സ്ത്രീവിഷയത്തിൽ നിര്‍ജ്ജീവമായിത്തീര്‍ന്നിരിക്കുന്ന സഭാനേതൃത്വം

 സ്ത്രീവിഷയത്തിൽ നിര്‍ജ്ജീവമായിത്തീര്‍ന്നിരിക്കുന്ന സഭാനേതൃത്വം


കേരളത്തില്‍ തുടര്‍ക്കഥയായിട്ടുള്ളതും ഡല്‍ഹിയില്‍ ഈ കഴിഞ്ഞ ആഴ്ചകളില്‍ ഒരു അതിക്രൂരമുഖം പ്രദര്‍ശിപ്പിച്ചതുമായ ലൈംഗികപീഡനങ്ങള്‍ക്കെതിരെ സഭാനേതൃത്വത്തില്‍നിന്ന് അനിവാര്യമായിരുന്ന ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ല എന്നത് ഒരു ദുസൂചനയാണ്. ജനാധിപത്യത്തെയും ലിംഗസമത്വത്തെയും, അതിലെല്ലാമുപരി, ക്രിസ്തീയ ഉത്തവാദിത്തത്തെയും ആഴമായി ബാധിക്കേണ്ട ഇത്തരം സംഭവങ്ങളില്‍ യാതൊരു പ്രതികരണത്തിനും സഭ, പ്രത്യേകിച്ച്, കത്തോലിക്കാ സഭ, സന്മനസ്സു കാണിക്കാത്തത് അതിന്റെ സാമൂഹികമായ അപര്യാപ്തതയുടെയും തന്‍കാര്യവ്യഗ്രതയുടെയും പ്രതിഫലനമാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെ ഈയിടെയുണ്ടായ നീചകൃത്യങ്ങളുടെ സാഹചര്യത്തില്‍ സഭയുടെ വക്താക്കളില്‍ നിന്ന് കാര്യമായ യാതൊരു പ്രതികരണവും മാധ്യമങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ല എന്നത് അമ്പരപ്പിക്കുന്ന ഒരു പ്രഹേളികയാണ്. ഡല്‍ഹിയില്‍ സാധാരണ ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധപ്രകടനങ്ങളില്‍ മെത്രാന്മാരൊ വൈദികരൊ കന്യാസ്ത്രീകളൊ അവരുടെ ഔദ്യോഗിക വസ്ത്രങ്ങളില്‍ കാണപ്പെട്ടില്ല. ഒരു പക്ഷേ, പണത്തില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക പ്രസ്ഥാനമെന്ന നിലക്ക്, ഭരണവ്യവസ്ഥിതിയെ സഭ ഭയക്കുന്നുണ്ടാവണം. കൂടംകുളം പ്രക്ഷോഭണത്തെ അനുകൂലിച്ചതിനു ശിക്ഷയായി അവിടുത്തെ ബിഷപ്പിന് വിദേശസഹായം സ്വീകരിക്കുന്നതിന് സംസ്ഥാനം ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയെന്നത് ഈ ഭയത്തിന് ഒരു കാരണമായി ഭവിച്ചിരിക്കാം.

സ്ത്രീയോടുള്ള സമീപനത്തില്‍ പണ്ടുതൊട്ടേ ഭാരതത്തിലെ ജനതയെ ബാധിച്ചിരിക്കുന്ന പുരുഷസ്വാര്‍ത്ഥത ഒരു വലിയ അളവില്‍ ക്രിസ്തീയ സഭയെയും കാതലായ വിധത്തില്‍ ഗ്രസിച്ചിരിക്കുന്നു; അതിനെതിരായി സാരമായ ഒരു തിരുത്തലിനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല എന്നതാണ് വസ്തുത.

1950 മുതല്‍ നമ്മുടെ ഭരണഘടന പുരുഷനെയും സ്ത്രീയെയും ഒരേ അവകാശങ്ങളും കടമകളും ഉള്ളവരായി പരിഗണിക്കണമെന്ന് അനുശാസിക്കുന്നുവെങ്കിലും അനുദിന ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രീയമായ അനാസ്ഥ ഇന്നും നിലനില്‍ക്കുന്നതുപോലെതന്നെ സഭയുടെ കാര്യത്തിലും സ്ത്രീപുരുഷസമത്വം ഇന്നും ഏട്ടിലെ പശു മാത്രമാണ്.

The National Election Watch and the Association for Democratic Reforms തയ്യാറാക്കിയ ഒരു പഠനത്തില്‍ 260 ലൈംഗിക കുറ്റവാളികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അസംബ്ലി എലക്ഷന് നിന്നിട്ടുള്ളതായി കാണിക്കുന്നു. സ്ത്രീപീഡകരായ ധാരാളം വൈദികരും മെത്രാന്മാരും സഭയില്‍ നിര്‍ഭയം വിഹരിക്കുകയും അധികാരസ്ഥാനങ്ങളില്‍ വിരാജിക്കുകയും ചെയ്യുന്നുവെന്നത് ഇന്നൊരു രഹസ്യമല്ല. ഈ ഒളിച്ചുകളികള്‍ക്ക് ശാശ്വതമായ പരിഹാരം കാണാതെ സ്ത്രീകളോടുള്ള ക്രൂരതക്ക് ഒരു വിരാമം പ്രതീക്ഷിക്കേണ്ടതില്ല.

(ആധാരം: All India Christian Council ന്റെ ജനറല്‍ സെക്രെറ്ററിയും Indian Government’s National Integration Council മെമ്പറും ആയ John Dayal എഴുതിയ ഒരു ലേഖനം, ഡോ . ജെയിംസ്‌ കോട്ടൂര്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്.)

0 comments: