ആത്മാവും പ്രണയവും

ആത്മാവും പ്രണയവും
ആരോ ബുദ്ധനോട് ചോദിച്ചു. "ഏറ്റവും വലിയ അത്ഭുതമെന്താണ്?" അദ്ദേഹം പറഞ്ഞു, "പരാവൃത്തി". ഈ വാക്കിനര്‍ഥം 'ഉണരല്‍' എന്നാണ്. മൌനമാണ് അതിലേയ്ക്കുള്ള ഏക വഴി. പ്രണയം, അതിലേയ്ക്കുള്ള വാതിലും. കാരണം, ആത്മീയതയോട് ഏറ്റവുമടുത്തുനില്‍ക്കുന്നതാണ് പ്രണയം.
അസ്തിത്വമുള്ള എന്തുമായി ഇഴുകിച്ചേരുക എന്ന് പറഞ്ഞാല്‍ പ്രേമബദ്ധരായ രണ്ട് വ്യക്തികള്‍ക്ക് സംഭവിക്കുന്നതിനു സമാനമായ ഒരു പ്രക്രിയയാണെന്ന് പറയുമ്പോള്‍ ആശ്ചര്യപ്പെടുന്നവര്‍ പ്രണയിച്ചിട്ടില്ലെന്നു തീര്‍ച്ചയാണ്. കാരണം, അസ്തിത്വം ഒരു സമഗ്രതയാണെന്ന്‌ കണ്ടെത്തിയ ഒരാള്‍ക്കേ ഇത്തരമൊരു പ്രണയത്തിലെത്താനാവൂ. പ്രണയം രണ്ട് വ്യക്തികള്‍ക്കിടയില്‍ തളിരിടുന്ന സൗന്ദര്യാവബോധമാണെങ്കിലും, അതില്‍ സാവധാനം മറ്റെല്ലാരും, എല്ലാവും ഉള്‍ച്ചേരുന്നില്ലെങ്കില്‍, അത് ശുദ്ധവും പൂര്‍ണവുമായ പ്രണയമല്ല, അതുകൊണ്ട് അത് നിലനില്‍ക്കില്ല എന്നത് തീര്‍ച്ചയാണ്. ആദ്യകാഴ്ചയിലെ മതിഭ്രമമല്ല ഇതെന്ന് വ്യക്തമാണല്ലോ. അഹത്തെ മറികടന്ന് അപ്പുറത്തേയ്ക്ക് ചെല്ലുകയും അവിടെ അതുതന്നെ ചെയ്യാന്‍ വെമ്പുന്ന മറ്റൊരാളാല്‍ സ്വീകരിക്കപ്പെടുകയുമാണ് അതില്‍ സംഭവിക്കുന്നത്‌. സ്വന്തമസ്തിത്വത്തെ കൈമാറുകയാണത്. അന്യോന്യമുപയോഗിക്കലോ കീഴടക്കലോ ശുദ്ധപ്രണയത്തില്‍ ചിന്തനീയമേയല്ല. പരസ്പര ബഹുമാനത്തോടെയുള്ള പൂര്‍ണമായ ഉള്‍ച്ചേര്‍ച്ചയാണത്. അസ്തിത്വപ്രേമമെന്നാല്‍ ഒരു പടികൂടി കടന്ന്, അസ്ഥിത്വമുള്ളതെല്ലാവുമായി ഇങ്ങനെയൊരു സൗഹൃദം സ്ഥാപിക്കലാണ്. വെറുതെയല്ല അതിത്ര വിരളമായിരിക്കുന്നത്. എന്തുകൊണ്ടാണ് അസ്തിത്വത്തെ പ്രണയിക്കുന്നവര്‍ ഇത്ര കുറഞ്ഞുപോകുന്നതെന്നു ചിന്തിക്കേണ്ടത് ഒരത്യാവശ്യമാണ്. കാരണം, മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതതന്നെ പ്രണയിക്കാനുള്ള അതിന്റെ കഴിവാണ്. എങ്കില്‍ അതെന്തെന്നും എങ്ങനെയെന്നും നാം അറിയേണ്ടതുണ്ട്. ഈയൊരറിവാണ് ആത്മാവ്.
ഈയര്‍ത്ഥത്തില്‍, ഈ അറിവില്ലാത്തവര്‍ ഭൂരിപക്ഷമായതെന്തുകൊണ്ട് എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. അതിന് ഞാന്‍ കണ്ടെത്തിയ വിശദീകരണം ഏതാണ്ടിങ്ങനെ കുറിക്കട്ടെ. വേദനകളും ക്ലേശങ്ങളും ജീവിതത്തിന്റെ സഹജഭാഗമാണെന്ന ചിന്ത ചെറുപ്പംമുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നതുതന്നെ ഒരഗാധഗര്‍ത്തത്തിലേയ്ക്കാണ്. അന്ധവിശ്വാസങ്ങളുടെ ഒരു തമോഗര്‍ത്തം. ഏറ്റം നിഷ്കളങ്കരായ കുഞ്ഞുങ്ങളിലും ജന്മപാപത്തിന്റെയും കര്‍മപാപത്തിന്റെയും ഭയം അടിച്ചേല്‍പ്പിച്ചാണ് ഓരോ സമൂഹവും മതവും അതിന്റെ അധികാരത്തെ അവരുടെമേലുറപ്പിക്കുന്നത്. ഇഹലോകപരലോകങ്ങളെന്ന വേര്‍തിരിവാണ് ആത്മാവബോധത്തെ നശിപ്പിക്കാനുള്ള വേറൊരു വഴി. ഈ ലോകത്തിലെ പോരായ്മകള്‍ക്ക്‌ ഒത്തൊരുമിച്ച് പരിഹാരം തേടുന്നതിനുപകരം, ഇവിടുത്തെ സഹനങ്ങള്‍ക്ക്‌ പ്രതിഫലമായി മറ്റൊരു ജീവിതത്തെ ചൂണ്ടിക്കാണിച്ചാണ് മതങ്ങള്‍ മനുഷ്യരെ പാട്ടിലാക്കുന്നത്. അതോടെ ഈ ജീവിതവും അതുമായി ബന്ധപ്പെട്ടതൊക്കെയും എങ്ങനെയെങ്കിലും കടത്തിവിടേണ്ട ഒരിടവേള മാത്രമായി തരംതാഴ്ത്തപ്പെടുന്നു. ഇവിടെയുള്ളതെല്ലാം അപ്രധാനമായിത്തീരുന്നു. എന്തിനാണ് മനുഷ്യര്‍ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ഇതൊക്കെ ചെയ്യുന്നത്? ഒരേയൊരു കാരണമേയുള്ളൂ, അതിതാണ്: ആത്മാവിനെ അറിഞ്ഞവരെ ഭരിക്കാനാര്‍ക്കുമാവില്ല.
വളരെ വലിയ യുക്തിവൈരുദ്ധ്യമായി തോന്നാം; പക്ഷേ, പരലോകമെന്ന കണ്ടുപിടുത്തത്തിലുള്ള അന്ധതനിറഞ്ഞ ഈ ഊന്നലാണ് മേല്‍പ്പറഞ്ഞ ആത്മാവിന്റെ തലത്തില്‍നിന്ന് മനുഷ്യനെ താഴേയ്ക്ക് തള്ളിയിടുന്നത്. ഈ ജീവിതത്തിലുടനീളം ഒരു രമണീയസാന്നിദ്ധ്യമായിരിക്കേണ്ട പരാശക്തിയെ ഒരു വിധികര്‍ത്താവും ശിക്ഷകനും സമ്മാനദായകനുമായി ഉയര്‍ത്തി മാറ്റിനിര്‍ത്തുന്നതുതന്നെയാണ് ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായിത്തീരുന്നത്. അതോടെ ദൈവാരാധന അടിമകളുടെ കടമയായി തരംതാഴുന്നു. അസ്തിത്വംതന്നെ ഏതോ മുന്‍ജന്മപാപത്തിനുള്ള ശിക്ഷയും വിധിയോടുള്ള അടിമത്തവുമായി കരുതപ്പെടുന്നു. ദൈവികത, ആത്മീയത, ധാര്‍മികത, വിശുദ്ധി എന്നിവയെപ്പറ്റിയെല്ലാം റെഡിമെയ്ഡ് ആശയങ്ങള്‍ തലമുറകളായി കൈമാറപ്പെടുകയാണ്. അവയിലെന്തിനെയെങ്കിലുംപറ്റി എന്തെങ്കിലും സ്വന്തമായി കണ്ടെത്താനുള്ളയവസരങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ നശിപ്പിക്കപ്പെടുകയാണ്. നിര്‍ബന്ധിത വേദപഠനക്ലാസ്സുകള്‍, വചനോത്സവങ്ങള്‍, അഭിഷേകധ്യാനങ്ങള്‍ എന്നിവയിലൂടെയൊക്കെ എല്ലാ സത്യാന്വേഷണങ്ങളും തടയപ്പെടുകയാണ് ചെയ്യുന്നത്. മനുഷ്യചേതനക്ക് സ്വാതന്ത്ര്യം അനുവദിക്കരുത് എന്ന പിടിവാശിയോടെ ഇളംമനസ്സുകളില്‍ ഏതാനും അപക്വവിശ്വാസങ്ങള്‍ ഇടിച്ചുറപ്പിക്കാനാണ് ഇത്തരം വേദികളില്‍ മതത്തിന്റെ തൊഴിലാളികള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. കാരണം, അതോടെ അവരെ നിയന്ത്രിക്കാനെളുപ്പമാണ്. 

0 comments: