ഉപകാരസ്മരണകളെപ്പറ്റി

ഉപകാരസ്മരണകളെപ്പറ്റി ഒരു സംശയം: ഉദ്ദിഷ്ടകാര്യം സാധിച്ചവര്‍ അക്കാര്യം ഏതെങ്കിലും പത്രത്തില്‍ പരസ്യം ചെയ്യുന്നത് എന്തുദ്ദേശ്യത്തോടെയാണ്? ചോദിച്ചത് തന്നതിന്, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മദ്ധ്യസ്ഥനോടോ മദ്ധ്യസ്ഥയോടോ അവര്‍ നന്ദിപ്രകടനം നടത്തുകയാണെങ്കില്‍, അതിനൊരു പത്രത്തിന്റെയൊ മാസികയുടെയോ സഹായം വേണ്ടതെന്തുകൊണ്ട്? ഉദ്ദിഷ്ടകാര്യം ചോദിച്ചത് പത്രം വഴിയല്ലല്ലോ, പിന്നെയെന്തിനാണ് ഉപകാരസ്മരണക്ക് അതിന്റെയാവശ്യം തോന്നുന്നത്? 


സ്വര്‍ഗത്തിലിരുന്ന് ഈ വിശുദ്ധരൊക്കെ, എന്നും കാപ്പികുടി കഴിഞ്ഞ്, മലയാളം മാസികകളും പത്രങ്ങളും മറിച്ചുനോക്കുന്നുണ്ടെങ്കില്‍ എതെങ്കിലും ഒരെണ്ണത്തില്‍, അന്നന്നു വാരിവിതറിയ അനുഗ്രഹങ്ങളുടെ ഒരു ഫുള്‍ ലിസ്റ്റ് അടിച്ചുവിട്ടാല്‍ ധാരാളം പോരേ? തങ്ങളില്‍ ആരാണ് കൂടുതല്‍ മിടുക്കര്‍ എന്ന് നോക്കിയിട്ട്, സ്വര്‍ഗവാസികള്‍ക്കും അല്പം തമ്മില്‍ത്തല്ല് നടത്താമല്ലോ. എന്തെങ്കിലും നേരമ്പോക്ക് അവിടെയും വേണമല്ലോ.  
 
അതോ, അതൊന്നുമല്ലേ കാര്യം. ഈ പുണ്യാളരൊക്കെ ആഗ്രഹിക്കുന്ന ഒന്നുണ്ട്.  - ഭൂമിയിലുള്ള മിക്ക അല്‍മായരും എല്ലാ പുരോഹിതവര്‍ഗവും ഏറ്റവും ആഗ്രഹിക്കുന്ന അതേ കാര്യം തന്നെ - പ്രശസ്തി . സ്വര്‍ഗത്തിലെ വാഴ്ത്തപ്പെട്ടവര്‍ക്കും വിശുദ്ധര്‍ക്കും തങ്ങള്‍ ദൈവസന്നിധിയില്‍ ആണെന്നുള്ള ആനന്ദം മതിയാകുന്നില്ല, കണ്ണീരിന്റെ ഈ താഴ്വരയില്‍ അവര്‍ വിട്ടിട്ടുപോയ വിവരംകെട്ട മനുഷ്യരുടെ മനസ്സുകളില്‍ കുടികൊള്ളാനുള്ള ആഗ്രഹം ഇനിയും തീര്‍ന്നിട്ടില്ല. അതിനര്‍ത്ഥം അവര്‍ സ്വര്‍ഗത്തിലല്ല എന്നായിരിക്കണമല്ലോ. അപ്പോള്‍, ഈ മാദ്ധ്യസ്ഥപ്രാര്‍ത്ഥനകളും വരംകിട്ടലുമൊക്കെ ശുദ്ധമാന മാനസിക വിഭ്രാന്തികള്‍ മാത്രമാണെന്നല്ലേ മനസ്സിലാക്കേണ്ടത്. പക്ഷേ, ഒരു കാര്യം മറക്കുന്നു - ഇത്തരം വിഭ്രാന്തികള്‍ ഇല്ലെങ്കില്‍ ഇന്നുള്ള മാധ്യമകോടീശ്വരന്മാര്‍ എങ്ങനെ വളരും? ഭക്തിക്കച്ചവടം എങ്ങനെ തഴയ്ക്കും? രാജ്യത്തിന്റെ GDP എങ്ങനെ ഉയരും?  
          

0 comments: