താലി കെട്ടുന്നത് അച്ചനോ വരനോ?

(കണ്ഫ്യൂഷൻ തീർക്കണമേ!)
പ്രായപൂര്‍ത്തിയിലെത്തിയ രണ്ട് മക്കളുടെ അപ്പനായ ഞാന്‍ ഒരു വലിയ കണ്‍ഫ്യൂഷന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. നിയമം പഠിച്ചവരോ പുരോഹിതരോ കാര്യവിവരമുള്ള സഹൃദയരോ എന്റെ സംശയം തീര്‍ത്ത്‌ തന്നാല്‍ നന്ദിയുണ്ടായിരിക്കും.


നാട്ടിലും പ്രവാസികളായ മലയാളികളുടെ ഇടയിലും ഇന്ന് നടപ്പിലുള്ള വിവാഹച്ചടങ്ങുകളെപ്പറ്റിയാണ്‌  എളിയവനായ എന്റെ സംശയം. നമ്മുടെ ആളുകള്‍ കല്യാണം എന്ന ചടങ്ങ്  സാധാരണ മൂന്ന് തട്ടുകളായിട്ടാണ് ആഘോഷിക്കുന്നത് : ഒത്തുകല്യാണം, കെട്ടുകല്യാണം, എഴുത്ത് (രജിസ്റ്റര്‍) കല്യാണം. കാശുള്ള പാര്‍ട്ടികള്‍ ഇവ മൂന്നും അടിപൊളിയായി കൊണ്ടാടും. അതവര്‍ ചെയ്തുകൊള്ളട്ടെ, തീറ്റക്കൊതിയന്മാര്‍ക്കും കുടിയന്മാര്‍ക്കും ഒരു ഹരമാകട്ടെ. പക്ഷേ, വിവാഹമെന്ന ഒറ്റ കാര്യം ഇങ്ങനെ മൂന്ന് തട്ടുള്ള അമിട്ട് പോലെ പടിപടിയായി പൊട്ടിക്കുന്നതിന്റെ ആവശ്യവും അതിലെ ഔചിത്യവുമാണ് എന്റെ തലയില്‍ വല്ലാത്ത കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത്‌. 
  
ഞാന്‍ പഠിച്ചിട്ടുള്ളത്, വിവാഹം എന്നത് ഒരു കൂദാശയാണെന്നും (sacrament = വിശുദ്ധീകരിക്കുന്ന പ്രവൃത്തി), മറ്റ് കൂദാശകളില്‍നിന്ന് വ്യത്യസ്തമായി, അതിന്റെ കാര്‍മ്മികര്‍ വധുവും വരനുംതന്നെ ആണെന്നുമാണ്. സമൂഹം നിശ്ചയിച്ചിട്ടുള്ള പ്രായത്തിലെത്തിയവര്‍ രണ്ട് സാക്ഷികളുടെ മുമ്പില്‍വച്ച് അന്യോന്യം വാക്കുകൊടുത്ത് , ഭാര്യാഭര്‍ത്താക്കന്മാരായി തീരുന്നതോടെ അത് ഉത്തവാദിത്വമുള്ള ഒരു നടപടിയായി. സിവിള്‍ അധികൃതരാല്‍ ഔദ്യോഗികമായി എഴുതിച്ചേര്‍ത്ത് ഇരു കക്ഷികളും സാക്ഷികളും ഒപ്പിട്ടുകഴിഞ്ഞാല്‍ അതൊരു പ്രമാണവുമായി (civil contract). കാതലായ സംഗതി ഇത്രയേ ഉള്ളൂ.  ബാക്കിയൊക്കെ പൊടിപ്പും തൊങ്ങലുമാണ്.

ഇനിയാണ് എന്റെ റീയല്‍ കണ്‍ഫ്യൂഷന്‍ തുടങ്ങുന്നത്. ഒരു രസത്തിന്, വിവാഹത്തിനു മുമ്പ്, മനസമ്മതമെന്ന  ഒരു ചെറിയ (വലുതുമായിക്കോട്ടെ) ചടങ്ങ് വേണമെന്ന് വച്ചാല്‍ തന്നെ ങാ, പോട്ടെന്നു വയ്ക്കാം. എന്നാല്‍, സിവില്‍ മാരിയെജ്  എന്ന പ്രധാന സംഭവം കഴിഞ്ഞ്, വീണ്ടും അതേ പയ്യനും അതേ പെണ്ണും പള്ളിയില്‍ ചെന്നുനിന്ന് അതേ സംഗതി ഒന്നുകൂടി ചെയ്യുന്നതിന്റെ സാംഗത്യമാണ്‌ പിടികിട്ടാത്തത്. മറ്റ് സമുദായങ്ങളില്‍ സമൂഹത്തിന്റെ അംഗീകാരത്തിന് സിവില്‍ മാരിയെജ് മാത്രം മതിയെന്ന ധാരണയുള്ളപ്പോള്‍, ക്രിസ്ത്യാനികള്‍ക്ക് അത് പോരാത്തത് എന്തുകൊണ്ട്? പള്ളിയില്‍ കെട്ടാത്തത് അസാധുവാണെന്നാണോ അവരുടെ മനസ്സിലിരുപ്പ്?

അതിലും വലിയ കണ്‍ഫ്യൂഷന്‍ എനിക്ക് മറ്റൊന്നാണ്. വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌  സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. - Catechism of the Cath. Church, Sec.2, Ch.3, Art.7) അതിനിടക്ക് വൈദികരും, പിടിപാടുള്ളവരാണെങ്കില്‍ മെത്രാനും, മുമ്പില്‍ കയറിനിന്ന് കാര്‍മ്മികന്റെ സ്ഥാനം ഏറ്റെടുക്കുന്നത് എന്തധികാരം അല്ലെങ്കില്‍ അവകാശം വച്ചാണ്? സാക്ഷികളും അഭ്യുദയകാംക്ഷികളുമായി ഇവരൊക്കെ എത്ര പേര്‍ വേണമെങ്കിലും സന്നിഹിതരായിക്കൊള്ളട്ടെ, പക്ഷേ, ചടങ്ങിന്റെ മുഖ്യകര്തൃത്വം ഇവരെ ഏല്‍പ്പിക്കുന്നത് സ്വല്പം അതിരുകടന്ന പണിയല്ലേ? പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?

ഈ വിഷയവുമായി ബന്ധപ്പെട്ട തമാശകള്‍ അങ്ങ് തീരുന്നില്ല. പലപ്പോഴും കാണുന്ന മറ്റൊരു കാര്യം ഇതാണ് , വിശേഷിച്ച് പ്രവാസികളുടെയിടയില്‍. പൊതുസ്ഥലങ്ങളിലും വ്യക്തിജീവിതത്തിലും നാട്ടിലേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന യുവതീയുവാക്കള്‍, പറക്കപറ്റിയാല്‍, ഒരിണയെ കണ്ടെത്തി, മാതാപിതാക്കളറിഞ്ഞോ അറിയാതെയോ, ഒരുമിച്ച് താമസമാക്കുന്നു. കുറേക്കാലം അങ്ങനെ തട്ടിയും മുട്ടിയും, ഇരു ഭാഗത്തുമുള്ള കുടുംബവുമായി സ്വരുമയിലോ സ്വരുമക്കേടിലോ കഴിഞ്ഞശേഷം, എന്നാല്‍ അങ്ങ് കെട്ടിയേക്കാം എന്ന് തീരുമാനിക്കുന്നു. ഒരു സിവില്‍ മാരിയെജ് നടത്തി, സാമ്പത്തികം അനുസരിച്ച് ആഘോഷം പൊടിപൊടിക്കുന്നു. അതോടേ ഒരുമിച്ചുള്ള പൊറുതി ഔദ്യോഗികമായി. വളരെ നല്ല കാര്യം. കുറേ മാസങ്ങള്‍ അങ്ങനെ കഴിഞ്ഞാണ് അടുത്ത നാടകം. വിദേശത്തോ നാട്ടിലോ ഒരു പള്ളിയില്‍ വച്ച് ഒരു താലികെട്ട് കൂടി!  ഇത്രയും നാള്‍ കൂടെപ്പൊറുത്ത ചെറുക്കനോടും പെണ്ണിനോടും പള്ളീലച്ചന്‍ നേരത്തേ റെജിസ്ട്രാര്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നു: ...നെ, ....ളെ ഭര്‍ത്താവായി, ഭാര്യയായി നീ സ്വീകരിക്കുന്നോ? അപ്പോള്‍ "ഉവ്വ്" എന്നുരുവിടുന്നതിനു പകരം, "ഞങ്ങളോട് അങ്ങനെ ചോദിക്കല്ലേ, അച്ചോ, മാസങ്ങളായി (വര്‍ഷങ്ങളായി) ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണേ" എന്ന് പറയാനുള്ള തന്റേടം പെണ്ണിനോ ചെറുക്കനോ ഉണ്ടാകുമോ? ഇതൊക്കെ കണ്ടും കേട്ടും നില്‍ക്കുന്നവരുടെ മാനസിക നിലപാട് ഏതിനത്തില്‍ പെടുമോ ആവോ? ഇത്രയും കഴമ്പില്ലാത്ത നാടകം കളിക്കുന്നതില്‍ പെണ്ണിനും ചെറുക്കനും, അവരെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതില്‍   മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു കണ്‍ഫ്യൂഷനും തോന്നുകയില്ലേ? 


ഇല്ലെങ്കില്‍ അവര്‍ അസ്സല്‍ മലയാളികളും ഒന്നാന്തരം ക്രിസ്ത്യാനികളും തന്നെ!

0 comments: