ശൂന്യതയുടെ ശക്തിവൈഭവം

 ശൂന്യതയുടെ ശക്തിവൈഭവം




ജെയ്സണ്‍ എന്ന് പേരുള്ള വളരെ സ്മാർടായ ഒരനന്തിരവൻ എനിക്കുണ്ട്. ആൾക്കാരെ കളിയാക്കാൻ അവനൊരു നമ്പർ ഇറക്കാറുണ്ട്‌. ഒർക്കാപ്പുറത്ത് വല്ല മുറിയുടെയും വാതുക്കലോ, വരാന്തയിലോ, കല്ലുപാകിയ മുറ്റത്തോ കക്ഷി ചത്തതുപോലെ കിടക്കും. ആദ്യം കാണുന്നവർ ശരിക്കും ഭയപ്പെടും. ചിലപ്പോൾ അവൻ കാനഡയിൽ ഒരു പെരുവഴിയിൽ ഇങ്ങനെ കിടക്കുന്ന ഫോട്ടോ നിങ്ങൾക്ക് അയച്ചു കിട്ടും!

ഇതിപ്പോൾ മനസ്സിൽ വന്നത് ഞാനെഴുതാൻ പോകുന്ന വിഷയത്തിന് പറ്റിയ ഒരുദാഹരണം ആണ് എന്നതുകൊണ്ടാണ്. ബോധപൂർവം ഒരു ശവമായി രൂപാന്തരപ്പെടാൻ ശ്രമിച്ചു നോക്കുക. ഒരു ശവമെന്നപോലെ കട്ടിലിലോ നിലത്തോ കൈകാലുകൾ വിരിച്ചോ ഒടിച്ചോ കിടക്കുക. ശ്വസിക്കുന്നുണ്ടെന്നതുപോലും മറക്കുക. അവയവങ്ങളിൽ 
ഒരൂർജ്ജവും ഇല്ലാത്ത അവസ്ഥയിലെത്തുക. പരിസരങ്ങൾ മറക്കുക. ബന്ധങ്ങളും സ്ഥാനങ്ങളും മറക്കുക. നിങ്ങൾ ആരെന്നുള്ള സകല അടയാളങ്ങളും മറക്കുക. ആ നിലയിൽ കുറേ നേരം കഴിയാനാകുമെങ്കിൽ, അല്പനേരംകൊണ്ട്, ഊർജ്ജസംഭരണിയായ ഒരു വിത്തായി നിങ്ങൾ മാറും. ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ശവാസനത്തിന്റെ ഈ പതിപ്പ് അഞ്ചു മിനിറ്റ് നേരം പരീക്ഷിക്കുക. ക്ഷീണമെല്ലാം പമ്പകടക്കും.

ശൂന്യതയുടെ ശക്തിയാണ് ഇവിടെ നാം കണ്ടെത്തുന്നത്. എന്തേ 'അപൂർണമായ പൂർണത' എന്നെഴുതി എന്ന് ഇതിനു മുമ്പത്തെ കുറിപ്പ് വായിച്ച ചിലർ ചോദിച്ചു. സൗന്ദര്യസമ്പന്നമായ ഈ ആവാസസ്ഥലത്ത് എങ്ങനെയെങ്കിലും കഴിഞ്ഞുകൂടി ഒഴിഞ്ഞുപോകാനുള്ളവരല്ല നമ്മൾ. സംസാരസാഗരത്തിൽ പെട്ടുപോയെങ്കിൽ, ഒരു പരിവർത്തനം അത്യന്താപേക്ഷിതമാണ്. ആ പരിവർത്തനത്തിന്റെ രാസവിദ്യ അറിഞ്ഞിരിക്കേണ്ടതുണ്ട്. എവിടെയാണ് തുടങ്ങുക?
(ഉറങ്ങിക്കിടക്കുന്ന ഒരു വിത്തിന്റെ ശക്തിയും സൌന്ദര്യവും ആസ്വദിക്കാൻ ഈ വീഡിയോ കാണുക. ശ്രീ മാത്യു തറക്കുന്നേലിനോട് കടപ്പാട്. 
https://www.facebook.com/video.php?v=882874915080082&set=vb.368333776534201&type=2&theater

അസ്തിത്വത്തോട് ഉവ്വ് എന്ന് പറയാൻ പഠിക്കുകയാണ് തുടക്കം. ശരി, അതങ്ങനെയാണ് എന്ന് ഏതു സാഹചര്യത്തിലും പറയാനാകുക എകീകരണത്തിന്റെ പാതയുടെ തുടക്കമാണ്. 'തഥാത' എന്ന വാക്കുകൊണ്ട് ബുദ്ധൻ ഉദ്ദേശിക്കുന്നത് ഇതാണ്. അംഗീകരിക്കാനാവാത്തപ്പൊഴും അവിടെ സംഘർഷമില്ല. ഏത്  അപൂർണതയെയും പൂർണതയിലെത്തിക്കുന്നത് ഈ മനോഭാവമാണ്. കാരണം, സമഗ്രതയിൽ ആരും ആരുമായും പോരാട്ടത്തിലല്ല. സഭവിക്കുന്നതെന്തുമാകട്ടെ, അതുമായി നിങ്ങൾ സ്വരുമയിലാകുകയാണ്. ഇപ്പോൾ നിങ്ങൾ എന്തിനെ അഭിമുഖീകരിക്കുന്നുവൊ, അതാണ്‌ നിങ്ങളുടെ ലക്‌ഷ്യം. അതിനപ്പുറത്തേയ്ക്ക് നോക്കുന്നതേയില്ല. അപ്പോൾ, അതെ എന്ന് പറയാൻ നിങ്ങൾക്ക് ഒന്നും ചെയ്യേണ്ടതില്ല.

ബോധോദയം സംഭവിക്കുക എന്നത് ഒരു വലിയ സംഭവമല്ല. അത് തീര്ത്തും സ്വാഭാവികമായിരിക്കേണ്ടതാണ്. അസ്തിത്വത്തിന്റെ യാഥാർഥ്യം കണ്ടെത്തുക എന്നേ അതിനർഥമുള്ളൂ. അത്രയേ ബുദ്ധനും യേശുവും ചെയ്തുള്ളൂ. അവരുടെ മുമ്പിലേതുപോലെ തന്നെയാണ് യാഥാർഥ്യം നമ്മുടെ മുമ്പിലും. അത് വകവയ്ക്കുന്ന നിമിഷത്തിൽ ബോധോദയമായി.

ഒന്നും നിർവചിക്കരുത്. വാക്കുകൾ ആരെയും വഴിതെറ്റിക്കും. ഒരു പൂവിൻറെ മുൻപിൽ ചെന്ന് നിന്ന് പൂവെന്നു പറഞ്ഞാൽ അതോടെ പൂവവിടെ ഇല്ലാതാകും. അപ്പോൾ ഉള്ളത് പൂവെന്ന വാക്കുമാത്രം. ഒരു യഥാർഥ പ്രപഞ്ചോപാസകൻ ഒരു പൂവിന്റെ സമീപത്ത് ഒരു പൂവായിത്തീരുയാണ് ചെയ്യുക. ഒരു മരത്തിന്റെയടുത്ത് ഒരു മരവും ഒരാദിവാസിയുടെയടുത്ത് ഒരാദിവാസിയും. അതിരുകൾ ഇല്ലാതാകുന്നു എന്നാണത്തിനർഥം. ഒന്നിനെയും ഊര്ജമില്ലാത്ത വാക്കുകളിലേയ്ക്കു താഴ്ത്തരുത്‌. മൌനമാണ് യഥാർഥ്യത്തിന്റെ ഉള്ള് എന്ന് മനസ്സിലാക്കാൻ അതേയുള്ളൂ വഴി. വാക്കുകൾ അതിരുകളെ നിർമിക്കുമ്പോൾ മൌനം അതിരുകളെ അതിലംഘിക്കുന്നു. നമ്മുടെ അതിരുകൾ നമ്മൾ അഭിമുഖീകരിക്കുന്നവയെയും ബാധിക്കും. മറിച്ചും. അതിരുകൾ ഇല്ലാത്ത അവസ്ഥക്കാണ്‌ അദ്വൈതം എന്ന് പറയുന്നത്. 

ഏകത്വം എന്ന  വാക്ക് തന്നെ ദ്വൈതമായതിന്റെ ഭാഗമാണ് എന്നാണ് ഓഷോ ലോജിക്. ദ്വൈതമില്ലെങ്കിൽ പിന്നെങ്ങനെ ഏകത്വം? അതുകൊണ്ട് ഹൈന്ദവചിന്തയിൽ ഏകത്വം എന്ന വാക്കിന്റെ ഉപയോഗമില്ല. ശ്രീ ശങ്കറിന് ബ്രഹ്മാണ്ഡം രണ്ടല്ലാത്ത അദ്വൈതമാണ്. അദ്ദേഹം ഒരിക്കലും ഒന്ന് എന്ന് പറയില്ല. "ഒന്നേയുള്ളൂ എന്നെനിക്ക് പറയാനാവില്ല, അങ്ങേയറ്റം പറയാനാവുന്നത് രണ്ടില്ല എന്നാണ് ." ആകെ ഒന്ന് മാത്രമേ ഉള്ളൂവെങ്കിൽ നമുക്കെങ്ങനെ ഒന്നെന്ന് പറയാനാവും? ഒന്ന് അർഥപൂർണമാകണമെങ്കിൽ രണ്ടെങ്കിലും ഉണ്ടായിരിക്കണം.  അതിനാണ് ശങ്കരൻ മനസ്സില്ലാമനസോടെ അദ്വൈതം എന്ന വാക്ക് ഉപയോഗിച്ചത്. വാസ്തവത്തിൽ, വാക്കുകൾ ഒരിക്കലും ശരിയായ അർത്ഥത്തെ ഉൾക്കൊള്ളുന്നില്ല. 

'ഞാൻ' ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന ശൂന്യത, ഒന്നും പറയാത്തപ്പോൾ സംഭവിക്കുന്ന മൌനം എല്ലാത്തിനെയും ഏകീകരിക്കുന്നു. ഭാഷയ്ക്ക്‌ വാക്കുകൾ വേണം. സമൂഹത്തിന് ഭാഷയും. സമൂഹത്തിന്റെ ഭാഗമായിരിക്കാൻ വേണ്ടുന്ന അനിവാര്യമായ ഒരു സാങ്കേതികത മാത്രമാണ് ഭാഷ. ഇവയെയെല്ലാം മറികടക്കുമ്പോഴാണ് നാം നമ്മിലെത്തുന്നത്. തുടക്കത്തിൽ പറഞ്ഞുതുടങ്ങിയ ശവാസനത്തിന്റെ രീതി അതിനു സഹായിക്കുന്നതുകൊണ്ടാണ് ഊർജ്ജം സംഭരിക്കപ്പെടുന്നത്‌.
ഒരു ശിശുവിനെപ്പോലെ ആകുക (യേശുവിന്റെ ഏറ്റവും സുന്ദരമായ ചൊല്ല്) എന്നാൽ എല്ലാം വിസ്മരിച്ച് ഭാഷയില്ലാതെ ശൂന്യമാകുക എന്നാണ്. അനന്തതയുടെ ഒരു കിരണം മാത്രമാകുക. അതിൽ നിലയുറപ്പിച്ചാൽ പ്രകാശത്തിൽ കുളിച്ചു നില്ക്കുക എന്നാണ്. കാരണം, ഞാൻ എന്ന തോന്നൽ ഇരുട്ടുണ്ടാക്കും. ഞാൻ ആണ് എറ്റവും വലിയ ബഹളം. ബഹളത്തിൽ കാണാനും കേൾക്കാനുമാവില്ലല്ലോ. അധികമായാൽ ബോധം തന്നെ മറയും. പൂർണമായത്‌ ശൂന്യമാണ് എന്നത് ചിലര്ക്ക് മാത്രമുണ്ടാകുന്ന ഒരു തിരിച്ചറിവാണ്. അതുവരെ അപൂർണമായ പൂർണതയാണുള്ളത്. എന്നാൽ പരമമായ ശൂന്യതയിൽ പരിപൂർണത കാത്തിരിക്കുന്നുണ്ട് എന്നതാണ് നാമറിയാൻപോകുന്ന സത്യം.

ബുദ്ധന്മാർ മാത്രമേ ഈ സത്യം മനോഹരമായി പറയുന്നുള്ളൂ. അവർ പറയുന്നു, ആത്മാവില്ലെന്ന്. അതിരുകൾ ഇല്ലാത്തിടത്ത് ആത്മാവ് എങ്ങനെ നിലനില്ക്കും? അതിരുകൾ ഇല്ലാത്തപ്പോൾ മനസ്സ് പൂർണമായും നിശ്ശബ്ദമാണ്. പിന്നെയെങ്ങനെ 'ഞാൻ' നിലനില്ക്കും? എല്ലാ വ്യതിരിക്തതയും അടയാളങ്ങളും എന്നെ നിർവചിക്കാനുള്ളവയാണ്. ഓരോ ഞാനും കോലാഹലത്തിന്റെ സൃഷ്ടാവാണ്. സാധാരണക്കാരനായിരിക്കുക എന്ന് ചുവാൻസു പറയുന്നതിന്റെ അർഥം ഒരു തരത്തിലും സ്വയം നിർവചിക്കരുത് എന്നാണ്; എപ്പോഴും ഇഴുകി ചേരാൻ തയ്യാറായി, ഒഴുകുന്ന അതിരുകളോടെ ജീവിക്കുക; ഓരോന്നും സ്വയമേവ മുഴുവൻ സത്തയേയും തന്നിലൊതുക്കുന്നു എന്ന് അറിയുംവരെ. അപൂർണമായതെല്ലാം പൂർണമാണ് എന്ന് വെളിപ്പെടുത്തുന്ന  ശക്തിവൈഭവമാണ് ശൂന്യത. 

  • മർത്യഭാഷ ദുർബലമായതിനാൽ സനാതനമായവയെപ്പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും കൂടുതൽ ശരി അതിൽ ഉണ്ടാവാനാണ് സാദ്ധ്യത. ഈ വാക്യം ഇങ്ങനെ നീട്ടി പറയുന്നതുകൊണ്ട്, കൂടുതൽ ശരിയും കുറച്ചു ശരിയും ഇല്ലെന്ന സത്യം തന്നെ ഇവിടെ മറയ്ക്കപ്പെട്ടിരിക്കുന്നു. സനാതനമായവയെന്നു പറഞ്ഞതും അധികമാണ്. കാരണം, സനാതനമായത് ഒന്നേയുള്ളൂ - അതാണ്‌ ഉണ്മ. അസ്തിത്വം, ആത്മാവ്, ദൈവം, സത്യം, ശൂന്യത - എല്ലാം അതുതന്നെ. ഒന്നുതന്നെ.

    ഉണ്മയെ ഇതിലേതെങ്കിലും ഒന്നായി അനുഭവിക്കുന്നതിന് പൊതുവേ പറയുന്ന ഉപമ പ്രകാശമെന്നാണ്. പ്രകാശത്തെ നാം കാണുന്നില്ല. പ്രകാശിപ്പിക്കപ്പെടുന്നതിനെയേ നാം കാണുന്നുള്ളൂ. ശരിക്ക് ആലോചിച്ചു നോക്കൂ. പ്രകാശത്തിന്റെ രശ്മിയെ ഒരുക്കലും നാം കാണുന്നില്ല. എന്തെങ്കിലും പ്രകാശിതമാകുമ്പോൾ, അത് കണ്ടിട്ട്, ഹാ, അവിടെ പ്രകാശമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. ആകാശത്തിൽ എപ്പോഴും സൂര്യരശ്മ്നിയുണ്ട്, എന്നാൽ ഏതെങ്കിലും പദാര്ഥത്തിൽ അത് തട്ടുന്നില്ലെങ്കിൽ നമുക്ക് പ്രകാശം ദൃശ്യമല്ല. ദൈവത്തെപ്പറ്റി അല്ലെങ്കിൽ ആത്മാവിനെപ്പറ്റി, അല്ലെങ്കിൽ ഉണ്മയെപ്പറ്റി ഇത് തന്നെ പറയാം.

    മൗനമെന്നും ശൂന്യതയെന്നും വിരക്തിയെന്നുമൊക്കെ പറയുന്നത് ആത്മാവിന്റെ പ്രതിഫലനം ഗോചരമാകുന്നതിനുള്ള പശ്ചാത്തലം എന്ന അർഥത്തിലാണ്. അതുകൊണ്ടാണ് അത് ആധ്യാത്മികതയുടെ അടിത്തറയാകുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ന് ക്രിസ്തീയ സഭകളിൽ ശക്തിപ്രാപിച്ചുവരുന്ന വചനോത്സവങ്ങളും അഭിഷേകാഗ്നിയുമൊന്നും ആദ്ധ്യാത്മികതയെ ഒരു തരിപോലും വളർത്താത്തത്. അവയെല്ലാം സൃഷ്ടിക്കുന്നത് വെറും കോലാഹലമാണ്.

    മേല്പറഞ്ഞ അർഥത്തിൽ ദൈവസാന്നിദ്ധ്യം രുചിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാതെ, സഭാനിയമങ്ങളും അനുഷ്ഠാനങ്ങളും ഹൃദിസ്ഥമാക്കാൻവേണ്ടി, സമയം കളയുന്ന വേദപാഠക്ലാസുകൾ അറിഞ്ഞുകൊണ്ടുള്ള യുവജനദ്രോഹമാണ് എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. സ്കൂൾ അവുധിക്കാലം പോലും അതിനായി കവർന്നെടുക്കുന്നത്‌ ശക്തമായി തടയണം.  
  • 0 comments: