Showing posts with label ഗദ്യകവിത. Show all posts
Showing posts with label ഗദ്യകവിത. Show all posts

മഗ്ദലേന മറിയത്തിന്റെ മറുപടി

യേശുവിന്റെ കത്തിന് (2013 മാര്‍ച്ച് ലക്കം സത്യജ്വാല) മഗ്ദലേന മറിയത്തിന്റെ മറുപടി



പ്രാണനാഥാ,
കുറെ ദിവസങ്ങളായി അങ്ങ് ഈ വഴിക്ക് വരാത്തതിനാലും എവിടെയെങ്കിലും വന്ന് അങ്ങയെ ഒന്ന് കാണാൻ എനിക്ക് സാധിക്കാത്തതിനാലും ആഴമായ വിരഹദുഃഖത്തിലാണ് ഞാൻ എന്ന് പറയാതെതന്നെ അങ്ങേയ്ക്ക് അറിയാമല്ലോ. അടുത്തു തന്നെ അങ്ങ് ബഥനിയിലേയ്ക്ക് വരുമെന്നും ഒരു പൊതുവിരുന്നിനുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്നും അറിയിച്ചതിനു നന്ദി. അവിടെയായതുകൊണ്ട് എനിക്ക് എളുപ്പമായി ലാസറിന്റെ വീട്ടിൽ എനിക്ക് തങ്ങാമല്ലോ. 

അങ്ങേയ്ക്ക് നേരേ  ഉയരുന്ന ഭീഷണികള്‍ മറ്റാരേക്കാളും എന്നെ ഭയപ്പെടുത്തുന്നു. അങ്ങ് ഭയപ്പെടുന്നതുപോലെയൊന്നും സംഭവിക്കാതിരിക്കട്ടെ. 
എന്നാലും നീ എതോ കടത്തിന്റെയൊക്കെ കാര്യം പറഞ്ഞ് എന്നെ സങ്കടപ്പെടുത്തരുതായിരുന്നു. നീ എന്നെയും ഞാൻ നിന്നെയും സ്നേഹിക്കുന്നതുപോലെ ഈ ലോകത്തിൽ ആരും ചെയ്തിട്ടുണ്ടാവില്ല എന്നെനിക്ക് തീർച്ചയുണ്ട്. നിനക്കുമതറിയാം. സ്നേഹമുള്ളിടത്ത് എന്ത് കടം? നമ്മുടെ സ്നേഹം ഒരു രഹസ്യമല്ലല്ലൊ. എന്നോടു നീ പ്രത്യേകമായ വാത്സല്യം കാണിക്കുന്നതും എന്നെ മറ്റു സുഹൃത്തുക്കളുടെ അടുക്കൽ വച്ചുപോലും ചുംബിക്കുന്നതും ഇതിനകം  പല തവണ ശിമയോനും യോഹന്നാനും മറ്റും നീരസത്തോടെ കാണുകയും നിന്നോട് അതെപ്പറ്റി കെറു പറയുകയും ചെയ്തിട്ടുണ്ടല്ലോ. നീ സംസാരിക്കുമ്പോൾ മനസ്സിലാകാത്ത വിഷയങ്ങളെപ്പറ്റി ഞാൻ എപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്നത് അവരെ ആലോസരപ്പെടുത്താറുമുണ്ട്. ലേവി മാത്രമാണ് എന്റെ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കാറുള്ളത്. നിന്റെ ഓരോ വാക്കും എനിക്ക് തേൻ മൊഴിയാണ്. അതുകൊണ്ടാണ് നീ കൂടുതൽ പറയാൻ വേണ്ടി ഞാൻ ഓരോന്ന് ചോദിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ചേട്ടന്മാർക്ക് അതത്ര സുഖിക്കുന്നില്ലെങ്കിൽ ഞാനെന്തു വേണം?

.... ..... ഈ കത്തിന്റെ ബാക്കി ഭാഗം നഷ്ടപ്പെട്ടു പോയി. ചിതലരിച്ച നിലയിൽ കണ്ടെത്തിയ ഈ കത്ത് യേശുവിന്റെ കൈയിലെത്തുകയോ ഒരു മറുപടി വിട്ടിരുന്നു എന്ന് അദ്ദേഹത്തെ അറിയിക്കാൻ മറിയത്തിന് അവസരം കിട്ടുകയോ ചെയ്തില്ല. അതിലും വലിയ വിഷയങ്ങൾ കൊണ്ട് സന്തപ്തമായിരുന്നു യേശുവിന്റെ ആഗ്രഹപ്രകാരം നടത്തിയ കൂട്ടായ്മാവിരുന്ന്. അതാകട്ടെ അവസാനത്തേതും ആയിരുന്നു. പിന്നീടുണ്ടായതെല്ലാം അവിടുത്തെ ശിഷ്യരും അവരുടെ ശിഷ്യരും പല പേരുകളിൽ കുറിച്ചിട്ടെങ്കിലും പലതും നഷ്ടപ്പെട്ടുപോയി. ഏതാനും കൈയെഴുത്തു പ്രതികൾ യാദൃശ്ചികമായി 1945 ഡിസംബറിൽ നാഗ് ഹമ്മാദിയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. മഗ്ദലേന മറിയത്തിന്റെ സുവിശേഷമാകട്ടെ  അതിനും അര നൂറ്റാണ്ട്  മുമ്പ് കണ്ടെത്തിയതാണ്. പല വിഷയങ്ങളെപ്പറ്റി യേശു നടത്തിയ സംഭാഷണങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറേ താളുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. വ്യവഹാരപരമായ നിബന്ധനകൾക്ക് ആക്കം കൊടുത്തും അങ്ങുമിങ്ങും ശ്രദ്ധിച്ചും സമയം കളയാതെ അവനവന്റെ ഉള്ളിൽ നോക്കുക എന്നതാണ് അതിലെ പ്രധാന ആശയം.  ഇന്നിതാ സ്നേഹസൂര്യനായ യേശു ഉദിച്ചിട്ട്‌ രണ്ടായിരത്തി പത്തോളം വര്ഷം കഴിഞ്ഞ്, ഭൂമിയുടെ ഒരു കുഞ്ഞു കോണിൽ കേരളം എന്ന രമണീയമായ നാട്ടിൽ യേശുവിന് മഗ്ദലെനമറിയം എഴുതിയ കത്തും അവളുടെ  പേരിലുള്ള സുവിശേഷവും ചർച്ച ചെയ്യപ്പെടുകയാണ്. യേശുവിന്റെ മനുഷ്യത്വത്തിന്റെ, അതായത്, അനന്തമായ സ്നേഹത്തിന്റെ ഒരു പ്രതീകമായി ഇന്നും മറിയം ഓർമിക്കപ്പെടുന്നു. അവൾ അവന്റെ പാദങ്ങളിൽ കെട്ടിപ്പിടിച്ചിരുന്ന് എങ്ങിക്കരയുകയും തൈലം പൂശി അവയെ ഓമനിക്കയും ചെയ്തപ്പോൾ അവൻ ഒരു കാര്യം പ്രവചിച്ചിരുന്നു. ലോകമുള്ളിടത്തോളം നാൾ, എന്റെ സുവിശേഷം മനുഷ്യരുടെയിടയിൽ കൈമാറപ്പെടുവോളം നാൾ, നിന്റെ ഈ സ്നേഹത്തിന്റെ ധാരാളിത്തം മനുഷ്യർക്ക് മറക്കാനാവില്ല. എന്റെ സുവിശേഷം എന്നവൻ പറഞ്ഞത് പരിധിയില്ലാത്ത സ്നേഹം എന്നയർത്ഥത്തിൽ തന്നെയായിരുന്നു. അതങ്ങനെത്തന്നെ സംഭവിച്ചിരിക്കുന്നു. നമ്മുടെ എളിയ അല്മായശബ്ദം അതിനുള്ള വേദിയാവാൻ പോകുന്നു. 

ഈ സുവിശേഷത്തിൽ മറിയം സ്ത്രീകളുടെ സ്ഥാനം ഉയർത്തിപ്പിടിക്കുന്നുണ്ട്. നേതൃസ്ഥാനത്തിന്റെ പേരിൽ അവൾ പത്രോസുമായി ഇടയുന്നുണ്ട്. സഭയിലെ പുരുഷമേധാവിത്തത്തെ ചോദ്യം ചെയ്യുന്നുണ്ട്. അധികാരത്തിന്റെ അപ്രമാദിത്വത്തെ ഈ സുവിശേഷം തകർത്ത് കളയുന്നുണ്ട്. വെറുതെയല്ല സഭ ഇത്രയും നാൾ ഇത് ഒളിച്ചു വച്ചിരുന്നത്. 

നഷ്ടപ്പെട്ട സുവിശേഷങ്ങൾ എന്ന പുസ്തകം (കോപ്പിക്ക് KCRM നെ സമീപിക്കാം) വാങ്ങി വായിച്ചും പഠിച്ചും ധാരാളം സഹൃദയരും സഹചാരികളും  ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

ധ്യാനത്തിന് ഒരു തുടക്കം

ധ്യാനത്തിന് ഒരു തുടക്കം


നിങ്ങൾക്ക് എന്തു പ്രായമുണ്ട്? ഈ പ്രായത്തിനിടക്ക് എത്ര തവണ നിങ്ങൾ വെറുതേ ഒരു നല്ല മഴയത്ത് ഇറങ്ങി നടന്നിട്ടുണ്ട്? കേരളപ്രകൃതിയുടെ ധാരാളിത്തമാണ് മഴ. എന്നിട്ടും അതിൽ ശരീരവും മനസ്സുമായി പങ്കുപറ്റാൻ ഒരിക്കൽപോലും നിങ്ങൾ ശ്രമിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് കിട്ടാത്തതിനെപ്പറ്റി ആവലാതിയരുത്.  


നിങ്ങളെ ഭൂമിയോടും പ്രിയമുള്ള എല്ലാറ്റിനോടും ബന്ധിപ്പിച്ചു നിറുത്തുന്നത് നിങ്ങളുടെ ശ്വാസമാണ്. ദിവസത്തിൽ എത്ര പ്രാവശ്യം ഉള്ളിലേയ്ക്ക് വരുന്ന പ്രാണനെ നിങ്ങൾ അറിഞ്ഞുകൊണ്ട് സ്വാഗതം ചെയ്യാറുണ്ട്? ഒരിക്കലും? എങ്കിൽ എല്ലാ ബന്ധങ്ങളെയും മുറിച്ച് അത് വിടപറയുമ്പോൾ ജീവിച്ചിരുന്നതായി നിങ്ങൾ അറിയുകപോലുമില്ല.

വാക്കുകളാണ് മനുഷ്യനെ വഴി തെറ്റിക്കുന്നത് - അപ്പൻ, അമ്മ, സഹോദരങ്ങൾ, വീട്, നാട്, പാപം, പുണ്യം, മുക്തി, യുക്തി, രാമൻ, കൃഷ്ണൻ ഈശോ ... ഒരേ നാമം ആവർത്തിച്ചുകൊണ്ടിരുന്നാൽ അതിന്റെ അർത്ഥം ഇല്ലാതാകുന്നു (നാമകീർത്തനം). അറിയാവുന്ന എല്ലാ വാക്കുകളും ഇടമുറിയാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ അവയുടെയും അവരുടെ തന്നെയും അർത്ഥത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.


നമ്മുടെ ചുറ്റുവട്ടത്ത് വരുന്നവരെപ്പറ്റി ആര്, എവിടെനിന്ന്, എങ്ങോട്ട് എന്നെല്ലാം ചോദിച്ച് നമ്മൾ തീർച്ചവരുത്തുന്നു. രാപകലില്ലാതെ കൂടെക്കഴിയുന്ന ഈ ഞാൻ ആര്, എവിടെനിന്ന്, എങ്ങോട്ട് എന്ന് ഒരിക്കൽപോലും ചോദ്യമില്ല! നേരിട്ട് ചോദിക്കാൻ ഭയമായതിനാൽ, നമ്മൾ അന്യർ നമ്മെപ്പറ്റി കരുതുന്നതും പറയുന്നതും അപ്പാടേ വിശ്വസിക്കുന്നു. അതെല്ലാം ശുദ്ധ നുണയായിരുവെന്ന് തിരിച്ചറിയുയുന്നത്‌, ഒരുപക്ഷേ, നമ്മുടെ അവസാന നിമിഷമായിരുന്നാലോ?

ഒരരിച്ചുപെറുക്കലും ആവശ്യമില്ല, ഞാനാര് എന്നറിയാൻ. എല്ലാവിധത്തിലും തനിയെ ഇരിക്കുമ്പോൾ നേരിട്ടുതന്നെ ചോദിക്കുക. ചോദിക്കാനുള ധൈര്യമുണ്ടായാൽ ശരിയായ ഉത്തരം കണിശമായിരിക്കും. അതിലാണ് എല്ലാറ്റിന്റെയും തുടക്കം. കാരണം, ആ ഉത്തരത്തിനു മുമ്പിൽ, ഒരാൾ  അതുവരെ ചെയ്തതും നേടിയതും സൂക്ഷിച്ചുവച്ചതും വട്ടപ്പൂജ്യമായി തിരിച്ചറിയും.

ഇരുളുമ്പോൾ ഞാനാഹ്ലാദിക്കുന്നു - ഒന്നും ഒന്നിനും വേണ്ടിയല്ലാത്ത മൗനമായിരിക്കാമല്ലൊ!

ഭാരതത്തിന്റെ യുവതലമുറക്കുവേണ്ടി ഒരു മൌനവിചാരം

ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.

മറന്നുകിടന്ന എന്നിലെ പൈതലിനെ കണ്ടെത്തി ഓമനിക്കാൻ നേരവും താത്പര്യവും കാണിച്ച മഹതിയെ ഓർത്തുപോയി. ആ പൈതൽ വളർന്നുപോയിട്ടില്ല. ശൈശവത്തിന്റെ നന്മകളെ  ഓരോന്നായി ഇന്നും ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അതിന് കാരണക്കാരി അവളാണ്. ആ കുഞ്ഞിൽനിന്നൊരു പുരുഷൻ ഉരുവംകൊള്ളണമെന്നവൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം, ഇന്നും എനിക്ക് പറയാനാവുന്നത്:
"അരിയ ബാല്യത്തിൽ നിന്നുഞാനെത്ര-
കണ്ടകലെയാണിന്നു നില്ക്കുവതെങ്കിലും
അഴകു കൈവിടാതെന്നുൾക്കളത്തിലാ-
പ്പഴയ ബാലൻ കളിപ്പതുണ്ടിപ്പൊഴും." (തിരുനെല്ലൂർ കരുണാകരൻ)

അവൾ എപ്പോഴും എന്റെ ഉള്ളിന്റെ ഉള്ള് കിള്ളിച്ചികഞ്ഞിരുന്നു. പലപ്പോഴും എനിക്കവളുടെ ചോദ്യങ്ങൾ ബാലിശങ്ങളായിത്തോന്നി. എന്നാൽ എനിക്കുനെരേ അവയെ എയ്യാനുള്ള അവകാശത്തിൽ അവൾ മുറുകെപ്പിടിച്ചു.
അതൊക്കെ അന്ന്. ഇന്നവ ഓർമ്മകൾ മാത്രം. അക്കൂടെയനുഭവിച്ച സുഗന്ധ വസന്തങ്ങളുടെയും പാരസ്പര്യത്തിന്റെയും സന്തുഷ്ടിയും സ്വാതന്ത്ര്യവും ധാരാളിത്തവും ഇത്രയുമേ ഇനി ബാക്കിയുള്ളോ? എവിടെ പിഴച്ചു എന്നത് തെറ്റായ ചോദ്യമാണ്. പിഴയില്ല എന്നതായിരുന്നല്ലോ നമ്മുടെ യാത്രയുടെ ആരംഭയുക്തി. പഴിചാരലുമില്ല. ഒന്നിന് പകരം മറ്റൊന്നില്ല എന്നതാണ് വിധി.
പൂർവയൗവനത്തിൽ തളിർത്തെങ്കിലും പുഷ്പിക്കാതിരുന്ന വികാരബന്ധങ്ങളെ ആരബ്ധവാർദ്ധക്യത്തിൽ വളമിട്ടു നനച്ച് ആര്ത്തുവളര്ത്തിയെടുത്ത അന്നത്തെ പൂന്തോപ്പുകാരിയെവിടെ? ജീവിതവീക്ഷണങ്ങളുടെ അടിസ്ഥാന ചാലുകളെ തിരഞ്ഞുനടന്നിരുന്ന എന്റെ സഹയാത്രികയെവിടെ?
മനുഷ്യനെ നയിക്കുന്ന അജ്ഞാത ശക്തികളിൽ അല്പമെന്നല്ല, ഏറ്റവുമധികം പങ്കുള്ളത് സ്നേഹത്തിനാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ദാര്ശനികയെവിടെ? എല്ലാ ഹൃദയാകുലതകളിലും എകാകിതയാണേറ്റവും വിശ്വസ്തയായ സുഹൃത്തെന്ന് സ്വയം ധൈര്യപ്പെടുത്തിക്കൊണ്ടിരുന്ന ജ്ഞാനിയെവിടെ?
"ശരീരം പ്രണയിക്കപ്പെടുമ്പോളുണ്ടാകുന്ന അനുഭവമാണ് യഥാർഥ ആത്മീയാനുഭവമെന്ന് മനസ്സിലാക്കാനുള്ള വകതിരിവൊന്നും ദാമ്പത്യത്തിന്റെ കാർക്കശ്യങ്ങൾക്കില്ല" (എസ്. ശാരദക്കുട്ടി). "ഗുണദോഷങ്ങളുടെ കണക്കുകൂട്ടലുകളില്ലാതെ മനുഷ്യൻ മനുഷ്യനെ പൂജിക്കുന്നതിനെയാണ് പ്രേമമെന്നു പറയുന്നത്." (യയാതി)

ആനന്ദം ദൈവമാണെന്നും അത് പ്രണയാനുഭവങ്ങളിലൂടെയേ  സാക്ഷാത്ക്കരിക്കാനാവു എന്നുമുള്ള ഒരു സ്ത്രീയുടെ തിരിച്ചറിവ് ഒരു പുരുഷന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാം.
സൂര്യനുദിച്ചുയരുന്നത് കൂടെയിരുന്നു കാണുന്നതാണ് എനിക്കു നീ. ഈ സൂര്യനസ്തമിക്കല്ലേ എന്ന് ദൂരെയായിരിക്കുമ്പോഴും പറയുന്നതാണ് എനിക്ക് നീ. കല്ലെന്നും പുല്ലെന്നും നീ കരുണയോടെ പറയുംവരെ കാണുന്നില്ല ഞാൻ അവയെ. നീ പേരുവിളിക്കുമ്പോൾ വിദൂരസ്ഥമായതും എന്റേതായിത്തീരുന്നു.
ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.