ചുമ്മായിരിക്കുക, ധ്യാനത്തിലാവുക!
ധ്യാനത്തിന്റെ മറ്റൊരു പോസ്റ്റ് ആയി ഇടണമെന്ന് സുഹൃത്തുക്കൾ ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് അങ്ങനെ ചെയ്യുന്നു. വളരെയധികം പേരെ ആകര്ഷിക്കുന്ന വിഷയമായി മാറിയിരിക്കുന്നു ധ്യാനം.
ചെയ്യാനാവാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞു പറഞ്ഞ് സ്വയം മറക്കുകയാണ് മനുഷ്യർ മിക്കപ്പോഴും ചെയ്യുന്നത്. അവർക്ക് മുന്നിൽ പറച്ചിലിന്റെ ഒരു മല വന്നുപൊങ്ങി ഇരുവരെയും മറയ്ക്കുംവരെ ഓരോന്ന് പറഞ്ഞിരിക്കുന്നവരുണ്ട് . ചില ധ്യാനപ്രസംഗകർ പോലും അങ്ങനെയുണ്ട്. കേട്ടിരിക്കാൻ നല്ല രസം, പക്ഷേ, എല്ലാം കഴിയുമ്പോൾ, മനസ്സിൽ സൂക്ഷിക്കാൻ കൊള്ളാവുന്നതൊന്നും ബാക്കിയുണ് ടാവില്ല. ഇങ്ങനെ ലോകത്തിന്റെ മാലിന്യങ്ങളെല്ലാം പങ്കുവയ്ക്കുന്ന മാദ്ധ്യമങ്ങളും റ്റി.വി.യും റേഡിയോയും സമയത്ത് കിടന്നൊന്ന് ഉറങ്ങാൻ പോലും മനുഷ്യരെ സമ്മതിക്കുകയില്ല. ചവറ്റുകൊട്ട ചികയുന്നതല്ലാതെ മറ്റൊന്നിനും നേരമില്ലാത്തവരായി മാറിയിരിക്കുന്നു മനുഷ്യർ.
അതിനു പകരം, കുറേ നേരം ചുമ്മായിരിക്കാൻ പറഞ്ഞാൽ ആർക്കാണ് പുരികം ഉയരാത്തത്. എന്നാൽ, ചുമ്മായിരിക്കുകയും ചുമ്മായിരുന്ന് ചുറ്റും നോക്കി എത്ര ചെറുതിനെയും വലുതിനെയും കൌതുകത്തോടെ കാണാനുമാണ് നാം ശീലിക്കേണ്ടത്, ആദ്ധ്യാത്മീയതയും ഭൌതികതയും തമ്മിലുള്ള വ്യത്യാസം ആ വാക്കുകളിൽ മാത്രമാണെന്ന് അറിയുംവരെ. അപ്പോൾ ആത്മീയവാദികളും ഭൌതികവാദികളും ഇല്ലാതാകും. വിശ്വാസങ്ങൾ തമ്മിൽ സംഘർഷം അനാവശ്യമാകും. ക്യാരിസ്മാറ്റിക്കുകാരുടെ കച്ചവടം ആർക്കും വേണ്ടെന്നു വരും.
പ്രകൃതിയെ വെട്ടിയും കീറിയും വിഷം കൊടുത്തും നശിപ്പിച്ചിട്ട് വയറു നിറയ്ക്കുന്ന ഒരേയൊരു ജീവിയും മനുഷ്യനാണ്. ലോകമാലിന്യങ്ങൾ തന്നെ അയവിറക്കിക്കൊണ്ടിരിക്കുന്ന മനസ്സുകൾ അടിക്കടി വിഷലിപ്തമാകുന്നതുപോലെ വിഷമടിഞ്ഞ ഭക്ഷണം ശരീരത്തെയും നശിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ ഏറ്റവും രൂക്ഷമായ പ്രശ്നം. ഉപവാസം, മാനസിക തലത്തിലും ശാരീരിക തലത്തിലും, ധ്യാനത്തിന് ഒരുപാധിയാകേണ്ടത് എന്നത്തേക്കാളും ഇന്നാണ്. അനാവശ്യ ചുമടുകൾ ഇറക്കിവയ്ക്കുക എന്നതാണ് ഉപവാസത്തിന്റെ അർത്ഥം. നിത്യേന വിഴുപ്പലക്കുന്നവരും വിഴുപ്പു ചുമക്കുന്നവരും ധ്യാനിക്കാൻ പഠിക്കുകയില്ല. ശരീരത്തിനും ആത്മാവിനും കൊള്ളരുതാത്ത അറിവും ആഹാരവും ആശയങ്ങളും ആഗ്രഹങ്ങളും സമ്പാദ്യങ്ങളുടെ പട്ടികയും മനസ്സിൽ കുത്തിനിറച്ചുകൊണ്ട് നടക്കുകയാണ് ആധുനിക സമൂഹത്തിലെ മിടുക്കന്മാർ. അവർക്ക് ജീവാത്മാവും പരമാത്മാവും മനസ്സിന്റെ ഉപരിതലത്തിൽ മാത്രം നിഴൽ പരത്തുന്ന വിഭ്രാന്തികൾ മാത്രമായി ഒതുങ്ങിപ്പോകുന്നതിൽ എന്തുണ്ട് വിസ്മയിക്കാൻ?
ഇന്നത്തെ ആധുനിക വിദ്യകളെല്ലാം മനുഷ്യനെ മനുഷ്യനല്ലാതാക്കിത്തീർക്കുന്നു എന്നത് ഒരു സത്യമാണ്. സ്വന്തം ആകൃതിയിലും കാഴ്ചയിലും തൃപ്തിവരാതെ, ഇല്ലാത്ത 'മോടി'യുണ്ടാക്കാൻ വേണ്ടി സമയവും ശരീരവും പാഴാക്കുന്ന ഏക ജീവിയും മനുഷ്യൻ തന്നെ. മനുഷ്യജന്മം എന്തോ പവിത്രവും അനന്യവുമായ അവസ്ഥയായി ചിത്രീകരിക്കുന്നതിലൂടെ അതിന്റെ സ്വാഭാവികതയും പ്രകൃതിയോടുള്ള അഭേദ്യ ബന്ധവും നിരാകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ, അങ്ങനെയല്ല, മറ്റ് ഏത് അസ്തിത്വവും പോലെയേ ഉള്ളൂ നമ്മുടേതും എന്നംഗീകരിക്കാനുള്ള എളിമ കൈവരുന്നത് ധ്യാനത്തിലൂടെയാണ്. സ്വന്തം പ്രകൃതത്തിലേയ്ക്ക് തിരിച്ചെത്തുന്നതാണ് ധ്യാനം.
0 comments:
Post a Comment