തുറക്കാതെപോയ പെൺപുസ്തകം

മുംബൈയിലെ ചർച്ച്ഗെയ്റ്റിൽനിന്ന് നാരിമാൻ പോയിന്റിലേയ്കൊരു കുറുക്കുവഴിയുണ്ട്‌. അവിടെ, പഴയകാല ബോംബെയിലെ ഒരു തിരുശേഷിപ്പായി അവശേഷിച്ചിരുന്ന പോലീസ് ബാരക്കിൽ പല ഓഫീസുകളും പ്രവർത്തിക്കുന്ന കാലമായിരുന്നത്. Association for Moral and Social Hygiene in India (AMSHI) അതിലൊന്നായിരുന്നു.
വേശ്യാവൃത്തിക്കും ലൈംഗിക രോഗങ്ങൾക്കുമെതിരെയുള്ള ബോധവത്ക്കരണത്തിനും ആവശ്യക്കാർക്ക് സൗജന്യ ചികിത്സക്കുമായി ഒരു ഡസനോളം ഡോക്ടർമാർ ചേർന്ന് നടത്തുന്ന സ്ഥാപനമായിരുന്നു AMSHI. അതിന്റെ ഓഫിസ് സെക്രെട്ടറിയായി ഞാൻ ജോലി നോക്കുന്ന കാലം!
പത്തുമുതൽ നാലു വരെ മാത്രമാണ് ജോലിസമയമെങ്കിലും, കിടക്കാനൊരു സ്ഥലത്തിനുംകൂടെ കൊടുക്കാനുള്ള വരുമാനമില്ലാതിരുന്നതുകൊണ്ട് എന്റെ രാത്രികളും ആ ഓഫീസിൽ തന്നെയായിരുന്നു എന്ന് പറയാം. മനശാസ്ത്രത്തിൽ ബി. എ. കഴിഞ്ഞ്, ജോലിസമയം കഴിഞ്ഞുള്ള ഇടവേളയിൽ പിജിക്ക് തയ്യാറെടുക്കാൻ പണിപ്പെടുകയായിരുന്നു ഞാൻ.
ഒത്തിരി പഠിക്കാനുണ്ട്, താമസിക്കുന്നിടത്ത്‌ യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. ഭാഗ്യത്തിന്, ഓഫീസിലിരുന്നു തന്നെ പഠിക്കാനുള്ള അനുവാദം കിട്ടി! രാത്രി മുഴുവൻ കെട്ടിടത്തിനു കാവൽ നിൽക്കുന്ന പോലീസുകാരെയും ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാൽ
പഠനം കഴിഞ്ഞ് നേരം വെളുപ്പിക്കുന്നത് അവിടെ മേശപ്പുറത്തൊരു പുതപ്പു വിരിച്ചു കിടന്നാണെന്ന കാര്യം ആരും അറിയുന്നുണ്ടായിരുന്നില്ല.
ഓഫീസിൻറെ തന്നെ ബാത്റൂം അകത്തുണ്ടായിരുന്നതുകൊണ്ട് കുളിയും അവിടെ തരപ്പെടുത്തി.
AMSHI യുടെ ഓഫീസെന്നു പറഞ്ഞാൽ പ്രധാനമായും ഒരു ഹാളും രോഗികളെ പരിശോധിക്കാനുള്ള മുറിയും ഓഫിസ് സെക്രെട്ടറിക്കുള്ള എഴുത്ത് സാമഗ്രികളും ടൈപ് റൈറ്റർ, ഫോൺ തുടങ്ങിയവയുമുള്ള ചെറിയ മുറിയും ആയിരുന്നു. ഹാളിൽ ഈടുറ്റ പുസ്തകങ്ങൾ, കൂടുതലും മെഡിക്കൽ ബുക്ക്സ്, അടുക്കിവച്ചിരിക്കുന്ന രണ്ടു വലിയ അലമാരകൾ, മീറ്റിംഗിനു വരുന്ന മാന്യാതിഥികൾക്കുള്ള സോഫകൾ. Havelock Ellis ൻറെ Studies in the Psychology of Sex, The Task of Social Hygiene തുടങ്ങിയ കൃതികൾ ഞാനാദ്യമായി കാണുന്നതും വായിക്കുന്നതും അവിടെവച്ചാണ്‌. തൊട്ടടുത്ത് ഒരു മറാഠി/ഹിന്ദി ലൈബ്രറിയായിരുന്നു. അത് ഉച്ചകഴിഞ്ഞേ തുറക്കൂ; ലൈബ്രറിയിൽ പുസ്തകങ്ങൾ എടുത്തുകൊടുക്കാൻ നില്ക്കുന്ന സുധയെന്ന് പേരുള്ള സുന്ദരി പെൺകുട്ടി ചായ മേടിക്കാൻ പോകുന്ന വഴിക്ക് എനിക്കൊരു നല്ല പുഞ്ചിരി സമ്മാനിക്കുമായിരുന്നു.
അഞ്ചു മണി കഴിഞ്ഞാൽ പുറത്തു ബാരക്കിൽ പൊലീസും, അകത്ത് നേരിയയൊരു സ്വരം പോലും കേൾപ്പിക്കാതെ വായനയിൽ മുഴുകിയ ഞാനുമേ ഉണ്ടാകുമായിരുന്നുള്ളൂ. അങ്ങനെ സസുഖം കഴിഞ്ഞിരുന്ന കാലത്ത് നടന്ന ഒരു സംഭവം കേട്ടോളൂ. ഒരു ദിവസം രാത്രി പത്തുമണി കഴിഞ്ഞുകാണും. ഞാനകത്തിരുന്ന് വായിക്കുകയാണ്. പുറത്ത് വലിയ ഒച്ചയും കാല്പെരുമാറ്റവും! ആരോ കതകിൽ തട്ടിയത് കൊണ്ട് ഞാൻ വാതിൽ തുറന്നു. പോലീസിനെയും കുറേ മറാഠികളെയും കണ്ട് ഞാൻ ഭയന്നുപോയി എന്ന് പറയാം. അന്ന് പതിവിനു വിപരീതമായി സുധ വീട്ടിലെത്തിയില്ല. അവളെ തിരക്കി വന്നവരായിരുന്നു അവർ എന്ന് മനസ്സിലായപ്പോഴാണ്‌ ശ്വാസം നേരെ വീണത്.
ബാരക്കിൽ എന്റെ മുറിയിൽനിന്ന് മാത്രം വെളിച്ചം കണ്ടതുകൊണ്ടാണ് അവരവിടെ വന്നതെന്നെനിക്ക് മനസ്സിലായി. വേറാരും അവിടില്ലെന്ന് ഞാൻ പറഞ്ഞിട്ടും അവർ ഹാളിൽ കടന്നു. അവിടെ കണ്ട കാഴ്ച എന്നെയും തെല്ലൊന്നുമല്ല അൽഭുതപ്പെടുത്തിയത്. ഒരു സോഫയിലിരുന്നു സുധമോങ്ങുന്നു!
ഏവരും അന്തംവിട്ടു നിന്നുപോയി!
മൺപാത്രത്തുണ്ട് പറ്റിപ്പിടിക്കുംപോലെ എന്റെ അണ്ണാക്ക് വരണ്ടുപോയി.
അവളെ വിളിച്ചിറക്കി അവർ ചോദ്യം ചെയ്തു തുടങ്ങി. സുധയുടെ അപ്പനായിരിക്കണം, ഒരാളെന്റെ അടുത്തു വന്ന് 'സബ് ഠീക് ഹേ സാബ്' എന്നു പറഞ്ഞിട്ട് അവളെയുംകൊണ്ട് സ്ഥലം വിട്ടു.
പിന്നീടൊരിക്കലും സുധ ലൈബ്രറിയിൽ ജോലിക്ക് വന്നിട്ടില്ല.
ഞങ്ങളുടെ പ്യൂൺ ലക്ഷ്മൺ പാണ്ഡെയാണ് പിന്നീടെന്നോടു പറഞ്ഞത്, 'സുധ ആപ് കെ പീച്ചെ ധീ (സുധ താങ്കളുടെ പിന്നാലെയായിരുന്നു)' യെന്ന്.
എന്നെ കാണുമ്പോഴൊക്കെയുള്ള ആ പാവം പെൺകുട്ടിയുടെ മധുരമായ ചിരിയുടെ അർഥവിതാനങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയോ പരിജ്ഞാനമോ അതുവരെ പഠിച്ച മന:ശാസ്ത്രത്തിൽനിന്ന് എനിക്ക് കിട്ടിയിരുന്നില്ല.
ഒരു വാക്കുപോലും എന്നോടു ചോദിക്കുകയോ സംശയം തുടിക്കുന്ന കണ്ണൂകൾകൊണ്ട് എന്നെ തിരിഞ്ഞു നോക്കുകയോ പോലും ചെയ്യാതിരുന്ന ആ മറാഠികൾ ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നു. അതിന്റെ കാരണം ആരുമെന്നോട് ഇന്നേവരെ പറഞ്ഞിട്ടുമില്ല, മാർഗ്ഗഭ്രംശികളുടെ സുവിശേഷമായ Havelock Ellisൻറെ കൃതികളിൽപ്പോലും ഞാനതിനുത്തരം കണ്ടെത്തിയുമില്ല.
അനുബന്ധം:
കാലവും സ്ഥലവും മാറ്റുക. ഇന്നത്തെ കേരളത്തിൽ ഒരന്യസംസ്ഥാന തൊഴിലാളിക്കായിരുന്നു ഈ അനുഭവമുണ്ടായതെങ്കിൽ, അതെഴുതിവയ്ക്കാൻ അയാൾക്ക്‌ ജീവൻ ബാക്കിയുണ്ടാവുമായിരുന്നോ!
LikeShow more reactions

ഉച്ചക്കഞ്ഞി

പെരിങ്ങുളത്താണ് ഞാൻ മിഡിൽ സ്കൂൾ വരെ പഠിച്ചത് ഉച്ചയൂണിന് ചുമട്ടുതൊഴിലാളി ശങ്കരേട്ടന്റെ മകൻ ഭാസ്കരനുമൊത്താണ് ഞാൻ വീട്ടിലേയ്ക്ക് പോയിരുന്നത്. അവന്റെ വീട് കഴിഞ്ഞ് അഞ്ച് മിനിറ്റ് കൂടെ എനിക്ക് നടക്കണം. ഊണ് കഴിഞ്ഞ് തിരികെ വരുമ്പോൾ ങ്കരൻ എന്നെയും കാത്ത് അവന്റെ വീടിന്റെ മുന്നിലുള്ള പാറപ്പുറത്ത് കാണും. ഒരിക്കൽ അവന്റെ അനിയത്തി ജാനു വലിയവായിൽ കാറുന്നതും അവന്റെ അപ്പൻ ജാള്യതയോടെ അവളുടെ അടുത്തിരിക്കുന്നതും കണ്ടു. എന്താ കാര്യം? ഞാൻ ചോദിച്ചു. അവൻ പറഞ്ഞ കഥ എൻറെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. ഇന്നും ആ ഓർമ എന്നെ മഥിക്കുന്നുണ്ട്. 
അപ്പനുണ്ണാൻ വരുമ്പോൾ, അവൻ പറഞ്ഞു തുടങ്ങി, ജാനു കാത്തിരിക്കും, അയാള് ബാക്കി വയ്ക്കുന്ന കഞ്ഞി കുടിക്കാൻ. വീട്ടിൽ അപ്പന് മാത്രമേ ഉച്ചക്കഞ്ഞിയുള്ളൂ. ഇന്ന് അപ്പൻ എന്തോ ഓർത്തിരുന്ന് കഞ്ഞി മുഴുവൻ കുടിച്ചു തീർന്നപ്പോഴാണ്‌ ജാനുവിനെ ഓർത്തത്. അവൾക്കു സഹിക്കാനായില്ല, കാറാനും തുടങ്ങി.
അപ്പോൾ നീയോ, നീയെന്നും എന്റെകൂടെ ഉണ്ണാൻ വരുന്നുണ്ടല്ലോ? ഞാൻ ചോദിച്ചു. ഓ, ഞാൻ വെറുതേ നിന്റെ കൂടെ നടക്കുന്നുവെന്നേയുള്ളൂ, അവൻ പറഞ്ഞു.  

ഗർഭം രോഗമല്ല







ഗര്ഭണികൾ ഗ്ലാസ്കൊണ്ട് ഉണ്ടാക്കിയ എന്തോ ആണ്, തൊടരുത്, കുലുങ്ങരുത്, മുട്ടരുത് എന്നൊക്കെയാണ് നമ്മുടെ, പ്രത്യേകിച്ച് മലയാളികളുടെ, നാട്ടുനടപ്പ്. ഈ സമയത്തും പ്രസവം കഴിഞ്ഞും കഴിക്കുന്ന
ഭക്ഷണത്തിന്റെ ആധിക്യംമൂലം ചാണകപ്പുഴുക്കളെപ്പോലെ ആയിത്തീര്ന്ന സ്ത്രീകളെ പല വീടുകളിലും കാണാം. അവരുടെ ദേഹത്തെ കൊഴുപ്പ് പിന്നീടൊരിക്കലും ഇറങ്ങില്ല. ഇതൊക്കെ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണ്. ഇങ്ങനെ, കുഞ്ഞുങ്ങളെ പരിപാലിക്കാൻപോലും കഴിവില്ലാതാകുന്ന സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും ഒരു വല്ലാത്ത ബാദ്ധ്യതയായി അവശേഷിക്കുന്നു.
ഗർഭം ഏതാനും മാസമായിക്കഴിഞ്ഞാൽ പെണ്ണിനെ സ്വന്തം അമ്മയുടെ അടുത്തേക്ക് വിടുന്ന രീതിയാണ് മലയാളികൾക്കുള്ളത്. വല്ലപ്പോഴും കിട്ടുന്ന അവസരമല്ലേ, മുതലാക്കിക്കളയാം എന്ന് കണക്കുകൂട്ടുന്ന ഭാര്യമാർ ധാരാളം. പണ്ട്, അംഗങ്ങൾ കൂടിയ കുടുംബങ്ങളുടെ കാലത്ത്, ഈ രീതിക്ക് പല ന്യായീകരണങ്ങളും ഉണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. വേണ്ടാ, നീയെന്റെയടുത്തുതന്നെ നിലക്ക്, ഈ സമയം നമുക്കൊരുമിച്ച്  തരണം ചെയ്യാം എന്ന് പറയാൻമാത്രം ആർജ്ജവമുള്ള ഭർത്താക്കന്മാർ ഇപ്പോൾ വിരളമല്ല. മറ്റൊരുകാര്യവും മറക്കരുത്. തന്നെയും തന്റെ അമ്മയെയും ജീവനുതുല്യം സ്നേഹിക്കുന്ന ഒരച്ഛൻ തനിക്കുണ്ടെന്ന് വയറ്റിൽ കിടക്കുമ്പോഴേ അറിഞ്ഞുതുടങ്ങുന്ന പൈതലിനു കിട്ടുന്നത് അപാരമായ സ്നേഹമാണ്. അത് ജീവിതത്തിൽ പ്രതിഫലിക്കും, തീർച്ചയാണ്. എതു വീട്ടിലായാലും ഗർഭിണി രോഗിയാണെന്ന ധാരണ വച്ചുപുലർത്തുന്നവരാണ് പഴയ ആളുകളിൽ കൂടുതലും. പുറത്തേക്ക് ഒന്നിറങ്ങാൻപോലും സമ്മതിക്കുകയില്ല. വെയിലേറ്റാൽ വാടും , മഴ നനഞ്ഞാൽ അലിയും. തുമ്മിയാൽ മമ്മിക്കു പേടി. ചുമച്ചാൽ ഉത്കണ്ഠ. വല്ലതും സംഭവിച്ചാൽ! പുറംലോകത്തിന്റെ ചൂടും കാറ്റും വെളിച്ചവും അമ്മയ്ക്കെന്നപോലെ അകത്തു വളരുന്ന കുഞ്ഞിനും ആരോഗ്യകരമാണെന്ന വസ്തുത ഇവർ അവഗണിക്കുന്നു.

ധർവാഡു് (കർണാടക) യൂണിവേർസിറ്റിയിൽ സാമൂഹ്യമനശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ ആറുപേർ - മൂന്നു മഹാരാഷ്ട്രക്കാരും രണ്ട് മൈസൂറ്കാരും ഞാനൊരാൾ മലയാളിയും - ചേർന്ന് ഒരു പഠനം നടത്തി. വിഷയം ഗർഭിണികളും അവരുടെ കായിക മാനസിക വ്യാപാരങ്ങളും. ഓരോരുത്തരും സ്വന്തം സംസ്ഥാനത്തും ഏതെങ്കിലും അയൽ സംസ്ഥാനത്തുനിന്നുമായി ആറ് സ്ത്രീകളെ വീതം പഠനത്തിനായി തിരഞ്ഞെടുത്തു. കൂടുതലും തപാൽ വഴി ബന്ധപ്പെട്ട് ആശയവിനിമയം നടത്തേണ്ട പഠനമായതിനാൽ അങ്ങനെ സഹകരിക്കാൻ തയ്യാറുള്ളവരെ കിട്ടാൻ എനിക്കായിരുന്നു കൂടുതൽ ബുദ്ധിമുട്ട്. എന്റെ ഒരു കസിൻ ജർമനിയിൽ ഉണ്ടായിരുന്നതിനാൽ രണ്ടു മലയാളികളെ അവിടെനിന്നു കണ്ടെത്താനായി. കൂടുതൽ വിസ്തൃതസ്വഭാവം കാണിക്കട്ടെ എന്നത് ഒരു കാരണമായിരുന്നു. രണ്ടുപേർ തമിഴർ. എന്റെ സഹപാഠികൾ മൈസൂർ, മദ്ധ്യപ്രദേശ്‌, രാജസ്ഥാൻ, ഗോവ എന്നിവിടങ്ങളിൽ നിന്നും ഗർഭിണികളെ ഉൾപ്പെടുത്തി. ബോംബെയിൽ ജോലി ചെയ്തിരുന്ന ഒരിസ്രായേലിയും ലിസ്റ്റിൽ സ്ഥാനം പിടിച്ചു.

ഗര്ഭതുടക്കം മുതൽ ഇവർ വിശദമായ ദിനസരിക്കുറിപ്പുകൾ സൂക്ഷിക്കണമെന്നുണ്ടായിരുന്നു - അനുദിനവൃത്തികളുടെ, ചെയ്യുന്ന ജോലിയുടെ, കഴിക്കുന്ന ഭക്ഷണത്തിന്റെ, ഹോസ്പിറ്റൽ സന്ദർശനത്തിന്റെ, കഴിക്കുന്ന മരുന്നുകളുടെ, പരിപോഷിപ്പിക്കുന്ന വിനോദവൃത്തികളുടെ, ധ്യാനത്തിനോ പ്രാർഥനക്കോ ചെലവഴിക്കുന്ന സമയത്തിന്റെ ഒക്കെ. ചെയ്യുന്ന ജോലിയുടെ തരവും അനുപാതവും ഗർഭത്തെയും പ്രസവത്തെയും എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു ഞങ്ങൾ കണ്ടെത്താനിരുന്ന കേന്ദ്രബിന്ദു. അത് പക്ഷേ, അവരെ അറിയിച്ചിരുന്നില്ല. വിപുലമായ ഞങ്ങളുടെ പഠന റിപ്പോർട്ടിൽ വളരെയധികം വിവരങ്ങൾ കണ്ടെത്തി സംഭരിക്കാനായി. പ്രതീക്ഷയിൽ കവിഞ്ഞ സഹകരണമാണ് 20നും 35 നും ഇടയ്ക്കു പ്രായമുള്ള ഈ സ്ത്രീകൾ കാഴ്ചവച്ചത്. 36 പരീക്ഷണാർഥികളിൽ 29 പേർക്ക് സാധാരണ പ്രസവവും ആറുപേർക്ക് സിസേറിയനും ആയിരുന്നു. ഒരാൾ പ്രസവസംബന്ധമല്ലാത്ത രോഗത്താലും ഒരാൾ പ്രസവത്തോടെയും മരിച്ചു.

അന്തിമവിശകലനത്തിൽ ഞങ്ങൾ എത്തിച്ചേർന്ന നിർണായമായ കാര്യങ്ങൾ അദ്ഭുതപ്പെടുത്തി. അവയോരോന്നും ഇവിടെ പകർത്തേണ്ടതില്ല. സമാനപഠനങ്ങൾ വിദേശത്ത്‌ ധാരാളം നടന്നിട്ടുണ്ട്. അവിടുത്തെയപേക്ഷിച്ച്, നമ്മുടെ രാജ്യത്ത് ഗർഭകാലത്തിന് അമിതമായ പ്രാധാന്യം കൊടുക്കാറുണ്ട്. അതായത്, വിദേശത്തുള്ളവർ ഗർഭാവസ്ഥയെ ഒരു സാധാരണ ജീവിതഭാഗമായി കണ്ട് പുറംലോകവുമായി സമ്പർക്കത്തിൽ കഴിയുമ്പോൾ, നമ്മുടെ സ്ത്രീകൾ അതൊരു രോഗാവസ്ഥയായും ശരീരം കഴിവതും അനക്കരുതാത്ത സമയമായും കരുതി വീടിനുള്ളിലേയ്ക്ക് ഒതുങ്ങുന്നു. വിദേശികളും അവിടങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യാക്കാരും കഠിനമായവയൊഴിച്ച് എല്ലാ ജോലിയും ഗർഭാവസ്ഥയിലും തുടരുന്നു. പ്രസവത്തോട് തൊട്ടടുത്ത സമയം വരെ ജോലിയിൽ തുടരുക എന്നത് അവിടങ്ങളിൽ ഒരപവാദമേയല്ല. അത്തരക്കാർക്ക് വയറ് കീറേണ്ടതായി വരിക വളരെ വിരളമാണ് താനും. ഇന്നാകട്ടെ, ഗർഭിണികൾ ജോലിയുപേക്ഷിച്ച്‌ അലസരായി വീട്ടിലിരിക്കുന്ന പ്രവണത ഏറിവരുന്നു.

ഓർത്തിരിക്കേണ്ട ഏതാനും കാര്യങ്ങൾ ഇവിടെ കുറിക്കുന്നത് പലർക്കും ഉപകരിച്ചേയ്ക്കാം. ഭ്രൂണത്തിന്റെ വളർച്ചക്കായി വളരെയധികം കലോറി ഉള്ളിൽ ചെല്ലേണ്ടതില്ല. ഒരാൾക്ക് സാധാരണ ആവശ്യമായ 1800 - 2000 കലോറിയുടെകൂടെ ഒരു 300 അധികമായി ചെന്നാൽ ധാരാളമാണ്. അതില്കൂടുതൽ അപകടകരമാകാം. അധിക പോഷണം preeclampsia, gestational diabetes എന്നിവയ്ക്ക് കാരണമാകുകയും പ്രകൃത്യാ നടക്കേണ്ട സുഖപ്രസവം അസ്സാദ്ധ്യമാക്കുകയും ചെയ്യാം. ആറ് തവണയായി, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ചേർന്ന ലഘുഭക്ഷണമാണ് ഉചിതം. ഉറക്കത്തിനു മുമ്പുള്ള ഭക്ഷണം വേണ്ടെന്നുവയ്ക്കുകയോ തീരെ കുറയ്ക്കുകയോ ചെയ്യണം. മുറ്റത്തുകൂടെ അല്പം ഉലാത്തുന്നത്‌ ഉറക്കത്തെ പെട്ടെന്ന് ക്ഷണിച്ചു വരുത്തും. ഓരോ രണ്ട് മണിക്കൂറിലും ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക ഗർഭാവസ്ഥയിൽ സൂക്ഷിക്കേണ്ട ആരോഗ്യത്തിന്റെ ഒരു രഹസ്യമാണ്.

മരുന്നുകൾ.  antacids, paracetamol, acne creams എന്നിവ ഭ്രൂണത്തിന്റെ വളര്ച്ചയെ ബാധിക്കും. ഇരുമ്പിന്റെയും വിറ്റമിനുകളുടെയും ആവശ്യം ഡോക്ടർ നിർദ്ദേശിക്കുന്നതനുസരിച്ചു മാത്രം നികത്തുക.

ആവശ്യത്തിനു ഉറക്കം കിട്ടാൻ കാപ്പിയുടെയും ചായയുടെയും ഉപയോഗം കുറയ്ക്കുക. തുളസി, കറിവേപ്പില തുടങ്ങിയ സുഗന്ധയിലകൾ ഇട്ടു തിളപ്പിച്ച വെള്ളം ഉത്തേജനം നല്കും.

ഉള്ളിൽ വളരുന്ന കുഞ്ഞിന്റെ ശ്രവണേന്ദ്രിയം 14 ലാമത്തെ ആഴ്ച മുതൽ പ്രവർത്തനക്ഷമമാകും. പുറമേ തലോടുക, അതിനോട് സംസാരിക്കുക എന്നത് അമ്മയെപ്പോലെ അച്ഛനും ചെയ്യാവുന്നതാണ്. കുഞ്ഞിനുവേണ്ടിക്കൂടെ നല്ല സംഗീതം ആസ്വദിക്കുക. വായനയും ചിന്തയും പ്രകൃതിയോടുള്ള അടുപ്പവും ഉള്ളിലെ ജീവനെയും സ്വാധീനിക്കും എന്നത് തെളിയിക്കപ്പെട്ട സത്യമാണ്.


കൈവിട്ടുപോയ റോബെര്ടോ

പരശുറാം എക്സ്പ്രസ്സ്, പരശുരാമന്റെ മഴുവിനേക്കാൾ വേഗത്തിൽ പാളങ്ങളിലൂടെ തെന്നിയൊഴുകിക്കൊണ്ടിരുന്നു. തിരക്കിനിടയിലൂടെയും പുറത്തു മരങ്ങളും കെട്ടിടങ്ങളുമെല്ലാം പിന്നോട്ടു മാറി വഴി തരുന്നതു ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു. ട്രെയിനിന്റെ വേഗത പതിയെ കുറയുന്നതും ഏതോ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്കു വണ്ടി പതിയെ പ്രവേശിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. കുറെയേറേ യാത്രക്കാർ അവിടെയിറങ്ങി. ഭാഗ്യത്തിന് എനിക്കൊരു സീറ്റ് കിട്ടി. മദ്ധ്യവസ്കരായ ദമ്പതികളായിരുന്നു ഒരു വശത്ത്. അവരുടെ മുഖം കണ്ടാൽ അവരേതോ വലിയ ചിന്തയിലാണെന്നു മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
"നിങ്ങളെന്താ ഒന്നും മിണ്ടാതിരുന്നെ, അവരെ ഒന്നാശ്വസിപ്പിക്കുകയെങ്കിലും ചെയ്തു കൂടായിരുന്നോ?" സ്ത്രീ ചോദിച്ചു. പക്ഷേ, അതിനയാൾ  മറുപടിയൊന്നും പറഞ്ഞില്ല. പുറത്തേക്ക് തുറിച്ചുനോക്കി അങ്ങിനെതന്നെ അവിടെയിരുന്നതേയുള്ളൂ. ആ ചോദ്യം ആ മദ്ധ്യവയസ്കനേക്കാൾ കൂടുതൽ ചിന്തിപ്പിച്ചത് എന്നെയായിരുന്നുവന്നു തോന്നുന്നു. ഔചിത്യബോധം കണക്കിലെടുക്കാതെ തന്നെ, 'ഒന്നും പറയാനാവത്ത സ്ഥിതിയും ഉണ്ടായിക്കൂടെന്നില്ല' എന്ന് ആ സ്ത്രീയോടു വിളിച്ചു പറയണമെന്നു എനിക്കു തോന്നിയതാണ്.

അപ്പോഴാണ് കമ്പാർട്ട്മെന്റിലൂടെ ഒരു വൃദ്ധൻ ഒഴിവുള്ള സീറ്റ് തേടി വരുന്നതു ഞാൻ ശ്രദ്ധിച്ചത്; ഞാനെണീറ്റ് ആ വൃദ്ധനെ ഇരുത്തി. വീണ്ടും ഞാൻ കണ്ണൂർക്കൂള്ള കൊളുത്തിൽ മുറുകെ പിടിച്ചുനിന്നു. എന്താണവരുടെ പ്രശ്നമെന്നു കേൾക്കാൻ എനിക്കു കഴിഞ്ഞില്ല. പകരം, പണ്ടുപണ്ടൊരിക്കൽ എനിക്ക് നേരിട്ട കഷ്ടസ്ഥിതിയെപ്പറ്റിയാണ് ഞാനപ്പോൾ ഓർത്തുപോയത്‌.

1971. അന്നത്തെ ബോംബെയിൽ അന്ധേരിയിലുള്ള ഒരു സ്കൂളിൽ അസിസ്റ്റന്റ് വാർഡൻ-കം-റ്റീച്ചർ ആണ് ഞാൻ. The Haven ഒരു സാധാരണ സ്കൂളല്ല - ബുദ്ധിമാന്ദ്യവും മാനസ്സിക ദൌർബല്യങ്ങളും അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിച്ചു പഠിപ്പിക്കുന്ന സ്കൂൾ. പത്ത് വയസ് മുതൽ ഇരുപത് വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അൻപതോളം പേർ. അവരുടെ കഴിവനുസരിച്ച് അല്പം ഭാഷയും സാധാരണ ജീവിതസാഹചര്യങ്ങളുമായി ഇണങ്ങാൻ പോരുന്ന വഴികളും കുട്ടികൾക്ക് സ്വായത്തമാക്കുക എന്നത് ഓരോ അദ്ധ്യാപന്റെയും അദ്ധ്യാപികയുടെയും ഉത്തരവാദിത്വത്തിൽ പെട്ടിരുന്നു.

ഒരിക്കൽ എനിക്കൊരാശയം തോന്നി. അല്പം പ്രായമായ ഓരോ കുട്ടിയുമായി ടൌണിൽ ഒന്ന് കറങ്ങാൻ പോയാലോ? പട്ടണമൊക്കെ ഒന്ന് കാണിക്കാം, ബസിലും ട്രെയിനിലും അല്പം യാത്രയാകാം, എന്തെങ്കിലും വാങ്ങിക്കൊടുക്കാം. പ്രിൻസിപ്പലായിരുന്ന ബാണ്ട്രക്കാരൻ തെയോ മോണിസിന്റെ അനുമതിയോടെ ഗോവാക്കാരൻ റോബെര്ടോ റിബല്ലോ എന്ന 18 വയസ്സുകാരനുമായി ആദ്യം മഹാകാളി റോഡിൽനിന്ന് ബസിലും അന്ധേരിയിൽ നിന്ന് ദാദറിന് ട്രെയ്നിലും പോയിട്ട് മടങ്ങാനായിരുന്നു ഞാൻ പ്ലാനിട്ടത്‌.
ഓരോ കാര്യങ്ങൾ കാണിച്ചും പറഞ്ഞും ഞങ്ങൾ ചർച്ഗെയ്റ്റിനു പോകുന്ന ലോക്കൽ ട്രെയ്നിൽ കയറി. ഇരിക്കാനിടമില്ല. തിക്കും തിരക്കും ബോംബെയിലെ ലോക്കൽ ട്രെയ്നിൽ നിത്യശാപമാണല്ലോ. വിലെപാർലെ, കുർള, സാന്റക്രുസ്, മാട്ടുംഗ .... പിന്നിലായി. ദാദർ എത്തിയപ്പോൾ നമുക്കിവിടെ ഇറങ്ങണം, പെട്ടെന്നാവട്ടെ എന്ന് പറഞ്ഞ് ഞാനിറങ്ങി. ചുറ്റും നോക്കിയിട്ട് തൊട്ടു പുറകിൽ ഉണ്ടായിരുന്ന റോബെര്ടോയെ കാണുന്നില്ല. വീണ്ടും അകത്തേയ്ക്ക് നോക്കാൻ കഴിയും മുമ്പ് ട്രെയിൻ വിട്ടു. പ്ലാറ്റ്ഫോമിലെങ്ങും പയ്യനില്ല!

ഞാനനുഭവിച്ച വെപ്രാളത്തിന് അതിരുണ്ടോ. ഒരു മഹാ ജനപ്രവാഹത്തിലെയ്ക്ക് കൈവിട്ടുപോയ കുട്ടിയെ എവിടെ തെരക്കാൻ? അടുത്ത വണ്ടിക്കു ഞാൻ ചർച്ഗെയ്റ്റ് വരെ ചെന്ന് നോക്കി. സ്കൂളിലേയ്ക്ക് വിളിച്ചുപറഞ്ഞു. പോലീസിൽ അറിയിച്ചു. സഹായത്തിനായി ഓടിയെത്തിയ രണ്ട് സഹപ്രവർത്തകരും ഞാനും നാലഞ്ചു മണിക്കൂർ ബോറിവിലിതൊട്ട് ചർച്ഗെയ്റ്റ് വരെയുള്ള ഓരോ സ്റ്സ്റെഷനിലും ഇറങ്ങി തിരക്കിനടന്നു. റോബെര്ടോയെ കണ്ടുകിട്ടിയില്ല.

നാല് ദിവസങ്ങൾ കടന്നുപോയി. അതിനിടെ പത്രത്തിൽ വാർത്തയിട്ടു. ഗോവയിൽ നിന്ന് അവന്റെ അമ്മയെ വിളിച്ചുവരുത്തി. ഉറക്കമേയില്ല. അഞ്ചാം ദിവസം ഒരു ഫോണ്‍ വരുന്നു, ഞങ്ങൾ സൂചിപ്പിച്ച ലക്ഷണങ്ങൾ ഉള്ള ഒരു പയ്യൻ ഒരിടത്ത് ഇരിക്കുന്നതായി കണ്ട ഒരു സ്ത്രീയുടേത്. അഴുക്കുപുരണ്ട വസ്ത്രവുമായി വളരെ ക്ഷീണിതനായിക്കഴിഞ്ഞിരുന്ന കുട്ടിയെ ഞങ്ങൾ കണ്ടെത്തി.

എന്റെ പുറകെ ഇറങ്ങാൻ തുടങ്ങിയ പയ്യന്റെ കാലിൽ ചവുട്ടി ഒരാൾ അവനെ തടയുകയും അവൻറെ കൈവശം ഞാനേല്പിച്ചിരുന്ന ചെറിയ സഞ്ചി റാഞ്ചിയെടുക്കുകയുമായിരുന്നു. തനിച്ചായിപ്പോയ അവൻ അതേ വണ്ടിയിൽ ബോറിവിലിക്കും ചർച്ഗെയ്റ്റിനുമിടക്ക് പലതവണ സഞ്ചരിച്ചിട്ട്‌, വണ്ടി നിശ്ചലമായപ്പോൾ ഇറങ്ങി പട്ടണത്തിൽ അലയുകയായിരുന്നു.

മറക്കാനാവാത്ത ഒരു ദാരുണസംഭവമായി ഇത് മനസ്സിൽ കിടക്കുമ്പോഴും, കുട്ടികളെ സ്നേഹിച്ചിരുന്ന ഒരദ്ധ്യാപനായിരുന്നു ഞാനെന്ന് അവര്ക്ക് ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാകാം, സ്കൂളിന്റെ അധികൃതരോ കുട്ടിയുടെ അമ്മയോ എന്നെ ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്തിയില്ല എന്നത് നന്ദിയോടെ ഓർക്കുന്നു. ഏതു സാഹചര്യത്തിലും ആരെയും സമാശ്വസിപ്പിക്കാൻ തുനിഞ്ഞിരുന്ന ഞാൻ, അന്നു മുതലാണ് ആരെയും ആശ്വസിപ്പിക്കാൻ കഴിയാത്ത ഒരു വികാരഷണ്ഡനായി മാറിയത്. ആ ദിവസങ്ങളിൽ ആർക്കും എന്നെ ആശ്വസിപ്പിക്കാൻ ആവുമായിരുന്നില്ലല്ലോ.

ട്രെയിനിന്റെ കടകടാ ശബ്ദത്തിനിടയിലൂടെ ആ മദ്ധ്യവയസ്കരുടെ മുഖത്തേക്ക് നോക്കി ഞാൻ സ്വയം മന്ത്രിച്ചു, 'സാരമില്ലെന്നു പറയാൻ എന്തെളുപ്പം'!

പരമാനന്ദൻ

സ്കൂളിലും കോളെജിലും കൂടെപ്പഠിച്ചവരിൽ അധികം പേരെ എനിക്കോർമ്മയില്ല. എന്നാൽ എന്നെ സഹോദരതുല്യം ഇഷ്ടപ്പെട്ടിരുന്ന ഒരാളെ നല്ലപോലെ ഓർക്കുന്നു - പേര് ദേവസ്യ. ദേവസ്യ എന്നാൽ 'ദൈവത്തിന്റെ' എന്നാണ് അർഥം എന്നത് അവൻ തന്നെയാണ് വളരെക്കാലങ്ങൾക്കു ശേഷം എന്നോട് പറഞ്ഞത്. മിഡിൽസ്കൂളിൽ വച്ചുതന്നെ ഞങ്ങളാരും കണ്ടിട്ടില്ലാത്ത പുസ്തകങ്ങളൊക്കെ അവൻ എവിടെനിന്നോ കൊണ്ടുവന്ന് വായിക്കാറുണ്ടായിരുന്നു എന്നത് എനിക്കും വേറെ ഒന്നുരണ്ടുപേർക്കും മാത്രമറിയാവുന്ന രഹസ്യമായിരുന്നു. സാഹിത്യസമാജത്തിനും വര്ഷാവസാന പരിപാടികൾക്കും അവന്റെ ഉഗ്രൻ പ്രസംഗം ഉറപ്പാണ്. ഞങ്ങൾ കൂട്ടുകാർക്ക്പോലും അവൻ പറയുന്നതെല്ലാം പിടികിട്ടിയിരുന്നില്ല. ഏതായാലും പ്രീഡിഗ്രീ കഴിഞ്ഞ്, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൻ ഒരാശ്രമസെമിനാരിയിൽ ചേർന്നു. അതോടേ ഞങ്ങൾ തമ്മിൽ സമ്പർക്കം നഷ്ടപ്പെട്ടു. 
വര്ഷങ്ങള്ക്ക് ശേഷം വളരെ യാദൃശ്ചികമായി ദേവസിയെ ഞാൻ കണ്ടുമുട്ടുന്നത് പയ്യന്നൂരുവച്ചാണ്. കാസർകോട്ട്  ഒരു സുഹൃത്തിനെ കാണാൻ പോകുമ്പോൾ ബസ്സിൽകയറാൻ തുടങ്ങവേ കുഞ്ഞുണ്ണിമാഷ്ടെ പോലെ നരച്ച താടിമീശയും വച്ച് സാധാരണ വേഷത്തിൽ ഒരാൾ തോളിൽ തട്ടി 'എന്നെ അറിയുമോ' എന്ന് ചോദിക്കുന്നു. ആളെ ഉടനെ പിടികിട്ടിയില്ലെങ്കിലും അടുത്തടുത്തിരുന്നു വർത്തമാനം തുടങ്ങിയപ്പോൾ എനിക്ക് ഓർമ തെളിഞ്ഞുവന്നു. ദൈവത്തെ തേടിപ്പോയ ദേവസി! പത്തുമുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ.
എന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചിട്ടാണ്‌ പിരിഞ്ഞത്. കാസർകോട്ട്തന്നെ ഒരു കൊച്ചു കുടിലിൽ താമസിക്കുന്ന, ഇപ്പോൾ പരമാനന്ദൻ എന്നറിയപ്പെടുന്ന, എന്റെ പഴയ സുഹൃത്തിന്റെകൂടെ ഒരു രാവും പകലും ഞാൻ ചെലവഴിച്ചു. സ്വന്തം വിയർപ്പിന്റെ ഫലംകൊണ്ട് എനിക്കും ഭക്ഷണമുണ്ടാക്കി തന്ന കൂട്ടുകാരനും ഞാനും പഴയ കഥകളുടെ ചുരുളഴിച്ചു.

പരമാനന്ദന്റെ വിശാലമായ അറിവും പ്രഭാഷണപാടവവും അംഗീകരിച്ച ആശ്രമാധികാരികൾ അവനെ മെച്ചപ്പെട്ട പരിശീലനത്തിനായി ജർമനിയിലേയ്ക്ക് അയച്ചു. മൂന്നു വർഷംകൊണ്ട് പുതിയ ഭാഷയും പ്രഭാഷണകലയിൽ മികച്ച നേട്ടവും കൈവരിക്കുകയും ചെയ്തു. പ്രഭാഷകനും പ്രഭാഷണവും രണ്ടാല്ലാതാകുന്ന അവസ്ഥയിൽ എത്തുന്ന ഒരാൾ മാത്രമേ മനുഷ്യരെ സ്വാധീനിക്കാൻ കഴിവുള്ളവനാകുന്നുള്ളൂ. പറയുന്നതും  ജീവിതമാതൃകയും തമ്മിൽ പൊരുത്തക്കേട് ഉണ്ടാവരുത്. എന്നുവച്ചാൽ, ഒരു പള്ളിമണിയും അതിന്റെ മുഴങ്ങുന്ന സ്വരവും രണ്ടല്ലാത്തതുപോലെയായിരിക്കണം, ഒരു പ്രഭാഷകന്റെ ജീവിതവും വാക്കുകളും. ആ സ്വരുമ ഉണ്ടായിരുന്നതിനാലാണ് യേശുവിനെയും ഗാന്ധിജിയെയും കേട്ടിരുന്നവർ അവരിലേയ്ക്ക് ആകർഷിക്കപ്പെട്ടത്‌. 

പരമാനന്ദന്റെ ജീവിതലക്ഷ്യത്തെത്തന്നെ മാറ്റിമറിച്ച ഒരു സംഭവം ഇങ്ങനെ. ഒരിക്കൽ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യാപകനും താനും സംസാരിച്ചിരിക്കേ, ആരോ കതകിൽ മുട്ടി. അതൊരു യാചകനാണെന്ന് മനസ്സിലായതോടെ, അദ്ധ്യാപകന്റെ വാഗ്വിലാസം പുറത്തേയ്ക്കൊഴുകി. യാചകരെ ഇങ്ങനെ വിഹരിക്കാനനുവദിക്കുന്ന സാമൂഹിക ചുറ്റുപാടുകളെ കുറ്റപ്പെടുത്തിയുള്ള ഒരു ഗളഗർജ്ജനമായിരുന്നു പിന്നെ ഏതാനും മിനിറ്റ് നേരത്തേയ്ക്ക്. എന്തെങ്കിലും പറയാൻ ഒരിടനിമിഷം കിട്ടിയപ്പോൾ യാചകൻ പറഞ്ഞു. ക്ഷമിക്കണം, പരമാനന്ദനെ ഒരാഴ്ച മുമ്പ് വഴിയിൽവച്ച് കാണുകയും തമ്മിൽ സംസാരിക്കാനിടവരികയും ചെയ്തിരുന്നു. അദ്ദേഹത്തിൻറെ സൗഹൃദമാണ് തന്നെ ഇങ്ങോട്ട് വരുത്തിയത്. പ്രോഫെസ്സർ തിരിഞ്ഞു മുറിയിൽ കയറിയപ്പോൾ തന്റെ ശിഷ്യൻ അവിടെയില്ലായിരുന്നു. 
വൈദികനാകാനുള്ള ആഗ്രഹം നഷ്ടപ്പെട്ട പരമാനന്ദൻ ഇന്ത്യയിലേയ്ക്ക് തിരിച്ചുപോന്നു. തന്റെ സഭയിൽനിന്ന് വിടവാങ്ങി ആദിവാസികളുടെ ജീവിതം പങ്കിട്ട് അല്പസ്വല്പ കൃഷികളുമായി ഇപ്പോൾ അദ്ദേഹം വളരെ സന്തോഷവാനായി കഴിയുന്നിടത്താണ് എന്റെ ജീവിതത്തിലെ ഒരു സുന്ദര ദിവസം ഞാൻ ചെലവഴിച്ചത്‌. പ്രഭാഷണമല്ല, എളിയവരുടെയിടയിൽ ലളിതമായ ജീവിതം വിതക്കുന്ന അടുപ്പവും മാതൃകയുമാണ് തന്നെപ്പറ്റിയുള്ള ദൈവേഷ്ടം എന്നദ്ദേഹം കണ്ടെത്തുകയായിരുന്നു.