മാ നിഷാദ!

മാ നിഷാദ!

കേരളത്തിലെ സ്ത്രീകള്‍ക്ക് പരുഷവേട്ടാളന്മാരോടുള്ള ഭയത്തിന്റെ സ്ഥാനത്ത് ചെറുത്തുനില്‍പ്പിന്റെ ചങ്കൂറ്റം പ്രകടിപ്പിക്കാന്‍ പക്വതയായിത്തുടങ്ങി എന്ന് ഈ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ തോന്നിപ്പിക്കുന്നു. ഇന്ത്യന്‍പുരുഷാരം അധഃപതനത്തിന്റെ ഏറ്റവും താഴത്തെ തട്ടില്‍ എത്തിനില്‍ക്കുകയാണ്. സ്ത്രീയുടെ മൌനസഹനത്തിന് ഈ സമൂഹത്തില്‍ ഇനി സ്ഥാനമില്ല. എല്ലാ നൊമ്പരങ്ങള്‍ക്കും ശിരസ്സ്‌ നമിക്കുന്ന സ്ത്രീകളുടേത് എന്ന ഓമനപ്പേര് ഭാരതത്തിന്‌ ഇനിയും ചേരണമോ? കൈയൂക്കും ധാര്ഷ്ട്യവും മാത്രമല്ല ഔദ്യോഗികസ്ഥാനങ്ങളും അളവറ്റ പണവും ഉപയോഗിച്ച് സ്ത്രീത്വത്തെ ഏറ്റവും നികൃഷ്ടമായി ഹിംസിക്കുകയും അതിനുശേഷം അടിമുടി  അവഹേളിക്കുകയും ചെയ്യുന്ന വൃത്തികെട്ട നപുംസകങ്ങള്‍ക്കെതിരേ ഇനിയും അവര്‍ അണിനിരക്കുന്നില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഇവിടെയിനി ഒരു ഭാവിയുമില്ല. ന്യായാധിപന്മാര്‍ പോലും സ്ത്രീകളെ കണ്ടിട്ടില്ലാത്ത രീതിയില്‍ മ്ലേശ്ചമായ ഭാഷയുപയോഗിച്ച് ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത വിധത്തില്‍ തരംതാണുപോകുന്നത് ഈ രാജ്യത്തിന്റെതന്നെ മഹാമാനഹാനിയായി കാണാന്‍ ഇനിയൊട്ടും വൈകിക്കൂടാ. നമ്മുടെ സ്ത്രീകളുടെ വേദനയില്‍ കുതിര്‍ന്ന ഓരോ വാക്കും ഈ നാടിനെ രക്ഷിക്കാന്‍ പോരുന്നതായി ശക്തിയാര്‍ജ്ജിക്കട്ടെ. പുരുഷന്മാരെപ്പോലെ സ്ത്രീകളും ദൈവത്തിന്റെ സൃഷ്ടികളാണെന്ന് തത്ത്വമസി കണ്ടെത്തിയ ഭാരതത്തിലെ ജനം എന്നുമുതല്‍ക്കാണ് മറന്നുപോയത്?

ആരാഴ്ച്ചകളോളം കരുത്തരായ പുരുഷന്മാരുടെ ബലത്തിനടിയില്‍ ചതഞ്ഞുകിടന്ന്, ബോധം വരുമ്പോഴൊക്കെ,  അടുത്തില്ലാത്ത അമ്മയെ വിളിച്ചുകരഞ്ഞ ഒരു പെണ്‍കുഞ്ഞിന് എന്തുകൊണ്ട് ഓടിപ്പോകാമായിരുന്നില്ല എന്ന് ചോദിക്കാന്‍മാത്രം അറുവിഡ്ഢികളായ നിയമജ്ഞര്‍ എങ്ങനെയാണ് ആര്‍ഷഭാരതത്തിലെ ന്യായാസനങ്ങളില്‍ കയറിപ്പറ്റുന്നത്? കണ്ണീര്‍പ്പടങ്ങളിലൂടെ അലയാന്‍ വിധിക്കപ്പെട്ട അമ്മമാരുടെയും അച്ഛന്മാരുടെയും സഹോദരീസഹോദരന്മാരുടെയും വേദനയ്ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത  അര്‍ദ്ധവൃദ്ധന്മാര്‍ അധികാരക്കസേരകളില്‍ അമര്‍ന്നിരുന്നു ചിരിക്കുമ്പോള്‍ ഒരു രാഷ്ട്രമാണ് അവഹേളിക്കപ്പെടുന്നത്. പെണ്കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാനുതകുന്ന നാടല്ല ഇതെന്നു മനസ്സിലാക്കി ഇവിടത്തെ അമ്മമാര്‍ തങ്ങളുടെ നവജാതകളെ കൊന്നുകളയണമെന്നാണോ നമ്മുടെ രാഷ്ട്രീയ നരാധമന്മാര്‍ പറഞ്ഞുവയ്ക്കുന്നത്? ഈ രണ്ടായിരത്തിപ്പതിമൂന്നില്‍ തന്നെ എത്രയെത്ര ലജ്ജാവഹമായ ദുരന്തങ്ങളാണ് ഇന്ത്യയില്‍ സ്ത്രീത്വം ഏറ്റുവാങ്ങേണ്ടിവന്നത്! ഈ നാട്ടിലെ പുരുഷന്മാര്‍ക്ക്‌ എങ്ങനെ ഇതിനൊക്കെ ആകുന്നു? ഇവര്‍ ശപിക്കപ്പെട്ട ഉദരങ്ങളുടെ ഫലങ്ങളായിരിക്കണം. ഒരു യുവതിയുടെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലേയ്ക്ക് ഈ വിടന്മാര്‍ ഒരിക്കലും നോക്കിയിട്ടുണ്ടാവില്ല. ഒരു സ്ത്രീയുടെ നിര്മ്മലതയെ ഇവന്മാര്‍ ഒരിക്കല്‍പോലും അറിഞ്ഞിട്ടുണ്ടാവില്ല. സ്ത്രീത്വത്തെ ആരാധിച്ചിരുന്ന ഈ നാട്ടില്‍ സ്ത്രീയുടെ ഉടല്‍ പീഡനനിമിത്തമായിത്തീരുന്നത് എന്തുകൊണ്ട് എന്ന് ചിന്തിക്കാന്‍ കഴിവുള്ള ഏവരും അന്വേഷിക്കേണ്ടതാണ്. സ്ത്രീയുടെ ഉടലിനെ നിന്ദിച്ചുകൊണ്ട്, ഒരു ദേശത്തിന്റെയോ വംശത്തിന്റെയോ മുഴുവന്‍ ആത്മാഭിമാനത്തെ നിങ്ങള്‍ക്ക് തകര്‍ക്കാനാവും എന്ന്  'സഞ്ചാരിയുടെ ദൈവ'ത്തില്‍ ബോബി ജോസ് കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. "എത്രയോ സംവത്സരങ്ങള്‍കൊണ്ട് പ്രകൃതിയും ഈശ്വരനും കൂടിയാണ് സ്ത്രീയെ ആര്‍ദ്രതയുടെ സമാനതയായി രൂപപ്പെടുത്തിയത്. അതിനെ നിഷേധിക്കുന്നവര്‍ പ്രപഞ്ചനിയമങ്ങളെയാണ് നിഷേധിക്കുക; ഭൂമിയുടെ താളങ്ങളെയാണ് ചോദ്യം ചെയ്യുക; സ്വന്തം സ്വത്വത്തെയാണവര്‍ അപ്പോള്‍ തള്ളിപ്പറയുക."  

0 comments: