Christmas Tree = ജീവദാരു

ക്രിസ്മസ്ദാരു എന്നൊരു വാക്കുണ്ടാക്കിയാല്‍ അതിന് Christmas treeയുമായി സ്വരങ്ങളില്‍ നേരിയ ബന്ധമെങ്കിലും ആരെങ്കിലും ശ്രദ്ധിക്കുമോ? ദാ-രു = t-r ...tree എന്ന മൂലമാത്രകളുടെ സാമ്യമെങ്കിലും കാണുക.

നിത്യഹരിത
ദാരുക്കളുടെ ശിഖരങ്ങളും ഇലകളും ചേര്‍ത്തുണ്ടാക്കുന്ന റീത്തുകളും മാലകളും പണ്ട് ഈജിപ്തുകാരും ചൈനാക്കാരും യഹൂദരും നിത്യജീവന്റെ വിഗ്രഹങ്ങളായി (സവിശേഷ അര്‍ത്ഥത്തില്‍ ഗ്രഹിക്കപ്പെടേണ്ടവ) വിശേഷാവസരങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഭാരതത്തിലും യൂറോപ്പിലും പണ്ടുമുതല്‍ മരങ്ങള്‍ ആരാധ്യവസ്തുക്കള്‍ ആയിരുന്നു. ശൈത്യകാലമാകുമ്പോള്‍ പക്ഷികള്‍ക്കുവേണ്ടി വീടിനു വെളിയിലും പിന്നീട് കുട്ടികള്‍ക്കായി അലങ്കരിച്ച് വീടിനകത്തും ഒരു കൊച്ചു മരം സ്ഥാപിക്കുക ആദ്യം സ്കാന്റിനേവ്യന്‍ രാജ്യങ്ങളിലും, തുടര്‍ന്ന് ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലും പതിവായി. ആദിമാതാപിതാക്കളുടെ ദിവസമായി ഡിസംബര്‍ 24 കൊണ്ടാടുമ്പോള്‍ കളിച്ചിരുന്ന ഒരു കഥയുടെ ഭാഗമായതോടെ ഇതിന് പറുദീസാമരം, നിത്യജീവന്റെ മരം എന്നീ അര്‍ത്ഥങ്ങള്‍കൂടി കൈവന്നു. അതാണ്‌ ഇന്നത്തെ ക്രിസ്മസ്ട്രീയായി പരിണമിച്ചത്‌.

മരത്തെ നിത്യജീവനുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നത് ശാസ്ത്രീയമായും ശരിയാണെന്ന് ഇന്ന് നമുക്കറിയാം. മരങ്ങള്‍ ഭൂമിയുടെ പ്രമാണരേഖകളാണ്. അവ കാറ്റിലിളകുമ്പോള്‍ പ്രകൃതിയുടെ തനതായ രഹസ്യഭാഷയില്‍ ജീവന്റെ സന്ദേശങ്ങള്‍ അവയില്‍ കുറിച്ചിടപ്പെടുന്നു. ഓരോ ഇലയും അക്ഷരാര്‍ത്ഥത്തില്‍ ഒരു താളിയോലയാണ്. ഭൂഗര്‍ഭങ്ങളിലെയും ബഹിരാകാശത്തെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ നമ്മുടെ ഭാവിയും അവയില്‍ അന്തര്‍ലീനമായിരിക്കും. ഹൃദയത്തിന്റെ ഭാഷയറിയുന്നവര്‍ക്ക് മാത്രം അവ വായിച്ചെടുക്കാം. ഒരു മരത്തോടു ചേര്‍ന്ന് നില്‍ക്കുക, അതിനെ ആശ്ലേഷിക്കുക, അതിനോട് സംസാരിക്കുക, എന്നിട്ട് ഹൃദയം കൊണ്ട് ശ്രദ്ധിക്കുക. ദൈവികമായ അവബോധം അവയ്ക്കുമുണ്ടെന്നു നാം വേഗം തന്നെ തിരിച്ചറിയും. പക്ഷേ, ഒന്നുണ്ട്. മരങ്ങളുടെ തന്നെ നിഷ്ക്കളങ്കതയോടെ വേണം നാമതിന് ശ്രമിക്കാന്‍. തിമിംഗലങ്ങളും ഡോള്ഫിനുകളും സമുദ്രത്തിലെ ഗ്രന്ഥശാലകളായിരിക്കുന്നതുപോലെ മരങ്ങള്‍ ഭൂമിയുടെ ഗ്രന്ഥശാലകളാണ്. ഇവിടെ സംഭവിക്കുന്നതെല്ലാം തല്‍ക്ഷണം അവ അറിയുകയും കുറിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ട്. ആഗ്രഹത്തോടെ ചോദിച്ചാല്‍, നമുക്കവ പങ്കിട്ടുകിട്ടും. ദാരുവെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ദാനശീലന്‍ എന്നാണല്ലോ.

അന്യോന്യം ഒക്സിജനും കാര്‍ബണ്‍ ഡയോക്സൈഡും കൈമാറി മനുഷ്യനും മരവും പരസ്പരം പൂര്‍ത്തീകരിക്കുന്നു, പരസ്പരം ജീവനുപാധിയായിത്തീരുന്നു. എല്ലാ ജീവരൂപങ്ങളും ഇതില്‍ പങ്കാളികളാകുന്നുണ്ട് എന്നയറിവ് അവയോടെല്ലാം ബഹുമാനത്തോടെ പെരുമാറാന്‍ നമ്മെ പഠിപ്പിക്കേണ്ടതാണ്. ഒരു മരത്തെ തൊടുകയെന്നാല്‍ ഒരേ സമയം ആകാശത്തെയും ഭൂമിയെയും തൊടുകയാണ്. അതാകട്ടെ, ഒട്ടും നിസ്സാരമായ ഒരു കാര്യമല്ല.

തിരുപ്പിറവിയും ചില ഉദ്വേഗചിന്തകളും

അവതാരപുരുഷന്മാരുടെ ഏറ്റവും വലിയ നഷ്ടം അവരുടെ ശൈശവം മോഷ്ടിക്കപ്പെടുന്നു എന്നതാണ്. വലിയ കാര്യങ്ങള്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപെട്ട്, അഭൌമികമായ ഏതോ മുന്‍‌കൂര്‍ തീരുമാനമനുസരിച്ച് ജന്മമെടുക്കുന്ന അവതാരശിശുവിന് ശൈശവത്തിന്റെയും കൌമാരത്തിന്റെയും എല്ലാ വശ്യതകളും കുറുമ്പുകളും നിരാകരിക്കപ്പെടുകയാണ്. ജീവിതത്തിന്റെ സമസ്ത സൌന്ദര്യവും അവരില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നു എന്ന് വേണമെങ്കില്‍ പറയാം. ജ്ഞാനികളും മാലാഖാമാരും അത്ഭുതം കൂറുന്ന അയല്‍ക്കാരും, എന്തിന്, സ്വന്തം മാതാപിതാക്കളും ചേര്‍ന്ന് സ്വാഭാവികമായ വളര്‍ച്ചയുടെ ഗതി അവരില്‍ നിന്ന് മാറ്റിവിടുന്നു. വീഴ്ച്ചകളിലൂടെയുള്ള പഠനമാണ് ജീവിതമെങ്കില്‍, അതവര്‍ക്ക് അനുവദനീയമല്ല. അല്പമൊക്കെ വല്ല വീഴ്ചകളും വന്നു പിണഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ, ഭാവി ചരിത്രകാരന്മാര്‍ അതെല്ലാം തൂത്തുവെടിപ്പാക്കിക്കൊള്ളും. ഒരു ശിശുവിനെപ്പോലെ മലമൂത്രവിസര്‍ജനത്തിനുപോലും അവതാരപുരുഷന് അനുവാദമില്ല. ഇത്തരമൊരുണ്ണി എങ്ങനെ നമ്മുടെ സ്നേഹവാത്സല്യങ്ങള്‍ക്ക് പാത്രമാകുമെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല.



തിരിഞ്ഞു നോക്കുമ്പോള്‍, വ്യര്‍ത്ഥവും ശുഷ്ക്കവുമായ മനുഷ്യഭാവനകള്‍ എത്രയെത്ര നല്ല മനുഷ്യരുടെ ശൈശവത്തെ ഇല്ലായ്മ ചെയ്തിരിക്കുന്നു! എന്തുമാത്രം പാഴ്വാക്കുകള്‍ അതിനായി എഴുതപ്പെട്ടിരിക്കുന്നു. കൌമാരം പിന്നിടാത്ത മനുഷ്യക്കുരുന്നുകളെ കൂലിയില്ലാത്തൊഴിലാളികളാക്കി അവരുടെ അല്പ ജീവിതം നിഹനിക്കുന്നതിനു തുല്യമല്ലേ അവതാരമാരോപിച്ച് ഒരാളുടെ മനുഷ്യത്വം അപഹരിക്കുന്ന ഈ വിനോദവും? മനുഷ്യനായി ജനിച്ച്, മനുഷ്യനായി വളരാത്ത ഏതൊരാള്‍ക്കാണ് മനുഷ്യനെ ഉദ്ധരിക്കാന്‍ കഴിയുക? അങ്ങനെയെങ്കില്‍ പിന്നെ പരാശക്തിക്ക് ഈ നിയോഗം അവതാരോപാധിയില്ലാതെയും ആയിക്കൂടെ?

റ്റാക്കൂറിന്റെ ഗീതാഞ്ജലിയിലെ മനോഹരകാവ്യഖണ്ഡത്തില്‍ (*മുഴുവന്‍ വായിക്കാന്‍ അവസാനം കൊടുത്തിരിക്കുന്ന link കാണുക) കുറ്റപ്പെടുത്തുന്ന അനുഷ്ഠാനക്രിയകള്‍ - കൊന്തയുരുട്ടും മന്ത്രാലാപനങ്ങളും അറുത്ത പൂക്കളും കുന്തിരിക്കവും - ക്രിസ്തീയസമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണമെന്ന് ശ്രീ ജെയിംസ്‌ കോട്ടൂര്‍ പറയുമ്പോള്‍, അത് ശരിവയ്ക്കാതെ തരമില്ല. അത് ശക്തമായ തൂലികാപ്രയോഗമായിരുന്നു. അതുപോലെ, യേശുവിന്റെ പിറവിയുമായി ബന്ധപ്പെടുത്തി ഉണ്ടായിട്ടുള്ള മിക്ക കഥകളും വെറും ഐതിഹ്യങ്ങള്‍ മാത്രമാണെന്ന് എഴുതാനുള്ള ചങ്കൂറ്റം ക. സഭയുടെ തലവനായ ബെനെടിക്റ്റ് പതിനാറാമന് ഉണ്ടായത് അഭിനന്ദിനാര്‍ഹമാണ്. ക്രിസ്തുമസ് ഐതിഹ്യങ്ങള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു, മാലാഖാമാര്‍ ആട്ടിടയരോട് തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു, കഴുതയും മറ്റു മൃഗങ്ങളും നിന്നിരുന്ന ഒരു തൊഴുത്തില്‍ ഉണ്ണി പിറന്നു എന്നും മറ്റുമുള്ള കഥകള്‍ വെറും ഭക്തിഭാവനകളാകാനാണ് സാദ്ധ്യത എന്ന്. യേശുവിന്റെ കാലിത്തൊഴുത്തിലെ പിറവിയെ പഴയനിയമത്തിലെ ചില വാക്യങ്ങളുമായി ബന്ധപ്പെടുത്തി, അവിടെ പീഡിതരായ അന്നത്തെ മനുഷ്യര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ തന്നെയാണ് യേശു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടന്നതായി പോപ്പ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പരാമൃഷ്ട വാക്യങ്ങള്‍ (ഹബക്കുക്ക് 3,17/ഏശയ്യാ 1,3) ശ്രദ്ധിച്ച് വായിച്ചുനോക്കിയാല്‍ കൂടുതല്‍ ചിന്താക്കുഴപ്പമാണ് ഉണ്ടാവുക. കാരണം, അവതമ്മില്‍ ആകെയുള്ള ബന്ധമിത്രമാത്രം: നാടാകെ അനീതിയും അക്രമവും നിറയുമ്പോഴും, ദുഷ്ടന്‍ നീതിമാനെ വിഴുങ്ങുമ്പോഴും, കര്‍ത്താവ് രക്ഷക്കായി എത്തുന്നില്ല. അസ്സീറിയായിലെ നാഹും ആണ് അന്ന് ഭരിച്ചിരുന്നതെങ്കില്‍, റോമന്‍ അടിമത്തത്തില്‍ യഹൂദര്‍ നരകിച്ചിരുന്ന സമയത്താണ് യേശുവിന്റെ ജനനം. നാഹുമിന്റെ കാലത്ത്, ഒരു രക്ഷകന്‍ ഉടന്‍ വരും എന്ന് ഹബക്കുക്ക് എന്ന പ്രവാചകന്‍ ജനത്തെ ആശ്വസിപ്പിക്കുന്നതാണ് സന്ദര്‍ഭം. അതുമായി താരതമ്യം നടത്തി, യേശുവിനെ തങ്ങള്‍ കാത്തിരുന്ന രക്ഷകനായി സ്ഥിരീകരിക്കാനാണ് ലൂക്കായുടെ ശ്രമം എന്നാണു പോപ്പ് ബെനഡിക്റ്റ് സ്ഥാപിക്കുന്നത്. ഉദ്ദേശ്യം കൊള്ളാം, പക്ഷെ, അദ്ദേഹം ഉദ്ധരിക്കുന്ന വേദവാക്യങ്ങള്‍ ഇവിടെ അതിനു വഴങ്ങുന്നില്ലെന്നു മാത്രം. പഴയനിയമ/പുതിയനിയമ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കല്‍ സുവിശേഷകൃതികളില്‍ ധാരാളം കണ്ടെത്താനാവും എന്നത് സത്യമാണ്. ഉദാ. ഹബക്കുക്ക് 3,18 ലെ "എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും" എന്നത് "എന്റെയാത്മാവ് എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു." എന്നാക്കി ലൂക്കാ 1,47 ല്‍ (മറിയത്തിന്റെ സ്തോത്രഗീതം) കാണാം. മനുഷ്യചരിത്രത്തില്‍ ഇവിടെ സമാനതകളുണ്ട് എന്നതു മാത്രമാണ് അതിന്റെ പിന്നിലെ യുക്തി.

ഇതൊക്കെയാണെങ്കിലും, മനുഷ്യരുടെ സംഗീതപരമ്പരകളില്‍ ഏറ്റവും മനോഹരമായ ചില സൃഷ്ടികള്‍ക്ക് ദൈവത്തിന്റെ മനുഷ്യാവതാരസങ്കല്പവും അതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും സ്രോതസ്സായിട്ടുണ്ട്. വിശേഷിച്ച്, യൂറോപ്പിലെ ഭാഷകളില്‍. Silent Night, Ave Maria എന്നിവ നല്ല ഉദാഹരണങ്ങളാണ്. അതുപോലെ, ശൈശവത്തിന്റെ വശ്യതയും മാതൃത്വത്തിന്റെ നിര്‍മ്മല മഹത്വവും നിറങ്ങളില്‍ കുടുക്കാന്‍ വിശ്വകലാകാരന്മാരെ ഉത്തേജിപ്പിക്കാനും ഈ ഭാവനക്ക് കഴിഞ്ഞിട്ടുണ്ട്. 

ഒരു വിയോജിപ്പ് കൂടി. എന്തുകൊണ്ടാണ് എല്ലാ അവതാരങ്ങളും പുല്ലിംഗമായിപ്പോകുന്നത്? അത് തന്നെ ഈ വിശ്വാസത്തിലെ കഴമ്പില്ലായ്മയെ സ്ഥിരീകരിക്കുന്നു. ജനനം വഴി ഒരാള്‍ അധഃകൃതനാകുന്നു എന്ന വക്രചിന്തപോലെ തന്നെ മ്ലേച്ഛമാണ് ജനനം മൂലം ഒരാള്‍ ആരാധ്യനാകുന്നു എന്ന വിശ്വാസവും. ഹിന്ദു അവതാരങ്ങളായാലും, തിബത്തുകാരുടെ ലാമാമാരാണെങ്കിലും, പുല്‍ക്കൂട്ടിലെ ഉണ്ണിയോ കത്തോലിക്കരുടെ ചില വിശുദ്ധരോ ആയാലും ശരി, യുക്തി ഇക്കാര്യത്തില്‍ ദാക്ഷിണ്യരഹിതമാണ്. 

ഇതുകൂടി പറയാതെ നിറുത്തുന്നത് ഭംഗിയല്ല. കാലിത്തൊഴുത്തിലെ ജനനവും മൂന്നു വര്‍ഷക്കാലത്തെ അദ്ഭുതചെയ്തികളും കാല്‍വരിയിലെ മരണവും പുനരുഥാനവുമൊന്നും ഇല്ലാതെതന്നെ യേശു എനിക്ക് എന്നും സംപൂജ്യനായ ഗുരുവും അവഗണിക്കാനാവാത്ത മാതൃകയും രക്ഷയാഗ്രഹിക്കുമ്പോള്‍ രക്ഷകനും വഴിയന്വേഷിക്കുമ്പോള്‍ വഴിയും ആണ്. അടിത്തട്ടു കാണാവുന്ന ഒരു നദിയിലേയ്ക്കിറങ്ങുന്നതു പോലെയാണ് ഞാന്‍ യേശുവിനെ കണ്ടെത്തിയത്. ഇരു കരയും കവിഞ്ഞ്, കനത്ത പാറകള്‍ക്കിടയിലൂടെ മന്ദമായി ഒഴുകുന്ന ഒരാറുപോലെ; മറ്റുറവകള്‍ അതിലേയ്ക്ക് ലയിച്ചുചേരുന്നു, ഇന്നലെത്തേപ്പോലെ ഇന്നും. ഇരു തീരത്തും പച്ചപ്പുള്ള കൂറ്റന്‍ മരങ്ങള്‍. ഓരോ ഉദയസൂര്യനും അസ്തമയവും അതിനെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്നു. ഉത്ഭവമെവിടെയെന്നറിയാത്ത, ധാരാളിത്തത്തിന്റെ ധന്യതയായി അതൊഴുകിക്കൊണ്ടിരിക്കുന്നു.

അവന്‍ കാറ്റിനെതിരേ നടന്നു. അവന്റെ മേലങ്കി പറന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ അവനല്ലാതെ വേറൊരുത്തമപുരുഷന്‍ ഇല്ലായിരുന്നു. അപ്പോള്‍ അവന്റെ കൈയില്‍ കടന്നു പിടിക്കാനാവുക, അതെനിക്ക് പറുദീസയുടെ കുളിര്‍മ്മയാകുന്നു. തിരുവവതാരത്തിന്റെ മധുവൂറുന്ന കാല്പനികസുഖങ്ങളും ദൈവരാജ്യത്തിന്റെ മോടികളും വേണ്ടവര്‍ അവ പങ്കിട്ടെടുത്തുകൊള്ളട്ടെ. എന്നാല്‍, അവയൊന്നുമില്ലാതെ, ആരെക്കുറിച്ചോര്‍ക്കുമ്പോള്‍, എനിക്കാത്മാവില്‍ കാറ്റ്പിടിക്കുന്നുവോ, മറ്റെല്ലാം മറക്കാനാവുന്നുവോ, അതാണെനിക്ക്‌ യേശു. അവനാകുന്ന ജലാശയത്തിന്റെ ആഴത്തിലേയ്ക്കിറങ്ങുമ്പോള്‍, വെട്ടിത്തിളങ്ങുന്ന ജീവജലത്തിന്റെ നീലിമയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നു.

ശ്വാസോഛ്വാസം പോലെ

അറിവ് നടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന-
യല്പാര്‍ത്ഥങ്ങളും അര്‍ത്ഥമില്ലായ്മയും
കേട്ടാണ് ഞാന്‍ വളര്‍ന്നത്‌ -
ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നു വച്ചു.

അതിരില്ലാതെ സ്നേഹിച്ചയമ്മയാകട്ടെ
ഒന്നുംതന്നെ മിണ്ടിയിരുന്നില്ല.
കിട്ടാത്തതിനെപ്പറ്റിയും കിട്ടിയിട്ട് കൈവിട്ടു-
പോയതിനെപ്പറ്റിയും.

ഇത്രയും പറഞ്ഞു:
ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,
കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ
ഇഷ്ടവും നഷ്ടവും നോക്കരുത്.

"അന്യരെ നടുക്കാനല്ല,
സ്വയം നിവര്‍ന്ന് നടക്കാനാണ് നട്ടെല്ല്",
അച്ഛന്‍ പറഞ്ഞു;
നടന്നും കാണിച്ചു.

ആരോടുമൊന്നും മിണ്ടാതെ
കൂട് നെയ്യുന്ന കുരുവികളെ
നോക്കി ദിവസം മുഴുവന്‍
മുറ്റത്തെ മുരിങ്ങച്ചുവട്ടില്‍
ഞാനൊരു മണ്ടനായി
ചടഞ്ഞിരുന്നപ്പോൾ
അച്ഛന്‍ ചിരിച്ചതേയുള്ളൂ;

തല്ലിയില്ല.
മറ്റു കുട്ടികള്‍ ചെയ്യുന്നത് ചൂണ്ടിക്കാണിച്ചില്ല.
തന്നെത്തന്നെയും മുമ്പില്‍ നിറുത്തിയില്ല.
കൈയിലിരുന്ന 'മാതൃഭൂമി' എറിഞ്ഞുതന്നില്ല.

ഘോഷയാത്രക്കാര്‍ക്കാണ് പെരുവഴിയാവശ്യം,
തനിയേ നടക്കാന്‍ ഒറ്റയടിപ്പാതതന്നെ ധാരാളം.
നിങ്ങളുടെ പഴമകളില്‍ ഞാന്‍ ഒന്നും കാണുന്നില്ല,
ഒരിക്കല്‍ ഞാന്‍ പറഞ്ഞുപോയി.

അമ്മ നോക്കി നില്‍ക്കേ,
തോളിലൊന്നു തട്ടിയിട്ട്
പുറത്തേയ്ക്കുള്ള വാതില്‍ തുറന്ന്
അച്ഛനെന്നെ തള്ളിവിട്ടു.

ഞാനെന്തോ പറയാനോങ്ങിയപ്പോള്‍
അടുത്താരും ഇല്ലായിരുന്നു.
നടന്നു നടന്ന് ഞാനങ്ങ് മലയുടെ-
യുച്ചിയിലായിക്കഴിഞ്ഞിരുന്നു.

കൈവിടർത്തി കുരിശുപോലെ നിന്ന്
നീട്ടി ശ്വസിച്ചു. അത്രയും നിശ്വസിച്ചു.
ആകെയുണ്ടായിരുന്ന കള്ളിമുണ്ടും
അതോടേ എനിക്ക് ഭാരമായി.

അതഴിച്ചു ഞാന്‍ തലയില്‍ കെട്ടി.
അന്നുതൊട്ട് ഒരു കവചവും
ഞാനിഷ്ടപ്പെട്ടില്ല. ഒരു സഞ്ചിപോലു-
മില്ലാതെ കൈവീശി നടന്നു.

ആരോടും മത്സരിക്കാത്തയെന്നോട്
കയര്‍ക്കാനാരും വന്നില്ല.
ആർക്കുവേണ്ടിയുമൊന്നും
സൂക്ഷിച്ചുവയ്ക്കാന്‍ പറഞ്ഞില്ല.

ഓ, ജീവിതം ധന്യമാകാന്‍
എത്ര കുറച്ചു മതി!
അവയിലൊന്നുപോലും
ദേഹത്ത് ചുമക്കേണ്ടതുമില്ലെങ്കിലോ?

വായിച്ചെടുക്കേണ്ടതൊന്നും
ഒരു പുസ്തകത്തിലും
ആരോടെങ്കിലും പറയേണ്ടത്
മനസ്സിലും ഇല്ലെന്നറിയും.

കൈയിലൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെടാനും
ഇഷ്ടം ചോദിച്ചുവരാനും ആളില്ലാതാകും.
അപ്പോള്‍ വെറുതേ നടന്നു പോകുന്നത്
എത്ര സുഖകരം!

വഴി ചോദിക്കാന്‍പോലും
ഒരാള്‍ വേണ്ടെന്നു വരും.
കണ്ടതൊക്കെ എനിക്ക് ധാരാളം,
കേട്ടതൊക്കെ മതിയാവോളം.

എന്‍റെപോലും ഭാരം ഞാനറിയുന്നില്ല.
ശ്വാസോഛ്വാസം സ്വാതന്ത്ര്യമാണെങ്കിൽ
അതു ഞാനാണ്.
ഭാരമില്ലായ്മയാണ് ജീവിതം.

അങ്ങനെയിരിക്കേ ഞാൻ പെണ്ണുകെട്ടി -
പാരതന്ത്ര്യമെന്തെന്ന് ഞാനറിഞ്ഞു.

പുതിയ വിശുദ്ധര്‍

രഞ്ജിത്ത് ജി. കാഞ്ഞിരത്തില്‍  http://almayasabdam.blogspot.ch/search?updated-max=2012-12-01T04:30:00Z&max-results=10 

ഉന്നയിക്കുന്നത് വളരെ പ്രസക്തവും ന്യായയുക്തവുമായ ചോദ്യങ്ങളാണ്. വിശുദ്ധരെ നാമകരണം ചെയ്തെടുക്കുന്ന പരിപാടിതന്നെ ദുരുദ്ദേശ്യപരമാണ്. അവരെവച്ച് കാശുണ്ടാക്കുക എന്നതിനപ്പുറത്ത് ഒരൊറ്റ കാരണം അതിനു പിന്നിലില്ല. ഒരാള്‍ വിശുദ്ധനോ വിശുദ്ധയോ എന്നത് അയാളുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ട ഒരു സത്യമാണ്. അയാള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും എന്നൊരു വ്യത്യാസം അതില്‍ വരാന്‍ പാടില്ല. ലോകത്തില്‍ അറിയപ്പെടുന്നുണ്ടോ ഇല്ലയോ എന്നതും അവരെ സംബധിച്ച് അര്‍ത്ഥമില്ലാത്ത ചിന്തയാണ്. ഭൂമിയിലുള്ളവര്‍ മരിച്ചയൊരാളെ ഒരു പദവി നല്‍കി ഉയര്‍ത്തിയിട്ട്, അയാളുടെ പടം വച്ചും രൂപമുണ്ടാക്കിയും കാട്ടിക്കൂട്ടുന്ന ബഹളമെല്ലാം സ്വര്‍ഗത്തില്‍ ഒരു നേരിയ ചലനം പോലുമുണ്ടാക്കാത്ത കൂത്തുകളാണ്. ഒരു തരിപോലും കൂടുതല്‍ സൌഭാഗ്യം അതുകൊണ്ട് ഒരു സ്വര്‍ഗ്ഗനിവാസിക്കും ഉണ്ടാകുന്നില്ല. ഇവിടെനിന്നുയരുന്ന മുഖസ്തുതികളുടെ കൂടുതല്‍ കുറവനുസരിച്ച്‌ ഇവരിലാരെങ്കിലും ദൈവം തമ്പുരാനെ സമീപിച്ച്, കുറേപ്പേര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നേടിയെടുത്തുതരും എന്നൊക്കെ വളരെ ലളിതമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും, അത് കാര്യങ്ങളുടെ നടത്തിപ്പ് ഭൂമിയിലെപ്പോലെയാണ് സ്വര്‍ഗത്തിലും എന്ന മിഥ്യാബോധത്തില്‍ നിന്നുളവാകുന്ന വിഡ്ഢിത്തമാണ്. മനുഷ്യഭാവനക്ക് ഭൂമിയിലോ അതിനു വെളിയിലോ യാതൊരു പരിധിയും ഇല്ലാത്തിടത്തോളം, ഇങ്ങനത്ത ക്രയവിക്രയങ്ങള്‍ നടക്കുന്നു എന്നതിനുള്ള "തെളിവുകളും" (അത്ഭുതങ്ങള്‍) തുടര്ന്നുണ്ടായിക്കൊണ്ടിരിക്കും. അതൊക്കെ മനുഷ്യന് ഉണ്ടാക്കാവുന്ന സംഗതികളാണ്. അങ്ങനെയാണ് നടക്കുന്നതും.

വിശുദ്ധിയെ അംഗീകരിക്കുന്നത് നല്ലതാണ്, മാന്യമാണ്, അതുതന്നെ വിശുദ്ധിയുടെ ലക്ഷണവുമാണ്. എന്നാല്‍ അത് വിശ്വാസവും സഹനവുമായി മാത്രം ബന്ധപ്പെടുത്തി ചുരുങ്ങിപ്പോകരുത്. ആരാണ് ഭാഗ്യവാന്മാര്‍ (വിശുദ്ധര്‍) എന്ന് മലയിലെ പ്രസംഗത്തില്‍ (മത്തായി 5, 1-11) യേശു അടിവരയിട്ടു പഠിപ്പിച്ചിട്ടുണ്ട്. ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍. ഇതൊക്കെയാണ് വിശുദ്ധിയുടെ അടയാളങ്ങള്‍ എങ്കില്‍, നമുക്ക് ചുറ്റും ഇത്തരം എത്രയോ പേരെ നാം കണ്ടെത്തുന്നു.  അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ വിശുദ്ധരാണ്. പല പദവിക്കാരുടെ ഒരു പട്ടികയുണ്ടാക്കിയിട്ട് എതെങ്കിലുമൊരു പള്ളി അവരെ അതിലൊന്നില്‍ പേര് ചേര്‍ത്തോ എന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണ്. തന്നെയല്ല, ജീവിച്ചിരിക്കുന്ന വിശുദ്ധര്‍ നമുക്ക് ചുറ്റും ആയിരക്കണക്കിന് ഉള്ളപ്പോള്‍, മരിച്ചവരില്‍ നിന്ന് ഏതാനും പേരെ തിരഞ്ഞു പിടിച്ച്, അളവില്ലാത്ത കാശ് കൊണ്ടുപോയി റോമായില്‍ കൊടുത്ത് അവര്‍ക്കായി ഒരു പുണ്യാള സര്ട്ടിഫിക്കറ്റുണ്ടാക്കിയ ശേഷം ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അതുണ്ടാക്കാന്‍ ചെലവാക്കിയതിന്റെ ലക്ഷമോ കോടിയോ മടങ്ങ്‌ വാരാനുള്ള പദ്ധതി കളിച്ചുവയ്ക്കുന്ന പരിപാടി ഏമ്പോക്കിത്തരമാണ്, നാണമില്ലാത്ത ലാഭക്കച്ചവടമാണ്. ആ കച്ചവടത്തിന്റെ കരുക്കളായി, മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, രാമപുരം കുഞ്ഞച്ചന്‍, ചാവറയച്ചന്‍ എന്നിങ്ങനെ ഏറെപ്പേരുടെ കൂടെ ഇപ്പോഴിതാ ഒരു നീലകണ്ഠപ്പിള്ള അഥവാ ദൈവസഹായം പിള്ളയും.

സ്വയം വിശുദ്ധിയിലേയ്ക്ക് എത്തിച്ചേരാന്‍ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, വിശുദ്ധരെന്ന് ഏതാനും ചിലരെ മുദ്ര കുത്തിയിട്ട്, അവരെ വച്ച് പകല്‍ക്കൊള്ള നടത്തുന്ന അവിശുദ്ധിക്ക് ചുക്കാന്‍ പിടിക്കുന്ന സഭയെ അക്കാര്യത്തില്‍ എതിര്‍ക്കുന്നതും അസത്യത്തിനും അനീതിക്കും എതിരെയുള്ള പോരാട്ടമാണ്. വ്യക്തിപരമായ വിശുദ്ധിയെ അത്ഭുതപ്രകടനങ്ങളുമായി ബന്ധപ്പെടുത്തുന്നതില്‍ കച്ചവടതാത്പര്യമല്ലാതെ വേറൊന്നും കണ്ടെത്താനാവില്ല. കാരണം, താത്ത്വികമായി ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധവും ഇല്ലതന്നെ. സഭയുടെ ഏറ്റവും വലിയ ബൌദ്ധിക പാപ്പരത്തമാണ് ഈ പ്രവണതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.