അഴകും ആഴവും

http://almayasabdam.blogspot.ch/2012/11/blog-post_718.html

ഗഹനമായ വിഷയങ്ങള്‍ ഒന്നൊന്നായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന അല്‍മായശബ്ദം വാനയക്കാരുമായി, എന്തെന്നില്ലാത്ത ഒരു ചൈതന്യമായി എന്‍റെ കൊച്ചു മനസ്സില്‍  തെളിഞ്ഞു നില്‍ക്കുന്ന ഒരു ഐറണിയിലെ ഭംഗി പങ്കു വയ്ക്കാന്‍ മോഹം. വെളിപാടിന്റെ പുസ്തകത്തില്‍ നിന്നുള്ള "സൂര്യനെ വസ്ത്രമാക്കിയ സ്ത്രീ" എന്നൊരു പ്രയോഗമാണ് അതിനു നിദാനം. ഈ ക്ലാസിക് വചനം സങ്കല്‍പ്പിക്കുമ്പോള്‍തന്നെ ഉള്ളില്‍ ഒരു നിറവു തോന്നും എന്ന് ബോബിയച്ചന്‍ തന്‍റെ ഏറ്റവും പുതിയ കൃതിയില്‍ (മൂന്നാംപക്കം) പറയുന്നത് എത്ര സത്യമാണെന്ന് അത് വായിച്ച നാള്‍ മുതല്‍ എന്‍റെ മനസ്സിലുറച്ചു. പ്രകാശത്തെ വസ്ത്രമാക്കുക! ഇതിലും ആഴത്തില്‍ ഒരു കാര്യം ഭാഷയിലൂടെ എങ്ങനെ പറയാനാവും?

ഒളിഞ്ഞിരിക്കുന്നതിനെ വെളിപ്പെടുത്തുന്നതാണ് പ്രകാശം. പ്രകാശത്തെ വസ്ത്രമാക്കുകയെന്നാല്‍, അതിനര്‍ഥം ഒളിഞ്ഞിരിക്കുന്നതൊന്നും അവിടെ ഇല്ലെന്നുള്ളതിന്‍റെ ഏറ്റവും സുതാര്യമായ സ്ഥിരീകരണം തന്നെയാണ്. എപ്പോഴാണ് സ്ത്രീ ഏറ്റവും വശ്യയും സുന്ദരിയുമാകുന്നത്? തീര്‍ച്ചയായും, പുരുഷനല്ലാതെ വേറൊരുടയാടയും അവള്‍ക്കില്ലാതിരിക്കുമ്പോള്‍.. എന്നാല്‍ ആഴമുള്ള പുരുഷന്‍ ഉടയാടകള്‍ക്ക് അപ്പുറത്തേയ്ക്ക് കാണുന്നു. അതുകൊണ്ടാണ് സന്യാസിനിയുടെ കട്ടിയുള്ള ഉടുപ്പുകൊണ്ട് മൂടിയിരുന്ന ക്ലാരയെ കാണുമ്പോള്‍ ഫ്രാന്‍സിസ് പറയുമായിരുന്നു, ദൈവത്തിന്‍റെ കളങ്കരഹിതമായ സൃഷ്ടി എന്ന്. ഒരു പുരുഷന്റെ ആഴത്തിനിനു പിറകെ ഓടിയിറങ്ങിയ സ്ത്രീയിലെ അഴകിന്‍റെ ഉത്തമോദാഹരണങ്ങളാണ് മഗ്ദലെനയും ക്ലാരയും.

എന്നാല്‍, അഴകും ആഴവും രണ്ടാണോ? ദൈവത്തിന്‍റെ കരങ്ങള്‍ പുറത്തുകൊണ്ടുവന്ന അവസാനത്തേതും ഏറ്റവും കലാപരവുമായ സൃഷ്ടി സ്ത്രീയായിരുന്നുവെന്ന് ഉല്പത്തി പുസ്ത്തകം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സ്ത്രീയുടെ അഴകിനെ വെല്ലുന്നതൊന്നും ഈ ഭൂമിയിലില്ല എന്നുതന്നെയാണ് എല്ലാ പുരുഷന്മാരും അതിനെ മനസ്സിലാക്കേണ്ടത്. എന്നാല്‍ അവള്‍ക്ക് ആഴം നല്‍കാന്‍ പുരുഷന്‍ വേണമെന്ന് സ്ത്രീയും അറിഞ്ഞിരിക്കണം. സൃഷ്ടിയിലേയ്ക്ക് കണ്ണ് തുറന്ന സ്ത്രീ കണ്ടത് അവളുടെ ലോലമായ വശ്യതക്ക് ആഴമേകാന്‍ ഒരു പുരുഷന്‍ അവിടെയുണ്ട് എന്നാണ്. പക്ഷേ, അതിനവള്‍ അവനെ അനുവദിക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഒരു പുരുഷനെ തകര്‍ക്കാനും ഏതു സ്ത്രീക്കും നിഷ്പ്രയാസം സാധിക്കും - തന്നിലെ അഴകിനെ അവനില്‍ നിന്ന് ഒളിപ്പിച്ചാല്‍ മാത്രം മതി. അവയെ ആസ്വദിക്കാന്‍ അവനെ അനുവദിക്കാതിരുന്നാല്‍ മതി. എന്നാല്‍ ആസ്വദിക്കപ്പെടാത്ത അഴക്‌ കെട്ടുപോകും എന്നറിയാത്ത സ്ത്രീകള്‍ ദൈവത്തിനു തന്നെ അപമാനമാണ്. കാരണം, അവിടുത്തെ ഏറ്റവും വലിയ കലാസൃഷ്ടി അപ്പോള്‍ വൃഥാവിലാവുകയാണ്. 

ശരീരത്തേക്കാള്‍ പ്രധാനം അതിനെ മൂടുന്ന തുണികളും ആഭരണങ്ങളും ആണെന്ന തെറ്റായ ധാരണ നമ്മുടെ ആള്‍ക്കാര്‍ ഒരു വിശ്വാസം പോലെ കാത്തുസൂക്ഷിക്കുന്നു. ഒരിക്കലും നിലക്കാത്ത പരസ്യങ്ങള്‍ അവയെ ഊട്ടിപ്പോറ്റുന്നു. മനുഷ്യരെ ചൂഷണം ചെയ്തുകൊണ്ടിരിക്കാന്‍ വ്യവസായികള്‍ക്ക് വേണ്ടത് ഈ വിശ്വാസമാണ്. സ്ത്രീകള്‍ ബാഹ്യമായവയില്‍ ആകൃഷ്ടരായി സ്വന്തം അഴകിനെ മറക്കുന്നതാണ് എല്ലാ പീഡനങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും ദാമ്പത്യക്ഷുദ്രതക്കും തകര്‍ച്ചക്കും കാരണമാകുന്നത്. മാര്‍ത്താ, മാര്‍ത്താ, നിന്റെ വ്യര്‍ഥ വ്യഗ്രതകള്‍ മറന്നിട്ട്, മറിയം ചെയ്യുന്നത് ശ്രദ്ധിക്കൂ, യേശു പറഞ്ഞു. അവള്‍ എന്‍റെയടുത്തിരുന്ന് അവളുടെയഴകിന് ആഴം കൂട്ടുന്നത്‌ കണ്ടു പഠിക്കൂ.

പാട്ടായാലും പ്രാര്ത്ഥനയായാലും കലയായാലും ഭക്ഷണമായാലും രുചിച്ചറിയാതെ ആസ്വദിക്കാനാവില്ല. ഒരിക്കലും നഷ്ടബോധം തോന്നുകയില്ലാത്ത ഒരു യുറ്റ്യൂബ് വീഡിയോ ആസ്വദിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.  
http://www.youtube.com/watch?v=gXDMoiEkyuQ

എപ്പോഴുമെന്നും നമ്മുടെ മുന്നില്‍തന്നെയുള്ള പ്രാകൃതിക സൌന്ദര്യങ്ങള്‍ കാണാനും രുചിക്കാനും അവയെപ്പറ്റി നിതാന്ത നന്ദിയോടെ ജീവിക്കാനും വേണ്ട ചില പ്രാഥമിക പാഠങ്ങള്‍ അവിടെയുണ്ട്. അഴക് അതിന്‍റെ ഏറ്റവും ആഴത്തില്‍ എപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിലെത്രമാത്രം ശരിക്കും നമ്മുടേതാകുന്നുണ്ട്?

ഹിരണ്മയം സത്യം

സത്യബോധം ശാന്തമായ നിസ്സംഗതയിലേയ്ക്കു കൊണ്ടെത്തിക്കും എന്ന കുറിപ്പ് വായിച്ച ഒരു സുഹൃത്ത് എഴുതിച്ചോദിച്ചു: "നമ്മുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച്, സത്യത്തിന്റെ മുഖവും മാറുകയില്ലേ? എപ്പോഴും ആയിരിക്കുന്നത് തന്നെയാണ് സത്യം എന്നു പറയുമ്പോള്‍, അത് മുഴുവന്‍ സത്യമാണോ?"

ഇതിനെങ്ങനെ ഒരുത്തരം പറയാം എന്നാലോചിച്ചിരിക്കേ, ഒരു വീഡിയോഫിലിം കാണാനിടയായി. വാനനിരീക്ഷണത്തില്‍ അല്പം താത്പര്യമുള്ളതുകൊണ്ട്, ഇത്തരം കാര്യങ്ങള്‍ ഇടയ്ക്ക് അയച്ചു തരുന്ന ഒരു ലിങ്ക് (One-minute Astromoner) ഉണ്ട്. പരാമൃഷ്ട ഫില്മിന്റെ ലിങ്കിതാ:
http://www.oneminuteastronomer.com/6992/video-solar-eclipse-november-13-2012/

അതില്‍ കാണുന്നത് നവംബര്‍ 13, 2012 ല്‍ സംഭവിച്ച സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. ഓസ്ട്രേലിയയുടെ വടക്കും തെക്ക് കിഴക്കന്‍ പസിഫിക് ഭാഗത്തും ഉള്ളവര്‍ക്ക് മാത്രമേ ഇത് ദൃശ്യമായിരുന്നുള്ളൂ. ഏറെ നേരംകൊണ്ട് സംഭവിച്ചത് സ്പീഡ് കൂട്ടിയാണ് ഫില്മില്‍ കാണിക്കുന്നത്. ആദ്യം തേങ്ങാപ്പൂള് പോലുള്ള ചന്ദ്രന്‍ സാവധാനം സൂര്യനെ മറച്ചുതുടങ്ങുന്നു. പൂണ്ണമായി മറയ്ക്കുമ്പോഴേയ്ക്ക് ക്വീന്‍സ് ലാന്റില്‍ നിന്ന് ഇരുള് ന്യൂസീലാന്റിലേയ്ക്ക് വ്യാപിക്കുന്നുണ്ട്. ഇത് നമ്മള്‍ കാണുന്നില്ല, പക്ഷേ, എഴുതിക്കാണിക്കുന്നുണ്ട്. സൂര്യനെ പൂര്‍ണ്ണമായി മറച്ച്, മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ ഇരുട്ടാക്കിയ ശേഷം, വീണ്ടും ചന്ദ്രന്‍ നീങ്ങിപ്പോകുമ്പോള്‍, പഴയതുപോലെ പ്രകാശം വന്നെത്തുന്നു.

ഈ ഉദാഹരണം നിത്യസത്യത്തെയും നമ്മുടെ ചെറുബുദ്ധികൊണ്ടുള്ള അതിന്റെ അല്പസ്വല്‍പ്പമായ ഗ്രാഹ്യത്തെയും താരതമ്യപ്പെടുത്താന്‍ പരാപ്തമായി എനിക്ക് തോന്നി. മഹാപ്രപഞ്ചത്തില്‍ കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഗോളങ്ങള്‍ തമ്മില്‍ നടക്കുന്ന പ്രതികരണങ്ങളില്‍ ഒരു മാറ്റവും ഇല്ലാതിരിക്കുമ്പോളും നമ്മുടെ കോണില്‍ നിന്ന് കാണുമ്പോള്‍, ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നതും വീണ്ടും തുറക്കുന്നതുമൊക്കെ സത്യമെന്ന് നാം കരുതുന്നു. അതെന്നാല്‍ ആകാശഗംഗയുടെ ഒരു വശത്തുനിന്നുകൊണ്ടുള്ള നമ്മുടെ പാര്‍ശ്വവീക്ഷണത്തിന്റെ ഫലമാണ്. അതില്‍ ഒരു സത്യവുമില്ല. നാം തേങ്ങാപ്പൂള് പോലെ കാണുമ്പോഴും, ചന്ദ്രന്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ തന്നെ വിഹായസില്‍ ഉണ്ടല്ലോ. പരമസത്യം ഇതുപോലെയാണ്. അതില്‍ ആദിയും അന്തിയും ഇടവേളകളുമില്ലാതെ ഒരേ അവസ്ഥയായിരിക്കുമ്പോളും അല്പനായ മനുഷ്യന്‍ അതിന്റെ ഒരംശം കാണാനിടവരുമ്പോള്‍ അതിന്റെ പ്രഭയാല്‍ ബോധമറ്റ്‌ വീഴുന്നു.

1920ല്‍ എഡ്വിന്‍ ഹബ്ള്‍ കണ്ടുപിടിച്ച തത്ത്വമാണ്, സൌരയൂഥങ്ങള്‍ നമ്മളില്‍ നിന്ന് എല്ലാ വശങ്ങളിലേയ്ക്കും അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നത്. Hubble’s Lawഅനുസരിച്ച്, 13.7 billion വര്‍ഷം മുമ്പ് നടന്ന ബിഗ്‌ ബാംഗ് മുതല്‍ നമ്മുടെ പ്രപഞ്ചം ഇങ്ങനെ വികസിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍, ആരെവിടെനിന്നു നോക്കിയാലും അത് പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദുവില്‍ നിന്നായിരിക്കും. പക്ഷേ, കാണുന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തവും.

ഇപ്പറഞ്ഞതുമായി അകന്ന ബന്ധമേ ഉള്ളൂവെങ്കിലും, ആദ്യ സ്ഫോടനത്തെയും പ്രപഞ്ചത്തില്‍ എന്തും ഏതും എപ്പോഴും മദ്ധ്യത്തിലാണെന്ന ശാസ്ത്രതത്ത്വവും ഗഹിക്കാന്‍ സഹായിക്കുന്ന ഒരു ലിങ്ക് കൂടി, താത്പര്യ മുള്ളവര്‍ക്കുവേണ്ടി, കുറിക്കുന്നു.
http://www.oneminuteastronomer.com/6949/where-is-the-center-of-the-universe/#more-6949

ശാന്തമായ നിസ്സംഗത, സമാശ്വസിപ്പിക്കുന്ന ശാന്തി

എന്താണ് സത്യം എന്ന് പീലാത്തോസിന് മുമ്പും പിന്‍പും മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അയാളെപ്പോലെ തന്നെ ഒരുത്തരത്തിനായി അല്പം കാത്തിരുന്നു ശ്രദ്ധിക്കാന്‍ മാത്രം ക്ഷമയില്ലാത്തവരാണ് ഏറെയും. പക്ഷേ, കാത്തിരുന്നാല്‍ വന്നെത്തുന്ന ഒന്നല്ല സത്യം. അതിനൊരു കാരണം, സത്യം എന്നേ വെളിപ്പെടുത്തപ്പെട്ടു കഴിഞ്ഞു എന്നതാണ്. സംഗതി അല്പം താത്ത്വികമായിട്ടേ പറഞ്ഞുപിടിപ്പിക്കാനാവൂ. അതായത്, സത്യം എന്നത് അസ്തിത്വം തന്നെയാണ്. അത് ഉണ്ടായിക്കൊണ്ടിരിക്കുന്നതല്ല, എന്നും ഉള്ളതാണ്. അസ്തിത്വത്തെ സത്യവുമായി അഭേദ്യപ്പെടുത്തി വിചാരിക്കുമ്പോള്‍ പ്രപഞ്ചത്തെപ്പറ്റി ശാസ്ത്രം നിഗമിച്ചെടുത്തിട്ടുള്ള moment of singularity എന്നൊന്ന് ഇല്ലതന്നെ. ദൈവം എന്ന സാര്‍വത്രിക ശക്തി അനാദിയായിരിക്കുന്നതുപോലെ തന്നെ സത്യവും അനാദിയാണ്. ആ അസ്തിത്വം കാലത്തിനു മുമ്പുള്ളതാണ്‌. കാലത്തില്‍ കഴിയേണ്ടിവരുന്ന മനുഷ്യബുദ്ധിക്കാകട്ടെ, അനന്തതയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന അതിന്റെ കിരണങ്ങളെ ഉള്‍ക്കണ്ണുകൊണ്ട് ഇടയ്ക്കിടയ്ക്ക് തിരിച്ചറിയുക മാത്രമാണ് സാദ്ധ്യമാകുക.


സത്യമെന്നത് (അസ്തിത്വം) സമയത്തിനപ്പുറത്തുള്ളതും നിത്യവുമായതിനാല്‍, അതിനിപ്പുറത്ത് എത്ര പ്രപഞ്ചങ്ങളുണ്ടോ അവയൊക്കെയും നമ്മെപ്പോലെ മിഥ്യാസ്തിത്വങ്ങള്‍ മാത്രമാണ്. സത്യം അറിയുക എന്നതുകൊണ്ട്‌ മനസ്സിലാക്കേണ്ടത് ഇത്രമാത്രം. അനന്തത വരെ ഒന്നും പുതുതായി സംഭവിക്കുന്നില്ല. നാമനുഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ ചെറുതും വലുതുമായ ഓരോ കാര്യവും പണ്ടുപണ്ടേ സംഭവിച്ചതിനെ ഓര്‍ത്തെടുക്കുക മാത്രമാണ്. അതുകൊണ്ട് ഒന്നിനും ഒരിക്കലുമൊരു മാറ്റവുമൊട്ട് ഉണ്ടാകുന്നുമില്ല. "ഓ, അതപ്പോള്‍ അങ്ങനെയാണ്, അല്ലേ" എന്ന ശാന്തമായ നിസ്സംഗതയാണ് സത്യത്തെ ഓരോ നിമിഷവുമറിയുക എന്നതുകൊണ്ട്‌ മനസ്സിലാക്കേണ്ടത്. നടക്കേണ്ടിയിരുന്നത് നടന്നില്ലെന്നും നടക്കരുതാത്തവ നടന്നെന്നുമൊക്കെ നമ്മള്‍ വിധി കല്പ്പിക്കുമ്പോള്‍, സത്യത്തെ അറിയുന്നതിന് പകരം നമ്മള്‍ സത്യത്തെ മോടി പിടിപ്പിക്കാന്‍ ഉദ്യമിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, എന്ത് സംഭവിക്കുമ്പോളും, സംഭവിച്ചു കഴിഞ്ഞതിനെത്തന്നെ നമ്മള്‍, സമയമെന്ന കണ്ണാടിയില്‍ വീണ്ടും ഒന്ന് കാണുക മാത്രമാണ്, ഒന്നും മാറ്റിമാറിക്കപ്പെടുന്നില്ല എന്നതാണ് സാരം. ഇത്രയും അംഗീകരിക്കാനായാല്‍, നിതാന്ത ശാന്തിയാണ് ഫലം.

ചുരുക്കിക്കുറിക്കട്ടെ: നിത്യമായത് ഉണ്ടെന്നും, സാരമായതെല്ലാം നിത്യമാണെന്നും അറിഞ്ഞുകഴിഞ്ഞാല്‍, അതാണ്‌ എല്ലാം. അറിവും അറിയുന്നവനും ഒന്നാകുന്ന അദ്ഭുതം അതാണ്‌. ഈ അറിവാകട്ടെ, ശാസ്ത്രം തരുന്നതല്ല, മറിച്ച്, ആത്മാവിന്റെ ഉണ്മതന്നെയാണ്.

ആശയപരമായി വിശദീകരിച്ചാല്‍, ഇത് ദ്വന്ദ്വം ഇല്ലാതിരിക്കുക എന്ന അവസ്ഥയാണ്. അത് ശാസ്ത്രത്തിന് ഒരിക്കലും സ്വീകാര്യമല്ല. കാരണം, കാര്യകാരണങ്ങള്‍ മാറ്റിവച്ചിട്ട് അതിനൊന്നും ചെയ്യാനാവില്ല. ഏതു കാരണത്തിനും ഒരു മുന്കാരണം വേണമെന്ന യുക്തി നിലനില്‍ക്കുവോളം, ആദികാരണം എന്നത് അശാസ്ത്രീയമാണ്. "ആയിത്തീരട്ടെ എന്ന് ദൈവം സങ്കല്പിച്ചപ്പോള്‍ അങ്ങനെയായി" എന്ന് ഉപനിഷത്തിലും ബൈബിളിലും കാണുന്നിടത്ത് ആദികാരണത്തെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ മുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത് അതിനുമപ്പുറത്താണ്: കാരണസത്തയില്‍ നിന്ന് ഭിന്നമായി ഒരു കാര്യസത്തയും ഇല്ലെന്നുള്ള സ്ഥിരീകരണമാണ് സത്യത്തിന്റെ ഉള്ള്. അത് കണ്ടെത്തുന്നതാണ് ഒരിക്കലും ഒന്നുകൊണ്ടും ഹനിക്കപ്പെടാത്ത ശാന്തിക്ക് നിദാനം.

ശ്രീമാന്‍ അച്യുദാനന്ദനും ശ്രീമാര്‍ ആലഞ്ചേരിയും

മറ്റു തൊങ്ങലുകളൊന്നും  ചേര്‍ക്കാതെ തന്നെ ഇവര്‍ രണ്ടും ആരെന്ന് വായിക്കുന്നവര്‍ക്കറിയാം. പക്ഷേ, ഇവരുടെ പേരുകള്‍ ഒരുമിച്ചു പറയുക എന്നത് ദൂഷണമായി കാണുന്നവര്‍ വളരെയുണ്ടാവാം. ഈ പേരുകള്‍ എടുത്തുപയോഗിക്കുമ്പോഴും രണ്ടു വ്യക്തികളെ എന്നതിലുപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന രണ്ട് പ്രസ്ഥാനങ്ങളെ മനസ്സില്‍ വച്ചുകൊണ്ടാണ് ഇതെഴുതുന്നത്. സത്യത്തില്‍, ആരുടേയും പ്രതിച്ഛായയെ തകര്‍ക്കാനല്ല, മറിച്ച്, കത്തോലിക്കാസഭക്ക് ഭൂഷണമായി ഭവിക്കും എന്ന് വിചാരിച്ചുകൊണ്ടു തന്നെയാണ് ഈ കുറിപ്പിന് മുതിരുന്നത്.

കേരളക്കരയിലെ സഭയെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും തമ്മില്‍ താരതമ്യപ്പെടുത്തി പലരും പലപ്പോഴും എഴിതിയിട്ടുണ്ട്. ഞാനും. ഇരു പ്രസ്ഥാനങ്ങളുടെയും അവയെ നയിക്കുന്നവരുടെയും സമാനതകള്‍ ഏറെയാണ് എന്നത് ഒരു തുറന്ന സത്യമാണ്. സത്യം എങ്ങനെയും വെളിച്ചത്തുവരും, അതിനായി ആരുമൊന്നും ചെയ്തില്ലെങ്കിലും.

സഭയുടെ പ്രാരംഭവും രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം അവള്‍ രാജകീയപ്രൌഢികളെ ആശ്ലേഷിച്ച് യേശുവിന്റെ വഴികളില്‍ നിന്ന് അകന്നു പോയതും, കാലാന്തരത്തില്‍ യൂറോപ്പില്‍ അവളുടെ ആത്മീയവും ഭൌതികവുമായ അധീശത്വം നഷ്ടപ്പെട്ടതും ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞുതന്നിട്ടുള്ള കഥയാണ്‌. ഇതെല്ലാമറിയാമായിട്ടും ഭാരതത്തിലെ സഭ സമയോചിതമായ ആത്മശോധനക്കോ കാര്യപ്രസക്തമായ നവീകരണങ്ങള്‍ക്കോ യാതൊരു സന്നദ്ധതയും കാണിക്കുന്നില്ല എന്നത് പരിതാപകരമാണ്. സഭയെ സംബന്ധിക്കുന്നിടത്തോളം ഈ പോക്ക് ആത്മഹത്യാപരവുമാണ്.
 
സോവിയറ്റ് കമ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ലക്ഷ്യം ഉപേക്ഷിക്കുകയും പാര്‍ലമെന്ററി ജനാധിപത്യം തങ്ങളുടെ ലക്ഷ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു മാറ്റം ഇന്ത്യയില്‍ പ്രാവര്‍ത്തികമായിട്ടുള്ള ഇടതുപക്ഷരീതികള്‍ക്ക് ആവശ്യമാകുന്നില്ലെങ്കിലും തങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ ഒരു മാറ്റവും ആവശ്യമുള്ളതായി ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍ക്ക് തോന്നിയിട്ടില്ല. പ്രത്യയശാത്രകാഴ്ചപ്പാടില്‍ അവര്‍ ഇപ്പോഴും അണികളുടെ മുമ്പില്‍ സവ്വാധിപത്യം തന്നെയാണ് തങ്ങളുടെ ലക്ഷ്യമായി കൊണ്ടുനടക്കുന്നത്. ഇതുവരെയുള്ള ശീലത്തിന്റെ ഫലമായി, അണികളില്‍ ഏറിയ ഭാഗത്തിനും തങ്ങളുടേതായ വിചിന്തനങ്ങളോ ആഗ്രഹങ്ങളോ ജനിക്കാന്‍ അനുവദിക്കാത്ത അത്ര അടിമത്തത്തിലാണ് അവര്‍ കഴിയുന്നത്‌. സാധിക്കുന്നിടത്തെല്ലാം തനി സ്റ്റാലിനിസ്റ്റ് കോപ്പികളായ തങ്ങളുടെ പ്രാദേശിക മൂപ്പന്മാരെ പിന്തുടരുക, അവര്‍ക്ക് "കീജെയ്" വിളിക്കുക എന്നതില്‍ കവിഞ്ഞൊന്നും അവരെക്കൊണ്ടാവില്ല തന്നെ. ഇതേ പ്രവര്‍ത്തന ശൈലിയിലാണ് മതനേതൃത്വവും വിശ്വാസികളായ ആട്ടിന്‍കൂട്ടങ്ങളെ നയിക്കുന്നത്. വിശ്വാസകാര്യങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ വിഷയങ്ങളിലും പോലും തനതായ ചിന്തകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത സ്ഥിതിവിശേഷമാണ് ഇന്നും സഭയിലുള്ളത്.

പാര്‍ട്ടിയില്‍ അംഗമായിരുന്നുകൊണ്ട്, തന്റേതായ മറ്റു വിധത്തില്‍ മുന്നോട്ടു പോകാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട അച്യുദാനന്ദന്‍ നാണംകെട്ടാണെങ്കിലും തന്റെ പിന്തിരിപ്പന്‍ (പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍) നടപടികളെപ്പറ്റി മാപ്പുപറയാന്‍ വരെ തയ്യാറായി. എതാണ്ടിതുപോലെ മാത്രമേ സഭയുടെ ഇടക്കിടക്കുള്ള മാപ്പുപറയലിനും അര്‍ത്ഥമുള്ളു. തല്ക്കാലത്തേയ്ക്ക് സ്വയം രക്ഷിക്കുക. കൈയും മുഖവുമൊന്നു കഴുകുക. കാരണം, ഇതെല്ലാം കഴിഞ്ഞും ഒരതിരുമില്ലാത്ത സാമ്പത്തിക, ലൈംഗിക ക്രമക്കേടുകളില്‍ മുങ്ങിക്കിടക്കുകയാണ് ഇന്നത്തെ സഭ. വത്തിക്കാനില്‍ ഒരു പോപ്പിന് ശേഷം മറ്റൊരാള്‍ സഭ ചെയ്തുകൂട്ടിയ അക്രമങ്ങള്‍ക്ക് ലോകത്തോട്‌ മാപ്പ് പറഞ്ഞു മടുത്തു. എന്നാല്‍ അതേ നികൃഷ്ടകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇന്ത്യയിലും ഇത് തന്നെ സംഭവിക്കുന്നു. ആത്മപാലകരില്‍ വിശ്വാസികള്‍ക്കുണ്ടായിരുന്ന എല്ലാ വിശ്വാസവും ബഹുമാനവും ഒന്നിനൊന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപചയങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നിട്ടും കുറ്റവാളികളെ നിയന്ത്രിക്കാനോ, തങ്ങളുടെ കഴിവുകേടിനെ ഏറ്റുപറയാനോ ഉള്ള എളിമയോ ആത്മധൈര്യമോ ഒരു മെത്രാനും ഇതുവരെ ഉണ്ടായിട്ടില്ല. തന്നെയല്ല, ചേരിപ്പോരുകള്‍ക്ക് പല സഭാവിഭാഗങ്ങളിലും ഒരു കുറവുമില്ല താനും.

അധികാരം കയ്യാളുന്ന ഒരു പാര്‍ട്ടിയുടെ നേതാക്കളും അനുയായികളും അധികാരദുര്‍വിനിയോഗത്തിലേയ്ക്കും അഴിമതിയിലേയ്ക്കും വഴുതിവീഴാന്‍ എമ്പാടും ഇടയുണ്ടെന്ന് കണ്ടിട്ടും അനുഭവിച്ചിട്ടും അത് തടയാന്‍ യാതൊരു ശ്രദ്ധയും ശ്രമവും ഇരു പ്രസ്ഥാനങ്ങളുടെയും നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് കേരളത്തിലെ ഇന്നത്തെ പരിതാപകരമായ അവസ്ഥ. തന്നെയല്ല, സ്വന്തം സ്ഥാനമാനങ്ങളെ സ്ഥിരീകരിച്ചുറപ്പിക്കാന്‍ വേണ്ടുന്നതൊക്കെ ഇവര്‍ സമയാസമയത്ത് കരുതി വയ്ക്കുന്നുണ്ട്‌ താനും.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ച ആദര്‍ശമേന്മയോ പ്രതിരോധമനസ്സോ ഒന്നും സ്വര്‍ണ്ണത്താലത്തില്‍ അധികാരം വച്ചുകൊടുത്തപ്പോള്‍ അച്യുദാനന്ദന് ഇല്ലാതെപോയി. മാര്‍ ആലഞ്ചേരി സഭയുടെ ഉന്നതാധികാരത്തില്‍ എത്തിയപ്പോള്‍, വളരെ ക്രിയാത്മകമായ ഇടപെടലുകള്‍ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പകരം, ഏത്  മുന്‍ഗാമികളെയും പോലെ റോമായാത്രയും ഫോട്ടോയ്ക്ക് പോസ്സും മാത്രമായി അദ്ദേഹത്തിന്‍റെ സേവനവും തരംതാഴ്ന്നുപോയി. അധികാരവും സമ്പത്തും വിട്ടൊഴിയാന്‍ പുരോഹിതശ്രേണി അണുപോലും സന്നദ്ധമല്ലതാനും. അവരുടെ പൊയ്മുഖങ്ങളുടെ തണലില്‍ കഴിയുന്ന കുഞ്ഞാടുകള്‍ ഇപ്പോഴും മതതീവ്രതയുടെ കൂച്ചുവിലങ്ങില്‍ തന്നെ. അവരില്‍ ഏറിയ ഭാഗവും പരമ്പരാഗതമായി സ്വന്തം തലച്ചോര്‍ ഉപയോഗിക്കാന്‍ ത്രാണിയില്ലാത്തവര്‍ ആയിപ്പോയതിനാല്‍, ക്രിസ്തീയതയുടെ ചില തുരുത്തുകളില്‍ നിന്നും വീശുന്ന, യേശുവിന്റെ തനിമയെ ആശ്ലേഷിക്കാനും സ്വയം തിരുത്തലിനുമുള്ള ആഹ്വാനങ്ങളെ തന്റെടത്തോടെ സ്വാഗതം ചെയ്യാന്‍ പൊതുവേ അവര്‍ക്ക് ധൈര്യമുണ്ടാകുന്നില്ല.

അധികാരത്തിലെത്തുമ്പോള്‍ ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പോലെ സഭാധികാരവും ഫാസിസ്റ്റ് ശെലിയിലേയ്ക്കാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് ആര്‍ക്കും കാണാവുന്ന സത്യമാണ്. ഇത്തരം അധികാരവര്‍ഗ്ഗത്തിന്റെ മൂല്യസംഹിതകള്‍ ഒരിക്കലും സുവിശേഷത്തിന്റെ പാഠങ്ങളുമായി ഒത്തുപോകില്ല. സുഖലോലുപരായ ഇടയന്മാര്‍ ദരിദ്രരായ ബഹുപൂരിപക്ഷത്തോട് എങ്ങനെ യേശുവിന്റെ സദ്‌വാര്‍ത്ത പ്രഘോഷിക്കും? പക്ഷേ, ഇനിയും അധികദൂരം കബളിക്കപ്പെട്ടു കഴിയാന്‍ ജനം ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. ബുദ്ധിയുപയോഗിച്ചും നല്ല വിശ്വാസികളും നല്ല മനുഷ്യരുമായി ജീവിക്കാമെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.

തന്റെ ബോധ്യങ്ങള്‍ക്കനുസാരം കാര്യങ്ങള്‍ നീക്കാന്‍ താനിടപെട്ട എല്ലായിടത്തും പാര്‍ട്ടിയിലെ മല്ലന്മാര്‍  വിലങ്ങുതടിയായപ്പോള്‍, കേരളത്തിലെ ധാരാളം നല്ല മനുഷ്യര്‍ ആഗ്രഹിച്ചു, അച്യുദാനന്ദന്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ഒരു നീതിമാനായി ജനസമക്ഷത്തേയ്ക്ക് തിരിച്ചുചെല്ലുമെന്ന്. അതുണ്ടായില്ല. വെറുതേ തന്റെയും അതിലുപരി കേരളത്തിന്റെയും അഞ്ചു കൊല്ലം അദ്ദേഹം പാഴാക്കിക്കളഞ്ഞു. തനിക്കു യേശുവിന്റെ മനസ്സിന്റെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍, മാര്‍ ആലഞ്ചേരി, യേശുവിനെപ്രതി, താനെല്ലാര്‍ക്കും മീതെയാണെന്നു പ്രഖ്യാപിക്കുന്ന തന്റെ തങ്കക്കിരീടം ധരിക്കാന്‍ വിസമ്മതിക്കുകയെങ്കിലും ചെയ്യുമെന്ന് നിഷ്ക്കളങ്കരായ കുറേ യേശുസ്നേഹികളെങ്കിലും കൊതിച്ചു. അച്യുദാനന്ദന്റെ അഞ്ചു വര്‍ഷങ്ങള്‍ക്കു പകരം മുന്നോട്ടുള്ള തന്റെ ശിഷ്ടജീവിതം മുഴുവന്‍ ശ്രീ മാര്‍ ആലഞ്ചേരിക്കു ബാക്കിയുണ്ട്. ഒന്നുകില്‍ അത് മുഴുവന്‍ കളഞ്ഞു കുളിക്കാം. അല്ലെങ്കില്‍ താന്‍ യേശുവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തെളിയിക്കാം. അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ, ആവോ!    

വഴിയാണ് ലക്ഷ്യം


അല്‍മായശബ്ദത്തിന്റെ സത്യജ്ജ്വാല മാസിക വായിക്കാന്‍ കൊടുക്കുമ്പോള്‍ ചില സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്, എന്താ ചേട്ടാ, ഇതുകൊണ്ടൊക്കെ ഗുണം? ആരെങ്കിലുമുണ്ടോ ഇത് വായിച്ച്  മാറാന്‍ പോകുന്നു? മാറുമോ ഇല്ലയോ എന്ന് ചിന്തിക്കാന്‍ പോയാല്‍ ഒന്നും ചെയ്യാന്‍ തോന്നുകയില്ല. ശരിയെന്നു തോന്നുന്നത് ചെയ്യുക എന്നതാണ് കാര്യം. അതിനപ്പുറത്ത് ഒരു ലക്ഷ്യവും ആവശ്യമില്ല എന്നാണ് ഗീതാസാരം. പുറത്തൊരു ലക്ഷ്യമുള്ളപ്പോള്‍ നാം നമ്മെതന്നെ ആശ്രയിക്കുകയാണ്. അവിടെ, വിജയമോ തോല്‍വിയോ എന്നതിനുത്തരവാദി നമ്മള്‍ തന്നെ ആയിരിക്കും. അതിലും എത്രയോ ലളിതവും സുന്ദരവുമാണ് ലക്ഷ്യവും ആ ലക്ഷ്യത്തിലേയ്ക്കുള്ള വഴിയും ഒന്നാവുകയാണെങ്കില്‍. ഉദാഹരണത്തിന്, ആരോഗ്യം കാംക്ഷിച്ചോ, അതല്ല, വെറും ഒരു രസത്തിനു വേണ്ടിയോ നടക്കാന്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കുക - ഇത്രടം വരെ പോയി വരണം എന്ന ചിന്ത മനസ്സിലുള്ളതിലും ആസ്വാദ്യകരമായി നടത്തം അനുഭവപ്പെടുന്നത്, ങാ, മടുക്കുമ്പോള്‍ തിരിച്ചേക്കാം എന്ന സ്വാതന്ത്ര്യത്തോടെ പോകുമ്പോഴാണ്. താത്ത്വികമായി പറഞ്ഞാല്‍, ഇവിടെ വഴിയാണ് ലക്‌ഷ്യം. അതിനപ്പുറത്തേയ്ക്ക് മനസ്സ് പോകുന്നേയില്ല. അപ്പോള്‍ പുറത്തല്ല, ലക്ഷ്യം അകത്തുതന്നെയുണ്ട്‌. എന്നാല്‍, മനസ്സിനെ ഒരു ലക്ഷ്യത്തില്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ സംഭവിക്കുന്നതോ? അപ്പോള്‍, അവിടെയെത്താത്ത ഏതു പ്രവൃത്തിയും പാഴ്വേലയുടെ വിമ്മിട്ടത്തെയുണ്ടാക്കി മനസ്സിനെ അസ്വസ്ഥമാക്കുന്നു. നേരെ മറിച്ച്, വഴി തന്നെ ലക്ഷ്യമായാല്‍, അതിനര്‍ത്ഥം, ഓരോ കാല്‍വയ്പ്പിലും നാം ലക്ഷ്യത്തിലാണെന്നാണ്. തുടക്കംമുതല്‍ ലക്‌ഷ്യം നമ്മെ ഉള്‍ക്കൊണ്ടുകഴിഞ്ഞു എന്നാണ്; എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ, നമ്മെ സംബന്ധിച്ചിടത്തോളം, നമ്മള്‍ എത്തേണ്ടിടത്താണ് എന്നാണ്.
  
ജീവിതത്തിന്റെ ഏതു തുറയിലും അനാവശ്യമായ മാനസികാസ്വാസ്ഥ്യങ്ങളെ പാടേ ഉത്മൂലനം ചെയ്യുന്ന ലാളിത്യത്തിന്റെയും സന്തുഷ്ടിയുടെയും  ഈ കലാകൌശലം ആര്‍ക്കും പരിശീലിക്കാവുന്നതാണ്.

മതാദ്ധ്യയനത്തില്‍ കൃത്രിമം (2)

പുരോഹിതര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത സ്ഥാനം വിശ്വാസികളുടെ മനസ്സില്‍ ഉറപ്പിച്ചെടുക്കാനായി  മതാദ്ധ്യയനത്തില്‍ വരുത്തിയിട്ടുള്ള കൃത്രിമങ്ങളെപ്പറ്റി ഒരു കുറിപ്പ് അല്‍മായ ശബ്ദത്തില്‍ ഞാന്‍  നേരത്തെ എഴുതിയിരുന്നു. അതില്‍ ചൂണ്ടിക്കാണിച്ച വിവാഹത്തെപ്പറ്റിയുള്ള വളരെ തെറ്റായ ഭാഗം നാലാം ക്ലാസ്സിലെ പുസ്തകത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. (ജീവന്റെ നീര്‍ച്ചാലുകള്‍, താള് 76). ഈ കുറിപ്പ്  അതിന്റെ ബാക്കിയാണ്.

ഏതു ക്ലാസ്സിലെ വേദപാഠപുസ്തകം മറിച്ചു നോക്കിയാലും ഇത്തരം അസത്യതിരുകലുകള്‍ കാണാനുണ്ട്. അവയില്‍ ചിലത് ഇങ്ങനെ പോകുന്നു. പുസ്തകം - രക്ഷയുടെ പാതയില്‍ 5, താള് 90ല്‍, ജനത്തിനു വേണ്ടി കര്‍ത്താവിനു ബലിയര്‍പ്പിക്കാനും അവിടുത്തെ നാമത്തില്‍ അവരെ ആശീര്‍വദിക്കാനുമാണ് പുരോഹിതന്‍ നിയമിതനായത് എന്നെഴുതിയിരിക്കുന്നു. ഇസ്രായേലിനു ദൈവത്തോടുള്ള ബന്ധത്തിന്റെ പ്രതീകമായിരുന്നു പൌരോഹിത്യം എന്നാണു തുടക്കം.


ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ പാലായില്‍ നിന്ന് ഒരടുത്ത സുഹൃത്ത് വിളിച്ചു. സത്യജ്ജ്വാല കാണുന്നുണ്ട്. അതില്‍ വരുന്ന പല കാഴ്ചപ്പാടുകളും അംഗീകരിക്കാന്‍ വിഷമമുണ്ട്. നമ്മള്‍ പുരോഹിതരെ കാണുമ്പോള്‍ സ്തുതി പറയുന്നുണ്ടല്ലോ. അത് ദൈവത്തോടുള്ള ബഹുമാനത്തിന്റെ പ്രതീകമാണ്. രൂക്ഷമായ പുരോഹിതവിമര്‍ശനം ഗുണം ചെയ്യില്ല എന്നൊക്കെ എന്നെ സ്വല്പം ഉപദേശിച്ചു. പൌരോഹിത്യം എന്ന ഏര്‍പ്പാട് തന്നെ യേശുവിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എന്ന് അറിയാത്തവരാണ് ഇങ്ങനെ വിഷമിക്കുന്നത്. സഭയെന്നാല്‍ പോപ്പും മെത്രാന്മാരും പുരോഹിതരുമാണ്, പഴയ നിയമത്തിലെ പൌരോഹിത്യത്തിന്റെ തുടര്‍ച്ചയാണിത് എന്നൊക്കെയുള്ള പച്ചക്കള്ളം ഒന്നാംക്ലാസ് മുതല്‍ കുഞ്ഞുങ്ങളുടെ തലയില്‍ അടിച്ചുകയറ്റിയിട്ടുള്ള വിശ്വാസമാണല്ലോ. ജനദ്രോഹപരമായിത്തീര്‍ന്ന ഈ പൌരോഹിത്യത്തെയും ദൈവത്തിനു സംപ്രീതനാകാന്‍ ബലി വേണം എന്ന പഴകിയ ധാരണയെയും സമൂലം നിരാകരിക്കുകയാണ് യേശു ചെയ്തത് എന്ന മങ്ങലേല്‍ക്കാത്ത സുവിശേഷസത്യം ഇവര്‍ മറച്ചുപിടിക്കുന്നു.

സഭാംഗങ്ങള്‍ എന്ത് ചെയ്യണമെങ്കിലും അതിനു വികാരിയുടെ അല്ലെങ്കില്‍ മറ്റൊരു വൈദികന്റെ ചീട്ടു വേണം എന്നുള്ള മിഥ്യാധാരണയില്‍ നിന്നാണല്ലോ, കഴിഞ്ഞ ദിവസം വായിക്കാനിടയായ, ചിക്കാഗോയില്‍ താമസിക്കുന്ന ജോമോന്‍ തുണ്ടത്തിലിന്റെ കല്യാണക്കുറിയുടേതുപോലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഈ നാട്ടില്‍ ഇത് നിത്യസംഭവവുമാണ്. വിവാഹമെന്നല്ല, പൌരോഹിത്യം ഉള്‍പ്പെടെയുള്ള മറ്റ് എല്ലാ കൂദാശകളും സഭയുടെ സൃഷ്ടിയാണെന്നും അവയിലൊന്നുപോലും യേശു സ്ഥാപിച്ചവയല്ലായെന്നും ഒക്റ്റോബറിലെ സത്യജ്ജ്വാലയില്‍ ശ്രീ റ്റി.റ്റി. മാത്യു തകടിയേല്‍ വ്യക്തമായി സംഗ്രഹിച്ചെഴുതിയിട്ടുണ്ട്. അത്തരം സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് ഇന്നും അത്രയെളുപ്പമല്ല. അത്ര ആഴമായിട്ടാണ് സഭ മനുഷ്യമനസ്സുകളെ അസത്യപാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു വിശ്വാസികള്‍ക്ക് ഒരിക്കലും ദൈവം തന്നിട്ടുള്ള, യേശു പഠിപ്പിച്ചിട്ടുള്ള, ആത്മാവിന്റെ സ്വാതന്ത്ര്യം അനുഭവിക്കാനാകുന്നില്ല. അതുകൊണ്ടു തന്നെയാണ് സഭയോടോത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ അപകീര്‍ത്തിക്കും കൊള്ളയടിക്കും വീണ്ടും വീണ്ടും ഇരകളായിത്തീരുന്നത്.


പാലായില്‍ വച്ച് ഒക്ടോബര്‍ 27ന് കെ.സി.ആര്‍.എം. നടത്തിയ സ്ത്രീവിവേചനത്തെക്കുറിച്ചുള്ള സെമിനാറില്‍ മുഖ്യാതിഥിയായിരുന്ന സിസ്റ്റര്‍ മരിയ തോമസ്‌ എടുത്തുപറഞ്ഞ ഒരു കാര്യമിതാണ്‌ - സഭ എപ്പോഴും ഇടമുറിയാത്ത പാരമ്പര്യത്തെപ്പറ്റി വാചാലയായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ബുദ്ധിയുള്ള മനുഷ്യന്റെ പ്രകൃതിക്ക് നിരക്കുന്നതല്ല ഇത്. പാരമ്പര്യം നല്ലതാണ്, അത് യുക്തിസഹവും മനുഷ്യര്‍ക്ക്‌ സ്വരുമയോടെയുള്ള ജീവിതത്തിനു സഹായകരവും ആയിരിക്കുവോളം. അങ്ങനെയല്ലാതെ വരുമ്പോള്‍, തിരുത്തി ചിന്തിക്കാനും പരമ്പരാഗതമായവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും നമുക്കാകണം. മനുഷ്യര്‍ക്ക്‌ ഒരുപകാരവും ചെയ്യാത്ത കാര്യങ്ങളെ പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് കുത്തിപ്പൊക്കികൊണ്ടുവരിക (ഉദാ. മാത്തോമ്മാക്കുരിശ്) കുബുദ്ധികളുടെ നേരമ്പോക്കും അതുകൊണ്ടുതന്നെ അവഹേളനാര്‍ഹവുമാണ്.   

നിഷ്ക്കളങ്കതയുടെ വഴിയേ

ഒരു പരിഷ്ക്കാരവും പുലര്‍ന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ പിറന്നുവീണ്, വെട്ടി നശിപ്പിച്ചിട്ടില്ലാത്ത ഒരു കാനനത്തില്‍ ദിനരാത്രങ്ങള്‍ കഴിച്ച്, മരച്ചില്ലകളിലൂടെ ചാടിനടന്ന്, വിശക്കുമ്പോള്‍ കിട്ടുന്നത് തിന്നും കുടിച്ചും കഴിയാന്‍വേണ്ടി ഒരു ജന്മംകൂടി കിട്ടിയിരുന്നെങ്കില്‍! എന്നിട്ട്, ഓര്‍ഹന്‍ പാമുക്ക് ആഗ്രഹിക്കുമ്പോലെ, ലോകത്തിന്റെ അപരിചിതമായ ഒരു കോണില്‍ ആരുടേയും ഓര്‍മ്മയില്‍പ്പെടാതെ, കനത്ത മഞ്ഞുപാളികള്‍ക്കിടയില്‍ മരിച്ചുകിടക്കാന്‍ ആയിരുന്നുവെങ്കില്‍! ഈ മനോഹര ലോകത്തിന്റെ വശ്യത എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നു.

എന്നെ പിടിച്ചിരുത്തുന്ന മറ്റൊരു വശ്യചിത്രമാണ്, അലഞ്ഞു നടന്നിരുന്ന നാടോടിയായ യേശുവിനെ അറിഞ്ഞ സ്ത്രീകളില്‍ ചിലര്‍ ഉറക്കെപ്പറഞ്ഞത്‌: "നിന്നെ ചുമന്ന വയറും നീ കുടിച്ച മുലകളും എത്ര സൗഭാഗ്യമുള്ളവ!" യേശുവിനെ അടുത്തറിഞ്ഞ ഓരോ സ്ത്രീയും താനവന്റെ അമ്മയായിരുന്നെങ്കില്‍ എന്ന കൊതി ഉള്ളില്‍ കൊണ്ടുനടന്നിരിക്കണം എന്നത് ന്യായമായ ഒരു ചിന്തയാണ്. ഈ വാക്യം തന്റെ കൃതിയില്‍ ഉദ്ധരിച്ച ഒരു വൈദികഗ്രന്ഥകാരന്‍ അതിങ്ങനെയാക്കി: "നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരവും സൗഭാഗ്യമുള്ളത്." ഒരു സ്ത്രീയുടെ മുലകളെ മുലകള്‍ എന്നുതന്നെ വിളിക്കാന്‍ ഒരാള്‍ ലജ്ജിക്കുന്നതെന്തിന്? ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രതീകമായി വിശ്വാസികള്‍ അപ്പത്തെ കാണുന്നതിലും എത്രയോ മഹത്തരമാണ് ഒരു കുഞ്ഞ് നുണയുമ്പോള്‍ അതിന്റെ ഭക്ഷണമായി ഒരു സ്ത്രീയെ രൂപാന്തരപ്പെടുത്തുന്ന മുലകളുടെ അദ്ഭുതം! മുലകളുടെ യഥാര്‍ത്ഥ സൌന്ദര്യം അവയുടെ രൂപത്തിലല്ല, അവയുടെ ധര്‍മത്തിലാണ്. അതുകൊണ്ടാണ് യുവകാമുകിയുടെ മുലകളെ ആരാധിക്കുന്ന പുരുഷന്‍ അവളോടൊത്ത് പ്രായമാകാന്‍ ഭാഗ്യമുള്ളവനെങ്കില്‍, അതേ മുലകളെ അവയുടെ ചുക്കിച്ചുളിഞ്ഞ രൂപത്തിലും ഒട്ടും വികൃതമായി കാണാത്തത്. സ്ത്രീമാറിടത്തിന്റെ മാസ്മരികത അതിശക്തമാണ്. ഇനി ഞാനൊരു രഹസ്യം പറയട്ടേ? ഏതു പ്രായമെന്നില്ല, അനുരാത്രം തന്റെ മാറിടത്തോട് ചേര്‍ന്നുകിടന്നുറങ്ങാന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നവള്‍ക്ക് ഒരു ഭയപ്പാടും വേണ്ടാ, അയാളുടെ വഴി നേരുള്ളതും നിഷ്ക്കളങ്കവുമായിരിക്കും.

യേശുവിന്റെ വശ്യതയുടെ ഭാഗമായിരുന്നു തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ചിരി. യേശു ചിരിക്കുന്നത് കണ്ടിട്ടുള്ള ഓരോ യുവതിയും അവനെ പ്രണയിച്ചിരിക്കണം. ചിരി എന്നത് മാംസരക്തങ്ങള്‍കൊണ്ട് സൃഷ്ടിക്കാവുന്ന ഏറ്റവും വലിയ കലയാണ്‌. വെറും പേശികളുടെ രൂപവിന്യാസമാണ് നിര്‍മ്മമമായ ഒരു മുഖത്തെ ചിരിയുടെ ഓളങ്ങളാല്‍ തലോടുന്നത്. എന്നാല്‍ ചിരിയില്‍ വശ്യത നിറയുന്നത് അക്കൂടെ ആന്തരികമായ നിഷ്ക്കളങ്കത കലരുമ്പോളാണ്. അപ്പോള്‍, യേശുവിനെപ്പോലെ നിഷ്ക്കളങ്കനായവന്റെ മുഖത്തെ ചിരിയുടെ ഭംഗി എത്രയവാച്യമായിരുന്നിരിക്കണം. യേശു ചിരിച്ചിട്ടില്ല, കരഞ്ഞിട്ടേയുള്ളൂ എന്ന് പീഡാനുഭവഭക്തിക്കാര്‍ പറഞ്ഞുപരത്താറുണ്ട്‌. അതൊട്ടും ശരിയല്ലെന്ന് എനിക്ക് തീര്‍ച്ച തോന്നുന്നു. ഞാനും കരയാറില്ല. കാരണം മറ്റൊന്നുമല്ല, എല്ലാം ദൈവഹിതമാണെങ്കില്‍, കരയുന്നതില്‍ എന്തര്‍ത്ഥം?എന്നിരിക്കിലും, ചിലയവസരങ്ങളില്‍ യേശു കരഞ്ഞിട്ടുണ്ടെന്നുള്ള സുവിശേഷകന്റെ സാക്ഷ്യം അവിശ്വസിക്കേണ്ടതില്ല.

ചിരിയുടെ ആരംഭം ചുണ്ടുകളിലോ കണ്ണുകളിലോ? അത്ര തീര്‍ച്ചയില്ല. തോമസ്‌ മന്‍ രചിച്ച വിഖ്യാതനോവല്‍ മാജിക് മൌണ്ടനില്‍ നായകന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ ചിരിക്കുന്നത് കണ്ണുകള്‍കൊണ്ടാണെന്ന് കണ്ടുപിടിക്കുന്നുണ്ട്. വികസിക്കുന്ന കണ്ണുകള്‍, മുഖത്തെ തൊലിയില്‍ ഏതാനും ഞൊറിവുകള്‍, ചില പേശീവികാസങ്ങള്‍, അല്പം രക്തമയം - ചിരി ജനിക്കുകയായി. അധികം ചിരിക്കുന്നവരുടെ പേശീചലനങ്ങള്‍ വാര്‍ദ്ധക്യത്തില്‍ മുഖത്തുണ്ടാവുന്ന ചുളിവുകളില്‍ നിലനില്‍ക്കുമെന്നും അതുകൊണ്ട് അവ മുഖകാന്തിയെ വര്‍ദ്ധിപ്പിക്കുമെന്നും കരുതുന്നവരുണ്ട്‌. കളങ്കമില്ലാത്ത മുഖത്തെ ചിരി ആത്മാവിന്റെ സ്പന്ദനമാണ്.

ചിരിക്കുന്നവനായോ കരയുന്നവനായോ യേശുവിനെ സ്നേഹിക്കാനുതകുന്ന ഒരൊറ്റ പള്ളിപ്രസംഗം ഞാന്‍ കേട്ടിട്ടില്ല. അച്ചന്മാരും ധ്യാനിപ്പീരുകാരും പറയുമ്പോള്‍ ദൈവപുത്രന് എന്ത് ശക്തിയാണ്, എന്തൊരു ത്യാഗശീലമാണ്! എല്ലാംകൊണ്ടും അസാധാരണന്‍. എന്നാല്‍ അസ്സാധാരണത്വം അകല്ച്ചയെയാണ് സൃഷ്ടിക്കുക. സത്യസന്ധമായ സ്നേഹത്തിനു പാത്രമാകുന്നതും ഉടമയാകുന്നതും സാധാരണത്വമുള്ളവരാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. എല്ലാംകൊണ്ടും അസ്സാധാരണനായ  ഒരു യേശുവിനെ വിളിച്ച് സ്തോത്രം, ആരാധന എന്ന് ആവര്‍ത്തിക്കുന്നയത്ര കപടത വേറെയില്ല. ആരാധന തോന്നുന്നതല്ല, മറിച്ച്, ഓര്‍ക്കുമ്പോള്‍ ഹൃദയം കുളിര്‍ക്കുന്നതാണ് സ്നേഹത്തിന്റെ ലക്ഷണം. വ്യാഖ്യാനിക്കാനും മോടിപ്പെടുത്താനും മോഹിപ്പിക്കുന്നതല്ല സ്നേഹം. മരണവും ഉത്ഥാനവും ഇല്ലാതെയും യേശുവില്‍ സൗന്ദര്യം കാണുന്നവരാണ് വാസ്തവത്തില്‍ അവിടുത്തെ സ്നേഹിക്കുന്നത്. തന്നെയല്ല, ഉയിര്‍ക്കുമെന്നു മുന്നറിവുള്ള ഒരാളുടെ മരണം എങ്ങനെയാണ് വേദനയുടെ ബലിയാകുന്നത്? ഉയിര്‍പ്പിലുള്ള വിശ്വാസം മരണത്തെ മനസ്സിലാക്കാന്‍ തടസമായിത്തീരുന്നു. ക്രിസ്തു ഉയിര്‍ത്തിട്ടില്ലെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ത്ഥമാണെന്നുള്ള പൌലോസിന്റെ മൊഴിയില്‍ കാതലില്ലെന്നു പറയാന്‍ എന്തിനു മടിക്കണം? 'വിശ്വാസത്തിന്റെ ഈ വലിയ രഹസ്യം' അല്പമെങ്കിലും സ്നേഹത്തിലേയ്ക്ക് നമ്മെ നയിക്കുന്നുണ്ടോ? നേരേ മറിച്ച്, വലിയ സ്നേഹത്തില്‍ കുടുങ്ങിപ്പോയവരെ ആര്‍ക്കും പിടികിട്ടാത്തത് അവരുടെ രഹസ്യത്തെ അവര്‍ ഒളിച്ചുവയ്ക്കാത്തതുകൊണ്ടാണ്. യേശുവും മഗ്ദലേനയും ഫ്രാന്‍സിസും ക്ലാരയും ഇക്കൂട്ടരില്‍ പെടുന്നു. നിഷ്ക്കളങ്കതയുടെ വഴിയേ നടന്നവരാണവര്‍.

ദൈവത്തിനെന്നപോലെ യേശുവിനും മറിയത്തിനും ഏറെ അസാധാരണത്വം കല്പ്പിച്ചരുളാന്‍ സഭ എന്തുമാത്രം പെടാപ്പാട് പെട്ടു! എന്തുമാത്രം രക്തം ഒഴുക്കി! ഏതെല്ലാം തീയോളജികള്‍ എഴുതിക്കൂട്ടി! എന്നാല്‍ അകത്തെ പാപ്പരത്തമാണ് ഇതെല്ലാം നല്‍കുന്ന പാഠം. ഉള്ളിലെ ദാരിദ്ര്യം വച്ച് നോക്കുമ്പോള്‍ മറ്റു ദാരിദ്ര്യങ്ങളെല്ലാം അനുഗ്രഹങ്ങളാണ്. ഇന്നത്തെ സഭയുടെ കാര്യത്തിലും അവളുടെ ഏറ്റവും വലിയ ദാരിദ്ര്യം യേശുവിനെ അറിയുന്നതില്‍ വന്ന പിശകാണ്. ഒരല്മായനെക്കാള്‍, അല്ലെങ്കില്‍ ഒരു കൂലിവേലക്കാരനെക്കാള്‍ മഹത്ത്വം ഒരു പുരോഹിതനോ ഒരു മെത്രാനോ ഉണ്ടെന്നു കരുതുന്ന സഭ യേശുവിനെ മനസ്സിലാക്കിയിട്ടില്ല. ഒരാളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നത്ര അനന്യനാക്കുന്നതില്‍ ദൈവത്തിന്റെ കൈ കണ്ടെത്തുന്നവര്‍ ആത്മപ്രശംസക്ക് അടിപ്പെടുകയാണ് ചെയ്യുന്നത്. അഭിഷിക്തനാകുന്ന ഓരോ പുതിയ മെത്രാനും ഇത് ചെയ്യുന്നതായി കാണാം. കര്‍ദിനാളോ പോപ്പോ ആയാല്‍ പറയാനുമില്ല. ഇത്തരം താന്‍പോരിമകളാണ് ഇന്നത്തെ മെത്രാന്മാരെപ്പറ്റി അല്‍മായരുടെ മനസ്സില്‍ അവിശ്വാസം ജനിപ്പിക്കുന്നത്.

സുവിശേഷങ്ങളെല്ലാം കാണാതെ പഠിച്ചാലും സഭാപണ്‍ഡിതരുടെ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ മുഴുവന്‍ വായിച്ചറിഞ്ഞാലും യേശുവിന്റെ സൂക്ഷ്മശബ്ദം കേള്‍ക്കുവാന്‍ സഭയുടെ ഹൃദയം പാകപ്പെടുന്നില്ലെങ്കില്‍ (ഫ്രാങ്ങ്സ്വാ മോറിയാക്) അതിന്റെ വശ്യത നഷ്ടപ്പെട്ടതുതന്നെ. ഉദാഹരണത്തിന്, ഒത്തിരിയാളുകളെ മരണത്തിനു വിട്ടുകൊടുത്ത് ചിലരെ മാത്രം രക്ഷിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന സഭ നേര് പറയുന്നുണ്ടോ? നമ്മള്‍ വിചാരിക്കുന്നതല്ല മരണത്തിന്റെയും മറ്റു വേദനകളുടെയുമര്‍ത്ഥം എന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ? എനിക്ക് ആഗ്രഹമുള്ളത് കിട്ടുമ്പോള്‍ അത് ദൈവാനുഗ്രഹമായി കാണുന്നതില്പരം അഹന്തയുണ്ടോ? നന്മയും തിന്മയും അളക്കുന്ന കോല് ഞാന്‍ ആകുന്നതാണ് ഇവിടത്തെ തെറ്റ്. ദൈവത്തിന്റെ അളവുകോലുകള്‍ നമ്മുടെ ഗ്രാഹ്യത്തിലല്ല എന്നാണ് യേശു പഠിപ്പിച്ചത്. കുറേപ്പേര്‍ക്ക് നന്മ, തിരഞ്ഞെടുപ്പ്, രക്ഷ എന്നൊക്കെയുള്ള ചിന്ത ദ്രവിച്ചുപോയ പഴയ നിയമത്തിലേതാണ്. അതിനു ഒരു സാധുതയും യേശു കല്‍പ്പിച്ചില്ല. പല ദൈവങ്ങളെ ആരാധിച്ചിരുന്ന വിഘടജാതികളില്‍ നിന്ന് ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ഉരുത്തിരിഞ്ഞ കാലത്തെ മിഥ്യാബോധമായിരുന്നു അത്. അന്നത്തേതുപോലെ ഇന്നും സഭ അത് പഠിപ്പിക്കുകയും സ്വന്തം ദൈവത്തെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.