വരില്ലതൊരിക്കലും, നിന്റെ രാജ്യം


പളപളത്തിളങ്ങുന്ന ലിമൊസിനുകളില്‍
ദുഷ്ടന്മാര്‍ മന്ദം മന്ദം പോകുന്നു,
അഹന്തയുടെ വിഷം ചീറ്റിക്കൊണ്ട്
കണക്കില്ലാത്തയഴിമതിയുടെ കനവും പേറി.
സുഗന്ധം പൂശിയ അവരുടെ നെറ്റിയില്‍
നിഴല്‍ വീഴ്ത്തുന്നില്ലൊരു വേവലാതിയും
ഒരു തീവ്രവികാരത്തിന്റെ ചുഴറ്റല്‍
വെട്ടിമുറിക്കുന്നവരുടെ അച്ചാണി.

ജനങ്ങളുടെ ഭാഗധേയത്തിനായി
രാപകല്‍ വിയര്‍ത്തവരുടെ
ഇരിപ്പിടങ്ങളെയവര്‍ അവഹേളിക്കുന്നു,
അവരുടെ ആസനസ്പര്‍ശത്താല്‍.

എത്താപ്പുറത്താണോ ദൈവമേ നീ?
അന്ധനാണോ, ബധിരനാണോ
അതോ അജ്ഞനാണോ അങ്ങ്‍?
അല്ലെങ്കിലീ ജനമെന്തിനിങ്ങനെ
സഹിക്കുന്നു? നീതിക്കുവേണ്ടി
എന്തിനിങ്ങനെ ദാഹിക്കുന്നു?

കളങ്കര്‍ ഭരിക്കുമ്പോള്‍ നിഷ്ക്കളങ്കര്‍ മരിക്കുന്നു  
മൃഗങ്ങളെപ്പോലെ ഞങ്ങള്‍ വിയര്‍ക്കുന്നു.
ഞങ്ങളുടെ പേക്കിനാവുകള്‍-
ക്കൊരിക്കലുമൊരന്ത്യമില്ലെന്നോ?

നിന്റെ രാജ്യം വരുമെന്നത്
വെറും മരീചിക, വരില്ലതൊരിക്കലും.

(പ്രചോദനം:
ഒരസ്സാധാരണ പ്രാര്‍ഥന - ദാനിയേല്‍ ബറിഗന്‍)      

ചെക്കൊസ്ലോവാക്കിയയെ ഏകാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച ശേഷം 1990 ല്‍ ഭരണമേറ്റുകൊണ്ട്  ചെയ്ത പ്രസംഗത്തില്‍ വക്ലാവ് ഹാവെല്‍ പറഞ്ഞു: "കഴിഞ്ഞ നാല്‍പതു കൊല്ലത്തെ വ്യസനകരമായ അനുഭവത്തെ പുറമേ നിന്ന് ആരോ കെട്ടിയേല്പിച്ചതാണെന്ന മട്ടില്‍ കാണുന്നത് വലിയ അയുക്തിയായിരിക്കും. നമ്മള്‍ നമ്മോട് തന്നെ ചെയ്ത പാപമായി വേണം ഇതിനെ മനസ്സിലാക്കാന്‍. അങ്ങനെ തിരിച്ചറിഞ്ഞാല്‍ മാത്രമേ അവ തിരുത്തേണ്ടതും നമ്മളാണെന്ന് , നമ്മള്‍ മാത്രമാണെന്ന് നമുക്ക് മനസ്സിലാകൂ."

ഒരു ജനത്തിന് അര്‍ഹതപ്പെട്ട ഭരണം അവര്‍ക്ക് കിട്ടും എന്നതുപോലെ, സഭയിലും സ്ഥിതിഗതികള്‍ മാറണമെങ്കില്‍, സഭാംഗങ്ങള്‍ തന്നെ മുന്നോട്ടിറങ്ങണം. ചിന്താശക്തി നഷ്ടപ്പെട്ട, ആത്മസംയമനമില്ലാത്ത, അന്ധവിശ്വാസത്തിലും ഇറുകിയ പാരമ്പര്യങ്ങളിലും കിടന്ന് അഴുകിപ്പോയ അധികാരശ്രേണിയില്‍ നിന്ന് സഭയെ മോചിപ്പിക്കുക എന്നത് പുരോഹിതരുടെ (പോപ്പ് തൊട്ട്‌ പള്ളിയിലെ കൊച്ചച്ചന്‍ വരെയുള്ളവര്‍) പണിയായി വിട്ട് കൊടുത്തിട്ട് നോക്കി നില്‍ക്കാതെ, കാര്യങ്ങള്‍ സ്വന്തം കൈകളില്‍ എടുത്ത്‌ മുന്നേറാനുള്ള കടമ വിശ്വാസികളുടെതാണ് എന്ന് തിരിച്ചറിയുന്നതെന്നോ, അന്ന് മാത്രമേ സഭ വിമോചിതയാകൂ. 

0 comments: