വേണമെങ്കില്‍ ചക്ക...

യാത്രാനുഭവം... സി. രാധാകൃഷ്ണന്‍
സിംഗപ്പൂരില്‍ കണ്ട കാഴ്ചകളാണ് ഈ പഴമൊഴി ഓര്‍മയില്‍ വരുത്തിയത്; വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും!
അവിടെ കഴിയുന്നവരും സാധാരണ മനുഷ്യര്‍തന്നെ. സമാധാനത്തോടെ ജീവിക്കാന്‍ ദൈവം പ്രത്യേകമായി സൃഷ്ടിച്ചവരൊന്നുമല്ല. പക്ഷേ, മനുഷ്യന്‍ എന്ന ജീവിക്ക്, ജാതിയോ മതമോ ഭാഷയോ എന്തായിരുന്നാലും, സമാധാനത്തോടെ കൂട്ടായി ജീവിക്കാന്‍തക്ക മനസ്സുതന്നാണ് സൃഷ്ടി എന്ന് അവര്‍ തെളിയിക്കുന്നു.
മലേഷ്യക്കാരും ചീനരും ഇന്ത്യക്കാരും  വിദേശികളും  എല്ലാമുണ്ട് അവിടെ. ആര്‍ക്കും    വിശേഷാധികാരമോ അവകാശമോ അവഗണനയോ ഇല്ല. ഏതു മതത്തിലും വിശ്വസിക്കാം,  ആ മതം ആചരിക്കാം. ഏതു ഭാഷയും പറയാം.  ഏതു മതക്കാരുടെ ആരാധനാലയത്തിലും ആര്‍ക്കും പ്രവേശിക്കാം. അവിടത്തെ മര്യാദകളും സമ്പ്രദായങ്ങളും ശാന്തിയും ഒരു തരത്തിലും ഊനപ്പെടാതെ നോക്കണമെന്നു മാത്രം. തെരുവിലായാലും  അതു വേണംതാനും!
എന്‍െറ മതം എത്ര നല്ലതാണെന്ന് എനിക്ക് എത്ര തവണയും എത്ര ഉറക്കെയും എവിടെയും പറയാം. പക്ഷേ, മറ്റൊന്ന് നല്ലതല്ളെന്ന് എവിടെവെച്ചും എത്ര പതുക്കെയും ഒരു തവണപോലും പറയാന്‍ പറ്റില്ല. മരണാനന്തരവും സമാധാനപരമായ സഹവര്‍ത്തിത്വംതന്നെ രീതി. തൊട്ടുതൊട്ടാണ് എല്ലാ അന്ത്യവിശ്രമസങ്കേതങ്ങളും.
‘മലബാര്‍ ജുമാ മസ്ജിദ്’ എന്ന് മലയാളത്തില്‍ പേരെഴുതിവെച്ച ആരാധനാലയത്തില്‍ ചെന്നപ്പോള്‍ എന്നെയും വീട്ടുകാരിയെയും അവിടത്തെ ഇമാമും സഹായികളും അകത്തളത്തിലേക്ക് ക്ഷണിച്ചു (സിംഗപ്പൂരില്‍ ഞാന്‍ കണ്ട ഏക മലയാളം നെയിംബോര്‍ഡാണ് ഇത്). പുരാതനകാലത്ത് മലബാറില്‍നിന്നുപോയ ആളുകള്‍ സ്ഥാപിച്ച ആ പള്ളിയില്‍ പതിറ്റാണ്ടുകളുടെ ഓര്‍മകള്‍ ഉറങ്ങുന്നു, ഉണര്‍ന്നും ഇരിക്കുന്നു. നന്നേ ചെറുപ്പമാണെന്നാലും ഇമാമിന് മതപരിജ്ഞാനത്തോടൊപ്പം ചരിത്രത്തിലും സാഹിത്യത്തിലും സമൂഹശാസ്ത്രത്തിലും ആഴമുള്ള അറിവുണ്ട്. കുടിവെള്ളവും വൈദ്യുതിപോലും ഇല്ലാതിരുന്നകാലത്ത് കുടിയേറിയവരുടെ കഥകള്‍ അദ്ദേഹം പറഞ്ഞു.
പതിനഞ്ചു വര്‍ഷമായി സിംഗപ്പൂരില്‍ കഴിയുന്ന വ്യവസായിയായ ഷെരീഫും അദ്ദേഹത്തിന്‍െറ സുഹൃത്ത് സാലിഹുമാണ് ഞങ്ങളെ അവിടേക്ക് വഴികാണിച്ച് സഹായിച്ചത്. ഷെരീഫിന്‍െറ വീട്ടുകാരുടെ സ്നേഹത്തിന്‍െറയും വീട്ടിലെ ചായയുടെയും നാടന്‍ രുചി അറിയാനും സാധിച്ചു.
കഴിവ് എന്ന ഒന്നല്ലാതെ ഒരു കാര്യത്തിനും ആര്‍ക്കും സിംഗപ്പൂരില്‍ ഒരു മുന്‍ഗണനയുമില്ല. ഡെമോക്രസി നിലനില്‍ക്കണമെങ്കില്‍ അത് മെറിറ്റോക്രസിതന്നെ ആയിരിക്കണം എന്നാണ് അംഗീകൃതനിയമം. ആ മെറിറ്റ് പക്ഷേ, സമൂഹത്തിന് നന്മവരുത്തുന്ന വഴിയില്‍ അഴിമതിയില്ലാതെവേണം ഫലത്തില്‍ വരാന്‍.
എന്തിലെങ്കിലും മായംചേര്‍ത്തോ ആര്‍ക്കെങ്കിലും കൈക്കൂലി കൊടുത്തോ ലാഭം കാണാനുള്ള കഴിവിനെയല്ല അംഗീകരിക്കുന്നത്, നല്ലതു ചെയ്ത് ലാഭമുണ്ടാക്കാനുള്ള കഴിവിനെയാണ്. ആര്‍ക്കുമൊന്നും സൗജന്യമായി സര്‍ക്കാര്‍ നല്‍കുന്നില്ല. അധ്വാനിച്ച് ഉണ്ടാക്കിക്കൊള്ളണം. പ്രായമാകുമ്പോള്‍ സൈ്വരമായി ജീവിക്കണമെങ്കില്‍ നല്ലകാലത്ത് ആവശ്യാനുസാരം സമ്പാദിച്ചുവെച്ചിരിക്കണം. ജോലിചെയ്യാന്‍ കഴിയുമെങ്കില്‍ എത്ര പ്രായമായാലും ജോലിയില്‍ തുടരാം!
അഴിമതി എന്നൊരു സംഗതിയേ ഇല്ല. അത് തീരെ ഇല്ലാത്ത അവസ്ഥ കേരളത്തിലോ ഇന്ത്യയിലോ ജീവിക്കുന്ന നമുക്ക് ചിന്തിക്കാന്‍പോലും ഒക്കില്ലല്ളോ. ഉപ്പില്ലാത്ത കടല്‍വെള്ളമെന്നോ നീലനിറമില്ലാത്ത ആകാശം എന്നോ ഒക്കെ കേള്‍ക്കുമ്പോഴത്തെ മനഃസ്ഥിതിയാണ് അഴിമതിയില്ലാത്ത സമൂഹം എന്നു കേള്‍ക്കുമ്പോള്‍ നമ്മിലുണ്ടാകുക. അത്രമാത്രം മൂക്കറ്റം അഴിമതിയില്‍ നൂറ്റാണ്ടുകളായി ആണ്ടുകിടപ്പാണല്ളോ മഹത്തായ ആര്‍ഷപാരമ്പര്യത്തിന്‍െറ സന്തതികളായ നാം.
ഏതു കൊച്ചു കുട്ടിക്കും ഏതു പാതിരാക്കും സുരക്ഷിതമായി എവിടെയും നടക്കാം. ഏത് കടയില്‍നിന്നും എന്തു ഭക്ഷണസാധനവും വാങ്ങി വിശ്വസിച്ച് കഴിക്കാം. ഏതു പൊതുവാഹനത്തിലും സുഖമായി യാത്രചെയ്യാം. ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലും എന്തു കാര്യം നടത്താനും സമയബദ്ധിതമായ രീതികളുണ്ട്. ആരും കാലണ ചോദിക്കുകയോ കൊടുത്താലും വാങ്ങുകയോ ഇല്ല എന്നു മാത്രമല്ല, കൊടുക്കാന്‍ ശ്രമിച്ചവന്‍ അഴികള്‍ക്കകത്ത് പെടുകയും ചെയ്യും!
നാലു ദിവസം ഞാനവിടെ കഴിഞ്ഞതിനിടെ ഒരു പൊലീസുകാരനെയും ഒരിടത്തും കാണാന്‍ പറ്റിയില്ല. പൊലീസിന്‍െറ ഉടുപ്പെങ്ങനെയെന്നുപോലും അറിയില്ല, ഇപ്പോഴും. മഹാഭൂരിഭാഗം പൊലീസുകാരും മഫ്തിയിലാണത്രെ. സാന്നിധ്യം അറിയാനാവില്ല, പിടികൂടുമ്പോഴേ മനസ്സിലാവൂ. ഉദാഹരണത്തിന്, ഹോട്ടലില്‍ കയറി ഒരാള്‍ ഭക്ഷണം കഴിക്കുന്നു, പോകുമ്പോള്‍ ബില്ലിന്‍െറകൂടെ ഒരു കുറ്റപത്രവും മേശപ്പുറത്തുണ്ടായിക്കൂടായ്കയില്ല! മേല്‍കോടതിക്ക് മേല്‍കോടതിയായി ആജീവനാന്തം കേസ് വാദിച്ച് നിന്നുപൊറുക്കാമെന്നു കരുതാനുമാവില്ല, ഒരേയൊരു പുനരാലോചനയേ നടക്കൂ. അതിലും കുറ്റം തെളിഞ്ഞാല്‍ ശിക്ഷ ഇരട്ടിയാവുകയും ചെയ്യും!
ഒരു നിയമപാലകനും ആരോടും അപമര്യാദയായി പെരുമാറുകയോ ദേഹം വേദനിപ്പിക്കയോ ചെയ്യില്ല. പൊതു വാഹനങ്ങളിലെയും ടാക്സികളിലെയും ജോലിക്കാര്‍ പെരുമാറുന്നത് അവരുടെ വീട്ടില്‍ചെന്ന അതിഥികളോടെന്ന മട്ടിലാണ്. പൊതുവാഹനങ്ങള്‍ വേണ്ടുവോളം ഉള്ളതിനാല്‍ സ്വകാര്യകാറുകള്‍ കുറവ്, നിരത്തില്‍ ജാമോ ബ്ളോക്കോ ഇല്ല. കാറുകളുടെ നികുതി വളരെ ഉയര്‍ന്നതാകയാല്‍, അത്യാവശ്യമുള്ള ആളുകളേ കാര്‍ വാങ്ങി ഉപയോഗിക്കൂ. ബിസിനസ് കൊണ്ടുനടക്കാന്‍ ദിവസവും ഏറെ യാത്രകള്‍ ആവശ്യമായതിനാല്‍ താന്‍ ഉപയോഗിക്കുന്ന സ്വകാര്യകാറാണ് തന്‍െറ പ്രതിമാസച്ചെലവിന്‍െറ സിംഹഭാഗവും അപഹരിക്കുന്നതെന്ന് ഷെരീഫ് പറയുന്നു.
സര്‍ക്കാറില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം കിട്ടുന്നത് അധ്യാപകര്‍ക്കാണ്. സമൂഹത്തില്‍ ഏറ്റവും ഉയര്‍ന്ന മെറിറ്റുള്ളവര്‍ അതിനാല്‍ അധ്യാപകവൃത്തി സ്വീകരിക്കുന്നു. ആശാന് അക്ഷരം ഒന്നുപോലും പിഴയ്ക്കുന്ന സാഹചര്യം ഇല്ളെന്നര്‍ഥം.
വളരെ കുറച്ച് ആളുകളും വളരെ കുറച്ച് സ്ഥലവുമുള്ള ഒരു രാജ്യം. മലപ്പുറം ജില്ലയുടെ മൂന്നിലൊന്ന് വിസ്തീര്‍ണമില്ല. പക്ഷേ, ലോകത്തിലെ സമ്പന്നരാജ്യങ്ങളില്‍ മുന്‍നിരയില്‍!
ഒരു കുഴപ്പമേ ഉള്ളൂ എന്നാണ് ഷെരീഫ് വെളിപ്പെടുത്തിയത്: ‘‘എല്ലാരും പണം ഉണ്ടാക്കുന്നു. ആരെങ്കിലും ജീവിക്കുന്നുണ്ടോ എന്നു ചോദിച്ചാലാണ് ശരിയായ ഉത്തരമില്ലാത്തത്. മരണവീട്ടില്‍പോലും ചര്‍ച്ചാവിഷയം ബിസിനസായിരിക്കും!’’

0 comments: