പീഡാനുഭവത്തിന്റെ മന:ശാസ്ത്രം

പുതുവര്‍ഷം പിറന്നുകഴിഞ്ഞാല്‍ അധികം താമസിയാതെ തുടങ്ങും, (യൂറോപ്പിലെ വെബ്‌സൈറ്റ്കളിലെ പരസ്യങ്ങളാണ് ഇതെഴുതുമ്പോള്‍ മനസ്സില്‍) ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് കത്തോലിക്കര്‍, പീഡാനുഭവധ്യാനങ്ങളും നോയമ്പും മറ്റു സ്വകീയപീഡനങ്ങളും. ക്രിസ്ത്യാനികളുടെ മതചിന്ഹങ്ങളില്‍ ഒന്നാമത്തേത് കുരിശാണ്. അതൊരു പീഡനോപകരണമാണെന്നും യേശുവിനെ കൊന്നത് കുരിശില്‍ തറച്ചാണെന്നും എല്ലാര്‍ക്കുമറിയാം. പക്ഷെ, വിഗ്രഹാരാധനക്കുള്ള വസ്തുവായി കണക്കാക്കപ്പെടാന്‍തക്ക കാരണമാകുമോ അത്? സ്വന്തത്തില്‍പെട്ടയൊരാള്‍ കത്തിക്കുത്തേറ്റു മരിച്ചാല്‍ ഒരു കത്തി ചില്ലുകൂട്ടിലിട്ടുവച്ചും ആരതി നടത്തിയും പൂജിക്കുന്നതുപോലൊരു ബാലിശവൃത്തിയാണ് കുരിശിനോടുള്ളയാരാധന. കോട്ടയം ജില്ലയിലുള്ള കപ്പാട് എന്ന സ്ഥലത്ത് പുതുക്കിപ്പണുത ബ്രഹ്മാണ്ഡന്‍പള്ളി വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള അന്താരാഷ്ട്ര തീര്‍ഥാടനകേന്ദ്രമാക്കിയുയര്‍ത്തി, രണ്ടാന മുഴുപ്പില്‍ കുരിശു ചുമക്കുന്ന ക്രിസ്തുപ്രതിമയും, ഒരാനമുഴുപ്പില്‍ നേര്‍ച്ചപ്പെട്ടിയും പണിത് കൊണ്ടാടുകയാണ്, പള്ളിക്കാര്‍. എന്താണെന്നോ? പീഡാനുഭവം! യേശുവിനെ കൊന്ന കുരിശിന്റെ ഒരു കഷണം തിരുശേഷിപ്പായി കിട്ടിയത് പള്ളിയില്‍ സൂക്ഷിച്ചിട്ടുമുണ്ടുപോലും!


യേശു ഒരു രാത്രിയും ഒരു പകലും ശാരീരികമായി ഉപദ്രവിക്കപ്പെടുകയും അതിനുശേഷം ക്രൂശിക്കപ്പെടുകയും ചെയ്തുവെന്നുള്ളത് ചരിത്രസത്യമാണെങ്കില്‍, അതിലും സത്യമാണ്‌ അദ്ദേഹം പത്തുമുപ്പതുകൊല്ലം തന്റെ സ്ത്രീപുരുഷ സുഹൃത്തുക്കളോടോത്തു സുഖദുഃഖങ്ങള്‍ പങ്കുവച്ചും പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിച്ചും ജീവിച്ചുവെന്നത്. അദ്ദേഹത്തിന്റെ ആ ജീവിതശൈലി അപ്പാടെ മറന്നിട്ട്, തന്‍റെ അവസാനനിമിഷങ്ങളിലെ വേദനക്കും മരണത്തിനും മാത്രം ഇത്ര വലിയ കയ്യടിനല്‍കുന്നതില്‍ എന്തോ വിലിയ പിശകില്ലേ? അതിലും കൊടുംക്രൂരത ജീവിതകാലം മുഴുവനനുഭവിക്കുന്നവര്‍  മനുഷ്യരുടെയിടയില്‍ എന്നുമുണ്ട് - യേശിവിനെപ്പോലെതന്നെ  ഒരു തെറ്റും ചെയ്യാത്തവര്‍. അവരുടെ പീഡാനുഭവങ്ങളുടെ അര്‍ത്ഥമെന്ത്? അപ്പോള്‍, മന:ശാത്രപരമായ ഒരു വക്രത ഇതിനുപിന്നിലുണ്ട് എന്നത് വ്യക്തം. ഇതൊന്നു പരിശോധിക്കുകയാണ് ഈ കുറിപ്പിന്‍റെയുദ്ദേശ്യം.


എന്താണ് യേശു പഠിപ്പിച്ചത്? സ്വയം സ്നേഹിക്കുന്നതുപോലെ അന്യരേയും സ്നേഹിക്കണം എന്നാണത്‌. പക്ഷേ, സ്വയം സ്നേഹിക്കാത്തയൊരാള്‍ക്ക്‌ മറ്റൊരാളെ സ്നേഹിക്കാന്‍ കഴിയില്ല. സ്വയം ആനന്ദംകൊണ്ടു കവിഞ്ഞൊഴുകാതെ മറ്റൊരാള്‍ക്ക് ആനന്ദം പകരാനാവില്ല. ഈ ബോദ്ധ്യത്തിന്റെ പാരമ്യമായിട്ടാണ് അവിടുന്നു പറഞ്ഞത്, സ്നേഹം മൂലം മറ്റുള്ളവര്‍ക്കായി മരിക്കാന്‍ പോലും തോന്നിയേക്കാമെന്ന്. എന്നാല്‍ ഈ ചൊല്ലും യേശുവിന്‍റെ തുലോം യാദൃശ്ചികമായ ക്രൂശിക്കപ്പെടലും തമ്മില്‍ ബന്ധിപ്പിച്ചതും അതിനെ പിതാവാവശ്യപ്പെട്ട ത്യാഗമായും ബലിയായും വ്യാഖ്യാനിച്ചതും പൌലോസിനെപ്പോലുള്ളവരുടെ പില്‍ക്കാലചിന്തകളായിരുന്നു. ഈ തീയോളജിക്കു യേശുവിന്റെ മനുഷ്യോളജിയുമായി യാതൊരു ബന്ധവുമില്ല. എന്നുതന്നെയല്ല, അത് തീര്‍ത്തും വികലവുമാണ്. കാരണം, അതു മുളപൊട്ടി വികസിച്ചത് മനുഷ്യകേന്ദ്രീകൃതമായ ചിന്തയുടെ ചട്ടക്കൂട്ടിലാണ്. ഇന്ന്, നമ്മുടെ വാസസ്ഥലമായ ആകാശഗംഗയെ മൊത്തത്തിലെടുത്താല്‍പോലും, പ്രപഞ്ചവിസ്തൃതിയില്‍ അതൊരു കരടു മാത്രമാണെന്നും മനുഷ്യനെന്ന പ്രതിഭാസം അതിലൊരു യാദൃശ്ചികത മാത്രമാണെന്നും, ചിന്തിക്കാന്‍ കഴിവുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. മനുഷ്യനെപ്പോലെയോ അതിലും ഉദാത്തമായതോ ആയ ജൈവപരിണാമം പ്രപഞ്ചത്തില്‍ മറ്റു പലയിടത്തും വികസിച്ചിട്ടുണ്ടായിരിക്കുക ഒരു സാദ്ധ്യത തന്നെയാണ്. അപ്പോള്‍, ദൈവത്തില്‍ വ്യക്തിത്വം ആരോപിക്കുകയും, ഈ ഭൂമിയിലെ മനുഷ്യനോട് അത്രക്ക്  കടപ്പാട്‌ തോന്നിയ പിതാവായ ദൈവം സ്വന്തം പുത്രനെക്കൊണ്ട് മനുഷ്യരൂപമെടുപ്പിച്ച്, അവന്‍റെ ത്യാഗവും ബലിയും വഴി മനുഷ്യന്‍റെ തോന്ന്യാസത്തിനു പരിഹാരം ചെയ്യിച്ചു എന്നൊക്കെ ചിന്തിച്ചു സായുജ്യമടയുകയും മറ്റും തീര്‍ത്തും മന്ദബുധികള്‍ക്കേ സാധിക്കൂ. ഇത്തരക്കാരുടെ മന:ശാസ്ത്രം അല്പം പഠിക്കേണ്ടതുണ്ട്. യേശുവിന്‍റെ സഹനത്തില്‍ പങ്കുചേരുന്നതാണ് അവര്‍ക്ക് പരമമായ പുണ്യം; ജീവിതത്തില്‍ ക്ലേശങ്ങള്‍ വന്നുചേരുന്നത് ഈ പുണ്യം പരിശീലിക്കാനായി ദൈവം കനിഞ്ഞുനല്‍കുന്നയവസരങ്ങളാണ്; നിര്‍ഭാഗ്യവശാല്‍ അതിനു ഭാഗ്യം കിട്ടാത്തവര്‍ സ്വയം പീഡിപ്പിച്ചെങ്കിലും യേശുവുമായി താദാത്മ്യം പ്രാപിക്കണം എന്നൊക്കെയാണ് പള്ളിയില്‍ നിന്നു കിട്ടുന്ന പാഠം!


ഉള്‍ക്കാഴ്ചയുള്ള ഒരു വിശകലനം ഈ വിഷയത്തില്‍ ഡോ. റോസി തമ്പി നല്‍കിയിട്ടുണ്ട്. "സ്വയം പീഡിപ്പിക്കുന്നയാള്‍ക്ക് എപ്പോഴും അയാളറിയാതെതന്നെ പരപീഡനാസക്തിയുണ്ടായിരിക്കും. സ്വയത്യാഗം മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള ഒരു കൌശലവിദ്യയാണ്. ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി ത്യാഗം സഹിക്കുമ്പോള്‍, അതിന്റെ ഫലമനുഭവിക്കുന്നയാള്‍ക്ക്, തനിക്കുവേണ്ടി സഹിച്ച വ്യക്തിയോട് എന്നും കടപ്പാടുണ്ടാകുന്നു. ഈ കടപ്പാട് ഒരുതരം കുറ്റബോധംകൂടിയാണ്. എന്നാല്‍, സ്നേഹം ഇത്തരമൊരു കടപ്പാടോ കുറ്റബോധമോ വ്യക്തിയില്‍ സൃഷ്ടിക്കുന്നില്ല. ആനന്ദത്തില്‍ ജീവിക്കുക എന്നതു മാത്രമാണ് സ്നേഹത്തിന്‍റെ ഉത്തരവാദിത്തം. ആനന്ദത്തില്‍ ജീവിക്കുന്നവര്‍ അവരില്‍നിന്നു കവിഞ്ഞൊഴുകുന്നയാനന്ദം മറ്റുള്ളവരില്‍കൂടി നിറയ്ക്കും. അതിനു ത്യാഗത്തിന്റെ യാതൊരു നിറവുമില്ല." (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസംബര്‍ 30, 2007)


പീഡാനുഭവധ്യാനങ്ങള്‍ നടത്തുന്നവര്‍ക്ക് കരുതിക്കൂട്ടിയ ഒരു ലക്ഷ്യമുണ്ട്. പാപബോധംനിറഞ്ഞ മനസ്സിനേ രക്ഷകന്‍റെയാവശ്യവും അദ്ദേഹത്തോടു കടപ്പാടും തോന്നൂ. തന്‍റെ രക്ഷ ക്രിസ്തുവിന്‍റെ സഹനത്തിലുടെയാണെന്ന വിശ്വാസം ഉറപ്പിച്ചുവച്ചാല്‍ ക്രിസ്തുവിന്‍റെ മരണത്തിനു താന്‍കൂടി ഉത്തരവാദിയാണെന്ന കുറ്റബോധം അയാളെ വല്ലാതെ അപകര്‍ഷപ്പെടുത്തിക്കൊണ്ടിരിക്കും. പിന്നെ കുമ്പസാരവും മറ്റു കൂദാശകളും അനിവാര്യമാകും. അത് വിശ്വാസികളെ പള്ളിയും പാതിരിമാരുമായും എന്നും ബന്ധിച്ചിടും. പട്ടക്കാര്‍ക്ക് തൊഴില്‍രാഹിത്യം വരില്ല.


മറിച്ച്, മനുഷ്യര്‍ പഠിക്കേണ്ടത് ക്രിസ്തുവിന്‍റെ ജീവിതാഘോഷത്തിലും ആനന്ദത്തിലും പങ്കുപറ്റി ജീവിക്കാനാണ്. ദൈവം സ്നേഹമാണ് (God is love.) എന്നതിനു പകരം സ്നേഹിക്കുക എന്നതാണ് ദൈവതം (To love is to be God.) എന്നു മനസ്സിലാക്കുകയാണ് പരമപ്രധാനം. അതാണ്‌ യേശു ജീവിച്ചുകാണിച്ചത്. അതായിരിക്കണം ക്രിസ്തീയത. അതിനു പകരം മനസ്സുകൊണ്ടെങ്കിലും നിത്യേന യേശുവിനോടുകൂടി മരിക്കുന്നതെങ്ങനെയെന്നു പഠിപ്പിക്കുന്നത്‌ ശുദ്ധവിഡ്ഢിത്തമല്ലാതെയെന്താണ്? സ്വന്തം മകനെ തനിക്കു ബലിയായി കൊന്നുകിട്ടാന്‍തക്ക സ്നേഹം ദൈവത്തിനു മനുഷ്യരോടു തോന്നി എന്നൊക്കെ വീമ്പിളക്കുന്നത് ദൈവാരാധനയോ ദൈവദൂഷണമോ? ഈ വക മാനസിക വിഭ്രാന്തികള്‍ രൂപംകൊള്ളുന്നത്‌ സര്‍വസൃഷ്ടിയുടെയും മകുടവും മഹത്ത്വവുമായി മനുഷ്യന്‍ സ്വയം പ്രപഞ്ചമദ്ധ്യത്തില്‍ അവരോധിച്ചു ശീലിച്ചതുകൊണ്ടാണ്. ഇത് സത്യമല്ലെന്നും ഇന്ന് നമുക്ക് തരപ്പെട്ടിട്ടുള്ള പ്രപഞ്ചവീക്ഷണവുമായി ഇതൊരിക്കലും ഒത്തുപോകില്ലെന്നും ആര്‍ക്കാണറിയാത്തത്?


ഷാലോം റ്റി.വി.യില്‍ ഇടയ്ക്കിടയ്ക്ക് ദാരുണമായ ഒരു ദൃശ്യമുണ്ട്. അഞ്ചും ആറും മാത്രം വയസുള്ള കുഞ്ഞുങ്ങളെ മുട്ടിന്മേല്‍ നിറുത്തി പ്രാര്‍ത്ഥിപ്പിക്കയാണ്:  "ഈശോയുടെ അതിദാരുണമായ പീഡാനുഭവത്തെയും മരണത്തെയും പ്രതി, ഞങ്ങളുടെയും ലോകത്തിന്റെയും മേല്‍ കരുണ കാണിക്കണമേ"യെന്ന്. അമ്പത് തവണയിലധികം ഇത് തന്നെ അവര്‍ ഉരുവിടുന്നു. ചിലര്‍ വിയര്‍ത്തൊഴുകുന്നു. ഈ കുരുന്നുഹൃദയങ്ങളിലേയ്ക്ക് പീഡാനുഭവത്തിന്റെ ദൈവശാസ്ത്രമാണോ ഈ പ്രോഗ്രാമുണ്ടാക്കുന്ന പാവം ഭക്തന്മാര്‍ അടിച്ചുകയറ്റുന്നത്? ഇതൊക്കെ അതിരുകടന്ന മതഭ്രാന്തിന്റെ പ്രകടനങ്ങളല്ലാതെയെന്താണ്? 

എന്നാല്‍, സ്വപീനത്തിനും  അന്യപീഡാഘോഷത്തിനും പോകാതെ, ജീവിതത്തില്‍ അനിവാര്യമാകുന്ന വേദനകളെ എങ്ങനെ ഫലപ്രദമാക്കാം എന്ന് ചിന്തിക്കുന്നത് വൃഥാവിലാവില്ല. വേദനകള്‍ അര്‍ഹതപ്പെട്ടതെന്നോ അല്ലെന്നോ ഉള്ള വ്യാഖ്യാനങ്ങളില്ലാതെ സ്വീകരിക്കാനായാല്‍, അത് അഹത്തെ ക്ഷയിപ്പിക്കാനുള്ള ഉപാധിയായിത്തീരാം. വേദനയെ ചെറുക്കുന്നത് അഹത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അസുഖങ്ങള്‍ വരുമ്പോള്‍ മനസ്സില്‍ എതിര്‍പ്പുളവാകാതെ സൂക്ഷിക്കാമെങ്കില്‍ സുഖംപ്രാപിക്കല്‍ എളുപ്പമാകുമെന്ന് അനുഭവസ്ഥരും മനശാസ്ത്രജ്ഞരും പറയുന്നു. മറിച്ചായാല്‍ രോഗം 'ക്രോണിക്ക്' ആകാനാനിടയുള്ളത്.   

വ്യത്യസ്ത മാനങ്ങള്‍, വ്യത്യസ്ത ലോകങ്ങള്‍

നമ്മെപ്പോലുള്ള അല്പജീവിള്‍ക്കേ കാര്യകാരണങ്ങളുടെ പ്രസക്തിയുള്ളൂ. വര്‍ദ്ധിച്ചുവരുന്നയനീതിയും തിന്മയും കാണുമ്പോള്‍ പ്രപഞ്ചസംവിധാനമെങ്ങനെ എന്നറിയാത്ത നമ്മള്‍ കാര്യകാരണങ്ങളുടെ വഴിതപ്പി പരാജിതരാവുന്നു.


നമ്മുടെയറിവുകള്‍ ജല്പനങ്ങള്‍ മാത്രമാണ്. സ്ഥലകാലബോധം തന്നെ പരിമിതിയുടെ ഒന്നാന്തരം ലക്ഷണമാണ്. നമ്മുടെയെല്ലാ  ജല്പനങ്ങളെയും time-space എന്ന പൊതിക്കുള്ളിലൊതുക്കാം. അതഴിച്ചുമാറ്റിയാല്‍ പിന്നെയൊന്നും നമ്മുടെ ബുദ്ധിയിലുള്‍ക്കൊള്ളുകയില്ല.


തണുപ്പ് ഒരു നിശ്ചിത ഡിഗ്രിയിലെത്തിയാല്‍ (-273.45 degree C അല്ലെങ്കില്‍ 0 degree Kelvin) പിന്നെ താഴില്ല. കാരണം, ഒരു വസ്തുവിലെ കണങ്ങള്‍ അവയുടെ ഏറ്റം സാവധാനത്തിലുള്ള സഞ്ചാരപഥത്തിലെത്തിച്ചേരുന്നയവസ്ഥയാണത്. അതിലും നിശ്ചലമായാല്‍ ആ വസ്തു അതല്ലാതാകും. പ്രകൃതി അതനുവദിക്കുന്നില്ല. അതുപോലെതന്നെ വേഗം അതിന്റെയേറ്റം മുന്തിയ നിലയിലെത്തുന്നത് പ്രകാശത്തിലാണ് (300'000 km/sec). അതിനപ്പുറത്ത് സമ്പൂര്‍ണ്ണ നിശ്ചലതയാണ്. പ്രകാശവേഗത്തിനപ്പുറത്ത് സമയം നിശ്ചലമാകുമെന്നും അണുവിന്റെ ആന്തരികഘടനയില്‍ ഇലെക്‌ട്രോണിന്റെ സഞ്ചാരഗതിയും സ്ഥാനവും ഒരേ സമയം നിശ്ചയിക്കാനാവില്ലെന്നും ക്വാണ്ടം ബലതന്ത്രത്തില്‍ ഹൈസെന്‍ബെര്‍ഗ് പറയുന്നത് നാമറിയുന്ന മാനങ്ങളെ മറികടന്നുള്ള യാഥാര്‍ഥൃങ്ങളെപ്പറ്റിയാണ്.


ഇതൊക്കെ മനസ്സിലാക്കുന്ന തലച്ചോറിന്റെയും അതിനാകാത്ത യൊന്നിന്റെയും തരംഗവ്യാപ്തി വളരെ വ്യതസ്തമാണ്. ജൈവശ്രേണിയുടെ ഒരു തലത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് അല്ലെങ്കില്‍ ഒരു ലോകത്തില്‍നിന്ന് തുലോം വ്യത്യസ്തമായ മാനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന മറ്റൊരു ലോകത്തിലേക്കുള്ള ചാട്ടം പോലെയാണിത്. ഒരു ചുക്കും പിടികിട്ടില്ല. ഉദാഹരണത്തിന്, ഒരു സാധാരണ മനുഷ്യന് അത്രയെളുപ്പം ഗ്രഹിക്കാനാവാത്ത വേദാന്തതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം തറയില്‍ വയ്ക്കുക. ഒരു രാത്രികൊണ്ടത്‌ ചിതലരിച്ചുവെന്നിരിക്കട്ടെ. അത് വെറും തീറ്റവസ്തുവല്ലായിരുന്നു, മറിച്ച് കടലാസായിരുന്നു, അതില്‍ അക്ഷരങ്ങളുടെ പുതപ്പുകൊണ്ടു മൂടിവച്ചിരുന്ന അഗാധമായ ആശയങ്ങളുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളും അവയ്ക്ക് നിദാനമായ മാനങ്ങളും ചിതലിനെ സംബന്ധിച്ചിത്തോളം പ്രസക്തമല്ല. അതൊക്കെ മറ്റൊരു ലോകവിതാനത്തിന്റേതാണ്. അതിന്റെയൊരു നേരിയ സംശയം പോലും ആ ജീവസമൂഹത്തില്‍ സംഭവ്യമല്ലല്ലോ. അതുപോലെയാണ്, തന്റെ തലയിലൊതുങ്ങാത്ത വ്യത്യസ്ത മാനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന പ്രപഞ്ചസംവിധാനത്തെ കാര്യകാരണങ്ങള്‍കൊണ്ടളക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെയവസ്ഥയും.

മാനമെന്നാല്‍ അളവാണ്. അഭി എന്നാല്‍ നേര്‍ക്കുനേര്‍. അപ്പോള്‍, സ്വയം ഒരളവു സങ്കല്‍പിച്ചശേഷം അതിനഭിമുഖമായി തന്നെത്തന്നെ സ്ഥാപിക്കുന്നതാണ് സാധാരണക്കാന്റെ   അഭിമാനത്തിനു നിദാനം.

തനിക്കും തന്റെ കുടുംബത്തിനും ഇന്നയിന്ന മേന്മകളുണ്ട്, നേട്ടങ്ങളുണ്ട്, സമൂഹത്തില്‍ അംഗീകാരങ്ങളുണ്ട് എന്ന് താന്‍ കരുതുന്നു, അവ സമ്മതിച്ചുതരാന്‍ ഏവര്‍ക്കും കടപ്പാടുണ്ട് എന്നതാണ് അഭിമാനിയായവന്‍റെ യുക്തി. അതിനെതിരായതൊക്കെ തനിക്കെതിരെയുള്ള അഭിമാനധ്വംസനമായി അയാള്‍ കരുതും, അത്രതന്നെ. ദുരഭിമാനം (ഇല്ലാത്ത മേന്മയുണ്ടെന്നുള്ള വാശി) എന്നൊരു വാക്ക് കേട്ടിട്ടേയില്ലാത്തവന് തന്‍റെ പിടിവാശികളെല്ലാം വലിയ ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണ്!



കിട്ടുന്നിടത്തുനിന്നൊക്കെ കടം വാങ്ങിയിട്ട് ആര്‍ക്കും തിരിച്ചുകൊടുക്കാന്‍ കൂട്ടാക്കാതെ കറങ്ങിനടക്കുന്ന ഒരയല്‍ക്കാരന്‍ സുഹൃത്ത് എനിക്കുണ്ട്. ആരെങ്കിലും കാശ് തിരിച്ചുചോദിച്ചാല്‍ ഇഷ്ടനതൊട്ടും പിടിക്കില്ല, മാറ്റാരെങ്കിലും അടുത്തുണ്ടെങ്കില്‍ വിശേഷിച്ചും. കാരണം, അങ്ങേര്‍ക്കത്‌ അഭിമാനക്ഷതമാണ്. എന്തുകൊണ്ട്? വാങ്ങിയാല്‍ കൊടുക്കുന്നവനാണ് താനെന്നാണ് അയാള്‍ സ്വയം ബോധ്യപ്പെടുത്തിവച്ചിരിക്കുന്നത്. അയാളുടെ അളവുരീതികള്‍ അന്യരും അംഗീകരിക്കണം. അല്ലെങ്കില്‍ അയാളുടെ അഭിമാനം, സ്വയം അളന്നു വച്ചിരിക്കുന്ന കണക്ക്, തെറ്റും. ലളിതമായ ഗണിതം.

മറ്റാര്‍ക്കും ശല്യമാകാതെതന്നെ ദുരഭിമാനം വാനോളമുയരാം. അതാ മുതലാളിയായി യൂറോപ്പില്‍ സ്ഥിരതാമസമാക്കിയ ഒരു മലയാളി. വേണ്ടത്ര സൌകര്യങ്ങളുള്ള സ്വന്തക്കാര്‍ നാട്ടിലുണ്ടായിരുന്നിട്ടും മകളുടെ കല്യാണം നാട്ടില്‍വച്ച് നടത്താനായി അങ്ങോര്‍ അവിടെയുള്ള 25 സെന്റില്‍ ഒരു കൊട്ടാരമങ്ങു തീര്‍ത്തു. അതിന്റെയാവശ്യമുന്ടായിരുന്നോ എന്ന ജിജ്ഞാസ്സുക്കളുടെ ചോദ്യത്തിന്, അതെനിക്കെന്റെ അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു എന്നാണദ്ദേഹം ഉത്തരം കൊടുത്തത്. അതായത്, ഈ ഒറ്റയാവശ്യത്തിനായി മാത്രമാണെങ്കിലും നാട്ടില്‍ ഒരു വീട് തീര്‍ക്കാന്‍ തനിക്കാകും എന്നാണ് അദ്ദേഹത്തിന് തന്നെപ്പറ്റിയുള്ള മതിപ്പ്. അതിനൊത്ത് നീങ്ങാതിരിക്കുക അങ്ങേര്‍ക്കു അഭിമാനക്ഷതമായിത്തീരുന്നു. കല്യാണമെന്നൊക്കെ പറയുമ്പോള്‍ അതിന്റേതായ രീതിശാസ്ത്രം തന്നെ പാലിക്കണമല്ലോ! 

അഭിമാനം പോലെ, ബഹുമാനത്തിന്റെയര്‍ത്ഥവും  നാം കരുതുന്നത്ര ലളിതമോ വ്യക്തമോ അല്ല. എന്തിനോടെങ്കിലും, ആരോടെങ്കിലും ബഹുമാനം തോന്നുകയെന്നാല്‍ വളരെ അര്‍ത്ഥവ്യാപ്തിയുള്ള ഒരു പ്രതികരണപ്രക്രിയയാണത്. നമുക്ക് മുന്‍പിലുള്ളതിനു നാം തന്നെ പരിധി നിശ്ചയിക്കുന്നതിനു പകരം, അതിനെ അതിന്റേതായ ബഹുവിധ മാനങ്ങളില്‍ വിന്യസിക്കാനനുവദിക്കുക എന്നാണതിനര്‍ത്ഥം. നാം നിശ്ചയിക്കുന്ന അളവുകളിലേയ്ക്ക് അതിനെ, (അതൊരു വ്യക്തിയാകാം, വസ്തുവാകാം, സംഭവമാകാം) തളച്ചിടാതെ, ഒതുക്കി നിറുത്താതെ, നമുക്കറിയാനിടയില്ലാത്ത വിതാനങ്ങളിലേക്ക് കൂടി വ്യാപിക്കാനതിനെ അനുവദിക്കുന്ന മനസ്സിന്റെ വിശാലതയാണ് ബഹുമാനിക്കുക എന്ന സുകൃതം. സ്വന്തം കാഴ്ചപ്പാടുകളുടെ പരിമിതികളെക്കുറിച്ചുള്ള അവബോധമുള്ളവര്‍ക്കേ ബഹുമാനം ഒരു ശീലമായിത്തീരുകയുള്ളൂ. അതൊരു പുണ്ണ്യമാണ്, ഒരു സംസ്കൃതിയാണ്.

ഏതു ജീവിയേയും വസ്തുവിനേയും നമ്മള്‍ സമീപിക്കുന്ന രീതി അതിനെ നാമെങ്ങനെ ഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. We don't see things as they are, but as we are.  എന്ന് പറഞ്ഞത് ഇമ്മാനുവേല്‍ കാന്‍റ്റ് ആണെന്ന്‌ തോന്നുന്നു. എന്തിന്റെയെങ്കിലും മാനങ്ങള്‍ അല്ലെങ്കില്‍ അളവുകള്‍ നിശ്ചയിക്കുന്നത് നാമാണെങ്കില്‍, യാഥാര്‍ത്ഥ്യവുമായി ഈ ഗ്രാഹ്യത്തിനു അജഗജാന്തരമുണ്ടായിരിക്കാം. നമ്മുടെ ശിക്ഷണം, ജീവിതാനുഭവങ്ങള്‍, പക്വത, ബുദ്ധിയുടെയുപയോഗം, അല്ലെങ്കിലതിന്റെയഭാവം, എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും നമ്മുടെ ഗ്രാഹ്യം. വാസ്തവത്തില്‍ അതിസുന്ദരമായ ഒരു സൃഷ്ടിയാണ് പാമ്പ്. ഒരു പാമ്പും തന്നെ ഉപദ്രവിചിട്ടില്ലെങ്കിലും, കണ്ണില്‍കാണുന്ന പാമ്പുകളെയൊക്കെ എങ്ങനെയെങ്കിലും കല്ലെറിഞ്ഞോ അടിച്ചോ കൊല്ലുക നമ്മുടെയിടയില്‍ പാരമ്പര്യ ഹിന്ദുവിശ്വാസികളൊഴിച്ചുള്ള ഏവരുടെയും ശീലമായിത്തീര്‍ന്നിരിക്കുന്നു. ബൈബിളിലെ ഒരൈതിഹ്യകഥയിലൂടെ ഈ പാവം ജീവിക്ക് സഹിക്കേണ്ടി വന്ന മൂല്യശോഷണത്തിലാണ് ഇതിന്റെ തുടക്കം. പക്ഷേ, സ്വന്തമായി വീട്ടില്‍ വളര്‍ത്താത്ത ഏത്‌ ജീവിയോടും ഈ നാട്ടിലെ മനുഷ്യര്‍ ഇങ്ങനെ ബുദ്ധിഹീനമായിട്ടാണ് പെരുമാറുന്നത്. സംസ്കാരശൂന്യരുടെ, ബഹുമാനമെന്തെന്ന് അറിയാത്തവരുടെ, താന്തോന്നിത്തരമാണിത്.

നേരമിരുട്ടിയാല്‍ ലൈറ്റിടുന്നിടത്തെല്ലാം ഈച്ച, വണ്ട്, വിട്ടില്‍, തുമ്പി, ഏറുമ്പ്, പച്ചക്കുതിര, പല്ലി എന്നുവേണ്ടാ, സുഹൃത്തുക്കളുടെ തള്ളിക്കയറ്റമാണ്. അക്ഷരങ്ങളില്‍ വന്നിരുന്ന് അന്ധാളിക്കുന്ന മുഴുത്ത കണ്ണുള്ള കരടുപ്രാണികളുണ്ട്. ഞാനെഴുതിക്കൊണ്ടിരിക്കുന്ന പേനയില്‍ സുഖമായി കയറിയിരുന്ന് ലോകം കാണുന്നവരുണ്ട്. അവര്‍ക്ക് നല്കേണ്ട ബഹുമാനത്തോടെ സഹവാസമനുവദിച്ചാല്‍ ഇവര്‍ ശല്യങ്ങളോ ശത്രുക്കളോ അല്ലാതായിത്തീരുന്നു. ജീവന്‍ ആകുന്നത്ര നീട്ടിക്കൊണ്ടുപോകാനും ആസ്വദിക്കാനുമാണല്ലോ ഇവയുടെയും മനസ്സിലിരുപ്പ്. അത് തടയാന്‍ ഈ ഞാനാര്?

അവനവനെപ്പറ്റിയാണെങ്കില്‍ പോലും, ഉറച്ചുപോയ ആശയങ്ങള്‍ അന്ധതയ്ക്കു തുല്യമാണ്. അല്പത്വവും ഐശ്വര്യവും ഒരിക്കലും സന്ധിക്കാത്ത എതിര്‍ധൃവങ്ങളാണ്.