ലയം

അല്പം പാല്‍ അല്ലെങ്കില്‍ ഒരു തുള്ളി മഷി വെള്ളത്തിലൊഴിച്ചാല്‍, ഒന്ന് മറ്റൊന്നില്‍ ലയിക്കുന്നു. സ്ഥൂലമായ അര്‍ത്ഥത്തില്‍ അതാണ്‌ ലയനം. എന്നാല്‍, സൂക്ഷ്മാര്‍ത്ഥത്തില്‍ ലയനത്തിന് പല വിതാനങ്ങളുണ്ടാകാം. വയൊലിന്‍ റ്റ്യൂണ്‍ ചെയ്യുമ്പോള്‍ അതിന്റെ തന്ത്രികള്‍ തമ്മില്‍ സ്വരൈക്യം വരുന്നത് ശ്രവണേന്ദ്രിയത്തില്‍ മാത്രമല്ല, ശരീരം മൊത്തത്തിലും വ്യാപിക്കുന്ന ഒരനുഭവമാണ്. അപ്പോള്‍ രൂപംകൊള്ളുന്ന സ്വരമാധുരി നമ്മില്‍ വിട്ടുകിടക്കുന്ന പലതിനെയും വലിച്ചടുപ്പിക്കുമ്പോലെ തോന്നും. സംഗീതം പഠിച്ചിട്ടുള്ളവര്‍ക്കും അത് നന്നായി ആസ്വദിക്കാന്‍ കഴിവുള്ളവര്‍ക്കും ഇത് പെട്ടെന്ന് മനസ്സിലാകും. രണ്ടോ അതിലധികമോ സംഗീതോപകരണങ്ങളോ ഗായകരോ തമ്മില്‍ പൂര്‍ണമായി ശ്രുതിചേരുമ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. ഏത്‌ സംഗീതവും മധുരമാകുന്നത് അതിലെ വ്യത്യസ്ത സ്വരവര്‍ണങ്ങളില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കു (അവയില്‍ പ്രധാനം ചെവിയാണെങ്കിലും) ലയിക്കാനാകുമ്പോഴാണ്. സ്വരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പ്രകൃതിയിലുള്ള ഏത്‌ നിസ്സാര വസ്തുവുമായും, ഒരാള്‍ താദാത്മ്യം നേടുമ്പോളുണ്ടാകുന്ന അനുഭവത്തിനാണ് ലയം എന്ന് പറയുന്നത്. ഒരു പൂവിന്റെ, അല്ലെങ്കില്‍ പ്രിയമുള്ള ഒരു വ്യക്തിയുടെ, സാന്നിദ്ധ്യത്തില്‍ നാമനുഭവിക്കുന്ന സുഖവും ആന്തരികമായ ഒരു ലയത്തിന്റെ ഫലമാണ്. തല്ക്കാലത്തേക്കാണെങ്കില്‍ പോലും രണ്ടസ്തിത്വങ്ങളുടെ ലയമാണവിടെ സംഭവിക്കുന്നത്‌. ഇത് എവിടെ എപ്പോള്‍ നടന്നാലും, അതോടോത്ത് ഐശ്വരസ്പര്‍ശം (ഈശ്വരസാന്നിധ്യം) അനുഭവിക്കുന്നതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. അടിസ്ഥാനപരമായി ഏത്‌ ലയവും ആനന്ദദായകമാണ്, കാരണം, അത് പ്രപഞ്ചതാളവുമായുള്ള ഒരു തരത്തിലുള്ള ഐക്യംപ്രാപിക്കലാണ്.

ത്രസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ ഊര്‍ജ്ജസാന്ദ്രതയാണ് പ്രപഞ്ചം. ദ്രവ്യവും ഊര്‍ജ്ജവും ഒന്നുതന്നെയാണെന്ന് ഐന്‍ഷ്‌റ്റൈന്‍ കണ്ടുപിടിച്ച E = mc² എന്ന സമവാക്യം മുതല്‍ ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ളതാണ്. ഊര്‍ജ്ജം പ്രകമ്പിതമാണ്. ഓരോ തന്മാത്രയും ഒരൂര്‍ജ്ജപ്രവാഹമാണ്. ഓം (ഓങ്കാരം) അല്ലെങ്കില്‍ വചനം ആണ് സൃഷ്ടിയുടെ മൂലകാരണം എന്ന് പണ്ടുമുതലേ ജ്ഞാനികള്‍ പറഞ്ഞുവച്ചതിന്റെ പൊരുളും ദൃശ്യവുമദൃശ്യവുമായതിന്റെയെല്ലാം ഉത്ഭവം ബ്രഹ്മത്തില്‍നിന്നാണെന്നു പറയുന്നതും ഒന്നുതന്നെയാണ്.

ശിവതാണ്ഡവം എന്ന ഹൈന്ദവസങ്കല്‍പം ഒന്നുകൂടി അര്‍ത്ഥസമ്പുഷ്ടമാണ്. എല്ലാ അസ്തിത്വവും പരാശക്തിയുടെ തുടര്‍നൃത്തമാണ്. അത് സര്‍വാശ്ലേഷിയായ പ്രപഞ്ചതാളത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു. പ്രപഞ്ചോര്‍ജ്ജത്തിന്റെ സൃഷ്ട്യുമ്ന്മുഖതക്കാണ് ഇതില്‍ ഊന്നല്‍. ഈ നൃത്തത്തില്‍ പങ്കുചേരാനാകാത്തതെന്തോ, അത്‌ ഊര്‍ജ്ജശോഷണംമൂലം നശിക്കുന്നു. അര്‍ത്ഥവത്തായി ജീവിക്കുക എന്നുവച്ചാല്‍ പ്രകൃതിയുടെ നിരന്തര നൃത്തത്തില്‍ പങ്കുചേരുകയെന്നാണ്. ആദ്യം സൂചിപ്പിച്ചയര്‍ത്ഥത്തില്‍ ഏതു തരം ലയത്തിന്റെയും  മുന്നോടിയാണ് ലാസ്യം. അക്ഷരാര്‍ത്ഥത്തില്‍ ലാസ്യമെന്നാല്‍ ശൃംഗാരപ്രധാനമായ നൃത്തമാണ്; അതായത്, പ്രണയത്തെയും സ്ത്രൈണതയെയും ദ്യോതിപ്പിക്കുന്ന ആനന്ദനൃത്തത്തിന്റെ നടനാവിഷ്കാരം. അത് പുരുഷന്റേതാകുമ്പോള്‍ താണ്ഡവമെന്നറിയപ്പെടുന്നു. താളമെന്ന ശബ്ദം രൂപംകൊള്ളുന്നതുതന്നെ താണ്ഡവം, ലാസ്യം എന്ന രണ്ട് വാക്കുകളുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നാണ്. വ്യക്തിപരമായി നമുക്കോരോരുത്തര്‍ക്കും അനുഭവേദ്യമാണെങ്കിലും അല്ലെങ്കിലും, സമസ്തചരാചരങ്ങളിലും പ്രപഞ്ചോര്‍ജ്ജത്തിന്റെ നാദതരംഗങ്ങള്‍ ലയിച്ചിരിക്കുന്നു എന്നതൊരു സത്യമാണ്. കാരണം, ഓരോ തന്മാത്രയും ദൈവികമായ പ്രപഞ്ചനൃത്തത്തിന്റെ ഭാഗമാണ്. ലോലവും സാന്ദ്രവുമായ എല്ലാറ്റിലുമുണ്ട് അതിന്റേതായ നാദവും താളവും. അത് കണ്ടെത്തുക, അതില്‍ ലയിക്കാനാവുക എന്നതാണ് ജീവിതത്തെ ധന്യവും ആനന്ദകരവുമാക്കുന്നത്. കലയും സാഹിത്യവും ധ്യാനവുമെല്ലാം ഇതിലേക്കുള്ള വഴികളാകാം.

ആഹതനാദവും അനാഹതനാദവുമുണ്ട്. ആഹതമെന്നാല്‍ ഉണ്ടാക്കപ്പെടുന്നത്. അനാഹതനാദം നാദബ്രഹ്മമാണ്. പ്രപഞ്ചതാളക്രമത്തിന്റെ സൌന്ദര്യത്തെ പ്രത്യക്ഷീകരിക്കുന്ന അനാദിയായ സംഗീതത്തിന് കൊടുത്തിരിക്കുന്ന പേരാണിത്. അതിന്റെ തലം ആത്മാവിന്റെ ശ്രവണപഥമാണ്. ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സംഗീതാസ്വാദനം അസ്സാധ്യമായതുകൊണ്ട്, നിശബ്ദമായ ഇടവേളകളെങ്കിലും ഇല്ലാത്തിടത്ത് പ്രപഞ്ചസംഗീതവുമായുള്ള ഉള്‍ച്ചേരല്‍ നടക്കുകയില്ല. അതുകൊണ്ടാണ് സംഗീതദാമോദരത്തില്‍ ഇങ്ങനെ കാണുന്നത്‍: "ജപകോടി ഗുണം ധ്യാനം; ധ്യാനകോടി ഗുണോലയ." അതായത്, ഒരു കോടി മന്ത്രങ്ങള്‍ ജപിക്കുന്നതിന് സമമാണ് കേവലം ഒരു മാത്ര നിര്‍മ്മലമനസ്സാ ധ്യാനിക്കുന്നത്. ഒരു കോടി തവണയിങ്ങനെ ധ്യാനിക്കുന്നതിനു തുല്യമത്രേ, ഒരൊറ്റ തവണ ദൈവമനസ്സുമായി ലയിക്കാനാവുമെങ്കില്‍!

"വെളിച്ചം ദു:ഖമാണുണ്ണീ!"

എന്തുകൊണ്ടാണ് ഒരു കവി ഇങ്ങനെ പാടിയതെന്നു മനസ്സിലാക്കാന്‍ വളരെനാള്‍ ശ്രമിച്ചു. കണ്ടെത്തിയ ഈ ഉത്തരം തൃപ്തികരമാണോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.

സ്നേഹിക്കുന്നവരെ എന്നും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്: എന്തുകൊണ്ട് ആര്‍ക്കുംതന്നെ സ്നേഹത്തില്‍നിന്നു ദുഖത്തെ മാറ്റിനിര്‍ത്താനാവില്ല? അനുഭവത്തില്‍നിന്നു നമുക്കറിയാം, സ്നേഹം എപ്പോഴുംതന്നെ ദു:ഖവുമായി ബന്ധപ്പെട്ടിരിക്കും. ദു:ഖമയമല്ലാത്ത സ്നേഹം വിരളമെന്നല്ല, അസ്സാധ്യംതന്നെയാണ്. പ്രതിസ്നേഹം കിട്ടാത്തതിന്റെ, തെറ്റുധാരണയുടെ, വേര്‍പാടിന്റെ, ചതിയുടെ ഒക്കെ വേദന സ്നേഹത്തിന്റെയാനന്ദത്തെ കുറയ്ക്കുകയോ തീര്‍ത്തും ഇല്ലാതാക്കുകയോ ചെയ്തേക്കാം. സ്നേഹിക്കുന്നവര്‍ക്ക് ഇതെന്നുമൊരു സമസ്യയാണ്. ഏവരും ഈ കടങ്കഥക്ക് ഉത്തരംതേടുന്നു. എന്നാല്‍ ആര്‍ക്കുംതന്നെ തൃപ്തികരമായ ഒരു വിശദീകരണം ഒട്ടു ലഭിക്കാറുമില്ല.

എന്നാല്‍, താത്ത്വികമായിട്ടെങ്കിലും അംഗീകരിക്കാവുന്ന ഒരുത്തരം ഒരു സെന്‍ഗുരു തരുന്നുണ്ട്. അതിങ്ങനെയാണ്. സ്നേഹിക്കുക എന്നത് ഒരു പ്രത്യാശയുടെ തുടക്കമാണ്. മറ്റൊരു വ്യക്തിയുമായി താദാത്മ്യപ്പെടാമെന്ന പ്രത്യാശ. ഇത് ആനന്ദദായകമാണ്. സ്നേഹിച്ചുതുടങ്ങുന്നവരെ അതു ത്രസ്സിപ്പിക്കും. അതൊരു പ്രകാശമാണ്, ഒരു പുതിയ കാഴ്ചപ്പാടിനുള്ള വെളിച്ചമാണ്. ഈ വെളിച്ചത്തിനു മങ്ങലേല്‍ക്കുകയെന്നാല്‍, വേദനയുടെ തുടക്കമായി. ഈ പ്രക്രിയ ഒരുപമയിലൂടെ വിശദീകരിക്കാം. നാം ഇരുട്ടത്ത് നില്‍ക്കുകയാണെന്നു വിചാരിക്കൂ. ഹെഡ് ലൈറ്റിട്ട് ഒരു വണ്ടി കടന്നുപോകുന്നു. അതോടെ അല്‍പനേരത്തേക്ക് നാം ഇരുട്ടിലായതുപോലെയാണ്. നേരത്തേതിലും കൂടുതല്‍ ഇരുട്ട് നമുക്കനുഭവപ്പെടും. സ്നേഹാനുഭൂതി എന്ന വിശേഷവെളിച്ചംകൊണ്ടു നിറഞ്ഞയാള്‍ അതിന്റെ നഷ്ടത്തിലനുഭവിക്കുന്ന വേദനയും ഇതുപോലാണ്. അയാളുടെ മാനസികാവസ്ഥ പണ്ടത്തേതിലും കഷ്ടമായിത്തീരുന്നു.

എന്തുകൊണ്ടാണ് ശാശ്വതവും അഗാധവുമായ സ്നേഹം മിക്കവര്‍ക്കും അപ്രാപ്യമായിരിക്കുന്നത്? അതിനുള്ളയുത്തരം ഏവര്‍ക്കുംതന്നെയറിയാം, അവനവന്റെ ഭാഗത്ത് അതംഗീകരിക്കാന്‍ ആര്‍ക്കുമാവുന്നില്ലെന്നു മാത്രം. അതായത്, അഹന്തയുടെ ഇടപെടലാണ് എപ്പോഴും സ്നേഹത്തെ നശിപ്പിക്കുന്നത്. അഹംബോധം ശക്തിയാര്‍ജ്ജിക്കുന്നിടത്ത് സ്നേഹമസ്സാധ്യമാണ്. സ്വയമില്ലാതാകാന്‍ പഠിക്കാതെ സ്നേഹിക്കാനാവില്ലതന്നെ. അവനവനെ നഷ്ടപ്പെടുത്താന്‍ ധൈര്യമുള്ളവര്‍ ചുരുക്കമായതിനാല്‍, ശരിക്ക് സ്നേഹിക്കാന്‍ കഴിയുന്നവരും ചുരുക്കമാണ്.


രതിയുടെ കാര്യത്തിലെന്നപോലെ തന്നെ, സ്നേഹത്തിലും, ഒന്നായിത്തീരുക എന്നയനുഭവം ചഞ്ചലിതമാണ്. സ്നേഹം ഉത്പാദിപ്പിക്കുന്നയാനന്ദത്തിന്റെ ആ ഹൃസ്വാനുഭവം തുടരാനാകണമെങ്കില്‍ അവനവനിലേക്ക്‌, അഹത്തിലേക്ക്, ചുരുങ്ങിപ്പോകാതിരിക്കാന്‍ കഴിയണം. മറ്റു തരത്തില്‍ പറഞ്ഞാല്‍, തന്നിഷ്ടം മറക്കാന്‍ കഴിയണം. മാനുഷികമായി ഇതേതാണ്ട് അപ്രാപ്യമായ കാര്യം തന്നെയാണ്. അങ്ങനെ സ്നേഹത്തിന് എപ്പോഴും മുറിവേല്‍ക്കപ്പെടുന്നു. വീണ്ടും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ദാഹം മാത്രം ബാക്കിയാവുന്നു. അതുതന്നെ ദു:ഖകാരണം. അല്‍പനേരത്തെ ഒന്നാകല്‍ മറ്റൊന്നില്‍ അലിഞ്ഞുചേരുന്നതിന്റെ ഒരു പ്രതീകമായി മാത്രം അവശേഷിക്കുമ്പോള്‍‍‍ ഉള്ളില്‍ അതൃപ്തിയുടലെടുക്കുന്നു. പൂര്‍ണമായി മറ്റെയാളുമായി അലിഞ്ഞുചേരുകയെന്നാല്‍, അഹത്തെ പൂര്‍ണമായും അവഗണിക്കുക എന്നുതന്നെയാണ്. അതിന് കഴിവുള്ളവര്‍ എത്ര വിരളമെന്ന് സ്വാനുഭവത്തില്‍നിന്ന് നമുക്കേവര്‍ക്കുമറിയാം. അതുകൊണ്ടാണ്, സ്നേഹം മിക്കവര്‍ക്കും ദു:ഖപര്യവസായിയായി പരിണമിക്കുന്നത്.


അതു കഴിഞ്ഞോ? ഒരിക്കല്‍ സ്നേഹിതരും കമിതാക്കളുമായിരുന്നവര്‍ പരസ്പരം പഴിചാരുന്നു. ദു:ഖകാരണം തെരയപ്പെടുന്നത് എപ്പോഴും മറുവശത്താണ്‌. അവിടെ നന്ദികേടും ചതിയും ആരോപിക്കപ്പെടുന്നു. സ്വന്തമഹം നീതിമത്ക്കരിക്കപ്പെടുകയാണ് എപ്പോഴും സംഭവിക്കുക. സ്നേഹത്തില്‍ അനിവാര്യമായി വന്നുഭവിക്കുന്ന നിതാന്തദു:ഖത്തില്‍നിന്ന് പഠിക്കാനാവുന്നയൊന്നുണ്ട്. സ്വന്തം എകാകിതയെക്കുറിച്ചുള്ളയവബോധം. സ്വന്തം ഏകാകിതയെക്കുറിച്ച് മറ്റൊരാളെ അറിയിക്കുക എന്നതുതന്നെയാണ് സ്നേഹത്തിനു വേണ്ടിയുള്ള യാചനയായിത്തീരുന്നത്. ഈ തിരിച്ചറിവ് ജീവിതത്തില്‍ അതിപ്രധാനമാണ്. കാരണം, മറ്റൊരാള്‍ക്ക് എന്നതുപോലെതന്നെ, ദൈവത്തിനും (ഈശ്വരചൈതന്യത്തിന്) നമുക്കുള്ളിലേക്ക് കടന്നുവരാനുള്ള ഒരേയൊരു വാതില്‍ അതുതന്നെയാണ്. അതുകൊണ്ടാണ്, എല്ലാ യഥാര്‍ത്ഥ സ്നേഹാനുഭവവും ധ്യാനാത്മകതയിലേക്ക് നയിക്കുന്നത്. സ്നേഹിക്കുന്നവര്‍ സ്വാഭാവികമായിത്തന്നെ ധ്യാനത്തെ വിലമതിക്കാന്‍ പഠിക്കും. സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ അതിന് കഴിയൂതാനും. പുറത്തുനിന്നുള്ള ഒരു പ്രിയതമനും ഒരു പ്രിയതമയും തന്നെ തൃപ്തിപ്പെടുത്തുകയില്ല എന്ന തിരിച്ചറിവാണ് ധ്യാനം അല്ലെങ്കില്‍ പ്രാര്‍ത്ഥന. അവിടെവരെയെത്താത്തവര്‍ എന്നും ദു:ഖിതരായിരിക്കും.


ഉള്‍ക്കൊള്ളാന്‍ അത്രയൊന്നും എളുപ്പമല്ലെങ്കിലും, സ്നേഹത്തെപ്പറ്റി ബുദ്ധന്‍ പറഞ്ഞിട്ടുള്ളത് വളരെ ശ്രദ്ധേയമാണ്. സ്നേഹമാണ് പരമസത്യമെന്ന് തിരിച്ചറിഞ്ഞ ബുദ്ധന്റെ വാക്കുകള്‍ "ധര്‍മപദ"ത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. "സ്നേഹത്തില്‍' നിന്നു വെറുപ്പും അസൂയയും ഉയരുന്നതിനാല്‍ ഒന്നിനെയും സ്നേഹിക്കരുത്." എന്തായിരിക്കാം ഈ വാക്കുകളുടെ പൊരുള്‍? സ്നേഹിക്കുകയേ അരുത് എന്നാകില്ലല്ലോ അത്. ചിലതിനെ മാത്രം, ചിലരെ മാത്രം സ്നേഹിക്കുന്നതാണ് ദു:ഖത്തിനും സംഘര്‍ഷത്തിനും, വെറുപ്പിനും അസൂയക്കും കാരണമായിത്തീരുന്നത് എന്നായിരിക്കാം അദ്ദേഹമുദ്ദേശിച്ചത്. ആത്യന്തികമായി, അതിനര്‍ത്ഥം മറ്റൊന്നുമല്ല - എല്ലാറ്റിനെയും സ്നേഹിക്കുന്നവന് മാത്രമേ ഒന്നിനെയും വെറുക്കാതിരിക്കാനാവൂ. തിരിച്ചും പറയാം: ഒന്നിനെയും വെറുക്കാത്ത ഒരുവന്/ഒരുവള്‍ക്ക്‌ മാത്രമേ ആരെയെങ്കിലും, എന്തിനെയെങ്കിലും, സ്നേഹിക്കാനാവൂ.


ഒരു പക്ഷേ, ഒരു ബുദ്ധന് മാത്രമേ ഇതുള്‍ക്കൊള്ളാനാവൂ. പരമസത്യം പാതി വഴി നടക്കുന്നവര്‍ക്കുള്ളതല്ലല്ലോ. ബുദ്ധന്മാര്‍ മാത്രമേ ബുദ്ധനില്‍ നിന്നു പഠിക്കുകയുണ്ടായിട്ടുള്ളൂ എന്ന്  ബോധിവൃക്ഷത്തിന്റെ ഇലകള്‍ എന്ന കൃതിയില്‍ ശ്രീ
പി.എന്‍. ദാസ് എഴുതിയിട്ടുണ്ട്. ഇതുകൂടി അദ്ദേഹം കുറിച്ചിരിക്കുന്നു: "അധീശത്വം, ആശ്രിതത്വം, ഉടമസ്ഥത, ഉത്തരവാദിത്തം, ആത്മാനുകമ്പ, എന്നിവയൊന്നും സ്നേഹമല്ല. സ്നേഹിക്കപ്പെടുന്നില്ല എന്ന വിഷാദവും സ്നേഹമല്ല. പിന്നെയെന്താണ് സ്നേഹം? ഇവയെയെല്ലാം ഇല്ലാതാകുന്നതാണത്. എങ്ങനെ സ്നേഹിക്കണമെന്നു നിങ്ങള്‍ അറിയുമ്പോള്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്നപ്രകാരമെല്ലാം ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയുന്നു." സ്നേഹത്തെ പുറത്തുനിന്നു കിട്ടുന്ന സുഖമായി കണ്ടാല്‍ അതില്‍നിന്ന് ദു:ഖം ജനിക്കുക അനിവാര്യമാണ്. എന്നാല്‍ സ്നേഹത്തെ ഉള്ളില്‍നിന്നു വരുന്ന സന്തുഷ്ടിയായി അനുഭവിക്കാമെങ്കില്‍, അതു ശാശ്വതമായിരിക്കുമെന്ന് നമുക്ക് ഉപസംഹരിച്ചു പറയാം. സ്വന്ത മനസ്സില്‍ ഒരാള്‍ ഖനനം ചെയയ്തെടുക്കുന്ന വെളിച്ചമാണ് സുഖത്തെ തരുന്നത്. അല്ലാത്തവ, വെളിച്ചമെന്ന് തോന്നിയാലും, ദു:ഖമേ തരൂ.

ഇത്രയുമായിട്ടും, "വെളിച്ചം ദു:ഖമാണുണ്ണീ" എന്ന് മഹാകവി അക്കിത്തം കാവ്യഭാവന നെയ്തത് ഏതര്‍ത്ഥത്തിലാണെന്ന്‌ ഒട്ടും തന്നെ വ്യക്തമല്ലായെന്ന് വായനക്കാര്‍ കെറുപറഞ്ഞാല്‍ അതില്‍ വാസ്തവമുണ്ട്. വെളിച്ചം സ്നേഹത്തിനു പര്യായമെന്നോണം എടുത്താണ് മുകളിലത്രയും കുറിച്ചത്. അല്പംകൂടി ആന്തരികവും ക്ലിപ്തവുമായ വിശകലനംതേടി ഞാനെത്തിയത്, ഓഷോയിലാണ്. ജീവിതം ലൈംഗികോര്‍ജ്ജമാണ് എന്ന കൃതിയില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന ചില ഉള്‍ക്കാഴ്ചകള്‍ ഇവിടെ നമുക്ക് ഉപകരിക്കുന്നവയാണ്. വോള്‍ട്ടയര്‍ പറയാറുണ്ടായിരുന്നത്രേ, നിങ്ങള്‍ നിങ്ങളുടെ വാക്കുകളെ ആദ്യമേതന്നെ നിര്‍വചിക്കാതെ നിങ്ങള്‍ക്ക് ആശയവിനിമയം സാദ്ധ്യമല്ല. എന്നാല്‍ അതസ്സാദ്ധ്യമാണ്. ഉദാഹരണത്തിന്, നിങ്ങള്‍ക്ക്‌ വെളിച്ചത്തെ നിര്‍വചിക്കേണ്ടതുണ്ട്‌. അപ്പോള്‍ നിങ്ങള്‍ക്ക് ഇരുട്ടിനെ അവിടേയ്ക്ക് കൊണ്ടുവരേണ്ടിവരും. എന്നാല്‍ എന്താണ് ഇരുട്ട് എന്ന്‌ ചോദിച്ചാല്‍, നിങ്ങള്‍ക്ക് വീണ്ടും വെളിച്ചത്തെ ആശ്രയിക്കേണ്ടിവരും. ചുരുക്കത്തില്‍, എല്ലാ നിര്‍വചനങ്ങളും ചാക്രികമാണ്. അതിന്റെ വിപരീതമില്ലാതെ, ഒരു പദത്തെയും നിര്‍വചിക്കാനാവില്ലാത്തതിനാല്‍, ഒന്നിനെ നമ്മള്‍ മറ്റൊന്നുകൊണ്ട് വിശദീകരിക്കുന്നു. ഇതൊരു കൌശലമാണ്; അത്ര ഫലപ്രദമല്ല താനും.


ഓരോന്നും അതിന്റെ വിപരീതത്തോടോത്തു സ്ഥിതിചെയ്യുന്നു. അത്യാനന്ദത്തെ അനുഭവിക്കുന്നവന് തീവ്രദു:ഖവുമുണ്ടായിരിക്കും എന്നാണ് ഓഷോയുടെ കണ്ടെത്തല്‍. ഇരുട്ടില്ലാതെ വെളിച്ചവും ദു:ഖമില്ലാതെയാനന്ദവും നേടുകയെന്നത് മനുഷ്യന്റെ പരിമിതികള്‍ക്കപ്പുറത്താണ്. ഞാന്‍ പ്രബുദ്ധനാണ് എന്നൊരാള്‍ പറഞ്ഞാല്‍, അയാള്‍ ഒട്ടും പ്രബുദ്ധനല്ലായെന്ന്‌ ധരിച്ചുകൊള്ളുക എന്ന്‌ ഉപനിഷത്തുകള്‍ താക്കീതുചെയ്യുന്നുണ്ട്. പ്രബുദ്ധനാകുക അസ്സാദ്ധ്യമാണെന്നല്ല, പക്ഷേ, അതിന് ചില നിബന്ധനകളുണ്ട്. മനുഷ്യന്‍ അവനവനില്‍ തന്നെ പരിമിതികളുടെ കൂമ്പാരമാണ്. അവനെ ബാധിക്കുന്നതിനെല്ലാം അവയുടെ എതിരുകളുമുണ്ട്. ഈ വിപരീതങ്ങളെ സമന്വയിപ്പിക്കുക, പരിമിതികളെ കവച്ചുവയ്ക്കുക എന്നതാണ് ധ്യാനത്തിന്റെ വഴി. അതെങ്ങനെയെന്നു മനസ്സിലാക്കാമോ എന്ന്‌ നോക്കാം.


സാധിക്കുമ്പോളൊക്കെ വിശാലമായ ഒരു ഭൂതലത്തിലേയ്ക്കോ, മലനിരകളിലേയ്ക്കോ, സമുദ്രത്തിന്റെ നോക്കെത്താത്ത വിസ്ത്രുതിയിലേയ്ക്കോ കുറേനേരം കണ്ണുനട്ടിരിക്കുക ഒരു സെന്‍ വ്യായാമമാണ്. കാരണം, അതു മനസ്സിനെ വികസിപ്പിക്കും. മനസ്സെന്നത് ഏറ്റവും ഇടുങ്ങിയ ഒരു സംവിധാനമാണ്. പരിധികളെ സൃഷ്ടിക്കുക, സ്വന്തമായ ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ നിരന്തരം കാര്യകാരണങ്ങളെ വിശകലനം ചെയ്തുകൊണ്ടിരിക്കുക എന്നതൊക്കെയാണ് അതിന്റെ ജോലി. അതില്‍പ്പെടുന്നു വേലികളെയും വ്യത്യാസങ്ങളെയും തിരഞ്ഞുപിടിച്ച്, എല്ലാം അതിനുള്ളിലൊതുക്കുകയെന്നത്. എല്ലാ വ്യത്യാസങ്ങളും ആപേക്ഷികങ്ങളാണ്. 'ഞാന്‍ വേറെയാണ്' എന്ന അസ്തിത്വബോധമാണ് പരിധികളെയുണ്ടാക്കുന്നത്‌. അതില്‍നിന്നൊരു വിടുതല്‍കിട്ടുന്നതിന് ദൂരേയ്ക്കുള്ള ദൃഷ്ടി സഹായിക്കും. ദൂരേയ്ക്ക് നോക്കുമ്പോള്‍, ഒരാള്‍ അയാളില്‍ നിന്ന് തന്നെ അകലുകയും പ്രപഞ്ചവിസ്തൃതിയോടടുക്കുകയുമാണ് ചെയ്യുക.


ഭൂമിയില്‍ ഒറ്റക്കായിപ്പോയ ഒരാളെ സങ്കല്‍പ്പിക്കുക. വിപരീതങ്ങള്‍ എന്തെന്നറിയാന്‍ അയാള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവും. നന്മയും തിന്മയും, ആണ്‍പെണ്‍ വ്യത്യാസങ്ങള്‍, രൂപസൌന്ദര്യവും അതിന്റെ ഏറ്റക്കുറച്ചിലും, സമ്പത്തും ദാരിദ്ര്യവുമൊന്നും അയാള്‍ക്ക്‌ ബാധകമാവില്ല. കാരണം, താരതമ്യത്തിന് അയാളുടെ ലോകത്ത് വകയില്ലതന്നെ. ഇനി നമുക്ക് വെളിച്ചത്തിലേയ്ക്ക് വരാം. വെളിച്ചം കണ്ണിന്റെ ഒരു പ്രതിഭാസമാണ്. കണ്ണില്ലാത്ത പ്രപഞ്ചത്തില്‍, എത്ര സൂര്യന്മാര്‍ കത്തിനിന്നാലും, വെളിച്ചമില്ല. വളരെ ചെറിയ ഒരു തരംഗവ്യാപ്തിക്കുള്ളില്‍പെടുന്ന സൌരോര്‍ജ്ജം കണ്ണുകളാല്‍ വ്യാഖ്യാനിക്കപ്പെടുന്നതാണ് വെളിച്ചം. ആ വ്യാഖ്യാനമില്ലാത്തിടത്തു ഇരുട്ടാണ്‌. ഇങ്ങനെ നാം 'ഉണ്ടാക്കുന്ന' വെളിച്ചമാണ് നമ്മെ എല്ലാവിധ സങ്കുചിതത്വത്തിലേയ്ക്കും വലിച്ചിഴക്കുന്നത്. നാം കാണുന്നതാണ് വാസ്തവം, സത്യം, എന്ന്‌ നാം ധരിച്ചുപോകുന്നു. ഈയര്‍ത്ഥത്തില്‍, ഓരോ ഇന്ദ്രിയവും നമ്മെ നമ്മിലേയ്ക്ക് ഒറ്റപ്പെടുത്തി കബളിപ്പിക്കുകയാണ്. അവ കാണിക്കുന്നതിലേയ്ക്ക് നാം അറിയാതെതന്നെ ചുരുങ്ങിപ്പോകുന്നു. അതെല്ലാം ഏതോ പ്രതിഭാസത്തിന്റെ ഒരു ചെറിയതരി മാത്രമാണെന്നും, അതിനൊക്കെയപ്പുറത്ത് പരമാര്‍ത്ഥത്തിന്റെ വിശാലത ഒളിഞ്ഞിരിപ്പുണ്ടെന്നുമാണ് ദൂരേയ്ക്ക് കണ്ണോടിക്കുമ്പോള്‍, നാം തിരിച്ചറിയുന്നത്‌. പലപ്പോഴും ഇത്തരമനുഭവങ്ങള്‍ ധ്യാനത്തിന്റെ ഒരു നിമിഷത്തെ നമുക്ക് ദാനം ചെയ്തെന്നുവരാം. അനന്തമായതിനെ കാണാന്‍ പഠിക്കുക എന്നതാണ് ധ്യാനം. എല്ലാവിധ വിഭജനത്തില്‍നിന്നും മുക്തിനേടുന്നവന്‍ ബുദ്ധനായിക്കഴിഞ്ഞു. അതോടേ മുക്തി നേടുന്നവന്‍ തന്നെ അപ്രത്യക്ഷനാവുകയാണ്. അല്ലെങ്കില്‍ അവിടെ വീണ്ടും വിഭജനം നിലനില്‍ക്കും. "ഞാന്‍" മുക്തി നേടുക എന്നത് മുക്തിയല്ല. അതുകൊണ്ടാണ് ബുദ്ധന്‍ പറയുന്നത്, ധ്യാനിക്കരുത്, ധ്യാനത്തിലാവുകയാണ് വേണ്ടത് എന്ന്‌. ധ്യാനിക്കുമ്പോള്‍, "ഞാന്‍" ആണത് ചെയ്യുന്നത്. ധ്യാനമാകട്ടെ, അങ്ങേയറ്റത്തെ ശൂന്യതയിലേയ്ക്കുള്ള പ്രവേശനമാണ്. ഏത്‌ പ്രവൃത്തിയും പ്രവര്‍ത്തിക്കുന്നവന്‍ മറഞ്ഞുപോകുന്നതിന്റെ അനുപാതത്തിലാണ് ആനന്ദമായി പരിണമിക്കുന്നത്. അങ്ങനെ വരുമ്പോള്‍, ആരെന്നും എന്തിനെന്നുമുള്ളത് അപ്രസക്തമാകുന്നു. കാരണം, എല്ലാ ലക്ഷ്യവും പരിമിതിയാണ്. ജീവിതത്തെ മുഴുവന്‍ അര്‍ത്ഥം, ഉപയോഗം, ലക്ഷ്യം എന്നിവയുരുവിട്ടുകൊണ്ട് തള്ളിനീക്കുന്നത് മതവിരുദ്ധവും അശ്ലീലവുമാണെന്ന് ലാവോത്സു എന്നേ പഠിപ്പിച്ചിട്ടുണ്ട്. ലക്ഷ്യമില്ലാതെവരുമ്പോള്‍, പ്രവൃത്തി ഒരു കളിയായിത്തീരുന്നു. പ്രപഞ്ചം ദൈവത്തിന്റെ ലീലാവിനോദമാണെന്നും നമുക്കതില്‍ പങ്കാളികളാകാമെന്നും പറയുന്നത് ഈയര്‍ത്ഥത്തിലാണ്. ഫലത്തെക്കുറിച്ച് ആകുലതയില്ലാതെ കര്‍ത്തവ്യനിരതനാകുക എന്ന്‌ ശ്രീകൃഷ്ണന്‍ അര്‍ജുനനെ പ്രോത്സാഹിപ്പിക്കുന്നത് അതുകൊണ്ടാണ്. അതു ചെയ്യാനാകണമെങ്കില്‍, കാണപ്പെടുന്ന ഈ പ്രപഞ്ചം പൊള്ളയായ ഒരു പുറംതോടുമാത്രമാണെന്ന സത്യം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ മനസ്സിനറിയാവുന്നത് ഈ പുറംതോട് മാത്രമാണ്, അതില്‍ കുടുങ്ങിപ്പോകരുത് എന്ന്‌ സ്വയം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം.


വെളിച്ചം ദു:ഖമാകുന്നത്, അതു (വെളിച്ചം) ചിലതെല്ലാം നമുക്ക് വെളിപ്പെടുത്തിത്തരുന്നു എന്ന മിഥ്യാധാരണ മൂലമാണ്. അപ്പോള്‍ നാം ചിലതൊക്കെ കാണുന്ന, ചിലതൊക്കെ അറിയുന്ന ആരോ ആയിത്തീരുന്നു. എന്നാല്‍, ഈ 'ആരോ' നമ്മുടെ ശരിയായ സത്തയുടെ മുമ്പില്‍ ഒന്നുമല്ല. അതിന്റെ ഒരു തരിപോലുമല്ല. അതാണ്‌ വെളിച്ചം കൊണ്ടുണ്ടാകുന്ന വലിയയപകടം. സത്യത്തില്‍, നമുക്ക് കിട്ടുന്ന നേരിയ വെളിച്ചം നാം കാണാത്തതിനെയെല്ലാം മറച്ചുകളയുകയാണ് ചെയ്യുന്നത്. ഇതെപ്പറ്റി അജ്ഞതയില്‍ കഴിയുന്നവര്‍ക്ക് കുഴപ്പമൊന്നും തോന്നണമെന്നില്ല. എന്നാല്‍, അവബോധത്തിലേയ്ക്കുള്ള  അഭിരുചിയുള്ളവര്‍ 'വെളിച്ചത്തെ' ദു:ഖകാരണമായി തിരിച്ചറിയുന്നു. എല്ലാ യഥാര്‍ത്ഥ കവിയിലും ബുദ്ധത്വത്തിന്റെ ഒരംശമുണ്ടായിരിക്കും. അതുകൊണ്ട്, "വെളിച്ചം ദു:ഖമാണുണ്ണീ" എന്നയാള്‍ക്ക് പാടേണ്ടിവരുന്നു.

നിരത്തില്‍  കാക്ക  കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍; 
മുല ചപ്പി വലിക്കുന്നു 
നരവര്ഗനവാതിഥി.
......(കണ്ടിടും) കവി ചൊല്ലുന്നു 
ഭാവിപൌരനോടിങ്ങനെ:
'വെളിച്ചം ദു:ഖമാണുണ്ണീ  
തമസ്സല്ലോ സുഖപ്രദം!'

ആകാശഗോളങ്ങള്‍ പഠിപ്പിക്കുന്നത്‌

ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് മുകളില്‍ ശുദ്ധമായ ആകാശമാണ്. നിറയെ നക്ഷത്രങ്ങള്‍. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ പൂര്‍വികര്‍ zodiac signs എന്ന് പേരിട്ടുവിളിച്ചിരുന്ന ആകാശഗോളങ്ങളെ അതേയാകൃതിയില്‍ ഇന്നും കാണാം. എന്നാല്‍, സൗരയൂഥങ്ങള്‍ അത്യധികമായ വേഗത്തില്‍ തമ്മിലകന്നുകൊണ്ടിരിക്കുകയാണെന്ന് വാനശാസ്ത്രം സ്ഥിരീകരിക്കുന്നു. അങ്ങനെയെങ്കില്‍, zodiac signsല്‍ ഉള്‍പ്പെടുന്ന നക്ഷത്രങ്ങള്‍ മാറ്റമില്ലാതെ ഇപ്പോഴും കാണപ്പെടുന്നതിന്റെ രഹസ്യമെന്തായിരിക്കും? നമ്മില്‍നിന്ന് പ്രപഞ്ചഗോളങ്ങള്‍ക്കുള്ള അനന്തമായ അകലമാണ് ഇതിന്‍റെ പിന്നിലെ വിശദീകരണം. അവയില്‍നിന്ന് പ്രകാശം ഇവിടെയെത്താന്‍ വേണ്ടിവരുന്ന സമയത്തിനിടക്ക് പല മനുഷ്യകുലങ്ങള്‍തന്നെ ജനിച്ചുവളര്‍ന്ന് നശിച്ചിരിക്കും. അപ്പോള്‍, നൂറു വര്‍ഷം മുമ്പും, ആയിരമായിരം വര്‍ഷങ്ങള്‍ക്കു മുമ്പും മനുഷ്യന്‍ കണ്ടിരുന്നതും ഇന്ന് കാണുന്നതും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഗോളങ്ങളുടെ സ്ഥാനവും, അന്ന് അവയില്‍നിന്ന് പുറപ്പെട്ട പ്രകാശവുമാണ്. യാഥാര്‍ത്ഥത്തില്‍ ഇന്നവയെല്ലാം മറ്റെവിടെയോ ആണ് ജ്വലിച്ചും ചലിച്ചുംകൊണ്ടിരിക്കുന്നത്. അവകള്‍ തമ്മിലുള്ള അകലവും അതില്‍ നിന്നുടലെടുക്കുന്ന ആകൃതിയും നാം കണ്ടുകൊണ്ടിരിക്കുന്നതില്‍ നിന്ന് തുലോം വ്യത്യസ്തവുമായിരിക്കും. ഇപ്പോള്‍ നാം കാണുന്നതായി കരുതുന്ന പല നക്ഷത്രങ്ങളും പണ്ടുപണ്ടേ കത്തിയെരിഞ്ഞ്‌ അപ്രത്യക്ഷമായിരിക്കാനും മതി.

ചന്ദ്രന്‍ ദിവസംതോറും മാറി മാറി ചരിക്കുന്നത് നമുക്ക് കണ്ടറിയാം. ചന്ദ്രനില്‍ തട്ടുന്ന സൂര്യപ്രകാശം ഓരോ സെക്കന്റിലും ഭൂമിയിലെത്തുന്നു എന്നതാണ് അതിനു കാരണം. ഒരു സെക്കന്റില്‍ പ്രകാശം പിന്നിടുന്ന ദൂരം തന്നെയാണ് ചന്ദ്രനില്‍ നിന്ന് നമ്മിലേയ്ക്കുള്ളത്. അതായത്, 300,000 km. ഒരു പ്രകാശവര്‍ഷമെന്നാല്‍, അപ്പോള്‍, ഈ തോതില്‍ പ്രകാശകിരണം ഒരു വര്‍ഷംകൊണ്ട് പിന്നിടുന്ന ദൂരമാണ്.

ഇനിയൊരു നിമിഷം നമുക്ക് കണ്ണുകള്‍ മണ്ണിലുറപ്പിക്കാം. എന്റെ മുറ്റത്ത്‌ നില്‍ക്കുന്ന മാവിന് അന്‍പത്തഞ്ച്‌ വയസ്സുണ്ട്. അതിനുമുമ്പ് അതെവിടെയായിരുന്നു? ഇതേ ചോദ്യം തന്നെ നിലത്തുകിടക്കുന്ന ഒരു ചരലിനെപ്പറ്റിയും നാമോരോരുത്തരെപ്പറ്റിയും ഇടക്കൊക്കെ ഉള്ളിലുദിക്കേണ്ടിയിരിക്കുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നെത്തുന്ന ഊര്‍ജ്ജത്തിന്റെ സംഭരണികളാണ് ഇവയോരോന്നും. കോടിക്കണക്കിനു സംവല്‍സരങ്ങള്‍ക്ക് മുമ്പ് വിവിധയാകാശഗോളങ്ങളില്‍നിന്ന് പുറപ്പെട്ടുവന്ന് ഭൂമിയില്‍ ശേഖരിക്കപ്പെട്ടിരുന്നതും അന്‍പത്തഞ്ച്‌ കൊല്ലംകൊണ്ട് സൂര്യനില്‍ നിന്ന് ലഭിച്ചതുമായ ഊര്‍ജ്ജം ഘനീഭവിച്ചു രൂപപ്പെട്ടതാണ് ഈ മാവ്! ഓരോ മാമ്പഴത്തിലൂടെയും അവളെനിക്കു തരുന്നത് അതിലൊരോഹരിയാണ്. അവള്‍ മണ്ണടിയുമ്പോള്‍ അവളിലെ ഊര്‍ജമെല്ലാം ചിതറിപ്പോകും, മറ്റു രൂപങ്ങളില്‍ വീണ്ടും പ്രത്യക്ഷമാകാന്‍. നമ്മുടെ ഗതിയും ഇതുതന്നെ. ഒരേയൂര്‍ജ്ജഖജനാവില്‍ നിന്നു വീതംപറ്റി വ്യത്യസ്ത രൂപങ്ങളാര്‍ജ്ജിക്കുന്നതാണ് ഓരോ അസ്തിത്വവും. നാമുള്‍പ്പെടെ എല്ലാം ഒന്നിന്‍റെതന്നെ വ്യത്യസ്തഭാവങ്ങള്‍ മാത്രമാണ്.

എങ്കില്‍, ഈ പ്രപഞ്ചത്തിലുള്ള ഒന്നുംതന്നെ അപ്രധാനമല്ല. ഒന്നും തീര്‍ത്തും അപ്രത്യക്ഷമാകുന്നുമില്ല. ബ്രഹ്മബോധമെന്നത് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സംഭരണിയാണ്‌. അതിന്‍റെ ഭാഗധേയങ്ങളാണ് നമ്മള്‍. എന്നിലേക്ക് ഒഴുകിക്കൂടിയ ഊര്‍ജ്ജസമ്പന്നത ഏതെല്ലാം രൂപഭാവങ്ങള്‍ക്ക് വിധേയപ്പെട്ടശേഷമാണ് സ്നേഹമായും ദയയായും, ക്രോധമായും ഭയമായും എന്നില്‍ വിലസ്സുന്നതെന്ന് എനിക്കുപോലുമറിയില്ല. എന്നാലും ഈ അല്പബോധത്തിന് എന്തെല്ലാം അറിയാനാകുന്നു! തീരാത്ത വിസ്മയത്തിനുള്ളയേതെല്ലാം കോപ്പുകള്‍!

ഉദാഹരണത്തിന്, നമ്മുടെയമ്മയായ ഭൂമി നമ്മുടെ സൗരയൂഥത്തിലെ ഒരു ഗ്രഹം മാത്രമാണല്ലോ. നമ്മുടെ സൂര്യന്‍ ആകാശഗംഗയിലുള്ള മുന്നൂറ് സഹസ്രകോടിയില്‍പരം നക്ഷത്രങ്ങളില്‍ ഒന്നുമാത്രമാണ്. നമ്മുടെ സൌരയൂഥത്തെപ്പോലെ മറ്റനേകായിരങ്ങളെ ഉള്‍ക്കൊള്ളുന്ന ആകാശഗംഗയോ, വിഹായസ്സിലുള്ള കോടിക്കണക്കിനു താരാശൃംഖലകളില്‍ ഒന്നുമാത്രവും. നമ്മുടെ ആവാസകേന്ദ്രമായ ആ പാലാഴിയുടെ വ്യാസമേതാണ്ട് ഒരു ലക്ഷത്തിലധികം പ്രകാശവര്‍ഷമാണ്. സൂര്യനില്‍ നിന്ന് ഭൂമിയില്‍ പ്രകാശമെത്താന്‍ എട്ടുമിനിറ്റെടുക്കുമ്പോള്‍, ആകാശഗംഗയുടെ നമ്മോടടുത്തുള്ള പുറംപരിധിയിലെ ഒരു നക്ഷത്രത്തില്‍നിന്നോ, അതിന്‍റെ (ഗാലക്സിയുടെ) മധ്യത്തിലുള്ളയൊന്നില്‍നിന്നോ, പുറപ്പെടുന്ന പ്രകാശം നാം കാണുന്നത് ഉദ്ദേശം 26,000 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. നമ്മുടെ ആവാസസ്ഥലമായ ക്ഷീരപഥത്തിന്റെ വ്യാസം 100'000 പ്രകാശവര്‍ഷങ്ങളാണ്. ഒരു ഗലക്സിസിയില്‍നിന്ന് മറ്റൊന്നിലേക്കുള്ള ദൂരമാകട്ടെ ഇതിലൊക്കെ പലമടങ്ങാണ്! നമ്മുടെയല്പബോധത്തെ അന്ധാളിപ്പിക്കാന്‍ അകലങ്ങളെപ്പറ്റിയുള്ള ഈ തുശ്ചമായ അറിവുകള്‍ മാത്രം പോരേ?

 ഇതു കൂടിയായാലോ? ഭൂമി സ്വയം കറങ്ങുന്നതു കൂടാതെ സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ അതിലുള്ളയെല്ലാ സൗരയൂഥങ്ങളെയും വഹിച്ചുകൊണ്ട് ആകാശഗംഗ മൊത്തത്തില്‍ വീണ്ടും ഭയാനകമായി കറങ്ങുകയാണ്, മണിക്കൂറില്‍ എട്ട് ലക്ഷം കി.മീ. വേഗത്തില്‍! ഇത്തരമൊരു കറക്കം പൂര്‍ത്തിയാകാന്‍ വേണ്ടിവരുന്ന സമയമോ, ഇരുന്നൂറ്റിയിരുപത് ദശലക്ഷം വര്‍ഷങ്ങള്‍!! ഈ സഞ്ചാരവേഗങ്ങളെല്ലാം ഓരോ നിമിഷവും നമ്മുടേതും ആണെന്നോര്‍ക്കുക. അവനവന്റെ വ്യഗ്രതകളുമായി കലപല വച്ചോ അടങ്ങിയൊതുങ്ങിയോ ഉറപ്പുള്ള ഈ മണ്ണില്‍ കഴിഞ്ഞുകൂടുന്നുവെന്ന് ധരിക്കുന്ന നാമോരോരോത്തരും ഓരോ നിമിഷത്തിലും ഈ അനന്തവേഗങ്ങളില്‍ പങ്കാളിയാണെന്നത് നമ്മുടെ അസ്തിത്വത്തിന്റെ സവിശേഷതയാണ്. നിരന്തരമായ വിസ്മയത്തിന് ഇനിയെന്തു വേണം?

'ആകാശഗോളങ്ങൾ പഠിപ്പിക്കുന്നത്' എന്ന എന്റെ ലേഖനത്തിന്റെ അവസാനത്തിൽ 'നിരന്തരമായ വിസ്മയത്തിന് ഇനിയെന്തു വേണം' എന്ന എൻറെ ചോദ്യത്തിന് ഒരു നല്ല സുഹൃത്ത് തിരിച്ചെഴുതി - "ഈ വിസ്മയമൊന്നും നിത്യവൃത്തിക്ക് ഉതകുന്നില്ല എന്നതാണ് മറ്റൊരു വിസ്മയം." അദ്ദേഹത്തിൻറെ ആ പ്രസ്താവനയിൽ എന്തോ പന്തികേടുണ്ട് എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം അംഗീകരിക്കുകയില്ല എന്നെനിക്കറിയാം. എന്നാലും ഇതേ സംശയം ഉള്ളിൽ വച്ചുകൊണ്ടുനടക്കുന്ന സുഹൃത്തുക്കൾക്കായി ഏതാനും വരികൾ കൂടെ ഞാൻ എഴുതിക്കൊള്ളട്ടെ. 

വിഹായസിന്റെ അനന്തവിസ്തൃതിയിൽ സംഭവിക്കുന്നതിന്റെ ഒരു നേരിയ അംശം മാത്രമേ ഊർജതന്ത്രവും അതിനോട് ബന്ധപ്പെട്ടു നില്ക്കുന്ന ഗണിതശാസ്ത്രവും നമുക്ക് വെളിപ്പെടുത്തിത്തരുന്നുള്ളൂ. ഞാൻ ലേഖനത്തിൽ കുറിച്ച അകലങ്ങളും ആകാശഗംഗകളുടെ വേഗം തൊട്ട് നമ്മുടെ മാതൃഗ്രഹം അതിന്റെ സാങ്കപിക അച്ചുതണ്ടിൽ നിന്നുകൊണ്ട് നടത്തുന്ന സ്വയം കറക്കവുംവരെയുള്ളവ വെറും നിഗമനങ്ങളല്ല; അതിസൂക്ഷ്മമവും വിപുലവുമായ ദൂരദര്ശിനികളും സൂര്യനും ഗ്രഹങ്ങൾക്കും ചുറ്റും ഭ്രമണം ചെയ്യാൻ വിട്ടിരിക്കുന്ന ആകാശയാനങ്ങളും വഴി ലഭ്യമായിട്ടുള്ള കണ്ടെത്തലുകളാണ്. വിസ്മയകരമായ ഈ വേഗാവേഗങ്ങൾ ഈ പ്രപഞ്ചത്തിൽ അനുനിമിഷം യാധാർഥ്യമാണെന്ന് ഒരു നിമിഷത്തേയ്ക്കുപോലും പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയാതെയും മാരകമായി പരിഭ്രാന്തരാകാതെയും നമ്മൾ അനുദിനചര്യകളിൽ മുഴുകുന്നുവെങ്കിൽ അതിനുത്തരവാദി ഭൂമിയെ ചുറ്റിയുള്ള അന്തരീക്ഷമാണ്. ഹാനികരമായ രശ്മികളിൽ നിന്നെന്നപോലെ തട്ടലും മുട്ടലും തലകറക്കവും മൂലം പീഡിതരാകാതെ നമ്മെ കാത്തുസൂക്ഷിക്കുന്നത് ഈ അന്തരീക്ഷമാണ്. ഒറ്റയടിക്ക് നമ്മെയും ഭൂമിയെയും കത്തിച്ചു ചാമ്പലാക്കാൻ കെല്പുള്ള ഉൽക്കകളും ദ്രവ്യ കഷണങ്ങളും ഈ അന്തരീക്ഷത്തിൽ വച്ച് ചിതറിപ്പിക്കപ്പെടുന്നു.


ദൈവമെന്നു നാം വിളിക്കുന്ന അനന്തസത്തയെ സച്ചിദാനന്ദമായി നാം മനസ്സിലാക്കുമ്പോഴും അതിന്റെ ഉള്പ്രകാശത്തിന്റെ തീക്ഷണതയെ അല്പം പോലും ഗ്രഹിക്കാനാവാതെ നാം സ്ഥലകാലങ്ങളിൽ കുടുങ്ങിപ്പോകുന്നത്‌ നമ്മുടെ അഹം എന്ന ആവരണം മൂലമാണ്. ഭൂമിയുടെ അന്തരീക്ഷവുമായി അതിനെ തുലനം ചെയ്യാം.   

സർവം (അനന്ത സത്ത) ആയി വികസിക്കാനുള്ള വിത്താണ് ഓരോ മനുഷ്യനും ഉൾക്കൊള്ളുന്നത് എന്ന നിരുപമമായ സത്യാവസ്ഥയിൽ നിന്ന് നമ്മെ മറയ്ക്കുന്നത് ഈ അഹമാണ്. അഹത്തിന്റെ കട്ടിമൂലമാണ് മുളപൊട്ടി, തഴച്ച്, ആർത്തിരമ്പി വളർന്ന് പുഷ്പിക്കുന്ന വ്യക്തിത്വങ്ങൾ ആയി വികസിക്കുന്നവർ വിരളമാകുന്നത്. അസത്യമെന്ന കീടങ്ങളും പ്രതികൂല ചുറ്റുപാടുകളും മിക്കവരെയും തളർത്തിക്കളയുന്നു. അതിജീവിക്കുക എന്നത് ഒരദ്ഭുതംതന്നെയാകുന്നു. പരമസത്ത എന്തിനിങ്ങനെ വേഷം മാറുന്നു എന്നത് നമുക്ക് എന്നും രഹസ്യമായിരിക്കും. എന്നാൽ ഈ രഹസ്യത്തെപ്പറ്റിയുള്ള വിസ്മയമാണ് ജീവിതത്തെ സുരഭിലവും മനോഹരവും ആക്കി നിലനിര്ത്തുന്നതെന്ന് എന്ന്‌ മിർദാദിന്റെ ഗ്രന്ഥത്തിൽ വായിക്കാം. (മിഖായേൽ നെയ്മി, തിയോ ബുക്സ്, കൊച്ചി)

മിർദാദ് പറയുന്നു: അതിനാൽ സ്ഥലകാലങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾക്ക്‌ മേലേ പിടിമുറുക്കാതിരിക്കുന്നതിനുവേണ്ടി എല്ലാം കൈവെടിയുക. എത്ര കുറച്ചു കൈക്കലാക്കുന്നുവോ അത്ര കുറച്ചു മാത്രം നിങ്ങൾ കൈക്കലാക്കപ്പെടുന്നു.
കാലമെന്നാൽ അനന്തവ്യാപ്തിയുടെ ഫലകങ്ങളിൽ കൊത്തിവയ്ക്കപ്പെട്ട പ്രപഞ്ചസ്മരണയാണെന്ന് കാലത്തിന്റെയും സ്ഥലത്ത്ന്റെയും സന്തതികളായ നിങ്ങൾ ഇനിയും അറിയുന്നില്ല എന്നതാണ് വിചിത്രം.  "ഈ വിസ്മയമൊന്നും നിത്യവൃത്തിക്ക് ഉതകുന്നില്ല എന്നു പറയേണ്ടി വരിക അതിദയനീയമാണ്‌.

ജീവിക്കുക എന്ന കല

The Art of Living എന്നൊരു പ്രോഗ്രാം ശ്രീ രവിശങ്കര്‍ നടത്തുന്നുണ്ട്. അതിന്റെയുള്ളടക്കം എന്തെന്ന് ഒരൂഹമേ എനിക്കുള്ളൂ. എന്നാലൊന്നു തീര്‍ച്ചയാണ്, ജീവിക്കുകയെന്നത് ഒരേ സമയം ഒരു തമാശയും ഒരു കാര്യവുമാണ്. തമാശയും കാര്യവും കലയുടെ ഭാഗമാണുതാനും.


നര്‍മം വിതറാനും നുകരാനുമുള്ള കഴിവ് മറ്റെല്ലാ ജീവികളെയുമപേക്ഷിച്ച് മനുഷ്യന്റെ പ്രത്യേകതയാണ്. സ്വയം ഒരു ഫലിതമായികണ്ടുകൊണ്ട് ജീവിക്കാനുള്ള കഴിവും ചുരുക്കം ചിലര്‍ ശീലിച്ചെടുക്കാറുണ്ട്. സൂക്ഷിച്ചു നിരീക്ഷിച്ചാല്‍, ജീവിതം തന്നെ മൊത്തത്തില്‍ ഒരു ഫലിതമല്ലേ?  ഓരോരുത്തരും എന്തെല്ലാം ഭാവനയില്‍ കാണുന്നു, രൂപകല്‍പനചെയ്യുന്നു, എന്നിട്ടതിനുവേണ്ടി കാത്തിരിക്കുന്നു. എന്നാല്‍, മിക്കപ്പോഴും സംഭവിക്കുന്നത്‌, അതിനൊക്കെ നേരേ തലതിരിഞ്ഞും. എന്നിട്ടും, ഈവക നിത്യാനുഭവങ്ങള്‍ തരുന്ന പാഠങ്ങളെയംഗീകരിക്കാന്‍ അധികമാര്‍ക്കുമാകുന്നില്ല.


എന്നാല്‍ ഈ സത്യം അല്പം നര്‍മ്മബോധത്തോടെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍, പരിഭ്രമത്തിന് പകരം ഏതോ ഒരു സുരക്ഷിതത്വമാണ് ഉള്ളില്‍ തോന്നുക. കാരണം, എല്ലാം നിയന്ത്രിക്കുന്ന ആ ശക്തി നമുക്ക് വെളിയിലാണെങ്കിലും നമ്മെ അതെങ്ങനെയോ പൂര്‍ണമായി  ഉള്‍ക്കൊള്ളുന്നുവെന്നും, പ്രപഞ്ചസമഗ്രതയില്‍ എല്ലാം ശുഭപര്യവസായിയായിത്തീരുമെന്നും അറിയുന്നത് ഏത്‌ അസ്വസ്ഥചിന്തക്കും മരുന്നാണ്. നമുക്കനിഷ്ടകരമായതിനെതിരെയുള്ള എതിര്‍പ്പ് ഫലശൂന്യമാണെന്ന ബോധ്യം കൈവരിച്ചാല്‍, സാവധാനമെങ്കിലും, പ്രതിരോധം മതിയാക്കി, ഉണ്മയെ അംഗീകരിക്കാനുള്ള തന്റേടത്തെ അതു നമ്മില്‍ സൃഷ്ടിക്കുന്നു. പ്രകൃതിയിലുള്ളയൊന്നിനോടും പൊരുതി ജയിക്കാമെന്നു കരുതരുത് എന്ന് താവോ തേ ചിങ്ങ് രണ്ടര സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് പ്രബോധിപ്പിച്ചിട്ടുണ്ട്. പ്രപഞ്ചസംവിധാനവുമായി സന്ധിയിലാകുന്നതാണ് മനശാന്തിയിലേക്കുള്ള ഏക വഴി. അതുവരെ നാം ചെയ്യുന്നത്, ഒരിക്കലും ജയിക്കാന്‍പോകുന്നില്ലാത്ത യുദ്ധമാണ്.


മനസ്സിന്റെ വ്യത്യസ്തവ്യാപാരങ്ങളെപ്പറ്റിയുള്ള ഒരു നല്ല വിശദീകരണം വായിച്ചിട്ടുണ്ട്. അതില്‍ പകലത്തെ കോലാഹലങ്ങളില്‍ നിന്ന് മാനസികമായ ഒരകലംകാക്കുക എന്ന കലയെ അതിന്റെ തോതനുസരിച്ച് ഒരു കോവണിയുടെ പടികളോടുപമിക്കുകയാണ്. ഏറ്റം താഴത്തെ പടിയില്‍ നിന്നാല്‍, കാണുന്നതും കേള്‍ക്കുന്നതുമായ വിശദാംശങ്ങള്‍ നമ്മുടെ ഏകാഗ്രതയെ കൊല്ലാന്‍ പോരുന്നത്രയാണ്. ഉദാഹരണത്തിന്, അവിടെ നിന്നുകൊണ്ട് നാം തെങ്ങ്, തേക്ക്, ആഞ്ഞിലി, മുരിക്ക്‌ എന്ന് തുടങ്ങുന്ന മരങ്ങളെയും പശു, പട്ടി, ആട് തുടങ്ങിയ മൃഗങ്ങളെയും, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, താണവന്‍ ‍, ഉയര്‍ന്നവന്‍ എന്നും മറ്റും തരംതിരിച്ചു മനുഷ്യരെയും കാണേണ്ടിവരും. എന്നാല്‍, അല്പം മുകളിലേക്ക് കയറിയാല്‍, നമ്മുടെ കാഴ്ച മരങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിങ്ങനെ കുറേക്കൂടി സമഗ്രതയുള്ളതായി ചുരുങ്ങും. വീണ്ടും ഒരുപടികൂടി മുകളിലേക്ക് കയറാനാകുന്നവന്, ചേതനം, അചേതനം എന്ന വ്യത്യാസമേ കാണാനാകൂ. അവിടെനിന്ന് വീണ്ടുമുയരത്തിലേക്ക് കയറാമെങ്കില്‍, വ്യത്യസ്തതകള്‍ ഏതാണ്‌ടില്ലാതായി, സമഗ്രതയും ഭംഗിയുമാര്‍ന്ന പ്രപഞ്ചത്തിന്റെ വശ്യത ശ്രദ്ധയില്‍ വന്നുപെടും.


അപ്രസക്തങ്ങളായ വിശദാംശങ്ങളുടെ പ്രളയം മനസ്സില്‍ ഇരുട്ടുണ്ടാക്കുന്നുവെന്ന് ചുരുക്കം. അതാണ്‌ റ്റിവിയും മറ്റു വാര്‍ത്താമാധ്യമങ്ങളും നിത്യേന ചെയ്തുകൊണ്ടിരിക്കുന്നത്. എത്ര മണിക്കൂറുകളാണ് ചിലര്‍ ചുറ്റുംനടക്കുന്ന എല്ലാത്തിനെപ്പറ്റിയും, തങ്ങളെ സംബധിച്ച് ഒരു പ്രസക്തിയുമില്ലാത്ത വിവരങ്ങള്‍ തലയില്‍ കുത്തി നിറയ്ക്കാനായി ചെലവാക്കുന്നത്! ആരെയും എന്തിനെയുംപറ്റി രണ്ട് വാക്ക് പറയാന്‍ കഴിയുമെങ്കില്‍ അതു പാണ്ഡിത്യലക്ഷണമായി!


അല്‍പനേരം പോലും തനിയെയിരിക്കാനോ, ഇരുട്ടത്ത് കുറേ നേരം കഴിയാനോ ഇന്ന് മിക്കവര്‍ക്കും ഭയമാണ്. എന്തുകൊണ്ട്? ഏകാകിതയും ഇരുട്ടും അവനവനെ നേരിടാനുള്ള നിമിത്തങ്ങളാകുന്നു എന്നതാകാം കാരണം. ഈ ഭയം സ്വന്തം അസ്തിത്വത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണെങ്കിലും അവിടേക്ക് കണ്ണ് തിരിക്കാന്‍ ധൈര്യമുള്ളവര്‍ വിരളമാണ്.


വിശ്രാന്തമായ സായംസന്ധ്യയിലോ, തീര്‍ത്തും ഇരുട്ടിയിട്ടോ, വിജനമായൊരിടത്ത് തനിയെ നടക്കാനിറങ്ങുക ഒരു നല്ല മാനസികാനുഭവമായിത്തീരാം. ശ്രദ്ധയെ ആകര്‍ഷിക്കുന്നയൊന്നുമില്ലാത്ത ചുറ്റുപാടില്‍, പയ്യെപ്പയ്യെ, മുമ്പറിഞ്ഞിട്ടില്ലാത്ത ഒരു കുളിര്‍മ ഉള്ളിലേക്ക് കടന്നുവരും.  മേല്‍പ്പറഞ്ഞ കോവണിയുടെ ഏതാണ്ടുയര്‍ന്ന ഒരു പടിയില്‍ കയറാന്‍ അതു നമ്മെ പഠിപ്പിക്കും.


"നിങ്ങളുടെ സത്തയിലേക്ക് നിശബ്ദത പ്രവേശിക്കുന്ന നിമിഷം നിങ്ങളമ്പരക്കും". (റഷന്‍ മിസ്റ്റിക്ക് ഗുര്‍ജിയെഫ്) എന്തുകൊണ്ട്? അതിനുള്ളില്‍ നിങ്ങള്‍ നിറച്ചിരിക്കുന്ന ചപ്പും ചവറും കാണുമ്പോള്‍! അതൊരു വശം. എന്നാല്‍, ആ നിശബ്ദത പ്രവര്‍ത്തനനിരതമാവുകയും ഉള്ളിനെ ശുദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ അവിടെ നാം കണ്ടെത്തുന്ന ദിവ്യസാന്നിദ്ധ്യത്തെ അനുഭവിക്കുമ്പോള്‍ സംഭവിക്കുന്നത്‌  അതിലും വലിയ അമ്പരപ്പായിരിക്കും.


ഒട്ടുമേ ദഹിപ്പിക്കാനാവാതെ ഒത്തിരി വായിക്കുന്നവരുണ്ട്. ഒന്നും വിനിമയം ചെയ്യാതെ ഒത്തിരി സംസാരിക്കുന്നവരുണ്ട്. അനങ്ങാത്തവയെ മൊത്തത്തിലുപേക്ഷിച്ചിട്ട് അനങ്ങുന്നയെന്തിനെയും നിരന്തരം തുറിച്ചുനോക്കിയിരിക്കുന്നവരുണ്ട്. അത്തരക്കാരില്‍പെടുമോ നമ്മളും? പ്രകൃതിലെന്തെങ്കിലുമായി സംവദിക്കാന്‍ നമുക്കാകുന്നുണ്ടോ? അതോ മനസ്സുമുഴുവന്‍ വേണ്ടാതിനങ്ങളുടെ ഒരു മാലിന്യക്കൂമ്പാരമാണോ? എങ്കില്‍ അവിടേക്ക് ഒരു വെളിച്ചവും കടന്നുവരില്ല, തീര്‍ച്ച.


"മൌനംകൊണ്ടെന്നെ നേരിട്ടു, നിന്റെ പ്രേമം. ഓരോ നിശീത്തിലും എന്റെ ഹൃദയകവാടത്തില്‍ വന്നു നീ നൃത്തം ചെയ്തു. ഞാന്‍ കൈ നീട്ടിയതേ, നീയത് ഗ്രഹിച്ചു. നിശ്ബ്ദ്തയുടെ വെളിച്ചത്തില്‍ നീ എന്നോടൊത്തു നടന്നു. വാക്കുകളില്ലാതെ നമ്മള്‍ സംവദിച്ചു. സൌന്ദര്യവും ശാന്തിയുമെന്തെന്നു ഞാനറിഞ്ഞു."

എത്ര പ്രാര്‍ത്ഥനാനിര്‍ഭരം! ജീവിക്കുക എന്നത് ഒരു കലയാകുന്നതെങ്ങനെയെന്നതല്ലേ ഇതിന്റെയുള്ളടക്കം?

"നമ്മുടെ" ലോകം

എന്റേത് നമ്മുടേത്‌ ആകാതെ മനുഷകുലത്ത്തിനു ഭാവിയില്ല. എന്റേത് എന്ന ചിന്ത മനുഷവ്യക്തികള്‍ക്ക് മാത്രം സാധ്യമായ ഒന്നാണ്. അതിന്റെ അതിപ്രസരമാണ് ഏത്‌ സംസ്കാരത്തെയും കാപട്യത്തിലൂടെയും ധനാര്‍ത്തിയിലൂടെയും ശിഥിലമാക്കിക്കളയുന്നത്. നമ്മുടെ രാഷ്ട്രത്തെ ഇന്നഭിമുഖീകരിക്കുന്ന വിഭ്രാന്തിയും മറ്റൊന്നല്ലല്ലോ.

വ്യക്തിബോധമുദിക്കാത്ത മനുഷ്യരുടെ കൂട്ടായ്മയായിരുന്നു ആദിസമൂഹങ്ങള്‍. ഇന്നും മിക്ക ആദിവാസി സമൂഹങ്ങളിലും ഈ സ്വഭാവം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് അവരുടെയിടയില്‍ തനതുസമ്പത്ത് എന്നൊന്നില്ലാത്തത്. അവര്‍ക്ക് എല്ലാം പൊതുസ്വത്താണ്. വ്യക്തിക്ക് കേവല മൂല്യവത്ത ആവശ്യമില്ലാത്ത ഈ അവസ്ഥ ഒരു കുറവല്ല, മറിച്ച് ഒരു നേട്ടമായിത്തീരാമെന്നു ഇന്നത്തെ ധനാര്‍ത്തിയുടെ ദൂഷിതവലയങ്ങളില്‍പെട്ട് നട്ടംതിരിയുന്ന നമുക്ക് മനസിലാകേണ്ടിയിരിക്കുന്നു. അതുപോലെ, യുക്തിസഹമായി ചിന്തിച്ചാല്‍, നമുക്ക് വീണ്ടും മനസിലാക്കാം, എവിടെ വ്യക്തിയുടെ ചിരന്തനമൂല്യം ഒരു വിഷയമല്ലാതായിത്തീരുന്നുവൊ, അവിടെ സര്‍വജനീന സ്നേഹവും സര്‍വാശ്ലേഷിയായ മനുഷ്യത്ത്വവും സാധ്യമാകുന്നുവെന്ന്.

പരിഷ്കാരമെന്നത് വ്യക്തിവികാസത്തിന്റെ കഥയാണ്‌. എല്ലാ ഈഗോയിസവും വഞ്ചനയും കവര്‍ച്ചയും ഞാനെന്ന തോന്നലില്‍ ഉടലെടുക്കുന്നു. മൌനത്തില്‍ ലയിച്ചിരുന്ന ഒരു സൂഫിഗുരുവിന്റെയടുത്ത് ഒരാളോടിവന്നു പറഞ്ഞു: 'ഒരു കുരങ്ങനതാ ഒരു കറാരയുമായി വരുന്നു, എന്തേലും ചെയ്യണം, വേഗം!'

'പേടിക്കേണ്ടാ, അതൊരു പരിഷ്കൃത മനുഷ്യനല്ലാത്തിടത്തോളം.' ഗുരു ശാന്തനായി പറഞ്ഞു.
 (പി. എന്‍. ദാസിന്റെ കൃതിയില്‍ നിന്ന്)

പ്രയോഗികാര്‍ത്ഥത്തില്‍ മാനുഷികമായ വികാസത്തിന് വ്യക്തിബോധം കാതലായി ഒന്നും സംഭാവന ചെയ്യുന്നില്ല. വ്യക്തിബോധം വരുത്തിവച്ചത്, നേരേമറിച്ച്, വിനയാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാലംചെല്ലുന്തോറും, മനുഷ്യരുടെയിടയില്‍ മുമ്പൊരിക്കലുമുണ്ടാകാത്തത്ര ഭീകരതയും ഹിംസയും എവിടെയും കൂടിവരുന്നു. എന്റേത്, ഞങ്ങളുടേത് എന്ന ബോധമാണിതിനു പിന്നില്‍. അതിനു പകരം നമ്മുടേത്‌ എന്ന് ചിന്തിക്കാന്‍ പഠിക്കാതെ മുന്നോട്ടുപോകാന്‍ ഇനി സാധ്യമല്ല എന്ന നിലയിലെത്തിനില്‍ക്കുന്നു, നമ്മള്‍. കാലാകാലങ്ങളില്‍ ഉദിച്ചുയര്‍ന്ന മതങ്ങളെല്ലാം ശ്രമിച്ചത് സാഹോദര്യം സമത്വം തുടങ്ങിയ ഉദാത്താശയങ്ങള്‍ വ്യക്തികള്‍ക്ക് പഠിപ്പിച്ചു കൊടുക്കാനാണ്. എന്നാല്‍ ഇവയൊക്കെ വ്യക്തിമനസ്സിന്റെ ഉപരിതലത്തെ മാത്രമെ സ്പര്‍ശിച്ചുള്ളൂ. ആന്തരികതലത്തിലെ അഗാധതയിലേക്കു ഇവ വേരിറക്കിയില്ല. അതുകൊണ്ടല്ലേ, മതങ്ങളുടെ ശക്തമായ സ്വധീനമുണ്ടായിരുന്ന മൂന്നു മധ്യകാലനൂറ്റാണ്ടുകളില്‍ മതയുദ്ധങ്ങളുടെ രക്തം തളംകെട്ടിയത്. ഇന്നും മതത്തിന്റെ ആചാരാനുനുഷ്ഠാനങ്ങളും ദൈവപ്രീണനങ്ങളും, കേരളത്തിലെ മാര്‍ക്സിസത്തിന്റെ ചെങ്കൊടിയും ജാഥകളും പോലെ, ബാഹ്യചേഷ്ടകള്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു.

മതേതര ദാര്‍ശനികധിഷണയായ മാര്‍ക്സിസം പോലും ഒരിടത്തും മനുഷ്യന്റെ സ്ഥായിയായ രക്ഷക്കുതകിയില്ല. കാരണം, ഇവയുടെ മൂല്യങ്ങള്‍ ഉള്ളിലേക്ക് വേരിറക്കാന്‍, അതിനിടയില്‍ വികസിച്ചു വന്ന വ്യക്തിത്വങ്ങളുടെ കഠിനപ്രതലം അനുവദിച്ചില്ല. സ്വാര്‍ത്ഥതല്പരരായ ഏതാനും വ്യക്തികള്‍ കേരളത്തിലും ബംഗാളിലും ഈ മഹത്വാശയത്തിന്റെ ശവക്കുഴി തോണ്ടിക്കഴിഞ്ഞത് നാം കണ്ടു. ഇന്നുള്ള ഏത്‌ മതസമൂഹത്തെയും പോലെ, മാര്‍ക്സിസവും അപഹാസ്യമായ സംസ്കാരപ്രകടനം മാത്രമായി ശോഷിച്ചുപോയിരിക്കുന്നു.

വ്യക്തിത്വങ്ങളുടെ അതിപ്രസരമാണിതിനെല്ലാം ഉത്തരവാദി. ഉദാഹരണത്തിന്, അമേരിക്ക ഒരു സമുദായമായിട്ടല്ല, ബുഷ്‌ എന്ന ഒരൊറ്റ നികൃഷ്ടന്റെ അഹന്തയിലൂടെയാണ് അതുല്ല്യസംസ്കാരങ്ങളായ അഫ്ഗാനിസ്ഥാന്റെയും ഇറാക്കിന്റെയും നശീകരണത്തിനു കാരണമായി ഭവിച്ചത്. അധികാരം, അതിന്റെ ഏത്‌ ഭാവത്തിലും, അശ്ലീലവും അധമവുമാണ്. കാരണം, അതിലൂടെ സമൂഹം വ്യക്തിക്ക് കീഴ്പ്പെടേണ്ടിവരുന്നു.

പൊതുവുടമസമ്പ്രദായം നിലനില്‍ക്കുകയും സമൂഹത്തിലെ മുതിര്‍ന്നവര്‍ പരസ്പരധാരണയുടെ ബലത്തില്‍ പൊതുപ്രശ്നങ്ങള്‍ക്ക് തീര്‍പ്കല്‍പ്പിക്കുകയും ചെയ്തുപോന്ന പുരാവര്‍ഗ്ഗവ്യവസ്ഥയില്‍ മാത്രമാണ് സമഭാവന ഒരളവുവരെയെങ്കിലും സാക്ഷാത്കരിക്കപ്പെട്ടത്. എന്നാല്‍, സംസ്കാരമെന്ന മാനവവികൃതി പുരാവര്‍ഗ്ഗങ്ങളെ നശിപ്പിക്കുകയും തല്‍സ്ഥാനത്ത് ഭിന്നിപ്പിക്കുന്ന വേര്‍തിരിവുകള്‍ വളര്‍ത്തുകയും ചെയ്തു. സമൂഹത്തിന്റെ ആകെ മുക്തിയെന്നത് കയ്യൂക്കുള്ളവന്റെ മാത്രം മുക്തിയായി തരംതാണുപോകുന്നതിന് ഇന്നത്തെ ഇന്ത്യയിലും നമ്മുടെ സംസ്ഥാനത്തും ആവോളം ഉദാഹരണങ്ങളുണ്ടല്ലോ.

നമ്മുടെ ഓരോ അണക്കെട്ടും ഇപ്പറഞ്ഞതിനു സാക്ഷിയാണ്. വന്‍ അണക്കെട്ടുകള്‍ക്ക് വേണ്ടിമാത്രം ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്! അതില്‍ നല്ലപങ്കും ആദിവാസികള്‍. ഛത്തിസ്‌ഘട്ട്, ജാര്ഖണ്ട്‌, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വിവിധ വിദേശ കുത്തകകമ്പനികള്‍ക്കായി രാജ്യത്തെ വില്കുന്ന ഭരണകൂടം ചെയ്യുന്നത്  പൊന്മുട്ടയിടുന്ന താറാവിനെ കഴുത്ത് പിരിച്ചു കൊല്ലുക എന്നതിലുപരി പട്ടിണിപ്പാവങ്ങളെ അകാലമൃത്യുവിലേക്ക് തള്ളിവിടുകയാണ്‌.

എക്കാലത്തെയും മതങ്ങളില്‍ രക്ഷയെന്നത് വ്യക്തിയുടെ അന്വേഷണവും നേട്ടവുമായി കരുതപ്പെട്ടുപോന്നു. ദൈവസങ്കല്‍പം പോലും മാനുഷികമായ വികാരങ്ങളും ചേഷ്ടകളും സാദ്ധ്യമായ ഒരു വ്യക്തിയെന്ന ധാരണയിലേക്ക് മിക്ക മതങ്ങളും ഒതുക്കിക്കളഞ്ഞു. ഐശ്വരയുഗം അല്ലെങ്കില്‍ ദൈവരാജ്യം എന്ന സങ്കല്പത്തിലൂടെ യേശു ഉയര്‍ത്തിക്കാട്ടിയത് ഒറ്റപ്പെട്ട വ്യക്തികളുടെ മോക്ഷമല്ല, മറിച്ച്, മനുഷ്യവംശത്തിന്റെയാകെ അനുസന്ധാനമായിരുന്നു. എന്നിട്ടും, വ്യഷ്ടി സമഷ്ടിക്കും സമഷ്ടി വ്യഷ്ടിക്കും ബലിയര്‍പ്പിക്കപ്പെടുന്നയനുഭവമാണ് ക്രിസ്തുമതത്തിന്റെ ചരിത്രത്തിലുടനീളം കണ്ടിട്ടുള്ളതും ഇന്നും കാണുന്നതും.

യഹൂദ-ക്രൈസ്തവ പാരമ്പര്യമാണ് ഇന്ന് നാം നേരിടുന്ന പരിസ്ഥിതി വിനാശത്തിന് വിത്തുവിതച്ചത് എന്ന് പറഞ്ഞാല്‍ ആരും ഞെട്ടരുത്. ഉത്പത്തിയുടെ പുസ്തകത്തിലെ സൃഷ്ടിപുരാണം തൊട്ട് തുടങ്ങുന്നു ഈ കഥ. പെറ്റുപെരുകി ഭൂമി നിറഞ്ഞ്‌, അതിനെ കീഴടക്കി സകലത്തിന്റെയുംമേല്‍ ആധിപത്യം സ്ഥാപിക്കുക എന്നാണുപോലും യഹോവ മനുഷ്യനോടു കല്പിച്ചത്! എല്ലാ ജീവൻറെയും അമ്മയും അസ്തിത്വാടിസ്ഥാനവുമായ പ്രകൃതിയോടുള്ള ഈ കലാപനിലപാടാണ് ശാസ്ത്രസാങ്കേതിക വിദ്യകള്‍ പ്രതിനിധാനം ചെയ്യുന്ന ഏത്‌ സംസ്കാരത്തിന്റെയും ഉള്‍ക്കാമ്പ്. പ്രകൃതിയെ മാത്രമല്ല, മറ്റു മനുഷ്യരെയും കീഴടക്കുകയാണ് ഇന്ന് പണംകൊണ്ട് ശക്തരായ ഏവരും ലക്ഷ്യംവയ്ക്കുന്നത്. പ്രത്യേകിച്ച്, വെള്ളക്കാര്‍ക്കു സ്വാധീനമുള്ള അന്യനാടുകളിലെല്ലാം ഒന്നാന്തരം പകല്‍ക്കൊള്ളയാണ് നടക്കുന്നത്. മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെന്നപോലെ, ഇന്ത്യയിലും പണക്കാരുടെ പ്രീതിക്കായി ഇതുതന്നെയല്ലേ സർക്കാർ പാവങ്ങളോട് ചെയ്യുന്നത്?

മനുഷ്യനും ദൈവത്തിനും ചേരാത്ത വിശുദ്ധലിഖിതങ്ങളുടെ വിശുദ്ധിയെ ചോദ്യംചെയ്യേണ്ട കാലം പണ്ടേ കഴിഞ്ഞു. മനുഷ്യനെയും അവന്റെ ഈശ്വരനെയും പ്രകൃതിയുടെ ഭാഗമായി, പ്രകൃതി തന്നെയായി, കാണാന്‍ പഠിക്കാതെ ഈ തെറ്റ് തിരുത്താനാവില്ല എന്ന് പോപ്‌ ഫ്രാൻസിസ് നമ്മെ ഓർമിപ്പിക്കുന്നു. ജീവിക്കാനാണ്, ലാഭമുണ്ടാക്കാനല്ല മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കേണ്ടത്. "ഞാന്‍ നിന്നില്‍നിന്നു ഖനനം ചെയ്തെടുക്കുന്നത്‌ വീണ്ടും നിറഞ്ഞ്‌ കുമിയട്ടെ. നിരാമയത്വം തരുന്നവളേ, ഞാനേല്‍പ്പിക്കുന്ന ക്ഷതം നിന്റെ മര്‍മ്മബിന്ദുക്കളോളം, നിന്റെ ഹൃദയത്തോളം, എത്താതിരിക്കട്ടെ." എന്ന അഥര്‍വവേദസൂക്തം പ്രകൃതിയും മനുഷ്യനുമായുള്ള പരിശുദ്ധമായ ബന്ധത്തെ കൃത്യമായി സൂചിപ്പിക്കുന്നു. സ്ത്രീപുരുഷബന്ധം പോലെ പരസ്പരപൂരകവും, പരസ്പരപോഷകവുമായിരിക്കണം അത്.

ചുരുക്കി പറഞ്ഞാല്‍, എന്റേത് എന്നതിന് പകരം, നമ്മള്‍, നമ്മുടേത്‌ എന്ന ബോധ്യം മനുഷ്യരെ തമ്മില്ത്തമ്മിലും മനുഷ്യരെയും പ്രകൃതിയിലുള്ള എല്ലാറ്റിനെയും തമ്മിലും ബന്ധിപ്പിക്കാതെ, നമുക്ക് അതിജീവനം അസാദ്ധ്യമാണ്. ഇങ്ങനെയൊരു തിരുത്തിലൂടെയുള്ള പൂര്‍ത്തീകരണം ക്രൈസ്തവപാരമ്പര്യത്തിനും അനിവാര്യമാണ്. ഫ്രാന്‍സിസ് അസ്സീസി, മൈസ്റ്റര്‍ എക്ഹാര്‍ട്ട്, തെയ്യാര്‍ ദ് ഷര്‍ദാന്ഗ് തുടങ്ങിയവര്‍ ഈ കാഴ്ചപ്പാടിന്റെ ഉപജ്ഞാതാക്കളായിരുന്നു.

ഇങ്ങനെയൊരു മതസംസ്കൃതി രൂപംകൊള്ളണമെങ്കില്‍, മനുഷ്യവ്യക്തിത്വത്തെ മാത്രമല്ല അമിതപ്രാധാന്യത്തില്‍ നിന്നു വിമുക്തമാക്കേണ്ടത്; ഈശ്വരസങ്കല്പവും ഇന്ന് വ്യാപകമായിതീര്‍ന്നിട്ടുള്ളതിതില്‍ നിന്ന് വ്യത്യസ്തമാകണം. അതായത്, മനുഷ്യനും പ്രകൃതിക്കും മേലേയെവിടെയോ വാഴുന്ന ഒരു വിശ്വവ്യക്തിയായി ഈശ്വരനെ കാണുന്നതിനു പകരം എല്ലാ അസ്തിത്വത്തിന്റെയും ആഴവും ചൈതന്യവുമായി ആ ശക്തിയെ കാണാന്‍ നമുക്ക് കഴിയണം. ദൈവം എന്ന വാക്ക് പോലും ഇന്ന് ബാലിശമായ സങ്കല്‍പങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു - നമ്മുടെയെല്ലാ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങളിലും വെറും പുകഴ്ത്തലുകളിലൂടെയും യാചനകളിലൂടെയും പാട്ടിലാക്കാവുന്ന ഒരപ്പൂപ്പന്‍ എന്ന മട്ടില്‍. ഈ കാഴ്ചപ്പാട് വളര്‍ത്തുന്നതില്‍ യേശുവിന്റേതായി കുറിക്കപ്പെട്ടിട്ടുള്ള ചില വചനങ്ങളും പങ്കുവഹിച്ചിട്ടുണ്ട്‌. "സ്വര്‍ഗസ്ഥനായ പിതാവ്" എന്ന സംജ്ഞക്ക് വ്യക്തിത്വത്തിലൂന്നിയ ചില പരിമിതികളുണ്ട്. അതു ദൈവത്തെ മനുഷ്യസമാനനാക്കുന്നു. കൂടാതെ, അതു ദൈവതത്തെ പ്രകൃതിയില്‍നിന്നു വേര്‍തിരിക്കയും ചെയ്യുന്നു. ഇതിനെല്ലാമുപരി, പിതാവ്, പുത്രന്‍, പരിശുദ്ധാരൂപി എന്ന കടിച്ചാല്‍ പൊട്ടാത്ത ത്രിത്ത്വൈകസമസ്സ്യയും. അതും പോരാഞ്ഞ്, മൂവര്‍ക്കും പുല്ലിംഗഭാവങ്ങളും ഗുണങ്ങളും! ഇത്തരം ലളിതവത്ക്കരണങ്ങളില്‍ മുറുകെപ്പിടിക്കുന്നവരാണ് എല്ലാ വചനപ്രഘോഷകരും. ഈ തെറ്റിധാരണയിൽനിന്ന് മോചനം നേടാന്‍ ഒരു സത്യക്രിസ്ത്യാനിക്കും സാധ്യമല്ലതന്നെ. കാരണം, ഇതെല്ലാം പക്വതയെത്താത്ത ചെറുപ്രായം മുതല്‍ തന്നെ അബോധമനസ്സിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്ന വിശ്വാസപ്രമാണങ്ങളുടെ കാതലില്‍ പെടുന്നു. അന്ധമായ ഇത്തരം മാനസികാടിമത്തം ചിലതരം വികാരപ്രീണനങ്ങള്‍ക്ക് ഉപകരിക്കുമെങ്കിലും, വൈയക്തികമായതൊന്നും അനന്തബോധവുമായി ഉള്‍ചേര്‍ന്ന്പോകാന്‍ പക്വമായ യുക്തിയനുവദിക്കുകയില്ല. അതുപോലെതന്നെ, എത്ര ശ്രമിച്ചാലും, മനുഷ്യാവതാരമെന്ന സൂത്രപ്പണി സര്‍വാസ്തിത്വത്തിന്റെയും കാതലായ ദൈവതവുമായി കൂട്ടിച്ചേര്‍ക്കുക തീര്‍ത്തും ബാലിശം തന്നെയെന്നു പറയേണ്ടിവരും. ദൈവത്തില്‍നിന്നു വേര്‍പെട്ടുനില്‍ക്കുന്ന ഒരു പ്രകൃതിയില്‍ അവള്‍ക്കെതിരെ പോരാടുന്ന മനുഷ്യന്റെ വ്യക്തിജന്യമായ ഭയപ്പാടുകളാണ് ദൈവാവതാരങ്ങളുടെ ആവശ്യമനുഭവപ്പെടുത്തുന്നത്. എല്ലാം നമ്മെ ഉള്‍ക്കൊള്ളുകയും നാം എല്ലാറ്റിന്റെയും ഭാഗമെന്ന അനുഭവമുണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് സമഗ്രമായ ഒരുദ്ഗ്രഹണത്തിന്റെ പാതയില്‍ നാം എത്തിച്ചേരുക.

അന്യോന്യം ചിറകുകള്‍ സമ്മാനിച്ചവര്‍

സിമോണ്‍ പരീക്ഷയില്‍ മിടുക്കിയായി ജയിച്ചതില്‍ അഭിനന്ദിച്ചുകൊണ്ടു പോള്‍ പറഞ്ഞു: ഇനിമുതല്‍ നിന്നെ ഞാന്‍ എന്റെ ചിറകിനടിയില്‍ സൂക്ഷിക്കും. അവളോടൊത്ത് വായിക്കാനും പഠിക്കാനും പോള്‍ ഇഷ്ടപ്പെട്ടിരുന്നു. ഓരോരോ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ട് സൈന്‍ നദീതീരത്ത് നടക്കുക അവര്‍ക്കിഷ്ടമായിരുന്നു. ഇടക്ക് പുസ്തകക്കടയില്‍ കയറും. നല്ല പുസ്തകങ്ങളെ അവര്‍ ഒരുമിച്ചു തിരിച്ചറിഞ്ഞു.

അവന്‍ നാണംകുണുങ്ങിയായിരുന്നു, എന്നിട്ടും എന്റെയടുത്ത് വാചാലനായി. അവന്‍ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കാന്‍ ഞാനിഷ്ടപ്പെട്ടു. വെറുംവാക്കിനും പരദൂഷണത്തിനുമായി ഞങ്ങള്‍ സമയം കളഞ്ഞില്ല. എന്നാലുമെന്റെ നിരീക്ഷണപടുത്വത്തെ അവന്‍ പുകഴ്ത്തിയിരുന്നു.

അസ്വസ്ഥതകളിലവന്‍ ധൈര്യം കാണിച്ചു. നിസ്സാരമെന്നു മറ്റുള്ളവര്‍ക്ക് തോന്നിയിരുന്നതിനെ പോള്‍ തള്ളിക്കളഞ്ഞില്ല.എല്ലാറ്റിന്റെയും തനിമയാര്‍ന്ന സൌന്ദര്യത്തെ ദര്‍ശിക്കാനാണവന്‍  ശ്രമിച്ചതെന്നെനിക്ക് തോന്നി.

ചിലപ്പോള്‍ നിസ്സാരകാര്യത്തിനെന്നോടു തര്‍ക്കിച്ച് മൂകനായി അവന്‍ സ്ഥലംവിട്ടിരുന്നു. എന്നാല്‍, വീണ്ടും ഒരു കുട്ടിയെപ്പോലെ അനുതപിച്ചുവരും. ഇതെന്റെയടുത്ത് മാത്രമേ സാധിച്ചിരുന്നുള്ളൂ എന്നവന്‍ പറയുമായിരുന്നു. അപ്പോഴെന്റെ സന്തോഷം നിസ്സീമമായിരുന്നു.
 

ഴ്ഷാന്ഗ് പോള്‍ എന്നെ അതിയായി സ്നേഹിച്ചു. എപ്പോഴും എന്നെ അദ്ദേഹത്തിന്റെ ഭാഗമായി ചേര്‍ത്താണ് എന്തും ചെയ്തിരുന്നത്. എന്റെ മൂല്യങ്ങളുടെ കോണില്‍ നിന്നുകൊണ്ടാണദ്ദേഹം പെരുമാറിയിരുന്നത്. ഈ അനന്യത്വം ഞാന്‍ വളരെ വിലമതിച്ചിരുന്നു. തന്റെയൊപ്പമോ, അതിലധികമോ ശ്രേഷ്ഠത അദ്ദേഹമെനിക്ക് കല്പിച്ചുതന്നിരുന്നു. പകരം, അങ്ങനെയൊന്നും ആര്‍ക്കും കീഴടങ്ങുകയില്ലാത്ത ഞാന്‍, അദ്ദേഹത്തിന് കീഴ്ടങ്ങുന്നതില്‍ ആനന്ദിച്ചു. ഒരു കാര്യമെനിക്കു മനസ്സിലായി - ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ സ്വപ്നംകണ്ടിരുന്ന എന്റെയാത്മാവിന്റെ ആ കൂട്ടുകാരനെയാണെനിക്ക്‌ കിട്ടിയത്. പതിനഞ്ചാമത്തെ വയസ്സ് മുതല്‍ ഞാനിവനെ കാത്തിരിക്കുകയായിരുന്നു. എന്റെതന്നെ മറ്റൊരു ജന്മമാണ് ഈ മനുഷ്യന്‍‍.

എന്റെയെല്ലാ ഭാവനകളും സ്വപ്നങ്ങളും ഈ മനുഷ്യനില്‍ ഉജ്ജ്വലിച്ചു നില്‍ക്കുന്നു. എന്തുമെനിക്ക് ഇയാളുമായി പങ്കുവയ്ക്കാം. യഥാര്‍ത്ഥ സ്നേഹത്തില്‍ ലൈംഗികതക്ക് കാര്യമായ പ്രസക്തിയില്ലെന്നാണ് ഞാന്‍ ധരിച്ചിരുന്നത്‌. എന്റെ ചുണ്ടുകളെ മറ്റൊരാള്‍ സ്പര്‍ശിക്കുന്നതുപോലും അന്യായമായി ഞാന്‍ കരുതി. ചവിട്ടിതേയ്ക്കപ്പെട്ട ലിലിപ്പൂക്കളുടെ ഓര്‍മ്മയായിരിക്കാം സ്നേഹമുക്തമായ ശാരീരികാനുഭവങ്ങളെപ്പോലും മലിനമായി കാണാന്‍ എന്നെ പ്രേരിപ്പിച്ചത്.
 
എന്നാല്‍, സ്നേഹത്തിന്റെ പാഠങ്ങളില്‍ അദ്ദേ
ഹമെനിക്ക് ഗുരുവായി. സ്നേഹത്തിന്റെ കാര്യത്തിലെന്നും ഞാനൊരു തീവ്രവാദിയായിരുന്നു. സ്നേഹിക്കുന്നെങ്കില്‍, തീവ്രമായി സ്നേഹിക്കണമെന്നായിരുന്നു എന്റെ നിലപാട്. എന്നെ മുഴുവനായി സ്നേഹിക്കുന്നവന് എന്നെ മുഴുവനായിത്തന്നെ കൊടുക്കാതിരിക്കാന്‍ എനിക്കാവില്ല. ഞങ്ങളില്‍ ആര് ആരെയിത് പഠിപ്പിച്ചുവെന്നു മാത്രം ചോദിക്കരുത്.



അസ്തിത്വവാദതത്ത്വചിന്തകരില്‍ അഗ്രഗണ്യനായിരുന്ന ഴ്ഷാന്ഗ്  പോള്‍ സാര്‍ത്രിന്റെ ജീവിതസഖിയും പ്രഗല്ഭ സാഹിത്യകാരിയുമായിരുന്ന സിമോണ്‍ ദെ ബുവ്വാറിന്റെ ആത്മകഥയില്‍ നിന്ന്.