സുധയും ഞാനും

മുംബൈയിലെ ചർച്ച്ഗെയ്റ്റിൽനിന്ന് നാരിമാൻ പോയിന്റിലേയ്കൊരു കുറുക്കുവഴിയുണ്ട്‌. അവിടെ, പഴയകാല ബോംബെയിലെ ഒരു തിരുശേഷിപ്പായി അവശേഷിച്ചിരുന്ന പോലീസ് ബാരക്കിൽ പല ഓഫീസുകളും പ്രവർത്തിക്കുന്ന കാലമായിരുന്നത്. Association for Moral and Social Hygiene in India (AMSHI) അതിലൊന്നായിരുന്നു.

വേശ്യാവൃത്തിക്കും ലൈംഗിക രോഗങ്ങൾക്കുമെതിരെയുള്ള ബോധവത്ക്കരണത്തിനും ആവശ്യക്കാർക്ക് സൗജന്യ ചികിത്സക്കുമായി ഒരു ഡസനോളം ഡോക്ടർമാർ ചേർന്ന് നടത്തുന്ന സ്ഥാപനമായിരുന്നു AMSHI. അതിന്റെ ഓഫിസ് സെക്രെട്ടറിയായി ഞാൻ ജോലി നോക്കുന്ന കാലം!

പത്തുമുതൽ നാലു വരെ മാത്രമാണ് ജോലിസമയമെങ്കിലും, കിടക്കാനൊരു സ്ഥലത്തിനുംകൂടെ കൊടുക്കാനുള്ള വരുമാനമില്ലാതിരുന്നതുകൊണ്ട് എന്റെ രാത്രികളും ആ ഓഫീസിൽ തന്നെയായിരുന്നു എന്ന് പറയാം. മനശാസ്ത്രത്തിൽ ബി. എ. കഴിഞ്ഞ്, ജോലിസമയം കഴിഞ്ഞുള്ള ഇടവേളയിൽ പിജിക്ക് തയ്യാറെടുക്കാൻ പണിപ്പെടുകയായിരുന്നു ഞാൻ.
ഒത്തിരി പഠിക്കാനുണ്ട്, താമസിക്കുന്നിടത്ത്‌ യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. ഭാഗ്യത്തിന്, ഓഫീസിലിരുന്നു തന്നെ പഠിക്കാനുള്ള അനുവാദം കിട്ടി! രാത്രി മുഴുവൻ കെട്ടിടത്തിനു കാവൽ നിൽക്കുന്ന പോലീസുകാരെയും ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാൽ
പഠനം കഴിഞ്ഞ് നേരം വെളുപ്പിക്കുന്നത് അവിടെ മേശപ്പുറത്തൊരു പുതപ്പു വിരിച്ചു കിടന്നാണെന്ന കാര്യം ആരും അറിയുന്നുണ്ടായിരുന്നില്ല.
ഓഫീസിൻറെ തന്നെ ബാത്റൂം അകത്തുണ്ടായിരുന്നതുകൊണ്ട് കുളിയും അവിടെ തരപ്പെടുത്തി.

AMSHI യുടെ ഓഫീസെന്നു പറഞ്ഞാൽ പ്രധാനമായും ഒരു ഹാളും രോഗികളെ പരിശോധിക്കാനുള്ള മുറിയും ഓഫിസ് സെക്രെട്ടറിക്കുള്ള എഴുത്ത് സാമഗ്രികളും ടൈപ് റൈറ്റർ, ഫോൺ തുടങ്ങിയവയുമുള്ള ചെറിയ മുറിയും ആയിരുന്നു. ഹാളിൽ ഈടുറ്റ പുസ്തകങ്ങൾ, കൂടുതലും മെഡിക്കൽ ബുക്ക്സ്, അടുക്കിവച്ചിരിക്കുന്ന രണ്ടു വലിയ അലമാരകൾ, മീറ്റിംഗിനു വരുന്ന മാന്യാതിഥികൾക്കുള്ള സോഫകൾ. Havelock Ellis ൻറെ Studies in the Psychology of Sex, The Task of Social Hygiene തുടങ്ങിയ കൃതികൾ ഞാനാദ്യമായി കാണുന്നതും വായിക്കുന്നതും അവിടെവച്ചാണ്‌. തൊട്ടടുത്ത് ഒരു മറാഠി/ഹിന്ദി ലൈബ്രറിയായിരുന്നു. അത് ഉച്ചകഴിഞ്ഞേ തുറക്കൂ; ലൈബ്രറിയിൽ പുസ്തകങ്ങൾ എടുത്തുകൊടുക്കാൻ നില്ക്കുന്ന സുധയെന്ന് പേരുള്ള സുന്ദരി പെൺകുട്ടി ചായ മേടിക്കാൻ പോകുന്ന വഴിക്ക് എനിക്കൊരു നല്ല പുഞ്ചിരി സമ്മാനിക്കുമായിരുന്നു.

അഞ്ചു മണി കഴിഞ്ഞാൽ പുറത്തു ബാരക്കിൽ പൊലീസും, അകത്ത് നേരിയയൊരു സ്വരം പോലും കേൾപ്പിക്കാതെ വായനയിൽ മുഴുകിയ ഞാനുമേ ഉണ്ടാകുമായിരുന്നുള്ളൂ. അങ്ങനെ സസുഖം കഴിഞ്ഞിരുന്ന കാലത്ത് നടന്ന ഒരു സംഭവം കേട്ടോളൂ. ഒരു ദിവസം രാത്രി പത്തുമണി കഴിഞ്ഞുകാണും. ഞാനകത്തിരുന്ന് വായിക്കുകയാണ്. പുറത്ത് വലിയ ഒച്ചയും കാല്പെരുമാറ്റവും! ആരോ കതകിൽ തട്ടിയത് കൊണ്ട് ഞാൻ വാതിൽ തുറന്നു. പോലീസിനെയും കുറേ മറാഠികളെയും കണ്ട് ഞാൻ ഭയന്നുപോയി എന്ന് പറയാം. അന്ന് പതിവിനു വിപരീതമായി സുധ വീട്ടിലെത്തിയില്ല. അവളെ തിരക്കി വന്നവരായിരുന്നു അവർ എന്ന് മനസ്സിലായപ്പോഴാണ്‌ ശ്വാസം നേരെ വീണത്.
ബാരക്കിൽ എന്റെ മുറിയിൽനിന്ന് മാത്രം വെളിച്ചം കണ്ടതുകൊണ്ടാണ് അവരവിടെ വന്നതെന്നെനിക്ക് മനസ്സിലായി. വേറാരും അവിടില്ലെന്ന് ഞാൻ പറഞ്ഞിട്ടും അവർ ഹാളിൽ കടന്നു. അവിടെ കണ്ട കാഴ്ച എന്നെയും തെല്ലൊന്നുമല്ല അൽഭുതപ്പെടുത്തിയത്. ഒരു സോഫയിലിരുന്നു സുധമോങ്ങുന്നു!
ഏവരും അന്തംവിട്ടു നിന്നുപോയി!
മൺപാത്രത്തുണ്ട് പറ്റിപ്പിടിക്കുംപോലെ എന്റെ അണ്ണാക്ക് വരണ്ടുപോയി.
അവളെ വിളിച്ചിറക്കി അവർ ചോദ്യം ചെയ്തു തുടങ്ങി. സുധയുടെ അപ്പനായിരിക്കണം, ഒരാളെന്റെ അടുത്തു വന്ന് 'സബ് ഠീക് ഹേ സാബ്' എന്നു പറഞ്ഞിട്ട് അവളെയുംകൊണ്ട് സ്ഥലം വിട്ടു.

പിന്നീടൊരിക്കലും സുധ ലൈബ്രറിയിൽ ജോലിക്ക് വന്നിട്ടില്ല.
ഞങ്ങളുടെ പ്യൂൺ ലക്ഷ്മൺ പാണ്ഡെയാണ് പിന്നീടെന്നോടു പറഞ്ഞത്, 'സുധ ആപ് കെ പീച്ചെ ധീ (സുധ താങ്കളുടെ പിന്നാലെയായിരുന്നു)' യെന്ന്.
എന്നെ കാണുമ്പോഴൊക്കെയുള്ള ആ പാവം പെൺകുട്ടിയുടെ മധുരമായ ചിരിയുടെ അർഥവിതാനങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയോ പരിജ്ഞാനമോ അതുവരെ പഠിച്ച മന:ശാസ്ത്രത്തിൽനിന്ന് എനിക്ക് കിട്ടിയിരുന്നില്ല.
ഒരു വാക്കുപോലും എന്നോടു ചോദിക്കുകയോ സംശയം തുടിക്കുന്ന കണ്ണൂകൾകൊണ്ട് എന്നെ തിരിഞ്ഞു നോക്കുകയോ പോലും ചെയ്യാതിരുന്ന ആ മറാഠികൾ ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നു. അതിന്റെ കാരണം ആരുമെന്നോട് ഇന്നേവരെ പറഞ്ഞിട്ടുമില്ല, മാർഗ്ഗഭ്രംശികളുടെ സുവിശേഷമായ Havelock Ellisൻറെ കൃതികളിൽപ്പോലും ഞാനതിനുത്തരം കണ്ടെത്തിയുമില്ല.

അനുബന്ധം: കാലവും സ്ഥലവും മാറ്റുക. ഇന്നത്തെ കേരളത്തിൽ ഒരന്യസംസ്ഥാന തൊഴിലാളിക്കായിരുന്നു ഈ അനുഭവമുണ്ടായതെങ്കിൽ, അതെഴുതിവയ്ക്കാൻ അയാൾക്ക്‌ ജീവൻ ബാക്കിയുണ്ടാവുമായിരുന്നോ!