എന്താണ് സ്നേഹം?

എന്താണ് സ്നേഹം?

യേശു എവിടെ എന്ന ചോദ്യം ഇതിനു മുമ്പുള്ള എല്ലാ വിഷയങ്ങളെയുംകാൾ കൂടുതൽ താത്പര്യത്തോടെ ചർച്ചചെയ്യപ്പെട്ടു. യേശുവിനെ സ്നേഹിക്കുന്നവർ അന്വേഷിക്കുന്നത് ഒരു മതസ്ഥാപകനെയോ അത്ഭുതപ്രവർത്തകനെയൊ ദൈവപുത്രനെയൊ അല്ല, മറിച്ച്, സ്നേഹത്തിന്റെ അര്ത്ഥം പറഞ്ഞും കാണിച്ചും തരുന്ന ഗുരുവിനെയാണ്. അന്വേഷിക്കുന്നവർ, ജാതിമതഭേദമെന്യേ, അവനെ കണ്ടെത്തുമെന്നത് സംശയമറ്റ കാര്യവുമാണ്. 

അപ്പോൾ കാതലായ സത്യം സ്നേഹം തന്നെയാണ്. എന്നാൽ ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെടുന്നതും സ്നേഹം തന്നെ. അത് ഏതെല്ലാം വിധത്തിൽ എന്നും എങ്ങനെ യാഥാർഥ സ്നേഹത്തെ തിരിച്ചറിയാം എന്നും പറഞ്ഞുതരുന്ന ഒരു ഗുരുവിനെ അല്പസമയം കേട്ടിരിക്കാൻ താത്പര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. വൃഥാവിലാവില്ല. 

http://shalomtv.tv/media-gallery/mediaitem/178-gurucharanam-subhodam
 
സ്നേഹം സുബോധമാണ്.

സ്നേഹത്തെപ്പറ്റി എഴുതാൻ എനിക്കർഹതയില്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. കാരണം, ഞാൻ സ്നേഹിച്ചിട്ടില്ലെന്ന സംശയം എന്നെ വല്ലാതെ മഥിക്കുന്നുണ്ട്. ഞാനെപ്പോഴും സ്നേഹിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട്, ഒരു ഗുരുവിന്റെ വാക്കുകള കടമെടുത്ത് സ്നേഹത്തെപ്പറ്റി എന്തെങ്കിലും എഴുതാനാണ് എനിക്കിഷ്ടം.
ഞാൻ സൂചിപ്പിച്ച വീഡിയോ ക്ലിപ്പ് ശ്രദ്ധിക്കാത്തവർക്ക് ഇത് ഒരുപകാരമാവുകയും ചെയ്യും. വാക്കിനു വാക്കല്ല, സംഗ്രഹിച്ചും എന്റേതായ ധ്വനി കൊടുത്തും എഴുതുകയാണ്.

കുത്തഴിഞ്ഞ നിഘണ്ടു പോലെ നിറയെ പദങ്ങൾ ചിതറിവീണ ഒരു ലോകത്തിൽ ഏതെങ്കിലുമൊരു പദം മാത്രം തിരഞ്ഞെടുക്കാൻ ദൈവം ആവശ്യപ്പെട്ടാൽ ഏതു പദമായിരിക്കും ഇങ്ങൾ തിരഞ്ഞെടുക്കുക?
ജീവിതത്തിന്റെ പാതിയോളമെങ്കിലും നടന്ന എതോരാൾക്കുമറിയാം, ആ വാക്ക് സ്നേഹം ആയിരിക്കും. മറ്റു പദങ്ങളൊക്കെ അപ്രസക്തമാണ്. കാരണം, ജീവിതം ഏതർത്ഥത്തിലെടുത്താലും സ്നേഹത്തിനു വേണ്ടിയുള്ള അലച്ചിലാണ്. സ്നേഹാന്വേഷണങ്ങളുടെ സമുച്ചയമാണ്‌ ഓരോ ജീവിതവും. നാമറിയുന്നവരെല്ലാം രണ്ടേ രണ്ടു തരത്തിൽ പെടുന്നവരാണ് - നമുക്ക് സ്നേഹം തന്നവരും സ്നേഹം നിഷേധിച്ചവരും.

യേശു പറഞ്ഞിട്ടുള കഥകളിൽ ആരും മറക്കാത്ത ഒന്ന് ധൂർത്തപുത്രന്റേതാണ്. മാതാപിതാക്കളുടെ സ്നേഹത്തെയും വീട്ടിലെ മുഷിപ്പിക്കുന്ന ദിനചര്യകളെയുംകാൾ രസിപ്പിക്കുന്ന ചങ്ങാതിമാരുടെ കൂട്ടും അഹ്ലാദോല്ലാസങ്ങളും അയാളെ ആകർഷിക്കുന്നു. എന്നാൽ കഥയുടെ അവസാനമാകുമ്പോൾ അവന്റെ ജീവിതത്തിലെ ഒരു ക്ഷാമകാലത്തെക്കുറിച്ച് ക്രിസ്തു പറയുന്നു. സൂക്ഷിച്ചു നിരീക്ഷീച്ചാൽ അത് സ്നേഹത്തിന്റെ ക്ഷാമകാലമാണെന്ന് കാണാം. പന്നിക്ക് കൊടുക്കുന്ന തവിടെങ്കിലും തനിക്കു തിന്നാൻ കിട്ടിയിരുന്നെങ്കിൽ എന്നാണു ആ ചെറുപ്പക്കാരൻ കൊതിക്കുന്നത്.
സുഭിക്ഷമായ ഭക്ഷണം, അനുഭവിച്ചിരുന്ന അയാൾക്ക്‌ ഇപ്പോൾ ഭക്ഷണമെന്നു തോന്നിക്കുന്ന എന്തെങ്കിലും കിട്ടിയാൽ മതിയെന്നുണ്ട്. അളവറ്റ സ്നേഹം അനുഭവിച്ചിരുന്ന അയാൾക്ക്‌ ഇപ്പോൾ സ്നേഹമെന്നു തോന്നിക്കുന്ന എന്തെങ്കിലും കിട്ടാനുള്ള കൊതിയായി യേശു നമുക്കത് കാട്ടിത്തരികയാണ്. പക്ഷേ, അയാൾക്ക്‌ തവിടുപോലും കിട്ടിയില്ല.

ചുറ്റും നോക്കിയാൽ, സ്നേഹത്തിന്റെ പതിരുപോലുമല്ലാത്ത എത്രയെത്ര ചൂണ്ടകളാണ് മനുഷ്യരെ കോർത്തെടുക്കുന്നത്. മരണവെപ്രാളത്തിലാകുംവരെ അവരത് തിരിച്ചറിയുന്നില്ല. അതുപോലെ കഥയിലെ ധൂർത്തപുത്രൻ തന്റെ അപ്പന്റെ വിരുന്നുമേശയെപ്പറ്റി ഓര്ക്കുന്നു. അവിടെയാകട്ടെ ദാസര് പോലും സമൃദ്ധമായി ഭക്ഷിക്കുന്നു. ഇവിടെയാണ്‌ യേശു നമുക്കൊരു പ്രധാന പാഠം പറഞ്ഞുതരുന്നത്. ദാസർപൊലും സമൃദ്ധമായി ഭക്ഷിക്കുന്ന ഊട്ടുമേശ - അത് ഉപാധികളില്ലാത്തെ സ്നേഹത്തിന്റെ പ്രതീകമാണ്. തന്റെ അനുയായികളോ യഹൂദരോ റോമാക്കാരോ അത്തരമൊന്നിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. കേട്ടിരുന്നതൊക്കെ തങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങൾ പാലിക്കുന്നവരെ രക്ഷിക്കുന്ന അധികാരികളെപ്പറ്റിയും, താൻ പറയുന്നത് ചെയ്യുന്നവർക്ക് അനുഗ്രഹങ്ങൾ നല്കുന്ന ദൈവത്തെപ്പറ്റിയും മാത്രമായിരുന്നു. ഇനിയാണ് വേദപുസ്തകത്തിലെ ഏറ്റവും സുന്ദരമായ വാക്യം: അപ്പോളവന് സുബോധമുണ്ടായി. അഗാധമായി ഞാൻ സ്നേഹിക്കപ്പെടുന്നു എന്ന അറിവാണ് യേശുവിനെ സംബന്ധിച്ചിടത്തോളം ആ സുബോധം. അതുണ്ടായവൻ പിന്നീട് ഇടറിപ്പോവില്ല. പലപ്പോഴും സ്ത്രീകളാണ് ഇത്തരം സുബോധത്തിനുള്ള മിനിത്തങ്ങളാവുന്നത്. എത്രയോ തവണ നാം കാണുന്നു, എല്ലാവിധത്തിലും തന്നെ പീഡിപ്പിക്കുകയും തള്ളിപ്പറയുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന പുരുഷൻ എവിടെനിന്നോ കേൾക്കാനിടവരുന്നു - അവൾ പറഞ്ഞതായിട്ട് - ഇല്ല, എനിക്ക് വേറൊരാളെ വേണ്ടാ, അദ്ദേഹം എന്നെ എന്ന് തിരികെ വിളിക്കുന്നോ, അന്ന് ഞാൻ ചെന്ന് അയാളെ എന്റെ സ്വന്തമാക്കും, എന്ന്. അത് കേൾക്കുമ്പോൾ അവനു സുബോധമുണ്ടായെങ്കിൽ അവൻ വാവിട്ടു കരയും, അവളെ സ്നേഹപൂർവ്വം, ആരാധനയോടെ തിരിച്ചു വിളിക്കും, മാപ്പപേക്ഷിക്കും, നഷ്ടപ്പെട്ടിട്ടു തിരികെക്കിട്ടിയ നിധിപോലെ കാത്തു സൂക്ഷിക്കും.To come to one's right senses means to realize that one has been passionately loved.
 
സ്വന്തം സ്നേഹത്തെ പുനഃപരിശോധിക്കുക ഓരോരുത്തരുടെയും കടമയാണ്. നേതി, നേതി (ഇത് സ്നേഹമല്ല, ഇത് സ്നേഹമല്ല) എന്നല്ലാതെ സ്നേഹത്തെപ്പറ്റി എന്തെങ്കിലും പറയാൻ അവകാശമുള്ളവരല്ല നാം എന്ന തിരിച്ചറിവ് അപ്പോഴുണ്ടാകും.
താനെപ്പോഴാണ് സത്യത്തിൽ സ്നേഹിചിട്ടുള്ളതെന്നു ഓരോരുത്തരും ദൈവത്തെ സാക്ഷി നിറുത്തി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഒരേപോലെ നാം കാണുന്ന പലതും ഒന്നാണെന്നുള്ള വിചാരം വലിയ തെറ്റിധാരണയാകം. യോഹന്നാന്റെ സുവിശേഷത്തിൽ ഇരുപത്തിയൊന്നാം ആദ്ധ്യായത്തിന്റെ ഒടുവിൽ ഒരു സന്ദർഭം വിവരിക്കുന്നുണ്ട്. പത്രോസിനോട് യേശു ചോദിക്കുകയാണ്, ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുണ്ടോ? ഉണ്ടെന്നു അയാൾക്ക്‌ നല്ല തീര്ച്ചയുണ്ട്. എന്നാൽ ആ സ്നേഹത്തിൽ, ഒന്നാമനാകാനുള്ള തൃഷ്ണയില്ലേ? യേശു തന്നെ വിശ്വസിക്കുന്നു എന്നയഹങ്കാരമില്ലേ? മറ്റാരെയും തന്നോളം അടുപ്പിക്കരുതെന്ന ഒളിപ്പിച്ച ആഗ്രഹമില്ലേ? അങ്ങനെ പലതുമില്ലേ? യേശു ചോദ്യം ആവർത്തിക്കുന്നു. ശിമയോൻ ചഞ്ചലിതനാകുന്നു. എന്നാലും വിട്ടുകൊടുക്കുന്നില്ല. തന്റെ സ്നേഹം ഉറച്ചതാണെന്നുതന്നെ വാശിയോടെ പറയുന്നു. ചോദ്യം മൂന്നാമതും കേൾക്കുമ്പോൾ, അയാളുടെ ചങ്കിടിയുന്നു. നിർവ്യാജമാണോ തന്റെ സ്നേഹം? തന്റെ സ്നേഹത്തിൽ വളരെയധികം ഹുങ്കുണ്ടെന്നും അതിൽ തൻകാര്യം മുന്നിട്ടുനില്ക്കുന്നുവെന്നും തിരിച്ചറിയുന്ന പത്രോസ് വാവിട്ടു കരയുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ നുണകൾ സ്നേഹത്തിന്റെ മറവിൽ നടക്കുന്നു എന്ന് നമ്മളും അറിയണം; അന്യരുടെ ജീവിതത്തിലല്ല, നമ്മൾ ഓരോരുത്തരുടെയും അനുദിനജീവിതത്തിൽ. ഒരുദാഹരണം ഫാ. കട്ടിക്കാട്‌ എടുത്തു പറയുന്നത് ഇതാണ്. തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന മകൾ ഒരു പ്രണയത്തിൽ ചെന്ന് വീഴുന്നു. തങ്ങളെ വകവയക്കാത്ത തന്നിഷ്ടം എന്ന കാരണം പറഞ്ഞ് അവർ അവളോട് - നീ ഇനി ഞങ്ങളുടെ മകളല്ല എന്ന് അന്ത്യശാസനം കൊടുക്കുന്നു. അവളോടുള്ള സ്നേഹം അവർക്ക് നിലനിൽക്കുന്ന ഒരു സ്വഭാവമായിരുന്നോ, അതോ വെറും ഒരു വികാരമായിരുന്നോ?
ഉപാധികളുള്ള സ്നേഹത്തിന് യഥാർത്ഥത്തിൽ ഇഷ്ടം എന്നേ പറയാനാവൂ. ഇഷ്ടത്തിന് ഉപാധികളുണ്ട്‌. അവ ഇല്ലാതായാൽ ഇഷ്ടം പിന്നെയില്ല. സ്നേഹമാകട്ടെ നിരുപാധികമാണ്. അത്തരം സ്നേഹമാണ് തന്റെ പിതാവായ ദൈവത്തിന്റേത്, അത്തരം സ്നേഹമാണ് തന്റേത് എന്നതായിരുന്നു യേശുകൊണ്ടുവന്ന പുതിയ സന്ദേശം. തന്റെ ശിഷ്യർക്കെന്നപോലെ നമുക്കും അത് മനസ്സിലായിട്ടുണ്ടോ എന്നതാണ് നമ്മെ ശല്യപ്പെടുത്തേണ്ട ചോദ്യം. ഉടമ്പടികളുള്ള ഒരനുഭവത്തെയും വിളിക്കേണ്ട പേര് സ്നേഹമെന്നല്ല. ഇത്രയുമാകുമ്പോൾ നമ്മൾ ശരിക്കും പരുങ്ങുന്നുണ്ട്.

എന്നാൽ ഇനി വരുന്നത് നമ്മെ ആത്മനിന്ദയിൽ മുക്കും. ഗുരു പറയുന്നു. ഒരിലയെ സ്നേഹിക്കുന്നവൻ അത് നില്ക്കുന്ന ചില്ലയെയും ചില്ല നില്ക്കുന്ന തായ്ത്തടിയെയും സ്നേഹിക്കണം. അവയ്ക്കാഹാരം തേടുന്ന അതിന്റെ വേരുകളെയും സ്നേഹിക്കണം. അല്ലെങ്കിൽ ഇലയോടുള്ള സ്നേഹം വ്യാജമാണ്. കാരണം, ആ ഇലയെ രൂപപ്പെടുത്തിയത് ഇവയെല്ലാം കൂടിയാണ്. അവയെ മാറ്റി നിറുത്തിയാൽ ഇലയില്ല. നിങ്ങളുടെ മകൾ/മകൻ ചെന്നുകയറിയ കുടംബത്തെ, അതിലെ അംഗങ്ങളെ നിങ്ങളുടെ സ്നേഹത്തിൽ ഉൾപ്പെടുത്താനാവില്ലെങ്കിൽ അവളോടുള്ള/അവനോടുള്ള സ്നേഹം സ്നേഹമല്ല എന്ന് കേൾക്കുമ്പോൾ നമ്മളിൽ പലരും മുഖം കുനിക്കില്ലേ? എന്റെ മുഖം കുനിഞ്ഞുപോകുന്നു. എനിക്കെന്റെ ഭാര്യയെ ഇഷ്ടമാണ്, എന്നാൽ അവളുടെ വീട്ടുകാരെ സഹിക്കാനാവില്ല എന്ന് പറയുന്നവർ ചുരുക്കമല്ലല്ലോ? മനുഷ്യൻ പറയുന്ന ഒരു പുരാതന നുണയുടെ പേരാണ് സ്നേഹം. Love is the most ancient lie. അതങ്ങനെയല്ല എന്ന് തെളിയിക്കാൻ നമുക്കാവുന്നെങ്കിൽ മാത്രമേ സ്നേഹത്തെപ്പറ്റി സംസാരിക്കാൻ നമുക്കർഹതയുള്ളൂ. അതിനുള്ള ഒരേയൊരു വഴി എന്തെന്ന് യേശുതന്നെ പറഞ്ഞു തരുന്നുണ്ട്. നീ അഗാധമായി സ്നേഹിക്കപ്പെടുന്നുണ്ട് എന്ന സുബോധത്തിൽ എത്തിച്ചേരുക. അതൊരു വെളിച്ചമാണ്. അത് കിട്ടുന്നവർക്ക് മാത്രമേ എന്ത് ദുരന്തം വന്നുപിണഞ്ഞാലും സ്നേഹത്തിന്റെ ഉറവിടത്തോട് ചേർന്നു നിൽക്കാനുള്ള കരുത്തുണ്ടാവൂ.

ഒരുദാഹരണം പറയുന്നതിതാണ്. പൂന്താനം. നോക്കിയിരുന്നു, നോക്കിയിരുന്ന് അദ്ദേഹത്തിന് വാർദ്ധക്യത്തിൽ ഒരു കുഞ്ഞുണ്ടാവുന്നു. കുഞ്ഞിന്റെ ആദ്യ പിറന്നാൾ ആഘോഷിക്കാൻ പോകുന്നു. പൂജാരിയായിരുന്നതിനാൽ ധാരാളം ഇല്ലങ്ങളിൽ നിന്ന് സ്നേഹിതരെ വിളിച്ചിട്ടുണ്ട്. നടപ്പനുസരിച്ച്, വരുന്നവർ രാത്രിതങ്ങും. അവർക്കൊക്കെ മുഷിഞ്ഞ വസ്ത്രം കഴുകാനുണ്ടാവും. അങ്ങനെയുള്ളവ ഓരോരുത്തരും കൊണ്ടുപോയി എറിഞ്ഞ മുറിയിൽ കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്നത് ശ്രദ്ധിക്കപ്പെട്ടില്ല. മേൽക്കുമേൽ വന്നുവീണ തുണികൾക്കടിയിൽ പെട്ട് ശ്വാസംമുട്ടി കുഞ്ഞു മരിക്കുന്നു.

അത്രയും വലിയ ഒരാഘാതത്തിൽ പെട്ടയാൾ ദൈവവുമായി വീണ്ടും സന്ധിയിലാവുമെന്നു കരുതാനാവുമോ? എന്നിട്ടും പുത്രനഷ്ടത്തിന്റെ വേദന ഇറ്റു കുറഞ്ഞപ്പോൾ, അതായത്, അദ്ദേഹത്തിന് സുബോധം വീണ്ടുകിട്ടിയപ്പോൾ, അദ്ദേഹമെഴുതിയ വരികൾ ഇങ്ങനെ: 
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികളെന്തിനു വേറേ?
സ്വന്തം സ്നേഹത്തെ പുനഃപരിശോധിക്കുക. നേതി, നേതി എന്നല്ലാതെ സ്നേഹത്തെപ്പറ്റി എന്തെങ്കിലും പറയാൻ അവകാശാമുള്ളവർ ആരുണ്ട്‌?

 

0 comments: