എന്റെയെഴുത്തിന്റെ ഉറവ

വീടിനോട് ചേര്‍ന്ന് ഒരു കിണറുണ്ടായിരിക്കുക കേരളീയര്‍ സര്‍വ്വസാധാരണമായി അനുഭവിക്കുന്ന ഒരനുഗ്രഹമാണ്‌. എന്നാല്‍ വീടിനടുത്ത് ഒരു പുഴയോ അരുവിയോ ഉണ്ടെങ്കില്‍ അതെത്ര വലിയ ഒരു ദാനമാണെന്നു പറഞ്ഞറിയിക്കാന്‍ വയ്യാ. 
"ഒഴുക്കുള്ള അരുവിയാല്‍ നനക്കപ്പെടുന്ന ഒരുദ്യാനം" എന്ന മനംകവരുന്ന ഭാവന മുപ്പത്താറു തവണയാണ് വിശുദ്ധ ഖുറാനില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഈ ഭൂമിയെ മൊത്തത്തില്‍ എടുത്താല്‍, അത്തരമൊരു പറുദീസയായിട്ടാണ് ദൈവം അതിനെ മനുഷ്യന് കൊടുത്തത്. നമുക്ക് വസിക്കാന്‍ കിട്ടുന്ന പ്രദേശവും - ഉദാഹരണത്തിന്, നാല് വശങ്ങളും ഉയര്‍ന്ന മലകളാല്‍ ചുറ്റപ്പെട്ട, എന്റെ ജന്മനാടായ, അടിവാരം (വാഗമണ്‍ മലയുടെ) - അങ്ങനെ വിളിക്കപ്പെടാന്‍ അര്‍ഹമെങ്കില്‍, അതിന്റെ വിശുദ്ധ കുളിര്‍മ്മ ജീവിതത്തിലേയ്ക്കും വ്യാപിക്കുക സ്വാഭാവികമാണ്. 

മീനച്ചിലാറിന്റെ ഒരു കൈവഴിയുടെ തീരത്ത്‌ താമസിക്കുന്ന ഞാന്‍, ചെറുപ്പകാലങ്ങളിലെന്നപോലെ ഇന്നും, ഇടയ്ക്കിടയ്ക്ക് പുഴയുടെ ഒഴുക്കിനെതിരേ മുകളിലേയ്ക്ക് നടന്നുകയറാറുണ്ട്, അവിടവിടെയായി ഉയര്‍ന്നുനില്ലുന്ന കരിംശിലകളില്‍ തത്തിക്കളിക്കാന്‍ പാദങ്ങളെ അനുവദിച്ചുകൊണ്ട്. ചിരപരിചിതരെപ്പോലെ വളഞ്ഞ്പുളഞ്ഞു നൃത്തമാടിയും ചാടിമുറിഞ്ഞും ജലധാരകള്‍ മന്ദമന്ദം ഒഴുകിക്കൊണ്ടിരിക്കും. ഒഴുക്കിനെതിരേ നീന്തിത്തുടിക്കുന്ന മത്സ്യത്തെപ്പോലെയായിരുന്നു എന്നുമെന്റെ രീതികള്‍. ജലത്തിന്റെ അദൃശ്യശക്തികളെപ്പറ്റി ഞാന്‍ ബോധവാനായിത്തീര്‍ന്നതും അങ്ങനെയാവാം. ഒഴുക്കിനെതിരേ പോയാലേ, സ്വന്തം ശക്തി പ്രകടിപ്പിക്കാനാവൂ എന്നതിനാലാകാം മത്സ്യത്തിനും ഈ സ്വഭാവമുള്ളത്.

അങ്ങനെയൊരവസരത്തിലാണ് അവളെന്റെ കണ്ണില്‍പെട്ടത്. കാലുകള്‍ പതയുന്ന വെള്ളത്തിലിട്ടാട്ടിക്കൊണ്ട്, ഒരു പാറപ്പുറത്തിരിക്കുകയായിരുന്നു അവള്‍, ഏകാന്തതയില്‍, എന്തോ
ചിന്തിച്ചുകൊണ്ട്‌. ഭയപ്പെടാതെ, ഞാന്‍ നീട്ടിയ കൈവിരലുകളില്‍ കോര്‍ത്തുപിടിച്ചുകൊണ്ടവള്‍ എഴുന്നേറ്റു. നടക്കൂ, ഞാനുമുണ്ട്, അവള്‍ മൊഴിഞ്ഞു. ഇടക്കെല്ലാം കാലുകള്‍ നനച്ചും കല്ലുകളില്‍ കൂടി ചാടിയും ഞങ്ങള്‍ പോയ ദൂരം അറിഞ്ഞതേയില്ല. ഇരുട്ടിയപ്പോള്‍, 'വീണ്ടുമൊരിക്കല്‍‍' എന്ന് മാത്രം പറഞ്ഞ്, മൂടല്‍മഞ്ഞുപോലെ അവള്‍ നടന്നകന്നു. അവശേഷിച്ചത് പറഞ്ഞറിയിക്കാനാവാത്ത ഒരു കുളിര്‍മ്മ.

ആരായിരുന്നവള്‍‍? ഹവ്വയെ സമ്മാനമായി കിട്ടിയപ്പോള്‍ ആദാമനുഭവിച്ചതും ഈ വിധമൊരു വിസ്മയ സാന്നിദ്ധ്യമായിരുന്നിരിക്കണം. ഈ അനുഭൂതിക്കല്ലേ ദൈവം സ്ത്രീയെന്നു പേരിട്ടത്? പുരുഷനില്‍ നിന്നുത്ഭവിച്ച്, അവനില്‍ത്തന്നെ അലിഞ്ഞില്ലാതാകാന്‍ കൊതിക്കുന്ന ഒരു നീരുറവയുടെ നിറവ്! ജീവനെ നിലനിര്‍ത്തുന്ന രക്തധമനികള്‍ ഹൃദയത്തെയെന്നപോലെ, ജീവപുഷ്ടിക്കുവേണ്ടി മനുഷ്യസമൂഹങ്ങള്‍ ജലസ്രോതസ്സുകളെ ആശ്രയിക്കുന്നു. സമുദ്രത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന പര്‍വ്വതനിരകള്‍ അമ്മയെ തൊടുവാനായി മെല്ലെ മെല്ലെ നീട്ടുന്ന കൈകളാണ് പുഴകളും നദികളുമെന്ന് ഭാരതത്തിന്റെ കവി ഭാവന ചെയ്തിട്ടുണ്ടല്ലോ. നീരുറവകളും അവയുടെ ഒഴുക്കും എന്നും മനുഷ്യമനസ്സുകളെ ആനന്ദിപ്പിക്കുക മാത്രമല്ല, അവന് സര്‍ഗ്ഗശക്തിയായി പരിണമിക്കുകയും ചെയ്യുന്നു. അത്തരമൊരു സര്‍ഗ്ഗസാന്നിദ്ധ്യമാണ് ഭാഷയോടും എഴുത്തിനോടുമുള്ള എന്റെയഭിവാഞ്ചയെ വളര്‍ത്തിയെടുത്തത്.

യാത്രചെയ്ത് ക്ഷീണിതനായ യാക്കോബ്, വഴിവക്കിലൊരു കിണര്‍ കണ്ടപ്പോള്‍, അതിനടുത്തു ചെന്നിരുന്നു, വിശ്രമിക്കുവാന്‍. അതിസുന്ദരിയായ
റാഹേല്‍ അവളുടെ ആട്ടിന്‍പറ്റത്തെയുംകൊണ്ട് ആ വഴിക്ക് വന്നതപ്പോഴാണ്. മൂടുകല്ല് ഉന്തിമാറ്റി ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ യാക്കോബ് അവളെ സഹായിച്ചു. താന്‍ അന്വേഷിച്ചു വന്ന അമ്മാവന്റെ ഇളയ മകളാണ്‌ നിറഞ്ഞയഴകായി തന്റെയടുത്ത് നില്‍ക്കുന്ന റാഹേല്‍ എന്നറിഞ്ഞതേ, സന്തോഷാതിരേകത്താല്‍ അവളെ ചുംബിച്ച് അയാള്‍ പൊട്ടിക്കരഞ്ഞു‍. അവളെ ജീവിതപങ്കാളിയായി നേടുവാന്‍, പതിന്നാലു നീണ്ട വര്‍ഷം അയാള്‍ അമ്മാവന് ദാസ്യവേല ചെയ്തു. ഹൃദയസ്പര്‍ശിയായ ഈ പ്രണയകഥ ബൈബിളിലെ ഉല്പത്തിപുസ്തകം, അദ്ധ്യായം 29 -ല്‍ വായിക്കാം. അതവസാനിക്കുന്നത്, ഈ മനോഹര വാക്യത്തോടെയാണ്. "അവളോടുള്ള പ്രേമം നിമിത്തം ആ നീണ്ട കാലം ഏതാനും നിമിഷങ്ങള്‍ പോലെ അയാള്‍ക്ക്‌ തോന്നി."

സമയം ബലഹീനവും, യുഗങ്ങള്‍ പോലും അര്‍ത്ഥരഹിതവുമാകുന്നത് യാക്കോബിന്റെ മാത്രം അനുഭവമല്ല. മനുഷ്യചരിത്രത്തില്‍ ഇതാവര്‍ത്തിക്കപ്പെടുന്നുണ്ട്, ഓരോ തവണയും സ്ത്രീ അവളുടെ സ്നേഹസാന്നിദ്ധ്യപ്രഭാവം പ്രകടിതമാക്കുമ്പോള്‍. അതിന് സമാനമായിട്ടെന്തുണ്ട്? അരുവികളും പുഴകളുമുണ്ട്. കാരണം, സ്ത്രീയുടേതെന്നപോലെ, ഭൂമിയുടെ ഗന്ധവും ചുംബനങ്ങളും ചോര്‍ന്നിറങ്ങുന്നത് ഉറവരൂപത്തിലാണ്. എല്ലാം കനിഞ്ഞിറങ്ങുന്ന ജലമര്‍ദ്ദശക്തിയുടെ ഉറവിടങ്ങളാണ് ഇവ രണ്ടും - സ്ത്രീയും ഭൂമിയും. ജീവിതം തന്നെ ഒരുറവയാണ്. ചലനമാണതിന്റെ സത്ത. അതിന്റെ തേജസ്സാണ് വിജ്ഞാനം. കിണഞ്ഞുതിരയുന്നവര്‍ അതിനെ കണ്ടെത്താതിരിക്കില്ല. ഓരോ സ്ത്രീയും നദിപോലെയാണ്; പുഞ്ചിരിയും കണ്ണീരും കലര്‍ന്ന ഒരു പുഴപോലെ. നിറഞ്ഞു തുളുമ്പി, പ്രകാശപൂരിതയായി അങ്ങനെയൊരുവള്‍ അടുത്തു നിന്നപ്പോള്‍, എനിക്കെഴുതാതെ പറ്റില്ലെന്നായി.

ഒരിക്കല്‍ ഞാനവളോട് പറഞ്ഞു: "എന്നില്‍ നിന്ന് നിന്റെ കണ്ണുകളെ പിന്‍വലിക്കൂ, അവയെന്നെ അസ്വസ്ഥനാക്കുന്നു. ഹെശ്ബോനിലെ ബാത്രബീം കവാടത്തിനടുത്തുള്ള ജലാശയങ്ങള്‍ പോലെയാണ് നിന്റെ കണ്ണുകള്‍." (ഉത്തമഗീതം, 6:6 / 7:4) ഒരുദ്യാനധാര, ജീവനുള്ള ഒരു കിണര്‍, വാഗമണ്‍-പീരുമേട് മലകളില്‍ നിന്നൊഴുകുന്നയരുവികള്‍, ഇവയുടെ ഹൃദയഹാരിത എത്രയോ തവണയാണ് എന്റെയുമനുഭവമായിത്തീര്‍ന്നത്‌! സമുദ്രത്തില്‍നിന്നുത്ഭവിച്ച്, വീണ്ടുമൊരിക്കല്‍ അതിലേയ്ക്ക് ചെന്നെത്താനായി‍, കുണുങ്ങിക്കുണുങ്ങി ഓടിയടുത്തുക്കൊണ്ടിരിക്കുന്ന ഈ പുഴയുടെ തീരത്ത്‌, എത്രയോ പ്രാവശ്യം ഞാനവളെ വീണ്ടും തിരഞ്ഞുനടന്നു, കണ്ടെത്തുംവരെ. അപ്പോഴെല്ലാം, മഴ കിട്ടാത്ത മരുഭൂമിയെപ്പോലെ, മൃദുലമായി അവള്‍ കേഴും, "എന്നോട് സംസാരിക്കൂ, എന്തെങ്കിലും പറയൂ." മൌനപ്രിയനായ ഞാന്‍ നിശബ്ദതയുടെ വിരിമാറ്റി അവളെയുറ്റുനോക്കും, എന്തെങ്കിലും പറഞ്ഞു തുടങ്ങും. എന്നെയ
ധൈര്യപ്പെടുത്താതിരിക്കാന്‍, അവള്‍ ഒരു വശത്തേയ്ക്ക് കണ്ണുകളെ ചലിപ്പിക്കും. പക്ഷേ, കാതും മനസ്സും എപ്പോഴും തുറന്നുവച്ചിരുന്ന അവളുടെ സാമീപ്യം എന്നെ ചഞ്ചലനാക്കിയിരുന്നു. അവളുടെ കൂര്‍മ്മക്ക് സ്വീകാര്യമാകുംവിധം വ്യക്തമോ വടിവൊത്തതോ ആയിരുന്നില്ല എന്റെ ചിന്താസരണികള്‍. "പറയൂ, ഞാന്‍ കേള്‍ക്കുന്നു, നിന്റെ മനഫലകത്തില്‍ കുറിച്ചിട്ടതൊക്കെ എന്നെയും കാണിക്കൂ", അവളെന്നെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. 

ആദ്യമായുപയോഗിക്കുന്ന ഒപ്പുകടലാസ്സിന്റെ ആര്‍ദ്രതയോടെ, അനുകമ്പകൊണ്ടവള്‍ എന്റെ വാക്കുകളെ ഒപ്പിയെടുത്തു. മഷിയുടെ അധികനനവ്‌ സ്വയം പതിച്ചെടുത്ത്, എന്റെ ചിന്തകള്‍ക്കവള്‍ രൂപവും തെളിവും സമ്മാനിച്ചു. നിറങ്ങളുടെയും മഷികളുടെയും പടര്‍പ്പില്‍നിന്നവള്‍ എനിക്കായി ആശയകുസുമങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു, അവളുടെ ആത്മാവില്‍.

എന്നിട്ട്, ഉറച്ചുനില്‍ക്കുന്ന താങ്ങിലേയ്ക്ക് കൈച്ചുരുളുകളുടക്കി പടര്‍ന്നുകയറുന്ന ഹരിതലതയെന്നപോലെ, സ്നേഹവായ്പ്പിന്റെ നറുമണവുമായി എന്നോടവള്‍ ചേര്‍ന്നുനിന്നു. ആ സാമീപ്യമാണ്, നിശബ്ദതയില്‍നിന്നു വാക്കുകളെ നെയ്തെടുക്കാന്‍ എനിക്ക് ധൈര്യമേകിയത്. "ഉണ്മയിലേയ്ക്കുള്ള ദാഹം ശമിപ്പിക്കാനല്ലേ, നിന്നെ ഞാന്‍ തിരഞ്ഞുനടന്നത്; ഏകാന്തത ഏകാന്തതയെ തേടുമോ?" എന്നവള്‍ ചോദിച്ചത് എനിക്കിന്നും മനസ്സിലായിട്ടില്ല. എനിക്ക് മനസ്സിലായതത്രയും ഇവിടെ പകര്‍ത്തിയെഴുതാന്‍വേണ്ടി, Liebesbriefe berühmter Musiker (പ്രഖ്യാതരായ സംഗീതജ്ഞരുടെ പ്രണയക്കുറിപ്പുകള്‍) ‍എന്ന സമാഹാരത്തില്‍ നിന്ന് ഏതാനും വരികള്‍ കടമെടുത്ത് ഞാന്‍ സ്വതന്ത്രതര്‍ജ്ജമ ചെയ്യട്ടെ. സംഗീതജ്ഞനായിരുന്ന പീറ്റര്‍ കൊര്‍ണെലിയൂസ് 6.6.1865ല്‍ കൂട്ടുകാരി ബെര്‍ത്തായ്ക്കെഴുതിയ വരികളാണവ.

ഒന്നു നിന്‍ കണ്ണുകളെന്നില്‍പ്പതിയുകില്‍

വിണ്ണുമീലോകവുമെന്റേതായ്ത്തീരുന്നു;

നിന്നിളം കൈകളിലൊന്നമര്‍ന്നീടുകില്‍
എന്നില്‍ നിറയുന്നു ദൈവികസ്നേഹവും;

നിന്‍ ചുടുചുംബനമെന്നെപ്പൊതിയുകില്‍
വിസ്മൃതമീശനും സ്വര്‍ഗ്ഗവും ഭൂമിയും! 

സൂര്യന്‍ മറഞ്ഞിട്ടില്ലായിരുന്നു. പുഴയുടെയുന്മേഷം എന്റെ ശരീരത്തെ തഴുകി. ഇരുവശത്തും പച്ചപ്പടര്‍പ്പുകള്‍ തഴച്ചുവളര്‍ന്നു നിന്നിരുന്നു. ഇലിപ്പയും മണിമരുതും, കാട്ടുചെറിയുമൊക്കെ. ഞാനൊരു പാറയില്‍ മലര്‍ന്നു കിടന്നു. "ഒരിക്കല്‍" (എന്‍. മോഹനന്‍) എന്ന കഥയിലെ ഒരു ഭാഗമാണ് അപ്പോള്‍ ഓര്‍ത്തുപോയത്. "ഞാനവളെ വെയില്‍വെളിച്ചത്തിന്റെ ഉടുപുടവയണിയിച്ചു. പൂക്കളുടെ സുഗന്ധവും സൌന്ദര്യവും അവള്‍ക്ക് കൊടുത്തു. ആകാശനീലിമയിലൂടെയും വനാന്തരഹരിതലതമര്‍മ്മരങ്ങളിലൂടെയും അവളുമായി സംവദിച്ചു. കിളികള്‍ എന്റെ പ്രണയഗാനമേറ്റുപാടി." ഇന്നും  ഞാനെന്തെങ്കിലും എഴുതുമ്പോള്‍, ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത്‌.

യോജനവും വിയോജനവും

പരീസ്, 30.09.2010
പ്രിയ സക്കറിയാസ്,
'അറിവ്', 'മായ' തുടങ്ങിയ 'കെണി'പിടിച്ച ധാരണകളെപ്പറ്റി താങ്കളുടെ ബ്ലോഗില്‍ വായിച്ചപ്പോള്‍ കൌതുകം തോന്നി. അതോടൊപ്പം സന്ദേഹങ്ങളും. താങ്കള്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ശരിക്കും കട്ടിയുള്ളവയും ഉള്ളില്‍ തട്ടേണ്ടവയുമാണ്. ഭാഷയും ശൈലിയും വിഷയത്തെ പരമാവധി സുതാര്യവും സുഗ്രാഹ്യവുമാക്കാന്‍ ഉതകുന്ന രീതിയിലുള്ളതാണ്‌. ഇത്തരം ചിന്താബന്ധുരമായ എഴുത്ത് മലയാളത്തില്‍ വിരളമാണ്. മലയാള വായനക്കാര്‍ക്ക് താങ്കളുടെ discourseന്റെ രീതി സുപരിചിതമല്ല. നമ്മുടെയാളുകള്‍ വായിച്ചുവിടുന്നത് കൂടുതലും കേവലം വിവരങ്ങള്‍ (information) മാത്രമാണ്. മലയാളത്തിലെ സംവാദങ്ങളും ചര്‍ച്ചകളും ഏറെക്കുറെ കാമ്പും കഴമ്പുമില്ലാത്ത സാഹിത്യവിചാരങ്ങളും വാഗ്വിലാസങ്ങളുമാണ്. സംസ്കൃതത്തിലൂടെ നമുക്ക് കൈമുതലായി കിട്ടിയ ദാര്‍ശനിക സങ്കല്പങ്ങളെ, തത്ത്വവിചാരസംബന്ധിയായ ഉള്ക്കാഴ്ച്ചകളെ, തെളിഞ്ഞ മലയാളത്തില്‍ അവതരിപ്പിക്കാന്‍ അധികമാരും ഇല്ല. കവിത, ഭാഷ, സാഹിത്യം തുടങ്ങിയ മേഖലകളില്‍ പോലും നാട്യശാസ്ത്രവും അഭിനയദര്‍പ്പണവും ധ്വനിസിദ്ധാന്തവുമൊക്കെ പരാമാര്ശിക്കപ്പെടുമെന്നല്ലാതെ, സുവ്യക്തമായ വിചിന്തനങ്ങള്‍ തുലോം കുറവാണ്. ജര്‍മന്‍ഭാഷ ഒരുവിധം വായിക്കാന്‍ കഴിയുന്ന എന്‍.ആര്‍.ഐ.കള്‍ പോലും വായിച്ചുതള്ളുന്നത് എന്തെന്നറിയാമല്ലോ?

അതുകൊണ്ട്, തുടര്‍ന്നെഴുതുക. എഴുത്തിലെ വ്യക്തിപരതയുടെ ആ തലം നിലനിര്‍ത്തുക. അങ്ങനെ, ജീവിച്ചതിന്റെ, ജീവിക്കുന്നതിന്റെ ഒരുണര്‍വും authenticityയും വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വന്നുചേരും. ഭാഷ കുറിക്കുകൊള്ളുന്നതും ലക്ഷ്യവേധിയുമാകുന്നതും അങ്ങനെയാണല്ലോ. താങ്കളുടെ മനനത്തിനു വിഷയമാകുന്ന കാര്യങ്ങളുടെ സ്വഭാവവും അതാവശ്യപ്പെടുന്നു.

ഇനി സന്ദേഹങ്ങള്‍: ഞാന്‍ കാണുന്ന മരം എന്റെ സൃഷ്ടിയാണെന്നുള്ളത് ശരിയാണെങ്കിലും, മരം അതില്‍ത്തന്നെ എന്തായിരിക്കുന്നു? മരവും ഞാനും ഈ പ്രപഞ്ചം മുഴുവനും ബൃഹത്തായൊരു ഊര്‍ജ്ജമഥനത്തിന്റെ ഭാഗമായി കണക്കാക്കാം. അപ്പോള്‍ പിന്നെ, ഞാനില്ല, നീയില്ല. കാര്യമതാണെങ്കിലും, കേവലം ഊര്‍ജ്ജപ്രവാഹമായി മാത്രം എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടോ? മറ്റ് വാക്കുകളില്‍, കോസ്മിക് എനര്‍ജി ബ്രഹ്മകടാഹത്തില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇന്ദ്രിയവേദിയല്ലാത്ത ഒരു കോസ്മിക് പ്രഭാവമുണ്ടോ? അത് ആറാം ഇന്ദ്രിയമാകാം, ആകാശമാകാം. പക്ഷേ, ആകാശം മാത്രമായിട്ട്, 'ഓം' മാത്രമായിട്ട്‌, അത് സ്ഥിതിചെയ്യുന്നുണ്ടോ? ഒന്നുകൂടി വിശദീകരിക്കാം. 'മനുഷ്യന്‍' എന്നത് abstract ആയി നാം സങ്കല്പ്പിക്കുന്നതാണല്ലോ? ശരിക്കുമുള്ളത്, സ്ഥലകാല- ദേശ- സംസ്കാര- ഭാഷാബദ്ധമായ ഒരു concreteness മാത്രമല്ലേ? അതുപോലെ, ശുദ്ധബോധമായിട്ട് പ്രാപഞ്ചികത്വം, പദാര്‍ത്ഥത്തിന്റെ അഭാവത്തില്‍, നിലനില്‍ക്കുന്നുണ്ടോ എന്നാണ് ആശാനോടുള്ള ചോദ്യം. ഈ പദാര്‍ത്ഥമിപ്പോള്‍ ഫോട്ടോണിന്റെ സൂക്ഷ്മകണികവരെ എത്തിനില്‍ക്കുന്നു, ശാസ്ത്രീയാപഗ്രഥനത്തില്‍. അവബോധം പ്രകാശധാരയോ ധോരണിയോ വീശിയെറിഞ്ഞ വലയോ എന്തുമാകട്ടെ, അതിന്റെ 'കൂട്ട്' (ingredients) എന്താണ്? പഞ്ചഭൂതങ്ങളുടെ ഒരു പ്രത്യക ചേരുവയിലൂടെയാണോ പ്രപഞ്ചചൈതന്യം 'രൂപ'മെടുക്കുന്നത്? അഹം നിര്‍വികാരാനിരാകാരരൂപി എന്നുണ്ടല്ലോ? ഞാന്‍ ഊഹിച്ചെടുക്കുന്നത്, പ്രപഞ്ചശക്തി ഒരു centrifugal താണ്ഡവത്തിലേര്‍പ്പെട്ടിരിക്കുന്നു (നടരാജനടനം) എന്നാണ്. പാല്‍ കടയുമ്പോള്‍ വെണ്ണ ഉരുവപ്പെടുന്നതുപോലെ ചില സന്ദര്‍ഭങ്ങളില്‍ ഈ ശക്തി ചില പോയ്ന്റുകളില്‍ ആഘാതത്തോടെ നിപതിക്കുന്നു. അതാകാം അവതാരങ്ങള്‍. നിര്‍ഗുണബ്രഹ്മത്തെ സഗുണമാക്കാന്‍ പദാര്‍ത്ഥത്തിന്റെ (matter) സാന്നിദ്ധ്യം ആവശ്യമുണ്ട് എന്ന് വരുമോ? ഇങ്ങനെ പല ചോദ്യങ്ങളും ചിന്തകളും എന്നിലുണ്ടായി. താങ്കളുടെ വിചാരധാര എന്നിലൊരിളക്കം സൃഷ്ടിച്ചു എന്നതിന് പക്ഷാന്തരമില്ല.

യേശുവിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ജര്‍മനോ ഫ്രഞ്ചോ ഇംഗ്ലീഷൊ അറിയാവുന്നവര്‍ക്ക് പുത്തരിയല്ല. എന്റെ ന്യായമായ അനുമാനം, അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു, ഇന്ത്യയിലെ മുനി/ഗുരുക്കന്മാരെ കണ്ടുമുട്ടി എന്നൊക്കെയാണ്. യേശുവിന്റെ പല ആശയങ്ങളിലും ജീവിതരീതികളിലും ബുദ്ധമതസ്വാധീനം ഉള്ളതായി ഇന്ന് അംഗീകരിക്കുന്നുണ്ടല്ലോ. ലളിതമാനസ്സനായ ഒരു വായനക്കാരന്, താങ്കളുടെ ലേഖനം വായിച്ചാല്‍, തീര്‍ച്ചയായും ഉതപ്പുണ്ടാകും. "ഇങ്ങനെയൊക്കെ എഴുതിയിട്ട്, ഇന്ന് രാത്രി നീ മരിച്ചാല്‍, നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും?" എന്ന് ചോദിച്ച വിശ്വാസിയോട്, "യേശുവിനോടോത്ത് പറുദീസയില്‍" എന്ന താങ്കളുടെ മറുപടി ഉരുളക്കുപ്പേരിയായി. അയാളുടെ ചോദ്യത്തിലെ 'നിത്യതയും' താങ്കളുടെ ഉത്തരത്തിലെ 'പറുദീസയും' സാങ്കല്പികങ്ങളാണെങ്കിലും.

ക്രിസ്ത്യാനികളുടെയിടയില്‍ മാത്രമല്ല മൂഢവിശ്വാസങ്ങളുള്ളത്. നമ്മുടെ പ്രാചീനകാലത്ത് ഇന്ത്യയിലുണ്ടായ ദര്‍ശനവിശേഷങ്ങളെ മുഴുവന്‍ മനുഷ്യവത്ക്കരിക്കുകയും മൃഗവല്ക്കരിക്കുകയും ആണല്ലൊ പില്‍ക്കാല ഹൈന്ദവപൌരോഹിത്യം ചെയ്തത്. ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ യേശുവിനെപ്പോലെ, അവര്‍ ജീവിച്ച ചരിത്രഘട്ടത്തിന്റെ സന്താനങ്ങളാണ്. അല്ലെങ്കില്‍, കര്‍ണ്ണനെ ചതിയമ്പെയ്യാന്‍ കൃഷ്ണന്‍ പറയുമോ? സീത‌യുടെ ചാരിത്ര്യം അഗ്നിപരീക്ഷയിലൂടെ ശ്രീരാമന്‍ തിട്ടപ്പെടുത്തുമോ? ഉദാത്തമായ ഉപനിഷദ് ദര്‍ശനങ്ങളെവിടെ, പ്രതിലോമബുദ്ധികളായ ഇന്നത്തെ ഹിന്ദുക്കളെവിടെ? 99% ആളുകളും മാനസികമായ സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരല്ല. ചിന്തയുടെയും പ്രവൃത്തിയുടെയും സമഞ്ജസമായ സ്വാതന്ത്ര്യലഹരി ശരാശരി മനുഷ്യന് താങ്ങാനാവുകയില്ലായിരിക്കാം! അതുകൊണ്ടാണല്ലോ ഭക്തി എന്ന പ്രതിഭാസം വിവിധ രൂപത്തിലും ഭാവത്തിലും തഴച്ചുവളര്‍ന്നു നിലക്കുന്നത്. സര്‍വ്വാശ്ലേഷിയായ സ്വാതന്ത്ര്യമാണ് ഒരന്വേഷകനെ നയിക്കേണ്ടത്. പക്ഷേ, എത്ര പേര്‍ക്ക് അതിനുള്ള വിളിയുണ്ട്; വിളിയുണ്ടെങ്കില്‍ തന്നെ അതേറ്റെടുക്കാനുള്ള ധൈര്യം? ജ്ഞാനത്തിലൂടെയുള്ള വെളിച്ചവും വെളിപാടും യുഗസംക്രമണങ്ങളിലാകാം ഉണ്ടാകുന്നത്?

അതുകൊണ്ട്, താങ്കളുടെ വിചിന്തനങ്ങളില്‍ പക്ഷപാതമരുത്. ക്രൈസ്തവസമൂഹത്തില്‍ മാത്രമേ കാപട്യവും കൂട്ടിക്കൊടുപ്പും കൂടുതലുള്ളൂ എന്ന രീതിയില്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍, 'പ്രബുദ്ധരായ' ക്രിസ്ത്യാനികളെ അത് ചൊടിപ്പിച്ചേക്കാം. എന്നിരുന്നാലും, സംഘടിതമതത്തിനുള്ളില്‍ നടക്കുന്ന 'ബ്രെയിന്‍ വ്വാഷിംഗ്' നാം കാണാതിരുന്നുകൂടാ. എല്ലാ പ്രസ്ഥാനങ്ങളിലും വന്നുഭവിച്ച പരിതാപകരമായ ഈ പരിണതി, അധികാരത്തിന്റെ പ്രയോഗത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഒന്നായിട്ടു കാണാന്‍ കഴിയണം.

സത്യത്തില്‍, ഈ ജനുസ്സില്‍പെട്ട ഒരെഴുത്തുകാരനായിരുന്നു ഒ.വി.വിജയന്‍. അദ്ദേഹത്തിന്‍റെ രണ്ട് പുസ്തകങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ തൊട്ടിട്ടുള്ളത്. ധര്‍മപുരാണവും മധുരം ഗായതിയും. രണ്ടിലും, കഥാരൂപേണ, ചരിത്രത്തില്‍ പ്രപഞ്ചചൈതന്യം എങ്ങനെ ഇടപെടുന്നുവെന്നു സൂചിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വിജയനെപ്പറ്റി പറയുമ്പോള്‍, താന്‍ ആവിഷ്ക്കരിക്കാനുദ്ദേശിച്ച താത്ത്വിക/ദാര്‍ശനിക ഉള്‍ക്കാഴ്ചകള്‍ക്ക്, അതിനുചേര്‍ന്ന ഒരു പുത്തന്‍ ഭാഷാശൈലിയും പദസമുച്ചയവും അദ്ദേഹം സൃഷ്ടിച്ചു എന്നെടുത്തുപറയേണ്ടതുണ്ട്. താങ്കള്‍ എം.റ്റി.യെപ്പറ്റി പരാമര്‍ശിച്ചിരുന്നല്ലോ? ഭാഷയെ നവീകരിക്കുന്നതില്‍, ഭാവുകത്വത്തെ നവീകരിക്കുന്നതില്‍, അദ്ദേഹത്തിന്‍റെ സംഭാവന എന്താണ് എന്നന്വേഷിച്ചാല്‍, ഫലം കൂടുതലും ഏതാണ്ട് നിരാശതാജനകമായിരിക്കും. വിജയന് കടുമ്പിടുത്തമുണ്ടായിരുന്ന ധാരണകളായിരുന്നു അവതാരസകല്പം, യുദ്ധമെന്ന പ്രതിഭാസം, ചരിത്രത്തിന്റെ ആത്യന്തികമായ ആപേക്ഷികതാപ്രസക്തി, തുടങ്ങിയവ. എന്തുകൊണ്ടാണ് മനുഷ്യര്‍ യുദ്ധം ചെയ്യുന്നത്, പരസ്പരം തലതല്ലിച്ചാകുന്നത്? യുദ്ധത്തെപ്പറ്റി, ഹിംസയെപ്പറ്റി, മനുഷ്യന്റെ വിധിയെപ്പറ്റി വേപഥുവാര്‍ന്ന് എഴുതിയ ഒരാളായിരുന്നു വിജയന്‍. അദ്ദേഹം കൂടുതലും എഴുതിയത്, fiction എന്നയിനത്തിലാണെങ്കിലും, എല്ലാറ്റിന്റെയും 'why' തിരഞ്ഞു പോയ ഒരാളായിരുന്നു അദ്ദേഹം. "അതിരുകളും ആസ്പദങ്ങളുമില്ലാത്ത തിരച്ചില്‍" എന്നാണ് അദ്ദേഹംതന്നെ തന്റെ ചോദ്യാസക്തിയെ വിശേഷിപ്പിച്ചത്‌. മുഴവന്‍-സമയ-ഫിക്ഷനില്‍ മുഴുകുന്നതിനു മുമ്പ്, അദ്ദേഹം കലാകൌമുദിയില്‍ കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. നമ്മുടെ ദ്രാവിഡസ്വത്വമായിരുന്നു അവയിലെ മുഖ്യ പ്രതിപാദ്യവിഷയങ്ങളിലൊന്ന്. കാരണം, വിജയന്‍ ദില്ലിയിലായിരുന്നല്ലോ 'പ്രവാസം'. ഇന്ത്യയുടെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രം എന്ന നിലക്ക്, ദില്ലിയിലെ അധികാരകേളികളും കയ്യാങ്കളികളും അദ്ദേഹത്തിനു നേരിട്ടറിയാമായിരുന്നു. പത്രപ്രവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ അധികാരപ്രയോഗത്തിന്റെ എല്ലാ ഇടനാഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കാനിടവന്നു. അവിടെയൊക്കെ കണ്ടതും കേട്ടതും അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മലയാളത്തില്‍ 'ആധുനികത'ക്ക് തുടക്കം കുറിച്ചയാള്‍ എന്ന പരിഗണനയൊക്കെ അദ്ദേഹത്തിന് സാഹിത്യചരിത്രത്തില്‍ കൊടുത്തുകണ്ടിട്ടുണ്ട്. പക്ഷേ, അതിനേക്കാളൊക്കെ പ്രധാനമായിട്ടെനിക്ക് തോന്നുന്നത്, മനുഷ്യനെപ്പറ്റി, പ്രപഞ്ചത്തെപ്പറ്റി, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെപ്പറ്റി, ചരിത്രത്തില്‍ ഉരുവംകൊള്ളുന്ന അദൃശ്യ സര്‍ഗ്ഗപ്രവാഹത്തെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടു എന്നുള്ളതാണ്. കേരളത്തെ, ഇന്ത്യയെ, ലോകത്തെ മുഴുവനും ഗ്രസിച്ചിരിക്കുന്ന ആത്മഹത്യാപരമായ ഉപഭോഗജ്വരത്തെപ്പറ്റിയും, പ്രകൃതിയോട് ഇന്ന് മനുഷ്യന്‍ കാണിക്കുന്ന നിഷ്ഠൂരനീതികളെപ്പറ്റിയും, അതൊക്കെ ഫാഷനാകുന്നതിന് എത്രയോ മുമ്പ് അദ്ദേഹം ആലോചിച്ചിരുന്നു. സൈലന്റ് വാലി സംരക്ഷിതമേഘലയാക്കി നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും അതിനായി പ്രചാരണം നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയുമൊക്കെ ചെയ്തവരുടെ മുന്‍പന്തിയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു. കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും ഒരേ സമയം തള്ളിപ്പറഞ്ഞ എഴുത്തുകാരന്‍, ഇന്ത്യയുടെ സനാതന പ്രപഞ്ചസങ്കല്പത്തെപ്പറ്റി സാഹിത്യത്തിലൂടെ വിചിന്തനം ചെയ്ത ഒരാള്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇടതുപക്ഷവും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, ഹിന്ദുക്കളില്‍ തന്നെ ഉല്‍പതിഷ്ണുക്കള്‍ എന്നഭിമാനിക്കുന്നവരും അദ്ദേഹത്തെ ഹിന്ദുത്വത്തിന്റെ പിണിയാളായി മുദ്രകുത്തി. എന്നാല്‍ സത്യം അതായിരുന്നില്ല. ഭാരതത്തില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന, ഇന്നും നടക്കുന്ന, ആര്യന്‍ മേധാവിത്വത്തെപ്പറ്റി ഉറക്കെ ചിന്തിച്ചതും അദ്ദേഹം തന്നെ!
Inasu Thalak, Paris - poetinasu@gmail.com - ഫോണ്‍: 0175575721 / 0623461254           

ഈനാശു അറിയുന്ന യേശു

പ്രിയ സക്കറിയാസ്,
"അറിയുമോ, ഈ യേശുവിനെ?" എന്ന താങ്കളുടെ ലേഖനത്തിനൊരു ചുരുങ്ങിയ മറുപടിയിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണിത്. വിശ്വാസം ഒരു ദാനവും വരവുമല്ലേ? ചോദ്യങ്ങളുയര്‍ത്താത്ത മനസ്സിനും ആശങ്കകള്‍ ആകുലപ്പെടുത്താത്തയാത്മാവിനും സിദ്ധിക്കുന്ന ഒരു ഗുണമല്ലേ അത്? അമ്മൂമ്മക്കും അമ്മയ്ക്കും മകള്‍ക്കും - സ്ത്രീകള്‍ക്കെല്ലാവര്‍ക്കും - കിട്ടിയിട്ടുള്ള സഹജാവസ്ഥയല്ലേ അത്? വരവണ്ണം തെറ്റാത്ത വിശ്വാസത്തിന്റെ അവതാരമായി പഴയ നിയമത്തില്‍ നിന്ന് അബ്രാഹാമിനെ പൊക്കിക്കാണിക്കാറുണ്ട്. എന്നാല്‍ അങ്ങേരുടേതിനെക്കാള്‍ ശുദ്ധമായ (positive) വിശ്വാസമല്ലേ ഹവ്വയുടെ, മറിയത്തിന്റെ, മഗ്നലെനയുടേത്? ചരിത്രത്തില്‍ അവര്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ബൈബിള്‍കഥകളില്‍ നാമവരെ കാണുന്നത് ചോദ്യങ്ങളുയര്‍ത്താത്ത, ആശങ്കകള്‍ തീണ്ടാത്ത, വിശ്വാസത്തിന്റെ പ്രതിനിധികളായിട്ടാണ്. അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വ അതേപടി അതങ്ങ് വിഴുങ്ങി. മറിയത്തിന്റെ "fiat" (നടക്കട്ടെ, അവിടുത്തെ ഇഷ്ടം!) അതിനേക്കാള്‍ ശക്തിയേറിയതായിട്ടല്ലേ വരച്ചുവച്ചിരിക്കുന്നത്? മഗ്ദലേന ഒട്ടുമേ മോശക്കാരിയായിരുന്നില്ല. അവളുടെ 'റബ്ബൂണി' ഉയര്‍ത്തെഴുന്നേറ്റു എന്ന ന്യൂസ്‌ പുള്ളിക്കാരി കമാന്നൊരക്ഷരം മിണ്ടാതെ ശരിവച്ചില്ലേ? വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നാല്ലോ പോള്‍ എഴുതിയത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍, അത് മാറിപ്പോകും എന്നല്ലേ യേശുവും പറഞ്ഞത്? സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്ന ഒരാള്‍ക്ക്‌ ആരാണ് ഉത്തരം തരിക?

സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ ഉദ്യോഗസ്ഥരില്‍നിന്നും വിശ്വാസത്തില്‍ ഒരാളെ ഉറപ്പിക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ പ്രതീക്ഷിക്കാന്‍ വയ്യ. സ്വയം ശ്രമിക്കുക, ശ്രദ്ധ ചെലുത്തുക, സ്രഷ്ടാവുമായി, ഒരിടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ബന്ധപ്പെടാന്‍ കഴിയും, കഴിയണം, എന്നതാണല്ലോ യേശു നടപ്പിലാക്കിയ വിപ്ലവം. ബുദ്ധനും, മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരു സമൂഹത്തില്‍, ഇതേ വിപ്ലവം കൊണ്ടുവന്നു. Ernest Renanന്റെ ഒരു ഗ്രന്ഥമുണ്ട്‌. The Life of Jesus. അന്നും ഇന്നും അത് ക്രിസ്തുവിനെപ്പറ്റി പഠിക്കുന്നവരുടെ സൂചികാഗ്രന്ഥങ്ങളിലൊന്നാണ്. റെനാന്റെ വാദമുഖങ്ങളിലൊന്ന്, സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്നാണ്. ഇത് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌!
 
യേശു, പാശ്ചാത്യബുദ്ധന്‍ (Jesus, la Boudha d'Occident) എന്നൊരു ഗവേഷണഗ്രന്ഥം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രെഞ്ചില്‍ ഇറങ്ങുകയുണ്ടായി. Institute of political and religious Studies, Marseille -ല്‍ അദ്ധ്യാപകനായ Rafaël Liogier (റഫായേല്‍ ലിയോഷിയെ) ആണ് ഗ്രന്ഥകര്‍ത്താവ്. യേശുവിന്റെ ജനനത്തിനു മുമ്പുതന്നെ അഞ്ചാറു നൂറ്റാണ്ടുകള്‍ ഗ്രീസ് തൊട്ട്‌ ഗാന്ധാരം വരെയും, ഈജിപ്ത് തൊട്ട്‌ പാടലീപുത്രം വരെയും ബുദ്ധപ്രബോധനങ്ങളുടെ പ്രഭാവകാലമായിരുന്നു. മഹായാനബുദ്ധിസവും ക്രിസ്ത്യന്‍പ്രബോധനങ്ങളും തമ്മിലുള്ള അടുപ്പവും സാമ്യവും ഗ്രന്ഥകാരന്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഈജിപ്തും ഇസ്രയെലും ഗ്രീസും കിടക്കുന്ന മെഡിറ്ററേയ്നിയന്‍ പ്രദേശങ്ങളും, പേര്‍ഷ്യയും ഇറാക്കും മുതല്‍ ഗാന്ധാരവും മഗധയും  സിന്ധുനദീതടവും ഗംഗാതടത്തിന്റെ വലിയൊരു ഭാഗവുടങ്ങുന്ന ഭൂപ്രദേശങ്ങളും തമ്മില്‍ അന്ന് നിലവിലിരുന്ന വിനിമയങ്ങളും ആദാനപ്രദാനങ്ങളും വെട്ടിപ്പിടുത്തങ്ങളും കണക്കിലെടുക്കുമ്പോള്‍, യഹൂദ- യവനചിന്താസരണികളും ഹൈന്ദവ- ബൌദ്ധദര്‍ശനങ്ങളുമായി ഗാഢമായ വേഴ്ചയുണ്ടായിരുന്നു എന്നനുമാനിക്കാം. അതിന്റെ ഫലമാകാം, യേശുവിന്റെ പ്രബോധനങ്ങളും സമീപനങ്ങളും വീക്ഷണങ്ങളും ബുദ്ധന്റേതിനോട് സാമ്യമുള്ളവയായത്‌ - രണ്ടുപേരും വിഭാവനം ചെയ്ത മനുഷ്യസമൂഹം വിവേചനങ്ങളില്ലാത്ത, ജാതിയോ വര്‍ണ്ണമോ ഇല്ലാത്ത ഒന്നായിരുന്നു താനും. ആനന്ദം, രക്ഷ, മോക്ഷം എന്നിവ നമ്മുടെ ഉള്ളില്‍ തന്നെയാണ് എന്നതാണതിന്റെ സാരം. പാശ്ചാത്യക്രൈസ്തവരില്‍ മഹായാനബുദ്ധിസത്തോട് പ്രതിപത്തിയും ആകര്‍ഷണവും ഉണ്ടാകുന്നതിനു കാരണവും ഇതായിരിക്കാം എന്നു ഗ്രന്ഥകാരന്‍.


കുറേ മുന്‍പ് തന്നെ ഇക്കാര്യം ഞാന്‍ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോയി ചിന്തിച്ചിട്ടുണ്ട്. പുതിയ നിയമം പൊതുവെയും, ഔദ്യോഗിക സുവിശേഷങ്ങള്‍ വിശേഷിച്ചും, കാഴ്ചവയ്ക്കുന്ന ലോകവീക്ഷണവും ദൈവ- മനുഷ്യസങ്കല്പങ്ങളും പഴയ നിയമത്തിന്റേതില്‍നിന്ന് ഭിന്നമാണ്‌. ഇതൊക്കെ ഒന്നുകൂടി വ്യക്തമാണ്, അംഗീകൃതമല്ലാത്ത അപോക്രിഫകളില്‍. അന്ന് പ്രാബല്യത്തിലിരുന്ന യഹൂദധാരണകളോട് ഒട്ടുംതന്നെ പൊരുത്തമുള്ളതായിരുന്നില്ല യേശു പഠിപ്പിച്ചത്. കല്ലുപോലെ ഉറച്ചുപോയിരുന്ന യഹൂദപൌരോഹിത്യ മൂരാച്ചിത്തത്തെയും ജാതിമേല്‍ക്കോയ്മയെയും, അനുഷ്ഠാനവിദഗ്ദ്ധരുടെയും നിയമപ്രഭുക്കളുടെയും കടുമ്പിടുത്തങ്ങളെയും സത്യസന്ധതയുടെ (integrity) കണ്ണാടിക്കു മുമ്പിലേയ്ക്കാനയിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു? എവിടെ നിന്നാണ് ആ പ്രചോദനം?

എന്റെ നോട്ടത്തില്‍, യേശു ഇന്ത്യയിളോളം വന്നു. പന്ത്രണ്ടു വയസു മുതല്‍ ഒരു പതിനെട്ടു കൊല്ലം ഒരവധൂതനെപ്പോലെ അദ്ദേഹം ജ്ഞാനം തേടി യാത്രചെയ്തു, തപസ്സിരുന്നു, ശിഷ്യപ്പെട്ടു. എന്നിട്ട് തിരിച്ചെത്തി ഒരു പുതിയ ചൈതന്യത്തില്‍, പുതിയ ഭാഷയില്‍, പുതിയ രീതിയില്‍, സംസാരിച്ചു തുടങ്ങി. ജ്ഞാനികളും ഗുരുക്കന്മാരും ആശ്രമങ്ങളും വിഹാരങ്ങളും ധാരാളമുണ്ടായിരുന്ന ഒരിടമായിരുന്നല്ലോ അന്ന് സിന്ധു-ഗംഗാതടം. വാദത്തില്‍ പണ്ഡിതന്മാരെ കൊമ്പുകുത്തിക്കാന്‍ കഴിയുന്ന കുശാഗ്രബുദ്ധിയും ജ്ഞാനോത്സുകതയും കൌമാരപ്രായത്തില്‍ തന്നെ യേശുവിനുണ്ടായിരുന്നു എന്ന് നാം വായിക്കുന്നു. An extremely sensitive, intelligent and precocious adolescent genius ആയിരുന്ന അദ്ദേഹം അങ്ങനെയൊരു യാത്ര നടത്തിയില്ലെന്ന് എങ്ങനെ പറയാനാകും? കാരണം, മൂന്നു കൊല്ലത്തെ പരസ്യജീവിതത്തില്‍ നാം കാണുന്ന യേശു ജിജ്ഞാസയും ജ്ഞാനതൃഷ്ണയും ദൈവോന്മുഖതയും മഥിക്കുന്ന ഒരാളാണ്. അങ്ങനെയൊരു വ്യക്തിത്വം അത്രയും നാള്‍ അടങ്ങിയൊതുങ്ങി ഒരു ഗ്രാമത്തില്‍ കഴിഞ്ഞിരിക്കാനിടയില്ല. 

ജീവാത്മാവിന് പ്രാപിക്കാവുന്ന ഏറ്റവും ഉദാത്തവും ഉത്തുംഗവുമായ രൂപം യേശു തന്നില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചു. ജന്മംകൊണ്ടല്ല, മറിച്ച്, ആ ജീവിതത്തിന്റെ ആകെത്തുകകൊണ്ടാണ് യേശുവില്‍ ദൈവത്വം ആരോപിക്കേണ്ടിവരുന്നത്. ഈജിപ്ത്, ഇസ്രയേല്‍, ഗ്രീസ്, ഇന്ത്യ എന്നിവിടങ്ങളില്‍ അന്നോളം നിലവിലുണ്ടായിരുന്ന ദൈവ- മനുഷ്യസങ്കല്പങ്ങളെ സമീകരിച്ച്, സ്ഫുടം ചെയ്ത്, എല്ലാ മനുഷ്യര്‍ക്കുമെന്നല്ല, പ്രപഞ്ചത്തിലെ ഓരോ തരിക്കും സ്വീകാര്യമായ ഒരു ദൈവസങ്കല്പത്തെ സമ്മാനിച്ചു എന്നതാണ് യേശുവിന്റെ നേട്ടം.


ഇനി, യേശു-ഇന്ത്യാ ബന്ധം കെട്ടുകഥയായി തള്ളിക്കളഞ്ഞാലും, അന്നത്തെ മെഡിറ്ററേയ്നിയന്‍ തീരദേശ ഭൂവിഭാഗങ്ങള്‍ ബൌദ്ധദര്‍ശനങ്ങളുടെ സ്പര്‍ശം അറിഞ്ഞിരുന്നുവെന്നതാണ് ചരിത്രസത്യം. ഈജിപ്തിലെ അലെക്സാണ്ട്റിയ പട്ടണം അന്ന് വലിയ ജ്ഞാനകേന്ദ്രമായിരുന്നു. ബുദ്ധഭിക്ഷുക്കളും -വിഹാരങ്ങളും അവിടെയുമുണ്ടായിരുന്നു. അശോകന്റെ കാലം തൊട്ടേ, ഏഷ്യ മുഴുവന്‍ നടന്നു ധര്‍മ്മപ്രചാരണം നടത്തിയിരുന്ന ബുദ്ധസന്യാസികള്‍ പലസ്തീനിലും എത്തിയിരുന്നിരിക്കാം. അങ്ങനെയും യേശുവിന് ബുദ്ധപ്രബോധനത്തിന്റെ കാമ്പും കരുണയും ഉള്‍ക്കൊള്ളാനായി എന്നും വരാം. ഏതായാലും, ഇന്ത്യയില്‍ വന്നോ അല്ലാതെയോ, അദ്ദേഹം ഹൈന്ദവ അല്ലെങ്കില്‍ ബൌദ്ധജ്ഞാനികള്‍ക്കു ശിഷ്യപ്പെട്ടിട്ടുണ്ട് എന്നു സമ്മതിച്ചാല്‍, യേശുക്രിസ്തു ഗ്രെകോ-റോമന്‍ ചട്ടക്കൂട് പൊട്ടിച്ച് ഒരു പൌരസ്ത്യനായിത്തീരും. മാത്രമല്ല, ആദിപാപം, മനുഷ്യാവതാരം, ഉത്ഥാനം തുടങ്ങിയ വിശ്വാസ ''സത്യങ്ങളെ''ക്കുറിച്ച് ഔദ്യോഗിക സഭ പുറത്തിറക്കിയ ചാക്രികലേഖനങ്ങളിലെ വക്രബുദ്ധിയും വികൃതികളും പുറത്ത് ചാടും. ക്രൈസ്തവതക്ക് കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളിലൂടെ വന്നുപെട്ടിട്ടുള്ള യൂറോപ്യതയുടെ പടം താനേ പൊഴിഞ്ഞുപോകും. 

Inasu Thalak, Paris - poetinasu@gmail.com - ഫോണ്‍: 0175575721 / 0623461254
ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ വായിക്കേണ്ട ഒരു നല്ല പുസ്തകമുണ്ട്.  Jesus lived in India (His unknown life before and after the crucifixion) by Holger Kersten, Penguinn Books. ithu DCBook ല്‍ കിട്ടും. സക്കറിയാസ് നെടുങ്കനാല്‍ 

വിപസനയുടെ പാഠങ്ങള്‍

സവിശേഷമായ നിരീക്ഷണമല്ലാതെ മറ്റൊന്നുമല്ല, വിപസന അല്ലെങ്കില്‍ വിപശ്യന. എന്താണ് നിരീക്ഷിക്കുക? നമുക്കുള്ളിലെ യാഥാര്‍ഥ്യത്തെ. അത് ചെയ്യേണ്ടത്, ഏതെങ്കിലും വിശ്വാസത്തിന്റെയോ കല്പനയുടെയോ തത്ത്വചിന്തയുടെയോ നിറത്തിലൂടെയായിരിക്കരുത്. സ്വയം നിരീക്ഷിക്കുകയെന്നത് ഏവരും ചിലപ്പോഴെല്ലാം അറിയാതെതന്നെ ചെയ്തുപോരുന്ന ഒരു പ്രവൃത്തിയാണ്‌. പക്ഷേ, അപ്പോള്‍ കണ്ടെത്തുന്നവയില്‍, വല്ലാത്ത പക്ഷപാതം കലര്‍ന്നിരിക്കും. അഹത്തിനു അസ്വീകാര്യമായതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ് സാധാരണ സംഭവിക്കുക. നിരീക്ഷണത്തെ അങ്ങേയറ്റം വസ്തുനിഷ്ഠമാക്കുക, സത്യസന്ധമാക്കുക എന്നതാണ് വിപസനയുടെ പ്രത്യേകത. ഉദാഹരണത്തിന്, അരിശമോ വെറുപ്പോ അഹങ്കാരമോ അഭിമാനമോ തോന്നുമ്പോള്‍, ആ വികാരത്തെപ്പറ്റി ബോധമുണര്‍ത്തുകയല്ലാതെ മറ്റൊന്നുമരുത്; ഒരു വിശകലനവും പ്രതിക്രിയയും നടത്താതെ, സംഭവിക്കുന്നത്‌ നിരീക്ഷിക്കുക മാത്രം ചെയ്യുക.

പുരാതന ഭാരതത്തില്‍ പ്രചാരമുണ്ടായിരുന്ന വിധിയനുസരിച്ച്, ഏതനുഭവത്തിലും രണ്ടു കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. അരിശം വരുമ്പോള്‍, ഉദാഹരണത്തിന്, ശരീരത്തിന്റെ സ്ഥൂലതലത്തില്‍, ശ്വാസോഛ്വാസത്തിനു അതിന്റെ സ്വാഭാവിക ഗതി നഷ്ടപ്പെടുന്നു. അതിനല്പം വേഗവും കടുപ്പവുമേറും.  അതോടൊപ്പം, ശരീരവും മനസ്സും പരസ്പരം സ്വാധീനിക്കുന്നതുകൊണ്ട്, സൂക്ഷ്മതലത്തിലും ഒരു ജീവരസായന- വിദ്യുതകാന്തപ്രതിക്രിയ നടന്നിരിക്കും. രക്തസംക്രമണം കൂടി, ശരീരം ചൂടാകുന്നത് അതിന്റെ ഫലമായാണ്. ഇതൊക്കെയാണ് നിരീക്ഷണത്തില്‍ വരേണ്ടത്. അല്ലാതെ, അരിശത്തിനു കാരണമെന്ന് നാം കരുതുന്ന വേറൊരാളുടെ പെരുമാറ്റമോ, ചുറ്റുപാടുകളുടെ പ്രതികൂലസ്ഥിതികളോ, ഇവകളെ തിരുത്താനുള്ള മാര്‍ഗങ്ങളോ ഒന്നുമാകരുത്.            

നമ്മില്‍ സംഭവിക്കുന്നതിനെ അഭിമുഖീകരിക്കുകയാണ് നാം ചെയ്യേണ്ടഅത്, അവഗണിക്കുകയല്ല. മറ്റെന്തെങ്കിലും ചെയ്യുക, കീര്‍ത്തനമോ പ്രാര്‍ത്ഥനയോ നടത്തുക തുടങ്ങിയവ, നിഷേധ വികാരങ്ങളില്‍  നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ള സൂത്രങ്ങളാണ്, താല്‍ക്കാലികമായ പാലായനമാണ്. അപ്പോള്‍ സംഭവിക്കുന്നത്‌  തിന്മ അകത്തേയ്ക്ക്, അബോധതലത്തിലേയ്ക്ക്, വലിയുക മാത്രമാണ്. വീണ്ടുമത് പുറത്തുവരുമെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. കാരണം, എല്ലാ അഹന്തയില്‍ നിന്ന് കുരുക്കുന്ന എല്ലാ മാന്യവിചാരങ്ങളും നമ്മെ അലട്ടുന്ന വികാരങ്ങളും മാലിന്യങ്ങള്‍ തന്നെയാണ്, അവയില്‍ നിമ്മും മനസ്സ് ശുദ്ധമായിട്ടില്ല.       

മനസ്സിന്റെ ആഴതലങ്ങള്‍ ശുദ്ധിചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കുക, ധര്‍മ്മം ചെയ്യാനുള്ള വിധി പഠിച്ചെടുക്കുക, എന്നതാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിലൂടെ S.N. Goenkaയുടെ ശ്രമഫലമായി ഒട്ടു മിക്ക രാജ്യങ്ങളിലും രൂപംകൊണ്ടിട്ടുള്ള വിപസന സെന്ററുകളില്‍ ചെയ്യുന്നത്. 21.09 മുതല്‍ 02.10. 2005 വരെ, സ്വിറ്റ്സര്‍ലന്റിലെ Mont Soleil എന്ന മലമുകളില്‍ ഒരു courseല്‍ സംബന്ധിച്ചതിന്റെ ഓര്‍മ്മയില്‍ നിന്നും തുടര്‍ന്നുള്ള ശീലനത്തില്‍ നിന്നുമാണ് ഈ കുറിപ്പ് രൂപപ്പെട്ടത്.


ഉള്ളിലേയ്ക്ക് നോക്കാന്‍ ശീലിക്കുക എന്ന ലക്ഷ്യത്തോടെ വിപസനാര്‍ത്ഥികള്‍ ഒരദ്ധ്യാപന്റെ അല്ലെങ്കില്‍ അദ്ധ്യാപികയുടെ സമക്ഷത്തില്‍ നിലത്തിരിക്കുന്നു; അതിനാകുന്നവര്‍, പത്മാസനത്തില്‍. ഓരോ ധ്യാനാദ്ധ്യയനവും ഒന്നര മണിക്കൂര്‍ എങ്കിലും നീണ്ടുനില്‍ക്കുന്നതിനാല്‍, സ്വസ്ഥമായി ഇരിക്കാന്‍ തലയണയൊ പുതപ്പോ ഒക്കെ ഉപയോഗിക്കാം. അങ്ങനെയിരുന്ന്, ഒരേയൊരു കാര്യമേ ചെയ്യേണ്ടതുള്ളൂ - ശ്വാസത്തെ ശ്രദ്ധിക്കുക. പ്രാണവായു അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുന്നത് കഴിവത് സൂക്ഷ്മതയോടെ ശ്രദ്ധിക്കുക, നാസാരന്ധ്രങ്ങളിലും, മേല്‍ച്ചുണ്ടിന്റെ ഉപരിതലത്തിലും വായുവിന്റെ നേരിയ സ്പര്‍ശത്തെ അറിയാനാകുക വരെയെത്തിയാല്‍ അത് മുന്തിയ നേട്ടമാണ്. ഈ ശ്വാസ പ്രിക്രിയയൊഴിച്ച് ബാക്കിയൊക്കെ മറക്കണം. നമ്മുടെ സത്തയുടെ സൃഷ്ടിയില്‍ കരുക്കളായിട്ടുള്ള പഞ്ചഭൂതങ്ങളെ സ്വരുമിപ്പിക്കുന്നത് ഈ പ്രാണവായുവാണെന്നോര്‍ക്കുക. 


ശ്രദ്ധ മുഴുവന്‍ ശ്വാസോഛ്വാസത്തില്‍ കേന്ദ്രീകരിക്കുന്നതിന്റെ പിന്നില്‍ നില്‍ക്കുന്ന കാരണങ്ങള്‍ ഇവയാണ്.
ശ്വസിക്കുക എന്നത്, ജീവന്റെ തന്നെ ഭാഗമായി, എപ്പോഴും നമ്മോടൊത്തുണ്ട്. ശ്വസനം അങ്ങേയറ്റം വര്‍ത്തമാനകാലത്തില്‍ സംഭവിക്കുന്നു. ബോധതലത്തെയും അബോധതലത്തെയും ബന്ധിപ്പിക്കാനുതകുന്ന ഒരു പാലമാണ് ശ്വസനം. നാമറിയാതെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവൃത്തിയെ നമ്മള്‍ ബോധപൂര്‍വം നടത്തുന്ന ഒന്നാക്കി മാറ്റാം.
ശരീരത്തിന്റെ മറ്റ് ശീലങ്ങളില്‍ സാദ്ധ്യമായതുപോലെ പക്ഷേ, ഇതിലേയ്ക്ക് ഒട്ടും പ്രതിപത്തി അടിഞ്ഞുകൂടാനിടയില്ല. ആഗ്രഹം, ഇഷ്ടം, സുഖം, കോപം, ഭയം, വിരോധം എന്നിവയെല്ലാം ശ്വാസത്തിന്റെ രീതിയെ ബാധിക്കുന്നതിനാല്‍, മനസ്സിന്റെ ഓരോ സമയത്തുമുള്ള സ്ഥിതിയെപ്പറ്റി കൃത്യമായ അറിവുതരുന്ന ഒരു മാപിനിയാണ് ശ്വസനം.


 വിപസന എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശ്രദ്ധയോടെയുള്ള നോട്ടം എന്നാണെന്ന് പറഞ്ഞുവല്ലോ. അടുത്തതായി, അകത്തും പുറത്തുമുള്ള യാഥാര്‍ത്ഥ്യത്തെ (ശരീരത്തിലെവിടെയെങ്കിലും അനുഭവപ്പെടുന്ന സ്പര്‍ശനാനുഭവത്തെ (sensation) അതായിരിക്കുന്നതുപോലെ നിരീക്ഷിക്കാന്‍ പഠിക്കുകയാണ്; - to observe the reality as it is. ഈ അന്വേഷണത്തിനുള്ളയൊരു ശീലം കിട്ടാന്‍, തുടക്കക്കാര്‍ക്കുള്ള ഒരു പരിശീലനം നിര്‍ദ്ദേശിക്കുന്നുണ്ട്‌. അതിങ്ങനെയാണ്. മനസ്സുകൊണ്ട്, തലയുടെ ഉച്ചിമുതല്‍ ശരീരത്തിന്റെ ഓരോ ഭാഗവും 'സ്കാന്‍' ചെയ്യുക. പഞ്ചേന്ദ്രിയങ്ങളുടെ ഏതിന്റെയെങ്കിലും ഏറ്റവും നേരിയ അനുഭവം എവിടെയെങ്കിലും കണ്ടെത്തിയാല്‍ അത് നിരീക്ഷിക്കുക മാത്രം ചെയ്യുക. അത് ചൂടോ തണുപ്പോ സുഖമുള്ള ഒരു തരിപ്പോ, വേദനയോ മരവിപ്പോ വസ്ത്രത്തിന്റെ ഇറുക്കമോ ഉരസലോ ഒക്കെയാവാം. അതെന്തായാലും അതിനോട് താല്പര്യമോ വിപ്രതിപത്തിയോ അനുവദിക്കാതെ അവിടെത്തന്നെ വിട്ടുകളയുക. ഇപ്രകാരം, ശരീരത്തെ മൊത്തത്തില്‍ മുകള്‍തൊട്ട്‌ താഴെവരെയോ, ഓരോ അവയവത്തെ പ്രത്യേകമായി എടുത്തോ‌, ആവര്‍ത്തിച്ചു 'സ്കാന്‍' ചെയ്യണം. അവയില്‍ എവിടെയെങ്കിലും അനുഭവപ്പെടുന്ന ഭൌതികമായ, ഐന്ദ്രികമായ, മാറ്റങ്ങളെല്ലാം തുലോം സാന്ദര്‍ഭികവും താല്ക്കാലികവും ആണെന്ന്‌ തിരിച്ചറിയുക എന്നതാണിതിന്റെ പിന്നിലെ ഉദ്ദേശ്യം. അതേത്തുടര്‍ന്ന്, ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഇതേ സ്വഭാവമുള്ളവയാണെന്നുള്ള ബോദ്ധ്യത്തിലേയ്ക്കാണ് വിപസന ആത്യന്തികമായി നമ്മെ എത്തിക്കേണ്ടത്‌. മുകളില്‍ സൂചിപ്പിച്ച അഭ്യാസം അതിനുള്ള പരിശീലനമായി കാണണം. ഈ കണ്ടെത്തല്‍ ആത്മാവബോധത്തിലേയ്ക്കുള്ള ബുദ്ധന്റെ വലിയ സംഭാവനയാണ്. എല്ലാം മാറിമറയുന്നു, ഒന്നും സ്ഥിരമല്ല എന്ന പ്രത്യക്ഷമായ നിത്യാനുഭവത്തില്‍ തുടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതവിശകലനം. ചലനമെന്നത് അസ്തിത്വത്തിന്റെ നിരന്തര സ്വഭാവമാണെന്ന് ഇന്ന് നമുക്ക് quantum physicsല്‍ നിന്ന്, അന്ന് ശ്രീബുദ്ധന്‍ കണ്ടെത്തിയതിലും വളരെ വ്യക്തമായി, അറിയാം. ക്വാണ്ടം തലത്തില്‍, ഊര്‍ജ്ജപ്രതിഭാസങ്ങളല്ലാതെ മറ്റൊന്നുമില്ല, നക്ഷത്രങ്ങളോ ഗാലക്സികളോ ഒന്നും. ഇന്ദ്രിയങ്ങളാലെന്നല്ല, അതിസങ്കീര്‍ണ്ണമായ കംപ്യൂട്ടര്‍ ഉപയോഗിച്ച് പോലും രേഖപ്പെടുത്താനാവാത്തത്ര വേഗത്തില്‍ പ്രകാശവും വൈദ്യുതിയും ചലിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജമണ്ഡലങ്ങള്‍ മാത്രമാണുള്ളത്. സ്ഥലകാലങ്ങളില്‍ തുടര്‍ച്ചയുള്ള 'ഖര'വസ്തുക്കളെ 'കാണുക' എന്നത് മനസ്സിനെ കബളിപ്പിക്കാന്‍ മസ്തിഷ്കം ചെയ്യുന്ന ഒരു വികൃതിയാണെന്ന് ഈ പുസ്തകത്തിലെ പല ലേഖനങ്ങളിലും ആവര്‍ത്തിക്കേണ്ടിവരുന്നുണ്ട്. അത്ര പ്രധാനമായ ഒരു വസ്തുതയാണത്.


ബുദ്ധന്റെ അടുത്ത കണ്ടുപിടുത്തമാണ്, ഏത്‌ ശാരീരികാനുഭവവും മനസ്സുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നത്. മനസ്സിന്റെ ഭാവങ്ങള്‍, വിചാരങ്ങള്‍, ചിന്തകള്‍, പ്രതീക്ഷകള്‍, ഭയങ്ങള്‍, എന്നിവയെല്ലാം ഒന്നുകില്‍ കഴിഞ്ഞവയുമായോ (ഓര്‍മ്മകള്‍), അല്ലെങ്കില്‍ ഭാവിയുമായോ (പ്രതീക്ഷകള്‍) ബന്ധപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അവയൊന്നും വര്‍ത്തമാനത്തിന്റെ ഈ നിമിഷവുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവ നമുക്ക് ഉപകാരപ്രദവുമല്ല. എന്നാല്‍, കഷ്ടം തന്നെ, മനുഷ്യന്റെ കഴിവിന്റെയും സമയത്തിന്റെയും 99%വും ഈ രണ്ടിടത്തുമായി നഷ്ടപ്പെടുകയാണ്.


മനസ്സും ശരീരവും തമ്മില്‍ ബന്ധപ്പെടുന്നത് ഐന്ദ്രികാനുഭവങ്ങളിലൂടെയാണ്. ഇവയോടൊപ്പം, നാം ശ്രദ്ധിക്കാത്ത വിവിധാനുഭവങ്ങളും ഉള്ളില്‍ ശേഖരിക്കപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി ബോധമണ്ഡലത്തിലെത്തിയോ അബോധതലത്തില്‍ നിന്ന് തന്നെയോ അവ മനസ്സിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. ഇവയെ പുറത്ത് വരാനനുവദിക്കുകയും അപ്പോള്‍ത്തന്നെ നിര്‍മ്മമതയോടെ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ നാം സ്വയം ശുദ്ധീകരിക്കുകയാണ്. ദിവസവും കുറേ നേരത്തേയ്ക്ക് ഇങ്ങനെ 'ധ്യാനിക്കുക' എന്നതല്ല ബുദ്ധന്റെ ആശയം. നേരേ മറിച്ച്, ശ്വസനംപോലെ നിരന്തരമാകണത്. നിരന്തരമായ അവബോധത്തിലെത്തുക എന്നതിലേയ്ക്കാണ് വിപസന വഴിയൊരുക്കുന്നത്. അവബോധം വര്‍ത്തമാനകാലത്തിലെ ഓരോ നിമിഷത്തിലും മാത്രമാണ് സാദ്ധ്യമാകുന്നത്. അതുകൊണ്ട്, അതേ വര്‍ത്തമാനഗുണമുള്ള ശ്വസനത്തിലൂന്നി അവബോധത്തിലെത്തുക എളുപ്പമായിത്തീരുന്നു. ശ്വസനപ്രക്രിയയെ നിരീക്ഷിക്കുക വഴി ചിന്തയെ നിരീക്ഷിക്കാനുള്ള ശീലം വളര്‍ന്നുവരണം. ഇവ രണ്ടും തമ്മിലുള്ള ബന്ധമാണ് ശ്രീബുദ്ധന്റെ വലിയ കണ്ടെത്തല്‍. അതുവരെ വ്യത്യസ്തമായി കണ്ടിരുന്ന ശാരീരികവും മാനസികവുമായ തലങ്ങളെ ബന്ധിപ്പിക്കയാണ് അദ്ദേഹം ചെയ്തത്. ഭൌതികശാസ്ത്രത്തില്‍ time-space-continuum എന്ന Einsteinന്റെ കണ്ടെത്തല്‍പോലെയാണ് ബുദ്ധന്റെ body-mind concept.


അവബോധം എന്നത് സംശുദ്ധമായ ഒരനുഭവമാണ്. വിശ്വാസങ്ങളും നേടിയെടുത്തയറിവുകളും അതിനെ കീഴ്പ്പെടുത്തുകയോ, അശുദ്ധമാക്കുകയോ ആണ് ചെയ്യുക. പുറത്തുനിന്നു കിട്ടിയ ഒരറിവും ഒരാളെയും അവബോധത്തിലേയ്ക്ക് നയിക്കുകയില്ല. ബുദ്ധനോ ലാവോത്സുവോ യേശുവോ മറ്റേതെങ്കിലും ഗുരുവോ ഇതില്‍ സഹായിയാകില്ല. Be yourself എന്ന ഒരേയൊരു സൂത്രമേ അവബോധത്തിലേയ്ക്കുള്ളൂ‍. ഉള്ളിലുള്ള സത്യത്തെ അംഗീകരിക്കുക എന്നത് മാത്രമാണത്. 'സത്യം നിന്നെ മോചിപ്പിക്കും' - ഗുരുക്കളെല്ലാം ഇത്രമാത്രമേ പറഞ്ഞിട്ടുള്ളൂ. ഉള്ളില്‍ വെളിച്ചമുണ്ട്, സത്യമുണ്ട്. അത് കാണാനുള്ള കണ്ണു തെളിയിക്കുക എന്നതാണ് ആത്മീയത അല്ലെങ്കില്‍ അവബോധത്തില്‍ ജീവിക്കുക എന്ന കല. അതാകട്ടെ ഒട്ടുംതന്നെ എളുപ്പമല്ല താനും. ഏത്‌ തുറയിലും നല്ല പ്രതിഛായക്ക്‌ വേണ്ടി അഹത്തെയും അതിന്റെ സൃഷ്ടികളേയും 'മോടിപിടിപ്പിക്കുന്ന'താണ്‌ പരിഷ്ക്കാരമെന്നു കരുതുന്ന ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. നമ്മുടേതായി അംഗീകരിക്കപ്പെടണമെന്ന് കൊതിച്ച്, ഏതെല്ലാം പ്രതിഛായകളെ നാം അന്യര്‍ക്ക് മുമ്പില്‍ സൃഷ്ടിക്കുന്നുവോ, അവയൊക്കെ യഥാര്‍ത്ഥത്തില്‍ നമ്മെ നാം അല്ലാതാക്കുകയാണ്. നാമെന്താണോ, അതായിരിക്കാനോ അതംഗീകരിക്കാനോ ആര്‍ക്കുമിഷ്ടമില്ല. അതുകൊണ്ട്, നാം മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ലോകവും സങ്കല്പത്തില്‍ മാത്രമുള്ള ഒരു വലിയ അസത്യക്കൂമ്പാരമായി തരം താഴുന്നു.             


കപടമായ ഈ സ്ഥിതിവിശേഷത്തെ തിരിച്ചറിഞ്ഞ്, അതില്‍നിന്നു മുക്തി നേടുക എന്ന അസാമാന്യ പ്രയത്നമാണ് വിപസനയെന്ന ശിക്ഷണം സാദ്ധ്യമാക്കുന്നത്. മറ്റ് വാക്കുകളില്‍, അഹന്തയെയും അതിന്റെ ചേഷ്ടകളെയും വകവരുത്തുക. അത് ചെയ്യാന്‍ കരുത്തുള്ളവര്‍ തുലോം വിരളമാണ്. കാരണം, അഹന്തയോളം ശക്തിയുള്ള വേറൊരെതിരാളി മനുഷ്യനില്ല. എല്ലാറ്റിനോടും 'പ്രതികരിക്കാന്‍' നമ്മെ ഉത്തേജിപ്പിക്കുന്നത് മനസ്സാണ്. അനുഭവങ്ങളിലും അറിവിലും സ്ഥിരതയുണ്ട് എന്ന അസത്യത്തിലാണ് മനസ്സിന്റെ ബലം. അതുതന്നെയാണ് ദു:ഖത്തിന് കാരണമായിത്തീരുന്നതും. ഒന്നും സ്ഥിരമല്ലെന്നും ശരീരത്തിലൂടെയും അല്ലാതെയും നാമറിയുന്ന, അല്ലെങ്കില്‍ അറിയിക്കുന്നയനുഭവങ്ങള്‍ നമ്മുടേതായി കാണേണ്ടതില്ലെന്നും സ്വയം പഠിപ്പിക്കുവാനാണ് വിപസനയുടെ ആദ്യകാലശീലുകള്‍ വഴിയൊരുക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂര്‍ ഒരേ നിലയില്‍ ഇരിക്കുമ്പോള്‍ അസ്വസ്തതയുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍, സാവധാനം, ഇവയൊന്നും സ്ഥിരമല്ല, ഇവയൊന്നും എന്റേതല്ല എന്ന നിര്‍മ്മമതയിലൂടെ കൈവരുന്നത് ഒരു വലിയ സ്വാതന്ത്ര്യമാണ്. നിരന്തര പരിശീലനംവഴി, ചുറ്റുപാടുകള്‍ നമ്മെ ഒട്ടും അലട്ടുന്നില്ലാത്ത ഒരവസ്ഥയില്‍ നാം എത്തിച്ചേരുന്നു. കൂട്ടിക്കിഴിക്കലുകള്‍ ആവശ്യമില്ലാത്ത, മുഖംമൂടിയാവശ്യമില്ലാത്ത, ഒരു 'ഞാന്‍' ജന്മം കൊള്ളുന്നു.

അല്പംകൂടി വിശകലനത്തിനായി, ഒന്നുരണ്ടുദാഹരണങ്ങള്‍ കുറിക്കട്ടെ: ആള്‍ക്കാര്‍ ഒത്തുകൂടുന്ന ഒരു ചടങ്ങില്‍ സംബന്ധിച്ചിട്ടു തിരിച്ചെത്തിയപ്പോള്‍, ജീവിതപങ്കാളി പറഞ്ഞു: 'ഇട്ടിരുന്ന ഷെര്‍ട്ടിന്റെ പുറത്ത് രണ്ടിടത്തു കറയുണ്ടായിരുന്നു; പാന്റ്സില്‍ മഷി വീണ കറയും. നാണക്കേട്‌ തോന്നി!' മറ്റതിഥികള്‍ കാണാനിടയായിരിക്കാം എന്ന് അവള്‍ കരുതിയ കറകള്‍ എന്റെ മാത്രമല്ല, അവളുടെയും അഭിമാനത്തിനു ക്ഷതമായി എന്ന കണക്കുകൂട്ടല്‍ അവള്‍ക്ക് ഏതാണ്ടൊരതൃപ്തിക്കും ദു:ഖത്തിനും കാരണമായിത്തീരുന്നു. എന്തെന്നാല്‍, മോടിയോടെ നടക്കേണ്ടവര്‍, നടക്കാന്‍ കഴിയുന്നവര്‍, എന്ന എന്റെയും അവളുടെയും പ്രതിഛായയെ അലസമായ അത്തരം വസ്ത്രധാരണം തകര്‍ത്തുകളഞ്ഞുപോലും. വാസ്തവത്തില്‍, അങ്ങനെ ചിന്തിച്ച് ശീലിച്ചുപോയി എന്നത് മാത്രമേ ഇക്കാര്യത്തില്‍ സംഭവിച്ചുള്ളൂ. മറ്റൊന്നും സംഭവിച്ചില്ല. കളങ്കമില്ലാത്ത, വില കൂടിയ വസ്ത്രം ധരിച്ചാലും, അല്പം കറയുള്ളവ ധരിച്ചാലും, അനിനുള്ളിലെ വ്യക്തി ഒന്നുതന്നെയാണെന്ന വളരെ ലളിതമായ സത്യമുള്‍കൊള്ളാന്‍ ശീലം ഒരാളെ അനുവദിക്കുന്നില്ല എന്നാണതിനര്‍ത്ഥം. നമ്മളല്ല, നമ്മെ അന്യര്‍ എങ്ങനെ കാണുന്നു എന്നതായിത്തീര്‍ന്നിരിക്കുന്നു  നമ്മുടെ സത്ത! ജീവിതത്തില്‍ എന്തിലേയ്ക്കും ഏതു സന്ദര്‍ഭത്തി ലേയ്ക്കും ഈ അനുഭവത്തെ വ്യാപിപ്പിക്കാം. നമ്മുടെ ഉണ്മയെപ്പറ്റി ബോധമില്ലാതെ ജീവിക്കുമ്പോള്‍, നാം അസത്യങ്ങളുടെ കൂമ്പാരത്തിനു മുകളിലാണ് 'സുഖമായി' കഴിയുന്നത്‌. അങ്ങനെ നാമും നമ്മെ ബാധിക്കുന്നതെന്തോക്കെയോ അതെല്ലാം വ്യാജമായിത്തീരുന്നു.


മറ്റൊരുദാഹരണം. പള്ളിയില്‍ പിരിവിനായി ജനത്തിനിടയിലൂടെ ഒരു കുട്ട കൈമാറപ്പെടുന്നു. അടുത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുമല്ലോ എന്നതുകൊണ്ട്‌ മാത്രം ഞാന്‍, ഏറ്റം കുറഞ്ഞത്‌ ഒരു പത്തുരൂപാനോട്ട് അതിലിടുന്നു. നേര്‍ച്ചയിടുന്നതിനോട് ഒട്ടും താല്പര്യമില്ലാത്തൊരാള്‍ ഇങ്ങനെ ചെയ്യുന്നത് സത്യസന്ധതയില്ലായ്മയാണ്. അന്യര്‍ക്ക് മുമ്പില്‍ ഞാന്‍ 'ധാരാളി'യാകുകയാണ്. ഇത് അശുദ്ധമായ പ്രവൃത്തിയാണെന്ന് എന്റെയുള്ളില്‍ സാക്ഷ്യപ്പെടുത്തപ്പെടുന്നുണ്ട്. പക്ഷേ, അത് ശ്രവിക്കാനുള്ള ധൈര്യമെനിക്കില്ല. എന്റെ ഭീരുത്വത്തിലൂടെ, കള്ളത്തരത്തിലൂടെ, എനിക്കുണ്ടാകുന്ന പ്രതിഛായയാണ് എനിക്കപ്പോള്‍ വലുത്. 'ഒറിജിനല്‍' ഉടഞ്ഞു പോകുന്നു. 'ഡ്യൂപ്ലിക്കേയ്റ്റ്‌' കാത്തുസൂക്ഷിക്കപ്പെടുന്നു!


ശരീരത്തിന്റെയും മനസ്സിന്റെയും പ്രതികരണങ്ങളുടെ അനിശ്ചിതത്വവും അസ്ഥിരതയും ഉള്‍ക്കൊള്ളാനായാല്‍, വ്യര്‍ത്ഥവും നിരാകരണവുമായ ഏത്‌ ലജ്ജയെയും മറികടക്കാനാവും. എന്തുകൊണ്ടാണ് നമ്മുടെ മുനികള്‍ നഗ്നരായി നടക്കാന്‍ ധൈര്യപ്പെട്ടത് എന്ന് ചിന്തിച്ചുനോക്കുക. 'ഒളിച്ചുവയ്ക്കാനെന്തിരിക്കുന്നു' എന്ന സത്യവും ധൈര്യവുമാണതിനു പിന്നില്‍. തന്നെപ്പറ്റി പൊലിപ്പിച്ച ധാരണകളില്ലാത്ത ഏതൊരാള്‍ക്കും പറയാനാകും, ഞാന്‍ വസ്ത്രം ധരിക്കുന്നത്, നാണംകൊണ്ടല്ല, മറിച്ച്, എന്റെ നഗ്നത അന്യര്‍ക്ക് നാണമുണ്ടാക്കരുത് അല്ലെങ്കില്‍ ഉതപ്പുണ്ടാക്കരുത് എന്നതുകൊണ്ട്‌ മാത്രമാണ് എന്ന്. പരിഷ്ക്കാരവും 'ഫാഷനും' ഉണ്ടെന്നഭിമാനിക്കുന്നവരുടെ നാടുകളിലൊക്കെ textile, cosmetic industry മൊത്തത്തില്‍ മനുഷ്യശരീരത്തിന്റെ വ്യാജമായ പ്രദര്‍ശനത്തിനുള്ള വഴികളൊരുക്കാനായി മാത്രമുള്ളതായിത്തീര്‍ന്നിരിക്കുന്നു. ഇതിനൊന്നും പ്രതിവിധികള്‍ തേടേണ്ടതില്ല. നമ്മെ സംബന്ധിച്ചിടത്തോളം, കാപട്യം കാപട്യമാണെന്ന് കാണാനുള്ള കണ്ണുണ്ടായാല്‍ ധാരാളം മതി.

വിസനയുടെ ശീലുകള്‍ സ്വായത്തമായ ഒരാള്‍ക്ക്  എപ്പോഴും മനസ്സില്‍ ഉറച്ചുനില്‍ക്കുന്നതിതാണ്: 'എന്നെ സംബധിക്കുന്ന സത്യം ഒന്നുമാത്രമാണ്. അത് പൊലിപ്പിക്കാനോ പൂഴ്ത്തിവയ്ക്കാനോ ശ്രമിക്കുന്നത് കാപട്യമാണ്.        


വിപസനാശിക്ഷണത്തിലൂടെ കൈവരുന്നയറിവുകള്‍:

കഴിഞ്ഞുപോയ സംഭവങ്ങളുടെ ബലത്തില്‍ തീരുമാനങ്ങളെടുക്കരുത്‌. കാരണം, അവ വര്‍ത്തമാനത്തെ ബാധിക്കുമെന്നത് വെറും തെറ്റുധാരണയാണ്. ഭൂതമായവയെല്ലാം അപ്രത്യക്ഷമായതായി കണക്കാക്കുക. മിക്കവാറും ദു:ഖങ്ങള്‍ക്ക് കാരണം കഴിഞ്ഞവയെപ്പറ്റിയുള്ള ഓര്‍മ്മകളാണ്. ഒരാളുടെ മാതാപിതാക്കള്‍, കുടുംബപശ്ചാത്തലം, വിദ്യാര്‍ജ്ജനം, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയവയൊക്കെ തീര്‍ത്തും യാദൃശ്ചികങ്ങളായ അടയാളങ്ങള്‍ മാത്രമാണ്. നമ്മുടെ സ്വന്തം ശരീരകോശങ്ങള്‍ പോലും വര്‍ഷാവര്‍ഷം മൊത്തത്തില്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഴയതില്‍നിന്ന് ഒന്നും തന്നെ ബാക്കിയിരിക്കുന്നില്ല. നിത്യമെന്നോ സ്ഥിരമെന്നോ ഉള്ള ബലത്തോടെ പിടിച്ചുതൂങ്ങിക്കിടക്കാന്‍ ആര്‍ക്കും ഒന്നുമില്ല എന്ന സത്യം നേര്‍ക്കുനേര്‍ കാണാനായാല്‍, അതിരില്ലാത്തൊരു സ്വാതന്ത്ര്യാനുഭവം തന്നെയായിരിക്കുമത്. ഈ ചിന്താധാരയുടെ ഫലമെന്നോണം, ഭാവിയെപ്പറ്റിയും ഒന്നും കെട്ടിച്ചമയ്ക്കാനില്ലെന്നറിയുമ്പോള്‍, നമ്മുടെ വര്‍ത്തമാനത്തിന്, അനുനിമിഷത്തെ ജീവിതത്തിന്, സാദ്ധ്യതയും ബലവും തന്മയത്വവും ഏറും.


തെറ്റായ അളവുകോലുകളാണ് മിക്കവാറും എല്ലാ വ്യത്യസ്തതക്കും പിന്നിലുള്ളത്. ഉദാഹരണത്തിന്, കൃഷിക്കാര്‍ കളകളെപ്പറ്റി വ്യാകുലപ്പെടുന്നു. മനുഷ്യനെ പ്രകൃതിയില്‍ നിന്ന് മാറ്റുക, കളകള്‍ എന്നൊന്നില്ലാതാവും എന്നാണ് മാസനോബു ഫുക്കുവോക്ക പറഞ്ഞത്. കാരണം, അപ്പോള്‍ ഓരോ സസ്യവും അതിന്റെ ഗുണം കൊണ്ടുതന്നെ തനതായ വിലയുള്ളതായിരിക്കും. മറ്റുള്ളവരെയും മറ്റുള്ള വസ്തുക്കളെയും അളക്കാനുള്ള കോലും മാപിനിയുമായി നമ്മെത്തന്നെ നാം കരുതുമ്പോള്‍, നീക്കുപോക്കില്ലാത്ത പ്രശ്നങ്ങളുമുദിക്കുന്നു. നിയന്താവൊഴിച്ച്, ആര്‍ക്കാണ് എന്തിനെയെങ്കിലും അളക്കാനധികാരമുള്ളത്?


എന്റെ ദു:ഖങ്ങള്‍ക്ക്, വേറാരുമല്ല, ഞാന്‍ തെന്നെയാണ് കാരണം എന്നംഗീകരിക്കാനാകുക ചില്ലറക്കാര്യമല്ല. നമ്മുടെ മനസ്സിനെ രൂപപ്പെടുത്തുന്നത് നാം തന്നെയാണല്ലോ. അന്യരുടെ മുമ്പില്‍ സ്വയമാഗ്രഹിക്കുന്ന അല്ലെങ്കില്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന ഒരു പ്രതിഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും അത് വിജയിക്കാതെവരുകയും ചെയ്യുമ്പോള്‍, അത് അസ്വസ്ഥതക്ക് കാരണമാകുന്നു. നിങ്ങളെത്തന്നെ നിങ്ങളുടെ p.r.o. ആയി നിയമിക്കാതിരിക്കുക. രാജ്യങ്ങളും കുത്തകകളും മാത്രമല്ല, വ്യക്തികളും ഏറെ സമയം കളയുന്നത്, ഇല്ലാത്ത, തിളങ്ങുന്ന ഒരു 'image' സൃഷ്ടിക്കാനും അങ്ങനെയുണ്ടാക്കിയെ ഒന്നിനെ വച്ചുപുലര്‍ത്താനുമാണ്. ഇന്നെവിടെയും അരങ്ങേറുന്ന നടനപ്രക്രിയകള്‍ അതിരില്ലാത്തതാണ്, ആത്മീയതയുടെ പരിവേഷം അണിയുന്നവരുടെയിടയില്‍ പോലും. കാപട്യം ഏറ്റവും മ്ലേശ്ചമാകുന്നത് മറ്റൊരിടത്തുമല്ല.     


 നര്‍മ്മബോധം അഹന്തയെ നശിപ്പിക്കുന്നു. എല്ലാം ദുരിതമയവും ഗൌരവവുമായിടത്ത് ആയിരിക്കാന്‍ ദൈവം പോലും  ഇഷ്ടപ്പെടില്ല. ഉദാഹരണത്തിന്, നമ്മുടെ പള്ളികളിലും അമ്പലങ്ങളിലും മോസ്ക്കുകളിലുമൊക്കെ ഒരു വിധികര്‍ത്താവിന്റെ സാന്നിദ്ധ്യമല്ലാതെ, മറ്റെന്താണുള്ളത്? മനുഷ്യന്റെ അത്യധികമായ ഭയവും ദൈന്യതയും പേറുന്ന സ്വത്വബോധം മതങ്ങളില്‍ നിന്ന് ദൈവത്തെ അകറ്റിക്കളഞ്ഞുവെന്ന് പറയാം. സന്തോഷം പകരാത്ത ദൈവത്തെക്കൊണ്ട് ആര്‍ക്കെന്തു നേട്ടം? ആഫ്രിക്കയിലും തെക്കേ അമേരിക്കയിലുമൊക്കെ പള്ളികളില്‍ ചിരിയും കൈകൊട്ടും ഡാന്‍സ്‌ പോലും അനുവദനീയമാണ്. അതുപോലെ, ചുരുക്കമെങ്കിലും, നമ്മുടെ പല അമ്പലങ്ങളിലും. വിപസന ഏറ്റവും ആവശ്യമുള്ളത് ഇന്ന് ക്രിസ്ത്യാനികള്‍ക്കാണ്. എന്നുവച്ചാല്‍‍, എല്ലാ തീവ്രവാദികള്‍ക്കും.


അവബോധത്തിലാകുക എന്നാല്‍, നിരീക്ഷിക്കുന്നവയില്‍ നിന്ന് അകലം കാക്കുക എന്നുകൂടിയാണ്. കാണപ്പെടുന്നതിന്റെ ഗുണദോഷങ്ങള്‍ നിരീക്ഷകനെ ബാധിക്കരുത് എന്ന് ചുരുക്കം. Vipassana is the art of making yourself detached. It is becoming equanimous towards what you observe and becoming aware of it without being affected by its qualities.
   
കൂടുതല്‍ വായിച്ചറിയാന്‍ താല്പര്യമുള്ളവര്‍ക്ക്: www.dhammagranth.com
Dhammapada: The Way of the Budha, vol. 11


The Art of Living (as taught by S.N. Goenka), William Hart. Available at Vipassana Research Institute, Dhammagiri, Igatpuri, Maharashtra, India)