സഭയും അഴിമതിയും


കഴിഞ്ഞ ഞായറാഴ്ച (27.11.11) ഫാ. ഗുരുദാസിന്റെ സ്നേഹവാണിയും കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനവും ചേര്‍ന്ന്  പാലായില്‍ വച്ച് നടത്തിയ ഒരു സംഗമത്തില്‍ ഒരു പ്രഭാഷകന്‍ ഒരു വലിയ കാര്യം സൂചിപ്പിച്ചു. ഇതുവരെയും ഇന്നും നമ്മുടെ നാടിന്റെ ശാപമായിത്തീര്‍ന്നിരിക്കുന്ന അഴിമതിക്ക് സഭ എന്തു സംഭാവനയാണ് ചെയ്തിട്ടുള്ളത് എന്നതിലേയ്ക്ക് കൈചൂണ്ടുന്ന ഒരു നല്ല ചിന്തയായിരുന്നു അത്.


സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാശൈലി തെണ്ടികളുടെയും കൌശലക്കാരുടെയുമാണ്. നേര്ച്ചകാഴ്ചകള്‍, ബലി, തുടങ്ങിയവയിലൂടെ മദ്ധ്യസ്ഥന്മാരെയും അവര്‍ വഴി ദൈവത്തെയും എങ്ങനെ പാട്ടിലാക്കാം, ഉദ്ദേശിക്കുന്ന കാര്യം എങ്ങനെ നേടിയെടുക്കാം എന്നതാണ് അതിന്റെ രീതി. അങ്ങോട്ട്‌ കൊടുക്കുന്ന കൈനീട്ടത്തിന്റെ കനമനുസരിച്ച് ഇങ്ങോട്ട് കിട്ടും എന്ന അനുനയ ചിന്താരീതി സഭയുടെ എല്ലാ കാര്യങ്ങളിലും കുടികൊള്ളുന്നുണ്ട്. മെത്രാന് ചോദിക്കുന്നത് കൊടുത്താല്‍ ഏത്‌ നിയമത്തെയും മറികടക്കാം. കൂടുതല്‍ കാശ് കൊടുത്ത് നീണ്ട കുര്‍ബാന ചൊല്ലിച്ചാല്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് പോലും വേഗം ജാമ്യത്തിലിറക്കാം. കോഴകൊണ്ട് ഇവിടെ മാത്രമല്ല, പരലോകത്തും പലതും നേടാം.
 
ഇത് പാടേ തെറ്റാണെന്ന് അല്പമെങ്കിലും ദൈവാവബോധമോ ആത്മീയതയോ ഉള്ളവര്‍ക്കറിയാം. ദൈവം പരമമായ വിശുദ്ധിയും അളവില്ലാത്ത കരുണയുമാണെങ്കില്‍, അവിടുന്ന് കൊടുക്കുന്നത് അളവില്ലാതെയും, പക്ഷപാതമില്ലാതെയും ആയിരിക്കണം. മനുഷ്യന്റെ അര്‍ഹതയോ, പകരം കൊടുക്കാനുള്ള കഴിവോ അവിടുത്തെ ചെയ്തികള്‍ക്ക് അളവുകോലാകില്ല. മുട്ടുവിന്‍ തുറക്കപ്പെടും, ചോദിപ്പിന്‍, തരപ്പെടും എന്ന് എഴുതപ്പെട്ടിട്ടുണ്ടെകിലും, മുട്ടാതെയും ചോദിക്കാതെയും കൊടുക്കുന്ന അനന്തമായ നിറകുടമാണ്  ദൈവം എന്ന് യേശുവിന്റെ അവബോധത്തില്‍ അല്പമെങ്കിലും പങ്കുചേരാനായവര്‍ക്ക് ഉള്ളിലറിയാം. അവിടെവരെ എത്താത്തവരോടായിരിക്കണം  ചോദിച്ചുകൊണ്ടിരിക്കാന്‍ അവിടുന്ന് പറഞ്ഞത്. അപ്പോഴും, കോഴയുടെ കാര്യം അതിലൊരിടത്തും ഇല്ല. നമുക്ക് വേണ്ടതെന്തെന്ന് ദൈവത്തിനറിയാം എന്നറിയുന്നവര്‍ ഒന്നും ചോദിക്കാനേ തുനിയുകയില്ല. സ്നേഹമെന്നത് തെണ്ടലല്ല. ഭക്തിയെന്നത് കാണിക്കയല്ല. പഴയ നിയമത്തിലും  പുതിയ നിയമത്തിലും സൂചിതമാകുന്ന ബലി ദൈവത്തെ പ്രീതിപ്പെടുത്താനായുള്ള കാഴ്ചവയ്പ്പുകളായല്ല, മറിച്ച്, സ്വന്തം അഹന്തയെ ബലികഴിച്ചു മാത്രം ചെന്നെത്താവുന്ന സ്വയം ശുദ്ധീകരണത്തിലേയ്ക്കുള്ള ആഹ്വാനമായാണ് കാണേണ്ടത്.

ഇത്ര പ്രധാനമായ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട സഭ അശരണരായ മനുഷ്യരെ നിരന്തരം ചതിച്ചുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം തരത്തില്‍ കോഴ കൈപ്പറ്റാമോ, ആ വിധത്തിലെല്ലാം കീശ നിറക്കുന്ന പരിപാടികളാണ് സഭയില്‍ എവിടെയും കളിച്ചുവയ്ക്കുന്നത്. ഈ ശീലം അനുദിനജീവിതത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും സാധുത നേടുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇതൊക്കെ തുടരുകയും അതോടൊപ്പം അഴിമതിക്കെതിരെ പട പൊരുതുകയും അങ്ങേയറ്റം അര്‍ത്ഥശൂന്യമാണ്.   
  1. അന്ധവിശ്വാസങ്ങളും അഴിമതികളും നിറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ സംഘിടിത പ്രസ്ഥാനമാണു കത്തോലിക്കാസഭ. ‍ ജനങ്ങളുടെ ധാര്‍മ്മീകരോഷം എത്രമാത്രം ഉയര്‍ത്തിയാലും നവീകരണപ്രസ്ഥാനങ്ങള്‍ പ്രതികരിച്ചാലും കുലുങ്ങാത്ത ഈ സഭയെ ബാബിലോണിയിലെ
    വേശ്യായെന്നു വെന്തിക്കൊസുകാരു വിളിച്ചാലും അത്ഭുതപ്പെടാനില്ല. വിധവയുടെ കൊച്ചുകാശു മേടിച്ചു ഇന്ന് സഭയെന്ന വേശ്യയെ വിറ്റു പിച്ചക്കാശാക്കി പുരോഹിതര്‍ വാണരുളുന്നു. സന്മാര്‍ഗീകമായി അധപതിച്ച സഭക്കെതിരെ പടവാളുകളുമായി വന്ന മാര്‍ട്ടിന്‍ ലൂതര്‍കിംഗും ജര്‍മ്മന്‍ നവീകരണ പ്രസ്ഥാനങ്ങളും പ്രോട്ടസ്റ്റണ്ട് സഭകള്‍ക്ക് വഴിതെളിയിച്ചു. അന്നും ഇന്നും ആരെങ്കിലും സഭയ്ക്ക് എതിരായി ശബ്ദിച്ചാല്‍ അവരെ മതനിന്ദകരായി മുദ്രകുത്തും. എന്നും ഭക്തന്‍ പുരോഹിതരുടെ അടിമയായി കഴിഞ്ഞുകൊള്ളണം. പുരോഹിതരുടെ ചൂഷണങ്ങളില്‍ അകപ്പെട്ട വിവരമില്ലാത്ത ഭക്തജനങ്ങളുടെ അന്ധവിശ്വാസാധിഷ്ടിതമാണ് നമ്മുടെ പള്ളിമതം. സ്വര്‍ഗംനേടുവാന്‍ ഏകവഴി ശുദ്ധമാന കത്തോലിക്കാപള്ളി മാത്രമെന്ന് വിശ്വാസികളെ തെറ്റിധരിപ്പിച്ചു. ഈ ഉപദേശങ്ങള്‍ പുരോഹിതനെ പള്ളിയുടെ പരമാധികാരിയാക്കി. സ്വര്‍ഗത്തിലേക്കുള്ള പാസ്പോര്‍ട്ട് പുരോഹിതനില്‍കൂടി മാത്രമെന്ന് ജനം വിശ്വസിച്ചു. അങ്ങനെ പുരോഹിതനെ പണവും പെണ്ണും കൊടുത്തു ജനം എന്നും പ്രീതിപ്പെടുത്തികൊണ്ടിരുന്നു. മാമോദീസ മുങ്ങാത്തവര്‍ക്ക് സ്വര്‍ഗമില്ലായെന്നു പഠിപ്പിച്ചു പണം തട്ടിഎടുക്കുവാന്‍ തുടങ്ങി. പണമുള്ളവന്‍ സഭയുടെ പ്രമാണികള്‍ ആയപ്പോള്‍ പണമില്ലാത്തവന്‍ പള്ളിപുരയിടങ്ങളില്‍ കൂലിയില്ലാതെ പണിതു കൊടുക്കണം. നോക്കൂ സ്വര്‍ഗം വീതിക്കുവാന്‍ ഈ കള്ളപുരോഹിതര്‍ കളിച്ചവേലകള്‍. വരുമാനത്തിന്‍റെ വീതം കൂടാതെ ആട്മാടുകളും കൃഷി വിഭവങ്ങളും കത്തനാരുടെ തിരുമുമ്പില്‍ ഈ കഴുതകളായ ഭക്തന്മാര്‍ അന്നും ഇന്നും എത്തിക്കുന്നു. പുണ്യാളന്‍മാരുടെ തിരുശേഷിപ്പ് വിറ്റു പണം ഉണ്ടാക്കുവാന്‍ വത്തിക്കാന്‍ അംഗികരിച്ചിട്ടുണ്ട്. കാക്കതീട്ടവും പ്രാവിന്‍റെ അവശിഷ്ടങ്ങളും തിരുശേഷിപ്പ് പൊടിയായി കബളിപ്പിച്ചു ഭക്തര്‍ക്ക്‌ വില്ക്കുന്നുണ്ട്. പണം കൊടുത്താല്‍ പാപങ്ങള്‍ പൊറുത്തു ശുദ്ധീകരണസ്ഥലം ഒഴിവാക്കി നേരെ സ്വര്‍ഗത്തില്‍ പോകാം. പുണ്യ സ്ഥലങ്ങളില്‍ നിന്നുള്ള വെള്ളം പുണ്യാളന്‍മാരുടെ പടമുള്ള ബാഡ്ജുകള്‍ എല്ലാം ഭക്തരെ പറ്റിച്ചുള്ള സഭയുടെ
    ആദായമാര്‍ഗങ്ങളാണ്. പണ്ട് മാര്‍ഗംകൂടിയ പുലയത്തി ചത്തുവെന്നെ പറയുകയുള്ളൂ, പള്ളിയച്ചന്‍ ശവം എഴുന്നള്ളിക്കാന്‍ വീട്ടില്‍ പോവുകയില്ല. പണവും പ്രസക്തിയുള്ളവരും മരിച്ചാല്‍ ഹല്ലെലുയായെന്നു വിളിച്ചു മെത്രാന്‍മാരുടെ കൂട്ടയിടിയും മാരക പ്രസംഗവും ആയി പിന്നെ മരിച്ചവീട്ടില്‍. മരിച്ചവനെ പ്രാര്‍ഥിച്ചു കൂവി ഉടലോടെ സ്വര്‍ഗത്തിലേക്ക് എലിവാണത്തില്‍ പറഞ്ഞുവിടും. മുക്കവകുടിലുകളില്‍ വേദംപഠിപ്പിച്ച ആശാരിച്ചെറുക്കന്‍ യേശു വന്നു ഇനി എന്നാവോ ഈ കുഴിമാടങ്ങളെ ചാട്ടവാറിനു അടിച്ചു ഓടിച്ചു നമ്മുടെ സഭയെ ശുദ്ധികലശം തളിച്ച് പരിശുദ്ധമാക്കുന്നത്.

0 comments: