മോനിക്കാമാരുടെ ചില്ലിക്കാശുകൊണ്ട് മെത്രാന് ആസനം

ഇന്ത്യാക്കാര്‍ പൊതുവേ ദ്രവ്യമോഹികളാണ്. ആധുനിക കാലത്ത്, അദ്ധ്വാനിക്കാതെ സമ്പാദിക്കാന്‍ നോക്കുന്നവര്‍ എല്ലായിടത്തും എണ്ണത്തില്‍ കൂടിവരികയാണ്. ആരെയും, സ്വന്തക്കാരെ പോലും, കബളിപ്പിച്ച് കൈക്കലാക്കാന്‍ കഴിയുമെങ്കില്‍ അതിനും മടിയില്ലാത്ത സ്ഥലത്തെ 'ഉദാരമതികളായ' ദിവ്യന്മാര്‍ എത്ര വേണമെങ്കിലും ഉണ്ട്. ഉള്ള പൊതുമുതലെല്ലാം മറ്റു രാജ്യക്കാര്‍ വന്നു കട്ടോണ്ട് പോയ മാതൃകയും നമ്മുടെ പാരമ്പര്യത്തില്‍ കിടപ്പുണ്ട് എന്നത് ഈ ശീലത്തിന് ഒരു കാരണമായിരിക്കാം എന്ന് ഡോ. ജെ.ജെ.പള്ളത്ത് നിരീക്ഷിച്ചിട്ടുണ്ട്.


മറുവശത്ത്‌, കൂടുതലായുള്ള സമ്പത്തും സൌകര്യങ്ങളും പോലും അര്‍ഹതയുള്ളവര്‍ക്ക് ദാനധര്‍മ്മം ചെയ്യുവാന്‍ ഇന്ത്യാക്കാര്‍ വിമുഖരുമാണ്. സാമ്പത്തിക സഹായം കൊടുക്കുന്നവര്‍ തന്നെ അത് പരസ്യപ്പെടുത്താന്‍ ഏറെ ഉത്സുകരാണ്. തൊഴിലിന്റെയൊ ഉദ്യോഗത്തിന്റെയോ ഭാഗമായ ചേതമില്ലാത്ത സഹായമായാലും അതിലും തന്റെ പേര് തെളിഞ്ഞു നില്‍ക്കണം എന്നത് ഇന്ന് നമ്മുടെ നേതാക്കള്‍ തന്നെ നിര്‍ബന്ധം പിടിക്കുന്ന കാര്യമാണ്. MLA Fund, അല്ലെങ്കില്‍ MP Fund എന്നിവ നാടിന്റെ ആവശ്യത്തിനായി നിശ്ചയിച്ചിട്ടുള്ള നമ്മുടെ തന്നെ നികുതിപ്പണത്തിന്റെ ഓഹരിയാണ്. എന്നിട്ടുപോലും, അത് ഏതെങ്കിലും കാര്യത്തിനായി അര്‍ഹതപ്പെട്ട സ്ഥലത്ത് അനുവദിക്കാന്‍ വേണ്ട ഒരു ഒപ്പിട്ടു കൊടുക്കുന്ന MP, MLA, പഞ്ചായത്ത് മെമ്പര്‍ എന്നിവരുടെ ഉഗ്രന്‍ പടവും അവരോടുള്ള നാട്ടുകാരുടെ നന്ദിപ്രകടനവും കാര്യം നടക്കുന്നതിനു മുമ്പുതന്നെ പ്ലക്കാര്‍ഡില്‍ ഉണ്ടാക്കി ഉയര്‍ത്തി നിര്‍ത്തുക എന്നൊരു തഴക്കം അവര്‍ തന്നെ ആവശ്യപ്പെട്ട് നടത്തിക്കുന്നു. എങ്കിലേ അടുത്ത ആവശ്യത്തിനു ഒപ്പിട്ടു കിട്ടൂ എന്ന അനുഭവം കാരണം, നാട്ടുകാര്‍ ഇതിനു മുന്‍കൈ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ആത്മാവില്‍ ദാരിദ്യം പ്രസംഗിക്കുന്ന പള്ളിക്കാരും ഒട്ടും വ്യത്യസ്തരല്ല. പിടിച്ചുപറിയുടെ നൂറു കണക്കിന് ഉദാഹരണങ്ങളാണ് വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍, പാവങ്ങളെപ്പോലും വലയില്‍ വീഴ്ത്താനുള്ള പതിനെട്ടടവുകള്‍ അവര്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അറക്കല്‍ മോനിക്കായും മറ്റും അത്തരം അടവുകളുടെ ഇരകളാണ്. അതേ സമയം, ചുമ്മാ കിട്ടുന്ന കാശുകൊണ്ട് വലതുകൈ ചെയ്യുന്നത് ഇടതുകൈ എഴുതിക്കാണിക്കുന്ന ഏര്‍പ്പാടാണ് പള്ളിയുടേതും. എപ്പോഴും, കൊടുക്കുന്ന സഹായത്തെക്കാള്‍ വളരെ വലിയ സാമൂഹിക മൂലധനം ഉറപ്പാക്കിയിരിക്കും എന്നതാണ് ആതുരസേവനമെന്ന അവരുടെ ബിസിനസ്സിന്റെ സ്റ്റൈല്‍. ആരുമറിയാതെ സഹായിക്കുന്നതിന്റെ സ്വകാര്യസന്തോഷംകൊണ്ട് തൃപ്തിയാകുന്നവര്‍ എത്രയുണ്ട്? മോനിക്കാമാരുടെ ചില്ലിക്കാശുകൊണ്ട് മെത്രാന്റെ ആസനത്തിന് കതെദ്രായും (സിംഹാസനം) അതിനെ ഉള്‍ക്കൊള്ളാന്‍ അരമനകളും ഇനി ഈ നാട്ടില്‍ ഉയരണമോ? നമ്മളാണ് അത് തീരുമാനിക്കേണ്ടത്? അതോ ... ?

0 comments: