മെത്രാൻ സിനഡ് നല്കുന്ന പാഠം

കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് സമാപിക്കുന്ന ഇന്ന് (12.02.14) മനോരമക്കാർക്ക് ലക്ഷങ്ങൾ കൊടുത്ത്, വിലകൂടിയ നാല് താളുകളിൽ, ഒരു സപ്ലിമെന്റ്റ്‌ ഇറക്കിയിരിക്കുന്നത് മിക്കവരും കണ്ടിരിക്കണം. ഇല്ലെങ്കിൽ ഈ ലിങ്കിൽ അതുണ്ട്.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamIndepthProgramView.do?catId=-213663&programId=11682975&tabId=11&BV_ID=@@@

സത്യസന്ധമായ ഒരു വാക്കുപോലും അതിൽ എഴുതിയിരിക്കുന്ന മാർ ആലഞ്ചേരിയും കല്ലറങ്ങാട്ടും ഉൾപ്പെടെ ആരും പറഞ്ഞിട്ടില്ല. തങ്ങൾ എന്തു കർമ്മപരിപാടികളാണ് വിഭാവനം ചെയ്യുന്നതെന്നോ, നേതൃസ്ഥാനം വഹിക്കുന്നവരെ സഭയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത്തോടടുപ്പിക്കാൻ എന്തെല്ലാം മാറ്റങ്ങൾക്കാണോ തങ്ങൾ തയ്യാറാകുന്നതെന്നൊ ഒന്നും പറയാതെ പോപ്‌ ഫ്രാൻസിസ് എന്ത് പറഞ്ഞിട്ടുണ്ടെന്നും, അദ്ദേഹം തന്റെ ജീവിതത്തെ എങ്ങനെ സുവിശേഷസന്ദേശത്തിന് അനുയോജ്യമാക്കുന്നുവെന്നും ഒക്കെ ആവർത്തിക്കുന്ന എഴുത്തുകാർ (അച്ചന്മാരും മെത്രാന്മാരും) ഭാരത സഭ എങ്ങനെ നവീകരിക്കപ്പെടാൻ പോകുന്നു എന്ന് ഒരു വാക്ക്പോലും പറയുന്നില്ല. "നവീകരിക്കപ്പെട്ട സഭ നവ സമൂഹത്തിന്റെ നിർമ്മിതിയിൽ" എന്നതാണ് സിനഡിന്റെ ചർച്ചാവിഷയമായി എടുത്തിരുന്നത് എന്നോർക്കണം. ഇപ്പോഴത്തെ അവസ്ഥയിൽതന്നെ ഭാരതസഭ നവീകരിക്കപ്പെട്ടതാണ്, അതിനിനി നവീകരണം ആവശ്യമില്ല എന്ന അങ്ങേയറ്റം തെറ്റായ ധ്വനിയാണ് സിനഡിന്റെ ഒരുക്കങ്ങളിലും ഉൾക്കൊണ്ടിരുന്നത്, അടിസ്ഥാനപരമായ ഈ തെറ്റ് അല്മായശബ്ദത്തിൽ പലതവണ ചൂണ്ടിക്കാണിച്ചതാണ്. നടന്നുകഴിഞ്ഞ മാമാങ്കത്തെപ്പറ്റി മറ്റു പലതും പൊക്കിപ്പറയുന്ന കല്ലറങ്ങാട്ട് അവയുമായി ഒരു തരത്തിലും ചേർന്നുനിലക്കാത്ത ഒരു വാക്യം തട്ടിവിട്ടിട്ടുണ്ട്: "ദരിദ്രർക്കും കീഴാളന്മാർക്കും പാമരന്മാർക്കും പാവപ്പെട്ടവര്ക്കും ഒപ്പമായിരുന്നു ഈശോ." അത് മനസ്സിലാക്കിയ പോപ്‌ ഫ്രാൻസിസ് തന്നെക്കൊണ്ടാകുന്നത് ചെയ്യുന്നുണ്ട്, ഞങ്ങൾക്കാകട്ടെ തിന്നും കുടിച്ചും സ്വയം ഒരുക്കിയ പൌരസ്വീകരണങ്ങൾ ആസ്വദിച്ചും ഇത്തരം പെരുന്നാളുകൾ നടത്താനേ അറിയൂ എന്ന സന്ദേശമാണ് ഈ സപ്ലിമെന്റ് വായനക്കാർക്ക് നൽകുന്നത്. 

സത്യസന്ധത എന്നത് വിലയേറിയ ഒരു സമ്മാനമാണ്; തീരെ വില കുറഞ്ഞവരിൽനിന്ന് അത് പ്രതീക്ഷിക്കരുത് എന്നതാണ് പാലായിലെ മെത്രാൻ സിനഡ് നല്കുന്ന പാഠം.

  • അന്നും ഇന്നും ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്, ഈ സഭയെ നന്നാക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ശ്രി. ജൊസഫ് മാത്യു പറഞ്ഞതുപോലെ മറ്റൊന്ന് സൃഷ്ടിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. പ്രാര്‍ത്ഥന നടത്താന്‍ ഒരു ഗ്രൂപ്പിനെ പ്രത്യേകം നിയോഗിച്ചു എന്ന് കേട്ടപ്പോള്‍ ഗദ്സമന്‍ തോട്ടത്തില്‍ ശിക്ഷ്യന്മാരെ പ്രാര്‍ഥിക്കാന്‍ ഏല്‍പ്പിച്ചിട്ട് TV കണ്ടുകൊണ്ടിരുന്ന യേശുവിന്‍റെ കാര്യം ഓര്‍ത്തു പോയി. മരിച്ചടക്കിന് കരയാനും പാടാനുമായി കൂലിക്കാരെ വെയ്ക്കുന്ന ഏര്‍പ്പാടും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

    കേരളത്തിന്‍റെ സാംസ്കാരിക നേട്ടങ്ങളെപ്പറ്റി പഠിക്കാനാണ് ഈ മഹാ സമ്മേളനം ഇവിടെ നടന്നതെന്ന് തോന്നും അവിടെ നടന്ന കലാ വിരുന്നുകളുടെ കഥ കേട്ടാല്‍. AAP യുടെ വാര്‍ഷിക സമ്മേളനം ആയിരുന്നെന്നു തോന്നും അവിടുത്തെ ആവേശം കണ്ടാല്‍; ഒരു രാഷ്ട്രിയ - സാമുദായിക അനുരജ്ഞന സമ്മേളനം ആയിരുന്നെന്നു തോന്നും അവിടെ എത്തിയ രാഷ്ട്രിയക്കാരുടെ പ്രഭാഷണങ്ങള്‍ കേട്ടാല്‍. ഈ ഒരാഴ്ചക്കുള്ളില്‍ ഒരു സമഗ്ര ചര്‍ച്ചക്ക് കിട്ടിയത് ഏതാനും നിമിഷങ്ങള്‍. എല്ലാം പൂര്‍ത്തിയായെന്ന പോലെയാണ് മെത്രാന്മാരും അവിടെ കഴിച്ചു കൂട്ടിയത്.

    കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനം ചങ്ങനാശ്ശേരിയില്‍ നിന്ന് പാലാക്ക് മാറി എന്നതാണ് ഒരു നേട്ടം. സിനഡ് നല്‍കിയ ഏറ്റവും വലിയ സന്ദേശം, സഭ മെത്രാന്മാരുടെ കീഴില്‍ ഒരിക്കലും യേശുവിന്‍റെ സഹനത്തിന്റെയും അനുരജ്ഞനത്തിന്റെയും പാതയിലെക്കില്ലാ എന്നതു മാത്രമല്ല, ഒരു പുണ്യവതിയെ സ്വന്തമായി കിട്ടിയാല്‍ എന്ത് മാത്രം നേട്ടമുണ്ടാക്കാം എന്നും കൂടിയാണ്.
    ReplyDelete
  • കഴിവുറ്റ സംഘാടകനും ദൈവശാസ്ത്രജ്ഞനും ആയിട്ടാണ് ഈ സിനഡോടെ കല്ലറങ്ങാട്ടിനെ ക്രിസ്ത്യൻ മാദ്ധ്യമങ്ങളിൽ എഴുന്നെള്ളിച്ചു നിറുത്തിയിരിക്കുന്നത്‌. മേല്പറഞ്ഞ സപ്ലിമെന്റിൽ ഒരിടത്ത്, റോമായിലെ ഏതോ പഠനക്കമ്മറ്റിയിൽ അംഗത്വം കിട്ടിയതോടെ ലോകത്തിലെ തന്നെ മുന്തിയ ദൈവശാത്രജ്ഞരിൽ ഒരാളായി എണ്ണപ്പെടാൻ അങ്ങേരു യോഗ്യനായിരിക്കുന്നു എന്നൊരു കാച്ചുകാച്ചിയിട്ടുണ്ട്. യൂറോപ്പിൽ ഇന്ന് ജീവിച്ചിരിക്കുന്ന വെറും നാലാംകിട വേദ-/മതവിഷയ വിദ്യാർഥികളിൽ ഒരാളുടെ കോപ്പിയെഴുത്തുകാരനായിപ്പോലും കഴിയാൻ കല്ലറങ്ങാട്ടിനു യോഗ്യതയുണ്ടോ എന്നത് സംശയിക്കണം. എന്തിന്, അല്മായശബ്ദത്തിലെ എഴുത്തുകാരായ ശ്രീ കോട്ടൂർ, ചാക്കോ കളരിക്കൽ തുടങ്ങിയവരോട് ഒരു സാധാരണ മതപാഠത്തെക്കുറിച്ചു പോലും സംവദിക്കാൻ അങ്ങേർ തയ്യാറാവുമോ? കുറെ കാനൻ നിയമങ്ങൾ കാണാതെ ഉരുവിടാനായെന്നുംകൊണ്ട് ഒരാൾക്ക്‌ വേദപണ്ഡിതനെന്നു പേരിടുന്ന നമ്മുടെ വളിച്ച മാദ്ധ്യമഭാഷ തിരുത്താൻ കാലമായി. മെത്രാന്മാർ, കർദിനാളന്മാർ, ദൈവദാസർ തുടങ്ങിയവരെപ്പറ്റി വല്ലതും കുറിക്കാൻ ദീപികയും മനോരമയുമൊക്കെ ഉപയോഗിക്കുന്ന ഭാഷ ഏതു ദേവലോകത്ത്നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് അറിയാതെ വായനക്കാർ വിസ്മയിച്ചുപോകും. മതകാര്യങ്ങളെല്ലാം ഇതുങ്ങൾക്ക് 1000% പോലിപ്പിച്ചേ പറയാനറിയൂ. എന്നാൽ തങ്ങളെപ്പറ്റി ഇത്രമാത്രം പുളിച്ച മുഖസ്തുതി വിളമ്പരുതെന്ന് ഇവരാരെങ്കിലും എപ്പോഴെങ്കിലും കമാന്ന് ഒരക്ഷരം മിണ്ടാറുണ്ടോ? പോരട്ടെ, ഇനിയും പോരട്ടെ എന്നാണ് തിരുമനസ്സുകൾ ആഗ്രഹിക്കുന്നത്!   
  • 0 comments: