ഇടയന്മാരേ, ഇതിലേ, ഇതിലേ!

ശക്തമായി ചിന്തിക്കുന്നതാണ് ലോകത്തിലെ ഏറ്റവും കഠിനമായ ജോലി എന്ന് എമേര്‍സണ്‍ പറയാതെയും നമുക്കറിയാം. ഇരുട്ടിനെ ഭയക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങളോട് നമുക്ക് ദയ തോന്നുന്നത് സ്വാഭാവികമാണ്, എന്നാല്‍ അവയെ നയിക്കേണ്ട ഇടയന്മാര്‍തന്നെ വെളിച്ചത്തെ ഭയപ്പെട്ടാലോ? പുറത്തെ ഇരുട്ട് കാരണം തീറ്റ തിന്നാനില്ലാതെ ചാകാറായ ആടുകള്‍തന്നെ മുന്‍കൈയെടുത്ത് ഇടയന്മാരെ ധൈര്യപ്പെടുത്തുന്ന കഥയാണ്‌ അല്മായശബ്ദത്തിന്റേത്. മതത്തിലായാലും രാഷ്ട്രീയത്തിലായാലും നേതൃത്വത്തിന്റെ ആദ്യ സേവനം ഭൂരിപക്ഷത്തിന്റെ നിലവാരത്തില്‍ ജീവിക്കുക എന്നതാണ് എന്ന്‍ ഫാ. വലിയമംഗലം തന്‍റെ പുതിയ കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രായോഗികബുദ്ധി ഒരിക്കലും ജനിച്ചിട്ടില്ലാത്ത ഒരു സ്വയം പ്രഖ്യാപിത മതനേതൃത്വത്തോട് ഞങ്ങള്‍ സുബോധം ഓതിക്കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. പരിശോധനാവിധേയമാക്കിയ, യുക്തിയുക്തമായ വിചാരങ്ങളും പ്രായോഗികവഴികളും പല എഴുത്തുകാരും ഇടയന്മാരുടെ മുമ്പില്‍ വച്ചിട്ട് താഴ്മയോടെ മാറി നിന്നിട്ടുണ്ട്. ശ്രീ കളരിക്കലിന്റെ ഇടയന്‍ എന്ന നോവലില്‍ ഒരു നല്ല മെത്രാന്റെ മാതൃക നവീകരണത്തിനുള്ള നൂറു കണക്കിന് പ്രായോഗികതലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫാ. കാപ്പനെയും മറ്റത്തെയും പോലുള്ളവരുടെ കൃതികളും ലേഖനങ്ങളും എത്രയെത്ര നിര്‍ദേശങ്ങള്‍ ബൈബിളിന്‍റെ അരൂപിയില്‍ മേലധികാരികളുടെ പഠനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നും ഒരിടത്തും എശിയ മട്ടില്ല. പണ്ടത്തെപ്പോലെ ഇന്നും മെത്രാന്മാര്‍ പരക്കം പായുകയാണ്, തങ്ങളെ തീറ്റിപ്പോറ്റാന്‍ ത്രാണിയുള്ള കൊഴുത്ത ആടുകള്‍ എവിടെയുണ്ടെന്ന് അന്വേഷിച്ചുകൊണ്ട്! കലികാലം! അതിപുരാതനമായ, വത്തിക്കാനിലേതിനേക്കാള്‍ എന്നും യേശുസാധര്‍മ്യമുണ്ടായിരുന്ന, ഈ സഭക്ക് ഈ ദുര്‍ഗതി എങ്ങനെ വന്നുപിണഞ്ഞു?


ജീര്‍ണത മേല്‍ക്കൈ നേടുമ്പോള്‍ ഒരു സമഗ്രപ്രളയം അനിവാര്യമായിത്തീരുന്നു. അത് ഈ സഭയിലും അടുത്തുതന്നെ സംഭവിക്കും. ഇത് പറയാന്‍ ഒരു പ്രത്യേക പ്രവാചകവരവും ആവശ്യമില്ല. എന്നാല്‍ തങ്ങളുടെ പ്രവാചക ദൌത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കുറെ അല്‍മായരും, 
സത്യം തിരിച്ചറിഞ്ഞ്, അവരോടു സഹകരിക്കുന്ന പുരോഹിതരും തുടക്കം കുറിച്ച ഈ നവീകരണ പ്രസ്ഥാനത്തില്‍നിന്ന് മാറിനില്‍ക്കാമെന്നും ഇതൊന്നും നിങ്ങളെ എശില്ലെന്നും മാത്രം പൊന്നുതിരുമേനിമാര്‍ മൂവിശ്വാസം വച്ചുപുലര്‍ത്തരുത്. നിങ്ങള്ക്ക് തടയാവുന്നതോ നിങ്ങളുടെ ഇത്തിരി വട്ടത്തില്‍ ഒതുങ്ങുന്നതോ അല്ല ഈ പ്രസ്ഥാനം. നിങ്ങള്ക്ക് ഇനി ഒന്നേ ചെയ്യാനുള്ളൂ: സഹകരണവും സഹായങ്ങളുമായി സുബുദ്ധിയോടെ ഞങ്ങളോട് ചേരുക. ഇടയന്മാരെ, ഇതിലേ, ഇതിലേ എന്ന് നേര്‍വഴി കാണിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതാ തയ്യാറായിക്കഴിഞ്ഞു. ഒന്നുകില്‍ നാം ഒരുമിച്ചു മുന്നേറും. അല്ലെങ്കില്‍, നിഷ്ക്രിയവും യാഥാസ്ഥിതികവും പാപപങ്കിലവുമായിത്തീര്‍ന്ന ഈ അഴിമതിവര്‍ഗ്ഗത്തെ കവച്ചുവച്ച് ഞങ്ങള്‍ തനിയേ മുന്നേറും. വിജയമല്ലാതെ വേറൊന്നും ഞങ്ങളുടെ മുന്നിലില്ല. നിങ്ങളുടെ ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. 

മൂന്നു കൊല്ലത്തിനകം ഞങ്ങള്‍ ഈ പള്ളിയെടുത്തു തലകുത്തിനിര്‍ത്തും. നിങ്ങളുടെ റോമന്‍ചട്ടകളും പടക്കോപ്പുകളും പണസഞ്ചികളും ഫോറിന്‍ യാത്രാടിക്കറ്റുകളുമായി അതിനടിയില്‍ ശ്വാസംമുട്ടി ചാകണോ, അതോ, ഇളം നാമ്പുകള്‍ തഴച്ചു വളരുന്ന സ്വാതന്ത്ര്യത്തിന്റെ പുല്‍ത്തട്ടികളിലേയ്ക്ക് ഞങ്ങളോടോത്ത് തുള്ളിച്ചാടി വരുന്നോ? എങ്കില്‍, കയ്യൂക്കും കാശുമുള്ളവന്‍ കാര്യക്കാരന്‍ എന്ന ഇപ്പോഴത്തെ കാട്ടുനീതിക്ക് പകരം, അധികാരവും ബലവും പ്രയോഗിക്കാത്ത, അന്ധവിശ്വാസങ്ങളാല്‍ ഭയപ്പെടുത്തപ്പെടാത്ത യേശുവിന്റെ സ്നേഹവും  സാഹോദര്യവും നിത്യജീവിതത്തില്‍ വഴികാട്ടിയാവുന്ന ആ പുതിയ പുലരിയിലേയ്ക്ക്, ഇടയന്മാരേ, ഇതിലേ, ഇതിലേ.

0 comments: