ഋഗ്വേദസാരലഹരി

ഋഗ്വേദസാരലഹരി

നമുക്ക് എത്തിപ്പിടിക്കാവുന്ന ഒരു ശതമാനം സത്യത്തെക്കുറിച്ച് സഹവർത്തിതബോധത്തോടെ നമ്മൾ ഏതാനും നാൾ സംവദിച്ചു. ഈ ചർച്ചയെ ഇനി ഉപസംഹരിക്കാമെന്നു തോന്നുന്നു.

ഭാരതീയരായ നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ സംഹിതകളിലും പ്രഥമസ്ഥാനം ഋഗ്വേദത്തിനാണെന്നാണ് പണ്ഡിതമതം. ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന ദേവന്മാർക്ക് ബഹുത്വം കല്പിക്കാതെ, ഒരേ പ്രകാശസ്വരൂപമായിത്തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്. ഒന്നിനെ വിവിധങ്ങളായി തോന്നിക്കുന്നതാണ് മായ. ഒരു തത്ത്വത്തെ പലതായി വിശദീകരിക്കുന്നതും അങ്ങനെത്തന്നെ. സത്യം ഒന്നേയുള്ളൂ എന്നത് മനസ്സ് സമഗ്രമാകുമ്പോൾ മാത്രം കൈവരുന്ന അറിവാണ്. ഭാഷയിലെ ശബ്ദാർത്ഥങ്ങളുടെ ലേശവ്യത്യാസങ്ങൾ (nuances) അത്ര വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മതഗ്രന്ഥങ്ങളിൽ മനുഷ്യനിലെ ആത്മവശത്തെപ്പറ്റി  പറഞ്ഞതൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ നാം ബുദ്ധിമുട്ടുന്നുണ്ട്. ഉദാ. ബൈബിളിൽ ഉല്പത്തി, അദ്ധ്യായം ആറ് നോക്കുക. മനുഷ്യപുത്രിമാരുടെ അഴക്‌ കണ്ട് ദൈവപുത്രന്മാർ അവരെ ഭാര്യമാരാക്കി എന്നൊരു വാക്യമുണ്ട്. അവര്ക്കുണ്ടായ മക്കളെ അതികായന്മാർ എന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് തോന്നുന്നത് ആദ്ധ്യാത്മിക ഗുണങ്ങൾ അധികമായി പ്രദർശിപ്പിച്ചവരെയാണ് ഇവിടെ സുന്ദരികളായും ദൈവപുത്രന്മാരായും വിശേഷിപ്പിച്ചിരിക്കുന്നത്. ഋഗ്വേദത്തിൽ എന്നപോലെ പ്രാചീനകൃതികളിലെല്ലാം ദേവന്മാർ, അസുരന്മാർ എന്നിവരെയും മനുഷ്യരുമായി ഇടപെടുന്നവരായി പറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ മൂന്നു വർഗ്ഗങ്ങളിൽ പെട്ടവരായി ഇവരെ കാണുമ്പോൾ നമുക്കൊന്നും മനസ്സിലാവില്ല. മനുഷ്യനിലെ മാനുഷികത, അറിവിന്റെ ഭാവങ്ങൾ, വികസിച്ച് അല്ലെങ്കിൽ അധഃപതിച്ച്, അവൻ തന്നെയാണ് ദേവനും അസുരനും ആയിത്തീരുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. മറ്റേ വശത്ത്‌,  മനുഷ്യന് എന്തുമാത്രം ഉയരാം എന്നതിന് അതിരില്ല. ദേവത്വം എന്നത് ഉത്കൃഷ്ടവും, ഉത്കൃഷ്ടതരവും, ഉത്കൃഷ്ടതമവുമായി ഉയരുന്നതുപോലെ ശരീരബന്ധിയായ ജാഡ്യതക്ക് അല്ലെങ്കിൽ ആസുരത്വത്തിനും അതിരില്ല. അധഃപതനവും എത്ര വേണമെങ്കിലും താഴേയ്ക്ക് പോകാം.

അദിതി എന്നൊരു സംജ്ഞ വേദങ്ങളിൽ ഉണ്ട്. ദേവന്മാരായ മിത്രൻ, വരുണൻ, അഗ്നി, ദ്യു, പൃഥ്വി എന്നിവരെല്ലാം അദിതിയുടെ പുത്രന്മാരാണ് എന്നാണ് വിവിക്ഷ. അഖണ്ഡം, അതിരില്ലാത്തത് എന്നാണ് അദിതിയുടെ അർത്ഥം.  അത് ഗ്രഹിക്കാൻ കഴിയാത്തവർക്കായി ക്രിസ്ത്യാനികൾ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നതുപോലെ ഋഷിമാരും പലപേരുള്ള ദേവന്മാരെ ആദ്യം പറഞ്ഞുകൊടുത്തു. അതിനുശേഷം പതിയെ പറഞ്ഞുവച്ചു - ദേവമാതാവായ അദിതിയാണ്‌ പ്രകാശിക്കുന്ന സ്വർഗം; അദിതിയാണ് എല്ലാറ്റിന്റെയും ജനനി; അദിതിതന്നെയാണ് സൃഷ്ടാവായ അച്ഛൻ; ഉത്പന്നനായ പുത്രനും അദിതി തന്നെ. ഗന്ധർവന്മാർ, പിതൃക്കൾ, ദേവന്മാർ, അസുരന്മാർ, രക്ഷസ്സുകൾ എന്നീ പഞ്ചജനങ്ങളും അദിതി തന്നെ. ഏകം സത് എന്ന മഹാസത്യം സാധാരണക്കാർക്കു മനസ്സിലാകാത്തതിനാൽ ഇങ്ങനെ വളച്ചുചുറ്റി പറയേണ്ടിവരുന്നു എന്ന് സങ്കല്പിച്ചാൽ കാര്യങ്ങൾ ലളിതമാകും. എത്ര ദേവന്മാർ എന്ന ചോദ്യത്തിന് യാജ്ഞവൽക്യൻ കൊടുത്ത ഉത്തരം 'ഒന്ന്' എന്നാണ്.

ബോധം എപ്പോഴും ഏകതാനതയിലേയ്ക്കാണ് തിരിയുന്നത്. എന്നാൽ ഇന്ദ്രിയങ്ങൾക്ക് വിഷയസ്പർശനമുണ്ടാകുമ്പോൾ ഏകാതാനതയിൽ മുറിവുണ്ടാകും. ഏകത്വത്തിലുള്ള ലയം അതോടെ അസ്സാദ്ധ്യമായിത്തീരുന്നു. കാരണം, ഇന്ദ്രിയങ്ങൾക്ക് 'ഇതു'കളിലൂടെയേ 'അതി'ലേയ്ക്ക് ചെല്ലാനാവൂ. ഭാരതീയ ചിന്തയിൽ മൂന്ന് കണികകൾ ചേർന്നാണ് ഒരു കണം ഉണ്ടാവുക. അതായത്, കാലതത്ത്വം, ദേശതത്ത്വം, പിണ്ഡതത്ത്വം. ഇവയാകുന്നു വസ്തുവിന്റെ മൂന്നു മാത്രകൾ. ഇവയെ ഇലെക്ട്രോണ്‍, ന്യൂട്രോണ്‍, പ്രോടോണ്‍ എന്നിവയുമായി താരതമ്യം ചെയ്യാം. ഇപ്പോൾ എന്നുള്ള സമയനിർണ്ണയത്തിൽ, ഇവിടെ എന്നുള്ള സ്ഥലനിർണ്ണയത്തിൽ, ഇത് എന്ന പിണ്ഡനിര്ണ്ണയം ആണ് മനസ്സിൽ ഒരു വസ്തുവിനെ സൃഷ്ടിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നില്ലാതായാൽ നമുക്ക്  വസ്തുബോധം ഇല്ലാതാകും. ഒന്നുകൂടെ പറഞ്ഞാൽ, കാലദേശപിണ്ഡ അനുസ്യൂതതയിലൂടെയാണ് മനസ്സ് നിലനില്ക്കുന്നത്. അതാണ് സത്യത്തെ മറയ്ക്കുന്നതും. ഒന്നിനെ പലതായി കാണിച്ചുകൊണ്ടിരിക്കുന്നത് മറയ്ക്കുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് ഒരു ശതമാനത്തിലധികം സത്യം നമുക്ക് പ്രാപ്യമല്ലായെന്ന് വരുന്നത്.

ഈശ്വരനെന്നാൽ സ്വർഗസ്ഥനായ പിതാവോ അവതാരമായ പുത്രനോ, ഭരണകർത്താവോ, രക്ഷകനോ ആയിരിക്കുന്ന ഒരു വ്യക്തിയല്ല. മറിച്ച്, അകമേയിരുന്ന് എല്ലാം അറിയുന്നവനും നിയാമനം ചെയ്യുന്നവനും നിയന്താവായിരിക്കുന്ന തത്ത്വവുമെന്ന നിലയിൽ വേണം ആ സത്തയെ മനസ്സിലാക്കാൻ. ആ ഈശ്വരന്റെ പ്രത്യക്ഷമായി എല്ലാറ്റിനെയും ഒന്നായി ഉൾക്കൊള്ളണമെന്ന് കരുതിയാണ് ഈശാവാസ്യോപനിഷത്ത് ഈശാവാസ്യം ഇദം സർവം എന്ന് തുടങ്ങുന്നത്. ഇദം എന്നാൽ ജ്ഞാതാവിന്റെ ഏറ്റം അടുത്തുള്ളത്, ശരീരത്തെ തൊട്ടിരിക്കുന്നത്, ഇന്ദ്രിയാനുഭവം. അവിടെനിന്നാണ് അന്വേഷണം തുടങ്ങുന്നത്. ഈ അന്വേഷണം, ഇത് എല്ലാമാണ് എന്നിടത്ത് എത്തുന്നതുവരെ തുടരണം. ഇദം അല്ലെങ്കിൽ 'ഇത്' വൈയക്തികമാണെങ്കിൽ, 'അത്' വിശ്വവിസ്തൃതമാണ്, അവ്യക്തമാണ്. ഇവിടെ വിശ്വംകൊണ്ട് അര്ത്ഥമാക്കുന്നത് എല്ലാ ഗാലക്സികളും അതിനപ്പുറത്തുള്ളതും ഉൾക്കൊള്ളുന്ന ബ്രഹ്മാണ്‍ഡമാണ്‌. വൈയക്തികമായിടത്താണ് ക്രമാക്രമവ്യത്യാസങ്ങൾ അനുഭപ്പെടുക. ക്രമം ആഹ്ലാദത്തെയും അക്രമം വേദനയെയും സൃഷ്ടിക്കും. ആഹ്ലാദത്തെ ഉണ്ടാക്കുന്നതിനെ ഭാരതീയർ രാമൻ എന്ന് പേരിട്ടു വിളിക്കുന്നു. അതുപോലെ, ആലിംഗനം ചെയ്ത്, നിർവൃതി നല്കി, കരയിക്കുന്നതിനെ കൃഷ്ണൻ എന്നും. പ്രപഞ്ചം മുഴുവൻ രാമകൃഷ്ണസന്നിപാതമാണെന്ന് ഭാരതീയർ കരുതുമ്പോൾ, ഭാരതീയരായ ക്രിസ്ത്യാനികൾ അതിന് യേശു അല്ലെങ്കിൽ ക്രിസ്തുവെന്ന് പേരിട്ടിരിക്കുന്നു. രണ്ടും ഒന്നുതന്നെ.

എല്ലാറ്റിനെയും ആവേഷ്ടിതമാക്കി നിറുത്തിയിരിക്കുന്ന ഈശ്വരീയത അതിനെ (വിശ്വം) എന്നതുപോലെ ഓരോ ഇതിനെയും പൂർണ്ണമാക്കുന്നു. അതുകൊണ്ടാണ് പൂർണ്ണമിദം  പൂർണ്ണമദഃ എന്ന് പറയുന്നത്. ഈയിടെയാണ് വളരെ ചെറുപ്പമായ എന്റെയൊരു സുഹൃത്ത് പറഞ്ഞത്, സൂക്ഷിച്ചു നിരീക്ഷിച്ചാൽ, പ്രപഞ്ചത്തിൽ കാണുന്ന ഓരോന്നും അതിൽത്തന്നെ പരിപൂർണ്ണമാണ് എന്ന്. ഋജുത്വം പ്രകൃതിയിൽ കാണാനില്ല; തുടങ്ങുന്നിടത്ത് അവസാനിക്കുന്ന വൃത്തങ്ങളാണ് ഒക്കെയും. വൃത്തം പൂർണ്ണതയുടെ അടയാളമാണ്. ഈ സൂക്ഷ്മനിരീക്ഷണമാണ് നമ്മൾ പഠിച്ചെടുക്കേണ്ടത്. സർവസാധാരണമെങ്കിലും പലരും വിട്ടുകളയുന്ന ഒരുദാഹരണമാണ് ഇലകൾ. വിവിധ രൂപങ്ങളിലുള്ള വൃത്തങ്ങളായ അവയെ വക്രമായ തടിയോട് ചേർത്തിരിക്കുന്നു. വിസ്തൃതമായ അർത്ഥത്തിൽ തടിയും ഒരു നീണ്ട വൃത്തമാണ്. പ്രകൃതിയിലെ ഏറ്റവും വലിയ അത്ഭുതം - സ്വയം സൂര്യപ്രകാശത്തെ ഭക്ഷിച്ചിട്ട്, ബാക്കിയേതിനുമുള്ള അന്നമായി അതിനെ മാറ്റിയെടുക്കുക - നടക്കുന്നത് ഏറ്റവും ലോലമായ സോളാർ പാനലുകളായ ഇലകളിലാണ്.        

ഈ പറഞ്ഞതിന്റെ 000000000.1 ശതമാനം സത്യം ഗ്രഹിക്കാനായാൽ നമ്മൾ അനുഗ്രഹീതരാണ്. ആ 000000000.1 ശതമാനമാണ് നാം അറിയുന്ന ഈശ്വരൻ. ആ 000000000.1 ശതമാനമാണ് നാം അനുദിനജീവിതത്തിൽ അംഗീകരിക്കുന്ന സമത്വം. ആ 000000000.1 ശതമാനമാണ് നാം വിളമ്പുന്ന സ്നേഹം. ബാക്കി 99.999999999% വും നമ്മുടെ അഹന്തയും വേഷംകെട്ടും കിംവദന്തിയും സഹിക്കാനാവാത്ത പരിസരമലിനീകരണവുമത്രേ.



ആ 000000000.1 ശതമാനം സത്യത്തെ ഒരു നോക്ക് കാണാൻ കൊതിയുള്ളവർ ഈ പൂവിന്റെ ആത്മാവിലേയ്ക്കു അൽപനേരം നോക്കിയിരിക്കുവിൻ. സാധിക്കുമെങ്കിൽ കുറേക്കൂടി വലുതാക്കി കാണുക. ആയിരം കന്ദങ്ങളുടെ സമന്വയം ഒരു പൂവിനെ സൃഷ്ടിക്കുന്നത് ശ്രദ്ധിക്കുക. ഈ സമഗ്രത സൂര്യപ്രഭയെ പ്രതിബിംബിപ്പിക്കുന്ന അനന്യസൌന്ദര്യം അവാച്യമാണ്. അവാച്യമായത് ആസ്വദിക്കാനേ പറ്റൂ. ശ്രമിക്കുക. ഏതാനും വർണ്ണങ്ങളിൽ, അത്യദ്ഭുതകരമായ അടുക്കും ചിട്ടയും ചേർത്ത് ജഗദ്നിയന്താവ് സൌന്ദര്യത്തിന്റെ ഒരു തുള്ളിയൊഴിച്ചപ്പോൾ ഇത്രയുമായി. ആകെയുള്ളതിന്റെ കോട്യാനുകോടിയിൽ ഒരു ശതമാനം പോലുമില്ല ഇത്. അത്രയുമെങ്കിലും ഒരാളെങ്കിലും കാണുന്നെങ്കിൽ ഇത്രയുമെഴുതിയത്‌ വൃഥാവിലായില്ല.   

Tel. 9961544169

0 comments: