പൂര്‍ണ്ണമല്ലാത്ത പൂര്‍ണ്ണത!

 


സമഗ്രത
"നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ." യേശു അങ്ങനെ പറഞ്ഞിട്ടുണ്ടാവുമോ? സംശയമാണ്. ഉണ്ടെങ്കിൽ തന്നെ അത് വാച്യാർഥത്തിൽ എടുക്കാനാവില്ല. വിവർത്തനത്തിലും ആശയം കണ്ടമാനം മാറിപ്പോകാം. പൂർണതയും സമഗ്രതയും ഒന്നല്ല. ഞാൻ ഞാനാകുന്നത്‌ സമഗ്രതയിലൂടെയാണ്. നമ്മുടെ ഊർജ്ജം സമഗ്രതയുടെ ഭാഗമാണ്. പൂർണമാകുക എന്നത് മതാത്മകമായ ആശന്കയുള്ളവന്റെ, ഒരിക്കലും പൂർത്തീകരിക്കാത്ത, ലക്ഷ്യമാണ്‌. അത് ഭ്രാന്തിലേയ്ക്ക് നയിക്കും. ഒരു തിരക്കെങ്ങനെ മഹാസമുദ്രമാകാനാവുംഞാൻ-ഭാവമെന്ന വിഭ്രാന്തിയാണ് അതിനു പിന്നിൽ. അപ്പോൾ ചെയ്യാവുന്നത് ഇതാണ്. ചെയ്യുന്നതെല്ലാം അപൂർണമാനെന്നറിഞ്ഞു കൊണ്ട് അതെല്ലാം ആസ്വദിക്കുക. ഈ ലോകത്തിൽ അപൂർണമായതിനേ ഇടമുള്ളൂ എന്നങ്ങു സമ്മതിക്കുക. ഒരു തിര തിരയായിരുന്നുകൊണ്ടാണ് മഹാസമുദ്രത്ത്ന്റെ ഭാഗമാകുന്നത്. അതാണ്‌ സമഗ്രത. സമഗ്രതയെന്തെന്ന് മനസ്സിലാക്കുന്നത് ഈ ഭൂവിലെ ഏറ്റവും വലിയ നേട്ടമായി എണ്ണാം.

ഇന്നലെ, ഈസ്റ്ററിനു കഴിച്ചത് എന്നത്തേയും പോലെ തനി പച്ചക്കറി ഭക്ഷണം ആയിരുന്നിട്ടും വളരെക്കാലമായി ചെയ്യാതിരുന്ന ഒന്ന് സംഭവിച്ചു - രാത്രിയിൽ ശർദ്ദിച്ചു. ശരീരത്തിന് യോജിക്കാത്തെ എന്തോ അകത്തു കടന്നു എന്നാണ് അതിനർഥം. അതിനെ തള്ളിക്കളയാൻ എത്ര ശക്തമായ തീരുമാനമാണ് എന്റെ ശരീരം കൈക്കൊണ്ടത്! അകത്തുനിന്നും വേണ്ടാത്തതെല്ലാം പോകുന്നതുവരെ തള്ളിക്കളയൽ. എതിർക്കാനാവില്ല, അവിടെ ശരീരമാണ് തീരുമാനിക്കുന്നത്. നമ്മൾ വഴങ്ങണം. വേണ്ടത് ഉൾക്കൊള്ളുന്നതുപോലെ തന്നെ പ്രധാനമാണ് ശരീരത്തിന് വേണ്ടാത്തത് തള്ളുക എന്നതും.

നമ്മുടെ ശരീരം എന്നതുപോലെ, പ്രകൃതി മുഴുവനും ഒരു മഹാദ്ഭുതമാണ്. എന്തെല്ലാം സാധനങ്ങൾ ഭക്ഷണമായി നമ്മൾ അകത്തേയ്ക്ക് വിടുന്നു. അവയിൽനിന്ന് വേണ്ടത് അരിച്ചെടുത്ത് നമ്മുടെ രക്തവും മജ്ജയുമാക്കാൻ ശരീരത്തിനറിയാം. ഞാൻ കഴിക്കുന്ന ഒരു പഴം തന്നെ ഇതിനു മുമ്പ് മറ്റു പലരുടേയും ഭക്ഷണമായിരുന്നിട്ടുണ്ടാവാം. മനുഷ്യരുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും ഭാഗമായിരുന്നതൊക്കെ വീണ്ടും സ്വാംശീകരിച്ചാണല്ലോ ഭൂമി അതിനെ വീണ്ടും പാറയുടെയും മണ്ണിന്റെയും നമ്മുടെയും സസ്യങ്ങളുടെയും ഭാഗമാക്കി, വീണ്ടും പൂവും കായുമായി തിരികെ തരുന്നത്. ആ പഴത്തിലെ ഊര്ജ്ജം സനാതനമാണ്. പലരൂപങ്ങളിൽ അത് വീണ്ടും വീണ്ടും പ്രത്യക്ഷമാകുന്നു. ഇതല്ലേ ജീവൻറെ ഏറ്റവും വലിയ വിസ്മയം? ഈ അൽപ ഊര്ജം വീണ്ടും ഭൂമിയെയും ജലത്തെയും രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നതുപോലെ ചരാചരത്തിലെ ഓരോ അംശവും പ്രവർത്തിക്കുന്നു. മൊത്തത്തിലുള്ള ഊർജ്ജത്തിന് ഒരു കുറവും വരുന്നുമില്ല. ഇന്നത്തെ അഴുക്കും ചെളിയും നാളത്തെ സ്വാദുള്ള ഭക്ഷണമായി നമ്മിലേയ്ക്ക് തിരിച്ചുവരുന്നു! അതുതന്നെ നമ്മുടെ ശുക്ലമായി ഒരു പുതിയ പിറവിക്കു കാരണമാകുന്നു. അതിരുകൾ കല്പിക്കാൻ നാമാരാണ്? ശിശു മനുഷ്യനിലേയ്ക്കും മനുഷ്യൻ വീണ്ടും മണ്ണിലേയ്ക്കും രൂപാന്തരപ്പെടുന്നു. സത്യത്തിൽ ജീവിതവും മരണവും ഒരേപോലെ സുന്ദരമാണ്. ഈ അറിവാണ് സമഗ്രതയുടെ കാതൽ. നമ്മൾ നമ്മുടെ ജീവിതമെന്നു കരുതുന്നത് പ്രാപഞ്ചിക സമഗ്രതയുടെ ഭാഗമാണ്. എല്ലാം നമ്മുടെയും ഭാഗമാണ് എന്നിരുന്നാലും പൂർണത വ്യക്തിയുടേതല്ല, സമഗ്രതയുടേതാണ്. സമഗ്രതയിൽ പൂര്ണത സ്ഥിതിചെയ്യുന്നു.

അനാത്മ
ബുദ്ധന്റെ കണ്ടെത്തലിൽ 'അനാത്മ' എന്നൊരു മനോഹര വാക്കുണ്ട്. ആത്മാവ് ഇല്ലായ്മ എന്നാണർഥം. സമഗ്രതയുടെ ധാരാളിത്തത്തിൽ 'ഞാൻ' അലിഞ്ഞില്ലാതാകുന്ന അവസ്ഥയാണത്. വ്യക്തിത്വത്തിലൊതുങ്ങാത്ത, ഒരു നിർവചനത്തിലും ഒതുങ്ങാത്ത, തരംതിരിവുകളിൽ ഞെരുങ്ങാത്ത, അനന്ത വിശാലമായ ഒരു ശൂന്യതയാണത് (all inclusive nothingness). നക്ഷത്രങ്ങളും ഗ്രഹങ്ങളും, മരവും പൂവും, പക്ഷികളും മൃഗങ്ങളും സ്വാഭാവികമായി അതിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യന് ബോധപൂർവം മാത്രമേ അങ്ങനെയാകാനാവൂ. അപ്പോൾ മാത്രമേ മേൽപ്പറഞ്ഞവയുടെ ധന്യമായ ശൂന്യാവസ്ഥയെ നമുക്ക് ഉള്കൊള്ളാനാവൂ. അപ്പോൾ നമ്മൾ ഇവയെയൊന്നും സ്വന്തമാക്കാൻ ആഗ്രഹിക്കുകയില്ല. അദ്വൈതമെന്ന സത്യം, ശൂന്യതയുടെ ഏകീഭാവം, ആ അനുഭവമാണ്, ആ കണ്ടെത്തലാണത്.
സമഗ്രത എന്നാൽ അതിരുകളില്ലായ്മയാണ്. അതിനപ്പുറത്തേയ്ക്ക് ഒന്നിനും വളരേണ്ട ആവശ്യമില്ല. ഞാൻ നിശബ്ദവും ശൂന്യവുമാകുമ്പോൾ, ശരീരവും ആത്മാവും എന്ന ദ്വന്ദ്വം ഇല്ലാതാകുമ്പോൾ നാം എന്താകുന്നുവോ അതാണ്‌ അനാത്മ.

വിത്തിലെ പരിപൂർണത 
(ഉറങ്ങിക്കിടക്കുന്ന ഒരു വിത്തിന്റെ ശക്തിയും സൌന്ദര്യവും ആസ്വദിക്കാൻ ഈ വീഡിയോ കാണുക. ശ്രീ മാത്യു തറക്കുന്നേലിനോട് കടപ്പാട്. 
https://www.facebook.com/video.php?v=882874915080082&set=vb.368333776534201&type=2&theater

ചക്കയുടെയും ഓമക്കായുടെയും ആഞ്ഞിലിക്കായുടെയുമൊക്കെ കാലമാണിത്. ഓരോ വർഷവും ഒരു പ്ലാവ് എത്ര ചക്ക, അതിലോരോന്നിലും എത്ര ചുളകളും ഓരോന്നിലും കുരുവും ആണുണ്ടാക്കുന്നത്. ഇങ്ങനെ ഓരോ സസ്യവും ചെയ്തുകൊണ്ടിരിക്കുന്നു. നമ്മൾ മനുഷ്യരും കോടിക്കണക്കിനു ബീജത്തെയും അണ്‍ഡത്തെയും സൃഷ്ടിക്കുന്നു. പ്രകൃതിയുടെ ധാരാളിത്തം ഏറ്റവും കൂടുതൽ ഇക്കാര്യത്തിലാണ്. ഓരോ ചക്ക മുറിക്കുമ്പോഴും, ഓരോ പേരയ്ക്ക തിന്നുമ്പോഴും ഇതൊക്കെ കാണുമ്പോൾ, എന്തുകൊണ്ട് നമ്മുടെ ഭാവനയും ചിന്തയും പ്രപഞ്ചത്തോളം വികസിക്കുന്നില്ല? ഒന്നാലോചിച്ചാൽ ഓരോ സസ്യവും അതിന്റെ ഓരോ കുരുവും അതിനുള്ള സന്ദർഭമൊരുക്കുന്നുണ്ട്.

വിത്ത്‌ - ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അദ്ഭുതമാണത്. കാരണം, ആദിയും അന്ത്യവും അതിൽ സമ്മേളിക്കുന്നു. അതുകൊണ്ട് അത് പൂർണമാണ്, പൂർണമായതിനാൽ അത് ആനന്ദമാണ്. സ്വര്ഗരാജ്യം (പരിപൂർണത) ഒരു കടുകുമണി പോലെയാണെന്ന് യേശു. എന്തൊരുൾക്കാഴ്ച! പ്രപഞ്ചത്തിലെ ഓരോ ജീവനും ചീരപ്പൂവിലെ കണ്ണിൽ പെടാനില്ലാത്ത ആയിരക്കണക്കിന് അരികളെപ്പോലെ ഓരോ കുരുവിൽനിന്നുണ്ടായവയാണ്. അതിലോരോന്നും സമഗ്രതയെ, പരിപൂർണതയെ ഉള്ളിൽ വഹിക്കുന്നതുകൊണ്ടാണത് സാദ്ധ്യമാകുന്നത്. വഹിക്കുന്നു എന്നാൽ അതുതന്നെയാണത് എന്ന് മനസ്സിലാക്കണം.
ക്രിസ്തു 'ഞാൻ' എന്ന് പറയുന്നിടത്തെല്ലാം 'നീ' എന്ന ഉള്ളർഥമുണ്ട് എന്ന് ധരിച്ചാലേ സുവിശേഷരഹസ്യം പിടികിട്ടുകയുള്ളൂ. ഞാൻ വഴിയാണ്, ജീവനാണ്, സത്യമാണ് എന്ന വചനംപോലെ അദ്ദേഹത്തിൻറെ കടുകുമണിയുടെ ഉപമ വിഖ്യാതമാണ്. സ്വർഗരാജ്യം ഒരു കടുകുമണിപോലെയാണെന്ന്! നീയാണ് ഈ കടുകുമണി എന്നാണ് യേശു ഉദ്ദേശിച്ചത്. ഈ പ്രപഞ്ചത്തിലല്ലെങ്കിൽ അടുത്തതിൽ ഈ വിത്ത്‌ അനന്തമായി പ്രഫുല്ലമാകേണ്ടതുണ്ട്. ഇവിടെ സമയം ആപേക്ഷികമാണ്, വേണമെങ്കിൽ തീർത്തും ഉപേക്ഷിക്കാവുന്നതാണ്. ഒരു കുരുവിനെ സമയത്തിൽനിന്നു വേർപെടുത്തി ചിന്തിക്കുമ്പോഴേ അതിൻറെ പരിപൂര്ണതയുടെ അർഥം വെളിപ്പെട്ടു കിട്ടൂ. ഇപ്പോൾ പൂർണമല്ലാത്തത് ഒരിക്കലും പരിപൂർണമല്ല, ആവുകയുമില്ല. വിത്തിലെ ഊര്ജ്ജത്തിന്റെ സമഗ്രത, അനന്തമാകാനുള്ള അതിന്റെ സാദ്ധ്യത എപ്പോഴും ഒരേപോലെയാണ്. അത് സമയപരിധിയെ അതിലംഘിക്കുന്നതാണ്. ഓരോ വിത്തുംപോലെ, സമഗ്രതയുടെ ഭാഗമാകുക, ആയിരിക്കുക എന്നതാണ് നമ്മുടെയും പൂര്ണത. അത് ഇന്ന്, ഇപ്പോൾ, ഇവിടെയായിരിക്കണം എന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. അതു സംഭവിക്കുന്നതുവരെ അതിന് ഒരർഥവുമില്ല. ഈ തിരിച്ചറിവ് ഉണ്ടാകുന്നില്ലെങ്കിൽ, ഈ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ, അതിന്റെ അഭാവം ജന്മാന്തരങ്ങൾ വരെ നീളാം. ജീവമുകുളത്തെ ഉള്ളിൽ ഞെരുക്കുന്ന ഒരു വിത്തായി തുടരാം. ജന്മാന്തരങ്ങൾ എന്നത് വേണമെങ്കിൽ പാടേ ഉപേക്ഷിക്കാവുന്ന, ആപേക്ഷികമായ സമയത്തിന്റെ കണക്കാണ്. അതാകട്ടെ സ്ഥിരം നിലനില്ക്കുന്ന ഒരു പ്രലോഭനവുമാണ്‌. അതിൽ വീണാൽ പെട്ടു. അപ്പോൾ ഭാവിയും ഭൂതവും ഒരുപോലെ ഇടതടവില്ലാതെ നമ്മെ സമഗ്രതയിൽനിന്നകറ്റി നിർത്തും. മിക്കവാറും ഏവരും വീണുപോകുന്ന വല്ലാത്ത ഒരു കെണിയാണത്.

ഓരോ കുരുവിനെയും കൈയിലെടുത്തു ലാളിക്കുക. അത്രക്ക് മനോഹരമാണത്. അവയിലോരോന്നും പരിപൂർണതയുടെ തനി പകർപ്പാണ് എന്ന് തിരിച്ചറിയുക ഒരാഹ്ലാദമാണ്. ഈ ആഹ്ലാദം ഉള്ളിൽ കൊണ്ടുനടന്നവനാണ് യേശു. താനൊരു വിത്താണെന്ന് ഓരോരുത്തരും അറിയുന്നതാണ് ധ്യാനം. ധ്യാനം ഒരദ്ഭുതമാണ്.

എങ്കിൽ നമുക്ക് തുടങ്ങിയിടത്തേയ്ക്ക് പോകാം. "നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ." ഒരു പക്ഷേ, യേശു അങ്ങനെത്തന്നെ പറഞ്ഞിട്ടുണ്ടാവണം.


സാക്കിന്‍റെ ലേഖനങ്ങള്‍ സൂക്ഷിച്ചു വായിക്കേണ്ടതാണ്. ഒരു കൌതുകത്തിനു വായിച്ചു തുടങ്ങുന്നവരും സൂക്ഷിച്ചില്ലെങ്കില്‍ ആ കെണിയില്‍ വീഴും. യേശു വി. ഗ്രന്ഥത്തിലൂടെ പറയുന്ന എല്ലാ വചനങ്ങളും വളരെ ആഴമുള്ളതാണ്. അതിന്‍റെ ആഴം കണ്ടേ മടങ്ങൂവെന്ന വാശി എടുക്കുന്നവന്‍ അത് മനസ്സിലാക്കി തീരുമ്പോഴേക്കും, അവന്‍റെ സമയവും തീര്‍ന്നിരിക്കും. വചനം നമ്മെ ആഴത്തിലേക്ക് കൊണ്ടുപോകുന്നില്ലെങ്കില്‍ നമ്മുടെ ശ്രമം അറിവില്‍ ഒടുങ്ങുകയെ ഉള്ളൂ. പക്ഷെ, ഇതാണ് ആഴം എന്ന് പറഞ്ഞുകൊണ്ട് അനേകരെ ഏതൊക്കെയോ ഗുഹകളിലേക്ക് നയിക്കുന്നവരെ ഗുരുക്കന്മാര്‍ എന്ന് വിളിക്കുന്നിടത്ത് സാക്കിനെപ്പോലുള്ള ക്രാന്ത ദര്‍ശികളും വേണം. പൂര്‍ണ്ണതയും പൂര്‍ണ്ണമല്ല എന്ന് പറയാന്‍ ധൈര്യം വേണം!
കൊച്ചു കുട്ടികള്‍ ഇലഞ്ഞിപ്പൂക്കള്‍ ശ്രദ്ധാപൂര്‍വ്വം പെറുക്കിയെടുത്ത്, അതിലും ശ്രദ്ധാപൂര്‍വ്വം മാല കോര്‍ക്കുന്നത് പോലെ അദ്ദേഹം കൊരുത്തെടുത്ത ഈ കൊച്ചു സുവിശേഷം പരത്തുന്ന ഗന്ധം ഒരിക്കലും മങ്ങാനിടയില്ല. വായിക്കുന്ന ആര്‍ക്കെങ്കിലും ഒരു വിഭ്രാന്തി അനുഭവപ്പെടുന്നെങ്കില്‍ ഉറപ്പ് - നിങ്ങള്‍ക്കത് മനസ്സിലായി.

0 comments: