നിരോധനങ്ങളുടെ പിന്നിലെ മനഃശാസ്ത്രം Paul Zakaria

 നിരോധനങ്ങളുടെ പിന്നിലെ മനഃശാസ്ത്രം




[കത്തോലിക്കരും അകത്തോലിക്കരും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരുപാട് ചിന്തകൾ പോൾ സക്കറിയ ഈ അഭിമുഖത്തിൽ നിരത്തുന്നുണ്ട്‌. അതിന്റെ നിശ്ചിതഭാഗങ്ങൾ മാത്രം, നിസ്സാരമായ മാറ്റങ്ങളോടെ, ഇവിടെ പകർത്തുകയാണ്. മുഴുവൻ അഭിമുഖവും വായിക്കാൻ താത്പര്യമുള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക. http://www.southlive.in/voices-interviews/media-agent-who-generates-communal-factor-kerala/2657]

നിരോധനങ്ങളെക്കുറിച്ചാണ് കേരളത്തിന്റെ മുഖ്യധാര ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മദ്യനിരോധനം, ചുംബനനിരോധനം എന്നിങ്ങനെ ആ നിരോധനപ്പട്ടിക നീളുകയുമാണ്. ഇത്തരം നിരോധനങ്ങൾ നടപ്പിലാക്കുന്നതിനെ പുരോഗമനപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് താങ്കള്‍ ഈ സ്ഥിതി വിശേഷത്തെ കാണുന്നത്?
യഥാര്‍ത്ഥത്തില്‍ ഇതൊരു വിചിത്രമായ മനഃശാസ്ത്രമാണ്. നിരോധിക്കല്‍ നയം. മദ്യം നിരോധിക്കാനും മറ്റും ശ്രമിക്കുന്നവരുടേത് അപകടകരമായ  മനഃശാസ്ത്രമാണ്. ജാതിയിലധിഷ്ഠിതമായ  ഫ്യൂഡലിസവും കോളനിവാഴ്ചയുടെ  ഭാഗമായി വന്നെത്തിയ  ക്രൈസ്തവ സദാചാരവും  ഇസ്ലാമിന്റെ യാഥാസ്ഥിതിക നിലപാടുകളും ചേര്‍ന്നുണ്ടായി വന്ന സദാചാരത്തെ മുതലെടുക്കുകയാണ് നിരോധനക്കാര്‍ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഇവര്‍ക്ക് രാഷ്ട്രീയമായ മൈലേജുകള്‍ ഉണ്ട്. വാസ്തവത്തില്‍ ഇവരാണ് നിരോധിക്കപ്പെടേണ്ടവര്‍.  നിരോധിക്കപെടേണ്ട എല്ലാ ജീര്‍ണതകളേയും വളര്‍ത്തുന്നവരാണിവര്‍.  യഥാര്‍ത്ഥത്തില്‍ നിരോധിക്കപെടേണ്ടതെന്താണ്?  ജാതി മത വൈകൃതങ്ങളുടെ പുനഃപ്രതിഷ്ഠ, വന്‍ ആശുപത്രികളിലെ വഞ്ചനകള്‍, ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതിയും ധാര്‍ഷ്ട്യവും കെടുകാര്യസ്ഥതയും ഹര്‍ത്താലും ബന്ദും -ഇവയൊക്കെയാണ് നിരോധിക്കേണ്ടത്. എന്നാല്‍ അവയില്‍ തൊടാന്‍ ആരും തയ്യാറാവില്ല. പ്രത്യേകിച്ച് മാധ്യമങ്ങള്‍. എളുപ്പം കൈയടി കിട്ടുന്ന നിരോധനങ്ങള്‍ നടത്താനാണ് അവർക്ക് താല്‍പര്യം.


എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളോട് ഒരു ജനത കൈയടിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാനത്തിന്റെ കുഴപ്പമാണോ കാരണം?
നവോത്ഥാനം 70-കളുടെ പകുതിവരെ പിടിച്ചുനിന്നു എന്നു പറയാം. അതിന്റെ ചില ധാരകളെങ്കിലും നിലനിന്നു. അതിനുശേഷം ചില ഹൊറര്‍ ചിത്രങ്ങളില്‍ കുട്ടികളെ കാലില്‍ പിടിച്ച് പാതാളത്തിലെക്ക് തള്ളിയിടുന്നതുപോലെ നവോത്ഥാന മൂല്യങ്ങളെ തല്ലികൊല്ലുകയായിരുന്നു.  കേരളത്തിലെ മാധ്യമശക്തികളാണ് നവോത്ഥാന മൂല്യങ്ങള്‍ കൈവിടാന്‍ മലയാളിയെ പ്രേരിപ്പിച്ചത്. ദിനംപ്രതിയുള്ള മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെ, ജാതി മത രാഷ്ട്രീയ ശക്തികളുടെ അജണ്ടകള്‍ സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണ്. പൊങ്കാലയും, ഉറൂസും, പള്ളിപ്പെരുന്നാളുമാണ് വാര്‍ത്തയെന്ന്, അതുപോലെ, അമൃതാനന്ദമയീയെ പോലുള്ള ഒരു വ്യക്തിയാണ് കേരളത്തിന്റെ നേതാവ് എന്ന് വരുത്തി തീര്‍ത്തത് മാധ്യമങ്ങളാണ്.
മാധ്യമങ്ങളെ വിശ്വസിച്ച മലയാളിയെ അവര്‍ വഞ്ചിക്കുകയാണ് ചെയ്തത്. ആദ്യകാലത്ത് നവോത്ഥാനത്തിന് വേണ്ടി മാധ്യമങ്ങള്‍ നിലകൊണ്ടിരുന്നു.  അതുകൊണ്ടാണ് മാധ്യമങ്ങളെ മലയാളികള്‍ വിശ്വസിച്ചത്. ഇപ്പോഴും മലയാളികള്‍ മാധ്യമങ്ങളെ വിശ്വസിക്കുന്നു. ആ മാധ്യമങ്ങളാണ് വിറ്റുവരവിനും ജാതി മത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി നവോത്ഥാനത്തെ വകവരുത്തിയത്. രാഷ്ട്രീയക്കാരെപോലെത്തന്നെ മലയാളിയോട് കൂറില്ലാത്തവരാണ് മാധ്യമങ്ങള്‍.  ലക്ഷക്കണക്കിന് കോപ്പികളിലൂടെ മലയാളത്തിലെ മുഖ്യധാരമാധ്യമങ്ങള്‍ അവരുടെ നവോത്ഥാന വിരുദ്ധ അജണ്ട അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍  ടെലിവിഷന്‍ കൂടി വന്നെത്തിയതോടെ, മലയാളിയുടെ ഏറ്റവും വലിയ വാര്‍ത്ത ഏത് മെത്രാന്‍ സ്ഥാനമേറ്റൈടുക്കുന്നു, ഏത് പൂജാരി ഏത് അമ്പലത്തില്‍ ശാന്തിക്കാരനാകുന്നു എന്നതാണ്. ഈയിടെ ഒരു പൂതിയ പൂജയെക്കുറിച്ചുള്ള പരസ്യം കണ്ടു. നവനാരി പൂജ. അഞ്ച് മുതല്‍ ഒമ്പത് വയസ്സുവരെയുള്ള പെണ്‍കുട്ടികളെ പൂജിച്ച് കാല്‍കഴുകും. 500 രൂപയോ മറ്റോ ചാര്‍ജ്ജ്. ഇത്തരത്തില്‍ ഒരോ മതവും പുതിയ അനാചാരങ്ങള്‍ നടപ്പിലാക്കുകയാണ്. ഇതിന്റെ പ്രചാരകര്‍ രാഷ്ട്രീയക്കാര്‍ പോലുമല്ല. മാധ്യമങ്ങളാണ് 100 ശതമാനവും ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ ചൂഷണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് എന്ത് സംഭവിച്ചു?
നവോത്ഥാനത്തിന്റെ ഭാഗമായ മാധ്യമങ്ങള്‍ ഇങ്ങനെ ആയതിന് കാരണം ആര്‍ത്തി പൂണ്ട ലാഭേച്ഛയാണെന്ന് തോന്നുന്നു. അതോടൊപ്പം സമൂഹത്തിന്റെ മേധാവിയായി തീരാനുള്ള ആഗ്രഹവും. കോര്‍പ്പറേറ്റ് ശക്തിയായി മാറുമ്പോള്‍ ധനവും അധികാരവും ഒന്നിച്ചെത്തുന്നു. 
കേരളത്തിലെ പ്രധാന മാധ്യമങ്ങളില്‍ കോട്ടയത്തിന്റെയും കോഴിക്കോടിന്റെയും തിരുവനന്തപുരത്തിനുമപ്പുറം ഒരു ബുദ്ധിയും പ്രയോഗിക്കപ്പെടുന്നില്ല. ഒരു ചക്രവാളവും പ്രത്യക്ഷപ്പെടുന്നില്ല. അവയുടെ ബൗദ്ധിക നിലവാരം അധപതിച്ചു. അങ്ങനെ അവര്‍ മലയാളിക്ക് ഉണ്ടാവേണ്ട സമകാലിക ബോധജ്ഞാനത്തെ നിഷേധിക്കുക മാത്രമല്ല, തങ്ങളുടെ സങ്കുചിതവും പ്രതിലോമപരവുമായ നിലവാരത്തിലേക്ക് മലയാളിയെ വലിച്ചു താഴ്ത്തുകയും ചെയ്യുന്നു. ഇത് മാധ്യമ ഉടമകളുടെ കാര്യം മാത്രമല്ല.  പത്രപ്രവര്‍ത്തകരില്‍ ഒരു വലിയ പങ്ക് കരിയെറിസ്റ്റുകള്‍ മാത്രമാണ്. അവരുടെ കൂറുകള്‍ അവസരത്തിനൊത്ത് മാറുന്നു. നടക്കാന്‍ പറഞ്ഞാല്‍ ഇഴയാന്‍ തത്രപ്പെടുന്നവര്‍ ധാരാളം. 
കേരളം വിവിധങ്ങളായ ഫാസിസത്തി്‌ന്റെ പിടിയിലാണെന്ന് ഈയിടെ നടത്തിയ ഒരു പ്രഭാഷണത്തില്‍ താങ്കള്‍ പറയുകയുണ്ടായി. താങ്കള്‍ ഫാസിസമെന്ന് വിവരിച്ചതെല്ലാം സൃഷ്ടിക്കുന്നത് ഒരേ അളവിലുള്ള ഭീഷണിയാണോ?
സംഘ്പരിവാരത്തിന്റെത് ഭൂരിപക്ഷ ഫാഷിസമാണ്. മറ്റ് മതങ്ങളുടെത് അത് ഇസ്ലാമിന്റെതായാലും ക്രിസ്തുമതത്തിന്റെതാണെങ്കിലും ന്യൂനപക്ഷത്തിന്റെതാണ്. ഇന്ത്യയിലൊരു ഫാഷിസ്റ്റ് ശക്തിയായി തീരാനുള്ള ആള്‍ബലം കൃസ്ത്യാനികള്‍ക്കില്ല. ഇസ്ലാമുമായി ബന്ധപ്പെട്ട് ഒരു അന്താരാഷ്ട്രഭീകരപ്രപഞ്ചം ഉണ്ട് എന്നത് വാസ്തവമാണ്. പക്ഷെ ഇന്ത്യയില്‍ ഒരു ഇസ്ലാമിക ഫാഷിസ്റ്റ് ടേക്ക് ഓവര്‍ സാധ്യമാണെന്ന് അവര്‍ കൂടി ചിന്തിക്കുന്നുണ്ടാവില്ല.  ഹിന്ദുഫാസിസം എന്നത് ഇവിടെതന്നെ ഉണ്ടാക്കിയെടുത്തതാണ്. വെറും 31 ശതമാനം വോട്ട് നേടിയാണ് ഇവര്‍ ഇപ്പോള്‍ അധികാരത്തിലെത്തിയത്. മോദിക്കെതിരെ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കില്‍ മോദി തന്നെ തോറ്റുപോയനെ. 31 ശതമാനമാണ് ഹിന്ദുത്വ വാദികള്‍ ആഞ്ഞ് പിടിച്ചിട്ടും മോദിയെ പൊലൊരു വിഗ്രഹത്തെ സൃഷ്ടിച്ചിട്ടും ലഭിച്ചത് എന്നത് നമ്മള്‍ മനസ്സിലാക്കണം. ബാക്കി 69 ശതമാനത്തില്‍ 60 ശതമാനമെങ്കിലും ഹിന്ദു വിശ്വാസികളായിരിക്കണം. 31 ശതമാനത്തില്‍ 25 ശതമാനമെ ഹിന്ദുക്കള്‍ ഉണ്ടാകുകയുള്ളൂ. പക്ഷെ ഭൂരിപക്ഷത്തിന്റെ പേര് പറഞ്ഞാണ് ഹിന്ദു ഫാഷിസം മാന്യത സ്ഥാപിക്കുന്നത്. ഞാന്‍ പ്രഭാഷണത്തില്‍ പറഞ്ഞത് ഭൂരിപക്ഷ ഫാഷിസത്തെ മാത്രം ഫാഷിസമായി കണ്ടാല്‍ പോരാ എന്നാണ്. കേരളത്തിലെ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും പൊലീസിന്റെയും മതങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും അടിസ്ഥാന സ്വഭാവം അതായത് ജനങ്ങളോടുള്ള അവരുടെ സമീപനം ഫാഷിസ്റ്റാണ് എന്നതും നാം മനസ്സിലാക്കണം.
ഇത്തരത്തില്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മോദിയും കൂട്ടരും ഒരു ഭീഷണിയാവില്ലെന്ന് വിലയിരുത്തുമ്പോഴും ഒരു പൊതുബോധം ഒരു ശക്തനായ നേതാവിന് അനുകൂലമായി ഉണ്ടെന്ന് വിലയിരുത്തലുകളും വ്യാപകമായിട്ടുണ്ട്.
തീര്‍ച്ചയായും ഇത്തരത്തിലുള്ള എല്ലാ ജീര്‍ണതകളും വലിച്ചു വെയ്ക്കുന്ന ജനതയാണ് മലയാളികള്‍. ശിവസേനയെ പോലും ഇവിടെ വളര്‍ത്തി. തിരുവിതാംകൂര്‍ രാജകുടുംബം അതിനെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍തന്നെയാണ്  കുടിയിരുത്തിയത്. മഹാരാഷ്ട്രയില്‍ മലയാളികളെ ഏറ്റവും നിഷ്ഠുരമായി ദ്രോഹിച്ചിട്ടുള്ള പാര്‍ട്ടിയാണ് ശിവസേന. ഇപ്പോഴെന്താണ് സ്ഥിതി? ഒരു കേരളീയ സാമൂഹ്യ ശക്തിയായി അവര്‍ മാന്യവല്‍ക്കരിക്കപ്പെട്ടു. എല്ലാ മഹാന്മാരും, സൂര്യ കൃഷ്ണമൂര്‍ത്തിയെപോലുള്ള പല മഹാന്മാരും അവരുടെ ഗണേശചതുര്‍ത്ഥിയിലും മറ്റും ആനന്ദപൂര്‍വം പങ്കെടുക്കുന്നു. ആര്‍.എസ്.എസ്സിന് പണ്ടെ  മാന്യവല്‍ക്കരണം ഉണ്ടായി
ട്ടുണ്ട്.
കൃഷ്ണയ്യരും സാനു മാഷും മോദിയെ വണങ്ങുകയും സംഘ്പരിവാരിന്റെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ ഹിന്ദുവര്‍ഗീയതയ്ക്ക് വിശ്വാസ്യത ഉണ്ടാക്കി കൊടുക്കുമ്പോഴും അവരുടെ മാന്യതയ്ക്ക് യാതൊരു കുറവും കേരളത്തില്‍ ഉണ്ടാകുന്നില്ലെന്നതാണ് പ്രനം. ഞാന്‍ പറയുന്നത് കൃഷ്ണയ്യരെയും സാനുവിനെയും പുച്ഛിക്കണമെന്നല്ല. മറിച്ച് അവരോട് ചോദിക്കുകയെങ്കിലും വേണം. മോദിയ്ക്ക് വേണ്ടി 10 പോയിന്റ് എഴുതി പ്രസിദ്ധീകരിച്ചത് നിങ്ങളല്ലേ സ്വാമീ എന്ന് കൃഷ്ണയ്യരോട് ചോദിക്കേണ്ടേ? നിങ്ങളല്ലെ ആര്‍.എസ്.എസ്.വേദികളില്‍ പ്രസംഗിക്കുന്നതെന്ന്  സാനുവിനോട് ചോദിക്കണം. നി്ങ്ങള്‍ ഇടതുപക്ഷക്കാരനാണെന്ന് ഇപ്പോഴും അവകാശപ്പെടുന്നുണ്ടോ എന്നും ചോദിക്കണം. അതിനുപകരം നമ്മള്‍ ഇവര്‍ക്കൊക്കെ ബഹുമാനങ്ങള്‍ കൂടുതല്‍ കൂടുതലായി ചൊരിയുകയാണ്. കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും ഭരണകൂടങ്ങള്‍ ഇവര്‍ക്ക് ബഹുമതികള്‍ നല്‍കുകയാണ്. അപ്പോള്‍ സാധാരണക്കാര്‍ എന്താണ് കരുതുക. ഇവരൊക്കെ വര്‍ഗീയതയെ അംഗീകരിക്കുന്നത് മഹത്തായ കാര്യമാണെങ്കില്‍ പിന്നെ എന്താണ് കുഴപ്പം? നമ്മള്‍ അറിയുന്ന എത്ര എത്രയോ പേര്‍.. മാടമ്പ് കുഞ്ഞുക്കുട്ടന്‍, സുഗതകുമാരി, ആഷാമേനോന്‍, അക്കിത്തം… ഇവരെല്ലാം സമൂഹത്തിലെ വിലപ്പെട്ട എഴുത്തുകാരാണ്. എഴുത്തുകാര്‍ക്ക് ഇത്രമാത്രം ആരാധന കിട്ടുന്ന സമൂഹം വേറെയില്ല. അങ്ങനെ ആരാധിക്കുന്നവരെയാണ് ഫാഷിസത്തോട് ഒത്തുചേര്‍ന്ന് ഇവര്‍ വഞ്ചിക്കുന്നത്. 
മലയാളിയുടെ ഉള്ളില്‍ ഒരു ഫ്യൂഡല്‍ യാഥാസ്ഥിതികത്വം കട്ടപിടിച്ചിരിപ്പുണ്ട്. മതങ്ങളിലുമതുണ്ട്. പിന്നെ മാധ്യമങ്ങളുടെ വര്‍ഗീയതാ പുകഴ്ത്തല്‍ കണ്ട് മലയാളി എളുപ്പത്തില്‍ അതില്‍ കുടുങ്ങുന്നു. അമൃതാനന്ദമയിക്ക് 50 വയസ്സായപ്പോള്‍ അവരാണ് കേരളത്തിന്റെ നായിക എന്ന് ഇവിടുത്തെ പ്രധാനപ്പെട്ട പത്രങ്ങള്‍ മോഹന്‍ലാലിനെപോലുള്ള വക്താക്കളിലൂടെ പ്രഖ്യാപിച്ചാല്‍, ഒന്നാം പേജില്‍ 10 ദിവസം കൊടുത്താല്‍ മലയാളികള്‍ അതു വിശ്വസിക്കും. അതാണ് അവസ്ഥ. ഇതാണ് മസ്തിഷ്‌ക പ്രക്ഷാളനം. വിജയനെ പോലെയൊരാള്‍  ആര്‍.എസ്.എസ്. മുഖം മൂടിയായ 'തപസ്യ'യുടെ അവാര്‍ഡ് വാങ്ങിച്ചില്ലെ?  ഹൈദരബാദില്‍ ആര്‍.എസ്.എസ്. വിജയന്റെ വീട്ടില്‍ പോയി സമ്മാനം നല്‍കി. എന്തുകൊണ്ടാണ് അത് സംഭവിച്ചത്? എന്തായിരുന്നു വിജയന്റെ ചേതോവികാരം? വിജയന്‍  ഒരിക്കല്‍ ഒരു റെബല്‍ ആയിരുന്നു. എന്തിന് വിജയന്‍ ഹിന്ദുഫാഷിസ്റ്റുകളുടെ അവാര്‍ഡുകള്‍ വാങ്ങി? ഞാന്‍ പറഞ്ഞത് ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് കേരളത്തില്‍  അംഗീകരിക്കപ്പെട്ടു എന്നാണ്. 
ക്രിസ്തുമതത്തില്‍ വിമോചന ദൈവശാസ്ത്രം പോലെ ഇസ്ലാം മതത്തില്‍ ഒരു ലിബറല്‍, വിമോചന ധാര ഇല്ലാതെ പോയതാണോ,  അതോ അതിന് സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയതാണോ, ഇപ്പോഴത്തെ യാഥാസ്ഥിതികവും അപകടകരവുമെന്ന് വിളിച്ച അവസ്ഥയ്ക്ക് കാരണം?
ക്രിസ്തുമതത്തിന്റെ ഉള്ളില്‍നിന്നുതന്നെയാണ്  enlightenment ഉണ്ടായിവന്നത്. അതിന് അത്തരമൊരു പാരമ്പര്യമുണ്ടായിരുന്നു. വാസ്തവത്തില്‍ യേശുവിന്റെ യഥാര്‍ത്ഥ പരാമ്പര്യം, ചോദ്യം ചെയ്യലിന്റെയും പുരോഗമനത്തിന്റെതുമാണ്. ഇസ്ലാമിനുമുണ്ടായിരുന്നു ബോധജ്ഞാന പാരമ്പര്യം. യൂറോപ്പ് അത് കടമെടുക്കുകയും ചെയ്തു. ഇസ്ലാമിന്റെ ബോധജ്ഞാന പാത തല്ലിക്കെടുത്തപ്പെട്ടിട്ട് അഞ്ച് ആറ് ദശകങ്ങളെ ആയിട്ടുള്ളൂ. സൗദി വഹാബി കൂട്ടുകെട്ടില്‍നിന്നാണ് ആ രാക്ഷസീയ ശക്തി വളര്‍ന്നത്. അബ്ദുറഹ്മാന്‍ സാഹിബിനെ പോലുള്ളവര്‍  ഇസ്ലാം വിശ്വാസികളായിരുന്നു, അങ്ങേയറ്റം ലിബറല്‍ ചിന്തയുള്ളവരുമായിരുന്നു. ഒരു ലിബറല്‍ സൊസൈറ്റിയായിരുന്നു കേരളത്തിന്റെ മുസ്ലിം സമൂഹം. യാഥാസ്ഥിതികത്വവും തീവ്രവാദവും ഇവിടെ ഇറക്കുമതി ചെയ്യപ്പെടുകയാണുണ്ടായത്. അതിനെ നേരിടാനുള്ള ധാര്‍മ്മിക അടിത്തറ മുസ്ലീം ലീഗിനില്ലാതെ പോയി.  ഇറക്കുമതി ചെയ്യപ്പെട്ട തീവ്രവാദം ഉഴുതുമറിച്ച മലയാളി  ഇസ്ലാം മണ്ണിലാണ് കൈവെട്ടുകാരെപോലുള്ള വിഷവിത്തുകള്‍ വളര്‍ന്നത്. അര നൂറ്റാണ്ടുകൊണ്ട് ആര്‍.എസ്.എസ്സിന് ഹിന്ദുക്കള്‍ക്കിടയില്‍ സാധ്യമാകാത്ത രീതിയില്‍ മുസ്ലീം വര്‍ഗീയതയ്ക്ക് കേരളത്തിലെ മുസ്ലീം സമുദായത്തില്‍ ഇടപെടാന്‍ കഴിഞ്ഞു. വസ്ത്രപരമായി പോലും യാഥാസ്തികത്വം കൊണ്ടുവരാന്‍ അവര്‍ക്ക് പറ്റി.
ചുണ്ണാമ്പുതൊട്ടതുപോലെ, ഏത് മുസ്ലീമിനെയും നോക്കി, ഇത് മുസ്ലീം എന്ന് പറയാന്‍ കഴിയുന്ന രീതിയിലാക്കി.  അങ്ങനെ ഒരു ഘെറ്റോ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.  ഒരു സമൂഹത്തെ ഇരുട്ടുമുറിയിലടക്കുന്നതുപോലെയാണത്. കേരളത്തിലെ ഇസ്ലാമിന് ഏറ്റ വലിയ പ്രഹരമാണ് അത്. .  അവിടെയാണ് മുസ്ലീം ലീഗിന്റെ കുറ്റകരമായ പരാജയം. അതായത് സി.എച്ചിന്റെയും മറ്റുള്ളവരുടെയും മറ്റും ഫിലോസഫി എങ്ങനെ പരാജയപ്പെട്ടു? അങ്ങനെ എത്രപേരുണ്ടായിരുന്നു.
പക്ഷെ ചെറുത്തുനില്‍പ്പും ഉണ്ടാകുന്നുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവാഞ്ച വളരെ ശ്രദ്ധേയമാണ്. മുസ്ലീം  കുട്ടികള്‍ മതയാഥാസ്ഥിതികത്വത്തെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. അല്ലാതെ അവര്‍ അത് ഏറ്റെടുക്കുകയല്ല. ഒരു കാര്യം തീര്‍ച്ചയാണ് ലോകമെങ്ങും നാം കാണുന്ന ഭീകരദൃശ്യങ്ങള്‍ യാഥാസ്ഥിതിക ഇസ്ലാമിന്റെ മരണ വെപ്രാളമാണ്. ആധുനികതയ്ക്ക് അത് കീഴ് വഴങ്ങേണ്ടിവരിക തന്നെ ചെയ്യും. മധ്യകാല ക്രിസ്തുമതത്തിന്റെ അവസ്ഥയിലാണ് യാഥാസ്ഥിതിക  ഇസ്ലാം ഇന്ന്. പെഷവാറിലെ കൊലയോടെ അതിന്റെ കൂപ്പുകുത്തല്‍ തുടങ്ങി.
ഇതുപക്ഷെ മുസ്ലീം സമൂഹത്തില്‍ മാത്രം സംഭവിക്കുന്നതാണോ? ബിഷപ്പ് പൗവ്വത്തില്‍ കുറേ നാള്‍ മുമ്പാണ് ക്രിസ്ത്യന്‍ കുട്ടികള്‍ ക്രിസ്തീയ സ്ഥാപനങ്ങളില്‍ മാത്രമെ പഠിപ്പിക്കാവു എന്ന് പറഞ്ഞത്. ഇതിനോടും വളരെ പാസ്സീവായാണ് കേരളം പ്രതികരിച്ചത്
പൗവത്തിലിന്റെ പ്രസ്താവനയോട് ആദ്യം പ്രതികരിക്കേണ്ടി യിരുന്നത് ക്രൈസ്തവര്‍ തന്നെയായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാധ്യമങ്ങളും ഒന്നും പറഞ്ഞില്ല. വെറുതെ റിപ്പോര്‍ട്ട് ചെയ്യുക മാത്രം ചെയ്തു. ഇടതുപക്ഷം ഒരനുഷ്ടാനം പോലെ വിമര്‍ശിച്ചു. എന്റെ ഓര്‍മ്മശരിയാണെങ്കില്‍ ജോസഫ് പുലിക്കുന്നേല്‍ മാത്രമാണ് ഇതിനെ കൃത്യമായി ചോദ്യം ചെയ്തത്, ഓശാനയിലൂടെ. അതൊക്കെ ഒരു വനരോദനം മാത്രമായി. കഴിഞ്ഞ 30-35 കൊല്ലമായിട്ട് ഇവിടുത്തെ മുഖ്യധാര പത്രങ്ങളും, ചാനലുകളുടെ രംഗപ്രവേശത്തിന് ശേഷം, അവയും വര്‍ഗീയ അജണ്ടകളെ സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു. വര്‍ഗീയത അത് വര്‍ഗീയതയാണ് എന്ന് തിരിച്ചറിയപെടുകപോലും ചെയ്യാതെയാണ് സമൂഹത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നത്. മതങ്ങളെക്കാളും ജാതികളെക്കാളും എന്തിന് രാഷ്ട്രീയത്തെക്കാളും പോലുമേറെ മാധ്യമങ്ങളാണ് കേരളത്തിനെ വര്‍ഗീയവല്‍ക്കരിക്കുന്നതില്‍ മുന്‍കൈയെടുക്കുന്നത്.  
മലയാളി നിസ്സംഗനാണോ?
അതെ, മലയാളി ട്രാപ്പ്ഡ് ആണ് എന്നുപറയുകയായിരിക്കും ശരി. അവന്‍ ഒരു കെണിയിലാണ്. ഇവിടുത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ കാടത്തത്തെ അംഗീകരിച്ച,് മാധ്യമങ്ങളുടെ കാപട്യങ്ങള്‍ക്ക് വഴങ്ങി, പുരോഹിതന്മാരുടെ സ്വാര്‍ത്ഥതകള്‍ക്കുമുമ്പില്‍ തലകുനിച്ച്, പണം ഉണ്ടാക്കാനുള്ള കുറുക്കുവഴികള്‍ തേടി, മക്കള്‍ക്ക് കുറെ മാര്‍ക്കുവാങ്ങിക്കാന്‍ എന്തുചെയ്യണമെങ്കില്‍ അത് ചെയ്ത് അവരെ എങ്ങനെയെങ്കിലും കേരളത്തിന് പുറത്തിറക്കി വിടുക. അതാണ് മലയാളി ചെയ്യുന്നത്. ഞാനോ ഇങ്ങനെയായി മക്കള്‍ രക്ഷപെടട്ടെ എന്നാണ് നിലപാട്. ഒരു  വലിയ ബ്രൂട്ടലൈസേഷനാണ് നടക്കുന്നത്. യു.ഡി.എഫും - എല്‍.ഡി.എഫും ചേര്‍ന്ന് മലയാളികളെ ഹൃദയശൂന്യരും സംസ്‌ക്കാരരഹിതരുമായ ഒരു ജനതയാക്കി മാറ്റി. അവരുടെ സ്വപ്‌നങ്ങള്‍ മുഴുവന്‍ തകര്‍ന്നു. ജനാധിപത്യത്തിന്റെ ഒരു സൗമ്യതയോ, മര്യാദയോ, ഐശ്വര്യമോ ആവകാശമോ  ഒന്നും മലയാളിക്ക് ലഭിച്ചില്ല. മലയാളി നോക്കുകൂലിക്കും കൈക്കൂലിക്കും അടിമയായി ജീവിക്കുന്നു. കൈക്കൂലിയെടുത്ത് കൈയില്‍ പിടിച്ചാണ് വില്ലേജ് ഓഫീസിലും സെക്രട്ടറിയേറ്റിലും ചെല്ലുന്നത്. എന്നിട്ട് മടക്കിക്കുത്തഴിച്ചിട്ട് ഉപചാരപൂര്‍വം ഉദ്യോഗസ്ഥന്റെ മുന്നില്‍ നില്‍ക്കുന്നു. . മറുവശത്ത് ഇവന്‍ പത്രം വായിച്ച് വിജൃംഭിതനാകും. പക്ഷെ ഇപ്പറുത്ത് ഇവന്‍ അടിമയാണ്. പൊളിറ്റിക്കലി ബ്രൂട്ടലൈസ്ഡ്, ആ്ന്റ് ബ്രൂട്ടലൈസ്ഡ് ബൈ റിലീജിയന്‍. ക്രിസ്ത്യാനികള്‍ വേദപാഠ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ കല്യാണം നടത്തികൊടുക്കില്ല. അതായത് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലെ സമാന്തരമായി അത് വേണം. ഇതൊക്കെ മലയാളി സ്വീകരിക്കുകയാണ്. മലയാളികള്‍ പരാജയപെടുത്തപ്പെട്ട ജനതയാണ്.

0 comments: