സുവിശേഷപഠനം

സുവിശേഷപഠനം


കുമ്പസാരത്തിന്റെ മറവിൽ ഇത്രമാത്രം അരുതായ്കകൾ നടക്കുന്നുണ്ടെന്ന് ആരറിഞ്ഞു! ആ വിഷയത്തിൽ തത്ക്കാലം കൂടുതലൊന്നും പറയാൻ കാണില്ല എന്ന നിഗമനത്തിലാണ് നഷ്ടപ്പെട്ട സുവിശേഷങ്ങളിലേയ്ക്ക് തിരിഞ്ഞത്. ആ അന്വേഷണം നമ്മൾ അംഗീകൃതവും അല്ലാത്തതുമായ സുവിശേഷങ്ങളിലേയ്ക്ക് വ്യാപിപ്പിക്കണം. സുവിശേഷപഠനം ഒരു വലിയ വിജ്ഞാനശാഖയാണ്‌. പള്ളിപ്രസംഗം കേട്ടാൽ ഉണ്ടാകുന്ന അറിവല്ല മനസ്സിരുത്തി വായിച്ചും ധ്യാനിച്ചും ആര്ജ്ജിക്കാവുന്ന അറിവുകൾ. ആദ്ധ്യാത്മികമായി  ഉണർവ്വ് നേടിയ ബോബി ജോസ് കട്ടിക്കാടിനെ പ്പോലെയുള്ളവരുടെ പുസ്തകങ്ങൾ  ഇക്കാര്യത്തിൽ നല്ല വഴികാട്ടിയാണ്‌. അതുപോലെ ഫാ. കാപ്പന്റെയും മറ്റും.

സുവിശേഷഗ്രന്ഥങ്ങളിലൂടെ ഉരുത്തിരിയുന്നത് വിശ്വാസയോഗ്യമായ യേശുച്ചരിത്രമാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വൈരുദ്ധ്യാത്മകവുമായ ഒരു കൃതിയാണ് ബൈബിള്‍ എന്നറിയാത്തതുകൊണ്ടാണത്. ഉത്തമ വിശ്വാസിയയായ എന്റെയൊരു സുഹൃത്ത് തന്റെ പെണ്മക്കളെ ഒരു നല്ല ശീലം പഠിപ്പിച്ചു: ദിവസവും ബൈബിളിലെ ഒരദ്ധ്യായം വായിക്കുക. ഒന്നര വയസ്സിന്റെ പ്രായവ്യത്യാസം മാത്രമുള്ള അവരിരുവരും മുഴുവന്‍ പുസ്തകവും ഒരുവട്ടം വായിച്ചു. രണ്ടാം തവണ സംഭവിച്ചതെന്തെന്നോ? ആരോണ്‍ വടി നിലത്തിട്ടതേ, അതു സര്‍പ്പമായി മാറിയതും, ഇസ്രായേല്‍ജനത്തിന്റെ രക്ഷക്കായി കടല്‍ രണ്ടായി വിഭജിച്ചതും എത്തിയതോടെ, മൂത്തവള്‍ സംശയം ചോദിച്ചു തുടങ്ങി. ഇതൊക്കെ സംഭവ്യമാണോ, സത്യമാണോ? ഏതായാലും, അവള്‍ വായന നിറുത്തി. ഇളയവളാകട്ടെ, വച്യാര്‍‍ത്ഥങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ, അവയൊക്കെ വളരെ രസമുള്ള കഥകളും കവിതകളുമായി വീണ്ടും ആസ്വദിച്ചുതന്നെ വായിച്ചുകൊണ്ടിരുന്നു. ബൈബിള്‍ സാവധാനം അവള്‍ക്കൊരു സാഹിത്യകൃതിയായി മാറുകയായിരുന്നു. അതുതന്നെയാണ് സത്യവും. ബൈബിളിന്റെ പഴയതും പുതിയതുമായ ഭാഗങ്ങള്‍ ചരിത്രകൃതികളല്ല, സാഹിത്യകൃതികളാണ്. അങ്ങനെയെടുത്താല്‍ അവ വായിക്കുക രസകരമാണ്. അവയുടെ ഉള്ളടക്കത്തെ അങ്ങനെത്തന്നെ ദൈവനിവേശിതവും അക്ഷരാര്‍ത്ഥത്തിലെടുക്കേണ്ടവയുമായി കരുതിയിരുന്ന കാലം പണ്ടേ കടന്നുപോയി.

ദൈവവചനമായി യഹൂദര്‍ കരുതിപ്പോരുന്ന ഹീബ്രൂ ബൈബിള്‍ തന്നെയായിരുന്നു ഏതാണ്ട് ആദ്യനൂറ്റാണ്ടിന്റെ പകുതിവരെ ക്രിസ്ത്യാനികളുടെയും ഏക മതഗ്രന്ഥം. ആ സമയത്തോടടുത്തോ, അതിന് ശേഷമോ എഴുതപ്പെട്ട അനേകം സുവിശേഷകൃതികളില്‍ നാലെണ്ണവും,അപ്പോസ്തലരുടെ  പ്രവൃത്തികള്‍ എന്ന രചനയും, അവരുടെ 21 കത്തുകളും, വെളിപാട് എന്ന എഴുത്തും ഉള്‍പ്പെടുന്നതാണ് പതുക്കെപ്പതുക്കെ സഭയുടെ അടിസ്ഥാന വേദഗ്രന്ഥമായിത്തീര്‍ന്ന പുതിയ നിയമം. മേല്‍പ്പറഞ്ഞവയ്ക്ക് സമാനമായി ധാരാളം രചനകള്‍ വെളിച്ചം കണ്ടെങ്കിലും, അവയില്‍ നിന്ന്, അപ്പസ്തോലിക പാരമ്പര്യത്തോട് യോജിക്കുന്നവയെ തിരഞ്ഞെടുത്ത്, ഔദ്യോഗികമായ വേദഗ്രന്ഥസമാഹാരമുണ്ടാക്കിയത് നാലാം നൂറ്റാണ്ടോടുകൂടി മാത്രമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക - Abington Dictionary of Living Religions).

ഡിസംബര്‍ 24, 2006 ലെ മാതൃഭൂമി വാരികയില്‍ ഡോ. ജേക്കബ്‌ നാലുപറയിലിന്റെ ഒരു ലേഖനമുണ്ടായിരുന്നു. അപ്പോക്രിഫാ സുവിശേഷങ്ങളെപ്പറ്റിയുള്ള ഈ വളെരെ നല്ല രചനക്ക് മുഖവുരയായി ഇങ്ങനെ കൊടുത്തിരുന്നു. "ഔദ്യോഗിക സുവിശേഷങ്ങള്‍ക്ക് വെളിയിലേയ്ക്ക് യേശുവിന്റെ വ്യക്തിത്വത്തെ വളര്‍ത്തുന്നുണ്ട്, നിഗൂഢഗ്രന്ഥങ്ങളായി അറിയപ്പെടുന്ന അപ്പോക്രിഫാ സുവിശേഷങ്ങള്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ക്രിസ്തീയതയുടെ ആത്മാവിനെയുള്‍ക്കൊള്ളുന്ന ഈ സുവിശേഷങ്ങളുടെ വായന ക്രിസ്തുവ്യക്തിത്വത്തെ വൈവിധ്യവത്ക്കരിച്ചുകൊണ്ട്, മഹത്വവത്ക്കരിക്കുന്നതിനോടൊപ്പം യൂദാസിനെയും മഗ്ദലന മറിയത്തെയും കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിക്കുന്നുമുണ്ട് ... ... യേശു സ്ത്രീകള്‍ക്ക് നല്‍കുന്ന കേന്ദ്രസ്ഥാനത്തെ ഇവ ഉറപ്പിക്കുന്നു." ലേഖകന്‍ പരാമര്‍ശിക്കുന്ന മഗ്ദലന മറിയത്തിന്റെ, പത്രോസിന്റെ, ഫിലിപ്പിന്റെ, യൂദാസിന്റെ, തോമസിന്റെയൊക്കെ സുവിശേഷങ്ങള്‍ ഒരു കാലത്ത് ഉപയോഗത്തിലിരുന്നുവെന്നും ഈ കൃതികളിലൊന്നുപോലും രചിച്ചത് സൂചിതയായ/സൂചിതനായ വ്യക്തിയല്ലെന്നും ഗ്രഹിക്കണമെങ്കില്‍, സുവിശേഷഗ്രന്ഥരൂപീകരണത്തിന്റെ രീതിയും ചരിത്രവും മനസ്സിലാക്കേണ്ടതുണ്ട്. ഡോ. നാലുപറയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, യേശുവിന്റെ ഭൌമികജീവിതം സുവിശേഷങ്ങളായി പരിണമിച്ചതിന്റെ ചരിത്രഗതി നാം അറിഞ്ഞിരിക്കേണ്ടതാണ്.

ശാസ്ത്രീയ രീതികള്‍ അനുസരിച്ചുള്ള ബൈബിള്‍പഠനം കഴിഞ്ഞ 50-60 വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. മൂല കൃതികളെ അതിസൂക്ഷ്മമായി വിശകലനം ചെയ്തും, അവയില്‍ ഉപയോഗിച്ചിരുന്ന ഭാഷാശൈലി, സാഹിത്യരൂപങ്ങള്‍ എന്നിവയെ അപഗ്രഥിച്ചും, രചനയുടെ കാലം, കര്‍ത്താവ് അല്ലെങ്കില്‍ കര്‍ത്താക്കള്‍ ആര് എന്നിവ കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. തത്ഫലമായി, അതുവരെ മുറുകെപിടിച്ചിരുന്ന പല നിഗമനങ്ങളേയും ചോദ്യംചെയ്യാന്‍ ശാസ്ത്രബോധവും സത്യസന്ധതയുമുള്ള ഗവേഷകര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഉദാഹരണത്തിന്, താന്‍ യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു, യേശു സവിശേഷമായി സ്നേഹിച്ചിരുന്നവനായിരുന്നു എന്നൊക്കെ നാലാമത്തെ സുവിശേഷകര്‍ത്താവ് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതില്‍ സത്യമില്ല എന്നതാണ് വസ്തുത. ആ കൃതിയുടെ ഉദ്ഭവത്തിന് നാല്പതു വര്‍ഷം മുമ്പെങ്കിലും തന്റെ സഹോദരന്‍ യാക്കൊബിനോടൊപ്പം യേശു ശിഷ്യനായിരുന്ന യോഹന്നാന്‍ വധിക്കപ്പെട്ടിരുന്നു. ഈ സുവിശേഷമാകട്ടെ, ഒരു ദൈവജനത്തിന്റെ നീണ്ട ധ്യാനമാണ്, അല്ലാതെ, കൃതിയുടെ ഏറ്റവുമൊടുവില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ, "യേശുവിന്റെ ചെയ്തികളില്‍ ചിലതു മാത്രമാണ് താന്‍ കുറിച്ചിരിക്കുന്നത്" എന്നതിലെവാച്യാര്‍ത്ഥം അസ്ഥാനത്താണ്. ചരിത്രബന്ധിതമായതൊന്നും ഈ സുവിശേഷം ഉള്‍ക്കൊള്ളുന്നില്ല എന്നാണ് പണ്ഡിതമതം. ഒടുവിലത്തെ അത്താഴവേളയിലേതായി നാം വായിക്കുന്ന യേശുവിന്റെ ഹൃദയസ്പര്‍ശിയായ, അതിസുന്ദരമായ ആ സംഭാഷണം അതേവിധം നടന്നതല്ല. ഒരു രാത്രിയിലവിടുന്ന് നിക്കദെമുസുമായി നടത്തിയ സംസാരവും പൊള്ളുന്ന വെയിലത്ത് ഒരു കിണറിന്റെ അരികിലിരുന്ന് ഒരു സമേരിയക്കാരി സ്ത്രീയുമായി ഉണ്ടായ ചര്‍ച്ചയുമൊക്കെ പ്രത്യേക ലക്ഷ്യത്തോടെ ഗ്രന്ഥകര്‍ത്താക്കള്‍ പിന്നീട് നെയ്തെടുത്ത ഭാവനാസൃഷ്ടികളാണ്. അതുപോലെ കാനായിലെ കല്യാണവിരുന്നില്‍വച്ച് യേശു വെള്ളം വീഞ്ഞാക്കിയതും കുരിശിന്റെ ചുവട്ടില്‍ നിന്ന യോഹന്നാനെയും മറിയത്തെയും പരസ്പരം ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് സംസാരിക്കുന്നതുമൊക്കെ തഥൈവ. - നല്ല ഭാവനകള്‍. പക്ഷേ, ഒന്നുണ്ട്; ഈ ഗ്രന്ഥകര്‍ത്താവിനെപ്പോലെ ഒരിക്കല്‍ യേശുവിനെ ക്രിസ്തുവായി ഉള്ളില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, ഇവയെല്ലാം സംഭവ്യവും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായി കാണുവാന്‍ സാധിക്കും. അതുതന്നെയാണ് നമുക്കും സുവിശേഷങ്ങളിലെ യേശുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി.

ഈ കാഴ്ചപ്പാടാണ് അതിപ്രധാനം. അതായത്, പുതിയനിയമ ഗ്രന്ഥങ്ങളില്‍ ഒരൊറ്റ വരിപോലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റിയല്ല, മറിച്ച്, അവയെല്ലാം നാഥനും രക്ഷകനുമായി വിശ്വാസികളുടെയുള്ളില്‍ രൂപമെടുത്ത ക്രിസ്തുവിനെപ്പറ്റിയാണ്. ഈ മാറ്റം സംഭവിക്കുന്നതോ, അദ്ദേഹത്തിന്‍റെ മരണശേഷം മാത്രവും. ഇത്രയുമംഗീകരിക്കാനായാല്‍ സുവിശേഷങ്ങളില്‍ കാണുന്ന പരസ്പര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ചിത്രീകരണങ്ങള്‍ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ വായനക്കാരനെ ശല്യപ്പെടുത്തുകയില്ല. കാരണം, ഐതിഹ്യരൂപത്തിലുള്ള സാഹിത്യ സംരംഭത്തില്‍ അതൊക്കെ അനുവദനീയമാണ്. യേശുവിന്റെ ജനനത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള വിവരണങ്ങളൊക്കെ കാല്പനികങ്ങളാണ്. ദൃക്സാക്ഷികളുടെയോ കേട്ടുകേഴ്വിയുടെയോ യഥാതഥാ വിവരണങ്ങളുമായി ഏതെങ്കിലും ബന്ധം അവയില്‍ തിരയേണ്ടതില്ല. ആദ്യക്രിസ്ത്യാനികള്‍ തങ്ങളുടെ എതിരാളികളായിത്തീര്‍ന്ന യഹൂദരെ ആശയപരമായി നേരിടുന്നതിനും യേശുവിന്റെ പ്രബോധനങ്ങള്‍ എതിര്‍ജാതീയരില്‍ എത്തിക്കുന്നതിനുമായി വേണ്ടിയിരുന്നതൊക്കെ യഥാര്‍ത്ഥ ചരിത്രസമയത്തില്‍ നിന്നുംസ്ഥലങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്ന് പോലും, വേര്‍പെടുത്തി ഈ കൃതികളില്‍ തിരുകി ചേര്‍ത്തിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.



ജ്ഞാനവാദ (gnostic) സുവിശേഷങ്ങളിലെ യേശു
സഭ അംഗീകരിച്ചിട്ടുള്ള നാല് സുവിശേഷ ഗ്രന്ഥങ്ങളൊഴിച്ചുള്ള, apocriphal എന്ന് വിളിക്കപ്പെടുന്ന, സമാനകൃതികൾ പൊതുവേ ജ്ഞാനവാദത്തിൽ അധിഷ്ഠിതമാണ്. അവയിലെ യേശു, സഭ ഇന്ന് പ്രചരിപ്പിക്കുന്നതുപോലെ ദൈവഭക്തിയും സദാചാരവും പ്രസംഗിച്ചു നടന്ന ഒരു സമാധാനപ്രിയനായിരുന്നില്ല. എല്ലാം നവീനമായി വിലയിരുത്തുക എന്നതായിരുന്നു അവിടുത്തെ രീതി. അതുകൊണ്ടുതന്നെ വാളെടുക്കുക , തീയിടുക, കലഹം സൃഷ്ടിക്കുക എന്നതൊക്കെ അടുക്കലടുക്കൽ നാം കാണുന്ന ആശയങ്ങള ആണ്. അസമത്വവ്യവസ്ഥകളെ പിന്താങ്ങിയിരുന്ന മതമേധാവിത്തത്തെ യേശുവിനു എതിർക്കേണ്ടിവന്നത് അതുകൊണ്ടാണ്.

ദൈവം സ്നേഹമാണ് എന്ന സങ്കൽപം യേശുവിന്റെ തനതു കണ്ടെത്തലാണ്. അത് പഴയ നിയമത്തിലേതല്ല. വെറുപ്പും ക്രോധവും നിറഞ്ഞ ഒരു ഗോത്രത്തലവനായിരുന്നു പഴയ ദൈവം. അത് തന്നെയാണ് ഇന്നത്തെ സഭയും ഇഷ്ടപ്പെടുന്നത്, യേശുവിന്റെ ദൈവത്തെയല്ല. അതുകൊണ്ടാണ് രാജാവ് പ്രഭു,യജമാനൻ പിതാവ് എന്നിങ്ങനെയുള്ള പുരുഷഭാവങ്ങൾ സഭയിൽ ഇന്നും പ്രകീർത്തിക്കപ്പെടുന്നത്. അതുകൊണ്ടാണ് സഭക്ക് അധികാരവും പണവും വിട്ടൊഴിയാൻ ഇത്ര പ്രയാസം. അതുകൊണ്ട് തന്നെയാണ് സ്ത്രൈണമായതിനോടൊക്കെ സഭാധികാരികൾക്ക് ഇത്ര വെറുപ്പും അകൽച്ചയും.

ദൈവരാജ്യം എന്നാൽ സ്വയം അറിയുന്നതാണ് എന്നാണ് യേശു പഠിപ്പിച്ചത്. ഓരോ മനുഷ്യനിലും മാത്രമല്ല, ഓരോ കണികയിലും പ്രപഞ്ചത്തിന്റെ - അതായത് സർവ്വതുമായിരിക്കുന്നതിന്റെ - മൂല്യം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണല്ലോ ആധുനിക ശാസ്ത്രവും കണ്ടെത്തിയിട്ടുള്ളത്. ഗ്നൊസ്റ്റിക് സുവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ആശയവും മറ്റൊന്നല്ല. എന്നാൽ ഈ ആശയം യാഥാസ്ഥിതികരെ എന്നും ചൊടിപ്പിച്ചുകൊണ്ടിരിക്കും. കാരണം, മനസ്സിന്റെ പ്രബുദ്ധതയിലാണ് അറിവിന്റെ ഉറവിടം. "എപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ അറിയുന്നുവോ,അപ്പോൾ നിങ്ങൾ സത്യമറിയും" എന്ന് തോമസിന്റെ സുവിശേഷത്തിൽ യേശു പറയുന്നുണ്ട്.

0 comments: