എന്റെ അയല്‍വാസി തൂങ്ങാമ്പറമ്പില്‍ പപ്പന് ഒരേ ഒരു പ്രശ്നമുള്ളത്, വൈകീട്ട് രണ്ടു ലാര്‍ജ് വീശിക്കഴിഞ്ഞാ ല്‍, പിന്നെ സ്വന്തം വീടെവിടെ എന്നറിയില്ല എന്നതാണ്. ആരെങ്കിലും വീട്ടില്‍ കൊണ്ടാക്കിയാല്‍, അങ്ങേര്‍ക്കു താനാരാണെന്നുമറിയില്ല. ആരെങ്കിലും പല പ്രാവശ്യം പപ്പന്‍ , പപ്പന്‍ എന്നു പറഞ്ഞുകൊണ്ടിരിക്കണം. തൊണ്ണൂന്റൊന്പതു ശതമാനം മനുഷ്യരും സുബോധാവസ്ഥയിലും ഇങ്ങനെയാണ്. തങ്ങള്ക്ക് പേരും വിലാസവും ഉണ്ടാക്കുന്ന ജോലി അന്യര്‍ക്കുള്ളതാണെന്ന മട്ടാണ്. അന്യരുടെ ഭിപ്രായങ്ങള്‍ക്കാണ് അവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. താനാരാണെന്ന് സ്വയം അറിയുന്നില്ല എന്നതുതന്നെയാണ് ഈ അരക്ഷിതാവസ്ഥക്ക് പിന്നിലെ കാരണം. എന്നാല്‍, സ്വയമറിയാന്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ ആശ്രയിച്ചാല്‍ അതെത്രമാത്രം തെറ്റാകാനിടയുണ്ട് എന്ന് ആരും ചിന്തിക്കുന്നേയില്ല. "അവരുടെ അഭിപ്രായങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്, ഞാനാരാണ് എന്നതിലേയ്ക്ക് അവ ഒരു വെളിച്ചവും വീശുന്നില്ല" എന്ന വിവേകത്തിലേയ്ക്കെത്താന്‍ എത്ര പേര്ക്കാകുന്നുണ്ട്? തീര്‍ച്ചയായും വളരെ കുറവായിരിക്കും അവരുടെയെണ്ണം.
നാമോരോരുത്തരുടെയും കാര്യത്തില്‍, ഞാന്‍ ഉണ്ട് എന്നത് സംശയരഹിതമായ സത്യമാണ്. അതാണ് അടിസ്ഥാനപരമായ അവബോധം, ആത്മജ്ഞാനം. അത് പുറത്തുള്ള ഒന്നില്‍നിന്നും, ആരില്‍നിന്നുമല്ല, മറിച്ച്, അകത്തുനിന്നു മാത്രമേ ലഭ്യമാകൂ. എന്നാല്‍, ഞാന്‍ ആരാണ്, എന്താണ് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഞാന്‍ ഇന്ന രാജ്യത്ത് ജനിച്ചു, ഇന്ന സമൂഹത്തില്‍ പെടുന്നു, ഇന്നയാളുടെ ഭാര്യയോ ഭര്‍ത്താവോ, മകനോ മകളോ ആണ്, ഇന്ന ജോലി ചെയ്യുന്നു എന്നതൊക്കെ എന്റെ അടിസ്ഥാന സ്വത്വത്തിലേയ്ക്ക് കൂട്ടിചേര്ക്കപ്പെടുന്ന വിശേഷണങ്ങളാണ്. എന്നാല്‍ ഇവ അടിസ്ഥാനപരമായ ആത്മജ്ഞാനത്തെ കളങ്കിതമാക്കുകയും ഞാന്‍ ഉണ്ട് എന്ന സത്യത്തെ മൂടിക്കളയുകയും ചെയ്യുന്നു. ഞാന്‍ ആകുന്നു (I am) എന്നത് സംശുദ്ധമായ being ആണ്; ഞാന്‍ അതല്ലെങ്കില്‍ ഇതാണ് (I exist as) എന്നത് ഒരു സാരവുമില്ലാത്ത existence മാത്രമാണ്. ആദ്യത്തേത് സാര്‍വത്രികവും സ്വതന്ത്രവുമാണ്; രണ്ടാമത്തേത്, വ്യക്തിഗതവും ഇടുങ്ങിയതുമാണ്.
ആത്മജ്ഞാനം നേടിയവനും നേടാത്തവനും തമ്മിലെന്താണ് വ്യത്യാസം?
കൂടുതലാള്‍ക്കാരും സ്വത്വബോധമില്ലാത്തവരായതിനാല്‍, അവരെപ്പറ്റി ആദ്യം ചിന്തിക്കാം. അവര്‍ പൊതുജനാഭിപ്രായത്തെയും ചുറ്റുപാടുകളെയും ഗൌരവമായി കാണുകയും അവയില്‍ ഒന്ന് മറ്റൊന്നിന് കാരണമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവയ്ക്കനുസരിച്ച് പെരുമാറാനാണ് അവര്‍ ഊര്‍ജ്ജമെല്ലാം ചെലവാക്കുന്നത്. അവര്‍ അന്യര്‍ക്ക് സ്വീകാര്യമായ രീതിയില്‍ തന്നെപ്പറ്റിയും അന്യരെപ്പറ്റിയുമുള്ള അഭിപ്രായങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. എന്നിട്ട്, സ്വയം ഈ അഭിപ്രായങ്ങളുടെ ആകെത്തുകയായി കരുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
നേരേ മറിച്ച്, സ്വയം കണ്ടെത്തിയവന്‍, അതായത്, ആത്മജ്ഞാനിയായവന്‍, ഏത് സാഹചര്യത്തിലും ഇളക്കമില്ലാതെ നിലകൊള്ളും. അയാള്‍ സംഭവങ്ങളുടെ പരമ്പരയില്‍ (ഓര്‍മ്മകളില്‍) കുടുങ്ങിപ്പോകുന്നില്ല. ഓരോന്നും കണ്ടിട്ട്, അതില്‍നിന്നു വിട്ടുനില്‍ക്കുന്നു. ചുറ്റും എന്തുതന്നെ സംഭവിക്കട്ടെ, "ഞാന്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ്" എന്ന സത്യം അറിയുന്നതുകൊണ്ട്, അയാളെ അതൊന്നുംതന്നെ സാരമായി ബാധിക്കുന്നില്ല. താന്‍ സര്‍വ്വസ്വതന്ത്രനാണ് എന്ന സത്യത്തെ നേരിട്ടറിയുന്ന അവന്റെ അസ്തിത്വം സ്ഥിരതയുള്ളതാണ്. അന്യര്ക്ക് മുമ്പില്‍ തന്റെ ചെയ്തികള്‍ ശരിയോ തെറ്റോ എന്ന വിശകലനത്തിനായി അവന്‍ തല മരപ്പിക്കുന്നില്ല. ശാന്തിയും സന്തുഷ്ടിയുമാണ് ഫലം.
എനിക്കെങ്ങനെ എന്റെ തനിമയെ കണ്ടെത്താം?
ഒരു സത്യത്തെയും നമുക്ക് നേരിട്ട് എത്തിപ്പിടിക്കാനാവില്ല. അതല്ലാത്തത് എന്തൊക്കെ എന്ന് തെരഞ്ഞു ചെന്നു മാത്രമേ, ഒരു സത്യത്തിലേയ്ക്ക് നമുക്ക് പ്രവേശനം കിട്ടൂ. അതുപോലെതന്നെ, ഞാനല്ലാത്തതെന്തൊക്കെ എന്ന് അരിച്ചുപെറുക്കി വേണം ഞാന്‍ എന്താണ് എന്ന് തിരിച്ചറിയാന്‍. നിതാന്ത ജാഗ്രതയിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. എന്റെ അനുഭവപ്രപഞ്ചത്തില്‍ വന്നുപെടുന്നവയൊന്നും - എന്റെ ശരീരം, അതുപയോഗിക്കുന്ന ഇടം, എന്റെ ചിന്തകള്‍, വികാരങ്ങള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, സമയബോധം, എന്നപോലെതന്നെ അന്യരുടെ വിചാരവികാരങ്ങളും സ്ഥാവരസംഗമങ്ങളുമൊന്നും - ഇവയെ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്ന ഞാന്‍ ആയിരിക്കാന്‍ ഒരിടയുമില്ല. എങ്കില്‍ പിന്നെയെന്താണ് എന്റെ സത്ത?
ഈ തെരയല്‍ നമുക്ക് ഇങ്ങനെ തുടങ്ങാം. എന്തുകൊണ്ടാണ് ഞാന്‍ എപ്പോഴും തന്നെ മേല്പ്പറഞ്ഞ ബാഹ്യതലവ്യഗ്രതകളില്‍ കുടുങ്ങിപ്പോകുന്നത്? ശ്രദ്ധയുടെ തെറ്റായ കേന്ദ്രീകരണമാണ് തെറ്റായ കാഴ്ചപ്പാടിനെയും ബന്ധങ്ങളെയും ഉണ്ടാക്കുന്നത്. മേല്‍പ്പറഞ്ഞ, നമ്മള്‍ നമുക്ക് ചുറ്റും അനുഭവിക്കുന്നവയില്‍, ശ്രദ്ധചെലുത്തുകയും എന്റെ സത്തക്ക് അവയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു ധരിച്ചുപോകയും ചെയ്യുന്നതോടേ, ശരിയായ, ഞാനെന്ന സത്ത അവയ്ക്കുള്ളില്‍ കുരുങ്ങിപ്പോകുന്നു. അതുകൊണ്ട്, ശരിക്കും ഞാനല്ലാത്തവ എന്തെല്ലാമെന്നു കണ്ടെത്തി, അവയില്‍ നിന്നു സ്വയം വേര്‍പെടുത്തുക എന്നതിലൂടെ മാത്രമാണ് എനിക്ക് എന്നെ കണ്ടെത്താനാവുക. ശ്രീ നിസര്‍ഗദത്ത മഹാരാജയുടെ അതിഗഹനമായ ഒരുവാക്യമിങ്ങനെ: എന്റെ അസ്തിത്വം ഈ ലോകത്തെ വിശദീകരിക്കുന്നു; എന്നാല്‍ ഞാന്‍ ഈ ലോകമല്ല. (The world is there because I am. But I am not the world.) അതുതന്നെ സാധാരണക്കാര്‍ക്കുവേണ്ടി യേശു ലളിതമായ ഭാഷയില്‍ പറഞ്ഞത് ഇങ്ങനെ: നിങ്ങള്‍ ഈ ലോകത്തിലാണ്, എന്നാല്‍ ഈ ലോകത്തിന്റേതല്ല. (ഇതിന്റെ ഉള്ളര്‍ത്ഥങ്ങളിലേയ്ക്ക് വഴിയേ.)
സാധാരണ ഗതിയില്‍ നമ്മുടെ അനുഭവലോകത്ത് ശരീരം മേല്‍ക്കൈ നേടുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ളതൊക്കെ "എന്റെ" ഭാഗമായി കരുതപ്പെടുന്നു. മനുഷ്യര്‍ അവരുടെ ശരീരത്തിന്റെ വിശേഷണങ്ങളിലൂടെയും ബാഹ്യ ചേഷ്ടകളിലൂടെയും വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് അവരുടെ ശരിയായ സത്ത കൈവിട്ടുപോകാന്‍ ഇടയാക്കുന്നത്. ശരീരത്തിന്റെ രൂപം, നിറം, ആംഗ്യങ്ങള്‍, ഉടയാടകള്‍, ആരോഗ്യം, അനാരോഗ്യം എന്നതൊന്നും കാതലായ എന്റെ ഉണ്മയെ ബാധിക്കുന്ന കാര്യങ്ങളേയല്ല. എന്നാല്‍, ശ്രദ്ധ അവയിലാകുമ്പോള്‍, ശരിക്കുള്ള "ഞാന്‍" അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത്‍, എന്റെയും അന്യരുടെയും അനുമാനങ്ങളുടെ ആകെത്തുക ഞാനായി വിരാജിക്കുകയും ചെയ്യുന്നു. ഞാന്‍ സ്ഥിരതയില്ലാത്ത വെറുമൊരു താത്ക്കാലിക പ്രത്യക്ഷമായിത്തീരുന്നു. എന്നാല്‍, ഞാന്‍ ഉണ്ട് എന്ന ആന്തരികബോധത്തിലെ ഞാന്‍ സ്ഥിരതയുള്ള ഒരു നിത്യസത്യമായിരിക്കേണ്ടതുണട്. ഈ സത്യത്തെ അനുഭവേദ്യമാക്കാന്‍, ഞാനല്ലാത്തവയില്‍ നിന്നെല്ലാം ഞാന്‍ സ്വതന്ത്രനാകണം. അതുമാത്രമാണ് എന്നെ കണ്ടെത്താനുള്ള ഏക വഴി. സ്വന്തം മനസ്സിന്റെ നിരൂപണങ്ങള്‍ക്കോ, സൗകര്യംപോലെ മാറിക്കൊണ്ടിരിക്കുന്ന അന്യരുടെ അഭിപ്രായങ്ങള്‍ക്കോ, അതിനെ മെനയാനാനുള്ള പണി കൊടുത്താല്‍ ഫലം വികൃതമായിരിക്കും.
മനസ്സിന്റെ വികൃതികള്‍
എല്ലാ ഗുരുക്കന്മാരും പറയുന്നു, മനസ്സാണ് മനുഷ്യനെ വഴിതെറ്റിക്കുന്നതെന്ന്. പക്ഷേ, എന്താണ് ഈ സാധനം? ഇഷ്ടമുള്ളതൊക്കെ (സുഖം തരുന്നവ) ആഗ്രഹിക്കുകയും ഇഷ്ടമില്ലാത്തവയില്‍ (വേദനിപ്പിക്കുന്നവ) നിന്ന് ഓടിയകലുകയും ചെയ്യാന്‍, ഓര്‍മ്മകളുടെ ശേഖരങ്ങള്‍ കാട്ടി നമ്മെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന അന്തക്കരണമെന്ന് അതിനെ വിളിക്കാം. മനസ്സിന്റെ ഈ സ്വഭാവം തന്നെയാണ് അതിന്റെ കുഴപ്പവും. കാരണം, ജീവിതമെന്നത് നാം തിരഞ്ഞെടുക്കാതെതന്നെ, സ്വമേധയാ നമ്മെ വഹിച്ചുകൊണ്ടുപോകുന്ന ഒരൊഴുക്കാണ്. അതില്‍ സുഖവും വേദനയും തമ്മില്‍ വേര്‍തിരിച്ചും തിരഞ്ഞെടുത്തും ഒഴുക്കില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ ഓരങ്ങളില്‍ തടഞ്ഞുപോകുന്നു. അതിനിടയാക്കുന്നത് മനസ്സാണ്. കാരണം, എല്ലാം വരുന്നതുപോലെ എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുന്നോട്ടുള്ള ഒഴുക്കിന് ഗതിയുണ്ടാകൂ. അതിനാകണമെങ്കില്‍, ഞാന്‍ തിരിച്ചറിയേണ്ട അതിപ്രധാനമായ ഒരു കാര്യം ഇതാണ്: ഒഴുകിക്കൊണ്ടിരിക്കുന്നതൊന്നുമല്ല ഞാന്‍, ആ ഒഴുക്ക് കണ്ടുനില്‍ക്കുകയും കൂടെയൊഴുകുകയും മാത്രമാണ് ഞാന്‍ ചെയ്യുക. ഭയമോ വെറുപ്പോ ആഗ്രഹങ്ങളോ ഒന്നും എന്റെ ഉണ്മയെ ചഞ്ചലിതമാക്കേണ്ടതില്ല. എന്നാല്‍ മനസ്സാകട്ടെ, ഈ സുസ്ഥിതിയെ അസ്സാധ്യമാക്കാന്‍ വേണ്ടതൊക്കെയും ചെയ്തുകൊണ്ടിരിക്കുന്നു.
എങ്ങനെ? ഞാന്‍ സത്യത്തിലെന്താണോ, അതിനും എന്റെ ശരീരത്തിനുമിടയ്ക്ക്, എന്റെ ഉണ്മക്ക് ഒരു ഗുണവും ചെയ്യാത്ത നൂറായിരം അസ്ഥിരമായ ചിന്തകളും ഭാവങ്ങളും മനസ്സില്‍ കൂടി മാറിമറഞ്ഞുകൊണ്ടിരിക്കുന്നു. മൂടല്‍മഞ്ഞുപോലെ അവ എന്റെ കാഴ്ച്ചയെ മറയ്ക്കുന്നു. എന്തിന്റെ കാഴ്ച്ചയെ? എനിക്കു തോട്ടറിയാനാവുന്ന ഒരേയൊരു സത്യമായ ഈ നിമിഷത്തിന്റെ കാഴ്ച്ചയെ. കാരണം, മനസ്സിന്റെ വിഹാരരംഗം കഴിഞ്ഞുപോയതും വരാന്‍ സാദ്ധ്യതയുള്ളതുമായ കാര്യങ്ങളാണ്. എനിക്കാകട്ടെ, ഇവ രണ്ടും തീര്‍ത്തും അപ്രസക്തമായ ശല്യങ്ങള്‍ മാത്രമാണ്. കാരണം, എന്നെ സംബന്ധിച്ചിടത്തോളം വാസ്തവികമായത് ഇപ്പോള്‍, ഈ ഒറ്റ നിമിഷത്തില്‍, എനിക്ക് സംഭവിക്കുന്നതെന്തോ, അതു മാത്രമാണ്. അതില്‍ ശ്രദ്ധ ചെലുത്താനാകുന്നില്ലെങ്കില്‍, എല്ലാമെനിക്ക് നഷ്ടമാകുകയാണ്. അതിനിടയാക്കുന്നത് അസ്ഥിരമായ എന്റെ മനസ്സാണ്.
എന്തുകൊണ്ടാണ് മനസ്സിന് സ്ഥിരതയില്ലാത്തത്?
മനസ്സിലുള്ളതെല്ലാം ഓര്‍മ്മകളാണ്. വ്യഷ്ടിതലത്തിലും സമഷ്ടിതലത്തിലുമായി ഉറഞ്ഞുകൂടുന്ന അനുഭവങ്ങളില്നിന്നാണ് മനസ്സ് രൂപംകൊള്ളുന്നത്. ഒന്നുകില്‍ ഒരിക്കല്‍ അനുഭവിച്ച സുഖത്തോടുള്ള ആഗ്രഹം അല്ലെങ്കില്‍ അറിഞ്ഞിട്ടുള്ള വേദനയോടുള്ള ഭയം. അവിടെയാണ് അസ്ഥിരതയുടെ ഉറവിടം. ഭാഗികമായത് മാത്രം കാണിക്കുന്ന ഒരുപകരണമാണ് മനസ്സ്. ഭാഗികമായത് അപൂര്‍ണ്ണമായതിനാല്‍, സമ്പൂര്‍ണ്ണതയുടെ സൌന്ദര്യത്തെ വെളിപ്പെടുത്താന്‍ അതിനാകില്ല. അങ്ങനെ വേദനയും ദു:ഖവും സംജാതമാകുന്നു. പ്രപഞ്ചം ആത്യന്തികമായി അതില്‍ത്തന്നെ സമ്പൂര്‍ണ്ണവും അതുകൊണ്ട് പോരായ്മകളെയും വേദനയെയും ഉള്‍ക്കൊള്ളാത്തതും ആണെന്നത് മനസ്സിനെത്തിപ്പെടാവുന്ന ഒരു സത്യമല്ല. ഉണ്മയുടെ സമഗ്രതയെ ദര്ശിക്കാന്‍ അനിതരസാധാരണമായ ഒരുള്‍ക്കാഴ്ച്ചയുടെ ആവശ്യമുണ്ട്. അതില്ലാത്തിടത്തോളം, സാരമില്ലാത്ത വിശദാംശങ്ങളില്‍ ദൃഷ്ടിയുറച്ചുപോകുന്ന മനസ്സിന്റെ പ്രലോഭനങ്ങളില്‍ കിടന്നുഴലുന്നവരാണ് ഭൂരിപക്ഷവും. അവയില്‍നിന്നു രക്ഷപ്പെടാതെ അവര്‍ ഒരിക്കലും സന്തുഷ്ടിയുടെ പാരമ്യത്തിലെത്തുകയില്ല.
ഞാന്‍ ഇരിക്കേണ്ടിടത്തു അഹന്ത കയറിയിരുന്നാല്‍.
മനസ്സിന്റെ നിര്‍മ്മിതിയാണ് അഹന്ത. നമുക്കൊരന്വേഷണം നടത്താം. അജ്ഞതയോടൊപ്പം നിലനില്‍ക്കുന്നതെല്ലാം അനാവശ്യമായിരിക്കും. അജ്ഞതയില്‍ കഴിയുന്നവര്‍ ചെയ്യുന്നതെന്തായിരുന്നാലും അവയൊക്കെ നിസ്സാരങ്ങളും അനാവശ്യങ്ങളുമായിരിക്കും. അവയെ വിട്ടുകളഞ്ഞാല്‍ ഒന്നും സംഭവിക്കുന്നില്ല, ഒന്നും നഷ്ടപ്പെടുന്നില്ല, എന്നാണതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, സ്വന്തം ജീവിതത്തിന്റെ നിസ്സാരതയിലേയ്ക്ക് നോക്കാന്‍ മനുഷ്യര്‍ക്ക് ഭയമാണ്. പകരം, സ്വന്തം വ്യക്തിത്വത്തിന് മാറ്റ് കൂട്ടാന്‍വേണ്ടി എല്ലാ സൂത്രങ്ങളും കള്ളക്കളികളും മനുഷ്യര്‍ കണ്ടുപിടിക്കും. അതിന്, ആദ്യത്തെ പടി, അതില്‍ത്തന്നെ തീര്‍ത്തും അപ്രധാനമെങ്കിലും മനസ്സില്‍ കടന്നുകൂടിയ ഇഷ്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും അതിപ്രധാനമായ സ്ഥാനം കല്‍പ്പിച്ചുകൊടുക്കുകയാണ്. എന്നിട്ട് സ്വന്തം അഭിമാനം, കുടുംബമഹിമ, സമൂഹനന്മ തുടങ്ങിയവയെ അവയുമായി ബന്ധപ്പെടുത്തി ചിന്തിക്കും. അങ്ങനെ, അലംകൃതമായ വീട്, തേച്ചുമിനുക്കിയ ഉടയാടകള്‍, വിലയേറിയ ഉപകരണങ്ങള്‍, ചായംകൊടുത്തും ആഭരണങ്ങളില്‍ പൊതിഞ്ഞും ഗമ വരുത്തിയ ശരീരങ്ങളുമൊക്കെ ചേര്‍ത്ത്, എന്റെ യഥാര്‍ത്ഥ സത്തയുടെ സ്ഥാനത്ത് ഒരു വമ്പന്‍ അഹത്തെ സ്ഥാപിക്കുന്നു. അകം പൊള്ളയായ ഇത്തരം അഹന്തകളുടെ പ്രളയമാണ് ഇന്നത്തെ സമൂഹം. അഹന്തകളില്ലാതെ സമൂഹത്തിനും സമൂഹമില്ലാതെ അഹന്തക്കും നിലനില്‍പ്പില്ല.
എന്നാല്‍, ജീവിതത്തിന്റെ അടിത്തട്ടില്, ഹൃദയത്തിന്റെ പരമമായ അന്തര്‍ഭാഗത്ത്, ഞാന്‍ എപ്പോഴും തനിച്ചാണ് എന്ന് തിരിച്ചറിയുന്നവരിലെ ഞാന്‍ എല്ലാ നിബന്ധനകള്‍ക്കും പുറംപൂച്ചുകള്‍ക്കും അതീതനായിത്തീരുന്നു. അതായിരുന്നു ബുദ്ധന്റെയും യേശുവിന്റെയും ആഴങ്ങളുടെ രഹസ്യം.
ഞാന്‍ ആരാണെന്ന് എനിക്കറിയില്ലെങ്കില്‍, എനിക്കെന്ത് ആഴമാണുള്ളത്? എനിക്കാഴമില്ലെങ്കില്‍, എന്റെ കെട്ടിനും മട്ടിനും എന്റെ പ്രവൃത്തികള്‍ക്കും എങ്ങനെ ആഴമുണ്ടാകും? ഞാന്‍ എന്നത് അനന്യമാണ്. അത് മറ്റൊന്നിന്റെയും മറ്റാരുടെയും അനുകരണമല്ല. ഒരു തരത്തിലുമുള്ള അനുനയനത്തിനും വഴിപ്പെടേണ്ടതില്ലാത്ത ഒരു സത്തക്ക് മാത്രമേ പരമമായ സ്വാതന്ത്ര്യാനുഭവം സാദ്ധ്യമാകൂ. അതിന്റെ അല്പമായ രുചിപോലും അഹന്തകൊണ്ട് നിറഞ്ഞവര്‍ക്ക് കിട്ടില്ല. പരമമായ ഈ മോചനത്തിന് മഹാവീര്‍ കൈവല്യം എന്നാണ് പേരിട്ടത്. കൈവല്യമെന്നാല്‍ പൂര്‍ണമായ ഏകത, പരിപൂര്‍ണ തനിമ, എന്നാണര്‍ത്ഥം. എന്നെ തേടിയുള്ള ഈ യാത്ര തത്ക്കാലം ഇവിടെ നിറുത്താം. (തുടരും)
0 comments:
Post a Comment