മൌനസുന്ദരം! സന്തുഷ്ടമായ ജീവിതത്തെ ഏറ്റവും നന്നായി വാഴ്ത്താനുള്ള പദങ്ങളാണിവ. സ്വന്തം ജീവിതാനുഭവങ്ങളെപ്പറ്റി ഇങ്ങനെ പറയാനായാല്‍, എല്ലാമായി. അങ്ങനെയുള്ളയൊരാള്‍ക്ക് ചില ഗുണങ്ങള്‍ അല്ലെങ്കില്‍ സ്വഭാവരീതികള്‍ സ്വായത്തമെന്നപോലെയാണ്. ഉദാ: ഒന്നിലും എടുത്തുചാടാതിരിക്കുക, അധികം ചെയ്തുകൂട്ടാനുള്ള ആഗ്രഹമില്ലാതിരിക്കുക, അത്യാവശ്യമില്ലാത്തവ ആഗ്രഹിക്കാതിരിക്കുക, ചെയ്യേണ്ടവ തന്നെ പതിയെ ചെയ്യുക എന്നതൊക്കെ. ഈ ഗുണങ്ങള്‍ ജീവിതത്തെ ലളിതസുന്ദരമാക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്ങനെയെന്നു നോക്കാം.
സാങ്കേതിക
കണ്ടുപിടുത്തങ്ങള്‍ വലിയ സ്പീഡും അതോടൊപ്പം നമുക്ക് വളരെ ഒഴിവുസമയവും
തരുന്നുണ്ട്. സ്പീഡ് കൂടുന്നത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍
ഉപകരിക്കുമെന്നത് ശരിയാകാം, പക്ഷേ, ചെയ്യുന്നതെന്തും
അറിഞ്ഞും അനുഭവിച്ചും ചെയ്യുന്നത് തടയാനും ഇത് കാരണമാകാം. ആധുനിക
മനുഷ്യന്റെ ജീവിതം മുഴുവന്‍ സ്വിച്ചുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒന്ന്
ഓഫ് ചെയ്യുമ്പോള്‍ മറ്റൊന്ന് നമ്മള്‍ ഓണ്‍ ആക്കിയിരിക്കും. അതിന് അധികം
ശ്രദ്ധ വേണ്ടിവരുന്നില്ല. എന്നാല്‍, ഒന്ന് നാം മറക്കുന്നു. അതായത്, അത്യാവശ്യത്തിനു ശ്രദ്ധയില്ലാതെ ചെയ്തുപോകുന്നതൊന്നും നമുക്ക് ആസ്വദിക്കാനാവില്ല എന്നത്. അക്കൂടെ, പോക്കറ്റിലും ചെവിയിലും ഒക്കെയായി കൊണ്ടുനടക്കാവുന്ന സങ്കീര്‍ണ്ണോപകരണങ്ങള്‍ നാമറിയാതെ നമ്മില്‍ നിന്ന് നമ്മെ അപഹരിക്കുകയാണ്. iPhone ഉപകാരപ്രദമാണ്, എന്നാല്‍
അതിന്റെ നിരന്തരമായ ഉപയോഗം പ്രകൃതിയിലെ സ്വരങ്ങളെ നമുക്ക്
അപരിചിതങ്ങളാക്കാം. അറിവുശേഖരവും ലോകമൊട്ടുക്ക് കൂട്ടായ്മയും
ഇന്റര്‍നെറ്റ്‌വഴി ഇന്ന് സാദ്ധ്യമായിരിക്കുന്നു. എന്നാല്‍, ആവശ്യത്തിലധികം ബന്ധങ്ങളെയും അവ സൃഷ്ടിക്കുന്നു. Facebook, Twitter, Orkud തുടങ്ങിയവയിലേയ്ക്കുള്ള നിലക്കാത്ത ക്ഷണങ്ങള്‍ നിരസ്സിക്കാനറിയാതെ വരുമ്പോള്‍, ചിലന്തിവലയില്‍ പെട്ടുപോയ പറവയെപ്പോലെയാകുന്നു നമ്മുടെ വ്യക്തിത്വം.
ഇന്നത്തെ ചുറ്റുപാടുകളില്‍,
നമ്മുടെ പ്രവര്‍ത്തനങ്ങളെ സാവധാനമാക്കുക എന്നത് മനപ്പൂര്‍വം
പരിശീലിക്കേണ്ട ഒരു ഗുണമായി കാണേണ്ടതുണ്ട്. സാവകാശം ഇല്ലാതെ ചെയ്തുപോകുന്നവ
നമ്മെ ഒരിടത്തും നിലയുറക്കാത്ത ഒരു പരുവത്തിലെത്തിക്കുമെന്നത്
തീര്‍ച്ചയുള്ള കാര്യമാണ്. ആന്തരികമായ വിശ്രാന്തിയില്ലാതെ വരുമ്പോള്‍, നമുക്ക് തന്നെ നാം കൈവിട്ടുപോകുന്നു. കാരണം, എന്തിന്റെയുമെന്നപോലെ, നമ്മുടെയും ഉള്ള് വിശ്രാന്തിയാണ്. വിശ്രാന്തിയില്ലാത്തിടത്ത് ഉള്ളില്ല എന്നും പറയാം. ഭൌതികമായവ്യ്ക്ക് ആയിരിക്കാനുള്ള അവസ്ഥയെ space എന്ന് വിളിക്കുന്നതുപോലെ, ആത്മാവിന്റെ, അഭൌമാമായതിന്റെ, അസ്തിത്വത്തിനുള്ള condition ആണ് മൌനം അല്ലെങ്കില്‍ വിശ്രാന്തി. space എന്താണോ അതുപോലെതന്നെ മൌനവും ഒരു വസ്തുവല്ല, ഒരവസ്ഥയാണ്.
ഈ വരികള്‍ വായിക്കുമ്പോള്‍ അവയ്ക്ക് അര്‍ത്ഥം ഉണ്ടാക്കുന്നത്
വായനക്കാരന്റെ ഉള്ളിലെ മൌനമാണ്. അതില്ലാതെ വാക്കുകള്‍ വെറും സ്വരമോ
കടലാസിലെ വരകളോ മാത്രമാണ്. ഈ ലോകം മുഴുവന്‍ ഇത്തരം തുടര്‍സ്വരങ്ങളും
വരകളുമാണ്. അവയ്ക്ക് അര്‍ത്ഥം നല്‍കുന്നത് നമുക്കുള്ളിലെ മൌനമാണ്.
ഏത് തരത്തിലുള്ള ആസ്വദനാവും, ഓരോന്നിനും
ഉള്ളിലുള്ള ഈ മൌനത്തെ കണ്ടെത്തുകയാണ്. മുമ്പിലുള്ളതെന്തോ അതുമായി
താദാത്മ്യം പ്രാപിക്കുകയാണ്. പ്രൌഢമായ ആകാരമുള്ള ഒരു മരത്തിന്റെ മുമ്പില്‍
നിന്ന് അതിന്റെ ഗാംഭീര്യം അനുഭവിക്കുക എന്നാല്‍ എന്താണ്? എങ്ങനെയോ അതിന്റെ ശക്തി നമ്മിലേയ്ക്ക് പ്രവഹിക്കാന്‍ അനുവദിക്കുക എന്നല്ലേ അതിന്റെയര്‍ത്ഥം? ഒരു പൂവിന്റെ സാമീപ്യം നമ്മെ ആഹ്ലാദിപ്പിക്കുന്നത് എന്തുകൊണ്ടാണ്? തീര്‍ച്ചയായും, അതിന്റെ
രൂപവും ഗന്ധവും മൃദുത്വവും നിറങ്ങളുമെല്ലാം നമ്മുടെ ആത്മാവിന്റെ
ഭാഗമായിത്തീരുന്നതായി തോന്നുന്നതുകൊണ്ട്. അത് അന്യന്റെ തോട്ടത്തിലാണല്ലോ, അറുത്തെടുക്കാന്‍ എനിക്കാവില്ലല്ലോ തുടങ്ങിയ സ്വാര്‍ത്ഥചിന്തകള്‍ അലട്ടുവോളം, ഒരു
പൂവും നമ്മെ വശീകരിക്കാന്‍ പോകുന്നില്ല. എന്റെ ആത്മാവിന്റെ ഉള്ളില്‍
വിരിയാത്ത ഒരു പൂവിനേയും എനിക്ക് ആസ്വദിക്കാനാവില്ല എന്നതാണ് സത്യം.
ജീവിതത്തിലെന്നെങ്കിലും സ്നേഹത്തില്‍ നമ്മെ കുടുക്കിയ ഒരാളെപ്പറ്റിയുള്ള
ഓര്‍മ്മ നമ്മെ സുഖിപ്പിക്കുന്നത് എപ്പോഴാണ്, അല്ലെങ്കില്‍ എന്തുകൊണ്ടാണ്? ഒരുമിച്ചിരുന്നു പങ്കുവച്ച കഥകള്‍ ഓര്‍ക്കുമ്പോഴാണോ? ഇപ്പോള്‍ അവന്‍/അവള്‍ അടുത്തില്ലല്ലോ എന്ന ചിന്തയില്‍ മനസ്സ് നോവുമ്പോഴാണോ? അവന്റെ/അവളുടെ വശ്യമായ അംഗവിഹാരങ്ങള്‍ ഭാവനയില്‍ ഇക്കിളികളെ ഉണര്‍ത്തുമ്പോഴാണോ? ഒരിക്കലുമല്ല. മറിച്ച്, ഒരിക്കല്‍
അവള്‍/അവന്‍ എന്റെയാത്മാവിന്റെ മൌനതീരങ്ങളില്‍ കുളിര്‍മ്മയുടെ
സാന്നിദ്ധ്യമായിരുന്നതുകൊണ്ടാണ്. ആത്മാവുകള്‍ തമ്മില്‍ തൊട്ടറിയുന്നത്
മൌനത്തിന്റെ കരവലയങ്ങലിലാണ്, അവിടെ മാത്രമാണ്.
ഭാഷയും ചിന്തയും നമ്മെ അകറ്റുന്നു. എവിടെയും എല്ലാറ്റിലും, മൌനമാണ് ഒരുമിപ്പിക്കുന്ന ഘടകം. എന്ത് സംഭവിച്ചു, എന്ത്
സംഭവിക്കും എന്നതൊക്കെ ആത്മാവിന്റെ ലാഘവത്വത്തെ നശിപ്പിക്കുന്നു.
ആനശ്വരതയാണ് ആത്മാവിന്റെ സൌന്ദര്യം. പരസ്പരം അത് കണ്ടെത്തുന്നവരാണ്
യഥാര്‍ത്ഥ പ്രേമികള്‍. ഏറ്റുവും വലിയ സംഗീതാസ്വാദകരും അവര്‍തന്നെ.
സംഗീതത്തിന്റെ ആത്മാവെന്താണ്? വളരെ
കഴിവുള്ള ചെറുപ്പക്കാര്‍ വിസ്മയകരമായ കൃതകൃത്യതയോടെ പാടുന്നത് റിയാലിറ്റി
ഷോകളില്‍ നാം കാണുന്നു. എന്നാല്‍ അവിടെ സംഗീതം ആസ്വദിക്കപ്പെടുന്നില്ല, കേള്‍ക്കപ്പെടുന്നേയുള്ളൂ, കാണപ്പെടുന്നേയുള്ളൂ.
ഉള്ള സംഗീതത്തിന്റെ സാരാംശത്തെ മുഴുവന്‍ ചുറ്റും വിലസുന്ന ഡാന്‍സ്കാരുടെ
കാടന്‍ ചലനങ്ങളും സ്റ്റേയ്ജിലെ നിറപ്പകിട്ടും ചിതറിച്ചുകളയുകയാണ്
ചെയ്യുന്നത്. എന്തെന്നാല്‍, സംഗീതം കണ്ണിന്റെയും കാതിന്റെയും അനുഭവമല്ല, ആത്മാവിന്റേതാണ്.
ചിന്തയും കാഴ്ചയും ആത്മാനുഭവത്തെ അസ്സാദ്ധ്യമാക്കുമെന്നു പറഞ്ഞു.
സ്വരങ്ങള്‍ താളലയമായി ആത്മാവില്‍ തൊടണമെങ്കില്‍ അവ മൌനത്തില്‍
പൂണ്ടിരിക്കണം. സംഗീതത്തിന്റെ കാതല്‍ മൌനമില്ലാതെ നിലനില്‍ക്കില്ല
എന്നുതന്നെ.
ഗ്രിഗോറിയന്‍ സംഗീതം എന്തെന്ന് അറിയുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, അതില്‍
വാദ്യോപകരണങ്ങളുടെ ഉപയോഗം നന്നേ കുറവാണ്. നിറഞ്ഞൊഴുകുന്ന ഒരു നദി പോലെ
ഘനഗംഭീരമായ സ്വരങ്ങള്‍ തമ്മില്‍ ലയിച്ച് ചുറ്റും വ്യാപിക്കുന്ന അനുഭവമാണ്
അതിന്റേത്. ഇന്നും, നമ്മുടെ നാട്ടില്‍ പോലും, ഈ
ശൈലിയില്‍ ആകൃഷ്ടരായവര്‍ അതുപയോഗിച്ചുള്ള സംഗീതരചന നടത്തുന്നുവെന്ന് ഈയിടെ
പരിചയപ്പെട്ട ഒരു പാലാക്കാരന്‍ സുഹൃത്ത് വെളിപ്പെടുത്തി.* സംഗീതത്തിലെ
മൌനത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാനും എഴുതാന്‍ ശ്രമിക്കാനും അദ്ദേഹമാണ്
ഉത്തേജനമായത്.
Eckhart Tolle യുടെ Stillness Speaks എന്നൊരു
പുസ്തകമുണ്ട്.** നമ്മുടെ മനസ്സിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് രക്ഷനേടാന്‍
ഒരു വഴിയേയുള്ളൂ - പ്രകൃതിയെ കണ്ടു പഠിക്കുക - എന്നദ്ദേഹം പറയുന്നു.
ചിന്തകളുടെയും ഓര്‍മ്മകളുടെയും, ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളുടെയും സങ്കീര്‍ണ്ണസാഗരത്തില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍, പാറകളും പര്‍വ്വതങ്ങളും മരങ്ങളും മൃഗങ്ങളും ഏറ്റവും അധികം ചെയ്യുന്നതെന്തോ അത് നാമും ചെയ്യാന്‍ പഠിക്കണം - വെറുതേയിരിക്കുക, വിശ്രാന്തിയെന്തെന്നു കണ്ടെത്തുക. ഒരു കല്ലിനെയോ ചെടിയെയോ ജീവിയെയോ ശ്രദ്ധിക്കുക എന്നാല്‍, അതിനെപ്പറ്റി ചിന്തിക്കുക എന്നല്ല, വെറുതേ അതിന്റെ സാന്നിദ്ധ്യത്തെപ്പറ്റി ബോധമുണരുക എന്ന് മാത്രമാണ്. അത് മാത്രം മതി, അതിന്റെയും
നമ്മുടെയും അസ്തിത്വം ഒന്നാണെന്നും അത് തന്നെയാണ് ഉണ്മയുടെ
മഹത്വമെന്നുമുള്ള തിരിച്ചറിവുണ്ടാകാന്‍ എന്ന് റ്റോളെ എഴുതുന്നു. മൌനമായി
ഏതൊന്നിന്റെയും സാന്നിദ്ധ്യത്തെ ശ്രദ്ധിക്കുമ്പോള്‍, അതിന്റെ ഉണ്മ, ആത്മാവ്, നമ്മുടേതുമായി താദാത്മ്യം തേടുന്നു, കണ്ടെത്തുന്നു. അതിന്റെ ധന്യമായ വിശ്രാന്തി നമ്മുടേതായിപ്പരിണമിക്കുന്നു. അനന്യമായ ഒരു പാരസ്പര്യം ഉടലെടുക്കുന്നു. കാരണം, അസ്തിത്വത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി, മനുഷ്യരെപ്പോലെ, ഇവയൊന്നും യുദ്ധത്തിലല്ല, മറിച്ച്, അങ്ങേയറ്റം ഐക്യത്തിലാണ്. ആയതിനാൽ മൌനസുന്ദരമായ ഒരനുഭൂതിയില്‍ അവ നമ്മെ കൊണ്ടെത്തിക്കാൻ അവയ്ക്ക് സാധിക്കുന്നു.
അവനവനായിരിക്കുന്നതില്‍
സന്തുഷ്ടി കണ്ടെത്തുക എന്നതാണ് നാം പ്രകൃതിയില്‍ നിന്ന് പഠിക്കേണ്ടത്.
അതില്ലാത്തതാണ് മനുഷ്യന്റെ എല്ലാ വ്യഗ്രതകള്‍ക്കും കാരണം. അവന്റെ വ്യഗ്രത
മുഴുവന്‍ സ്വന്തമല്ലാത്ത ഭാവവും ഭംഗിയും അന്യര്‍ക്ക് മുമ്പില്‍ പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുക എന്നതിലാണ്. ഒരിക്കലും തീരാന്‍
സാദ്ധ്യമല്ലാത്ത കഷ്ടപ്പാട് തന്നെയാണത്. അതുകൊണ്ടുതന്നെ ആന്തരികമായ
വിശ്രാന്തിയുടെ നേരിയ അനുഭവം പോലും അത്തരക്കാര്‍ക്ക് കൈവരുന്നില്ല.
ആസ്വാദനശേഷിയുടെ ആദ്യ നിബന്ധന തന്നെ സ്വയം അംഗീകരിക്കാനാവുക എന്നതാണ്. ഒരു
നല്ല ഉദാഹരണമാണ് മനുഷ്യന്റെ ഏറ്റവും ആത്മാര്‍ത്ഥ സുഹൃത്തായ നായക്ക്
അതിന്റെ യജമാനനോടുള്ള ബന്ധം. തന്റെ എല്ലാ ശ്രദ്ധയും യജമാനന്റെ സേവനത്തിനായി
ഉഴിഞ്ഞു വയ്ക്കാന്‍ അതിനെ പ്രേരിപ്പിക്കുന്നത് അതിന്റെ സ്വായത്തമായ, ഒട്ടും സ്വാര്‍ത്ഥത കലരാത്ത, സ്നേഹവും
നന്ദിയും നിരന്തരമായ കളിഭാവവും ആണ്. യജമാനന്‍ ആകുലനോ വിഷാദിയോ സന്തുഷ്ടണോ
എന്നതൊന്നും നായയുടെ സേവനത്തെ ബാധിക്കില്ല. നല്ല ഉറക്കത്തിലും അവന്റെ
ഉള്ളില്‍ യജമാനന്റെ നന്മയാണ്, അയാളോടുള്ള
അടുപ്പവും വിശ്വാസവുമാണ് പ്രഥമം. മുറ്റത്ത് ഗാഢനിദ്രയില്‍ ആണ്ടുകിടക്കുന്ന
എന്റെ പട്ടി ഞാനുണ്ടാക്കുന്ന കാലൊച്ചയൊ മറ്റ് സ്വരമോ കേട്ടാല്‍ കണ്ണൊന്നു
തുറക്കുകയോ ചെവി കൂര്‍മ്പിക്കുകയോ ഇല്ല. എന്നാല്‍ മറ്റാരെങ്കിലുമാണ്
നടന്നടുക്കുന്നത് എങ്കില്‍ അവന്‍ ക്ഷണത്തില്‍ തിരിച്ചറിയുകയും ചെയ്യും.
അതാണ് മൗനസാന്ദ്രമായ ശ്രദ്ധയില്‍ നിന്ന് രൂപംകൊള്ളുന്ന താദാത്മ്യം.
മിക്ക മനുഷ്യര്‍ക്കും വളര്‍ത്തിയെടുക്കേണ്ട ഒരു ഗുണമാണിത്. എന്നാല്‍, മനുഷ്യനൊഴിച്ചുള്ളതിനെല്ലാം ഈ സംശുദ്ധി, ഈ
നിഷ്ക്കളങ്കത സ്വാഭാവികമാണ്. അതേ പാരസ്പര്യം കണ്ടെത്തിയ ചുരുക്കം
ചിലര്‍ക്ക് ഒന്നിനോടും ഭയമില്ലാതാകുന്നതും ശ്രദ്ധേയമാണ്. ഇതിന് ഒന്നാന്തരം
ഉദാഹരണമായിരുന്നു ചട്ടമ്പിസ്വാമികള്‍. വന്യമൃഗങ്ങളും ക്ഷുദ്രജീവികളും
അദ്ദേഹത്തിന്‍റെ സാമീപ്യം തേടിയിരുന്നു. സസ്യങ്ങളോടും മൃഗങ്ങളോടും അദ്ദേഹം
സുഹൃത്തുക്കളോടെന്നപോലെ സംസാരിച്ചിരുന്നു. വി. ഫ്രാന്‍സിസും
അങ്ങനെയായിരുന്നല്ലോ. പ്രകൃതിക്ക് പൊതുവായ ഒരു ഭാഷയുണ്ടെന്നല്ലേ ഇതിനര്ത്ഥം? വാക്കുകള്‍ ആവശ്യമില്ലാത്ത ഒരു ഭാഷ. സാന്ദ്രസുന്ദര മൌനം എന്നതിനെ വിളിക്കാം.
0 comments:
Post a Comment