Showing posts with label Spirituality. Show all posts
Showing posts with label Spirituality. Show all posts

പള്ളിപ്രസംഗത്തിന്റെ നിലവാരം


"സഹോദരികളെ, സഹോദരരെ, നമ്മുടെ പള്ളികളില്‍ നമ്മള്‍ കൂടുതലായി സ്വര്‍ഗ്ഗത്തെയും നരകത്തെയും, ശുദ്ധീകരണസ്ഥലത്തെയും മരണത്തെയും അവസാന വിധിയെയും പറ്റി കൂടുതല്‍ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിനും സഭയുടെ നിലനില്‍പ്പിനും സമുദായത്തിന്റെ കെട്ടുറപ്പിനും സ്വര്‍ഗ്ഗത്തിലെത്തുക എന്ന നമ്മുടെ ലക്ഷ്യം സാധിച്ചുകിട്ടാനും ഇതാവശ്യമാണ്. "* 


ബാംബര്‍ഗിലെ ആര്‍ച്ച്ബിഷപ് Dr. Ludwig Schick Fulda യില്‍ വച്ച് നടന്ന ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫെറന്‍സില്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ റിപ്പോര്‍ട്ട്‌ Die katholische Zeitschrift, 16 Oct., 2011ല്‍ കൊടുത്തിരുന്നതില്‍ നിന്നാണിത് .

വലിയ ആട്ടിന്‍കൂട്ടത്തെ തീറ്റാന്‍ കൊണ്ടുനടക്കുന്ന ഇടയന്മാര്‍ സഹായത്തിന് ഒരു പട്ടിയെ പരിശീലിപ്പിച്ചെടുക്കാറുണ്ട് . ഒരാട് കൂട്ടം വിട്ടുപോയാല്‍, ഉടനെ അവന്‍ കുരച്ചും തടഞ്ഞും അതിനെ കൂട്ടത്തിലേയ്ക്ക് നയിക്കും. വിശ്വാസികള്‍ സഭയില്‍ നിന്ന് അകന്നുപോകാതിരിക്കാനും, എപ്പോഴും അവരെ ആശ്രയിച്ചു മാത്രം സ്വര്‍ഗത്തില്യ്ക്കുള്ള വഴിയേ നടക്കാനും വേണ്ടി, അവര്‍ക്ക് ചുറ്റും കറങ്ങി കുരച്ചുകൊണ്ടു നടക്കുന്ന അജനായകളെ ഓര്‍മ്മിപ്പിക്കുന്നു, ഇത്തരം അജപാലകര്‍.

വിശ്വാസപ്രമാണം എഴുതിയുണ്ടാക്കിയ നാളുകളിലെ ബൌദ്ധിക നിലവാരമാണ് ഇപ്പോഴും മനുഷ്യരുടേത് എന്നാണ് ഇവര്‍ കരുതുന്നത്. അന്ന് അതില്‍ ഉപയോഗിച്ചിരുന്ന ബിംബങ്ങള്‍ അന്നത്തെ ആളുകള്‍ക്ക് കൊള്ളാമായിരുന്നു. ഇന്നും അവയ്ക്ക് അക്ഷരാര്‍ത്ഥം കല്‍പ്പിച്ചുകൊടുത്ത് കടുംപിടുത്തം മുറുക്കിയിരുന്നാല്‍ ഇവരെ ഓര്‍ത്തു ചിരിക്കാതെ എന്തു ചെയ്യാന്‍. അപ്പോസ്തലരുടെ വിശ്വാസപ്രമാണം എന്ന് പറയുന്നെങ്കിലും, ഇതെഴുതിയുണ്ടാക്കി, പല തവണ തിരുത്തിത്തിരുത്തി ഇന്നത്തെ രൂപത്തിലായത് രണ്ടാം നൂറ്റണ്ടിന്റെ അവസാനം തൊട്ട്‌ നാലാം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള സമയത്താണ്. വിശ്വാസപ്രമാണത്തിലെ പല പ്രഖ്യാപനങ്ങളും ഇന്നുള്ളവര്‍ക്ക് എന്തെങ്കിലും അര്‍ത്ഥം ഉളവാക്കുന്നവയോ, ഏതെങ്കിലും വിധത്തില്‍ മനസ്സിലാകുന്നവയോ അല്ല. ഉദാ: അവന്‍ പാതാളങ്ങളില്‍ ഇറങ്ങി (descended into hell), സ്വര്‍ഗത്തിലേയ്ക്ക് ആരോഹണം ചെയ്തു (ascended into heaven), പിതാവിന്റെ വലത്ത് ഭാഗത്തിരിക്കുന്നു, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരും തുടങ്ങിയവ. എന്നാലും മനുഷ്യര്‍ ഇതൊക്കെ ഉറച്ചു വിശ്വസിക്കുന്നതായി ആവര്‍ത്തിച്ചുകൊണ്ടിരിക്കണം എന്നാണ് സഭയുടെ വാശി.

അന്ത്യവിധിയെപ്പറ്റിയും, പല്ലുകടിയും മുറുമ്മലും തീയും കൊണ്ട് നിറഞ്ഞ നരകത്തെപ്പറ്റിയും, യേശുവും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അവയെ സഭ വിശ്വാസപ്രമാണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, അവയെ അങ്ങനെത്തന്നെ എടുക്കുകയാണ് സത്യവിശ്വാസത്തിന്റെ കാതല്‍ എന്ന് മാര്‍ ഷിക്ക് പറയുന്നു. വിധിയാളനായ ഒരു ദൈവത്തെ മാറ്റി നിറുത്തിയാല്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മനുഷ്യരുടെയും സ്രഷ്ടാവായ ദൈവത്തിനു പിന്നെയെവിടെ സ്ഥാനം എന്നാണ് ഈ ദൈവജ്ഞന്റെ ചോദ്യം! മാത്രമല്ല, യേശുവിന്റെ ജീവിതം, മരണം, സുവിശേഷം, നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കേണ്ട പരിശുദ്ധാരൂപി ... എല്ലാം പിന്നെ അര്‍ത്ഥശൂന്യമത്രേ. "(ശിക്ഷിക്കുന്ന) ദൈവമില്ലങ്കില്‍, ഞാനെന്തിനു നല്ലവനായിരിക്കണം?" എന്നുപോലും മാക്സ് ഹോര്‍ക്ക് ഹൈമറെ (Max Horkheimer) ഉദ്ധരിച്ച് ഇദ്ദേഹം ചോദിക്കുന്നു. എത്ര വികലമായ ഒരു മനുഷ്യസങ്കല്പമാണ് ഇത്!

കാതലില്ലാത്ത, യാന്ത്രികമായ ഒരു ജീവിതവീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിതൊക്കെ. മരണാനന്തരമുള്ള സ്വര്‍ഗ്ഗസിദ്ധിയെക്കുറിച്ചല്ലാതെ ജീവിച്ചിരിക്കെത്തന്നെ ഉണ്ടാകേണ്ട ആത്മീയാവബോധത്തിന്റെ സാദ്ധ്യതയെയും നേട്ടത്തെയും പറ്റി ഇവര്‍ക്കിനി ഒന്നും വിശ്വാസികളോട് പറയാനില്ലേ? ആത്മജ്ഞാനം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാധാരണ ആളുകള്‍ സ്വര്‍ഗ്ഗനരകങ്ങളില്‍ വിശ്വസിച്ച് നന്മയുടെ വഴിയേ പോകുന്നെങ്കില്‍ അത്രയും നല്ലത്. എന്നാല്‍ ആ വഴിയേ പോയാല്‍ കിട്ടുന്നത് ഒരു സ്വപ്നാനുഭൂതി മാത്രമാണെന്ന സത്യം ദൈവജ്ഞാനികളായി കരുതപ്പെടുന്ന മെത്രാന്മാരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? ഏത്‌ മതമായാലും സ്വര്‍ഗത്തെ ജീവിതത്തിന് ശേഷമുള്ള പ്രാപ്യസ്ഥാനമായി കാണുന്നതിന്റെ പൊള്ളത്തരം ഭഗവത്ഗീത പോലുള്ള കൃതികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിക്രൂര ശിക്ഷകള്‍ ചൂണ്ടിക്കാട്ടി മനുഷ്യരെ സത്സ്വഭാവികളാക്കാന്‍ ശ്രമിക്കാമെന്നല്ലാതെ, അതുകൊണ്ട് മനുഷ്യന്‍ നന്നാകുന്നില്ലല്ലോ. സഭയുടെ ആവശ്യങ്ങള്‍ക്ക് അത്രയും മതിയായിരിക്കാം.

ബഹുമാന്യ ഇടയന്മാരേ, സ്വര്‍ഗ്ഗത്തെയും നരകത്തെയും പറ്റി ഞങ്ങള്‍ ആട്ടിന്‍പറ്റങ്ങളോട് കൂടുതല്‍ പ്രസംഗിക്കുക.

*Es ist wichtig, dass wir in der Kirche wieder mehr vom Himmel und der Hölle, dem Tod und dem Gericht predigen, lehren und sprechen. Das ist für unser Leben hier, für unsere Kirche, für die Gesellschaft und unseren Weg zur Vollendung im Himmel wichtig.

എന്തായിരുന്നു ഉത്ഥാനം? Jijo Kurian

 What is meant by Resurrection


മനോഹരമായ ഈ പടവും കുറിപ്പുകളും (ഇരുഭാഷകളിലുമുള്ളവ) ഫാ. Jijo Kurian, കപ്പുചിൻ, ഫെയ്സ് ബുക്കിൽ ഇട്ടിരുന്നതാണ്.
എന്തായിരുന്നു ഉത്ഥാനം? മൂന്നു നാൾ കുഴിമാടത്തിൽ ഉറങ്ങിയിട്ട് പൊടിയും തട്ടി പഴയ ശരീരത്തോടെ എഴുന്നേറ്റു പോന്നതോ? പുതിയനിയമത്തിലെ ആദ്യ ലേഖകനായ പൌലോസ് എന്തേ ഉത്ഥാനകഥയൊന്നും അറിയാതെ പോയി? ആദ്യ സുവിശേഷമായ മർക്കോസിന്റെ സുവിശേഷത്തിൽ എന്തേ ഉത്ഥാനകഥകളൊന്നും ഇല്ലാതെ പോവുകയും പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു? എന്തുകൊണ്ടാണ് ഉത്ഥാനകഥകൾ പറയുമ്പോൾ സുവിശേഷങ്ങൾക്കിടയിൽ വൈരുദ്ധ്യം കടന്നുവരുന്നത് (നാല് സുവിശേഷങ്ങളിൽ രണ്ടെണ്ണം പോലും ഉത്ഥാനകഥകൾ പറയുന്നതിൽ യോജിപ്പില്ല എന്നതോർക്കുക) - ഇത്തരം ചില ചോദ്യങ്ങൾ കൂടി ഈ ഉത്ഥാന നാളിൽ ചോദിക്കുന്നത് ക്രിസ്തു ജീവിതത്തിന്റെ മഹത്വം വർദ്ധിപ്പിക്കുകയേയുള്ളൂ.

(വാൽക്കഷ്ണം: ശിശിരം തല്ലിക്കൊഴിച്ച ഇലകളും  ഉണക്കച്ചില്ലകളുമായി ഈ കടുംവേനലിൽ നിന്നിരുന്ന നമ്മുടെ കൊന്നമരങ്ങൾ എവിടെയായിരുന്നു ഇത്രയേറെ നിറവും സുഗന്ധവും ഒളിപ്പിച്ചുവെച്ചിരുന്നത്!)

The Gospels were written later than Paul. The stories of the Resurrection in the gospels are very “simple,” unadorned with theological comments. The Resurrection itself is not described. (In fact nobody saw resurrection. Nor can we say it took place on the 3rd day. When the ladies reached at the tomb in the early morning after Sabbath the resurrection had already taken place. When? Nobody knows. According to John's theology resurrection is on the cross itself: "You will be with me in Paradise TODAY." These resurrection stories only describe the discovery of the empty tomb and meetings with Jesus. The Easter narratives represent the attempt to proclaim the Easter message in ANOTHER MEDIUM, the Medium of narration (story telling) set within a historical context. However, this attempt later brings in a number of puzzles and problems along with its “eye witness nature”:

• It is difficult to reconcile the various Gospel accounts on matters of: where did Jesus appear after his resurrection? Galilee? Jerusalem? Both?, how many women came to the tomb. Which angels did they see?
• Unlike the Passion narrative, which is a continuous story from start to finish, and which is unfolded in fundamentally the same way in all the four Gospels, the resurrection of Jesus came to be proclaimed in a group of independent stories.

The earliest biblical exposition on the Resurrection of Christ is in 1 Cor 15 which thus runs “The Messiah died for our sins, was buried and was raised according to the scriptures”. (Just proclaiming resurrection without the aid of any apparition story) Why did Paul write this? The Corinthians had a tendency to “collapse” Christian teachings back into pagan religion. In particular, they had a tendency to view the afterlife as a body-less immortality of the soul. Paul is trying to teach them “eschatology” - the story of God’s plan to put the world right in Jesus (Eschatology = the branch of theology dealing with the ultimate destiny of mankind and the world). In the middle of this, he is trying to teach them the Christian view of our future – a bodily resurrection. Following the mention of Jesus’ Resurrection the discourse continues with our own bodily resurrection. What is this new resurrected body? “The resurrection body possesses both continuity and discontinuity with the existing body.” 1 Cor. 15:38 gives us an example of this continuity, discontinuity: “The plant grows from the seed yet is a different sort of a thing.” The resurrection of the body should be thought of as a transformation of the existing body into a new mode of physicality (“transformed physicality”). At the same time 1 Cor. 15:58 gives the impression that the present physical body matters. What you do in the present body is in continuity with who you are going to be in the future body. Paul further discusses the meaning of the transformation of the present body at the end of Philippians 3 and at the beginning of 2 Cor 5. In 2 Cor 5 he uses the metaphors of Seed and Corn; Tent and Temple. The present body is metaphorically thought to be a shadow of our future self. The eschatology of Paul we can thus summarize: “We live in this odd interval in God’s purpose in history, between the resurrection of Jesus in the past, and our own future resurrection, and God’s remaking of the whole world in the future, and these two together hold us in a newly storied world, in a new imaginative world, in which we can live and work as Christians and in which we know that what we do in the present is not in vain, is not going to be thrown away. We are building, hopefully with gold and silver and precious stones, and when the day appears, then that work will appear with it.”

That means Paul experienced, understood and proclaimed (wrote) the Resurrection of Christ even without the aid of Resurrection stories.

കപടമായ ആത്മീയത

 കപടമായ ആത്മീയത


• എം ടി മാഷ് മുന്‍പ് എഴുതിയിട്ടുണ്ട്, സ്പിരിച്ച്വല്‍ ഷോപ്പുകളെ പറ്റി. അവിടെ ആത്മീയത വിറ്റഴിക്കുകയാണെന്ന് താങ്കള്‍ എഴുതിയപ്പോള്‍ അത് പലര്‍ക്കും രുചിച്ചില്ല. മതം സൃഷ്ടിക്കുന്ന കപട രാഷ്ട്രീയബോധം, കപടമായ ആത്മീയത, അന്ധവിശ്വാസങ്ങള്‍ ഇവയെയൊക്കെ എങ്ങനെ പ്രതിരോധിക്കണം?

ആത്മീയ വിപണനശാലകള്‍. ശരിയാണ്. നല്ല വില്‍പനസാധ്യതയുള്ള ചരക്കായി ആത്മീയത പലയിടങ്ങളിലും മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. പക്ഷെ ഒന്നുണ്ട്, നമ്മളെന്ത് പറഞ്ഞാലും ഇവിടെ ജാതിയുണ്ട്, മതവുമുണ്ടണ്ട് യാഥാര്‍ത്ഥ്യമാണത്. കപടമായ വര്‍ഗീയ-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അവ കളത്തിലിറങ്ങി കളിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് വേണ്ടത്. അത് കുട്ടികളില്‍ നിന്നും യുവജനങ്ങളില്‍ നിന്നുമാണ് തുടങ്ങേണ്ടത്. നിങ്ങള്‍ക്ക് നിങ്ങളുടെതായ രീതിയില്‍ ആരാധന നടത്താം നിങ്ങളില്‍നിന്ന് വ്യത്യസ്തമായി ആരാധന നടത്തുന്ന എത്രയോ ആളുകളുണ്ട്. അവര്‍ ഇവിടെ എത്രയോ കാലങ്ങളായി ജീവിച്ചുവരുന്നവരാണ് ഈ ആരാധനയുടെ രീതി മാറ്റി നിര്‍ത്തിയാല്‍ ഇതിലൊന്നും യാതൊരു വ്യത്യാസവുമില്ല. പണ്ട് കബീര്‍ പറഞ്ഞതുപോലെ ‘ഒരേ ആകാശത്തിന്റെ കീഴില്‍ ഒരേ വായു ശ്വസിച്ചുകൊണ്ട് ഒരേ സൂര്യന്റെ വെളിച്ചം കിട്ടുന്നവരാണ് നമ്മള്‍, ഒരേ കുംഭകാരനുണ്ടാക്കുന്ന കളിമണ്‍ പാത്രങ്ങള്‍.’ ആ രീതിയിലുള്ള വിശാലമായ കാഴ്ചപ്പാട് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയണം. അപ്പോള്‍ കപട ആത്മീയതയുടെ വിപണനശാലകള്‍ ഇവിടെയുണ്ടാക്കാന്‍ കഴിയുകയില്ല. മറ്റുള്ളവരും മനുഷ്യരാണ്. അവര്‍ക്ക് ഊന്നി നില്‍ക്കാനും ഇവിടെ മണ്ണുണ്ട് എന്ന വസ്തുത ഉള്‍ക്കൊണ്ടാല്‍, പരസ്പരം മനസ്സിലാക്കാന്‍ അത് ഗുണകരമാവും.

നെല്ല് ഡോട്ട് നെറ്റ് എന്ന വെബ്സൈറ്റ് പ്രസധീകരിച്ച എം.ടി.യുമായുള്ള അഭിമുഖംത്തില്‍ നിന്ന്. മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. (അലെക്സ് കണിയാംപറമ്പില്‍ അയച്ചുതന്നത്.)

ജീവദാരു

 Christmas Tree = ജീവദാരു


ക്രിസ്മസ്ദാരു എന്നൊരു വാക്കുണ്ടാക്കിയാല്‍ അതിന് Christmas treeയുമായി സ്വരങ്ങളില്‍ നേരിയ ബന്ധമെങ്കിലും ആരെങ്കിലും ശ്രദ്ധിക്കുമോ? ദാ-രു = t-r ...tree എന്ന മൂലമാത്രകളുടെ സാമ്യമെങ്കിലും കാണുക.

നിത്യഹരിതദാരുക്കളുടെ ശിഖരങ്ങളും ഇലകളും ചേര്‍ത്തുണ്ടാക്കുന്ന റീത്തുകളും മാലകളും പണ്ട് ഈജിപ്തുകാരും ചൈനാക്കാരും യഹൂദരും നിത്യജീവന്റെ വിഗ്രഹങ്ങളായി (സവിശേഷ അര്‍ത്ഥത്തില്‍ ഗ്രഹിക്കപ്പെടേണ്ടവ) വിശേഷാവസരങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഭാരതത്തിലും യൂറോപ്പിലും പണ്ടുമുതല്‍ മരങ്ങള്‍ ആരാധ്യവസ്തുക്കള്‍ ആയിരുന്നു. ശൈത്യകാലമാകുമ്പോള്‍ പക്ഷികള്‍ക്കുവേണ്ടി വീടിനു വെളിയിലും പിന്നീട് കുട്ടികള്‍ക്കായി അലങ്കരിച്ച് വീടിനകത്തും ഒരു കൊച്ചു മരം സ്ഥാപിക്കുക ആദ്യം സ്കാന്റിനേവ്യന്‍ രാജ്യങ്ങളിലും, തുടര്‍ന്ന് ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലും പതിവായി. ആദിമാതാപിതാക്കളുടെ ദിവസമായി ഡിസംബര്‍ 24 കൊണ്ടാടുമ്പോള്‍ കളിച്ചിരുന്ന ഒരു കഥയുടെ ഭാഗമായതോടെ ഇതിന് പറുദീസാമരം, നിത്യജീവന്റെ മരം എന്നീ അര്‍ത്ഥങ്ങള്‍കൂടി കൈവന്നു. അതാണ്‌ ഇന്നത്തെ ക്രിസ്മസ്ട്രീയായി പരിണമിച്ചത്‌.

മരത്തെ നിത്യജീവനുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നത് ശാസ്ത്രീയമായും ശരിയാണെന്ന് ഇന്ന് നമുക്കറിയാം. മരങ്ങള്‍ ഭൂമിയുടെ പ്രമാണരേഖകളാണ്. അവ കാറ്റിലിളകുമ്പോള്‍ പ്രകൃതിയുടെ തനതായ രഹസ്യഭാഷയില്‍ ജീവന്റെ സന്ദേശങ്ങള്‍ അവയില്‍ കുറിച്ചിടപ്പെടുന്നു. ഓരോ ഇലയും അക്ഷരാര്‍ത്ഥത്തില്‍ ഒരു താളിയോലയാണ്. ഭൂഗര്‍ഭങ്ങളിലെയും ബഹിരാകാശത്തെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ നമ്മുടെ ഭാവിയും അവയില്‍ അന്തര്‍ലീനമായിരിക്കും. ഹൃദയത്തിന്റെ ഭാഷയറിയുന്നവര്‍ക്ക് മാത്രം അവ വായിച്ചെടുക്കാം. ഒരു മരത്തോടു ചേര്‍ന്ന് നില്‍ക്കുക, അതിനെ ആശ്ലേഷിക്കുക, അതിനോട് സംസാരിക്കുക, എന്നിട്ട് ഹൃദയം കൊണ്ട് ശ്രദ്ധിക്കുക. ദൈവികമായ അവബോധം അവയ്ക്കുമുണ്ടെന്നു നാം വേഗം തന്നെ തിരിച്ചറിയും. പക്ഷേ, ഒന്നുണ്ട്. മരങ്ങളുടെ തന്നെ നിഷ്ക്കളങ്കതയോടെ വേണം നാമതിന് ശ്രമിക്കാന്‍. തിമിംഗലങ്ങളും ഡോള്ഫിനുകളും സമുദ്രത്തിലെ ഗ്രന്ഥശാലകളായിരിക്കുന്നതുപോലെ മരങ്ങള്‍ ഭൂമിയുടെ ഗ്രന്ഥശാലകളാണ്. ഇവിടെ സംഭവിക്കുന്നതെല്ലാം തല്‍ക്ഷണം അവ അറിയുകയും കുറിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ട്. ആഗ്രഹത്തോടെ ചോദിച്ചാല്‍, നമുക്കവ പങ്കിട്ടുകിട്ടും. ദാരുവെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ദാനശീലന്‍ എന്നാണല്ലോ.

അന്യോന്യം ഒക്സിജനും കാര്‍ബണ്‍ ഡയോക്സൈഡും കൈമാറി മനുഷ്യനും മരവും പരസ്പരം പൂര്‍ത്തീകരിക്കുന്നു, പരസ്പരം ജീവനുപാധിയായിത്തീരുന്നു. എല്ലാ ജീവരൂപങ്ങളും ഇതില്‍ പങ്കാളികളാകുന്നുണ്ട് എന്നയറിവ് അവയോടെല്ലാം ബഹുമാനത്തോടെ പെരുമാറാന്‍ നമ്മെ പഠിപ്പിക്കേണ്ടതാണ്. ഒരു മരത്തെ തൊടുകയെന്നാല്‍ ഒരേ സമയം ആകാശത്തെയും ഭൂമിയെയും തൊടുകയാണ്. അതാകട്ടെ, ഒട്ടും നിസ്സാരമായ ഒരു കാര്യമല്ല.

തിരുപ്പിറവിയും ചില ഉദ്വേഗചിന്തകളും

 തിരുപ്പിറവിയും ചില ഉദ്വേഗചിന്തകളും


അവതാരപുരുഷന്മാരുടെ ഏറ്റവും വലിയ നഷ്ടം അവരുടെ ശൈശവം മോഷ്ടിക്കപ്പെടുന്നു എന്നതാണ്. വലിയ കാര്യങ്ങള്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപെട്ട്, അഭൌമികമായ ഏതോ മുന്‍‌കൂര്‍ തീരുമാനമനുസരിച്ച് ജന്മമെടുക്കുന്ന അവതാരശിശുവിന് ശൈശവത്തിന്റെയും കൌമാരത്തിന്റെയും എല്ലാ വശ്യതകളും കുറുമ്പുകളും നിരാകരിക്കപ്പെടുകയാണ്. ജീവിതത്തിന്റെ സമസ്ത സൌന്ദര്യവും അവരില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നു എന്ന് വേണമെങ്കില്‍ പറയാം. ജ്ഞാനികളും മാലാഖാമാരും അത്ഭുതം കൂറുന്ന അയല്‍ക്കാരും, എന്തിന്, സ്വന്തം മാതാപിതാക്കളും ചേര്‍ന്ന് സ്വാഭാവികമായ വളര്‍ച്ചയുടെ ഗതി അവരില്‍ നിന്ന് മാറ്റിവിടുന്നു. വീഴ്ച്ചകളിലൂടെയുള്ള പഠനമാണ് ജീവിതമെങ്കില്‍, അതവര്‍ക്ക് അനുവദനീയമല്ല. അല്പമൊക്കെ വല്ല വീഴ്ചകളും വന്നു പിണഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ, ഭാവി ചരിത്രകാരന്മാര്‍ അതെല്ലാം തൂത്തുവെടിപ്പാക്കിക്കൊള്ളും. ഒരു ശിശുവിനെപ്പോലെ മലമൂത്രവിസര്‍ജനത്തിനുപോലും അവതാരപുരുഷന് അനുവാദമില്ല. ഇത്തരമൊരുണ്ണി എങ്ങനെ നമ്മുടെ സ്നേഹവാത്സല്യങ്ങള്‍ക്ക് പാത്രമാകുമെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല.

തിരിഞ്ഞു നോക്കുമ്പോള്‍, വ്യര്‍ത്ഥവും ശുഷ്ക്കവുമായ മനുഷ്യഭാവനകള്‍ എത്രയെത്ര നല്ല മനുഷ്യരുടെ ശൈശവത്തെ ഇല്ലായ്മ ചെയ്തിരിക്കുന്നു! എന്തുമാത്രം പാഴ്വാക്കുകള്‍ അതിനായി എഴുതപ്പെട്ടിരിക്കുന്നു. കൌമാരം പിന്നിടാത്ത മനുഷ്യക്കുരുന്നുകളെ കൂലിയില്ലാത്തൊഴിലാളികളാക്കി അവരുടെ അല്പ ജീവിതം നിഹനിക്കുന്നതിനു തുല്യമല്ലേ അവതാരമാരോപിച്ച് ഒരാളുടെ മനുഷ്യത്വം അപഹരിക്കുന്ന ഈ വിനോദവും? മനുഷ്യനായി ജനിച്ച്, മനുഷ്യനായി വളരാത്ത ഏതൊരാള്‍ക്കാണ് മനുഷ്യനെ ഉദ്ധരിക്കാന്‍ കഴിയുക? അങ്ങനെയെങ്കില്‍ പിന്നെ പരാശക്തിക്ക് ഈ നിയോഗം അവതാരോപാധിയില്ലാതെയും ആയിക്കൂടെ?

റ്റാക്കൂറിന്റെ ഗീതാഞ്ജലിയിലെ മനോഹരകാവ്യഖണ്ഡത്തില്‍  (*മുഴുവന്‍ വായിക്കാന്‍ അവസാനം കൊടുത്തിരിക്കുന്ന link കാണുക) കുറ്റപ്പെടുത്തുന്ന അനുഷ്ഠാനക്രിയകള്‍ - കൊന്തയുരുട്ടും മന്ത്രാലാപനങ്ങളും അറുത്ത പൂക്കളും കുന്തിരിക്കവും - ക്രിസ്തീയസമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണമെന്ന് ശ്രീ ജെയിംസ്‌ കോട്ടൂര്‍ പറയുമ്പോള്‍, അത് ശരിവയ്ക്കാതെ തരമില്ല. അത് ശക്തമായ തൂലികാപ്രയോഗമായിരുന്നു. അതുപോലെ, യേശുവിന്റെ പിറവിയുമായി ബന്ധപ്പെടുത്തി ഉണ്ടായിട്ടുള്ള മിക്ക കഥകളും വെറും ഐതിഹ്യങ്ങള്‍ മാത്രമാണെന്ന് എഴുതാനുള്ള ചങ്കൂറ്റം ക. സഭയുടെ തലവനായ ബെനെടിക്റ്റ് പതിനാറാമന് ഉണ്ടായത് അഭിനന്ദിനാര്‍ഹമാണ്. ക്രിസ്തുമസ് ഐതിഹ്യങ്ങള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു, മാലാഖാമാര്‍ ആട്ടിടയരോട് തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു, കഴുതയും മറ്റു മൃഗങ്ങളും നിന്നിരുന്ന ഒരു തൊഴുത്തില്‍ ഉണ്ണി പിറന്നു എന്നും മറ്റുമുള്ള കഥകള്‍ വെറും ഭക്തിഭാവനകളാകാനാണ് സാദ്ധ്യത എന്ന്. യേശുവിന്റെ കാലിത്തൊഴുത്തിലെ പിറവിയെ പഴയനിയമത്തിലെ ചില വാക്യങ്ങളുമായി ബന്ധപ്പെടുത്തി, അവിടെ പീഡിതരായ അന്നത്തെ മനുഷ്യര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ തന്നെയാണ് യേശു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടന്നതായി പോപ്പ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പരാമൃഷ്ട വാക്യങ്ങള്‍ (ഹബക്കുക്ക് 3,17/ഏശയ്യാ 1,3) ശ്രദ്ധിച്ച് വായിച്ചുനോക്കിയാല്‍ കൂടുതല്‍ ചിന്താക്കുഴപ്പമാണ് ഉണ്ടാവുക. കാരണം, അവതമ്മില്‍ ആകെയുള്ള ബന്ധമിത്രമാത്രം: നാടാകെ അനീതിയും അക്രമവും നിറയുമ്പോഴും, ദുഷ്ടന്‍ നീതിമാനെ വിഴുങ്ങുമ്പോഴും, കര്‍ത്താവ് രക്ഷക്കായി എത്തുന്നില്ല. അസ്സീറിയായിലെ നാഹും ആണ് അന്ന് ഭരിച്ചിരുന്നതെങ്കില്‍, റോമന്‍ അടിമത്തത്തില്‍ യഹൂദര്‍ നരകിച്ചിരുന്ന സമയത്താണ് യേശുവിന്റെ ജനനം. നാഹുമിന്റെ കാലത്ത്, ഒരു രക്ഷകന്‍ ഉടന്‍ വരും എന്ന് ഹബക്കുക്ക് എന്ന പ്രവാചകന്‍ ജനത്തെ ആശ്വസിപ്പിക്കുന്നതാണ് സന്ദര്‍ഭം. അതുമായി താരതമ്യം നടത്തി, യേശുവിനെ തങ്ങള്‍ കാത്തിരുന്ന രക്ഷകനായി സ്ഥിരീകരിക്കാനാണ് ലൂക്കായുടെ ശ്രമം എന്നാണു പോപ്പ് ബെനഡിക്റ്റ് സ്ഥാപിക്കുന്നത്. ഉദ്ദേശ്യം കൊള്ളാം, പക്ഷെ, അദ്ദേഹം ഉദ്ധരിക്കുന്ന വേദവാക്യങ്ങള്‍ ഇവിടെ അതിനു വഴങ്ങുന്നില്ലെന്നു മാത്രം. പഴയനിയമ/പുതിയനിയമ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കല്‍ സുവിശേഷകൃതികളില്‍ ധാരാളം കണ്ടെത്താനാവും എന്നത് സത്യമാണ്. ഉദാ. ഹബക്കുക്ക് 3,18 ലെ "എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും" എന്നത് "എന്റെയാത്മാവ് എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു." എന്നാക്കി ലൂക്കാ 1,47 ല്‍ (മറിയത്തിന്റെ സ്തോത്രഗീതം) കാണാം. മനുഷ്യചരിത്രത്തില്‍ ഇവിടെ സമാനതകളുണ്ട് എന്നതു മാത്രമാണ് അതിന്റെ പിന്നിലെ യുക്തി.

ഇതൊക്കെയാണെങ്കിലും, മനുഷ്യരുടെ സംഗീതപരമ്പരകളില്‍  ഏറ്റവും മനോഹരമായ ചില സൃഷ്ടികള്‍ക്ക് ദൈവത്തിന്റെ മനുഷ്യാവതാരസങ്കല്പവും അതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും സ്രോതസ്സായിട്ടുണ്ട്. വിശേഷിച്ച്, യൂറോപ്പിലെ ഭാഷകളില്‍. Silent Night, Ave Maria എന്നിവ നല്ല ഉദാഹരണങ്ങളാണ്. അതുപോലെ, ശൈശവത്തിന്റെ വശ്യതയും മാതൃത്വത്തിന്റെ നിര്‍മ്മല മഹത്വവും നിറങ്ങളില്‍ കുടുക്കാന്‍ വിശ്വകലാകാരന്മാരെ ഉത്തേജിപ്പിക്കാനും ഈ ഭാവനക്ക് കഴിഞ്ഞിട്ടുണ്ട്. 

ഒരു വിയോജിപ്പ് കൂടി. എന്തുകൊണ്ടാണ് എല്ലാ അവതാരങ്ങളും പുല്ലിംഗമായിപ്പോകുന്നത്? അത് തന്നെ ഈ വിശ്വാസത്തിലെ കഴമ്പില്ലായ്മയെ സ്ഥിരീകരിക്കുന്നു. ജനനം വഴി ഒരാള്‍ അധഃകൃതനാകുന്നു എന്ന വക്രചിന്തപോലെ തന്നെ മ്ലേച്ഛമാണ് ജനനം മൂലം ഒരാള്‍ ആരാധ്യനാകുന്നു എന്ന വിശ്വാസവും. ഹിന്ദു അവതാരങ്ങളായാലും, തിബത്തുകാരുടെ ലാമാമാരാണെങ്കിലും, പുല്‍ക്കൂട്ടിലെ ഉണ്ണിയോ കത്തോലിക്കരുടെ ചില വിശുദ്ധരോ ആയാലും ശരി, യുക്തി ഇക്കാര്യത്തില്‍ ദാക്ഷിണ്യരഹിതമാണ്.  

ഇതുകൂടി പറയാതെ നിറുത്തുന്നത് ഭംഗിയല്ല. കാലിത്തൊഴുത്തിലെ ജനനവും മൂന്നു വര്‍ഷക്കാലത്തെ അദ്ഭുതചെയ്തികളും കാല്‍വരിയിലെ മരണവും പുനരുഥാനവുമൊന്നും ഇല്ലാതെതന്നെ യേശു എനിക്ക് എന്നും സംപൂജ്യനായ ഗുരുവും അവഗണിക്കാനാവാത്ത മാതൃകയും രക്ഷയാഗ്രഹിക്കുമ്പോള്‍ രക്ഷകനും വഴിയന്വേഷിക്കുമ്പോള്‍ വഴിയും ആണ്. അടിത്തട്ടു കാണാവുന്ന ഒരു നദിയിലേയ്ക്കിറങ്ങുന്നതു പോലെയാണ് ഞാന്‍ യേശുവിനെ കണ്ടെത്തിയത്. ഇരു കരയും കവിഞ്ഞ്, കനത്ത പാറകള്‍ക്കിടയിലൂടെ മന്ദമായി ഒഴുകുന്ന ഒരാറുപോലെ; മറ്റുറവകള്‍ അതിലേയ്ക്ക് ലയിച്ചുചേരുന്നു, ഇന്നലെത്തേപ്പോലെ ഇന്നും. ഇരു തീരത്തും പച്ചപ്പുള്ള കൂറ്റന്‍ മരങ്ങള്‍. ഓരോ ഉദയസൂര്യനും അസ്തമയവും അതിനെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്നു. ഉത്ഭവമെവിടെയെന്നറിയാത്ത, ധാരാളിത്തത്തിന്റെ ധന്യതയായി അതൊഴുകിക്കൊണ്ടിരിക്കുന്നു.

അവന്‍ കാറ്റിനെതിരേ നടന്നു. അവന്റെ മേലങ്കി പറന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ അവനല്ലാതെ വേറൊരുത്തമപുരുഷന്‍ ഇല്ലായിരുന്നു. അപ്പോള്‍ അവന്റെ കൈയില്‍ കടന്നു പിടിക്കാനാവുക, അതെനിക്ക് പറുദീസയുടെ കുളിര്‍മ്മയാകുന്നു. തിരുവവതാരത്തിന്റെ മധുവൂറുന്ന കാല്പനികസുഖങ്ങളും ദൈവരാജ്യത്തിന്റെ മോടികളും വേണ്ടവര്‍ അവ പങ്കിട്ടെടുത്തുകൊള്ളട്ടെ. എന്നാല്‍, അവയൊന്നുമില്ലാതെ, ആരെക്കുറിച്ചോര്‍ക്കുമ്പോള്‍, എനിക്കാത്മാവില്‍ കാറ്റ്പിടിക്കുന്നുവോ, മറ്റെല്ലാം മറക്കാനാവുന്നുവോ, അതാണെനിക്ക്‌ യേശു. അവനാകുന്ന ജലാശയത്തിന്റെ ആഴത്തിലേയ്ക്കിറങ്ങുമ്പോള്‍, വെട്ടിത്തിളങ്ങുന്ന ജീവജലത്തിന്റെ നീലിമയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നു.

എല്ലാറ്റിന്റെയും സാരാംശമാണ് ആത്മാവ്.


 ഓരോന്നിന്റെയും എല്ലാറ്റിന്റെയും സാരാംശമാണ് ആത്മാവ്.

അല്‍മായശബ്ദം ബ്ലോഗിന്റെ ജിഹ്വയായ സത്യജ്ജ്വാലയില്‍ സാരാംശം എന്ന പംക്തി എഴുതുന്ന ശ്രീ ജെ. മററപ്പള്ളി ഓര്‍മ്മിപ്പിക്കാറുള്ളതുപോലെ, നമ്മുടെയൊക്കെ അറിവ് വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ കാതലുള്ള വിഷയങ്ങളെപ്പറ്റി ഒരു സ്രോതസ്സില്‍ നിന്ന് മാത്രം അറിവ് ശേഖരിക്കുക എന്നത് അസ്സാദ്ധ്യമാണെന്നും, സാരാംശമെന്തെന്നു തിരയുന്നവര്‍ എല്ലാ വഴികളും നടക്കാന്‍ സന്നദ്ധരാകണമെന്നതും ഏതു സത്യാന്വേഷിയും മനസ്സിലാക്കിയിരിക്കണം. ഒരു ബ്ലോഗിലെ ഏതാനും സംവാദങ്ങള്‍ കൊണ്ടോ ഏതാനും ബൈബിള്‍ ഉദ്ധരണങ്ങള്‍ കൊണ്ടോ നിര്‍വചിക്കാവുന്ന ഒന്നല്ല ആത്മാവ് എന്ന ആശയം. ഇവയൊക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കുറേയൊക്കെ സഹായകരമായേക്കാം, എന്നാല്‍ സത്യമായ ആത്മാവിനെ കണ്ടെത്താന്‍ ഓരോരുത്തരും സ്വന്തം ഉള്ളില്‍ തന്നെ തിരയണം. ആത്മാവ് അറിയപ്പെടേണ്ട ഒരു വസ്തുവല്ല, മറിച്ച്, നാം കണ്ടെത്തേണ്ട നമ്മുടെതന്നെ സാരാംശമാണ്. താഴെ വായിക്കാവുന്ന ലേഖനത്തില്‍ എന്റെ തെരയലുകളുടെ സംക്ഷിപ്ത രൂപം കൊടുത്തിട്ടുണ്ട്. ആര്‍ക്കെങ്കിലും അതുപകരിക്കുമെങ്കില്‍ സന്തോഷം. ദയവായി ശ്രദ്ധചെലുത്തി വായിക്കുക. ഇത്തരം വകകള്‍ ഒരു നോവല്‍ പോലെ വായിച്ചുപോയാല്‍ സമയം വേറുതേ കളയാമെന്നേയുള്ളൂ.

ബൈബിളിന്റെ സാരാംശം ഉള്‍ക്കൊള്ളുന്ന വാക്യമാണ്, "യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. ... ദൈവം ആത്മാവാകുന്നു" (ജോണ്‍ 4,24). ആ ആത്മാവ് ഓരോന്നിന്റെയും എല്ലാറ്റിന്റെയും ചൈതന്യമായി നിലകൊള്ളുന്നു എന്ന സത്യം തന്നെയാണ് ബൈബിളിനും മുമ്പ്‌ "തത്ത്വമസി" എന്ന മഹാവാക്യം കൊണ്ട് നമ്മുടെ ഉപനിഷത്തുകള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ വ്യക്തമായ ഒരു സത്യമായി അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവര്‍ ഇന്നും എത്ര വിരളമാണ്. അല്ലായിരുന്നെങ്കില്‍ ഈ ലോകം എന്നുമൊരു പറുദീസയായി തുടരുമായിരുന്നു. ഈ സത്യത്തിലേയ്ക്ക് വെളിച്ചം വീശാന്‍ കഴിയുന്നവരെല്ലാം തങ്ങളുടെ കണ്ടെത്തലുകളും അനുഭവങ്ങളും പങ്കുവച്ചാല്‍, സത്യാന്വേഷികള്‍ക്ക് അത് വലിയ അനുഗ്രഹമായിത്തീരും. അല്മായശബ്ദത്തിന്റെ മുഖക്കുറിതന്നെ സത്യം അറിയുക, സത്യത്തിലൂടെ സ്വാതന്ത്ര്യം കൈവരിക്കുക എന്നതാണല്ലോ.
നുഷ്യചൈതന്യത്തെ സ്പര്‍ശിക്കുന്നതെല്ലാം പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു, ബാഹ്യതലത്തിലും ആന്തരികതലത്തിലും. ബാഹ്യതലത്തില്‍ ജീവനുത്തരവാദി സൂര്യപ്രകാശം അല്ലെങ്കില്‍ സൌരോര്‍ജ്ജമാണ്. ആന്തരികചൈതന്യമെന്നത് അവബോധമാണ്. അതിനുത്തരവാദി ആത്മീയപ്രകാശമാണ്. അതാണ്‌ അറിവ് എന്ന പദംകൊണ്ട് മനസ്സിലാക്കേണ്ടത്. മനുഷ്യന്‍ ആദ്യനോട്ടത്തില്‍ കാണുന്ന ലോകം ദ്രവ്യാത്മകമാണ്. അതാണ്‌ അറിവിന്റെ ഒന്നാമത്തെ തലം. അവിടെ (യഥാ) ഇന്ദ്രിയം 'കാണുന്നതിന്' അതിന്റെ ഉടമസ്ഥന്‍ കൊടുക്കുന്ന 'അര്‍ത്ഥ'ത്തിനാണ് യാഥാര്‍ഥ്യം എന്ന വാക്ക് നാം ഉപയോഗിക്കുന്നത്. ഈ യാഥാര്‍ഥ്യമാകട്ടെ താല്‍ക്കാലികമായ വ്യവഹാരത്തിനായി മാത്രമുള്ളതാണ്. അതില്‍ മൌലികതയൊട്ടുമില്ല. അറിവിന്റെ രണ്ടാമത്തെ തലത്തിലേയ്ക്ക് കടക്കുകയെന്നാല്‍, ദ്രവ്യമായതൊക്കെയും (ഖരം, ദ്രവം, വാതകം, പ്ലവം) സ്ഥായിയായ പ്രപഞ്ചോര്‍ജ്ജമാണെന്ന കണ്ടെത്തലാണ്. അതില്‍നിന്ന് ഐന്‍ഷ്റ്റൈന്‍ (Albert Einstein) രൂപപ്പെടുത്തിയ സമവാക്യമാണ് E = mc². (ഈ വിഷയത്തില്‍ താത്പരമുള്ളവര്‍ E = mc² ജീവിതത്തില്‍  എന്ന ലേഖനം വായിക്കുവാന്‍ ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://znperingulam.blogspot.in/2010/11/e-mc.html) 

ദൃശ്യപ്രപഞ്ചത്തിന്റെ വിസ്തൃതി സ്ഥിരമാണെന്ന് ആദ്യം കരുതിയ ഐന്‍ഷ്റ്റൈന്‍ തന്നെ ‌അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പിന്നീട് സമ്മതിക്കേണ്ടി വന്നെങ്കിലും, അതിലെ ഊര്‍ജ്ജത്തിന്റെയളവ് എപ്പോഴും ഒന്നുതന്നെ; അതിന്റെ പ്രതിഭാസങ്ങള്‍ മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പറഞ്ഞ സ്ഥൂലോര്‍ജ്ജലോകത്തെയും മറികടന്നുള്ള ഒന്നാണ് അറിവിന്റെ മൂന്നാമത്തെ തലം. അവിടെയെത്തുമ്പോള്‍, ഉള്ളതെല്ലാം ആത്യന്തികമായി ബോധവും അതിന്റെ പ്രതിഭാസങ്ങളുമാണെന്ന തിരിച്ചറിവുണ്ടാകുന്നു. ഈ മൂന്ന് തലങ്ങളില്‍ താഴത്തെ ഒന്നിലും രണ്ടിലും ഉറച്ചുപോകുന്നവരാണ് ഭൂരിഭാഗവും.  ഭൌതികശാസ്ത്രത്തിന്റെ ഈ പരിധിക്കപ്പുറത്തേയ്ക്ക് കടക്കുക അത്രയൊന്നും എളുപ്പമല്ല. ഇപ്പോള്‍ തങ്ങള്‍ വിഹരിക്കുന്ന തലത്തിലും ഉയര്‍ന്ന വേറൊരു തലമുണ്ടെന്നു ചിന്തിക്കുകതന്നെ അവര്‍ക്കു പ്രയാസമാണ്. നാമോരോരുത്തരുമറിയുന്ന ലോകം അവരവരുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനം മാത്രമാണെങ്കിലും അതുതന്നെയാണ് അസ്തിത്വത്തിന്റെ ഉള്ളടക്കമെന്നു തെറ്റിദ്ധരിച്ചാണ് മനുഷ്യരിലധികവും ജീവിക്കുന്നതും മരിച്ചു മണ്‍മറയുന്നതും.

ദ്രവ്യലോകത്തെ മാത്രം പഠനവിഷയമാക്കിയിരുന്ന ഭൌതികശാസ്ത്രവും, ഒരമ്പതു വര്‍ഷമായി അതിന്റെ കടുംപിടുത്തത്തില്‍ അയവ് വരുത്തേണ്ടിവന്നിരിക്കുന്നു. അതായത്, ദൃശ്യപ്രപഞ്ചത്തില്‍ പോലും ബോധത്തിന്റെ സ്ഥാനം അംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന വഴിയിലേയ്ക്കാണ് അതിപ്പോള്‍ തിരിഞ്ഞു കഴിഞ്ഞിരിക്കുന്നത്. തങ്ങളുടെ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതെല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ അംഗീകരിച്ചുകഴിഞ്ഞു. ഇന്ദ്രിയങ്ങളിലൂടെ കണ്ടറിയുന്ന ദ്രവ്യലോകം മാത്രമാണ്‌ പരമാര്‍ത്ഥം (അസ്തിത്വത്തിന്റെ പൊരുള്‍) എന്ന് വിശ്വസിച്ചുകൊണ്ട്, അതിലുറച്ചുനില്ക്കുക വാസ്തവത്തില്‍ പക്വമാകാത്ത ഒരു മനസ്സിന്റെ ഭ്രമമാണെന്നാണ് അതിനര്‍ത്ഥം. കാരണം, ഐന്ദ്രികമായ കാഴ്ച, മുമ്പ് പറഞ്ഞതുപോലെ, അവിടെ നമുക്ക് മുമ്പില്‍ സത്യത്തിലുള്ളതിന്റെ കാഴ്ചയല്ല, ഉള്ളതായി തോന്നിപ്പിക്കുന്നതിന്റെ കാഴ്ച മാത്രമാണ്. യാഥാര്‍ഥ്യമെന്ന ശബ്ദത്തിന്റെ ശരിയായ ഈ അര്‍ത്ഥം മനസ്സിലാക്കാതെ, അല്ലെങ്കില്‍ അത് മറന്നുകൊണ്ട്, അതിന് സത്യമെന്ന പരിവേഷം നല്‍കുക ജീവിതത്തിലെ ഏറ്റം വലിയ വീഴ്ചയാണ്.

ശ്രുതിയുടെ രണ്ട് പാരമ്പര്യങ്ങളുണ്ട് - വേദവും വേദാന്തവും. അജ്ഞാനിക്കുവേണ്ടിയുള്ള ഉക്തിയാണ് വേദം. വേദാന്തമാകട്ടെ, വേദങ്ങളുടെ അറുതിയാണ്, അതായത്, വേദങ്ങള്‍ള്‍ക്കുമപ്പുറത്തുള്ളതാണ്. ഇതാകട്ടെ ജ്ഞാനിക്കുവേണ്ടിയുള്ളതും. ഉപനിഷത്തുകള്‍ ഇതില്‍പെടുന്നു. ജ്ഞാനിക്ക് ദ്രവ്യം നിലവിലില്ല, ബോധവും അതിന്റെ ചൈതന്യവും മാത്രമേയുള്ളൂ. ദ്രവ്യലോകത്തെ വിശകലനം ചെയ്താരംഭിച്ച ആധുനിക ശാസ്ത്രചിന്ത ദ്രവ്യമല്ലാതെ മറ്റൊന്നും കണക്കിലെടുത്തില്ല. ബോധമെന്നത് ദ്രവ്യത്തിന്റെ ഒരുപോത്പന്നം മാത്രമായിട്ടാണ് അതില്‍ കരുതപ്പെട്ടത്. എന്നാല്‍, വിശ്ലേഷണം ചെയ്യുന്തോറും ശാസ്ത്രനിഗമനത്തിലുണ്ടായിരുന്ന ദ്രവ്യം വാസ്തവത്തില്‍ അവിടെയില്ലെന്ന അപ്രതീക്ഷിതമായ സത്യത്തിലേയ്ക്കാണ് ശാസ്ത്രം കണ്ണുതുറന്നത്. ദ്രവ്യമായി കാണപ്പെടുന്നയെന്തും വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ വീണ്ടും ചെറുതാക്കാനാവാത്ത കണിക (atom) യിലെത്തുമെന്നും ദ്രവ്യാത്മകമായ എല്ലാരൂപവിന്യാസങ്ങളുടെയും ഉള്ളിന്റെയുള്ള് ആറ്റമാണെന്നുമുള്ള അറിവ് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ഈ ആറ്റത്തെയും പിളര്‍ക്കാമെന്നും അപ്പോള്‍ പുറത്താകുന്ന ഊര്‍ജ്ജം വിസ്മയിപ്പിക്കുംവിധം അതിശക്തമാണെന്നും ആറ്റംബോംബിന്റെ കണ്ടുപിടുത്തം വ്യക്തമാക്കി. E = mc² സമവാക്യമാണ് ബോംബിന്റെ നിര്‍മ്മിതിയിലേയ്ക്ക് നയിച്ചത്. ആത്യന്തികമായി എല്ലാവും ഊര്‍ജ്ജമാണെന്ന വലിയ കണ്ടെത്തലില്‍ മനുഷ്യന്‍ അല്പമല്ല അഹങ്കരിച്ചത്. പക്ഷേ, വിചാരിച്ചതുപോലെ, അത് അറിവിന്റെ അവസാനമായിരുന്നില്ല. ഊര്‍ജ്ജത്തിലേയ്ക്ക് ആഴത്തില്‍ കടന്നുചെന്നാല്‍ അതും അപ്രത്യക്ഷമായിട്ട്, ബോധം മാത്രം ബാക്കിയാവും എന്നത് ഭാരതത്തിലാണ് ആദ്യം കണ്ടുപിടിക്കപ്പെട്ടത്! അസ്തിത്വത്തിന്റെ അത്യഗാധത്തിലേയ്ക്കുള്ള ഈ കുതിപ്പ് നമ്മിലെ ബോധത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ലാതാനും. മാക്സ് പ്ലാങ്ക്, ഐന്‍ഷ്റ്റൈന്‍, ഹൈസെന്‍ബര്‍ഗ് എന്നിവര്‍ വേദാന്തഭാഷയോട് ഏറ്റവും അടുത്തുവന്ന ശാസ്ത്രജ്ഞരാണ്. നമ്മുടെ ദൃഷ്ടിയിലുള്ളതോ, ശാസ്ത്രത്തിലൂടെ എത്തിപ്പിടിക്കാവുന്നതോ അല്ല അസ്തിത്വത്തിന്റെ മൌലികത എന്നാണ് അവരും അവസാനം മനസ്സിലാക്കിയത്.


ജീവിതം ലൈംഗികോര്‍ജ്ജമാകുന്നു എന്നൊരു കൃതിയില്‍ (അ. 7, താളുകള്‍ 203...) ബോധവും ബോധാവസ്ഥയും എന്താണെന്ന് വ്യക്തമാക്കാന്‍, ബുദ്ധന്റെ കണ്ടെത്തലില്‍ ഊന്നി, ഓഷോ ശ്രമിക്കുന്നുണ്ട്. അതു മനസ്സിലാക്കാനുള്ള 'ക്ലൂ' ഇതാണ്: അറിവിന്റെ ആദ്യത്തെ രണ്ടുതലത്തിലും ബോധത്തിന് വെറുതേ സാക്ഷിയായി നിലകൊള്ളാനാവും. അതിങ്ങനെ വിശദീകരിക്കാം. ഐന്ദ്രികതലത്തില്‍ ഞാന്‍ എന്റെ ശരീരമാണ്. പക്ഷേ, എന്റെ ശരീരത്തെപ്പറ്റി 'എനിക്കു' ബോധമുണ്ട്. 'എനിക്ക്' എന്റെ ശരീരത്തെ കൈകാര്യം ചെയ്യാം. അതായത്, ഈ 'ഞാന്‍' എന്റെ ശരീരമല്ല‍; അല്ലെങ്കില്‍, അതു മാത്രമല്ല. അപ്പോള്‍, എന്റെ ശരീരവും എന്റെ ബോധവും രണ്ടാണ്. അതോടൊപ്പം, എനിക്ക് മനസ്സ് എന്നൊന്നുണ്ടെന്നും എനിക്കറിയാം. എന്റെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്ന അതെന്തോ, അത് എന്നില്‍നിന്ന് - എന്റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും - വ്യത്യസ്തമായ എന്തോ ആണ്. ശരീരത്തിന് സ്വയമറിയാനാവില്ല. മനസ്സിനും സ്വയം നിരീക്ഷിക്കാനാവില്ല. എന്നാല്‍, എനിക്കു ചിന്തിക്കാനും, ചിന്തിക്കാതിരിക്കാനും, ചിന്തയെ എന്തിലേയ്ക്കുവേണമെങ്കിലും തിരിച്ചുവിടാനുമൊക്കെയാവും. ചരുക്കിപ്പറഞ്ഞാല്‍, ശരീരത്തിനും മനസ്സിനപ്പുറത്തുള്ള ഒരു ശക്തികൂടി എന്നിലുണ്ട്; അതിലൂടെയാണ് ഇതൊക്കെ എനിക്കു സാധ്യമാകുന്നത് എന്ന് സമ്മതിക്കാതെ തരമില്ല. ശരീരത്തെയും മനസ്സിനെയും നിരീക്ഷിക്കുന്ന ഈ മൂന്നാമത്തെ തലമാണ് ബോധം. സത്യത്തില്‍, ഈ സാക്ഷീഭാവമാണ് എന്റെ കാതല്‍. അതാണ്‌ ഞാന്‍. അതാണ്‌ ആത്മാവ് അല്ലെങ്കില്‍ മുകുളം. മുകുളത്തിന് ആത്മാവെന്നും അര്‍ത്ഥമുണ്ട്. എന്നിലുള്ള ബാക്കിയെല്ലാറ്റിനും സാക്ഷിയാകാന്‍ കഴിയുന്ന ഒരു ശക്തിയാണ് ഈ ബോധം. ഞാനെന്താണ് എന്ന ചോദ്യത്തിനു, 'നേതി, നേതി', അതല്ല, അതല്ല, എന്ന് പറഞ്ഞുപറഞ്ഞ് ഏറ്റവും അവസാനം ബാക്കിയാവുന്നതെന്തോ, അതാണ്‌ ബോധം. മനുഷ്യനിലെ ഈ ആത്മബോധം, അല്ലെങ്കില്‍ മുകുളം, വികസിച്ചുവളരണമെങ്കില്‍, തോടുപൊട്ടിച്ച് അത് വെളിച്ചത്തിലേയ്ക്കു വരണം. ഈ തോട് ഏത്‌ മനുഷ്യനും സഹജമായ, അവന്റെ/അവളുടെ അധികമായ അഹംഭാവമാണ്. അതാണ്‌ ഊര്‍ജ്ജത്തിന്റെയൊഴുക്കിനെ തടഞ്ഞുവയ്ക്കുന്നത്. അഹന്തയെ മറികടന്നൊഴുകാന്‍ തുടങ്ങുന്ന ഉള്ളിലെയൂര്‍ജ്ജം മറ്റ് അസ്തിത്വങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെയാണ് മൌലികമായ ആനന്ദം കൈവരുന്നത്. ഈ താദാത്മ്യം എന്തിനോടുമാകാം. പ്രണയപൂര്‍വ്വം തന്നോട് ചേരുന്ന ഒരു വ്യക്തിയോടാകാം, ജീവികളോടാകാം, പുഴയോടും, വൃക്ഷത്തോടും പ്രകാശത്തോടുമൊക്കെയാകാം. നിരന്തരം സ്വന്തം സത്തയെയും ചുറ്റുപാടുകളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്, അത് ജീവനെന്ന അത്യുദാത്തമായ അദ്ഭുതത്തോടാകാം.

സാധാരണ ജീവിതത്തില്‍ നിന്ന് ഒരുദാഹരണമെടുക്കാം: നമ്മുടെയോ, അയല്‍വക്കത്തെയോ ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു ശ്രദ്ധയോടെ നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെയും ആകാരസവിശേഷതകളും ചേഷ്ടകളും ആത്മഗുണങ്ങളും പോലും, ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെ തന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. കറകളഞ്ഞ ആനന്ദമെന്തെന്ന് അപ്പോഴേ നാമറിയൂ.

'ഒരു കടുകുമണിയോളം വിശ്വാസം' എന്നൊരു വേദവാക്യശകലമുണ്ട്. ഒരു കടുകുമണിയിലുള്ളത് അസ്തിത്വത്തിന്റെ ഒരു ബോധകണമാണ്. അതതിലുള്ളതുകൊണ്ടാണ്, മണ്ണും വെളിച്ചവും കിട്ടുമ്പോള്‍, ഭൂമിയും സൂര്യനും അതിന് പോഷണവും സംരക്ഷണവും വാഗ്ദാനം ചെയ്യുമ്പോള്‍, മറ്റൊരു സഹായവുമില്ലാതെ, അതില്‍നിന്ന് ഭാവനാതീതമായ ഒരദ്ഭുതസസ്യം ഇരുകൈയും നീട്ടി അതിസാഹസത്തോടെ പുറത്തേയ്ക്കുചാടുന്നത്. തടസങ്ങള്‍ ഇല്ലാതിരുന്നാല്‍, തുടര്‍ന്നങ്ങോട്ട്, ഭൂമിയെ സ്വവംശത്താല്‍ നിറയ്ക്കാനുള്ള ശക്തിയതിനുണ്ട്. കായ്പൊട്ടി ചിതറിവീഴുന്ന ഓരോ കുരുവിലും, കാറ്റ് വഹിച്ചുകൊണ്ടുപോകുന്ന അതിലോലമായ വിത്തുകളിലുമെല്ലാം,  ജീവന്റെ ഈ ബോധശക്തി അന്തര്‍ലീനമായി ഒളിഞ്ഞിരിപ്പുണ്ട്. കാലാകാലത്തോളം, ഏത്‌ കാലാവസ്ഥയിലും സാഹചര്യത്തിലും എങ്ങനെ അതിജീവിക്കണമെന്ന സൂത്രങ്ങളെല്ലാം മുന്‍കൂട്ടി അതില്‍ സംഭരിചിട്ടുണ്ട്. ഇല്ലെങ്കിലതിന് തലമുറകളിലേയ്ക്കുള്ള തുടര്‍ച്ചയുണ്ടാവില്ല. അതങ്ങനെയല്ലായിരുന്നെങ്കില്‍, വരാനിരിക്കുന്ന എല്ലാ തലമുറയ്ക്കും ആവശ്യമായ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രഹസ്യങ്ങള്‍ അടുത്തതിലേയ്ക്കും അത് അതിനടുത്തതിലേയ്ക്കും പകര്‍ന്നുകൊടുക്കാനാവില്ലല്ലോ. എന്നാല്‍ അതാണ്‌ നമുക്ക് ചുറ്റും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏത്‌ പ്രാണിയിലും - ഏത്‌ കുരുവിലും, ഏതണ്ഡത്തിലും, ഏത്‌ ബീജത്തിലും - ഒളിഞ്ഞിരിക്കുന്ന ഈ ശക്തി അനന്തബോധമല്ലാതെ പിന്നെയെന്താണ്?

പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും ഈയൊരംശം - സാരാംശം - തരവ്യത്യാസമില്ലാതെ, ഏറ്റക്കുറച്ചിലില്ലാതെ, എല്ലാ അസ്തിത്വത്തിലും, എല്ലാ നേരത്തും ഉണ്ടെന്ന് ബോദ്ധ്യമാവുമ്പോള്‍, എല്ലാവുമായി ഒരു സമഭാവന, തന്മയീഭാവം, നമ്മില്‍ വന്നുചേരുന്നു. അതുതന്നെയാണ് അവബോധം, സംശുദ്ധമായ ജ്ഞാനമെന്ന പ്രകാശം. എല്ലാ വായനയും പഠനവും, ചിന്തയും ധ്യാനവും ഇതിലേയ്ക്ക് നയിക്കണം. അതാണ്‌ തിരിച്ചുവരവ് അല്ലെങ്കില്‍ പരാവൃത്തി എന്ന് ജ്ഞാനികള്‍ വിളിക്കുന്ന ആത്മജ്ഞാനത്തിന്റെ വെളിച്ചം. അസ്തിത്വത്തിന്റെ ഈ മഹാരഹസ്യത്തിലെത്തുകയെന്നത്, ജ്ഞാനപ്രകാശം ഒരന്വേഷിയുടെ ഉള്ളില്‍ തെളിയുന്ന ഏത്‌ നിമിഷവും സംഭവിക്കാം. ഒന്നോര്‍ത്തുനോക്കൂ, അയ്യായിരം വര്‍ഷംമുമ്പ് ഇത് ഭാരതത്തിലുള്ള ചിലര്‍ക്ക് സാധിച്ചു. എന്നാല്‍, ആധുനിക ഭൌതിക ശാസ്ത്രത്തിന് ഊര്‍ജത്തിന്റെ അങ്ങേയടിത്തട്ടില്‍ ബോധമാണെന്ന സത്യം അംഗീകരിക്കുക അത്രയെളുപ്പമല്ല. കാരണം, അതിന് കാര്യകാരണങ്ങളിലൂടെയും വിശ്ലേഷണങ്ങളിലൂടെയും ക്രമബദ്ധമായേ മുമ്പോട്ട്‌ സഞ്ചരിക്കാനാവൂ. എന്നാല്‍, ഹൃദയത്തിന് ഈ സമയകടമ്പയില്ല. അത് സത്യത്തിലേയ്ക്ക് നേരിട്ട് എടുത്തുചാടുകയാണ് ചെയ്യുക. മിക്കവര്‍ക്കും അതിനായി പല ജന്മങ്ങള്‍ കാത്തിരിക്കേണ്ടിയും വരാം. ആര്‍ക്കും പ്രവചിക്കാനാവത്തത്ര അനിശ്ചിതമായ സമയമെന്നേ 'ജന്മങ്ങള്‍'കൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ.

ഈ വിഷയത്തില്‍ അല്പം കൂടി വ്യക്തതയുണ്ടാകാന്‍, (ഓഷോയുടെ പ്രഭാഷണങ്ങളില്‍ കണ്ടെത്തിയ) താഴെപ്പറയുന്ന പരിചിന്തനത്തിനു സാധിക്കുമെന്ന് തോന്നുന്നു. ദ്രവ്യാത്മകമായ ഈ ലോകം നിലവിലുണ്ടെന്ന ധാരണ നമ്മെ കീഴടക്കുന്നത്‌, 'നാം' അവിടെയുണ്ടെന്നുള്ള സത്യം നമ്മള്‍ മറക്കുമ്പോഴാണ്. അല്ലെങ്കില്‍, 'നാം' അവിടെ ഇല്ലാത്തതുപോലെ പെരുമാറുന്നതുകൊണ്ടാണ്. ഇതില്‍ 'നാം' അല്ലെങ്കില്‍ 'ഞാന്‍' എന്ന് പറയുന്നത്, നേരത്തേ സൂചിപ്പിച്ചതുപോലെ, ആന്തരികത അല്ലെങ്കില്‍ ആത്മസത്തയെപ്പറ്റിയാണ്. ആത്മസത്ത ശരീരവുമായി താദാത്മ്യം പ്രാപിക്കാനിടയായാല്‍‍, ശരീരം മുന്‍കൈ നേടുന്നു. അപ്പോള്‍ ആത്മസത്ത ദ്രവ്യാത്മകമായവയുടെ നിഴലില്‍ മറഞ്ഞു നില്‍ക്കേണ്ടിവരുന്നു. ശരീരം അതിന്റെ ഭാവങ്ങളെ സൃഷ്ടിക്കുമ്പോള്‍‍, പരമാര്‍ത്ഥമായത് നിഗൂഢമെന്നപോലെയും ഭ്രമാത്മകമായത് അസ്ഥിത്വമുള്ളവയെപ്പോലെയും കാണപ്പെടും. അതായത്, ഉള്ളത് ഇല്ലാത്തതുപോലെയും ഇല്ലാത്തത് ഉള്ളതുപോലെയും, കാണപ്പെടുക; അതുതന്നെയാണല്ലൊ മായ.

ഒരുപക്ഷേ, പരമപ്രധാനമായ ഈ വിഷയത്തില്‍ അല്പംകൂടി വെളിച്ചംവീശാന്‍, സ്വപ്നമെന്ന നിത്യാനുഭവം സഹായിക്കും. ഉണര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് സ്വപ്നം സ്വപ്നമാണെന്ന് നാമറിയുക. കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമായിട്ടാണ് നാമനുഭവിക്കുക. ആ സമയത്ത് ഉണര്‍ച്ചയിലെ കാര്യങ്ങള്‍ ആരുമോര്‍ക്കുന്നില്ല. നമ്മുടെ സ്വപ്നാനുഭവങ്ങള്‍ ഉണര്‍ച്ചയിലുള്ളവയെക്കാള്‍ തീവ്രമായതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്‌. അതുകൊണ്ടുതന്നെയാവണം, ഉണര്‍ന്നിരിക്കുന്നുവെന്നു നാം കരുതുന്ന സമയത്തും സ്വപ്നാനുഭവത്തിന് ഓര്‍മയില്‍ നിലനില്ക്കാനാകുന്നത്. ഒന്നുകൂടി വിശദീകരിച്ചാല്‍ - സ്വയംബോധം (awareness) വരുമ്പോള്‍, അതായത്, ഞാനിവിടെയുണ്ട് എന്നുള്ള ബോധം വരുമ്പോള്‍, സ്വപ്നം മാഞ്ഞുപോകുന്നു. അതിനര്‍ത്ഥം, സ്വപനത്തിലെ സംഗതികള്‍ക്ക് സത്യത്തിന്റെ പ്രതീതി വരുന്നത്, 'ഞാന്‍' അപ്പോള്‍ അവടെയില്ലാത്തതുകൊണ്ടാണ് എന്നാണ്. ഈ തത്ത്വത്തെ ഇനി 'ഉണര്‍ജീവിത'ത്തിലേയ്ക്ക് കൊണ്ടുവരൂ. സാധാരണ ജീവിതവൃത്തികളില്‍ 'ഞാന്‍' അവിടെയില്ല! ഉള്ളത്, ഒരുതരം അര്‍ദ്ധബോധവും അതിന്റെ വെറും തഴക്കങ്ങളുമാണ്. എപ്പോള്‍ ഞാന്‍ വീണ്ടും ജീവിതത്തിലേയ്ക്ക് പൂര്‍ണബോധമായി തിരിച്ചെത്തുന്നുവോ, അപ്പോള്‍ മാത്രമാണ്, ഐന്ദ്രികാനുഭവങ്ങള്‍ വെറും ഭ്രമങ്ങളാണെന്ന തിരിച്ചറിവുണ്ടാകുന്നത്. അതായത്‍, അവബോധമുണര്‍ത്തുന്ന പ്രകാശം അന്തരാത്മാവില്‍ വീഴുന്ന ആ ക്ഷണത്തില്‍, ഐന്ദ്രികമായവ നിഴലുകളെന്നോണം അപ്രത്യക്ഷമാകും.

ഈ കണ്ടെത്തലിന് ജീവിതത്തിലെവിടെയും സാധുതയുണ്ട്, വളരെ വ്യക്തമായി, മനുഷ്യബന്ധങ്ങളില്‍. കാരണം, മനസ്സിന്റെ പ്രവര്‍ത്തനവും സമാനമാണ്. പാരസ്പര്യങ്ങളും വൈപരീത്യങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. അപ്രതീക്ഷിതങ്ങളായ സ്വന്തം പ്രതികരണങ്ങള്‍പോലും ചിലപ്പോള്‍ നമ്മെ പരിഭ്രമിപ്പിക്കാറും അന്ധാളിപ്പിക്കാറുമില്ലേ? എണ്ണിയാലൊടുങ്ങാത്ത ക്ഷിപ്രപ്രതികരണങ്ങള്‍ ഒന്നോടൊന്നു ചേര്‍ന്നാണ് ഓരോ നിമിഷത്തിലും നമ്മുടെ പ്രവൃത്തികള്‍ രൂപംകൊള്ളുന്നത്.  പ്രകാശതരംഗങ്ങള്‍ പോലെ, വൈകാരിക തരംഗങ്ങളും ജന്മംകൊള്ളുന്നതും ചലിക്കുന്നതും ബോധപ്രക്രിയക്ക്‌ അതീതമായിട്ടാവാം. അതുകൊണ്ട് self knowledge 90%വും മിഥ്യാബോധമാണെന്നതാണ് വാസ്തവം. തരംഗവ്യതിയാനങ്ങളുടെ സമുദ്രത്തിലാണ് ഓരോ ചിന്തയും അതിനോട് ചേര്‍ന്ന ചേഷ്ടകളും സംഭവിക്കുന്നത്. ജീവിതത്തെ മുമ്പോട്ട്‌ കൊണ്ടുപോകാന്‍, ഓരോ സന്ദര്‍ഭത്തിനുമിണങ്ങുന്നത്, പരിചയംകൊണ്ട് നാം ഏതാണ്ടൊന്നു കണക്കാക്കിയെടുക്കുന്നു എന്നുമാത്രം. 

അബോധത്തിന്റെ അസ്വാരസ്യങ്ങളെന്നപോലെ, അവബോധത്തിന്റെ താല്‍ക്കാലികമായിട്ടെങ്കിലുള്ള മിന്നലാട്ടങ്ങളും എല്ലാവര്‍ക്കുമുണ്ട്. എന്നാലവ അവിടെയും ഇവിടെയുമായി വന്നുപതിച്ചിട്ട്‌, ചിതറിപ്പോകുകയാണ്. നമുക്ക് ചുറ്റും നാമനുഭവിക്കുന്ന നന്മയും, കരുണയും, സ്നേഹവും; നാം കണ്ടെത്തുന്ന നിര്‍വൃതിയുടെ നിമിഷങ്ങളും സൌന്ദര്യവശ്യതകളുമെല്ലാം അല്പാല്പമായ അവബോധത്തിന്റെ കിരണങ്ങളാണ്. സ്വയം ഊതിവീര്‍ക്കുന്ന അഹത്തിന്റെ നിഴലില്‍ ഇവയെല്ലാം അടുത്ത നിമിഷം മങ്ങിപ്പോകാറാണ് പതിവ്. എപ്പോഴും, ആരെയും എന്തിനെയും 'ഞാന്‍', 'എന്റെ', 'എനിക്കു', 'എന്നോട്' എന്നിത്യാദി അളവുകോലുകൊണ്ട് തട്ടിച്ചുനോക്കുന്ന വെപ്രാളത്തില്‍, ബോധപ്രക്രിയയെ അഹത്തിന്റെ അതാര്യത തടഞ്ഞുനിര്‍ത്തുന്നു എന്ന് ചുരുക്കം. അതുകൊണ്ട് മേല്പ്പറഞ്ഞ മിന്നലാട്ടങ്ങള്‍ നമ്മെ കാര്യമായി സ്പര്‍ശിക്കുംമുമ്പ് മങ്ങിമറയുകയാണ്.

അറിവ് പ്രകാശമാണെന്ന് എല്ലാ ജ്ഞാനികളും പറയുന്നു. അതെന്തുകൊണ്ടെന്നറിയാന്‍ പ്രകാശത്തെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങള്‍ സഹായകരമാകും. വീശിയെറിഞ്ഞ ചൈനാവലപോലെ എല്ലാറ്റിലും ചെന്നുവീഴുന്ന എന്തോ ആയിട്ടാണല്ലോ പ്രകാശം പരക്കുന്നത്. പക്ഷേ, ശരിക്കും അതിസൂക്ഷ്മമായ കണാംശങ്ങള്‍ (photons) ഒന്നോടൊന്നു ചേര്‍ന്ന് തരംഗരൂപത്തിലാണ് പ്രകാശം, സെക്കന്റില്‍ ഏതാണ്ട് മൂന്നു ലക്ഷം കി.മീ. എന്ന വേഗത്തില്‍, സഞ്ചരിക്കുന്നത്. ഭൌതികപ്രപഞ്ചത്തിലെ ഏറ്റവും കൂടിയ ഈ വേഗത്തില്‍ പ്രസരിക്കുന്നതിനാല്‍, ഒരൊഴുക്കായിട്ടാണ് നാം പ്രകാശത്തെ അനുഭവിക്കുന്നതെങ്കിലും, ഓരോ ഫോട്ടോണിനും അതിന്റേതായ കനവും വേഗവുമുണ്ട്. E = mc² എന്ന സമാവാക്യമനുസരിച്ച്, സെക്കന്റില്‍6.626/1033 joule ആണ് ഒരു ഫോട്ടോണിന്റെ ഊര്‍ജ്ജം എന്ന് കണക്കാക്കിയിരിക്കുന്നു (നിത്യജീവിതത്തിലെ ശാസ്ത്രം, സി. രാധാകൃഷ്ണന്‍) . തരംഗവ്യതിയാനം അതിന്റെ ഊര്‍ജ്ജത്തിലും തദ്വാരാ അളവിലും മാറ്റം വരുത്തും. അതിന്യൂനമാണെങ്കിലും, ഭാരമുള്ളതിനാല്‍ ഫോട്ടോണ്‍ തട്ടുന്നിടത്ത്, ആനുപാതികമായ ആഘാതവുമുണ്ടാകും. പക്ഷേ, ഏത്‌ ചെറുപ്രാണിക്കും താങ്ങാവുന്നത്രയേ അതുള്ളൂ എന്നതിനാല്‍ നാമതറിയുന്നില്ല. വെയില്‍ കായുമ്പോള്‍ ദേഹത്തെല്ലായിടത്തുമായി പതിയുന്ന സൂര്യപ്രകാശം ഒറ്റയടിക്ക് ഒരുമിച്ച് ഒരു ബിന്ദുവില്‍ അനുഭവപ്പെട്ടാല്‍, ഒരു വെടിയുണ്ടയേക്കാള്‍ മാരകമായിരിക്കുമത്. ലേയ്സര്‍ രശ്മി ഇങ്ങനെ സാന്ദ്രീകരിച്ച പ്രകാശമാണല്ലോ. പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ, അവബോധത്തിന്റെ രശ്മികള്‍ സുതാര്യമായും സുസ്ഥിരമായും ഉള്ളില്‍ പതിയാനനുവദിച്ചാല്‍, ഉണ്ടാകുന്നയാഘാതം - ആനന്ദത്തിന്റെയനുഭവം - തമസായി, അന്ധകാരമയമായി നമുക്കുള്ളില്‍ അടിഞ്ഞുകൂടിയിട്ടുള്ളതിനെ ഒക്കെയും തകര്‍ത്തുകളയാന്‍ പോരുന്നത്രയായിരിക്കും.

ഇതുവരെ പറഞ്ഞതെല്ലാം സംഗ്രഹിക്കുന്ന ഈശോവാസ്യോപനിഷത്തിലെ ഒരു ശ്ലോകത്തില്‍ ഒരുനിമിഷം നമുക്ക് ശ്രദ്ധ ചെലുത്താം.

യസ്തു സര്‍വാണി ഭൂതാനി / ആത്മന്യേവാനുപശ്യതി / സര്‍വ ഭൂതേഷു ചാത്മാനം / തതോ ന വിജുഗുപ്സതേ.

അര്‍ത്ഥം: സര്‍വഭൂതവുമാത്മാവില്‍ / ആത്മാവിനെയുമങ്ങനെ /സര്‍വഭൂതത്തിലും കാണു- / ന്നവനെന്തുള്ളൂ നിന്ദ്യമായ്?

കോട്യാനുകോടി  ശബ്ദതന്മാത്രകളും ഘ്രാണതന്മാത്രകളും സ്പര്‍ശതന്മാത്രകളും രൂപതന്മാത്രകളും ഒരു ഗാനമേളയിലെ സ്വരലയം പോലെ ഇണങ്ങി മനസ്സിന്റെ നിര്‍വൃതി ആയിത്തീരുമ്പോള്‍, വസ്തുഭേദങ്ങളെല്ലാം അപ്രത്യക്ഷമായി, കാണുന്നതെല്ലാം സൌന്ദര്യലഹരിയായി ഭവിക്കുന്നു. അപ്പോള്‍ മനസ്സില്‍ ലഹരി ഉണ്ടാവുകയല്ല, മറിച്ച്, മനസ്സ് ലഹരിയായി മാറുകയാണ്. ആ സ്ഥിതിയെപ്പറ്റി ഋഷികള്‍ പറയുന്നത് പരമപ്രേമം എന്നാണ്. വിഷയബന്ധിതമായ സ്നേഹമല്ല അത്. "സര്‍വഭൂതേഷു ആത്മാനം"എന്നാല്‍, വെറുപ്പ്‌ ഒട്ടും അവശേഷിക്കാത്ത അദ്വൈതം ആണത്. എല്ലാ ഭൂതങ്ങളെയും സ്വന്തം ആത്മാവായിട്ടു തന്നെ കാണുന്ന അവസ്ഥയാണത്. അത് ദൈവികമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
  1. വളരെ പ്രസക്തമായ ഒരു കാര്യമാണ് ശ്രി സക്കറിയാസ് നെടുങ്കനാല്‍ ലേഖനത്തിന്‍റെ ആദ്യ ഭാഗത്ത് പറഞ്ഞിരിക്കുന്നത്. അരിസ്ടോട്ടിലിന്‍റെ അടുത്തു പഠിക്കാന്‍ വന്ന ഒരു ബാലന്‍റെ കഥ കേട്ടിട്ടുണ്ട്. അദ്ദേഹം ബാലനെ നദിയില്‍ കൊണ്ടുപോയി വെള്ളത്തില്‍ ഏറെ നേരം മുക്കിപ്പിടിച്ചത്രേ. ജിവന് വേണ്ടി പിടഞ്ഞ അവനെ അവസാനം വിട്ടു. ആ ബാലനോട് അദ്ദേഹം പറഞ്ഞു, ജ്ഞാനത്തിനു വേണ്ടി ഒരുവന്‍ ഇതുപോലെ കൈകാലിട്ടടിക്കേണ്ടതുണ്ടെന്ന്. ദൈവം ആരിലൂടെയും എന്തിലൂടെയും നമുക്ക് വേണ്ടത് തരും എന്ന ഉള്ക്കാ ഴ്ചയോടെ, അങ്ങേയറ്റം എളിമയോടും വിനയത്തോടും മുട്ടുന്നവനാണ് സമൃദ്ധമായി കിട്ടുന്നത്. സീറോ മലബാര്‍ സഭയുടെ ഒരൌദ്യോഗിക പ്രസിദ്ധികരണത്തില്‍ ബിഷപ്‌ മാര്‍ ജൊസഫ് പൊരുന്നേടം എഴുതിയത് ഇങ്ങിനെ.
    “വി. ഗ്രന്ഥത്തിന്റെ ആധികാരികത സഭയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അതുപോലെ, അതിന്‍റെ ആധികാരിക വ്യാഖ്യാനവും സഭാധികാരത്തിനു വിധേയമാണ്. മാത്രമല്ല, വിശുദ്ധ ഗ്രന്ഥവ്യാഖ്യാനത്തിനു ആഴത്തിലുള്ള പഠനവും ആവശ്യമാണ്‌. ബൈബിള്‍ എഴുതപ്പെട്ട ഭാഷകളും കാലദേശങ്ങളും സംസ്കാരങ്ങളും എല്ലാം മനസ്സിലായാലെ വചനം വ്യാഖ്യാനിക്കാന്‍ കഴിയുകയുള്ളൂ.”
    ഒരു മനുഷ്യന് എങ്ങിനെ ഇത് പറയാന്‍ കഴിയുന്നുവെന്നു ഞാന്‍ അത്ഭുതപ്പെട്ടു പോയി. ബള്‍ബു കണ്ടുപിടിച്ച എഡിസന്‍റെ കുടുംബക്കാര്ക്ക് മാത്രമേ ഇലക്ട്രിസിറ്റിയെപ്പറ്റി സംസാരിക്കാന്‍ അവകാശമുള്ളൂവെന്നു പറയുന്നതുപോലെയേയുള്ളിത്. ഡാന്‍ ബ്രൌണ്‍ നീണ്ട പന്ത്രണ്ടു സംവത്സരങ്ങളിലെ ഗവേഷണങ്ങള്ക്കും, പഠനങ്ങള്ക്കും ശേഷമാണ് ‘ഡാവിഞ്ചി കോഡ്’ എഴുതിയത്. വചനങ്ങളുടെ പശ്ചാത്തലം അറിയാനേ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമുള്ളൂ. വചനങ്ങളുടെ അര്ഥം മനസ്സിലാക്കാന്‍ പുറത്തേക്കല്ല, ഉള്ളിലേക്കാണ് പോവേണ്ടത്. അതാവട്ടെ, കമ്മറ്റി കൂടി തീരുമാനിക്കേണ്ടതല്ല താനും. അനേകം മത ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. ഒന്നിനുമില്ലാത്ത ഒരു ദുര്‍വിധിയാണോ ബൈബിളിനുള്ളത്? സ്നേഹിതരെ, വചനം ഒരു പുസ്തമാക്കണമെന്നു പോലും യേശു പറഞ്ഞിട്ടില്ലെന്നോര്ക്കുക.
    ReplyDelete
  2. ആധികാരികമായ ബൈബിള്‍ വ്യാഖ്യാനം സഭയുടെ അവകാശമാണെന്ന് പറയുന്നത് അങ്ങേയറ്റം ബാലിശമാണ്. ബൈബിള്‍ വ്യാഖ്യാനിച്ചുതന്നെ മനുഷ്യരെ കൊല്ലാനുള്ള അവകാശവും ചരിത്രത്തില്‍ പലേടത്തും സഭ സ്വന്തമാക്കിയിട്ടുണ്ട്. ഹെബ്രായര്‍ക്കുള്ള പോളിന്റെ ലേഖനത്തെ ആധാരമാക്കിയാണ് യേശു പുരോഹിതനാണെന്നും ഇന്നത്തെ പുരോഹിതരുടെ അഭിഷേകം യേശുവില്‍ നിന്നാണെന്നും സഭ കാട്ടായം പറയുന്നത്. എന്നാല്‍ അതേ ലേഖനത്തെ വിശകലനം ചെയ്താണ് വളരെയധികം പണ്ഡിതര്‍ സഭയില്‍ പൌരോഹിത്യത്തിന് ഒരാധാരവുമില്ലെന്നു സ്ഥാപിക്കുന്നതും. Soares Prabhu, Herve-Marie, Mohler, J. A., Schillebeeckx, E., Osborne, K. B, Legrand, Herve-Marie, Joseph Mattam S.J., Joseph Valiyamangalam എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. "ബൈബിള്‍ എഴുതാനുപയോഗിച്ച ഭാഷകളും എഴുതപ്പെട്ട കാലദേശങ്ങളും സംസ്കാരങ്ങളും എല്ലാം മനസ്സിലായാലെ വചനം വ്യാഖ്യാനിക്കാന്‍ കഴിയുകയുള്ളൂ” എന്നത് അങ്ങേയറ്റം ശരിയാണ്. ആ വഴിക്ക് പോകാന്‍ മിടുക്കുള്ളവര്‍ ഇന്ത്യയില്‍ വിരളമാണ്. ഒരു ഫാ. ലുക്ക്‌ ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ നമ്മുടെ വിഷയത്തിന്റെ കാതലിനെ ബാധിക്കുന്നവയല്ലാത്തതിനാല്‍ ഇത്രയുമേ കുറിക്കുന്നുള്ളൂ.
  3. എന്താണ് ആത്മാവ് എന്ന ചോദ്യം ഏതാനും വായനക്കാരില്‍നിന്നുണ്ടായി. അതിനു ഭാഗികമായ ഒരുത്തരം കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചു. അത് വായിച്ചിട്ട്, ഒരുത്തമ സുഹൃത്തെഴുതി. "ആത്മാവിനെ അത്രക്കങ്ങു എടുത്തു കാണിച്ചിട്ടില്ല. പക്ഷേ, ആത്മാവിലേക്കുള്ള വഴി ഏതാണ്ട് നന്നായി അവതരിപ്പിച്ചിരിക്കുന്നു." സഹൃദയരായ അനുവാചകര്‍ ഇതിനുള്ള മറുപടിക്ക് ശ്രമിക്കുമെന്ന് കരുതട്ടെ. എന്റെ ഭാഗത്ത് നിന്ന് ഇത്രയും കൂടി ചേര്‍ക്കട്ടെ.

    ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.

    ഇതിനു വിശദീകരണമായി ഒരുദാഹരണം കൂടി. ഈ ഭൂമിയില്‍ ഒരിടത്തും കടുക് എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കടുകുമണി കിട്ടി. അയാളത് കുഴിച്ചിട്ടു. അത് മുളച്ചു. വളര്‍ന്ന്, പുഷ്പിച്ചു. ആയിരക്കണക്കിന് കടുകുമണികള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം വീണ്ടും മണ്ണിലായി, എല്ലാം കിളിര്‍ത്തു, എല്ലാം വീണ്ടും എണ്ണമില്ലാത്തത്ര കടുകുമണികള്‍ക്ക് ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍ മാത്രം കടുകുചെടികള്‍ ഉണ്ടായി. ഓരോ സസ്യത്തിന്റെയും മൃഗത്തിന്റെയും കാര്യത്തില്‍, അവയെ ഒന്നും തടയാനില്ലെങ്കില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിന് ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കടുകുമണിയില്‍ എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ കുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്കു തീര്‍ത്ത്‌ പറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ ബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികാസരൂപത്തില്‍നിന്ന് നാം പടിപടിയായി പിറകോട്ടു പോയാല്‍, ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒറ്റ ബിന്ദുവില്‍. അതിനെ നമുക്ക്‌ ആത്മാവെന്നോ പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. എന്നാല്‍, എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ. ദൈവം ആത്മാവാണെന്ന് രണ്ടു വാക്കില്‍ പറഞ്ഞ് യേശു എല്ലാ അറിവിനെയും സംഗ്രഹിച്ചു.
    ReplyDelete

സൂഫികളുടെ വഴി

സൂഫികളുടെ വഴി


ഞാനിതുവരെ ദൈവത്തെ കണ്ടിട്ടില്ല. ദൈവത്തെ കണ്ടവരേയും കണ്ടിട്ടില്ല. എന്റെ മാതാപിതാക്കളും പിതാമഹന്മാരും ദൈവവിശ്വാസികള്‍ ആയിരുന്നു. പ്രായത്തില്‍ പക്വത വന്ന് വീണ്ടും കുറേക്കഴിഞ്ഞാണ് ചിന്തയില്‍ അല്പമെങ്കിലും ഉണര്‍വുണ്ടായത്. അതോടേ പൂര്‍വികരുടെ വിശ്വാസങ്ങളില്‍ നിന്ന് സ്വതന്ത്രനായപ്പോള്‍ മനസ്സിലായി, സ്വയം കണ്ടെത്തുമ്പോഴാണ് ഒരാള്‍ ശരിക്കും തൃപ്തനാകുന്നത് എന്ന്. എന്റെ ചിന്തകളിലും രീതികളിലും അതൃപ്തിയുള്ളവര്‍ നിരവധിയുണ്ടെന്ന് എനിക്കറിയാം. ഒന്നില്‍ അല്ലെങ്കില്‍ ഒരിടത്ത് ഉറച്ചുനില്‍ക്കുന്നവരോട് ചേരാന്‍ ആളെക്കിട്ടും. അതിനു വലിയ ഉള്‍ക്കരുത്തോ തത്ത്വശാസ്ത്രമോ ഒന്നും വേണ്ടാ. തേടി അലയുന്നവന് ഒരിടത്തും ഉറക്കുകയില്ലെന്നു മനസ്സിലാക്കുന്നവര്‍ വിരളമാണ്. "എന്നാല്‍ നമുക്കൊന്നിരിക്കാം" എന്ന് പറയുമ്പോള്‍ കൂട്ടാക്കാതെ തുടര്‍ന്ന് നടക്കുന്നവന് കൂട്ടുകാര്‍ കാണില്ല. അതാണെന്റെ അവസ്ഥ. "വെളിച്ചത്തിന്റെ വഴി" (ഒലിവ്) എന്ന കൃതിയുടെ കര്‍ത്താവ് ഇ.എം. ഹാഷിം ഏതാണ്ടിതുതന്നെ പറഞ്ഞിട്ടുള്ളയാളാണ്. സൂഫിസത്തിന്റെ ഹൃദയം എന്നൊരു പുസ്തകവും (ഡി.സി.ബുക്സ്) അദ്ദേഹത്തിന്റേതുണ്ട്.

കുറേ നേരത്തേയ്ക്ക് എനിക്ക് തുടര്‍ന്നെഴുതാനാവുന്നില്ലായിരുന്നു. അതിരാവിലെ അഞ്ചുമണിനേരത്ത് കീബോര്‍ഡിന്റെ കട്ടകളില്‍കൂടി അരിച്ചുനടക്കുന്ന ഒരു കുഞ്ഞു പറവ എന്റെ ശ്രദ്ധയെ പിടിച്ചുനിറുത്തി. 'എന്നെ ഒന്ന് നോക്കൂ' എന്നാണ് ത്രികോണാകൃതിയുള്ള ആ കുസൃതിയുടെ മട്ട്. ഒരു കുഞ്ഞക്ഷരത്തിന്റെ മുഴുപ്പേയുള്ളൂ. എന്നാല്‍ അതിന്റെ രൂപവും ചിറകുകളിലെ ചിത്രഭംഗിലും അനന്യം! അവിശ്വസനീയം എന്ന് തന്നെ പറയട്ടെ. ഇല്ലോളമിടത്തില്‍ എന്തുമാത്രം കരകൌശലം! പീലിവിരിച്ചാടുന്ന ആണ്‍മയിലിനെപ്പോലെ ഈ സുഹൃത്ത് ഓരോ കട്ടയിലും കയറിയിറങ്ങി മെല്ലെ കറങ്ങുകയാണ്. പത്തുമിനിട്ടോളം പോയതറിഞ്ഞില്ല.

ആദ്യം പറഞ്ഞ പുസ്തകത്തില്‍ ഹാഷിം പറയുന്നു: "നിരനിരയായി നീങ്ങുന്ന ഉറുമ്പിന്‍കൂട്ടം, ആനക്കൂട്ടം, മനുഷ്യക്കൂട്ടം എന്നിങ്ങനെയുള്ളവ എന്നെ ആകര്‍ഷിക്കാറില്ല. എന്നാല്‍ ഒരുറുമ്പ്‌, ഒരാന, ഒരു മനുഷ്യന്‍ മറ്റൊരു വഴി തിരഞ്ഞെടുക്കുമ്പോള്‍ എനിക്കാഹ്ലാദം തോന്നുന്നു. ഞാന്‍ നോക്കിനില്‍ക്കുന്നു." ഇതെന്റെയും അനുഭവമാണ്. നിരനിരയായി നിന്ന് വേറൊരാളുടെ ആജ്ഞകളെ അനുസരിക്കുന്ന പട്ടാളക്കാര്‍, പോലീസുകാര്‍, വിശ്വാസികള്‍ ഒക്കെ മനുഷ്യരേ അല്ലെന്നാണ് എനിക്ക് തോന്നാറുള്ളത്. ശാലോം റ്റി.വി. കാണിക്കാറുള്ളതുപോലെ നിരനിരയായി മുട്ടുകുത്തിനിന്ന് നന്മ നിറഞ്ഞ മറിയമേ! യേശുവേ സ്തോത്രം! എന്നൊക്കെ അതിഭക്തിയോടെ കേഴുന്നവരെ കാണുമ്പോള്‍ ഏറ്റവും വലിയ ഒരു തമാശയായി ഞാനത് ആസ്വദിക്കുന്നു. പക്ഷേ, അവിടെ ദൈവസാന്നിദ്ധ്യമെവിടെ എന്ന് ഉള്ളില്‍ ചോദിക്കാറും ഉണ്ട്. അവരുടെ ദൈവമല്ല എന്റെ ദൈവം എന്നതായിരിക്കാം വ്യത്യാസം.

നീ മാത്രമായ നീ ഉണ്ടോ? അതോ, അന്യര്‍ അസ്തിത്വം നല്‍കിയ നീയാണോ നീ? എങ്കില്‍, അവര്‍ മറയുമ്പോള്‍ നീയും മറയുകയില്ലേ? ആരും പേരെടുത്തു വിളിക്കാനില്ലാത്തപ്പോള്‍ നീയാരാണ്‌? എല്ലാ സ്വരങ്ങളും ദ്വന്ദ്വത്തെ സൃഷ്ടിക്കും. വിശേഷിച്ച്, നമ്മുടെ പേര് വിളിക്കപ്പെടുമ്പോള്‍. കാരണം, അപ്പോള്‍ വിളിക്കുന്നവനും വിളി കേള്‍ക്കുന്നവനും ഉണ്ടായേ പറ്റൂ. ദൈവത്തെ വിളിക്കുമ്പോഴും ഈ ദ്വന്ദ്വഭാവം ഉണ്ടാവും. വിളിക്കരുത്. സാന്നിദ്ധ്യം അനുഭവിക്കുക മാത്രംമതി. നമുക്ക് മുകളിലുള്ള ദൈവം ഭയത്തെ സൃഷ്ടിക്കുമ്പോള്‍ നമ്മള്‍ ആയിരിക്കുന്ന സമയവും ഇടവുംതന്നെ ദൈവമായിരിക്കുമ്പോള്‍ അത്  അങ്ങേയറ്റത്തെ അഭയത്തിന്റെ അനുഭവമായിത്തീരുന്നു. ബോധത്തിനും ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായ മൗനം ഉണ്ടെന്നറിയുന്ന
തുതന്നെയാണ് പ്രാര്‍ത്ഥന. വിലയുറ്റതിനെ തിരിച്ചറിയിക്കുന്ന മൌനംതന്നെയാണ് പ്രാര്‍ത്ഥന. ഈ വരികള്‍ക്കിടയില്‍ ഇടയ്ക്കൊന്നു നില്‍ക്കാനും വായിച്ചവ മറന്നിട്ട് അതിനപ്പുരത്തൊരു വാതായനം കാണാനുംമാത്രമുള്ള പ്രചോദനം നിങ്ങള്‍ക്കുണ്ടാകുന്നില്ലെങ്കില്‍, ഞാനെഴുതിയവ വൃഥാവിലായി.

സൂര്യനെ വരവേല്‍ക്കാന്‍ തയ്യാറാവുന്ന ഒട്ടനേകം പക്ഷികള്‍, മൃഗങ്ങള്‍, കീടങ്ങള്‍ ഒക്കെ ഉണര്‍ന്ന് കൂട്ടുകാരെ സംബോധന ചെയ്തു തുടങ്ങുന്ന ഇതുപോലുള്ള ഒരുഷസില്‍ മൌനവും സംഗീതവും ഒന്നുചേരുന്ന അനുഭവം എന്തെന്നറിയാതെ ഉറങ്ങിപ്പോകുക എന്തൊരു നഷ്ടമാണ്! അപ്പോള്‍ മുറ്റത്തിറങ്ങി എല്ലാറ്റിനോടും പറയാനാവുക: എന്റെ വീടിന്റെ പരിസരത്ത് ആസ്ഥാനം കണ്ടെത്താന്‍ തീരുമാനിച്ച നിങ്ങള്‍ എല്ലാ ജീവികളോടും സസ്യങ്ങളോടും  ഞാന്‍ നന്ദിയുള്ളവനാണ്, ഇവിടം വിട്ടു പോകല്ലേ! എന്ന്. അത് ദൈവസാന്നിദ്ധ്യത്തെ അംഗീകരിക്കലാണ്. പ്രകൃതിയുടെ അര്‍ത്ഥമറിഞ്ഞ്, അതിനോട് ആഴമായ നന്ദി തോന്നാത്ത നിമിഷങ്ങളില്‍ നാം ജീവിക്കുന്നില്ല എന്നത് ഒരു വലിയ സത്യമാണ്. അത് മാത്രമാണ് സത്യം. അറിഞ്ഞ അര്‍ത്ഥം തന്നെയാണ് സത്യം. സര്‍വ ചരാചരങ്ങളും തമ്മില്‍ത്തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു, ഒരേ മഹാശക്തിയില്‍ കൊരുക്കപ്പെട്ടിരിക്കുന്നു എന്നത് എല്ലാ മനുഷ്യപാരമ്പര്യങ്ങളുടെയും പുരാതന ദര്‍ശനമാണ്. അത് മറന്നുപോയതാണ് നമ്മുടെ ഇന്നത്തെ ശാപം. ഈ സ്വരച്ചേര്‍ച്ചയെ തിരിച്ചറിയുന്നവനു മാത്രമേ പൂര്‍ണതയുടെ ഭാഗമായിത്തീരാനുള്ള സാദ്ധ്യതയുള്ളൂ. വളരെ ധിഷണാശാലികളായ മനുഷ്യരായിരുന്നു ഇറാഖിലും മെസ്സപ്പെട്ടോമിയായിലും അതേത്തുടര്‍ന്ന് ഭാരതത്തിലും ബി.സി. നാലായിരത്തിനു മുമ്പ് പോലും ജീവിച്ചിരുന്നത് എന്ന് ചരിത്രഗവേഷകര്‍ സ്ഥിരീകരിച്ചിടുണ്ട്. ബോധമാണ് മനുഷ്യന്റെ അകക്കാമ്പെന്നും അത് വെളിയില്‍ തേടേണ്ടതല്ലായെന്നും മനസ്സിലാക്കിയ ജ്ഞാനികളായിരുന്നു അവരൊക്കെ. ഈ അറിവ് കൈമോശം വന്നതുകൊണ്ട് നമുക്ക് വീണ്ടും ബോധത്തെ അന്വേഷിച്ചു പോകേണ്ടിവരുന്നു. നമ്മുടെ ഈ ദുര്‍ഗതിയാണ് ഏദന്‍തോട്ടത്തില്‍ നിന്നുള്ള പുറത്താക്കപ്പെടല്‍. നമ്മുടെ പൂര്‍വികരുടെ ബോധമോ ബുദ്ധിയോ ആരോഗ്യമോ ഓര്‍മ്മശക്തിയോ ഇന്ന് നമുക്കില്ല. ഇങ്ങനെ അല്പരായിത്തീര്‍ന്ന് തങ്ങളുടെ വ്യതിരിക്തതക്ക് ഊന്നല്‍ നല്‍കുന്നവര്‍ പ്രപഞ്ചത്തില്‍ നിന്ന് വെട്ടിമാറ്റപ്പെടുകയും ക്ലേശമനുഭവിക്കുകയും ചെയ്യുന്നു എന്നതില്‍ തര്‍ക്കത്തിനിടമില്ല.

സൂഫിസത്തിന്റെ കാതല്‍ എന്താണെന്ന് പറയാതെ പറയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. 'സൂഫ്' എന്നാല്‍ കമ്പിളിയാണ്. ചൂടുള്ളത്‌. സത്യത്തിന്റെ കനലുകളാല്‍ മൂടപ്പെടുക എന്നത് സാധാരണക്കാര്‍ക്കുള്ളതല്ല. "സ്നേഹത്തിലേയ്ക്കുള്ള പാത, സുഹൃത്തേ, ഒരു പൊതുവഴിയല്ല" എന്നാണ് പക്വമതികളായ സൂഫികള്‍ പറയുന്നത്. ഈശ്വരനുമായി പ്രണയത്തിലാകുന്നതാണ് സൂഫികളുടെ വഴി. "ഈ സ്നേഹത്തിന്റെ മുന്തിരിച്ചാര്‍ കുടിക്കണമെന്നു അദമ്യമായ ആഗ്രഹമുണ്ടാകുന്നവര്‍ മറ്റെല്ലാ മമതകളും എറിഞ്ഞുകളയും. സൂഫികള്‍ക്ക് ഒരു പ്രത്യേക മതത്തോടും ആചാരത്തോടും താത്പര്യമില്ല. "നിങ്ങള്‍ ആരാണെന്ന് അറിയണം. എവിടെനിന്നു വന്നു, എവിടേയ്ക്ക് പോകുന്നു? ഈ അന്വേഷണത്തിന്റെ പാതയില്‍ നിങ്ങള്‍ ഒന്നുമല്ലാത്ത ഒരവസ്ഥയില്‍ എത്തും. മൌനം വന്നു നിങ്ങളെ മൂടും. ഒന്നുമറിയാനില്ലാത്ത ആ ഒരവസ്ഥയില്‍ ഒരാഗ്രഹവും ബാക്കിയുണ്ടാവില്ല." സൂഫിയുടേത് ഒരു മിസ്റ്റിക് അനുഭവമാണ്. ലോകത്തിന്മേലുണ്ടായിരുന്ന പര്‍ദ്ദ നീക്കപ്പെടുകയും യാഥാര്‍ത്ഥ്യം നഗ്നമാകുകയും ചെയ്യുമ്പോള്‍ ആത്മാവ് സ്വതന്ത്രമാകും. 
സഫലമായി എന്നു പറയാവുന്ന ആരുടേയും ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം ഈ സന്തുലിതാവസ്ഥ കണ്ടെത്താനായി എന്നതാണ്. എല്ലാ സൃഷ്ടജാലങ്ങളും ഈ സന്തുലിതാവസ്ഥയുടെ ഭാഗമായിത്തീരുന്നു. ഒന്നിനുമവിടെ വേറെ നില്‍ക്കാനാവുകയില്ല. ഒരു വൃക്ഷത്തെ വെട്ടി നീക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുന്നു എന്നോര്‍ത്തുനോക്കുക. തണല്‍ ഇല്ലാതാകുന്നു. ചൂടനുഭവപ്പെടുന്നു. പക്ഷികളും കീടങ്ങളും സംരക്ഷണമില്ലാതെ സ്ഥലംവിടുന്നു. മരത്തിന്റെ വേരുകള്‍ മറ്റു ചെടികളുടെ വേരുകളുമായി മണ്ണിനടിയില്‍ സ്ഥാപിച്ചിരുന്ന ഗാഢബന്ധം മുറിഞ്ഞുപോകുന്നു. ഇലകളുടെയും പൂക്കളുടെയും കായ്കളുടെയും ഗന്ധങ്ങള്‍ വായുവിനു നഷ്ടമാകുന്നു. കാറ്റ് തടഞ്ഞു നില്ക്കുന്നില്ല. ആ ഇടം മറ്റൊരിടമായിത്തീരുന്നു, നിര്‍ജ്ജീവമാകുന്നു. ഒരു മരം പ്രശാന്തമായ ഒരിടത്തെ സൃഷ്ടിക്കുന്നതുപോലെ ഒരു സൂഫിയും ചെയ്യുന്നു. ഉള്ളിലെ ശാന്തി പരിസരങ്ങളെയും ധന്യമാക്കുന്നു.