മതാദ്ധ്യയനത്തില്‍ കൃത്രിമം (3)

വേദപാഠം - പ്രകാശത്തിന്റെ പാതകള്‍ - ഒന്‍പതാം ക്ലാസ് 


ഈ പുസ്തകത്തില്‍കൂടി കണ്ണ് ഒന്നോടിച്ചപ്പോള്‍ കണ്ടെത്തിയ ചില ഭാഗങ്ങള്‍ ഒട്ടും സുതാര്യതയില്ലാത്തവയും ഒട്ടൊക്കെ തെറ്റിധരിപ്പിക്കുന്നവയും ആയി എനിക്ക് തോന്നി. വിശ്വാസത്തെയും സഭാജീവിതത്തെയും  ബാധിക്കുന്ന കാര്യങ്ങളില്‍ ഇത്രമാത്രം അവ്യക്തതയും അസ്ഥിരതയും മാതാപിതാക്കളെയെങ്കിലും  ആശങ്കപ്പെടുത്തേണ്ടതാണ്. മതാദ്ധ്യയനഗ്രന്ഥങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ക്ക് തന്നെ അവയിലെ പഠനങ്ങള്‍ തൃപ്തികരമാണോ എന്നത് മറ്റൊരു വശമാണ്. അങ്ങനെ ചോദിക്കാന്‍ അല്മായര്‍ക്ക് എന്തധികാരം എന്നൊരു മറുചോദ്യമേ ഉണ്ടാകൂ. എന്നാലും ചിലതൊക്കെ കുറിക്കാതിരിക്കാന്‍ വയ്യ.

താള്‍ 26 - കോഴ കൊടുക്കുന്നത് പാപമാണെന്നു കുറിച്ചിട്ടുണ്ട്. എന്നാല്‍ കോഴ വാങ്ങുന്നതിനെപ്പറ്റി ഒരു വാക്ക് പോലും കാണുന്നില്ല. ഇതിലൊരു ഒളിച്ചുകളിയുണ്ടെന്നു വേണം കരുതാന്‍. അതായത്, ആവശ്യം വരുമ്പോള്‍, വിശ്വാസികള്‍ സ്വന്തം റിസ്കില്‍ കോഴ കൊടുത്ത് പാപികളാകട്ടെ; അത് കോഴ വാങ്ങുന്ന അധികൃതരുടെ പ്രശനമല്ല. അവരാകട്ടെ തദ്വാരാ പാപികളാകുന്നുമില്ല (!) എന്നാണോ കുട്ടികള്‍ മനസ്സിലാക്കേണ്ടത്?

താള്‍ 31, 32 - സത്യം, അസത്യം: സത്യത്തിനെതിരായ പാപങ്ങളെപ്പറ്റിയുള്ള ബോധനത്തില്‍, മോഷണം ശ്രദ്ധയില്‍ പെട്ടാല്‍, തിരുത്താന്‍ അവകാശമുള്ളവരോട് അത് വെളിപ്പെടുത്തണം എന്ന് പറഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ അത് തിന്മക്ക് (കാര്യലാഭം) സാക്ഷ്യം വഹിക്കലാണ്, ഭീരുത്വമാണ്, എന്നും. സഭാധികാരികള്‍ നിത്യമെന്നോണം കള്ളത്തരം കാണിക്കുന്നതും കള്ളസാക്ഷി പറയുന്നതും നിയമനടപടികളില്‍ സ്വന്തം ഭാഗം ജയിക്കാന്‍ വക്കീലന്മാരെയും വിധികര്‍ത്താക്കളെയും സ്വാധീനിക്കുന്നതും കാണുന്ന വിശ്വാസികള്‍ അതൊക്കെ വാക്കാലും എഴുത്തിലൂടെയും രേഖപ്പെടുത്തുമ്പോള്‍, അവര്‍ക്കെതിരെ ശാപവാക്കുകളുമായി തിരിയുന്ന പട്ടക്കാരെ അപ്പോള്‍ എന്ത് ചെയ്യണം? അവര്‍ തന്നെ പറയട്ടെ. വേദപാഠക്ലാസിലെ കുട്ടികള്‍ക്കും സാമാന്യ വിവരം ഉണ്ടല്ലോ. ഇങ്ങനെയൊക്കെ പഠിപ്പിക്കുകയും പ്രവൃത്തിയില്‍ അവയൊക്കെ പാടേ  മറക്കുകയും ചെയ്യുന്ന സഭയെപ്പറ്റി അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് വേദാദ്ധ്യാപകര്‍ ഒരിക്കലെങ്കിലും ആത്മശോധന നടത്തുന്നുണ്ടോ?


താള്‍ 37 -  ശമരിയാക്കാരിയുമായുള്ള യേശുവിന്റെ സംഭാഷണത്തിലെ അതിപ്രധാനമായ വിഷയം - ദൈവത്തെ ആ മലയിലോ ഈ മലയിലോ (പള്ളികളില്‍) അല്ല, മറിച്ച്, ഓരോരുത്തരുടെയും ഹൃദയമാകുന്ന ദേവാലയത്തില്‍ വേണം ആരാധിക്കാന്‍ എന്ന കാര്യം പാടേ ഉപേക്ഷിച്ചുകളഞ്ഞു. കാരണം, അത് പറഞ്ഞാല്‍, ഏതു കുട്ടിയും എഴുന്നേറ്റു നിന്ന് ചോദിക്കാനിടവരും: അപ്പോള്‍, ഈ കാണുന്ന എണ്ണമറ്റ ആരാധനാലയങ്ങളും അവയുടെ അകാലങ്ങളിലുള്ള ധൂര്‍ത്ത് നിറഞ്ഞ പുതുക്കിപ്പണിയലുമൊക്കെ എങ്ങനെ ന്യായവത്ക്കരിക്കും?

താള്‍ 44 - വിശ്വാസകാര്യങ്ങളില്‍ ബുദ്ധി ഉപയോഗിക്കരുത്. അക്കാര്യത്തില്‍ സഭയുടെ വാക്ക് അന്തിമമാണ്‌. സുബുദ്ധിയുള്ള കുഞ്ഞുങ്ങളെ, അവരുടെ ബുദ്ധി അല്പംകൂടി വികസിക്കുമ്പോള്‍, അവിശ്വാസികളും, ഒരു പക്ഷേ നിരീശ്വരരും ആക്കി മാറ്റാനുള്ള ആദ്യ പടിയാണ് ഈ പാഠം.

താള്‍ 57 - യേശുവിന്റെ ശരീരരക്തങ്ങള്‍ പാപമോചനത്തിനായി ബലിയര്‍പ്പിച്ചു. ശരീരവും രക്തവുമെന്ന ദ്വന്ദ്വം അപക്വവും വികലവുമായ ചിന്തയുടെ സൃഷ്ടിയാണ്. കാരണം, ശരീരത്തിന്റെ തന്നെ ഭാഗമാണ് രക്തം. കുരങ്ങിനാണോ അതിന്റെ വാലിനാണോ കൂടുതല്‍ നീളം എന്നൊരാള്‍ ചോദിച്ചാല്‍ എന്ത് മറുപടിയാണ് ഉത്തമം? ചോദ്യം തെറ്റാണെന്നും അതുകൊണ്ട് അതിനു ഉത്തരമില്ലെന്നും മാത്രമേ പറയാനാകൂ. (മാര്‍ കുറീലോസ് പറഞ്ഞ ഉദാഹരണം). കാരണം, വാല് കുരങ്ങിന്റെ ഭാഗം തന്നെയാണല്ലോ. പഴയനിയത്തിലെ പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലത്തെ ഭാഷയില്‍ ശരീരവും രക്തവും എന്നതിനര്‍ത്ഥം ഒരു ജീവസത്തയെന്നേയുള്ളൂ. വേര്‍തിരിവിന്റെ ഒരു ലാഞ്ചന പോലും അന്നും അതിലില്ലായിരുന്നു. പിന്നെ, യേശുവിന്റെ ബലിയുടെ പ്രത്യേകതയായി പറഞ്ഞിരിക്കുന്നത് 'ദൈവമക്കളുടെ രക്ഷക്കായി ഒരു തവണ മാത്രം അര്‍പ്പിച്ച ബലി' എന്നാണ്. അപ്പോള്‍ പിന്നെ പള്ളികളില്‍ നിത്യേന നടത്തുന്ന കര്‍മ്മത്തിന് യേശുവിന്റെ ബലിയില്‍ നിന്നും ഒരു വ്യത്യാസവുമില്ലെന്നും അതില്‍ ഓരോന്നിന്റെയും വില അപാരമാണെന്നും മറ്റുമുള്ള പരമ്പരാഗതമായ പ്രസംഗം അര്‍ത്ഥമില്ലാത്തതല്ലേ? അര്‍ത്ഥമില്ലാത്ത വാചാലത സത്യത്തോടും ദൈവമക്കളോടുമുള്ള  അവഹേളനമല്ലേ?

താള്‍ 58 - വ്യക്തികള്‍ തമ്മിലുള്ള വൈവിദ്ധ്യങ്ങള്‍ എന്ന് പറയുന്നവയില്‍ വിശ്വാസവും ആദ്ധ്യാത്മികതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെങ്ങനെ ഉള്‍ക്കൊള്ളണം എന്നതിന് ഒരു സൂചനയും കൊടുക്കുന്നില്ല. തന്നെയല്ല, നേരത്തേ കണ്ടതുപോലെ, വിശ്വാസകാര്യങ്ങളില്‍ ബുദ്ധി ഉപയോഗിക്കരുത്, അക്കാര്യത്തില്‍ സഭയുടെ വാക്ക് അന്തിമമാണ്‌ എങ്കില്‍, വിശ്വാസത്തില്‍ വൈവിദ്ധ്യം എന്നത് പാഴ്വാക്ക് മാതമല്ലേ?

താള്‍ 59- സ്വന്തം രക്തത്തോടുകൂടി യേശു നിത്യകൂടാരമായ സ്വര്‍ഗത്തില്‍ പ്രവേശിച്ച് പരിത്രാണകര്‍മ്മം നിറവേറ്റി. ഇക്കൂടെ ഹെബ്രാ. 8,1 മുതല്‍ 10,39 വരെയാണ് സൂചികയായി കൊടുത്തിരിക്കുന്നത്. ആ ഭാഗം മൊത്തത്തില്‍ പഴയനിയമ ഭാഷയിലാണ്. ഒരു കുഞ്ഞിനും ഒന്നും തിരിയുകയുമില്ല. ഇങ്ങനെയൊക്കെ മതിയോ നമ്മുടെ മതാദ്ധ്യയനം?

0 comments: