വേണമെങ്കില്‍ ചക്ക...

യാത്രാനുഭവം... സി. രാധാകൃഷ്ണന്‍
സിംഗപ്പൂരില്‍ കണ്ട കാഴ്ചകളാണ് ഈ പഴമൊഴി ഓര്‍മയില്‍ വരുത്തിയത്; വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും!
അവിടെ കഴിയുന്നവരും സാധാരണ മനുഷ്യര്‍തന്നെ. സമാധാനത്തോടെ ജീവിക്കാന്‍ ദൈവം പ്രത്യേകമായി സൃഷ്ടിച്ചവരൊന്നുമല്ല. പക്ഷേ, മനുഷ്യന്‍ എന്ന ജീവിക്ക്, ജാതിയോ മതമോ ഭാഷയോ എന്തായിരുന്നാലും, സമാധാനത്തോടെ കൂട്ടായി ജീവിക്കാന്‍തക്ക മനസ്സുതന്നാണ് സൃഷ്ടി എന്ന് അവര്‍ തെളിയിക്കുന്നു.
മലേഷ്യക്കാരും ചീനരും ഇന്ത്യക്കാരും  വിദേശികളും  എല്ലാമുണ്ട് അവിടെ. ആര്‍ക്കും    വിശേഷാധികാരമോ അവകാശമോ അവഗണനയോ ഇല്ല. ഏതു മതത്തിലും വിശ്വസിക്കാം,  ആ മതം ആചരിക്കാം. ഏതു ഭാഷയും പറയാം.  ഏതു മതക്കാരുടെ ആരാധനാലയത്തിലും ആര്‍ക്കും പ്രവേശിക്കാം. അവിടത്തെ മര്യാദകളും സമ്പ്രദായങ്ങളും ശാന്തിയും ഒരു തരത്തിലും ഊനപ്പെടാതെ നോക്കണമെന്നു മാത്രം. തെരുവിലായാലും  അതു വേണംതാനും!
എന്‍െറ മതം എത്ര നല്ലതാണെന്ന് എനിക്ക് എത്ര തവണയും എത്ര ഉറക്കെയും എവിടെയും പറയാം. പക്ഷേ, മറ്റൊന്ന് നല്ലതല്ളെന്ന് എവിടെവെച്ചും എത്ര പതുക്കെയും ഒരു തവണപോലും പറയാന്‍ പറ്റില്ല. മരണാനന്തരവും സമാധാനപരമായ സഹവര്‍ത്തിത്വംതന്നെ രീതി. തൊട്ടുതൊട്ടാണ് എല്ലാ അന്ത്യവിശ്രമസങ്കേതങ്ങളും.
‘മലബാര്‍ ജുമാ മസ്ജിദ്’ എന്ന് മലയാളത്തില്‍ പേരെഴുതിവെച്ച ആരാധനാലയത്തില്‍ ചെന്നപ്പോള്‍ എന്നെയും വീട്ടുകാരിയെയും അവിടത്തെ ഇമാമും സഹായികളും അകത്തളത്തിലേക്ക് ക്ഷണിച്ചു (സിംഗപ്പൂരില്‍ ഞാന്‍ കണ്ട ഏക മലയാളം നെയിംബോര്‍ഡാണ് ഇത്). പുരാതനകാലത്ത് മലബാറില്‍നിന്നുപോയ ആളുകള്‍ സ്ഥാപിച്ച ആ പള്ളിയില്‍ പതിറ്റാണ്ടുകളുടെ ഓര്‍മകള്‍ ഉറങ്ങുന്നു, ഉണര്‍ന്നും ഇരിക്കുന്നു. നന്നേ ചെറുപ്പമാണെന്നാലും ഇമാമിന് മതപരിജ്ഞാനത്തോടൊപ്പം ചരിത്രത്തിലും സാഹിത്യത്തിലും സമൂഹശാസ്ത്രത്തിലും ആഴമുള്ള അറിവുണ്ട്. കുടിവെള്ളവും വൈദ്യുതിപോലും ഇല്ലാതിരുന്നകാലത്ത് കുടിയേറിയവരുടെ കഥകള്‍ അദ്ദേഹം പറഞ്ഞു.
പതിനഞ്ചു വര്‍ഷമായി സിംഗപ്പൂരില്‍ കഴിയുന്ന വ്യവസായിയായ ഷെരീഫും അദ്ദേഹത്തിന്‍െറ സുഹൃത്ത് സാലിഹുമാണ് ഞങ്ങളെ അവിടേക്ക് വഴികാണിച്ച് സഹായിച്ചത്. ഷെരീഫിന്‍െറ വീട്ടുകാരുടെ സ്നേഹത്തിന്‍െറയും വീട്ടിലെ ചായയുടെയും നാടന്‍ രുചി അറിയാനും സാധിച്ചു.
കഴിവ് എന്ന ഒന്നല്ലാതെ ഒരു കാര്യത്തിനും ആര്‍ക്കും സിംഗപ്പൂരില്‍ ഒരു മുന്‍ഗണനയുമില്ല. ഡെമോക്രസി നിലനില്‍ക്കണമെങ്കില്‍ അത് മെറിറ്റോക്രസിതന്നെ ആയിരിക്കണം എന്നാണ് അംഗീകൃതനിയമം. ആ മെറിറ്റ് പക്ഷേ, സമൂഹത്തിന് നന്മവരുത്തുന്ന വഴിയില്‍ അഴിമതിയില്ലാതെവേണം ഫലത്തില്‍ വരാന്‍.
എന്തിലെങ്കിലും മായംചേര്‍ത്തോ ആര്‍ക്കെങ്കിലും കൈക്കൂലി കൊടുത്തോ ലാഭം കാണാനുള്ള കഴിവിനെയല്ല അംഗീകരിക്കുന്നത്, നല്ലതു ചെയ്ത് ലാഭമുണ്ടാക്കാനുള്ള കഴിവിനെയാണ്. ആര്‍ക്കുമൊന്നും സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നില്ല. അധ്വാനിച്ച് ഉണ്ടാക്കിക്കൊള്ളണം. പ്രായമാകുമ്പോള്‍ സൈ്വരമായി ജീവിക്കണമെങ്കില്‍ നല്ലകാലത്ത് ആവശ്യാനുസാരം സമ്പാദിച്ചുവെച്ചിരിക്കണം. ജോലിചെയ്യാന്‍ കഴിയുമെങ്കില്‍ എത്ര പ്രായമായാലും ജോലിയില്‍ തുടരാം!
അഴിമതി എന്നൊരു സംഗതിയേ ഇല്ല. അത് തീരെ ഇല്ലാത്ത അവസ്ഥ കേരളത്തിലോ ഇന്ത്യയിലോ ജീവിക്കുന്ന നമുക്ക് ചിന്തിക്കാന്‍പോലും ഒക്കില്ലല്ളോ. ഉപ്പില്ലാത്ത കടല്‍വെള്ളമെന്നോ നീലനിറമില്ലാത്ത ആകാശം എന്നോ ഒക്കെ കേള്‍ക്കുമ്പോഴത്തെ മനഃസ്ഥിതിയാണ് അഴിമതിയില്ലാത്ത സമൂഹം എന്നു കേള്‍ക്കുമ്പോള്‍ നമ്മിലുണ്ടാകുക. അത്രമാത്രം മൂക്കറ്റം അഴിമതിയില്‍ നൂറ്റാണ്ടുകളായി ആണ്ടുകിടപ്പാണല്ളോ മഹത്തായ ആര്‍ഷപാരമ്പര്യത്തിന്‍െറ സന്തതികളായ നാം.
ഏതു കൊച്ചു കുട്ടിക്കും ഏതു പാതിരാക്കും സുരക്ഷിതമായി എവിടെയും നടക്കാം. ഏത് കടയില്‍നിന്നും എന്തു ഭക്ഷണസാധനവും വാങ്ങി വിശ്വസിച്ച് കഴിക്കാം. ഏതു പൊതുവാഹനത്തിലും സുഖമായി യാത്രചെയ്യാം. ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലും എന്തു കാര്യം നടത്താനും സമയബദ്ധിതമായ രീതികളുണ്ട്. ആരും കാലണ ചോദിക്കുകയോ കൊടുത്താലും വാങ്ങുകയോ ഇല്ല എന്നു മാത്രമല്ല, കൊടുക്കാന്‍ ശ്രമിച്ചവന്‍ അഴികള്‍ക്കകത്ത് പെടുകയും ചെയ്യും!
നാലു ദിവസം ഞാനവിടെ കഴിഞ്ഞതിനിടെ ഒരു പൊലീസുകാരനെയും ഒരിടത്തും കാണാന്‍ പറ്റിയില്ല. പൊലീസിന്‍െറ ഉടുപ്പെങ്ങനെയെന്നുപോലും അറിയില്ല, ഇപ്പോഴും. മഹാഭൂരിഭാഗം പൊലീസുകാരും മഫ്തിയിലാണത്രെ. സാന്നിധ്യം അറിയാനാവില്ല, പിടികൂടുമ്പോഴേ മനസ്സിലാവൂ. ഉദാഹരണത്തിന്, ഹോട്ടലില്‍ കയറി ഒരാള്‍ ഭക്ഷണം കഴിക്കുന്നു, പോകുമ്പോള്‍ ബില്ലിന്‍െറകൂടെ ഒരു കുറ്റപത്രവും മേശപ്പുറത്തുണ്ടായിക്കൂടായ്കയില്ല! മേല്‍കോടതിക്ക് മേല്‍കോടതിയായി ആജീവനാന്തം കേസ് വാദിച്ച് നിന്നുപൊറുക്കാമെന്നു കരുതാനുമാവില്ല, ഒരേയൊരു പുനരാലോചനയേ നടക്കൂ. അതിലും കുറ്റം തെളിഞ്ഞാല്‍ ശിക്ഷ ഇരട്ടിയാവുകയും ചെയ്യും!
ഒരു നിയമപാലകനും ആരോടും അപമര്യാദയായി പെരുമാറുകയോ ദേഹം വേദനിപ്പിക്കയോ ചെയ്യില്ല. പൊതു വാഹനങ്ങളിലെയും ടാക്സികളിലെയും ജോലിക്കാര്‍ പെരുമാറുന്നത് അവരുടെ വീട്ടില്‍ചെന്ന അതിഥികളോടെന്ന മട്ടിലാണ്. പൊതുവാഹനങ്ങള്‍ വേണ്ടുവോളം ഉള്ളതിനാല്‍ സ്വകാര്യകാറുകള്‍ കുറവ്, നിരത്തില്‍ ജാമോ ബ്ളോക്കോ ഇല്ല. കാറുകളുടെ നികുതി വളരെ ഉയര്‍ന്നതാകയാല്‍, അത്യാവശ്യമുള്ള ആളുകളേ കാര്‍ വാങ്ങി ഉപയോഗിക്കൂ. ബിസിനസ് കൊണ്ടുനടക്കാന്‍ ദിവസവും ഏറെ യാത്രകള്‍ ആവശ്യമായതിനാല്‍ താന്‍ ഉപയോഗിക്കുന്ന സ്വകാര്യകാറാണ് തന്‍െറ പ്രതിമാസച്ചെലവിന്‍െറ സിംഹഭാഗവും അപഹരിക്കുന്നതെന്ന് ഷെരീഫ് പറയുന്നു.
സര്‍ക്കാറില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം കിട്ടുന്നത് അധ്യാപകര്‍ക്കാണ്. സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്ന മെറിറ്റുള്ളവര്‍ അതിനാല്‍ അധ്യാപകവൃത്തി സ്വീകരിക്കുന്നു. ആശാന് അക്ഷരം ഒന്നുപോലും പിഴയ്ക്കുന്ന സാഹചര്യം ഇല്ളെന്നര്‍ഥം.
വളരെ കുറച്ച് ആളുകളും വളരെ കുറച്ച് സ്ഥലവുമുള്ള ഒരു രാജ്യം. മലപ്പുറം ജില്ലയുടെ മൂന്നിലൊന്ന് വിസ്തീര്‍ണമില്ല. പക്ഷേ, ലോകത്തിലെ സമ്പന്നരാജ്യങ്ങളില്‍ മുന്‍നിരയില്‍!
ഒരു കുഴപ്പമേ ഉള്ളൂ എന്നാണ് ഷെരീഫ് വെളിപ്പെടുത്തിയത്: ‘‘എല്ലാരും പണം ഉണ്ടാക്കുന്നു. ആരെങ്കിലും ജീവിക്കുന്നുണ്ടോ എന്നു ചോദിച്ചാലാണ് ശരിയായ ഉത്തരമില്ലാത്തത്. മരണവീട്ടില്‍പോലും ചര്‍ച്ചാവിഷയം ബിസിനസായിരിക്കും!’’

പ്രകാശം തൂകിയ പൈതല്‍

കഴിഞ്ഞ ദിവസം (23.3.2012) ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട പൈതലിന്റെ ഓര്‍മ്മയാണ് ഇതെഴുതിപ്പിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, അവള്‍ വല്യച്ഛനെ ചുറ്റിപ്പറ്റി ഓടിനടന്നതേയുള്ളൂ. എന്നാലും മറ്റെല്ലാ പൈതങ്ങളെയും പോലെ അവളും മായാത്ത ഒരു പ്രകാശം എന്റെ മനസ്സില്‍ വിരിച്ചുകൊണ്ടിരുന്നു. അവളുടെ പേര്  ദിയാ. ആ പേരാണ് എന്നെ ഈ വഴിക്ക് തിരിച്ചുവിടുന്നത്. ദിവ്, ദ്യോവ്, ദേവി, ദൈവം എന്നതെല്ലാം പ്രകാശത്തെയും വിശുദ്ധിയെയും ദ്യോതിപ്പിക്കുന്ന ദിവ് എന്ന മൂലത്തില്‍ നിന്നാണല്ലോ. ദിയാ എന്നാല്‍ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നത് എന്നാണ്. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്, ഗൌരി. ഗൌരിയെ രണ്ടര വയസ്സുകാരി ദിയാ വല്യ ഇഷ്ടത്തോടെ വിളിക്കുമ്പോള്‍ ഗവരി (ഗ-വ-രി)എന്നാകും. ഗൌരി തിരിച്ച് ദീ-യാ എന്നുകൂടി നീട്ടി വിളിച്ചാല്‍ പിന്നെ അവിടെല്ലാം നിഷ്കളങ്കതയുടെ പ്രകാശമായി. അതോടേ, മണ്ണും ചിരട്ടയും കടലാസും ഇലകളുമെല്ലാം അവരുടെ തകൃതികളില്‍ പങ്കെടുക്കുന്നു. അവര്‍ തൊടുന്ന എല്ലാ കൊച്ചു സാധനങ്ങളും ആ ശിശുക്കളുടെ ആത്മപ്രകാശത്തില്‍ പങ്കുചേരുന്നു. അവ ജീവനുള്ളവയായിത്തീരുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളുടെ കളികളെല്ലാം എപ്പോഴും അവരുടെ സ്വന്തമാകുന്നത്. വസ്തുക്കളെ അചേതനങ്ങളായി കാണുന്ന മുതിര്‍ന്നവര്‍ക്ക് അവിടെ പ്രവേശനമില്ല. 

കുഞ്ഞുങ്ങള്‍ നിശ്ചയമായും പ്രകാശകിരണങ്ങളാണ്. പക്ഷേ, നാം മറന്നു പോകുന്നത്, അവരുടെ നിഷ്ക്കളങ്കതയിലൂടെ, അവര്‍ തൊടുന്ന എല്ലാ വസ്തുക്കളും പ്രകാശം ചൊരിയുന്നവയായിത്തീരുന്നു എന്ന സത്യമാണ്. സ്ഫുലിംഗം തീപ്പൊരിയാണ്. ഉള്ളതെല്ലാം, ഒരു മണല്‍ത്തരിപോലും, പരാശക്തിയുടെ സ്ഫുലിംഗത്തില്‍ നിന്നുണ്ടായി, അതിന്റെ പ്രചോദനത്തോടെ പരിണമിക്കുന്നതായി അറിയുന്നവര്‍ക്ക് ഇത് മനസ്സിലാക്കാനാവും. അവര്‍ക്ക് എവിടെയും എന്തിലും എപ്പോഴും പ്രകാശമാണ് കാണാന്‍ കഴിയുക. അവയെല്ലാം ആദിസ്ഫുലിംഗത്തിന്റെ നിത്യസ്ഫൂരണത്തിന്റെ (തിളങ്ങല്‍) അടയാളങ്ങളാകുന്നു. സ്ഫൂശബ്ദം വികാസത്തെ, വിടര്ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍, സമയത്തിലൂടെ സ്വാര്‍ത്ഥതയിലേക്ക് സഞ്ചരിക്കുന്ന മനുഷ്യജീവിക്ക് അതിന്റെ ശൈശവത്തിലെ ചൈതന്യം നഷ്ടമാകുന്നു. അങ്ങനെ നഷ്ടപ്പെട്ടുപോയ ചൈതന്യവും ലാളിത്യവും വീണ്ടെടുക്കുക എന്നാണ് 'നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍' എന്ന് പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത്; പ്രകാശത്തിന്റെ വഴിയിലേയ്ക്കു തിരിച്ചുവരിക എന്ന്. 

ഇതൊരു രഹസ്യമാണ്, അതായത്, പ്രത്യക്ഷമല്ലാത്ത അറിവ്. എന്നാല്‍, അങ്ങനെയൊന്നുണ്ടെന്നറിയുകയും, അതിനായി കൊതിക്കുകയും, അത് പരിശീലിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുന്ന വിജ്ഞാനദാഹികള്‍ അത് സുഖദായകമായി അനുഭവിക്കുന്നു. അതിലേയ്ക്ക് സഹായകരമായ താത്ത്വികവിചാരം വളരെ ലളിതമാണ്. ഈ പ്രപഞ്ചത്തില്‍ ഓരോ ഉരുവും വ്യത്യസ്തമാണ്. ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ പ്രകാശം. കുഞ്ഞുങ്ങളെപ്പോലെ, ഈ പ്രാഥമിക സത്യത്തെ അംഗീകരിക്കുമ്പോള്‍, ഓരോന്നിനും അതിന്റേതായ ശ്രേഷ്ഠത കല്പിച്ചുകൊടുക്കാനും, ഒന്നിനെയും ദുരുപയോഗപ്പെടുത്താതിരിക്കാനും, അതോടൊപ്പം, അവനവനെയും മറ്റാരെയും, ഇല്ലാത്ത പൊരുള്‍ നല്‍കി  പൊലിപ്പിച്ചുകാട്ടാതിരിക്കാനും നാം ശ്രദ്ധാലുക്കളാകും. അങ്ങനെയെങ്കില്‍ നമ്മുടെ ഈശ്വരസങ്കല്‍പം ഏതെങ്കിലും നാമത്തിലോ രൂപത്തിലോ അവതാരത്തിലോ മാത്രമായി ചുരുങ്ങുകയില്ല. കാരണം, എല്ലാറ്റിലും ഒരുപോലെയുള്ള പരമാത്മാവ്‌ ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുക അസ്സാദ്ധ്യമാണല്ലോ. ദൈവത്തില്‍ മാനുഷപ്രകൃതി ആരോപിക്കുകയും പ്രീണിപ്പിക്കാനാകുന്ന ഒരു ശക്തിയാണ് പരമാത്മാവ്‌ എന്ന് ധരിക്കുകയും ചെയ്യുക മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അതുകൊണ്ടുതന്നെ ദേവാലയകേന്ദ്രീകൃതമായ ആരാധനക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ പ്രയാസമാണ് എന്നും സാന്ദര്‍ഭികമായി പറയേണ്ടിവരുന്നു.

'അഹമാത്മാ സവ്വഭൂതാശയസ്ഥിത:' എന്ന് ഗീതയില്‍ (4,20). ഈ വാക്യവും അതിന്റെ തുടര്‍ച്ചയായ 'അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച' എന്ന തുടര്പാദവും സി. രാധാകൃഷ്ണന്‍ വ്യക്തമായി ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു:

ജീവനുള്ളവയിലെ ജീവനും വിശ്വജീവനും ഒരേ സത്തയുടെ വിവിധരൂപങ്ങളെന്ന് കരുതാമെങ്കിലും അചേതനങ്ങളെന്നു അറിയപ്പെടുന്നവയില്‍ പരമാത്മാവ്‌ പൊരുളായി ഇരിക്കുന്നതെങ്ങനെ? സജീവം നിര്‍ജീവം എന്നിവയ്ക്കിടയില്‍ സയന്‍സ് കല്‍പ്പിക്കുന്ന വിഭജനരേഖയാണ് ഈ സംശയത്തിനാധാരം. ഇങ്ങനെയൊരു വിഭജനരേഖ വേദാന്തദര്‍ശനത്തില്‍ ഇല്ല. ജീവനില്ലാത്തതൊന്നും പ്രപഞ്ചത്തിലില്ലെന്നാണ് ഗീതാമതം. പഞ്ചഭൂതങ്ങള്‍ സജീവങ്ങളല്ലെങ്കില്‍ അവയില്‍നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എങ്ങനെയുണ്ടാകാന്‍? ഓരോ ഊര്‍ജ്ജതരംഗവും പരമാണുകണവും പ്രവര്‍ത്തിക്കുന്നത് സ്വന്തമായ ബുദ്ധി ഉള്ളതുപോലെയാണ്. ഏറ്റവും ചെറിയ പദാര്‍ത്ഥകണികയും സജീവമാണ് എന്ന് സയന്‍സും സമ്മതിക്കുന്നു. അപ്പോള്‍, താരതമ്യേന വലിയ ക്ഷേത്രങ്ങളെന്ന താല്‍ക്കാലിക കൂട്ടായ്മകളെയാണ് വ്യത്യസ്ത ജീവികളായി നാം കാണുന്നത് എന്ന് മാത്രം.              
(ഗീതാദര്‍ശനം താ. 268-269)
 
സാക്ക്‌ എന്ന ചിന്തകന്‍ എന്നിലെ ഞാന്‍ ആരെന്നു ചിന്തിക്കുന്നതിനൊപ്പം ആ കുഞ്ഞിനുള്ളിലെ ഞാനും കണ്ടെത്തുവാനുള്ള ദീര്‍ഘയാത്രയിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ നാമും എന്തു സന്തുഷ്ടരായിരുന്നു.ഹൃദയത്തിനുള്ളില്‍ നിഷ്കളങ്കതയും ദയയും ഒന്നുപോലെ തങ്കസ്വരൂപത്തിലായിരുന്നു.

ഞാന്‍ അന്നു ഇന്നുള്ള ഞാനെക്കാള്‍ ശ്രേഷ്ടമായിരുന്നു. പുറകോട്ടുള്ള യാത്രയില്‍ നിഷ്കപടമായ ആ ഞാനേ കണ്ടെത്തുവാന്‍ പ്രഭോ ഇനി സാധിക്കുമോയെന്നു ഉയരങ്ങളിലേക്ക് ദൃഷ്ടികള്‍ പതിപ്പിച്ചു ചോദിക്കുവാന്‍ തോന്നിപോവുന്നു!!! കുതിച്ചുയരുന്ന ലോകത്തിലേക്ക് ചാടിചാടി മുമ്പോട്ട്‌ കുതിക്കുന്ന ഞാന്‍ എങ്ങനെ പുറകോട്ടുപോയി കുഞ്ഞായിരുന്ന ആ ഞാനേ കണ്ടെത്തും.

മനസ്സിലാക്കാനാകാത്ത ഞാനായ ആ കുഞ്ഞിന്‍റെ സ്നേഹം അതീതമായ ഇന്നലെകളില്‍നിന്നു എങ്ങനെയെങ്ങനെ തപ്പിപിടിക്കും. വീണ്ടെടുക്കും!!! ഭൌതിക ലോകത്തില്‍ നഷ്ടപ്പെട്ടതൊക്കെ പിടിച്ചെടുക്കുവാന്‍ പടവാളുമായി പടയോട്ടം നടത്തുമ്പോള്‍ ഞാനായ നഷ്ടപ്പെട്ട സ്നേഹം തിരിച്ചു പിടിക്കണമെന്ന് അവിടുന്നു പറയുന്നു. എങ്ങനെ?

എനിക്കും വേണം ഞാന്‍ എന്ന ആ കുഞ്ഞിന്‍റെ ആസ്ത്യക്യം...ഹൃദയ ഹാരിയായ മനോഹരമായ ആ കുഞ്ഞിന്‍റെ പുഞ്ചിരി. ഉയരങ്ങളില്‍ നിന്നു അവിടുന്നു പറയുന്നു,
കുഞ്ഞേ നീ സംശയിക്കെണ്ടാ, നിന്‍റെ പ്രതീക്ഷയില്‍ സ്നേഹത്തിങ്കല്‍ ദൈവത്തിങ്കല്‍ ഞാനാകുന്ന നിന്‍റെ അനന്തകാലത്തിലേക്ക് മടക്കി കൊണ്ടുവരാം. വിശ്വസിക്കൂ. അങ്ങനെ മതവും പറയുന്നു.

നീ ശിശുവായി മടങ്ങി എത്തിയെങ്കില്‍ ഇന്നു മുതല്‍ നിന്‍റെ ആത്മം പരമാത്മാവില്‍ ആയിരിക്കും. മായാപ്രപഞ്ചത്തില്‍നിന്നും നീ മുക്തി നേടിയെന്നും അര്‍ഥം. മായാത്ത തത്വപ്രപഞ്ചത്തില്‍ ജീവിച്ച യേശുഭഗവാനെ സ്തുതിക്കെണ്ടതും അങ്ങനെ തന്നെയല്ലേ.

ആഗോപരമായ കുഞ്ഞിന്‍റെ കണ്ണുകള്‍ ഇന്നു തന്നിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ കണ്ടെത്തുമായിരുന്നു. നീയെന്ന സത്യം ഞാന്‍ അറിയുമായിരുന്നു. എങ്കില്‍ നിന്നെ തേടി ഇത്ര ദൂരം ഈ വിദൂര യാത്രക്ക് ആവശ്യമില്ലായിരുന്നു.‍ പരിശുദ്ധമായ ഈ സ്നേഹത്തിന്‍റെ ഹൃദയമെന്തെന്നു മൃത്യുവായ ലോകത്തെ ഞാന്‍ ബോധ്യ പ്പെടുത്തുമായിരുന്നു.

മായാശക്തിയുള്ള ഞാന്‍ എന്ന നഷ്ടപ്പെട്ട കുഞ്ഞിന്‍റെ ദൃഷ്ടികളുണ്ടായിരുന്നുവെങ്കില്‍ പ്രാപഞ്ചിക സുഖത്തിനു‍ അടിമപ്പെടുകയില്ലായിരുന്നു. ജ്വലിക്കുന്ന എന്നിലെ ഹൃദയത്തില്‍ ഞാന്‍ കുഞ്ഞായി വീണ്ടും ജനിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചം മുഴുവന്‍ എന്നിലും അലിയുമായിരുന്നു.

പരാജയമേറി ഇന്നലെകളുടെ നഷ്ടബോധങ്ങള്‍ വീണ്ടെടുക്കുവാന്‍ പരമാത്മാവിനെ കണ്ടെത്തുവാന്‍ ഞാന്‍ വീണ്ടും നിഷ്കളങ്കതയുടെ കുഞ്ഞാകുവാന്‍ ഇനിയും യുഗങ്ങള്‍ കാത്തിരിക്കണം. ആ സത്യം യേശുവും യേശുവിന്‍റെ വലതുഭാഗത്തു ക്രൂശിച്ച കള്ളനും മാത്രം കണ്ടെത്തി. ഉയര്‍പ്പില്‍ പങ്കെടുത്ത മഗ്ദാലനായും പിതാവിനു തൊട്ടുദൂരത്തുമുണ്ട്‌.

 
സാക്കിന്റെ ചിന്തകള്‍ എന്നെയും വളരെ പിന്നിലേക്ക്‌ കൊണ്ടുപോയി. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പില്‍ പ്രപഞ്ചത്തിലെ എന്തിനും ജിവനുണ്ട്......അവക്കുള്ളത് ജിവന്‍ മാത്രം - അവര്‍ക്ക് മുമ്പില്‍ അവര്‍ കൂടുതല്‍ സ്നേഹിക്കുന്നതും കുറച്ചു സ്നേഹിക്കുന്നതും മാത്രമേയുള്ളൂ. നമ്മുടെ മുന്‍പിലോ? സ്നേഹിക്കുന്നതും വെറുക്കുന്നതും മാത്രം....അവിടെയാണ് പിന്നോട്ട് പോയി അവരെപ്പോലെ ആവണം സ്വര്‍ഗ്ഗരാജ്യത്തില്‍ ചെല്ലണമെങ്കില്‍ എന്ന് യേശു പറഞ്ഞത്. സാക്കിനെക്കാള്‍ ഉത്തുംഗമായ ചിന്തകളും ഇടയ്ക്കിടയ്ക്ക് അല്മായാ ശബ്ദത്തില്‍ ഉയര്‍ന്നു വരാറുണ്ട്. പക്ഷെ അവരൊക്കെ അത്തരം കുഞ്ഞു കുഞ്ഞു ആശയങ്ങളുമായി മല്ലിടാറില്ല. 
സാക് എന്ത് പരിശ്രമിച്ചാലും മറ്റൊന്നവാനും കഴിയില്ല. സാക് പ്രപഞ്ചത്തിന്റെ ഭാഗമാണ്....നാമും അങ്ങിനെ ആവെണ്ടിയിരിക്കുന്നു...

എന്നെ തേടിയുള്ള യാത്ര (1)

എന്റെ അയല്‍വാസി തൂങ്ങാമ്പറമ്പില്‍ പപ്പന് ഒരേ ഒരു പ്രശ്നമുള്ളത്, വൈകീട്ട് രണ്ടു ലാര്‍ജ് വീശിക്കഴിഞ്ഞാ ല്‍, പിന്നെ സ്വന്തം വീടെവിടെ എന്നറിയില്ല എന്നതാണ്. ആരെങ്കിലും വീട്ടില്‍ കൊണ്ടാക്കിയാല്‍, അങ്ങേര്‍ക്കു താനാരാണെന്നുമറിയില്ല. ആരെങ്കിലും പല പ്രാവശ്യം പപ്പന്‍ , പപ്പന്‍ എന്നു പറഞ്ഞുകൊണ്ടിരിക്കണം. തൊണ്ണൂന്റൊന്പതു ശതമാനം മനുഷ്യരും സുബോധാവസ്ഥയിലും ഇങ്ങനെയാണ്. തങ്ങള്ക്ക്  പേരും  വിലാസവും ഉണ്ടാക്കുന്ന ജോലി അന്യര്‍ക്കുള്ളതാണെന്ന മട്ടാണ്. അന്യരുടെ ഭിപ്രായങ്ങള്‍‍ക്കാണ് അവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. താനാരാണെന്ന് സ്വയം അറിയുന്നില്ല എന്നതുതന്നെയാണ് ഈ അരക്ഷിതാവസ്ഥക്ക് പിന്നിലെ കാരണം. എന്നാല്‍, സ്വയമറിയാന്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ ആശ്രയിച്ചാല്‍ അതെത്രമാത്രം തെറ്റാകാനിടയുണ്ട് എന്ന് ആരും ചിന്തിക്കുന്നേയില്ല. "അവരുടെ അഭിപ്രായങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്, ഞാനാരാണ് എന്നതിലേയ്ക്ക് അവ ഒരു വെളിച്ചവും വീശുന്നില്ല" എന്ന വിവേകത്തിലേയ്ക്കെത്താന്‍ എത്ര പേര്ക്കാകുന്നുണ്ട്? തീര്‍ച്ചയായും വളരെ കുറവായിരിക്കും അവരുടെയെണ്ണം.

നാമോരോരുത്തരുടെയും കാര്യത്തില്‍, ഞാന്‍ ഉണ്ട് എന്നത് സംശയരഹിതമായ സത്യമാണ്. അതാണ്‌ അടിസ്ഥാനപരമായ അവബോധം, ആത്മജ്ഞാനം. അത് പുറത്തുള്ള ഒന്നില്‍നിന്നും, ആരില്‍നിന്നുമല്ല, മറിച്ച്, അകത്തുനിന്നു മാത്രമേ ലഭ്യമാകൂ. എന്നാല്‍, ഞാന്‍ ആരാണ്, എന്താണ് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഞാന്‍ ഇന്ന രാജ്യത്ത് ജനിച്ചു, ഇന്ന സമൂഹത്തില്‍ പെടുന്നു, ഇന്നയാളുടെ ഭാര്യയോ ഭര്‍ത്താവോ, മകനോ മകളോ ആണ്, ഇന്ന ജോലി ചെയ്യുന്നു എന്നതൊക്കെ എന്റെ അടിസ്ഥാന സ്വത്വത്തിലേയ്ക്ക് കൂട്ടിചേര്ക്കപ്പെടുന്ന വിശേഷണങ്ങളാണ്. എന്നാല്‍ ഇവ അടിസ്ഥാനപരമായ ആത്മജ്ഞാനത്തെ കളങ്കിതമാക്കുകയും ഞാന്‍ ഉണ്ട് എന്ന സത്യത്തെ മൂടിക്കളയുകയും ചെയ്യുന്നു. ഞാന്‍ ആകുന്നു (I am) എന്നത് സംശുദ്ധമായ being ആണ്; ഞാന്‍ അതല്ലെങ്കില്‍ ഇതാണ് (I exist as) എന്നത് ഒരു സാരവുമില്ലാത്ത existence മാത്രമാണ്. ആദ്യത്തേത് സാര്‍വത്രികവും സ്വതന്ത്രവുമാണ്; രണ്ടാമത്തേത്, വ്യക്തിഗതവും ഇടുങ്ങിയതുമാണ്‌.

ആത്മജ്ഞാനം നേടിയവനും നേടാത്തവനും തമ്മിലെന്താണ് വ്യത്യാസം?

കൂടുതലാള്‍ക്കാരും സ്വത്വബോധമില്ലാത്തവരായതിനാല്‍, അവരെപ്പറ്റി ആദ്യം ചിന്തിക്കാം. അവര്‍ പൊതുജനാഭിപ്രായത്തെയും ചുറ്റുപാടുകളെയും ഗൌരവമായി കാണുകയും അവയില്‍ ഒന്ന് മറ്റൊന്നിന് കാരണമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവയ്ക്കനുസരിച്ച് പെരുമാറാനാണ് അവര്‍ ഊര്‍ജ്ജമെല്ലാം ചെലവാക്കുന്നത്. അവര്‍ അന്യര്‍ക്ക് സ്വീകാര്യമായ രീതിയില്‍ തന്നെപ്പറ്റിയും അന്യരെപ്പറ്റിയുമുള്ള അഭിപ്രായങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. എന്നിട്ട്, സ്വയം ഈ അഭിപ്രായങ്ങളുടെ ആകെത്തുകയായി കരുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 

നേരേ മറിച്ച്, സ്വയം കണ്ടെത്തിയവന്‍, അതായത്, ആത്മജ്ഞാനിയായവന്‍, ഏത്‌ സാഹചര്യത്തിലും ഇളക്കമില്ലാതെ നിലകൊള്ളും. അയാള്‍ സംഭവങ്ങളുടെ പരമ്പരയില്‍ (ഓര്‍മ്മകളില്‍) കുടുങ്ങിപ്പോകുന്നില്ല. ഓരോന്നും കണ്ടിട്ട്, അതില്‍നിന്നു വിട്ടുനില്‍ക്കുന്നു. ചുറ്റും എന്തുതന്നെ സംഭവിക്കട്ടെ, "ഞാന്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ്" എന്ന സത്യം അറിയുന്നതുകൊണ്ട്, അയാളെ അതൊന്നുംതന്നെ സാരമായി ബാധിക്കുന്നില്ല. താന്‍ സര്‍വ്വസ്വതന്ത്രനാണ് എന്ന സത്യത്തെ നേരിട്ടറിയുന്ന അവന്റെ അസ്തിത്വം സ്ഥിരതയുള്ളതാണ്. അന്യര്ക്ക് മുമ്പില്‍ തന്റെ ചെയ്തികള്‍ ശരിയോ തെറ്റോ എന്ന വിശകലനത്തിനായി അവന്‍ തല മരപ്പിക്കുന്നില്ല. ശാന്തിയും സന്തുഷ്ടിയുമാണ് ഫലം.

എനിക്കെങ്ങനെ എന്റെ തനിമയെ കണ്ടെത്താം?

ഒരു സത്യത്തെയും നമുക്ക് നേരിട്ട് എത്തിപ്പിടിക്കാനാവില്ല. അതല്ലാത്തത് എന്തൊക്കെ എന്ന് തെരഞ്ഞു ചെന്നു മാത്രമേ, ഒരു സത്യത്തിലേയ്ക്ക് നമുക്ക് പ്രവേശനം കിട്ടൂ. അതുപോലെതന്നെ, ഞാനല്ലാത്തതെന്തൊക്കെ എന്ന് അരിച്ചുപെറുക്കി വേണം ഞാന്‍ എന്താണ് എന്ന് തിരിച്ചറിയാന്‍. നിതാന്ത ജാഗ്രതയിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. എന്റെ അനുഭവപ്രപഞ്ചത്തില്‍ വന്നുപെടുന്നവയൊന്നും - എന്റെ ശരീരം, അതുപയോഗിക്കുന്ന ഇടം, എന്റെ ചിന്തകള്‍, വികാരങ്ങള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, സമയബോധം, എന്നപോലെതന്നെ അന്യരുടെ വിചാരവികാരങ്ങളും സ്ഥാവരസംഗമങ്ങളുമൊന്നും - ഇവയെ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്ന ഞാന്‍ ആയിരിക്കാന്‍ ഒരിടയുമില്ല. എങ്കില്‍ പിന്നെയെന്താണ് എന്റെ സത്ത? 

ഈ തെരയല്‍ നമുക്ക് ഇങ്ങനെ തുടങ്ങാം. എന്തുകൊണ്ടാണ് ഞാന്‍ എപ്പോഴും തന്നെ മേല്പ്പറഞ്ഞ ബാഹ്യതലവ്യഗ്രതകളില്‍ കുടുങ്ങിപ്പോകുന്നത്? ശ്രദ്ധയുടെ തെറ്റായ കേന്ദ്രീകരണമാണ് തെറ്റായ കാഴ്ചപ്പാടിനെയും ബന്ധങ്ങളെയും ഉണ്ടാക്കുന്നത്. മേല്‍പ്പറഞ്ഞ, നമ്മള്‍ നമുക്ക് ചുറ്റും അനുഭവിക്കുന്നവയില്‍,‍ ശ്രദ്ധചെലുത്തുകയും എന്റെ സത്തക്ക് അവയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു ധരിച്ചുപോകയും ചെയ്യുന്നതോടേ, ശരിയായ, ഞാനെന്ന സത്ത അവയ്ക്കുള്ളില്‍ കുരുങ്ങിപ്പോകുന്നു. അതുകൊണ്ട്, ശരിക്കും ഞാനല്ലാത്തവ എന്തെല്ലാമെന്നു കണ്ടെത്തി, അവയില്‍ നിന്നു സ്വയം വേര്‍പെടുത്തുക എന്നതിലൂടെ മാത്രമാണ് എനിക്ക് എന്നെ കണ്ടെത്താനാവുക. ശ്രീ നിസര്‍ഗദത്ത മഹാരാജയുടെ അതിഗഹനമായ ഒരുവാക്യമിങ്ങനെ: എന്റെ അസ്തിത്വം ഈ ലോകത്തെ വിശദീകരിക്കുന്നു; എന്നാല്‍ ഞാന്‍ ഈ ലോകമല്ല. (The world is there because I am. But I am not the world.) അതുതന്നെ സാധാരണക്കാര്‍ക്കുവേണ്ടി യേശു ലളിതമായ ഭാഷയില്‍ പറഞ്ഞത് ഇങ്ങനെ: നിങ്ങള്‍ ഈ ലോകത്തിലാണ്, എന്നാല്‍ ഈ ലോകത്തിന്റേതല്ല. (ഇതിന്റെ ഉള്ള‍ര്‍ത്ഥങ്ങളിലേയ്ക്ക് വഴിയേ.)

സാധാരണ ഗതിയില്‍ നമ്മുടെ അനുഭവലോകത്ത് ശരീരം മേല്‍ക്കൈ നേടുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ളതൊക്കെ "എന്റെ" ഭാഗമായി കരുതപ്പെടുന്നു. മനുഷ്യര്‍ അവരുടെ ശരീരത്തിന്റെ വിശേഷണങ്ങളിലൂടെയും ബാഹ്യ ചേഷ്ടകളിലൂടെയും വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് അവരുടെ ശരിയായ സത്ത കൈവിട്ടുപോകാന്‍ ഇടയാക്കുന്നത്. ശരീരത്തിന്റെ രൂപം, നിറം, ആംഗ്യങ്ങള്‍, ഉടയാടകള്‍, ആരോഗ്യം, അനാരോഗ്യം എന്നതൊന്നും കാതലായ എന്റെ ഉണ്മയെ ബാധിക്കുന്ന കാര്യങ്ങളേയല്ല. എന്നാല്‍, ശ്രദ്ധ അവയിലാകുമ്പോള്‍, ശരിക്കുള്ള "ഞാന്‍" അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത്‍, എന്റെയും അന്യരുടെയും അനുമാനങ്ങളുടെ ആകെത്തുക ഞാനായി വിരാജിക്കുകയും ചെയ്യുന്നു. ഞാന്‍ സ്ഥിരതയില്ലാത്ത വെറുമൊരു താത്ക്കാലിക പ്രത്യക്ഷമായിത്തീരുന്നു. എന്നാല്‍, ഞാന്‍ ഉണ്ട് എന്ന ആന്തരികബോധത്തിലെ ഞാന്‍ സ്ഥിരതയുള്ള ഒരു നിത്യസത്യമായിരിക്കേണ്ടതുണട്. ഈ സത്യത്തെ അനുഭവേദ്യമാക്കാന്‍, ഞാനല്ലാത്തവയില്‍ നിന്നെല്ലാം ഞാന്‍ സ്വതന്ത്രനാകണം. അതുമാത്രമാണ് എന്നെ കണ്ടെത്താനുള്ള ഏക വഴി. സ്വന്തം മനസ്സിന്റെ നിരൂപണങ്ങള്‍‍ക്കോ, സൗകര്യംപോലെ മാറിക്കൊണ്ടിരിക്കുന്ന അന്യരുടെ അഭിപ്രായങ്ങള്‍ക്കോ, അതിനെ മെനയാനാനുള്ള പണി കൊടുത്താല്‍ ഫലം വികൃതമായിരിക്കും. 

മനസ്സിന്റെ വികൃതികള്‍

എല്ലാ ഗുരുക്കന്മാരും പറയുന്നു, മനസ്സാണ് മനുഷ്യനെ വഴിതെറ്റിക്കുന്നതെന്ന്. പക്ഷേ, എന്താണ് ഈ സാധനം? ഇഷ്ടമുള്ളതൊക്കെ (സുഖം തരുന്നവ) ആഗ്രഹിക്കുകയും ഇഷ്ടമില്ലാത്തവയില്‍ (വേദനിപ്പിക്കുന്നവ) നിന്ന് ഓടിയകലുകയും ചെയ്യാന്‍, ഓര്‍മ്മകളുടെ ശേഖരങ്ങള്‍ കാട്ടി നമ്മെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന അന്തക്കരണമെന്ന് അതിനെ വിളിക്കാം. മനസ്സിന്റെ ഈ സ്വഭാവം തന്നെയാണ് അതിന്റെ കുഴപ്പവും. കാരണം, ജീവിതമെന്നത് നാം തിരഞ്ഞെടുക്കാതെതന്നെ, സ്വമേധയാ നമ്മെ വഹിച്ചുകൊണ്ടുപോകുന്ന ഒരൊഴുക്കാണ്. അതില്‍ സുഖവും വേദനയും തമ്മില്‍ വേര്‍തിരിച്ചും തിരഞ്ഞെടുത്തും ഒഴുക്കില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ ഓരങ്ങളില്‍ തടഞ്ഞുപോകുന്നു. അതിനിടയാക്കുന്നത് മനസ്സാണ്. കാരണം, എല്ലാം വരുന്നതുപോലെ എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുന്നോട്ടുള്ള ഒഴുക്കിന് ഗതിയുണ്ടാകൂ. അതിനാകണമെങ്കില്‍, ഞാന്‍ തിരിച്ചറിയേണ്ട അതിപ്രധാനമായ ഒരു കാര്യം ഇതാണ്: ഒഴുകിക്കൊണ്ടിരിക്കുന്നതൊന്നുമല്ല ഞാന്‍‍, ആ ഒഴുക്ക് കണ്ടുനില്‍ക്കുകയും കൂടെയൊഴുകുകയും മാത്രമാണ് ഞാന്‍ ചെയ്യുക. ഭയമോ വെറുപ്പോ ആഗ്രഹങ്ങളോ ഒന്നും എന്റെ ഉണ്മയെ ചഞ്ചലിതമാക്കേണ്ടതില്ല. എന്നാല്‍ മനസ്സാകട്ടെ, ഈ സുസ്ഥിതിയെ അസ്സാധ്യമാക്കാന്‍ വേണ്ടതൊക്കെയും ചെയ്തുകൊണ്ടിരിക്കുന്നു.

എങ്ങനെ? ഞാന്‍ സത്യത്തിലെന്താണോ, അതിനും എന്റെ ശരീരത്തിനുമിടയ്ക്ക്, എന്റെ ഉണ്മക്ക് ഒരു ഗുണവും ചെയ്യാത്ത നൂറായിരം അസ്ഥിരമായ ചിന്തകളും ഭാവങ്ങളും മനസ്സില്‍ കൂടി മാറിമറഞ്ഞുകൊണ്ടിരിക്കുന്നു. ‌മൂടല്‍മഞ്ഞുപോലെ അവ എന്റെ കാഴ്ച്ചയെ മറയ്ക്കുന്നു. എന്തിന്റെ കാഴ്ച്ചയെ? എനിക്കു തോട്ടറിയാനാവുന്ന ഒരേയൊരു സത്യമായ ഈ നിമിഷത്തിന്റെ കാഴ്ച്ചയെ. കാരണം, മനസ്സിന്റെ വിഹാരരംഗം കഴിഞ്ഞുപോയതും വരാന്‍ സാദ്ധ്യതയുള്ളതുമായ കാര്യങ്ങളാണ്. എനിക്കാകട്ടെ, ഇവ രണ്ടും തീര്‍ത്തും അപ്രസക്തമായ ശല്യങ്ങള്‍ മാത്രമാണ്. കാരണം, എന്നെ സംബന്ധിച്ചിടത്തോളം വാസ്തവികമായത് ഇപ്പോള്‍, ഈ ഒറ്റ നിമിഷത്തില്‍, എനിക്ക് സംഭവിക്കുന്നതെന്തോ, അതു മാത്രമാണ്. അതില്‍ ശ്രദ്ധ ചെലുത്താനാകുന്നില്ലെങ്കില്‍, എല്ലാമെനിക്ക് നഷ്ടമാകുകയാണ്. അതിനിടയാക്കുന്നത് അസ്ഥിരമായ എന്റെ മനസ്സാണ്.

എന്തുകൊണ്ടാണ് മനസ്സിന് സ്ഥിരതയില്ലാത്തത്?

മനസ്സിലുള്ളതെല്ലാം ഓര്‍മ്മകളാണ്. വ്യഷ്ടിതലത്തിലും സമഷ്ടിതലത്തിലുമായി ഉറഞ്ഞുകൂടുന്ന അനുഭവങ്ങളില്നിന്നാണ് മനസ്സ് രൂപംകൊള്ളുന്നത്‌. ഒന്നുകില്‍ ഒരിക്കല്‍ അനുഭവിച്ച സുഖത്തോടുള്ള ആഗ്രഹം അല്ലെങ്കില്‍ അറിഞ്ഞിട്ടുള്ള വേദനയോടുള്ള ഭയം. അവിടെയാണ് അസ്ഥിരതയുടെ ഉറവിടം. ഭാഗികമായത് മാത്രം കാണിക്കുന്ന ഒരുപകരണമാണ് മനസ്സ്. ഭാഗികമായത് അപൂര്‍ണ്ണമായതിനാല്‍, സമ്പൂര്‍ണ്ണതയുടെ സൌന്ദര്യത്തെ വെളിപ്പെടുത്താന്‍ അതിനാകില്ല. അങ്ങനെ വേദനയും ദു:ഖവും സംജാതമാകുന്നു. പ്രപഞ്ചം ആത്യന്തികമായി അതില്‍ത്തന്നെ സമ്പൂര്‍ണ്ണവും അതുകൊണ്ട് പോരായ്മകളെയും വേദനയെയും ഉള്‍ക്കൊള്ളാത്തതും ആണെന്നത് മനസ്സിനെത്തിപ്പെടാവുന്ന ഒരു സത്യമല്ല. ഉണ്മയുടെ സമഗ്രതയെ ദര്ശിക്കാന്‍ അനിതരസാധാരണമായ ഒരുള്‍‍ക്കാഴ്ച്ചയുടെ ആവശ്യമുണ്ട്. അതില്ലാത്തിടത്തോളം, സാരമില്ലാത്ത വിശദാംശങ്ങളില്‍ ദൃഷ്ടിയുറച്ചുപോകുന്ന മനസ്സിന്റെ പ്രലോഭനങ്ങളില്‍ കിടന്നുഴലുന്നവരാണ് ഭൂരിപക്ഷവും.‍ അവയില്‍നിന്നു രക്ഷപ്പെടാതെ അവര്‍ ഒരിക്കലും സന്തുഷ്ടിയുടെ പാരമ്യത്തിലെത്തുകയില്ല. 

ഞാന്‍ ഇരിക്കേണ്ടിടത്തു അഹന്ത കയറിയിരുന്നാല്‍.

മനസ്സിന്റെ നിര്‍മ്മിതിയാണ്‌ അഹന്ത. നമുക്കൊരന്വേഷണം നടത്താം. അജ്ഞതയോടൊപ്പം നിലനില്‍ക്കുന്നതെല്ലാം അനാവശ്യമായിരിക്കും. അജ്ഞതയില്‍ കഴിയുന്നവര്‍ ചെയ്യുന്നതെന്തായിരുന്നാലും അവയൊക്കെ നിസ്സാരങ്ങളും അനാവശ്യങ്ങളുമായിരിക്കും. അവയെ വിട്ടുകളഞ്ഞാല്‍ ഒന്നും സംഭവിക്കുന്നില്ല, ഒന്നും നഷ്ടപ്പെടുന്നില്ല, എന്നാണതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, സ്വന്തം ജീവിതത്തിന്റെ നിസ്സാരതയിലേയ്ക്ക് നോക്കാന്‍ മനുഷ്യര്‍ക്ക്‌ ഭയമാണ്. പകരം, സ്വന്തം വ്യക്തിത്വത്തിന് മാറ്റ് കൂട്ടാന്‍വേണ്ടി എല്ലാ സൂത്രങ്ങളും കള്ളക്കളികളും മനുഷ്യര്‍ കണ്ടുപിടിക്കും. അതിന്, ആദ്യത്തെ പടി, അതില്‍ത്തന്നെ തീര്‍ത്തും അപ്രധാനമെങ്കിലും മനസ്സില്‍ കടന്നുകൂടിയ ഇഷ്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും അതിപ്രധാനമായ സ്ഥാനം കല്‍പ്പിച്ചുകൊടുക്കുകയാണ്. എന്നിട്ട് സ്വന്തം അഭിമാനം, കുടുംബമഹിമ, സമൂഹനന്മ തുടങ്ങിയവയെ അവയുമായി ബന്ധപ്പെടുത്തി ചിന്തിക്കും. അങ്ങനെ, അലംകൃതമായ വീട്, തേച്ചുമിനുക്കിയ ഉടയാടകള്‍, വിലയേറിയ ഉപകരണങ്ങള്‍, ചായംകൊടുത്തും ആഭരണങ്ങളില്‍ പൊതിഞ്ഞും ഗമ വരുത്തിയ ശരീരങ്ങളുമൊക്കെ ചേര്‍ത്ത്, എന്റെ യഥാര്‍ത്ഥ സത്തയുടെ സ്ഥാനത്ത് ഒരു വമ്പന്‍ അഹത്തെ സ്ഥാപിക്കുന്നു. അകം പൊള്ളയായ ഇത്തരം അഹന്തകളുടെ പ്രളയമാണ് ഇന്നത്തെ സമൂഹം. അഹന്തകളില്ലാതെ സമൂഹത്തിനും സമൂഹമില്ലാതെ അഹന്തക്കും നിലനില്‍പ്പില്ല. 

എന്നാല്‍, ജീവിതത്തിന്റെ അടിത്തട്ടില്, ഹൃദയത്തിന്റെ പരമമായ അന്തര്‍ഭാഗത്ത്, ഞാന്‍ എപ്പോഴും തനിച്ചാണ് എന്ന് തിരിച്ചറിയുന്നവരിലെ ഞാന്‍ എല്ലാ നിബന്ധനകള്‍ക്കും പുറംപൂച്ചുകള്‍ക്കും അതീതനായിത്തീരുന്നു. അതായിരുന്നു ബുദ്ധന്റെയും യേശുവിന്റെയും ആഴങ്ങളുടെ രഹസ്യം.
ഞാന്‍ ആരാണെന്ന് എനിക്കറിയില്ലെങ്കില്‍, എനിക്കെന്ത് ആഴമാണുള്ളത്‌? എനിക്കാഴമില്ലെങ്കില്‍, എന്റെ കെട്ടിനും മട്ടിനും എന്റെ പ്രവൃത്തികള്‍ക്കും എങ്ങനെ ആഴമുണ്ടാകും? ഞാന്‍ എന്നത് അനന്യമാണ്. അത് മറ്റൊന്നിന്റെയും മറ്റാരുടെയും അനുകരണമല്ല. ഒരു തരത്തിലുമുള്ള അനുനയനത്തിനും വഴിപ്പെടേണ്ടതില്ലാത്ത ഒരു സത്തക്ക് മാത്രമേ പരമമായ സ്വാതന്ത്ര്യാനുഭവം സാദ്ധ്യമാകൂ. അതിന്റെ അല്പമായ രുചിപോലും അഹന്തകൊണ്ട് നിറഞ്ഞവര്‍ക്ക് കിട്ടില്ല. പരമമായ ഈ മോചനത്തിന് മഹാവീര്‍ കൈവല്യം എന്നാണ് പേരിട്ടത്. കൈവല്യമെന്നാല്‍ പൂര്‍ണമായ ഏകത, പരിപൂര്‍ണ തനിമ, എന്നാണര്‍ത്ഥം. എന്നെ തേടിയുള്ള ഈ യാത്ര തത്ക്കാലം ഇവിടെ നിറുത്താം. (തുടരും)

എന്നെ തേടിയുള്ള യാത്ര ( 2)

എല്ലാം വേണ്ടതുപോലെ ആയിരിക്കുന്നു എന്ന അറിവാണ് ആനന്ദം.

ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്,* ചേരുവകളും മറിമായങ്ങളും ഇല്ലാതെയുള്ള " ഞാന്‍ " എന്നാല്‍ എന്താണെന്നും അതിനെ അംഗീകരിക്കാനാവുകഅനുദിനജീവിതത്തിന്  സാരാംശത്തെ സമ്മാനിക്കുന്ന  ഒരു വലിയ നേട്ടംതന്നെയാണെന്നും കണ്ടു. എന്നാല്‍ നീണ്ട കാലത്തേയ്ക്ക്  ഒരാള്‍ ഞാന്‍ എന്ന ബിംബത്തിന്  ഇട്ടുശീലിച്ച ചമയങ്ങളൊക്കെ മാറ്റിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ശാന്തമായി, നിശബ്ദതയില്‍ , നിതാന്ത പരിശ്രമത്തിലൂടെ സ്വയം വിലയിരുത്താന്‍ കെല്പുള്ളവര്‍ക്ക്  മാത്രമേ അങ്ങനെയൊന്ന് സാദ്ധ്യമാകൂ. ' ഇതല്ല ഞാന്‍ , അതുമല്ല ഞാന്‍ ' എന്ന് വളരെ കൃത്യമായി നിരീക്ഷിച്ചു വേണം, ശരിക്കുള്ള ഞാന്‍ എന്താണോ, അതിനെ കണ്ടെത്താന്‍ . അങ്ങനെയൊരു ശ്രമം, മിക്കവരുടെ കാര്യത്തിലും,  ഭയപ്പെടുത്തുന്ന വലിയ ഒരു ഇല്ലായ്മയില്‍ ചെന്നവസാനിച്ച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ , ഇവിടെ " ഞാന്‍ " ആയിരിക്കുന്നതെന്തോ, അതില്‍ സംതൃപ്തി തോന്നാന്‍ അസാമാന്യ ഹൃദയശുദ്ധത ആവശ്യമുണ്ട്. അങ്ങനെ ശുദ്ധമാക്കിയെടുത്തതു മാത്രമേ അനന്തസത്യവും ശിവവും സുന്ദരവുമായതിന്റെ ഭാഗമാകാനുള്ള ഔന്നത്യം നേടുന്നുള്ളൂ. 

ഏറ്റവും വലിയ അദ്ഭുതം എന്ത് ? സംശയത്തിനിടയില്ലാതെ പറയാം, അത്  അസ്തിത്വം തന്നെയാണ്. അസ്തിത്വത്തെ പല പല മുഖഭാവങ്ങളില്‍  കണ്ടുശീലിച്ച നമുക്ക്  ആത്യന്തികമായി അത് ഏകമായിരിക്കേണ്ടതുണ്ട്  എന്ന യുക്തി അംഗീകരിക്കുക അത്രയൊന്നും എളുപ്പമല്ല. തല്‍ക്കാലം, നമ്മുടെ ബുദ്ധിയുള്‍പ്പെടെ നമ്മുടെ അവബോധത്തില്‍ വരുന്നതൊക്കെയും  നമുക്കറിയാവുന്ന ഈ  പ്രപഞ്ചത്തിന്റെ ഭാഗമാണ്. അതില്‍ നമുക്ക്  മനസ്സിലാകാത്തതിനെ ദ്രവ്യമെന്നും, മനസ്സിലാകുന്നതിനെ ആത്മം അല്ലെങ്കില്‍ വെളിച്ചമെന്നും വിളിക്കാം. മൌലികമായ അര്‍ത്ഥത്തില്‍ , വെളിച്ചം എന്നാല്‍ , ഒന്നാമത്, ആയിരിക്കുക എന്ന സത്യം ഏറ്റവും വലിയ അദ്ഭുതമായും, രണ്ടാമത്, അത് ആ സത്യത്തെ കണ്ടെത്തുന്ന തന്നെയും ഉള്‍ക്കൊള്ളുന്ന സമഗ്രതയായും ഉള്ളില്‍ തെളിയുക എന്നാണ്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ , എന്റെ ഉണ്മയെ ഏതെങ്കിലും തരത്തില്‍ പരിമിതപ്പെടുത്തുന്ന എല്ലാ നിഴലുകളില്‍ നിന്നും സ്വതന്ത്രമായ അവസ്ഥയില്‍ അതിനെ ഉള്‍ക്കൊള്ളാനാവുക എന്നാണ്.  അങ്ങനെയൊരു ആന്തരീകാവസ്ഥയെ മങ്ങാത്ത വെളിച്ചം, അല്ലെങ്കില്‍  പരമമായ ആത്മബോധമെന്ന്  മനസ്സിലാക്കാം.  

സംശുദ്ധമായ ഈ  അവബോധത്തില്‍ എത്തിച്ചേര്‍ന്നാല്‍ , പിന്നെ മനസ്സില്‍ യാതൊരു തരത്തിലുളള  രൂപങ്ങളും ഉണ്ടാവില്ലെന്നു മാത്രമല്ല, സംശുദ്ധമായ അസ്തിത്വമല്ലാതെ ആകാരമുള്ള എന്തെങ്കിലും ഉണ്ട് എന്ന  ആശയം പോലും നിലനില്പ്പില്ലാതെ മറഞ്ഞുപോകും. ബാക്കിയാവുന്നത്  പ്രകാശം മാത്രം. ഒരു സ്വപ്നത്തിനു ശേഷം "ഞാന്‍ സ്വപ്നം കാണുകയായിരുന്നു" എന്നതിലെ "ഞാന്‍ " മാത്രം ബാക്കിയാകുന്നതുപോലെ, അവബോധമുണ്ടാവുമ്പോള്‍ , ബാക്കിയെല്ലാം അപ്രത്യക്ഷമായി, "ഞാന്‍ ആകുന്നു" എന്നതുമാത്രം നിലനില്‍ക്കുന്നു. അവിടെവരെ എത്തിയാല്‍ , ഞാന്‍ ആകുന്നു എന്നതും ഞാന്‍ എല്ലാമാകുന്നു എന്നതും ഒന്നുതന്നെയാണെന്ന്  യുക്തിയോടൊത്ത്  അന്തരാത്മാവും പറയുമ്പോള്‍ , അതു ശരിവയ്ക്കാന്‍ നമുക്കെളുപ്പമാകും. അല്ലാ, അതിന് നാം നിര്‍ബന്ധിതരാവും.  

ഞാനും എന്റേതും എന്നത്  വെറും മനോസൃഷ്ടിയാണ് എന്ന്  ഒരിക്കല്‍ അറിഞ്ഞുകഴിഞ്ഞാല്‍ , അതുതന്നെയാണ്  ആശാപാശങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട എല്ലാ ഭയങ്ങളില്‍നിന്നുമുള്ള രക്ഷയിലേയ്ക്കുള്ള പാത. ഞാനും എന്റേതും ഇല്ലെങ്കില്‍ , പിന്നെ എന്തുമായിട്ടാണ് എനിക്ക്  കെട്ടുപിണഞ്ഞു കിടക്കേണ്ടി വരിക? ഞാനും എന്റേതുമില്ലെങ്കില്‍ , പിന്നെ എന്താണ് ഞാന്‍ ഏതെങ്കിലുമൊരു ലക്ഷ്യത്തിലെത്താന്‍ വേണ്ടി ത്യജിക്കേണ്ടി വരിക? ഒന്നും. സമ്പൂര്‍ണ സ്വാതന്ത്ര്യമാണ്  ഈ തിരിച്ചറിവിന്റെ ഫലം. അതോടേ, എല്ലാറ്റിന്റെയും സ്രോതസ്സ്  ഒന്നുതന്നെയാണെന്നും എല്ലാം അതുതന്നെയാണെന്നുമുള്ള ബോധം ഉള്ളില്‍ തെളിഞ്ഞുനില്‍ക്കും. അതോടേ, അവനവനെപ്പറ്റിയുള്ള പരമമായ അറിവിലെത്തി എന്ന്  തീര്‍ത്തു പറയാം. സത്യമായ സത്യം ഒന്നാണെന്നും ബാക്കിയെല്ലാം, അതായത്, ശരീരവും മനസ്സും അവയുമായി ബന്ധപ്പെട്ടതൊക്കെയും - ഞാന്‍ അതാണ്‌, ഞാന്‍ ഇതാണ് എന്നു തോന്നിക്കുന്നതൊക്കെയും - അസത്യമാണെന്നും അറിയുക തന്നെയാണ് മോക്ഷം അല്ലെങ്കില്‍ പരമമായ മുക്തി. ഏകം സത്  എന്ന ഒരേയൊരു സത്യത്തിന്റെ തെളിമയില്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകുന്നു.   

ഏകവും അനാദിയുമായതിന്റെ ഭാഗമാണ് നാമോരോരുത്തരും, ഇവിടെയുള്ള ഓരോന്നും, എന്നയനുഭൂതിയാണ്  ഈ അറിവിലേയ്ക്കുള്ള  ആദ്യ പടി. അതുവരെ മാത്രമേ ജനനമരണങ്ങളെ നിര്‍മ്മിക്കുന്ന സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ നമ്മെ ബാധിക്കുന്നുള്ളൂ. സമയത്തില്‍  കുരുത്തതിന് , അതില്‍ തുടരുവോളം, സമയാതീതമായതിനെ പൂര്‍ണമായി അറിയുക എന്നതു അസാദ്ധ്യമാണ്. ഞാന്‍ , എന്റേത് എന്നിവ സമയത്തില്‍ കുരുത്തവയാണ്. സമയത്തില്‍  കുരുത്തത്  സമയത്തോടെ ഇല്ലാതാകും. സമയബോധം തീരുന്നിടത്ത്‌ മനസ്സും, മനസ്സ്  തീരുന്നിടത്ത്‌  സമയബോധവും ഇല്ലാതാകണം. എല്ലാ ജീവജാലങ്ങളിലും അവയ്ക്ക് സമയത്തിലൂടെ കൈവന്ന അനുഭവങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്തുക അതിജീവനത്തിന്  ആവശ്യമാണ്‌. എന്നാല്‍ അതില്‍നിന്ന് , ഞാനും എന്റേതും എന്ന സ്വരൂപം ഉരുത്തിരിയുകയും അവ സ്ഥിരമാണെന്ന വ്യാജേന, ചുറ്റുമുള്ളതിനെയെല്ലാം തന്റെ സുഖദു:ഖങ്ങളുമായി താത്ക്കാലികമായി ബന്ധിക്കുകയും ചെയ്യുമ്പോള്‍ , ശരീരം എന്റെ അവിഭാജ്യഘടകമാണെന്ന തോന്നല്‍ ജനിക്കുന്നു. ജീവിതചുറ്റുപാടുകള്‍ക്കനുസരിച്ച്  ഓരോ വ്യക്തിയുടെയും സമയാസമയമുള്ള ജീവിതപരിവേഷവും വികാരങ്ങളും മാറിക്കൊണ്ടിരിക്കും. ഭൌതികമായവയുടെ (പഞ്ചഭൂതങ്ങളുടെ) ഒടുക്കത്തോടെ, വ്യക്തിതലത്തില്‍ ഉണ്ടായിരുന്നിന്റെയെല്ലാം അന്ത്യമായി എന്നാണ്  പ്രത്യക്ഷാനുഭവങ്ങള്‍ നമ്മെ ധരിപ്പിക്കുക. ശൂന്യമായ ഒരു അവ്യക്തത മാത്രമേ അതിനപ്പുറത്ത്  നമുക്ക്  സങ്കല്‍പ്പിക്കാനാവുന്നുള്ളൂ. ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്: ശരീരത്തിന്റെയും മനസ്സിന്റെയും ഇടപെടല്‍ നമ്മില്‍ ജീവന്റെ സ്രോതസ്സില്‍ നിന്നുള്ള വേര്പാടുണ്ടാക്കുന്നു. വ്യാജമായ  ആ  അസ്തിത്വത്തില്‍ നിന്ന്   മൌലികമായ    സ്രോതസ്സിലേയ്ക്ക്  തിരികെ ചെന്നെത്തണമെങ്കില്‍ , ഇപ്പോള്‍ത്തന്നെ ഞാന്‍ ഈ ശരീരമല്ല എന്ന ഉള്‍ക്കാഴ്ച ആവശ്യമായിത്തീരുന്നു. അങ്ങനെയൊരാവശ്യം വിട്ടുമാറാതെ തോന്നുന്നതുകൊണ്ടാണ് , മതങ്ങള്‍ രംഗത്ത്  വരുന്നത്. എന്നാല്‍ ,  നമ്മുടെ ശ്രദ്ധയില്‍ അകത്തും പുറത്തും, രൂപങ്ങളും നാമങ്ങളും പ്രഥമസ്ഥാനത്തു നിലനില്‍ക്കുവോളം ഒരു മതത്തിനും നമ്മെ രക്ഷിക്കാനാവില്ല. മതങ്ങളിലൂടെയോ അല്ലാതെയോ ഉള്ള ഏത്‌ വഴിയെടുത്താലും, മായാലോകത്തുനിന്ന്  രക്ഷപ്പെടുന്നത്, മനസ്സിന്റെ സൂത്രങ്ങളെ അറിയുകയും അവയെ മറികടക്കാന്‍ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നവര്‍ മാത്രമാണ്. എല്ലാ നല്ല ഗുരുക്കന്മാരും മനസ്സിനെ അസ്തിത്വത്തിന്റെ എതിരാളിയായി തിരിച്ചറിഞ്ഞ്,  അതിനെ കീഴ്പ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് . സാധാരണ ഗതിയില്‍ , തീര്‍ത്തും താത്ക്കാലികമായവയെ നമ്മുടെ മൌലികമായ അസ്തിത്വവുമായി ബന്ധപ്പെടുത്തി, അവയെ അതിപ്രധാനമായി കാണാനും അവയുമായി ബന്ധം സ്ഥാപിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്  പഴയതിന്റെയെല്ലാം സ്റ്റോര്‍ ഹൌസ് ആയ മനസ്സും  ശരീരവുമാണ്. അതുകൊണ്ടാണ്  അവയെ കീഴടക്കാന്‍ ഗുരുക്കന്മാര്‍ ഉപദേശിക്കുന്നത്. മനസ്സിന്റെ മരണത്തിലാണ്  ജ്ഞാനത്തിന്റെ ജനനം എന്ന ഉള്ക്കാഴ്ചയില്‍ എല്ലാ ഗുരുക്കന്മാരും യോജിക്കുന്നു.


ഇതെങ്ങനെ സാദ്ധ്യമാകും? ആരംഭമുള്ളതിനെല്ലാം അവസാനവുമുട്ണ്ട്. ഞാനും എന്റേതും എന്നതാണ് എല്ലാ അപകര്‍ഷതക്കും അത്യാര്‍ത്തിക്കും പിന്നിലുള്ള എക ഘടകം. ഈ അസ്തിത്വത്തില്‍ എല്ലാം ചഞ്ചലമായതിനാല്‍ , അവയോടുള്ള ബന്ധം അനിശ്ചിതത്വത്തെയും ഭയത്തെയും ഉണ്ടാക്കും. ശരീരവും മനസ്സും നിലനില്‍ക്കുന്നത് ആഗ്രഹങ്ങളിലൂടെയാണ്. അത് അല്ലെങ്കില്‍ ഇത് എനിക്ക്  ഇല്ലെന്നുള്ള തോന്നലാണ് ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്. വെറും താത്ക്കാലികമായ അനുഭവങ്ങള്‍ ഓര്‍മ്മകളെയും ഓര്‍മ്മകള്‍ തുടര്‍ഭാവനകളെയും ഭാവനകള്‍ പുതിയ  ആഗ്രഹങ്ങളെയും ഉണ്ടാക്കുന്നു. ഇവയില്‍ ഓരോന്നിനെയും തിരിച്ചറിഞ്ഞും അവയോടു വിരക്തി പരിശീലിച്ചും,  അസ്തിത്വത്തിന്റെ കാതലില്‍ ഞാനും ഉള്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ , ഞാന്‍ എല്ലാമാണ്, എനിക്കെല്ലാം ഉണ്ട് എന്ന പരമമായ സത്യത്തെ ഉള്‍ക്കൊള്ളുകയാണ്  പൂര്ണതയിലേയ്ക്കുള്ള ആദ്യത്തെ ചുവട്. അതുതന്നെയാണ്  നിത്യതയിലേയ്ക്കുള്ള വഴിയും. അതിലേ ചരിക്കാനാഗ്രഹിക്കുന്നവര്‍ അകത്തെ നിരന്തരം  വീക്ഷിച്ചുകൊണ്ടിരിക്കണം.
    
അകം ഏകമാണ്. ബാഹ്യമാകട്ടെ, പലതാണ്. അതങ്ങനെ സംഭവിച്ചു? മനസ്സ് എന്നാണതിനുത്തരം. ജൈവപരിണാമത്തിലെ ഒരു പടിയായി രൂപപ്പെട്ടുവന്നതാണ് മനസ്സെന്ന ഉപകരണം. അനുഭവങ്ങളുടെ ഓര്‍മ്മകളെ സൂക്ഷിക്കാനുള്ള ഒരിടം. ഈ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ പെരുമാറുക അതിജീവനത്തിനു ആവശ്യമായിരുന്നു. സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പേരിടാനും അവയെ പ്രതീകങ്ങളായി തരംതിരിക്കാനും മനസ്സ് സാവധാനം പഠിച്ചെടുത്തു. ആ വഴിയില്‍കൂടി സഞ്ചരിക്കവേ, വാക്കുകളും അവയെ കോര്‍ത്തിണക്കുന്ന ഭാഷകളും മനുഷ്യന്റെ കൈയില്‍ പ്രധാന ഉപകരണങ്ങളായിത്തീര്‍ന്നു. പ്രതീകങ്ങള്‍ പയ്യെപ്പയ്യെ വാസ്തവികതയുടെ സ്ഥാനം പിടിച്ചെടുത്തു. പ്രവര്‍ത്തിക്കാനുള്ളിടത്തും വാചകമടിച്ച് പിടിച്ചുനില്‍ക്കാനുള്ള കളികളും രംഗത്ത് വന്നു. വാക്കുകള്‍ കൊണ്ട്  സത്യത്തെ മറച്ചുവയ്ക്കുന്ന ശീലവും മനുഷ്യജീവിതത്തിന്റെ ഭാഗമായി. അങ്ങനെ, ഏറ്റവും കൂടുതല്‍ വികാരങ്ങളും ആശയങ്ങളും ബിംബങ്ങളും സൂക്ഷിക്കാനുള്ള ഒരു വലിയ സംഭരണിയായിത്തീര്‍ന്നു "ഞാന്‍ ". വ്യക്തിയുടെ അസ്തിത്വത്തിന്റെ ആണിക്കല്ലാണത്. ഓരോ നിമിഷവും മനസ്സില്‍ തെളിഞ്ഞുവരുന്നതു എന്റെ പ്രത്യക്ഷത്തെ വിപുലീകരിക്കുന്ന നിറക്കൂട്ടുകളും എന്റെ അസ്തിത്വത്തെ തകിടം മറിക്കാനിടയുള്ള ഭയങ്ങളുമാണ്. എന്നാല്‍ ഇവയില്‍ എത്രമാത്രം  യഥാര്‍ഥ്യവുമായി സ്വരുമപ്പെടുന്നു എന്ന്  വിവേച്ചിച്ചറിയാന്‍ കഴിയുന്നവര്‍ വിരളമാണ്. അവിടെയാണ് ജീവിതത്തിന്റെ ഈട് നിര്‍ണ്ണയിക്കപ്പെടുന്നത്.

"ഞാന്‍ " എന്നത്   ഒരു സാങ്കല്പിക സൃഷ്ടിയാണെന്നും അതിന്റെ സ്രോതസ്സെവിടെയെന്നും നാം കണ്ടു. അതുപോലെ തന്നെയുള്ള  മറ്റ്  സാങ്കല്‍പിക സൃഷ്ടികളാണ്   "നീ",  "അവര്‍ " എന്നിത്യാദികളും.  ഉണ്ടായിരുന്നതും ഉണ്ടാകാനിരിക്കുന്നതും എന്ന തരംതിരിവുതന്നെ സമയബന്ധിതമായവയ്ക്ക്  നിലനില്‍പ്പ്‌ സാദ്ധ്യമാക്കാന്‍ വേണ്ടി  മനസ്സ്  സൃഷ്ടിക്കുന്ന പ്രതിഭാസമാണ്. ഇതെല്ലാംകൂടി ഒറ്റ വാക്കില്‍ പറയുന്നതാണ്  മായ. ചുരുക്കിപ്പറഞ്ഞാല്‍ , ജനനമരണങ്ങള്‍ എന്ന അസത്യത്തില്‍ മുഴുകിപ്പോകുക എന്നാണ് മായയുടെ അര്‍ത്ഥം. 

അങ്ങനെയെങ്കില്‍ , ജനനവും മരണവും സന്തോഷമോ ദുഖമോ ജനിപ്പിക്കേണ്ട അനുഭവങ്ങളല്ല. കാരണം, നിത്യമായതാകട്ടെ ശാശ്വതമാണ് . അത് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. എന്നാല്‍ ഈ ഭൂമിയില്‍ നാമവയെ സൂര്യോദയവും അസ്തമയവും പോലെയാണ്  അനുഭവിക്കുക.  എപ്പോഴും ഒരേപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ ഹ്രസ്വാനുഭവമാണല്ലോ നിത്യവെളിച്ചത്തിനു പകരം ഉദിച്ചുയര്‍ന്നു മറയുന്ന സൂര്യനെ കാണാന്‍ നമുക്കിടവരുത്തുന്നത്. ശാശ്വതമായത്തിന്റെ  ഹ്രസ്വാനുഭവത്തില്‍ ഒതുങ്ങിപ്പോകുന്നതുമൂലമാണ്  ജനനമരണങ്ങളുടെ ഇടയ്ക്ക്  അറുതിയില്ലാത്ത നന്മതിന്മകളുടെ മായാപ്രപഞ്ചം നമ്മെ കഷ്ടപ്പെടുത്തുന്നത്  .  പരിമിതമായ ജീവനും ആ  ജീവന്റെ ഭാഗമായ അല്‍പബോധവും മാത്രം ആസ്വദിക്കുന്ന നാം അവയെ നിലനിര്‍ത്താന്‍വേണ്ടി രൂപങ്ങളും അവയ്ക്ക്  പേരുകളും ഉണ്ടാക്കുന്നുവെന്നും  അവയില്‍ കുടുങ്ങി കിടക്കുവോളം സമയാതീതമായതുമായി ബന്ധം സ്ഥാപിക്കുക ദുഷ്ക്കരമാണെന്നും കണ്ടുവല്ലോ. ഇവിടെ കര്‍മ്മഫലം (karma) എന്ന പദംകൊണ്ട് ലളിതമാക്കാന്‍ സാധിക്കുന്നവ പലതുമുണ്ട് . അതൊരു ധനാത്മക നിയമത്തിലേയ്ക്ക്  വിരല്‍ചൂണ്ടുന്നു എന്ന് പറയാം. നന്മതിന്മകളെ സന്തുലനമാക്കുന്ന ഒരു  തുലാശു പോലെയാണത്  പ്രവര്‍ത്തിക്കുക. സംഭവിക്കുന്നത്‌ എന്തുമാകട്ടെ, നമ്മെ വേദനിപ്പിക്കുന്നതോ നിരാശപ്പെടുത്തുന്നതോ നശിപ്പിക്കുന്നതോ പോലുമാകട്ടെ, അത് താത്ക്കാലികതയെ മറികടന്ന്, നന്മയിലേയ്ക്ക്  മാത്രമേ നയിക്കൂ എന്നതാണ് ആ നിയമം.  വരാനിരിക്കുന്ന ഒരു വര്‍ത്തമാനത്തില്‍ ,  ഭൂതകാലത്തിലെ  സകല  കടംകഥകളുടെയും കുരുക്ക്  ശുഭമായി അഴിക്കപ്പെടും എന്നാണതിനര്‍ഥം. പ്രകാശത്തിന്  ദ്രവ്യം തടസ്സമാകുമ്പോള്‍ സംഭവിക്കുന്നതെന്തോ, അതുതന്നെയാണ് ഞാന്‍ ഈ ശരീരമാണ് എന്ന തെറ്റുധാരണ അവബോധത്തെ കളങ്കപ്പെടുത്തുമ്പോള്‍ വ്യക്തിക്ക്  സംഭവിക്കുക. ആ ഇരുട്ടിനെ, ആ  കളങ്കത്തെ, തൂത്തു വൃത്തിയാക്കാന്‍ വഴിയൊരുക്കുന്നതാണ് കര്‍മ്മഫലം.  

എന്നെ തേടിയുള്ള യാത്ര തുടരട്ടെ. നമ്മുടെ പരിചിന്തനങ്ങള്‍ തത്ക്കാലത്തേയ്ക്ക് ഇങ്ങനെ ഉപസംഹരിക്കാം. എല്ലാ സംഭവങ്ങളും സമഗ്രമായതുമായി സ്വരുമയിലാണ്. പലതായി കാണപ്പെടുന്നതൊക്കെയും അല്പബുദ്ധിയുടെ വിചിത്രകാഴ്ചകള്‍ മാത്രമാണ്.  നമുക്ക്  അസ്തിത്വം എന്നാല്‍ , 1. മഹദാകാശ - (matter - energy).  2. ചിദാകാശ  - (consciousness).  3. പരമാകാശ -  (pure spirit) എന്നതെല്ലാം ഉള്‍പ്പെടുന്നു. അതില്‍ വ്യക്തിത്വമായി നാം അനുഭവിക്കുന്നത്  മഹദാകാശം ചിദാകാശത്തില്‍ ഉണ്ടാക്കുന്ന   അടിസ്ഥാനമില്ലാത്ത ഒരു മുഴക്കം ആത്രമാണ്. അത്  Being അല്ല, മറിച്ച് ഒരു തരം മായാരൂപം (Existence) മാത്രമാണ്. കാരണം, ഏകമായിരിക്കുന്നത്  ഒരിക്കലേ സംഭവിക്കൂ, പലപ്പോഴായി സംഭവിക്കില്ല. അതുപോലെതന്നെ യുക്തിസഹമാണ്,  ഉള്ളത്  എന്നുമുണ്ടായിരുന്നു, എന്നുമുണ്ടായിരിക്കുകയും ചെയ്യും എന്നതും. ഇതാകട്ടെ, നമ്മെയും ഉള്‍പ്പെടുത്തിയുള്ള ഏക സത്യമാണ്.  (തുടരും)

എന്നെ തേടിയുള്ള യാത്ര (3)

May 16, 2012

ഉപനിഷദീയം

ആത്മാവുമൊത്ത്   ഞാന്‍  നടക്കാനിറങ്ങി.  വഴിയില്‍ ശ്രദ്ധിച്ചവ കുറിച്ചുവച്ചു. അവയെ മറ്റാരെങ്കിലുമായി പങ്കുവയ്ക്കുവാന്‍ കൊതിച്ചു. ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ , "എല്ലാം ചെന്നെത്തുകയും എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പൂര്‍ണതയില്‍ നീയും ഞാനുമുണ്ട്, വളരെ അടുത്തു തന്നെ" എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.

ഒരു മുട്ട വിരിയുന്നു, ഒരു പൂവ് വിടരുന്നു, ഒരു സ്നേഹമുദിക്കുന്നു: യഥാക്രമം ജീവന്‍, സൌന്ദര്യം, സൌരഭ്യം. ഇവിടെയെല്ലാം ആസ്വാദകനായി ആരോ അരികെയുണ്ട്, നാം കാണുന്നും അറിയുന്നും  ഇല്ലാത്തപ്പോഴും.  ഈ സൃഷ്ടിതാളങ്ങളെല്ലാം ആത്മ-ബ്രഹ്മസംയോഗത്തിന്റെ പ്രകടനങ്ങളാണ്. അതുകൊണ്ടാണ്  ഇവിടെയെല്ലാം ജീവോത്സവവും ആനന്ദവും അനുഭവവേദ്യമാകുന്നത്.
 
ഹൃദയാഹ്ളാദത്തിലേയ്ക്കും സൌഹൃദത്തിലേയ്ക്കും നയിക്കുന്ന ഒറ്റ വഴിയേ ഉള്ളൂ - അദ്വൈദത്തിന്റേത് - എന്ന സത്യമാണ് ഉപനിഷത്തുകളിലൂടെ ഉരുത്തിരിയുന്നത്.  വ്യാഖ്യാനങ്ങള്‍ സഹായകമാകാമെങ്കിലും, മൂല്യവാക്യങ്ങളിലൂടെ പരതിനടന്നാല്‍ , ചില  വെളിപാടുകള്‍ നമുക്കും ലഭ്യമാകണം എന്ന ധൈര്യമവലംബിച്ച്,  ഞാനും വായന തുടങ്ങി. പലയിടങ്ങളിലും സ്തബ്ധനായി നിന്ന്   വിചാരം പൂണ്ടു. നേരിട്ട്   ഇടപെടുന്നില്ലാത്തിടത്തും എനിക്
കും നിനക്കും പങ്കുണ്ട്,  നന്മയായതും പുളകമണിയിക്കുന്നതും എവിടെയായിരുന്നാലും, അതു നമ്മുടേതുകൂടിയാണ്  എന്നൊക്കെയാണ്  ഉപനിഷദ്ജ്ഞാനത്തിന്റെ പൊരുള്‍ എന്നിടം വരെയെത്തി. ഇവ്വിധ ചിന്താകിരണങ്ങള്‍ ജീവിതസമസ്യകളില്‍ പ്രകാശവും ആത്മധൈര്യവും പകരുമെന്ന്  അനുഭവിച്ചറിയുകയും ചെയ്തു.

എന്നാല്‍ ,  ഉള്ളില്‍ ഗ്രഹിക്കുന്നവയും ആഗ്രഹിക്കുന്നവയും വര്‍ത്തമാനവൃ
ത്തികളില്‍ കൊണ്ടുവരുവാന്‍ തടസ്സമേറുമ്പോള്‍ , തിന്മയെപ്പറ്റി ബോധമുണരുന്നു. ഒഴുക്കാണ് നന്മയുടെയും പ്രകാശത്തിന്റെയും  പ്രഥമ ഗുണം. ഒഴുക്കിനെ തടയുന്നതെല്ലാം അഴുക്കാകുന്നു. അതുകൊണ്ടാണ്  പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടാതെ, എന്റേത്,  നിന്റേത് എന്ന ചിന്ത ഉറച്ചുപോയിടത്ത്  മനുഷ്യത്വം മുരടിച്ചുപോകുന്നത്. "അയം നിജ: പരോവേതി ഗണനാ ലഘു ചേതസാം." (എന്റേത് അപരന്റേത്    എന്ന ചിന്ത ചെറിയ മനസ്സിന്റേതാണ്.) ഒരാള്‍ക്ക്‌ മാത്രമായി എന്തെങ്കിലും മാറ്റിവയ്ക്കുക നന്മയായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നില്ല. എന്നില്‍ വന്നുനിറയുന്നവ കവിഞ്ഞൊഴുകി അന്യരിലേയ്ക്കും പ്രവഹിക്കുമ്പോള്‍ മാത്രമേ സമ്പന്നതയും സന്തുഷ്ടിയും സംജാതമാകൂ. കൂട്ടിവയ്ക്കുക ആത്മനിഗ്രഹത്തിനു തുല്യമാണ്.

വിഭജനമാണ് , വേദനകള്‍ക്കെല്ലാം നിദാനമെന്ന് ഉപനിഷത്തുകള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു.  എല്ലാ ധര്‍മത്തിന്റെയും അന്തിമലക്ഷ്യം സംയോജനമാണ്. ഈ രഹസ്യത്തിലേയ്ക്ക്  ഉള്‍ക്കാഴ്ച ലഭിക്കുന്നതോടെയാണ്  വിശുദ്ധിയുടെ ആരംഭം. ഈ വിശുദ്ധിയിലൂടെ ഭാവഭേദങ്ങളെല്ലാം ഒരേയൊരു പൂര്‍ണതയുടെ ഭാഗമായിത്തീരുന്നു. ഇപ്രകാരം വിഭാവനം ചെയ്യപ്പെടുന്ന പൂര്‍ണതയെയാണ്  ദിവ്യത അല്ലെങ്കില്‍ ദൈവം എന്ന സംജ്ഞകൊണ്ട്  മനസ്സിലാക്കേണ്ടത്.  ഈ ഏക ദൈവികത്വത്തില്‍നിന്നു വ്യതിചലിച്ച്  , ഇതിലല്ലെങ്കില്‍ മറ്റൊന്നിലാണ്  നന്മ, മേന്മ, സന്തോഷം എന്നുള്ള വേര്‍തിരിവിനു വഴിപ്പെടുന്നതിനെയാണ്  വിഗ്രഹാരാധനയായും  പാപമായും ആത്മീയഗുരുക്കന്മാര്‍ അപലപിചിട്ടുള്ളത്.  എല്ലാ വേദനകളുടെയും ഉദ്ഭവം ഈ വക വേര്‍തിരിവുകളിലാണ്. വേര്‍തിരിവുകളെ സൃഷ്ടിക്കുന്ന പ്രധാന  ഘടകം നമ്മുടെ വല്ലാത്ത ശരീരാവബോധമാണ്  -  " ഞാന്‍ ഈ ശരീരമാണ് " എന്ന അപക്വവും എന്നാല്‍ വിട്ടുമാറാത്തത്തതുമായ ചിന്തയാണ്.

എല്ലാ വേദനകളില്‍ നിന്നും മുക്തി തേടിയലഞ്ഞ പൂര്‍വസൂരികള്‍ നമുക്ക്  കാണിച്ചുതന്നതാണ്  ഉപനിഷത്തിന്റെ വഴി. അറിഞ്ഞവരുടെയടുത്തിരുന്ന്,  ശ്രദ്ധിച്ചുകേട്ടു പഠിക്കുക എന്നാണല്ലോ ഉപനിഷത്ത് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  അടുപ്പം അനുവദിക്കുക, അന്യോന്യമുരിയാടുന്ന വാക്കുകളുടെ അര്‍ത്ഥസാന്ദ്രതയിലേയ്ക്ക്  അലിഞ്ഞിറങ്ങി അവയെ ഉള്‍ക്കൊള്ളുക എന്നതിലാകുന്നു അന്വേഷിയുടെ വിജയരഹസ്യം. രാഗാനുരാഗങ്ങളിലൂടെയുള്ള ലയവും ഒഴുക്കുമാണ് സ്നേഹം എന്ന്  പറയുമ്പോഴും,  ശരീരങ്ങളല്ല, ആത്മങ്ങളാണ്  ഇവിടെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. പരസ്പരം ഇതനുഭവിക്കുന്നവര്‍ പറയുന്നു: "നീ അടുത്തുള്ളപ്പോള്‍ , എന്റെ ബുദ്ധിയും ഹൃദയവും ഒന്നായിത്തീരുന്നു. ഇവ രണ്ടുകൊണ്ടും ഞാന്‍ കെട്ടിപ്പുണരുന്ന നീയും ഞാനും മറഞ്ഞുപോയി, (ശരീരങ്ങള്‍ സൃഷ്ടിക്കുന്ന  ബന്ധനങ്ങളില്‍ നിന്നു സ്വതന്ത്രരായി) ആത്മാവില്‍ നാം ഒന്നായിത്തീരുന്നു."

തൈത്തിരിയോപനിഷത്തില്‍ ഭൃഗു എന്ന യുവാവ്  ബ്രഹ്മത്തെ തേടിയിറങ്ങുന്നു. അന്നം, മനസ്സ്, ജ്ഞാനം എന്നിവയൊക്കെയാണ്  ബ്രഹ്മം എന്ന് ധരിച്ചുവശായി, അയാള്‍ തന്റെ പിതാവും ഗുരുവുമായ വരുണന്റെ അടുത്തെത്തുമ്പോള്‍ , പോയി ഇനിയും തിരയുക എന്ന ഉപദേശവുമായി അവന്‍ തിരിച്ചയയ്ക്കപ്പെടുകയാണ്. അവസാനം, ആനന്ദമാണ് ബ്രഹ്മം എന്ന ബോദ്ധ്യത്തോടെ വരുമ്പോള്‍ മാത്രമാണ് , അച്ഛന്‍ സംതൃപ്തനാകുന്നത് . (തൈത്തി. III, അ.1-6)

ഈ പറയുന്ന ആനന്ദത്തിന്റെ  ഉറവിടമെവിടെ? അസ്തിത്വമെന്നത് വെറുമൊരു ജഡപ്രക്രിയ മാത്രമല്ല. ശ്രദ്ധിക്കുമെങ്കില്‍  , "അതിനപ്പുറത്ത് എന്തുണ്ട്?" എന്ന് പ്രശ്നോപനിഷത്തില്‍ പിപ്പിലാദന്‍ എടുത്തെറിയുന്ന  ചോദ്യം നമ്മെയും അലട്ടുന്നുണ്ട്  എന്ന് നാം മനസ്സിലാക്കും. എല്ലാറ്റിലു
ം ജീവന്‍ നിറച്ചുകൊണ്ടിരിക്കുന്ന ആത്മത്തെ നാം ഒരിക്കലും മുഴുവനായി ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, അതിനുവേണ്ടിയുള്ള ഒരു ദാഹം നമ്മില്‍ എരിയുന്നുണ്ട്‌.  നിഷ്ക്കാമസുരഭിലമായ ഒരനുഭൂതിയുടെ രസം, അല്ലെങ്കില്‍ , ക്ഷണികവും അവ്യക്തവുമായ ഏതോ ആനന്ദത്തിന്റെ ആന്ദോളങ്ങള്‍ നമ്മെ തലോടുന്ന അസുലഭ നിമിഷങ്ങള്‍ നമുക്കുണ്ടാകാറില്ലേ? ഒരിക്കലും തീരാത്ത ഒരു ജ്ഞാനദാഹം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം? വിരാമമില്ലാതെ അത്  തുടര്‍ന്നിരുന്നെങ്കില്‍ , പണ്ടേ നാം ഈ പ്രപഞ്ചവുമായി ഒരഗാധവാത്സല്യത്തില്‍ ലയിച്ചുപോയേനേ. കാരണം, മനസ്സിനെ വിജ്രുംഭിപ്പിക്കുന്നതും ചിന്തയെ അലട്ടുന്നതും ബുദ്ധിയെ അതിശയിക്കുന്നതുംകൊണ്ട് നിറഞ്ഞിരിക്കുന്നു ഈ പ്രപഞ്ചം. എന്നാല്‍ ,  സ്നേഹമില്ലാതെ, ഇവയെ പരാമര്‍ശിക്കുന്ന ഒരറിവും നമ്മെ സായൂജ്യത്തിലെത്തിക്കുന്നില്ല. മനുഷ്യാനുഭവങ്ങളെ ദീപ്തമാക്കുന്നത് പുരുഷപ്രകൃതികളുടെ പരസ്പരാകര്‍ഷണവും തുടര്‍ന്നുണ്ടാകുന്ന സംയോജനവുമാണ്. ഏതെങ്കിലും തലത്തില്‍ ഇഷ്ടത്തിന്റെ തീപ്പൊരി ഊതി ജ്വലിപ്പിക്കാനാവില്ലെങ്കില്‍ ജീവതൃഷ്ണ  തന്നെ കെട്ടടങ്ങുന്നു.  "അനശ്വരതക്കുവേണ്ടിയുള്ള ഓട്ടമാണിത്.  ലക്ഷ്യമില്ലാതെയല്ല നാം ഓടുന്നത്. കാറ്റിനോട് മുഷ്ടിയുദ്ധം നടത്തുകയല്ല നാം" എന്ന് പോള്‍ കൊറീന്ത്യക്കാര്‍ക്ക്  എഴുതിയത്   (1 കൊറീ. 9, 26-27)  ആത്മജ്ഞാനത്തിന്റെയും നിര്‍വ്യാജസ്നേഹത്തിന്റെയും വഴിയില്‍ അവരെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ.

"നിന്റെ അനന്തമായ സ്നേഹവായ്പിലൂടെ ഞാന്‍ എന്നെ കവിഞ്ഞുള്ളതിനെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു" എന്നാണ് അഗാധമായ സ്നേഹത്തിലായവര്‍ അറിയാതെ തന്നെ അന്യോന്യം ഉരുവിട്ടുപോകുക. "നിന്റെ സാമിപ്യത്തിലെനിക്കു ലഭ്യമാകുന്നത്  കറകളഞ്ഞ ആനന്ദമാകുമ്പോള്‍ ,  എനിക്കത്  ബ്രഹ്മാനുനഭവമാണ്" എന്നാണ്  അതിനര്‍ത്ഥം. എല്ലാ തിരയലിന്റെയും ലക്ഷ്യം ഈ ആനന്ദമാണ്. സമുന്നതമായ, ഉണ്മയെ ആകെ നിറയ്ക്കുന്നയാനന്ദം എവിടെനിന്നു ലഭ്യമാകുന്നുവോ, അവിടെ ബ്രഹ്മസാന്നിദ്ധ്യമുണ്ട്.  നൈമിഷികമായിട്ടാണെങ്കില്‍ പോലും അപ്പോള്‍ നാം ബ്രഹ്മാംശങ്ങളായി സ്വയം തിരിച്ചറിയുന്നു. സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയെ അല്പമെങ്കിലും രുചിച്ചറിയാതെ ആന്തരികാനന്ദം സാദ്ധ്യമല്ല.

ഇഷ്ടപ്പെടുന്നതുമായി ഒന്നായിത്തീരുന്നതോടെ, വിപരീതാര്‍ത്ഥങ്ങളും വ്യത്യസ്തതകളും തകര്‍ന്നുവീഴുന്നു. അല്പത്വങ്ങളില്‍ ഒതുങ്ങിപ്പോകുന്ന  ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥതല്പരമാണെന്ന്  അവയെ അനുഗമിക്കുന്ന വേദനകള്‍ നമുക്ക്  സൂചന നല്‍കിക്കൊണ്ടിരിക്കും. സ്നേഹത്തെ ശുദ്ധീകരിക്കാനുള്ള വ്യഗ്രത ഇതില്‍നിന്നുളവാകണം. അദ്വൈതാനുഭവത്തിലേയ്ക്ക്  മറ്റൊരു  വഴിയില്ല. മണ്‍കട്ടയെ അറിഞ്ഞുകഴിഞ്ഞാല്‍ അതുകൊണ്ട് ഉണ്ടാക്കുന്ന എല്ലാറ്റിനെയും അറിയുന്നതിന് തുല്യമായി എന്ന് തുടങ്ങുന്ന അനുശാസനത്തിന്റെ അന്ത്യത്തിലാണ്  ഉദ്ദലകന്റെ വിശ്വപ്രസിദ്ധമായ "തത്  സത്യം, സ ആത്മാ, തത്ത്വമസി, ശ്വേതകേതോ," (അതാണ്‌ സത്യം, അതാണ്‌ ആത്മാവ്, നീ അതാണ്‌, ശ്വേതകേതൂ!) എന്ന സൂക്ഷ്മസത്യപ്രഖ്യാപനം നടക്കുന്നത്. (ച്ഛാന്ദോ. VI, 1, 2-6)

 ***                                         ***                                         ***

 താത്പര്യമുള്ള ഉപാസകര്‍ക്കായി മനോഹരമായ ഒരു പ്രാര്‍ത്ഥന ചുവടേ ചേര്‍ക്കുന്നു.
 (എന്റെ സുഹൃത്ത്  എം.ദേവാനന്ദിനോട്  കടപ്പാട്)


സച്ചിദാനന്ദ സ്വരൂപനായ സര്‍വ്വേശ്വരാ,   
അനാദിയും അഖണ്ഡവും പൂര്‍ണവും, സര്‍വ്വാതിശായിയെങ്കിലും   
അന്തര്യാമിയുമായ നിന്നെ ഞാന്‍ വന്ദിക്കുന്നു. ഓം ശാന്തി. 
യുഗയുഗാന്തരങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പ്രകാശിക്കുന്ന നിന്റെ തേജസ്സിനെ ഞാന്‍ വന്ദിക്കുന്നു.
നിന്റെ കാല്‍പ്പാടുകളും കരവേലകളും എങ്ങുമെവിടെയും വിവേചിച്ചറിയുവാന്‍  എന്നെ സഹായിക്കൂ.
എന്റെ ജീവിതത്തിന് നേരും നെറിവും നല്‍കി അതിനെ സമ്പന്നമാക്കേണമേ.
നിന്റെ സ്വരത്തിന് എന്റെ ചെവിയും ഹൃദയവും തുറക്കേണമേ.
നീ മാത്രം എന്റെ മാതാവ്, നീ മാത്രം എന്റെ പിതാവ്
നീ മാത്രം എന്റെ വിദ്യ, നീ മാത്രം എന്റെ ധനം.
സമ്പത്തും പേരും ഞാനാഗ്രഹിക്കുന്നില്ല
നിന്റെ സാന്നിദ്ധ്യമാണ് എന്റെ സുഖം.

വന്ദേ സച്ചിദാനന്ദം വന്ദേ
വന്ദേ സച്ചിദാനന്ദം വന്ദേ
പൂര്‍ണം ഭവതു സര്‍വ്വേശാം
സര്‍വേ ഭവന്തു സുഖിന:
അസതോമാ സത്ഗമയ:
തമസോമാ ജ്യോതിര്‍ഗമയ:
മൃത്യോര്‍മാ അമൃതംഗമയ:
ഓം ശാന്തി! ശാന്തി! ശാന്തി!
(തുടരും)

പ്രാര്‍ത്ഥിക്കുന്നവര്‍


ശ്രീ ജോസഫ്‌ മറ്റപ്പള്ളിയുടെ ലേഖനത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങള്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവ്യാപ്തിയിലേയ്ക്ക് ചെന്നെത്തി. അക്കൂടെ പ്രാര്‍ത്ഥനയെപ്പറ്റി എന്റേതായി ഏതാനും വരികള്‍ ചേര്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ അതാ അതേ വിഷയത്തെക്കുറിച്ച് അമിതഭക്തി എന്ന ശീര്‍ഷകത്തില്‍ കെ. കുര്യാക്കോസ് ഏലിയാസിന്റെ ഒരു നര്‍മ്മഭാഷണം. അല്പം നീണ്ടതായതിനാല്‍,  ഈ കുറിപ്പ് പുതിയ പോസ്റ്റായി ഇടാനേ തരമുള്ളൂ.

ആസ്പിരിന്‍ ചിലപ്പോഴെല്ലാം തലവേദനക്ക് ശമനം വരുത്തുമെങ്കിലും അത്താഴം തന്നെ ആസ്പിരിന്‍ ആക്കിയേക്കാം എന്ന് വച്ചാലോ? ശ്രീ കുര്യാകോസ് ഈ ഉപമയിലൂടെ അമിതഭക്തിയുടെ സകല വശങ്ങളെയും സ്പര്‍ശിച്ചു. അദ്ദേഹം ഈ പറഞ്ഞിടത്തെല്ലാം പ്രാര്‍ത്ഥനയെന്ന പ്രവൃത്തി, ഒരു വിശ്വാസി, അവന്‍ ആരാധിക്കുന്ന ദൈവവുമായി, അല്ലെങ്കില്‍, ഒരു മദ്ധ്യസ്ഥനോടോ മദ്ധ്യസ്ഥയോടോ പുലര്‍ത്തുന്ന ഒരനുഗ്രഹംതേടലാണ്. സമ്മതിച്ചു, ഇത്തരം പ്രാര്‍ത്ഥന പലരുടെ ജീവിതത്തിലും ഒരു മാനസ്സിക ഔഷധമായി പ്രവര്‍ത്തിക്കാം. അത് യഹൂദ- ഇസ്ലാമികമതങ്ങളുടെ കണ്ടുപിടുത്തമാണ്. ക്രിസ്തുമതവും ഈ രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നേയുള്ളൂ. അവര്‍ക്കത് കാശുവച്ചുള്ള കളിയായിത്തീര്‍ന്നതോടെ, ആഴ്ചയില്‍ ഏഴു ദിവസവും സാബത്താക്കിയാലും വിരോധമില്ലെന്ന അവസ്ഥയും വന്നുചേര്‍ന്നു. പക്ഷേ, തത്ത്വത്തില്‍ തലവേദനക്ക് ആസ്പിരിന്‍ എന്നതില്‍ കവിഞ്ഞ മറ്റൊരര്‍ത്ഥവുമില്ലാത്ത വ്യായാമമാണ് ഇത്തരം ഭ്രാന്തുകള്‍ . കാരണം, ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കുക എന്നത് ഒരു മനുഷ്യഭാവന മാത്രമാണ്. 

എന്തുകൊണ്ടാണ് ദൈവവും തന്റെ സൃഷ്ടികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കക അസാധ്യമാകുന്നത്? ദൈവം ഒരു വ്യക്തിയല്ലായെന്നതാണ് അതിന്റെ ലളിതമായ കാരണം. എല്ലാ അസ്ഥിത്വത്തിന്റെയും ജീവന്റെയും അടിസ്ഥാനമായ ശക്തിയെന്നാണ് ദൈവശബ്ദംകൊണ്ടു മനസ്സിലാക്കേണ്ടത്. പ്രപഞ്ചത്തില്‍ വ്യക്തിത്വത്തിലേക്ക് വികസിച്ചത് നാമറിയുവോളം മനുഷ്യന്‍ മാത്രമാണ്. അതുതന്നെയാണ് അവനു വിനയായി ഭവിച്ചതും. കാരണം, എല്ലാ സ്വാര്‍ത്ഥതയുടെയും പിന്നില്‍ ഈ വ്യക്തിത്വബോധമാണുള്ളത്. വ്യക്തിത്വം വ്യതിരിക്തതയുടെ (വേര്‍പെട്ടുനില്‍ക്കലിന്റെ) പാരമ്യമായതിനാല്‍ ദൈവതത്തില്‍ വ്യക്തിത്വം ആരോപിക്കുക ബാലിശമാണ്. അതില്‍നിന്നു തന്നെയാണ് പ്രാര്‍ത്ഥനയുടെ കാര്യത്തിലുണ്ടാകുന്ന തെറ്റായ ധാരണയും വന്നുചേരുന്നത്. മറിച്ച്, ദൈവം മനുഷ്യരെ വ്യക്തികളായി കരുതുന്നുണ്ടെന്നുള്ളതിനുതകുന്ന എന്തെങ്കിലും തെളിവുകള്‍ അനുദിനജീവിതത്തില്‍ ഒരിടത്തും കാണാനാവില്ല. സംഭവിക്കുന്നവയെല്ലാം പ്രകൃതിയുടെ നിയമങ്ങളനുസ്സരിച്ചുണ്ടാകുന്നവയാണ്. അവയില്‍ നന്മതിന്മകളെ വേര്‍തിരിച്ചു കാണുന്നതും അവയെ അനുഗ്രഹങ്ങളും ശിക്ഷകളുമായി തരംതിരിക്കുന്നതും മനുഷ്യന്‍ മാത്രമാണ്. അവനു ചേരാത്തത് അവന്‍ തിന്മയായി കരുതുന്നു, അത്രതന്നെ. തന്നില്‍ത്തന്നെ സര്‍വ്വോന്നത നന്മയായതിനാല്‍ ദൈവത്തിനും, നന്മതിന്മയുടെ വേര്‍തിരിവറിയില്ലാത്തതിനാല്‍ പ്രകൃതിയിലുള്ള മറ്റൊന്നിനും തിന്മയെന്നൊന്നില്ല, ഉണ്ടായിരിക്കാനവില്ല. ദൈവകല്പ്പനയെ മറികടന്ന്, നന്മതിന്മകളുടെ വേര്‍തിരിവ് സ്വന്തം അവകാശപരിധിക്കുള്ളില്‍ കൊണ്ടുവന്നശേഷമാണ് "തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ" എന്ന് മനുഷ്യന് യാചിക്കേണ്ടിവന്നത്. 

വ്യക്തിയാണ് തിന്മയുടെ സൃഷ്ടാവെന്ന് അല്പമാലോചിച്ചാല്‍ വ്യക്തമായി മനസ്സിലാകും. എന്തുകൊണ്ടാണ് ചില ചെടികളെ നാം കളകളെന്നു കരുതി നശിപ്പിക്കുന്നത്? നമുക്കുപകാരമുള്ള സസ്യങ്ങളെ പ്രത്യേക ശ്രദ്ധകൊടുത്തു പരിരക്ഷിക്കാന്‍ വേണ്ടി. ഇതേ കഴ്ച്ചപ്പാടുതന്നെയാണ് മറ്റു നന്മതിന്മകളുടെയും പ്രഭവസ്ഥാനം. ബോധോദയം സംഭവിക്കുക എന്നാല്‍ വ്യക്തിപരമായ തലത്തില്‍നിന്നുയര്‍ന്ന്, ചിന്തയിലും പ്രവൃത്തിയിലും അസ്തിത്വത്തിന്റെ ഭാഗമാകുക എന്ന് മാത്രമാണ്. അതുതന്നെയാണ് ദൈവവുമായുള്ള ഐക്യവും. അതുതന്നെയാണ് ശുദ്ധമായ പ്രാര്‍ത്ഥന. അല്ലാതെ, ഓരോ നിമിഷവും ഏതെങ്കിലും തരത്തിലുള്ള അപ്പത്തിനായി യാചിച്ചുകൊണ്ടിരിക്കുകയല്ല. മുട്ടുവിന്‍ തുറക്കപ്പെടും, നിരന്തരം പ്രാര്‍ഥിക്കുവിന്‍ എന്നൊക്കെ സുവിശേഷങ്ങളില്‍ വായിക്കുന്നത് അവനവന്റെ ഇഷ്ടത്തിനു വ്യാഖ്യാനിച്ചാല്‍ യേശുവിന്റെ ആത്മാവബോധത്തില്‍ എത്തുക അത്ര എളുപ്പമല്ല. തന്നെയല്ല, യുക്തിഭദ്രമായ ജീവിതമെപ്പോഴും സാധ്യമല്ല താനും. കാരണം, മിക്കപ്പോഴും മനസ്സിന്റെ നിയത്രണപരിധിയിലല്ല സുന്ദരമായ പലതും – സൌന്ദര്യാവബോധം, ധ്യാനചൈതന്യം, അകൈതവപ്രേമം തുടങ്ങിയവ. എന്നാലിവയൊക്കെയില്ലാതെ എന്ത് ജീവിതസാഫല്യം? പ്രാര്‍ത്ഥനയുടെ നിരന്തരഭാവമുള്ളവര്‍ക്ക് പള്ളികളും അമ്പലങ്ങളും അധികപ്പറ്റായി തോന്നും; അതില്ലാത്തവര്‍ക്കോ, ഉപയോഗശൂന്യവും. നമുക്കുചുറ്റുമുള്ള അനന്തമായ പ്രപഞ്ചവിസ്മയങ്ങള്‍ നമ്മെ നിരന്തരം ദൈവസാന്നിദ്ധ്യം  പഠിപ്പിക്കുന്നില്ലെങ്കില്‍ ദൈവത്തെ പിന്നെ എവിടെ തേടാനാണ്? ദൈവത്തോടുള്ള അടുപ്പമെന്നതുകൊണ്ട് പിന്നെയെന്താണ് ഒരാള്‍ ഉദ്ദേശിക്കുന്നത്? ഈ ചോദ്യം വേണ്ടിവരുന്നതുതന്നെ വ്യാജമായ വ്യക്തിപൂജയെ (അത് അസ്സല്‍ ദൈവമോ ആള്‍ദൈവങ്ങളോ ആകട്ടെ) പ്രോത്സാഹിപ്പിക്കുന്ന മതപ്രവണതകളുടെ അതിപ്രസരംകൊണ്ടാണ്. പുണ്ണ്യവാളന്മാര്‍ , പൂജാരിപുരോഹിതര്‍ , ഖാന്‍ വട്ടായിമാര്‍ തുടങ്ങിയവര്‍ക്ക് ജനത്തിന്റെമേല്‍ ഇന്നുള്ള വെറുപ്പിക്കുന്ന സ്വാധീനവും അന്ധമായ വ്യക്തിസ്വാധീനത്തിന്റെ പാര്‍ശ്വഫലം മാത്രമാണ്. പ്രാര്‍ത്ഥനയെന്നാല്‍ ഇവരെയൊക്കെ ചുറ്റിപ്പറ്റി കഴിയുകയാണെന്നുള്ള അന്ധവിശ്വാസം സാധാരണക്കാരില്‍ ഇന്ന് കൂടുതലായി അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. അങ്ങനെ, സാമാന്യവിവക്ഷയില്‍ പ്രാര്‍ത്ഥന എന്നാല്‍ യാചന അല്ലെങ്കില്‍ സ്തുതിയായി തരംതാഴ്ത്തപ്പെടുന്നു. താനും ഈശ്വരനും ഒന്ന് തന്നെ എന്ന് തിരിച്ചരിഞ്ഞവന് ഇതിന്റെ രണ്ടിന്റെയും ആവശ്യം വരുന്നില്ല. 

പ്രാ – അര്‍ത്ഥന എന്നാല്‍ അര്‍ത്ഥനക്ക് മുമ്പുള്ളത് എന്നാണ്‌. അതുകഴിഞ്ഞുള്ളതുമാണ്. യാചനയാകുന്ന പ്രാര്‍ത്ഥന വെറും അര്‍ത്ഥനയാണ്. അത് ജീവനില്ല്ലായ്മയുടെയും ശുഷ്ക്കതയുടെയും ലക്ഷണമാണ്. ആത്മജീവനുള്ളിടത്ത്, അര്‍ത്ഥനയല്ല, ആഘോഷമാണുണ്ടാവുക. മതിയാകാത്തിടത്താണ് യാചന വേണ്ടിവരുന്നത്. നേര്‍ച്ചകാഴ്ച്ചകളുടെയും അര്‍ച്ചനകളുടെയും ആവര്‍ത്തനപ്പാട്ടുകളുടെയുമൊക്കെ ബഹളങ്ങള്‍ അതൃപ്തിയുടെ സൂചനകളാണ്. എന്നാല്‍ സംതൃപ്തന്‍ (വേണ്ടതെല്ലാം തനിക്കുണ്ടെന്നുള്ള ബോദ്ധ്യത്തില്‍ കഴിയുന്നവന്‍) ഉള്ളതുകൊണ്ടാഘോഷിക്കും. ആള്‍ക്കൂട്ടവും കൂട്ടപ്രാര്‍ഥനയും അവനു വിരസതയേകുകയേയുള്ളൂ. ഇരന്നു വാങ്ങാനും വാരിക്കൂട്ടാനുമുനുള്ള ത്വര - അത് രോഗശാന്തിയോ മറ്റനുഗ്രഹങ്ങളോ ആകട്ടെ - ആത്മീയതയല്ല. അതിന്റെയഭാവമാണ്. എല്ലാം കിട്ടിയിട്ടുണ്ടെന്ന സംതൃപ്തിയില്‍ മാത്രമേ ആത്മീയത പുഷ്ടിപ്രാപിക്കൂ.

സത്യത്തില്‍ എന്താണ് പ്രാര്‍ത്ഥന എന്നത് എല്ലാ മതങ്ങളിലും വിവാദവിഷയമാണ്. അസ്തിത്വത്തിന്റെ ഏകാത്മതയെപ്പറ്റി അല്ലെങ്കില്‍ അഭേദതയെപ്പറ്റി ആഴമായ അവബോധത്തിലെത്തിയവര്‍ക്ക് ആ അവബോധം തന്നെയാണ് പ്രാര്‍ത്ഥന. "ആവേ മരിയാ, നന്മ നിറഞ്ഞവളേ, സ്വസ്തി, ദൈവം നിന്നോട് കൂടെ. നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. നീ പ്രസവിച്ച യേശു അനുഗ്രഹീതനാകുന്നു." യേശുവിന് ജന്മം നല്‍കിയ മറിയത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്നില്ലെങ്കില്‍ ഇത് യഥാര്‍ത്ഥ പ്രാര്‍ത്ഥനയായി കണക്കാക്കാം. അപ്പോള്‍ അത് ഏത്‌ സ്ത്രീയെ കാണുമ്പോഴും, അല്ല, പ്രകൃതിയിലുള്ള എന്ത് കണ്ടാലും, നമുക്കുള്ളില്‍ അലയടിക്കുന്ന ഒരു സംഗീതമായിത്തീരും. എല്ലാറ്റിലും കുടികൊള്ളുന്ന അനന്തമായ വശ്യത, അനന്തമായ സൌന്ദര്യം, ദൈവമെന്നു നാം വിളിക്കുന്ന പരാശക്തിയുടെ നിരന്തര സാന്നിദ്ധ്യം, അതുണ്ടാക്കുന്ന കുളിര്‍മ്മയും അഭയവും സംതൃപ്തിയും നമ്മുടെതായിത്തീരുമ്പോള്‍ , ജീവിതം മൊത്തത്തില്‍ , എല്ലായ്പ്പോഴും  സുന്ദരമായ ഒരു പ്രാര്‍ത്ഥനയായി പരിണമിക്കുന്നു.

ഒരൊറ്റ നന്ത്യാര്‍വട്ടപ്പൂവ്‌ ഒരു കുഞ്ഞ് ഞങ്ങളുടെ കിടപ്പറയില്‍ കൊണ്ടുവന്നു വച്ചു. അതറിയാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ , ഹായ്, മുറി മുഴുവന്‍ വ്യാപിക്കുന്ന അതിന്റെ വശ്യമായ സുഗന്ധം എന്തെന്നില്ലാത്തെ ഒരനുഭൂതിയെയാണ് സൃഷ്ടിച്ചത്. അതും തുടര്‍ച്ചയായി നാല് ദിവസം. ഉണങ്ങിയിട്ടുപോലും അതിന്റെ വാസന തീരുന്നില്ല. ആ സസ്യത്തിന്റെ രഹസ്യ അടുക്കളയില്‍ ഭൂമിയുടെ ഗന്ധത്തിന്റെ ഒരംശമെടുത്ത് സ്വരുക്കൂട്ടിയതാണല്ലോ ഈ അത്ഭുതം. ഇതേ തരത്തിലുള്ള എത്രയെത്ര അത്ഭുതവിന്യാസങ്ങള്‍ പ്രകൃതിയിലുള്ള എന്തും ഏതും നിരന്തരം ഒരുക്കിക്കൊണ്ടിരിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ, മൂക്കുള്ളവര്‍ മണത്തറിയട്ടെ. ഓരോ ഇന്ദ്രിയവും പ്രാര്‍ത്ഥനക്കുള്ള മെഴുകുതിരികളായിത്തീരട്ടെ.

  1. ശരിയാണ് സാക്ജി, ഒരിക്കല്‍ പോലും പ്രാര്‍ഥിക്കാനായി പള്ളിയില്‍ പോയിട്ടില്ലാത്ത യേശുവിന്റെ പേരിലാണ് ഈ പ്രാര്‍ത്ഥനാഭ്യാസങ്ങള്‍ പള്ളികളില്‍ അരങ്ങേറുന്നത്. സാക്കിന്റെ അരം പോലെ മൂര്‍ച്ചയുള്ള വാക്കുകള്‍ക്കു മുമ്പില്‍ മുട്ട് മടക്കാതെ വയ്യാ. പ്രാര്‍ത്ഥനയെപ്പറ്റി അറിഞ്ഞാല്‍ ജിവിതം പൂര്‍ണ്ണമായി എന്നാണു എന്‍റെയും അഭിപ്രായം. സത്യജ്വാലയില്‍ ഈ പോസ്റ്റ്‌ പ്രസിദ്ധികരിക്കുമെന്നും ആശിക്കുന്നു. സാക്ജി ഒരു നിണ്ട അന്വേഷണജിവിതത്തില്‍ നേടിയതാണ് ഇവിടെ സംഗ്രഹിച്ചത്. നന്ദി... ഇങ്ങിനെ, കാലത്തെ അതിജീവിക്കുന്ന പോസ്റ്റുകള്‍ അല്മായാ ശബ്ദത്തെ വേറിട്ടതാക്കട്ടെ എന്ന് ആശംസിക്കുന്നു.

യുക്തിഭ്രംശം കൊണ്ടുവരുന്ന ഭക്തിഭ്രമം

ഞങ്ങളെ സന്ദര്‍ശിച്ചിട്ടു തിരികെ പോകും വഴി എന്റെ ഒരു പരിചയക്കാരിയും മരുമകളും അരുവിത്തുറ, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍ എന്നീ മൂന്നിടങ്ങളില്‍ ഉള്ള പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചിട്ടാണ് പോയത് എന്ന് വിളിച്ചപ്പോള്‍ പറഞ്ഞു. ഒരു സ്ട്രോക്ക് വന്നശേഷം അത്ര സ്ഥിരതയില്ലാത്ത അമ്മായിയപ്പന്‍ കാണുന്നവരെയെല്ലാം തെറിവിളിയാണ്. അദ്ദേഹത്തിനു  സുഖമാകാനും പുലഭ്യം അവസാനിപ്പിക്കാനും വേണ്ടി പുതുമരുമകള്‍ ഒരു വലിയ തുക എല്ലായിടത്തും നേര്ച്ചയിട്ടെന്നും കൂട്ടുകാരി എടുത്തുപറഞ്ഞു. അവള്‍ വലിയ വിശ്വാസിയാണെന്ന കാര്യം കൃതാര്‍ത്ഥതയോടെയാണ് അറിയിച്ചത്.

വാസ്തവത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സഭയിലെ കള്ളപ്പണത്തിന്റെയും പുന്ന്യാളന്മാരുടെ ശക്തിയുടെയും ഉറവിടം എന്നത് വളരെ വ്യക്തമാണ്. ഒരിക്കല്‍ ആരോ എഴുതിയത് വായിച്ച ഓര്‍മ്മയുണ്ട്. അതിങ്ങനെയായിരുന്നു. വിശ്വാസം ഒരു ദാനവും വരവുമല്ലേ? ചോദ്യങ്ങളുയര്‍ത്താത്ത മനസ്സിനും ആശങ്കകള്‍ ആകുലപ്പെടുത്താത്ത ആത്മാവിനും സിദ്ധിക്കുന്ന ഒരു ഗുണമല്ലേ അത്? അമ്മൂമ്മക്കും അമ്മയ്ക്കും മകള്‍ക്കും തലമുറകളായി കിട്ടിയിട്ടുള്ള സഹജാവസ്ഥയല്ലേ അത്? വരവണ്ണം തെറ്റാത്ത വിശ്വാസത്തിന്റെ അവതാരമായി പഴയ നിയമത്തില്‍നിന്ന് അബ്രാഹാമിനെ പൊക്കിക്കാണിക്കാറുണ്ട്. എന്നാല്‍ അങ്ങേരുടേതിനെക്കാള്‍ ശുദ്ധമായ വിശ്വാസമല്ലായിരുന്നോ ഹവ്വായുടെ, മറിയത്തിന്റെ, മഗ്നലെനയുടേത്? ചരിത്രത്തില്‍ അവര്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ബൈബിള്‍കഥകളില്‍ നാമവരെ കാണുന്നത് ചോദ്യങ്ങളുയര്‍ത്താത്ത, ആശങ്കകള്‍ തീണ്ടാത്ത, വിശ്വാസത്തിന്റെ പ്രതിനിധികളായിട്ടാണ്. അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വാ അതേപടി അതങ്ങ് വിഴുങ്ങി. മറിയത്തിന്റെ "അവിടുത്തെ ഇഷ്ടം നടക്കട്ടെ" എന്നത് അതിനേക്കാള്‍ ശക്തിയേറിയതായിട്ടല്ലേ വരച്ചുവച്ചിരിക്കുന്നത്? മഗ്ദലേന ഒട്ടുമേ മോശക്കാരിയായിരുന്നില്ലല്ലോ. അവളുടെ 'റബ്ബൂണി' ഉയര്‍ത്തെഴുന്നേറ്റു എന്ന ന്യൂസ്‌ പുള്ളിക്കാരി കമാന്നൊരക്ഷരം മിണ്ടാതെ ശരിവച്ചില്ലേ? വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നാല്ലോ പോള്‍ എഴുതിയത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍, അത് മാറിപ്പോകും എന്നല്ലേ യേശുവും പറഞ്ഞത്? എന്റെ കുടുംബത്തിലും അയലത്തും ഉള്ള സ്ത്രീകളില്‍ ഏറിയ ഭാഗവും പള്ളി വിതച്ച വിശ്വാസങ്ങളില്‍ കല്ലുപോലെ ഉറച്ചവരാണ്. ഇവയില്‍ നിന്ന് ഒരാളെ ഇളക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ പിണിയാളുകളില്‍നിന്നും  ഒരിക്കലും പ്രതീക്ഷിക്കാന്‍ വയ്യ. എന്നാല്‍ സ്രഷ്ടാവുമായി, ഒരിടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ബന്ധപ്പെടാന്‍ കഴിയും, കഴിയണം, എന്നതാണല്ലോ യേശു നടപ്പിലാക്കിയ വിപ്ലവം. ബുദ്ധനും, മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരു സമൂഹത്തില്‍, ഇതേ വിപ്ലവം കൊണ്ടുവന്നു. സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്ന് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ അത് നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌! സഭയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ യുക്തിഭ്രംശം ഇതാണ്.
 

ആത്മഹത്യയിലേയ്ക്ക് നീങ്ങുന്ന കത്തോലിക്കാസഭ

കത്തോലിക്കാ സഭയിലെ സകല നിഗൂഡതകളും പരസ്യമാക്കപ്പെടുകയാണ്. അവള്‍ സ്വകാര്യതയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധിയുടെ പരിവേഷം തകര്‍ന്ന് തരിപ്പണമാകുകയാണ്. മേലദ്ധ്യക്ഷന്മാരുള്‍പ്പെടെ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ പുറംലോകം അനുദിനം കൂടുതലായി അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു പരസ്യ വേശ്യയുടെ പ്രതീതിയാണ് ഇപ്പോള്‍ സഭക്കുള്ളത്. എല്ലാ മാദ്ധ്യമങ്ങളിലും സഭ വിവസ്ത്രയാക്കപ്പെടുകയാണ്. മെര്‍ലിന്‍ മണ്‍റോ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നതിന് ഓഷോ ഉത്തരം കണ്ടെത്തിയത് ഇങ്ങനെയാണ്. നേടാവുന്നതെല്ലാം അവര്‍ നേടിയിരുന്നു. പക്ഷേ അവര്‍ ആകെ പരസ്യമായിത്തീര്‍ന്ന ഒരു സ്ഥാപനമായി മാറിയിരുന്നു. സ്വകാര്യമായി അവര്‍ക്ക് ആകെ ആകുമായിരുന്നത് സ്വയം ജീവനൊടുക്കുക മാത്രമായിരുന്നു. അതേ രീതിയില്‍, ഇന്നിതാ യാതൊരു വ്യക്തിഗത സ്വത്വവുമില്ലാത്ത ഒരു ആഡംബര പരസ്യജീവിയായി സഭ മാറിയിരിക്കുന്നു.

സഭയുടെ മാദ്ധ്യമങ്ങള്‍ പോലും അറിയാതെ ചെയ്യുന്നതെന്താണ്‌? മറ്റ് നേരമ്പോക്കൊന്നും ഇല്ലാത്തപ്പോള്‍ KCBC അനുഗ്രഹിച്ച ഷാലോം റ്റി.വി ഓണ്‍ ആക്കുക. അസ്സല്‍ മന്ദബുദ്ധികള്‍ - വൈദികരും സ്ത്രീപുരുഷന്മാരും - ദൈവത്തെ ആഡംബരമാക്കുന്ന വൃത്തികെട്ട പരിപാടി കാണാം. നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ ദൈവവുമായി സംഭാഷിക്കുക എന്ന് പറഞ്ഞ യേശിവിനെ ധിക്കരിച്ചുകൊണ്ട് ഷാലോം റ്റി.വി.യില്‍ മൈക്ക്‌ പിടിച്ച സ്ത്രീപുരുഷന്മാരാണ് ദൈവത്തിന്റെയും മദ്ധ്യസ്ഥരുടേയും വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ അനുഗ്രഹങ്ങള്‍ക്കായി നാണംകെട്ടു കേഴുന്നത്. ആന്തരികമായിരിക്കേണ്ടതെല്ലാം അവിടെ ബാഹ്യമാക്കപ്പെടുകയാണ്. ഭക്തിയുടെ ആത്മാവ് അവിടെ നഷ്ടപ്പെടുകയാണ്. യാതൊരു ആന്തരിക സത്തയുമില്ലാത്ത പരസ്യമായി ഭക്തി അവിടെ പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.

ഒരിക്കലുണ്ടായിരുന്ന ആന്തരിക സ്രോതസ്സ് നഷ്ടപ്പെട്ട നിലയിലാണ് ഇന്ന് സഭ. ബാഹ്യ ഭ്രമങ്ങളും സമ്പത്തും അവളുടെ ഉള്നാമ്പുകളെ കരിച്ചുകളഞ്ഞിരിക്കുന്നു. ധ്യാനിക്കാനായി പോകാന്‍ അവള്‍ക്ക് ഒരിടമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ആന്തരികതയുടെ എല്ലാ വിശുദ്ധിയും കളഞ്ഞുകുളിച്ച്, കുടിലവും വൃത്തിഹീനവുമായ അവളുടെ പരസ്യവേഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനിയൊരു ആത്മഹത്യ മാത്രമാണോ ഈ സഭക്ക് ബാക്കിയുള്ളത്?
 
ഇപ്പോള്‍ നടക്കുന്നത് ആത്മഹത്യയില്‍ കുറഞ്ഞ യാതോന്നുമല്ലെന്ന് എത്രയോ പ്രാവശ്യം പലര്‍ ഈ ബ്ലോഗ്ഗിലൂടെ തന്നെ എഴുതിയിരിക്കുന്നൂ . കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ ഒരു രഹസ്യം ഉള്ളിലെ പോരായ്മകള്‍ പുറത്തു വരാന്‍ അവര്‍ അനുവദിക്കാത്തതു തന്നെയാണ്. ഇവിടെ അനിതരസാധാരണമായ ഒരു സ്ഥിതി വിശേഷം തന്നെയാണ് സഭയില്‍ ഇപ്പോഴുള്ളത്. കൊളോണില്‍ വരുന്ന സര്‍വ്വ മലയാളികളെയും സ്വികരിച്ചു വശത്താക്കുന്ന വിരുതന്റെ നേതൃത്വത്തില്‍ നടക്കുന്ന ജെര്‍മ്മന്‍ വിപ്ലവവും , ഇങ്ങു എറണാകുളത്ത് കാക്കനാട് ഭാഗത്ത് ചുറ്റികറങ്ങി ആളായ ഒരു വക്കിലിന്റെയും ഒക്കെ കഥ മാത്രമല്ല അപ്പപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 
ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടിരിക്കുന്നൂ എന്ന ഭാവത്തില്‍ ചലിക്കുന്ന രഥങ്ങളില്‍ കറങ്ങുന്ന ബാവാമാര്‍ അഭയാ കേസിലെ പ്രതികള്‍ വിചാരണ ചെയ്യപ്പെട്ടതുപോലെ ഈ നാട്ടില്‍ വിചാരണ ചെയ്യപ്പെടും. ഭരണ കക്ഷിയില്‍ പെട്ട രണ്ടു എമ്മെല്ലെമാര്‍ ഈ അടുത്തിടെ പറഞ്ഞത്, നല്ലൊരവസരം കാത്തിരിക്കുന്നൂവേന്നാണ്. ഇപ്പോള്‍ സൂചികൊണ്ട് എടുക്കാവുന്നത് അവസാനം JCB കൊണ്ട് എടുക്കും. അപ്പോള്‍ മിച്ചം എന്തെങ്കിലും കാണുമോ? ആര്‍ക്കറിയാം!
 

ഉള്ളിലെ ദേവാലയം (തോമായുടെ സുവിശേഷം)

ഉള്ളിലെ ദേവാലയം

ഒരു പൊതു ചര്‍ച്ചയുടെ ആവശ്യത്തിനായി തോമായുടെ സുവിശേഷം എന്ന പുസ്തകം പലവുരു വായിച്ചപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് യേശു ഉപയോഗിച്ചിരിക്കുന്ന മൂന്നു പ്രതീകങ്ങളാണ്: ഉള്ളിലെ വെളിച്ചം, വിത്ത്, പൈതല്‍. ഇവയിലോരോന്നും തുടക്കത്തില്‍ നിന്ന് വികസിക്കേണ്ടവയാണ്. നാം തന്നെ എങ്ങനെ ദൈവാരാധനയുടെ ആലയം ആയിത്തീരണം എന്നാണു ഇതിലൂടെയെല്ലാം യേശു പറഞ്ഞുതരുന്നത്‌. അസാധാരണമായി ജീവിക്കുന്നതല്ല, മറിച്ച്‌, സാധാരണ ജീവിതത്തില്‍ അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ അല്ലെങ്കില്‍ അവബോധം ഉണ്ടാകുന്നതാണ് ആത്മീയത. ഇവയുണ്ടാകാന്‍ ലളിതമായ കാര്യങ്ങള്‍ മതി താനും. വ്യാഖ്യാനിച്ചു സങ്കീര്‍ണ്ണങ്ങളാക്കാതിരുന്നാല്‍ യേശു പറഞ്ഞതെല്ലാം ഏറ്റവും ലളിതമായ കാര്യങ്ങള്‍ തന്നെയായിരുന്നു. "കുര്ബാനയെന്ന ബലി" തന്നെ തെറ്റായ വ്യാഖ്യാനത്തിന് ഒരു നല്ല ഉദാഹരണമാണ്. പകലിലെ ചുറ്റിക്കറങ്ങലും പണികളുമൊക്കെ കഴിഞ്ഞുള്ള സന്ധ്യാവേളയിലാണ് യേശുവും കൂട്ടുകാരും അന്ത്യത്താഴത്തിനു കൂടിയത്. ഇതിന്റെ ഓര്മ്മയായ പള്ളികളിലെ കുര്‍ബാന രാവിലെയാണ്. ഭക്ഷണം വിളമ്പുമ്പോള്‍, ഇതെന്റെ ശരീരവും രക്തവും എന്നുള്ള ചൊല്ല്. അതിന്റെ പൊരുള്‍ വാസ്തവത്തില്‍, ഇത് ഞാനാണെന്ന് കരുതുക എന്നാണ്. എന്നെ ഭക്ഷിക്കുക എന്നതിനര്‍ത്ഥം, ഞാന്‍ പറഞ്ഞു തരുന്നത് ഉള്‍ക്കൊള്ളുക, എന്റെ അവബോധത്തില്‍ നിങ്ങളും പങ്കാളികളാകൂ എന്നാണ്. ഇന്ന് പള്ളിയില്‍ പറഞ്ഞു കൊടുക്കുന്ന അര്‍ത്ഥമാകട്ടെ ജീവിതത്തില്‍ ഒന്നും നേടിത്തരുന്നില്ല. ഒരവബോധത്തിലേയ്ക്കും നയിക്കുന്നുമില്ല. പകരം, ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വെറുതേ മുതിര്‍ന്നവരില്‍ അവിശ്വാസം ജനിപ്പിക്കാന്‍ വഴിയാകുകയെയുള്ളൂ. എന്റെ മകന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, ആദ്യകുര്ബാനയുടെ ദിവസം അവന്റെ കൂട്ടുകാരില്‍ ചിലര്‍ ഓസ്തി ആരും കാണാതെ പോക്കറ്റിലിട്ടു. പുറത്തു കടക്കുമ്പോള്‍, അതില്‍ എന്താണുള്ളത് എന്ന് ശരിക്കും പരിശോധിക്കാന്‍! 

സലൊമോനെയും ലില്ലിപ്പൂക്കളെയും തമ്മില്‍ താരതമ്യപ്പെടുത്തിയ ഹൃദയഹാരിയായ വാക്കുകളില്‍ നിന്ന് വസ്ത്രത്തെക്കള്‍ എത്രയോ പ്രധാനവും സുന്ദരവുമാണ് ശരീരം എന്ന സത്യം ആരെങ്കിലും ഗ്രഹിക്കുന്നുണ്ടോ? ഈ ഓണക്കാലത്ത് പ്രത്യേകിച്ച്, പുതുപ്പുടവകള്‍ക്കും ആഭരണങ്ങള്‍ക്കുമായി എന്തൊരു നെട്ടോട്ടമാണ്? ഖനീഭവിച്ച ഊര്‍ജ്ജം ദ്രവ്യമാകുന്നതുപോലെ, ഖനീഭവിച്ച ആശയങ്ങള്‍ മാത്രമാണ് മതങ്ങള്‍ മനുഷ്യന് നല്‍കുന്നത്. തോമസിന്റെ സുവിശേഷത്തില്‍ ആവശ്യപ്പെടുന്ന നിരന്തര ചലനം വിശ്വാസത്തിന്റെ തീരങ്ങളില്‍ ഉണ്ടാകുന്നില്ല. ആത്മീയ ചിന്തകളെല്ലാം മരവിച്ചുപോയിരിക്കുന്നു.

തന്നെ വ്യക്തിപരമായി നോവിച്ചവരോടെ യേശു പകരം വീട്ടിയില്ല. എന്നാല്‍, മൂല്യനിരാസത്തിലൂടെ സാധാരണക്കാരെ നിരന്തരം ദ്രോഹിച്ചവരെ അവിടുന്ന് വാക്കുകൊണ്ടും ചാട്ടവാറുകൊണ്ടും പ്രഹരിക്കാന്‍ മടിച്ചില്ല. ഇന്ന് ഇക്കാര്യത്തില്‍ മേലാളന്മാര്‍ കുറ്റക്കാരാകുന്നിടത്തു വിശ്വാസികള്‍ മൌനികളാകരുത്. എന്നാല്‍ പള്ളി കച്ചവടസ്ഥലങ്ങളാകുന്നത് വൈദികരുടെ മാത്രം അവമതികൊണ്ടല്ല. അനുഗ്രഹങ്ങള്‍ ആഗ്രഹിച്ചു മാത്രം അവിടെ പോകുന്നതും കച്ചവടമനസ്ഥിതിയെ ആണ് കാണിക്കുന്നത്. നേര്‍ച്ചയിട്ടാല്‍ ആഗ്രഹം സാധിച്ചുകിട്ടുമായിരിക്കും എന്നുള്ള ചിന്തയും മൂല്യച്ചുതിയാണ്. അങ്ങനെ ചെയ്യാന്‍ ഒരുമ്പെട്ട ഒരു ശിമയോനെ പത്രോസ് കഠിനമായി ശപിക്കുന്ന ഒരു സംഭവം സുവിശേഷത്തില്‍ ഉണ്ട്. ദൈവവും പണവുമായി ബന്ധം സാദ്ധ്യമല്ല എന്ന് പുരോഹിതര്‍ മാത്രമല്ല, വിശ്വാസികളും അറിയണം, അത് ജീവിതത്തില്‍ കാണിക്കുകയും വേണം.

അതുതന്നെ സഭക്ക് അനിവാര്യ കാരണമാണ്, സ്വയം ഭൌതികകാര്യങ്ങളില്‍ നിന്ന് വിരമിക്കാന്‍. പാവങ്ങള്‍ക്കാവശ്യമായ സ്കൂളുകളും ആശുപത്രികളുമൊക്കെ തുടങ്ങിക്കൊടുക്കുക ഒരു കാലത്ത് ആവശ്യമായിരുന്നു. എന്നാല്‍ ദരിദ്രര്‍ക്ക് ഇന്ന് അപ്രാപ്യമായ നിലയിലെത്തിയിരിക്കുന്ന പ്രസ്ഥാനങ്ങളെ മറ്റു നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുത്തിട്ട്‌ കൈമോശം വന്ന ജീവിതാര്‍ത്ഥങ്ങളെ തിരഞ്ഞു പോകാന്‍ സഭ തയ്യാറാവണം. ശ്രീരാമകൃഷ്ണപരമഹംസന്‍ പറയാറുണ്ടായിരുന്ന കഥയാണ്‌. വനവാസത്തിനിടയില്‍ ഒരിക്കല്‍ രാമന്‍ തന്റെ വില്ല് ഒരു മരപ്പൊത്തില്‍ വച്ചു. പിന്നീടത്‌ തിരിചെടുത്തപ്പോള്‍ അതില്‍ ഒരു തവള കുരുങ്ങിക്കിടക്കുന്നു. രാമന്‍ വേദനിച്ചു ചോദിച്ചു: നിനക്കൊന്നു വിളിച്ചു കരയാന്‍ മേലായിരുന്നോ? തവള പറഞ്ഞു: എന്റെ അമ്മ പഠിപ്പിച്ചിരുന്നു, എതാപത്തിലും രാമനെ വിളിച്ചു കരയാന്‍. എന്നാല്‍, ആ രാമന്‍ തന്നെ എന്റെ വായില്‍ വില്ല് കുത്തി നിറുത്തിയാല്‍, ഞാനെങ്ങനെ, ആരെ വിളിച്ചു കരയും?

കല്ലും സിമെന്റും കൊണ്ടുള്ള ദേവാലയങ്ങള്‍ പണിതുകൂട്ടുകയും അങ്ങനെ വിശ്വാസികളെ ദൈവത്തിലേയ്ക്ക് നയിക്കുന്നുവെന്ന് അഭിമാനിക്കുകയും ചെയ്യുന്നവരെപ്പറ്റി അടുത്ത കാലങ്ങളില്‍ വളരെയധികം കോലാഹലങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം ആത്മീയതയെപ്പറ്റിയുള്ള തെറ്റായ ധാരണകളാണ് സ്വരച്ചേര്‍ച്ചയെ ശിഥിലമാക്കുന്നത്. ഉള്ളിലെ വെളിച്ചത്തോടുള്ള ആഭിമുഖ്യമല്ലേ ആത്മീയത? യേശുവിന്റെ മനസ്സിലുണ്ടായിരുന്ന ദേവാലയസങ്കല്‍പം ഇക്കാര്യത്തില്‍ ഒരു സംശയത്തിനും ഇടനല്‍കുന്നില്ല. കിണറ്റുകരയിലിരുന്ന് ശമരിയാക്കാരിയോടു സംസാരിച്ചപ്പോളും മറ്റവസരങ്ങളിലും അവിടുന്ന് പറഞ്ഞത് അവനവന്റെ ഉള്ളില്‍ വസിക്കുന്ന ദൈവത്തെ മാത്രം ആരാധിക്കുക എന്നാണ്. ഈ അവബോധത്തിന്റെ നേരെ എതിരാണ് സഭ ചെയ്യുന്നതായി നാം കാണുന്നത്. സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളോട് ഒരു പൊരുത്തവും ഇല്ലാത്ത വിധത്തിലുള്ള പടുകൂറ്റന്‍ സൌധങ്ങള്‍ എല്ലായിടത്തും ഉയരുകയാണ്. ഇതൊരു വലിയ അപരാധമല്ലേ? പള്ളിയിലെ ദൈവസമ്പര്‍ക്കം ജീവിതത്തിന്റെ ഇടവേളകളിലേയ്ക്ക് ദൈവത്തെ ഒതുക്കുകയാണ് ചെയ്യുന്നത്. സ്വന്തം സത്ത തന്നെയാണ് ദൈവത്തിന്റെ ആലയം എന്ന സത്യത്തെ മറച്ചു കളയുകയാണ് ഓരോ പള്ളിയും ചെയ്യുന്നത്. അവക്കുള്ളില്‍ മാത്രമല്ല, ഇത്തരം ഇടങ്ങളില്‍ ചെന്നുപെടുന്ന മനുഷ്യന്റെ മനസ്സിലും ദൈവവുമായുള്ള അടുപ്പം കുറയാനാണ് സാധ്യത. 

അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ പോറ്റിയതിന്റെ അര്‍ത്ഥം എന്തെന്ന് ഈയിടെ ഒരാള്‍ ഇങ്ങനെയാണ് വിവരിച്ചത്. സ്വതവേ സ്വാര്‍ത്ഥരായ യഹൂദര്‍ സ്വന്തമാവശ്യത്തിനുള്ളതും അല്പം കൂടുതലും വകകള്‍ എപ്പോഴും കരുതിയിരിക്കും. അവിടെ കൂടിയിരുന്നവരില്‍ മിക്കവരുടെയും കൈവശം ഭക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞ്‌ അവ അന്യര്‍ക്കും വീതിച്ചുകൊടുക്കാന്‍ യേശു അവസരം ഒരുക്കി അവരെ പ്രേരിപ്പിച്ചു എന്നതാണ് അവിടെ നടന്നയദ്ഭുതം. ശിഷ്യരുടെ കൈവശമുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും മുന്നോട്ടു കൊണ്ടുവരാനും അടുത്തു നില്‍ക്കുന്നവര്‍ക്ക് പങ്കിടാനും അവിടുന്ന് ആജ്ഞാപിക്കുന്നു. അത് കണ്ട്‌, ബാക്കിയുള്ളവരും അങ്ങനെ ചെയ്യുന്നു. ഏവര്‍ക്കും തിന്നു തൃപ്തിയാകാനുള്ള വകയും അതിലധികവും സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു! അപ്പോള്‍, ഉള്ളത് പങ്കുവയ്ക്കാനുള്ള ശീലമാണ് ഇന്നും നമുക്കില്ലാത്തത്. പള്ളികളില്‍ ഇലക്ട്രോണിക് വാദ്യോപകരണങ്ങളും മൈക്കും വച്ച് എത്ര സ്വരമുണ്ടാക്കിയാലും ഇത്തരം അദ്ഭുതങ്ങള്‍ ഉണ്ടാവില്ല. സ്വിസ് ബാങ്കുകളിലും വത്തിക്കാനിലുമെന്നപോലെ ഓരോ അരമനയിലും പല തലമുറകള്‍ക്കാവശ്യമായത്ര അളവില്ലാത്ത ധനം പൂഴ്ത്തിവച്ചുകൊണ്ട് എങ്ങനെയാണ് ഇന്നത്തെ പുരോഹിതനും മെത്രാനും ജനത്തോടോത്തു പ്രാര്‍ത്ഥിക്കാനാവുക, ഇന്നത്തേയ്ക്കുള്ള ആഹാരം ഞങ്ങള്‍ക്ക് തരണേയെന്ന്! സമ്പത്തും ആഡംബരവും ആന്തരിക ശൂന്യതയുടെ അടയാളമാണ്. കാപട്യമാകട്ടെ ദൈവനിഷേധത്തിന്റെയും.

തോമായുടെ സുവിശേഷം കടുകുമണിയുടെ ഉപമ

യേശുവിനെക്കുറിച്ചുള്ള കുറിപ്പുകളില്‍ ആദ്യത്തേത് എന്ന് കരുതപ്പെടുന്ന തോമസിന്റെ സുവിശേഷം 114 യേശു-വാക്യങ്ങളില്‍ ഒതുങ്ങുന്നു. ഇവയിലോരോന്നും ആത്മാവിനുള്ളില്‍ വികാസം നേടേണ്ട ആശയ-കടുകുമണികളാണെന്ന അര്‍ത്ഥത്തില്‍ ഓഷോ അവയെ വ്യാഖ്യാനിച്ചിട്ടുണ്ട്, "The Mustard Seed" (HarperCollins Publ.) എന്ന ഗ്രന്ഥത്തില്‍. ഈ  പുസ്തകത്തിന്റെ ഉപശീര്‍ഷകം The gnostic teachings of Jesus the Mystic എന്നാണ്. വടക്കേ ഈജിപ്തില്‍ 1945 ല്‍ കണ്ടെത്തിയ Nag Hammadi Text ന്റെ ഭാഗമായിട്ടാണ് തോമസിന്റെയും മഗ്ദലെനയുടെയും സുവിശേഷങ്ങള്‍ ലഭിച്ചത്. ഇവയുടെ ഉള്ളടക്കത്തില്‍ നിന്ന് വെളിപ്പെടുന്നത്, യേശു ഭൌതികാര്‍ത്ഥത്തില്‍ അല്ല, മറിച്ച്, നമ്മുടെ ആന്തരിക ലോകത്തിലെ വിപ്ലവകാരിയായിരുന്നു എന്നാണ്.
സഭ ഔദ്യോഗിക ദൈവവചനം എന്ന് സ്ഥാനംകൊടുത്ത മറ്റു നാല് സുവിശേഷങ്ങളില്‍ കാണുന്ന അത്ഭുതങ്ങളോ കുരിശുമരണമോ അതിനു മുമ്പുള്ള പീഡനമോ അത് കഴിഞ്ഞുള്ള ഉഥാനമോ ഒന്നും ഇവയിലോ ഇതുപോലുള്ള മറ്റു ആദ്യകാല കുറിപ്പുകളിലോ ഇല്ല. ചില വിശ്വാസികള്‍ കുറിച്ചിട്ട ഗുരുവിന്റെ അരുളുകള്‍ മാത്രമാണിവ. ഗ്രന്ഥകര്‍ത്താവിന്റെ പേരില്‍ ഒരു കാര്യവുമില്ല. അത് ഒന്നോ അധികമോ ആള്‍ക്കാര്‍ ആകാം. തന്നെയല്ല, കണ്ടമാനം കൈകടത്തലുകള്‍ നടത്തിയ കൃതികളാണ് ഈ ആദ്യ യേശു-കൃതികളും അതുപോലെ നാമിപ്പോള്‍ സുവിശേഷങ്ങളായി ആദരിക്കുന്ന ക്രിസ്തു-കൃതികളും. അന്നേരത്തെ ആവശ്യമനുസരിച്ച് അന്യരുടെ കുറിപ്പുകളില്‍ വ്യതിയാനം വരുത്തുക, ആധികാരികതക്കുവേണ്ടി അന്ന് അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്ന ഒരാളുടെ പേരില്‍ പകര്‍പ്പുകള്‍ ഉണ്ടാക്കുക എന്നതൊക്കെ അന്ന് സ്ഥിരം നടപ്പുള്ള കാര്യങ്ങളായിരുന്നു. അതിനാല്‍, തോമ്മായുടെ എഴുത്തിലും ഓരോ വിഭാഗക്കാരുടെ വിശ്വാസസംഹിതക്കനുസാരമായി വീണ്ടും വീണ്ടും മാറ്റങ്ങള്‍ വരുത്തി എന്നത് സംശയരഹിതമാണ്‌. പിന്നെപ്പിന്നെ, തല്‍പ്പര കക്ഷികളുടെ അധികാരത്തിനും വരുമാനത്തിനുമായുള്ള ആശയങ്ങളും സഭയുടെ "വിശുദ്ധ" ലിഖിതങ്ങളില്‍ കയറിക്കൂടിയിട്ടുണ്ട് എന്നോര്‍ത്തിരിക്കുന്നത് നന്ന്. എന്നിരുന്നാലും യേശു നല്‍കിയ ചില കാതലായ ചിന്തകള്‍ അവയിലൂടെ നമുക്ക് കൈവരുന്നുണ്ട്‌. തോമ്മായുടെ സുവിശേഷത്തില്‍ അവിടവിടെയായി ചിതറി കിടക്കുന്ന ചില പ്രധാന ആശയങ്ങള്‍ ഇവിടെ ബന്ധിപ്പിച്ചും സംഗ്രഹിച്ചും എടുത്തെഴുതുകയാണ്.

1. ഒരു വലിയ സസ്യമായി പൊട്ടിമുളച്ചു വളരേണ്ട കടുകുമണി പോലെയാണ് ദൈവരാജ്യം.
അത് സാക്ഷാത്ക്കരിക്കുവാന്‍ ഏകാന്തതയെ സ്നേഹിക്കുക. 

2. വിശ്രാന്തി ആഗ്രഹിക്കുന്നവന്‍ നടപ്പുരീതികളുമായി മല്ലിടാന്‍ തയ്യാറാകണം - അതായത്, അവനവനോടുള്ള യുദ്ധം. എന്റെയുള്ളില്‍ ഈ  അഗ്നിയുണ്ട്. ഈ അഗ്നിയിടാനാണ് ഞാന്‍ വന്നത്. 

3. നിങ്ങളുടെ ഉത്ഭവം എവിടെയെന്നു നിങ്ങള്‍ക്കറിയുമോ? പിന്നെയെന്തിനാണ് നിങ്ങളുടെ അന്ത്യത്തെപ്പറ്റി ആകുലരാകുന്നത്?

4. ഭൌതികമായവയില്‍ ഉറച്ചുപോകുന്നവന്‍ അവിടെത്തന്നെ മരിക്കുന്നു. ഈ ഭൂമിയില്‍ കൃഷി നടത്തി കടന്നുപോകേണ്ട വഴിയാത്രക്കാര്‍ മാതമാണ് നാം. ഫലത്തെ ഇഷ്ടപ്പെടുന്നവന്‍ അത് തരുന്ന മരത്തെ വെറുക്കരുത്. 

5. നിന്റെ കണ്ണിന്റെ കൃഷ്ണമണി പോലെ അന്യനെയും കരുതുക. നീ വെളിച്ചം കണ്ടെത്തിയാല്‍ അത് മറ്റുള്ളവര്‍ക്കും പ്രകാശമാകട്ടെ. ജ്ഞാനത്തിന്റെ താക്കോല്‍ ലഭിച്ചവന്‍ അതൊളിച്ചുവയ്ക്കരുത്.

6.ഞാന്‍ പ്രകാശമാകുന്നു. സ്വയം പ്രകാശിച്ചവന്‍ കല്ലും തടിയും പോലും പ്രകാശമാക്കുന്നു.

7. മനുഷ്യരില്‍ വലിയവനായിരുന്നു യോഹന്നാന്‍. എന്നാല്‍ സ്വന്തം ഉള്ളിലെ ദൈവരാജ്യത്തെ (പ്രകാശത്തെ) അറിയുന്നവന്‍ അതിലും വലിയവനാകുന്നു. 

8. രണ്ടു യജമാനന്മാരെ സേവിക്കുക, പഴയ തുരുത്തില്‍ പുതിയ വീഞ്ഞ് സൂക്ഷിക്കുക, പഴയ തുണിയോടു പുതിയത് തുന്നിച്ചേര്‍ക്കുക ഇവയൊക്കെ വിഡ്ഢികള്‍ ചെയ്യുന്നു.

9. സാഹോദര്യ സ്വരുമയുടെ മുമ്പില്‍ ഒരു മല പോലും വഴിമാറിത്തരും.  

10. ആത്മാവില്‍ ദാരിദ്ര്യം - എല്ലാം ഉപേക്ഷിക്കല്‍ - ആണ് എല്ലാം നല്‍കുന്നത്.

11. ഉപരിതലത്തെ ഗൌനിക്കുന്നതിനു പകരം ഉള്ളില്‍ തെരയുക, നിങ്ങള്‍ കണ്ടെത്തും. ആദ്യത്തെ അല്പം വെളിച്ചം പുളിമാവു പോലെ വികസിച്ച് എല്ലാം പ്രകാശപൂരിതമാക്കും.

12. കാത്തിരുന്നാല്‍ വരുന്നതല്ല ദൈവരാജ്യം. അത് എവിടെയും വ്യാപിച്ചിരിക്കുന്നു. കണ്ടെത്തുക മാത്രമാണ് വേണ്ടത്. 

13. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം പണ്ടേ സംഭവിച്ചു കഴിഞ്ഞു. പൂര്‍ണമായ ചലനവും പൂര്‍ണമായ വിശ്രാന്തിയുമാകട്ടെ ജീവിതം.  

കടുകുമണിയുടെ ഉപമ
ഓരോ കുരുവും ഒരാശ്ചര്യമാണ്. കുരുവിന്റെ മുഴുപ്പ് കുറയുന്തോറും ആശ്ചര്യത്തിന്റെ അളവ് കൂടുതലാണ്. അതായിരിക്കാം യേശു തന്റെ ഉപമയില്‍ വളരെ ചെറുതായ കടുകുമണിയെ തിരഞ്ഞെടുത്തത്. പക്ഷേ, നാം ശ്രദ്ധ കൊടുക്കുന്നില്ലെങ്കില്‍, ഓരോ ആശ്ചര്യചിഹ്നവും വളഞ്ഞുകുത്തി ഒരു ചോദ്യചിഹ്നമായി അവിടെ നില്‍ക്കും. അത് വീണ്ടും നിവരുക അത്ര നിഷ്പ്രയാസമല്ല. ഓരോ കുരുവും ഒരു ഗര്ഭപാത്രമാണ്. പൌലോസ് യേശുവിനെപ്പറ്റി പറയുന്നതുപോലെ, യുഗാരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ നിങ്ങള്ക്ക് വെളിപ്പെടുത്തിയിരിക്കുന്നു.  . . . ഈ രഹസ്യമാകട്ടെ, മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നുള്ളത് തന്നെ. (കൊളോ. 1, 26-27) കേളി എന്ന കൃതിയില്‍ ഫാ. ബോബിജോസ് കട്ടിക്കാട്ട് ചൂണ്ടിക്കാണിക്കുംപോലെ  മതങ്ങളും പുരോഹിതരും കൂദാശകളും ധ്യാനകേന്ദ്രങ്ങളും എല്ലാം നമ്മോടു പറയുന്നത് പുറത്തു നാം കാണിക്കേണ്ട, ജപിക്കേണ്ട, ആര്‍ത്തുവിളിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്. ഉള്ളിലൊരു ചക്രവാളമുഉണ്ടെന്ന് പഠിപ്പിക്കുവാന്‍ അവര്‍ തയ്യാറാവുന്നില്ല.
ഓരോ കുരുവിലും പ്രകൃതി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആകാശത്തെയും ഭൂമിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചക്രവാളത്തെയാണ്. അവിടെയത് സുഷുപ്തിയിലാണ്, നീരും വായുവും അതിനെ തട്ടിയുണര്‍ത്തുംവരെ. ബോബിജോസ് തന്നെ പറയുമ്പോലെ, അതിനെ കുണ്‍ഡലിനി (മറഞ്ഞിരിക്കുന്ന ഊര്‍ജ്ജം) എന്നോ ഉറങ്ങുന്ന ബുദ്ധന്‍ എന്നോ വിളിക്കാം. നിസ്സാരമെന്നു തോന്നിപ്പിക്കുന്ന ഒരു കടുകുമണിയെ കൈയിലെടുക്കുമ്പോള്‍ (ആരെങ്കിലും ഒരു കടുകുമണിയായി കൈയിലെടുക്കാന്‍ മെനക്കെടാറുണ്ടോ!) അതില്‍ അനന്തമായ ജീവന്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വിചാരിക്കാന്‍ നാം എന്നാണു പഠിക്കുക? അത് മുളപൊട്ടി വളര്ന്നാലോ? കൃസൃതിയും ആരവങ്ങളുമായി പക്ഷികള്‍ അതിന്റെ ശിഖരങ്ങളില്‍ ചാടിക്കളിക്കാന്‍ വരുന്നു. 
ദൈവരാജ്യത്തെ ഒരു കടുകുമണിയോടു ഉപമിക്കാം എന്ന് പറയുന്നിടത്ത് യേശു എന്ന ഗുരുവിന്റെ കാവ്യഭാവന അതിന്റെ കൊടുമുടിയിലാണ്.  

"തോമസ്‌ സുവിശേഷത്തിന്റെ പ്രധാന സന്ദേശം സ്വയം അറിയുക, സ്വയം നമ്മെതന്നെ കണ്ടെത്തുക എന്നുള്ളതാണ്. കൂടാതെ ഈ ഭൌമിക സഞ്ചാരലോകത്തിലൂടെ പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ചു ധ്യാനിച്ച്‌ ദൈവരാജ്യത്തിന്റെ താക്കോല്‍ സ്വയം കണ്ടെത്താമെന്നും സുവിശേഷം പറയുന്നു." (ജോസഫ് പടന്നമാക്കല്‍)

ഇന്നത്തെ റീത്ത് അടിപിടികള്‍ക്ക് സമാനമായ വഴക്കുകള്‍, എന്നാല്‍ കൂടുതലും ആശയപരമായവ, ആദിമാസഭയിലും ഉണ്ടായിരുന്നു. ഓരോരോ സമയത്ത് ഓരോരോ വിഭാഗക്കാര്‍ പൌലോസിനെ അല്ലെങ്കില്‍ പത്രോസിനെ അല്ലെങ്കില്‍ യാക്കോബിനെ ഒന്നാം സ്ഥാനത്തു പ്രതിഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു എന്നും അതിനു ചേരുന്ന വികൃതികള്‍ മൂലകൃതികളില്‍ നടത്തിയിരുന്നു എന്നും ഇന്ന് വ്യക്തമാണ്. തോമസിന്റെ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം ദൈവരാജ്യം ആണ്. ദൈവപുത്രനെന്നോ രക്ഷകനെന്നോ ഉള്ള സംജ്ഞ ഒരിടത്തുമില്ല. ലാളിത്യം, എളിമ, മിതത്വം, സ്വരുമ, ക്ഷമ, സമ്പത്തിനോടുള്ള വിരക്തി എന്നിവയാണ് യേശുവിന്റെ വചനങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്. അക്കാലത്തുണ്ടായിരുന്ന ഗൂഡജ്ഞാനക്കാരുടെയും (ജ്ഞാനവാദികള്‍) ബുദ്ധാനുയായികളുടെയും നസ്രീനുകളുടെയും ചിന്തയില്‍ ജീവിതത്തിന്റെ സ്രോതസ്സുകളിലെയ്ക്ക് തിരികെ പോകുക എന്ന ആശയമുണ്ടായിരുന്നു. തെന്റെ മുന്‍ഗാമി യോഹന്നാനെപ്പോലെ യേശുവും നസ്രീന്‍ വിഭാഗത്തില്‍ അംഗമായിരുന്നു എന്നാണു പണ്ഡിതര്‍ ഇന്ന് വിശ്വസിക്കുന്നത്. അതങ്ങനെ അല്ലെങ്കിലും, എസ്സനികള്‍ സിലോട്ടുകള്‍ ഇസ്ക്കരിയോട്ടുകള്‍ ബുദ്ധസന്യാസികളോട് സാമ്യമുള്ള അലെക്സാന്ദ്രിയായിലെ തെറാപുട്ടെകള്‍ ഇവയിലൊന്നിനോട് ആശയപരമായ യോജിപ്പ് യേശുവിന്റെ വചനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇവരാരും വീഞ്ഞും മാസവും ഉപയോഗിച്ചിരുന്നില്ല. വീഞ്ഞും മാംസവും കഴിക്കുന്ന യേശുവിനെ ഗ്രീക്ക് പുരാണത്തിലെ ദൈവങ്ങളുടെ രൂപം കൊടുത്തു പിന്നീട് എപ്പോഴോ ഉണ്ടാക്കിയതാണ്. കുരിശില്‍ എഴുതിയ തൂക്കിയ പലകയില്‍ നസ്രീനായ യേശു എന്നായിരുന്നു. Jesus Nazrenus Rex Judeorum എന്നതിലെ Nazrenus പദത്തിന് നസറെത്തുകാരന്‍ എന്നര്‍ത്ഥം സാദ്ധ്യമല്ല, കാരണം നസറെത് എന്ന സ്ഥലപ്പേരുണ്ടായത് മൂന്നാം ശതാബ്ദത്തിലാണ്.