"There are, indeed, things that cannot be put into words. They make themselves manifest. They are what is mystical." (Wittgenstein, Tractatus Logico-Philosophicus 6.522).
ഏറ്റവും ഹൃദയഹാരിയായ പ്രകൃതിദൃശ്യങ്ങളിലൊന്നാണ് കുഞ്ഞിനു മുലകൊടുക്കുന്ന അമ്മയുടേത്. ഒരു മയക്കം കഴിഞ്ഞുണരുന്ന കുഞ്ഞിനെ അലട്ടുന്നത് എന്തിന്റെയോ ഒരു വലിയ അഭാവമാണ് - തന്നെ വാരിപ്പുണരേണ്ട, തന്റെ വിശപ്പും ദാഹവും ശമിപ്പിക്കേണ്ട, ഒരു സ്നേഹസാന്നിദ്ധ്യത്തിന്റെ അഭാവം. അമ്മയെന്ന ഈ പ്രതിഭാസമാണ്, തന്നെത്താൻ അറിയുന്നതിനും മുമ്പേ, ഏതു മനുഷ്യജീവനും അനുഭവവേദ്യമാകുക. അമ്മയും കുഞ്ഞും ഒരുമിക്കുമ്പോൾ എല്ലാം തികഞ്ഞു. രണ്ടസ്തിത്വങ്ങളല്ല അപ്പോളവിടെയുള്ളത്, ഒരേയൊരസ്തിത്വത്തിന്റെ നിർവൃതിയാണ് - ഒരു വാക്കിലുമൊതുങ്ങാത്ത ഒരദ്ഭുതം. പൂർണമദഃ, പൂർണമിദം.
അമ്മയും കുഞ്ഞും ഒന്നായിത്തീരുന്ന ഈ പരസ്പരാലിംഗനത്തിന്റെ അനുഭവംതന്നെ വ്യത്യസ്ത ജീവിതതുറകളിൽ, വ്യത്യസ്ത ഭാവങ്ങളിൽ ബഹിർസ്ഫുരിക്കുമ്പോൾ നമുക്കനുഭവപ്പെടുന്നതെന്തോ അതിനാണ് നമ്മൾ സ്നേഹമെന്നു പേരിടുന്നത്. ഒരനുഭവത്തിലോ ഒരു വസ്തുവിലോ ഒരു വ്യക്തിയിലോ നമ്മൾ അതിരില്ലാതെ ആഹ്ളാദിക്കുന്നു എന്നു പറയുമ്പോൾ, ആ സമയത്ത് നമ്മളും അതുമായുള്ള അകലം കുറഞ്ഞിരിക്കുന്നു എന്നാണർത്ഥം. അതതുതന്നെയാണ് സൗന്ദര്യാസ്വാദനമെന്നു പറയുന്നതും. വളരെ ലളിതമായ ഒരു സത്യമാണ് ഇതിനു പിന്നിലുള്ളത്. സുന്ദരമല്ലെന്നു നാം കരുതുന്നവയെ നമുക്ക് സ്നേഹിക്കാനാവില്ല. വ്യക്തമായി പറഞ്ഞാല്‍, സ്നേഹിക്കാൻ നിർബന്ധിക്കപ്പെടുന്നതിലെല്ലാം നാം നിശ്ചയമായും സൗന്ദര്യം ദർശിച്ചിട്ടുണ്ടാവും.
സ്നേഹം എന്നതുപോലെ സൗന്ദര്യവും ഒരനുഭവമാണ്. എന്നാൽ വ്യത്യസ്ത അസ്തിത്വങ്ങളായി വേർതിരിഞ്ഞു നിൽക്കുന്നവ തമ്മിൽ സ്നേഹാസ്വാദനം അസ്സാദ്ധ്യമാണെന്നതുപോലെ തന്നെ സൗന്ദര്യാസ്വാദനവും അസ്സാദ്ധ്യമാണ്. കാരണം, തമ്മിൽത്തമ്മിലുള്ള ഐക്യം അവിടെ ഉണ്ടായിട്ടില്ല. ഒന്നായിരിക്കുക എന്നയനുഭവം നിലനില്ക്കുവോളം മാത്രമേ നമുക്ക് സ്നേഹത്തെപ്പറ്റിയോ സൗന്ദര്യത്തെപ്പററിയോ ചിന്തിക്കാനാവൂ.
ഇതേ നിരീക്ഷണംകൊണ്ട് തന്നെ വീണ്ടും നമുക്ക് പറയാം, 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നൊരാൾ പറയുന്ന ആ നിമിഷത്തിൽ സ്നേഹിക്കുന്ന 'ഞാനും' സ്നേഹിക്കപ്പെടുന്ന 'നീ'യുമായുള്ള അകലം അവിടെ തിരിച്ചെത്തുകയാണ് ചെയ്യുന്നത്. ആ അകലം അങ്ങനെ നിലനില്ക്കുവോളം, സ്നേഹത്തിനവിടെ സ്ഥലമില്ല; അതപ്രത്യക്ഷമായി. അതുപോലെ, 'അവൾ സുന്ദരിയാണ്', 'അത് സുന്ദരമാണ്' എന്ന് ഒരാൾ പറയുന്ന അതേ നിമിഷത്തിൽ അയാളുടെ സൌന്ദര്യാസ്വാദനം നിലച്ചു എന്ന് മനസ്സിലാക്കണം. ചുരുക്കിപ്പറഞ്ഞാൽ, മറ്റൊന്നായി നിരീക്ഷിച്ചുകൊണ്ട് ആരെയും ഒന്നിനെയും സ്നേഹിക്കാനോ സുന്ദരമെന്ന് വിലയിരുത്താനോ നമുക്കാവില്ല. ദ്വൈതാവസ്ഥ എവിടെ, എന്ത് കാരണംകൊണ്ട് ഉണ്ടാകുന്നതായാലും ശരി, സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും അനുഭവത്തെ അത് തത്ക്ഷണം ഇല്ലാതാക്കുന്നു; സ്നേഹിക്കുന്നയാളും സ്നേഹിക്കപ്പെടുന്നതും വ്യത്യസ്തമായിരിക്കുവോളം, സൗന്ദര്യം ആസ്വദിക്കുന്നയാളും സുന്ദരമായതും വ്യത്യസ്തമായിരിക്കുവോളം, ആ അനുഭവങ്ങൾക്ക് നിലനില്പില്ല എന്ന് ചുരുക്കം. അവയുടെ ഒരു നിഴൽ അല്ലെങ്കിൽ തോന്നൽ മാത്രമേ അവശേഷിക്കൂ. ഈ തോന്നലുകളാകട്ടെ, ഒന്നുരണ്ട് ഇന്ദ്രിയങ്ങൾ അനുഭവിക്കുന്ന ര്സാനുഭൂതികളുടെ സൃഷ്ടിയായിരിക്കും താനും. നമ്മുടെ സ്നേഹബന്ധങ്ങളും സൗന്ദര്യാസ്വാദനങ്ങളും ഉപരിപ്ളവവും ക്ഷണികവുമായിപ്പോകുന്നതിനു കാരണം ഇവിടെ കണ്ടെത്താം. ഉപരിപ്ളവമായത് ക്ഷണികവുമായിരിക്കും എന്നത് അതിൽത്തന്നെ വ്യക്തമാണല്ലോ.
ഒന്നുകൂടെ ആഴത്തിലേയ്ക്ക് കടന്നുചെന്നാൽ, സ്നേഹവും സൗന്ദര്യാസ്വാദനവും മാത്രമല്ല, എല്ലാ ആഴമുള്ള അനുഭവങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ദ്വന്ദ്വമില്ലായ്മയാണ്. ദ്വന്ദ്വമില്ലായ്മ എന്നുദ്ദേശിക്കുന്നത്, വേർപിരിഞ്ഞു നിന്നിടത്തു നിന്നും വേർപാട് അപ്രത്യക്ഷമാകുമ്പോൾ ഉണ്ടാകുന്ന അനുഭവത്തെയാണ്. മറ്റൊന്നിലൂടെയാണെങ്കിലും, ആത്യന്തികമായി, ഞാൻ എന്നെത്തന്നെയറിയുന്ന അദ്ഭുതമാണ് ആഴമുള്ള ഓരോ അനുഭവത്തിലും സംഭവിക്കുന്നത്. ഈ അറിവിനെ തടഞ്ഞു വച്ചിരുന്നത്, അതായത് സ്വന്തം വ്യതിരിക്തതയെ പൊലിപ്പിച്ചു തോന്നിപ്പിച്ചിരുന്നത്, മനസ്സാണ്. മനസ്സ് ഒരിക്കലും അതിനെപ്പറ്റിത്തന്നെ ബോധത്തിലല്ല. ഞാൻ സ്വയം ബോധത്തിലാകുന്ന നിമിഷത്തിൽ എൻറെ മനസ്സ് അപ്രത്യക്ഷമാകും. കാരണം, മനസ്സിന്റെ ജോലിതന്നെ ദ്വന്ദ്വാനുഭവത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുക എന്നതാണ്. അതറിഞ്ഞുകൊണ്ട്, മനസ്സിനെ മറികടന്നുള്ള ഏതനുഭവത്തെയെടുത്താലും, അത് ഞാൻ എന്നെത്തന്നെ അറിയുന്ന - ഞാൻ 'അതു'മായി ഒന്നായിത്തീരുന്ന - പ്രക്രിയയാണ്. ഇവിടെ 'അത്' എന്നത് ഒരു വ്യക്തിയോ, വസ്തുവോ, അനുഭവമോ എന്തുമാകാം. തമ്മിൽത്തമ്മിലുള്ള ഈ അലിഞ്ഞുചേരലിനെ മനസ്സിലാക്കാനുള്ള സാവകാശം നമ്മുടെ മനസ്സ് നമുക്ക് തരാത്തതുകൊണ്ടാണ് എപ്പോഴും നമ്മൾ ഓരോന്ന് വെട്ടിപ്പിടിക്കാൻ ബദ്ധപ്പെട്ടു നടക്കുന്നതും മറ്റൊരാളുമായോ മറ്റൊരു വസ്തുവുമായൊ നിരന്തരം പൊരുത്തക്കേടിലാകാൻ ഇടയാകുന്നതും. ഇത്തരം അസംബന്ധങ്ങളെ തിരിച്ചറിഞ്ഞ് മനസ്സിന്റെ പിടിയിൽനിന്ന് രക്ഷനേടാനുള്ള ശക്തിയാർജ്ജിക്കുന്നതിനു വേണ്ടിയാണ് ധ്യാനം ഒരു നിരന്തരാവശ്യമായി, തഴക്കമായി പരിശീലിച്ചെടുക്കേണ്ടത്.
ചില വസ്തുക്കൾക്കും (പൂവ്, മരം, ശിൽപം, പുസ്തകം, സംഗീതം അങ്ങനെയെന്തും) ചില മനുഷ്യർക്കും നമ്മളുമായുള്ള അകലത്തെ തകർത്തുകളയാനുള്ള ശക്തിയുണ്ട്. ആ ശക്തിയാണ് അതിന്റെ സൗന്ദര്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വസ്തുക്കളെപ്പറ്റിയാവുമ്പോൾ ഈ ശക്തിക്ക് നമ്മൾ സൗന്ദര്യമെന്നും വ്യക്തിയെപ്പറ്റിയാവുമ്പോൾ അതിന് സ്നേഹമെന്നും പേരിടുന്നു. ചിലപ്പോൾ ഒരാഘാതമായും മറ്റവസരത്തിൽ ഒരു ലയമായും ഈ ശക്തി നമ്മെ കീഴടക്കുന്നു. എന്നാൽ, ഇവിടെ ഉൾക്കാഴ്ചയോടെ നമ്മൾ തിരിച്ചറിയേണ്ട ഒന്നുണ്ട്. അതായത്, അത് സംഭവിക്കുമ്പോൾ, 'നമ്മൾ' എന്തിനെയെങ്കിലും, അല്ലെങ്കിൽ ആരെയെങ്കിലും സ്നേഹിക്കുകയല്ല, മറിച്ച്, അവിടെ രണ്ടു സാന്നിദ്ധ്യങ്ങളുടെ ഒരു ലയം സംഭവിക്കുകയാണ് ചെയ്യുന്നത്. ആ അനുഭവത്തിലേയ്ക്ക് 'ഞാനും നീയും' അല്ലെങ്കിൽ 'ഞാനും അതും' എന്ന വിചിന്തനങ്ങൾ കടന്നുവരുന്ന അതേ നിമിഷത്തിൽ ആ ലയം ഇല്ലാതാകുകയും ചെയ്യും. അപ്പോൾ, വാസ്തവത്തിൽ സൗന്ദര്യാസ്വാദനം എന്നൊന്നില്ല; അറിയുന്നതും അറിയപ്പെടുന്നതും ഒന്നായിത്തീരുന്ന ആ പ്രക്രിയയിൽ കർതൃത്വവും കർമ്മവും വിഷയവും ഇല്ല; ആയിത്തീരൽ മാത്രമേയുള്ളൂ. അപ്പോൾ, സ്നേഹം അല്ലെങ്കിൽ സൗന്ദര്യം എന്നത് അസ്തിത്വം തന്നെത്തന്നെ സ്ഥിരീകരിക്കുന്ന പ്രക്രിയയാണ് എന്ന് പറയാം. ഞാനും മറ്റൊന്നും എന്ന ഭിത്തി തകർന്നുവീണ്, അവിടെ അസ്തിത്വം മാത്രമായി പരിലസിക്കുന്ന അദ്ഭുതമാണത്. സൗന്ദര്യത്തിന്റെ സമ്പൂർണതയാണതു്. പൂർണമദഃ, പൂർണമിദം.
ഏറ്റവും ആഴമായ ഉൾക്കാഴ്ച നമ്മോടു പറഞ്ഞുതരും, 'ഞാനെന്നത് ഒരു ഭിത്തി മാത്രമാണ് - എന്തെല്ലാം അവിടെയുണ്ടോ, അതെല്ലാം ഒരേയൊരസ്തിത്വമായി, സുന്ദരമായി, സ്നേഹമായി അവയുടെ സാന്നിദ്ധ്യം സ്ഥാപിക്കുന്നില്ലെങ്കിൽ, അത് ഞാൻ എന്ന ഭിത്തിയുടെ തടസ്സംകൊണ്ട് മാത്രമാണ്' എന്ന്. ഈ തടസ്സമാകട്ടെ എപ്പോഴുംതന്നെ അവിടെയുണ്ട്. അതുകൊണ്ട് അനുദിനജീവിതത്തിൽ സ്നേഹമെന്ന അദ്ഭുതം അതിവിരളമാണെന്ന സത്യം നാം അംഗീകരിക്കേണ്ടി വരും. അതുപോലെതന്നെ, സൗന്ദര്യാരാധകനായി ഒരാൾ തന്നെത്തന്നെ വിലയിരുത്തുമ്പോളെല്ലാം തന്നെ, കാപട്യമോ തെറ്റിദ്ധാരണയോ അല്ലാതെ ഒരു പൊരുളും അതിൽ ഇല്ലെന്നതാകാം നഗ്ന സത്യം.
അവബോധത്തിലെത്തിയവർ സ്ഥിരീകരിക്കുന്ന ഒന്നുണ്ട് - അവരുടെ അവബോധത്തിന്റെ ആദ്യാദ്ഭുതം പരിസരബോധം നഷ്ടപ്പെട്ടു എന്ന അനുഭവമായിരുന്നു. താനും ചുറ്റും കാണുന്നവയുമായി യാതൊരു വ്യത്യസ്തതയും തോന്നാത്ത ഒരവസ്ഥ. ആ ആനന്ദാനുഭവത്തിൽ മണിക്കൂറുകളും ദിവസങ്ങളും തന്നെ കടന്നുപോയത് അറിയാതിരുന്നതിനെപ്പറ്റി അവർ പിന്നീട് സാക്ഷ്യം പറയാറുണ്ട്. രമണമഹർഷി, ഓഷോ, ജയ്ഗി വാസുദേവൻ, മൂജി, റൂപെർട്ട് സ്പൈറ, ആദിശാന്തി, എക്ഹാർട്ട് റ്റൊളെ എന്നിവർ ഉദാഹരണങ്ങൾ. സമയമുള്പ്പെടെ വ്യക്തിപരമായതൊക്കെ അനന്തതയിൽ മുങ്ങിപ്പോയ ഒരവസ്തയെപ്പറ്റിയാണ് അവർ പറയുന്നത്. സമയപരിധിക്കപ്പുറത്ത് (beyond space-time) എത്തിച്ചേരുന്ന ഈ അനുഭവത്തെപ്പറ്റി എല്ലാ മതങ്ങളിലെയും അതീന്ദ്രിയജ്ഞാനികൾ (mystics) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സമയംകൊണ്ട് അർത്ഥമാക്കുന്നത് അനുദിനം നാമനുഭവിക്കുന്ന ആവശ്യങ്ങൾ, മാറ്റങ്ങൾ, വ്യാകുലതകൾ എന്നിവയെല്ലാവും അവയുടെ ഇടവേളകളുമാണ്. അവയുടെയെല്ലാം അഭാവത്തിൽ കരഗതമാകുന്നത് നിർവൃതി അല്ലെങ്കിൽ അളവില്ലാത്ത ആനന്ദമാണ്. The redemption of time by eternity എന്നൊരു ഉപന്യാസം Aldous Huxley യുടേതായി ഉണ്ട്. ഒരിക്കലും mystic എന്ന വിശേഷണം തന്റേതാക്കാത്ത നീറ്റ്ഷേ (Friedrich Nietzsche) പോലും ഈയൊരവസ്ഥയുടെ സാദ്ധ്യതയെപ്പറ്റി എഴുതിയിട്ടുണ്ട്.
എങ്ങനെയാണ് നമ്മുടെ ഐന്ദ്രികാനുഭവങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്ന് കാഴ്ച്ചയുടെ പൊരുൾ എന്നൊരു ലേഖനത്തിൽ ഞാൻ വിശദീകരിച്ചെഴുതിയിട്ടുണ്ട്. ഓരോ നിമിഷത്തിലും ഊർജ്ജരൂപത്തിൽ പുറത്തുനിന്നു വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങളെ നമുക്കുതകുംവിധം നമ്മൾ തന്നെ നിർവചിച്ചെടുക്കുന്ന ഒരു പ്രക്രിയ ഇല്ലായിരുന്നെങ്കിൽ നമുക്ക് സമയാനുഭവം ഉണ്ടാകുമായിരുന്നില്ല. നമ്മുടെ ലോകം നമ്മുടെ തന്നെ അനുനിമിഷമുള്ള സൃഷ്ടിയാണെന്നതാണ് സത്യം. ഇക്കാര്യം ഇവിടെ എടുത്തുപറയുന്നത് വേറൊരു വസ്തുതയുടെ സ്ഥിരീകരണത്തിനു വേണ്ടിയാണ്. അതായത്, വാസ്തവത്തിൽ അസത്യങ്ങളായി തിരിച്ചറിയാൻ നമുക്ക് സാധാരണ ജീവിതത്തിൽ സാധിക്കാത്ത പുറംകാഴ്ച്ചകൾക്കും താത്ക്കാലിക ബന്ധങ്ങൾക്കും അപ്പുറത്ത് കിടക്കുന്ന സത്യത്തിന്റെ അസ്തിത്വത്തിലേയ്ക്കുള്ള ഉൾക്കാഴ്ചയാണ് ഇന്ദ്രിയാതീതമായ അനുഭവം. അല്പാല്പമായിട്ടാണെങ്കിലും നാമനുഭവിക്കുന്ന സൗന്ദര്യവും സ്നേഹവും അവ നല്കുന്ന ആനന്ദവും ആ ലോകത്തിന്റെ, ആ അസ്തിത്വത്തിന്റെ, ഭാഗമാണ് എന്നാണ് കരുതേണ്ടത്. അത്തരമവസരങ്ങളിൽ, നമ്മുടെ ഇന്ദ്രിയങ്ങളും ബുദ്ധിയും കൂടി ഉണ്ടാക്കുന്ന 'ഞാനും ഞാനല്ലാത്തവയും' എന്ന അതിർത്തിയും, അതോടേ സമയബോധവും, ഇല്ലാതാകുന്നു. എല്ലാം ഒന്നാണെന്നും അനന്തമായി ഐക്യത്തിലാണെന്നുമുള്ള അനുഭവംതന്നെയാണ് അപ്പോൾ ആനന്ദമായിത്തീരുന്നത്. ഈ ആനന്ദത്തിന്റെ ഒരംശം ശിശുക്കൾ അനുഭവിക്കുന്നുണ്ട് എന്നാണ്, സ്വർഗരാജ്യം അവരുടേതാണ് എന്ന് യേശു പറഞ്ഞതിന്റെ പൊരുൾ.
Words reduce reality to something the human mind can grasp, which isn’t very much. Language consists of five basic sounds produced by the vocal cords. They are the vowels a, e, i, o, u. The other sounds are consonants produced by air pressure: s, f, g, and so forth. Do you believe some combination of such basic sounds could ever explain who you are, or the ultimate purpose of the universe, or even what a tree or stone is in its depth?
Eckhart Tolle
സ്നേഹത്തിന്റെ എതിരായിട്ടുള്ളത് ഭയമാണ്. ഭയവും സ്നേഹവും വിവിധ അനുപാതത്തില്‍ ചേര്‍ന്നതാണ് മറ്റെല്ലാ വികാരങ്ങളും. ഭയം ജനിപ്പിക്കുന്ന ഒന്നില്‍ നിന്ന് നാം അകന്നു നില്ക്കും; സ്നേഹം ജ്വലിക്കുന്ന കേന്ദ്രങ്ങളോട് നാം ഇഴുകി ചേരുകയും ചെയ്യും. ആത്മാവിന്റെ വളര്ച്ചയില്‍, അല്ലെങ്കില്‍ നാം ഒരു വിപ്ലവകരമായ evolution നിലൂടെ കടന്നുപോവുമ്പോള്‍ നമ്മുടെ സ്നേഹിക്കാനും സ്നേഹത്തില്‍ ഇല്ലാതാവനുമുള്ള വൈഭവമാണ് കൂടുന്നത്. ഒന്നിനെ സ്നേഹിക്കുന്നൂവെന്ന് ഒരാള്‍ പറഞ്ഞാല്‍ മറ്റൊന്നിനു വേണ്ടി സ്വയം ബലികൊടുക്കാന്‍ പോലും തയ്യാറാവുന്ന അഗാപ്പെ തലത്തിനു മാത്രമേ പ്രസക്തിയുള്ളൂ. അവിടെ സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും രണ്ടായിരിക്കില്ല. മറ്റൊന്നിനെ സ്നേഹം കൊണ്ട് തന്നിലേക്ക് ആവഹിക്കുമ്പോള്‍ രണ്ടും വലുതാവുകയല്ല, ചെറുതാവുകയാണ് സംഭവിക്കുക. സ്നേഹം കൊണ്ട് പ്രപഞ്ചത്തെ മുഴുവന്‍ തന്നിലേക്ക് ആവഹിച്ചവനാണ് പ്രപഞ്ചത്തിലെ ഏറ്റവും ചെറിയവന്‍. എന്ന് പറയാം. അവനു മാത്രമേ സ്വര്ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വാതിലില്ക്കൂടി കടക്കുവാനും സാധിക്കൂ. വളര്‍ച്ചയുടെ പാതയില്‍ ഇല്ലാതാവുന്നവരുടെ എണ്ണം തുലോം കുറവാണെന്നുള്ളതാണ് ക്രൈസ്തവ പ്രസ്ഥാനങ്ങളും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. നമ്മെ ഭരിക്കുന്നത് കാനോനും സിനഡുകളും; ഹൃദയത്തിന്‍റെ ഭാഷ സംസാരിക്കാനുള്ള ധൈര്യവും നമുക്കില്ല, അതിനുള്ള സാദ്ധ്യതയെപ്പറ്റി നാം ചിന്തിക്കുന്നുമില്ല.
അല്ലാ, മാഷേ,
"ariyuka" ennatu oru adawaidic process alle? Is it not in this sense that the Indian mind postulated : once you know
really what the world is, how it functions, of which it is made , you do not have to change it. Appol ellaam, ellavarum
snehamayam, soundarymayam!!!!!! You should write a weekly column in one of our dailies.Clarity of language,
engagingly explanatory, substance-filled and as often luminous with thinking. Assez rare en contemp. Malayalam.
തുടരുക, തളരാതെ!
Inasu de Paris
Aug 6
Zach,
Thanks for the write-up. Indeed, 'layanam' is the ultimate experience man can have.
So says even science-- quantum physics and cosmology. Duality may be illusion,
as held by our Rishis. Truth may be in ultimate unity.
Please find attached an article of mine on Deep Ecology. Herein you may find a scientific support for your intuition put forth in your article.
[This article will be sent to those who make a request for it at znperingulam@gmail.com] ZN
http://www.youtube.com/watch?v=lAEwC4VjvyE
സ്നേഹത്തിന് ഒരു പ്രതിവസ്തു (object) ഇല്ല. ഞാൻ തന്നെയാണ് അസ്തിത്വം എന്നറിയുകയാണ് സ്നേഹമെന്നും, അതുതന്നെയാണ് സൗന്ദര്യമെന്നും പറയുന്നത്. ഞാനും ഞാനല്ലാത്തതും എന്ന വ്യത്യാസം ഇല്ലാതാകുന്നതാണ് സ്നേഹം. അസ്തിത്വം എന്നത് നാം വ്യത്യസ്തമായി കാണുന്ന ഓരോന്നിനും വിഭജിച്ചു കിട്ടുന്ന അനാഹതമായ ഒരനുഗ്രഹമല്ല, മറിച്ച്, അതൊന്നേയുള്ളൂ, (അസ്ഥിത്വം ഒന്നാണ്) നാമെല്ലാം അതിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് എന്ന തിരിച്ചറിവുതന്നെ അതീന്ദ്രിയമാണ്. കാരണം, ഇന്ദ്രിയങ്ങൾ പലതായതുപോലെ, അവയിലൂടെ കിട്ടുന്ന അറിവുകളും പലതുകളെയാണ് വെളിപ്പെടുത്തുന്നത്. അത്തരം അനുഭവത്തെ തകിടംമറിക്കുന്ന mystical experience ൽ ഉണ്ടാകുന്ന അറിവിന് ശാസ്ത്രീയമായ അധിഷ്ഠാനവും ഉണ്ടെന്നുറപ്പിക്കാൻ ശ്രമിക്കുകയാണ് ഇവിടെ.
ഈ ശ്രമം ഭൌതിക ശാസ്ത്രത്തിന്റെ പുതിയ പാരസ്പരികത്വ കണ്ടത്തലുകളിൽ (relativity) ഊന്നിയതാണ്. The theory of relativity യും quantum theory യും പരിസ്ഥിതിയെപ്പറ്റിയുള്ള കാഴ്ചപ്പാടിനെ പാടേ നവീകരിച്ചിട്ടുണ്ട്. ഈ നവീകരണം ദെകാർത്തിന്റെയും ന്യൂട്ടന്റെയും യാന്ത്രികഭാവത്തിലുള്ള പ്രപഞ്ചവീക്ഷണത്തിൽനിന്നും അവിഭജിതമായ ഒരു പ്രാപഞ്ചിക കാഴ്ച്ചപ്പാടിലേയ്ക്കുള്ള മാറ്റമാണ്. പ്രപഞ്ചത്തിന്റെ അല്ലെങ്കിൽ പ്രപഞ്ചങ്ങളുടെ ഏകത്വവും നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നതും തമ്മിലുള്ള അഭേദ്യബന്ധവുമാണ് (relativity) ഇതിന്റെ കാതൽ. വിശദമാക്കാം.
Einstein ന്റെ general relativity theory അനുസരിച്ച് space-time, matter/energy എന്നിവ അവിഭാജ്യമാണ്. ന്യൂട്ടൻ വിചാരിച്ചതുപോലെ, ഇവ നാല് വ്യത്യസ്ത അസ്തിത്വങ്ങളല്ല, മറിച്ച്, space-time-mass/energy എന്ന ഒരൊറ്റ അസ്ഥിത്വമാണ്, ഏകകമാണ്. ചരണം അല്ലെങ്കിൽ മാറ്റം (motion), ഗുരുത്വാകർഷണം (gravity) എന്നിവ ഈ ഏകകത്തിന്റെ സ്വഭാവമാണ്. “Actually relativity implies that neither point particles nor the quasi-rigid body can be taken as primary concepts. Rather, these have to be expressed in terms of events and processes.” (Bohm, Wholeness and The Implicate Order, pp. 124-25.)
ഇതേ കാഴ്ച്ചപ്പാടിലേയ്ക്കാണ് quantum theoryയും നമ്മെ കൊണ്ടുചെല്ലുക. ന്യൂട്ടന്റെ ഭൌതികമനുസരിച്ച് പുറത്തുള്ള എന്തിനെയും നമുക്ക് മറ്റൊന്നായി (object) നിരീക്ഷിക്കാം. നമ്മുടെ നിരീക്ഷണംകൊണ്ട് അതിൽ മാറ്റമൊന്നും സംഭവിക്കുന്നില്ല. ഒരു തുലാശും അതുവച്ച് തൂക്കുന്ന ഉരുളക്കിഴങ്ങും തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ, quantum theory യനുസരിച്ച്, എന്ത് അളന്നാലും നിരീക്ഷിച്ചാലും, അളക്കുന്നവനും അലക്കപ്പെടുന്നതും അളവുകോലും പരസ്പരം ബന്ധപ്പെട്ടാണ് പെരുമാറുന്നത്, ഇവയിലെല്ലാം മാറ്റം സംഭവിക്കുന്നുണ്ട്. “Rather, the primary emphasis is now on undivided wholeness, in which the observer is not separable from what is observed.” ibid. p. 134. നിരീക്ഷകൻ നിരീക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായിത്തീരുന്നു എന്നാണർത്ഥം.
Comment 3 ൽ തുടരും.
പലതിലും നാം സൌന്ദര്യം കാണുന്നു, ഇത് സ്വന്തമാക്കാനും ആഗ്രഹിക്കുന്നു. പക്ഷേ, സ്വന്തമായിക്കഴിഞ്ഞാല്‍ അതിന്‍റെ സൗന്ദര്യവും തീര്‍ന്നു. പകുതി മറഞ്ഞതിനാണ് കൂടുതല്‍ സൌന്ദര്യം എന്നൊരു ചൊല്ല് തന്നെയുണ്ടല്ലോ.
അതീന്ദ്രിയാനുഭവം ഉണ്ടായിട്ടുള്ളവർ സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ് സമയബോധത്തിന്റെയും പരിസരബോധത്തിന്റെയും താത്ക്കാലികമെങ്കിലുമായ നഷ്ടം. സ്വശരീരാനുഭവവും അവർക്ക് കുറേ നേരത്തേയ്ക്കെങ്കിലും ഇല്ലാതാകുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു എന്നു മനസ്സിലാക്കാൻ പഴയതും പുതിയതുമായ പ്രപഞ്ചസിദ്ധാന്തങ്ങളിൽ തിരഞ്ഞാൽ കാണാമെന്നു പറഞ്ഞാൽ അതിശയോക്തിയാകുമോ?ഒന്നു ശ്രമിക്കാം. ഈ സിദ്ധാന്തങ്ങലെല്ലാം പദാർത്ഥം, അതിന്റെ മാറ്റം അല്ലെങ്കിൽ ചലനം (change in form), സമയം, ഇടം (space) എന്നിവകളെ മനസ്സിലാക്കുന്ന രീതിയിൽ കൈക്കൊള്ളുന്ന വിചാരവ്യത്യാസങ്ങൾ മാത്രമാണ്. ഇക്കാര്യത്തിൽ ശാസ്ത്രത്തിന്റെ വികസനചരിത്രത്തിൽ പല ചിന്താരീതികൾ കണ്ടെത്താം.
ഒന്ന്: അരിസ്റ്റോട്ടലിന് പദാർത്ഥവും (matter) അതിന്റെ രൂപവ്യതിയാനവും (form) മാത്രമേ പ്രപഞ്ചസംവിധാനനത്തിൽ ഉൾപ്പെടുന്നുള്ളൂ. അങ്ങേർക്ക് സമയവും ഇടവും കാല്പനികം മാത്രമാണ്. അളവും (quantity) ഗുണവും (quality) പദാർത്ഥത്തിന്റെ താത്ക്കാലിക പ്രകൃതം മാത്രമാണ്.
രണ്ട്: ന്യൂട്ടന് സമയവും ഇടവും കാല്പനികമല്ല, സ്ഥിരതയുള്ള അസ്തിത്വസവിശേഷതകളാണ്. പദാർത്ഥമെന്നു പറയുന്നത് മാറ്റമില്ലാത്ത കണികകളാൽ നിർമ്മിതമായ, സ്ഥിരതയുള്ള വസ്തുക്കളാണ്. അവ തമ്മിൽ ബാഹ്യമായ താത്ക്കാലിക ബന്ധമേയുള്ളൂ.
മൂന്ന്: ഐൻസ്റ്റൈൻ കൊണ്ടുവന്ന (relativity) സിദ്ധാന്തമനുസരിച്ച്, പദാർത്ഥവും (matter) സമയവും ഇടവും പരസ്പരബന്ധിതങ്ങളാണ്. പദാർത്ഥാനുഭവമില്ലാത്തിടത്ത് സമയവും ഇടവുമില്ല. ചലനം space-time-ൽ മാത്രം സാദ്ധ്യമായ ഒരു പ്രതിഭാസമാണ്. പദാർത്ഥത്തോടൊത്ത് ഗുരുത്വാകർഷണവും അതുമൂലം space-time ഉം ഉണ്ടാകുന്നു.
നാല്: ക്വാന്തം സിദ്ധാന്തമനുസരിച്ച്, ഒന്നിനും പദാർത്ഥസ്ഥിരതയില്ല. ഓരോ അസ്തിത്വവും മറ്റെലാവുമായി കോര്ത്തുപിണഞ്ഞു കിടക്കുകയാണ്. എന്നാൽ എല്ലാമാറ്റങ്ങളും പരസ്പരബന്ധിതമാണ്.
മൂന്നും നാലും സിദ്ധാന്തങ്ങളെ ആസ്പദമാക്കി Alfred North Whitehead ജൈവികതയുടെ ഒരു തത്ത്വശാസ്ത്രം (philosophy of organism) വികസിപ്പിച്ചെടുത്തിട്ടുണ്ട് . അതിൽ പ്രപഞ്ചം എന്നത് സംഭവിച്ചുകൊണ്ടിരിക്കുന്നത് മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാ സംഭവങ്ങളും അന്യോന്യം ബന്ധപ്പെട്ടുമിരിക്കുന്നു. ഒരസ്തിത്വവും തനതായ നിലയിൽ സാദ്ധ്യമേയല്ല.
ഒരു ശാസ്ത്രപഠനത്തെയും ആശ്രയിക്കാതെ തന്നെ ഇങ്ങനെയൊരു പരിസ്ഥിതിയുടെയും പാരസ്പര്യത്തിന്റെയും ഉൾക്കാഴ്ച്ച വി. ഫ്രാൻസിസിന്റെ ജീവിതത്തിൽ നിറഞ്ഞുനിന്നിരുന്നു. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും എന്നപോലെ പക്ഷികളും ചെടികളും, ഗുബിയോവിലെ ചെന്നായ് പോലും, അദ്ദേഹത്തിന് സഹോദരനും സഹോദരിയും ആയിരുന്നു. പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി അദ്ദേഹം കരുതപ്പെടുന്നത് ഉചിതമാണ്.
പറഞ്ഞുപറഞ്ഞ്, തുടക്കത്തിൽ നിന്ന് നമ്മൾ വ്യതിച്ചലിച്ചുപോയി. ഈ ലോകത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ മണ്ടത്തരം അന്യോന്യമുള്ള പരസ്പരബന്ധത്തെ മറന്നുപോകുക എന്നതാണെന്ന് ചൈനാക്കാർ എന്നേ കണ്ടെത്തിയിരുന്നു. "നമ്മൾ പ്രപഞ്ചത്തിലല്ല, നമ്മളാണ് പ്രപഞ്ചം. ആത്യന്തികമായി, നമ്മൾ വ്യക്തികളല്ല, പ്രപഞ്ചം അതിനെപ്പറ്റിത്തന്നെ ബോധത്തിലേയ്ക്കുണരുന്ന സൂക്ഷ്മബിന്ദുക്കളാണ് നാമോരോരുത്തരും" എന്ന് ഏക്‌ഹാർട്ട് റ്റോളെ പറയുന്നു. അത് തിരിച്ചറിയുന്ന നിമിഷത്തിൽ വ്യതിരിക്തതയെ സൃഷ്ടിക്കുന്ന വ്യക്തിബോധം മാത്രമല്ല, പരിസരബോധവും (പദാർത്ഥ- സമയ- ഇട- ബോധം) നഷ്ടപ്പെടുക എന്നത് സ്വാഭാവികമാണ്. താൻ എല്ലാവുമായി ഒന്നാകുന്ന ആ അത്ഭുതമാണ് സ്നേഹമെന്നും സൗന്ദര്യമെന്നും, അവയുടെ പൂർണമായ അനുഭവമില്ലാത്ത നമ്മൾ വാചികമായി പ്രകടിപ്പിക്കുമ്പോൾ തന്നെ, അനന്യതയുടെ ആ പരകോടിയെ അന്വേഷിക്കാൻ താത്പര്യമുള്ളവർക്കായി ഇതിന്റെ തുടർചിന്തകളെ വിട്ടുകൊടുത്തുകൊണ്ട് ഈ അർത്ഥാന്വേഷണം ഇവിടെ നിറുത്താം.
സ്നേഹത്തിൽനിന്ന് സൌന്ദര്യം ദർശിക്കുന്നു. ആശാന്റെ സ്നേഹം വീണുകിടന്ന പൂവിലായിരുന്നു. പൂവൊരു വസ്തുവാണ്. വസ്തുവിനെ സ്നേഹിക്കുമ്പോൾ അത് സൗന്ദര്യമായി മാറും. ഇവിടെ സ്നേഹവും സൌന്ദര്യവും തമ്മിൽ പരസ്പരം ബന്ധിതമാണ്. സാക്ക് പറഞ്ഞത് വസ്തുക്കള്ക്ക് സൌന്ദര്യവും വ്യക്തികൾക്ക് സ്നേഹവും കല്പ്പിക്കുന്നുവെന്നാണ്.
വേദങ്ങളും പുരാണങ്ങളും ക്രിസ്ത്യൻ നിയമങ്ങളും നമ്മോട് കല്പ്പിക്കുന്നത് സ്നേഹത്തിൽ ജീവിക്കാനാണ്.എങ്കിൽ സ്നേഹം ഏത് അളവുകോൽകൊണ്ട് അളക്കും. അളവുകോൽ ന്യൂട്ടന്റെ മൂന്നാംനിയമമോ, അതോ ആൽബെർട്ട് ഐൻസ്റ്റീനറെ ആപേക്ഷിക സിദ്ധാന്തമോ?( theory of relativity) ന്യൂട്ടന്റെ നിയമങ്ങളും കർമ്മഫലങ്ങളും, ദൈവത്തിന്റെ നിയമങ്ങളും Cause and effect തത്ത്വങ്ങളും ഒരേ നിയമംപോലെ തോന്നും. അതെല്ലാം മതപണ്ഡിതരുടെ ഭാവനകൾ മാത്രമാണ്.
കൊടുക്കുന്നവനു കിട്ടും എന്നല്ലേ യേശു തന്നെ പറഞ്ഞിരിക്കുന്നത്. വിതച്ചത് കൊയ്യും എന്നും വാളെടുക്കുന്നവന്‍ വാളാലേ എന്നുമൊക്കെ പറഞ്ഞപ്പോള്‍ കാരണവും ഫലവും നിര്വ്വചിക്കപ്പെടുകയായിരുന്നില്ലേ? കര്‍മ്മായിലെ കാര്യ-കാരണ-ഫല ചങ്ങലയിലും നന്മ ചെയ്‌താല്‍ നന്മ കിട്ടുമെന്ന അര്‍ത്ഥത്തിലെ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളൂ. പക്ഷേ, നന്മയുടെ തലത്തില്‍ ഉണ്ടാകുന്ന അനുരണനങ്ങള്‍ തിന്മയുടെ തലത്തിലും ആനുപാതികമായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പുണ്ട്. അത് നെഗറ്റീവ് ആയി എടുക്കപ്പെടണമോ എങ്ങിനെ വിശ്ദീകരിക്കപ്പെടണം എന്നിവയെപ്പറ്റി സംശയവും ഇല്ലാതില്ല. ഒരു വിശ്ദീകരണം പ്രതീക്ഷിക്കുന്നു.
https://www.youtube.com/watch?v=MNYvzKy-i9k
എന്തോ ഉണ്ടെന്നുള്ള ബോധമാണ് ആദ്യം ഉണ്ടാകുന്ന അനുഭവം. അതെന്താണ് എന്നത് അതിനു ശേഷം കിട്ടുന്ന അറിവാണ്. അതുപോലെതന്നെ, ഞാൻ ഉണ്ട് എന്ന അനുഭവത്തിനു ശേഷമാണ്, ഞാൻ ആരാണ് എന്ന ചോദ്യം നമ്മെ അഭിമുഖീകരിക്കുന്നത്. ലോകം (എനിക്ക് പുറത്തുള്ളത്) എന്താണെന്നും ഞാൻ എന്താണെന്നുമുള്ള അന്വേഷണത്തിൽ നാം ചെന്നെത്തുന്ന സവിശേഷമായ ഒരറിവാണ്, എനിക്ക് പുറത്തുള്ളതിന്റെയും എന്റെയും അസ്തിത്വങ്ങൾ തമ്മിൽ വ്യത്യാസമില്ല, എല്ലാറ്റിന്റെയും അസ്തിത്വം ഒരേ കാതലിനെയാണ് - ആയിരിക്കുക - വെളിപ്പെടുത്തുന്നത് എന്നത്. എന്താണ് ഈ പറഞ്ഞു വരുന്നതിന്റെ സാരം എന്ന് ചോദിച്ചാൽ, നമുക്ക് വെളിയിൽ എന്ന് നമുക്ക് തോന്നുന്നവയുടെയും എന്റെയും കാതൽ ഒന്നുതന്ന; അതാണ് ആയിരിക്കുക എന്നയവസ്ഥ. ആയിരിക്കുന്ന ഒന്നിനേ, ഇല്ലാതിരിക്കുന്ന അവസ്ഥയെപ്പറ്റി അനുമാനിക്കാനാവൂ. ഉണ്ടായിരിക്കുക എന്ന അനുഭവത്തിനാണ് അസ്തിത്വമെന്നു നാം പേരിട്ടിരിക്കുന്നത്. അസ്തിത്വമുള്ള എല്ലാറ്റിനും ഈ അനുഭവമുണ്ട്, അസ്തിത്വത്തിന്റെ അവബോധമില്ലെങ്കിലും, എന്ന് മനസ്സിലാവുന്നത് ചുരുക്കം ചിലര്ക്ക് മാത്രമാണെന്നതും ചിന്തിക്കുന്നവർക്കറിയാം. ചിന്തിക്കുന്നവർ എന്ന് പറയുമ്പോൾ ചിന്തിക്കാത്തവരും ഉണ്ടെന്നാണല്ലോ വിവക്ഷ. ഈ രണ്ടാമത്തെ കൂട്ടർക്ക് നാമോരോരുത്തരും എന്ന അസ്തിത്വം നാമോരോരുത്തരുടെയും ശരീരവും വിചാരങ്ങളും (മനസ്സ്) ഇന്ദ്രിയാനുഭവങ്ങളും ആണ്. എന്നാൽ ശരീരത്തെയും ചിന്തകളെയും ഇന്ദ്രിയാനുഭവങ്ങളെയും വഹിക്കുന്ന കാതലായ മറ്റെന്തോ (ഒരസ്തിത്വം - entity) അവയ്ക്ക് പിന്നിൽ സ്ഥിരമായി നില്ക്കുന്നുണ്ട് എന്നതിനെപ്പറ്റി അവബോധമില്ല. ഈ അവബോധം ഉണ്ടാവാൻ മറ്റൊന്നും നാം ചെയ്യേണ്ടതില്ല. ഹാ! എത്ര നല്ല ദിവസം എന്ന് ചിന്തിക്കുന്നതിന്റെ അടുത്ത നിമിഷം ആ ചിന്ത പോയിട്ട് ഓ! മഴ വരുന്നുണ്ട് എന്ന് ചിന്തിക്കുന്നയാളിൽ ഈ രണ്ടു ചിന്തകളും വന്നുപോയി, പക്ഷേ, അവയെ ഉൾക്കൊണ്ടയാൾ ആ ചിന്തകളോടുകൂടെ പറന്നു പോകാതെ ഇവിടെത്തന്നെയുണ്ട് എന്നോർത്താൽ മാത്രം മതി. അതിൽനിന്ന് ഉരുത്തിരിയുന്ന കാതലായ അറിവ് എന്താണ്? അത് മറ്റൊന്നുമല്ല - ഈ ചിന്തകളും അനുഭൂതികളും അല്ല, ഞാൻ; അവ മാറിക്കൊണ്ടിരിക്കുമ്പോഴും മാറാതെ സ്ഥിതി ചെയ്യുന്നതെന്തോ, അതാണ് യഥാത്ഥത്തിലുള്ള ഞാൻ എന്ന അസ്തിത്വം. ഈ അസ്തിത്വബോധമാണ് ഏറ്റവും വലിയ അനുഭവം.
അടുത്തതായി അന്വേഷിക്കേണ്ടത് ഈ അസ്തിത്വബോധം ജനനത്തോടെ ഉണ്ടാകുന്നതും മരണത്തോടെ ഇല്ലാതാകുന്നതും ആണോ അല്ലയോ എന്നതാണ്. ഞാൻ എന്നാൽ എന്റെ ചിന്തകളും പ്രവൃത്തികളും ഇന്ദ്രിയാനുഭവങ്ങളും കൂടിച്ചേരുന്ന ഒന്നാണ് എന്ന വിശ്വാസം എല്ലാ സംസ്കാരങ്ങളും സൃഷ്ടിച്ചെടുക്കുന്ന ഒന്നാണ്. കാരണം, നല്ല അനുഭവങ്ങളെ നിലനിർത്താനും ചീത്തയായവയെ വിട്ടകലാനുമുള്ള ആഗ്രഹത്തിൽ നിന്നാണ് മരണഭയം ഉണ്ടാകുന്നത്. എല്ലാ പ്രവൃത്തികളിലും നമ്മെ വഴിതെറ്റിക്കുന്നത് ഈ മരണഭയമാണ്. ഞാനെന്ന അസ്തിത്വം ഇല്ലാതായേക്കാം, അതുകൊണ്ട് അതിനു വഴിതെളിക്കുന്നവയിൽനിന്ന് വിട്ടു നില്ക്കണം എന്ന അഭിവാഞ്ചയാണ് സ്വയം മറക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ, സ്വയം മറന്ന് സ്വന്ത അസ്തിത്വത്തെ നമ്മുടെ ചിന്തകളിലേയ്ക്കും അനുഭൂതികളിലേയ്ക്കും ബന്ധങ്ങളിലേയ്ക്കും വെട്ടിക്കുറക്കാൻ നമ്മൾ ശ്രമിക്കുന്നു. അത് സ്ഥിരീകരണം ലഭിച്ച ഒരു ജീീവിതസത്യമായി മാറുന്നു. ഈ തഴക്കം മൂലം അസ്തിത്വബോധം നമുക്ക് കൈമോശം വരുന്നു എന്ന് പറയാം. സത്യത്തിൽ, ജനനവും മരണവും നമ്മുടെ സ്ഥായിയായ അസ്തിത്വത്തിൽ വന്നു മറയുന്ന രണ്ടനുഭൂതികൾ മാത്രമാണ്.
അസ്തിത്വാവബോധത്തിലേയ്ക്ക് എത്തിച്ചേരുന്നവർ അതിനു പ്രചോദിതമായി പറയാറുള്ളത് ഒന്നിന് പുറകെ മറ്റൊന്നായി വരുന്ന വേദനിപ്പിക്കുന്ന അനുഭവങ്ങളും നഷ്ടങ്ങളും മറ്റുമാണ്. അവ സംഭവിക്കുമ്പോൾ, അവയിൽനിന്നെല്ലാം വ്യത്യസ്ഥമായ ഒരസ്തിത്വമാണല്ലോ താനെന്ന ഉള്ക്കാഴ്ച്ചയിലെത്താൻ കഴിഞ്ഞിട്ടുള്ളവർ ധാരാളമുണ്ട്. അതുപോലെതന്നെ, അസ്തിത്വാവബോധത്തെ നിരന്തരം പരിപോഷിപ്പിച്ചുകൊണ്ടിരിക്കാനും ഇത്തരമനുഭവങ്ങൾ ഉപകരിക്കാറുണ്ട്.
തുടരും.
സ്വയം അനുഭവിക്കുന്ന അസ്തിത്വബോധം സ്വാഭാവികമായി മറ്റ് അസ്തിത്വങ്ങളെയും ഒരേ രീതിയിൽ അംഗീകരിക്കാൻ പ്രേരണയാകും. കാരണം, താത്ത്വികമായും അല്ലാതെയും ഉരുത്തിരിഞ്ഞുവരുന്ന സത്യമാണ് അസ്തിത്വം പലതാകാൻ സാദ്ധ്യമല്ല എന്നത്. ഈ അനുഭവം അസ്തിത്വബോധവുമായി ഉൾച്ചേർന്നു നില്ക്കുന്ന സത്യമാണ്. അവിടെയാണ് സ്നേഹം എന്ന പ്രതിഭാസം കടന്നുവരുന്നത്. സ്നേഹം, സാധാരണ കരുതപ്പെടുന്നതുപോലെ ശരീരത്തിനും മനസ്സിനും സുഖദായകമായ ഒരു നല്ല വികാരം മാത്രമല്ല. പ്രണയിച്ചിട്ടുള്ളവർക്കറിയാം, പ്രണയമെന്നാൽ, എന്റേതെന്നു കരുതിയിരുന്ന എല്ലാറ്റിന്റെയും തകര്ച്ചയാണ് - പ്രണയിക്കപ്പെടുന്നതിനുവേണ്ടിയുള്ള സ്വയം ത്യജിക്കലാണ്. അതുണ്ടാകാത്ത പ്രണയം വ്യാജമാണ്. അതുകൊണ്ടാണ് ലേഖനത്തിൽ ഊന്നിപ്പറഞ്ഞത്, ഞാനും നീയും ഉള്ളിടത്തോളം, സത്യത്തിലുള്ള സ്നേഹം സംഭവിക്കുന്നില്ല എന്ന്. അഹത്തിന്റെ തകർച്ചയോടെ മനസ്സ് ഇല്ലാതാകുകയുമാണ്. കാരണം, വ്യത്യസ്തതകളെ ഉണ്ടാക്കുന്നത് മനസ്സാണ്. അങ്ങനെ വരുമ്പോൾ, ഞാനെന്ന അസ്തിത്വത്തിന്റെ വിപുലീകരണം തന്നെയാണ് സ്നേഹം. വേറൊന്ന് അവിടെയ്ക്ക് കടന്നു വരുന്നുമില്ല, ഞാൻ വേറൊന്നിലെയ്ക്ക് ചേരുന്നുമില്ല. മറിച്ച്, അസ്തിത്വം അസ്തിത്വമായി തിരിച്ചറിയുക മാത്രമാണ് സ്നേഹത്തിൽ സംഭവിക്കുന്നത്. ഞാൻ നീ തന്നെയാണ്, നീ തന്നെയാണ് ഞാൻ എന്ന തിരിച്ചറിവാണ് അസ്തിത്വാവബോധം - അത് തന്നെയാണ് സ്നേഹം. അതിന് പരിമിതിയില്ല. പരിമിതിയുള്ളിടത്ത് വ്യതിരിക്തതയുണ്ടായിരിക്കും. രണ്ടെന്നും പലതെന്നും ചിന്തിക്കാനാവുന്നിടത്ത് അസ്തിത്വബോധം പൂർണമായി അനുഭവപ്പെടുകയില്ല. അതുപോലെതന്നെ സ്നേഹവും. ഇതേ വ്യവസ്ഥകൾ സൌന്ദര്യത്തിനും ബാധകമാണ്. വസ്തുക്കളിളല്ല സൌന്ദര്യം നിലകൊള്ളുന്നത്, മറിച്ച്, അവയുടെ സാന്നിദ്ധ്യം തന്നെയാണ് അവയെ സുന്ദരമാക്കുന്നത്. എന്തെങ്കിലും സുന്ദരമാണെന്നറിയുന്നത് അതിന്റെ സാന്നിദ്ധ്യത്തെ പൂർണമായി അറിയുന്നത് തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ, എല്ലാം സുന്ദരമാണ്. പൂർണമദഃ, പൂർണമിദം.
ചുരുക്കിപ്പറഞ്ഞാൽ, ഞാൻ എന്നെത്തന്നെ അറിയുന്നതാണ് അസ്തിത്വം, അത് തന്നെയാണ്, സ്നേഹം, അത് തന്നെയാണ് സൌന്ദര്യം. അത് തന്നെയാണ് ആനന്ദം. ഈ ആനന്ദം അനുഭവിക്കലാണ് ഏറ്റവും ആഴമേറിയ ആദ്ധ്യാത്മിക ജീവിതം.
A short guidance to meditation. Close your eyes and say to yourself: I'm pure existence. I'm inherently free of what happens around me, my body, my mind and the world. Nothing needs to happen for me to be what I am - presence here and now. I don't need to resist anything, good or bad, that happens to me or around me. That everything is welcome is the reason for my independence and freedom. Just like a tv screen cannot be disturbed by the images that appear on it, I, the here presence, remain undisturbed by whatever happens around or in me. My thoughts or feelings may resist something that happens, but I don't. I don't know the word resistance. I am just the space where they happen. I am just pure openness; nothing can touch me, nothing can harm me, nothing can agitate me. I am just an unresisting aware presence. my intimate self is always secure. I am pure existence and pure joy.