പൂഞ്ഞാറ്റിലെ പ്ലാക്കൂട്ടം

പൂഞ്ഞാറ്റിലെ പ്ലാക്കൂട്ടം


ക. സഭയിൽ നേതൃത്വം വഹിക്കുന്നവരുടെ പ്രായപ്രശ്നം കാലികപ്രസക്തിയുള്ള ഒരു വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല.  അതിലും പരിഗണനാർഹമാണ് ക. സഭയെപ്പറ്റിയുള്ള ജോർജിന്റെ 'ഇതോ മതം' എന്ന ചോദ്യം. വിവിധ വശങ്ങളെപ്പറ്റി പര്യാലോചിക്കാൻ തക്കതായ ഇത്തരം ഒരു വിഷയമിരിക്കേ, മറ്റൊരാൾ മറ്റൊരു വിഷയമെടുത്ത് വിശകലനം നടത്തിയെന്നു വച്ച് അതെപ്പറ്റി നിർബന്ധമായും ഒരു പരാമർശമോ കുറിപ്പോ എഴുതിയിരിക്കണം എന്ന നിർബന്ധബുദ്ധി അനാവശ്യമാണ്. തലയിൽ ആശയങ്ങൾ നിറഞ്ഞു നിൽക്കുന്നവർ അത് പങ്കുവയ്ക്കുന്നത് നല്ലതാണ്, സംശയമില്ല. എന്നിരിക്കിലും, അത്, പ്രാധാന്യമുള്ളതിനു കൊടുക്കേണ്ട പരിഗണനക്ക് കുറവ് വരുന്ന വിധത്തിലാകരുത്‌ എന്നാണ് ഞാനുദ്ദേശിക്കുന്നത്. ഇതോ മതം? എന്ന് ക. സഭയെ മുൻനിറുത്തി ചോദിച്ചാൽ, പരമ്പരാഗതാർത്ഥത്തിൽ, ഇത് മതമല്ല, മറിച്ച്, മതനിരാസ്സമാണ് എന്നയുത്തരം പൊതുസമ്മതി നേടാനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ പിന്നെ അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഉറക്കെ ചിന്തിക്കേണ്ടിവരും.
അതത്ര രുചിക്കുന്ന വിഷയമല്ലെന്നുണ്ടെങ്കിൽ, ഇതാ എല്ലാ അര്ത്ഥത്തിലും രുചികളുടെ കലാശമാകാൻ പോരുന്ന മറ്റൊരു വിഭവം. 

ഇന്നലെ മുഴുവനെന്നോണം ചക്കയെപ്പറ്റിയായിരുന്നു ഞങ്ങൾ പത്തുമുപ്പതു പേർ ചിന്തിച്ചത്. അതേ, നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് ആര്ക്കും വേണ്ടാതെ പഴുത്ത് പൊഴിഞ്ഞുപോകുന്ന ചക്കയെക്കുറിച്ചുതന്നെ. പൂഞ്ഞാറ്റിലുള്ള ഭൂമികയുടെ ആസ്ഥാനത്ത് Grama യെന്ന സംഘടനയാണ് ഈ പരിപാടിയൊരുക്കിയത്. കേരളത്തിൽ സമൃദ്ധമായി കിട്ടുന്ന ചക്കയെന്ന ഫലംകൊണ്ട് രുചികരവും ആരോഗ്യകരവുമായ എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാം, അവയിലൂടെ മറ്റു ജോലികൾക്കിടയിലും ആദായകരമായ ഒരു പദ്ധതി എങ്ങനെ ആര്ജിച്ചെടുക്കാം എന്ന് പ്രാവർത്തികമായി മനസ്സിലാക്കാനുള്ള ഒരവസരമായിരുന്നു ഭൂമിക ഒരുക്കിയത്. ശ്രീമതി ഡയ്സമ്മ ചൊവ്വാറ്റുകുന്നേൽ നേതൃത്വം വഹിച്ച, പരിചയംവന്ന ഏതാനും പേരുടെ സഹായത്തോടെ അവിടെത്തന്നെ ഉണ്ടാക്കി ഞങ്ങൾ രുചിച്ചറിഞ്ഞ വിഭവങ്ങളിൽ ചിലവ: ചക്ക കഡ്‌ലെറ്റ്, അവലോസ്, ബജി, പായസം, ചോക്കലെയ്റ്റ്, ചക്കപ്പഴം ഉണങ്ങിയത്‌, വരട്ടിയത് തുടങ്ങിയവ. ഇനിയും മറ്റ് ധാരാളം കണ്ടുപിടുത്തങ്ങളും ചക്കയിൽ നിന്ന് സാദ്ധ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട് - ചക്ക അച്ചാർ, പപ്പടം, മുറുക്ക്, ചക്ക മിഠായി, ഫ്ലെയ്ക്ക്സ്, കൂഞ്ഞികൊണ്ടുള്ള കറി, ധാന്യങ്ങളുടെയും കറികളുടെയും കൂടെ ചേര്ക്കാവുന്ന ചക്കപ്പൊടി എന്നിങ്ങനെ.

ഇത്ര സമൃദ്ധമായി പ്രകൃതി നമുക്ക് ദാനം ചെയ്യുന്ന ഈ ഫലം എത്ര നിസ്സാരമായാണ് നാം അവഗണിക്കുന്നത് എന്നോർക്കുമ്പോൾ നാണിച്ചുപോകും. നാണിക്കണം. നമ്മുടെ പ്രകൃതിയും കാലാവസ്ഥയും കായ്കനികളും ലോകത്ത് മറ്റെവിടെയുമുള്ളതിലും നൂറുമടങ്ങ്‌ സമൃദ്ധമായി അനുഗ്രഹീതമാണെന്ന സത്യം നാം തിരിച്ചറിയുന്നില്ല എന്നത് ദൈവനിന്ദയാണ്. പ്ലാവ് എന്ന മരം ഏതെല്ലാം വിധത്തിൽ നമുക്കൊരു അനുഗ്രഹമാണെന്ന് സമൂഹത്തിൽ അവബോധമുണർത്താൻ തയ്യാറെടുക്കുന്ന 'പ്ലാക്കൂട്ടം' എന്നൊരു ഗ്രൂപ്പും രൂപം കൊണ്ടിട്ടുണ്ട്.
ഭൂമികയുടെയും ഗ്രാമയുടെയും തണലിൽ ഈ വിഷയം ഇനിയും അടുത്തുതന്നെ അവതരിക്കപ്പെടും. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം, പങ്കെടുക്കാം. 

അല്മായശബ്ദത്തിൽ ചക്കക്കെന്തു കാര്യം എന്ന് ചോദിക്കുന്നവർ കണ്ടേക്കാം. അവരോടെനിക്കിത്രയേ പറയാനുള്ളൂ. നമുക്ക് ചുറ്റും ദൈവം എങ്ങനെയെല്ലാം സന്നിഹിതനായിരിക്കുന്നുവെന്ന് കണ്ണ് തുറന്നു കാണാൻ താത്പര്യമില്ലാത്തവർക്ക് ഒരു മതവും ഒരു പ്രസ്ഥാനവും തരിപോലും സഹായകരമാവില്ല. അത്തരക്കാർ ജനിക്കാതിരിക്കുകയായിരുന്നു ഈ ഭൂമിക്കനുഗ്രഹം.

ഭൂമികയുടെ ഹാളിൽ തൂക്കിയിരുന്ന ഒരു പ്രാർത്ഥന ഇവിടെ ചേർത്തുകൊണ്ട് തത്ക്കാലം നിറുത്താം.

ദൈവമേ, നീ ഞങ്ങൾക്ക് കനിഞ്ഞുനല്കിയ 
മനോഹരമായ ഈ ഭൂമിയെ കാണാനും
പക്ഷികളുടെ കളകൂജനങ്ങളും അരുവികളുടെ കിലുകിലാരവങ്ങളും 
കുളിർകാറ്റിന്റെ മൂളലും കേൾക്കുവാനും 
ഞങ്ങളെ പഠിപ്പിക്കേണമേ.
കീടകുമിൾനാശിനികളെന്ന രാസവിഷങ്ങളാൽ മരണപ്പെട്ടുകൊണ്ടിരിക്കുന്ന 
ഈ ഭൂമിയെ രക്ഷിക്കാൻ ഞങ്ങളെ നീ സഹായിക്കണേ.
ഞങ്ങൾ നടുന്ന വിത്തുകളോടോത്ത് 
നിന്റെ പാദാംബുജങ്ങളിൽ തലതാഴ്ത്തി നിന്ന് 
നിന്നെ മഹത്വപ്പെടുത്തുവാനും, 
അവയിൽനിന്ന് ഒരു തളിരോ പൂവോ വിരിയുമ്പോൾ, 
 ഒരായിരം തവണ നിന്നോട് നന്ദി പറയാനും മാത്രം 
ഞങ്ങൾ എളിമയും അറിവുമുള്ളവരാകട്ടെ.

0 comments: