തിരുപ്പിറവിയും ചില ഉദ്വേഗചിന്തകളും

 തിരുപ്പിറവിയും ചില ഉദ്വേഗചിന്തകളും


അവതാരപുരുഷന്മാരുടെ ഏറ്റവും വലിയ നഷ്ടം അവരുടെ ശൈശവം മോഷ്ടിക്കപ്പെടുന്നു എന്നതാണ്. വലിയ കാര്യങ്ങള്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപെട്ട്, അഭൌമികമായ ഏതോ മുന്‍‌കൂര്‍ തീരുമാനമനുസരിച്ച് ജന്മമെടുക്കുന്ന അവതാരശിശുവിന് ശൈശവത്തിന്റെയും കൌമാരത്തിന്റെയും എല്ലാ വശ്യതകളും കുറുമ്പുകളും നിരാകരിക്കപ്പെടുകയാണ്. ജീവിതത്തിന്റെ സമസ്ത സൌന്ദര്യവും അവരില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നു എന്ന് വേണമെങ്കില്‍ പറയാം. ജ്ഞാനികളും മാലാഖാമാരും അത്ഭുതം കൂറുന്ന അയല്‍ക്കാരും, എന്തിന്, സ്വന്തം മാതാപിതാക്കളും ചേര്‍ന്ന് സ്വാഭാവികമായ വളര്‍ച്ചയുടെ ഗതി അവരില്‍ നിന്ന് മാറ്റിവിടുന്നു. വീഴ്ച്ചകളിലൂടെയുള്ള പഠനമാണ് ജീവിതമെങ്കില്‍, അതവര്‍ക്ക് അനുവദനീയമല്ല. അല്പമൊക്കെ വല്ല വീഴ്ചകളും വന്നു പിണഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ, ഭാവി ചരിത്രകാരന്മാര്‍ അതെല്ലാം തൂത്തുവെടിപ്പാക്കിക്കൊള്ളും. ഒരു ശിശുവിനെപ്പോലെ മലമൂത്രവിസര്‍ജനത്തിനുപോലും അവതാരപുരുഷന് അനുവാദമില്ല. ഇത്തരമൊരുണ്ണി എങ്ങനെ നമ്മുടെ സ്നേഹവാത്സല്യങ്ങള്‍ക്ക് പാത്രമാകുമെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല.

തിരിഞ്ഞു നോക്കുമ്പോള്‍, വ്യര്‍ത്ഥവും ശുഷ്ക്കവുമായ മനുഷ്യഭാവനകള്‍ എത്രയെത്ര നല്ല മനുഷ്യരുടെ ശൈശവത്തെ ഇല്ലായ്മ ചെയ്തിരിക്കുന്നു! എന്തുമാത്രം പാഴ്വാക്കുകള്‍ അതിനായി എഴുതപ്പെട്ടിരിക്കുന്നു. കൌമാരം പിന്നിടാത്ത മനുഷ്യക്കുരുന്നുകളെ കൂലിയില്ലാത്തൊഴിലാളികളാക്കി അവരുടെ അല്പ ജീവിതം നിഹനിക്കുന്നതിനു തുല്യമല്ലേ അവതാരമാരോപിച്ച് ഒരാളുടെ മനുഷ്യത്വം അപഹരിക്കുന്ന ഈ വിനോദവും? മനുഷ്യനായി ജനിച്ച്, മനുഷ്യനായി വളരാത്ത ഏതൊരാള്‍ക്കാണ് മനുഷ്യനെ ഉദ്ധരിക്കാന്‍ കഴിയുക? അങ്ങനെയെങ്കില്‍ പിന്നെ പരാശക്തിക്ക് ഈ നിയോഗം അവതാരോപാധിയില്ലാതെയും ആയിക്കൂടെ?

റ്റാക്കൂറിന്റെ ഗീതാഞ്ജലിയിലെ മനോഹരകാവ്യഖണ്ഡത്തില്‍  (*മുഴുവന്‍ വായിക്കാന്‍ അവസാനം കൊടുത്തിരിക്കുന്ന link കാണുക) കുറ്റപ്പെടുത്തുന്ന അനുഷ്ഠാനക്രിയകള്‍ - കൊന്തയുരുട്ടും മന്ത്രാലാപനങ്ങളും അറുത്ത പൂക്കളും കുന്തിരിക്കവും - ക്രിസ്തീയസമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണമെന്ന് ശ്രീ ജെയിംസ്‌ കോട്ടൂര്‍ പറയുമ്പോള്‍, അത് ശരിവയ്ക്കാതെ തരമില്ല. അത് ശക്തമായ തൂലികാപ്രയോഗമായിരുന്നു. അതുപോലെ, യേശുവിന്റെ പിറവിയുമായി ബന്ധപ്പെടുത്തി ഉണ്ടായിട്ടുള്ള മിക്ക കഥകളും വെറും ഐതിഹ്യങ്ങള്‍ മാത്രമാണെന്ന് എഴുതാനുള്ള ചങ്കൂറ്റം ക. സഭയുടെ തലവനായ ബെനെടിക്റ്റ് പതിനാറാമന് ഉണ്ടായത് അഭിനന്ദിനാര്‍ഹമാണ്. ക്രിസ്തുമസ് ഐതിഹ്യങ്ങള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു, മാലാഖാമാര്‍ ആട്ടിടയരോട് തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു, കഴുതയും മറ്റു മൃഗങ്ങളും നിന്നിരുന്ന ഒരു തൊഴുത്തില്‍ ഉണ്ണി പിറന്നു എന്നും മറ്റുമുള്ള കഥകള്‍ വെറും ഭക്തിഭാവനകളാകാനാണ് സാദ്ധ്യത എന്ന്. യേശുവിന്റെ കാലിത്തൊഴുത്തിലെ പിറവിയെ പഴയനിയമത്തിലെ ചില വാക്യങ്ങളുമായി ബന്ധപ്പെടുത്തി, അവിടെ പീഡിതരായ അന്നത്തെ മനുഷ്യര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ തന്നെയാണ് യേശു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടന്നതായി പോപ്പ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പരാമൃഷ്ട വാക്യങ്ങള്‍ (ഹബക്കുക്ക് 3,17/ഏശയ്യാ 1,3) ശ്രദ്ധിച്ച് വായിച്ചുനോക്കിയാല്‍ കൂടുതല്‍ ചിന്താക്കുഴപ്പമാണ് ഉണ്ടാവുക. കാരണം, അവതമ്മില്‍ ആകെയുള്ള ബന്ധമിത്രമാത്രം: നാടാകെ അനീതിയും അക്രമവും നിറയുമ്പോഴും, ദുഷ്ടന്‍ നീതിമാനെ വിഴുങ്ങുമ്പോഴും, കര്‍ത്താവ് രക്ഷക്കായി എത്തുന്നില്ല. അസ്സീറിയായിലെ നാഹും ആണ് അന്ന് ഭരിച്ചിരുന്നതെങ്കില്‍, റോമന്‍ അടിമത്തത്തില്‍ യഹൂദര്‍ നരകിച്ചിരുന്ന സമയത്താണ് യേശുവിന്റെ ജനനം. നാഹുമിന്റെ കാലത്ത്, ഒരു രക്ഷകന്‍ ഉടന്‍ വരും എന്ന് ഹബക്കുക്ക് എന്ന പ്രവാചകന്‍ ജനത്തെ ആശ്വസിപ്പിക്കുന്നതാണ് സന്ദര്‍ഭം. അതുമായി താരതമ്യം നടത്തി, യേശുവിനെ തങ്ങള്‍ കാത്തിരുന്ന രക്ഷകനായി സ്ഥിരീകരിക്കാനാണ് ലൂക്കായുടെ ശ്രമം എന്നാണു പോപ്പ് ബെനഡിക്റ്റ് സ്ഥാപിക്കുന്നത്. ഉദ്ദേശ്യം കൊള്ളാം, പക്ഷെ, അദ്ദേഹം ഉദ്ധരിക്കുന്ന വേദവാക്യങ്ങള്‍ ഇവിടെ അതിനു വഴങ്ങുന്നില്ലെന്നു മാത്രം. പഴയനിയമ/പുതിയനിയമ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കല്‍ സുവിശേഷകൃതികളില്‍ ധാരാളം കണ്ടെത്താനാവും എന്നത് സത്യമാണ്. ഉദാ. ഹബക്കുക്ക് 3,18 ലെ "എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും" എന്നത് "എന്റെയാത്മാവ് എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു." എന്നാക്കി ലൂക്കാ 1,47 ല്‍ (മറിയത്തിന്റെ സ്തോത്രഗീതം) കാണാം. മനുഷ്യചരിത്രത്തില്‍ ഇവിടെ സമാനതകളുണ്ട് എന്നതു മാത്രമാണ് അതിന്റെ പിന്നിലെ യുക്തി.

ഇതൊക്കെയാണെങ്കിലും, മനുഷ്യരുടെ സംഗീതപരമ്പരകളില്‍  ഏറ്റവും മനോഹരമായ ചില സൃഷ്ടികള്‍ക്ക് ദൈവത്തിന്റെ മനുഷ്യാവതാരസങ്കല്പവും അതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും സ്രോതസ്സായിട്ടുണ്ട്. വിശേഷിച്ച്, യൂറോപ്പിലെ ഭാഷകളില്‍. Silent Night, Ave Maria എന്നിവ നല്ല ഉദാഹരണങ്ങളാണ്. അതുപോലെ, ശൈശവത്തിന്റെ വശ്യതയും മാതൃത്വത്തിന്റെ നിര്‍മ്മല മഹത്വവും നിറങ്ങളില്‍ കുടുക്കാന്‍ വിശ്വകലാകാരന്മാരെ ഉത്തേജിപ്പിക്കാനും ഈ ഭാവനക്ക് കഴിഞ്ഞിട്ടുണ്ട്. 

ഒരു വിയോജിപ്പ് കൂടി. എന്തുകൊണ്ടാണ് എല്ലാ അവതാരങ്ങളും പുല്ലിംഗമായിപ്പോകുന്നത്? അത് തന്നെ ഈ വിശ്വാസത്തിലെ കഴമ്പില്ലായ്മയെ സ്ഥിരീകരിക്കുന്നു. ജനനം വഴി ഒരാള്‍ അധഃകൃതനാകുന്നു എന്ന വക്രചിന്തപോലെ തന്നെ മ്ലേച്ഛമാണ് ജനനം മൂലം ഒരാള്‍ ആരാധ്യനാകുന്നു എന്ന വിശ്വാസവും. ഹിന്ദു അവതാരങ്ങളായാലും, തിബത്തുകാരുടെ ലാമാമാരാണെങ്കിലും, പുല്‍ക്കൂട്ടിലെ ഉണ്ണിയോ കത്തോലിക്കരുടെ ചില വിശുദ്ധരോ ആയാലും ശരി, യുക്തി ഇക്കാര്യത്തില്‍ ദാക്ഷിണ്യരഹിതമാണ്.  

ഇതുകൂടി പറയാതെ നിറുത്തുന്നത് ഭംഗിയല്ല. കാലിത്തൊഴുത്തിലെ ജനനവും മൂന്നു വര്‍ഷക്കാലത്തെ അദ്ഭുതചെയ്തികളും കാല്‍വരിയിലെ മരണവും പുനരുഥാനവുമൊന്നും ഇല്ലാതെതന്നെ യേശു എനിക്ക് എന്നും സംപൂജ്യനായ ഗുരുവും അവഗണിക്കാനാവാത്ത മാതൃകയും രക്ഷയാഗ്രഹിക്കുമ്പോള്‍ രക്ഷകനും വഴിയന്വേഷിക്കുമ്പോള്‍ വഴിയും ആണ്. അടിത്തട്ടു കാണാവുന്ന ഒരു നദിയിലേയ്ക്കിറങ്ങുന്നതു പോലെയാണ് ഞാന്‍ യേശുവിനെ കണ്ടെത്തിയത്. ഇരു കരയും കവിഞ്ഞ്, കനത്ത പാറകള്‍ക്കിടയിലൂടെ മന്ദമായി ഒഴുകുന്ന ഒരാറുപോലെ; മറ്റുറവകള്‍ അതിലേയ്ക്ക് ലയിച്ചുചേരുന്നു, ഇന്നലെത്തേപ്പോലെ ഇന്നും. ഇരു തീരത്തും പച്ചപ്പുള്ള കൂറ്റന്‍ മരങ്ങള്‍. ഓരോ ഉദയസൂര്യനും അസ്തമയവും അതിനെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്നു. ഉത്ഭവമെവിടെയെന്നറിയാത്ത, ധാരാളിത്തത്തിന്റെ ധന്യതയായി അതൊഴുകിക്കൊണ്ടിരിക്കുന്നു.

അവന്‍ കാറ്റിനെതിരേ നടന്നു. അവന്റെ മേലങ്കി പറന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ അവനല്ലാതെ വേറൊരുത്തമപുരുഷന്‍ ഇല്ലായിരുന്നു. അപ്പോള്‍ അവന്റെ കൈയില്‍ കടന്നു പിടിക്കാനാവുക, അതെനിക്ക് പറുദീസയുടെ കുളിര്‍മ്മയാകുന്നു. തിരുവവതാരത്തിന്റെ മധുവൂറുന്ന കാല്പനികസുഖങ്ങളും ദൈവരാജ്യത്തിന്റെ മോടികളും വേണ്ടവര്‍ അവ പങ്കിട്ടെടുത്തുകൊള്ളട്ടെ. എന്നാല്‍, അവയൊന്നുമില്ലാതെ, ആരെക്കുറിച്ചോര്‍ക്കുമ്പോള്‍, എനിക്കാത്മാവില്‍ കാറ്റ്പിടിക്കുന്നുവോ, മറ്റെല്ലാം മറക്കാനാവുന്നുവോ, അതാണെനിക്ക്‌ യേശു. അവനാകുന്ന ജലാശയത്തിന്റെ ആഴത്തിലേയ്ക്കിറങ്ങുമ്പോള്‍, വെട്ടിത്തിളങ്ങുന്ന ജീവജലത്തിന്റെ നീലിമയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നു.

0 comments: