ക്രിസ്തുസഭയിലെ പാരഡൈം ഷിഫ്റ്റ്‌


 ക്രിസ്തുസഭയിലെ പാരഡൈം ഷിഫ്റ്റ്‌

പാരഡൈം ഷിഫ്റ്റ്‌ (paradigm shift) എന്ന സാങ്കേതിക പദം ഇന്ന് പല ശാസ്ത്രതലങ്ങളിലും വിഷയങ്ങളിലും പ്രയോഗിച്ചുകേള്‍ക്കാറുണ്ട്. കാഴ്ചപ്പാടിലുള്ള വ്യതിയാനംമൂലം രീതിശാസ്ത്രത്തില്‍ (methodology) അല്ലെങ്കില്‍ ജീവിതകലയില്‍ വരുന്ന മാറ്റത്തെ സൂചിപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്. വ്യക്തിപരമായ തലത്തെ മാത്രം ബാധിക്കുമ്പോള്‍ ഈ വാക്ക് ചേരില്ല. മാറ്റം ഒരു സമൂഹത്തെ അല്ലെങ്കില്‍ ഒരു പാഠ്യവിഷയത്തെ മൊത്തം ബാധിക്കുന്നിടത്തു മാത്രമേ ഈ പ്രയോഗം സാധുവാകൂ. paradigm എന്നതിനര്‍ത്ഥം മാതൃക, മാനം, രൂപം എന്നൊക്കെയാണ്. ജീവിതരീതികള്‍ രൂപപ്പെടുന്നത് മനുഷ്യരുടെ സ്ഥായിയായ അടിസ്ഥാന വിലയിരുത്തലുകളുടെ വെളിച്ചത്തിലും അവയുടെ പിന്‍ബലത്തിലുമാണ്. ആരംഭദശയിലെ മൌലികമായ ക്രിസ്തീയ ജീവിതത്തെ ഇന്നത്തെ അശുഭകരമായ അവസ്ഥയിലേയ്ക്ക് മാറ്റിയ paradigm shift നെപ്പറ്റി ഇവിടെ ചുരുക്കിപ്പറയാനാണ് ഞാനാഗ്രഹിക്കുന്നത്.

ആദ്യകാലങ്ങളില്‍ സഭയെന്നാല്‍ യേശുവിലൂടെ ദൈവസ്നേഹത്തെ തിരിച്ചറിഞ്ഞ മനുഷ്യരുടെ കൂട്ടുജീവിതമായിരുന്നു. അവര്‍ ജീവിതമൂല്യങ്ങളെ അളക്കാനുപയോഗിച്ചിരുന്ന മാനങ്ങള്‍ ദൈവസ്നേഹവും അതിനു പ്രതികരണവും പ്രത്യുത്തരവുമായ സഹോദരസ്നേഹവും മാത്രമായിരുന്നു. അടിസ്ഥാന മൂല്യം സ്നേഹമാവുമ്പോള്‍ ലാഭനഷ്ടങ്ങള്‍ എന്നൊന്നില്ല. എന്റേതും എനിക്കും എന്നതിന് പകരം നമ്മളും നമ്മുടേതും ആണ് ഇടപെടലുകളുടെ ഉത്തേജനവും മാനദണ്ഡവും ആകുന്നത്. എന്നാല്‍ കാലക്രമേണ ഭൗതികമായ രാഷ്ട്രമോടികളും അധികാരശ്രേണികളുമായി ബന്ധപ്പെട്ടതോടെ ആദിസഭയുടെ മേല്‍പ്പറഞ്ഞ ആന്തരിക ജീവിതത്തിലേയ്ക്ക് സ്ഥാനചിഹ്നങ്ങളുടെയും അനുഷ്ഠാനപ്രക്രിയകളുടെയും മറപിടിച്ച്‌ അക്രിസ്തീയമായ പെരുമാറ്റരീതികള്‍ കടന്നുകൂടിയ ചരിത്രം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ക്രിസ്തുവിനു പകരം പോപ്പും പുരോഹിതരും യേശുചൈതന്യത്തിനു പകരം ലൗകികാധികാരസുഖത്തിന്റെ പൊടിപ്പും തൊങ്ങലുകളും ഒരു ക്യാന്‍സര്‍ പോലെ സഭയെ നൂറ്റാണ്ടുകളായി ഉള്ളില്‍ നിന്ന് കാര്‍ന്നുതിന്നുകയായിരുന്നു. ഇന്നും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സഭയില്‍ വന്നുപിണഞ്ഞ തെറ്റായ ഒരു പാരഡൈം ഷിഫ്റ്റിന്റെ പരിണതഫലമാണിത്.

ആദ്ധ്യാത്മികതക്കു പകരം ആത്മീയത  
താത്ത്വികവും ഭാഷാപരവുമായ തലത്തിലേയ്ക്ക് കടക്കാന്‍ താത്പര്യമുള്ളവര്‍ വേര്‍തിരിച്ചറിയേണ്ട ചില അര്‍ത്ഥവ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. ആത്മീയം, ആദ്ധ്യാത്മികം എന്നീ വാക്കുകള്‍ എടുക്കുക. ഭാരതത്തിന്റെ അല്ലെങ്കില്‍ സംസ്കൃതത്തിന്റെ ഭാഷാശീലത്തില്‍ ആത്മാവിനെ സംബന്ധിക്കുന്നതാണ് ആദ്ധ്യാത്മികം. ഉപനിഷത്തുകളും ഗീതയും ആദ്ധ്യാത്മികശാസ്ത്രങ്ങളാണ്. അവയോടൊത്ത്‌ ആത്മീയം എന്നുപയോഗിക്കുന്നത് തെറ്റാണ്. കാരണം, ആത്മീയം എന്ന ശബ്ദത്തിന് സ്വന്തം, തനിക്കുവേണ്ടിയുള്ളത്, തന്നെ സംബന്ധിച്ചത് എന്നൊക്കെയാണ് വിവക്ഷ. ആത്മാര്‍ത്ഥമായി എന്ന വാക്ക്പോലും തെറ്റായിട്ടാണ് എപ്പോഴുംതന്നെ ഉപയോഗിക്കപ്പെടുന്നത്. അതിന്റെ ശരിയായ അര്‍ത്ഥം തനിക്കുവേണ്ടി, സ്വാര്‍ത്ഥ ചിന്തയോടെ എന്നൊക്കെയാണ്, പക്ഷേ, ഉദ്ദേശിക്കുന്നത് സത്യസന്ധമായി എന്നും. ആത്മഹത്യ എന്നാല്‍ സ്വയം കൊല്ലുക എന്നാണല്ലോ. അതുപോലെ, ആത്മാവിനെ സംബന്ധിച്ചത് എന്ന് എടുക്കാമെങ്കിലും, ആത്മീയം എന്നതിന് ആദ്ധ്യാത്മികം എന്നര്‍ത്ഥമില്ലതന്നെ.

സ്വാമി മുനിനാരായണപ്രസാദില്‍ നിന്നാണ് ഈ അര്‍ത്ഥവിന്യാസങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹം പറയുന്നു. "പരമമായ സത്യത്തെ ബ്രഹ്മം എന്നും ആത്മാവ് എന്നും രണ്ടു ശബ്ദങ്ങള്‍കൊണ്ടാണല്ലോ സൂചിപ്പിക്കുന്നത്. അതിന്റെ സത്യം കണ്ടെത്തേണ്ടത്‌ തന്റെതന്നെ സ്വരൂപം അവരവര്‍ കണ്ടെത്തുന്നതിലൂടെ വേണം എന്നതും സുവിദിതമാണ്. അത് വച്ചുകൊണ്ടാണ് ആദ്ധ്യാത്മം, ആദ്ധ്യാത്മികം എന്ന വാക്കുകള്‍ ഉണ്ടായത്. ആത്മം എന്ന പദത്തോട് 'അധി' എന്ന ഉപസര്‍ഗ്ഗം ചേര്ന്നാണ് ആദ്ധ്യാത്മം ഉണ്ടായത്. അധിഷ്ഠാനമാക്കുക എന്നാണ് 'അധി' സൂചിപ്പിക്കുന്നത്. അതായത് ആത്മാവിനെ അഥവാ തന്നെത്തന്നെ അധിഷ്ഠാനമാക്കിക്കൊണ്ട് പരമമായ സത്യത്തെ കണ്ടെത്തുന്ന വിദ്യയാണ് ആദ്ധ്യാത്മവിദ്യ. ഞാന്‍ എന്നെ വാസ്തവികമായി അറിയുന്നതിലൂടെ പരമമായ സത്യത്തെ അറിയുന്നതിനുള്ള ശാസ്ത്രമാണ് ആദ്ധ്യാത്മികശാസ്ത്രം." (കേരള കൌമുദി, 23.2.2013)

ഈ വിശകലനം ഇവിടെ കൊണ്ടുവന്നത് വെറുതേയല്ല. ഭൌതികമായവയ്ക്കും ആത്മീയമായവയ്ക്കും അതീതമായതും എന്നാല്‍ രണ്ടിനെയും ഉള്‍ക്കൊള്ളുന്നതുമായ ആദ്ധ്യാത്മികതയില്‍നിന്ന് വഴിതെറ്റിപ്പോയി എന്നതാണ് ക്രിസ്തുസഭയില്‍ വന്നുപിണഞ്ഞ ആദ്യത്തെ പരഡൈം ഷിഫ്റ്റ്‌.. ഈ തെറ്റ് തിരിച്ചറിഞ്ഞ് പഴയ മൂല്യങ്ങളിലേയ്ക്കുള്ള ഒരു റീഷിഫ്റ്റ്‌ ലക്ഷ്യമിട്ടുകൊണ്ട് ഇതിനോടകം ധാരാളം നവീകരണശ്രമങ്ങള്‍ ഭാഗികമായി നടന്നുകൊണ്ടിരുന്നു. പക്ഷേ, അവയൊന്നും സ്ഥായിയായ ഫലങ്ങള്‍ പുറപ്പെടുവിച്ചില്ല. ആഗോളസഭയില്‍ അങ്ങനെയൊരു മാറ്റം സാധ്യമാക്കാന്‍ വളരെയേറെ സമയം ഇനിയും വേണ്ടിവരും. എങ്കിലും തോറ്റുകൊടുക്കാതെ ശ്രമം തുടരുക എന്നത് യേശുവിനെ സ്നേഹിക്കുന്ന ചിലര്‍ തങ്ങളുടെ കടമയായിക്കരുതി മുന്നോട്ടുപോകുന്നുണ്ട്. ഞങ്ങളുടെ നാട് നിറയെ ഞങ്ങള്‍ നിനക്കായി മനോഹര ദേവാലയങ്ങളും ഒന്നിനൊന്ന് ഉയരം കൂടിയ സ്വര്‍ണക്കൊടിമരങ്ങളും ഉണ്ടാക്കി; ന്യൂനപക്ഷമായിരുന്നിട്ടും വേറെയാര്‍ക്കും ഇല്ലാത്തത്ര വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തി; നിരന്തരം ബൈബിള്‍ ക്വിസ്സുകള്‍ സംഘടിപ്പിച്ച് നിന്റെ വചനം പ്രഘോഷിച്ചു; അഭിഷേകാഗ്നി കത്തിച്ച് നിന്റെ പേരില്‍ അത്ഭുതരോഗശാന്തികള്‍ നടത്തി എന്നൊക്കെ അവകാശപ്പെടുന്നവരോട് "നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല, അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍" (മത്തായി 7,23) എന്നൊരു താക്കീത് യേശു തന്നിട്ടുണ്ട് എന്ന് ഇന്നും ഓര്‍ക്കുന്നവരാണവര്‍. ദൂരെപ്പോകൂ, സാത്താനേ, ദൈവകാര്യങ്ങളല്ല നിന്റെ മനസ്സിലുള്ളത്, മറിച്ച് മനുഷ്യതാത്പര്യങ്ങളാണ് എന്ന് ഒരിക്കല്‍ യേശു തന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്ന ശിമയോനോട് പോലും പറയേണ്ടിവന്നു. തന്റെ ധ്യാനനിമിഷങ്ങളില്‍ ഇതൊക്കെ കണ്മുന്നില്‍ കണ്ടുകൊണ്ടായിരിക്കാം ബെനെടിറ്റ് പതിനാറാമന്‍ പത്രോസിന്റെ പകരക്കാരന്‍ എന്ന തന്റെ സ്ഥാനം ഉപേക്ഷിക്കുന്നത്. ഒരു പാരഡൈം റിവേര്‍സ് ഷിഫ്റ്റിനുള്ള വഴിതെളിക്കാന്‍ അതുപകരിക്കുമെങ്കില്‍ അദ്ദേഹത്തിന്‍റെ സഭാസേവനം സഫലമായി.     
  1. ഈ ലേഖനത്തില്‍ സാക്ക് വിവരിച്ച രണ്ടു പദങ്ങളുടെയും അര്‍ഥം യഥാര്‍ഥത്തില്‍ എനിക്കൊരു പുതിയ അറിവായിരുന്നു. ഇങ്ങനെ ദൈനംദിനജീവിതത്തില്‍ കേള്‍ക്കുന്ന വാക്കുകളെ അര്‍ഥവ്യാപ്തിയിലേക്ക് വിശകലനം ചെയ്ത സാക്കിനെ അനുമോദിക്കുന്നു. സത്യത്തില്‍ ആത്മീയതയും അദ്ധ്യാത്മിയതയും തമ്മിലുള്ള വിത്യാസം ധ്യാനഗുരുക്കള്‍ക്ക്‌ പോലും അറിയാമെന്നു തോന്നുന്നില്ല. ആത്മഗുരുക്കളെന്നും അദ്ധ്യാത്മിക ഗുരുക്കളെന്നും ആത്മീയ ഗുരുക്കളെന്നും അവരെ വിളിക്കാറുണ്ട്. അങ്ങനെയെങ്കില്‍ പോട്ടയിലെ ആത്മഗുരുക്കള്‍ സ്വയം അവരുടെതന്നെ ആത്മഗുരുക്കള്‍ തന്നെയല്ലേ? ഇവര്‍ക്ക് പറ്റിയപദം 'ആത്മീയം വിറ്റഴിക്കുന്നവര്‍' എന്നായിരിക്കാം.

    'പെര്‍ഡിയം ഷിഫ്റ്റ്‌' അമേരിക്കയിലെ നിത്യജീവിതത്തിലെ ഒരു വാക്കാണ്‌. താല്‍ക്കാലികജോലിയുള്ള പകരക്കാരി നേഴ്സിനെ പെര്‍ഡിയം റ്റൈറ്റിലില്‍ അറിയപ്പെടുന്നു. ഈ വാക്കിന്റെ നിര്‍വചനാര്‍ഥം ചിന്തിച്ചത് ഇന്നാണ്. അമേരിക്കന്‍ ഡിഷ്ണറിയില്‍മാത്രം മുമ്പ് കണ്ടിരുന്ന ഈ വാക്കിന്റെ സ്പെല്ലിങ്ങ് per diem എന്നാണ്. ഇന്നാട്ടിലെ മെഡിക്കല്‍ ഹൊസ്പിറ്റലുകളില്‌ പ്രാബല്യമുള്ള per-diem shift എന്ന വാക്കും paradigm shift എന്ന വാക്കില്‍നിന്ന് കടമെടുത്തതെന്നും വിചാരിക്കുന്നു.

    പാരഡിഗം ഷിഫ്റ്റ് ശാസ്ത്രജ്ഞരുടെ ഒരു വാക്കാണ്‌. ശാസ്ത്രീയ വിപ്ലവം എന്നാണ് അവര്‍ കണക്കാക്കുന്നത്. ശാസ്ത്രവിപ്ലവം എന്നു പറയുന്നത് ബുദ്ധിപരമായ ഒരു വളര്‍ച്ചയാണ്. ആ പദം സഭയുടെ അധ്യാത്മ്യതയില്‍ യോജിക്കുന്നുവോ എന്നാണ്‌ സംശയം. സഭയെന്നും പുറകോട്ടുള്ള ചിന്താഗതിയിലാണ്. സമൂലമായ ഒരു നവീകരണമാറ്റം വന്നാലേ 'പാരഡിഗം ഷിഫ്റ്റ്' എന്നു പറയുവാന്‍ സാധിക്കുകയുള്ളൂ.

    ഉദാഹരണം പറയുകയാണെങ്കില്‍ ആദ്യമമനുഷ്യന്‍ ഭക്ഷണത്തിനായി നായാട്ടിനു പോവുമായിരുന്നു. പിന്നീട് ഒത്തൊരുമിച്ചു കൃഷിസ്ഥലങ്ങള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. ഈ മാറ്റങ്ങളെ, അതിനു സഹായിച്ച ഘടകങ്ങളെ 'പാരഡിഗം ഷിഫ്റ്റ്' എന്ന് പറയാം. പിന്നീട് ശാസ്ത്രത്തില്‍ 'പാരഡിഗം ഷിഫ്റ്റ്' മാറ്റം വന്നു കൊണ്ടിരുന്നു. ഭൂമി പ്രപഞ്ചത്തിന്റെ നടുവിലെന്ന തത്വം മാറി സൂര്യനെ പ്രപഞ്ചത്തിന്റെ നടുവിലാക്കി. പിന്നീട് ന്യൂട്ടോണിയന്‍ ഭൌതിക ശാസ്ത്രം വന്നു. ഈ നീക്കങ്ങളെല്ലാം ലോകത്തിന്റെ കാഴ്ചപ്പാടുകളെതന്നെ സമൂല പരിവര്‍ത്തനം വരുത്തി. ഇതെല്ലാം നൂറ്റാണ്ടുകളില്‍കൂടി പരിവര്‍ത്തനവിധേയമായി പുതിയ പുതിയ paradigm shift എന്ന മാറ്റങ്ങള്‍ ആയിരുന്നു.

    അച്ചടിഭാഷകളുടെ ആരംഭത്തോടെ ഭാഷകള്‌തന്നെ മാറി. വായനകള്‍ വര്‍ദ്ധിച്ചതോടെ മനുഷ്യന്‍ സാംസ്ക്കാരിക തലത്തിലും വളര്‍‌ന്നു. പുസ്തകത്തില്‍ക്കൂടെ വായിച്ചറിയുവാന്‍ സാധിക്കുന്ന മനുഷ്യന്‍ പുരോഹിതന്റെ ദൈവനിര്‍വചനം മൊത്തം തട്ടിപ്പുപ്രസ്ഥാനമെന്നും മനസിലാക്കി. അങ്ങനെ മാറ്റങ്ങള്‍ ഉത്ഭാദനത്തിലും വ്യവസായമേഖലകളിലും സാങ്കേതിക വിവരമേഖലകളിലും സംഭവിച്ചുകഴിഞ്ഞു. ചുരുക്കത്തില്‍ ഈ പരിണാമങ്ങള്‍ എല്ലാം paradigm shift ആയിരുന്നു. എന്നാല്‍ paradigm shift എന്ന മാറ്റം സംഭാവിക്കാത്തു പേപ്പസ്സിയും കത്തോലിക്കസഭയും മാത്രം. ഇല്ലെങ്കില്‍ അറുന്നൂറു വര്‍ഷംകൂടി സഭയില്‍ ഒരു മാര്‍പാപ്പയുടെ രാജിയില്‍ക്കൂടി paradigm shift ഉണ്ടായി. ഇതുകൊണ്ട് സഭയില്‍ മാറ്റം ഉണ്ടായോ? ഈ മാറ്റം (paradigm shift)ചിലപ്പോള്‍ റോമിലെ വരുവാനിരിക്കുന്ന പീറ്റര്‍രാജ്യത്തിന്റെ നാശത്തിന്റെ പ്രവചനം ആയിരിക്കാം. സഹസ്രാബ്ധത്തിലെ പരിവര്‍ത്തനങ്ങള്‍ ഒന്നിച്ചു സംഭവിക്കണമെങ്കില്‍ 'പാരഡിഗം ഷിഫ്റ്റിന്റെ' സ്കെയിലിന് അളവില്ലാത്ത നീളവും ഉണ്ടാകണം.
    1. "പാരഡിഗം ഷിഫ്റ്റ് ശാസ്ത്രജ്ഞരുടെ ഒരു വാക്കാണ്‌. ശാസ്ത്രീയ വിപ്ലവം എന്നാണ് അവര്‍ കണക്കാക്കുന്നത്. ശാസ്ത്രവിപ്ലവം എന്നു പറയുന്നത് ബുദ്ധിപരമായ ഒരു വളര്‍ച്ചയാണ്. ആ പദം സഭയുടെ അധ്യാത്മ്യതയില്‍ യോജിക്കുന്നുവോ എന്നാണ്‌ സംശയം. സഭയെന്നും പുറകോട്ടുള്ള ചിന്താഗതിയിലാണ്. സമൂലമായ ഒരു നവീകരണമാറ്റം വന്നാലേ 'പാരഡിഗം ഷിഫ്റ്റ്' എന്നു പറയുവാന്‍ സാധിക്കുകയുള്ളൂ." (ജോസഫ്‌ മാത്യു)
    പാരഡിഗം എന്നല്ല, പാരഡൈം എന്നാണ് ഉച്ചാരണം. "Paradigm shift is the transition from one paradigm to another. In modern physics there are important paradigms - the one Newtonian and the other Einseinian. The change from the one to the other can be called a paradigm shift. ... When an old paradigm is found as false and a new one is accepted, then there is a paradigm shift."Joseph Mathew Angadiyil, In Search of the Divine, p. 158. He continues, in the following pages, to speak of paradigms in religion. I shall try to elaborate it in another article. ഈ അടുത്ത കാലം വരെ paradigm എന്ന വാക്കിന് ഇംഗ്ലീഷില്‍ വിഭക്തി (declension of noun or conjugation of verb) എന്നായിരുന്നു അര്‍ത്ഥം.

    2. "പാരഡിഗം ഷിഫ്റ്റ് അമേരിക്കയിലെ നിത്യജീവിതത്തിലെ ഒരു വാക്കാണ്‌. താല്‍ക്കാലിക ജോലിയുള്ള പകരക്കാരി നേഴ്സ് 'പെര്‍ഡിയം' എന്ന റ്റൈറ്റിലില്‍ അറിയപ്പെടുന്നു. ഈ വാക്കിന്റെ നിര്‍വചനാര്‍ഥം ചിന്തിച്ചത് ഇന്നാണ്. അമേരിക്കന്‍ ഡിഷ്ണറിയില്‍മാത്രം മുമ്പ് കണ്ടിരുന്ന ഈ വാക്കിന്റെ സ്പെല്ലിങ്ങ് per diem എന്നാണ്. ഇന്നാട്ടിലെ മെഡിക്കല്‍ ഹൊസ്പിറ്റലുകളില്‌ പ്രാബല്യമുള്ള per-diem shift എന്ന വാക്കും paradigm shift എന്ന വാക്കില്‍നിന്ന് കടമെടുത്തതെന്നും വിചാരിക്കുന്നു." (ജോസഫ്‌ മാത്യു)

    ഇവിടെ പറയുന്ന per diem shift, paradigm shift എന്ന വാക്കില്‍നിന്ന് കടമെടുത്തതല്ല. അവ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഒരു ദിവസത്തെ ജോലിക്കായി പുറത്തുനിന്നൊരാളെ നിയമിക്കുന്ന രീതിയാണ് per diem shift. Dies (Latin - ദിവസം) എന്നത് per (for, through) എന്ന preposition കഴിഞ്ഞു വരുമ്പോള്‍ diem (accusative case)എന്നാകും. ഇവിടെ Shift എന്നത് night/day shift (ജോലി) ആണ്. paradigm shift ലെ shiftന്റെ അര്‍ത്ഥം മാറ്റം എന്നാണ്.

0 comments: