്സിലാക്കിയവരും തെളിവുകളിലൂടെ തിരഞ്ഞവരും എല്ലാം ഒരേ സ്വരത്തില്‍ പറയും എല്ലാം ഊര്ജ്ജമാണ്. വ്യത്യാസം തരംഗ സ്വഭാവത്തില്‍ മാത്രം.
    എസ്സക്കിയേല്‍ പ്രവാചകന്‍ ദൈവത്തിന്റെു സ്വരം കേട്ട കാര്യം ബൈബിള്‍ പറയുന്നുണ്ട്, അനേകം സമുദ്രങ്ങള്‍ ഇരമ്പുന്നതുപോലെയായിരുന്നു അത് എന്നാണ് അദ്ദേഹം പറഞ്ഞത്. അനേകം സമുദ്രങ്ങളുടെ ഇരമ്പല്‍ ഒരു വലിയ ഓംകാരം ആയിരുന്നിരിക്കണം. സംഗീതത്തില്‍ ‘സരിഗമപദനി’ യുടെ പല തട്ടുകള്‍ കാണാം. ഇവകളിലെ ഓരോ സമാന സ്വരങ്ങളും പരസ്പരം ഗുണിത/ഹരിതങ്ങളായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഊര്ജ്ജസ തരംഗം എത്ര ഉന്നത ഫ്രീക്വെന്സിയില് ഉള്ളതായിരുന്നാലും സബ് ഹാര്മോണിക്കുകളായി താഴേക്കും വരുന്നുണ്ട്. രണ്ടു തരംഗസ്ഥാനത്തുള്ള സ്വരങ്ങള്‍ ബന്ധപ്പെടുന്നതുപോലെ ആദിയിലെ ഊര്ജ്ജവുമാ നമുക്ക് ബന്ധപ്പെടാനുള്ള ഒരു തരംഗ മിശ്രണം ഉണ്ട്. അതിനു നല്ലൊരു ഉദാഹരണമാണ് ഓം. ആ ഓമിന് ഒരു താള-ലയ ക്രമമുണ്ട്. അതിന്‍ പ്രകാരം അത് മനുഷ്യന്‍ ഉച്ചരിച്ചാല്‍ അതിന് നമ്മെ ജലത്തിന് മീതേ ചലിച്ചുകൊണ്ടിരുന്ന ‘അരൂപി’ യുമായി ബന്ധിപ്പിക്കാനാവും. നാം ഊര്ജ്ജം എന്ന് വിളിക്കുന്നതും ബൈബിള്‍ അരൂപിയെന്നു വിളിക്കുന്നതും ഒന്നിനെത്തന്നെ.
    ഓംകാരം ഹൈന്ദവമാണെന്ന് സഭ പഠിപ്പിച്ചു. ഓം എന്ന ശബ്ദം സംസ്കൃതത്തിലെ ഒരു ലിപിയുമല്ല, വേദങ്ങളുടെ കുത്തകയുമല്ല. അതിനെത്രയോ മുമ്പ് മനുഷ്യന്‍ ആ ശബ്ദം ഇവിടെ ഉപയോഗിച്ചിരുന്നതിനു തെളിവുണ്ട്. അത് മനസ്സിലാക്കിയ തനി ക്രൈസ്തവ മിഷനറിമാര്‍ ഇന്ന് വ്യാപകമായി ഓം ഉപയോഗിക്കുന്നു. ആ ഓം തന്നെയാണ് ആമ്മേന്‍ ആയി ഇപ്പോഴും നമ്മുടെ ഇടയിലുള്ളത്. അപ്രകാരമായിരിക്കട്ടെ എന്ന് ആമ്മേന്‍ തര്ജ്ജുമ ചെയുന്നതിന് പകരം അതെ ശബ്ദം തന്നെ ഉപയോഗിച്ചിരിക്കുന്നത് തമാശക്കാണെന്നു കരുതാനാവില്ല. ഒരു കണ്ണാടി പ്രതലത്തില്‍ തരിമണല്‍ വിരിച്ചിട്ട് ഓം കാരം ആവര്ത്തിച്ചു ജപിച്ചു നോക്കൂ. ആ മണല്‍ തരികള്‍ ഓംകാരത്തിന്റെട ആകൃതിയില്‍ രൂപം കൊള്ളും എന്നത് മനുഷ്യന്‍ ചെയ്തു ബോദ്ധ്യപ്പെട്ട ഒരു ക്രിയയാണ്. ഏതൊരു വസ്തുവിനും ഒരു പ്രത്യേക ഊര്ജ്ജ ഭാവമുണ്ട്; ഏതൊരു തരംഗ മിശ്രണത്തിനും ഒരു രൂപമുണ്ട്. അതുകൊണ്ടാണ് ഊര്ജ്ജ മിശ്രണങ്ങള്ക്ക് ഒരു യന്ത്രഭാഗവും മന്ത്രഭാഗവുമുണ്ട് എന്ന് പറയുന്നത്. ഓമിനുമുണ്ടല്ലോ ഒരു രൂപം. ഇസ്ലാം മതത്തിന്റെു ചിഹ്നത്തിലെ ചന്ദ്രക്കലയും നക്ഷത്രവും ഓമിന്റെ. ഭാഗമാണെന്നു വാദിക്കുന്നവരും ഉണ്ടെന്നോര്ക്കുകക.
    ആദിയില്‍ ജലത്തിന് മീതേ അരൂപി ചലിച്ചുകൊണ്ടിരുന്നുവെന്നു പറയുന്നതിലൂടെ ആദിയില്‍ ഉണ്ടായിരുന്നത് ഒരു ഊര്ജ്ജണമിശ്രണം ആയിരുന്നുവെന്ന ശാസ്ത്രസത്യം തന്നെയാണ്. അതില്‍ നിന്നാണ് സര്‍വ്വതും പരിണമിച്ചിരിക്കുന്നത്. നാം പ്രപഞ്ചത്തെ കണികകളായി വിഭജിച്ച്‌ നോക്കിയാലും അതില്‍ കാണുന്നത് ശൂന്യത മാത്രം. ആ ശൂന്യതക്ക് ശക്തിയുമുണ്ട്, ബുദ്ധിയുമുണ്ട്‌ - ഒരു പക്ഷെ നമുക്ക് ഗ്രഹിക്കാവുന്നതിലും വളരെ കൂടുതല്‍. ആ ശൂന്യതയില്ലാതെ ഇവിടെ യാതൊന്നുമില്ല. അതായത് വചനം ദൈവമായിരുന്നു, ക്രിയയും ദൈവമാണ്, നാമും ദൈവമാണ് സര്‍വ്വതും ദൈവമാണ്, നാം സഹസൃഷ്ടാക്കളുമാണ് - നാമില്ലാതെ പ്രപഞ്ചം അപൂര്ണ്ണവുമാണ്.
    ReplyDelete
  • ആദ്യംതന്നെ പറയട്ടെ, ആദിയിൽ വചനമുണ്ടായിരുന്നു എന്ന വിഷയം തന്നിട്ട്, അതെപ്പറ്റി അല്പമെഴുതാമോ എന്ന് ചോദിച്ചത് മറ്റപ്പള്ളി ജോസഫ്ജിയാണ്. ആ വാക്യത്തിന്റെ കാതലായി ഞാൻ മനസ്സിലാക്കിയിരുന്നത് തത്ക്കാലം കുറിച്ചു എന്നതേയുള്ളൂ. ഇനി കൂടുതൽ ചിന്തിക്കുകയും അറിയുകയും ചെയ്തിട്ടുള്ളവർ കൂട്ടിച്ചേർക്കുകയും വിമർശിക്കുകയും ചെയ്തു വേണം അതിന്റെ അർത്ഥവ്യാപ്തിയിലെത്താൻ. ഇത്തരം ഒരു വിഷയമെടുത്ത് ചര്ച്ച ചെയ്യാനുള്ള ആർജ്ജവവും ധൈര്യവും നമ്മെപ്പോലുള്ള സാധാരണക്കാർ കാണിക്കുമ്പോൾ, അറിവിന്റെ സാഗരങ്ങളെന്നു വിളിക്കപ്പെടാൻ കൊതിക്കുന്ന നമ്മുടെയിടയന്മാർ സ്വയം മുമ്പോട്ട്‌വന്ന് ഇത്തരം ചര്ച്ചാവിഷയങ്ങളെ പുഷ്ടിപ്പെടുത്തേണ്ടതാണ്. അതവരുടെ ദൌത്യമല്ലെന്നുണ്ടോ? എങ്കിൽ പിന്നെയെന്താണ് അവരുടെ തൊഴിൽ?

    അതുപോകട്ടെ. ഈ ചിന്തയിൽ വേറെന്തെല്ലാം ഇനിയും ഉൾക്കൊണ്ടിരിക്കുന്നു എന്നന്വേഷിച്ചുനോക്കാം. ॐ എന്ന അദ്ഭുതമന്ത്രംകൊണ്ട് അർത്ഥമാക്കുന്നത് എന്തെല്ലാം എന്ന് നോക്കാം.

    മാണ്‍ഡൂക്യോപനിഷത്തിലെ ആദ്യമന്ത്രത്തിന്റെ സംസ്കൃതശ്ലോകം ഇങ്ങനെയാണ്. "ഒമിത്യേതദക്ഷരമിദം സർവ്വം/ തസ്യോപവ്യാഖ്യാനം/ഭൂതം ഭാവത് ഭവിഷ്യദിതി/ സർവ മോംകാര ഏവ." അർത്ഥം ചുരുക്കിയെഴുതാം. "ഈ കാണുന്നതെല്ലാം ഓംകാരം എന്നുള്ള അക്ഷരമാണ്. ഭൂതത്തിലും വർത്തമാനത്തിലും ഭവിഷ്യത്തിലും എന്തെല്ലാം അടങ്ങുന്നുവോ, അതെല്ലാം ഒങ്കാരമാകുന്നു." ഇതിന്റെ തര്ജ്ജമയല്ലേ യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യവാക്യം എന്ന് ചോദിച്ചുപോകുന്നു. അർത്ഥ വ്യാപ്തിയിലേയ്ക്ക് കടക്കുമ്പോൾ ഈ സംശയം സ്ഥിരീകരിക്കപ്പെടും.

    വർഷങ്ങൾക്കു മുമ്പ്, ഈ ശ്ലോകത്തെക്കുറിച്ചുള്ള ആഴ്ച്ചകൾ നീണ്ടുനിന്ന പഠനത്തിനുശേഷം ഞാൻ ഇങ്ങനെ കുറിച്ചുവച്ചിരുന്നു. ഓരോ ജ്ഞാനേന്ദ്രിയവും പ്രകാശത്തിന്റെ, ചിദ്വിലാസത്തിന്റെ, ഓരോ രൂപത്തെ സ്വീകരിക്കുന്നു. ഓരോന്നും എതെല്ലാം വിധത്തിലുള്ള പ്രകാശത്തിൽ നാം 'കാണുന്നു' എന്നതിനനുസരിച്ച്‌ ആഴവും വിസ്തൃതിയുമുള്ളതായി ഭവിക്കുന്നു, നമ്മുടെയറിവ്. അറിവ് സംപുഷ്ടമാകുന്നത്ര സൌഹൃദവുമാകുന്നു, പ്രകൃതിയിലുള്ള ഒരോന്നുമായുള്ള നമ്മുടെ ബന്ധം.

    മനുഷ്യ കേന്ദ്രീകൃതമായിരുന്ന ഒരു ലോകസങ്കല്പത്തിൽനിന്നുണ്ടായ മിഥ്യാടനമാണ് ദൈവമെന്ന പരാശക്തിയെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിലേയ്ക്ക് ആനയിക്കാൻ പ്രേരിപ്പിച്ചത്. പൂജാബലികളുടെയും അർത്ഥനാഭക്തിയുടെയുമെല്ലാം ഉറവിടം ഈ തെറ്റിധാരണയാണ്. സ്വന്തം വ്യക്തിത്വത്തിൽ നിന്ന് പുറത്തുകടക്കാതെ ഈ വിധ ദൈവസംകല്പങ്ങളിൽനിന്ന് മോചാനമുണ്ടാവില്ല.

    ഇനി നമുക്ക് ഒങ്കാരത്തിന്റെ അർത്ഥവ്യാപ്തിയിലേയ്ക്ക് ഒന്നെത്തിനോക്കാം.
    തുടരും.
    ReplyDelete
  • 2. ധ്യാനത്തിനുള്ള ഒരു മന്ത്രമാണ് ॐ. സ്വസ്ഥമായി ഒരിടത്തിരുന്ന്, കണ്ണുകൾ പൂട്ടി, സാവധാനത്തിൽ പറയൂ: "ഇദം സർവം", അല്ലെങ്കിൽ "ഇതെല്ലാം". ഒരു ചെറുവിരൽ അനക്കിക്കൊണ്ട് ഇത് (വിരൽ) എന്ന് വിചാരിക്കുക, അതോടൊപ്പം അത് മൊത്തം ശരീരത്തിന്റെ ഒരംശമായിട്ടും കൂടി കരുതുക. വിരലും ശരീരവും തമ്മിലുള്ള അന്തരം മാഞ്ഞുപോകട്ടെ. എന്നതുപോലെ, ഇത് എന്ന് പറയുമ്പോൾ, ധ്യാനിക്കുന്നവന്റെ ബോധത്തിലെ ഏറ്റവും മദ്ധ്യസ്ഥമായിരിക്കുന്ന ഒരു ബിന്ദുവിൽ നിന്ന് അറിവ് നാലുപാടേയ്ക്കും വികസിക്കുന്നതായി അനുഭവപ്പെടും. 'എല്ലാം' എന്ന് വിചാരിക്കുമ്പോഴേയ്ക്കും ബോധത്തിന്റെ ചക്രവാളസീമ എത്രയോ ദൂരെ എത്തിക്കഴിഞ്ഞിരിക്കുന്നു! അത് പരിധിയില്ലാതെ അങ്ങ് പോകുന്നു. ഇതൊരു കുഞ്ഞ്, ഇതൊരു പൂവ്, ഇതൊരു പുസ്തകം, അതാ ഒരു മേഘം, എന്നൊക്കെ പറയുമ്പോൾ, ഉടനടി അവയെ പൊതിഞ്ഞ് സ്ഥലകാലങ്ങൾ വരുന്നു. ഇതെല്ലാം ക്ഷരമാണ്, മാഞ്ഞുപോകും. എന്നാൽ ഇത് എന്നതിനെ സർവം എന്ന സാമാന്യംകൊണ്ടു വിശേഷിപ്പിക്കുമ്പോൾ, നശിക്കുക എന്ന ആശയവും മാഞ്ഞുപോകുന്നു. നശ്വരതയിലെ ആപേക്ഷികത അക്ഷയമായതിലെ പൂർണതയാൽ ആവേശിതമായിത്തീരുന്നു. അതായത്, ക്ഷയിച്ചു മറഞ്ഞുപോകുന്നവയിലും അക്ഷരമായി വിലാസംചെയ്യുന്ന ഒരു നിത്യസത്യം കുടികൊള്ളുന്നുണ്ടെന്നു കാണാം. ക്ഷരമായതിലൊക്കെയും അക്ഷരമായിരിക്കുന്ന ഒരു പരമാർത്ഥത്തെ ॐ എന്ന സത്യപരാമാർശംകൊണ്ട് സ്വരൂപനിർണ്ണയം ചെയ്യാൻ കഴിയുമെന്ന് ഈ മന്ത്രത്തിന്റെ ആദ്യപാദം പറഞ്ഞിരിക്കുന്നു.
    തുടരും.
    ReplyDelete
  • തുടർച്ച
    3. എന്തെങ്കിലും ശ്രദ്ധിച്ചുകൊണ്ട് 'ഇത്' എന്നുപറയുമ്പോൾ അത് എന്തിന്റെയോ വിശേഷണമായി 'ഈ പൂവ്', 'ഈ കുട്ടി', ' ഈ മരം' എന്ന രീതിയിൽ ചെറിയവയിലേയ്ക്ക് മനസ്സിനെ ഒതുക്കുന്നു. എന്നാൽ ഒന്നിനെയും വിശേഷിപ്പിക്കാൻ നോക്കാതെ, 'ഇത്' ഒരു സാമാന്യമായി കരുതി അതിലുൾക്കൊള്ളുന്ന അറിവിനെ എല്ലാ വശത്തേയ്ക്കും വികസിപ്പിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ, മൂന്നു കാലങ്ങളിലും നിറഞ്ഞുനില്ക്കുന്നതെല്ലാം അതിലുൾപ്പെടും എന്ന് കാണാം. അങ്ങനെ 'ഇദം' സർവ്വമായിത്തീരുന്നു. അതായത്, ഇത് എന്ന അറിവിലങ്കുരിച്ച ബോധത്തിന്റെ ഏകകം ഓം എന്ന വിസ്ത്രുതിയിലേയ്ക്ക് വിടരുന്നു. ആ വികാസം ആദ്യ അറിവിൽ നിന്ന് അറിയുന്നവനും അറിയപ്പെടുന്നതും ചേർന്നുണ്ടാകുന്ന ദ്വന്ദ്വമില്ലാത്ത അക്ഷര(ക്ഷയമില്ലാത്തത്, പരിധിയില്ലാത്തത്)മാകുന്നതുവരെ പോകുന്നു. അങ്ങനെയുണ്ടാകുന്ന സർവ്വമെന്ന അറിവിനെയാണ് (ഞാൻ എന്ന ജ്ഞാതാവും സർവ്വം എന്ന ജ്ഞേയവും ഒന്നായിരിക്കുന്ന അവസ്ഥ) ഓം എന്ന അക്ഷരമായി ഈ മന്ത്രത്തിൽ പറഞ്ഞിരിക്കുന്നത്. എപ്പോഴും ചഞ്ചലമായിരിക്കുന്ന ദൃശ്യപ്രപഞ്ചത്തിലെ അചഞ്ചലമായ സത്യത്തെയാണ്‌ ഓം കൊണ്ട് ദ്യോതിപ്പിക്കുന്നത്. ഈ ചിന്തയാകണം നമ്മുടെ ധ്യാനത്തിന്റെ കേന്ദ്രം.

    എങ്കിൽ തുടർന്ന് ധ്യാനിക്കുക. ഇക്കാണുന്നതെല്ലാം എപ്പോഴും ഈ ബോധത്തെ ഉണർത്തിക്കൊണ്ടിരിക്കുകയാണ്. അറിയുന്നവനിലും അറിയപ്പെടുന്നതിലും ഒരേ സമയം അറിവെന്ന പ്രകാശമായി പ്രശോഭിക്കുന്നതാണ് ഓം. ഈ നിത്യസദ്‌വസ്തു തന്നെയാണ് ദിവ്യത അല്ലെങ്കിൽ പരംപൊരുൾ. ഇത്രയും വിശദീകരിച്ചത് സംക്ഷിപ്തമായി പറഞ്ഞാൽ ഇങ്ങനെയായിരിക്കും: "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു." ആ വചനം, ദൈവം, ഓം നാമെല്ലാവരിലും നിരന്തരം പ്രകാശിക്കട്ടെ! ആ പ്രകാശത്തിൽ 'ഞാൻ' എന്ന നിഴൽ മാഞ്ഞുപോകട്ടെ!   

  • 0 comments: