ഫിലിപ്പിന്റെ സുവിശേഷം

  1. ഫിലിപ്പിന്റെ സുവിശേഷം

    ഫിലിപ്പിന്റെ സുവിശേഷത്തിൽ നിന്ന് രസകരമായ ചില കാര്യങ്ങൾ കുറിക്കട്ടെ.

    നാഗ് ഹമ്മാദി ഗ്രന്ഥശാലയിലെ കൈയെഴുത്ത് പ്രതികളിൽ ഉൾപ്പെട്ടതാണ് ഈ സുവിശേഷം. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇതെഴുതപ്പെട്ടത്‌ എന്നാണ് കരുതപ്പെടുന്നത്. സിറിയൻ ഭാഷയും സംസ്ക്കാരവുമായി ബന്ധം കാണുന്നുണ്ട്. 

    മറിയം എന്ന് പേരുള്ള മൂന്നു സ്ത്രീകളെപ്പറ്റി പരാമർശമുണ്ട്. അതിലൊന്ന് യേശുവിന്റെ അമ്മ, മറ്റേത് മഗ്ദാലെനയും മൂന്നാമത്തേത് യേശുവിന്റെ സഹോദരിയോ കുടുംബത്തിൽ പെട്ടവളോ ആയിരിക്കണം. മഗ്ദലേന മറിയം യേശുവിന്റെ കൂട്ടുകാരിയായിട്ടാണ് ഇതിൽ പരാമർശിക്കപ്പെടുന്നത്. ദാമ്പത്യം, ലൈംഗികത, പ്രണയം, ചുംബനം എന്നിവയൊക്കെ സാധാരണ കാര്യങ്ങൾ പോലെ ചര്ച്ചചെയ്യപ്പെടുന്നു.

    ആട്ടുകല്ല് തിരിക്കുന്ന കഴുതയെ അഴിച്ചുവിട്ടാൽ അത് നൂറു കാതം നടന്നിട്ട് വീണ്ടും തിരിച്ചു പഴയ സ്ഥാനത്ത് എത്തുന്നു. ചില ആളുകൾ ഇങ്ങനെയാണ്. അടിമ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമല്ലേ?

    മറ്റു ഭക്ഷണം കണ്ടെത്താനാവാത്തവരാണ് പരസ്പരം കൊന്നുതിന്നുന്നത്. 

    വെള്ളത്തിൽ മുങ്ങിയിട്ട് പൊങ്ങി വന്ന് ഞാൻ ക്രൈസ്തവനാണെന്നു പറയുന്നവന്റെ മതം കടമെടുത്തതാണ്. പരിശുദ്ധാത്മാവിനെ കിട്ടിയവനു മാത്രമാണ് അത് ഉപഹാരമായി കരുതാവുന്നത്.
     
    സ്നേഹം കൂടാതെ കൊടുക്കുന്നവന് അതിൽ നിന്ന് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.
     
    വെളിച്ചം ലഭിച്ചവരെ തിരിച്ചറിയണമെന്നില്ല. പക്ഷേ, അവരെ അലോസരപ്പെടുത്താൻ ആർക്കുമാവില്ല. കാരണം, അവർ അനശ്വരതയെ അറിഞ്ഞവരാണ്. 

    ഇതൊക്കെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അനുവാചകർ തന്നെ തീരുമാനിക്കുന്നതാകും ഉചിതം. എന്നിരുന്നാലും ആട്ടുകല്ല് തിരിക്കുന്ന കഴുതകൾ ഇന്നത്തെ വിശ്വാസികൾ തന്നെയാണെന്ന് വിചാരിക്കുന്നതിൽ തെറ്റില്ലെന്ന് എനിക്ക് തോന്നുന്നു. എത്ര വലിയ അടിമത്തമാണ്‌ പുരോഹിതവർഗം തങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് എന്നറിയാത്ത കഴുതകൾ.

    അറിവിനെപ്പറ്റി ഒന്നാന്തരം ഒരു കാഴ്ചപ്പാട് ഈ സുവിശേഷത്തിലുണ്ട്. അറിവ് യഥാര്ത്ഥമാകുന്നത് അത് ഉൾക്കാഴ്ചയാകുമ്പോഴാണ്. സൂര്യനായിത്തീരാതെ നിങ്ങൾ  സൂര്യനോ, ആകാശമായിത്തീരാതെ ആകാശമോ ആകുന്നില്ല. ഈ ലോകത്തിൽ കാണുന്നതെല്ലാം സ്വയം കാണുന്നതിലേയ്ക്കു എത്തിക്കുന്നില്ല. എന്നാൽ, സത്യത്തിന്റെ സാമ്രാജ്യത്തിൽ നിങ്ങൾ എന്ത് കാണുന്നുവോ, അതായിത്തീരുന്നു. നിങ്ങൾ ആത്മാവിനെ കണ്ടു, ആത്മാവായിത്തീരുന്നു. ക്രിസ്തുവിനെ കണ്ടു, ക്രിസ്തുവായിത്തീരുന്നു. നിങ്ങൾ പിതാവിനെ കണ്ടു, പിതാവായിത്തീരുന്നു. എന്തെന്നാൽ അവിടെ നിങ്ങൾ സ്വയം കാണുന്നു. നിങ്ങൾ എന്താണോ കാണുന്നത്, അതായിത്തീരുന്നു. ജ്ഞാനവാദത്തിന്റെ സാരാംശമാണിത് എന്ന് പറയാം.

    അവനവന്റെ വിലയറിയുക എന്നതാണ് ഏറ്റവും വലിയ മോക്ഷം എന്നും ഈ സുവിശേഷം ഒരു നല്ല ഉദാഹരണത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ഒരു പവിഴത്തിന്റെ വിലയ്ക്ക് വ്യത്യാസം വരുന്നില്ല. അത് ചെളിയിലെറിഞ്ഞാലും അതിൽ തൈലം പൂശിയാലും മുത്ത് മുത്തുതന്നെ. അതുപോലെ, ഏതു ജീവിതസാഹചര്യത്തിലും പിതാവിന്റെ കണ്ണുകളിൽ നമ്മൾ മക്കൾ എപ്പോഴും വിലപിടിച്ചവർ തന്നെ.  ഈ സദ്‌വചനംകൊണ്ട് ഈ  സുവിശേഷപഠനം ഞാൻ ഉപസംഹരിക്കട്ടെ. 
     
     
    നഷ്ടപ്പെട്ട സുവിശേഷങ്ങളിൽ ഒന്നായ ഫിലിപ്പിന്റെ സുവിശേഷത്തിൽ രസകരമായ ഒരു ഭാഗം കണ്ടു. യേശു എന്തുകൊണ്ട് മഗ്ദലനയിലെ മറിയത്തെ കൂടുതലായി പരിഗണിക്കുകയും അവളുമായി കൂടുതൽ ആഴമായി ഓരോ വിഷയങ്ങൾ ചര്ച്ച ചെയ്യുകയും ചെയ്യുന്നു എന്ന് ശിഷ്യന്മാർ ചോദിക്കുന്ന ഒരു രംഗം കുറിച്ചിട്ടുണ്ട്. എന്തുകൊണ്ട് അവളെ കൂടുതലായി സ്നേഹിക്കുന്നു എന്ന് അവർ യേശുവിനോട് വെട്ടിത്തുറന്നു ചോദിച്ചു.അവര്ക്ക് കിട്ടിയ മറുപടി ഇങ്ങനെ: "അവളെ സ്നേഹിക്കുന്നതുപോലെ നിങ്ങളെയും ഞാൻ എന്തുകൊണ്ട് സ്നേഹിക്കുന്നില്ലെന്നോ? കണ്ണുള്ളവനും കുരുടനും ഇരുട്ടത്ത് നിൽക്കുമ്പോൾ ഒരുപോലെയാണ്. എന്നാൽ പ്രകാശം വരുമ്പോൾ കണ്ണുള്ളവൻ കാണുന്നു, കുരുടൻ അപ്പോഴും അന്ധനായി തന്നെ നില്ക്കുന്നു."

    എത്ര പറഞ്ഞു കൊടുത്തിട്ടും കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതെപോയ പുരുഷശിഷ്യരെ അവിടുന്ന് ശരിക്കും കളിയാക്കുകയായിരുന്നു. കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ എന്നവിടുന്നു ഇടക്കൊക്കെ ആവര്ത്തിച്ചിരുന്നു. സഭ ആദ്യം മുതൽ ചില ദുർവാശികൾ വച്ച് പുലർത്തുകയും അതിനപ്പുറത്തെയ്ക്ക് ആരും നോക്കരുതെന്ന് നിര്ബന്ധം പിടിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ആവർത്തിക്കപ്പെടുന്ന മിക്ക കാര്യങ്ങളും. ഓർത്തുനോക്കൂ. ഒരു റോമൻ യൂദൻ പറഞ്ഞുണ്ടാക്കിയതാണ് ശരീരത്തോടെയുള്ള യേശുവിന്റെ ഉഥാനം. അങ്ങേരു തന്നെയാണ് പെണ്ണുങ്ങളെ സഭയിൽ ഇത്രയ്ക്കു തരം താഴ്ത്തിയതും. പ്രകാശമായി ലോകത്ത് വന്ന യേശു അവരിൽ ഒരു മാറ്റവും വരുത്തിയില്ല. അവർ സ്വയം കാണുന്നുമില്ല, അന്യരെ കണ്ണ് തുറക്കാനൊട്ട് സമ്മതിക്കുകയുമില്ല.

    ഒരു സ്ത്രീ ആണുങ്ങളേക്കാൾ ബുദ്ധിമതിയാണെന്ന് വകവച്ചു കൊടുത്തത് തന്നെ യേശുവിനെ ഒരു വലിയ ഗുരുവാക്കിയിരിക്കുന്നു എന്ന് ഞാൻ സന്തോഷിക്കുന്നു. അച്ചന്മാർ എന്തും വിളിച്ചു കൂവട്ടെ! എന്നെ സംബന്ധിച്ചിടത്തോളം യേശു സ്ത്രീകളുടെ കാര്യത്തിൽ ഒരു രക്ഷകൻ തന്നെയാണ്, ഒരു സംശയവുമില്ല.
    ReplyDelete
  2. കുറെ അബദ്ധങ്ങള്‍ സഭക്ക് പറ്റിയെന്ന് മാളോരും, ചെയ്തതെല്ലാം ശരിയായിരുന്നെന്ന് ചെയ്തോരും പറയുന്നു. ഏതായാലും വല്ലാത്തൊരു പ്രതിസന്ധിയിലാണ് സഭയെന്നു ഭരിക്കപ്പെടുന്നവരും ഭരിക്കുന്നവരും സമ്മതിക്കുന്നു. സഭയുടെതല്ലാത്തതായി കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള പ്രചാരമുള്ള അന്പതോളം ഇന്റര്നെറ്റ്‌ പ്രിന്റ് മാധ്യമങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. അവയെല്ലാം സഭയുടെ ഇന്നത്തെ പോക്കിനെ നഖശിഖാന്തം എതിര്ക്കുന്നു. അവയിലൂടെ കത്തോലിക്കാ സമൂഹത്തിലേക്ക് പടരുന്ന എതിര്പ്പിന്റെ സ്വരം ഭരണാധികാരികളെ വിരളിപിടിപ്പിക്കുന്നു. സഭയുടെ ഔദ്യോഗിക വക്താക്കള്‍ തന്നെ സഭക്കെതിരെ തിരിയുന്നതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. 

    കത്തോലിക്കാ സഭക്ക് പൌലോസിനെ മതി, യേശുവിന്‍റെ കൂടെ നടന്ന അപ്പസ്തോലന്മാരെ വേണ്ട. കാശുവാരുന്ന പുണ്യ വാളന്മാര്‍ വന്നപ്പോള്‍ യേശുവിനെയും തഴഞ്ഞു. 

    യുദ്ധപ്രഖ്യാപനം നടത്തുന്ന അല്മായരെ പിന്തുണക്കുന്നവരുടെ എണ്ണവും ഇന്ന് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. അങ്ങിനെയുള്ളവര്‍ വൈദികരെക്കാള്‍ മാതൃകാപരമായ സാമൂഹ്യ ജീവിതം നയിക്കുന്നുവെന്നതാണ് വിചിത്രം. സഭയുടെ മുമ്പില്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ, നട മുതല്‍ സക്രാരി വരെ യേശുവിനെ നിറക്കുക. ഇതിന് ഒട്ടും ശ്രമം ആവശ്യമില്ല, ബാക്കിയുള്ളതെല്ലാം എടുത്തു മാറ്റിയാല്‍ മതി. യേശു വന്നാല്‍ ഒരു രാത്രി താങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു മുറിപോലും പള്ളിമുറി കൊമ്പ്ലക്സിലില്ലായെങ്കില്‍ അതിന്‍റെ കുറ്റം വിശ്വാസിയുടെതല്ല.... 
    ReplyDelete
    Replies
    1. വയറ്റിലേയ്ക്ക് ഭക്ഷണം ചെല്ലുമ്പോലെയാണ് തലയിലേയ്ക്ക് പുറംലോകവ്യാപാരങ്ങളെത്തുമ്പോള്‍ സംഭവിക്കുന്നതും. ആരോഗ്യം നിലനില്‍ക്കണമെങ്കില്‍, അകത്തുചെല്ലുന്നത് ദഹിപ്പിക്കാന്‍ കഴിവുവേണം. അകത്തേയ്ക്ക് നല്ലത് വല്ലതും കടന്നു ചെല്ലണമെങ്കിൽ, അവിടെയുള്ള അഴുക്ക് ആദ്യം നീക്കം ചെയ്യണം. 

      ബോധവും ദഹനേന്ദ്രിയംപോലെയാണ്. ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്നതെല്ലാം സംഗ്രഹിച്ചും ജാരണംചെയ്തുമല്ലാതെ ബോധവര്‍ദ്ധനം സാധ്യമല്ല. അപ്പോള്‍, അകത്തേയ്ക്ക് ചെന്നെത്തുന്നതുതന്നെ ചീഞ്ഞതാണെങ്കിലോ? ഈ നാട്ടില്‍ ശരീരത്തില്‍ മാത്രമല്ല, മനസ്സിലും രോഗഗ്രസ്തരായവര്‍ എറിവരുന്നുവെന്നത് എടുത്തുപറയേണ്ടതില്ല. കാരണവും വ്യക്തമാണ്. രണ്ടിടത്തും അടിഞ്ഞുകൂടുന്നത് വിഷലിപ്തമായ വിഭവങ്ങളാണ്. തല്‍ഫലമായി, എല്ലാം കൂടുതല്‍ ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്നുവെന്നത് സ്വാഭാവികം.

      എന്തുകൊണ്ട് കേരളമിങ്ങനെ എന്ന് ദയനീയ നിസഹായതയോടെ എല്ലാവരും ചോദിച്ചുതുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടാണ് സഭ ഇങ്ങനെ എന്ന് വിശ്വാസികൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഒരുത്തരമേ അതിനുള്ളൂ - യേശു സഭയിൽ ഇല്ലാത്തതുകൊണ്ട്. ഉള്ളത് ദ്രവ്യാഹികളും കപടഭക്തരുമായ വൈദികരും അന്ധവിശ്വാസത്തിൽ തപ്പിത്തടയുന്ന വിശ്വാസികളും.
      Delete

0 comments: