Showing posts with label Diary. Show all posts
Showing posts with label Diary. Show all posts

'കൂട്ട്'

പണ്ടത്തെ പ്രണയാനുഭവങ്ങൾ ഓടിയെത്തുമ്പോൾ എങ്ങനെ ഞാനവയെ തടയും? പ്രിയേ, നിന്നെക്കൊണ്ട് എന്റെയുള്ള് നിറയുന്നില്ല. അത് വികസിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ പ്രണയിക്കപ്പെടുന്നതുകൊണ്ട് മാത്രം, ആഴമളക്കാനാവാത്ത പുഴപോലെ നീ ഒഴുകിക്കൊണ്ടിരുന്നു. 'സമയമായിട്ടും' യഥാർഥ പ്രണയത്തെയുണർത്താൻ നമ്മൾ ഇരുവർക്കുമായി കാത്തിരിക്കേണ്ടിവന്നു. എന്നിട്ടും ഒന്നും പഠിക്കാത്തവരെപ്പോലെ നമ്മൾ പിരിഞ്ഞു. ഇത്രയും അഴകും ആഴവുമുള്ള ഒരാളെന്ന് ഇരുവർക്കും അന്യോന്യം ബോദ്ധ്യമുണ്ടായിരുന്നിട്ടും ഒന്നും മാറ്റിവയ്ക്കാതെ നമ്മുടെ ജീവിതകുംഭങ്ങളെ ഉടച്ചുകളയുന്ന പ്രക്രിയയായിത്തീർന്നു നമുക്ക് പ്രണയം. ഇനിയൊരു മധുചഷകം നിറക്കാൻ നമ്മൾ തമ്മിൽ കണ്ടെത്തുമോ? 
(ബോബിയച്ചന്റെ 'കൂട്ട്'വായിച്ചപ്പോൾ വന്നെത്തിയ വിരഹത്തിൻറെ ഓർമ്മകൾ.) 

മൌനസുന്ദരം!

 മൌനസുന്ദരം! സന്തുഷ്ടമായ ജീവിതത്തെ ഏറ്റവും നന്നായി വാഴ്ത്താനുള്ള പദങ്ങളാണിവ. സ്വന്തം ജീവിതാനുഭവങ്ങളെപ്പറ്റി  ഇങ്ങനെ പറയാനായാല്‍, എല്ലാമായി. അങ്ങനെയുള്ളയൊരാള്‍ക്ക് ചില ഗുണങ്ങള്‍ അല്ലെങ്കില്‍  സ്വഭാവരീതികള്‍ സ്വായത്തമെന്നപോലെയാണ്. ഉദാ: ഒന്നിലും എടുത്തുചാടാതിരിക്കുക, അധികം ചെയ്തുകൂട്ടാനുള്ള ആഗ്രഹമില്ലാതിരിക്കുക, അത്യാവശ്യമില്ലാത്തവ ആഗ്രഹിക്കാതിരിക്കുക, ചെയ്യേണ്ടവ തന്നെ പതിയെ ചെയ്യുക എന്നതൊക്കെ. ഈ ഗുണങ്ങള്‍ ജീവിതത്തെ ലളിതസുന്ദരമാക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്ങനെയെന്നു നോക്കാം.

സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ വലിയ സ്പീഡും അതോടൊപ്പം നമുക്ക് വളരെ ഒഴിവുസമയവും തരുന്നുണ്ട്. സ്പീഡ് കൂടുന്നത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉപകരിക്കുമെന്നത്‌ ശരിയാകാം, പക്ഷേ, ചെയ്യുന്നതെന്തും അറിഞ്ഞും അനുഭവിച്ചും ചെയ്യുന്നത് തടയാനും ഇത് കാരണമാകാം. ആധുനിക മനുഷ്യന്റെ ജീവിതം മുഴുവന്‍ സ്വിച്ചുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒന്ന് ഓഫ്‌ ചെയ്യുമ്പോള്‍ മറ്റൊന്ന് നമ്മള്‍ ഓണ്‍ ആക്കിയിരിക്കും. അതിന് അധികം ശ്രദ്ധ വേണ്ടിവരുന്നില്ല. എന്നാല്‍, ഒന്ന് നാം മറക്കുന്നു. അതായത്, അത്യാവശ്യത്തിനു ശ്രദ്ധയില്ലാതെ ചെയ്തുപോകുന്നതൊന്നും നമുക്ക് ആസ്വദിക്കാനാവില്ല എന്നത്. അക്കൂടെ, പോക്കറ്റിലും ചെവിയിലും ഒക്കെയായി കൊണ്ടുനടക്കാവുന്ന സങ്കീര്‍ണ്ണോപകരണങ്ങള്‍ നാമറിയാതെ നമ്മില്‍ നിന്ന് നമ്മെ അപഹരിക്കുകയാണ്. iPhone ഉപകാരപ്രദമാണ്, എന്നാല്‍ അതിന്റെ നിരന്തരമായ ഉപയോഗം പ്രകൃതിയിലെ സ്വരങ്ങളെ നമുക്ക് അപരിചിതങ്ങളാക്കാം. അറിവുശേഖരവും ലോകമൊട്ടുക്ക് കൂട്ടായ്മയും ഇന്റര്‍നെറ്റ്‌വഴി ഇന്ന് സാദ്ധ്യമായിരിക്കുന്നു. എന്നാല്‍, ആവശ്യത്തിലധികം ബന്ധങ്ങളെയും അവ സൃഷ്ടിക്കുന്നു. Facebook, Twitter, Orkud തുടങ്ങിയവയിലേയ്ക്കുള്ള നിലക്കാത്ത ക്ഷണങ്ങള്‍ നിരസ്സിക്കാനറിയാതെ വരുമ്പോള്‍, ചിലന്തിവലയില്‍ പെട്ടുപോയ പറവയെപ്പോലെയാകുന്നു നമ്മുടെ വ്യക്തിത്വം.

ഇന്നത്തെ ചുറ്റുപാടുകളില്‍, നമ്മുടെ പ്രവര്‍ത്തനങ്ങളെ സാവധാനമാക്കുക എന്നത് മനപ്പൂര്‍വം പരിശീലിക്കേണ്ട ഒരു ഗുണമായി കാണേണ്ടതുണ്ട്. സാവകാശം ഇല്ലാതെ ചെയ്തുപോകുന്നവ നമ്മെ ഒരിടത്തും നിലയുറക്കാത്ത ഒരു പരുവത്തിലെത്തിക്കുമെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. ആന്തരികമായ വിശ്രാന്തിയില്ലാതെ വരുമ്പോള്‍, നമുക്ക് തന്നെ നാം കൈവിട്ടുപോകുന്നു. കാരണം, എന്തിന്റെയുമെന്നപോലെ, നമ്മുടെയും ഉള്ള് വിശ്രാന്തിയാണ്. വിശ്രാന്തിയില്ലാത്തിടത്ത്‌ ഉള്ളില്ല എന്നും പറയാം. ഭൌതികമായവ്യ്ക്ക് ആയിരിക്കാനുള്ള അവസ്ഥയെ space  എന്ന് വിളിക്കുന്നതുപോലെ, ആത്മാവിന്റെ, അഭൌമാമായതിന്റെ, അസ്തിത്വത്തിനുള്ള condition ആണ് മൌനം അല്ലെങ്കില്‍ വിശ്രാന്തി. space എന്താണോ അതുപോലെതന്നെ മൌനവും ഒരു വസ്തുവല്ല, ഒരവസ്ഥയാണ്. ഈ വരികള്‍ വായിക്കുമ്പോള്‍ അവയ്ക്ക് അര്‍ത്ഥം ഉണ്ടാക്കുന്നത്‌ വായനക്കാരന്റെ ഉള്ളിലെ മൌനമാണ്. അതില്ലാതെ വാക്കുകള്‍ വെറും സ്വരമോ കടലാസിലെ വരകളോ മാത്രമാണ്. ഈ ലോകം മുഴുവന്‍ ഇത്തരം തുടര്‍സ്വരങ്ങളും വരകളുമാണ്. അവയ്ക്ക് അര്‍ത്ഥം നല്‍കുന്നത് നമുക്കുള്ളിലെ മൌനമാണ്.

ഏത്‌ തരത്തിലുള്ള ആസ്വദനാവും, ഓരോന്നിനും ഉള്ളിലുള്ള ഈ മൌനത്തെ കണ്ടെത്തുകയാണ്. മുമ്പിലുള്ളതെന്തോ അതുമായി താദാത്മ്യം പ്രാപിക്കുകയാണ്. പ്രൌഢമായ ആകാരമുള്ള ഒരു മരത്തിന്റെ മുമ്പില്‍ നിന്ന് അതിന്റെ ഗാംഭീര്യം അനുഭവിക്കുക എന്നാല്‍ എന്താണ്? എങ്ങനെയോ അതിന്റെ ശക്തി നമ്മിലേയ്ക്ക് പ്രവഹിക്കാന്‍ അനുവദിക്കുക എന്നല്ലേ അതിന്റെയര്‍ത്ഥം? ഒരു പൂവിന്റെ സാമീപ്യം നമ്മെ ആഹ്ലാദിപ്പിക്കുന്നത് എന്തുകൊണ്ടാണ്? തീര്‍ച്ചയായും, അതിന്റെ രൂപവും ഗന്ധവും മൃദുത്വവും നിറങ്ങളുമെല്ലാം നമ്മുടെ ആത്മാവിന്റെ ഭാഗമായിത്തീരുന്നതായി തോന്നുന്നതുകൊണ്ട്. അത് അന്യന്റെ തോട്ടത്തിലാണല്ലോ, അറുത്തെടുക്കാന്‍ എനിക്കാവില്ലല്ലോ തുടങ്ങിയ സ്വാര്‍ത്ഥചിന്തകള്‍ അലട്ടുവോളം, ഒരു പൂവും നമ്മെ വശീകരിക്കാന്‍ പോകുന്നില്ല. എന്റെ ആത്മാവിന്റെ ഉള്ളില്‍ വിരിയാത്ത ഒരു പൂവിനേയും എനിക്ക് ആസ്വദിക്കാനാവില്ല എന്നതാണ് സത്യം. ജീവിതത്തിലെന്നെങ്കിലും സ്നേഹത്തില്‍ നമ്മെ കുടുക്കിയ ഒരാളെപ്പറ്റിയുള്ള ഓര്‍മ്മ നമ്മെ സുഖിപ്പിക്കുന്നത് എപ്പോഴാണ്, അല്ലെങ്കില്‍ എന്തുകൊണ്ടാണ്? ഒരുമിച്ചിരുന്നു പങ്കുവച്ച കഥകള്‍ ഓര്‍ക്കുമ്പോഴാണോ? ഇപ്പോള്‍ അവന്‍/അവള്‍ അടുത്തില്ലല്ലോ എന്ന ചിന്തയില്‍ മനസ്സ് നോവുമ്പോഴാണോ? അവന്റെ/അവളുടെ വശ്യമായ അംഗവിഹാരങ്ങള്‍ ഭാവനയില്‍ ഇക്കിളികളെ ഉണര്‍ത്തുമ്പോഴാണോ? ഒരിക്കലുമല്ല. മറിച്ച്, ഒരിക്കല്‍ അവള്‍/അവന്‍ എന്റെയാത്മാവിന്റെ മൌനതീരങ്ങളില്‍ കുളിര്‍മ്മയുടെ സാന്നിദ്ധ്യമായിരുന്നതുകൊണ്ടാണ്. ആത്മാവുകള്‍ തമ്മില്‍ തൊട്ടറിയുന്നത് മൌനത്തിന്റെ കരവലയങ്ങലിലാണ്, അവിടെ മാത്രമാണ്.

ഭാഷയും ചിന്തയും നമ്മെ അകറ്റുന്നു. എവിടെയും എല്ലാറ്റിലും, മൌനമാണ് ഒരുമിപ്പിക്കുന്ന ഘടകം. എന്ത് സംഭവിച്ചു, എന്ത് സംഭവിക്കും എന്നതൊക്കെ ആത്മാവിന്റെ ലാഘവത്വത്തെ നശിപ്പിക്കുന്നു. ആനശ്വരതയാണ് ആത്മാവിന്റെ സൌന്ദര്യം. പരസ്പരം അത് കണ്ടെത്തുന്നവരാണ് യഥാര്‍ത്ഥ പ്രേമികള്‍. ഏറ്റുവും വലിയ സംഗീതാസ്വാദകരും അവര്‍തന്നെ.         

സംഗീതത്തിന്റെ ആത്മാവെന്താണ്? വളരെ കഴിവുള്ള ചെറുപ്പക്കാര്‍ വിസ്മയകരമായ കൃതകൃത്യതയോടെ പാടുന്നത് റിയാലിറ്റി ഷോകളില്‍ നാം കാണുന്നു. എന്നാല്‍ അവിടെ സംഗീതം ആസ്വദിക്കപ്പെടുന്നില്ല, കേള്‍ക്കപ്പെടുന്നേയുള്ളൂ, കാണപ്പെടുന്നേയുള്ളൂ. ഉള്ള സംഗീതത്തിന്റെ സാരാംശത്തെ മുഴുവന്‍ ചുറ്റും വിലസുന്ന ഡാന്‍സ്കാരുടെ കാടന്‍ ചലനങ്ങളും സ്റ്റേയ്ജിലെ നിറപ്പകിട്ടും ചിതറിച്ചുകളയുകയാണ് ചെയ്യുന്നത്. എന്തെന്നാല്‍,  സംഗീതം കണ്ണിന്റെയും കാതിന്റെയും അനുഭവമല്ല, ആത്മാവിന്റേതാണ്. ചിന്തയും കാഴ്ചയും ആത്മാനുഭവത്തെ അസ്സാദ്ധ്യമാക്കുമെന്നു പറഞ്ഞു. സ്വരങ്ങള്‍ താളലയമായി ആത്മാവില്‍ തൊടണമെങ്കില്‍ അവ മൌനത്തില്‍ പൂണ്ടിരിക്കണം. സംഗീതത്തിന്റെ കാതല്‍ മൌനമില്ലാതെ നിലനില്‍ക്കില്ല എന്നുതന്നെ.

ഗ്രിഗോറിയന്‍ സംഗീതം എന്തെന്ന് അറിയുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, അതില്‍ വാദ്യോപകരണങ്ങളുടെ ഉപയോഗം നന്നേ കുറവാണ്. നിറഞ്ഞൊഴുകുന്ന ഒരു നദി പോലെ ഘനഗംഭീരമായ സ്വരങ്ങള്‍ തമ്മില്‍ ലയിച്ച് ചുറ്റും വ്യാപിക്കുന്ന അനുഭവമാണ് അതിന്റേത്. ഇന്നും, നമ്മുടെ നാട്ടില്‍ പോലും, ഈ ശൈലിയില്‍ ആകൃഷ്ടരായവര്‍ അതുപയോഗിച്ചുള്ള സംഗീതരചന നടത്തുന്നുവെന്ന് ഈയിടെ പരിചയപ്പെട്ട ഒരു പാലാക്കാരന്‍ സുഹൃത്ത് വെളിപ്പെടുത്തി.* സംഗീതത്തിലെ മൌനത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാനും എഴുതാന്‍ ശ്രമിക്കാനും അദ്ദേഹമാണ് ഉത്തേജനമായത്.

Eckhart Tolle യുടെ Stillness Speaks എന്നൊരു പുസ്തകമുണ്ട്.** നമ്മുടെ മനസ്സിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് രക്ഷനേടാന്‍ ഒരു വഴിയേയുള്ളൂ - പ്രകൃതിയെ കണ്ടു പഠിക്കുക - എന്നദ്ദേഹം പറയുന്നു. ചിന്തകളുടെയും ഓര്‍മ്മകളുടെയും, ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളുടെയും സങ്കീര്‍ണ്ണസാഗരത്തില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍, പാറകളും പര്‍വ്വതങ്ങളും മരങ്ങളും മൃഗങ്ങളും ഏറ്റവും അധികം ചെയ്യുന്നതെന്തോ അത് നാമും ചെയ്യാന്‍ പഠിക്കണം - വെറുതേയിരിക്കുക, വിശ്രാന്തിയെന്തെന്നു കണ്ടെത്തുക. ഒരു കല്ലിനെയോ ചെടിയെയോ ജീവിയെയോ ശ്രദ്ധിക്കുക എന്നാല്‍, അതിനെപ്പറ്റി ചിന്തിക്കുക എന്നല്ല, വെറുതേ അതിന്റെ സാന്നിദ്ധ്യത്തെപ്പറ്റി ബോധമുണരുക എന്ന് മാത്രമാണ്. അത് മാത്രം മതി, അതിന്റെയും നമ്മുടെയും അസ്തിത്വം ഒന്നാണെന്നും അത് തന്നെയാണ് ഉണ്മയുടെ മഹത്വമെന്നുമുള്ള തിരിച്ചറിവുണ്ടാകാന്‍ എന്ന് റ്റോളെ എഴുതുന്നു. മൌനമായി ഏതൊന്നിന്റെയും സാന്നിദ്ധ്യത്തെ ശ്രദ്ധിക്കുമ്പോള്‍, അതിന്റെ ഉണ്മ, ആത്മാവ്, നമ്മുടേതുമായി താദാത്മ്യം തേടുന്നു, കണ്ടെത്തുന്നു. അതിന്റെ ധന്യമായ വിശ്രാന്തി നമ്മുടേതായിപ്പരിണമിക്കുന്നു. അനന്യമായ ഒരു പാരസ്പര്യം ഉടലെടുക്കുന്നു. കാരണം, അസ്തിത്വത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി, മനുഷ്യരെപ്പോലെ, ഇവയൊന്നും യുദ്ധത്തിലല്ല, മറിച്ച്, അങ്ങേയറ്റം ഐക്യത്തിലാണ്. ആയതിനാൽ മൌനസുന്ദരമായ ഒരനുഭൂതിയില്‍ അവ നമ്മെ കൊണ്ടെത്തിക്കാൻ അവയ്ക്ക് സാധിക്കുന്നു.       
                  
അവനവനായിരിക്കുന്നതില്‍ സന്തുഷ്ടി കണ്ടെത്തുക എന്നതാണ് നാം പ്രകൃതിയില്‍ നിന്ന് പഠിക്കേണ്ടത്. അതില്ലാത്തതാണ് മനുഷ്യന്റെ എല്ലാ വ്യഗ്രതകള്‍ക്കും കാരണം. അവന്റെ വ്യഗ്രത മുഴുവന്‍ സ്വന്തമല്ലാത്ത ഭാവവും ഭംഗിയും അന്യര്‍ക്ക് മുമ്പില്‍ പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുക എന്നതിലാണ്. ഒരിക്കലും തീരാന്‍ സാദ്ധ്യമല്ലാത്ത കഷ്ടപ്പാട് തന്നെയാണത്. അതുകൊണ്ടുതന്നെ ആന്തരികമായ വിശ്രാന്തിയുടെ നേരിയ അനുഭവം പോലും അത്തരക്കാര്‍ക്ക് കൈവരുന്നില്ല. ആസ്വാദനശേഷിയുടെ ആദ്യ നിബന്ധന തന്നെ സ്വയം അംഗീകരിക്കാനാവുക എന്നതാണ്. ഒരു നല്ല ഉദാഹരണമാണ് മനുഷ്യന്റെ ഏറ്റവും ആത്മാര്‍ത്ഥ സുഹൃത്തായ നായക്ക് അതിന്റെ യജമാനനോടുള്ള ബന്ധം. തന്റെ എല്ലാ ശ്രദ്ധയും യജമാനന്റെ സേവനത്തിനായി ഉഴിഞ്ഞു വയ്ക്കാന്‍ അതിനെ പ്രേരിപ്പിക്കുന്നത് അതിന്റെ സ്വായത്തമായ, ഒട്ടും സ്വാര്‍ത്ഥത കലരാത്ത, സ്നേഹവും നന്ദിയും നിരന്തരമായ കളിഭാവവും ആണ്. യജമാനന്‍ ആകുലനോ വിഷാദിയോ സന്തുഷ്ടണോ എന്നതൊന്നും നായയുടെ സേവനത്തെ ബാധിക്കില്ല. നല്ല ഉറക്കത്തിലും അവന്റെ ഉള്ളില്‍ യജമാനന്റെ നന്മയാണ്, അയാളോടുള്ള അടുപ്പവും വിശ്വാസവുമാണ് പ്രഥമം. മുറ്റത്ത് ഗാഢനിദ്രയില്‍ ആണ്ടുകിടക്കുന്ന എന്റെ പട്ടി ഞാനുണ്ടാക്കുന്ന കാലൊച്ചയൊ മറ്റ് സ്വരമോ കേട്ടാല്‍ കണ്ണൊന്നു തുറക്കുകയോ ചെവി കൂര്‍മ്പിക്കുകയോ ഇല്ല. എന്നാല്‍ മറ്റാരെങ്കിലുമാണ് നടന്നടുക്കുന്നത് എങ്കില്‍ അവന്‍ ക്ഷണത്തില്‍ തിരിച്ചറിയുകയും ചെയ്യും. അതാണ്‌ മൗനസാന്ദ്രമായ ശ്രദ്ധയില്‍ നിന്ന് രൂപംകൊള്ളുന്ന താദാത്മ്യം.

മിക്ക മനുഷ്യര്‍ക്കും വളര്‍ത്തിയെടുക്കേണ്ട ഒരു ഗുണമാണിത്. എന്നാല്‍, മനുഷ്യനൊഴിച്ചുള്ളതിനെല്ലാം ഈ സംശുദ്ധി, ഈ നിഷ്ക്കളങ്കത സ്വാഭാവികമാണ്. അതേ പാരസ്പര്യം കണ്ടെത്തിയ ചുരുക്കം ചിലര്‍ക്ക് ഒന്നിനോടും ഭയമില്ലാതാകുന്നതും ശ്രദ്ധേയമാണ്. ഇതിന് ഒന്നാന്തരം ഉദാഹരണമായിരുന്നു ചട്ടമ്പിസ്വാമികള്‍. വന്യമൃഗങ്ങളും ക്ഷുദ്രജീവികളും അദ്ദേഹത്തിന്‍റെ സാമീപ്യം തേടിയിരുന്നു. സസ്യങ്ങളോടും മൃഗങ്ങളോടും അദ്ദേഹം സുഹൃത്തുക്കളോടെന്നപോലെ സംസാരിച്ചിരുന്നു. വി. ഫ്രാന്‍സിസും അങ്ങനെയായിരുന്നല്ലോ. പ്രകൃതിക്ക് പൊതുവായ ഒരു ഭാഷയുണ്ടെന്നല്ലേ ഇതിനര്ത്ഥം? വാക്കുകള്‍ ആവശ്യമില്ലാത്ത ഒരു ഭാഷ. സാന്ദ്രസുന്ദര മൌനം എന്നതിനെ വിളിക്കാം.

ഗിരീഷിനെന്തിന് ഷര്‍ട്ട്‌?

ഗിരീഷിനെന്തിന് ഷര്‍ട്ട്‌?


സാധാരണ ഒരു ദിനപ്പത്രവും വായിക്കാത്ത എനിക്ക് യാദൃശ്ചികമായി ഒരു വീടിന്റെ മുമ്പില്‍ കിടന്ന ഇന്നത്തെ മനോരമയില്‍ കണ്ട ഒരു വാര്‍ത്ത ഇഷ്ടപ്പെട്ടു. പെരുമ്പിലാവ് എന്ന സ്ഥലത്ത്, എന്‍പിആറില്‍ പേര് ചേര്‍ക്കാന്‍ ചെന്ന ഗിരീഷ്‌, ഷര്‍ട്ടിടാതെ ഫോട്ടോ എടുക്കില്ലെന്ന സര്‍ക്കാര്‍ ജോലിക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങാതെ, ആ കാരണം എഴുതിവാങ്ങി തിരികെപ്പോയ വാര്‍ത്ത. ലളിതജീവിതത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി, ഗാന്ധിജിയെ അനുകരിച്ച്, ഷര്‍ട്ട്‌ ഉപേക്ഷിച്ച അയാളെ അക്കാര്യത്തില്‍ തിരുത്താന്‍ ആര്‍ക്കാണധികാരം? ദേശീയ ജനസംഖ്യാ റജിസ്റ്ററില്‍ ഐഡന്റിറ്റിക്കുവേണ്ടിയാണ് ഫോട്ടോ ചേര്‍ക്കുന്നതെങ്കില്‍, ഷര്‍ട്ടിടാത്ത ഫോട്ടോയ്ക്കല്ലേ കൂടുതല്‍ ഫലം? പിന്നെയെന്തിന് ഈ നിര്‍ബന്ധം?

മറ്റു മനുഷ്യര്‍ക്ക്‌ ഉതപ്പാകാത്ത ഏതു വേഷവും മനുഷ്യര്‍ക്ക്‌ ധരിക്കാം. ഭൂരിഭാഗത്തിന്റെ ശീലം അത് ആഗ്രഹിക്കാത്തവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ന്യായമൊന്നുമില്ല. ഞാനും ഇക്കാര്യത്തില്‍ ചില വ്യക്തിപരമായ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് എന്നതുകൊണ്ടായിരിക്കാം എനിക്ക് ഈ വാര്‍ത്തയില്‍ താത്പര്യം തോന്നിയത്. ഞാന്‍ വസ്ത്രം ധരിക്കുന്നത് എന്നെ മോടിപ്പെടുത്താനല്ല, എന്റെ ശരീരത്തിന്റെ പേരില്‍ എനിക്ക് നാണം തോന്നിയിട്ടും അല്ല. എന്റെ നഗ്നത ആര്‍ക്കും ശല്യമാകരുത് എന്ന ഒറ്റ ചിന്തകൊണ്ടാണ് ഞാനെന്തെങ്കിലും 
ധരിക്കുന്നത്. ഞാന്‍ ധരിക്കുന്ന വസ്ത്രം അന്യരെ സുഖിപ്പിക്കാന്‍ മാത്രം മെച്ചപ്പെട്ടതാണോ എന്നത് എന്റെ വിഷയമല്ല. വളരെ വര്‍ഷങ്ങളായി, എന്റെ മക്കള്‍ ഉപേക്ഷിച്ചവയാണ് ഞാന്‍ സ്ഥിരം ഉപയോഗിക്കുന്നത്. അതുതന്നെ ധാരാളം.

മിക്കവരും ചില മാമൂലുകള്‍ക്ക് അടിമപ്പെട്ടുപോയവരാണ്. ആരെങ്കിലും അത് തെറ്റിക്കുന്നത് കാണുമ്പോള്‍ അത്തരക്കാര്‍ അന്ധാളിക്കും. രണ്ടു ദിവസം മുമ്പ് ഞാന്‍ പെരിങ്ങുളത്തുനിന്ന് പാലാ വരെ ബസ്സില്‍ പോയത് ഒരു ലുങ്കിയും അല്പം കീറിയ ഷര്‍ട്ടും ധരിച്ചാണ്. ആരെങ്കിലും എന്നെ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല. ഏതായാലും പാലായില്‍ വച്ച് കണ്ട രണ്ടുമൂന്നു സുഹൃത്തുക്കള്‍ ചോദിച്ചു, ഇതെന്താ ഇങ്ങനെ? ധൃതിക്ക് ഇറങ്ങിപ്പോരേണ്ടി വന്നതാണോ? എന്നൊക്കെ. അല്ല, ദൂരെപ്പോകാന്‍ അലക്കിത്തേച്ച വെളുത്ത മുണ്ടും ഷര്‍ട്ടും വേണമെന്ന് ഒരിടത്തും എഴുതി വച്ചിട്ടില്ലല്ലോ? പാന്റ്സ് ധരിക്കുന്നവര്‍ എല്ലാ നിറത്തിലും തരത്തിലുമുള്ളവ ഉപയോഗിക്കുന്നു. എങ്കില്‍, തുണിയും ഏതെങ്കിലും നിറത്തിലോ പല നിറങ്ങളിലോ ആകുന്നതില്‍ എന്താ കുഴപ്പം? എതായാലും അവര്‍ക്കാര്‍ക്കും അതില്‍ ആലോസരം തോന്നിയില്ല. എന്നാല്‍ എന്റെ ബന്ധുക്കള്‍ എന്നെ പാലായില്‍ വച്ച് അങ്ങനെ കണ്ടിരുന്നെങ്കില്‍ നെറ്റി ചുളുക്കിയേനെ. ഉള്ളില്‍ തെറിയും പറഞ്ഞേനേ. അവരൊക്കെ ഒന്നാന്തരം RCകളും തറവാടികളുമാണെന്നു കണ്ടോണം. എന്നാലും ഇത് ഞാന്‍ ആവര്‍ത്തിക്കും. ചുരുക്കം ചിലര്‍ക്കെങ്കിലും അത് കരുത്തുപകരും എന്ന് ഞാന്‍ കരുതുന്നു. പണ്ട്, വയറും പുറവും ഏതാണ്ട് നഗ്നമാക്കുന്ന, സാരിമാത്രം ഉടുത്ത് പുറത്തിറങ്ങിയിരുന്ന മലയാളി വനിതകള്‍ എത്ര പെട്ടെന്നാണ് ചുരിദാറിലേയ്ക്കും സാല്‍വാര്‍ കമ്മിസി
ലേയ്ക്കും മാറിയത്. അതുപോലെ മലയാളി പുരുഷന്മാര്‍ ലുങ്കി ഒരു ഔദ്യോഗിക വസ്ത്രമായി കാണുന്ന കാലം പെട്ടെന്ന് തന്നെ വരാം. ഇത്തരം കാര്യങ്ങളില്‍ പിടിവാശി അസ്ഥാനത്താണ് എന്ന് മാത്രമേ ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

തുടക്കവും ഒടുക്കവും

തന്റെ ജീവിതത്തിന്റെ അവസാന നിമിഷത്തിൽ അയാളൊരു സ്വപ്നത്തിൽ കണ്ടു, ദൈവം ഒരു കൊച്ചു പെട്ടിയുമായി അടുത്തേയ്ക്ക് വരുന്നത്. "സമയമായി, കുഞ്ഞേ, പോരാനൊരുങ്ങിക്കോളൂ." ദൈവം പറഞ്ഞു.
ഇത്ര വേഗം? എനിക്ക് പലതും ചെയ്യാൻ ബാക്കികിടക്കുന്നല്ലോ. അങ്ങയുടെ കൈയിലെന്താണ്?
"നിന്റെ സാധനങ്ങളാണ്", ദൈവം മൊഴിഞ്ഞു.
"എന്റെ കാശും തുണിയുമൊക്കെയോ?"
"അവയൊക്കെ ഈ ഭൂമിയുടേതല്ലേ, മോനേ?"
"അങ്ങനെയെങ്കിൽ, എന്റെ ഒർമകളോ?"
"അവയെല്ലാം സമയത്തിന്റേതാണ്, നിന്റെയല്ല."
"അപ്പോൾ പിന്നെ എന്റെ വാസനകളും കഴിവുകളുമോ?"
"അവയെല്ലാം നീ ജീവിച്ച സാഹചര്യത്തിന്റേതാണ്, നിന്റെയല്ല."
"എങ്കിൽ, എന്റെ കുടുംബവും സുഹൃത്തുക്കളുമോ?"
"നീ വഴിയിൽ കണ്ടുമുട്ടിയവർ മാത്രമാണവർ."
"ഇവയൊന്നുമല്ലെങ്കിൽ, അവസാനമായി, അതിലുള്ളത് എന്റെ ആത്മാവായിരിക്കണം."
"നിന്റെ ആത്മാവ് എന്റേതാണ്. "
അതോടെ ദൈവത്തിന്റെ കൈയിൽ നിന്ന് ആ പെട്ടി അപ്രത്യക്ഷമായി.

ജീവിതം എന്നത് നാം ജീവൻ നല്കുന്ന ഓരോ നിമിഷവുമാണ്. ആദ്യത്തേതായാലും അവസാനത്തേതായാലും, നന്ദിയോടെ സ്വീകരിക്കുകവഴി അതുമാത്രം, അതും ആ നിമിഷത്തേയ്ക്ക് മാത്രം, നമ്മുടേതാകുന്നു. അതിനപ്പുറത്തും ഇപ്പുറത്തുമുള്ളത് തന്റേതാക്കാൻ നോക്കുന്നവൻ ജീവിക്കുന്നേയില്ല. അത്തരക്കാർ അഭിമുഖീകരിക്കുന്നത് ശൂന്യതയെയാണ്. കാരണം, തുടക്കവും ഒടുക്കവും ഒരേയൊരു നിമിഷമാണ്.

(bbpp യുടെ ഒരു കഥയുടെ പുനരെഴുത്ത്)  

ആയിരിക്കുക എന്നത് പരിപൂർണമാണ്

ഡയറി എഴുതുക എന്നത് വളരെക്കാലം മുമ്പുതൊട്ടുള്ള എന്റെ ശീലമാണ്. എഴുതണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ അഛൻ ഒരു ഡയറി സൂക്ഷിക്കാറുണ്ടായിരുന്നു. അതറിഞ്ഞുകഴിഞ്ഞും സമയമെടുത്തു, എനിക്ക് സ്വയം അങ്ങനെ തോന്നാൻ. പിന്നെപ്പിന്നെ ദിവസവും ഓരോതരം കൈപ്പടയിൽ എഴുതുക എനിക്ക് രസകരമായി തോന്നി. അങ്ങനെ ഒരു പത്തുതരത്തിലുള്ള കൈയക്ഷരം എനിക്കനായാസമായിത്തീർന്നു. വെറുതേ കിടക്കുമ്പോൾ ഇപ്പോഴും എന്റെ കൈവിരലുകൾ വായുവിൽ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. മറ്റു ഭാഷകളെയപേക്ഷിച്ച് മുന്നാക്കത്തിൽ തന്നെ വളഞ്ഞുപുളഞ്ഞുള്ള മലയാളത്തിന്റെ പോക്ക് എന്നെ ആസ്വദിപ്പിക്കുന്നു. ഉദാ. ഇംഗ്ളീഷിലും ഹിന്ദിയിലും ഉള്ളതുപോലെ കൈയുടെ ചലനം പിന്നോട്ട് പോകേണ്ട അക്ഷരങ്ങൾ ഭാഷയിൽ ഒന്നുരണ്ടെയുള്ളൂ.

എല്ലാ സ്കൂളുകളിലും കയറിയിറങ്ങി, ഡയറിയെഴുതുന്നതിന്റെ നല്ല ഗുണങ്ങൾ പറഞ്ഞുകൊടുക്കണമെന്ന്  ആഗ്രഹിക്കാറുണ്ട്. ഞാൻ എനിക്കുവേണ്ടിത്തന്നെ കുറിച്ചിട്ടിരുന്നവയിൽ ചിലത് വായിക്കാനിടയായപ്പോൾ അതാസ്വദിക്കുന്നവർ ഉണ്ടെന്നറിയുന്നത്‌ സന്തോഷകരമാണ്. ആരും കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഇടയ്ക്കു പഴയ കുറിപ്പുകൾ ഒന്നുകൂടെ നോക്കുമ്പോൾ ഒരു സുഖമുണ്ട്. എന്നാൽ  അതിലെന്തിരിക്കുന്നു? വാക്ക് നേരെയായാൽ പോക്ക് നേരെയാകും; പോക്ക് നേരെയായാൽ വാക്കും നേരെയാകും എന്നതിരിക്കുന്നു.
വന്ദനം സൃഷ്ടി സ്ഥിതിലയ ഭാവികേ
വന്ദനം സർവ പുരുഷാർഥസാധികേ
വന്ദനം ലോക ശുഭസുഖദായികേ
വന്ദനം വാക്കിന്നനശ്വരനായികേ.

12. 10. 2007
Cosmic Coincidences (Gribbin and Grees) കാണാനിടയാക്കിയത് എന്റെ മകനാണ്. ബഹിരാകാശസംഭവങ്ങളിൽ താത്പര്യം കണ്ടെത്തിയ അവൻ എങ്ങനെയോ അതെനിക്കും പകർന്നുതന്നു. ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ അതിപ്രധാനമാണ്. ("All states of motion must be equal in the eyes of physical law. All uniform motion is relative.") അതനുസരിച്ച്, നമ്മൾ എങ്ങനെ ചരിച്ചുകൊണ്ടിരുന്നാലും, എന്തെല്ലാം മാറ്റങ്ങള്ക്ക് നമ്മൾ വിധേയരായാലും, പ്രകൃതിനിയമങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്. സൗന്ദര്യത്തിന്റെ ഏകത്വത്തെ, അല്ലെങ്കിൽ ഏകത്വത്തിന്റെ സൗന്ദര്യത്തെ അന്വേഷിച്ചുപോയിയാണ് ഐൻസ്റ്റൈൻ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

അതേപ്പറ്റി മനനം ചെയ്ത്, ഞാനെന്ന പരമാണു ചോദിക്കുന്നു, എന്തുകൊണ്ട് ഞാനിവിടെ, വേറൊരിടത്തല്ല? എന്തുകൊണ്ട് ഞാനിപ്പോൾ, മറ്റൊരു സമയത്തല്ല? എന്തുകൊണ്ട് ഈ ചോദ്യംതന്നെ ഇപ്പോൾ, നേരത്തെ അല്ലെങ്കിൽ പിന്നീടായില്ല? എന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം യാദൃശ്ചികതയാണ്. ഒന്നും ഞാനറിഞ്ഞു സംഭവിക്കുന്നതല്ല. എനിക്കായിരിക്കാവുന്നയിടത്തിനും സമയത്തിനും എവിടെയാണ് പരിധി? അതിനർഥം, ഞാൻ വന്നുപെട്ടിരിക്കുന്നത് അനന്തതയിലേയ്ക്കാണ്  എന്നല്ലേ? അതെന്നെ ആഹ്ളാദിപ്പിക്കുന്നു, എനിക്ക് ഭയമില്ല. അനന്തതയിൽ ഭയത്തിന് കാരണമില്ല. ഞാൻ എന്ന് പറയാതെ ഞാൻ എന്നുമുണ്ടായിരുന്നെങ്കിൽ ഈ വിഹായസിൽ എനിക്കെങ്ങനെ, എന്തിനെ ഭയപ്പെടാനാകും? അതായത്, തനിയെ ആയിരിക്കുന്നതും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം? ഞാനറിയുകപോലും ചെയ്യാതെ, എല്ലാമാകാൻ പോന്നൊരു പരമാണുവാണു ഞാൻ.  ആരുമായിരിക്കാമെങ്കിൽ, ഓരോന്നും ഞാൻ തന്നെയാണ്; ഞാനെല്ലാമാണ് - അതിനുള്ള സാദ്ധ്യതയാണ് ഞാൻ. അനന്തതയിൽ, സാദ്ധ്യത എന്നത് ആയിരിക്കുന്നതിനു തുല്യമാണ്. അതുപോലെ, എല്ലാമറിയുന്നതും ഒന്നുമറിയാത്തതും സമം. എനിക്കപുറത്തേയ്ക്ക് പ്രതിഫലിക്കുന്ന ഒരു പ്രതിച്ഛായക്ക് ഒരർഥവുമില്ല. ആയിരിക്കുക എന്നത് പരിപൂർണമാണ്.

Tel. 9961544169 / 04822271922

'മ'

26. 11. 2007

നാഴികമണിയുടെ സൂചികളെ ദിവസത്തിന്റെ കാലുകളായി സങ്കല്പിച്ചാൽ, ഇന്നിൽനിന്ന് നാളെയിലേയ്ക്കുള്ള എടുത്തുചാട്ടത്തിന് ഒരുങ്ങുകയാണവ എന്ന് പറയാം. വൈകീട്ട് എഴരമണിക്ക് ആല്ലെർഹൈലിഗെൻബെർഗ് (Allerheiligenberg) എന്ന മലമ്പ്രദേശത്തുകൂടെ നടക്കാനിറങ്ങിയപ്പോൾ (900 മീറ്റർ ഉയരമുള്ള ഈ സ്വിസ് മൌണ്ടനിലാണ് 1981 മുതൽ 19 വർഷം ഞാനും കുടുംബവും താമസിച്ചിരുന്നത്.) പൂർണചന്ദ്രൻ കിഴക്കുനിന്ന് ഒളിഞ്ഞുനോക്കുകയായിരുന്നു. ഇപ്പോഴത്‌ 500 മീറ്റർ താഴെയുള്ള ഞങ്ങളുടെ വീടിന്റെ നേർമുകളിൽ എത്തിയിട്ടുണ്ട്. തെളിഞ്ഞു ശുദ്ധമായ നീലാകാശമാണിന്ന്. ഒരു A4 താളിന്റെ ഒരരികിൽ ഒരു കലാകാരൻ വരച്ചുവച്ച 'മ' പോലെ മിക്കവാറും ഒഴിഞ്ഞ മുറിയുടെ ഒരു ഭിത്തിയിൽ ചാരി ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നറിയില്ല. A4 താളിന്റെ ഉപമ പറയാൻ കാരണം എന്റെ മുറിയിൽ കട്ടിലോ മേശയോ കസേരയോ ഇല്ലെന്നതാണ്. ആറുവർഷമായി അങ്ങനെയാണ്. എനിക്ക് വായിക്കാനുള്ളവ തറയിൽ വിരിച്ചുകിടക്കുന്ന പുതപ്പിൽ കാണും. എഴുതാൻ വേണ്ടവയും ഒരോടക്കുഴലും. ഭിത്തികൾ നഗ്നം. ജോലി കഴിഞ്ഞെത്തിയാൽ കുറേ ഏറെനേരം നടന്നിട്ടുവന്ന് അത്യാവശ്യ സന്ധ്യാനിഷ്ഠകളെല്ലാം ഒതുക്കിയാൽ, എകാകിതയുടെ ഈ സ്വർഗത്തിലേയ്ക്ക് ഞാൻ കയറുകയായി. അവിടെയാണ് എന്റെ ദിനസരിക്കുറിപ്പുകൾ രൂപമെടുക്കുക. ഉറക്കം വരുമ്പോൾ, തറയ്ക്ക്‌ ചൂടുള്ളതിനാൽ, അതിൽ കൈകാലുകൾ വിരിച്ച്, ശവാനഭാവത്തിൽ കിടക്കാം, നിദ്രയിലാഴാം.

മനസ്സിൽ രൂപംകൊള്ളുന്നതെല്ലാം കഴിവതും വ്യക്തമായി പകര്ത്താൻ ഞാൻ ശ്രമിക്കുന്നു. അല്പം വായിച്ചും ഈ കടലാസിൽ ഞാനെഴുതുന്ന അക്ഷരങ്ങൾവഴി എന്റെതന്നെ ഛായ വരച്ചും മറ്റൊരാളുമായി സംവദിക്കാനാകുമെങ്കിൽ എന്നാശിച്ചും ആണ് ഈ കുത്തിയിരുപ്പും ഉറക്കമിളപ്പുമൊക്കെ. സ്വയമറിയാത്ത ഞാൻ മറ്റൊരാളെ എന്റെ മനസ്സറിയിക്കാനുള്ള ശ്രമം നടത്തുന്നു എന്നത് എത്ര കഷ്ടമാണ്! 

എന്റെ മൗനങ്ങളെയും സങ്കോചപൂർവം പുറത്തുവിടുന്ന ശബ്ദങ്ങളെയും സന്ദേഹപൂർവമുള്ള കുത്തിക്കുറിക്കലുകളെയും കൌതുകത്തോടെ ഏറ്റുവാങ്ങിയ ഒരാളെങ്കിലും ഈ അക്ഷരങ്ങളിലൂടെ പലതും ഓർത്തെടുക്കും എന്നെനിക്കറിയാം. ഒരിക്കലവൾ താത്പര്യപ്രണയത്തിൽ വായിചെടുത്തവ തരിപോലും വ്യതിയാനമില്ലാതെ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ബോദ്ധ്യംവരുമ്പോൾ സംഭവിക്കുന്നതെന്താവുമോ? ഒരുക്കലും നശിപ്പിക്കാതെ, കളങ്കപ്പെടുത്താതെ, ഒരാളുടെ ആന്തരികസത്തയെ മറ്റൊരാളുടെ ബോധഫലകത്തിൽ പ്രതിഫലിപ്പിക്കാൻ തൂലികയിലൂടെ ഒഴുകുന്ന മഷി വളഞ്ഞുപുളഞ്ഞ നീർച്ചാലുകളാകുമ്പോൾ ക്ഷരമായവയിൽനിന്നും അക്ഷരമായത് സംഭവിക്കുന്നു. കൈവിരലുകളിലൂടെ ആത്മാവിന്റെ സുതാര്യതയുടെ ഒരു രഹസ്യഗ്രന്ഥമുണ്ടാകുന്നു. ആ ഗ്രന്ഥം ആരുമേ കണ്ടെന്നു വരില്ല. എന്നാൽ അതുൾക്കൊള്ളുന്ന കുഞ്ഞുരഹസ്യങ്ങളി ലൊന്നെങ്കിലും ഏറ്റുവാങ്ങാനൊരാളുണ്ടാകുമെന്നത് മാത്രമാണ് ഈ കൃത്യം തുടരാൻ എനിക്ക് പ്രേരണയാകുന്നത്.

ഒരു 'മ'പോലെ, കാലുകള പുറകോട്ടു മടക്കി ഭിത്തിയിൽ ചാരിയിരിക്കുകയാൽ, ഇതുവരെ ലംബമായി നിലകൊണ്ട എന്റെ അവയവഭാഗങ്ങളെ, 90 ഡിഗ്രി ചരിച്ചുവച്ചാലെന്നപോലെ, തിരശ്ചീനമായി നീട്ടിവച്ച്, ഞാനിനി വിശ്രമിക്കട്ടെ.

http://seekersforum.blogspot.in/2014/08/blog-post_11.html

പ്രകാശം തൂകിയ പൈതല്‍

കഴിഞ്ഞ ദിവസം (൨൩.൩.൧൨) ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട പൈതലിന്റെ ഓര്‍മ്മയാണ് ഇതെഴുതിപ്പിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, അവള്‍ വല്യപ്പനെ ചുറ്റിപ്പറ്റി ഓടിനടന്നതേയുള്ളൂ. എന്നാലും മറ്റെല്ലാ പൈതങ്ങളെയും പോലെ അവളും മായാത്ത ഒരു പ്രകാശം എന്റെ മനസ്സില്‍ വിരിച്ചുകൊണ്ടിരുന്നു. അവളുടെ പേര് ദിയാ. ആ പേരാണ് എന്നെ ഈ വഴിക്ക് തിരിച്ചുവിടുന്നത്. ദിവ്, ദ്യോവ്, ദേവി, ദൈവം എന്നതെല്ലാം പ്രകാശത്തെയും വിശുദ്ധിയെയും ദ്യോതിപ്പിക്കുന്ന ദിവ് എന്ന മൂലത്തില്‍ നിന്നാണല്ലോ. മൂലത്തെപ്പറ്റി പറയിപ്പിക്കുന്നത് ദിയ (വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നത്) ആണ്. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്, ഗൌരി. ഗൌരിയെ രണ്ടര വയസ്സുകാരി ദിയാ വല്യ ഇഷ്ടത്തോടെ വിളിക്കുമ്പോള്‍ ഗവരിഎന്നാകും - ഗ-വ-രി. ഗൌരി തിരിച്ച് ദീ-യാ എന്നുകൂടി നീട്ടി വിളിച്ചാല്‍ പിന്നെ അവിടെല്ലാം നിഷ്കളങ്കതയുടെ പ്രകാശമായി. അതോടേ, മണ്ണും ചിരട്ടയും കടലാസും ഇലകളുമെല്ലാം അവരുടെ തകൃതികളില്‍ പങ്കെടുക്കുന്നു. അവര്‍ തൊടുന്ന എല്ലാ കൊച്ചു സാധനങ്ങളും ആ ശിശുക്കളുടെ ആത്മപ്രകാശത്തില്‍ പങ്കുചേരുന്നു. അവ ജീവനുള്ളവയായിത്തീരുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളുടെ കളികളെല്ലാം എപ്പോഴും അവരുടെ സ്വന്തമാകുന്നത്. വസ്തുക്കളെ അചേതനങ്ങളായി കാണുന്ന മുതിര്‍ന്നവര്‍ക്ക് അവിടെ പ്രവേശനമില്ല.  
    
കുഞ്ഞുങ്ങള്‍ നിശ്ചയമായും പ്രകാശകിരണങ്ങളാണ്. പക്ഷേ, നാം മറന്നു പോകുന്നത്, അവരുടെ നിഷ്ക്കളങ്കതയിലൂടെ, അവര്‍ തൊടുന്ന എല്ലാ വസ്തുക്കളും പ്രകാശം ചൊരിയുന്നവയായിത്തീരുന്നു എന്ന സത്യമാണ്. സ്ഫുലിംഗം തീപ്പൊരിയാണ്. ഉള്ളതെല്ലാം, ഒരു മണല്‍ത്തരിപോലും, പരാശക്തിയുടെ സ്ഫുലിംഗത്തില്‍ നിന്നുണ്ടായി, അതിന്റെ പ്രചോദനത്തോടെ പരിണമിക്കുന്നതായി അറിയുന്നവര്‍ക്ക് ഇത് മനസ്സിലാക്കാനാവും. അവര്‍ക്ക് എവിടെയും എന്തിലും എപ്പോഴും പ്രകാശമാണ് കാണാന്‍ കഴിയുക. അവയെല്ലാം ആദിസ്ഫുലിംഗത്തിന്റെ നിത്യസ്ഫൂരണത്തിന്റെ (തിളങ്ങല്‍) അടയാളങ്ങളാകുന്നു. സ്ഫൂശബ്ദം വികാസത്തെ, വിടര്ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍, സമയത്തിലൂടെ സ്വാര്‍ത്ഥതയിലേക്ക് സഞ്ചരിക്കുന്ന മനുഷ്യജീവിക്ക് അതിന്റെ ശൈശവത്തിലെ ചൈതന്യം നഷ്ടമാകുന്നു. അങ്ങനെ നഷ്ടപ്പെട്ടുപോയ ചൈതന്യവും ലാളിത്യവും വീണ്ടെടുക്കുക എന്നാണ് 'നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍' എന്ന് പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത്; പ്രകാശത്തിന്റെ വഴിയിലേയ്ക്കു തിരിച്ചുവരിക എന്ന്.  

ഇതൊരു രഹസ്യമാണ്, അതായത്, പ്രത്യക്ഷമല്ലാത്ത അറിവ്. എന്നാല്‍, അങ്ങനെയൊന്നുണ്ടെന്നറിയുകയും, അതിനായി കൊതിക്കുകയും, അത് പരിശീലിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുന്ന വിജ്ഞാനദാഹികള്‍ അത് സുഖദായകമായി അനുഭവിക്കുന്നു. അതിലേയ്ക്ക് സഹായകരമായ താത്ത്വികവിചാരം വളരെ ലളിതമാണ്. ഈ പ്രപഞ്ചത്തില്‍ ഓരോ ഉരുവും വ്യത്യസ്തമാണ്. ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ പ്രകാശം. കുഞ്ഞുങ്ങളെപ്പോലെ, ഈ പ്രാഥമിക സത്യത്തെ അംഗീകരിക്കുമ്പോള്‍, ഓരോന്നിനും അതിന്റേതായ ശ്രേഷ്ഠത കല്പിച്ചുകൊടുക്കാനും, ഒന്നിനെയും ദുരുപയോഗപ്പെടുത്താതിരിക്കാനും, അതോടൊപ്പം, അവനവനെയും മറ്റാരെയും, ഇല്ലാത്ത പൊരുള്‍ നല്‍കി പൊലിപ്പിച്ചുകാട്ടാതിരിക്കാനും നാം ശ്രദ്ധാലുക്കളാകും. അങ്ങനെയെങ്കില്‍ നമ്മുടെ ഈശ്വരസങ്കല്‍പം ഏതെങ്കിലും നാമത്തിലോ രൂപത്തിലോ അവതാരത്തിലോ മാത്രമായി ചുരുങ്ങുകയില്ല. കാരണം, എല്ലാറ്റിലും ഒരുപോലെയുള്ള പരമാത്മാവ്‌ ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുക അസ്സാദ്ധ്യമാണല്ലോ. ദൈവത്തില്‍ മാനുഷപ്രകൃതി ആരോപിക്കുകയും പ്രീണിപ്പിക്കാനാകുന്ന ഒരു ശക്തിയാണ് പരമാത്മാവ്‌ എന്ന് ധരിക്കുന്നതും മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അതുകൊണ്ടുതന്നെ ദേവാലയകേന്ദ്രീകൃതമായ ആരാധനക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ പ്രയാസമാണ് എന്നും സാന്ദര്‍ഭികമായി പറയേണ്ടിവരുന്നു.

അഹമാത്മാ സവ്വഭൂതാശയസ്ഥിത: എന്ന് ഗീതയില്‍ (4,20). ഈ വാക്യവും അതിന്റെ തുടര്‍ച്ചയായ 'അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച' എന്ന തുടര്പാദവും സി. രാധാകൃഷ്ണന്‍ വ്യക്തമായി വ്യാഖ്യാനിച്ചിരിക്കുന്നത് ഇങ്ങനെ:

ജീവനുള്ളവയിലെ ജീവനും വിശ്വജീവനും ഒരേ സത്തയുടെ വിവിധരൂപങ്ങളെന്ന് കരുതാമെങ്കിലും അചേതനങ്ങളെന്നു അറിയപ്പെടുന്നവയില്‍ പരമാത്മാവ്‌ പൊരുളായി ഇരിക്കുന്നതെങ്ങനെ? സജീവം നിര്‍ജീവം എന്നിവയ്ക്കിടയില്‍ സയന്‍സ് കല്‍പ്പിക്കുന്ന വിഭജനരേഖയാണ് ഈ സംശയത്തിനാധാരം. ഇങ്ങനെയൊരു വിഭജനരേഖ വേദാന്തദര്‍ശനത്തില്‍ ഇല്ല. ജീവനില്ലാത്തതൊന്നും പ്രപഞ്ചത്തിലില്ലെന്നാണ് ഗീതാമതം. പഞ്ചഭൂതങ്ങള്‍ സജീവങ്ങളല്ലെങ്കില്‍ അവയില്‍നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എങ്ങനെയുണ്ടാകാന്‍? ഓരോ ഊര്‍ജ്ജതരംഗവും പരമാണുകണവും പ്രവര്‍ത്തിക്കുന്നത് സ്വന്തമായ ബുദ്ധി ഉള്ളത് പോലെയാണ്. ഏറ്റവും ചെറിയ പദാര്‍ത്ഥകണികയും സജീവമാണ്. താരതമ്യേന വലിയ ക്ഷേത്രങ്ങളെന്ന താല്‍ക്കാലിക കൂട്ടായ്മകളെയാണ് വ്യത്യസ്ത ജീവികളായി നാം കാണുന്നത് എന്ന് മാത്രം. (ഗീതാദര്‍ശനം 168-169)