Showing posts with label Poem. Show all posts
Showing posts with label Poem. Show all posts

നീ കാണുന്നത് കാണുവാന്‍

കണ്ണടക്കൂ,

തുറന്ന് വയ്ക്കുന്നതിലുമേറെ കാണാം.
ചെവിയുമടക്കൂ,
ആത്മാവിന്റെ മര്‍മ്മരം കേള്‍ക്കാം.
കിഴക്കോട്ടു തന്നെ നടക്കൂ,
സൂര്യനോടൊത്ത് പടിഞ്ഞാറുദിക്കാം.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ,
ദൈവത്തിന്റെ നിഷ്ക്കളങ്കതയില്‍ പങ്കുചേരാം.
വൃദ്ധരെ സ്നേഹിക്കൂ,
കുഞ്ഞായിരിക്കുന്നതിന്റെ രഹസ്യമറിയാം.

സ്വയമറിയാന്‍, അറിഞ്ഞതൊക്കെ താഴിട്ടുപൂട്ടൂ.
അളക്കാനെങ്കില്‍,
അളവുകോലുകളെറിഞ്ഞുകളയൂ.
അണുവിന്റെയുള്ളറയിലുണ്ട്
ബ്രഹ്മാണ്‍ഡവിസ്തൃതിയിലെ വിസ്മയങ്ങള്‍.

എന്തിനുമേതിനും ദൈവത്തെ വിളിക്കുന്നവര്‍
മനുഷ്യജന്മത്തിന്റെയര്‍ത്ഥത്തെ നിരാകരിക്കുന്നു.

കുരിശിന്റെ വഴി - പ്രദീപ്‌ ഭാസ്കർ

പ്രദീപ്‌ ഭാസ്കറിന്റെ കവിത: കുരിശിന്റെ വഴി 


നിന്റെ ചിരിക്കും എന്റെ ചിരിക്കും 
എത്ര സമാനതകൾ 
പച്ച മാംസത്തിൽ ആണി തറച്ച് 
കണ്ണു തുറിച്ച് ചോര തുപ്പി 
കാറ്റിലാടുന്നതും 
താഴെ നില്ക്കുന്ന സകലമാന തെണ്ടികളെയും 
ഒരൊറ്റ ഏരിയൽ ഷോട്ടിലൂടെ 
നിഴൽപോലെ കാണുന്നതുമെല്ലാം 
ഒരേപോലെ തന്നെയാകും.

നമ്മൾ തമ്മിൽ ഒന്നുമാത്രമേ ചേരാത്തതുള്ളൂ -
നിന്റേത് ഒറ്റത്തവണകൊണ്ട് തീരും.

തുടർന്ന് വായിക്കാൻ, 

http://malayalamvaarika.com/inside.asp

സ്നേഹം - അതെന്തായിരിക്കാം?

 അതെന്തായിരിക്കാം?
ശുദ്ധ പോഴത്തം - ബുദ്ധി പറയുന്നു
അതൊരു ദുരന്തം - വിശകലനം പറയുന്നു 
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

അത് വേദന മാത്രം - ഭയം പറയുന്നു
തീരെ നിരാശാവഹം - ഉൾക്കാഴ്ച പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

പരിഹാസ്യമാണത് - അഭിമാനം പറയുന്നു
ശ്രദ്ധയില്ലായ്മ തന്നെ - സുബുദ്ധി പറയുന്നു.

അസ്സാദ്ധ്യമാണത് - അനുഭവം പറയുന്നു
അതെന്തോ, അതുതന്നെയത് - സ്നേഹം പറയുന്നു.

(ജർമനിൽനിന്ന് തർജ്ജമ - സക്കറിയാസ് നെടുങ്കനാൽ)
"Was es ist"
Erich Fried 

Es ist Unsinn 
sagt die Vernunft 
Es ist was es ist 
sagt die Liebe
Es ist Unglück
sagt die Berechnung 
Es ist nichts als Schmerz
sagt die Angst
Es ist aussichtslos
sagt die Einsicht
Es ist was es ist
sagt die Liebe

Es ist lächerlich
sagt der Stolz
Es ist leichtsinnig
sagt die Vorsicht
Es ist unmöglich
sagt die Erfahrung

Es ist was es ist
sagt die Liebe

3 comments:

  1. ഈ കവിതയ്ക്ക് ഒരു വ്യാഖ്യാനം തരാൻ പറ്റുന്നവരുണ്ടെങ്കിൽ ശ്രമിക്കണം. സ്നേഹത്തിന്റെ അനന്യതക്ക് ഒരു വിശദീകരണം തേടുകയാണ് എറിക് ഫ്രീഡ് ചെയ്യുന്നത്. തലയും ഹൃദയവും തമ്മിലുള്ള ഓരു വാഗ്വാദമാണ്‌ ഈ കവിത. ബുദ്ധി ഋണാത്മകമായ ഒത്തിരിക്കാര്യങ്ങൾ എണ്ണിപ്പെറുക്കുമ്പോൾ, ഹൃദയം ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനാവുന്ന ധനാത്മകമായ ഒരേയൊരു സത്യത്തെ മാത്രം പരിഗണിക്കുന്നു. ഒരു മാറ്റവുമില്ലാതെ സ്നേഹവിഷയത്തെ സ്വീകരിക്കാൻ സാധിക്കുന്നത് സ്നേഹത്തിനു മാത്രം എന്ന് ചുരുക്കം. അല്ലെങ്കിൽ, അത്തരം ഏറ്റുവാങ്ങൽ മാതമാണ് സ്നേഹമെന്ന അനുഭവത്തിന് അർത്ഥം സമ്മാനിക്കുന്നത്.
    ReplyDelete
  2. ഒരു വ്യാഖ്യാനം ചോദിച്ചുകൊണ്ടുള്ള സാക്കിന്‍റെ കമണ്ട് ശ്രദ്ധിച്ചു. സ്നേഹത്തെപ്പറ്റി അറിയാവുന്നവരാരും അത് എഴുതുവാന്‍ ധൈര്യപ്പെടുകയില്ലെന്നുറപ്പ്. അത്രകണ്ട് സങ്കിര്ണ്ണമായ ഒരു പ്രക്രിയയാണ്, സത്യം രണ്ടാമതൊരാളെ ബോദ്ധ്യപ്പെടുത്തുകയെന്നത്. അതുകൊണ്ടാണ് ഏറ്റവും നിര്വ്വചിക്കപ്പെട്ട ഒരു പ്രതിഭാസമായി സ്നേഹം ഇപ്പോഴും തുടരുന്നത്. ഓരോ ജീവിയും ഇവിടെ രൂപമെടുക്കുന്നത് തന്നെ അനേകം സിദ്ധികളും അതിലേറെ ഉള്ജ്ഞാനവുമായാണ്. ഓരോ മനുഷ്യനിലും ഉണ്ടായിരിക്കുന്ന ധാരണയോടു ചേര്ന്നു പോകുന്ന വ്യാഖ്യാനങ്ങളെ ഓരോരുത്തര്ക്കും സ്വീകാര്യമായിരിക്കുകയുള്ളൂ എന്ന തത്ത്വമാണ് ഏറെ രീതിയില്‍ ഒരേ കാര്യം വ്യാഖ്യാനിക്കപ്പെടാനും കാരണം.

    ദൈവം സ്നേഹമാകുന്നു. വിഭജിച്ചു വിഭജിച്ചു പോകുമ്പോള്‍ സര്വ്വതിലും ഉള്ളത് ശൂന്യതയാണെന്നു കാണാം. ഈ ശൂന്യതയെയാണ്, ഈ അതിതീവ്ര ബോധതലത്തെയാണ് ദൈവം എന്ന് വിളിക്കുന്നത്‌ തന്നെ. അതായത്, പ്രപഞ്ചം മുഴുവന്‍ സ്നേഹം എന്ന ഊര്‍ജ്ജം വിവിധ തീവ്രതയില്‍ ആയിരിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. നമ്മിലുള്ള, അല്ലെങ്കില്‍ നാമായിരിക്കുന്ന ആ ഊര്ജ്ജത്തെ മാറ്റുകൂട്ടി രൂപപ്പെടുത്തുകയെന്നതാണ് നമ്മുടെ ദൌത്യവും. അത്, ആയിരിക്കുന്ന അവസ്ഥയില്‍ ലഭ്യമായ സാഹചര്യത്തില്‍ ആര്ക്കും ബോധപൂര്വ്വം ചെയ്യാവുന്നതേയുള്ളൂ താനും. ശരിയായ ദിശയിലാണ് അത് സംഭവിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ അതിനെ വിപ്ലവകരമായ പരിണാമം എന്ന് വിളിക്കാം.

    പക്ഷേ, നാം അറിവില്ലായ്മകൊണ്ട് പ്രപഞ്ചത്തെ വെറൊന്നായി കാണുന്നു. അവിടെയാണ് അഹം ശക്തി പ്രാപിക്കുന്നത്. ഇതില്‍ നിന്ന് മുക്തി നേടാന്‍ പ്രപഞ്ചത്തിലെ ഓരോന്നിനെയും സ്വന്തം ഭാഗമായി കാണാന്‍ ശ്രമിക്കുക. അങ്ങിനെ ഓരോന്നിനെയും സ്നേഹിക്കാന്‍ നമുക്ക് കഴിയുമ്പോള്‍ നാം പ്രപഞ്ചവുമായി വേറിട്ട ഒന്നല്ലെന്ന് കാണും. സ്നേഹിക്കപ്പെടുന്നതെല്ലാം ഒരു ചുമടായി കൊണ്ടുനടക്കാതെ അവയുമായി സമരസപ്പെട്ട് ഒന്നായി ചുരുങ്ങി ചുരുങ്ങി അവസാനം പ്രപഞ്ചം മുഴുവന്‍ ഉള്ളിലേക്ക് ആവാഹിച്ചു കഴിയുമ്പോള്‍ ഏതൊന്നും പ്രപഞ്ചത്തിലെ ഏറ്റവും ശൂന്യമായ അസ്ഥിത്വം ആയി മാറുന്നു – സ്വര്ഗ്ഗം തന്നെയായി മാറുന്നു. ഇവിടെ ആരും ആരെയും സ്നേഹിക്കുന്നുമില്ല ആരും സ്നേഹിക്കപ്പെടുന്നുമില്ല. നമ്മുടെ തന്നെ ഭാഗമായതുകൊണ്ടാണ് നാം നമുക്ക് ഭക്ഷണം തരുന്ന കൈയ്യോട് നന്ദി പറയാത്തത്. അത്തരം ഒരവസ്ഥയിലെക്കുള്ള യാത്രയില്‍ ഒരാള്‍ തിരിച്ചറിയുന്ന ഒരു സത്യമാണ്, എല്ലാം അതാതിന്‍റെ സ്ഥാനത്തും സമയത്തും ആണെന്നതും, അതും ഇതുമെല്ലാം സ്നേഹം തന്നെയാണെന്നതും. അത് തിരിച്ചറിഞ്ഞ ഒരാള്‍ ഒരിക്കലും സ്നേഹത്തെ നിര്വ്വചിക്കാന്‍ മിനക്കെടുകയില്ല – ഇല്ലാത്ത ഒന്നിനെപ്പറ്റി പറയാന്‍ ആര്ക്കു് സാധിക്കും?
    ReplyDelete
  3. You've given the right direction, Josephji, to any possible discussion. By interpretation I meant the individual experience of it. Once we had touched upon this theme, but nobody dared touch it. Exactly, because it cannot be touched by the intellect, but can only be enjoyed by the heart.
    Awaiting more attempts ... ...
    ReplyDelete

ശ്വാസോഛ്വാസം പോലെ

അറിവ് നടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന-
യല്പാര്‍ത്ഥങ്ങളും അര്‍ത്ഥമില്ലായ്മയും
കേട്ടാണ് ഞാന്‍ വളര്‍ന്നത്‌ -
ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നു വച്ചു.

അതിരില്ലാതെ സ്നേഹിച്ചയമ്മയാകട്ടെ
ഒന്നുംതന്നെ മിണ്ടിയിരുന്നില്ല.
കിട്ടാത്തതിനെപ്പറ്റിയും കിട്ടിയിട്ട് കൈവിട്ടു-
പോയതിനെപ്പറ്റിയും.

ഇത്രയും പറഞ്ഞു:
ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,
കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ
ഇഷ്ടവും നഷ്ടവും നോക്കരുത്.

"അന്യരെ നടുക്കാനല്ല,
സ്വയം നിവര്‍ന്ന് നടക്കാനാണ് നട്ടെല്ല്",
അച്ഛന്‍ പറഞ്ഞു;
നടന്നും കാണിച്ചു.

ആരോടുമൊന്നും മിണ്ടാതെ
കൂട് നെയ്യുന്ന കുരുവികളെ
നോക്കി ദിവസം മുഴുവന്‍
മുറ്റത്തെ മുരിങ്ങച്ചുവട്ടില്‍
ഞാനൊരു മണ്ടനായി
ചടഞ്ഞിരുന്നപ്പോൾ
അച്ഛന്‍ ചിരിച്ചതേയുള്ളൂ;

തല്ലിയില്ല.
മറ്റു കുട്ടികള്‍ ചെയ്യുന്നത് ചൂണ്ടിക്കാണിച്ചില്ല.
തന്നെത്തന്നെയും മുമ്പില്‍ നിറുത്തിയില്ല.
കൈയിലിരുന്ന 'മാതൃഭൂമി' എറിഞ്ഞുതന്നില്ല.

ഘോഷയാത്രക്കാര്‍ക്കാണ് പെരുവഴിയാവശ്യം,
തനിയേ നടക്കാന്‍ ഒറ്റയടിപ്പാതതന്നെ ധാരാളം.
നിങ്ങളുടെ പഴമകളില്‍ ഞാന്‍ ഒന്നും കാണുന്നില്ല,
ഒരിക്കല്‍ ഞാന്‍ പറഞ്ഞുപോയി.

അമ്മ നോക്കി നില്‍ക്കേ,
തോളിലൊന്നു തട്ടിയിട്ട്
പുറത്തേയ്ക്കുള്ള വാതില്‍ തുറന്ന്
അച്ഛനെന്നെ തള്ളിവിട്ടു.

ഞാനെന്തോ പറയാനോങ്ങിയപ്പോള്‍
അടുത്താരും ഇല്ലായിരുന്നു.
നടന്നു നടന്ന് ഞാനങ്ങ് മലയുടെ-
യുച്ചിയിലായിക്കഴിഞ്ഞിരുന്നു.

കൈവിടർത്തി കുരിശുപോലെ നിന്ന്
നീട്ടി ശ്വസിച്ചു. അത്രയും നിശ്വസിച്ചു.
ആകെയുണ്ടായിരുന്ന കള്ളിമുണ്ടും
അതോടേ എനിക്ക് ഭാരമായി.

അതഴിച്ചു ഞാന്‍ തലയില്‍ കെട്ടി.
അന്നുതൊട്ട് ഒരു കവചവും
ഞാനിഷ്ടപ്പെട്ടില്ല. ഒരു സഞ്ചിപോലു-
മില്ലാതെ കൈവീശി നടന്നു.

ആരോടും മത്സരിക്കാത്തയെന്നോട്
കയര്‍ക്കാനാരും വന്നില്ല.
ആർക്കുവേണ്ടിയുമൊന്നും
സൂക്ഷിച്ചുവയ്ക്കാന്‍ പറഞ്ഞില്ല.

ഓ, ജീവിതം ധന്യമാകാന്‍
എത്ര കുറച്ചു മതി!
അവയിലൊന്നുപോലും
ദേഹത്ത് ചുമക്കേണ്ടതുമില്ലെങ്കിലോ?

വായിച്ചെടുക്കേണ്ടതൊന്നും
ഒരു പുസ്തകത്തിലും
ആരോടെങ്കിലും പറയേണ്ടത്
മനസ്സിലും ഇല്ലെന്നറിയും.

കൈയിലൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെടാനും
ഇഷ്ടം ചോദിച്ചുവരാനും ആളില്ലാതാകും.
അപ്പോള്‍ വെറുതേ നടന്നു പോകുന്നത്
എത്ര സുഖകരം!

വഴി ചോദിക്കാന്‍പോലും
ഒരാള്‍ വേണ്ടെന്നു വരും.
കണ്ടതൊക്കെ എനിക്ക് ധാരാളം,
കേട്ടതൊക്കെ മതിയാവോളം.

എന്‍റെപോലും ഭാരം ഞാനറിയുന്നില്ല.
ശ്വാസോഛ്വാസം സ്വാതന്ത്ര്യമാണെങ്കിൽ
അതു ഞാനാണ്.
ഭാരമില്ലായ്മയാണ് ജീവിതം.

അങ്ങനെയിരിക്കേ ഞാൻ പെണ്ണുകെട്ടി -
പാരതന്ത്ര്യമെന്തെന്ന് ഞാനറിഞ്ഞു.

അനുരാഗത്തിന്റെ ഹയറഗ്ളിഫുകള്‍


ഹൃസ്വദൃഷ്ടിയാം  ഞാനെന്നുടെ
നിസ്വമായ്  മങ്ങിയ നേത്രങ്ങളെ
മെല്ലെയടുപ്പിച്ചവള്‍ക്കു നേരേ-
യനര്‍ഘമാമൊരു താളെന്നപോല്‍

കടുംകല്ലായ്  കിടന്നയെന്‍ കിടില- 
ജീവനിലെവിടെയോ തന്‍ വിരലിന്‍
തുമ്പുകൊണ്ടാദ്യമായവള്‍ കോറി -
"ഇഷ്ടമാണിഷ്ടമാണെനിക്കു നിന്നെ" 

പിന്നെയെന്നെ കളിമണ്‍കട്ടപോല്‍
തേച്ചു മയംവരുത്തി നാവുകൊണ്ടതില്‍
നിക്ഷേപിച്ചു തങ്കസ്വരൂപങ്ങളനവധി
- ആനന്ദത്തിനിനിയെന്തുവേണം?

പരസ്പരം ചൊല്ലിയതൊക്കെ
സഹസ്രനാമം പോലല്ലികളിട്ട്
ഹരമാര്‍ന്നിതളിച്ചതും പിന്നെയതി-
ലൊരു തേന്‍കണമായവള്‍  കിനിഞ്ഞതും

അവളുടെ കണ്ണിമകള്‍  മെല്ലെ തുടിച്ചതും
നാസാരന്ധ്രങ്ങള്‍ ഹര്ഷിച്ചതും
കണ്ടതേ ഇയന്നൂ ഭാവകല്പനക-
ളെന്നുള്ളില്‍ ഹയറഗ്ലിഫുകളായി*

ഈജിപ്തരുടെയോജസ്സേറും പുരാ-
ചിത്രലിപിതന്നഴകോടെയെന്നില്‍
ചിരകാലയോര്‍മ്മകളുറഞ്ഞുകൂടി -
ഒരു മലര്‍വാടിയായെന്‍ മാനസം

നശ്വരത്തെയനശ്വരവും
ഭിജ്ഞനെയഭിജ്ഞനുമാക്കുമീ-
മൃതധാരക്കു, ഹാ, നന്ദി 
ശുഭേ, യെന്‍ പ്രിയദര്ശനീ!

* Hieroglyph: ഈജിപ്തുകാരുടെ പുരാതന  ചിത്രലിഖിതം.


പ്രൊഫൈല്‍

മറ്റാരേയുംപോലെ മുഖമ്മൂടിക്കുപിന്നില്‍
ഒളിച്ചിരിക്കുന്നവനാണ് ഞാനും.
അത് പൊക്കി ആരെങ്കിലും നോക്കിയാല്‍
നാണിച്ചു നാണിച്ചു ഞാനുരുകിപ്പോകും. 

മടിച്ചു മടിച്ചു  ഞാനെഴുതുന്നതെന്തും
അധികമധികമാളുകള്‍ വായിക്കണമെന്ന്
ആരുമറിയാതെ കൊതിക്കുന്ന
മഹാവിരാഗിയാണ് ഞാന്‍.  

അര്‍ഹിക്കാത്ത പുകഴ്ത്തലിന്റെ
ഓറാ  പുറമെയും
അര്‍ഹിക്കുന്ന നാണത്തിന്റെ നനവ്‌
ഉള്ളിലും എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു.      

ഏവരോടും കരുണ പ്രസംഗിക്കുന്ന ഞാന്‍
സ്വന്തം തൊലിയില്‍ ചെളി പുരളാതെയും
ഉള്ള ഫ്രീറ്റൈം കുറഞ്ഞു പോകാതെയും
നിത്യജാഗ്രത പുലര്‍ത്തുന്നു.

എന്റെയിഷ്ടവിനോദങ്ങളില്‍ ചിലവ:
തിരിച്ചു തോണ്ടാന്‍ കെല്‍പ്പില്ലാത്തവരെ
നീണ്ട തോട്ടിയിട്ടു കുത്തിവലിക്കുക,
ഉത്തരമില്ലാത്ത ചോദ്യമെറിഞ്ഞ് മനസ്സ് മുറിക്കുക.
അന്യന്റെ കണ്ണിലെ പൊടി-
യെനിക്കു വല്ലാത്ത ശല്യമാണ്.
എന്റെ കണ്ണിലെ തടി - അതെനിക്ക്
ഫൂ! പുല്ലാണ്.

ഈ വരികള്‍ എന്നെപ്പറ്റിയല്ല,
ഇത് വായിക്കുന്നവരെപ്പറ്റിയാണ്.
എന്നെപ്പറ്റി ഇങ്ങനെയെഴുതിയാല്‍ 
പിന്നെയെന്നെ ആരു ശ്രദ്ധിക്കാന്‍?

കാവേരി


വി.എസ്. ഖാണ്ഡേക്കര്‍ എഴുതിയ യയാതിയില്‍നിന്നുള്ള ഈ ഉദ്ധാരണം തുടര്‍ന്നുള്ള ഗദ്യകവിതയുടെ അന്തരാര്‍ത്ഥങ്ങളിലേയ് ക്ക്  വഴി തെളിക്കട്ടെ. 

"പ്രേമമെന്തെന്ന്  ഒരു ധാരണയും ഇല്ലാതിരുന്നിട്ടും ഞാന്‍ പ്രേമഗീതങ്ങള്‍ രചിച്ചിരുന്നു. അപ്പോള്‍ കിട്ടിയ ആനന്ദം ബ്രഹ്മാനന്ദത്തിന്റെ നിഴല്‍ മാത്രമായിരുന്നു. യഥാര്‍ത്ഥ പ്രേമമെന്തെന്നറിയണമെങ്കില്‍ പ്രേമിക്കുക തന്നെ വേണം. ചന്ദ്രന്റെ ശീതളത്വവും സൂര്യന്റെ തീക്ഷണതയും അമൃതിന്റെ സഞ്ജീവനശക്തിയും കാളകൂടത്തിന്റെ ജീവാപായപരമായ കഴിവും ഒന്നുചേര്‍ന്ന് . . .  ഇല്ല, പ്രേമത്തെ വര്‍ണ്ണിക്കുക അത്ര എളുപ്പമല്ല.
     
ഒരു ഹൃദയത്തില്‍ ഉത്ഭവിച്ച് മറ്റൊരു ഹൃദയത്തില്‍ ചെന്നുചേരുന്ന മഹാനദിയാണ് പ്രേമം. വഴിയില്‍ എത്രയോ ഉയര്‍ന്ന കൊടുമുടികള്‍ പ്രത്യക്ഷപ്പെടട്ടെ, അവയെയെല്ലാം ചുറ്റി അത് മുന്നോട്ടു പോകുന്നു. ഒരാളെ പ്രേമിച്ചുകഴിഞ്ഞാല്‍, അയാളുടെ ഗുണദോഷങ്ങളുടെ കണക്കുകൂട്ടല്‍ അവസാനിക്കുന്നു. നിഷ്ക്കാമപ്രേമം മാത്രം ബാക്കിനില്‍ക്കുന്നു. 

രണ്ട് നദികളുടെ ആലിംഗനം, ഭൂമിയുടെയും ആകാശത്തിന്റെയും ചുംബനം, സമാഗമനോത്സുകമായ മനസ്സുകള്‍, ഇവയെ വര്‍ണ്ണിക്കുക മഹാകവികള്‍ക്ക് പോലും അസാദ്ധ്യമാണ്." 

  
വസന്തനിശീഥിനിയുടെ വിശ്രമയാമങ്ങളില്‍ 
മുഖാമുഖമിരുന്നവര്‍ അനുരമിച്ചു - ബ്രഹ്മപുത്രയും കാവേരിയും.*
പര്‍വ്വതനിരകളുടെയും ദേശസംസ്കാരങ്ങളുടെയും 
ജന്മാന്തരങ്ങളുടെയും ഉത്ഭവസ്രോതസ്സുകളുടെ  
വ്യത്യസ്തഭാവങ്ങളെ മറികടന്ന് 
ഉള്‍ത്തടത്തിലുടലെടുത്ത ആന്തരീയ ചോദനകളിലൂടെ
ഇഴുകിയുരുകിച്ചേര്‍ന്ന് , ആരുമാരുമറിയാതെ
നിശ്ശബ്ദ നീര്‍ത്താരകളുടെ അടിയൊഴുക്കുകളിലാണവര്‍
സംഗമിച്ചത് - ബ്രഹ്മപുത്രയും കാവേരിയും.

അനന്യസാധാരണമാമൊരു നദീസംഗമം.
അഭൌമമായ ഒരു പ്രേമാലിംഗനം -
സ്ത്രീപുരുഷസംയോജനത്തിനൊരു മാദകപ്രതീകം!

കരിഞ്ഞു തുടങ്ങിയിരുന്ന സരോവരതീരങ്ങളിലതാ 
ഹരിതദൃശ്യങ്ങളെയവര്‍ പൊട്ടിക്കിളിര്‍പ്പിച്ചു. 
കതിരിട്ടുറഞ്ഞുനിന്നുലഞ്ഞാടുന്ന
കുട്ടനാടന്‍ നെല്പ്പാടങ്ങളെപ്പോലെ ഉന്മേഷിതരായി  
പുതുഭൂമിയിലെത്തിയതിന്‍ ക്ഷീണാഹ്ലാദത്തിലും 
പുളകചഞ്ചലരാകുന്ന ദേശാടനപ്പക്ഷികളെപ്പോലെ 
രോമാഞ്ചമണിഞ്ഞ് ലയിച്ചൊഴുകുന്നു ഈ നദീമിഥുനങ്ങള്‍ -
കാവേരിയും ബ്രഹ്മപുത്രയും. 

കണ്ടെത്തലിന്റെ പരിമളം
ചന്ദ്രക്കല ജലാശയത്തിലെന്നപോലെ 
അവരുടെ മുഖതാവില്‍ തത്തിക്കളിച്ചു. 
കാല്യം പോലെ മനമോഹനമാം
ബാല്യം തിരിച്ചെത്തിയതില്‍ 
തരിച്ചുനിന്നു, അവരിരുവരും.
പരിസരബോധം പുനര്‍ഭവിച്ചതേ 
തമ്മിലിടഞ്ഞ കൃഷ്ണമണികള്‍ 
വികസിച്ചു തിളങ്ങി. മാനസ-
ക്കുളിര്‍മ്മയില്‍ കൂമ്പിച്ചുരുങ്ങി
കാവേരിയുടെ ശോണാധരങ്ങള്‍.

സ്നേഹവിസ്മയങ്ങള്‍
വിരല്‍ത്തുമ്പുകളില്‍
അലമാലകളുതിര്‍ത്തപ്പോള്‍
അനുപൂരകങ്ങളായ ആത്മശൈലികളില്‍ 
കാവ്യമെഴുതാന്‍
ബ്രഹ്മപുത്രയുടെ മനം കൊതിച്ചു.

വീഞ്ഞിന്റെ വീര്യം ഒരിക്കലും
നുണഞ്ഞിട്ടില്ലാത്ത കാവേരിയെ
ഇഷ്ടതോഴന്റെ വാത്സല്യവശ്യത
കാമാതുരയും വിവശയുമാക്കി.

അവളുടെ ഹൃദയകുമുദം 
ആനന്ദരാഗങ്ങളാല്‍ ത്രസിച്ചു. 
വികാരബാഹുല്യത്താല്‍ ആഹ്ലാദിയായി
അവളുടെയാത്മം.

അവരുടെ കൈവിരലുകള്‍ കോര്‍ത്തിറുകി,
കണ്ണിണകള്‍ തമ്മിലിടഞ്ഞു,
അന്തരാത്മാവുകളുടെ ഭൂതകാലരൂപങ്ങള്‍ക്ക് 
നിറവും ചിറകും വച്ചു. 

ഭാഷയുടെ കനമേശാത്ത സംവാദങ്ങളാല്‍
വ്യത്യസ്തതകളുടെ ഗുരുത്വങ്ങളെ 
ഊതിപ്പറപ്പിച്ചു, ഉന്മാദവാത്സല്യം 

കണ്ണിമകളുടെ കടമ്പകടന്ന്  
പിന്നിട്ടുപോന്ന പൂര്‍വജന്മമുദ്രകളുടെ 
നിസ്തന്ദ്രനിദ്രയിലേയ്ക്കവര്‍
വഴുതിവീണു.

നിര്‍വൃതിയുടെ ഹൃദയാഴങ്ങളില്‍
നിന്നുണര്‍ന്നപ്പോള്‍
കാവേരി: വസന്തമെത്തിയെന്ന് , ബ്രഹ്മപുത്രാ,
ആരോതി നിന്റെ കാതില്‍?
ബ്രഹ്മപുത്ര: എന്റെ ജീവിതോഷസിലുദിച്ച 
നിന്റെ മുഖസൂര്യന്‍.
കാവേരി: എന്റെ സര്‍വസുഗന്ധ സ്വര്‍ഗീയതയായിരിക്കുന്നു നീ.  
ബ്രഹ്മപുത്ര:  എന്റെ ദിനരാത്രങ്ങളെ ധവളസമൃദ്ധമാക്കുന്ന പൂനിലാവ്‌ നീയും.
കാവേരി: ആല്‍മരം പോലെ വിരിഞ്ഞുയര്‍ന്ന് നീയെനിക്ക് ശീതളച്ഹായ പകരുന്നു. 
ബ്രഹ്മപുത്ര: നീയോ, അടിമുടി പൂത്തുലഞ്ഞുനില്‍ക്കുന്ന വാകമരം കണക്കേ. 
കാവേരി: നീയാകുന്ന പൊയ്കത്തിട്ടയിലിരുന്ന്  മണല്‍ വാരിക്കളിക്കട്ടേ ഞാന്‍?
ബ്രഹ്മപുത്ര: നിന്റെ സാന്നിദ്ധ്യസുഗന്ധശീതളതയില്‍ വിജ്ഞാനത്തിന്റെ ശാദ്വലഭൂമികളിലൂടെ അര്‍ത്ഥസാന്ദ്രത തേടിയലയട്ടേ ഞാന്‍?
    
ശരീരത്തിന്റെ അനുരതികള്‍
ആത്മാവിന്റെ അനുരഞ്ജനങ്ങളില്‍
അലിഞ്ഞുചേര്‍ന്നപ്പോള്‍
വിധേയത്വത്തിന്റെ വീഴ്ചകള്‍ക്കടിമയാകാതെ
തീഷ്ണയൌവനത്തിന്റെ ഗന്ധര്‍വ 
ഭാവനകളിലേയ്ക്ക് അവനെയവള്‍ തിരികെവിളിച്ചു. 

കാവേരി: നിന്റെ ചിന്തകളെവിടെ, ബ്രഹ്മപുത്രാ? 
ബ്രഹ്മപുത്ര: എത്രനാള്‍ നമ്മുടെ ഈ യൌവനോത്സവം?  
കാവേരി: നിന്റെ പ്രണയഗീതങ്ങള്‍ എന്റെ കാതുകളെ കുളിര്‍പ്പിക്കുവോളം.
ബ്രഹ്മപുത്ര: അനന്തമാണ്‌ എന്റെ ഈ പ്രേമം.  
കാവേരി: അനന്തമെന്നാല്‍?
ബ്രഹ്മപുത്ര: അന്നും ഇന്നും എന്നും ഒന്ന് മാത്രമായിരിക്കുക.
കാവേരി: ഇന്ന് എന്നും ഇന്നുതന്നെ ആയിരിക്കുക?
ബ്രഹ്മപുത്ര: അതേ, എന്നുമെന്നേയ്ക്കും ഇന്നേപ്പൊലെ ഒന്നായിരിക്കുക. 

പുതപ്പു വലിച്ച്  മുഖം മൂടിയിട്ട് , അവള്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു: എന്നുമെന്നുമെന്നും!

*കാവേരി: ദക്ഷിണേന്ത്യയിലെ പുണ്യ നദി. അതിലെ ജലം ഓര്‍മ്മ, ബുദ്ധി, രുചി എന്നിവയെ വര്‍ദ്ധിപ്പിക്കും എന്നാണു വിശ്വാസം.
ബ്രഹ്മപുത്ര: ഉത്തരേന്ത്യയിലെ മൂന്ന് പുണ്യനദികളിലൊന്ന്. പുല്ലിംഗനാമമുള്ള ഒരേയൊരു ഭാരതനദി.  

ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യം

എന്റെയാത്മാവേ, ഭൂലോകത്തിന്റെയെല്ലാ ദിക്കുകളിലൂടെയും
നീ സഞ്ചരിക്കുകയും, പര്‍വ്വതങ്ങളുടെയും
സമുദ്രങ്ങളുടെയും രഹസ്യങ്ങളറിയുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
ആത്മൈക്യത്തിന്റെ നിശബ്ദതയോളം വലിയ രഹസ്യമില്ല.


എന്റെയാത്മാവേ, ഏഴാഴികളും പതിന്നാലു ലോകങ്ങളും
മറികടന്നു നീ വിഹരിക്കുകയും, ചന്ദ്രന്റെയഴകും താരങ്ങളുടെ
ശ്രേഷ്ഠതയും നിന്നെ വശീകരിക്കുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
എന്റെയധരങ്ങളിലെ മന്ദസ്മിതം നിനക്കുള്ളതാകുന്നു.


എന്റെയാത്മാവേ, അനന്തതയിലേയ്‌ക്കൊഴുകുന്ന
പ്രകാശവീചികളിലാരൂഢയായി, അവയുടെ വേഗത്തിന്റെയുന്മാദത്തില്‍
നീ ഭ്രമിച്ചു പോയാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
നീഹാരബിന്ദുവില്‍ സൂര്യകിരണം പോലെ നിന്നെ ഞാന്‍ വഹിച്ചുകൊള്ളാം.


എന്റെയാത്മാവേ, സൗരയൂഥസംഗമങ്ങളിലാകൃഷ്ടയായി,
ഗ്രഹങ്ങളിലുദിക്കുന്ന പ്രഭാതസൗന്ദര്യങ്ങളില്‍ നീ മതിമറന്നു പോയാലും,

എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
ഹൃദയത്തിന്റെ പ്രകാശമാകുന്നു പരമമായ സൗന്ദര്യം.


എന്റെയാത്മാവേ, ക്ഷീരപഥങ്ങളുടെ ഗുരുത്വാകര്‍ഷണങ്ങളിലകപ്പെട്ട്
തമോഗര്‍ത്തങ്ങളിലേയ്ക്കു നീ വലിച്ചെടുക്കപ്പെട്ടാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
നമ്മുടെയാദ്യാനുരാഗത്തെ വെല്ലുന്നയാകര്‍ഷണമെവിടെ?


എന്റെയാത്മാവേ, ആരംഭങ്ങളുടെ മുകുളങ്ങളെ തേടിപ്പോയി,
പ്രണവത്തിന്റെ മന്ത്രചൈതന്യത്തെ നീയാദാനം ചെയ്യുകയും,
അതിലാമഗ്നയായിത്തീരുകയും ചെയ്താലും,
എന്റെയടുത്തേയ്ക്കു നീ തിരികെപോരണം;
ആദ്യവചനമല്ല, വചനത്തിന്റെയര്‍ത്ഥമാകുന്നു വിജ്ഞാനം.


എന്റെയാത്മാവേ, ലക്ഷ്യം തെറ്റി നീ മരണത്തിന്റെ താഴ്‌വരയി-
ലലഞ്ഞുഴലേണ്ടിവന്നാലും,
എന്റെയടുത്തേയ്ക്കു നീ തിരികെ പോരണം;
എന്തെന്നാല്‍ പരസ്പരം നമ്മള്‍ ജീവനാകുന്നു.
നിന്നെ നിറയ്ക്കുന്നതു ഞാനും, എന്നെ നയിക്കുന്നതു നീയും.

നിന്നോടൊത്ത് അനന്തതയെ മോഹിക്കാന്‍
എന്റെയാത്മാവേ, എന്നെയനുവദിക്കുക!



ഇഷ്ടം ജീവനിലേയ്ക്കുള്ള വഴിയാകുന്നു

ആര്‍ദ്രമായ തന്റെ കണ്ണുകള്‍ എന്റേതില്‍ മൃദുലമായി തറച്ചുനിറുത്തി വള്‍ ചോദിക്കുന്നു:
"എന്നെയിഷ്ടമാണോ?"
"ഉവ്വല്ലോ!"
"എന്തേരെ?"
കൈവിരല്‍കൊണ്ടൊരു വൃത്തം വരച്ച്, "ഇത്രമാത്രം?"
"അല്ല, ഭൂഗോളത്തോളം!"
"അത്രയും മാത്രം?"
"അല്ല മോളേ , ബ്രഹ്മാണ്ഡത്തോളം - ബ്രഹ്മത്തോളം."

ഇത്തരം ചോദ്യങ്ങളുന്നയിച്ചിട്ട് അവയ്ക്കു കിട്ടുന്നയുത്തരങ്ങളെ ഗൗരവമായിട്ടെടുക്കുന്നയൊരുവളെ ആരാണിഷ്ടപ്പെട്ടുപോകാതിരിക്കുന്നത്?
ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജീവസ്പന്ദനം അനുഭവിക്കുന്ന രണ്ടുപേരുടെ ഇഷ്ടമാണത്.

ആ ഇഷ്ടത്തിനു വിലയുണ്ടെന്നും അതിനു മാറ്റം വരില്ലെന്നുമറിഞ്ഞുകൊണ്ട്;
നിഷ്‌ക്കളങ്കതയുടെ പാരമ്യമാണതില്‍ ഇരുവരും അനുഭവിക്കുന്നത്.
അവിടെയെത്തിനില്ക്കുമ്പോള്‍ അതിനു കാര്യകാരണങ്ങളുടെയാവശ്യമില്ലാതാകുന്നു.
ഇഷ്ടമാണെന്ന സ്ഥിരീകരണം മാത്രമാകുന്നു, അങ്ങനെയായിരിക്കുന്നതിന്റെ പൊരുള്‍.
അതില്‍ പഞ്ചേന്ദ്രിയങ്ങളാല്‍ പരീക്ഷിക്കപ്പെടേണ്ടതൊന്നുമില്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യമായി,
ഈ ഇഷ്ടം നിറഞ്ഞു നില്ക്കുന്നു.
പ്രകാശം പോലെ സുതാര്യവും ദൃഢവുമാണത് -
അതു മോക്ഷാനുഭവമായതുകൊണ്ട്,
വീണ്ടും ഒരേ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു -
ഒരേ ഉത്തരത്തിനായി.
യുക്തിക്കല്ല അതാവശ്യം - ഇഷ്ടമെന്ന പ്രക്രിയക്കാണ്.
ആണോ എന്നതിന് ആണ് എന്ന ഉത്തരം നിശ്ചയമായതുകൊണ്ടാണ് അതാവര്‍ത്തിക്കപ്പെടാന്‍ കൊതിച്ചുപോകുന്നത്.

ആ ചോദ്യത്തിലൂടെയവള്‍ എന്റെ തങ്കക്കുടമായിത്തീരുന്നു, ഓരോ തവണയും.
ആ ചോദ്യത്തിലൂടെയവളെന്റെ മുത്താകുന്നു.
ഓരോ തവണയും.
മുത്തെനിക്കു വിലയുള്ളതല്ല, എറ്റം മൗലികമായ പവിഴം പോലും. പക്ഷേ, അവളെന്റെ മുത്താകുമ്പോള്‍ അത് അതുല്യമാകുന്നു. ആ മുത്തെന്റെ ജീവനാകുന്നു!

"എന്നെയിഷ്ടമാണോ?"
ആ ചോദ്യത്തിലൂടെ ഉയരുന്നതവളല്ല, ഞാനാണ്. എന്റെ ഇഷ്ടപ്പെടലാണതിലൂടെ വിലയുറ്റതായിത്തീരുന്നത്.
ഇതിലും മധുരതരമായ ഒരു ചോദ്യം മറ്റൊരു നാവില്‍നിന്നും ഉണ്ടാകാനാവില്ല.
അതിലൂടെ എല്ലാം പുതുതായി സ്ഥിരീകരിക്കപ്പെടുകയാണ് - അവള്‍, ഞാന്‍, ദൈവം; 
ഇവയെല്ലാം ഒന്നായി നിലനില്ക്കുന്നു; അല്ലെങ്കില്‍ എല്ലാം ഒരുമിച്ച് അര്‍ത്ഥശൂന്യമായിത്തീരുന്നു.

"എന്നെ ഇഷ്ടമാണോ?" എന്നത്  സൃഷ്ടിയുടെയും സൗന്ദര്യത്തിന്റെയും  പരകോടിയായിത്തീരുന്നു. അതിലൂടെയവളെന്നെ സത്യവും ശിവവും സുന്ദരവുമാക്കുന്നു.
"ഉവ്വല്ലോ!" എന്ന എന്റെ ഉത്തരത്തിലൂടെ അവ
ള്‍ സത്യവും ശിവവും സുന്ദരവുമാകുന്നു.

ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യമാണിത്. 


മുറ്റത്തെ ചിറ്റരത്ത

പൂര്‍വ്വജന്മങ്ങളിലൂറിക്കൂടിയ
ധര്‍മ്മോര്‍ജ്ജങ്ങള്‍
വര്‍ത്തമാനമണ്ഡലത്തില്‍ വരപ്രസാദ-
വര്‍ഷമായി പതിക്കുമ്പോലെ;

ഋതുരാശികളിലെയര്‍ത്ഥനഷ്ടങ്ങള്‍
പൃക്തസാന്ദ്രമാമോര്‍മ്മകളുടെ
പുഷ്പഹര്‍ഷമായിടും പോലെ;

അജ്ഞാത ജീവരഹസ്യങ്ങളുടെ
കേവലകണ്ണികള്‍ ഇണങ്ങിച്ചേ-
ര്‍ന്നൊരു ചേതോഹര പവിഴമാല
രൂപപ്പെടുമ്പോലെ;

അല്പാശ്ചര്യങ്ങളുടെയനിശ്ചിതത്വങ്ങള്‍
മഹാശ്ചര്യത്തിന്റെയുന്മാദ-
രഹസ്യമായിപ്പരിണമിച്ചീടും പോലെ;

ധ്വനികള്‍ക്ക് പ്രതിധ്വനിയും
വാക്കുകള്‍ക്കു രസസാരവും
അകമ്പടി ചേര്‍ന്ന്
ഒരു വരിഷ്ഠഗാനമലതല്ലും പോലെ;

കവിഞ്ഞൊഴുകുന്ന കവിതയുടെ-
യനര്‍ഹവരദാനമായി
നിരതിശയത്തിന്റെ-
യനുഭാവാനുഭൂതിയായി
ആകാരം പൂണ്ടുനിലക്കു-
ന്നെന്‍ പൂമുഖത്തൊരു
നിത്യചൈതന്യ ചിറ്റരത്ത!


നിത്യചൈതന്യയതിയുടെ ആത്മവിജ്ഞാനസമ്പത്തിന് ഒരു മംഗളപ്രകീര്‍ത്തനം.
15.10.2002
ചിറ്റരത്ത: കുമ്പിളിന്റെ വാസനയും ഇളം കരിമ്പിന്റെയാകൃതിയുമുള്ള ഒരു ഒരൌഷധച്ചെടി.

ആത്മം

(വൃത്തം കേക)
എത്ര നാമറിഞ്ഞാലു,മറിഞ്ഞു തീരാത്തൊരു
ചിത്തത്തിന്‍ ബ്രഹ്മാണ്ഡത്തെയെത്രയോ പുകഴ്ത്തണം (1)
വേദവ്യാസനോ പതജ്ഞലിയോ കൊതിച്ചതും
വേദാന്തമറിയാത്ത പാമരന്‍ തേടുവതും

ആത്മത്തിലൊളി പെയ്യും ബ്രഹ്മത്തെയറിയുവാന്‍
ബ്രഹ്മത്തെയറിഞ്ഞാലോ ജീവിതസാഫല്യമായ്.
പ്രപഞ്ചപ്രതിഭാസം സ്വപ്നമായ്ക്കരുതുന്നോ-
നതില്‍നിന്നുണരേണ,മുറവിടത്തിലെത്താന്‍.

ഒന്നുമറിയാതെയീ സാഗരപ്രാന്തങ്ങളില്‍
വന്നുപോയിടാനല്ലീ ജന്മമെന്നോര്‍ത്തീടേണം.
ഭവ്യമായതെന്തെല്ലാ,മൊളിഞ്ഞുകിടക്കുമ്പോ-
ളവ്യക്തകാഴ്ചകളില്‍ തൃപ്തരായ് മടങ്ങാനോ?

അറിയാന്‍ കഴിയുന്നോന്‍ പുരുഷനെന്നു പാഠം (2)
അറിയപ്പെടുന്നതോ പ്രകൃതിയെന്നു
സാരം. (3)
ആകാശേ (4) വിന്യസിക്കുമൂര്‍ജ്ജത്തിന്‍ തരംഗങ്ങള്‍
ജീവോല്പത്തിയായ് ഭവിപ്പതത്രേ നാദബ്രഹ്മം.
(5)

ബ്രഹ്മനാദത്തിന്‍ ഭ്രൂണം ഭാഷയായ് വളരുന്ന-
തോര്‍മ്മയി,ലതില്ലെങ്കില്‍ ഭാഷയുമില്ല തന്നെ!
(6)
ചിന്തിക്കാന്‍ മനുജനു ഭാഷകള്‍ വേണ്ടുംപോലെ
ചിന്തക്കു കൂട്ടുനില്‍ക്കാനുള്ളതു വികാരങ്ങള്‍.

ജീവന്റെ ശ്രേണികളില്‍ സ്ഥായിയായ് രൂപംകൊള്ളും
ജനകവിഭാനത്തെ വിഷ്ണുവായ്ത്തൊഴുക നാം
(7)
രേതസും (8) ശോണിതവു,മന്യോന്യം ചേരുന്നേര-
മൂര്‍ജ്ജത്തിന്‍ ഭാവഭേദമായവ ത്രസിച്ചീടും.

ഈ ഭാവഭേദങ്ങളില്‍ രതിയും
(9) ശക്തിയും ചേ-
ര്‍ന്നദ്വൈതാനുഭൂതിയായ്പ്പടരും ചിദ്വിലാസം;
ചിജ്ജടസമ്മിശ്രത്തില്‍ സഞ്ചരിക്കുന്ന ജീവന്‍
ജിജ്ഞാസുവായീടുകില്‍
(10) പ്രാപിക്കും സമാധിയെ.

ആത്മാവുമഹന്തയുമര്‍ത്ഥത്തിലൊന്നു തന്നെ-
യാത്മജ്ഞാനമില്ലാത്തയാത്മംതന്നെയഹന്ത.
(11)
പരംഭൂവിന്റെ സത്ത പടരും തരംഗമായ്
തരംഗമെന്നാല്‍ വിദ്വുത്പ്രവാഹമെന്നു തന്നെ.

ആത്മാവിന്‍ ത്രണനങ്ങളാനന്ദരാഗങ്ങളാ-
യാന്ദോ
ളനങ്ങളായി, സ്വരാനുഭൂതിയായി
ആരോഹാവരോഹണങ്ങളിലായ് നൃത്തം ചെയ്യേ
ആ രാഗതാളങ്ങളില്‍ യുഗ്മങ്ങളിണങ്ങീടും.

അന്യോന്യമടുക്കുമീ ജീവന്റെ തന്മാത്രക-
ളനാഹത
(12)പ്രേമത്തിന്‍ പ്രളയം തുടരുന്നു.
തല്‍ബോധം ലയമായിട്ടദ്വൈതമാകുന്നതേ-
(13)
യാത്മനിര്‍വൃതിയായി, നിത്യതയുമതുതാന്‍! (14)                          
  
അര്‍ത്ഥസൂചിക 
1. ബ്രഹ്മാണ്ഡം - ദൃശ്യാദൃശ്യങ്ങളും സ്ഥൂലസൂക്ഷ്മങ്ങളുമായ സര്‍വ്വതുമുള്‍ക്കൊള്ളുന്ന പ്രപഞ്ചസഞ്ചയം. 
2. പുരുഷന്‍ - മഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയില്‍നിന്ന് ഉത്ഭവിക്കുകയും അവയെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ചിദ്വിലാസം. ബൈബിളില്‍ വാഴ്ത്തപ്പെടുന്ന ആദികാരണമായ വചനം. സ്വയംപ്രകാശനത്തിലൂടെ അറിവിനെ പ്രദ്യോതിപ്പിക്കുന്നതെല്ലാം. (നാദബ്രഹ്മം കാണുക.)    
3. പ്രകൃതി - മനസ്സും ശരീരവുമടങ്ങിയ ഏകത്വത്തെ ഭരിക്കുന്നതും അറിവിന്‌ വിധേയമാകുന്നതുമായതെല്ലാം. മനുഷ്യാസ്തിത്വം പുരുഷപ്രകൃതികള്‍ തമ്മിലുള്ള ബന്ധനമാണ്. പ്രകൃതിയില്‍ നിന്നും മുക്തമാകുമ്പോള്‍ ആത്മം പുരുഷനാകുന്നു. (ഇവിടെ ലിംഗവ്യത്യാസധ്വനിയില്ല.)   
4. ആകാശം - ഭൂതഭൌതികമായവക്കെല്ലാം ഉണ്ടായിരിക്കുക, വര്‍ത്തിക്കുക എന്നീ സാധ്യതകള്‍ നല്‍കുന്ന സ്ഥിതിവിശേഷം - space -  ഇത് അനന്തമാണ്‌. ആകാശത്തില്‍ സ്ഥൈതികമായതെല്ലാം ഊര്‍ജ്ജസ്വഭാവമുള്ളതും അതിനാല്‍ ചലനാത്മകവും തരംഗപ്രകൃതവുമാണ്. 
5. 6. നാദബ്രഹ്മം, ഭാഷ, സ്വരം - ഊര്‍ജ്ജം, തരംഗം, ശ്രുതി, നാദം എന്നിവ ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു. വാക്കിനെ മെനയുന്ന അക്ഷരങ്ങളും നാദത്തില്‍നിന്ന് ഉണ്ടാകുന്നു; അവയില്‍ നിന്ന് ഭാഷകളും. ജഗത് മുഴുവന്‍ നാദാധീനമാണെന്നു പറയാം. മേല്‍പ്പറഞ്ഞ ശൃംഖലയിലെ അടുത്ത കണ്ണിയാണ് സ്വരം - "കേള്‍ക്കുന്നവന് രസത്തെ നല്‍കുന്നത്. ശ്രുതിയെത്തുടര്‍ന്നുണ്ടാകുന്ന അനുരണനമാണ് രസജന്യമായ സ്വരം" എന്ന് നിത്യചൈതന്യ യതി. ഭാരതീയ മനശാസ്ത്രത്തിനു ഒരാമുഖം, താ. 98.        
7. വിഷ്ണു, ശിവന്‍ - പ്രപഞ്ചത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിജ്ഞാനസമ്പത്തിനെ ജനിതകമായ അനുസ്മരണത്തിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്ന പ്രതിഭാസം. ഓരോ ജൈവ ഏകകത്തിന്റെയും വിലയനത്തിലുള്‍ക്കൊണ്ടിരിക്കുന്ന പൂര്‍വ്വാര്‍ജ്ജിത വാസനയ്ക്ക് ദേവതാരൂപം നല്കിയിരിക്കുന്നതാണ് വിഷ്ണു. വിഷ്ണു ഓര്‍മ്മയുടെയും ശിവന്‍ മറവിയുടെയും ദേവനായി കരുതപ്പെടുന്നു. സ്ത്രീക്കാണ് വിഷ്ണുഗുണം കല്‍പ്പിച്ചിരിക്കുന്നത്.      
8. 9. രേതസ്, ശോണിതം, രതി, ശക്തി - ഇഷ്ടമെന്നത് ഒരാത്മാവിലോ ശരീരത്തിലോ പൂര്‍ണമായി അനുഭവേദ്യമാകില്ല. രണ്ട് ഹൃദയങ്ങളുടെയിടയില്‍ ഉണ്ടാകുന്ന ആന്ദോളനമായിട്ടാണത് പൂര്‍ണതയിലെത്തുക. പങ്കുവയ്ക്കലും അതില്‍നിന്നുത്ഭൂതമാകുന്ന പാരസ്പര്യവും രസാനുഭൂതിയുമാണിവിടെ ഉദ്ദേശിക്കുന്നത്. രതി, പ്രാണന്‍, ശക്തി എന്നിവയുടെ വൃത്തിസംവേദനങ്ങള്‍ രത്യാനന്ദത്തിലേയ്ക്ക് നയിക്കുമെങ്കിലും, ഇവയെ കടന്ന്  ശാന്തിയില്‍ വിലയിക്കുകയാണ് ജിജ്ഞാസുവിന്റെ ലക്ഷ്യം.     
10. ജിജ്ഞാസു - ജ്ഞാനസമ്പാദനം (മോചനം) ഇഛിക്കുന്നവന്‍.   
11. ആത്മാവ്, അഹന്ത - ഒരേ അറിവിന്റെ രണ്ട് ഭാവങ്ങളാണിവ. ആത്മാവ് = self / അഹന്ത = ego. വികലവും അപൂര്‍ണവുമായ അറിവ് അഹന്തയെ വളര്‍ത്തുന്നു. ദൃഢവും സ്വഛവുമായ അറിവ് ഒരുവനെ സുപ്രസന്നമായ ആത്മാവാക്കുന്നു.   
12. അനാഹത - ആഹനിക്കപ്പെടാത്ത, അകൃത്രിമമായ.
13. അദ്വൈതം - ഈ ആശയം ഉള്‍ക്കൊള്ളുന്നതില്‍ അടങ്ങിയിരിക്കുന്നു, ഭാരതീയ ചിന്തയുടെ കാതല്‍. വെറും ഏകം (എല്ലാം ഒന്ന്) എന്നര്‍ത്ഥം ദ്യോതിപ്പിക്കാന്‍വേണ്ടി സൃഷ്ടിച്ച ഒരു സംജ്ഞയല്ല അദ്വൈതം. നിന്നെപ്പോലെ നിന്റെ സഹജീവിയെയും എന്ന യേശുവചനത്തെ ബ്രഹ്മാണ്ഡത്തോളം വിപുലീകരിക്കുന്നതാണ് അദ്വൈതം. തന്നിലേയ്ക്കുതന്നെ ഒളിഞ്ഞിറങ്ങി പൂര്‍ണ വിരക്തിയെ വരിക്കുന്നവന്‍ ജ്ഞാനിയാകുന്നില്ല. കാരണം, ദ്വൈതമില്ലാതെ അദ്വൈതമില്ല. ദ്വൈതമുണ്ടാകുന്നത് ആത്മാവും അതിന് വെളിയിലുള്ള മറ്റെല്ലാവും ചേര്‍ന്നാണ്. ഈ മറ്റെല്ലാവും തന്നില്‍ത്തന്നെയാണെന്നും താന്‍ എല്ലാറ്റിന്റെയും ഭാഗമാണെന്നുമുള്ള ക്രിയാത്മകമായ ബോദ്ധ്യത്തിലെത്തുന്നതാണ് അദ്വൈതം. ഈ പരമജ്ഞാനത്തിലൂടെ വിരക്തിയും നിര്‍ഭയവും ദയയും ആനന്ദവും വ്യക്തിയില്‍ പ്രശോഭിതമാകുന്നു. അപ്പോള്‍ മാത്രമേ അദ്വൈതം വേദങ്ങളില്‍ നിന്നിറങ്ങി ആത്മത്തില്‍ രൂഢമൂലമാകൂ.  
14. നിത്യത, അനന്തത - സാധാരണ ധരിച്ചുവച്ചിരിക്കുമ്പോലെ നീട്ടിനീട്ടി കിട്ടുന്ന സമയം അനന്തതയാകുന്നില്ല. കാരണം, ദീര്‍ഘിപ്പിക്കാവുന്ന എന്തോ ഒന്നല്ല, സമയം. ഇപ്പോഴത്തെ ഈ നിമിഷത്തിന്റെ പ്രസക്തിയേ അതിനുള്ളൂ. കഴിഞ്ഞത് കഴിഞ്ഞു; അടുത്ത നിമിഷം പിറന്നെങ്കിലായി. രണ്ടും ആര്‍ക്കും അവകാശപ്പെടാവുന്നതല്ല എന്നതാണ് സമയത്തിന്റെ പ്രതിഭാസം. അപ്പോള്‍, അനന്തതയെന്നു പറയാന്‍ കഴിയുക, ഈ നിമിഷത്തെ അതിന്റെ വര്‍ത്തമാനസത്തയില്‍തന്നെ തുടര്‍ന്നുകൊണ്ടുപോകാനായാല്‍ മാത്രമാണ്. താത്ത്വികമായി അസ്സാദ്ധ്യമെന്നു പറയണമെങ്കിലും, അനുഭവതലത്തില്‍ സാദ്ധ്യമാണിത്. നമ്മുടെ അനുഭവപരിധിയിലുള്ള സമയം (ഈ നിമിഷം) മുഴുവന്‍ നിറഞ്ഞുനില്ലുന്ന ഓരോ ജീവിതാനുഭവവും സമയത്തെ (ഈ നിമിഷത്തെ) പിടിച്ചുനിറുത്തുകയാണെന്നു പറയാം. ഇത്തരത്തില്‍ പെടുന്നു അതിതീവ്രമായ സ്നേഹാനുഭവം, ഒരു സത്യത്തിലേയ്ക്കുള്ള ഉള്‍ക്കാഴ്ച, തീക്ഷ്ണമായ കലാനുഭൂതി തുടങ്ങിയവ. മര്‍ത്ത്യാനുഭവങ്ങളുടെ പാരമ്യമാണിതൊക്കെയും. ഋഷികളും മറ്റും എത്തിച്ചേര്‍ന്ന പരബ്രഹ്മത്തിലുള്ള ജീവാത്മാവിന്റെ ഈ വിധ ലയാനുഭവങ്ങള്‍ക്ക് എല്ലാ മതങ്ങളിലും സാക്ഷ്യങ്ങളുണ്ട്. അതിനോട് സാമ്യമുള്ള രസാനുഭവങ്ങളാണ് മരണപ്രായമായ ക്ഷണികതയെ അമര്‍ത്ത്യതയുടെ മിന്നലാട്ടംകൊണ്ട് നീട്ടിക്കൊണ്ടുപോകാനുള്ള ഏക മാര്‍ഗ്ഗം.

e-mail: znperingulam@gmail.com
tel. 9961544169

അന്നുമിന്നും

അമ്മതന്‍ തോളിലെന്‍ കവിളമര്‍ത്തി
ചെമ്മേയെന്‍ കണ്ണിണ പൂട്ടി, യെല്ലാം
ഉണ്മയില്‍ പൊട്ടിക്കിളിര്‍ക്കുംവരെ-
യങ്ങനെയെത്രനാള്‍ രമിച്ചുവോ ഞാന്‍!



പാങ്ങോടെ കൈകളാല്‍ മെല്ലെത്തലോടി
താങ്ങുവതെന്നെയീ നന്മകൂമ്പാരം;
എങ്ങുമെങ്ങാനുമെന്‍ മെയ്യൊന്നനങ്ങിയോ
അംഗുലി പത്തുമേ താളം പിടിക്കയായ്.


ആ താളലയനത്തിലാമഗ്നനാ-
യാവോളം ലാളനയേറ്റുവാങ്ങി;
ഉണരുവാനിഷ്ടമില്ലൊട്ടുമേയമ്മയൊ-
രണയാത്ത നാളമായ് ജ്വലിച്ചുനില്‍ക്കേ.


മതിവരാസന്തുഷ്ടി, യാനന്ദശാന്തിയു-
മതിയായിരുന്നെന്‍ സുഭഗസ്ഥിതി;
ശല്യമായ്ത്തീരുവാനില്ലയൊന്നും, കൈ-
വല്യംതന്നെ ഹാ, നുകര്‍ന്നതെത്ര!


ബാല്യത്തിലീസ്വര്‍ഗ്ഗമമ്മയില്‍നിന്നെങ്കി-
ലില്ലിന്നുമെനിക്കതിന്‍ നൂനമൊട്ടും;
അന്നെന്നപോലിന്നുമെന്നുമെന്നു-
മൊന്നത്രേ മാനസ്സാനന്ദലബ്ധി!


ചിത്രത്തെപ്പറ്റി
സര്‍വ്വസംഗ്രാഹിയായ പരബ്രഹ്മത്തില്‍ സുഷുപ്തിയണയുന്ന
പ്രാണാത്മാവിന്റെ  ഉത്തമ പ്രതീകമാണ് അമ്മയെന്ന
സര്‍വ്വസംരക്ഷണ വലയത്തില്‍ സ്വച്ഛന്ദവിലയം കൊള്ളുന്ന
ശിശുവിന്റേത്. ഈ ശൈശവദശയില്‍ തിരിച്ചെത്തുക
എന്നതിലടങ്ങിയിരിക്കുന്നു, സര്‍വ്വജ്ഞാനവും അന്തിമമോക്ഷവും. 

ദാമ്പത്യനേട്ടം

മൂന്നര ദശാബ്ദദാമ്പത്യശേഷം
കെട്ട്യോള്‍ പറഞ്ഞു: കാന്താ,
ഒന്നു നില്‍ക്കൂ, എന്നിട്ട് ചൊല്ലൂ
എന്നെ കെട്ടിയതില്‍ നിന്റെ നേട്ടം?

വലിയ ഭാരമിറക്കിവയ്ക്കുമ്പോലെ 
അയാള്‍ പറഞ്ഞു: നേട്ടം മാത്രം -
നീ ചൊല്ലുമോരോ വാക്കും ഏറ്റം
വലിയ വിരക്തിയിലേയ്ക്കുള്ള
വഴി തുറക്കുന്നു, എനിക്കെപ്പോഴും.
അതെങ്ങനെ? ഏറിയ താല്പര്യത്തോടെ
അവള്‍ ചോദിച്ചു.

ചിന്തയില്‍ മുഴുകി അയാള്‍ പറഞ്ഞു:
നാമെല്ലാം വെറും കീടങ്ങളാണെന്നും
വിഡ്ഢിത്തമല്ലേ ഒരു കീടം മറ്റൊന്നിനോട്
തിമിര്‍ക്കുവതെന്നുമാണ് നിന്റെ-
യോരോ വാക്കുമെന്നെ പഠിപ്പിക്കുക.

എന്ത് കേട്ടാലും കാര്യമില്ലാത്ത പടാച്ചായി
തഴഞ്ഞുകളയാന്‍ ഇന്നെനിക്കാകുന്നു.
ഇതില്‍പ്പരം നേട്ടമെന്തുള്ളൂ, മനുഷ്യന്?
ഇതാണ് പ്രിയേ എന്റെ നിര്‍വൃതി.  ‌

ഇനി നിന്റെ നേട്ടം പറയൂ.
"ലക്ഷക്കണക്കിന്‌ പുരുഷപ്രജകളുണ്ടായിട്ടും
എന്റെ തലയില്‍ വന്നു കയറിയത്
ഈ ദുഷ്കീടമാണല്ലൊ' കടവുളേ!"

സ്വര്‍ഗം കിട്ടിയ വാശിയോടെ ഞാന്‍:

"മഹത്തായ സത്യം ചൊല്ലി നീ.
എന്റെ സര്‍വ്വഗ്രാഹ്യത്തിനു-
മപ്പുറത്തൊരു വെള്ളിവെളിച്ചം!
നന്ദി, നന്ദിയെന്നല്ലാതെ-
യോതുവതെന്തു ഞാന്‍, വേദാന്തീ!"

വിഹഗവീക്ഷണം

മേഘക്കീറുപോല്‍ മാരുതന്‍ചിറകില്‍ ‍
ലാഘവമായ് മെല്ലെ പറന്നും
താണുമുയര്‍ന്നും
കാണുക താഴത്തെ വിക്രിയകള്‍

മാനുഷമക്കടെ കോപ്രായങ്ങള്‍
മാറി മാറിയവര്‍ കെട്ടും
മാറാപ്പുകള്‍, മുഖംമൂടികള്‍
വാരിവാരിക്കൂട്ടുമുരുപ്പടികള്‍!

താഴേക്കിറങ്ങേണ്ടിവന്നാല്‍
താനേ, യരങ്ങില്‍നിന്നൊട്ടു മാറി
പിന്‍സീറ്റിലെങ്ങാനുമിരു-
ന്നീക്കളി കണ്ടൂറിച്ചിരിച്ചിടൂ

അതിലും രസമെന്തിരിപ്പൂ
മാലോകരേ, ജീവിതത്തില്‍?

വജ്രധൂളി


താപസമ്മര്‍ദ്ദങ്ങളേറെനാളേല്‍ക്കുകില്‍
മാറിടുമംഗതം പോലുമേ വൈരമായ്

കത്തിയെരിയുന്ന താരത്തിനുള്ളിലും
മിച്ചംവരുവതു വജ്രാര്‍ക്കമത്രേ
അഗ്നിശൈലങ്ങളാല്‍ ഭൂമിതന്നുള്‍ത്തടം
വജ്രഖനികളായ്ത്തീര്‍ന്നിടുന്നൂ ചിരാല്‍

വിരഹത്തിന്നത്ത്യുഗ്രതാപവും തീരാത്ത
മരണഭയത്തിന്റെയാമര്‍ദ്ദനങ്ങളും
നിശ്ചയം നിര്‍മ്മിക്കുമൊരു വജ്രധൂളിയെ-
യചിരേണയെന്‍ ലോല മാംസളഹൃത്തിലും.

സമഗ്ര വികസനം

പളപളത്തിളങ്ങുന്ന ലിമൊസിനുകളില്‍
ദുഷ്ടന്മാര്‍ മന്ദം മന്ദം പോകുന്നു,
അഹന്തയുടെ വിഷം ചീറ്റിക്കൊണ്ട്
കണക്കില്ലാത്തയഴിമതിയുടെ കനവും പേറി.

സുഗന്ധം പൂശിയ അവരുടെ നെറ്റിയില്‍
നിഴല്‍ വീഴ്ത്തുന്നില്ലൊരു വേവലാതിയും
ഒരു തീവ്രവികാരത്തിന്റെ ചുഴറ്റല്‍
വെട്ടിമുറിക്കുന്നവരുടെ അച്ചാണി.

ജനങ്ങളുടെ ഭാഗധേയത്തിനായി
രാപകല്‍ വിയര്‍ത്തവരുടെ
ഇരിപ്പിടങ്ങളെയവര്‍ അവഹേളിക്കുന്നു,
അവരുടെ ആസനസ്പര്‍ശത്താല്‍.

എത്താപ്പുറത്താണോ ദൈവമേ നീ?
അന്ധനാണോ, ബാധിരനാണോ
അതോ അജ്ഞനാണോ അങ്ങ്‍?
അല്ലെങ്കിലീ ജനമെന്തിനിങ്ങനെ
സഹിക്കുന്നു? നീതിക്കുവേണ്ടി
എന്തിനിങ്ങനെ ദാഹിക്കുന്നു?

കളങ്കര്‍ ഭരിക്കുമ്പോള്‍ നിഷ്ക്കളങ്കര്‍ മരിക്കുന്നു  
മൃഗങ്ങളെപ്പോലെ ഞങ്ങള്‍ വിയര്‍ക്കുന്നു.
ഞങ്ങളുടെ പേക്കിനാവുകള്‍-
ക്കൊരിക്കലുമൊരന്ത്യമില്ലെന്നോ?


നിന്റെ രാജ്യം വരുമെന്നത്
വെറും മരീചിക, വരില്ലതൊരിക്കലും.

പ്രചോദനം:
ഒരസ്സാധാരണ പ്രാര്‍ഥന - ദാനിയേല്‍ ബറിഗന്‍      

എന്റെ വിധി

കര്‍ത്താവൊരിക്കല്‍ നടക്കാനിറങ്ങി.
ഗബ്രിയേല്‍ മാലാഖാ കൂട്ടിനുണ്ട്.
അവരുടെ നീണ്ട നിഴലുകള്‍-
ക്കോരം പറ്റി,  പമ്മി പമ്മി ഞാനും.

പിന്നിലേയ്ക്ക് തിരിഞ്ഞ മാലാഖാ എന്നെ കണ്ടു.
"ങാ, എന്തു വേണം സക്കറിയാസേ?"
വിക്കിയും വിറച്ചും ഞാന്‍: "നീട്ടിത്തരണേ ഈ ജീവിത-
നിത്ധരി ഒരു രണ്ട് കൊല്ലം, വെറും രണ്ട് കൊല്ലം!"

വിറയലും ആകാംക്ഷയും എന്റെ വേഗം കുറച്ചു.
അപ്പോഴതാ കര്‍ത്താവിന്റെ കനത്ത ശബ്ദം:
"കാര്യമെന്തെന്ന് തെരയൂ, ഗബ്രിയേല്‍."
കേട്ടതേ, തളര്‍ന്നു ഞാന്‍ മുട്ടിന്മേല്‍ വീണു.

വിങ്ങി മിടിച്ചുകൊണ്ടിരുന്നയെന്‍ ചങ്കിലെ
വിടര്‍ന്ന മുറിവും അതില്‍ തറച്ചു നിന്നിരുന്ന
ഇരുവായന്‍ ഖഡ്ഗവും ചൂണ്ടിക്കാണിച്ച്,
പറഞ്ഞൊപ്പിച്ചു ഞാന്‍ എങ്ങനെയോ ‍:

"ഇതൂരിയാലെന്‍ ചങ്ക് കഷണം രണ്ട്;
ഇല്ലെങ്കിലോ,
നിലച്ചീടുമതിന്‍ മിടി-
പ്പിതാ, ഈ നിമിഷം!"
സംഗതിയുടെ കിടപ്പ് പിടികിട്ടാത്ത
ഭൃത്യനോട് കര്‍ത്താവിന്റെ കല്പന:
"വലിച്ചതൂരൂ, ഗബ്രിയേല്‍"
ബാക്കി എന്നോടായിരുന്നു:

രണ്ട് കഷണമെങ്കില്‍, രണ്ട്,
മനുഷ്യഹൃദയങ്ങളെ അസ്വസ്ഥമാക്കാന്‍,
അതിലനുരാഗം വിതച്ചത് നാം തന്നെ.
കഷണങ്ങളിലൊന്ന് ഇതുവരെ
നിന്റെ കൂടെ നടന്നവള്‍ക്ക്;
മറ്റേത്, ഇപ്പോഴും നിന്നെ പ്രേമിച്ചും
കരഞ്ഞും ദൂരെ കഴിയുന്നവള്‍ക്ക്."
"ഇരു പാതികളുമൊന്നായിടാന്‍
നിന്റെ ഭാഗിനിഭാമിനിമാര്‍ വി-
സമ്മതിക്കുവോളം, തങ്ങൂ നീ
കൊതിപ്പിക്കുമീ ധരണിയില്‍. 
രണ്ട് സ്ത്രീമനസ്സുകളുടെ നിരൂഹ-
സമസ്യകള്‍ക്ക് എന്നുമെന്നും
അടിമപ്പെട്ടിരിക്കും നിന്റെ പ്രാണന്‍."

അമേന്‍ എന്നുരിയാടാനെന്‍ നാവനങ്ങിയില്ല.
ആകെയൊരു ചിദാനന്ദലഹരി -
നീട്ടി കിട്ടിയ ജീവന്റെ ചിത് സുഖ ലാഘവത്വം.
നീണ്ട നിഴലുകള്‍ പണ്ടേ മറഞ്ഞിരുന്നു.

കറുനീല കാക്കപ്പൂവ്




വാത്സല്യലാളനകളാലെന്‍റെ
കണ്ണീര്ക്കണങ്ങളെ തടഞ്ഞുനിര്‍ത്തി 
ശൈശവത്തില്‍, എന്റെയമ്മ. 

ചിരിയുടെയോളങ്ങളെ
ചിറകെട്ടിനിര്‍ത്തി 
കൌമാരത്തില്‍
അച്ഛന്റെ മുഖഗൌരവം.

വികാരങ്ങളുടെ ചുണ്ടുകളെയും
ആത്മാവിന്റെ ചിറകുകളെയും 
വരിഞ്ഞിറുക്കിക്കെട്ടി
യൌവനത്തില്‍, പുരോഹിതര്‍. 

എന്നാല്‍
കണ്ണീരിന്റെ മാധുര്യവും
ചിരിയുടെ വശ്യതയും
വിടരുന്ന ചുണ്ടുകളുടെയഴകും
എന്നെ പഠിപ്പിച്ചു 
വേനല്‍മഴ നനഞ്ഞുനിന്നയൊരു 
കറുനീല കാക്കപ്പൂവ്!

ക്ഷണനേരമൊരു
സൌന്ദര്യമൊട്ടായി നിന്നിട്ടു
കൊഴിഞ്ഞുവീഴും മുമ്പേ 
കൈമോശം വന്നുപോയ
എന്റെ ശൈശവ, കൌമാര, 
യൌവനങ്ങളെല്ലാം
അവളെനിക്കു തിരികെത്തന്നു.