ഉള്ളിൽ ശൈശവത്തെ തിരയുന്നവര്‍

പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ട ആദവും കൂട്ടുകാരിയും അന്യോന്യം പഴിചാരി പിണങ്ങിനടന്നു. തനിയെ നടന്നു മടുത്ത ആദം ഒരു മരത്തണലില്‍ കിടന്നുറങ്ങിപ്പോയി. ആരോ വന്നയാളെ തട്ടിയുണര്‍ത്തി. അത് ഹവ്വായല്ലായിരുന്നു; വിറകുപെറുക്കാന്‍ അതിലെ നടന്ന മറ്റേതോ സ്ത്രീയായിരുന്നു. കൂടെ ചെല്ലുന്നോ എന്നവള്‍ ചോദിച്ചത് അയാള്‍ക്ക്‌ സ്വീകാര്യമായി.


വിറകും ചുമന്ന്  അവര്‍ കയറിച്ചെന്നത്‌ വേറൊരു പറുദീസയിലായിരുന്നു. അല്ലെങ്കില്‍, അവളുടെ കൊച്ചു കുടില്‍ ഒരു പറുദീസയായി അയാള്‍ക്ക്‌ തോന്നിയതാകാം. അവിടം വിട്ടുപോകാനാവാതെ, ഉണ്ടുമുറങ്ങിയും, കഥകള്‍ പറഞ്ഞും ആദം അവളോടൊത്ത് സമയം മറന്ന് ജീവിച്ചു. തനിക്കോര്‍മ്മയില്ലാത്ത ഒരു ശൈശവത്തിലേയ്ക്കവള്‍ തന്നെ കൊണ്ടുപോയതുപോലെയായിരുന്നു അദാമിന്റെ അനുഭവം. ആദ്യ പറുദീസയില്‍ ഒരു യുവാവായിട്ടാണല്ലോ അയാള്‍ ജീവിതം തുടങ്ങിയതും യുവതിയായ ഹവ്വയെ കൂട്ടിനു കിട്ടിയതും. ശൈശവാനുഭവങ്ങളുടെ അഭാവമായിരിക്കുമോ അവര്‍ തെന്നിപ്പിരിയുന്നിടം വരെ കാര്യങ്ങളെ കൊണ്ടെത്തിച്ചത്?

തങ്ങള്‍ക്കുള്ളില്‍ ശൈശവം (ശിശുത്വം) കണ്ടെത്താത്തവര്‍  സ്വര്‍ഗരാജ്യമനുഭവിക്കുകയില്ലെന്ന യേശുവിന്റെ മഹദ്വചനത്തിന്റെ പൊരുള്‍ ഇതായിരിക്കാം. തന്നെ ആത്മാവിന്റെ ശൈശവാവസ്ഥയിലേയ്ക്ക് നയിച്ച എതോ ഒരു സ്ത്രീ അദ്ദേഹത്തിന്‍റെ ജീവിതത്തിലും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം. ഇതാണ് ഒരു പുരുഷന് ഒരു സ്ത്രീയോടുള്ള ഏറ്റവും വലിയ ആശ്രയവും കടപ്പാടും.

സ്ത്രീ പുരുഷന്റെ വാരിയെല്ലില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നത് പുരുഷമേധാവിത്തത്തിന്റെ കെട്ടുകഥയാകാം. ജൈവശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നത് മറിച്ചാണ്. പരിണാമാപ്രക്രിയയില്‍ സ്ത്രീയാണ് മുന്‍ഗാമി. സ്ത്രീകള്‍ക്ക് അവരുടെ ശൈശവം നഷ്ടപ്പെടുന്നില്ല. എന്നാല്‍ പുരുഷനത് വീണ്ടും വീണ്ടും  കണ്ടെത്തേണ്ടിയിരിക്കുന്നു.

തുടര്‍ച്ചിന്തകളും അനുമാനങ്ങളും വായനക്കാര്‍ക്ക് വിടുന്നു.  അമ്മയും മറ്റ് സ്ത്രീകളുമുള്ള  ഒരു ചുറ്റുവട്ടത്തില്‍നിന്ന് പെട്ടെന്ന്, കൌമാരദശയില്‍ തന്നെ, പുരുഷന്മാരുടെ പരുക്കന്‍ ലോകത്തേയ്ക്ക് പറിച്ചുനടപ്പെടുന്നവരുടെ ഇടയിലെ സ്വഭാവ- രതിവൈകൃതങ്ങള്‍ക്കും ഇതിലൂടെ ഒരു വിശദീകരണം കണ്ടെത്താന്‍ കഴിഞ്ഞേയ്ക്കും.

0 comments: