മെത്രാൻ പിതാവോ അമ്മാവനോ?


"ആണ്ട്രൂസ് താഴത്ത് പിതാവിനെ മിസ്റ്റര്‍ താഴത്ത് എന്നുപോലും വിളിക്കുവാന്‍ തോന്നി പോവുന്നു. . ." എന്ന് തുടങ്ങുന്ന ഒരു കമന്റ്‌ ശ്രീ ജോസഫ്‌ പടന്നമാക്കല്‍ എഴുതിയത് കണ്ടു.  അങ്ങനെ തോന്നുന്നെങ്കില്‍ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല എന്ന് ഞാന്‍ ചോദിച്ചുപോകുന്നു. ഈ നാട്ടിലൊഴിച്ച്  എവിടെയും Mr. President  എന്ന് വിളിക്കുമ്പോലെ, Mr. Bishop എന്നുള്ള സംബോധന ബഹുമാനദ്യോതകവും അംഗീകാരമുള്ളതുമാണ്. അതിന്റെ പേരില്‍ ഒരു മെത്രാനും അവഹേളിക്കപ്പെട്ടതായി കരുതാറുമില്ല. ഇവിടെ മാത്രം, ഏത്‌ കൊച്ചച്ചന്‍ മെത്രാനായാലും, അന്ന് തൊട്ട്‌ അങ്ങേര് പിതാവാണ്, സ്വന്തം അപ്പന് പോലും! ഇതെന്തുകൂത്തപ്പനേ!

      
ദൈവത്തെ ഒഴിച്ച് ഒരുത്തനെയും പിതാവെന്നു വിളിക്കരുത് എന്ന് യേശു കര്‍ക്കശമായി പറഞ്ഞിട്ടുണ്ട്. "നമ്മുടെ അഭിവന്ദ്യ പിതാക്കന്മാര്‍" ഉള്‍പ്പെടെ ഏവരും ഇതൊക്കെ വായിച്ചിട്ടുണ്ട് എന്ന് വേണ്ടേ കരുതാന്‍? പക്ഷേ, ഇവരില്‍ ഒരാള്‍ പോലും വിശ്വാസികളോട് ഇതുവരെ പറഞ്ഞിട്ടില്ല, എന്നെ പിതാവെന്നു വിളിക്കേണ്ട എന്ന്. കാരണം, അവര്‍ക്കത്‌ കേള്‍ക്കുന്നത് ഒരു വലിയ സുഖമാണ്. ഒരപ്പന്‍ ചെയ്യേണ്ട ഒരു പണിയും ചെയ്യാത്ത തന്നെ എത്രയധികം ജനമാണ് പിതാവേ എന്ന് വിളിക്കുന്നത്‌! എല്ലാ മെത്രാന്മാരെയും വിമര്‍ശിക്കുന്ന എന്റെ സുഹൃത്തുക്കള്‍ പോലും, അവരുടെ സഭാവിഭാഗത്തില്‍ പെട്ട മെത്രാന്മാരെ പിതാവെന്നു കൂട്ടിയല്ലാതെ പരാമര്‍ശിക്കില്ല എന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ ഒന്നാന്തരം തട്ടിപ്പ് തന്നെയാണ്. സത്യസന്ധതയും ആണത്തവുമുണ്ടെങ്കിലേ, ഇരു ഭാഗത്തും ഇക്കാര്യത്തില്‍ common sense  അനുസരിച്ച് പെരുമാറാന്‍ പറ്റൂ.

പിതാവ് എന്ന സംജ്ഞ നമ്മുടെ നാട്ടില്‍ ഉപയോഗത്തില്‍ വന്നത് അത്ര പുരാതന കാലത്തൊന്നുമല്ല. അതിന് മുമ്പ് മുതിര്‍ന്ന പുരുഷന്മാരൊക്കെ അമ്മാവന്‍ ആയിരുന്നു. കാരണം, മനുഷ്യക്കൂട്ടങ്ങളില്‍ ആദ്യമുണ്ടായിരുന്നത് മരുമക്കത്തായം ആണ്. അന്ന്, മക്കള്‍ക്ക് അമ്മയെ മാത്രമേ കൃത്യമായി അറിയാന്‍ വഴിയുണ്ടായിരുന്നുള്ളൂ. അപ്പന്‍ ആരുമാകാം. കാരണം, ഒരു സ്ത്രീയുടെയടുത്തു ചെല്ലാന്‍ പലര്‍ക്കും വഴിയുണ്ടായിരുന്നു. സ്വകാര്യസ്വത്തിന്റെയഭാവത്തില്‍, പുരുഷന്മാര്‍ക്ക് അത്രയൊന്നും വിലയുണ്ടായിരുന്നില്ല താനും. പുരുഷന്‍ ഗൃഹനാഥനും ഏകഭാര്യനും ആയിത്തീര്‍ന്നശേഷമാണ്  ഇന്നയാള്‍ തങ്ങളുടെ അപ്പനാണെന്ന് കുഞ്ഞുങ്ങള്‍ക്ക്‌ ഏതാണ്ടൊരു ധൈര്യം വച്ച് പറയാന്‍ സാധിച്ചത്. അതോടേ ഒടുങ്ങാത്ത സ്വാര്‍ത്ഥതയും തന്‍കാര്യവും ഗമയുമൊക്കെ പുരുഷന്‍മാരുടെ സഹജഭാവങ്ങളായി മാറി. സ്വകാര്യസ്വത്ത്‌ ഇതില്‍ വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.

ഇതൊക്കെ സഭയിലെ "പിതാക്കന്മാരെയും" അവരുടെ നടപ്പുരീതികളെയും ബാധിക്കുന്നുണ്ട്, വിശേഷിച്ച്, സ്വകാര്യസ്വത്തിന്റെ കാര്യത്തില്‍. രൂപതയുടെ വലിയ സ്വത്തിന്റെ അവകാശിയും മേല്നോട്ടക്കാരനും എന്ന ഔദ്യോഗികസ്ഥാനം വെളിപ്പെടുത്താനാണ്, നിര്‍ബന്ധമായും, മെത്രാന്‍ പിതാവെന്നു വിളിക്കപ്പെടണം എന്ന തഴക്കം പരിപോഷിപ്പിക്കപ്പെട്ടത്. അവര്‍ വിശ്വാസികളുടെ പിതാവെന്നതിനേക്കാള്‍, പള്ളിയുടെ സ്വത്തിന്റെ പിതാക്കന്മാരായിട്ടാണ് സ്വയം കാണുന്നത് എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഒരു യാഥാര്‍ത്ഥ്യമാകാനിരിക്കുന്ന Church Act നു ശേഷം, ഇപ്പോഴത്തെ ഒട്ടു മിക്ക "പിതാക്കന്മാരും" Mr. Bishop  എന്ന് സംബോധന ചെയ്യപ്പെടുന്നതില്‍ ഒരു കെറുവും കാണിക്കില്ല, അല്ലെങ്കില്‍ കണ്ടോളൂ. അപ്പോഴേയ്ക്കും ഒരു പക്ഷെ, അതിലും കൂടുതലായി അവര്‍ ഇഷ്ടപ്പെടുക, മെത്രാനമ്മാവാ എന്ന വിളിയായിരിക്കും. ഇപ്പോള്‍ത്തന്നെ വിശ്വാസികള്‍ മെത്രാന്മാരെ അമ്മാവാ എന്ന് വിളിച്ചുതുടങ്ങുന്നത് അഭിലഷണീയമാണ്.  താഴത്തമ്മാവന്‍, കുന്നപ്പ ള്ളി പഴയമ്മാവന്‍, പവ്വത്തില്‍ പെരിയമ്മാവന്‍, ആലഞ്ചേരി വല്യമ്മാവന്‍, കല്ലറങ്ങാട്ട് കൊച്ചമ്മാവന്‍  എന്നൊക്കെ ഇപ്പോഴേ പറഞ്ഞു ശീലിക്കണം.    

1 comments:

George Joseph Varanam

മെത്രാൻ പിതാവോ അമ്മാവനോ ആകേണ്ട. ഒരു ജ്യേഷ്ഠ സഹോദരനായാൽ മതി. അദ്ദേഹത്തെ Mr.Bishop എന്ന് വിളിക്കാതെ Rev. Bishop എന്ന് വിളിക്കണം .അതല്ലേ ഭംഗി. പിന്നെ ബിഷപ്പായാൽ സ്വന്തം ജനയിതാവിൻെറ വരെ പിതാവാകുന്നത് ബഹു രസകരം തന്നെ . പാലാ രൂപതയിലുള്ള ഒരു വൈദിക വേഷധാരിയായ ഒരു കുർബ്ബാന തൊഴിലാളി അദ്ദേഹത്തിന് പട്ടം കിട്ടിയ ദിവസം വൈകിട്ട് വീട്ടിൽ വന്ന് കയറിയപ്പോൾ മുത്തച്ഛൻ (grandfather) എണീറ്റ് വന്ദിച്ചില്ലന്ന് പറഞ്ഞ് ബഹളം വച്ച വിരുതനേയും പരിചയമുണ്ട്.