അനന്തതയുടെ ചുരുളുകള്‍

കോതമംഗലംകാരന്‍ മുണ്ടക്കല്‍ ഔസേപ്പച്ചന്‍ എന്നൊരു സുഹൃത്ത്‌ ചോദ്യംചെയ്യാത്ത വിഷയങ്ങളില്ല. ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പൊരിക്കല്‍ അദ്ദേഹമെന്നോട് ചോദിച്ചു, ഗുരുത്വാകര്‍ഷണമാണ് താങ്ങില്ലാത്തതെല്ലാം താഴേയ്ക്ക് വീഴാന്‍ ഇടവരുത്തുന്നതെങ്കില്‍, എന്തുകൊണ്ടാണ്, വീഴുന്നതെല്ലാം ഭൂമദ്ധ്യത്തിലേയ്ക്കെത്താത്തത്? എങ്ങനെയാണ് ഒരു കൊമ്പനാന അതിന്റെ ഭയാനകമായ ഭാരത്തെ അനായാസം താങ്ങിക്കൊണ്ടുനടക്കുന്നത്? പരാമൃഷ്ട വിഷയത്തെപ്പറ്റി പഠിക്കാന്‍ അദ്ദേഹത്തിന്റെ ആരായലുകള്‍ എനിക്കുത്തേജനമായിത്തീര്‍ന്നിട്ടുണ്ട്.

Electromagnetism ആണ് ഈ സമസ്യയുടെ വിശദീകരണത്തിനുള്ള വഴിതെളിച്ചത്. എല്ലാം അണുക്കളാല്‍ നിര്‍
മ്മിതമാണ്. ഓരോ ആറ്റവും അതിന്റെ പരിധിയില്‍ ഋണാത്മക (negative) ഊര്‍ജ്ജത്തെ വഹിക്കുന്നുണ്ട്. വീഴുന്ന വസ്തുവിലെ ആറ്റവും, പ്രതിരോധിക്കുന്നതിലെ (ഏറ്റുവാങ്ങുന്നതിലെ) ആറ്റവും തമ്മില്‍ സംഘട്ടനമുണ്ടാവുമ്പോള്‍, രണ്ടിലെയും electrical charge പരസ്പരം ചെറുത്തുനില്‍ക്കുന്നു. അതുകൊണ്ട്, എത്ര ഭാരമുള്ളവ നിലംപതിച്ചാലും, അവള്‍ക്കുണ്ടാകുന്ന അല്പസ്വല്പ ചതവുകളോടെ ഭൂമിയതിനെ ഏറ്റുവാങ്ങും, ഭൂമദ്ധ്യത്തിലേയ്ക്കവ തുരന്നിറങ്ങാതെ.

ഇത് കേട്ടിട്ട് ഔസേപ്പച്ചന് തൃപ്തിയായില്ല. ഇത് വായിക്കുന്നവര്‍ക്കും തൃപ്തിയാകണമെന്നില്ല. പക്ഷേ, ധിഷണയെന്നും അറിയാനുള്ള തൃഷ്ണ
യെന്നും പറയുന്ന, നമ്മെ മനുഷ്യരാക്കുന്ന ആ സവിശേഷത ഉള്ളിടത്തോളംകാലം ചോദ്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കും, ഉത്തരങ്ങള്‍ അത്രയൊന്നും തൃപ്തികരമായില്ലെങ്കിലും.

ചിന്തിക്കാന്‍ പഠിച്ച കാലം മുതല്‍ തന്റെയും തനിക്കു ചുറ്റുമുള്ളവയുടെയും, തുടര്‍ന്ന്, തന്റെ കാഴ്ചയ്ക്കപ്പുറത്തുള്ളവയുടെയും കാരണങ്ങളെ തിരഞ്ഞിറങ്ങിത്തിരിച്ച മനുഷ്യന് ഇന്നും അവയിലൊന്നിന്റെയും തന്നെ സംശയരഹിതമായ വിശദീകരണങ്ങള്‍ കൈവശമായിട്ടില്ല. ആധുനിക ശാസ്ത്രവിഭാഗങ്ങള്‍ നിഗമനങ്ങളും ഫോര്‍മ്യുലകളുമൊക്കെ മുന്നോട്ടുവയ്ക്കുന്നുണ്ട്‌ - ഗുരുത്വാകര്‍ഷണം, വിദ്യുത്-കാന്തികശക്തി, ക്വാണ്ടം വ്യാഖ്യാനങ്ങള്‍, സ്ട്രിംഗ്- ബ്രെയിന്‍ (brane) തീയറികള്‍ തുടങ്ങിയവ. എന്നാലിവയിലൊന്നിലൂടെയും പ്രപഞ്ചമെന്താണെന്നോ, അതിന്റെ ആരംഭമെങ്ങനെയെന്നോ ശാസ്ത്രത്തിനു തീര്‍ത്തുപറയാറായിട്ടില്ല. എന്നാലും, ബൈബ്ള്‍ എഴുതപ്പെട്ട കാലംമുതല്‍ മനുഷ്യന് അവന്‍ സ്വയം പ്രപഞ്ചദ്ധ്യത്തില്‍ കല്പിച്ചിരുന്ന സ്ഥാനം അവിടെനിന്ന് മാറി ഇപ്പോള്‍ അതിന്റെ പ്രാന്തങ്ങളിലെവിടെയോ നില്‍ക്കുന്ന, അത്രയൊന്നും സാരമല്ലാത്ത ഒന്നായിത്തീര്‍ന്നിട്ടുണ്ടെന്നുള്ളത് അത്ര ചെറിയ കാര്യമല്ല. അറിയുന്തോറും പ്രപഞ്ചവ്യാപ്തി കൂടുകയും അതില്‍ മനുഷ്യന്റെ സ്ഥാനം അത്രകണ്ട്‌ നിസ്സാരമായിത്തീരുകയും ചെയ്യുന്നു എന്നത് അവന്റെ അഹന്തയെ ഞെട്ടിക്കുന്നുണ്ട്. മറ്റേതെങ്കിലും ഒരു സൌരയൂഥത്തിലെ ഒരു ഗ്രഹത്തില്‍, നമ്മുടേതുപോലെയോ, ഒരുപക്ഷേ, അതിലും വികസിച്ച ധിഷണയോ ഉള്ളവര്‍ പാര്‍ക്കുന്നുണ്ടാവാം എന്നതും ഒരു സാധ്യതതന്നെയാണ്. എന്നിരുന്നാലും, ഭൂമിയിലെ മനുഷ്യന്റെ അന്വേഷണത്വര കടന്നുപോയ ഊടുവഴികളിലൂടെ കണ്ണോടിക്കുന്നത് രസാവഹമാണ്.


ഊര്‍ജ്ജതന്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും വശമില്ലാത്തവര്‍ക്ക്, പരതിപ്പരതിയേ ഈ വഴികളെ തേടിപ്പിടിക്കാനാവൂ. നാം സാധാരണ വ്യവഹാരങ്ങളില്‍ പ്രയോഗിക്കുന്ന ത്രിമാനങ്ങളും (നീളം, വീതി, ഉയരം) നാലാമത്തെ മാനമായ സമയവും മാത്രമുപയോഗിച്ചുകൊണ്ട് പ്രപഞ്ചവിസ്മയങ്ങളിലേയ്ക്ക് ഒളിഞ്ഞുനോക്കാനാവില്ല. കാരണം, യഥാര്‍ത്ഥത്തിലുള്ളതിന്റെ ഒരു തരി മാത്രമാണ് ഈ മാനങ്ങളുപയോഗിച്ച് അളക്കാനാവുന്നത്. അതുപോലും വസ്തുനിഷ്ഠമല്ലെന്നുള്ള സത്യം ശാസ്ത്രം വളരുന്തോറും കൂടുതലായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

ആദ്യമൊരു നിഗമനത്തിലെത്തുക, എന്നിട്ട്‌ അത് തെളിയിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുക, അതില്‍ വിജയിക്കുന്നെങ്കില്‍, അതൊരു പൊതുതതത്ത്വമായി അംഗീകരിക്കുക, എന്നതാണ് തീയറെട്ടിക്കല്‍ ഫിസിക്സിന്റെ രീതി. ഇങ്ങനെ, ഭൌതികശാസ്ത്രം കടന്നുപോയ ഏതാണ്ട് മൂന്നു ശതാബ്ദങ്ങളിലെ കണ്ടെത്തലുകളെ സമന്വയിപ്പിച്ചാല്‍, Einsteinന്റെ ആപേക്ഷിക
താസിദ്ധാന്തംതൊട്ട് സ്ട്രിംഗ് തീയറി വരെയുള്ള സങ്കീര്‍ണതത്ത്വങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ഇവയെയെല്ലാം കൂട്ടിയിണക്കി, ഏറ്റവും ചെറുതിനെയും ബ്രഹ്മാണ്ഡമെന്ന മൊത്തത്തെയും ഒരു സമഗ്രതയില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

ആധുനിക ശാസ്ത്രജ്ഞരില്‍ പ്രമുഖനായ Isaac Newton പറഞ്ഞു: "കടല്‍തീരത്തിരുന്നു കളിക്കുന്ന ഒരു കുട്ടിയാണ് ഞാന്‍. എന്നെയാകര്‍ഷിക്കുന്ന ഒരു മണല്‍ത്തരി ഞാന്‍ ഇടയ്ക്കു കണ്ടെത്തുന്നു. അറിവിന്റെ അനന്തമായ ആഴിയും മണല്‍പ്പരപ്പും നോക്കെത്താത്തതാണ്." 250ല്‍ പരം വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും ഏതാനും തിളങ്ങുന്ന മണല്‍ത്തരികളേ മനുഷ്യന്റെ കൈയിലുള്ളൂ. അവയെല്ലാംചേര്‍ത്ത് ഒരു മാലകോര്‍ക്കാന്‍ - ഒരു സമഗ്രസിദ്ധാന്തമുണ്ടാക്കാന്‍ - ശ്രമിച്ച  Einstein പോയിട്ടുതന്നെ അമ്പത് കൊല്ലത്തിലേറെയായി. ഇതുവരെയുള്ള ശാസ്ത്രവിചാരധാരയിലൂടെ ഒരു ശീഘ്രപര്യടനത്തിനുള്ള എളിയ ശ്രമമാണ് ഈ ലേഖനം.

ശാസ്ത്രശാഖകള്‍ മനുഷ്യന്റെ ജിജ്ഞാസയുടെ വ്യത്യസ്ത വഴികളാണ്. അടുത്തകാലംവരെ ഇവയില്‍ സ്ഥൂലപ്രപഞ്ചത്തെ സംബന്ധിക്കുന്നവ (natural sciences) ഒരു വശത്തും, സൂക്ഷ്മപ്രപഞ്ചത്തെ ബാധിക്കുന്നവ (philosophical sciences) മറുവശത്തും വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാലിനിയങ്ങോട്ട്, അറിവിന്റെ ഉത്ഗ്രഥനത്തിനുവേണ്ടി, ഇവയ്ക്ക് ഒരുമിച്ചല്ലാതെ തുടരാനാവില്ലെന്നത് ഏവരും ഇന്ന് സമ്മതിക്കുന്നുണ്ട്.

മാനുഷികജിജ്ഞാസയുടെ ലഘുചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളെ വേര്‍തിരിച്ചു കാണാം. പാശ്ചാത്യലോകത്ത് നടന്ന ചിന്താഗവേഷണങ്ങളാണ് ഇവിടെയുദ്ദേശിക്കുന്നത്. അവയെ നയിച്ചത്, 1) ദെകാര്‍ത് (Rene Descartes), ഗലിലെയി (Galileo Galilei), 2) ന്യൂ ട്ടന്‍ (Isaac Newton), 3) ഹൈസെന്‍ബര്‍ഗ് (Werner Heisenberg), ബോര്‍ (Niel Bohr)‍, ഐന്‍ഷ്റ്റയിന്‍ (Albert Einstein) എന്നിവരാണ്.  



ഒന്നാം ഘട്ടം: ഭൌതികത്തിന്റെ തുടക്കം 
കഴിഞ്ഞ മൂന്നു ശതാബ്ദങ്ങളിലൂടെ മനുഷജിജ്ഞാസക്ക് മാര്‍ഗദര്‍ശിയായി തെളിഞ്ഞുനിന്ന ചിന്തകനാണ് ഫ്രാന്‍സുകാരനായ റെനെ ദെകാര്‍ത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ദൃശ്യപ്രപഞ്ചത്തെ ജൈവവും അജൈവവുമായി തിരിക്കാം. ശാസ്ത്രമെന്നാല്‍ പദാര്‍ത്ഥപരമായ സ്ഥൂലപ്രപഞ്ചത്തെ അളന്നറിയുക മാത്രമാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലൂടെ യൂറോപ്പില്‍ അലയടിച്ച അറിവിന്റെ പുത്തനുണര്‍വ് (Rebirth എന്നര്‍ത്ഥമുള്ള Renaissance) വരെ ജനജീവിതം മതത്തിന്റെ പിടിയിലമര്‍ന്നിരുന്നു. ദെകാര്‍ത് തുടക്കമിട്ടത്, ആത്മാവിന്റെയും മനസ്സിന്റെയും തലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ഥൂലപ്രപഞ്ചത്തെ കാണുന്നതിനാണ്. ചിന്തയുടെ ലോകവും തൊട്ടറിയാവുന്ന ലോകവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നു ചുരുക്കം. ശാസ്ത്രമെന്നാല്‍, സ്ഥൂലപ്രപഞ്ചത്തെ ഒരു യന്ത്രമെന്നപോലെ പഠിക്കുകയാണ്. അതിനുപാധിയായി ദെകാര്‍ത് ഉപയോഗിച്ചത് ഗണിതമായിരുന്നു. 


പുറകെയെത്തിയ ഗലിലെയിയും ഗണിതജ്ഞനായിരുന്നു. പുറത്തുള്ളവയെ അളന്നുതിട്ടപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെയും ശ്രദ്ധ. അളക്കാവുന്നതിനെ കീഴ്പ്പെടുത്തുകയുമാവാം എന്നതായി ആധുനിക യന്ത്രവത്ക്കണത്തിന്റെ യുക്തി. അതിന് തുടക്കമിട്ടത് ഇവര്‍ രണ്ടുമാണ്. ഭൌതികശാസ്ത്രത്തില്‍ വസ്തുനിഷ്ഠമെന്നു പറയുമ്പോള്‍ സ്ഥൂലതയെ (based on quantity) ആണുദ്ദേശിക്കുന്നത്. ബാക്കിയുള്ളവ - കല, കവിത, സംഗീതം, മതം, ധാര്‍മികത എന്നിത്യാദി - അളക്കാനാവില്ലാത്തതിനാല്‍ ശാസ്ത്രത്തിനു വെളിയിലാണ്. അതേസമയം അവ തീര്‍ത്തും വ്യക്തിപരവുമാണ്. 

രണ്ടാം ഘട്ടം: ന്യൂട്ടന്റെ ഊര്‍ജ്ജതന്ത്ര സിദ്ധാന്തങ്ങള്‍: ഊര്‍ജ്ജതന്ത്രത്തെ - പദാര്‍ത്ഥപരമായ ലോകത്തെ പഠിക്കുന്ന ശാഖ - മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ക്കെല്ലാം അടിസ്ഥാനമാക്കിയത് ഇദ്ദേഹമാണ്. പദാര്‍ത്ഥത്തിന്റെ അങ്ങേയറ്റത്തെ ഘടകം ആറ്റമാണെന്നും അതിനെ അളക്കാനുള്ള വിദ്യയറിഞ്ഞാല്‍‍, പ്രപഞ്ചജ്ഞാനമായെന്നുമുള്ള വിശ്വാസം ഗവേഷകരെ വശീകരിച്ചു. കണത്തെ ഇനിയും വിഭജിക്കാനാവില്ല എന്ന ധാരണയില്‍, അണുവിദ്യക്കപ്പുറത്ത് ഒന്നുമില്ലെന്നയഹങ്കാരം ശാസ്ത്രജ്ഞരെ ബാധിച്ചു.

രണ്ട് നൂറ്റാണ്ടുകാലത്തേയ്ക്ക് ശക്തിപ്രകടിപ്പിച്ച ന്യൂട്ടോണിയന്‍ നിയമങ്ങള്‍ തകര്‍ന്ന് വീണത്‌, ആറ്റം വിഭജിക്കപ്പെട്ടതോടെയാണ്. ഭൌതികശാസ്ത്രങ്ങളുടെ 'അധ:പതനം' ഇവിടെ തുടങ്ങുകയായി. മിക്ക ശാസ്ത്രനിയമവും തിരുത്തിക്കുറിക്കേണ്ടിവന്നു.



മൂന്നാം ഘട്ടം: The Theory of General Relativity
ആപേക്ഷികതാസിദ്ധാന്തം വ്യക്തമാക്കാന്‍ ശ്രമിച്ചത്, ഗുരുത്വാകര്‍ഷണം എങ്ങനെയാണ് വസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ്. ഭൂമിയില്‍ നിലയുറപ്പിക്കാന്‍ നമ്മെയനുവദിക്കുന്നതും ഗ്രഹങ്ങള്‍ സൂര്യനുചുറ്റും കറങ്ങുന്നതും പിണ്ഡങ്ങള്‍ തമ്മിലുള്ള ആകര്‍ഷണംകൊണ്ടാണെന്ന് Einsteinന്റെ General Relativity Theory പറയുന്നു. മുഴുത്ത വസ്തുക്കളുടെ കാര്യത്തില്‍ ഇത് കുറ്റമില്ലാതെ തെളിയിക്കാം. എന്നാല്‍ നിത്യാനുഭവങ്ങളില്‍നിന്ന് കോടിക്കണക്കിന് പടികള്‍ താഴെ, സബ്അറ്റോമിക്/മൈക്രോകോസ്മിക് സൂക്ഷ്മതലങ്ങളില്‍ ഗുരുത്വാകര്‍ഷണം ഫലിക്കുന്നില്ല. ആകെപ്പാടെ ഒരലങ്കോലം, ശിഥിലത, ആണവിടെയുള്ളത്. ആ കെയ്യോസില്‍ (chaos)‍, നമ്മുടെ പരിചിതമാനങ്ങളും ഗണിതങ്ങളും അര്‍ത്ഥശൂന്യമാകുന്നു. വന്യവും ക്രമരഹിതവുമാണ് ക്വാണ്ടത്തിന്റെ ലോകം. കാര്യകാരണങ്ങള്‍ക്കും ഭാവിഭൂതങ്ങള്‍ക്കും പ്രസക്തിയില്ലാത്ത ഒരവസ്ഥയാണവിടെയുള്ളത്.

നാലാം ഘട്ടം: ഹൈസെന്‍ബര്‍ഗിന്റെ അനിശ്ചിതത്വസിദ്ധാന്തം.
1920 തോടെ ഉരുത്തിരിഞ്ഞു വന്ന ക്വാണ്ടം നിയമങ്ങളിലൂടെ ഹൈസന്‍ബര്‍ഗ്, ബോര്‍ എന്നിവര്‍ വ്യക്തമാക്കിയത്, പദാര്‍ത്ഥത്തിനു സ്ഥിരത (solidity) എന്നൊന്നില്ലെന്നാണ്. ആറ്റത്തിനുള്ളിലേത് വളരെ ചലനാത്മകമായ ഒരു പ്രപഞ്ചമാണ്‌. ഇലെക്ട്രോണുകളും ന്യൂട്രോണുകളും പ്രോടോണുകളുമൊക്കെ ഭാവനാതീതമായ വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്ത രീതിയില്‍ പെരുമാറുന്ന ഊര്‍ജ്ജസ്ഫുരണങ്ങളോ, അവയുത്പാദിപ്പിക്കുന്ന തരംഗങ്ങളോ ആണിവയെന്നായിരുന്നു അനുമാനം. ഖരമായതെല്ലാം ഘനീഭവിച്ച ഊര്‍ജ്ജമാണ്. എന്നാല്‍, നമ്മുടെ കാഴ്ചയില്‍ മാത്രമാണത് നിശ്ചലമായിരിക്കുന്നത്. സത്യത്തില്‍, തികച്ചും ചലനാത്മകമായ ഊര്‍ജ്ജസമുച്ചയങ്ങളാണ് അവയെല്ലാം! ഐന്‍ഷ്റ്റയിന്റെ E = mc² എന്ന മാജിക് ഫോര്‍മ്യുല ഇപ്പറഞ്ഞതിന്റെയെല്ലാം സ്ഥിരീകരണമായി. സമയം, ഇടം എന്നിവയെപ്പറ്റിയുള്ള ന്യൂട്ടോണിയന്‍ സങ്കല്‍പ്പങ്ങളും അസാധുവാക്കപ്പെട്ടു. മറ്റെന്തുംപോലെ, ഇവ രണ്ടും ആപേക്ഷികങ്ങളായി. ഭൌതികശാസ്ത്രത്തിന്റെ പഴയ കണ്ടെത്തലുകളെല്ലാം അതോടേ തിരുത്തേണ്ടിവന്നു. 

E = mc² കഴിഞ്ഞാല്‍ ഭൌതിക ശാസ്ത്രകുതുകികളെ ഏറ്റവുമധികമാകര്‍ഷിച്ച നിഗമനം the uncertainty principle ആണ്. അതിനര്‍ത്ഥമിതാണ്. പരസ്പരാശ്രിതങ്ങളായ രണ്ട് ഗുണങ്ങളെ ഒരിക്കലും കൃത്യമായി അളക്കാനാവില്ല. Quantum mechanicsലെ പരീക്ഷണങ്ങളിലൂടെയാണ് ഈ തത്ത്വം രൂപപ്പെട്ടുവന്നത്. ഉദാഹരണത്തിന്, ഒരിലക്ട്രോണിന്റെ വേഗം കണ്ടുപിടിക്കാനുദ്യമിച്ചാല്‍, ഒരു നിശ്ചിത സമയത്തെ അതിന്റെ സ്ഥാനം സ്ഥിരീകരിക്കുക അസാധ്യമാണ്. അതുപോലെ തിരിച്ചും. position, momentum എന്നിവ പരസ്പരബന്ധിതങ്ങളാണ് എന്നതാണിതിനു കാരണം. 


അതിദ്രുതമായ ചലനമാണ് അനിശ്ചിതത്വത്തിനു പിന്നിലെ കാരണം. ഇത് പിണ്ഡത്തിന്റെ തലത്തിലെന്നപോലെ മനസ്സിന്റെ പ്രപഞ്ചത്തിലും അര്‍ത്ഥവത്താണ്. സ്ഥൂലസൂക്ഷ്മങ്ങളുടെ പ്രതിപ്രകരങ്ങളാണ് പ്രപഞ്ചത്തിന്റെ സത്ത. അതിനുള്ളില്‍ ചലിക്കുന്ന ഒരു ഫോട്ടോണ്‍, അതാണൊരു മനുഷ്യവ്യക്തി എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അത്രയേയുള്ളൂ നാം; എന്നാല്‍ അത്രയും ഉണ്ട് എന്ന് നാം ഒരിക്കലും വിസ്മരിക്കരുത്. പ്രകാശത്തെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങള്‍ ഭൌതികപ്രപഞ്ചത്തിലെന്നല്ല, ആത്മതലത്തിലും സഹായകരമാകും. എല്ലാ അറിവിനും നിദാനമാകുന്നത് വെളിച്ചമാണ്. വീശിയെറിഞ്ഞ ചൈനാവലപോലെ എല്ലാറ്റിലും ചെന്നുവീഴുന്ന എന്തോ ആയിട്ടാണല്ലോ പ്രകാശം പരക്കുന്നത്. പക്ഷേ, ശരിക്കും അതിസൂക്ഷ്മമായ കണാംശങ്ങള്‍ (photons) ഒന്നോടൊന്നു ചേര്‍ന്ന് തരംഗരൂപത്തിലാണ് പ്രകാശം, സെക്കന്റില്‍ മൂന്നു ലക്ഷം കി.മീ. എന്ന വേഗത്തില്‍, സഞ്ചരിക്കുന്നത്. ഓരോ ഫോട്ടോണിനും അതിന്റേതായ കനവും വേഗവുമുണ്ട്. ഭൌതികപ്രപഞ്ചത്തിലെ ഏറ്റവും കൂടിയ വേഗത്തില്‍ പ്രസരിക്കുന്നതിനാല്‍, ഒരൊഴുക്കായിട്ടാണ് നാം പ്രകാശത്തെ അനുഭവിക്കുന്നത്. തരംഗവ്യതിയാനം അതിന്റെ ഊര്‍ജ്ജത്തിലും അതുവഴി അളവിലും മാറ്റംവരുത്തും. ഒരുതരത്തില്‍, നമ്മുടെ നിത്യസത്യം അനിശ്ചിതത്വമാണ്!

അഞ്ചാം ഘട്ടം: The 
String Theory 
Chaos ആണെന്ന്‌ നാം കരുതിയാലും, നിശ്ചിത നിയമങ്ങളില്ലാതെ പ്രപഞ്ചം നിലനില്‍ക്കില്ലല്ലോ. അവിടെ ഉണ്ടെന്നറിയാമെങ്കിലും, അതെന്തെന്ന് അറിയാത്ത ആ നിയമങ്ങള്‍ക്കാണ് string theory എന്ന് പേരിട്ടിരിക്കുന്നത്. അവിടെവരെ എത്തിച്ചേര്‍ന്നതോ, ക്വാണ്ടം മെക്കാനിക്സിലെ ഈ മൂന്നു നിയമങ്ങളിലൂടെയാണ്. 
1. The strong nuclear force:  ആറ്റത്തിനുള്ളില്‍ പ്രോടോണുകളെയും യൂട്രോണുകളെയും ബന്ധിപ്പിക്കുന്ന ബലമാണിത്.
2. Electromagnetism: പ്രകാശം, വൈദ്യുതി, കാന്തശക്തി എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബലം. 
3. The weak nuclear force: അണുപ്രസരം ഉണ്ടാകുന്നതിനു കാരണമായ ബലം. 
ഗുരുത്വാകര്‍ഷണവും ഈ മൂന്നു ബലങ്ങളുംകൂടിയുള്ള പിണ്ഡത്തിന്റെ നാല് ശക്തികളിലൂടെ അണുവിഘടനം മുതല്‍ നക്ഷത്രങ്ങളുടെ ജനനമരണങ്ങള്‍ വരെ വിശദീകരിക്കാമെന്നാണ് ശാസ്ത്രമവകാശപ്പെടുന്നത്. 


ഓരോ സ്ടിങ്ങും, വയലിന്റെയോ ചെല്ലോയുടെയോ തന്തികള്‍ ചെയ്യുന്നതുപോലെ, ഊര്‍ജ്ജതരംഗങ്ങളെ വിക്ഷേപിക്കുന്നു. അതൊരു കാക്കഫോണി ആയിത്തീരാതെ, ഒന്നാന്തരമൊരു സിംഫണിയായി രൂപമെടുക്കണമെങ്കില്‍ സംഗീതത്തിലെന്നവണ്ണം അതൊരു രാഗത്തിന്റെ നിയമങ്ങള അസരിച്ചായിരിക്കണം പെരുമാറുക. ഈ രാഗമേതെന്നുള്ള തിരയലാണ് string theory എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രപഞ്ചസംവിധാനത്തിന്റെ മാസ്റ്റര്‍ ഫോര്‍മ്യുല ആയിരിക്കുമത് എന്നാണ് ശാസ്ത്രപ്രവചനം. പ്രപഞ്ചങ്ങള്‍ തന്നെ പലതുണ്ടെന്നും, ഓരോന്നിലും അതാതിന്റെ മാനങ്ങള്‍ക്കേ സാംഗത്യമുള്ളൂവെന്നും കരുതുന്ന ശാസ്ത്രം ഇങ്ങനെയൊരു മാസ്റ്റര്‍ ഫോര്‍മ്യുലയെപ്പറ്റി പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നു ചോദിക്കാം.


അതിനൊരുത്തരം ഇങ്ങനെയാകാം. കണ്ണില്ലാത്ത എറുമ്പുകളുണ്ട്. പല മീറ്റര്‍ ഉയര്‍ന്ന അവരുടെ പുറ്റുകളില്‍ സകല ജൈവസജ്ജീകരണങ്ങളോടും കൂടി, സ്വരുമയോടെ, ഒരു സാമ്രാജ്യമായി ലക്ഷക്കണക്കിന്‌ ജീവികള്‍ കഴിയുന്നു, പെറ്റുപെരുകുന്നു. ആകെ അവയെ നയിക്കാനുള്ളത്, പരസ്പരമുള്ള രാസാകര്‍ഷണങ്ങളാണ്. ഒരു നേതാവ്പോലും അവര്‍ക്കുണ്ടാവില്ല. അവയെ നയിക്കുന്ന നിയമങ്ങളെപ്പറ്റി അവയ്ക്ക് ബോധമില്ലെങ്കിലും, അതില്‍ നിന്നൊഴിവാകാനാവാതെ, ഈ കൂട്ടായ്മ ഭംഗിയായി തുടര്‍ന്നുപോകുന്നു. അതുപോലെ എത്രയോ പറ്റം ജീവികള്‍. മനുഷ്യരും അവരെ നയിക്കുന്ന ആത്യന്തികമായ രാസസവിശേഷതകളെപ്പറ്റി അത്രയൊന്നും ബോധവാന്മാരല്ലാതിരുന്നിട്ടും, ഈ പ്രപഞ്ചഘടനയുടെ ഭാഗമായി വര്‍ത്തിക്കുന്നു. ജിജ്ഞാസയൊന്നുമാത്രമാണ് അവനെ മറ്റുള്ളവയില്‍നിന്ന് വേര്‍തിരിക്കുന്നത്.   


ഒരു സമഗ്രസിദ്ധാന്തത്തിനായി ആദ്യം ശ്രമിച്ചത് Einstein ആണ്. അദ്ദേഹത്തിന്റെ theory of relativity വലിയ പ്രപഞ്ചസംഭവങ്ങളെ പഠിക്കാനുള്ള ഒരു കരുവായി കരുതാം. ഉദാ: സൌരയൂഥപ്രക്രിയകള്‍. എന്നാല്‍, കണങ്ങളുടെ സൂക്ഷ്മലോകത്തിലെ ക്രയവിക്രിയകള്‍ മനസിലാക്കാന്‍ quantum mechanics തന്നെ വേണം. ഈ രണ്ട് തലങ്ങളെയും ബന്ധിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രപഞ്ചവിസ്ത്രുതി സ്ഥിരമാണെന്നായിരുന്നു Einstein ആദ്യം വിശ്വസിച്ചിരുന്നത്. അത് അദ്ദേഹം തന്നെ തിരുത്തി. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. വികസിച്ചുകൊണ്ടിരിക്കുന്നതിനെല്ലാം പുറകോട്ടുള്ള ഒരു ചരിത്രമുണ്ട്. അതിലൂടെ ചെന്നാല്‍, ഏറ്റവും ചെറുതായിരുന്ന ഒരവസ്ഥ കണ്ടെത്താം. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം അതു സ്വാഭാവികമായും ഊര്‍ജ്ജത്തിന്റെ അതിസാന്ദ്രവും അതേസമയം അത്യുഗ്രവുമായ അവസ്ഥയായിരിക്കും. ആ അവസ്ഥയുടെ വികാസമാണിന്നു കാണുന്നതൊക്കെയുമെങ്കില്‍, ആദ്യത്തേതിനെ നയിച്ചിരുന്ന നിയമം ഇപ്പോഴും ബാധകമായിരിക്കണം. എല്ലാ ശക്തികളെയും ബലങ്ങളെയും പിണ്ഡങ്ങളെയും സ്വരുമിപ്പിക്കുന്ന ആ നിയമം എന്തായാലും അതിന് ശാസ്ത്രഞ്ഞര്‍ string theory (strings = tiny vibrating strands of energy)എന്ന് പേരിട്ടിരിക്കുന്നു. 

ഇങ്ങനെയൊരു  സമഗ്രസിദ്ധാന്തം സാധ്യമായിരിക്കാം. പക്ഷേ, അതിലേയ്ക്കുള്ള വഴി അതിദുര്‍ഘടമാണ്, കാരണം, പരീക്ഷണങ്ങളിലൂടെ വിലയിരുത്താതെ, ശാസ്ത്രനിഗമനങ്ങള്‍ക്ക് വിലയില്ല. എന്നാല്‍, strings എന്ന് വിളിക്കുന്ന ഈ അടിസ്ഥാനഘടകം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാവുന്നതിലും സൂക്ഷ്മമാണ്‌. ആറ്റത്തിന്റെയുള്ള് point particles ആണെന്നായിരുന്നു ഏറെനാളത്തെ വിശ്വാസം. അതായത്, electrons പുറംപരിധിയില്‍ ചലിക്കുന്നു; പ്രോടോന്‍സും ന്യൂട്രോന്‍സും ഉള്ളിന്റെയുള്ളിലും. ഇവയോരോന്നും ഒരേസമയം ക്വാര്‍ക്കുകളുടെ കൂട്ടങ്ങളാണ്. ഈ ക്വാര്‍ക്കുകളുടെ നിര്‍മിതി അവയെക്കാള്‍ സൂക്ഷ്മമായ നിത്യ പ്രകമ്പനങ്ങളായ strings കൊണ്ടാണ്. അവയ്ക്ക് ഏത്‌ രൂപവുമാകാം. ശാസ്ത്രജ്ഞരുടെ സങ്കല്പലോകത്തില്‍ അവയ്ക്ക് അവയുടെ നൃത്തത്തിന്റെ താളങ്ങള്‍ക്കനുസരിച്ച്, നൂഡിലിന്റെ കഷണങ്ങള്‍ പോലെ വളഞ്ഞും പുളഞ്ഞും, വളയമായും കുഴലായും പാടയായും രൂപം മാറാം. ഈ താളനൃത്തങ്ങളാണ്, പ്രപഞ്ചത്തെ ഒരു മനോഹര സിംഫൊണിയാക്കിത്തീര്‍ക്കുന്നത്. 

അതിസൂക്ഷ്മമായവയ്ക്ക്, സ്ഥൂലഭാവനകളിലൂടെ നിറംകൊടുക്കുന്നതിന്‌ ഉദാഹരണമാണിതൊക്കെ. ഈ ബ്രഹ്മാണ്ഡത്തിന്റെ  ഉള്ളിന്റെയുള്ള് എന്തെന്ന് ഇതൊന്നും പക്ഷേ, സൂചിപ്പിക്കുന്നുപോലുമില്ലായിരിക്കാം. മനുഷ്യന്റെ  ഓരോരോ വ്യഗ്രതകള്‍! 

"എന്റെ ചിന്താരീതികളെപ്പറ്റി പറഞ്ഞാല്‍, പരമമായ ജ്ഞാനം ആര്‍ജ്ജിക്കുന്നതിനുള്ള തൃഷ്ണയെക്കാള്‍ എനിക്കുപരകിച്ചിട്ടുള്ളത് ഭാവനക്കുള്ള എന്റെ കഴിവാണ് " എന്നാണ് Einstein പറഞ്ഞത്. ഒരിക്കലും അറിയാനാവാത്ത നിഗൂഢതകളുടെ സാന്നിധ്യത്തെപ്പറ്റിയുള്ള ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഏറ്റവും പുതിയ അറിവുകള്‍ പറയുന്നത്, ശാസ്ത്രപഠനത്തിനു വിധേയമാക്കപ്പെടുന്ന പ്രപഞ്ചം മൊത്തത്തിന്റെ വെറും 4% മാത്രമേയുള്ളൂ; ബാക്കിയൊക്കെ 'Dark Matter' എന്ന് വിളിക്കപ്പെടുന്ന ഊര്‍ജ്ജപ്രതിഭാസത്തില്‍പെടുന്നു എന്നാണ്!

സംഗീതത്തിലെ മൌനം

വളരെ വലിയ സംഗീതപ്രേമികളാണ് കേരളീയര്‍. പൊതുഗതാഗതസൌകര്യങ്ങളില്‍ പോലും, വണ്ടിയുണ്ടാക്കുന്ന ഗംഭീരന്‍ 'ചെത്തത്തെ' മൂടിക്കളയാനെന്നോണം ഉച്ചത്തില്‍ പെട്ടിപ്പാട്ടുമായി കിതച്ചുപായുന്നവര്‍ വേറേയെവിടെയുണ്ട്? മൈക്കുപയോഗിച്ച് പരസ്യങ്ങളുമായി നാടായ നാടെല്ലാം ഊരു ചുറ്റുന്നവരും വിരാമമില്ലാത്ത പാട്ടുകച്ചേരിക്കിടക്കാണ്, കേട്ടാലൊന്നും തിരിയാത്തവിധം 'എക്കോയും' 'വൈബ്രേഷനും' ചേര്‍ത്ത്  ഓരോന്ന് വിളിച്ചുകൂവുന്നത്. നമുക്ക് ഗന്ധര്‍വസംഗീതം പോലും ഒരുവിധത്തില്‍ ഒരു വലിയ ശബ്ദകോലാഹലമാണ്. ചാനലുകളിലെ സംഗീതമത്സരങ്ങളില്‍ ഗായകര്‍ സ്വരമൊന്നു നിറുത്താന്‍ നോക്കിയിരിക്കുമ്പോലെയാണ് ഓര്‍കെസ്ട്ര ചാടി വീണ് ഇടം നിറയ്ക്കുന്നത്! മലയാളികള്‍ കൂടുന്നിടത്തൊക്കെ (ഇത് പ്രവാസികളുടെയിടയിലും വളരെ ശരിയാണ്) മൈക്ക് പിടിപ്പിക്കുക, അത് ഏറ്റം കൂടിയ സ്വരത്തില്‍ സെറ്റപ്പ് ചെയ്ത്, ആബാലവൃദ്ധം ശ്രവണേന്ദ്രിയം കേടാക്കിവിടുക എന്നതൊക്കെ പണ്ടും ഇന്നും തകൃതിയായി നടക്കുന്ന തമാശകളാണ്. ചുരുക്കി പറഞ്ഞാല്‍, ഒരു നിമിഷംപോലും മൌനമായി ഇരിക്കുക നമുക്ക്, മലയാളികള്‍ക്ക് പറഞ്ഞിട്ടില്ല.

എന്നാല്‍, മൌനം അസ്വസ്ഥതയായി തോന്നുന്നവര്‍ക്ക് ഒരു വലിയ സത്യം കൈവിട്ടുപോകുന്നു. എന്തെങ്കിലുമാസ്വദിക്കാന്‍ നിശബ്ദനിമിഷങ്ങള്‍ അനിവാര്യമാണ്. സപ്തസ്വരങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന സംഗീതമാധുര്യം ഉള്ളിലുറങ്ങുന്നയാത്മാവിനെ തൊട്ടുവിളിച്ചുണര്‍ത്തുന്നത് മൌനത്തിന്റെ ജീവനാഡികളിലൂടെയാണ്. സംഗീതം അതിന്റെ പാരമ്യത്തില്‍ ആസ്വാദ്യകരമാകുന്നത്, അതിനിടയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മൌനസമ്പന്നതയിലൂടെയാണ്. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കിട്ടുന്ന സംഗീതം ശ്രദ്ധിച്ചു ശ്രവിക്കാന്‍ സമയമുള്ളവര്‍ക്ക് ഇക്കാര്യം ഉടന്‍ മനസ്സിലാകും. ശബ്ദകോലാഹലമില്ലാതെ, മൌനത്തിന്റെ ഇടവേളകളിലൂടെ സംഗീതത്തെ അങ്ങേയറ്റം ആസ്വാദ്യകരമാക്കുന്നയദ്ഭുതം ഈ Youtube video-clipല്‍ അനുഭവിക്കാം.



സ്വരങ്ങളില്‍ നിന്ന് വാക്കുണ്ടാകുന്നത്, പദ(ശബ്ദ)ങ്ങളില്‍ ആശയങ്ങളെ ഒളിച്ചുവയ്ക്കുന്നത്, അവയിലൂടെ ജ്ഞാനം ആര്‍ജ്ജിതമാകുന്നത്‌, ജ്ഞാനത്തില്‍ നിന്ന് ബോധമുദിക്കുന്നത് എന്നതൊക്കെ ഇതിനു സമാനമായ അദ്ഭുതങ്ങളാണ്. മൌനസാന്ദ്രമായ ശ്രദ്ധയില്ലാതെ അവയൊന്നും അന്തരംഗത്ത് മുദ്രിതമാകില്ല. കാരണം, ഇവയെല്ലാം മിന്നല്‍വേഗത്തിലാണ് സംഭവിക്കുക. പ്രകാശത്തിന്റെ വേഗത്തെ വെല്ലുന്നതൊന്നും പ്രപഞ്ചത്തിലില്ലെന്ന് ഐന്‍ഷ്റ്റൈന്‍ പറയുമ്പോള്‍, അത്ര തീര്‍ച്ചപറയാന്‍ അദ്ദേഹത്തിന് എന്താണാധാരമന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്. മനുഷ്യന്റെയറിവില്‍, അതില്‍ക്കവിഞ്ഞ ഒരു വേഗം ഭൌതികലോകത്ത് ഇല്ലെന്നേ അതിനര്‍ത്ഥമുള്ളു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. നമുക്ക് എല്ലാ അറിവിന്റെയും ആധാരവും മാദ്ധ്യമവും വെളിച്ചമാണ്. പ്രകാശമില്ലെങ്കില്‍ ഐന്ദ്രികമായ സമ്പര്‍ക്കങ്ങളോ, അവവഴി തലച്ചോറില്‍ ഉരുത്തിരിയുന്ന അറിവോ അനുഭൂതിയോ സാധ്യമല്ലല്ലോ. (പ്രകാശമെന്നാല്‍, ഒരേ സമയം വിദ്യുത്-കന്തോര്‍ജ്ജം എന്നും ആത്മാവിന്റെ കണ്ണെന്നും മനസ്സില്‍ വയ്ക്കണം.) പ്രകാശമില്ലെങ്കില്‍, നമുക്ക് പ്രപഞ്ചമില്ല. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് കുറിക്കപ്പെട്ട വേദവാക്യം ഓര്‍മിപ്പിക്കുന്നു, പ്രകാശമുണ്ടാകുന്നതുവരെ ഭൂമി (പ്രപഞ്ചം) രൂപമില്ലാത്തതായിരുന്നു എന്ന്. ആകാശത്തിനും ഭൂമിക്കും പ്രകാശം അള്ളാവാകുന്നു എന്ന് ഖുറാന്‍. അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേയ്ക്ക് (ഇല്ലായ്മയില്‍ നിന്ന് ഉണ്മയിലെയ്ക്ക്) എന്നെ നയിക്കേണമേ എന്നാണ് ഏറ്റവും ഹൃദയഹാരിയായ ഹൈന്ദവജപം. അറിവ് പ്രകാശമാണെന്നും, അറിയുന്നവനും, അറിയപ്പെടുന്നതും ഒന്നാകുന്നതുവരെ അറിവെന്നയദ്ഭുതം ഉണ്ടാവില്ല എന്നിവയില്‍ കവിഞ്ഞ ഒരു മനശാസ്ത്രവുമില്ല. അറിവ് മാത്രമാണ് അഴിവും നിഴലുമില്ലാത്ത പ്രകാശം.

Dosho Port ന്റെ 'Keep me in your heart a while' (The haunting Zen of Dainin Katagiri, Wisdom Publications, Boston 2009) എന്ന പുസ്തകത്തില്‍, ഒരു വാക്യം ഇങ്ങനെ: "ബുദ്ധന്റെ വിശാലലോകത്തിലെത്താന്‍ നാം ചെയ്യേണ്ടതിതാണ്. ശരീരത്തിന്റെയും ആത്മാവിന്റെയും പ്രകൃതങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യന്‍ എന്നോര്‍ക്കുക. അതില്‍ ആത്മാവാണ് ഹൃദയം, ജീവന്റെ സ്രോതസ്. അത് പ്രപഞ്ചത്തോളം വിസ്തൃതമാണ്. അത് തുറന്നിടുക. ഏത്‌ ചെറിയ കാര്യത്തെയും വലുതാക്കുന്നത് ഈ ശ്രദ്ധയാണ് - സ്വരത്തില്‍ നിന്ന് സംഗീതം ജനിക്കുക, പുറത്തെ വെളിച്ചത്തിലൂടെ അകത്തു ജ്ഞാനം തെളിയുക, വെറുമൊരു കടാക്ഷത്തിലൂടെ അപാരമായ സ്നേഹം വിതറുക എന്നതൊക്കെ അതിന്റെ ഫലങ്ങളാണ്." മൌനം ഹൃദയത്തില്‍ നിറയുമ്പോള്‍ മാത്രമാണ് ശരീരത്തെയും ആത്മാവിനെയും വേണ്ടവണ്ണം കൂട്ടിയിണക്കുന്ന, സ്ഥൂലതയിലൂടെ സൂക്ഷ്മതയിലേയ്ക്ക് കടക്കാനാവുകയെന്ന വിദ്യ നാം കണ്ടെത്തുന്നത്. ശബ്ദകോലാഹലങ്ങളും കാഴ്ച്ചക്കേളികളും ബാക്കിവയ്ക്കുന്നത് ശൂന്യത മാത്രമാണ്. 

സ്ഥൂലതയും സ്വാതന്ത്ര്യവും വിരുദ്ധ ധ്രുവങ്ങളാണ്. ഉപകാരമില്ലാതെ കൂടിക്കിടക്കുന്ന വസ്തുക്കള്‍ മുറിയുടെ ഭംഗി മാത്രമല്ല, അതിന്റെയര്‍ത്ഥംതന്നെ ഇല്ലാതാക്കുമ്പോലെ, അനാവശ്യ ചിന്തകള്‍ മനസ്സിനെ ഞെരുക്കും. ഇടയ്ക്കിടയ്ക്ക് മനസ്സിനും ഒരു അടിച്ചുവാരലും നനച്ചുതൂക്കലും ആവശ്യമാണ്‌. അതൊട്ടും എളുപ്പമല്ലതാനും. അതിലും ബുദ്ധിപൂര്‍വ്വവും അത്യാവശ്യവുമായ കാര്യം അനാവശ്യമായവ ഉള്ളിലേയ്ക്ക് കടക്കാനനുവദിക്കാതിരിക്കുകയാണ് - അനാവശ്യ വാര്‍ത്തകള്‍, ഉപകരിക്കാത്തയറിവുകള്‍, വേണ്ടാത്ത ബന്ധങ്ങള്‍ തുടങ്ങിയവ. കാരണം, സ്വാതന്ത്ര്യമെന്നത് വ്യക്തിത്വത്തിന്റെ ഒരു പൊതുഭാവമാണ്. അന്തിമവിശകലനത്തില്‍, വിശാലമായ ഇടമാണ് അതിനാധാരം. ഇടത്തെ കൊല്ലുന്നതെന്തും സ്വാതന്ത്ര്യത്തെയും കൊല്ലും. ഇടമെന്നാല്‍ ആകാശമാണ്‌. ആകാശത്തിന്റെ ഗുണമാണ് മൌനം. ജീവന്റെയും സൗന്ദര്യത്തിന്റെയും സംഗീതത്തിന്റെയും മുന്നോടിയാണത്.

ആത്മാവുള്ളവരുടെ രഹസ്യങ്ങള്‍


ആരോ ബുദ്ധനോട് ചോദിച്ചു. "ഏറ്റവും വലിയ അത്ഭുതമെന്താണ്?" അദ്ദേഹം പറഞ്ഞു, "പരാവൃത്തി". ഈ വാക്കിനര്‍ഥം 'ഉണരല്‍' അല്ലെങ്കില്‍ 'തിരിച്ചുവരവ്' എന്നാണ്. ഏതൊരു ബുദ്ധപ്രേമിയും ഇഷ്ടപ്പെടുന്ന ചില വാക്യങ്ങളാണ് ഇനി കുറിക്കുന്നത്. ഉള്ളിലേയ്ക്ക് നോക്കുക, ആയിരം കാതങ്ങളകലെയുള്ള മേഘങ്ങളെ നിങ്ങള്‍ക്ക് കാണാനാവും. ആല്മരങ്ങളിലെ പ്രാചീനസംഗീതം നിങ്ങള്‍ക്ക് കേള്‍ക്കാനാവും. ഈ പ്രാചീനസംഗീതം അനശ്വരമാണ്. സ്വനമില്ലാത്ത സ്വനമാണത്. അത് കേള്‍ക്കണമെങ്കില്‍ 'ഉണരല്‍' ആവശ്യമാണ്‌. മൌനമാണ് അതിലേയ്ക്കുള്ള ഏക വഴി. പ്രണയം, അതിലേയ്ക്കുള്ള വാതിലും. കാരണം, ആത്മീയതയോട് ഏറ്റവുമടുത്തുനില്‍ക്കുന്നതാണ് പ്രണയം. അതില്‍, ഒരു ജീവാത്മാവ് മറ്റൊന്നുമായും, അതേത്തുടര്‍ന്ന്, മറ്റെല്ലാവുമായും ലയബദ്ധമായിത്തീരുന്നു.

അസ്തിത്വമുള്ള എന്തുമായി ഇഴുകിച്ചേരുക എന്ന് പറഞ്ഞാല്‍ പ്രേമബദ്ധരായ രണ്ട് വ്യക്തികള്‍ക്ക് സംഭവിക്കുന്നതിനു സമാനമായ ഒരു പ്രക്രിയയാണെന്ന് പറയുമ്പോള്‍ ആശ്ചര്യപ്പെടുന്നവര്‍ പ്രണയിച്ചിട്ടില്ലെന്നു തീര്‍ച്ചയാണ്. പ്രണയത്തെപ്പറ്റി പാടാത്ത കവികളില്ല. എഴുതാത്ത കഥകളില്ല. തങ്ങള്‍ പ്രണയത്തിലാണെന്ന് ധരിച്ചുവശായി, അതിനായി മരിക്കുന്നവര്‍ എന്നുമുണ്ടായിരുന്നു. എന്നാല്‍, പ്രണയിക്കുക അത്രയൊന്നും എളുപ്പമുള്ള ഒരു കാര്യമേയല്ല. രണ്ട് കമിതാക്കള്‍ ഒന്നായിത്തീരുക; പയ്യെപ്പയ്യെ ശരീരത്തിന്റേതുള്‍പ്പെടെയുള്ള ആകര്‍ഷണത്തെ ആത്മാവിന്റെ സ്വരുമ അതിക്രമിക്കുക. അതുപോലെയാണ് ഒരാള്‍ അസ്തിത്വത്തില്‍ ലയിക്കാന്‍ പഠിക്കുമ്പോള്‍ സംഭവിക്കുന്നതും. ഭൌതികവും പദാര്‍ത്ഥപരവുമായത് അപ്രത്യക്ഷമായിട്ട്, തല്‍സ്ഥാനത്ത് ആത്മാവിന്റേതായ ഒരവബോധം തെളിഞ്ഞു വരുന്നു. അതില്‍നിന്ന് ഒന്നും മാറ്റിനിറുത്തപ്പെടുന്നില്ല. കാരണം, അസ്തിത്വം ഒരു സമഗ്രതയാണെന്ന്‌ കണ്ടെത്തിയ ഒരാള്‍ക്കേ ഇത്തരമൊരു പ്രണയത്തിലെത്താനാവൂ.

രണ്ട് വ്യക്തികള്‍ക്കിടയില്‍ തളിരിടുന്ന പ്രണയമായാലും, അതില്‍ സാവധാനം മറ്റെല്ലാരും, എല്ലാവും ഉള്‍ച്ചേരുന്നില്ലെങ്കില്‍, അത് ശുദ്ധവും പൂര്‍ണവുമായ പ്രണയമല്ല, അതുകൊണ്ട് അത് നിലനില്‍ക്കില്ല എന്നത് തീര്‍ച്ചയാണ്. ആദ്യകാഴ്ചയിലെ മതിഭ്രമമല്ല ഇതെന്ന് വ്യക്തമാണല്ലോ. ഇവിടെ പരാമര്‍ശിക്കുന്ന പ്രണയമെന്ന പ്രക്രിയ ഒരദ്ഭുതമാണ്. കാരണം, അഹത്തെ മറികടന്ന് അപ്പുറത്തേയ്ക്ക് ചെല്ലുകയും അവിടെ അതുതന്നെ ചെയ്യാന്‍ വെമ്പുന്ന മറ്റൊരാളാല്‍ സ്വീകരിക്കപ്പെടുകയുമാണ് അതില്‍ സംഭവിക്കുന്നത്‌. സ്വന്തമസ്തിത്വത്തെ കൈമാറുകയാണത്. രണ്ട് ചതുരങ്ങളില്‍ നിന്ന് ഒരു വൃത്തമുണ്ടാകുക എന്നതുപോലെ, അസാദ്ധ്യമായത് സാദ്ധ്യമാവുകയാണത്. അതുകൊണ്ട്, ഇരുഭാഗത്തും ഒരേപോലെയുള്ള പ്രതികരണം ഉണ്ടാകാതെ ഇത്തരം പ്രണയം സംഭവിക്കില്ല. അന്യോന്യമുപയോഗിക്കലോ കീഴടക്കലോ ശുദ്ധപ്രണയത്തില്‍ ചിന്തനീയമേയല്ല. പരസ്പര ബഹുമാനത്തോടെയുള്ള പൂര്‍ണമായ ഉള്‍ച്ചേര്‍ച്ചയാണത്. അസ്തിത്വപ്രേമമെന്നാല്‍ ഒരു പടികൂടി കടന്ന്, അസ്ഥിത്വമുള്ളതെല്ലാവുമായി ഇങ്ങനെയൊരു സൗഹൃദം സ്ഥാപിക്കലാണ്. വെറുതെയല്ല അതിത്ര വിരളമായിരിക്കുന്നത്. അതിന് കഴിഞ്ഞിട്ടുള്ളവരില്‍ ഒരു ബുദ്ധനുണ്ട്, ഒരു യേശുവുണ്ട്, ഒരു മഹാവീറുണ്ട്, ഒരു ഫ്രാന്‍സ്സീസും രമണമഹര്ഷിയുമുണ്ട്; ഒരു കൊച്ചുത്രേസ്യയും ക്ലാരയുമുണ്ട്. അങ്ങനെ ചുരുക്കം ചിലര്‍. എന്തുകൊണ്ടാണ് അസ്തിത്വത്തെ പ്രണയിക്കുന്നവര്‍ ഇത്ര കുറഞ്ഞുപോകുന്നതെന്നു ചിന്തിക്കേണ്ടത് ഒരത്യാവശ്യമാണ്. കാരണം, മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതതന്നെ പ്രണയിക്കാനുള്ള അതിന്റെ കഴിവാണ്. എങ്കില്‍ അതെന്തെന്നും എങ്ങനെയെന്നും നാം അറിയേണ്ടതുണ്ട്. ഈയൊരറിവാണ് ആത്മാവ്. ആത്മാവുള്ളവരുടെ രഹസ്യങ്ങള്‍ എന്ന് ശീര്‍ഷകമെഴുതിയത് അതുകൊണ്ടാണ്. 

ഈയര്‍ത്ഥത്തില്‍, ആത്മാവില്ലാത്തവര്‍ ഭൂരിപക്ഷമായതെന്തുകൊണ്ട് എന്ന് സ്വാഭാവികമായും ചോദിച്ചുപോകും. അതിന് ഞാന്‍ കണ്ടെത്തിയ വിശദീകരണം ഏതാണ്ടിങ്ങനെ കുറിക്കട്ടെ. വേദനകളും ക്ലേശങ്ങളും ജീവിതത്തിന്റെ സഹജഭാഗമാണെന്ന ചിന്ത ചെറുപ്പംമുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നതുതന്നെ ഒരഗാധഗര്‍ത്തത്തിലേയ്ക്കാണ്. അന്ധവിശ്വാസങ്ങളുടെ ഒരു തമോഗര്‍ത്തം. ഏറ്റം നിഷ്കളങ്കരായ കുഞ്ഞുങ്ങളിലും ജന്മപാപത്തിന്റെയും കര്‍മപാപത്തിന്റെയും ഭയം അടിച്ചേല്‍പ്പിച്ചാണ് ഓരോ സമൂഹവും മതവും അതിന്റെ അധികാരത്തെ അവരുടെമേലുറപ്പിക്കുന്നത്. ഇഹലോകപരലോകങ്ങളെന്ന വേര്‍തിരിവാണ് ആത്മാവിനെ കൊല്ലാനുള്ള വേറൊരു വഴി. ഈ ലോകത്തിലെ പോരായ്മകള്‍ക്ക്‌ ഒത്തൊരുമിച്ച് പരിഹാരം തേടുന്നതിനുപകരം, ഇവിടുത്തെ സഹനങ്ങള്‍ക്ക്‌ പ്രതിഫലമായി മറ്റൊരു ജീവിതത്തെ ചൂണ്ടിക്കാണിച്ചാണ് മതങ്ങള്‍ മനുഷ്യരെ പാട്ടിലാക്കുന്നത്. അതോടെ ഈ ജീവിതവും അതുമായി ബന്ധപ്പെട്ടതൊക്കെയും എങ്ങനെയെങ്കിലും കടത്തിവിടേണ്ട ഒരിടവേള മാത്രമായി തരംതാഴ്ത്തപ്പെടുന്നു. ഇവിടെയുള്ളതെല്ലാം അപ്രധാനമായിത്തീരുന്നു. എന്തിനാണ് മനുഷ്യര്‍ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ഇതൊക്കെ ചെയ്യുന്നത്? ഒരേയൊരു കാരണമേയുള്ളൂ, അതിതാണ്: ആത്മാവുള്ളവരെ ഭരിക്കാനാര്‍ക്കുമാവില്ല.

വളരെ വലിയ യുക്തിവൈരുദ്ധ്യമായി തോന്നാം; പക്ഷേ, പരലോകമെന്ന കണ്ടുപിടുത്തത്തിലുള്ള അന്ധതനിറഞ്ഞ ഈ ഊന്നലാണ് മേല്‍പ്പറഞ്ഞ ആത്മാവിന്റെ തലത്തില്‍നിന്ന് മനുഷ്യനെ താഴേയ്ക്ക് തള്ളിയിടുന്നത്. ഈ ജീവിതത്തിലുടനീളം ഒരു രമണീയസാന്നിദ്ധ്യമായിരിക്കേണ്ട പരാശക്തിയെ ഒരു വിധികര്‍ത്താവും ശിക്ഷകനും സമ്മാനദായകനുമായി ഉയര്‍ത്തി  മാറ്റിനിര്‍ത്തുന്നതുതന്നെയാണ് ദൈവവുമായി താദാത്മ്യം പ്രാപിക്കുന്നതിനുള്ള ഏറ്റവും വലിയ തടസമായിത്തീരുന്നത്. അതോടെ ദൈവാരാധന അടിമകളുടെ കടമയായി തരംതാഴുന്നു. അസ്തിത്വംതന്നെ ഏതോ മുന്‍ജന്മപാപത്തിനുള്ള ശിക്ഷയും വിധിയോടുള്ള അടിമത്തവുമായി കരുതപ്പെടുന്നു. പിന്നെയതിലെങ്ങനെ ഒരാള്‍ക്ക്‌ സൌന്ദര്യം കാണാനാവും? അതിലെങ്ങനെ നിര്‍വൃതികൊള്ളാനാവും? എങ്ങനെയതിനെ പ്രണയിക്കാനാവും? ദൈവികത, ആത്മീയത, ധാര്‍മികത, വിശുദ്ധി എന്നിവയെപ്പറ്റിയെല്ലാം റെഡിമെയ്ഡ് ആശയങ്ങള്‍ തലമുറകളായി കൈമാറപ്പെടുകയാണ്. അവയിലെന്തിനെയെങ്കിലുംപറ്റി എന്തെങ്കിലും സ്വന്തമായി കണ്ടെത്താനുള്ളയവസരങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ നശിപ്പിക്കപ്പെടുകയാണ്. നിര്‍ബന്ധിത വേദപഠനക്ലാസ്സുകള്‍, വചനോത്സവങ്ങള്‍, അഭിഷേകധ്യാനങ്ങള്‍ എന്നിവയിലൂടെയൊക്കെ എല്ലാ സത്യാന്വേഷണങ്ങളും തടയപ്പെടുകയാണ് ചെയ്യുന്നത്. മനുഷ്യചേതനക്ക് സ്വാതന്ത്ര്യം അനുവദിക്കരുത് എന്ന പിടിവാശിയോടെ ഇളംമനസ്സുകളില്‍ ഏതാനും അപക്വവിശ്വാസങ്ങള്‍ ഇടിച്ചുറപ്പിക്കാനാണ് ഇത്തരം വേദികളില്‍ മതത്തിന്റെ തൊഴിലാളികള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. അറിഞ്ഞോ അറിയാതെയോ, ആത്മീയതയുടെ പേരില്‍, ആത്മാവില്ലാത്ത അനുയായികളെ സൃഷ്ടിക്കുന്ന പരിപാടികളാണിവ. അതോടെ അവരെ നിയന്ത്രിക്കാനെളുപ്പമാണ്. കര്‍ക്കശമായും ഏകപക്ഷീയമായും തിരഞ്ഞെടുത്ത ഏതാനും മതാചാരങ്ങളില്‍ അവരെ കെട്ടിയിടാം. ദശാംശം ചോദിച്ചു പീഡിപ്പിക്കാം. വേണ്ടിവരുമ്പോള്‍, വിമോചനസമരം പോലുള്ള സ്വാര്‍ത്ഥഭ്രമങ്ങള്‍ക്കായി അവരെ സംഘടിപ്പിക്കാം. പരലോകത്തിനുവേണ്ടി എന്നുപറഞ്ഞ് എന്തും സഹിക്കാന്‍ പ്രേരിപ്പിക്കാം. ഈ വരികള്‍ വായിക്കുന്ന ഉറച്ച വിശ്വാസികള്‍ മുഖം ചുളിപ്പിക്കുമെന്നറിയാം. എന്നാല്‍, സുഹൃത്തുക്കളേ, ഇതൊന്നും ഒരല്പവിശ്വാസിയുടെയൊ, അവിശ്വാസിയുടെയോ ജല്‍പനങ്ങളല്ല, മറിച്ച്, സ്വയം തടിച്ചുകൊഴുക്കാനും ആള്‍ബലം കൂട്ടാനുംവേണ്ടി ഏത്‌ മതവും കാര്‍ക്കശ്യത്തോടെ കാത്തുസൂക്ഷിക്കുന്ന ഇരട്ടത്താപ്പുകളിലേയ്ക്ക് വിരല്‍ചൂണ്ടുക മാത്രമാണ്. മേല്പ്പറഞ്ഞതൊക്കെ പ്രോത്സാഹിപ്പിച്ചു പ്രസംഗിക്കുന്ന, എന്നാല്‍ സ്വകാര്യതയില്‍, ഇതൊക്കെ ശുദ്ധയബദ്ധങ്ങളാണെന്ന് സമ്മതിക്കുന്ന, നിരവധി വൈദികരെ എനിക്കറിയാം. പിന്നെയെന്തിന് അസത്യം പറയുന്നു എന്ന് ചോദിച്ചാല്‍, അതാണ്‌ ജനത്തിനു വേണ്ടത് എന്നാണവരുടെ നിസ്സംഗത നിറഞ്ഞ മറുപടി. ഉള്ളിന്റെയുള്ളില്‍ തോന്നുന്നത് പറഞ്ഞാല്‍ അവരുടെ ജോലി മാത്രമല്ല, ഇതുവരെ കെട്ടിപ്പടുത്ത അവരുടെ പ്രതിച്ഛായയും നഷ്ടപ്പെടുമെന്ന ഭയവും അവരില്‍ ചിലരെങ്കിലും മറച്ചുപിടിക്കുന്നില്ല. 

ഇങ്ങനെ, ഇഹത്തിലെ വേദനകളെയും ഭയങ്ങളെയും കച്ചവടച്ചരക്കും പരലോകസമ്മാനം നേടിത്തരുന്ന ഭാഗ്യക്കുറികളുമാക്കുകവഴി പ്രബലപ്പെട്ട മതങ്ങള്‍ അരങ്ങേറുന്നതിന് എത്രയോ മുമ്പ്, ഭാരതീയ ചിന്തയില്‍ കുരുത്ത ഒരു മഹത്സന്ദേശമുണ്ട്. അതിതാണ്: അസ്തിത്വം ഭാഗികമായും മൊത്തത്തിലും സുന്ദരവും ആഹ്ലാദജന്യവുമാണ്. അത് പരിപൂര്‍ണമാണ്. ഓം, പൂര്‍ണമദ: പൂര്‍ണമിദം / പൂര്‍ണാത് പൂര്‍ണമുദച്യതെ / പൂര്‍ണസ്യ പൂര്‍ണമാദായ / പൂര്‍ണമേവാവശിഷ്യതേ. അസ്തിത്വത്തിന്റെ മഹാവിസ്മയത്തിലേയ്ക്കുള്ള വാതില്‍ തുറക്കാനുള്ള താക്കോലാണിത്. മാണ്ഡൂക്യോപനിഷത്തിലെ ഈ ബീജശ്ലോകത്തിന്റെ അന്തരാര്‍ത്ഥങ്ങളെ മനസ്സിലാക്കുന്നവര്‍ക്ക്, മതങ്ങള്‍ കെട്ടിപ്പടുക്കുന്ന അന്ധകാരത്തിന്റെ തടങ്കലില്‍ പിന്നെ ഒരു നിമിഷംപോലും നരകിക്കേണ്ടിവരില്ല. എങ്കില്‍ അതിനൊരു ശ്രമം അനുപേക്ഷണീയമാണല്ലോ.
 
ആദ്യം ശ്ലോകത്തിന്റെ വാച്യാര്‍ത്ഥം. അതിതാണ്. അവിടെയുള്ളത് (അദൃശ്യമായത്) പൂര്‍ണമായതുകൊണ്ട് ഇതും (ഇവിടെയുള്ളത്, ദൃശ്യമായത്) പൂര്‍ണമാണ്. (കാരണം,) പൂര്‍ണത്തില്‍ നിന്ന് പൂര്‍ണമായതേ ഉണ്ടാകൂ. പൂര്‍ണത്തില്‍ നിന്ന് പൂര്‍ണമെടുത്താലും, ഉള്ളത് പൂര്‍ണം തന്നെയാണ്. 

പൂര്‍ണം എന്ന ഒറ്റ വാക്കാണ്‌ ഉപനിഷത്തുകളുടെ ഈ അടിസ്ഥാനമന്ത്രത്തിന്റെ കാതല്‍. നമ്മുടെ ഋഷികള്‍ ഈ വാക്കുകൊണ്ടുദ്ദേശിച്ചതെന്താണെന്ന് The ultimate Philosophy എന്നൊരു കൃതിയില്‍ ഒരു സെന്‍ഗുരു വിശദീകരിക്കുന്നുണ്ട്. സംസ്കൃതം ഒരു കാവ്യഭാഷയാണ്‌. അതായത്, വളരെ അയവുള്ള ഒരു ഭാഷ. ആധുനികഭാഷകള്‍ വാക്കുകളുടെ അര്‍ത്ഥധ്വനികളില്‍ ക്ളിപ്തതക്കും നിഷ്ഠതക്കുംവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍, സംസ്കൃതപദങ്ങള്‍ക്ക് അര്‍ത്ഥങ്ങളുടെ ഒരു വര്‍ണരാജി തന്നെയുണ്ട്‌. മേല്‍പ്പറഞ്ഞ കൃതിയില്‍, 'പൂര്‍ണ'ത്തിന്റെയര്‍ത്ഥം പടിപടിയായി വിശദീകരിച്ചുതരുന്നത് നോക്കുക. 

1. പൂര്‍ണത്വം. ഇതാണ് ഏറ്റം സ്ഥൂലമായ അര്‍ത്ഥം. പൂര്‍ണത്വമെന്നാല്‍ പൂര്‍ണമല്ലാത്തതില്‍നിന്ന് എത്തിച്ചേര്‍ന്ന അവസ്ഥയാണ്. അതിനപ്പുറത്ത് ഒന്നുമില്ല താനും. നമ്മുടെയസ്തിത്വം, പക്ഷേ, ജൈവമാണ്‌. അതൊരൊഴുക്കാണ്, ഒരു പരിണാമപ്രക്രിയയാണ്. അതുകൊണ്ട്, ആത്മതലത്തില്‍, പൂര്‍ണത്തിന് ഈയര്‍ത്ഥം ചേരില്ല. 

2. സാകല്യത എന്നതാണ് പൂര്‍ണത്തിനുള്ള മറ്റൊരര്‍ത്ഥം. ആകെത്തുകയെന്ന ഇതിലെ ആശയം ഗണിതശാസ്ത്രപരമാണ്. ഒരു യന്ത്രത്തിന്റെ ഭാഗങ്ങള്‍ ചേരുംപടി ചേര്‍ത്താല്‍ സാകല്യതയായി. രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാകുമ്പോലെ. എന്നാല്‍ ജൈവികത യന്ത്രമോ ഗണിതമോ അല്ല. യന്ത്രത്തിന്റെ ഒരു ഭാഗം കേടായാല്‍ അതു മാറ്റിവയ്ക്കാം. അതിന്റെ ഭാഗങ്ങള്‍ക്ക് തനിമയാവശ്യമില്ല. എന്നാല്‍, അസ്തിത്വത്തില്‍ എല്ലാറ്റിനും അതാതിന്റെ തനിമയുള്ളതിനാല്‍, അതിനെ വെറുതേ സാകല്യമെന്ന് പറഞ്ഞുനിറുത്താനാവില്ല. 

3. സമ്പൂര്‍ണത. പൂര്‍ണമെന്ന് ഏറ്റം ഹൃദ്യമായി പറയാവുന്നത് ഈ വാക്കിലൂടെയാണ്. കാരണം, സമ്പൂര്‍ണത ആകെ തുകയിലും അധികമാണ്. ഈ അധിക വസ്തുവാണ് ജീവചൈതന്യത്തിന്റെ, രഹസ്യം. നിഗൂഢമായത്കൊണ്ടാണ് അത് രഹസ്യമായിരിക്കുന്നത്. അസ്തിത്വം വെറുമൊരു സമുച്ചയമല്ല. ഓരോ ഭാഗത്തിനും അനിവാര്യതയുണ്ട്. ഓരോ പുല്‍ക്കൊടിയും ഓരോ മണല്‍ത്തരിയും മറ്റേതുംപോലെ തനിമയാര്‍ന്നതും അനിവാര്യവുമാണ്‌. ഓരോന്നും വിലയുറ്റതാണ്. അങ്ങനെയാണ് അസ്തിത്വം മൊത്തത്തില്‍  ഒരു ചൈതന്യസമഗ്രതയായിത്തീരുന്നത്. ഈ അര്‍ത്ഥത്തിലാണ് 'പൂര്‍ണമദ: പൂര്‍ണമിദം' എന്ന് പറയുന്നത്. ഇതില്‍ 'അദ:' = അപ്പുറത്ത് ഉള്ളത്, അദൃശ്യമായത്, നിഗൂഢമായത്. 'ഇദം' = അഭിവ്യക്തവും ദൃശ്യവുമായത്, പരിമിതിയുള്ളതായി കാണപ്പെടുന്നത്. എന്നാല്‍, അത് പൂര്‍ണമായിരിക്കുന്നതുപോലെ ഇതും പൂര്‍ണമാണെന്ന്‌ വേദാന്തജ്ഞാനികള്‍ ശാഠ്യം പിടിക്കുമ്പോള്‍, നാം കുഴങ്ങുന്നു. ഈ സമസ്യയെ മറികടക്കുക എന്നതാണ്‌ ബോധോദയം. 

ഇക്കാര്യത്തില്‍ ചില നല്ലയുപമകള്‍ നമ്മുടെ സഹായത്തിനുതകും. വേദഭാഷയിലെ 'തത്' അനന്തമായ ഈശ്വരീയതക്ക് വേണ്ടി ഉപയോഗിക്കുന്ന വാക്കാണെന്നു മറ്റൊരു ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്. സമ്പൂര്‍ണതയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, നാമുള്‍പ്പെടുന്ന 'ഇദം' സമ്പൂര്‍ണമാണെന്ന് എങ്ങനെ പറയാനാകും? ഒരു വിത്തിന്റെയുഉപമ ഇവിടെ സഹായകരമാകും. ഒരു കായില്‍, ഒരു മരമല്ല, ഇനിയങ്ങോട്ട്, അതില്‍ നിന്നുണ്ടാകാന്‍ പോകുന്ന കോടിക്കണക്കിനു മരങ്ങളും ഉള്‍കൊള്ളുന്നുവെന്നു പറഞ്ഞാല്‍ അതു വെറും സത്യമാണ്. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ട്, നമ്മുടെയോ, അയല്‍വക്കത്തെയോ ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെ അംഗവിന്യാസങ്ങളും, ആത്മഭാവങ്ങളും പോലും ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെതന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. അപ്പോഴേ ആനന്ദമെന്തെന്നു നാമറിയൂ. 

ഏത്‌ പ്രാണിയിലും - ഏത്‌ കുരുവിലും, ഏതണ്ഡത്തിലും, ഏത്‌ ബീജത്തിലും - ഒളിഞ്ഞിരിക്കുന്ന ഈ ശക്തി അനന്തബോധമല്ലാതെ പിന്നെയെന്താണ്? ഇതേയര്‍ത്ഥത്തില്‍‍, നാമോരോരുത്തരിലും പൂര്‍ണതക്കുള്ള സാധ്യതയൊളിഞ്ഞിരിപ്പുണ്ട്. മണ്ണും വെളിച്ചവും മാടിവിളിക്കുമ്പോള്‍ വിത്ത് മുളക്കുമ്പോലെ, മൌനവും ധ്യാനവുമൊത്തുചേരുമ്പോള്‍, നമുക്കുള്ളില്‍ മുകുളമായി ഒളിഞ്ഞിരിക്കുന്ന ബോധം സമ്പൂര്‍ണതയിലേയ്ക്ക് വികസിക്കുന്നു. അതു സംഭവിക്കുന്നില്ലെന്നാല്‍, മണ്ണും വെളിച്ചവും കിട്ടാതെ കുരു കുശുത്തുചീഞ്ഞ് നശിച്ചുപോകുമ്പോലെ, മനുഷ്യജീവന് ആത്മാവിനെ നഷ്ടപ്പെടുക എന്നാണര്‍ത്ഥം. നമ്മള്‍ പഠനവിഷയമാക്കിയ ശ്ലോകത്തിന്റെ ആദ്യപാദത്തിന്റെ സ്ഥിരീകരണം മാത്രമാണ് മറ്റ് മൂന്നും. ഒരിക്കല്‍ പ്രകടിപ്പിച്ചയാശയം അടുത്ത വാക്യത്തില്‍ മറ്റ് വാക്കുകളുപയോഗിച്ച് ആവര്‍ത്തിക്കുക ബൈബിളിലും കാണാവുന്ന ഒരു ശൈലിയാണ്. 

അപ്പോള്‍, ശ്ലോകത്തില്‍ ബാക്കിയാവുന്നത് 'ഓം' ആണ്. 'ഓം' കൊണ്ടാണ് ഉപനിഷത്തുകളെല്ലാം ആരംഭിക്കുന്നത്. വെറുതേയെടുത്താല്‍, 'ആം', 'ആമ്മേന്‍' തുടങ്ങിയവപോലെ ഒരംഗീകാരശബ്ദമാണിതും. എന്നാല്‍ ആദിശബ്ദമായാണ് വേദാന്തം ഓങ്കാരത്തെ കാണുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റം പുരാതന ഗ്രന്ഥങ്ങളിലൊന്നായ ഋഗ്വേദം പറയുന്നത്, ആദിയിലുണ്ടായിരുന്നത്, അതായത്, ആദിയില്ലാതെ എന്നുമുണ്ടായിരുന്നത് എന്തോ, അതാണ്‌ ബ്രഹ്മം എന്നാണ്. തെറ്റിദ്ധരിക്കാവുന്ന ഒന്നാണ് ഈ ശബ്ദം. അത് യഹൂദരുടെ യാവെ, മുസ്ലിമിന്റെ അല്ലാഹു, ക്രിസ്ത്യാനിയുടെ സ്വര്‍ഗസ്ഥനായ പിതാവ് എന്നീ അമൂര്‍ത്തസങ്കല്പങ്ങളുമായി താരതമ്യമനുവദിക്കുന്നയൊന്നല്ല, മറിച്ച്, ദൃശ്യാദൃശ്യമായതിലെല്ലാം വ്യാപിച്ചിരിക്കുന്ന ശക്തിചൈതന്യമെന്തോ, അതാണ്‌ ബ്രഹ്മം. ഈ ബ്രഹ്മചൈതന്യത്തെയാണ്‌ ഓം പ്രതിനിധീകരിക്കുന്നത്. ഏത്‌ ആദ്യപ്രകമ്പനത്തില്‍നിന്നാണോ ഈ പ്രപഞ്ചസംവിധാനം അല്ലെങ്കില്‍ ബ്രഹ്മാണ്ഡം രൂപംകൊണ്ടത്‌, അതായും വേദാന്തത്തില്‍ 'ഓം' നിലകൊള്ളുന്നു. 

വളരെ പൌരാണികമായ ഒരു ചിന്തയാണിത്. സൃഷ്ടിക്കു പിന്നിലെ ശക്തിയായ വചനം എന്നയര്‍ത്ഥത്തില്‍ 'Logos' എന്ന വാക്ക് ആദ്യമുപയോഗിച്ചത് ഗ്രീസുകാരനായ ഹെരാക്ളിറ്റസാണ്. പ്ലേറ്റോ അതിന് The Idea of Ideas എന്ന താത്ത്വികാര്‍ത്ഥം കൊടുത്തു. ഈ അര്‍ത്ഥം കടമെടുത്താണ് യഹൂദചിന്തകന്‍ Philo Judaeus, Logos = Wisdom of God എന്നാക്കിയത്. അദ്ദേഹവും 'സൃഷ്ടാവിന്റെ ഇച്ഛാശക്തി' എന്നാണ് അതുകൊണ്ടുദ്ദേശിച്ചത്. ഇത് മനസ്സില്‍ വച്ചുകൊണ്ടാണ്, പുതിയ നിയമത്തിലെ ഒരു സുവിശേഷകൃതിയുടെ രചയിതാവ്, യോഹന്നാന്‍ "ആദിയില്‍ ഉണ്ടായിരുന്നത് വചനമായിരുന്നു, ആ വചനം ദൈവത്തിന്റേതായിരുന്നു, എല്ലാവും ആ വചനത്തില്‍ നിന്നുണ്ടായി" എന്നെഴുതിയത്. എന്നാല്‍ അതിനൊക്കെ എത്രയോ മുമ്പ്, ആര്‍ഷഭാരതത്തില്‍ നമ്മുടെ പൂര്‍വസൂരികള്‍ വളരെ വ്യക്തമായിത്തന്നെ ഇങ്ങനെയെഴുതിവച്ചു: "ഭൂതം ഭവത്‌ ഭവിഷ്യദിതി സര്‍വമോങ്കാര ഏവ." അര്‍ത്ഥം: ഉണ്ടായിരുന്നതും ഉള്ളതും ഉണ്ടാകാനിരിക്കുന്നതുമായ സര്‍വ്വവും ഓങ്കാരമത്രേ (മാണ്‍ഡൂക്യോപനിഷത്ത്). ഈ വേദാന്തപാഠത്തെ ആധുനികഭൌതികശാസ്ത്രവും സ്വന്തമാക്കിയിരിക്കുന്നു എന്നത് അദ്ഭുതകരം തന്നെ. Quantum Physics അനുസരിച്ച്, ഊര്‍ജ്ജസ്പന്ദനമാണ് അസ്തിത്വമുള്ള എല്ലാറ്റിന്റെയും മൂലഘടകം. പ്രപഞ്ചമായ പ്രപഞ്ചമെല്ലാം electromagnetic energy യുടെ ഭാവാന്തരങ്ങള്‍ മാത്രമാണ്. ഫോട്ടോണ്‍ കണങ്ങളുടെ തരംഗരൂപേണയുള്ള സഞ്ചാരമായ പ്രകാശവും അതിലുള്‍പ്പെടുന്നു. 'വെളിച്ചമുണ്ടാകട്ടെ'യെന്നാണ് സൃഷ്ടികര്‍മ്മത്തെപ്പറ്റി ബൈബിള്‍ സംഗ്രഹിച്ചു പറഞ്ഞിരിക്കുന്നത്. നമുക്കുള്ളിലും ഈ വെളിച്ചത്തിന്റെയൊരംശം ചിതറിവീണുപടരുമ്പോള്‍, അസ്തിത്വത്തെ അതിന്റെയെല്ലാ ഭാവങ്ങളിലും പ്രണയിക്കാന്‍ നമുക്കും കൊതിക്കാം. നാലപ്പാട്ട് ബാലാമണിയമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു: "പ്രപഞ്ചത്തോടോ ജീവജാലങ്ങളോടോ ഒരൊറ്റ വക്തിയോടു തന്നെയോ മനുഷ്യാത്മാവ് താദാത്മ്യം കൊള്ളുമ്പോഴാണ് ജീവിതത്തിലെ മഹാനുഭൂതികളെല്ലാമുണ്ടാകാറ്."

അത്തരമൊരൈശ്വരസ്പര്‍ശത്തിന്റെ ലക്ഷണങ്ങളില്‍ ചിലത് ഇവയാണ്: സൃഷ്ടിവൈവിധ്യങ്ങള്‍ നമുക്ക് ഒന്നിനൊന്നു ആകര്‍ഷകമായിത്തീരും. വെറും അനുദിനചര്യകള്‍ പോലും ആനന്ദം പകരും. അന്യരുടെയഭിപ്രായങ്ങള്‍ നമ്മെ സ്വാധീനിക്കില്ല; അംഗീകാരങ്ങള്‍ക്കും സ്തുതികള്‍ക്കുമായി നാമൊന്നും ചെയ്യാതാകും. താരതമ്യങ്ങള്‍ നമ്മെ അലട്ടുകയില്ല. ഒന്നിനും സ്വയമളവുകോലാകാന്‍ നാമനുവദിക്കില്ല. നന്മതിന്മകളെപ്പറ്റി തീര്‍പ്പുകല്പിക്കുക നമുടെ വിഷയമേയല്ലാതാകും. പരിപൂര്‍ണ നിഷ്കളങ്കതയുടെ സുസ്ഥിതിയാണത്. 'വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുക' എന്നാണിതിനെ ഒരു സെന്‍മാസ്റ്റര്‍ വിളിച്ചത്. കളങ്കമില്ലായ്മ മാത്രമല്ലത്; ഒരു ശിശുവിന്റേതുപോലെ, കളങ്കമെന്തെന്നുപോലും അറിയാത്തയവസ്ഥയുമാണത്. അവസാനമായി, നന്മയായതും സുന്ദരമായതും, അവയുടെയുറവിടമെവിടെയായാലും, നമ്മെ സന്തുഷ്ടരാക്കും. കാരണം, അസ്തിത്വത്തിന്റെ സമ്പൂര്‍ണമായ ഐക്യത്തില്‍, എല്ലാം എല്ലാവരുടേതുമാകാതെ തരമില്ലല്ലൊ. 

മായയുടെ പ്രതിഭാസങ്ങള്‍

ചെറുപ്പക്കാരനായ നാരദന് ഒരു സംശയം. ശ്രീകൃഷ്ണനോട് അദ്ദേഹം ചോദിച്ചു: "മായയെന്നാല്‍ എന്താണ്, പ്രഭോ?" "നല്ല ചോദ്യം", കൃഷ്ണന്‍ പറഞ്ഞു. "പക്ഷേ, ഒരുപകാരം ചെയ്യൂ, നാരദാ. എനിക്ക് വല്ലാതെ ദാഹിക്കുന്നു, ചെന്നല്പം വെള്ളം കൊണ്ടുവരൂ.നാരദന്‍ അടുത്തുള്ള നദിക്കരയിലേയ്ക്കോടി. അവിടെയതാ ഒരു   സുന്ദരി കുളിക്കുന്നു. പതിയെ അടുത്തുകൂടിയ നാരദനും അവളുമായുള്ള ബന്ധം ഒരു കുടുംബവും കുട്ടികളുമായി വളരുന്നതുവരെ കാര്യങ്ങള്‍ നീണ്ടുപോയി. അങ്ങനെയിരിക്കേ, കവിഞ്ഞൊഴുകിയ നദി നാരദന്റെ പെണ്ണിനേയും കുഞ്ഞുങ്ങളേയുമെടുത്തു. വ്യസനാന്വിതനായി കൃഷ്ണന്റെയടുത്തെത്തിയ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു: "സംഭവങ്ങളൊക്കെയറിഞ്ഞു. പഴയ ആ ചോദ്യത്തിന് ഉത്തരവുമായി. ഇതൊക്കെയാണ്, നാരദാ, മായ."  

ചില ഏകാന്തനിമിഷങ്ങളില്‍, ഏതോ സത്യത്തിന്റെ ഒരു ചീള്പോലെ മനസ്സിലൊരു മിന്നലാട്ടം ആര്‍ക്കുമുണ്ടാകാം. എല്ലാം മായയല്ലേ, നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന കോപ്രായങ്ങളൊക്കെ നമ്മുടെ അല്പബോധത്തിന്റെ സങ്കല്പസൃഷ്ടികളല്ലേ; എങ്കില്‍, ബോധം നിശ്ചലമാകുന്ന നിമിഷത്തില്‍, എന്നോടൊത്ത്‌ ഇതെല്ലാം കെട്ടടങ്ങില്ലേ, എന്നൊരു സംശയം.



ബൈബിളിലെ സഭാപ്രസംഗകന്‍ എന്ന പുസ്തകം തുടങ്ങുന്നതിങ്ങനെ: "മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ; .  . . സൂര്യനു കീഴെ നടക്കുന്ന എല്ലാ പ്രവൃത്തികളും ഞാന്‍ വീക്ഷിച്ചു; എല്ലാം മിഥ്യയും പാഴ്വേലയുമത്രേ . . .
ജീവിതത്തിന്റെ പ്രഭാതവും യുവത്വവും മിഥ്യയാണ്‌."(അ.11) സഭാപ്രസംഗകനില്‍ ആകെയുള്ള പന്ത്രണ്ടദ്ധ്യായങ്ങളും ഇത്തരം ചിന്തകള്‍ കൊണ്ട് നിറഞ്ഞവയാണ്. (ഇത് ഗ്രീക്ക്ചിന്തയുടെ സ്വാധീനമാണെന്നും ഗ്രന്ഥകാരന്റെ പര്യവേക്ഷണങ്ങള്‍ വികലമാണെന്നും K.C.B.C.യുടെ വിവര്‍ത്തനക്കമ്മിറ്റി ആമുഖത്തില്‍ താക്കീത് ചെയ്തിട്ടുണ്ട്.)
 
ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തുള്ള കാഴ്ച്ചയുടെ പൊരുള്‍ എന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെ: നമ്മുടെ ലോകം നമ്മുടെ മാത്രം സൃഷ്ടിയാണ്. നമ്മുടെയഅളവുകോലുകളും നമ്മുടേത്‌ മാത്രമാണ്. അവ പ്രകൃതിയെ മൊത്തത്തില്‍ ബാധിക്കുന്നേയില്ല. ചരാചരങ്ങളായി, ചേതനാചേതനങ്ങളായി, പ്രകൃതിയിലുള്ളതെല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ (electro-magnetic energy) ഭാവഭേദങ്ങളാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ അവയിലെ തീരെ ചെറിയ ഒരംശവുമായി പ്രതികരിക്കുന്നതില്‍നിന്നാണ് നമ്മുടെ ലോകം ഉരുത്തിരിയുന്നത്. ഇതിലും സുപ്രധാനമായ മറ്റൊരു വസ്തുതയും അംഗീകാരമര്‍ഹിക്കുന്നു. അതായത്, പുറത്തുനിന്നും തുടര്‍ച്ചയായി എത്തുന്ന ഊര്‍ജ്ജപ്രസരങ്ങളെ വ്യാഖ്യാനിച്ചാണ് നാം യാഥാര്‍ത്ഥ്യത്തെ കണ്ടെത്തുന്നതെങ്കില്‍, നാമനുഭവിക്കുന്ന ജീവന്‍, ബോധം, അറിവ് എന്നിവയൊന്നും സുസ്ഥിരമല്ല, തുടര്‍ച്ചയാണ്. സ്ഥിരവും സുനിശ്ചിതവുമായിടത്ത്, ജീവനില്ല. നമ്മുടെ യാഥാര്‍ഥ്യം (അവിടെ നാം കണ്ടെത്തുന്ന അര്‍ത്ഥമെന്തോ, അത്) അനുനിമിഷം നമ്മള്‍ സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭവങ്ങളാണ്, അവിടെ നമുക്ക് വെളിയിലുള്ള അസ്തിത്വഭാവങ്ങളല്ല! ഉണ്മയെന്നത് നൈമിഷികമാണ്, ഓരോ നിമിഷത്തിന്റെയുമാണ്.

ഈ ചിന്താസരണി പൂര്‍ത്തീകരിക്കാനായാല്‍, ഞാനും എന്നെ ചുറ്റിപ്പറ്റി നിലക്കുന്നതെല്ലാവും എന്റെ ബോധപ്രക്രിയയുടെ സൃഷ്ടിയല്ലേ എന്ന് ചോദിക്കേണ്ടിവരും. ഇതൊരു ഭ്രാന്തന്‍ ചോദ്യമല്ല, മറിച്ച്, സത്യമാണ് എന്ന് സ്ഥിരീകരിക്കാനായാല്‍, എത്ര വ്യത്യസ്തമായിരിക്കും ഓരോരുത്തരുടെയും ജീവിതവ്യാപാരം! അപ്പോള്‍ താരതമ്യങ്ങള്‍ അര്‍ത്ഥശൂന്യമാവും. സ്പര്‍ദ്ധ, വൈരാഗ്യം, മത്സരം എന്നതൊക്കെ പോഴത്തങ്ങളായി തിരിച്ചറിയപ്പെടും. നാമെത്തിപ്പിടിക്കാനാഗ്രഹിച്ചിട്ട്‌ നടക്കാതെ നിരാശതയിലാണ്ടുപോകുന്നതിനൊന്നും സങ്കല്പത്തിലല്ലാതെ ഒരര്‍ത്ഥവുമില്ലെന്നു വന്നാല്‍, മാനം, മഹത്വം, ആദരവ്, വിജയം എന്നിവയും അവയുടെ എതിര്‍ധ്രുവങ്ങളും നമ്മെ ശല്യം ചെയ്യാതാവും. ഫലമോ, സുഖദായകമായ മന:ശാന്തി.


എങ്കില്‍, മായയെപ്പറ്റി ഒരു സൂക്ഷ്മപഠനം സാരവത്താണ്. ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന തന്റെ ലോകപ്രശസ്തിയാര്‍ജ്ജിച്ച സുന്ദരകൃതിയില്‍ മസനോബു ഫുക്കുവോക്ക പറയുന്നു: "ധൈഷണികമായ കാഴ്ചപ്പാടിലാണ്‌ പ്രബലരും ദുര്‍ബലരും, വലുതും ചെറുതുമുള്ളത്. ... എല്ലാം ശൂന്യമെന്ന് പറയുമ്പോള്‍ ബുദ്ധന്‍ ഉദ്ദേശിക്കുന്നത്, മനുഷ്യധിഷണയുടെ സൃഷ്ടിയായ ഒന്നിനും സഹജമായ ഉണ്മയില്ലെന്നാണ്." അപ്രസക്തങ്ങളായ കാര്യകാരണബന്ധങ്ങളെ സൃഷ്ടിച്ചാണ് നമ്മുടെ മനസ്സ് യാഥാര്‍ത്ഥ്യങ്ങളെന്ന പ്രത്യക്ഷഭാവങ്ങളെയുണ്ടാക്കുന്നത്. യാഥാര്‍ഥ്യമെന്നാല്‍ 'അവിടെയുള്ളതായി നാം കരുതുന്നതെന്തോ, അതാണ് '‌'. ലളിതമായ ഭാഷയില്‍, അവിടെയുള്ളത് പരമാര്‍ത്ഥമല്ല, മറിച്ച്, നമുക്കുമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന പ്രകൃതിയെ നാം അളന്നെടുക്കുന്ന ഒരു രീതി മാത്രമാണ്. പരമാര്‍ത്ഥത്തെയറിയാന്‍ ഇന്ദ്രിയങ്ങള്‍ക്കു യാതൊരു കഴിവുമില്ല. 

രസകരമായ ഒരു പരീക്ഷണത്തില്‍ (lesion studies) ഭൌതിക ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി: യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി മനസ്സിലുണ്ടാകുന്ന ബിംബങ്ങള്‍ തലച്ചോറിന്റെ വ്യത്യസ്ത കേന്ദ്രഭാഗങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ കേന്ദ്രഭാഗങ്ങള്‍ക്ക് ക്ഷതംപറ്റുകയോ, അവ മുറിച്ചുമാറ്റുകയോ ചെയ്താല്‍ അതുമായി ബന്ധപ്പെട്ട ഐന്ദ്രികാനുഭവം അപ്രത്യക്ഷമാകും. ഉദാഹരണത്തിന്, സ്ഥാനവ്യതിയാനവും വേഗവുമാണ് നമുക്ക് ഇടത്തെപ്പറ്റിയുള്ള ബോധംതരുന്നത്. അതുമായി ബന്ധപ്പെട്ട ഭാഗം തലച്ചോറില്‍ നിന്ന് നീക്കം ചെയ്താല്‍, ഈ മാനസികാനുഭവങ്ങളും ഇല്ലാതാകും. (നാഡീശാസ്ത്രത്തിന്റെ ഇത്തരം വിവിധ പരീക്ഷണങ്ങളെപ്പറ്റി വിശദീകരിച്ചെഴുതുന്ന ഡോ. കെ. രാജശേഖരന്‍നായരുടെ തുടര്‍ലേഖനങ്ങള്‍ മലയാളം സമകാലിക വാരികയില്‍ വന്നിരുന്നു. 2009 ജൂലൈ 30ലെ ലക്കത്തിലേത് വളരെ നീണ്ടതും രസകരവുമാണ്‌.) ഇങ്ങനെ നോക്കിയാല്‍, ഇന്ദ്രിയാനുഭവം ഇല്ലാതാകുന്നതോടേ, ഒരുവന് ജീവന്‍ (ആന്തരികാവബോധം) തന്നെ അന്യമായിത്തീരുന്നു. അതായത്, യാഥാര്‍ത്ഥ്യബോധത്തിന്റെ നഷ്ടം. അങ്ങനെയെങ്കില്‍, നമ്മുടെ യാഥാര്‍ത്ഥ്യങ്ങളും അവയുടെ സഹജഭാവങ്ങളായ ഇടവും സമയവും (space and time), നിറവും സ്വരവും മണവുമൊക്കെപ്പോലെതന്നെ, അസ്തിത്വത്തിന്റെ സ്ഥായിയായ ഗുണങ്ങളേയല്ല. "Space and time are modes by which we think, and not conditions in which we live." (Albert Einstein) നമ്മുടെ ജീവിതംതന്നെ എന്തിന്റെയോ ഒക്കെ പാര്‍ശ്വഫലങ്ങളും അതിനാല്‍ താല്ക്കാലികവുമാണ്! അപ്പോള്‍, നാം ജീവിതത്തില്‍ വിലമതിക്കുന്ന കാര്യകാരണങ്ങളും ചരിത്രപാരമ്പര്യാദികളുമെല്ലാം വെറും മായ മാത്രമാണ്. യാഥാര്‍ത്ഥ്യത്തിന്റെ പിന്നിലെ പരമാര്‍ത്ഥമെന്തെന്നു നമുക്കറിയില്ലതന്നെ. പരമാര്‍ത്ഥത്തെപ്പറ്റി ഇന്ദ്രിയാതീതമായ അറിവുണ്ടാവാമെന്നും അതിലെത്തിയവരുണ്ടെന്നും നാം വായിക്കാറുണ്ട്. എന്നാല്‍ ഇതിലെത്രമാത്രം സത്യമുണ്ടെന്ന് എങ്ങനെ നിശ്ചയിക്കും? അതിന് മാനുഷികമായ മാനങ്ങളില്ല. മനുഷ്യനും അവന്റെ വിലപ്പെട്ട ജീവനും അപ്പോള്‍ എന്താണ്? മായ, മഹാമായ!


നമ്മുടെ പൂര്‍വ്വികര്‍ എത്രയോ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു, നമ്മുടെ ലോകം ഒരു പ്രതിഭാസമാണെന്നും, അതിനെയവലംബിച്ചുള്ള ജീവിതം മായയാണെന്നും.
അവര്‍ക്കതിനു സാധിച്ചത് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള പഠനത്തിലൂടെയാണ്.  


ഇന്ദ്രിയാണാം തു സര്‍വേഷാം
യദ്യേകം ക്ഷരതീന്ദ്രീയം  
തേ നാസ്യ ക്ഷരതി പ്രജ്ഞാം   
ദൃത്യെ പാദാദിവോദകം . (മനുസ്മൃതി 2,99)


അതായത്, ഇന്ദ്രിയങ്ങളിലൊന്ന് അതിന്റെ വിഷയങ്ങളില്‍ നിന്ന് ഊര്‍ന്നുപോയാല്‍ (സ്വാധീനമാകാതിരുന്നാല്‍), അയാളുടെ പ്രജ്ഞപോലും തോല്ത്തുരുത്തിലെ ദ്വാരത്തിലൂടെ വെള്ളം ചോര്‍ന്നുപോകുന്നതുപോലെ നഷ്ടപ്രായമായിത്തീരുന്നു. 


കുറേ നാളത്തെ സമ്പുഷ്ടമായ ഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഒന്നൊന്നായി അവയെ നഷ്ടപ്പെടുന്നയാളിനു ബോധപ്രക്രിയ ഇല്ലാതാവുമോ? യുക്ത്യാനുസൃതമായി, ഒരിക്കല്‍ രൂപംകൊണ്ട ആന്തരികാവബോധങ്ങള്‍ ഇല്ലാതാകണമെന്നില്ല. എന്നാല്‍, ഇന്ദ്രിയപ്രക്രിയ ശരീരത്തിന്റെ പൊതുവായ ആരോഗ്യനിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ആരോഗ്യനഷ്ടം ഇന്ദ്രിയങ്ങളെയെന്നപോലെ ബോധപ്രക്രിയയെയും ബാധിക്കും. ജീവന്‍ ആരോഗ്യവുമായും ബോധാവസ്ഥ ജീവനുമായും പരസ്പരാശ്രിതത്വം പുലര്‍ത്തുന്നതിനാല്‍, ആദ്യത്തെ രണ്ടിന്റെയും നാശത്തോടെ ബോധവൃത്തിയും നിശ്ചലമാകണം. എങ്കില്‍, മരണശേഷം ഇവയിലെന്തെങ്കിലും ബാക്കിയിരിക്കുന്നത്, യുക്തിക്ക് നിരക്കുന്നതല്ല. പക്ഷേ, യുക്തിയും മനുഷ്യന്റെ ഒരപൂര്‍ണയുപകരണം മാത്രമാണെന്നോര്‍ക്കണം. തീര്‍ത്തും യുക്ത്യാവലംബമായ വഴികളിലൂടെ പ്രപഞ്ചരഹസ്യങ്ങളെ ഗ്രഹിക്കാനാവില്ലെന്ന് ആധുനിക ശാസ്ത്രംപോലും ഇന്നംഗീകരിച്ചുപോരുന്നു.


മായ എന്ന വാക്കുകൊണ്ട് ഭാരതഋഷികള്‍ ഉദ്ദേശിച്ചതെന്താണ്? നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്, അതായത്, നമ്മള്‍ അളന്നെടുക്കുന്നവയ്ക്ക്, (യഥാ = എങ്ങനെ: എങ്ങനെ കാണുന്നുവോ അങ്ങനെയുള്ളത്) പരമാര്‍ത്ഥവുമായി സാധര്‍മ്യം ഉണ്ടാവാനാവില്ല. പരമമായ അര്‍ത്ഥം പരമമായ സത്തയുടേത് മാത്രമാണ്. പരിമിതമായതിന് അപാരമായതിനെ അളക്കാനാവില്ല. അതിന്റെ ചില മായികലീലകളുമായി നമ്മള്‍ നടത്തുന്ന electro-magnetic interactionsന്റെ ഫലമാണ് നാം കാണുന്നതിനും അനുഭവിക്കുന്നതിനും പിന്നിലുള്ളത്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, നമ്മോട്  അവ നടത്തുന്ന electro-magnetic interactionsന്റെ പ്രതിഫലനമാണ് നമ്മുടെ ലോകം. അതിനപ്പുറത്തൊരു ജ്ഞാനമുണ്ടെങ്കില്‍, അത് മാത്രമേ സത്യവും സ്ഥിരവുമായിട്ടുള്ളൂ. പ്രകാശമാണ് എല്ലാറ്റിനും ആധാരം. വെളിച്ചമുണ്ടാകട്ടെ എന്നാണ് ആദിവചനം. എല്ലാ അറിവും പ്രകാശമാണെങ്കിലും അനന്തമായ അറിവ് പ്രകാശത്തെതന്നെ അറിയുകയാണ്. അതായത്, പ്രകാശമായിത്തീരുകയാണ്. അറിയുന്നവന്‍ അറിയുന്നതുമായി ഒന്നുചേരാത്തയറിവ് പൂര്‍ണമല്ല. ബാക്കിയെല്ലാം ഇന്ദ്രിയനഷ്ടത്തോടെ, അല്ലെങ്കില്‍ മരണത്തോടെ, തീര്‍ച്ചയായും, ഇല്ലാതാകും. 


Cognitive Neuroscience എന്ന ശാസ്ത്രശാഖയുടെ നിഗമനങ്ങളനുസരിച്ച്, നമ്മുടെ ജീവിതത്തെ ബാധിക്കുന്നതെല്ലാം - കാഴ്ച, വികാരം, ചിന്ത - electro-magnetic waves തലച്ചോറിലുണ്ടാക്കുന്ന വ്യതിചലനങ്ങളല്ലാതൊന്നുമല്ല. മതവിശ്വാസങ്ങള്‍, ഭക്തി, ആത്മീയത, ബോധോദയം എന്നിവയും അതിലപ്പുറമൊന്നുമല്ലെന്നു കരുതുന്നവര്‍ ഏറിവരുന്നു. അതായത്, ഇവയും മനസ്സ് നിര്‍മ്മിക്കുന്ന ഭാവനകളത്രേ. 

എല്ലാം മായ എന്ന് നിരീക്ഷിക്കുമ്പോഴും, ജീവന്റെ ഒരു കണിക നമ്മില്‍ കത്തിനില്‍ക്കുന്നു എന്ന സത്യം ബാക്കിയുണ്ട്. ആ ജീവന് മാത്രമാണ് ജീവനെ കാണാനാവുന്നതും അത് വിവരിക്കാനാവാത്ത ഒരദ്ഭുതമാണെന്ന് അറിയാനാവുന്നതും. അതുമാത്രമാണ് കാതല്‍. "മറ്റെന്തിനേക്കാള്‍ വിലകൊടുക്കേണ്ടത് ജീവനാണ്. കാരണം, ജീവന്‍ പരിശുദ്ധമാണ്." (Einstein‍) അതിനപ്പുറവുംമിപ്പുറവും ഭാവനാസൃഷ്ടികളാണ്; അവ കുമിളകള്‍ പോലെ പൊട്ടുമ്പോള്‍ ശൂന്യതയാണ് ബാക്കി. 

വൈവിധ്യത്തിലേകത്വം കണ്ടുകൊണ്ട് അതാസ്വദിക്കാനായാല്‍ ജ്ഞാനമായി. അപ്പോള്‍, ചെറുതും വലുതും, ഇന്നും ഇന്നലെയും, നീയും ഞാനും പോലും അപ്രത്യക്ഷമാകും. ഋഗ്വേദത്തില്‍ ഇങ്ങനെ കാണുന്നു: സമാനോ മന്ത്ര: സമിതിസ്സമിനീ  സമാനം മനസ്സഹ ചിത്തമഷാം. (ജീവന്റെ എല്ലാ കണികകളേയും ഒരേ കടലിലെ വെള്ളത്തുള്ളികളെപ്പോലെ കാണുക.)

അറിവിന്റെയടരുകള്‍

മനുഷ്യചൈതന്യത്തെ സ്പര്‍ശിക്കുന്നതെല്ലാം പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു, ബാഹ്യതലത്തിലും ആന്തരികതലത്തിലും. ബാഹ്യതലത്തില്‍ ജീവനുത്തരവാദി സൌരോര്‍ജ്ജം അല്ലെങ്കില്‍ സൂര്യപ്രകാശമാണ്. ആന്തരികചൈതന്യമെന്നത് അവബോധമാണ്. അതിനുത്തരവാദി ആത്മീയപ്രകാശമാണ്. അതാണ്‌ അറിവ് എന്ന പദംകൊണ്ട് മനസ്സിലാക്കേണ്ടത്. മനുഷ്യന്‍ ആദ്യനോട്ടത്തില്‍ കാണുന്ന ലോകം ദ്രവ്യാത്മകമാണ്. ഇതാണ് അറിവിന്റെ ഒന്നാമത്തെ തലം. അവിടെ (യഥാ) ഇന്ദ്രിയം 'കാണുന്നതിന്' അതിന്റെ ഉടമസ്ഥന്‍ 'കൊടുക്കുന്ന' അര്‍ത്ഥം - യാഥാര്‍ഥ്യം - താല്‍ക്കാലികമായ വ്യവഹാരത്തിനായി മാത്രമുള്ളതാണ്. അതില്‍ മൌലികതയൊട്ടുമില്ല. രണ്ടാമത്തെ തലത്തിലേയ്ക്ക് കടക്കുകയെന്നാല്‍‍, ദ്രവ്യമായതൊക്കെയും (ഖരം, ദ്രവം, വാതകം, പ്ലവം) സ്ഥായിയായ പ്രപഞ്ചോര്‍ജ്ജമാണെന്ന കണ്ടെത്തലാണ്. അതില്‍നിന്ന് രൂപപ്പെട്ട സമവാക്യമാണ് E = mc²ഭൌതികശാസ്ത്രത്തിന്റെ പരിധിയതാണ്‌. ദൃശ്യപ്രപഞ്ചത്തിന്റെ വിസ്തൃതി സ്ഥിരമാണെന്ന് ആദ്യം കരുതിയ Einstein പോലും ‌പിന്നീട് സമ്മതിക്കേണ്ടി വന്നു, അതു നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്. പക്ഷേ, അതിലെ ഊര്‍ജ്ജത്തിന്റെയളവ് എപ്പോഴും ഒന്നുതന്നെ; അതിന്റെ പ്രതിഭാസങ്ങള്‍ മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്. അറിവിന്റെ മൂന്നാമത്തെ തലത്തില്‍, ഊര്‍ജ്ജലോകത്തെയും മറികടന്ന്, ഉള്ളതെല്ലാം ആത്യന്തികമായി, ബോധവും അതിന്റെ പ്രതിഭാസങ്ങളുമാണെന്ന തിരിച്ചറിവുണ്ടാകുന്നു. ഈ പറഞ്ഞ മൂന്നില്‍, താഴത്തെ രണ്ട് തലങ്ങളില്‍ ഉറച്ചുപോകുന്നവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് കടക്കുക അത്രയൊന്നും എളുപ്പമല്ല. അതിലുമുയര്‍ന്ന വേറൊരു തലമുണ്ടെന്നു ചിന്തിക്കുകതന്നെ അവര്‍ക്കു പ്രയാസമാണ്. നാമോരോരുത്തരുമറിയുന്ന ലോകം അവരവരുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനം മാത്രമാണെങ്കിലും അത് തന്നെയാണ് അസ്തിത്വത്തിന്റെ ഉള്ളടക്കമെന്നു തെറ്റിദ്ധരിച്ചാണ് ഭൂരിഭാഗവും ജീവിക്കുന്നതും മരിക്കുന്നതും.

ദ്രവ്യലോകത്തെ മാത്രം പഠനവിഷയമാക്കിയിരുന്ന ഭൌതികശാസ്ത്രവും, ഒരമ്പതു വര്‍ഷമായി അതിന്റെ കടുംപിടുത്തത്തില്‍ അയവ് വരുത്തേണ്ടി വന്നിരിക്കുന്നു. അതായത് ബോധത്തിന്റെ സ്ഥാനം അംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന വഴിയിലേയ്ക്കാണ് തിരിയുക. എല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രം അംഗീകരിച്ചുകഴിഞ്ഞു. ദ്രവ്യത്തെ കാണുകയും അതാണ്‌ പരമാര്‍ത്ഥം (അസ്തിത്വത്തിന്റെ പൊരുള്‍) എന്ന് വിശ്വസിച്ചുകൊണ്ട്, അതിലുറച്ചുനില്ക്കുകയുമെന്നത് വാസ്തവത്തില്‍ പക്വമാകാത്ത ഒരു മനസ്സിന്റെ ഭ്രമമാണെന്നാണ് അതിനര്‍ത്ഥം. ഐന്ദ്രികമായ കാഴ്ച അവിടെ മുമ്പിലുള്ളതിന്റെ കാഴ്ചയല്ല, ഉള്ളതായി തോന്നിപ്പിക്കുന്നതിന്റെ കാഴ്ചയാണ്. യാഥാര്‍ഥ്യമെന്ന ശബ്ദത്തിന്റെ ശരിയായ ഈ അര്‍ത്ഥം മറന്നുകൊണ്ട്, അതിന് സത്യമെന്ന പരിവേഷം നല്‍കുക ജീവിതത്തിലെ ഏറ്റം വലിയ വീഴ്ചയാണ്. 

ശ്രുതിയുടെ രണ്ട് പാരമ്പര്യങ്ങളുണ്ട് - വേദവും വേദാന്തവും. അജ്ഞാനിക്കുവേണ്ടിയുള്ള ഉക്തിയാണ് വേദം. വേദാന്തം (വേദങ്ങളുടെ അറുതി) വേദങ്ങള്‍ക്കപ്പുറത്തുള്ളതാണ്. ഇതാകട്ടെ ജ്ഞാനിക്കുവേണ്ടിയുള്ളതും. ഉപനിഷത്തുകള്‍ ഇതില്‍പെടുന്നു. ജ്ഞാനിക്ക് ദ്രവ്യം നിലവിലില്ല, ബോധവും അതിന്റെ ചൈതന്യവും മാത്രമേയുള്ളൂ. ദ്രവ്യലോകത്തെ വിശകലനം ചെയ്താരംഭിച്ച ആധുനികശാസ്ത്രചിന്ത ദ്രവ്യമല്ലാതെ മറ്റൊന്നും കണക്കിലെടുത്തില്ല. ബോധമെന്നത് ദ്രവ്യത്തിന്റെ ഒരുപോത്പന്നം മാത്രമായിട്ടാണ് അതില്‍ കരുതപ്പെട്ടത്. എന്നാല്‍, വിശ്ലേഷണം ചെയ്യുന്തോറും ശാസ്ത്രനിഗമനത്തിലുണ്ടായിരുന്ന ദ്രവ്യം വാസ്തവത്തില്‍ അവിടെയില്ലെന്ന അപ്രതീക്ഷിതമായ സത്യത്തിലേയ്ക്കാണ് ശാസ്ത്രം കണ്ണുതുറന്നത്. ദ്രവ്യമായി കാണപ്പെടുന്നയെന്തും മുറിച്ചു മുറിച്ചു ചെന്നാല്‍ വീണ്ടും ചെറുതാക്കാനാവാത്ത കണിക (atom) യിലെത്തുമെന്നും ദ്രവ്യാത്മകമായ എല്ലാ രൂപവിന്യാസങ്ങളുടെയും ഉള്ളിന്റെയുള്ള് ആറ്റമാണെന്നുമുള്ള അറിവ് ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ആറ്റത്തെയും പിളര്‍ക്കാമെന്നും അപ്പോള്‍ പുറത്താകുന്ന ഊര്‍ജ്ജം വിസ്മയിപ്പിക്കുംവിധം അതിശക്തമാണെന്നും ആറ്റംബോംബു വ്യക്തമാക്കി. E = mc² സമവാക്യമാണ് ബോംബിന്റെ നിര്‍മ്മിതിയിലേയ്ക്ക് നയിച്ചത്. ആത്യന്തികമായി എല്ലാവും ഊര്‍ജ്ജമാണെന്ന വലിയ കണ്ടെത്തലില്‍ മനുഷ്യന്‍ അല്പമല്ല  അഹങ്കരിച്ചത്. പക്ഷേ, വിചാരിച്ചതുപോലെ, അത് അറിവിന്റെ അവസാനമായിരുന്നില്ല. ഊര്‍ജ്ജത്തിലേയ്ക്ക് ആഴത്തില്‍ കടന്നുചെന്നാല്‍ അതും അപ്രത്യക്ഷമായിട്ട്, ബോധംമാത്രം ബാക്കിയാവും എന്നത് ഭാരതത്തിലാണ് ആദ്യം കടുപിടിക്കപ്പെട്ടത്! അസ്തിത്വത്തിന്റെ അത്യഗാധത്തിലേയ്ക്കുള്ള ഈ കുതിപ്പ് നമ്മിലെ ബോധത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ലാതാനും. മാക്സ് പ്ലാങ്ക്,  ഐന്‍ഷ്റ്റൈന്‍, ഹൈസെന്‍ബര്‍ഗ് എന്നിവര്‍ വേദാന്തഭാഷയോട് ഏറ്റവും അടുത്തുവന്ന ശാസ്ത്രജ്ഞരാണ്. നമ്മുടെ ദൃഷ്ടിയിലുള്ളതോ, ശാസ്ത്രത്തിലൂടെ എത്തിപ്പിടിക്കാവുന്നതോ അല്ല അസ്തിത്വത്തിന്റെ മൌലികത എന്നാണ് അവരും അവസാനം മനസ്സിലാക്കിയത്. 

ജീവിതം ലൈംഗികോര്‍ജ്ജമാകുന്നു എന്നൊരു കൃതിയില്‍ (അ. 7, താളുകള്‍ 203...) ബോധാവസ്ഥ എന്താണെന്ന് വ്യക്തമാക്കാന്‍ ഓഷോ ശ്രമിക്കുന്നുണ്ട്. അതു മനസ്സിലാക്കാനുള്ള 'ക്ലൂ' ഇതാണ് : അറിവിന്റെ ആദ്യത്തെ രണ്ടുതലത്തിലും ബോധത്തിന് വെറുതേ സാക്ഷിയായി നിലകൊള്ളാനാവും. അതിങ്ങനെ വിശദീകരിക്കാം. ഐന്ദ്രികതലത്തില്‍ ഞാന്‍ എന്റെ ശരീരമാണ്. പക്ഷേ, എന്റെ ശരീരത്തെപ്പറ്റി എനിക്കു ബോധമുണ്ട്. 'എനിക്ക്' എന്റെ ശരീരത്തെ കൈകാര്യം ചെയ്യാം. അതായത്, ഈ 'ഞാന്‍' എന്റെ ശരീരമല്ല‍; അല്ലെങ്കില്‍, അതു മാത്രമല്ല. അപ്പോള്‍, എന്റെ ശരീരവും എന്റെ ബോധവും രണ്ടാണ്. അതോടൊപ്പം, എനിക്ക് മനസ്സ് എന്നൊന്നുണ്ടെന്നും എനിക്കറിയാം. എന്റെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്ന അതെന്തോ, അത് എന്നില്‍നിന്ന് - എന്റെ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും - വ്യത്യസ്തമായ എന്തോ ആണ്. ശരീരത്തിന് സ്വയമറിയാനാവില്ല. മനസ്സിനും സ്വയം നിരീക്ഷിക്കാനാവില്ല. എന്നാല്‍, എനിക്കു ചിന്തിക്കാനും, ചിന്തിക്കാതിരിക്കാനും, ചിന്തയെ എന്തിലേയ്ക്കുവേണമെങ്കിലും തിരിച്ചുവിടാനുമൊക്കെയാവും. അതായത്, ശരീരത്തിനും മനസ്സിനപ്പുറത്തുള്ള ഒരു ശക്തികൂടി എന്നിലുണ്ട്; അതിലൂടെയാണ് ഇതൊക്കെ എനിക്കു സാധ്യമാകുന്നത് എന്ന് സമ്മതിക്കാതെ തരമില്ല. ശരീരത്തെയും മനസ്സിനെയും നിരീക്ഷിക്കുന്ന ഈ മൂന്നാമത്തെ തലമാണ് ബോധം. സത്യത്തില്‍, ഈ സാക്ഷീഭാവമാണ് എന്റെ കാതല്‍. അതാണ്‌ ഞാന്‍. അതാണ്‌ ആത്മാവ് അല്ലെങ്കില്‍ മുകുളം. മുകുളത്തിന് ആത്മാവെന്നും അര്‍ത്ഥമുണ്ട്. എന്നിലുള്ള ബാക്കിയെല്ലാറ്റിനും സാക്ഷിയാകാന്‍ കഴിയുന്ന ഒരു ശക്തിയാണ് ഈ ബോധം. ഞാനെന്താണ് എന്ന ചോദ്യത്തിനു, 'നേതി, നേതി', അതല്ല, അതല്ല, എന്ന് പറഞ്ഞുകഴിഞ്ഞ് ഏറ്റവും അവസാനം ബാക്കിയാവുന്നതെന്തോ, അതാണ്‌ ബോധം. മനുഷ്യനിലെ ഈ ആത്മബോധം, അല്ലെങ്കില്‍ മുകുളം, വികസിച്ചുവളരണമെങ്കില്‍, തോടുപൊട്ടിച്ച് അത് വെളിച്ചത്തിലേയ്ക്കു വരണം. ഈ തോട് ഏത്‌ മനുഷ്യനും സഹജമായ, അവന്റെ/അവളുടെ അധികരിച്ചയഹംഭാവമാണ്. അതാണ്‌ ഊര്‍ജ്ജത്തിന്റെയൊഴുക്കിനെ തടഞ്ഞുവയ്ക്കുന്നത്. അഹന്തയെ മറികടന്നൊഴുകാന്‍ തുടങ്ങുന്ന ഉള്ളിലെയൂര്‍ജ്ജം മറ്റ് അസ്തിത്വങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെയാണ് ആനന്ദം കൈവരുന്നത്. ഈ താദാത്മ്യം എന്തിനോടുമാകാം. ഒരു വ്യക്തിയോടാകാം,ജീവികളോടാകാം, പുഴയോടും, വൃക്ഷത്തോടും പ്രകാശത്തോടുമൊക്കെയാകാം. നിരന്തരം സ്വന്തം സത്തയെയും ചുറ്റുപാടുകളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്, അത് ജീവനെന്ന അത്യുദാത്തമായ അത്ഭുതത്തോടാകാം. നമ്മുടെയോ, അയല്‍വക്കത്തെയോ ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെയും ആകാരസവിശേഷതകളും ചേഷ്ടകളും ആത്മഗുണങ്ങളും പോലും, ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിനു, ചിന്തിക്കാതെ തന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.    


'ഒരു കടുകുമണിയോളം വിശ്വാസം' എന്നൊരു വേദവാക്യശകലമുണ്ട്. ഒരു കടുകുമണിയിലുള്ളത് അസ്തിത്വത്തിന്റെ ഒരു ബോധകണമാണ്. അതതിലുള്ളതുകൊണ്ടാണ്, മണ്ണും വെളിച്ചവും കിട്ടുമ്പോള്‍, ഭൂമിയും സൂര്യനും അതിന് പോഷണവും സംരക്ഷണവും വാഗ്ദാനം ചെയ്യുമ്പോള്‍, മറ്റൊരു സഹായവുമില്ലാതെ, അതില്‍നിന്ന് ഭാവനാതീതമായ ഒരദ്ഭുതസസ്യം ഇരുകൈയും നീട്ടി അതിസാഹസത്തോടെ പുറത്തേയ്ക്കുചാടുന്നത്. തടസങ്ങള്‍ ഇല്ലാതിരുന്നാല്‍, തുടര്‍ന്നങ്ങോട്ട്, ഭൂമിയെ സ്വവംശത്താല്‍ നിറക്കാനുമുള്ള ശക്തിയതിനുണ്ട്. കായ്പൊട്ടി ചിതറിവീഴുന്ന ഓരോ കടുകുമണിയിലും ഈ ശക്തി അന്തര്‍ലീനമായി ഒളിഞ്ഞിരിപ്പുണ്ട്. ഇല്ലെങ്കിലതിന് തലമുറകളിലേയ്ക്കുള്ള തുടര്‍ച്ചയുണ്ടാവില്ല. കാലാകാലത്തോളം, ഏത്‌ കാലാവസ്ഥയിലും സാഹചര്യത്തിലും എങ്ങനെ അതിജീവിക്കണമെന്ന സൂത്രങ്ങളെല്ലാം മുന്‍കൂട്ടി അതില്‍ സംഭരിചിട്ടുണ്ട്. അതങ്ങനെയല്ലായിരുന്നെങ്കില്‍, വരാനിരിക്കുന്ന എല്ലാ തലമുറയ്ക്കും ആവശ്യമായ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രഹസ്യങ്ങള്‍ അടുത്തതിലേയ്ക്കും അത് അതിനടുത്തതിലേയ്ക്കും പകര്‍ന്നുകൊടുക്കാനാവില്ലല്ലോ. അങ്ങനെയെങ്കില്‍, ഏത്‌ പ്രാണിയിലും - ഏത്‌ കുരുവിലും, ഏതണ്ഡത്തിലും, ഏത്‌ ബീജത്തിലും - ഒളിഞ്ഞിരിക്കുന്ന ഈ ശക്തി അനന്തബോധമല്ലാതെ പിന്നെയെന്താണ്?

പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും ഈയൊരംശം തരവ്യത്യാസമില്ലാതെ, എല്ലാ അസ്തിത്വത്തിലുമുണ്ടെന്നു മനസ്സിലാവുമ്പോള്‍, എല്ലാവുമായി ഒരു സമഭാവന, തന്മയീഭാവം, നമ്മില്‍ വന്നുചേരുന്നു. അതുതന്നെയാണ് അവബോധം, സംശുദ്ധമായ ജ്ഞാനമെന്ന പ്രകാശം. എല്ലാ വായനയും പഠനവും, ചിന്തയും ധ്യാനവും ഇതിലേയ്ക്ക് നയിക്കണം. അതാണ്‌ തിരിച്ചുവരവ് അല്ലെങ്കില്‍ പരാവൃത്തി എന്ന് ജ്ഞാനികള്‍ വിളിക്കുന്ന ആത്മജ്ഞാനത്തിന്റെ വെളിച്ചം. അസ്തിത്വത്തിന്റെ  ഈ രഹസ്യത്തിലെത്താന്‍, ജ്ഞാനപ്രകാശം ഉള്ളില്‍ തെളിയുമ്പോള്‍‍, അന്വേഷിക്ക് ചിലപ്പോള്‍ ഒറ്റ നിമിഷം മതിയാവും‍. ഒന്നോര്‍ത്തുനോക്കൂ, അയ്യായിരം വര്‍ഷംമുമ്പ് ഇത് ഭാരതത്തിലുള്ള ചിലര്‍ക്ക് സാധിച്ചു. എന്നാല്‍, വിശ്ലേഷണങ്ങളിലൂടെ മുമ്പോട്ട്‌ പോകുന്ന ശാസ്ത്രത്തിന് ഊര്‍ജത്തിന്റെ അങ്ങേയടിത്തട്ടില്‍ ബോധമാണെന്ന സത്യം കണ്ടെത്താന്‍ ഇനിയും ഒരു നീണ്ട കാലം വേണ്ടിവന്നേയ്ക്കാം. കാരണം, അതിന് കാര്യകാരണങ്ങളിലൂടെ ക്രമബദ്ധമായേ സഞ്ചരിക്കാനാവൂ. എന്നാല്‍, ഹൃദയത്തിന് ഈ സമയകടമ്പയില്ല. അത് സത്യത്തിലേയ്ക്ക് നേരിട്ട് എടുത്തുചാടുകയാണ് ചെയ്യുക. ഒരന്വേഷിയുടെ ജീവിതത്തില്‍ ഇത് ഏത്‌ നിമിഷവും സംഭവിക്കാം. മിക്കവര്‍ക്കും അതിനായി പല ജന്മങ്ങള്‍ കാത്തിരിക്കേണ്ടിയും വരാം. ആര്‍ക്കും പ്രവചിക്കാനാവത്തത്ര അനിശ്ചിതമായ സമയമെന്നേ 'ജന്മങ്ങള്‍'കൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ.   


അറിവ് പ്രകാശമാണ്. മായയുടെ പ്രതിഭാസങ്ങള്‍ എന്നൊരു ലേഖനത്തില്‍ ഈ ലോകം നമ്മുടെ സൃഷ്ടിയാണെന്ന്‌ പറയുന്നുണ്ട്. ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള ഒരു വിഷയമാണിത്, എന്നാലും, അതുള്‍ക്കൊണ്ടുകഴിഞ്ഞാല്‍, ജീവിതം വളരെയധികം ശാന്തമാകും. എല്ലാം മായയാണെന്ന് പറഞ്ഞാലും, മിക്കവര്‍ക്കും അന്നന്നത്തെ ജീവിതത്തില്‍ മുമ്പില്‍ കാണുന്നതൊക്കെയും, സത്യത്തില്‍ ഉള്ളതും നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ടാണ് താല്പര്യം ജനിപ്പിക്കുന്നവയൊക്കെ സ്വന്തമാകാനുള്ള വ്യഗ്രതകള്‍ ഒരിക്കലും അടങ്ങാത്തത്. തത്ഫലമായി ഭൂതഭാവികളുടെ പിടിയില്‍ അമര്‍ന്നുപോകുന്ന ഭൂരിഭാഗത്തിനും കാതലായ ഈ നിമിഷത്തിലെ ജീവിതം കൈവിട്ടു പോകുന്നു. 



ഈ വിഷയത്തില്‍ അല്പം കൂടി വ്യക്തതയുണ്ടാകാന്‍, (ഓഷോയുടെ പ്രഭാഷണങ്ങളില്‍ കണ്ടെത്തിയ) താഴെപ്പറയുന്ന പരിചിന്തനത്തിനു സാധിക്കുമെന്ന് തോന്നുന്നു. ദ്രവ്യാത്മകമായ ഈ ലോകം നിലവിലുണ്ടെന്ന ധാരണ നമ്മെ കീഴടക്കുന്നത്‌, 'നാം' അവിടെയുണ്ടെന്നുള്ള സത്യം നമ്മള്‍ മറക്കുമ്പോഴാണ്. അല്ലെങ്കില്‍, 'നാം' അവിടെ ഇല്ലാത്തതുപോലെ പെരുമാറുന്നതുകൊണ്ടാണ്. ഇതില്‍ 'നാം' (ഞാന്‍) എന്ന് പറയുന്നത്, നേരത്തേ സൂചിപ്പിച്ചതുപോലെ, ആന്തരികത അല്ലെങ്കില്‍ ആത്മസത്തയെപ്പറ്റിയാണ്. ആത്മസത്ത ശരീരവുമായി താദാത്മ്യം പ്രാപിക്കാനിടയായാല്‍‍, ശരീരം മുന്‍കൈ നേടുന്നു. അപ്പോള്‍ ആത്മസത്ത ദ്രവ്യാത്മകമായവയുടെ നിഴലില്‍ മറഞ്ഞു നില്‍ക്കേണ്ടിവരുന്നു. ശരീരം അതിന്റെ ഭാവങ്ങളെ സൃഷ്ടിക്കുമ്പോള്‍‍, പരമാര്‍ത്ഥമായത് നിഗൂഢമെന്നപോലെയും ഭ്രമാത്മകമായത് അസ്ഥിത്വമുള്ളവയെപ്പോലെയും കാണപ്പെടും. അതായത്, ഉള്ളത് ഇല്ലാത്തതുപോലെയും ഇല്ലാത്തത് ഉള്ളതുപോലെയും, കാണപ്പെടുക; അതുതന്നെയാണല്ലൊ മായ.

ഒരുപക്ഷേ, പരമപ്രധാനമായ ഈ വിഷയത്തില്‍ അല്പംകൂടി വെളിച്ചംവീശാന്‍, സ്വപ്നമെന്ന നിത്യാനുഭവം സഹായിക്കും. ഉണര്‍ന്നു കഴിയുമ്പോള്‍ മാത്രമാണ് സ്വപ്നം സ്വപ്നമാണെന്ന് നാമറിയുക. കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമായിട്ടാണ് നാമനുഭവിക്കുക. ആ സമയത്ത് ഉണര്‍ച്ചയിലെ കാര്യങ്ങള്‍ ആരുമോര്‍ക്കുന്നില്ല. നമ്മുടെ സ്വപ്നാനുഭവങ്ങള്‍ ഉണര്‍ച്ചയിലുള്ളവയെക്കാള്‍ തീവ്രമായതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്‌. അതുകൊണ്ടുതന്നെയാവണം, ഉണര്‍ന്നിരിക്കുന്നുവെന്നു നാം കരുതുന്ന സമയത്തും സ്വപ്നാനുഭവത്തിന് ഓര്‍മയില്‍ നിലനില്ക്കാനാകുന്നത്. ഒന്നുകൂടി വിശദീകരിച്ചാല്‍ - സ്വയംബോധം വരുമ്പോള്‍, അതായത്, ഞാനിവിടെയുണ്ട് എന്നുള്ള ബോധം വരുമ്പോള്‍, സ്വപ്നം മാഞ്ഞുപോകുന്നു. അതിനര്‍ത്ഥം, സ്വപനത്തിലെ സംഗതികള്‍ക്ക് സത്യത്തിന്റെ പ്രതീതി വരുന്നത്, 'ഞാന്‍' അപ്പോള്‍ അവടെയില്ലാത്തതുകൊണ്ടാണ് എന്നാണ്. ഈ തത്ത്വത്തെ ഇനി 'ഉണര്‍ജീവിത'ത്തിലേയ്ക്ക് കൊണ്ടുവരൂ. സാധാരണ ജീവിതവൃത്തികളില്‍ 'ഞാന്‍' അവിടെയില്ല! ഉള്ളത്, ഒരുതരം അര്‍ദ്ധബോധവും അതിന്റെ വെറും തഴക്കങ്ങളുമാണ്. എപ്പോള്‍ ഞാന്‍ വീണ്ടും പൂര്‍ണബോധത്തില്‍ തിരിചെത്തുന്നുവോ, അപ്പോള്‍ മാത്രമാണ്, ഐന്ദ്രികാനുഭവങ്ങള്‍ വെറും ഭ്രമങ്ങളാണെന്ന തിരിച്ചറിവുണ്ടാകുന്നത്. അതായത്‍, അവബോധമുര്‍ത്തുന്ന പ്രകാശം അന്തരാത്മാവില്‍ വീഴുന്ന ആ ക്ഷണത്തില്‍, ഐന്ദ്രികമായവ നിഴലുകളെന്നോണം അപ്രത്യക്ഷമാകും. 


ഈ കണ്ടെത്തലിന് ജീവിതത്തിലെവിടെയും സാധുതയുണ്ട്, വളരെ വ്യക്തമായി, മനുഷ്യബന്ധങ്ങളില്‍. കാരണം, മനസ്സിന്റെ പ്രവര്‍ത്തനവും സമാനമാണ്. പാരസ്പര്യങ്ങളും വൈപരീത്യങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. അപ്രതീക്ഷിതങ്ങളായ സ്വന്തം പ്രതികരണങ്ങള്‍പോലും ചിലപ്പോള്‍ നമ്മെ പരിഭ്രമിപ്പിക്കാറും അന്ധാളിപ്പിക്കാറുമില്ലേ? എണ്ണിയാലൊടുങ്ങാത്ത ക്ഷിപ്രപ്രതികരണങ്ങള്‍ ഒന്നോടൊന്നു ചേര്‍ന്നാണ് ഓരോ നിമിഷത്തിലും നമ്മുടെ പ്രവൃത്തികള്‍ രൂപംകൊള്ളുന്നത്‌. പ്രകാശതരംഗങ്ങള്‍ പോലെ, വൈകാരിക തരംഗങ്ങളും ജന്മംകൊള്ളുന്നതും ചലിക്കുന്നതും ബോധപ്രക്രിയക്ക്‌ അതീതമായിട്ടാവാം. അതുകൊണ്ട് self knowledge 90%വും മിഥ്യാബോധമാണെന്നതാണ് വാസ്തവം. തരംഗവ്യതിയാനങ്ങളുടെ സമുദ്രത്തിലാണ് ഓരോ ചിന്തയും അതിനോട് ചേര്‍ന്ന ചേഷ്ടകളും സംഭവിക്കുന്നത്‌. ഓരോ സന്ദര്‍ഭത്തിനുമിണങ്ങുന്നത്, പരിചയംകൊണ്ട് നാം ഏതാണ്ടൊന്നു കണക്കാക്കിയെടുക്കുന്നു എന്നുമാത്രം. അങ്ങോട്ടുമിങ്ങോട്ടും വഴുതിപ്പോകുക ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. 


അബോധത്തിന്റെ അസ്വാരസ്യങ്ങളെന്നപോലെ, അവബോധത്തിന്റെ താല്‍ക്കാലികമായിട്ടെങ്കിലുള്ള  മിന്നലാട്ടങ്ങളുംഎല്ലാവര്‍ക്കുമുണ്ട്. എന്നാലവ അവിടെയും ഇവിടെയുമായി വന്നുപതിച്ചിട്ട്‌, ചിതറിപ്പോകുകയാണ്. നമുക്ക് ചുറ്റും നാമനുഭവിക്കുന്ന നന്മയും, കരുണയും, സ്നേഹവും; നാം കണ്ടെത്തുന്ന നിര്‍വൃതിയുടെ നിമിഷങ്ങളും സൌന്ദര്യവശ്യതകളുമെല്ലാം അല്പാല്പമായ അവബോധത്തിന്റെ കിരണങ്ങളാണ്. അഹത്തിന്റെ നിഴലില്‍ ഇവയെല്ലാം അടുത്ത നിമിഷം മങ്ങിപ്പോകാറാണ് പതിവ്. എപ്പോഴും, ആരെയും എന്തിനെയും 'ഞാന്‍', 'എന്റെ', 'എനിക്കു', 'എന്നോട്' എന്നിത്യാദി അളവുകോലുകൊണ്ട് തട്ടിച്ചുനോക്കുന്ന വെപ്രാളത്തില്‍, ബോധപ്രക്രിയയെ അഹത്തിന്റെ അതാര്യത തടഞ്ഞുനിര്‍ത്തുന്നു എന്ന് ചുരുക്കം. അതുകൊണ്ട് മേല്പ്പറഞ്ഞ മിന്നലാട്ടങ്ങള്‍ നമ്മെ കാര്യമായി സ്പര്‍ശിക്കുംമുമ്പ് മങ്ങിമറയുകയാണ്.


അതെന്തുകൊണ്ടെന്നറിയാന്‍ പ്രകാശത്തെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങള്‍ സഹായകരമാകും. വീശിയെറിഞ്ഞ ചൈനാവലപോലെ എല്ലാറ്റിലും ചെന്നുവീഴുന്ന എന്തോ ആയിട്ടാണല്ലോ പ്രകാശം പരക്കുന്നത്. പക്ഷേ, ശരിക്കും അതിസൂക്ഷ്മമായ കണാംശങ്ങള്‍ (photons) ഒന്നോടൊന്നു ചേര്‍ന്ന് തരംഗരൂപത്തിലാണ് പ്രകാശം, സെക്കന്റില്‍ മൂന്നു ലക്ഷം കി.മീ. എന്ന വേഗത്തില്‍, സഞ്ചരിക്കുന്നത്. ഭൌതികപ്രപഞ്ചത്തിലെ ഏറ്റവും കൂടിയ ഈ വേഗത്തില്‍ പ്രസരിക്കുന്നതിനാല്‍, ഒരൊഴുക്കായിട്ടാണ് നാം പ്രകാശത്തെ അനുഭവിക്കുന്നതെങ്കിലും, ഓരോ ഫോട്ടോണിനും അതിന്റേതായ കനവും വേഗവുമുണ്ട്. E = mc² എന്ന സമാവാക്യമനുസരിച്ച്, സെക്കന്റില്‍ 6.626/1033 joule ആണ് ഒരു ഫോട്ടോണിന്റെ ഊര്‍ജ്ജം എന്ന് കണക്കാക്കിയിരിക്കുന്നു (നിത്യജീവിതത്തിലെ ശാസ്ത്രം, സി. രാധാകൃഷ്ണന്‍). തരംഗവ്യതിയാനം അതിന്റെ ഊര്‍ജ്ജത്തിലും തദ്വാരാ അളവിലും മാറ്റം വരുത്തും. ഭാരമുള്ളതിനാല്‍ ഫോട്ടോണ്‍ തട്ടുന്നിടത്ത്, ആഘാതവുമുണ്ടാകും. പക്ഷേ, ഏത്‌ ചെറുപ്രാണിക്കും താങ്ങാവുന്നത്രയേ അതുള്ളൂ എന്നതിനാല്‍ നാമതറിയുന്നില്ല. വെയില്‍ കായുമ്പോള്‍ ദേഹത്തെല്ലായിടത്തുമായി പതിയുന്ന സൂര്യപ്രകാശം ഒറ്റയടിക്ക് ഒരുമിച്ച് ഒരു ബിന്ദുവില്‍ അനുഭവപ്പെട്ടാല്‍, ഒരു വെടിയുണ്ടയേക്കാള്‍ മാരകമായിരിക്കുമത്. ലേയ്സര്‍ രശ്മി ഇങ്ങനെ സാന്ദ്രീകരിച്ച പ്രകാശമാണല്ലോ. പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ, അവബോധത്തിന്റെ രശ്മികള്‍ സുതാര്യമായും സുസ്ഥിരമായും ഉള്ളില്‍ പതിയാനനുവദിച്ചാല്‍, ഉണ്ടാകുന്നയാഘാതം - ആനന്ദത്തിന്റെയനുഭവം - നമുക്കുള്ളില്‍ തമസായി, അന്ധകാരമയമായി അടിഞ്ഞുകൂടിയിട്ടുള്ളതൊക്കെയെയും തകര്‍ത്തുകളയാന്‍ പോരുന്നത്രയായിരിക്കും.

കാഴ്ചയുടെ പൊരുള്‍

പുറത്തുള്ളവയെപ്പറ്റി ഇന്ദ്രിയങ്ങള്‍ നമുക്ക് തരുന്നയറിവുകള്‍ അപ്പാടേ ശരിയാണെന്ന ധാരണയാണ് മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന ഏറ്റവും വലിയ മിഥ്യ. നാം കാണുന്നതും കേള്‍ക്കുന്നതും മണക്കുന്നതുമൊക്കെ അതേപടി അവിടെ വെളിയിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്നു തന്നെയാണ് മിക്കവരും കരുതുന്നത്. ഇതെത്ര വലിയ ഒരബദ്ധമാണെന്ന്‌ ഈ ലേഖനത്തിലൂടെ തെളിഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, നാം ഇന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന ലോകം നമ്മുടെതന്നെ സൃഷ്ടിയാണ് എന്ന സത്യം ഒരു വലിയ തിരിച്ചറിവായിത്തീരാം.

പദാര്‍ത്ഥം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്, പദത്തിന്റെ (ശബ്ദത്തിന്റെ) അര്‍ത്ഥമെന്നും അതേസമയം വസ്തുവെന്നും ആണ്. അതായത്, വസ്തുക്കളെ 'മനസ്സില്‍ ആക്കുന്നതും' അവയ്ക്ക് പേരിടുന്നതും ഒരുമിച്ചു പോകുന്ന പ്രവൃത്തികളാണ്. ഒരു പദം മനസ്സിലൊരര്‍ത്ഥം സ്ഫുരിപ്പിക്കുമ്പോള്‍, ഈ പറഞ്ഞ രണ്ട് തരത്തിലും അതൊരു പദാര്‍ത്ഥമായിത്തീരുന്നു: ആദ്യത്തേത് സൂക്ഷ്മതലത്തിലും, രണ്ടാമത്തേത് സ്ഥൂലതലത്തിലും. മറ്റു തരത്തില്‍ പറഞ്ഞാല്‍, ഓരോ വാക്കും അകത്തും പുറത്തുമുള്ള, സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പദാര്‍ത്ഥരൂപീകരണത്തിനു മിക്കപ്പോഴും ഇന്ദ്രിയങ്ങളാണ് നമ്മെ സഹായിക്കുന്നത്.

 
അറിവും ഇന്ദ്രിയങ്ങളും  
കാഴ്ച്ചയെ കണ്ണുമായി ബന്ധപ്പെടുത്തിയാണ് സാധാരണ നാം ചിന്തിക്കാറുള്ളതെങ്കിലും, ഏത്‌ ഇന്ദ്രിയത്തിലൂടെ കിട്ടുന്ന അറിവിനെയും കാഴ്ചയെന്നു വിളിക്കാം. എന്നാലും ചുറ്റുപാടുകളെപ്പറ്റിയുള്ള ധാരണ കരഗതമാക്കാന്‍ ഓരോ ജീവിക്കും ഓരോ ഇന്ദ്രിയം പ്രഥമസ്ഥാനത്ത് നില്‍ക്കുന്നുണ്ട്. മനുഷ്യനത് കണ്ണാണെങ്കില്‍, (ആത്യന്തികമായി എതിന്ദ്രിയവും സ്പര്‍ശത്തിലൂടെയാണ് സംവേദിക്കുന്നത്.), വവ്വാലിന് അതു ശ്രവണേന്ദ്രിയമാണ്, പാമ്പിനത് ചര്‍മ്മമാണ് - ത്വക്കും നാക്കും. ഇന്ദ്രിയവിഷയമായ വസ്തുവില്‍നിന്നുള്ള ഊര്‍ജ്ജപ്രസരം ഒന്നുതന്നെയായിരിക്കേ, വ്യത്യസ്ത ജീവികള്‍ അതാതിന്റെ രീതിയില്‍ അതിനെ വ്യാഖ്യാനിച്ച് അവയ്ക്ക് വേണ്ടുന്ന 'അറിവ്' ശേഖരിക്കുകയാണ് ചെയ്യുന്നത്. ഇതില്‍നിന്ന് വ്യക്തമാകുന്നത്, 'കാഴ്ച' ഇന്ദ്രിയത്തിലല്ല, മറിച്ച്, തലച്ചോറിലാണ് സംഭവിക്കുന്നതെന്നാണ്.

"പ്രത്യക്ഷമെന്നു പറയുമ്പോള്‍ കണ്ണുകൊണ്ട് കാണുന്നതാണ് പ്രധാനം എന്ന തോന്നലുണ്ടാവാം. എന്നാല്‍, ഓരോ ഇന്ദ്രിയത്തെയും കണ്ണായി കരുതിപ്പോന്നിരുന്ന ഭാരതീയദര്‍ശനത്തില്‍ വര്‍ണങ്ങളെപ്പോലെതന്നെ സപ്തസ്വരങ്ങളും ഷഡ്രസങ്ങളും പഞ്ചപ്രാണങ്ങളും അവധിയില്ലാത്ത രസവൈവിധ്യങ്ങളും ആകാരങ്ങള്‍ക്ക് വികാരങ്ങളുടെ അനന്തവിസ്തൃതിയുണ്ടാക്കിവയ്ക്കുന്നുണ്ട്‌. അതായത്, ഓരോയിന്ദ്രിയവും ഓരോതരം കാഴ്ച്ചയെയാണ് ഉത്പാദിപ്പിക്കുന്നത്." (മന:ശാസ്ത്രം ജീവിതത്തില്‍‍, നിത്യചൈതന്യയതി. അ. 20)


നമുക്ക് കാണാനും കേള്‍ക്കാനും രുചിക്കാനും മണക്കാനുമൊക്കെ സാധിക്കുന്നത് ഈ പ്രവൃത്തികള്‍ക്കുള്ള വിഷയങ്ങള്‍ അതേപടി അവിടെയുള്ളതുകൊണ്ടാണ് എന്ന വിചാരം അത്ര ശരിയല്ലെന്ന് പറഞ്ഞാല്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും തന്നെ ബുദ്ധിമുട്ടാവും. പക്ഷേ, വാസ്തവത്തില്‍ ബാഹ്യലോകം വ്യക്തിബോധത്തില്‍ യാഥാര്‍ഥ്യത്തിന്റെ ഏതോ വിധത്തിലുള്ള ഒരു പ്രതിഫലനമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍, ടെലിവിഷന്റെ പ്രവര്‍ത്തനരീതി സഹായിക്കും. (ഈ ഉപമ LSD യുടെ കണ്ടുപിടുത്തത്തോടെ പ്രശസ്തനായിത്തീര്‍ന്ന ആല്‍ബെര്‍ട്ട് ഹോഫ്മന്റെയാണ്.) നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള ബാഹ്യലോകം ഊര്‍ജ്ജപ്രസരണത്തിലൂടെ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്‌. ഈ സ്പന്ദനങ്ങളെ സ്വീകരിക്കുന്ന ഏരിയലുകളാണ് ഇന്ദ്രിയങ്ങള്‍. എന്നാലവയെ പടവും സ്വരവും മണവുമൊക്കെയാക്കി പ്രതിബിംബിപ്പിക്കുന്ന സ്ക്രീന്‍ നമ്മുടെ ബോധതലമാണ്. കൃത്യമായി പറഞ്ഞാല്‍ തലച്ചോറിന്റെ പണിയാണത്. ഏരിയലിന്റെ ഗുണവും മേന്മയുമനുസരിച്ച്, പടം വ്യക്തമോ അവ്യക്തമോ ആകാം.


കണ്ണെന്ന ഏരിയലിനെ നമുക്കൊന്ന് പരിശോധിക്കാം. വസ്തുക്കളില്‍ പതിയുന്ന പ്രകാശം പ്രതിഫലനത്തിലൂടെ നേത്രാന്തരപടലത്തില്‍ (retina) തട്ടുമ്പോഴുണ്ടാകുന്ന തരംഗങ്ങള്‍ ദൃക്തന്ത്രികളിലൂടെ തലച്ചോറിലെത്തുന്നതുകൊണ്ടാണ് കാഴ്ച സാധ്യമാകുന്നത്. അതിനിടയില്‍ സംഭവിക്കുന്നതൊക്കെ ശാസ്ത്രമാനങ്ങളാല്‍ അളക്കാവുന്നവയാണ്. എന്നാല്‍ നാഡികള്‍വഴി തലച്ചോറിലെത്തുന്ന വിദ്യുത്പ്രചോദനങ്ങള്‍ വസ്തുവിന്റെ പ്രതിബിംബമായി രൂപാന്തരപ്പെടുന്ന രഹസ്യം ഒന്നുകൊണ്ടും അളക്കാനാവാത്ത ഒരു പ്രതിഭാസമാണ്. (ഭാസം = പ്രകാശം; പ്രതിഭാസം = പ്രകാശപ്രതിബിംബം). പ്രകാശം വൈദ്യുത-കാന്ത തരംഗങ്ങളാണ്. ഫോട്ടോണ്‍ എന്ന കണമാണ് അതിന്റെ സൂക്ഷ്മഘടകമെങ്കിലും അവ സഞ്ചരിക്കുന്നത് തരംഗരൂപേണയാണ്. വൈദ്യുത-കാന്തതരംഗങ്ങള്‍ക്കു ഒരു മീറ്ററിന്റെ ശതകോടിയിലൊന്നു തൊട്ട് പല മീറ്റര്‍ വരെ വ്യാസമാകാം. റേഡിയോ തരംഗങ്ങള്‍ രണ്ടാമത്തേതിന് ഉദാഹരണമാണ്. ഓരോ വസ്തുവും അതിന്റെ ഘടനയും പ്രതലവുമനുസരിച്ച് അതില്‍ ചെന്നുപതിക്കുന്ന പ്രകാശത്തെ വിഗിരണം ചെയ്യുന്നുവെങ്കിലും അവയില്‍ ഒരു നിശ്ചിത തരംഗവ്യാപ്തിക്കുള്ളിലുള്ളവയെ മാത്രമേ നമ്മുടെ റെറ്റിനക്ക് സ്വീകരിക്കാനാവൂ. 350 മുതല്‍ 750 നാനോമീറ്റര്‍ വരെയാണ് ഈ അലകളുടെ വ്യാപ്തി. (ഒരു നാനോമീറ്റര്‍ = പത്ത് ലക്ഷത്തിലൊരു മില്ലിമീറ്റര്‍) 350 nm തരംഗങ്ങള്‍ നമ്മടെ തലച്ചോറില്‍ നീലയുടെ അനുഭവത്തെയുണ്ടാക്കുന്നു. 750 നം, ചുകപ്പിന്റെ. അതിനിടയിലുള്ളവ സപ്തവര്‍ണങ്ങളില്‍ ബാക്കിയോരോന്നുമായി തലച്ചോറിനാല്‍ വ്യാഖ്യാനിക്കപ്പെടുന്നു.


ഇതില്‍നിന്നൊക്കെ നമുക്ക് പലതുമനുമാനിക്കാം. ഉദാഹരണത്തിന്, പ്രകാശത്തിന്റെ ഇതേ തരംഗവ്യാപ്തിയെ സ്വീകരിക്കാന്‍ റ്റ്യൂണ്‍ ചെയ്തിട്ടുള്ള മറ്റൊരു ജീവി കാണുന്നത് നമ്മുടെ നിറങ്ങളായിരിക്കണമെന്നില്ല. color blind ആയ മനുഷ്യര്‍ തന്നെ ഇതിനൊരു തെളിവാണ്. അതുപോലെ തന്നെ, പ്രകൃതിയിലുള്ളവയെ, നമുക്ക് കാണാനാവാത്ത, എണ്ണമില്ലാത്തത്ര നിറങ്ങളിലും മണങ്ങളിലും സ്വരങ്ങളിലും രുചികളിലും കൂടി കാണുന്ന ജീവികളുമുണ്ട്. യന്ത്രസഹായത്തോടെ മാത്രം നമുക്ക് കൈകാര്യംചെയ്യാനാകുന്ന ഇന്‍ഫ്രാറെഡും അള്‍ട്രാവയലെറ്റും കാണാന്‍കഴിയുന്ന അല്‍പപ്രാണികള്‍ പോലുമുണ്ടെന്ന് ജന്തുശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ടല്ലോ.


അങ്ങനെയെങ്കില്‍, നിറങ്ങള്‍ നാം കാണുന്നവയിലല്ല, മറിച്ച്, അവ നമ്മുടെ തലച്ചോറിന്റെ സൃഷ്ടിയാണ് എന്ന്
നാം അംഗീകരിക്കേണ്ടിവരും.  ചുവന്ന പൂവെന്നു പറയുമ്പോള്‍ പ്രകൃതി അതിന്റെ ഇതളുകളില്‍ ചുകപ്പുനിറം തേച്ചുപിടിപ്പിച്ചിരിക്കുന്നു എന്നല്ലേ നാം അര്‍ത്ഥമാക്കുക? എന്നാല്‍ സത്യമതല്ല. എല്ലാ (എന്ന് വച്ചാല്‍, നമുക്ക് കാണാനാവാത്തവയും) നിറങ്ങളെയും ഉള്‍ക്കൊള്ളുന്ന പ്രകാശം ആ പൂവിന്റെ പ്രതലത്തില്‍ തട്ടുന്നുണ്ടെങ്കിലും, അതിന്റെ തനതായ രാസഘടനമൂലം, ചില നിശ്ചിത അലവ്യാപ്തിയിലുള്ളവമാത്രമാണ് വിഗിരണം ചെയ്യപ്പെടുന്നത്. ബാക്കിയെല്ലാം ആഗിരണം ചെയ്യപ്പെടുകയാണ്. ഇങ്ങനെ പ്രതിഫലിക്കുന്നവയില്‍ നിന്ന് നമുക്കാകുന്നവയെ (ഈ ഉദാഹരണത്തില്‍, നാം ചുകപ്പായി വ്യാഖ്യാനിക്കുന്നവയെ) നാം പിടിച്ചെടുക്കുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. അതേ പൂവിനെ വേറൊരു ജീവി വേറൊരു നിറത്തില്‍ കാണുന്നുണ്ടാവാം. നാം കാണുന്ന വസ്തുക്കളുടെയെല്ലാം കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്‌. മറ്റു വാക്കുകളില്‍, നമ്മള്‍ കാണുന്ന നിറങ്ങളും രൂപങ്ങളും സ്വരങ്ങളും രുചികളും നാം തന്നെയാണ് സൃഷ്ടിക്കുന്നത്, അവ വസ്തുക്കളില്‍ അങ്ങനെത്തന്നെ ഉള്ളവയല്ല!

പ്രകാശത്തിന്റെ അലദൈര്‍ഘ്യങ്ങളില്‍ മനുഷ്യന് പിടിച്ചെടുത്ത് വ്യാഖ്യാനിക്കാവുന്നവ വളരെ പരിമിതമാണ്. ഇവയില്‍ ഏഴെണ്ണത്തെ നമ്മുടെ തലച്ചോര്‍ ഏഴു നിറങ്ങളായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു എന്നുമാത്രം. ഇവക്കു വെളിയിലുള്ളവ അനന്തതയിലേയ്ക്കു നീളുന്നു. നിത്യജീവിതത്തിലെ ശാസ്ത്രം എന്ന കൃതിയില്‍ C. രാധാകൃഷ്ണന്‍ എഴുതുന്നു: "പ്രകാശം വിദ്യുത്കാന്തപ്രസരമാണ് (electro-magnetic waves). നിറമെന്നൊന്ന് വാസ്തവത്തില്‍ ഇല്ല. വ്യത്യസ്ത അലനീളമുള്ള വിദ്യുത്-കാന്തതരംഗങ്ങളേയുള്ളൂ. ഒരു പ്രത്യേക അലനീലമുള്ള തരംഗം നമ്മുടെ കണ്ണിലുളവാക്കുന്നയനുഭൂതിയെ നാം ഒരു നിറത്തിന്റെ പേരിട്ടു വിളിക്കുന്നു, അത്രമാത്രം. നാം കാണുന്ന നിറങ്ങളെത്തന്നെ മറ്റു ജീവികളും കാണുന്നുവെന്ന് ധരിക്കുന്നത് വിഡ്ഢിത്തമാണ്." 

 

ഇതേ തത്ത്വം മറ്റിന്ദ്രിയാനുഭവങ്ങളുടെ കാര്യത്തിലും ബാധകമാണ്. ഉദാഹരണത്തിന്, കേള്‍വി. മലമുകളില്‍ നിന്ന് ഒരു വലിയ പാറ പിളര്‍ന്നു താഴേയ്ക്കുരുളുന്നുവെന്ന് സകല്പ്പിക്കുക . അത് വായുവിലുണ്ടാക്കുന്ന സംഘര്‍ഷം ഒരു കൊടുങ്കാറ്റിനെ സൃഷ്ടിച്ചെന്നിരിക്കും. എന്നാല്‍ ഈ വായൂമര്‍ദ്ദത്തെ ഏതെങ്കിലും തരത്തില്‍ അളക്കാനോ അനുഭവിക്കാനോ കഴിയുന്ന ഒരു ജീവി അവിടെയില്ലെങ്കില്‍, ഒരു നേരിയ സ്വരംപോലും അവിടെയുണ്ടാകുന്നില്ലെന്ന് പറയാം. ഇത് അവിശ്വസനീയമാണെങ്കിലും, ഒന്നുകൂടി ചിന്തിച്ചു നോക്കുക. അവിടെ പൊട്ടിവീഴുന്ന പാറയും ഇടിഞ്ഞിറങ്ങുന്ന മണ്ണും മറിഞ്ഞുവീഴുന്ന മരങ്ങളുമുണ്ട്. അതെല്ലാം വായൂക്ഷോഭത്തിനും ഊര്‍ജ്ജസ്ഫോടനത്തിനും കാരണമാകുന്നു. എന്നാല്‍, 'അവമൂലമുണ്ടാകുന്ന' സ്വരം സമീപത്തുള്ള ജീവികളുടെ ശ്രവണേന്ദ്രിയത്തിനുള്ളില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. നാം കേള്‍ക്കുന്ന സ്വരം, അതു മൃദുലമോ കഠിനമോ ആയിക്കൊള്ളട്ടെ, അത് സ്വരമായി പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നില്ല; അവിടെയുള്ളത് ചെറുതും വലുതുമായ വെറും ഊജ്ജസമ്മര്‍ദ്ദങ്ങളാണ്. അവയ്ക്ക് കാരണമാകുന്നതോ വായുവിന്റെയും വൈദ്യുതിയുടെയുമൊക്കെ വ്യതിയാനങ്ങളും. ഇങ്ങനെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ അതിവിപുലമാണ്. ഇവയില്‍, ഒരു സെക്കന്റില്‍ 20 മുതല്‍ 20'000 ഡസിബില്‍ വരെ (audio അല്ലെങ്കില്‍ sonic എന്നറിയപ്പെടുന്ന) ആവൃത്തിയിലുള്ളവയെ പിടിച്ചെടുക്കാനുള്ള സജ്ജീകരണം മാത്രമാണ് മനുഷ്യന്റെ ശ്രവണേന്ദ്രിയത്തിനുള്ളത്. അങ്ങനെ പിടിച്ചെടുക്കുന്നവ തരംഗവ്യതിയാനങ്ങള്‍ക്കനുസരിച്ച് നമ്മുടെ തലച്ചോറില്‍ ചെറുതും വലുതുമായ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്. അതായത്, പ്രകൃതിയിലുള്ളത്, വെറും സ്പന്ദനങ്ങളാണ്. അവയില്‍നിന്ന് ഒരു നിസ്സാരയംശത്തെ മാത്രം അളന്ന് വ്യത്യസ്ത സ്വരങ്ങളായി മനസ്സിലാക്കുന്ന രീതിയാണ് ശ്രവണം. DCBooks ന്റെ ശബ്ദസാഗരത്തില്‍ ശബ്ദത്തിന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത് ഇങ്ങനെ: "വായുവിലുണ്ടാകുന്ന തരംഗപരമ്പരയാണ് ശബ്ദമായി കാതിനനുഭവപ്പെടുന്നത്." എല്ലാ തരംഗങ്ങളെയും അളക്കാനാവുന്ന ഒരു സംവിധാനത്തോടെ ഒരു ജീവിക്കും അതിജീവനം സാധ്യമേയല്ല. LSD പോലുള്ള രാസവസ്തുക്കള്‍ അകത്തുചെല്ലുമ്പോള്‍, മുമ്പൊരിക്കലും അറിഞ്ഞിട്ടില്ലാത്ത വര്‍ണബാഹുല്യവും സ്വരങ്ങളും അനുഭവിക്കാനാകുന്നതിനെപ്പറ്റി ധാരാളം അനുഭവസ്ഥരുടെ വിവരണങ്ങളുണ്ട് (LSD, mein Sorgenkind - LSD, എന്റെ വികൃതിക്കുട്ടി - Albert Hofmann). കഞ്ചാവ് വലിക്കുന്നവരുടെ അനുഭവത്തിനും ഇതിനോട് സാമ്യമുണ്ട്‌.
നമുക്കാഗിരണംചെയ്യാനാവാത്ത ഊര്‍ജ്ജസങ്കോച-സ്ഫോടനങ്ങള്‍ തിരിച്ചറിയുന്ന ജീവികള്‍ എത്ര വേണമെങ്കിലുമുണ്ട്. ഉദാ. വവ്വാല്‍, നായ, ഡോള്‍ഫിന്‍, തിമിംഗലം തുടങ്ങിയവ. എന്തിനീ വലിയവര്‍? ഒരു ചറിയ തുള്ളി രക്തത്തിനായി നമ്മെ ചുറ്റിപ്പറ്റി പറക്കുന്ന നിസാരനായ കൊതുകിനെ വീശിപ്പിടിക്കാനോ അടിച്ചുകൊല്ലാനോ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതെന്ത്? നമ്മുടെ കൈയൊന്നനങ്ങുന്നതിനു മുമ്പുതന്നെ അതിസൂക്ഷ്മമായ വായൂമര്‍ദ്ദം തിരിച്ചറിഞ്ഞ് വഴുതിമാറാന്‍ അണുസമാനമായ അതിന്റെ ഉണ്മക്കാകുന്നു! പൂക്കളിലൂടെ തെന്നിപ്പറന്ന് തേന്‍ കുടിക്കുന്ന ശലഭങ്ങള്‍ തിരിച്ചറിയുന്ന ഗന്ധങ്ങളും കാണുന്ന നിറങ്ങളുമേതെല്ലാമെന്നു നാമുണ്ടോ അറിയുന്നു! ഏത്‌ ഇന്ദ്രിയാനുഭവത്തിലും ഈ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ഈ വിചിന്തനങ്ങളില്‍ നിന്ന് മിക്കപ്പോഴും നാം ഒട്ടും ശ്രദ്ധിക്കാത്ത ചില സത്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നു: നമ്മുടെ ലോകം നമ്മുടെ മാത്രം സൃഷ്ടിയാണ്. നമ്മുടെയഅളവുകോലുകളും നമ്മുടേത്‌ മാത്രമാണ്.
അവ പ്രകൃതിയെ മൊത്തത്തില്‍ ബാധിക്കുന്നേയില്ല. ചരാചരങ്ങളായി, ചേതനാചേതനങ്ങളായി, പ്രകൃതിയിലുള്ളതെല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ (electro-magnetic energy) ഭാവഭേദങ്ങളാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ അവയിലെ തീരെ ചെറിയ ഒരംശവുമായി പ്രതികരിക്കുന്നതില്‍നിന്നാണ് നമ്മുടെ ലോകം ഉരുത്തിരിയുന്നത്. ഇതിലും സുപ്രധാനമായ മറ്റൊരു വസ്തുതയും അംഗീകാരമര്‍ഹിക്കുന്നു. അതായത്, പുറത്തുനിന്നും തുടര്‍ച്ചയായി എത്തുന്ന ഊര്‍ജ്ജപ്രസരങ്ങളെ വ്യാഖ്യാനിച്ചാണ് നാം യാഥാര്‍ഥ്യത്തെ കണ്ടെത്തുന്നതെങ്കില്‍, നാമനുഭവിക്കുന്ന ജീവന്‍, ബോധം, അറിവ് എന്നിവയൊന്നും സുസ്ഥിരമല്ല, തുടര്‍ച്ചയാണ്. സ്ഥിരവും സുനിശ്ചിതവുമായിടത്ത്, ജീവനില്ല. നമ്മുടെ യാഥാര്‍ഥ്യം (അവിടെ നാം കണ്ടെത്തുന്ന അര്‍ത്ഥമെന്തോ, അത്) അനുനിമിഷം നമ്മള്‍ സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭവങ്ങളാണ്, അവിടെ നമുക്ക് വെളിയിലുള്ള അസ്തിത്വഭാവങ്ങളല്ല! ഉണ്മയെന്നത് നൈമിഷികമാണ്, ഓരോ നിമിഷത്തിന്റെയുമാണ്.

സ്വാതന്ത്ര്യത്തെ വെറുക്കുന്നവര്‍

ഇതെഴുതുമ്പോള്‍ ഇനി വെറും രണ്ട് മണിക്കൂറേയുള്ളൂ 2010 ലെ ഓഗസ്റ്റ് 15പിറക്കാന്‍. നമ്മുടെ 'സ്വാതന്ത്ര്യദിനത്തിന്' ഇംഗ്ലീഷില്‍ Independence Day എന്ന് പറയുന്നത് തന്നെ വിവരക്കേടാണ്. ആരെയും ആശ്രയിക്കാതെ പല സഹസ്രാബ്ദങ്ങള്‍ സംസ്കൃതിയില്‍ കഴിഞ്ഞിരുന്ന ഒരു വലിയ രാജ്യത്തെ ജനതയെ അന്ന് കിരാതരും തീര്‍ത്തും പ്രാകൃതരുമായിരുന്ന യൂറോപ്പുകാര്‍ വന്ന് ബലംപ്രയോഗിച്ചും തമ്മിലടിപ്പിച്ചും ഏറെനാള്‍ ചൂഷണം ചെയ്തശേഷം, അവര്‍ക്ക് തിരികെ പോകാതെ തരമില്ലെന്നുവന്ന ദിനത്തെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമെന്നു വിളിക്കുന്നതില്‍ ഒരഅര്‍ത്ഥവുമില്ല. നമ്മള്‍ ആരെയും depend  ചെയതല്ലായിരുന്നു അതുവരെയും അന്നും ജീവിച്ചിരുന്നത്. മറിച്ച്, അവര്‍, നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് കട്ടെടുത്തും കവര്‍ച്ചചെയ്തും നമ്മെ depend ചെയ്താണ് കഴിഞ്ഞുകൂടിയത്. എന്നിട്ട്, ആ സാധ്യതയില്ലാതായ അവസ്ഥക്ക് India's Indipendence എന്ന് പറയുന്നത് തീരെ മോശമാണ്. അത്  അര്‍ത്ഥഹിതം മാത്രമല്ല, പോഴത്തവുമാണ്. 



ഒരു മുന്‍പരിചയവുമില്ലാത്ത ഒരു ബാങ്കില്‍നിന്ന് ഇന്നെത്തിയ ഒരു ഇ-മെയിലില്‍ "Be proud to say I'm an Indian" എന്നെഴുതുന്നതിനു മുന്നോടിയായി ഒരു നീണ്ട ലിസ്റ്റ് തന്നിരിക്കുന്നു, എവിടെയെല്ലാം ഇന്നത്തെ ലോകത്ത് ഇന്ത്യക്കാര്‍ മുമ്പന്തിയില്‍നില്‍ക്കുന്നു, ഏതെല്ലാം വിജ്ഞാനശാഖകളില്‍ ഇന്ത്യ പണ്ട് അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നൊക്കെ കാണിച്ച്. മഹാന്മാരായ പലരും നമ്മുടെ സംസ്കാരത്തെപ്പറ്റി പ്രശംസിച്ചു പറഞ്ഞിട്ടുള്ളതിനുദാഹരണങ്ങളായി താഴെ കാണുന്നവ ചേര്‍ക്കുകയും ചെയ്തിരുന്നു.   

Albert Einstein: "We owe a lot to the Indians, who taught us how to count, without which no worthwhile scientific discovery could have been made."


Mark Twain: "India is the cradle of the human race, the birthplace of human speech, the mother of history, the grandmother of legend and the great grand mother of tradition."

 
Romain Rolland: "If there is one place on the face of the earth where all dreams of living men have found a home from the very earliest days when man began the dream of existence, it is India."


Hu Shih (former Chinese ambassador to USA ): "India conquered and dominated China culturally for 20 centuries without ever having to send a single soldier across her border."



ഇതൊക്കെയറിയാമെങ്കിലും അറിയില്ലെങ്കിലും, ഇന്നത്തെ ഇന്ത്യയെ നോക്കിക്കാണുന്ന ശരാശരി ഇന്ത്യാക്കാര്‍ക്ക് തോന്നുന്നതെന്ത് എന്നതിനെപ്പറ്റി മെയിലില്‍ ഒന്നും പറഞ്ഞിട്ടില്ല!
ഇങ്ങോട്ട് സൂത്രത്തില്‍ കയറിവന്ന് നമ്മുടെ ആതിഥേയത്വം സ്വീകരിച്ചശേഷം നമ്മെ ചതിച്ചും ആക്രമിച്ചും കൊള്ളയടിച്ചും കീഴ്പ്പെടുത്തിയവരെ ഈ രാജ്യത്തുനിന്ന് തുരത്തുന്നതിനു ഒരു വര്‍ഷംമുമ്പ്, ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ The Discovery of Indiaയുടെ ഏതാണ്ട്‌ അവസാനഭാഗത്ത്‌ അദ്ദേഹം കുറിച്ചത്, 65 നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും വാക്കിനു വാക്ക് ശരിയാണെന്നത് മതി, ഏത്‌ ഇന്ത്യാക്കാരനെക്കൊണ്ടും ഇങ്ങനെ പറയിപ്പിക്കാന്‍‍: "ഞാന്‍ സ്വാതന്ത്ര്യത്തെ വെറുക്കുന്നു!"


നെഹ്‌റു എഴുതി: "സര്‍വ്വഗ്രാഹിയായ ജീവിതത്തിനുതകുന്ന അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം നമ്മളന്യോന്യം കൊന്നൊടുക്കുന്നു.നമ്മുടെ ശക്തികള്‍ കൃത്രിമോത്പന്നങ്ങളും കൃത്രിമ വിനോദങ്ങളും ഉണ്ടാക്കുന്നതിനുവേണ്ടി വ്യതിചലിപ്പിക്കപ്പെടുകയാണ്. നന്നായി വിനിയോഗിക്കേണ്ട സമയത്തെ നാം നഷ്ടപ്പെടുത്തുന്നു. മെഴുകുതിരിയുടെ രണ്ടറ്റവും കനക്കെ കത്തിച്ചുകളയുന്നതുപോലെയാണ് നാം നമ്മുടെ വ്യക്തിഗതമായ ജീവിതങ്ങളെക്കൊണ്ട് കളിക്കുന്നത്. ഭൂമിയുടെ സമ്പത്തുകളെ വമ്പിച്ചതോതില്‍ നാം അതിവേഗം അപഹരിച്ചുകളയുന്നു. പകരമങ്ങോട്ടൊന്നും കൊടുക്കുന്നുമില്ല."

ഇതെഴുതപ്പെട്ട കാലത്തെന്നതിനേക്കാള്‍, ഇപ്പറഞ്ഞ ഓരോ കാര്യവും, ഇന്ന്, പതിന്മടങ്ങല്ല, നൂറുമടങ്ങ്‌ വസ്തുനിഷ്ഠമല്ലേ? ഇന്ത്യക്കാര്‍ക്ക് അടിമത്തംതന്നെയോ മെച്ചം?

വിശുദ്ധപട്ടം ഭൂമിയില്‍ കൊടുക്കപ്പെടും

ഇന്ന് 12 ഓഗസ്റ്റ് 2010 ആണ്. നാളെമുതല്‍ വിശുദ്ധിയുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളുമുപയോഗിച്ച് ദീപികപോലുള്ള പത്രങ്ങളില്‍ വെണ്ടക്കാശീര്‍ഷകങ്ങള്‍ പ്രത്യക്ഷപ്പെടും. ഭരണങ്ങാനത്ത് തോരാമഴയത്ത് സിസ്റ്റര്‍ അല്ഫോന്‍സയുടെ പേരില്‍ നടന്ന ജന്മശതാബ്ദി-മാമാങ്കത്തെപ്പറ്റി. നാളത്തെ മഴപോലും ദൈവാനുഗ്രഹത്തിന്റെ പ്രതീകമായി പ്രകീര്‍ത്തിക്കപ്പെടും. മലയാളികളുള്ളിടത്തെല്ലാം ഇനി കുറേ നാളേയ്ക്കു അല്‍ഫോന്‍സാമ്മ മാത്രമായിരിക്കും വിഷയം. തട്ടുകടയും പെട്ടിയോട്ടോയും തൊട്ട്‌ ഇന്റര്‍നെറ്റ്‌കഫെവരെ ഇന്ന് നാമകരണം ചെയ്യപ്പെടുന്നത് ഈ പേരിലാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ പാട്ടീലിനും പുതിയതൊന്നും വായില്‍ വന്നില്ല. 'സഹനത്തിലൂടെ വിശുദ്ധിയിലെത്തിയ സ്ത്രീരത്നം' ഇന്ത്യാക്കാര്‍ക്കെല്ലാം മാതൃകയാവട്ടെ പോലും! സഭയിലെ സകല ഉന്നതരും പറഞ്ഞുപറഞ്ഞു നാവുകുഴഞ്ഞ വാക്യമാണിത്. എന്തെങ്കിലും ചിന്തിച്ചിട്ടാണോ ഇവരൊക്കെയിങ്ങനെ ആവര്‍ത്തിക്കുന്നത്?
 

തീര്‍ച്ചയായും വിശുദ്ധരുണ്ട്, സ്വര്‍ഗ്ഗത്തിലും ഭൂമിയിലും. എന്നാല്‍ വിശുദ്ധപദവി എന്നൊന്നുള്ളതാണോ? ഒരു പദവിയെന്നതിനേക്കാള്‍, ചിലരുടെ ജീവിതശൈലിയല്ലേ അവരെ സാധാരണക്കാരില്‍ നിന്നുയര്‍ത്തുന്നത്? അങ്ങനെയൊന്ന് മറ്റു മനുഷ്യരറിയേണ്ടതാണെങ്കില്‍ എന്തുകൊണ്ടാണ് ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഒന്നും സംഭവിക്കാതെ, മരിച്ചുകഴിഞ്ഞ് ഈ ബഹളം മുഴുവന്‍? കോടിക്കണക്കിനു കാശ് മുടക്കി വര്‍ഷങ്ങളോളം റോമായിലുള്ളവരുടെ കാലുപിടിച്ചുവേണോ ഒരു പുണ്യവ്യക്തിക്ക് അംഗീകാരം നേടിയെടുക്കാന്‍? അത്തരമംഗീകാരം ആരുടെ ഗുണത്തിനും നന്മക്കും വേണ്ടിയാണ്?

കാര്യം മറ്റൊന്നുമല്ല. ഇത് ദൈവത്തിന്റെ വകുപ്പില്‍പെടുന്നതല്ല. മറിച്ച്, ഇവിടെ താഴെയുള്ള ദൈവങ്ങളുടെ പിടിപാടിലൂടെയാണ് ഒരാള്‍ സാവധാനം ദൈവദാസനും/ദാസിയും വാഴ്ത്തപ്പെട്ടവനും/വളും, ഒടുവില്‍, കൂട്ടില്‍വച്ചു തിരികത്തിക്കാനും പുകയടിപ്പിക്കാനും തക്കവിധം പാകമായ 'വിശുദ്ധനോ' 'വിശുദ്ധയോ' ആയിത്തീരുന്നത്! അതിന്മുമ്പ് അയാളെക്കൊണ്ട് നിസ്സാരമായതുതൊട്ട്‌ അല്പം പണിയുള്ള അത്ഭുതങ്ങള്‍ വരെ ചെയ്യിച്ചെടുക്കണം. അതിന് പത്രക്കാരുടെ നിര്‍ലോഭസഹായം കിട്ടണം. പതുക്കെപ്പതുക്കെ സ്വര്‍ഗ്ഗവാസികളുടെയിടയിലും ആള്‍ സംസാരവിഷയമാകും. അമ്പടീ, ഇവളിതിനകം നമ്മളറിയാതെ ഭൂമിയിലെന്തൊക്കെ ഒപ്പിച്ചെടുത്തു! മാതാവും, ഇശോമിശിഹാപോലും, ഒരു തകര്‍പ്പന്‍ സല്ക്കാരത്തിനുള്ള ഏര്‍പ്പാടാക്കുന്നു. കാര്യങ്ങള്‍ പിടിവിട്ടു പോയില്ലേ. നീ ഭൂമിയില്‍ കെട്ടുന്നതും അഴിക്കുന്നതും സ്വര്‍ഗ്ഗത്തിലും എന്ന് ഓര്‍ക്കാപ്പുറത്ത് ഒന്ന് പറഞ്ഞുംപോയില്ലേ!
 
വെറും തഴപ്പായില്‍ കിടന്ന്, ആവശ്യത്തിനു മരുന്നോ ഭക്ഷണമോ കിട്ടാതെ മരിച്ച ഈ കന്യാസ്ത്രീ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്നും മനുഷ്യരുടെ ചിലതരം രോഗങ്ങള്‍ സുഖപ്പെടുത്തുക അവരുടെ പെയ്റ്റെന്റില്‍പെടുമെന്നും പത്രോസിന്റെ പിന്ഗാമി തിരുവായ് മൊഴിയുന്നത്‌ നേരിട്ട് കേള്‍ക്കാനും കാണാനുമായി എത്ര ലക്ഷങ്ങളാണ് റോമായിലേയ്ക്ക് കുതിച്ചത്! കേരളത്തിലെ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ ഫലമുപയോഗിച്ച് എത്ര അച്ചന്മാരും കന്യാസ്ത്രീകളുമാണ് വിദേശയാത്ര നടത്തിയത്! ഭരണങ്ങാനവും കേരളസഭയും കോടികളുടെ ഭൂട്ടാന്‍ലോട്ടറിയടിച്ചവരായി. അത്ഭുതങ്ങളുടെ വിലയായി ഇനി നേര്ച്ചപ്പെട്ടികള്‍ നിറഞ്ഞുകുമിഞ്ഞുകൊണ്ടിരിക്കും. പത്രക്കാര്‍ക്ക് കിട്ടുന്ന കാശിന്റെ തോതനുസരിച്ച്, പുണ്യവതി അനുഗ്രഹങ്ങളുടെ എണ്ണവും മുഴുപ്പും കൂട്ടും.

പമ്പരം കറങ്ങുമ്പോള്‍ അതിനറിയില്ലല്ലോ, കറങ്ങുകയാണെന്ന്‌. അതായിരിക്കാം വിഡ്ഢിയോടുചേര്‍ത്ത് പമ്പരമെന്ന വസ്തുവിനെ തരംതാഴ്ത്തിയത്. പമ്പരവിഡ്ഢികള്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ലല്ലോ. എന്നാല്‍ അന്ന്, ആര്‍ക്കും വേണ്ടാതെകിടന്ന് വേദനനിറഞ്ഞ ജീവിതം നയിച്ച അല്‍ഫോന്‍സാമ്മയെങ്കിലും ഇന്നത്തെ ഈ കോലാഹലങ്ങള്‍ അറിയുന്നുണ്ടോ, ആവോ! അവരുടെ ഇപ്പോഴത്തെ അവസ്ഥയിലെത്താന്‍ എത്ര പെണ്‍കൊച്ചുങ്ങളെ മദര്‍സുപീര്യര്‍മാര്‍ ഉപദേശിക്കുന്നുണ്ടാവാം. അല്‍ഫോന്‍സാമ്മയെപ്പോലെ പുണ്യവതിയാവണ്ടേ? ഒരനീതിക്കും മറുത്തൊന്നും മിണ്ടരുത്. എല്ലാം വായടച്ചുപിടിച്ച്‌ സഹിച്ചോണം. അതാണ്‌ വിശുദ്ധി. വിശുദ്ധയായാല്‍ പിന്നത്തെ പൂരമറിയാമല്ലോ? ഒരു കണക്കിന്, അല്‍ഫോന്‍സാമ്മയുടെ അന്നത്തെ സുപീര്യരിനും വിശുദ്ധപട്ടത്തിനു ഒരു ചാന്‍സ് കൊടുക്കേണ്ടതാണ്. അവരില്ലായിരുന്നെങ്കില്‍, വല്ല മരുന്നും ആവശ്യത്തിനു ഭക്ഷണവും ലഭിച്ച് അല്‍ഫോന്‍സാ സുഖം പ്രാപിക്കില്ലായിരുന്നോ? അപ്പോള്‍ പിന്നെയുള്ളത് ഒരു സാധാരണ ജീവിതവും സാധാരണ മരണവും. അതുകൊണ്ട് വിശുദ്ധയാകാനൊക്കുമോ?
 
ഇതൊക്കെ, എന്നാല്‍, പെണ്ണുങ്ങളുടെ കാര്യം മാത്രമാണോ? അല്ലെന്നും ഇതിനൊക്കെ മറ്റൊരു നല്ലവശമുണ്ടെന്നും ഫാ. ബോബി ജോസ് കട്ടിക്കാട്ട് പറഞ്ഞുതരുന്നുണ്ട്. മോസസിന്റെ പെങ്ങള്‍ ഒരു കുട്ടയില്‍ ഒഴുകിപ്പോകുന്ന കുഞ്ഞാങ്ങളയെ പിന്തുടര്‍ന്ന്, അവനെന്തുസംഭവിക്കുന്നുവെന്ന് ഒളിഞ്ഞിരുന്നു നോക്കി വേദനിച്ച കഥതൊട്ട്‌, യേശുവിന്റെ പെങ്ങന്മാരായി അവനെ സ്നേഹിച്ചു ശുശ്രൂഷിച്ച മാര്‍ത്താ-മിറിയന്മാര്‍ തൊട്ട്‌, ഫ്രാന്‍സീസിനു പോന്നുപെങ്ങളായിതീര്‍ന്ന അവന്റെ പ്രണയിനി ക്ലാരതൊട്ട്‌, കല്‍ക്കട്ടയില്‍ ഏതൊരാള്‍ക്കും പെങ്ങളായി ജീവിച്ച തെരേസവരെയുള്ള അസാധാരണ സാധാരണക്കാരുടെകൂടെ അല്‍ഫോന്‍സായെയും നിറുത്തി അദ്ദേഹം ആങ്ങളമാരെ ഉപദേശിക്കുന്നു: നിശബ്ദരായി, ആരുമറിയാതെയുമംഗീകരിക്കാതെയും, ആങ്ങളമാര്‍ക്കുവേണ്ടി സ്വയംബലിയായി, പഠനമുപേക്ഷിച്ചും കൂലിപ്പണിചെയ്തും കഴിയുന്ന പെങ്ങന്മാരെ നന്ദിയോടെ ചിലപ്പോഴെങ്കിലും ഒന്നോര്‍ക്കാന്‍. അല്‍ഫോന്‍സാമ്മയേക്കാള്‍ ഹൃദയവിശുദ്ധിയോടെ എത്രയോ സ്ത്രീകള്‍ നമ്മുടെയടുത്തുള്ള സാധാരണ കുടുംബങ്ങളില്‍പോലും ആരോരുമറിയാതെ കഴിയുന്നുണ്ടാവണം. റോമായിലെന്നല്ല, സ്വന്തം നാട്ടില്‍പോലും ആരുമൊരിക്കലും പേരുവിളിക്കില്ലാത്തയിവരെ അറിയാനും അംഗീകരിക്കാനും അവരുടെ കഷ്ടതകളിലൊരു ചെറിയ താങ്ങ് കൊടുക്കാനും ഒന്നുംചെയ്യാതെ, ഒരാളെ മാത്രം തേടിപ്പിടിച്ചു പെരുമ്പറമുഴക്കുകയാണ് കേരളസഭയിലെ വണിക്കുകള്‍.