ജീവദാരു

 Christmas Tree = ജീവദാരു


ക്രിസ്മസ്ദാരു എന്നൊരു വാക്കുണ്ടാക്കിയാല്‍ അതിന് Christmas treeയുമായി സ്വരങ്ങളില്‍ നേരിയ ബന്ധമെങ്കിലും ആരെങ്കിലും ശ്രദ്ധിക്കുമോ? ദാ-രു = t-r ...tree എന്ന മൂലമാത്രകളുടെ സാമ്യമെങ്കിലും കാണുക.

നിത്യഹരിതദാരുക്കളുടെ ശിഖരങ്ങളും ഇലകളും ചേര്‍ത്തുണ്ടാക്കുന്ന റീത്തുകളും മാലകളും പണ്ട് ഈജിപ്തുകാരും ചൈനാക്കാരും യഹൂദരും നിത്യജീവന്റെ വിഗ്രഹങ്ങളായി (സവിശേഷ അര്‍ത്ഥത്തില്‍ ഗ്രഹിക്കപ്പെടേണ്ടവ) വിശേഷാവസരങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഭാരതത്തിലും യൂറോപ്പിലും പണ്ടുമുതല്‍ മരങ്ങള്‍ ആരാധ്യവസ്തുക്കള്‍ ആയിരുന്നു. ശൈത്യകാലമാകുമ്പോള്‍ പക്ഷികള്‍ക്കുവേണ്ടി വീടിനു വെളിയിലും പിന്നീട് കുട്ടികള്‍ക്കായി അലങ്കരിച്ച് വീടിനകത്തും ഒരു കൊച്ചു മരം സ്ഥാപിക്കുക ആദ്യം സ്കാന്റിനേവ്യന്‍ രാജ്യങ്ങളിലും, തുടര്‍ന്ന് ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലും പതിവായി. ആദിമാതാപിതാക്കളുടെ ദിവസമായി ഡിസംബര്‍ 24 കൊണ്ടാടുമ്പോള്‍ കളിച്ചിരുന്ന ഒരു കഥയുടെ ഭാഗമായതോടെ ഇതിന് പറുദീസാമരം, നിത്യജീവന്റെ മരം എന്നീ അര്‍ത്ഥങ്ങള്‍കൂടി കൈവന്നു. അതാണ്‌ ഇന്നത്തെ ക്രിസ്മസ്ട്രീയായി പരിണമിച്ചത്‌.

മരത്തെ നിത്യജീവനുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നത് ശാസ്ത്രീയമായും ശരിയാണെന്ന് ഇന്ന് നമുക്കറിയാം. മരങ്ങള്‍ ഭൂമിയുടെ പ്രമാണരേഖകളാണ്. അവ കാറ്റിലിളകുമ്പോള്‍ പ്രകൃതിയുടെ തനതായ രഹസ്യഭാഷയില്‍ ജീവന്റെ സന്ദേശങ്ങള്‍ അവയില്‍ കുറിച്ചിടപ്പെടുന്നു. ഓരോ ഇലയും അക്ഷരാര്‍ത്ഥത്തില്‍ ഒരു താളിയോലയാണ്. ഭൂഗര്‍ഭങ്ങളിലെയും ബഹിരാകാശത്തെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ നമ്മുടെ ഭാവിയും അവയില്‍ അന്തര്‍ലീനമായിരിക്കും. ഹൃദയത്തിന്റെ ഭാഷയറിയുന്നവര്‍ക്ക് മാത്രം അവ വായിച്ചെടുക്കാം. ഒരു മരത്തോടു ചേര്‍ന്ന് നില്‍ക്കുക, അതിനെ ആശ്ലേഷിക്കുക, അതിനോട് സംസാരിക്കുക, എന്നിട്ട് ഹൃദയം കൊണ്ട് ശ്രദ്ധിക്കുക. ദൈവികമായ അവബോധം അവയ്ക്കുമുണ്ടെന്നു നാം വേഗം തന്നെ തിരിച്ചറിയും. പക്ഷേ, ഒന്നുണ്ട്. മരങ്ങളുടെ തന്നെ നിഷ്ക്കളങ്കതയോടെ വേണം നാമതിന് ശ്രമിക്കാന്‍. തിമിംഗലങ്ങളും ഡോള്ഫിനുകളും സമുദ്രത്തിലെ ഗ്രന്ഥശാലകളായിരിക്കുന്നതുപോലെ മരങ്ങള്‍ ഭൂമിയുടെ ഗ്രന്ഥശാലകളാണ്. ഇവിടെ സംഭവിക്കുന്നതെല്ലാം തല്‍ക്ഷണം അവ അറിയുകയും കുറിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ട്. ആഗ്രഹത്തോടെ ചോദിച്ചാല്‍, നമുക്കവ പങ്കിട്ടുകിട്ടും. ദാരുവെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ദാനശീലന്‍ എന്നാണല്ലോ.

അന്യോന്യം ഒക്സിജനും കാര്‍ബണ്‍ ഡയോക്സൈഡും കൈമാറി മനുഷ്യനും മരവും പരസ്പരം പൂര്‍ത്തീകരിക്കുന്നു, പരസ്പരം ജീവനുപാധിയായിത്തീരുന്നു. എല്ലാ ജീവരൂപങ്ങളും ഇതില്‍ പങ്കാളികളാകുന്നുണ്ട് എന്നയറിവ് അവയോടെല്ലാം ബഹുമാനത്തോടെ പെരുമാറാന്‍ നമ്മെ പഠിപ്പിക്കേണ്ടതാണ്. ഒരു മരത്തെ തൊടുകയെന്നാല്‍ ഒരേ സമയം ആകാശത്തെയും ഭൂമിയെയും തൊടുകയാണ്. അതാകട്ടെ, ഒട്ടും നിസ്സാരമായ ഒരു കാര്യമല്ല.

0 comments: