വിശ്വാസിയിൽ നിന്ന് വിപ്ലവകാരിയിലേക്കുള്ള ദൂരം

(BODHI COMMONS ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സംഗ്രഹം)  

ആശുപത്രിക്കിടക്കയിൽ വൈദികന് പിറന്നാൾ ആശംസിക്കാൻ വന്ന സുഹൃത്തുക്കൾക്ക് ഒരാഗ്രഹം. "പിറന്നാൾ അല്ലേ… അച്ചൻ ഇന്നൊരു കുർബാന അർപ്പിക്കണം, ഞങ്ങൾക്ക് വേണ്ടി." സന്തോഷമേയുള്ളൂ എന്ന് അദ്ദേഹത്തിൻറെ മറുപടി. ആശുപത്രി ചാപ്പലിലേക്ക് തിരുവോസ്തിയും വീഞ്ഞും എടുക്കാൻ ഓടിയ സുഹൃത്ത് വെറും കയ്യോടെയാണ് തിരിച്ചു വന്നത്. ചാപ്പലിനു പുറത്തേക്ക് ഒസ്തിയും വീഞ്ഞും തന്നുവിടാൻ സാധ്യമല്ല എന്നായിരുന്നു ചാപ്പൽ സൂക്ഷിപ്പുകാരുടെ മറുപടി. അച്ചൻ ഒന്ന് ചിരിച്ചു. "ക്യാന്റീനിൽ പോയി മൂന്നു പൊറോട്ടയും കുറച്ച് കട്ടങ്കാപ്പിയും വാങ്ങി വാ." വിപ്ലവം എന്നാൽ വിയോജിപ്പിന്റെ സംഘടിതമായ പ്രഖ്യാപനമാണെന്ന് എഴുതിയ മനുഷ്യൻ അത് പ്രയോഗത്തിൽ വരുത്തിയ അനേകം സന്ദർഭങ്ങളിൽ ഒന്ന് മാത്രമായിരുന്നു പൊറോട്ടയും കട്ടൻകാപ്പിയും ഉപയോഗിച്ച് നടത്തിയ ഈ ബലിയർപ്പണം.
ഇത് ഫാദർ സെബാസ്റ്റ്യൻ കാപ്പൻ. 1962 മുതൽ മുപ്പത് കൊല്ലക്കാലം ഈ മനുഷ്യൻ കലഹം ഒരു ജീവിതചര്യയാക്കി കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നുണ്ടായിരുന്നു. യേശുവിലെ മാർക്സിനെയും മാർക്സിലെ യേശുവിനെയും അന്വേഷിച്ചു കൊണ്ട്. മനുഷ്യപുത്രനായ യേശുവിനെ അന്യവത്കരിച്ച ക്രൈസ്തവതയെയും, ദാർശനികനായ മാർക്സിനെ അന്യവത്കരിച്ച മാർക്സിസത്തെയും വിമർശിച്ചുകൊണ്ട്. ഒരു പ്രസ്ഥാനത്തിന്റെയും ചതുരക്കള്ളികളിൽ ഒതുങ്ങാൻ തയ്യാറല്ലാത്ത മനുഷ്യരെ അവഗണിക്കുകയാണ് എളുപ്പം. "മുകളിലിരിക്കുന്നവരെ അല്ലേ താഴെ ഇറക്കാൻ പറ്റൂ? തറയിൽ ഇരിക്കുന്നവരെ എന്ത് ചെയ്യാൻ പറ്റും?" ആ മറുപടിയിൽ ഒരു ജീവിതചര്യ തന്നെ നിഴലിച്ചു നില്ക്കുന്നുണ്ട്.
1957 ൽ ഈശോ സഭാംഗമായി പൗരോഹിത്യം സ്വീകരിച്ച കാപ്പൻ ഉന്നതപഠനത്തിനായി ഉടൻ തന്നെ റോമിലേക്ക് അയക്കപ്പെട്ടു. വിഷയം - മതവും മാർക്സിസവും. അത് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരുന്നില്ല. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അരയും തലയും മുറുക്കി നേരിടുക കത്തോലിക്കാ സഭയുടെ ആവശ്യമായിരുന്നു. ഇംഗ്ലീഷിൽ അന്ന് വിവർത്തനം ലഭ്യമല്ലാതിരുന്ന മാർക്സിന്റെ ആദ്യകാല രചനകൾ വായിക്കാൻ ജർമ്മൻ ഭാഷ പഠിച്ചെടുത്തു. അക്കാലം മുതൽ മാർക്സിയൻ ദർശനങ്ങൾ കാപ്പന്റെ സന്തത സഹചാരിയായി. പ്രയോഗവും മതപരമായ അന്യസാൽക്കരണവും മാർക്സിന്റെ സാമ്പത്തിക ദാർശനിക കുറിപ്പുകളിൽ (Religious Alienation and Praxis according to Marx’s Economic and Philosophical Manuscripts) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി 1962 ൽ അദ്ദേഹം തിരികെ കേരളത്തിൽ വന്നു. കേരളത്തിലെ വളരുന്ന കമ്മ്യൂണിസ്റ്റ് സാഹചര്യത്തിൽ സഭയെ പ്രതിരോധിക്കാൻ പുതിയൊരു ഗോൾ കീപ്പറെ പ്രതീക്ഷിച്ച കത്തോലിക്കാസഭക്ക് തെറ്റിപ്പോയി. "വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക്" എന്ന ആദ്യ ഗ്രന്ഥം ഒരു കലാപകാരിയുടെ നാന്ദിക്കുറിപ്പ്‌ ആയിരുന്നു. വിശ്വാസങ്ങളും മതങ്ങളും ചേർന്ന് കെട്ടിയിടുന്ന മനുഷ്യന്റെ ലൈംഗിക സ്വാതന്ത്ര്യത്തെപ്പറ്റി രണ്ടാമത്തെ പുസ്തകം - "നാളത്തേക്ക് ഒരു ലൈംഗിക സദാചാരം" അതിനു ശേഷം പ്രസിദ്ധീകൃതമായ "Jesus and Freedom" ക്രൈസ്തവസഭയുടെ നെറ്റി ചുളിപ്പിച്ചു. പൌരസ്ത്യമായ മണ്ണിൽ നിന്ന് യേശുവിനെ കണ്ടെത്താൻ ശ്രമിക്കുന്ന ആ പുസ്തകം വത്തിക്കാൻ സെൻസർ ചെയ്തു. വിമർശനങ്ങളൊന്നും ആ പോരാട്ടത്തെ തളർത്താൻ പോന്നതായിരുന്നില്ല. Marxian atheism, Jesus and Society, Liberation Theology and Marxism, Marx beyond Marxism തുടങ്ങിയ ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ, അക്രൈസ്തവനായ യേശുവിനെ തേടി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം തുടങ്ങിയ മലയാള രചനകളിലൂടെ Negations പോലെയുള്ള ആനുകാലികങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെ, അതിനുമപ്പുറം ജീവിതം തന്നെ കലഹമാക്കി നടത്തിയ യാത്രകളിലൂടെ കാപ്പൻ ഒരു പ്രതിഭാസമാവുകയായിരുന്നു.
ചെങ്കൊടിയും കുരിശും
കാപ്പനച്ചന് മാർക്സിസവും ക്രൈസ്തവതയും വിരുദ്ധ ധ്രുവങ്ങളിൽ നില്ക്കുന്ന ചിന്തകളായിരുന്നില്ല. മാർക്സ് തന്നെ കൂടുതൽ ക്രിസ്തുവിലെക്കും ക്രിസ്തു തന്നെ കൂടുതൽ മാർക്സിലേക്കും അടുപ്പിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. മൂലധനത്തിൽ നിന്നല്ല ആദ്യകാല രചനകളിൽ നിന്നാണ് കാപ്പൻ മാർക്സിനെ കണ്ടെടുക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിലെ മാംസമായ വചനത്തിൽ നിന്നല്ല, മർക്കോസിന്റെ മനുഷ്യപുത്രനിൽ നിന്നാണ് (വചനമായിത്തീർന്ന മാംസം എന്ന് കാപ്പൻ) അദ്ദേഹം യേശുവിനെ കണ്ടെത്തുന്നത്.
കാപ്പന്റെ യേശുവും നാം ഇന്നുവരെ കണ്ടുപരിചയിച്ച രാജാധിരാജനായ ക്രിസ്തു ആയിരുന്നില്ല. ചരിത്രപുരുഷനായ യേശുവിനെയാണ് അദ്ദേഹം തേടിയത്, മരിച്ചവരിൽ നിന്നുയർത്ത് പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, ചരിത്രാതീതനും നിത്യനും നിർവികാരനുമായ ക്രിസ്തുവിനെ അദ്ദേഹം തള്ളിക്കളയുന്നു. മനുഷ്യരിൽ നിന്നകറ്റി സഭ സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയല്ല, വചനായിത്തീർന്ന യേശു എന്ന മാംസത്തെയാണ് "അക്രൈസ്തവനായ യേശുവിനെ തേടി" എന്ന പുസ്തകത്തിൽ അദ്ദേഹം തേടുന്നത്.

Comment by Zach Nedunkanal
ആത്മാവിന്റെ സ്വാതന്ത്ര്യത്തെ എല്ലാത്തരം വിധേയത്വത്തിനും മുകളിൽ ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു കാപ്പനച്ചൻ. ക്രിസ്ത്യാനി ആയിരിക്കുക എന്നാൽ ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ, ആരൊക്കെയോ പടച്ചുവച്ച ധാർമിക ചട്ടങ്ങൾക്കനുസരിച്ച് പെരുമാറുകയല്ല, മറിച്ച് തനതായ വഴിയിലൂടെ തലയുയർത്തി നടക്കുകയാണെന്ന് അദ്ദേഹം സ്വന്തം മാതൃകയിലൂടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അനുകരണത്തിലൂടെ ആര്ക്കും പുഷ്പിക്കാനാവില്ല എന്നതായിരുന്നു അതിന്റെ പിന്നിലെ അദ്ദേഹത്തിൻറെ വിശ്വാസം. അധികാരം അനുകരണത്തെ ആവശ്യപ്പെടുന്നു. അനുകരണം ഒരിക്കലും സ്നേഹത്തെ പരിപോഷിപ്പിക്കില്ല. ഒരു സമൂഹത്തിന്റെ നിലനില്പിനായി പ്രവര്ത്തിക്കുന്ന ഏതൊരു മതനേത്രുത്വവും അധികാരപ്രയോഗം നടത്തും. സ്വതന്ത്ര മനസ്സുകൾ സ്വാഭാവികമായി അതിനു പുറത്തു കടക്കും. അതാണ്‌ കാപ്പനച്ചനും ചെയ്തത്.

മനുഷ്യപുത്രനായ യേശു സൗന്ദര്യാസ്വാദകനായിരുന്നു എന്നത് കാപ്പനച്ചന്റെ സ്വന്തം തിരിച്ചറിവായിരുന്നു. അതുകൊണ്ടായിരിക്കാം 'മാംസം വചനമായിത്തീർന്ന' ആ യേശുവിനെ ഇഷ്ടപ്പെടാൻ കാപ്പനച്ചൻ തുനിഞ്ഞതിനു കാരണം. ഇതിന് സുവിശേഷങ്ങളിൽ വേണ്ടുവോളം തെളിവുകൾ ഉണ്ട്. നീലാകാശവും മാമാലകളിലെ സൂര്യപ്രകാശവും വനാന്തരത്തിലെ ചന്ദ്രകാന്തിയും കടലും കോളും കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മുഖങ്ങളും വെള്ളവും മേഘവും പുല്ലും പാമ്പും പക്ഷികളുമെല്ലാം യേശുവിന്റെ സൗന്ദര്യാസ്വാദനത്തിന് ഉത്തേജകങ്ങളായിരുന്നു. ഇവയെയെല്ലാം അറിഞ്ഞനുഭവിക്കാത്ത ഒരാൾക്ക്‌ പ്രപഞ്ച സത്യത്തിലേയ്ക്കെന്നപോലെ മനുഷ്യസ്നേഹത്തിലേയ്ക്കും ചെന്നെത്താനാവില്ല. പുല്ലും മണ്ണും മരവുമൊക്കെയായി ഒരു ചങ്ങാത്തവുമില്ലാത്ത നമ്മുടെ പുരോഹിതരും മതമേധാവികളും കരുണയെന്തെന്നറിയാത്ത അമാനുഷ വ്യക്തികളായി നമുക്ക് മുമ്പിൽ വന്നുനിന്ന് തുറിച്ചു നോക്കുന്നത് നാം നിത്യവും കാണുന്നു. കാരണം, അസ്തിത്വത്തിന്റെ മാഹാത്ഭുതം എന്തെന്ന് തൊട്ടറിയാത്ത ഇവർ മാനുഷികമായ അനുഭൂതികൾ മനസ്സിലാക്കാനും കഴിവില്ലാത്തവരായി മാറിയിരിക്കും. ഇത്തരക്കാരുടെ ഹൃദയം കാറ്റുപിടിക്കാത്ത കരിങ്കല്ലായി പ്രത്യക്ഷമെടുക്കുന്നത് ചുമ്മാതെയല്ല. കുറേ ബൌദ്ധിക വ്യായാമങ്ങളും വായിച്ചു തള്ളിയ പുസ്തകങ്ങളും എഴുതിത്തീർത്ത പരീക്ഷകളും ഉരുവിട്ടു പഠിച്ച ഉദ്ധരണികളും കൊണ്ട് ഏതാനും വർഷങ്ങൾ പിന്നിട്ടതുകൊണ്ട് മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിൽ നിന്ന് അകലുകയല്ലാതെ അടുക്കാൻ അവർക്ക് സാധിക്കുകയില്ല. അതാണ്‌ നമ്മുടെ ക്ലെർജിക്കു പറ്റുന്നത്. അവരുടെ മനസ്സുകൾ അധികാരത്തിന് അടിമപ്പെടുന്നതിലൂടെ രൂപപ്പെട്ടതാകയാൽ അധികാരത്തിനപ്പുറം കാണാനവർക്ക് കഴിവില്ലാതെ പോകുന്നു. നയിക്കുന്നവന് അധികാരം പ്രയോഗിക്കാതെ വയ്യ. അതുപോലെതന്നെ അനുകരിക്കുന്നവരും അനുസരിക്കുന്നവരും അധികാരത്തെ വിലമതിക്കുന്നു. ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യവും ദഹിക്കാനോ ആസ്വദിക്കാനോ അവരെക്കൊണ്ടാവില്ല. ഇരുകൂട്ടരും കാംക്ഷിക്കുന്നത് തങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയും കേട്ടറിഞ്ഞ ആദർശങ്ങളുടെയും പാരമ്പര്യങ്ങളുടെയുമൊക്കെ സുരക്ഷിതത്ത്വമാണ്. സക്രാരിയിൽ പൂട്ടിയിട്ട ക്രിസ്തുവിനെയാണ് അവർക്കിഷ്ടം. കാരണം, ക്രിസ്തുവും അവിടെ സുരക്ഷിതനാണ് എന്നവർ വ്യാമോഹിക്കുന്നു. സുരക്ഷിതത്വം ആഗ്രഹിക്കുന്നവർ ഒരിക്കലും സ്വാതന്ത്ര്യപ്രേമികൾ ആവില്ല. അക്രൈസ്തവനായ യേശു അത്യുത്തമമായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. സഭയിൽ നിങ്ങൾ കലഹം ഒരു ജീവിതചര്യയാക്കി മാറ്റുക എന്ന് പോപ്‌ ഫ്രാൻസിസ് പറയുമ്പോൾ അദ്ദേഹം വിരൽ ചൂണ്ടുന്നതും കാപ്പനച്ചൻ കണ്ടെടുത്തു സ്നേഹിച്ച അക്രൈസ്തവനായ യേശുവിലേയ്ക്കാണ്.
znperingulam@gmail.com

പുസ്തകനിരൂപണം

പാലായിൽ വിവാഹ ഒരുക്ക ധ്യാനത്തിന് ചെല്ലുന്നവർക്ക് കൊടുക്കുന്ന ഒരു പുസ്തകം കാണാനിടയായി. ദൈവത്തിൻ സ്വപ്നം കുടുംബം എന്നാണ് പേര്. ഇതൊന്ന് വായിച്ചു നോക്കാമോ എന്നൊരു സുഹൃത്ത് കുറേ നാൾ മുമ്പ് ചോദിച്ചിരുന്നു. ഈയിടെയാണ് ഒന്ന് കൈയിൽ കിട്ടിയത്. ഒന്നോടിച്ചു വായിച്ചു. അത്ര വലിയ പോരായ്മകളൊന്നും എടുത്തുപറയാനില്ലെങ്കിലും, ആഴമായ പഠനത്തിന്റെ അഭാവം മൂലം പുരോഹിത കാഴ്ചപ്പാടുകളിൽ വന്നു പിണഞ്ഞിരിക്കുന്ന ചില അപാകതകൾ കണ്ടെത്തുകതന്നെ ചെയ്തു. അവയെ അത്ര ലഘുവായി തള്ളിക്കളയാനാവില്ല താനും.  

 p . 41
"ഗർഭനിരോധനം അതിൽത്തന്നെ ഒരു തിന്മയാണ്. കാരണം, ദാമ്പത്യസ്നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും അത് തടയുന്നു."
ഈ പുസ്തകം ക്രോഡീകരിച്ചത് അച്ചന്മാരായതിനാൽ ദാമ്പത്യസ്നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്നവർ ഉദ്ദേശിക്കുന്നത് ഓരോ ബന്ധപ്പെടലിലും ഒരു കുഞ്ഞ് എന്നായിരിക്കാനാണ് സാദ്ധ്യത. ലൈംഗികതയെ പരസ്പര സ്നേഹത്തിന്റെ പങ്കുവയ്ക്കലിനുള്ള ഒരുപാധികൂടിയായിക്കൂടി കാണാൻ അവർക്കാവില്ലെന്നതാണ് ഇതിലെ പാളിച്ച. വളരെ സങ്കുചിതമായ പഠനത്തിൽ നിന്നുണ്ടാകുന്ന ഒരഭിപ്രായം മാത്രമായി ഇതിനെ വിലയിരുത്തിയാൽ മതി.
p. 67 
ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത് എന്ന കല്പനയെ വിശദീകരിക്കുന്നിടത്ത്  "നേര്ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേർന്ന നേർച്ചകൾ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?" എന്നും 
അക്കൂടെത്തന്നെ "എല്ലാറ്റിനും എപ്പോഴും നേർച്ച നേരുന്ന പ്രകൃതിക്കാരനാണോ? (പ്രഭാ. 18, 22-23; 23, 11-12; പുറ. 35, 21; നിയ. 23, 21-23) എന്നും കാണുന്നു. വിവാഹ ഒരുക്കത്തിനു ചെല്ലുന്ന യുവതീയുവാക്കൾക്ക്  മാനസ്സിക സംഘർഷമുളവാക്കാൻ പോരുന്നത്ര അവ്യക്തത ഇവിടെ കടന്നുകൂടിയിട്ടുണ്ട്. കാര്യസാദ്ധ്യത്തിനായി പുണ്യാളന്മാർക്ക് കോഴ കൊടുക്കുന്നതിനു പറയുന്ന വാക്കാണല്ലോ നേർച്ച.  അത് തെറ്റാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ഗ്രന്ഥകർത്താവിന്റെ മനസ്സാക്ഷി പറയുമ്പോൾ തന്നെ അതിനെ വളച്ചൊടിച്ച്, "നേര്ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേർന്ന നേർച്ചകൾ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?" എന്ന ചോദ്യത്തിലൂടെ പള്ളിക്കും പട്ടക്കാരനും കണക്കില്ലാത്ത വരുമാനം ഉണ്ടാക്കുന്ന ഈ ശീലം (അത് മോശമാണെങ്കിലും) വിശ്വാസികൾ ഉപേക്ഷിക്കരുത് എന്ന കൌശലവും പ്രയോഗിക്കപ്പെടുന്നു. നിഷ്ക്കളങ്കരായ ചെറുപ്പക്കാരിൽ അന്ധവിശ്വാസം കുത്തിനിറക്കുന്ന എര്പ്പാടല്ലേ ഇത്? 
p. 71 
"നന്മ ലഭിക്കാൻ അവകാശമുള്ളവർക്ക് അത് നിഷേധിച്ചിട്ടുണ്ടോ?" മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്പനക്കുള്ള ആത്മശോധനയുടെ ഭാഗമാണീ ചോദ്യം. സാമാന്യ മനസ്സാക്ഷിയുള്ള ഏതു ക്രൈസ്തവനും അവന്റെ ഏതു സഹോദരനും അവനിൽ നിന്ന് നന്മ ലഭിക്കാൻ യോഗ്യതയുള്ളവനാണ്. അപ്പോൾ പിന്നെ അത് മാതാപിതാക്കൾ മാത്രമായി കാണുന്നത് ക്രിസ്തീയ കാഴ്ചപ്പാടല്ല. സ്വന്തക്കാരെന്നും അല്ലാത്തവരെന്നുമുള്ള വേർതിരിവ് തന്നെ യേശു പാടേ നിഷേധിച്ചിട്ടുള്ളതാണ്. അതൊന്നും ഉൾക്കൊള്ളാൻ മാത്രം പക്വത നേടിയിട്ടില്ലാത്ത ആരോ ആണ് ഈ പുസ്തകം എഴുതിയത്.
p. 75 
"മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ചിട്ടുണ്ടോ?" കോഴിയെയും പോത്തിനെയും വെട്ടിയറഞ്ഞു തിന്നുന്നത് മാത്രമല്ല, ചെറുത്തുനില്ക്കാൻ കെല്പില്ലാത്ത കുഞ്ഞാടുകളെ പിരിവുകളുടെ ആധിക്യംകൊണ്ട് പിഴിഞ്ഞു ശ്വാസം മുട്ടിക്കുന്നതും മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കലാണെന്നു മനസ്സിലാക്കുമെങ്കിൽ, വിവാഹാർഥികൾ മാത്രമല്ല വൈദികരും ഉത്തരം പറയേണ്ട ഒരു ചോദ്യമാണിത്. 
p. 84
സ്നേഹവും പ്രേമവും എന്തെന്ന് വിവരിക്കാൻ തുടങ്ങുന്നിടത്ത് - റാഹേലിനുവേണ്ടി 14 വർഷം കഠിനവേല ചെയ്ത യാക്കോബിന്റെ കഥ (ഉല്പത്തി 29, 20) പറഞ്ഞിട്ട്, "അപരനുവേണ്ടി നൊമ്പരപ്പെടാനുള്ള സന്നദ്ധതയാണ് സ്നേഹം" എന്നാണ് കുറിപ്പായി ചേർത്തിരിക്കുന്നത്. അതിമനോഹരമായ ഈ കഥ വായിചിട്ടുള്ളവർക്കറിയാം അതിൽ യാക്കോബ് സ്വന്തം നേട്ടത്തിനായിട്ടാണ് തന്റെ അമ്മാവനു കീഴ്പ്പെട്ട്‌ പണിയെടുത്തതെന്ന്. സ്നേഹത്തെപ്പറ്റിയും പ്രേമത്തെപ്പറ്റിയും ഒരു ചുക്കും അറിയില്ലാത്ത കത്തനാരന്മാർ ഇത്തരം പുസ്തകങ്ങൾ എഴുതാനും ക്ലാസെടുക്കാനും ഇറങ്ങിത്തിരിക്കരുത് എന്ന് മാത്രമേ ഇവിടെ പറയാൻ പറ്റൂ. 
p. 89 
"ബുദ്ധിവൈകല്യം മാനസിക രോഗങ്ങൾ എന്നിവ കല്യാണം കഴിക്കാൻ അയോഗ്യതകളാണ് - അത്തരക്കാർ വികാരിയച്ചന്റെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കണം!" നല്ല കൂത്തായിപ്പോയി! വികാരിയച്ചൻ ഒരു clinical psychologist കൂടിയാണെങ്കിൽ ok. അല്ലെങ്കിൽ സംഭവിക്കുന്നത്‌ എന്തൊക്കെയെന്ന് ആര്ക്കും അനുമാനിക്കാവുന്നതേയുള്ളൂ. സെമിനാരിയിലെ പഠനം കഴിഞ്ഞാൽ മനുഷ്യൻറെ സകലമാന പ്രശ്നങ്ങൾക്കും തങ്ങളുടെ കൈയിൽ ഉത്തരമുണ്ട് എന്ന് വൈദികർ ധരിച്ചു വയ്ക്കുന്നതിന്റെ പോഴത്തം അനുഭവിച്ചു മടുത്ത വിശ്വാസികൾക്ക് കൂടുതലൊന്നും എഴുതാതെ തന്നെ ഇതിലെ വിഡ്ഢിത്തം മനസ്സിലാകും.
p. 90
"പള്ളിയിൽ എല്പ്പിക്കേണ്ട ഫീസുകൾ (പസ്സാരം, വാടക) വിവാഹത്തിനു മുമ്പ് തന്നെ അടയ്ക്കണം." തീർച്ചയായും, അല്ലെങ്കിൽ ഒരു കാര്യവും നടക്കില്ലല്ലോ! എന്തെല്ലാം extras അക്കൂടെ വരുമെന്നുള്ളത്‌ അനുഭവസ്തർക്കേ അറിയൂ. പിന്നെ, ഫീസെന്ന പ്രയോഗം എല്ലാ മലയാളികളുടെയും ഭാഷാവൈകല്യങ്ങളിൽ പെടുന്നു. ഫീ (fee) ആണ് വാക്ക്. പല ഫീ-കൾ സംഗതമാകുന്നിടത്തേ ഫീസ് എന്ന് ഉപയോഗിക്കേണ്ടതുള്ളൂ. ഫീസുകൾ എന്നത് ഭാഷാബോധമില്ലാത്തവന്റെ പ്രയോഗമാണ്. ബട്ടണ്‍, ഫീ എന്നീ ഏകവചന നാമങ്ങൾ ഉണ്ടെന്നത് മലയാളികൾ മറന്നുപോയിരിക്കുന്നു!
p. 93 
"പള്ളിയിലെ തിരുക്കർമങ്ങൽ അവസാനിക്കുമ്പോൾ വധൂവരന്മാർ കാർമികരോടോത്ത് ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സങ്കീർത്തി ഭാഗത്ത് വേഗം എത്തിച്ചേരണം." ഇവിടെ കാർമികർ എന്നുദ്ദേശിക്കുന്നത് സന്നിഹിതരായ വൈദികരെയാണ്. അവരൊന്നും കാർമികരല്ല, വെറും അതിഥികൾ മാത്രമാണെന്നും വധുവും വരനുമാണ് വിവാഹമെന്ന കൂദാശയിലെ കാർമികരെന്നുമുള്ള സാമാന്യജ്ഞാനം പോലും ഈ പുസ്തകം തയ്യാറാക്കിയവർക്കും അതിന് അംഗീകാരവും പ്രശംസയുമെഴുതിയ മെത്രാന്മാർക്കും മേയ്ജറിനും പോലും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല എന്നത് പരിതാപകരമാണ്. ശരിക്കുള്ള വേദപാഠം പോലും അറിയില്ലാത്തവർ ഒരുക്കിവിടുന്ന പാവം കുട്ടികൾ!
 
Tel. 9961544169 / 04822271922

പ്രണയകാലം


പ്രണയകാലം അവിടെ
പതിനെട്ടാം നൂറ്റാണ്ടിലെ ഇറ്റലിയില്‍

ഒരുമിച്ചിരിക്കുമ്പോള്‍ അവന്‍ പറഞ്ഞു   
അനുരഗത്തെ ഭയക്കണം.                                                                                                 ശാഠൃംപിടിച്ചോടിനടക്കുന്ന
വികൃതിക്കുട്ടിയാണവന്‍...
അനുരാഗം അതുമിതുമാണ് 
തന്നിഷ്ടത്തിനു വരികയും
തപ്പിത്തടഞ്ഞുപോകയും ചെയ്യുമത്
അതെന്തെന്നെനിക്കറിയില്ല...

അല്ലേയല്ല, അവള്‍ പറഞ്ഞു
അദ്ഭുതകരമായി വളര്‍ന്നു 
പൂത്തുലഞ്ഞയൊരു മരമാണത്.
അവന്‍റെ കണ്ണുകളില്‍ പ്രകാശ-
പൂരിതമായ ഉദ്ഘോഷം കണ്ട് 
അവളും ആനന്ദതുന്നിലയായി.
അവരുടെ മായികക്കണ്ണുകള്‍
ഒന്നിടഞ്ഞു. അവള്‍ പറഞ്ഞു 
നീ കോപിച്ചാല്‍ ഞാന്‍ മരിക്കും
ഓമനേ, നമുക്കു ജീവിക്കണോ
അതോ മരിക്കണോ? ശുദ്ധ
പ്രണയത്തില്‍ രണ്ടും ഒന്നാണ്.

തര്‍ജ്ജമ: സക്കറിയാസ് നെടുങ്കനാല്‍



പ്രണയകാലം ഇവിടെ
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍

ഞാനവളുടെ കരങ്ങള്‍
മൃദുലമായി സ്പര്‍ശിച്ചു.
എന്റെയാത്മാവിനെ-
യവള്‍ക്കടിമപ്പെടുത്തി…

അണിവിരലാലവളുടെ
ചൊടികളൊന്നമര്‍ത്തി.
ആകെയമര്‍ത്തപ്പെടാനവള്‍
കൊതിച്ചെന്നെ നോക്കി.

ഓരോയിന്ദ്രിയത്തെയും
ആനന്ദം തട്ടികൊണ്ടുപോയി.
പറക്കുകയായിരുന്നു
ഞങ്ങളുടെയാത്മാക്കള്‍…

കിഴക്ക് വാഗമണ്‍കുന്നുകളില്‍
അതിശക്തമായി കാറ്റുവീശി.
വടക്ക് മലമേല്‍ നിന്ന്
തുലാവര്‍ഷം വീണു.

എന്റെ സ്നേഹമെന്റെ
കൈകളിലമരുമ്പോള്‍, ഇശോ,
ഇവിടെല്ലാം ഇരുട്ടാകണേ!

സക്കറിയാസ് നെടുങ്കനാല്‍ 10.10.210







ഇറാക്കിലെ രക്തസാക്ഷികൾ

ഇറാക്കിൽ മരിച്ചുവീണ ലക്ഷക്കണക്കിന്‌ ക്രിസ്ത്യാനികളെ കുറിച്ച് Mr വിൻസ് മാത്യു എഴുതിയ മൂന്നു ഭാഗങ്ങളുള്ള ലേഖനം വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക 

ഈയവസരത്തിൽ എന്തെഴുതിയാലും അസ്ഥാനത്താണ്. ഇവിടെ ഇടതും വലതും ഒന്നുമല്ല പ്രശ്നം. സങ്കുചിതത്വവും താൻപോരിമയുമാണ്. മതത്തിന്റെ പേരിൽ ആര് ആരെ ഉപദ്രവിച്ചാലും അത് മതത്തിനെതിരാണ് എന്നറിയാനുള്ള വിവേകം ഓരോ മതവും പഠിപ്പിക്കാത്തതാണ് കാരണം. അതുപോലെ തന്നെ സ്നേഹവും സഹായവുമെല്ലാം സ്വന്തം സമുദായത്തിലേയ്ക്ക് ചുരുങ്ങുമ്പോൾ അത് സ്നേഹമാല്ലാതാകുന്നു എന്ന സത്യവും ഇന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല. 

രക്തസാക്ഷികളെപ്പറ്റി പറഞ്ഞാൽ, അവരുണ്ടാകുന്നത് തന്നെ മതം ജീർണിക്കുമ്പോഴാണ്. അന്യമതസ്ഥരെ കൊല്ലാൻ മാത്രം അജ്ഞത ഏതെങ്കിലും മതത്തിലെ അന്ധവിശ്വാസികൾക്ക് ഉണ്ടായാൽ ഉപദ്രവിക്കപ്പെടുന്നവർ അതനുസരിച്ച് കൂടുതൽ വിവേകമതികളായിത്തീരണം. അതായത്, ജീവരക്ഷക്കായി കയ്യൂക്കുള്ള മതത്തിലേയ്ക്ക് അങ്ങ് ചേർന്നേക്കണം. കാരണം ലളിതമാണ്. ഏതു മതവും ദൈവത്തിലെയ്ക്ക് നയിക്കുന്ന ഒരു വഴി മാത്രമാണ്. ജീവിചിരിക്കുപോഴാണ് അതിന്റെയാവശ്യം മരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും അതിനു വിലയില്ല. അപ്പോൾ ഒരു മതത്തിന്റെ പേരിൽ  മരിക്കുക എന്നത് അർഥശൂന്യമാണ്. ജീവിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ആദ്യത്തെ ആവശ്യം. ദൈവം ആവശ്യപ്പെടുന്നതും അതുതന്നെ. ഒരു നേതാവിന്റെയോ ഒരു തരം മതചിന്തയുടെയോ പേരിൽ ജീവൻ ഹോമിക്കുന്നതിൽ എന്താണർഥമുള്ളത്? തന്റെ മതത്തിന്റെ സ്ഥാപകൻ ദൈവമാണെന്ന തെറ്റായ വിചാരമാണ് അദ്ദേഹത്തിനായി ജീവൻ ഹോമിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നത്. ഒരു ദൈവവും അത് ആഗ്രഹിക്കുകയില്ല. അപ്പോൾ അങ്ങനെയൊരു ചിന്ത ജനത്തിനുണ്ടാക്കുന്നത്‌ താത്ക്കാലിക നേട്ടങ്ങൾക്കായി അവരെ ഉപയോഗിക്കുന്ന നേതാക്കളാണ്. അത്തരം നേതാക്കൾക്കായി മരിച്ചുവീഴുന്നതിലും എത്രയോ അഭികാമ്യമാണ് മറ്റൊരു മതത്തിലേയ്ക്ക് കാലുമാറുന്നത്. കാരണം, ദൈവമാണ്, ഏതെങ്കിലും നേതാവല്ല, മതത്തിന്റെ പിന്നിലുണ്ടാകേണ്ട കരുത്ത്. അങ്ങനെ വരുമ്പോൾ, ഈ പീഡനങ്ങളും മരണങ്ങളുമെല്ലാം അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ മാത്രമാണ്. 

നമ്മുടെ പോപ്പിന് വേണ്ടത്ര വിവരമുണ്ടായിരുന്നെങ്കിൽ ഞെരുക്കം തുടങ്ങിയപ്പോഴേ ഇറാക്കിലെ കത്തോലിക്കരോട് പറയാമായിരുന്നു നിങ്ങൾ മുസ്ലിങ്ങൾ ആയിക്കൊള്ളുക. അവരുടെ ദൈവം തന്നെയാണ് നമ്മുടെ ദൈവവും. എന്നാൽ അദ്ദേഹമത് പറഞ്ഞാലും അതിനപ്പുറം പിടിവാശിയുള്ള സമാന്തര പോപ്പുമാരാണല്ലോ ഓരോ സ്ഥലത്തും വിശ്വാസികളെ അടിമത്തത്തിൽ വയ്ക്കുന്നതും നയിക്കുന്നതും അവരെക്കൊണ്ടു ഓരോന്ന് ചെയ്യിക്കുന്നതും. ഇന്ന് ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ ഒരു മതമർദനമുണ്ടായാൽ, ഒന്നും നോക്കേണ്ട, നിങ്ങൾ നിങ്ങളുടെ മർദകരുടെ മതം സ്വീകരിച്ചോളൂ എന്ന് പറഞ്ഞു മനുഷ്യരെ രക്ഷിക്കാൻ ധൈര്യമുള്ള എത്ര മെത്രാന്മാർ കാണും? ഒരാളും കാണില്ല, എന്തെന്നാൽ അവരെല്ലാം തീവ്രവാദികളാണ്. അവർക്കുവേണ്ടി മരിക്കുന്ന അനുയായികളെയാണ് അവർ വളർത്തിക്കൊണ്ടിരിക്കുന്നത്. ദൈവമല്ല, അവരുടെ സ്വന്തം വയറും പെരുമയും അവരോടൊത്തു നില്ക്കുന്ന ജനക്കൂട്ടത്തിന്റെ അട്ടഹാസങ്ങളുമാണ് അവരുടെ ഉത്തേജനം, അവരുടെ മതത്തിന്റെ മർമം. അവയ്ക്കുവേണ്ടി മരിക്കാനാണ് വിശ്വാസികൾ തയ്യാറായി നില്ക്കേണ്ടത്. അപ്പോൾ ഇവിടെയും "തങ്ങളുടെ പരിശുദ്ധമായ വിശ്വാസത്തിനും തങ്ങളുടെ ദൈവത്തിന്റെ പ്രീതിക്കുമായി" ലക്ഷങ്ങൾ മരിച്ചുവീഴും. 'മതത്തിനുവേണ്ടി ലക്ഷക്കണക്കിന്‌ രക്തസാക്ഷികൾ' എന്ന് കത്തോലിക്കാമതം ചരിത്രമെഴുതും. എന്നാൽ ഇത്രയേറെ വിഡ്ഢികൾ ചത്തത് ഏതാനും ചില വിഡ്ഢികൾക്കു വേണ്ടി മാത്രമായിരിക്കും എന്നത് ആരും പറയില്ല. പാഴായിപ്പോകുന്ന മരണത്തിനു മുമ്പിൽ ഒരു മതത്തിനും പ്രസതിയില്ല എന്നത് ആരും അംഗീകരിക്കുകയില്ല. ദൈവമഹത്വം എന്ന ഒരു പാഴ് വാക്കിൽ എല്ലാം ഒതുക്കും.

ഇറാക്കിൽ സംഘട്ടനം ഉണ്ടായപ്പോഴേ മർദ്ദിക്കുന്നവരോടും മർദ്ദിതരോടും ഒരുപോലെ സഹാനുഭൂതി കാണിക്കുക എന്നതായിരുന്നു എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളും അവരുടെ നേതാക്കളും ചെയ്യേണ്ടിയിരുന്നത്. എവിടെയും എപ്പോഴും അതാണ്‌ ചെയ്യേണ്ടത്. മനുഷ്യർ ഇതു ഗ്രൂപപ്പിൽ പെടുന്നവരായാലും, സ്നേഹത്തിന്റെയും പരിഗണനയുടെയും പരിധിയിൽ വരണം. വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ജയിക്കാൻ ഒരു നാളും സാദ്ധ്യമല്ല എന്ന യേശുവചനം മനസ്സിലാക്കാത്ത ക്രിസ്ത്യാനികൾ ആണ് ഭൂരിപക്ഷം എന്നതുകൊണ്ടാണ് ഇത്രയും ക്രൂരത ലോകത്ത് ഇന്നും നടമാടുന്നത്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമൊന്നും ഇതിനൊരു മാറ്റം ഉണ്ടാകുന്നില്ല. എല്ലാ ക്രൂരമരണങ്ങൾക്കും പിന്നിൽ ഉള്ള ഒരേയൊരു കാരണം ഇതാണ്. ഒരു മതത്തിന്റെ അന്ധമായ തീവ്രത മറ്റു മതങ്ങളിൽ കൂടുതൽ തീവ്രവാദികളെ ജനിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതുതന്നെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതിന് തെളിവാണ്.

മതങ്ങളിലെല്ലാം ഉള്പ്പെടുന്നത് മയക്കത്തിൽ ജീവിക്കുന്നവരാണ്. ഉണർന്നിരിക്കുന്നവർ അധികം പേർ ഉണ്ടായിരുന്നെങ്കിൽ ഇത്രയധികം ദുർമരണങ്ങൾ സംഭവിക്കില്ലായിരുന്നു. കാരണം, അവരുടെ പ്രതിരോധം പ്രവർത്തിക്കുന്നത് സ്വന്തം സഹോദരവിശ്വാസികൾ ക്രൂശിക്കപ്പെടുമ്പോൾ മാത്രമായിരിക്കില്ല, മറിച്ച്, എവിടെ നിരാശ്രയർ പീഡിപ്പിക്കപ്പെടുമ്പോഴും അവർ തങ്ങളുടെ സഹായഹസ്തം നീട്ടികൊണ്ടിരിക്കും. അങ്ങനെ മാത്രമേ തീവ്രവാദം തോല്പ്പിക്കപ്പെടുകയുള്ളൂ. അങ്ങനെ ഉണർന്നി രിക്കുന്നവർ ക്രിസ്തുമാതങ്ങളിൽ പോലും എത്ര വിരളമാണ് എന്നത് ദയനീയമാണ്.

നമ്മുടെ മതനേതാക്കൾ ഒന്നാന്തരം മയക്കത്തിലാണ്. അവർ ഉണരുന്നത് പണക്കിഴി കിലുക്കുമ്പോൾ ഉണ്ടാകുന്ന കിണികിണി സ്വരം കേൾക്കുമ്പോൾ മാത്രമാണ്.  

Tel. 9961544169 / 04822271922 / 0041622165912 

സൗഗന്ധികം

മുറ്റത്തും കാട്ടിലും മുറ്റിത്തഴച്ചുനി-
ന്നറ്റം വരെ പൂത്ത കുറ്റിച്ചെടികളും 
മോടിയായ് പച്ചപ്പിൽ മൂടിയ കായ്കളെ 
ചൂടിൽ പഴുപ്പിച്ച വൃക്ഷങ്ങളും
ചാഞ്ഞു പതിക്കുന്ന സൂര്യകടാക്ഷത്തിൻ 
മാഞ്ഞുപോകും വേനൽ കണ്ടു ഞെട്ടി
ശരത്ക്കാല മാരുതൻ വാതുക്കൽ വന്നെത്തി 
പരതി നടന്നെന്തോ ചൊല്ലിയോടാൻ 
ഇനിയേതു നേരത്തുമെത്തീടും ശീതത്തെ 
മുനിവരനെപ്പോലെയെതിരേല്ക്കുവാൻ
പ്രകൃതിയൊരുങ്ങുന്നു, ബഹളമൊതുക്കുന്നു 
വികൃതിപ്പറവകൾ ശാന്തരായി
ദൃശ്യങ്ങളിങ്ങനെയോരോന്നായ് മാറവേ 
കൃശാംഗിയവളതാ നിസ്സംഗയായ് 
തൊട്ടടുത്തെന്നുടെ ഭൂമുഖവാതുക്ക-
ലഷ്ടശിഖരിയാം സൗഗന്ധികം
ചിട്ടയോടെ തന്റെയോമലാംഗങ്ങളെ-
യൊട്ടു വിതറി, - തേ പുഷ്പാഗമം! *
രണ്ടുവരിയിലായ്ട്ടെട്ടെട്ടു പത്രങ്ങൾ 
തണ്ടിലോരോന്നിലും ഭംഗിയോടെ 
അറ്റത്തു സുശിഖപോലോരോ മൊട്ടുമായ്‌ 
സെപ്തംബറൊട്ടങ്ങു തീരും മുമ്പേ 
മാത്രമോ മണ്ണിനെ വെട്ടിത്തുറന്നിടാൻ
തത്രപ്പെടും മൂന്നു മുകുളങ്ങളും
എത്ര രമണീയമെത്രയാഹ്ളാദമീ 
ചിത്ര യൌവനത്തിന്നാരബ്ധങ്ങൾ!

* നാട്ടിൽനിന്നു കൊണ്ടുവന്നു നട്ട കല്യാണസൗഗന്ധികം ഇവിടെ സ്വിറ്റ്സർന്റിൽ, മുറിക്കുള്ളിലെ ചൂടേറ്റ് തഴച്ചുവളർന്ന്, ഇതാ പുഷ്പിണിയായി നില്ക്കുന്നു. നാട്ടിലും ഈ സമയത്തുതന്നെയാണ് ഈ ചെടി പൂക്കുന്നത്.  
Tel. 9961544169 / 04822271922

ആയിരിക്കുക എന്നത് പരിപൂർണമാണ്

ഡയറി എഴുതുക എന്നത് വളരെക്കാലം മുമ്പുതൊട്ടുള്ള എന്റെ ശീലമാണ്. എഴുതണമെന്ന് ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലെങ്കിലും, എന്റെ അഛൻ ഒരു ഡയറി സൂക്ഷിക്കാറുണ്ടായിരുന്നു. അതറിഞ്ഞുകഴിഞ്ഞും സമയമെടുത്തു, എനിക്ക് സ്വയം അങ്ങനെ തോന്നാൻ. പിന്നെപ്പിന്നെ ദിവസവും ഓരോതരം കൈപ്പടയിൽ എഴുതുക എനിക്ക് രസകരമായി തോന്നി. അങ്ങനെ ഒരു പത്തുതരത്തിലുള്ള കൈയക്ഷരം എനിക്കനായാസമായിത്തീർന്നു. വെറുതേ കിടക്കുമ്പോൾ ഇപ്പോഴും എന്റെ കൈവിരലുകൾ വായുവിൽ എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. മറ്റു ഭാഷകളെയപേക്ഷിച്ച് മുന്നാക്കത്തിൽ തന്നെ വളഞ്ഞുപുളഞ്ഞുള്ള മലയാളത്തിന്റെ പോക്ക് എന്നെ ആസ്വദിപ്പിക്കുന്നു. ഉദാ. ഇംഗ്ളീഷിലും ഹിന്ദിയിലും ഉള്ളതുപോലെ കൈയുടെ ചലനം പിന്നോട്ട് പോകേണ്ട അക്ഷരങ്ങൾ ഭാഷയിൽ ഒന്നുരണ്ടെയുള്ളൂ.

എല്ലാ സ്കൂളുകളിലും കയറിയിറങ്ങി, ഡയറിയെഴുതുന്നതിന്റെ നല്ല ഗുണങ്ങൾ പറഞ്ഞുകൊടുക്കണമെന്ന്  ആഗ്രഹിക്കാറുണ്ട്. ഞാൻ എനിക്കുവേണ്ടിത്തന്നെ കുറിച്ചിട്ടിരുന്നവയിൽ ചിലത് വായിക്കാനിടയായപ്പോൾ അതാസ്വദിക്കുന്നവർ ഉണ്ടെന്നറിയുന്നത്‌ സന്തോഷകരമാണ്. ആരും കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഇടയ്ക്കു പഴയ കുറിപ്പുകൾ ഒന്നുകൂടെ നോക്കുമ്പോൾ ഒരു സുഖമുണ്ട്. എന്നാൽ  അതിലെന്തിരിക്കുന്നു? വാക്ക് നേരെയായാൽ പോക്ക് നേരെയാകും; പോക്ക് നേരെയായാൽ വാക്കും നേരെയാകും എന്നതിരിക്കുന്നു.
വന്ദനം സൃഷ്ടി സ്ഥിതിലയ ഭാവികേ
വന്ദനം സർവ പുരുഷാർഥസാധികേ
വന്ദനം ലോക ശുഭസുഖദായികേ
വന്ദനം വാക്കിന്നനശ്വരനായികേ.

12. 10. 2007
Cosmic Coincidences (Gribbin and Grees) കാണാനിടയാക്കിയത് എന്റെ മകനാണ്. ബഹിരാകാശസംഭവങ്ങളിൽ താത്പര്യം കണ്ടെത്തിയ അവൻ എങ്ങനെയോ അതെനിക്കും പകർന്നുതന്നു. ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഭൗതികശാസ്ത്രത്തിൽ അതിപ്രധാനമാണ്. ("All states of motion must be equal in the eyes of physical law. All uniform motion is relative.") അതനുസരിച്ച്, നമ്മൾ എങ്ങനെ ചരിച്ചുകൊണ്ടിരുന്നാലും, എന്തെല്ലാം മാറ്റങ്ങള്ക്ക് നമ്മൾ വിധേയരായാലും, പ്രകൃതിനിയമങ്ങൾ എല്ലാവര്ക്കും ഒരുപോലെയാണ്. സൗന്ദര്യത്തിന്റെ ഏകത്വത്തെ, അല്ലെങ്കിൽ ഏകത്വത്തിന്റെ സൗന്ദര്യത്തെ അന്വേഷിച്ചുപോയിയാണ് ഐൻസ്റ്റൈൻ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.

അതേപ്പറ്റി മനനം ചെയ്ത്, ഞാനെന്ന പരമാണു ചോദിക്കുന്നു, എന്തുകൊണ്ട് ഞാനിവിടെ, വേറൊരിടത്തല്ല? എന്തുകൊണ്ട് ഞാനിപ്പോൾ, മറ്റൊരു സമയത്തല്ല? എന്തുകൊണ്ട് ഈ ചോദ്യംതന്നെ ഇപ്പോൾ, നേരത്തെ അല്ലെങ്കിൽ പിന്നീടായില്ല? എന്നെ ചുറ്റിപ്പറ്റിയുള്ളതെല്ലാം യാദൃശ്ചികതയാണ്. ഒന്നും ഞാനറിഞ്ഞു സംഭവിക്കുന്നതല്ല. എനിക്കായിരിക്കാവുന്നയിടത്തിനും സമയത്തിനും എവിടെയാണ് പരിധി? അതിനർഥം, ഞാൻ വന്നുപെട്ടിരിക്കുന്നത് അനന്തതയിലേയ്ക്കാണ്  എന്നല്ലേ? അതെന്നെ ആഹ്ളാദിപ്പിക്കുന്നു, എനിക്ക് ഭയമില്ല. അനന്തതയിൽ ഭയത്തിന് കാരണമില്ല. ഞാൻ എന്ന് പറയാതെ ഞാൻ എന്നുമുണ്ടായിരുന്നെങ്കിൽ ഈ വിഹായസിൽ എനിക്കെങ്ങനെ, എന്തിനെ ഭയപ്പെടാനാകും? അതായത്, തനിയെ ആയിരിക്കുന്നതും അല്ലാത്തതും തമ്മിൽ എന്തു വ്യത്യാസം? ഞാനറിയുകപോലും ചെയ്യാതെ, എല്ലാമാകാൻ പോന്നൊരു പരമാണുവാണു ഞാൻ.  ആരുമായിരിക്കാമെങ്കിൽ, ഓരോന്നും ഞാൻ തന്നെയാണ്; ഞാനെല്ലാമാണ് - അതിനുള്ള സാദ്ധ്യതയാണ് ഞാൻ. അനന്തതയിൽ, സാദ്ധ്യത എന്നത് ആയിരിക്കുന്നതിനു തുല്യമാണ്. അതുപോലെ, എല്ലാമറിയുന്നതും ഒന്നുമറിയാത്തതും സമം. എനിക്കപുറത്തേയ്ക്ക് പ്രതിഫലിക്കുന്ന ഒരു പ്രതിച്ഛായക്ക് ഒരർഥവുമില്ല. ആയിരിക്കുക എന്നത് പരിപൂർണമാണ്.

Tel. 9961544169 / 04822271922

'മ'

26. 11. 2007

നാഴികമണിയുടെ സൂചികളെ ദിവസത്തിന്റെ കാലുകളായി സങ്കല്പിച്ചാൽ, ഇന്നിൽനിന്ന് നാളെയിലേയ്ക്കുള്ള എടുത്തുചാട്ടത്തിന് ഒരുങ്ങുകയാണവ എന്ന് പറയാം. വൈകീട്ട് എഴരമണിക്ക് ആല്ലെർഹൈലിഗെൻബെർഗ് (Allerheiligenberg) എന്ന മലമ്പ്രദേശത്തുകൂടെ നടക്കാനിറങ്ങിയപ്പോൾ (900 മീറ്റർ ഉയരമുള്ള ഈ സ്വിസ് മൌണ്ടനിലാണ് 1981 മുതൽ 19 വർഷം ഞാനും കുടുംബവും താമസിച്ചിരുന്നത്.) പൂർണചന്ദ്രൻ കിഴക്കുനിന്ന് ഒളിഞ്ഞുനോക്കുകയായിരുന്നു. ഇപ്പോഴത്‌ 500 മീറ്റർ താഴെയുള്ള ഞങ്ങളുടെ വീടിന്റെ നേർമുകളിൽ എത്തിയിട്ടുണ്ട്. തെളിഞ്ഞു ശുദ്ധമായ നീലാകാശമാണിന്ന്. ഒരു A4 താളിന്റെ ഒരരികിൽ ഒരു കലാകാരൻ വരച്ചുവച്ച 'മ' പോലെ മിക്കവാറും ഒഴിഞ്ഞ മുറിയുടെ ഒരു ഭിത്തിയിൽ ചാരി ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്നറിയില്ല. A4 താളിന്റെ ഉപമ പറയാൻ കാരണം എന്റെ മുറിയിൽ കട്ടിലോ മേശയോ കസേരയോ ഇല്ലെന്നതാണ്. ആറുവർഷമായി അങ്ങനെയാണ്. എനിക്ക് വായിക്കാനുള്ളവ തറയിൽ വിരിച്ചുകിടക്കുന്ന പുതപ്പിൽ കാണും. എഴുതാൻ വേണ്ടവയും ഒരോടക്കുഴലും. ഭിത്തികൾ നഗ്നം. ജോലി കഴിഞ്ഞെത്തിയാൽ കുറേ ഏറെനേരം നടന്നിട്ടുവന്ന് അത്യാവശ്യ സന്ധ്യാനിഷ്ഠകളെല്ലാം ഒതുക്കിയാൽ, എകാകിതയുടെ ഈ സ്വർഗത്തിലേയ്ക്ക് ഞാൻ കയറുകയായി. അവിടെയാണ് എന്റെ ദിനസരിക്കുറിപ്പുകൾ രൂപമെടുക്കുക. ഉറക്കം വരുമ്പോൾ, തറയ്ക്ക്‌ ചൂടുള്ളതിനാൽ, അതിൽ കൈകാലുകൾ വിരിച്ച്, ശവാനഭാവത്തിൽ കിടക്കാം, നിദ്രയിലാഴാം.

മനസ്സിൽ രൂപംകൊള്ളുന്നതെല്ലാം കഴിവതും വ്യക്തമായി പകര്ത്താൻ ഞാൻ ശ്രമിക്കുന്നു. അല്പം വായിച്ചും ഈ കടലാസിൽ ഞാനെഴുതുന്ന അക്ഷരങ്ങൾവഴി എന്റെതന്നെ ഛായ വരച്ചും മറ്റൊരാളുമായി സംവദിക്കാനാകുമെങ്കിൽ എന്നാശിച്ചും ആണ് ഈ കുത്തിയിരുപ്പും ഉറക്കമിളപ്പുമൊക്കെ. സ്വയമറിയാത്ത ഞാൻ മറ്റൊരാളെ എന്റെ മനസ്സറിയിക്കാനുള്ള ശ്രമം നടത്തുന്നു എന്നത് എത്ര കഷ്ടമാണ്! 

എന്റെ മൗനങ്ങളെയും സങ്കോചപൂർവം പുറത്തുവിടുന്ന ശബ്ദങ്ങളെയും സന്ദേഹപൂർവമുള്ള കുത്തിക്കുറിക്കലുകളെയും കൌതുകത്തോടെ ഏറ്റുവാങ്ങിയ ഒരാളെങ്കിലും ഈ അക്ഷരങ്ങളിലൂടെ പലതും ഓർത്തെടുക്കും എന്നെനിക്കറിയാം. ഒരിക്കലവൾ താത്പര്യപ്രണയത്തിൽ വായിചെടുത്തവ തരിപോലും വ്യതിയാനമില്ലാതെ ഇപ്പോഴും നിലനില്ക്കുന്നുവെന്ന ബോദ്ധ്യംവരുമ്പോൾ സംഭവിക്കുന്നതെന്താവുമോ? ഒരുക്കലും നശിപ്പിക്കാതെ, കളങ്കപ്പെടുത്താതെ, ഒരാളുടെ ആന്തരികസത്തയെ മറ്റൊരാളുടെ ബോധഫലകത്തിൽ പ്രതിഫലിപ്പിക്കാൻ തൂലികയിലൂടെ ഒഴുകുന്ന മഷി വളഞ്ഞുപുളഞ്ഞ നീർച്ചാലുകളാകുമ്പോൾ ക്ഷരമായവയിൽനിന്നും അക്ഷരമായത് സംഭവിക്കുന്നു. കൈവിരലുകളിലൂടെ ആത്മാവിന്റെ സുതാര്യതയുടെ ഒരു രഹസ്യഗ്രന്ഥമുണ്ടാകുന്നു. ആ ഗ്രന്ഥം ആരുമേ കണ്ടെന്നു വരില്ല. എന്നാൽ അതുൾക്കൊള്ളുന്ന കുഞ്ഞുരഹസ്യങ്ങളി ലൊന്നെങ്കിലും ഏറ്റുവാങ്ങാനൊരാളുണ്ടാകുമെന്നത് മാത്രമാണ് ഈ കൃത്യം തുടരാൻ എനിക്ക് പ്രേരണയാകുന്നത്.

ഒരു 'മ'പോലെ, കാലുകള പുറകോട്ടു മടക്കി ഭിത്തിയിൽ ചാരിയിരിക്കുകയാൽ, ഇതുവരെ ലംബമായി നിലകൊണ്ട എന്റെ അവയവഭാഗങ്ങളെ, 90 ഡിഗ്രി ചരിച്ചുവച്ചാലെന്നപോലെ, തിരശ്ചീനമായി നീട്ടിവച്ച്, ഞാനിനി വിശ്രമിക്കട്ടെ.

http://seekersforum.blogspot.in/2014/08/blog-post_11.html

കണ്ണിന് ഇമകൾ പോലെ

04. 08. 2007
കണ്ണിന് ഇമകൾ പോലെ

ഇമകൾ കണ്ണിന്റെ പരിരക്ഷക്കായി മാത്രമുള്ളതല്ല. പ്രകൃതിയിലെ മറ്റെല്ലാറ്റിലുമെന്നപൊലെ ഇവിടെയും അനന്യമായ ചാതുരിയും സവിശേഷമായ ചേർച്ചയും നിറച്ചിരിക്കുന്നു, പ്രപഞ്ചകലാകാരൻ. പതിയെപ്പതിയെ അനങ്ങുന്ന ഇടതൂർന്ന നീണ്ടയിമകൾ കണ്ണുകളെ വശ്യമാക്കുന്നു, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കണ്ണുകളെ. അക്ഷികൾക്ക് നീളം കൂട്ടാൻ മാത്രമായിട്ടല്ല, നീണ്ട ഇമകളുണ്ടെന്നു തോന്നിക്കാൻ കൂടിയാണ് ഇന്ത്യൻ പെണ്ണുങ്ങൾ വാലിട്ട് കണ്ണെഴുതുന്നത്. കണ്ണിമകൾ ഒരു പ്രതീകമാണ്. എന്തിന്റെ? ഉള്ളിലെ ഇഷ്ടത്തിന്റെ. ഇമകളെപ്പോലെയതും അയത്നം താഴുകയും ഉയരുകയും (വന്നും പോയും) ചെയ്തുകൊണ്ടിരിക്കുന്നു. അർദ്ധബോധാവസ്ഥയിൽ പോലും. പ്രണയശൃംഗാരങ്ങളിൽ കണ്ണിമകൾ എന്തെല്ലാം സംവാദനം ചെയ്യുന്നുണ്ട്!

സ്വപ്നങ്ങൾ ഹൃദയത്തെ സജീവമാക്കുന്നതുപോലെ, കാല്പനികമായതിനും ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്കുണ്ട്. ബുദ്ധിക്കു നിരക്കാത്ത പലതും ഹൃദയത്തിന് വെളിപ്പെട്ടുകിട്ടുന്നു. ഉദാ. ഒരു പൈതലിന്റെ മധുരപ്പുലമ്പലുകൾ മറ്റു ശ്രോതാക്കൾക്ക് അർഥദ്യോതകമാവില്ല. എന്നാൽ അതിന്റെ അമ്മക്ക് അത് മധുരതരവും ജീവദായകവുമാണ്. അതുപോലെയാണ്, നമ്മുടെ ഓർമയിൽ മായാതെ കിടക്കുന്ന ചില പിൻവിളികളും കിണുങ്ങലുകളും മുഖമുദ്രകളും.    

ശാന്തം, സ്വസ്ഥം

5. 8. 2007 
ശാന്തം, സ്വസ്ഥം 
സുര മന്ദിര തരു മൂല നിവാസ:
ശയ്യാ ഭൂതല മജിനം വാസ:
സർവ പരിഗ്രഹ ഭോഗത്യാഗ:
കസ്യ സുഖം ന കരോതി വിരാഗ:   (ശ്രീശങ്കർ)
ദേവാലയ(മായ ഈ പ്രപഞ്ച)ത്തിന്റെ മുറ്റത്ത് മരച്ചുവട്ടിൽ താമസം; മണ്ണിൽ കിടപ്പ്; മരത്തോലുടുപ്പ്; ഒന്നുമെടുക്കുകയും സ്വന്തമാക്കുകയും വേണ്ടെന്ന മനോനില. ഈ വക വിരാഗം (വൈരാഗിയുടെയവസ്ഥ) ആർക്കാണ് സുഖം നൽകാത്തത്?
അക്ഷരാർത്ഥമത്രയേ ഉള്ളൂവെങ്കിലും, ഈ ചായ്‌വ് ആത്മശീലമായാൽ അതെല്ലാറ്റിലും പ്രത്യക്ഷമാകും. ജീവിതസ്വസ്ഥതയിലേയ്ക്ക് ഇതിലും പിഴക്കാത്ത പാതയില്ല.
അല്പം വല്ലതും വായിച്ചിട്ടുറങ്ങാമെന്നു വിചാരിച്ചെങ്കിലും ലൈറ്റണച്ച് നിലത്തുവിരിച്ച തുണിയിൽ വെറുതേ കിടന്നതേയുള്ളൂ. സർവതും ശരീരത്തിനാവശ്യമുള്ളത്ര മാത്രം പ്രതലത്തിൽ ചുരുക്കി, നിർവികാരനായി, സംതൃപ്തനായി, കിടന്നത് എത്രനേരമെന്ന് അറിഞ്ഞില്ല.

ഭൂമിയുടെ വാത്സല്യസംരക്ഷണവും വിഹായസിന്റെ നാനാദിക്കുകളിൽ നിന്നെത്തുന്ന ഊര്ജ്ജപ്രസരങ്ങളാൽ വിലയം  ചെയ്യപ്പെട്ടും അങ്ങനെ കഴിയുക മനസ്സിന്റെ കെട്ടഴിക്കും. ആരോടുമൊന്നിനോടുമെതിർപ്പോ, പകയോ, കടപ്പാടോ തോന്നില്ല. വെറും അഞ്ചരയടിയോളം മണ്ണിലൊതുങ്ങുന്ന ഏതോ കല്പിത സംതൃപ്തിയല്ലത്. എഴുന്നേറ്റിരുന്ന് അത് കുറിച്ചിടണമെന്നു തോന്നി.
ആയുർവേദത്തിൽ രണ്ടു സമീപനങ്ങളുള്ളതിൽ ആദ്യത്തേത് സ്വസ്ഥവൃത്തമാണെന്ന് വായിച്ചിട്ടുണ്ട്. ചിത്സയല്ലത്. മറിച്ച്, ഒരു ജീവിതചര്യയുടെ പരിശീലനമാണ്. ആത്മശരീരങ്ങളെയും മനസ്സിനെയും പ്രസന്നഭാവത്തിലെത്തിക്കുന്ന ഒരു രീതി. അത് കൊണ്ടെത്തിക്കുന്ന അവസ്ഥ പ്രകൃത്യാതന്നെ എനിക്കുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇവിടെ അഹംഭാവത്തിനിടം വേണ്ടാ. കാരണം, അളക്കാനാവാത്തതിന്റെയും ഉത്തരമില്ലാത്തതിന്റെയും നടുവിലേയ്ക്കാണ് നമ്മെ എറിഞ്ഞിരിക്കുന്നത് എന്ന തോന്നലാണത്. ആ തോന്നൽ നിസ്സഹായതയുടേതല്ല,മറിച്ച്, സുരക്ഷിതത്വത്തിന്റേതാണ്. പ്രപഞ്ചവിസ്തൃതി, ജീവവൈവിദ്ധ്യങ്ങളുടെ ഉത്ഭവം, എന്റെ ബോധം, അപ്രതിഹതമായ സ്നേഹത്തിന്റെ ഉറവപൊട്ടൽ, ഏറ്റവും സുന്ദരമെന്നു കരുതിയിരിക്കുന്നതിനേയും നശിപ്പിക്കുന്ന വിധിയുടെ ലീലാവിലാസം തുടങ്ങി ഒരിക്കലുമറിയാനോ അളക്കാനോ ആവില്ലാത്ത നിഗൂഢതകളുടെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള ആ ബോധമാണ് നമ്മെ മനുഷ്യരാക്കുന്നത്. അത് സുന്ദരമാണെന്നു തോന്നിത്തുടങ്ങിയാൽ എന്തെന്നില്ലാത്ത ഒരു ശാന്തതയും സ്വസ്ഥതയും കൈവരുകയായി. 

ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങാൻ



05. 07. 2007
അമ്മയാം ഭൂമി 
ഭൂമി സർവ്വ ചരാചരങ്ങളുടെയും അമ്മയാണെന്ന സാമാന്യബോധം ഉത്തമമാണ്. ആ അറിവ് അനുദിനജീവിതത്തിൽ നമുക്ക് മാർഗദർശിയായിത്തീരണം. അതിന്റെ പരിണതിയിൽ, അമ്മയായിത്തന്നെ ഭൂമിയെ ഓമനിക്കുന്ന ശീലം വളർത്തിയെടുക്കണം. എങ്ങനെ? ഭൂമിയുമായി കഴിയുന്നത്ര ശാരീരിക ബന്ധം വളർത്താൻ അവസരം കണ്ടെത്തുകയാണ് പോംവഴി. ഇത് ആത്മശരീരങ്ങൾക്ക് ആരോഗ്യദായകമാണെന്ന് ശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്.

നിലത്തു പായ വിരിച്ചു കിടന്നുറങ്ങുന്ന ചെറുപ്പത്തിലെ ശീലം ഞാൻ ആറു വർഷമായി വീണ്ടെടുത്തിരിക്കുന്നു. അമ്മയുടെ മടിയിൽ തലവച്ചു കിടന്നുറങ്ങുന്ന പ്രതീതിയാണ് അത് തരുന്നത്. അതിനു സാധിക്കാത്തവർ, അല്പനേരമെങ്കിലും കയ്യും വിരിച്ച്, ശരീരം കഴിവതും ഗാഢമായി നിലത്തുചേർത്ത്, കമിഴ്ന്നുകിടക്കുമ്പോൾ ഈ ബന്ധത്തിന് ഒരു സവിശേഷ ആക്കമുണ്ടാകും . മനസ്സുകൊണ്ടും സ്വയം പ്രകൃതീദേവിക്ക് വിട്ടുകൊടുത്തുകൊണ്ട്‌ അവളുടെ ചൈതന്യസമ്പത്തെല്ലാം തന്നിലേയ്ക്കു ഒഴുകിയെത്താൻ യാചിക്കുക. എല്ലാ ദാനങ്ങൾക്കും നന്ദി പറയുക. ആത്മശരീരങ്ങൾക്ക് അമ്മ വച്ചുനീട്ടുന്ന വാത്സല്യത്തെ ഇഷ്ടത്തോടെ സ്വീകരിക്കുക. ഉറക്കം കുളിർമയുള്ളതായിത്തീരും. ഇതെന്റെ അനുഭവമാണ്. 

എളിമ



15. 09. 2007 
വിശ്വാസമെന്നാൽ പ്രകൃതിയുടെ ഭാവങ്ങളിൽ ചിലത് മാത്രമേ നാമറിയുന്നുള്ളൂ എന്നയംഗീകാരമാണ്. ജീവൻതന്നെ പ്രപഞ്ചാദ്ഭുതത്തിനു മുമ്പിലെ വിസ്മയമാണ്. എത്ര തിരഞ്ഞു ചെന്നാലും ഒടുവിലറിയുന്നത് ഒന്നുമാത്രം - മനസ്സിന്റെ കല്പനകളല്ലാതെ ഒന്നും നാമറിയുന്നില്ല എന്ന്. ഈ കല്പനകൾ നിരന്തരം തകർന്നുകൊണ്ടിരിക്കുന്നു താനും. ശൂന്യതയാണ് ബാക്കി. അവിടെ വലിപ്പവ്യത്യാസങ്ങലുള്പ്പെടെയുള്ള എല്ലാ വൈവിദ്ധ്യങ്ങളും അസംഗതമാണ്.

എങ്കിൽ,ഏകം സത്, വിപ്രാ ബഹുധാ വദന്തി (ഒന്ന് മാത്രമായ സത്യത്തെ വിദ്വാന്മാർ പലതായി പറയുന്നു) എന്നത് മൂഢന്മാർ എന്ന് തിരുത്തണം. ഒന്നിനെ മാത്രം കാണുന്നതാണ് വിദ്യയെങ്കിൽ പലതിനെ കാണുന്നത് വിഡ്ഢിത്തമാണ്. അപ്പോൾ സ്വയം വിഡ്ഢിയായി അംഗീകരിക്കുക എന്നതാണ് സത്യം, അതാണ്‌ എളിമ. തരംതിരിവുകൾക്കനുസൃതമായി വിഹരിച്ചിട്ട് വിവേകിയെന്നു സ്വയം വിലയിരുത്തുന്നത് പോഴത്തമാണെന്ന് സാരം. 

നാം കാണുന്നതും അറിയുന്നതുമൊന്നും നിത്യസത്യത്തിൽ പെടുന്നില്ലെന്നും നാമിടപെടുന്നതെല്ലാം വിഡ്ഢികളുമായിട്ടാണെന്നും, നാമും അക്കൂട്ടത്തിൽ ആണെന്നും സത്യസന്ധതയോടെ അംഗീകരിക്കാനാവുമെങ്കിൽ മാത്രമേ നമുക്ക് എളിമയുള്ളൂ. മറ്റെല്ലാം കാപട്യമാണ്.   

Tel. 9961544169 / 04822271922

ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.

മറന്നുകിടന്ന എന്നിലെ പൈതലിനെ കണ്ടെത്തി ഓമനിക്കാൻ നേരവും താത്പര്യവും കാണിച്ച മഹതിയെ ഓർത്തുപോയി. ആ പൈതൽ വളർന്നുപോയിട്ടില്ല. ശൈശവത്തിന്റെ നന്മകളെ  ഓരോന്നായി ഇന്നും ഞാൻ കണ്ടെത്തിക്കൊണ്ടിരിക്കുന്നുവെങ്കിൽ അതിന് കാരണക്കാരി അവളാണ്. ആ കുഞ്ഞിൽനിന്നൊരു പുരുഷൻ ഉരുവംകൊള്ളണമെന്നവൾ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാവാം, ഇന്നും എനിക്ക് പറയാനാവുന്നത്:
"അരിയ ബാല്യത്തിൽ നിന്നുഞാനെത്ര-
കണ്ടകലെയാണിന്നു നില്ക്കുവതെങ്കിലും
അഴകു കൈവിടാതെന്നുൾക്കളത്തിലാ-
പ്പഴയ ബാലൻ കളിപ്പതുണ്ടിപ്പൊഴും." (തിരുനെല്ലൂർ കരുണാകരൻ)

അവൾ എപ്പോഴും എന്റെ ഉള്ളിന്റെ ഉള്ള് കിള്ളിച്ചികഞ്ഞിരുന്നു. പലപ്പോഴും എനിക്കവളുടെ ചോദ്യങ്ങൾ ബാലിശങ്ങളായിത്തോന്നി. എന്നാൽ എനിക്കുനെരേ അവയെ എയ്യാനുള്ള അവകാശത്തിൽ അവൾ മുറുകെപ്പിടിച്ചു.
അതൊക്കെ അന്ന്. ഇന്നവ ഓർമ്മകൾ മാത്രം. അക്കൂടെയനുഭവിച്ച സുഗന്ധ വസന്തങ്ങളുടെയും പാരസ്പര്യത്തിന്റെയും സന്തുഷ്ടിയും സ്വാതന്ത്ര്യവും ധാരാളിത്തവും ഇത്രയുമേ ഇനി ബാക്കിയുള്ളോ? എവിടെ പിഴച്ചു എന്നത് തെറ്റായ ചോദ്യമാണ്. പിഴയില്ല എന്നതായിരുന്നല്ലോ നമ്മുടെ യാത്രയുടെ ആരംഭയുക്തി. പഴിചാരലുമില്ല. ഒന്നിന് പകരം മറ്റൊന്നില്ല എന്നതാണ് വിധി.
പൂർവയൗവനത്തിൽ തളിർത്തെങ്കിലും പുഷ്പിക്കാതിരുന്ന വികാരബന്ധങ്ങളെ ആരബ്ധവാർദ്ധക്യത്തിൽ വളമിട്ടു നനച്ച് ആര്ത്തുവളര്ത്തിയെടുത്ത അന്നത്തെ പൂന്തോപ്പുകാരിയെവിടെ? ജീവിതവീക്ഷണങ്ങളുടെ അടിസ്ഥാന ചാലുകളെ തിരഞ്ഞുനടന്നിരുന്ന എന്റെ സഹയാത്രികയെവിടെ?
മനുഷ്യനെ നയിക്കുന്ന അജ്ഞാത ശക്തികളിൽ അല്പമെന്നല്ല, ഏറ്റവുമധികം പങ്കുള്ളത് സ്നേഹത്തിനാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ദാര്ശനികയെവിടെ? എല്ലാ ഹൃദയാകുലതകളിലും എകാകിതയാണേറ്റവും വിശ്വസ്തയായ സുഹൃത്തെന്ന് സ്വയം ധൈര്യപ്പെടുത്തിക്കൊണ്ടിരുന്ന ജ്ഞാനിയെവിടെ?
"ശരീരം പ്രണയിക്കപ്പെടുമ്പോളുണ്ടാകുന്ന അനുഭവമാണ് യഥാർഥ ആത്മീയാനുഭവമെന്ന് മനസ്സിലാക്കാനുള്ള വകതിരിവൊന്നും ദാമ്പത്യത്തിന്റെ കാർക്കശ്യങ്ങൾക്കില്ല" (എസ്. ശാരദക്കുട്ടി). "ഗുണദോഷങ്ങളുടെ കണക്കുകൂട്ടലുകളില്ലാതെ മനുഷ്യൻ മനുഷ്യനെ പൂജിക്കുന്നതിനെയാണ് പ്രേമമെന്നു പറയുന്നത്." (യയാതി)

ആനന്ദം ദൈവമാണെന്നും അത് പ്രണയാനുഭവങ്ങളിലൂടെയേ  സാക്ഷാത്ക്കരിക്കാനാവു എന്നുമുള്ള ഒരു സ്ത്രീയുടെ തിരിച്ചറിവ് ഒരു പുരുഷന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാം.
സൂര്യനുദിച്ചുയരുന്നത് കൂടെയിരുന്നു കാണുന്നതാണ് എനിക്കു നീ. ഈ സൂര്യനസ്തമിക്കല്ലേ എന്ന് ദൂരെയായിരിക്കുമ്പോഴും പറയുന്നതാണ് എനിക്ക് നീ. കല്ലെന്നും പുല്ലെന്നും നീ കരുണയോടെ പറയുംവരെ കാണുന്നില്ല ഞാൻ അവയെ. നീ പേരുവിളിക്കുമ്പോൾ വിദൂരസ്ഥമായതും എന്റേതായിത്തീരുന്നു.
ന വിനാ വിപ്രലംഭേന ശൃംഗാര: പരിപുഷ്യതി.
    

അനാദിനിദാന പ്രണയം

അനാദിപ്രണയം, അതായിരു-
ന്നിതിനെല്ലാം നിദാനം 
അനാദിസത്തയുടെ നിർവൃതിനൃത്തം -
ആദികാരണം കാര്യമായി 

എകാകിത മടുത്ത ദൈവസത്ത
സ്വഛായാകിരണസഞ്ചയ
സൗന്ദര്യത്തിൽ മോഹിതമായി -
പ്രഭാതമായി, ഉഷസായി 

പ്രണയാതുരമാമാദികാരണം 
വെറുതേയൊരിക്കൽ നടക്കാനിറങ്ങി 
അങ്കിത്തുമ്പിലോ ദാവണിവക്കിലോ
ഒരു നക്ഷത്രക്കുഞ്ഞൊന്നുരസി 

തെന്നിത്തെറിച്ചയതിനെ 
ഗുരുത്വാകർഷണമുടക്കി 
ചുറ്റുമുള്ള തമോദ്രവ്യത്തിൽ കുരുക്കി 
കേട്ടുകാണും ദൈവമതിൻ രോദനം

ചവുട്ടിനിന്ന സൂര്യനിൽനിന്ന് 
പൊടുന്നനേ തൻ കാലെടു-
ത്തടുത്ത താരാപഥത്തിലേയ്-
ക്കവിടുന്ന് തൃപ്പാദമൂന്നി

സ്ഥാനം തെറ്റിയ താരത്തിൻ ഹൃത്തം 
വ്യഥയിൽ ചിന്നിച്ചിതറി 
ഓരോ തരിയിലും ദൈവത-
മല്പം പറ്റിപ്പിടിച്ചിരുന്നു

പഴയ ഭ്രമണപഥത്തിലെത്തി 
ദിവ്യപ്രണയത്തിൻ വശ്യതയി-
ലലിഞ്ഞു ചേരാ-
നവ വിതുമ്പിത്തേങ്ങി

കോട്യാനുകോടി ബ്രഹ്മയുഗങ്ങളിൽ 
മൌനമമർത്തി കിടന്ന ശിലകളും 
സസ്യ, പ്രാണി, പറവകളും
ജന്തുലോകവുമലയാഴികളും

താരങ്ങളും താരാപഥങ്ങളും 
അവയുടെ സാഗരസഞ്ചാര-
രാഗത്തിൻ നീലാംബരിയും 
സുനാദവിനോദിനികളും

മനവും തനുവും പേറും മാനവരും
കാലമായ കാലങ്ങളെ നിറച്ചു 
പൂർവസ്ഥലിയിലേയ്-
ക്കൊഴുക്കായും ജ്വാലയായും

സ്ഥാനം തെന്നിയതെല്ലാം 
പ്രയാണത്തിലായിരുന്നു 
പുഴ പുഴയല്ല ജലകണ-
ങ്ങളുടെ നിർത്ധരിയാണ് 

തീനാളം നാളമല്ല, അഗ്നി-
കണങ്ങളുടെ ജ്വലനമാണ്‌ 
മദിച്ചൊഴുകുന്നെല്ലാമനാദിയാം 
പ്രണയിതാവിലേയ്ക്ക് 

ഓരോ പൂവും കുഞ്ഞിൻ മുഖവും
അതിലൊരു ധൂളിതൻ വിളിയാണ് 
എന്നെയങ്ങെടുക്കൂ നീ- 
യെന്ന പ്രലോഭനമാണ് 

അനന്തസത്ത, നിർവൃതിയുടെ 
നിത്യനൃത്തമാടുന്നു 
ആ നൃത്തത്തിൽനിന്നുയരുന്നൂ 
ആചന്ദ്രതാരം പുതുരൂപങ്ങൾ

വ്യാഖ്യാനം: 
1. അഖണ്ഡബോധത്തിന്റെ ചലനമാണ് ജീവാത്മാക്കൾ. (വേദം)
2. നിത്യത ചലിക്കുമ്പോൾ കാലമുണ്ടാകുന്നു. (പ്ളേറ്റോ)
3. നൃത്തം ചെയ്യാൻ കഴിയുന്ന ദൈവത്തിൽ മാത്രമേ ഞാൻ വിശ്വസിക്കൂ. (നീറ്റ്ഷേ)
4. മഹിമയുറ്റതും ഐശ്വര്യപൂർണവും ശക്തിയുക്തവുമായി എതൊക്കെയുണ്ടോ, അതൊക്കെയും എന്റെ തേജസ്സിന്റെ അംശത്തിൽനിന്നുണ്ടായതാണ്. (ഗീത 10, 41)
വസന്തവും ധാന്യങ്ങളും കായ്കളും, ആതിരനിലാവും വർഷപാതവും പൈതങ്ങളുടെ നിഷ്കളങ്കതയും, ഇടിയും മിന്നലും ഭൂകമ്പവും ഈശ്വരീയമായ ശ്രീയാണ്.
 

 

ആദിയിൽ വചനമുണ്ടായിരുന്നു.

"ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവമായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി. അവനിലെ ജീവൻ വെളിച്ചമായിരുന്നു. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവനിൽ സ്വർഗീയ സൗന്ദര്യവും സത്യവും നിറഞ്ഞുനിന്നു." (യോഹന്നാൻ എഴുതിയ സുവിശേഷം, ഒന്നാമദ്ധ്യായം)

യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യവാക്യത്തിലെ മർമ്മശബ്ദമാണ് വചനം. ദൈവം, അനന്തത, വെളിച്ചം, ജീവൻ, സൃഷ്ടി, സൗന്ദര്യം എന്നിവയെയെല്ലാം വചനം എന്ന ഒറ്റ വാക്കിലൂടെ സംശ്ളേഷിക്കാനുള്ള ഒരു ശ്രമമാണ് യോഹന്നാൻ നടത്തുന്നത്. ഈ ശബ്ദങ്ങൾ തമ്മിലുള്ള വെറും ബന്ധമെന്ന അർത്ഥത്തിലല്ല, മറിച്ച്, അവയിലുൾക്കൊണ്ടിരിക്കുന്ന ഗൂഢാർത്ഥങ്ങളുടെ അതിഗാഢമായ ബന്ധമാണ് സുവിശേഷകൻ ഉദ്ദേശിക്കുന്നത്. ചരിത്രപുരുഷനായ യേശുവിന് ദൈവത്തിനൊപ്പംതന്നെ സ്ഥാനം കല്പിച്ചുനൽകുക എന്ന ഉദ്ദേശ്യം ഗ്രന്ഥകാരൻ മറച്ചുവയ്ക്കുനനില്ല. അതാകട്ടെ, വിശ്വാസാധിഷ്ഠിതമായ ഒരു തന്റേടമാണ്. അതിൽ യുക്തിക്ക് യാതൊരു സ്ഥാനവുമില്ല. എന്നാൽ, ഈ വാക്യത്തെ യുക്ത്യാധിഷ്ഠിതമായ ബൌദ്ധിക നിരീക്ഷണത്തിനു വിധേയമാക്കാമോ എന്നൊരു ശ്രമംകൂടെയാണ് ഇവിടെ നടത്തുന്നത്. ആ സംരംഭത്തിൽ, പരമ്പരാഗതമായ നിർവചനങ്ങളിൽ പലതും നാം ഉപേക്ഷിക്കേണ്ടിവരും. ഉദാ. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നതിനുപകരം ദൈവം തന്നെ സൃഷ്ടിപരതയാണ്, അതാകട്ടെ, കഴിഞ്ഞുപോയ ഒരു പ്രവൃത്തിയല്ല, മറിച്ച്, അനാദിമുതൽ നിത്യം തുടർന്നുകൊണ്ടിരിക്കുന്ന ഒന്നായി മനസ്സിലാക്കേണ്ടിവരും. സൃഷ്ടിപരതതന്നെയാണ് ദൈവം എന്നുവരുമ്പോൾ ദൈവത്തെയും സൃഷ്ടിയെയും കാരണവും കാര്യവുമായി കണാനാവാത്ത ഒരവസ്ഥയാണുണ്ടാവുക. അതായത്, ദൈവം ഏതൊക്കെയോ ക്രിയകളുടെ സ്വതന്ത്രനായ കർത്താവു മാത്രമല്ല, ക്രിയാത്മകതതന്നെയാണ് എന്ന് മനസ്സിലാക്കാമെങ്കിൽ, എല്ലാം അവനാൽ ഉണ്ടാക്കപ്പെട്ടു എന്നതിലും അഗാധമായി, എല്ലാം അവനെക്കൊണ്ട്‌, അവനിലൂടെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന നിതാന്തയദ്ഭുതമാണ്‌ നമ്മെ രോമാഞ്ചംകൊള്ളിക്കുക. അങ്ങനെയെങ്കിൽ, എവിടെയാണ് മനുഷ്യനെന്ന കർത്താവിന്റെ സ്ഥാനം? ഒരെഴുത്തുകാരൻ, ഒരു കവി, ശില്പി, സംഗീതജ്ഞൻ, തൊഴിലാളി, അമ്മ, അച്ഛൻ എന്നിവരെല്ലാം സൃഷ്ടാക്കളല്ലേ? അഗാധമായ സൃഷ്ടിപരതയിൽ ഇവരിലെ വ്യഷ്ടിതലത്തിലുള്ള കർതൃത്വം പ്രത്യക്ഷപരമായതു മാത്രമായി തരംതാഴും. അവിടെയെല്ലാം യാഥാർത്ഥ ചാലകശക്തി ദൈവം തന്നെയാണ് എന്നംഗീകരിക്കേണ്ടി വരും; അവനിലൂടെയല്ലാതെ ഒന്നും സംഭവിക്കുന്നില്ല!

ഇത് മനസ്സിലാക്കുകയെന്നാൽ, ദൈവം എന്നൊരു ശക്തി പുറത്തെവിടെയോ നിന്ന് കാര്യങ്ങൾ ശരിപ്പെടുത്തുകയല്ല, പകരം, ദൈവതം നമ്മുടെ വ്യഷ്ടിഗതമായ അഹത്തെ ആഗിരണം ചെയ്ത് തത്സ്ഥാനത്ത് പ്രവർത്തിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടിവരും. ഒരു നർത്തകനും ഓടക്കുഴലൂത്തുകാരനും കൃഷിക്കാരനും വാദ്ധ്യാരും, നാമോരോരുത്തരും ദൈവികമായ ഉപകരണങ്ങൾ മാത്രമായിത്തീരുന്നു, അല്ലെങ്കിൽ അതിലേയ്ക്ക് ഉയർത്തപ്പെടുന്നു.

ഈ ചിന്താധാര വിശ്വാസജീവിതത്തിലും അന്വർത്ഥമാണ്. ഞാനില്ലാതാവുന്നതിലൂടെ അവൻ വളരുക എന്ന് യേശുവിനെയോർത്തുകൊണ്ട് പോളും ദൈവപിതാവിനെ സ്മരിച്ചുകൊണ്ട് യേശുവും പറഞ്ഞതിന്റെ പൊരുളാണിത്. അതുതന്നെയാണ് ദൈവാവബോധത്തിലെത്തുന്ന ഓരോ വ്യക്തിയും സാർത്ഥകമാക്കുന്നത്. എല്ലാം ദൈവാവേശിമാണെന്ന തിരിച്ചറിവുണ്ടാകുന്നത് സ്വന്തം പ്രജ്ഞയുടെ അഭാവത്തോടെയാണെന്നത് ഒരു വിരുദ്ധോക്തിയായി തോന്നാം. എന്നാൽ അതാണ്‌ ഒരു ബുദ്ധനിലും ഒരു യേശുവിലും പ്രവർത്തിച്ചത്. ഐശ്വര്യപ്രകാശമായി സ്വയം തിരിച്ചറിയുക എന്ന അനുഭവമാണത്. ആ പ്രകാശത്തിൽ അഹം അപ്രത്യക്ഷമാകുന്നു എന്നതാണ് എല്ലാ യഥാർത്ഥ ദൈവാനുഭവവും സാക്ഷ്യപ്പെടുത്തുന്നത്. ദൈവം പ്രകാശമാണ് (1 യോഹ. 1,5). ഉള്ളത് ജീവന്റെ മഹാസമുദ്രം മാത്രമാണ്. അതിലെ തിരകൾ അതിന്റെ ഭാഗമല്ലാതെ മറ്റൊന്നുമല്ല. സമുദ്രവും തിരകളും രണ്ടല്ല, ഒന്നുതന്നെയാണ്. വേറിട്ടൊരസ്തിത്വം അവക്കില്ല. അങ്ങനെ ജീവൻ മൊത്തത്തിൽ ഒരു ദൈവികനൃത്തമായിത്തീരുന്നു. പ്രപഞ്ചം പ്രകാശിതമായ  ഒരേയൊരൂർജ്ജത്തിന്റെ ജീവസ്പന്ദമായിത്തീരുന്നു. ശിവതാണ്ഡവം എന്നയാശയത്തിന്റെ സൌന്ദര്യഗാംഭീര്യം ഇതോടു ചേർത്ത് മനസ്സിലാക്കേണ്ടതാണ്.

ഈ അനുഭവത്തിൽ സ്ഥലകാലവ്യത്യാസങ്ങൾ അപ്രത്യക്ഷമാകും. 'ആദി'യെന്ന വാക്ക് മനുഷ്യഭാഷയുടെ പരിമിതികൊണ്ട് ഉപയോഗിക്കേണ്ടിവരുന്നതാണ്. ആദിയിലെന്നാൽ തുടക്കമില്ലാത്ത നിത്യതയിൽ എന്നല്ലാതെ വേറൊന്നുമല്ല അർത്ഥം. തുടക്കമില്ലാത്തതിന് ഒടുക്കവുമില്ല എന്ന ന്യായയുക്തിയിൽ, ആദിക്ക് അനന്തതയെന്നയർത്ഥമാണ് കിട്ടുന്നത്. അതായത് ശാസ്ത്ര വീക്ഷണത്തിൽ എന്നും സ്ഥിരമായി നിലകൊള്ളുന്ന പ്രപഞ്ചോർജ്ജത്തിന്റെ പര്യായമാണ് വചനം. മനുഷ്യനെ സംബന്ധിച്ചിടത്തോളം, തന്നിലെയും പ്രപഞ്ചത്തിലെയും സമഗ്രോർജ്ജത്തിന്റെ പ്രഭവസ്ഥാനമായി ഭാരതത്തിൽ ആരാധ്യമായിരുന്ന ഓം തന്നെയാണ് ഈ വചനം. സ്തൂലത്തെയും സൂക്ഷ്മത്തെയും സ്വരുമിപ്പിക്കാൻ നമുക്കുള്ള ഏറ്റവും നല്ല ഉപകരണമാണത്. ഏതെല്ലാം അർത്ഥസാന്ദ്രതകളാണ് അതിൽ നിക്ഷിപ്തമായിരിക്കുന്നത്! സമയത്തിലൂടെ ഉഴറുന്ന മനുഷ്യന് സമയത്തെ മറികടന്ന് തന്റെയുറവിടത്തിലേയ്ക്ക് എത്തിനോക്കാനുള്ള ത്വരയുടെ പ്രതിഫലനമായും, ദിവ്യത്വവും മനുഷ്യത്വവും തമ്മിൽ ബന്ധിപ്പിക്കാൻ പോരുന്ന ഒരു ചിഹ്നമായും ഓം അല്ലെങ്കിൽ വചനം നിലകൊള്ളുന്നു. നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞതും, ആദിയിൽ വചനമുണ്ടായിരുന്നു എന്ന് സുവിശേഷകർത്താവ് എഴുതിയതും ഒരേ മനുഷ്യാനുഭവത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. നമ്മുടെ ജീവനാഡിയായ ചലനത്തെ അളക്കുന്നത് സമയം കൊണ്ടാണല്ലോ. വചനം എന്ന അകാശയാനത്തിൽ സമയത്തിലൂടെ ദിവ്യതയിലേയ്ക്ക് കൂപ്പുകുത്തുകയാണ്, യോഹന്നാൻ.

യോഹന്നാനെയും അദ്ദേഹത്തിൻറെ ആരാധ്യവിഷയമായ, എന്നുമുണ്ടായിരുന്നതും ഉള്ളതും വരാനിരിക്കുന്നതുമായ ദൈവത്തിന്റെ കുഞ്ഞാടിനെയും (വെളിപാട് എന്ന പുസ്തകത്തിന്റെ ഉള്ളടക്കം) മറികടന്ന്, പ്രപഞ്ചം മുഴുവൻ ദിവ്യതയിൽ കുളിച്ചുനിൽക്കുന്നതായി വിവക്ഷിക്കാനായാൽ, ദൈവാവതാരങ്ങളുടെ ആവശ്യം പാടേ ഇല്ലാതാകുന്നു. കാരണം, പ്രപഞ്ചം മൊത്തത്തിലും അതിലെ ഓരോ തരിയും ദിവ്യമാണ്. സൃഷ്ടാവും സൃഷ്ടിയും, കാരണവും കാര്യവും എന്ന ദ്വന്ദ്വചിന്തയുടെ ബലഹീനതയാണ് ദൈവാവതാരങ്ങളെ കാത്തിരിക്കാനും തേടിപ്പോകാനും മനുഷ്യനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് യേശുവിലും ദൈവത്വം ചാർത്തപ്പെട്ടത്‌. അതിന്റെ ഫലമായാണ് യേശുവിനെപ്പറ്റി വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു എന്ന് വേദപുസ്തകത്തിൽ എഴുതപ്പെട്ടത്. മേൽസൂചിപ്പിച്ച അർത്ഥതലങ്ങൾ നന്നായി സ്വാംശീകരിച്ച ഫാ. സെബാസ്റ്റ്യൻ കാപ്പൻ എഴുതി: "മാംസവത്തായ വചനം എന്നതിനേക്കാൾ വചനമായിത്തീർന്ന മാംസമാണ് യേശു" എന്ന് മനസ്സിലാക്കുകയാണ് ഉത്തമം. കാരണം, അതോടേ, ദൈവമനസ്സിൽ നമ്മളോരോരുത്തരും അങ്ങനെയാണെന്ന് കണ്ടെത്തുക അനായാസമായിത്തീരും. താൻതന്നെയാണ് തന്റെ സൂര്യനെന്ന് ഓരോ മനുഷ്യനും തിരിച്ചറിയണമെന്ന് മാർക്സും, ഒരോ മനുഷ്യനും തനിക്കുതന്നെ വെളിച്ചമായിരിക്കണമെന്നു ബുദ്ധനും അനുശാസിക്കുന്നത് പരോക്ഷമായെങ്കിലും ഈ ഉൾക്കാഴ്ചയുടെ സ്ഥിരീകരണമാണ്. നാം കാണുന്ന ഈ സ്ഥൂലപ്രപഞ്ചത്തിനു പിന്നിൽ ഒരു സൂക്ഷ്മപ്രപഞ്ചമുണ്ടെന്നും ഇവ രണ്ടും തമ്മിൽ ചില മാന്ത്രികബന്ധങ്ങളുണ്ടെന്നും നമ്മുടെ പൂർവികരും മനസ്സിലാക്കിയിരുന്നു. എല്ലാം ഒന്നുതന്നെയെന്നനുശാസിക്കുന്ന, ഭാരതത്തിനു സ്വന്തമായ, അദ്വൈതവിശ്വാസത്തിന്റെ പ്രതിഫലനങ്ങളാണല്ലോ വേദോപനിഷത്തുകളിൽ കാണുന്നത്. യേശു നളന്ദയിലോ മറ്റൊരു ഭാരതീയ വിദ്യാലയത്തിലോ കുറേക്കാലം തങ്ങിയിരുന്നുവെന്ന് പല സാഹചര്യത്തെളിവുകളുടെയും പിൻബലത്തിൽ വിശ്വസിക്കുന്നവർ വളരെയുണ്ട്. നീ തന്നെയാണ് നിന്റെ വെളിച്ചം, അത് നിന്റെയുള്ളിലാണ് എന്ന് യേശുവും പറഞ്ഞിട്ടുണ്ടല്ലോ.

അനുബന്ധം: ഒങ്കാരവും യോഹന്നാന്റെ വചനവും

ഇനി നമുക്ക് ഒങ്കാരത്തിന്റെ (ॐ) അർത്ഥവ്യാപ്തിയിലേയ്ക്ക് ഒന്നെത്തിനോക്കാം. മാണ്‍ഡൂക്യോപനിഷത്തിലെ ആദ്യമന്ത്രത്തിന്റെ സംസ്കൃതശ്ളോകം ഇങ്ങനെയാണ്. "ഒമിത്യേതദക്ഷരമിദം സർവ്വം/ തസ്യോപവ്യാഖ്യാനം/ഭൂതം ഭവത് ഭവിഷ്യദിതി/ സർവമോംകാര ഏവ." അർത്ഥം ചുരുക്കിയെഴുതാം. "ഈ കാണുന്നതെല്ലാം ഓംകാരം എന്നുള്ള അക്ഷരമാണ്. ഭൂതത്തിലും വർത്തമാനത്തിലും ഭവിഷ്യത്തിലും എന്തെല്ലാം അടങ്ങുന്നുവോ, അതെല്ലാം ഒങ്കാരമാകുന്നു." ഉള്ളർത്ഥങ്ങളിലേയ്ക്ക് കടക്കുമ്പോൾ, യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യവാക്യം ഇതിന്റെതന്നെ മറ്റൊരു വിവർത്തനമല്ലേ എന്ന സംശയം സ്ഥിരീകരിക്കപ്പെടും.

ധ്യാനത്തിനുള്ള ഒരു മന്ത്രമാണ് ॐ. സ്വസ്ഥമായി ഒരിടത്തിരുന്ന്, കണ്ണുകൾ പൂട്ടി, സാവധാനത്തിൽ പറയൂ: "ഇദം സർവം", "ഇതെല്ലാം". ഒരു ചെറുവിരൽ അനക്കിക്കൊണ്ട് ഇത് (വിരൽ) എന്ന് വിചാരിക്കുക, അതോടൊപ്പം അത് മൊത്തം ശരീരത്തിന്റെ ഒരംശമായിട്ടും കൂടി കരുതുക. വിരലും ശരീരവും തമ്മിലുള്ള അന്തരം മാഞ്ഞുപോകട്ടെ. എന്നതുപോലെ, ഇത് എന്ന് പറയുമ്പോൾ, ധ്യാനിക്കുന്നവന്റെ ബോധത്തിലെ ഏറ്റവും മദ്ധ്യസ്ഥമായിരിക്കുന്ന ഒരു ബിന്ദുവിൽ നിന്ന് അറിവ് നാലുപാടേയ്ക്കും വികസിക്കുന്നതായി അനുഭവപ്പെടും. 'സർവ്വം' എന്ന് വിചാരിക്കുമ്പോഴേയ്ക്കും ബോധത്തിന്റെ ചക്രവാളസീമ എത്രയോ ദൂരെ എത്തിക്കഴിഞ്ഞിരിക്കുന്നു! അത് പരിധിയില്ലാതെ അങ്ങ് പോകുന്നു. ഇതൊരു കുഞ്ഞ്, ഇതൊരു പൂവ്, ഇതൊരു പുസ്തകം, അതാ ഒരു മേഘം, എന്നൊക്കെ പറയുമ്പോൾ, ഉടനടി അവയെ പൊതിഞ്ഞ് സ്ഥലകാലങ്ങൾ വന്നുചേരുന്നു. അതായത്, ഇതെല്ലാം ക്ഷരമാണ്, മാഞ്ഞുപോകും. എന്നാൽ ഇത് എന്നതിനെ സർവം എന്ന സാമാന്യംകൊണ്ടു വിശേഷിപ്പിക്കുമ്പോൾ, നശിക്കുക എന്ന ആശയവും മാഞ്ഞുപോകുന്നു. നശ്വരതയിലെ ആപേക്ഷികത അക്ഷയമായതിലെ പൂർണതയാൽ ആവേശിതമായിത്തീരുന്നു. അതായത്, ക്ഷയിച്ചു മറഞ്ഞുപോകുന്നവയിലും അക്ഷരമായി വിലാസംചെയ്യുന്ന ഒരു നിത്യസത്യം കുടികൊള്ളുന്നുണ്ടെന്നു കാണാം. ക്ഷരമായതിലൊക്കെയും അക്ഷരമായിരിക്കുന്ന ഒരു പരമാർത്ഥത്തെ ॐ എന്ന സത്യപരാമാർശംകൊണ്ട് സ്വരൂപനിർണ്ണയം ചെയ്യാൻ കഴിയുമെന്ന് ഈ മന്ത്രത്തിന്റെ ആദ്യപാദം പറഞ്ഞിരിക്കുന്നു.

എന്തെങ്കിലും ശ്രദ്ധിച്ചുകൊണ്ട് 'ഇത്' എന്നുപറയുമ്പോൾ അത് എന്തിന്റെയോ വിശേഷണമായി 'ഈ പൂവ്', 'ഈ കുട്ടി', ' ഈ മരം' എന്ന രീതിയിൽ ചെറിയവയിലേയ്ക്ക് മനസ്സിനെ ഒതുക്കുന്നു. എന്നാൽ ഒന്നിനെയും വിശേഷിപ്പിക്കാൻ നോക്കാതെ, 'ഇത്' ഒരു സാമാന്യമായി കരുതി അതിലുൾക്കൊള്ളുന്ന അറിവിനെ എല്ലാ വശത്തേയ്ക്കും വികസിപ്പിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ, മൂന്നു കാലങ്ങളിലും നിറഞ്ഞുനില്ക്കുന്നതെല്ലാം അതിലുൾപ്പെടും എന്ന് കാണാം. അങ്ങനെ 'ഇദം' 'സർവ്വ'മായിത്തീരുന്നു. അതായത്, ഇത് എന്ന അറിവിലങ്കുരിച്ച ബോധത്തിന്റെ ഏകകം ഓം എന്ന വിസ്ത്രുതിയിലേയ്ക്ക് വിടരുന്നു. ആ വികാസം ആദ്യ അറിവിൽ നിന്ന് അറിയുന്നവനും അറിയപ്പെടുന്നതും ചേർന്നുണ്ടാകുന്ന ദ്വന്ദ്വമില്ലാത്ത അക്ഷര(ക്ഷയമില്ലാത്തത്, പരിധിയില്ലാത്തത്)മാകുന്നതുവരെ പോകുന്നു. അങ്ങനെയുണ്ടാകുന്ന സർവ്വമെന്ന അറിവിനെയാണ് (ഞാൻ എന്ന ജ്ഞാതാവും സർവ്വം എന്ന ജ്ഞേയവും ഒന്നായിരിക്കുന്ന അവസ്ഥ) ഓം എന്ന അക്ഷരമായി ഈ മന്ത്രത്തിൽ പറഞ്ഞിരിക്കുന്നത്. എപ്പോഴും ചഞ്ചലമായിരിക്കുന്ന ദൃശ്യപ്രപഞ്ചത്തിലെ അചഞ്ചലമായ സത്യത്തെയാണ്‌ ഓം കൊണ്ട് ദ്യോതിപ്പിക്കുന്നത്. ഇക്കാണുന്നതെല്ലാം എപ്പോഴും ഈ ബോധത്തെ ഉണർത്തിക്കൊണ്ടിരിക്കുകയാണ്. അറിയുന്നവനിലും അറിയപ്പെടുന്നതിലും ഒരേ സമയം അറിവെന്ന പ്രകാശമായി പ്രശോഭിക്കുന്നതാണ് ഓം. ഈ നിത്യസദ്‌വസ്തു തന്നെയാണ് ദിവ്യത അല്ലെങ്കിൽ പരംപൊരുൾ. ഇത്രയും വിശദീകരിച്ചത് സംക്ഷിപ്തമായി പറഞ്ഞാൽ ഇങ്ങനെയായിരിക്കും: "ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു."

ദൈവതം എന്ന സർവ്വജ്ഞതയുടെഒരു തരി മാത്രമാണ് ഭൂലോകം. അതിന്റെ നനഞ്ഞ ഒരു കോണിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു ചെറിയ കീടം അല്ലെങ്കിൽ കണി മാത്രമാണ് മനുഷ്യൻ. എന്നാൽ ബുദ്ധിയുടെ തിളക്കംകൊണ്ട് മറ്റൊരു ജീവിക്കും ആകാത്ത വിധത്തിൽ ഈ പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മതത്ത്വത്തെ കണ്ടെത്താൻ അവനു കഴിയും. അത് ഈശ്വരീയതയാണെന്നാണ് ഇവിടെ സമർഥിക്കുന്നത്. നിത്യ ചൈതന്യ യതിയിൽ നിന്ന് ഒരുപമ കടമെടുക്കട്ടെ. വസ്ത്രം നൂലാണ്. എന്നാൽ നൂൽ വസ്ത്രമല്ല. നൂലുകളെല്ലാം ചേരേണ്ടതുപൊലെ ചേർന്നാലേ വസ്ത്രമാകൂ. നൂലിന്റെ ഓരോ അണുവിലും നിഹിതമായിരിക്കുന്ന വസ്തുസത്യം എങ്ങനെയോ, അങ്ങനെ എല്ലാം സർവ്വേശ്വരനിലും ഇരിക്കുന്നു എന്ന് പറയാം. എത്ര ചെറിയ അണുജീവിയെ എടുത്തുനോക്കിയാലും അതിലും സോദ്ദേശ്യതയുള്ള ഒരു രചനാവിശേഷം ഉണ്ടെന്നുകാണാം. ദൈവം എല്ലാറ്റിന്റെയും സൃഷ്ടാവ് എന്നല്ല, ദൈവം എല്ലാറ്റിലും അന്തര്യാമിയായിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്.

ഈ ചിന്തക്ക് ഉപോത്ബലകമായി സമയത്തെപ്പറ്റിയുള്ള നമ്മുടെ ധാരണയും ശുദ്ധീകരിക്കേണ്ടതുണ്ട്. സമയബോധം കുഴഞ്ഞുമറിഞ്ഞ ഒരു പ്രതിഭാസമാണ്. സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാൽ വർത്തമാനം മാത്രമേയുള്ളൂ. ബോധത്തിലേയ്ക്കു വരുന്നതിനെ ഒക്കെയും അളന്നുനോക്കുന്ന നമ്മുടെ ശീലംമൂലം ഭൂതത്തെ നമ്മൾ വർത്തമാനത്തിലും സജീവമാക്കി നിർത്തുന്നു. ഭൂതം എന്നാൽ ഉണ്ടായത് എന്നാണ്. ഭൂതമായതെല്ലാം വർത്തമാനബോധത്തിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അതിന് സ്ഥിരമായ അസ്ഥിത്വം നൽകുക എന്നത് ഒരു കെണിയാണ്‌. അതൊരസത്യമാണ്. ഭൂതമായത് വർത്തമാനത്തിൽ ഇല്ലാത്തതാണ്.
അതുപോലെ തന്നെയാണ് ഭാവി അല്ലെങ്കിൽ ഭവിഷ്യത്തും. വര്ത്തമാനകാലബോധത്തിൽ കാല്പനികമായി മാത്രം ഉയർന്നുവരുന്ന പ്രതീക്ഷകളും ആശങ്കകളുമാണ് ഭവിഷ്യത്തായി നമ്മൾ വിലയിരുത്തുന്നത്. എന്നാൽ അവയും അസ്തിത്വമില്ലാത്ത അസത്യങ്ങളാണ് എന്നത് നാം എപ്പോഴും മറക്കുകയാണ് ചെയ്യുന്നത്. അപ്പോൾ, വർത്തമാനം, ഈ ഒരു നിമിഷം മാത്രമാണ്. അത് മാത്രമാണ് സത്യം. മറ്റു രണ്ടിനെപ്പറ്റിയുമുള്ള വേവലാതി അസ്ഥാനത്താണ്. അത് മനസ്സിലാക്കിയാൽ മാത്രമേ ശാന്തിയെന്തെന്ന് നമുക്ക് അനുഭവിച്ചറിയാനാവൂ. നാശമില്ലാത്ത ഒരേയൊരു സത്യം ഇപ്പോൾ ഇവിടെ നാം അനുഭവിക്കുന്നതാണ്. അതിലാകട്ടെ, സർവ്വതും ഉള്പ്പെടുന്നു താനും.