മനുഷ്യചേതനയും ആകാശവും

സംസ്കൃതത്തില്‍, കം = ശരീരം; ഖം = ആകാശം. മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നത് എന്തെല്ലാംകൊണ്ടാണ് എന്ന ചോദ്യത്തിന് ജീവശാസ്ത്രജ്ഞന്റെ ഉത്തരമാവില്ല ആയുര്‍വേദം തരുന്നത്. ആധ്യാത്മികസാധനയിലൂടെയുള്ള ആയുര്‍വേദത്തിന്റെ കണ്ടെത്തലുകള്‍ വിസ്മയാവഹമാണ്. അതനുസരിച്ച്, ശരീരം പഞ്ചഭൂതനിര്‍മ്മിതിയാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചമഹാഭൂതങ്ങള്‍. ഇവയില്‍ ആദ്യത്തെ നാലിന്റെയും തന്മാത്രകളെ കണ്ടെത്താം. എന്നാല്‍ ഇടം (space) എന്നര്‍ത്ഥമുള്ള ആകാശത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നില്ല. സ്ഥൂലശരീരത്തിന് സ്ഥിതിചെയ്യാന്‍ ഇടം വേണമെന്നയര്‍ത്ഥത്തിലല്ല, മറിച്ച്, ശരീരത്തിന്റെ ആന്തരികഘടനയില്‍തന്നെ ആകാശമുള്‍ക്കൊള്ളുന്നുണ്ട് എന്നുതന്നെയാണ് ആയുര്‍വേദപാഠം. ഈയാകാശം എന്നാല്‍ എന്തെന്ന് ഒരിടത്തും എഴുതികണ്ടിട്ടില്ല.

ആദ്യത്തെ നാലും മൂലകങ്ങളാണ്. അവയിലോരോന്നായി വിട്ടുപോകുമ്പോളാണ് ശരീരം മരണമടയുന്നത്. ആദ്യം വായു - (ജീവാംശം), പിന്നെ അഗ്നി - (ചൂട്), പിന്നെ ജലം. ബാക്കിയുള്ളത്, അതായത്, ഭൂമി (മണ്ണ്) മണ്ണോടുതന്നെ ചേരുന്നു. അപ്പോള്‍ ആകാശമോ? അത്  ഈശ്വരാംശമായിരിക്കണം. മരണത്തെ അതിജീവിക്കുന്ന ഏകഘടകം മനുഷ്യനിലെയാത്മാവ്  (ദൈവാംശം) ആണെന്ന വിശ്വാസമാണല്ലോ, മരണം ശൂന്യതയിലേയ്ക്കുള്ള കവാടമല്ലെന്നുവാദിക്കാന്‍ മതങ്ങളെ പ്രേരിപ്പിക്കുന്നത്.


ഹിന്ദുപൂജയില്‍ അര്‍ച്ചനയ്ക്കുപയോഗിക്കുന്ന വസ്തുക്കള്‍ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണെന്നും, അവ ധൂപം (വായുവിന്റെ), ദീപം (അഗ്നിയുടെ), പുഷ്പം (ഭൂമിയുടെ) എന്നിവയാണെന്നും തിരുവന്തപുരത്തെ ഏകലവ്യാശ്രമമഠാധിപതി സ്വാമി അശ്വതിതിരുനാള്‍ ചൂണ്ടിക്കാണിക്കുന്നു. പൂജയിലെ തീര്‍ത്ഥം ജലംതന്നെ. എന്നാല്‍, ആകാശത്തിന്റെ സ്ഥാനത്ത് പൂജയില്‍ എന്തര്‍പ്പിക്കപ്പെടുന്നു എന്നദ്ദേഹമൊട്ടു പറയുന്നുമില്ല.


ഇത് മന്ത്രം (വാക്ക്) ആയിക്കൂടെ? കാരണം, ഓങ്കാരത്തിന്റെ പ്രതീകമായിട്ടാണ്‌ വിളക്കിനെയുപയോഗിക്കുന്നത്.* ഓം = ശബ്ദപ്രതീകം; വിളക്ക് = സ്ഥൂലപ്രതീകം. വിളക്കിലെ മൂന്നു തിരികളുടെയര്‍ത്ഥം ഇങ്ങനെയാണ്: ഒന്ന്, ശിവന്റെ ദേവിയായിരുന്നുകൊണ്ട് ലോകരക്ഷചെയ്യുന്ന പാര്‍വതി: രണ്ട്, ബ്രഹ്മാവിന്റെ ദേവിയായിരുന്ന് വിദ്യ നല്‍കുന്ന സരസ്വതി; മൂന്ന്, വിഷ്ണുവിന്റെ പത്നിയായിരുന്ന് ഐശ്വര്യം നല്‍കുന്ന ലക്ഷ്മിദേവി.

മനുഷ്യചേതനയില്‍ ആകാശത്തിന്റെ പൊരുളെന്തെന്നാണ് ഇവിടെ ചിന്തിക്കുന്നത്. ദീപം അഗ്നിയുടെ പ്രതീകമാകുന്നതിലൂടെ ചൂട് മാത്രമല്ല‍, പ്രകാശവും പ്രതിനിധീകരിക്കപ്പെടുന്നു. ആകാശം (ദ്യോവ്) പ്രകാശവുമാണ്, സംസ്കൃതഭാഷയില്‍. മരണത്തോടെ ഇതുമാത്രമാണ് ബാക്കിയാവുന്നതെങ്കില്‍, മനുഷ്യചേതനയുടെ സാരാംശം അതുതന്നെയായിരിക്കണം. എന്നാല്‍, പലരുമറിയാത്തയൊന്നുണ്ട് - ജീവിച്ചിരിക്കുമ്പോള്‍തന്നെ ഉള്ളില്‍നിന്ന് ആകാശം പുറന്തള്ളപ്പെടാം. അതായത്, സ്ഥൂലതയധികമാവുന്നതിലൂടെ. ഭൌതികമായതെല്ലാം സ്ഥൂലമാണ്, ഇടത്തെ നശിപ്പിക്കുന്നതാണ്. ഭൌതികതയിലാണ്ടുപോകുയെന്നതും പിണ്ഡത്തിന് മുന്തൂക്കമുള്ളവരായി മാറുകയെന്നതും ഒന്നുതന്നെയാണ്.


ഇത്രയൊക്കെ അര്‍ത്ഥസംപുഷ്ടതയോടെ, പഞ്ചഭൂതങ്ങളിലൊന്നായി ആകാശത്തെ ഉള്‍പ്പെടുത്തിയ ഋഷികളുടെ ഉള്‍ക്കണ്ണിന്റെ ശോഭ എത്ര പ്രശംസിച്ചാലും പോരാ. ഈ അഞ്ചില്‍ ബാക്കിയൊക്കെ സ്ഥൂലമായിരിക്കുമ്പോള്‍, ആകാശംമാത്രം സൂക്ഷ്മമാണ്‌. വ്യക്തിയിലെ ലാളിത്യം, നൈര്‍മല്യം, കരുണ എന്നിവയൊക്കെ ആകാശത്തിന്റെ അര്‍ത്ഥവിതാനങ്ങളില്‍പെടുന്നു. 


ആകാശമാണ്‌ മനുഷ്യനില്‍ ഇടമുണ്ടാക്കി മറ്റു ഭൂതങ്ങളെ വെറും പിണ്‍ഡാവസ്ഥയില്‍ നിന്നുയര്‍ത്തുന്നത്. ആകാശത്തിന്റെ ഈ ചേരുവയില്ലെങ്കില്‍, ഫലം ഗുരുത്വമാണ് - താങ്ങാനാവാത്ത കനം. ലോലതക്കാധാരം ഇടമാണ്. അതാണ്‌ ജീവനെ നമുക്ക് താങ്ങാവുന്നതാക്കുന്നത്. സത്തയില്‍ ആകാശത്തിന്റെയനുപാതം കുറയുമ്പോള്‍ കാണുന്നതിലേയ്ക്കെല്ലാം മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നു. ശമിക്കാത്തയാഗ്രഹങ്ങളായും അവയെ തൃപ്തിപ്പെടുത്താനുള്ള വസ്തുവകകളായും അവ വ്യക്തിയില്‍ വന്നുനിറഞ്ഞ്‌ ശ്വാസംമുട്ടിക്കുന്നു. അവ സൃഷ്ടിക്കുന്ന സ്ഥൂലത എല്ലാവിധയസുഖങ്ങള്‍ക്കും മുന്നോടിയായിത്തീരുന്നു. 

സുഖമെന്നാല്‍ നല്ലയാകാശം എന്നാണര്‍ത്ഥം. അസുഖം ആല്ലെങ്കില്‍ ദു:ഖം ദു:സഹമായ ആകാശവും. സുഖദു:ഖങ്ങള്‍ ഒരു ബിന്ദുവിലൊതുങ്ങിനില്‍ക്കില്ല. രണ്ടും ചുറ്റുമുള്ളയിടങ്ങളിലേയ്ക്ക്  വ്യാപിക്കും; പ്രകാശവും ഇരുട്ടും പോലെ. "വാതില്‍ തുറക്കുന്നേന്‍, വീട്ടിന്നകത്തേയ്ക്കു / വാനിന്‍വെളിച്ചമേ, നീയൊഴുകൂ" (ബാലാമണിയമ്മ) എന്ന പ്രാര്‍ത്ഥനയും, ഓം വിശ്വേശ്വരായ നമ: എന്ന മന്ത്രവും മഹാകാശത്തെ നമുക്കുള്ളിലേയ്ക്ക് (ഘടാകാശത്തിലേയ്ക്ക്) ക്ഷണിക്കുകയാണ് ചെയ്യുന്നത്.
ബ്രഹ്മസത്ത എന്നയര്‍ത്ഥത്തില്‍, മനുഷ്യാസ്തിത്വത്തിന്റെ മുഖ്യഘടകമായി ആകാശത്തെ മനസ്സിലാക്കണമെന്ന ഈ ആശയത്തെ അതേപടി സ്ഥിരീകരിക്കുന്ന ഒരു ലേഖനം, ഇത്രയും എഴുതിക്കഴിഞ്ഞ ശേഷം, ഈയിടെയാണ് കാണാനിടയായത്. അതൊരു വലിയ സന്തോഷമായിരുന്നു. ഭഗവത്ഗീതയില്‍ നിന്നുദ്ധരിച്ച്, പല ആധുനിക ശാസ്ത്രീയവീക്ഷണങ്ങളെയും ഖണ്‍ഡിച്ചുകൊണ്ട്, ശ്രീ E.C.G. സുദര്‍ശനാണ് പ്രസ്തുത ലേഖനമെഴുതിയിരിക്കുന്നത്. Space-നെപ്പറ്റിയാണ് അതില്‍ ചര്‍ച്ച. ഇതുവരെ ശൂന്യമെന്ന് ധരിച്ചിരുന്ന space ശൂന്യമല്ലെന്നും, അത് ബ്രഹ്മസാന്ദ്രമാണെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഭൌതികശാസ്ത്രത്തിന്റെ വിഷയം സ്ഥൂലപാദാര്‍ത്ഥമായതിനാല്‍‍‍, പരീക്ഷണത്തിന് വിഷയമാകാത്തതൊന്നും സ്ഥിതിചെയ്യുന്നില്ലായെന്നു വാശിപിടിക്കുന്ന ശാസ്ത്രത്തിന്‌ ആകാശം ശൂന്യമാണ്. അവിടെയാണതിന് തെറ്റുപറ്റിയത്. അറിയാനാകാത്തതിനെ ശൂന്യമെന്ന് വിളിച്ച് ഇല്ലായ്മയാക്കുന്ന രീതി ഒട്ടും ശാസ്ത്രീയമല്ല, ബുദ്ധിസഹമല്ല. വിദ്യുദ്കാന്തതരംഗങ്ങളും ഗുരുത്വാകര്‍ഷണവും ആണവോര്‍ജ്ജവുമൊക്കെ പാദാര്‍ത്ഥപരമാണ്. ഇവയൊക്കെ ഇടത്തിലൂടെ (ആകാശത്തിലൂടെ) വിദൂരത്ത് ബലം പ്രയോഗിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, ഈ ആകാശം ശൂന്യമായിരിക്കാനിടയില്ല. കാരണം, പാദാര്‍ത്ഥത്തിന്റെ സഞ്ചാരപഥം ശൂന്യമാവില്ല. ഈ ബലങ്ങളെല്ലാം ഒന്നിന്റെതന്നെ വിവിധ രൂപങ്ങളാണോയെന്നതും സ്ഥിരീകരിക്കപ്പെടാത്ത കാര്യമാണ്. വെറുമൊരു സാങ്കല്പികപ്രതിഭാസമായ സമയവും, ശൂന്യമെന്ന് ഭൌതികശാസ്ത്രം പറയുന്ന ആകാശവും കറുത്ത ദ്രവ്യത്തിന്റെ (dark matter) ഗുരുത്വാകര്‍ഷണത്താല്‍ വളയുമെന്ന ഐന്‍ഷ്റ്റൈന്റെ വാദവും മനസ്സിലാക്കാനാവുന്നില്ല. കാരണം, ഇല്ലാത്തത് എങ്ങനെ വളയും? ഇങ്ങനെ പോകുന്നു സുദര്‍ശന്റെ വാദഗതികള്‍‍.

തൊട്ടറിയാവുന്നവ മാത്രമാണ് ദ്രവ്യം എന്ന സങ്കുചിത ചിന്തയായിരിക്കാം ഈ കീറാമുട്ടിയുടെ പിന്നില്‍. ആകാശവും ദ്രവ്യത്തിന്റെ മറ്റൊരു രൂപമാണെന്ന് എന്തുകൊണ്ട് കരുതിക്കൂടാ എന്നാണ് സുദര്‍ശന്‍ ചോദിക്കുന്നത്. ഗീതയില്‍ നിന്ന് അദ്ദേഹം കണ്ടെത്തുന്ന വിശകലനങ്ങള്‍ ശ്രദ്ധേയമാണ്. ഗീത പഠിപ്പിക്കുന്നത് ശാസ്ത്രമല്ലെങ്കിലും, മനുഷ്യമനസ്സിലേയ്ക്ക് ജ്ഞാനപ്രകാശം പരത്തുന്ന കണ്ടെത്തലുകള്‍ അതിലുണ്ട്. ഉദാ. ബ്രഹ്മമെന്ന മാദ്ധ്യമം വിശ്വമാകെ വ്യാപിച്ചിരിക്കുന്നുവെന്ന് ഗീത പറയുന്നുണ്ട്. പരമമായ ശക്തിയെന്നാണ് വ്യംഗ്യം. അദൃശ്യമായ ഈ ബ്രഹ്മത്തില്‍നിന്നാണ് പ്രപഞ്ചം ഉളവായിരിക്കുന്നത്. അല്ലെങ്കില്‍, ബ്രഹ്മത്തിന്റെയൊരംശമായി ദൃശ്യപ്രപഞ്ചത്തെ മനസ്സിലാക്കാം. ബ്രഹ്മമെന്ന വാക്ക് തന്നെ വികാസമുള്ളത് എന്നാണല്ലോ.

ഗീതയോടൊപ്പം വിശ്വത്തെ മുഴുവന്‍ ബ്രഹ്മത്തിന്റെ സപന്ദനമായി കാണാനാവുക എന്നതിലേയ്ക്ക് വെളിച്ചംവീഴ്ത്താന്‍ സുദര്‍ശന്‍ ഇങ്ങനെ ശ്രമിക്കുന്നു: "ബ്രഹ്മസ്പന്ദനത്തിന്റെ പ്രതിസ്പന്ദനമാണ് പദാര്‍ത്ഥപരമായ പ്രപഞ്ചം. ഒരു കണികയുടെ സ്പന്ദനം നീണ്ടുനില്‍ക്കുന്നത്, ചുറ്റുമുള്ള ബ്രഹ്മവുമായിട്ടത്‌ അനുരണനം (resonance) നടത്തുന്നതിനാലാണ്. ആ സ്പന്ദനം ബ്രഹ്മത്തിലുളവാക്കുന്ന പ്രതിസ്പന്ദനമാണ് ഗുരുത്വാകര്‍ഷണം. വിദ്യുദ്‌-കാന്ത-ആണവ ബലങ്ങളെല്ലാം ഇതിന്റെ പ്രതിഭാസങ്ങള്‍ തന്നെ. ഈ സൂക്ഷ്മസ്പന്ദനങ്ങളുടെ സാന്ദ്രതയിലാണ് ആകാശഗോളങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്പന്ദനത്തിന്റെ സ്വാഭാവിക ഗുണങ്ങളാണ് വികസ്വരത, സമത, ഉള്‍വലിവ് (രജസ്, സത്ത്, തമസ്സ്). എല്ലാറ്റിന്റെയും സ്രോതസ്സ് വിശ്വചേതനയായ ആദിബ്രഹ്മം (ഓം) തന്നെ. ബ്രഹ്മത്തിന്റെ അതിസാന്ദ്രതയില്‍ നിന്നുത്ഭവിക്കുന്ന അനുരണനമാണ് ചതുര്‍മാനങ്ങളുള്ള ആകാശമായി, സകല സൃഷ്ടിയുടെയും ഇടമായി, ഭവിക്കുന്നത്. അതെങ്ങനെ ശൂന്യമാകും?"

ഈ ബ്രഹ്മ(പ്രപഞ്ച)സ്പന്ദനം വളര്‍ന്നുവികസിച്ച്, എരിഞ്ഞടങ്ങി, വീണ്ടും ഉത്ഭവിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെയാണ് സൃഷ്ടിസംഹാരങ്ങളായി ഋഷികള്‍ മനസ്സിലാക്കിയത്. അപ്പോള്‍, space ഇല്ലായ്മയല്ല, സത്താണ്. ഈ ആകാശംതന്നെയാണ് പഞ്ചഭൂതങ്ങളിലൊന്നായി മനുഷ്യസത്തയിലും അടങ്ങിയിട്ടുള്ളതായി ആയുര്‍വേദം പഠിപ്പിക്കുന്നത്. ഈയാശയം ശാസ്ത്രത്തിന്‌ അംഗീകരിക്കാനാവില്ല. കാരണം, അതിന് space ശൂന്യമാണ്.
                                    ‌     
ഉള്ളതിന് ഇല്ലായ്മയില്ല. ഇല്ലാത്തതിന് ഉണ്മയുമില്ല. എല്ലാ അറിവിന്റെയും ഉള്ള് ഇതാണ്. അതു ശാസ്ത്രത്തെയും മറികടക്കുന്നതാണ്.


*ഭാരത- ഹൈന്ദവസംസ്കാരത്തില്‍ വിളക്ക് ഒരാത്മീയപ്രതീകമാണ്. ഭാരതവത്ക്കരണമെന്നൊക്കെ പേരുകൊടുത്ത്, ക്രിസ്ത്യാനികള്‍ വിളക്കിനെ പള്ളിയിലേയ്ക്കും കെട്ടിയെടുത്തു. എന്നാല്‍‍, അതിന്റെ സംശുദ്ധിയില്‍ സൂക്ഷിക്കുന്നതിന് പകരം, അവരതിനെ 'മാമോദീസ' മുക്കി അഗ്രത്തിലൊരു കുരിശും വിളക്കിച്ചേര്‍ത്തു. അതും പോരാഞ്ഞ്, സ്ഥൈര്യലേപനമെന്നോണം, സര്‍ക്കസ്കളിച്ചു തലകുത്തിനില്‍ക്കുന്ന ഒരു പ്രാവിനെയും (പരിശുദ്ധാത്മാവ്!) കുരിശിനു മുകളില്‍ സ്ഥാപിച്ചു. പ്രാചീനമായ ഓരോരോ പ്രതീകങ്ങളെടുത്ത് ഇങ്ങനെ തോന്നുംപടി 'ക്രിസ്തീയ'മാക്കുന്നതിലെ കലാശൂന്യതയും അശ്ലീകരണവും അറപ്പുളവാക്കുന്നതാണ്.

ചവറ്റുകുട്ട ചുമക്കുന്നവര്‍

കേരളനാട്ടിലെ രാഷ്ട്രീയക്കളിക്കാരും മാദ്ധ്യമങ്ങളും മതത്തിന്റെ പിണിയാളുകളും വിളിച്ചുകൂവുന്നതൊക്കെ ദിവസം മുഴുവന്‍ "വാര്‍ത്തയായും" പരസ്യമായും ഒന്നുംവിടാതെ അകത്താക്കുന്നവര്‍ വിഴുപ്പല്ലാതെ മറ്റെന്താണ് അവരുടെ തലക്കുള്ളില്‍ ചുമക്കുന്നത്? നിത്യവും, വളിച്ചുനാറുന്ന, ഒരു കഴമ്പുമില്ലാത്ത വാചാടോപങ്ങള്‍ മൊത്തമായും ചില്ലറയായും ഏറ്റുവാങ്ങുക എന്തോ വലിയ വിജ്ഞാനപ്പണിയായി കരുതുന്നവരെയാണ് നാട്ടിലെവിടെയും കാണുക. ഇവിടുത്തെ ജനത്തിന്റെ 'ജനറല്‍ നോളിജ്' ഭയങ്കരം!

കാണാനോ കേള്‍ക്കാനോ കൊള്ളാവുന്നതെന്തെങ്കിലും ഇവിടുത്തെ റ്റി.വി.യില്‍ ഉണ്ടെങ്കില്‍തന്നെ, അതിനിടയിലെ ആവര്‍ത്തിതവും ഓക്കാനിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ വരുമ്പോള്‍, ആരെങ്കിലും റ്റി.വി.യുടെ സ്വരമെങ്കിലുമൊന്ന് നിറുത്തുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. റിമോട്ടിന്റെ ബട്ടനില്‍ ഒന്നമര്‍ത്തുന്ന മുടക്കേയുള്ളൂ.  എന്നാലും, ഒരു മണിക്കൂറിനുള്ളില്‍ ഇരുപതു തവണയെങ്കില്‍ ഇരുപതു തവണയും ഒരേ വളിപ്പുതന്നെ കാണാനും കേള്‍ക്കാനും ഒരുമടുപ്പും ആര്‍ക്കുമില്ല. അവരുടെയും മക്കളുടെയും തലമണ്ടയില്‍ വെറും ചവറ് കുമിഞ്ഞുകൂടുന്നത് അവരെ ശല്യപ്പെടുത്തുന്നേയില്ല! ധിഷണയും ഓക്കത്തരവും തമ്മില്‍ തിരിച്ചറിയാന്‍ കഴിവില്ലാത്തവരായി മാറിയിരിക്കുന്നു, മലയാളികള്‍.

വയറ്റിലേയ്ക്ക് ഭക്ഷണം ചെല്ലുമ്പോലെയാണ് തലയിലേയ്ക്ക് പുറംലോകവ്യാപാരങ്ങളെത്തുമ്പോള്‍ സംഭവിക്കുന്നതും. ആരോഗ്യം നിലനില്‍ക്കണമെങ്കില്‍, അകത്തുചെല്ലുന്നത് ദഹിപ്പിക്കാന്‍ കഴിവുവേണം. പരിധിവിട്ടും സമയംതെറ്റിയുമുള്ള തീറ്റ ജീവഹാനിവരെ വരുത്തിവയ്ക്കും. ബോധവും ദഹനേന്ദ്രിയംപോലെയാണ്. ഇന്ദ്രിയങ്ങള്‍ പിടിച്ചെടുക്കുന്നതെല്ലാം സംഗ്രഹിച്ചും ജാരണംചെയ്തുമല്ലാതെ ബോധവര്‍ദ്ധനം സാധ്യമല്ല. അപ്പോള്‍, അകത്തേയ്ക്ക് ചെന്നെത്തുന്നതുതന്നെ ചീഞ്ഞതാണെങ്കിലോ? ഈ നാട്ടില്‍ ശരീരത്തില്‍ മാത്രമല്ല, മനസ്സിലും രോഗഗ്രസ്തരായവര്‍ എറിവരുന്നുവെന്നത് എടുത്തുപറയേണ്ടതില്ല. കാരണവും വ്യക്തമാണ്. രണ്ടിടത്തും അടിഞ്ഞുകൂടുന്നത് വിഷലിപ്തമായ വിഭവങ്ങളാണ്. തല്‍ഫലമായി, എല്ലാം കൂടുതല്‍ ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്നുവെന്നത് സ്വാഭാവികം.
എന്തുകൊണ്ട് കേരളമിങ്ങനെ എന്ന് ദയനീയ നിസഹായതയോടെ ചിലരെങ്കിലും ചോദിച്ചുതുടങ്ങിയിരിക്കുന്നു.


വഴിവക്കില്‍ നിന്ന് കിട്ടുന്നതൊക്കെ കൈകഴുകാതെ കഴിച്ചിരുന്ന ശിഷ്യന്മാരെപ്പറ്റി യേശുവിനോട് സന്ദേഹം പ്രകടിപ്പിച്ച പാരമ്പര്യവാദികള്‍ക്ക് അദ്ദേഹം കൊടുത്ത മറുപടി അത്രയൊന്നും വ്യക്തമല്ല. എഴുതിപ്പിടിപ്പിച്ചതിലെ പിശകായിരിക്കണം. എന്നാലതൊന്നു ശരിയായി തിരുത്തിക്കുറിക്കാനോ, സാധുതയുള്ളയര്‍ത്ഥം വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാണിക്കാനോ ഒരു സുവിശേഷപ്രഭാഷകനും ശ്രമിച്ചതായി ഞാന്‍ കേട്ടിട്ടില്ല. "ഉള്ളിലേയ്ക്ക് പോകുന്നതല്ലാ, ഉള്ളില്‍നിന്ന് പുറത്തേയ്ക്ക് വരുന്നതാണ് മനുഷ്യനെ ദുഷിപ്പിക്കുന്നത്" എന്നാണു യേശുവിന്റെ ചൊല്ലായി എഴുതിക്കാണുന്നത്. ജീവിതാനുഭവങ്ങള്‍ ഒരുതരത്തിലും സ്ഥിരീകരിക്കില്ലാത്ത ഒരു പ്രസ്താവനയാണിത്. മനസ്സ് (അകം) വിഷലിപ്തമായാല്‍ ഒരാളുടെ സംസാരവും പ്രവൃത്തിയും (പുറത്തേയ്ക്ക് വരുന്നത്) സ്വാഭാവികമായും വിഷമയവും അസഹ്യവുമായിരിക്കുമെന്നുതന്നെയാകണം യേശു തദവസരത്തില്‍ കൊടുത്ത മറുപടിയുടെ സാരാംശം. അല്ലാതെ, അത്, വീണ്ടുവിചാരമില്ലാതെ എന്തും അകത്തേയ്ക്കിടാം എന്നാകാന്‍ ഒരിക്കലുമിടയില്ലതന്നെ. കൈകഴുകാതെ അവര്‍ ഏതാണ്ട് പറിച്ചുതിന്നുവെന്നതിലും, ആ സന്ദര്‍ഭത്തില്‍, നിയമപാലകര്‍ക്ക് അക്ഷന്തവ്യമായി തോന്നിയത്  സാബത്തുദിനത്തില്‍ യേശുവും ശിഷ്യരും അരുതാത്തതോരോന്ന് ചെയ്തുകൂട്ടുന്നു എന്നതായിരുന്നു. മനുഷ്യനുവേണ്ടിയുണ്ടാക്കിയ നിയമങ്ങളുടെ നടത്തിപ്പില്‍ മനുഷ്യനെ പാടേ മറക്കുന്നതിനെയാണ് യേശു ഉടനടിയപലപിച്ചത്. പരമപ്രധാനമായ ആ പാഠത്തിന് പ്രാധാന്യം നല്‍കാതെ, മാംസാദികളുള്‍പ്പെടെ എന്തും കഴിക്കാമെന്നയര്‍ത്ഥത്തിലാണ്  വേദവ്യാഖ്യാതാക്കള്‍ വചനപ്രഘോഷണം നടത്തുന്നത്. അവര്‍ ചെയ്യുന്നത് ന്യായീകരിക്കേണ്ടയാവശ്യം അവര്‍ക്കുണ്ടെന്നത് വ്യക്തം. പക്ഷെ, അനിവാര്യമായ പാഠം വിട്ടുകളയുന്നത് വലിയ നഷ്ടം തന്നെ.


ഇടതുപക്ഷക്കാര്‍ പാഠപുസ്തകങ്ങളിലൂടെ ചെലുത്താന്‍ ശ്രമിക്കുന്ന സാമൂഹികസ്വാധീനങ്ങളെക്കാള്‍ (അതില്‍ ആവശ്യവും ശരിയുമായത് കാണാനാവാത്തത് മതാന്ധതയുടെ വിവരക്കേടുകൊണ്ടാണ്.) എത്രയോ വിനാശകരമായ സംസ്കാരമൂല്യച്യുതിയാണ് റ്റി.വി.യിലൂടെ സംഭവിക്കുന്നതെന്ന് അവിവേകിയായ ജനമറിയുന്നില്ല. മാന്യതയുള്ള മനുഷ്യര്‍ പെരുമാറുന്ന രീതിയിലല്ല മിക്കപടങ്ങളിലും സീരിയലുകളിലും തലക്കനം പെരുകിയ സംവിധായകര്‍ അഭിനേതാക്കളെക്കൊണ്ട് ചെയ്യിക്കുന്നതും പറയിപ്പിക്കുന്നതും. അല്പം പണവും പ്രസിദ്ധിയും കാമിച്ച് ഏത്‌ കോമാളിത്തത്തിനും മന്ദബുദ്ധിപ്രകടനത്തിനും തയ്യാറാകുന്ന വേഷംകെട്ടുകാരെ താരങ്ങളെന്നു വിളിച്ച്‌ പൊക്കികൊണ്ടുനടക്കാന്‍മാത്രം വിവരംകെട്ട 'ഫാന്‍സ്‌' എവിടെയുമുണ്ടുതാനും. പക്വതയും ഉത്തരവാദിത്തവുമുള്ള ഏത്‌ രക്ഷകര്‍ത്താവും ചെയ്യേണ്ടത്, റ്റി.വി.യെന്ന കുന്ത്രാണ്ടം വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ്.

മതതീവ്രവാദം അക്രമാസക്തമാകുമ്പോള്‍മാത്രം മതേതരത്വം പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരുടെ കാപട്യംതന്നെ മാധ്യമങ്ങളും പ്രകടിപ്പിക്കുന്നു. മതാനുയായികള്‍ തങ്ങളുടെ ആള്‍ദൈവങ്ങളെ പൊക്കിപ്പിടിച്ചും "പിതാവേ, പിതാവേ" എന്നുവിളിച്ചും സമയം കളയുന്നു. അന്ധവിശ്വാസങ്ങള്‍ കെട്ടിട്ടുറപ്പിക്കുന്ന വകകളാണ്, പ്രാര്‍ത്ഥനയായും പ്രഭാഷണങ്ങളായും കെട്ടുകഥകളായും ചോദ്യോത്തരങ്ങളായും പവര്‍വിഷനും ശാലോം/ജീവന്‍ റ്റിവി.യുമൊക്കെ രാത്രിയും പകലുമെന്നില്ലാതെ പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികളെ അതിവേഗം മതാന്ധരും (അപക്വമതികള്‍) മനോരോഗികളുമാക്കിമാറ്റുന്ന സംവിധാനമാണിത്. എന്തിനധികം പറയുന്നു, വളരെ താണ മനോനിലവാരമുള്ളവരുടെ മതമായി മാറിയിരിക്കുന്നു കേരളത്തിലെ ക്രിസ്തുമതം. അതില്‍ ധ്യാനവും ആദ്ധ്യാത്മീകതയും വിരളമായിത്തീര്‍ന്നിരിക്കുന്നു. എവിടെയും കാണാനുള്ളതാകട്ടെ, വാരിക്കോരി കിട്ടേണ്ടയദ്ഭുതങ്ങള്‍ക്കും വരദാനങ്ങള്‍ക്കും വേണ്ടിയുള്ള നിലക്കാത്ത ദാഹവും കാണിക്കകളും വികാരപ്രകടനങ്ങളും മാത്രമാണ്. ധ്യാനിക്കുന്നവര്‍ സമീപസ്ഥരെയും അതിലേക്കാകര്‍ഷിക്കുമെന്നതുപോലെ, വിഴുപ്പു ചുമക്കുന്നവരോടും വില്‍ക്കുന്നവരോടുമുള്ള സമ്പര്‍ക്കം കൂടുതല്‍ രോഗങ്ങളും മാലിന്യദുര്‍ഗന്ധവും വ്യാപിപ്പിക്കാനെയുതകൂ.

സ്നേഹത്തിന്റെ അദ്വൈതം

ഉണ്ണിക്കാരോടാ കൂടുതലിഷ്ടം, അച്ഛനോടോ അമ്മയോടോ? ഉത്തരംപറയാന്‍ കുഞ്ഞ് ബുദ്ധിമുട്ടുമെന്നുപോലും അറിയില്ലാത്തവര്‍ വാത്സല്യംനടിച്ച് പിഞ്ചോമനകളോട് ഇങ്ങനെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. കുഞ്ഞിന് ഏറ്റവുമിഷ്ടം അച്ഛനോടോ അമ്മയോടോ അല്ല, അവനോടു/അവളോടുതന്നെയാണ്. ഏത്‌ കുഞ്ഞിനും അതിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ളതാണ് അച്ഛനുമമ്മയും. കുഞ്ഞ് വളര്‍ന്ന് മുത്തച്ഛനായാലും, അവനവനോടുള്ള ഈ അതുല്യപ്രതിപത്തി അവസാനിക്കുന്നില്ല. എതു ജീവിയുടെ കാര്യത്തിലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. ആത്യന്തികമായി എല്ലാ ബന്ധങ്ങളും സ്വന്തം സുഖത്തെ തേടുന്നതിനുള്ള വഴികളാണ്. 


സ്വയംപര്യാപ്തിയും സന്തോഷവും തടവില്ലാതെ തുടരാനാകുമായിരുന്നെങ്കില്‍ ഏകനായി/ഏകയായി കഴിയാന്‍ ആര്‍ക്കും വൈമനസ്യം തോന്നുകയില്ലായിരുന്നു. എന്നാല്‍ അതല്ല സ്ഥിതി. അഹത്തിന്റെ അഴിക്കൂടിനുള്ളില്‍ അടയ്ക്കപ്പെട്ടവനായി എത്ര വലിയ സ്വാഅര്‍ത്ഥതയിലും ഒരാള്‍ക്ക് തുടരാനാവില്ല. അവന്‍/അവള്‍ ഒരു കൂട്ടിനായി, ദ്വൈതത്തിനായി, മോഹിച്ചുതുടങ്ങും. അതു വേറൊരു വ്യക്തിയാകണമെന്നില്ല. സംതൃപ്തി തരുന്ന ഒരു വീടാകാം, പറമ്പാകാം, ജോലിയാകാം; പെട്ടിനിറയെ പണമോ അലമാര നിറയെ പുസ്തകങ്ങളോ ആകാം; ഒരു വണ്ടിയോ ആഡംബരവിഷയങ്ങളെന്തെങ്കിലുമോ ആകാം; അധികാരമോ അംഗീകാരമോ ആകാം.  ഇവയിലേതായാലും, അത്, തന്റെ എകാകിതയില്‍ നിന്ന്, തനിച്ചായിപ്പോകുന്നതില്‍ നിന്ന്, ഒരാളെ മോചിപ്പിക്കാനുള്ള ഉപാധിയായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തനിക്കു വെളിയിലുള്ള എന്തോ ഒന്ന് തന്റേതാണെന്ന വിശ്വാസം സൃഷ്ടിക്കണം. അതായത്, എകനായിരിക്കുന്നത്, മനുഷ്യരാരും ഇഷ്ടപ്പെടുന്നയവസ്ഥയല്ലായെന്നു ചുരുക്കം.


വര്‍ഷങ്ങളോളം തനിയെ നടന്നയനുഭവം എനിക്കുണ്ട്. കൂട്ടെന്നൊ സൌഹൃദമെന്നോ പറയാന്‍ ആരുമില്ലാതെ, ബോംബെയിലെ ഒരു കുടുസുമുറിക്കുള്ളിലെ എകാകിതയെ മറികടക്കാന്‍ ഞാന്‍ പുസ്തകങ്ങളെ കൂട്ടുപിടിച്ചു. ഭാഗ്യത്തിന്, നല്ല പുസ്തകങ്ങളുള്ള ഒരു വായനശാല അടുത്തുണ്ടായിരുന്നു. ഓരോ വിഷയമെടുത്ത് പഠിച്ചുതുടങ്ങി. വൈകുന്നേരങ്ങളില്‍ തനിയെ മറൈന്‍ഡ്രൈവിലൂടെ അസ്തനമസൂര്യനെതിരെ നടന്നു, തനിച്ചല്ല, പ്രകൃതി എന്നോടൊത്താണെന്ന് അല്പനെരത്തേയ്ക്കെങ്കിലും തോന്നാന്‍. ഇന്നും തനിച്ചാണെന്നു തോന്നുമ്പോള്‍‍, ഇതുപോലൊക്കെ ഞാന്‍ ചെയ്യുന്നു. ചുറ്റിക്കറങ്ങാന്‍ സ്ഥലവും സൗകര്യങ്ങളുമുണ്ടാകാം, ഇഷ്ടമുള്ളയാള്‍ക്കാര്‍ അടുത്തുണ്ടാകാം. എന്നാലും ചില മനസ്സുകള്‍ നിബന്ധബുദ്ധ്യാ എകാകിതയെ തേടുന്നതായി മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. അവിടെയും ഏകാന്തത അതിനുവേണ്ടിയല്ല, മറിച്ച്, ഇഷ്ടവ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കാന്‍വേണ്ടിയാണ്. അത് വായനയാകാം, സംഗീതമോ സാഹിത്യമോ പോലൊരു കലാവൃത്തിയാകാം, മൌനധന്യമായ സാധനയാകാം. സൂക്ഷ്മനിരീക്ഷണത്തില്‍, പരോക്ഷമായ ഒരു ദ്വൈതാനുഭവം ഇതിലെല്ലാം അന്തര്‍ലീനമായി അന്വേഷിക്കപ്പെടുന്നുണ്ട്. എഴുത്തുകാരന്റെ പുസ്തകവും പാട്ടുകാരന്റെ ഗാനവും, കൃഷിക്കാരന്റെ അദ്ധ്വാനഫലവും, സാധകന്റെ ധ്യാനവുമെല്ലാം എകാകിതയെ മറികടക്കാന്‍ വേണ്ടി അദ്വൈതത്തിലേയ്ക്കുള്ള കൈനീട്ടലാണ്. ലാഘവബുദ്ധികളായ പെണ്ണുങ്ങള്‍ പകലന്തിയോളം റ്റി.വി. വച്ചുനീട്ടുന്ന വിഴുപ്പെല്ലാം അകത്താക്കുന്നതും ലാളന കൂടിപ്പോയ യുവജനം കമ്പ്യുട്ടറിന്റെ മുമ്പിലിരുന്നു കണ്ണ് കളയുന്നതും അവരുടെ എകാകിതയെ കൂടുതല്‍ മെച്ചമായതൊന്നും ആകര്‍ഷിക്കാനില്ലാതെ വരുമ്പോളാണ്.  
 
എന്റെയസ്തിത്വത്തെ, ജീവനപ്രക്രിയയെ, ഏതെങ്കിലും വിധത്തില്‍ ധന്യമാക്കുന്ന, എനിക്കുപുറത്തുള്ള ഈ രണ്ടാമതൊന്ന് മറ്റൊരു വ്യക്തിയായിരിക്കുകയും അയാള്‍ എന്റെ നാണംകെട്ടയഹന്തയുടെ സര്‍വാധിപത്യത്തെ കീഴ്പ്പെടുത്താന്‍ പോരുന്നതുമായാല്‍, അവിടെ സ്നേഹം തളിരിടുന്നുവെന്നുപറയാം. വേറൊരാള്‍ക്ക് ഞാന്‍ എന്നോടൊപ്പം തുല്യതയനുവദിക്കുമ്പോള്‍, സ്വാര്‍ത്ഥതയുടെ സ്ഥാനത്ത് സ്നേഹം ശക്തിയാര്‍ജ്ജിക്കുന്നു. രണ്ടായിരുന്നവര്‍, ഏകത്വത്തിന്റെ വിരസതയില്‍നിന്ന് മോചനം തേടി, പരസ്പരധാരണയില്‍ ഒന്നുപോലെ ആയിത്തീരുന്നു. ഈ അവസ്ഥയെ അദ്വൈതമെന്ന് വിളിക്കാം. അതായത്, രണ്ടില്‍ നിന്ന് രണ്ടല്ലാത്ത ഒരവസ്ഥയിലേക്കുള്ള മാറ്റം. പക്ഷേ, ഉപയോഗമല്ല, അംഗീകാരമാണ് ഇവിടെ പ്രഥമം - വിധേയപ്പെടുത്താനുള്ള വ്യഗ്രതക്കുപകരം, വിധേയപ്പെടാനുള്ള തയ്യാര്‍, അതാണ്‌ സ്നേഹത്തില്‍ സംഭവിക്കുന്നത്. ഈ മികവു പുലര്‍ത്താത്ത ഏതുബന്ധവും സ്വാര്‍ത്ഥതയുടെ പര്യായം മാത്രമായിരിക്കും. സ്വന്തം അപര്യാപ്തതയുടെ വിടവ് അപരനുമായുള്ള പാരസ്പര്യത്തിലൂടെ നികത്തിയെടുക്കുന്ന ഈ പ്രക്രിയയാണ് സ്നേഹമെന്നു മനസിലാക്കാം. പക്ഷേ, സൂക്ഷിക്കേണ്ടതുണ്ട്. നിത്യോപയോഗത്തില്‍, എനിക്കവളോട്/അവനോടു സ്നേഹംതോന്നുന്നു എന്നു പറയുന്നതും ഒരു സ്വാര്‍ത്ഥലാഭത്തിനുള്ളയവസരം തെളിഞ്ഞുവരുന്നുവെന്നു കരുതുന്നതും തമ്മില്‍ വലിയ അന്തരം ഉണ്ടാകണണമെന്നില്ല.

സ്നേഹത്തിന്റെ കാതലെന്തെന്ന് ഏറ്റവും ലളിതമായ ഭാഷയില്‍ പറഞ്ഞത് യേശുവാണ്. സ്നേഹത്തിന്റെ മന:ശാസ്ത്രം ഏറ്റവും കൃത്യമായി കുറിച്ചത്, അക്ഷരാര്‍ഥത്തില്‍ ആദ്യത്തെ ക്രിസ്ത്യാനിയായ പൌലോസാണ്‌. കൊറീന്ത്യര്‍ക്കു പൌലോസെഴുതിയ കത്തിന്റെ പതിമൂന്നാമദ്ധ്യായം ക്രിസ്തുപ്രബോധനത്തിന്റെ കാതലാണ്. പുതിയനിയമത്തിന്റെ മാത്രമല്ല, മനുഷ്യചൈതന്യത്തിന്റെതന്നെ പൊരുളെന്തെന്നു മാറ്റാര്‍ക്കും സാധിക്കാത്ത ഭാഷയിലദ്ദേഹം സംക്ഷിപ്തമായി അതില്‍ കുറിച്ചുവച്ചു. അതിഹൃദ്യമായ ഈ വേദഭാഗം പൌലോസിന്റെ തെന്നെ വാക്കുകളില്‍ പകര്‍ത്തട്ടെ: "ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും, എനിക്ക് സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്ക്  പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും, സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസവും എനിക്കുണ്ടായാലും, സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്നേഹം സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലര്‍ത്തുന്നില്ല. അത് സത്യത്തില്‍ ആഹ്ലാദം കൊള്ളുന്നു, സകലതും സഹിക്കുന്നു, സകലതും വിശ്വസിക്കുന്നു, സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല."




എവിടെനിന്നായിരിക്കാം ഈയറിവ് പൌലോസിനു കിട്ടിയത്? യേശുവിനെ അദ്ദേഹം നേരിട്ടറിഞ്ഞിട്ടില്ലെന്നു വേണം കരുതാന്‍ . എന്നാല്‍ തീര്‍ച്ചയായും ആ ഗുരുവിന്‍റെ കൂട്ടുകാരോട് ആവര്‍ത്തിച്ചു തിരക്കിയുമഅന്വേഷിച്ചും പോള്‍ യേശുവിനെ അഗാധമായി മനസിലാക്കിയിട്ടുണ്ടാവണം. സ്നേഹമെന്തെന്ന് ഇത്രനന്നായി യേശുവില്‍നിന്ന് പഠിച്ച മറ്റൊരു ക്രിസ്ത്യാനി ഇല്ലതന്നെ. ആ സ്നേഹത്തിന്റെ ലക്ഷണങ്ങള്‍ പോള്‍ വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍തന്നെ, അവാച്യമായ ഒരു ചൈതന്യത്തിന്റെ പ്രഭ നമ്മെ വലയംചെയ്യും. അഹങ്കാരം, ആത്മപ്രശംസ, അസൂയ, കോപം, വിദ്വേഷം എന്നിവയൊന്നും തീണ്ടാത്ത വികാരമേതോ അതാണ്‌ സ്നേഹം. അത് ദയയും ദീര്‍ഘക്ഷമയുമാകുന്നു. ഭാഷ, ജ്ഞാനം, യുക്തിവിചാരം തുടങ്ങിയ കഴിവുകളെയെല്ലാം അതിശയിക്കുന്നതും, പരിപൂര്‍ണതയിലേയ്ക്കുള്ള കുതിച്ചുചാട്ടവുമാണത്. തന്നെപ്പോലെ മറ്റൊരാളെ കാണാനാവുക, സ്വയം അളക്കാനുപയോഗിക്കുന്ന കോലുകൊണ്ടുതന്നെ മറ്റൊരാളെയും അളക്കാന്‍ തയ്യാറാകുക  - ഒത്തുതീര്‍പ്പില്ലാത്ത ഈ മാനദണ്ഡമാണ് മനുഷ്യശ്രേഷ്ഠതയുടെ മാറ്റുരച്ചുനോക്കാന്‍ യേശു ഉപയോഗിച്ചത്.



എന്നാല്‍ ആരും ചോദിച്ചുപോകും: അനുദിന ജീവിതപ്രക്രിയകളില്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള സ്നേഹം എത്രമാത്രം പ്രായോഗികമാണ്? യേശുവിനോ പോളിനോ, അല്ലെങ്കില്‍ ബുദ്ധനെയോ മഹാവീരനെയോ പോലെ മറ്റേതെങ്കിലും വിശ്വപ്രേമിക്കോ എത്രമാത്രം വിപുലമായി സ്നേഹവ്യാപാരങ്ങള്‍ സാധ്യമായിട്ടുണ്ടാവണം? തൊട്ടടുത്തവരോടോ തിരഞ്ഞെടുത്ത ചിലരോടോ, പരിധികളില്ലാത്ത തുറവ് പരിപോഷിപ്പിക്കാനായാലും, സമൂഹത്തിലേവരോടും അങ്ങനെയിടപെടാന്‍ ആര്‍ക്കെങ്കിലുമാകുമോ? ഇല്ലെന്നു പറയേണ്ടിവരും. കള്ളപ്പരിഷകളെന്നും കുറുക്കനെന്നും വെള്ളപൂശിയ കുഴിമാടമെന്നുമൊക്കെ താന്‍ കളിയാക്കിവിളിച്ചവരെയും യേശു തന്റെ അനുയായികളെയെന്നപോലെതന്നെ സ്നേഹിച്ചിരുന്നുവെന്നു പറയുക വിഡ്ഢിത്തമാണ്. അങ്ങനെയെങ്കില്‍, ഉപരിപ്ലവമല്ലാത്ത സ്നേഹത്തിനു പാത്രമായിത്തീരാന്‍ ചില നിബന്ധനകളൊക്കെയുണ്ടെന്നു സമ്മതിക്കേണ്ടിവരും. അഗാധമായ സ്നേഹം ഒരു വ്യക്തിയിലേയ്ക്ക് ചുരുങ്ങുമ്പോള്‍ അതിനെ നാം പ്രണയമെന്നു വിളിക്കുന്നു. ഏകത്തില്‍ നിന്ന് ദ്വൈതത്തിലേയ്ക്കും, അവിടെ നിന്ന് അദ്വൈതത്തിലേയ്ക്കുമുള്ള പരിണാമത്തിന്റെ ഉച്ചസ്ഥായിയാണ് പ്രണയം. അനന്യമായ ഈ അനുഭവത്തിന്റെ അന്തരാര്‍ത്ഥങ്ങളിലേയ്ക്ക് ഒന്നെത്തിനോക്കാം.
             

എത്രയെഴുതിയാലും വീണ്ടും ബാക്കികിടക്കുന്ന വിഷയമാണിത്. കലയുടെയും സാഹിത്യത്തിന്റെയും എല്ലാ വിതാനങ്ങളിലും സ്നേഹവും പ്രണയവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. മിക്ക മതങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളില്‍ പ്രണയത്തെ അങ്ങേയറ്റം പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങളുണ്ട്. ബൌദ്ധികവും ആത്മീയവും വൈകാരികവും ശാരീരികവുമായ മനുഷ്യാനുഭവങ്ങളെ കീഴടക്കാനുള്ള ശക്തിയതിനുണ്ട്. രണ്ടുപേര്‍ പ്രണയബദ്ധരാവുമ്പോള്‍ ബൌദ്ധികതലത്തില്‍ എന്ത് സംഭവിക്കുന്നു എന്നുമാത്രമേ ഈ ലേഖനത്തില്‍ അന്വേഷിക്കുന്നുള്ളൂ.
  
1. ഞാനാര് എന്ന ചോദ്യത്തിനുത്തരം കിട്ടിയതിലുള്ള ചാരിതാര്‍ത്ഥ്യം - അതാണ്‌ യഥാര്‍ത്ഥ പ്രണയത്തിന്റെ ആദ്യഫലം.  എന്നാലതിന് മുമ്പുതന്നെ നീയാര് എന്ന തിരച്ചിലിനുള്ള ഫലവും കൈവന്നിരിക്കും. എന്തെന്നാല്‍, നീതന്നെ ഞാന്‍, ഞാന്‍തന്നെ നീ എന്നാണല്ലോ, മൌനഭാഷയിലെങ്കിലും, പ്രണയിക്കുന്നവര്‍ അന്യോന്യം പറയുന്നത്. അവര്‍ അര്‍ത്ഥമാക്കുന്നത് മറ്റൊന്നുമല്ല - നിന്നെപ്പറ്റിയുള്ള എന്റെ അറിവിനുള്ളില്‍ എന്നെപ്പറ്റി എനിക്കുള്ള ബോധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ എനിക്കാകുന്നുണ്ട്. ഞാന്‍ ചെറുതും, നീ എന്നെയുംകൂടി ഉള്‍ക്കൊള്ളാനാവുംവിധം വലുതുമാണെന്ന കണ്ടെത്തലില്‍ ഞാന്‍ സന്തുഷ്ടിയനുഭവിക്കുന്നു.



2. നീ എന്റെതാണോ എന്നാവര്‍ത്തിച്ചു ചോദിച്ച് കൊതിയൂറുമ്പോഴും ഞാന്‍ നിന്റേതാണല്ലോ എന്ന നിര്‍വൃതിയില്‍ ആ കൊതിക്ക് അടക്കംവരുന്നു. അതായത്, ചോദ്യത്തോടൊപ്പംതന്നെ അതിനുള്ളയുത്തരവും ഉണ്ടായിരിക്കുന്ന സുകൃതം. ആനന്ദമാണതിന്റെ ഫലം. ശക്തിപ്രകടനങ്ങളൊന്നുമില്ലാതെ മനസ്സാഗ്രഹിക്കുന്നത് തനിയെയെന്നോണം സംഭവിക്കുന്നുവെന്ന അറിവില്‍ക്കവിഞ്ഞ സന്തോഷമെന്ത്?

 
3. നീതന്നെ ഞാന്‍ എന്ന പ്രഖ്യാപനത്തില്‍ നീയാരെന്നും, എന്നെ സംബധിച്ചിടത്തോളം എന്തെന്നും ഗ്രഹിക്കാനായതിലുള്ളയാഹ്ലാദം ഉള്‍കൊള്ളുന്നുവെന്നു സൂചിപ്പിച്ചല്ലോ. എത്ര തുച്ഛമായാലും, ഈ അറിവില്‍ ആരാധനയുടെ അംശമുണ്ട്. കാരണം, എന്നെയുംകൂടി ഉള്‍ക്കൊകൊള്ളാനാവുന്ന ഒരു സത്തയാണ് നീ എന്ന ഗ്രാഹ്യമതിലുണ്ട്. ഞാന്‍ നിന്നിലലിഞ്ഞ് ഇല്ലാതാകുന്ന ശൂന്യതയില്‍ നീ നിറഞ്ഞുകൊള്ളുമെന്ന വിശ്വാസം എന്നിലുറച്ചിരിക്കുന്നു എന്നാണതിനര്‍ത്ഥം. നീ എന്റെയുംകൂടി അസ്തിത്വത്തെ സംവഹിക്കുന്നു എന്ന ഈ ബോദ്ധ്യമാണ് പ്രണയത്തിലെ ആത്മനിര്‍വൃതിക്ക് കാരണം.


 4. മറിച്ച്, ഞാന്‍തന്നെ നീ എന്ന്‌ പ്രണയപാരമ്യത്തില്‍ ഒരാള്‍ ഉരുവിടുന്നത് സങ്കല്‍പ്പിക്കുക. ഉടനേ, അയുക്തവും കപടവുമായ എന്തോ അതില്‍ അടങ്ങിയിട്ടില്ലേയെന്ന സംശയമുദിച്ചേയ്ക്കാം. കാരണം, ഞാനെന്നില്‍ത്തന്നെ ഒരിക്കലും പൂര്‍ണമല്ലെന്നുള്ള ഒരാല്ത്മബോധം ഏവരിലും കുടികൊള്ളുന്നുണ്ടാവണം. അതുതന്നെയാണ് എനിക്കുവെളിയില്‍ എന്റെ പൂര്‍ത്തീകരണത്തെ തേടാന്‍ പ്രേരകമായിത്തീരുന്ന ഘടകം. ന്യൂനവും അപൂര്‍ണവുമായതിലേയ്ക്ക് മറ്റൊന്നിനെ യോജിപ്പിക്കുക സ്നേഹമാവില്ല, സ്വാര്‍ത്ഥതയാണ്. എന്തെന്നാല്‍, സ്നേഹം കൊടുക്കലാണ്, എടുക്കലല്ല. മറ്റൊന്നിനെ എനിക്ക് മാത്രമായി ആഗ്രഹിക്കുക സ്നേഹത്തിനു വിപരീതമാണ്. സ്നേഹമാകട്ടെ വിപുലീകരണമാകേണ്ടതുണ്ട്. 


ചുരുക്കത്തില്‍, നിസ്വാര്‍ത്ഥമായ എല്ലാ സ്നേഹബന്ധത്തിന്റെയുമടിസ്ഥാനം അദ്വൈതത്തിലേയ്ക്കുള്ള അഭിവാഞ്ചയാണ്. വ്യതിരിക്തമായ രണ്ടസ്തിത്വഘടകങ്ങള്‍ ഉണ്മയുടെ തലത്തില്‍ ഒന്നായിത്തീരുന്നതിനെയാണ് അദ്വൈതം കൊണ്ടര്‍ത്ഥമാക്കുന്നത്. മറ്റൊരാളുമായി ചേര്‍ന്നുവളരുക, അങ്ങനെ ഇരുവരുടെയും പൂര്‍ത്തീകരണം സാദ്ധ്യമാക്കുക എന്നയത്ഭുതമാണത്. സ്വായത്തമായ ഹൃദയനൈര്‍മല്യത്തിന്റെ തോതനുസരിച്ചും, സ്വയമില്ലാതാകാനുള്ള കഴിവനുസരിച്ചും മാത്രമേ ഈയദ്ഭുതം സംഭവിക്കൂ. ആദ്യാകര്‍ഷണത്തിന്റെ മഞ്ഞളിപ്പ് മാറുമ്പോള്‍, 'പ്രണയബദ്ധര്‍' എന്ന് സ്വയം സങ്കല്‍പ്പിച്ചു കഴിഞ്ഞിരുന്നവര്‍ വഴിപിരിയുന്നതിനു കാരണം വ്യക്തമാണ്. അഹന്തയെന്ന കട്ടുറുമ്പ് അവരുടെ സ്വര്‍ഗത്തിലേയ്ക്ക്‌ നുഴഞ്ഞുകയറിയിരിക്കുന്നു. അല്പസ്വല്പ പിടിവാശികള്‍ പ്രബലപ്പെട്ടുതുടങ്ങുന്നു. താന്‍പോരിമകാരണം വിട്ടുവീഴ്ചകള്‍ അസാദ്ധ്യമായിത്തീരുന്നു. അതോടെ, സമ്പന്നമായ അദ്വൈതത്തില്‍ നിന്ന് അവര്‍ പൊരുളില്ലാത്ത ദ്വൈതത്തിലേയ്ക്ക് പിന്നാക്കം തളര്‍ന്നുവീഴുന്നു!



യൌവനകാലം മുതല്‍ എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു എറിക് ഫ്രൊം (Eric Fromm). സാമൂഹിക- മന:ശാസ്ത്രവിഷയങ്ങളില്‍ ആഴമായ പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. സ്നേഹിക്കുക എന്ന കല (Die Kunst des Liebens) എന്നൊരു വിഭാഗത്തില്‍ പ്രേമത്തെപ്പറ്റി അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. അദ്ദേഹമെഴുതുന്നു: "പ്രേമത്തില്‍ നിന്നുണ്ടാകുന്ന താല്പര്യത്തിന് അല്പായുസേ ഉണ്ടാകൂ. പരിചിതരായിക്കഴിഞ്ഞാല്‍ വേര്‍പാട് അനിവാര്യമാകുന്നു. ശരീരങ്ങളുടെ സംഗമത്തിലൂടെ വേര്‍പാടിന്റെയനുഭവത്തെ കുറേ നാളേയ്ക്കു മറികടക്കാനായേക്കും. ശിശുസഹജമായ ഒരാശ്രിതബന്ധവും ഉണ്ടായേക്കാം. ഒരു ഭാഗത്തുനിന്നെങ്കിലും എകാകിതയെ മറികടക്കാന്‍, വെറുപ്പ്‌, അജ്ഞത, ദേഷ്യം തുടങ്ങിയ വികാരങ്ങളും പങ്കുവഹിച്ചേക്കാം. കാമാതുരമായി തുടങ്ങിയ സ്നേഹത്തിന്റെ വ്യതിയാനമാണിത്. ഇത്തരം ബന്ധങ്ങള്‍ ക്രമേണ ശിഥിലമാകും. ലൈംഗികത ഏകാന്തതയുടെ ഭയത്തില്‍ നിന്നുളവാകാം. ലൈഗികതയുത്തേജിപ്പിക്കുന്ന പല വികാരങ്ങളില്‍ ഒന്നുമാത്രമാണ് സ്നേഹം. പലരിലും ഇവ രണ്ടും കെട്ടുപിഞ്ഞാണ് കിടക്കുന്നത്. മറ്റു ചില സവിശേഷതകള്‍കൂടി കാമാതുരമായ സ്നേഹത്തിനുണ്ട്. സ്നേഹിക്കുന്ന രണ്ടു വ്യക്തികള്‍ അവരുടെ വ്യക്തിത്വത്തില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ബാഹ്യലോകത്തോട്‌ സ്നേഹമില്ലാതവരായിത്തീരാം. ഇതൊട്ടും ആരോഗ്യകരമല്ല. അപ്പോള്‍, സ്നേഹിക്കല്‍ വേര്‍പാടിനെ അതിജീവിക്കാനുള്ള ഒരു വിദ്യയായി തരംതാഴുന്നു. അവരുടെ ഐക്യം തീര്‍ത്തും ഭ്രമാത്മകമാണ്‌. ഒരാളുമായി മാത്രമേ തനിക്ക്‌  സ്നേഹം സ്ഥാപിക്കാന്‍ കഴിയൂ എന്ന് വരുമ്പോള്‍ അത് ഉപരിപ്ലവമായിത്തീരുന്നു."


കാമാതുരമായ സ്നേഹം സത്യസന്ധമെങ്കില്‍ അതിന് ഒരു ലക്ഷ്യമേയുള്ളൂ - അവന്റെയും അവളുടെയും സത്ത പരസ്പരം ലയിച്ചുചേരുക എന്നതാണത്. സര്‍വ്വ മനുഷ്യര്‍ക്കും ആത്യന്തികമായി ഒരേയൊരു സത്തയാണുള്ളത്, അതിന്റെ വിഭിന്നതകള്‍മാത്രമാണ് നമ്മളെല്ലാം എന്നംഗീകരിച്ചാല്‍, ഒരാളിലേയ്ക്ക് മാത്രം സ്നേഹമെല്ലാം അടിഞ്ഞുകൂടാനാവില്ല. അതേ സമയം‍, വൈയെക്തികമായി സവിശേഷ രീതിയില്‍ ഇഷ്ടപ്പെടുന്നയാളോട് പ്രതിബദ്ധതയോടെ സ്വയം സമര്‍പ്പിക്കുക, സര്‍വാശ്ലേഷിയായ സ്നേഹത്തില്‍ നിന്നുള്ള പിന്മാറ്റമാകില്ല എന്നും കരുതാം.


പ്രഗത്ഭരായ ചിന്തകരെല്ലാം പ്രണയത്തെപ്പറ്റി അഗാധമായവ പറഞ്ഞിട്ടുണ്ട്.
"നിങ്ങളെന്താണോ അതല്ല, നിങ്ങളെന്തായിത്തീരുന്നുവോ, അതാണ്‌ പ്രണയം." (Servantes)
"നിങ്ങള്‍ എന്തിനെയെങ്കിലും സ്നേഹിക്കുന്നെങ്കില്‍, അതിനെ സ്വതന്ത്രമാക്കുക. അത് തിരികെവരുന്നില്ലെങ്കില്‍, അത് നിങ്ങള്‍ക്കുള്ളതല്ല. മറിച്ചായാലോ, അതിനെ അനന്തകാലത്തേയ്ക്കും പ്രണയിക്കുക." (Gaude Hurten)

"മനുഷ്യനെ ദയാവാനാക്കുവാനും അവനു ആത്മോത്കര്‍ഷം നല്‍കാനും അനുരാഗത്തിനാകണം. പ്രണയത്തിലകപ്പെട്ടവര്‍ ആദ്യം സ്വന്തം ജീവിതത്തെ രൂപപ്പെടുത്തിയെടുക്കാന്‍ യത്നിക്കണം. എന്നിട്ടുവേണം കാമിനിയുടെ/കമിതാവിന്റെ സ്വഭാവത്തെ രൂപപ്പെടുത്താന്‍." (Alexei Arbuzov)

"നന്മക്കും തിന്മക്കുമപ്പുറത്തുള്ള എന്തോ ആണ് പ്രണയത്തില്‍ സംഭവിക്കുന്നത്‌." (Friedrich Nietzsche) 
          
ഇത്ര മനോഹരമായ പ്രണയാനുഭവം എന്തുകൊണ്ടാണ് ഒട്ടു മിക്കപ്പോഴും ഹ്രസ്വായുസായി പൊലിഞ്ഞുപോകുന്നത്? ഒരു യുക്തിയെ എനിക്കു തോന്നുന്നുള്ളൂ. സ്നേഹമെന്നയനുഭവം ദ്വൈതങ്ങള്‍ക്ക് അദ്വൈതത്തിലേയ്ക്കുള്ള തേങ്ങലാണ്. എന്നാല്‍ അതൊരു ഉഭയപ്രക്രിയായിരിക്കണം. കൊടുക്കാനുള്ളിടത്തും വാങ്ങാനാളില്ലാതെ വന്നാല്‍ കൊടുക്കല്‍ അര്‍ത്ഥനിരാസനമായി കലാശിക്കും. ദ്വൈതത്തിന്റെ ഇരു വശങ്ങളിലും സ്നേഹാഭിവാഞ്ചയുണ്ടാകാതെ സ്നേഹിക്കല്‍ പൂര്‍ണതയിലെത്തുകയില്ല. പ്രണയത്തിന്റെ സാധ്യതകളെ സംഭവ്യമാക്കുക അനിവാര്യമായും ഒരു സഹകരണപ്രസ്ഥാനമാണ്. പ്രണയിതാവും പ്രണയിനിയുമില്ലാതെ, അല്ലെങ്കില്‍, രണ്ടു പ്രണേതാക്കളില്ലാതെ പ്രണയിക്കല്‍ സംഭവ്യമല്ല. ഇരുഭാഗത്തും അതിസൂക്ഷ്മമായ ജാഗ്രതയില്ലെങ്കില്‍ വെറും നിസാരകാരണങ്ങളാല്‍ ആദ്യത്തെ ആര്‍ദ്രത ക്രമേണ മങ്ങുകയും നഷ്ടബോധം മാത്രം ബാക്കിയാവുകയും ചെയ്യും.
 

ഈ പരിചിന്തനങ്ങള്‍ നമ്മെ ഒരു വലിയ സത്യത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നു. അശിക്ഷണത്തിന്റെയും തന്‍കാര്യപ്രസക്തിയുടെ അല്പത്വത്തിന്റെയും കുറവുകളെ മറികടക്കാനാകുന്നവര്‍ക്ക്, നിഷ്ക്കളങ്കതയുടെ ശൈശവാവസ്ഥയിലേയ്ക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ എപ്പോഴുമുണ്ട്. ഓരോ ബോധാങ്കുരവും ഈ മഹത്വത്തിലേയ്ക്കാണ് വളര്‍ന്നു വികസിക്കേണ്ടത്. ആത്മാവിന്റെ അന്ത്യാര്‍ത്ഥം തേടുന്നവരോട്‌ ഉപനിഷത്ത്-ഗുരുക്കന്മാരുടെ അവസാന വാക്കാണ്‌ "തത്ത്വമസി", (പിരിച്ചെഴുതുമ്പോള്‍ 'തത് ത്വം അസി'. 'അത് നീയാകുന്നു' എന്നാണു മലയാളത്തില്‍ എപ്പോഴും എഴുതി കാണാറുള്ളതെങ്കിലും, 'നീ അതാകുന്നു' എന്ന് ഭാഷാന്തരം ചെയ്യുകയാണ് കൂടുതല്‍ യുക്തിഭദ്രമെന്നു ഞാന്‍ കരുതുന്നു.) തത് എന്നാല്‍ അതാ അവിടെയുള്ളത്, അതായത്, പരമാത്മാവ്‌ - ഉണ്മ അതിന്റെ പരിപൂര്‍ണതയില്‍. ത്വം വേദഭാഷയില്‍ ജീവാത്മാവാണ്. നിന്നെത്തന്നെ അറിയൂ, പരിപൂര്‍ണതയിലേയ്ക്കുള്ളതെല്ലാം നിന്നിലുണ്ട്, വേണമെങ്കില്‍ നിനക്ക് 'അത്' ആയിത്തീരാം എന്നാണ് വ്യക്തമായ ഭാഷയില്‍ തത്ത്വമസിയുടെ പൊരുള്‍. നിര്‍മ്മലമായ പ്രണയം വിശ്വസ്നേഹത്തിലേയ്ക്കും സംശുദ്ധമായ അദ്വൈതത്തിലേയ്ക്കുമുള്ള കാല്‍വെപ്പാണ്‌.

ത്രിത്വസങ്കല്പം യുക്തിയിലൂടെ

ബുദ്ധിവികാസത്തിന്റെ പടവുകളിലെവിടെയെങ്കിലുംവച്ച് ഓരോരോത്തരും സ്വയം ഈ ചോദ്യമെറിയേണ്ടിവരും: ഇക്കാണുന്നതൊക്കെയും അതിനിടയില്‍ ഈ ഞാനും വന്നതെവിടെനിന്ന്? ശൂന്യതയില്‍ നിന്നൊന്നുമുണ്ടാവില്ലെന്നത് യുക്തിയുടെ ആദ്യകണ്ടെത്തലുകളിലൊന്നാണ്. എങ്കില്‍, ഇക്കാണുന്നതൊക്കെ എന്നുമുണ്ടായിരുന്നയേതോ ഒന്നില്‍നിന്ന് വന്നതായിരിക്കണം. എന്നുമുണ്ടായിരുന്നത് ഇനിയും തുടര്‍ന്നുമുണ്ടായിരിക്കും. ആ ശക്തിയെന്താണെങ്കിലും അതിനെ അനന്തബോധമായിട്ടേ മനസ്സിലാക്കാനാവൂ.

അപ്പോള്‍ സ്ഥൂലത എവിടെനിന്നുണ്ടായി? അനന്തബോധം പരിപൂര്‍ണമായിരിക്കേണ്ടതുണ്ട്. അതുകൊണ്ട്, നാം കാണുന്ന, അനുഭവിക്കുന്ന, അപൂര്‍ണ്ണതനിറഞ്ഞ ലോകവും അനന്തബോധവും തമ്മിലുള്ള ബന്ധമെന്തെന്നറിയാന്‍ മനുഷ്യബുദ്ധി കിണഞ്ഞുപരിശ്രമിച്ചിട്ടുണ്ട്, ഫലമില്ലാതെ. അതവിടെ നില്‍ക്കട്ടെ.

എത്ര പരമവും പരിപൂര്‍ണവുമായാലും, എകതാനതയില്‍ നിത്യാനന്ദം എങ്ങനെയാണ് സാധ്യമാകുക? എകാകിത മരണതുല്യമായിട്ടനുഭവിക്കുന്ന മനുഷ്യന്റെ ബുദ്ധിക്ക് അത് വിശദീകരിക്കാനാവില്ല. എന്നാലുമൊന്നു ശ്രമിക്കാന്‍ മനുഷ്യര്‍ മടിച്ചിട്ടില്ല. ആ ശ്രമത്തിന്റെ ഫലമാണ് ക്രിസ്തുമതത്തിലെ ത്രിത്വവും ഹിന്ദുവിന്റെ ത്രിമൂര്‍ത്തികളും (ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌). ഇവയിലെയെല്ലാമൊളിഞ്ഞിരിക്കുന്ന യുക്തിയൊന്നുതന്നെ. അതായത്, ദൈവം പരിപൂര്‍ണതയായിരിക്കണം; പരിപൂര്‍ണത ആനന്ദമായിരിക്കണം; സ്നേഹമില്ലാതെ ആനന്ദമില്ല; ഏകമായിരുന്നുകൊണ്ട് സ്നേഹിക്കാനാവില്ല. അങ്ങനെയെങ്കില്‍, പരമസത്തയില്‍ ഏകത്വമല്ല, ബഹുത്വമുണ്ടാവണം.

എങ്കില്‍, ഈ ബഹുത്വത്തിന്റെ ഘടനയെന്തായിരിക്കാം? ദ്വിത്വം? ത്രിത്വം? ഇതെപ്പറ്റി ആലോചിച്ചുനടക്കുമ്പോള്‍ ഇബ്നു അറബിയുടെ ഈ വരികള്‍ കണ്ണില്‍പെട്ടു: ഒന്നില്‍ നിന്ന് യാതൊന്നുമുണ്ടാകുന്നില്ല. അക്കങ്ങളില്‍ ആദിമംതന്നെ രണ്ടാണ് (2). കൂട്ടിയോജിപ്പിക്കുന്ന മൂന്നാമതൊന്നിന്റെയഭാവത്തില്‍ ഒന്നും (1) രണ്ടും (2) നിത്യമായി വേര്‍പെട്ടുതന്നെ നില്‍ക്കും. ഏറ്റവും കുറഞ്ഞ ബഹുത്വം മൂന്നാണ് (3). ബഹുത്വമാണെങ്കിലും അത് ഒറ്റയാകുന്നു.

ഗണിതപരിജ്ഞാനത്തിന്റെ കുറവുകൊണ്ട് എനിക്കിതത്ര മനസ്സിലായില്ല. അപ്പോള്‍ അബ്ദു റഹ്മാന്‍ ബദവി സഹായത്തിനെത്തി. അദ്ദേഹം പറയുന്നു: ഒന്നല്ല (1), മൂന്നാണ് (3) ആദ്യസംഖ്യ. ആദ്യത്തെയക്കം 2 ആണ്. ഒന്ന് (1) അക്കമല്ല, അക്കങ്ങളുടെ മൂലമാണ്. ഗൂഢവിചാരങ്ങളുള്‍ക്കൊകൊള്ളുന്ന ഈ ഗണിതതത്ത്വങ്ങള്‍ അനന്തസത്തയിലേയ്ക്ക് ചെലുത്തിയാല്‍, ആദ്യം തുടങ്ങിയ ബിന്ദുവിലെത്തും. അതായത്, ഒറ്റയായുള്ളയസ്തിത്വം അനന്തസത്തക്കുപോലും സാധ്യമല്ല. അവിടെയും സ്നേഹിക്കാനൊരു വിഷയം (object) വേണം. മറ്റൊന്നില്ലാതെ സര്‍വസ്വവുമായിരിക്കുന്നതേതോ അതിന് അതിന്റെ സ്നേഹഭാജനം അതുതന്നെയല്ലേ ആകാനാകൂ? എങ്കില്‍, നമ്മെക്കാള്‍ വലിയ കുഴപ്പത്തിലായിരുന്നു അനാദിസത്ത. സ്വയം സ്നേഹിച്ച്, അത് രണ്ടാമാതൊന്നിനെ സ്നേഹിക്കുന്നതിനു തുല്യമാക്കണം. പ്രേമി, പ്രേമഭാജനം, പ്രേമം, എല്ലാം വേണം; എല്ലാം അതില്‍ത്തന്നെ ഒന്നായിരിക്കുകയും വേണം. ഒരേസമയം ഏകവും ബഹുത്വവുമായി ഭവിക്കുക. എങ്ങനെ ഭ്രാന്തുപിടിക്കാതിരിക്കും?

പക്ഷേ, ഭ്രാന്ത് മനുഷ്യബുദ്ധിയിലാണ്. എത്ര ചുറ്റിക്കറങ്ങിയാലും കൃത്യമായ ഒന്നിലും അതെത്തുന്നില്ല. നമ്മുടെതന്നെയുള്ളിലെ ഭൂതങ്ങളെ കണ്ട് ഭയക്കുന്ന നാമെങ്ങനെ പരമാത്മാവിന്റെ സത്താസംവിധാനത്തെപ്പറ്റിയെന്തെങ്കിലും ഗ്രഹിക്കും? കടല്‍ത്തീരത്തിരുന്ന് കടലിനെ ഒരു കക്കയ്ക്കുള്ളിലാക്കാന്‍ ശ്രമിച്ച കുട്ടിയെപ്പറ്റി സെന്‍റഗസ്റ്റിന്‍ പറഞ്ഞിട്ടുള്ളതാണ് ഇവിടെയാപ്തമായ വിചാരം.

ഇതൊക്കെയായാലും, ഒരു കാര്യം ധൈര്യംതരുന്നതാണ്. ദൈവതം അതിന്റെ സത്തയില്‍തന്നെ പ്രണയബദ്ധമാണ് - അത് എല്ലാറ്റിനെയുമുള്‍ക്കൊള്ളുന്ന പ്രണയമാകാതെ തരമില്ല. അതിലെയൊരു കണികയുടെയെങ്കിലും രുചിയറിയുക ഈലോകജീവിതത്തെ നമ്മള്‍ അല്പപ്രാണികള്‍ക്കും പരിമളമുള്ളതാക്കും.

എന്നാല്‍ ചിന്തിക്കുന്നവരെ വളരെയലട്ടുന്ന വേറൊന്നുണ്ട്. ദൈവതത്തില്‍ ആരോപിക്കപ്പെടുന്ന വ്യക്തിത്വഭാവം. സാമ്പ്രദായികമതങ്ങളെല്ലാം ഇത് ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകള്‍ അതിനായി പാഴാക്കിയിട്ടുണ്ട്. ക്രിസ്തുമതത്തില്‍ ഏകദൈവമായ ഈശ്വരന്‍ പിതാവും പുത്രനും വിശുദ്ധാരൂപിയുമായി മൂന്നാളുകളാണ്. ഹിന്ദുസങ്കല്പത്തില്‍ അര്‍ദ്ധനാരീത്വംതൊട്ട്‌ എണ്ണിയാലൊടുങ്ങാത്ത മനുഷ്യഭാവങ്ങളാണ് ഈശ്വരനില്‍ ആരോപിക്കപ്പെടുന്നത്. ഇതെല്ലാം ദൈവശാസ്ത്രത്തിന്റെ നിഗൂഢരഹസ്യങ്ങളായി മാറ്റിവച്ചാലും, പ്രായോഗികജീവിതത്തില്‍ എണ്ണമറ്റ ഐശ്വരഭാവങ്ങളുമായാണ് ഏത്‌ വിശ്വാസിയും ഇടപെടുന്നത്. വേദാന്തത്തില്‍ ഈശ്വരന്, പരമമായ സത്തക്ക്, പേരില്ല; എന്നാല്‍, ആശയസംവേദനത്തിനായി എന്തെങ്കിലും പറയുക ആവശ്യമായതുകൊണ്ട് "തത്" (അത്) എന്നുപയോഗിക്കുന്നു. പരമമായ സത്തയുമായി ഒത്തുചേര്‍ക്കാനാവാത്തതെല്ലാം "മായ" എന്ന ശബ്ദംകൊണ്ടുദ്ദേശിക്കപ്പെടുന്നു. സ്ഥൂലപ്രപഞ്ചത്തില്‍ നമ്മുടെയനുഭവത്തിന്റെ വിഷയമായതെല്ലാം, മനുഷ്യഭാവന സൃഷ്ടിക്കുന്ന വിഭ്രാന്തികളുള്‍പ്പെടെ, മായയില്‍പെടുന്നു.

വ്യക്തിത്വവും അല്പചേതനയുടെ, അതായത് പരിധിയുള്ളതിന്റെ, അസ്തിത്വഭാവമാണ്. എങ്ങും ആരംഭമോ അവസാനമോയില്ലാത്തത് വ്യക്തിത്വരഹിതമായിരിക്കണം. ദൈവമതാണെന്ന് പറയുകയും അതേസമയം അത് പിതാവും മാതാവും പുത്രനും അല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെയാണെന്ന് ധരിക്കുകയും അങ്ങനെ പഠിപ്പിക്കുകയുംചെയ്യുന്നത് അങ്ങേയറ്റത്തെ യുക്തിരാഹിത്യമാണ്. ഒരു നിശ്ചിത മതത്തിലേയ്ക്ക് ജനിച്ചുവീഴേണ്ട ദു:ര്‍വിധിയില്ലാത്തയൊരാള്‍ക്ക്‌, അല്ലെങ്കില്‍ സ്വന്തം പ്രജ്ഞയില്‍നിന്ന് ലളിതവത്ക്കരിച്ച ഇത്തരം സങ്കല്‍പ്പങ്ങള്‍ നിരന്തരസാധനയിലൂടെ മായിച്ചുകളയാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക്, സര്‍വവ്യാപിയായ ഈശ്വരചൈതന്യത്തില്‍ ലയിക്കാന്‍ സാധിക്കുമെന്നതിനുദാഹരണങ്ങള്‍ എത്രവേണമെങ്കിലുമുണ്ട്. എന്നാലതിന് വ്യക്തിത്വമെന്ന കടമ്പകടക്കേണ്ടിവരും.
പരമമായ സത്തയുടെ കാര്യത്തില്‍മാത്രമല്ല വ്യക്തിത്വം അസ്തിത്വനിഷേധമാകുന്നത്, നമ്മുടെ തന്നെ ആന്തരികജീവിതത്തിലും വ്യക്തിത്വമൊരു തടസ്സമാണ്. അതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ വേറൊരു ലേഖനത്തില്‍ (അഹന്തയുടെ അഭാവമാണ് ആത്മീയത) ശ്രമിക്കുന്നുണ്ട്. കാണുക: അവബോധത്തിലേയ്ക്ക്, ഭാഗം രണ്ട്, ഭാവ്യതാപഥം.

സന്തോഷത്തിന്റെ പാഠഭേദങ്ങള്‍

രണ്ട് ദശാബ്ദത്തോളം കണ്ടും വായിച്ചും മനസ്സില്‍ പതിഞ്ഞ ഒരു വാക്യം: സന്തോഷം തഴക്കത്തിന്റെ പരിണതിയല്ല, മറിച്ച്, ഈ നിമിഷത്തിന്റേതാണ് * (ഗ്വേതെ). സ്വിറ്റ്സര്‍ലന്റിലെ ഹേഗന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ഒരു നടപ്പുവഴിയില്‍ സ്ഥാപിച്ചിരിക്കുന്ന കല്പ്പലകയില്‍ കൊത്തിയിരിക്കുന്നതാണിത്. അതിന്റെയൊരു വിശദീകരണംപോലെ തോന്നി ലുഡ്വിഗ് മാര്‍ക്യുസേയുടെ സന്തോഷത്തിന്റെ തത്ത്വശാസ്ത്രം (Philosophie des Glücks - Ludwig Marcuse) എന്ന തടിച്ച കൃതിയുടെ ഉള്ളടക്കം. ഇതുമായി ബന്ധപ്പെടുത്തി ഏതാനും പരിചിന്തനങ്ങള്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.

മാനസികസംതൃപ്തി തേടിയുള്ള മനുഷ്യന്റെ പ്രയാണചരിത്രത്തില്‍ പടിഞ്ഞാറുദിച്ച പ്രധാന ചിന്തകരുടെയെല്ലാം ശ്രമഫലങ്ങള്‍ കുറുക്കിവച്ചിരിക്കുന്നു, ഈ പുസ്തകത്തില്‍‍. പഴയനിയമത്തിലെ ഇയോബും എക്ലെസ്യാസ്റ്റെസും (സഭാപ്രസംഗകന്‍) മുതല്‍ , എപിക്യുരസ്, സെനെക്ക, അഗസ്റ്റിന്‍, സ്പിനോസ, മാര്‍ക്സ്, നീറ്റ്ഷെവരെയുള്ളവരുണ്ട് അക്കൂടെ. ഇവരില്‍ അഗസ്റ്റിന്‍ ആധ്യാത്മികതയിലൂടെയും, സ്പിനോസ തത്ത്വചിന്തയിലൂടെയും ഏതാണ്ടൊരു ഹൃദയാഹ്ലാദം കണ്ടെത്തിയെന്നു കരുതാം. കിഴക്കുനിന്നുള്ള ദാര്‍ശനികരെയോ ജ്ഞാനികളെയോ, നമ്മുടെ ഉപനിഷത്തുകളെയോ മാര്‍ക്യുസേ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അത് ഈ കൃതിയുടെയൊരു വലിയ പോരായ്മയാണ്.

വലിയ ചിന്തകരെല്ലാംതന്നെ, ഉപസംഹാരത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നതനുസരിച്ച്, നിലനില്‍ക്കുന്ന സന്തോഷം ഈ ജീവിതത്തിലില്ല എന്ന മതത്തിലെത്തിച്ചേരുന്നു. മനുഷ്യന് താല്‍ക്കാലികയാനന്ദമേ കണ്ടെത്താന്‍ സാധിക്കൂ എന്നാണോ അതിനര്‍ത്ഥം? ജീവിതത്തിനര്‍ത്ഥമില്ലെന്ന്  അനുഭവിച്ചറിയുന്നതോടെ അതവസാനിപ്പിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ എന്നുമുണ്ട്. ഈ അര്‍ത്ഥമില്ലായ്മയുടെയുറവിടം അവനവന്റെ കാഴ്ച്ചപ്പാടിലോ അന്യരുടെ കാഴ്ച്ചപ്പാടിലോ ആകാം. അന്യരുടെമുമ്പില്‍ വിലയിടിയുന്നത് ആത്മാഹൂതിക്ക് വരെ മതിയായ കാരണമാക്കുന്നവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ വളരെയുണ്ട്. മനുഷ്യനിര്‍മ്മിതമായ ധാര്‍മ്മികചട്ടക്കൂടിനെ ഭേദിക്കാനുള്ള വഴിയോ തന്റേടമോ ഉണ്ടായിരുന്നെങ്കില്‍ ഇക്കൂട്ടരില്‍ ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കാന്‍ തീരുമാനിക്കുമായിന്നു.

ഈ ജീവിതത്തില്‍ സന്തോഷത്തിലേക്കുള്ള വഴികള്‍ തടയപ്പെടുന്നവര്‍ക്കായി മിക്ക മതങ്ങളും ചൂണ്ടിക്കാണിക്കുന്നത് പരലോകത്തെയാണ്. ഹൈന്ദവചിന്തയില്‍ അതിന്റെ സ്ഥാനത്ത് പുനര്‍ജന്മങ്ങളുടെ പരിസമാപ്തിയില്‍ കൈവരേണ്ട ബ്രഹ്മസാക്ഷാത്ക്കാരമാണുള്ളത്. മനുഷ്യരാശിയില്‍ ഭൂരിഭാഗവും ഈലോകജീവിതത്തിലുള്ള പരിമിതമായ ഏതാനും സന്തോഷസാദ്ധ്യതകളിലേക്ക് ജീവിതസാഹചര്യങ്ങള്‍ ചുരുങ്ങി നിരാശതക്ക് വിധിക്കപ്പെട്ടവരാണ്. അത്തരക്കാരെ വലയില്‍ കുരുക്കാനാണ് ലോകമതങ്ങള്‍ പരസ്പരം മത്സരിക്കുന്നത്. കഷ്ടപ്പാടുകളെ ആത്മശുദ്ധീകരണത്തിനായി ദൈവമയയ്ക്കുന്ന ഉപാധികളായി  സ്വീകരിക്കണമെന്ന ഭക്തിശാസ്ത്രമാണവ നിരന്തരമോതിക്കൊണ്ടിരിക്കുന്നത്. ഫലമോ, എല്ലാമുക്കിലും കവലയിലും വഴിതടയാനെന്നോണം കുരിശുപള്ളികളും, അവയെയനുകരിച്ചു പെരുകുന്ന മണ്ഡപങ്ങളും, മിനറെറ്റുകളും. ഒരു ധാര്‍മികോത്തരവാദിത്തവും പേറാതെ ഏക്കറുകള്‍ വ്യാപിച്ചുനില്‍ക്കുന്ന തീര്‍ഥാടനസൌധങ്ങളും കേരളത്തില്‍ തഴച്ചുപൊങ്ങിക്കൊണ്ടിരിക്കുന്നു. അക്കൂടെ, തല്‍പ്പരകക്ഷികളുടെ ചാനലുകളും ശബ്ദമലിനീകരണം പെരുപ്പിക്കുന്നു. അങ്ങേയറ്റം അന്ധമായ വിശ്വാസങ്ങള്‍ കുത്തിനിറച്ച മാസികകള്‍ കേരളത്തിലെ ക്രിസ്തീയഭവനങ്ങളിലും മങ്ങളിലും പള്ളിമുറികളിലും നിരന്നുകിടക്കുന്നു! ഇതെല്ലാമായിട്ടും പക്ഷേ, പാവം വിശ്വാസികള്‍ സ്വര്‍ണത്തിന്റെയും ലോട്ടറിഭാഗ്യത്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും പിന്നാലെയാണുതാനും!
 
പരാമൃഷ്ടകൃതിയില്‍, തന്റെ തിരച്ചില്‍ ശുഭപര്യാപ്തിയിലെത്തിക്കുന്നത് സെന്റഗസ്റ്റിന്‍ മാത്രമാണ്. യുവത്വാവസാനംവരെ ആഗ്രഹിച്ചതെല്ലാം - സമ്പത്ത്, പാണ്ഡിത്യം, ഉന്നതസ്ഥാനം, സ്ത്രീകള്‍, സമുദായത്തിന്റെ തുംഗശ്രേണിയിലുള്ളവരുമായി സൗഹൃദം എന്നതൊക്കെ - നേടി സംതൃപ്തിയനുഭവിച്ചിരുന്നയദ്ദേഹത്തെ തന്റെ സന്തോഷം ക്ഷണികമാണെന്ന വിചാരം വിടാതെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. ആഗ്രഹിക്കുന്നവയെല്ലാം കൈവന്നാല്‍ ഒരുവന്‍ സന്തുഷ്ടനാകുമോ എന്നദ്ദേഹം സ്വയം ചോദിച്ചു. ഇല്ലെന്നുള്ള ഉത്തരവും പറഞ്ഞു. കാരണമോ, വെറും ക്ഷണനിമിഷംകൊണ്ട് എല്ലാം നഷ്ടപ്പെടാം. സ്വന്തമമ്മയോട് അദ്ദേഹം ഈ ചോദ്യം ചോദിച്ചു. വെറും സാധാരണക്കാരിയായിരുന്ന മോനിക്ക പറഞ്ഞു, നീ ആഗ്രഹിക്കുന്നതും കിട്ടുന്നതും നന്മയാണെങ്കില്‍, നിന്റെ സന്തോഷം സ്ഥിരമായിരിക്കും. അത് അഗസ്റ്റിന്റെ മനസ്സില്‍ തറച്ചു. അദ്ദേഹത്തിന്റെ ശിഷ്ടജീവിതം സ്ഥിരമായവയ്ക്കുവേണ്ടിയുള്ള അന്വേഷണമായിരുന്നു.
അറിഞ്ഞോ അറിയാതെയോ, ധാരാളംപേര്‍ എന്നും ഈ അന്വേഷണത്തിലാണ്. പക്ഷേ, നശ്വരമായ ജീവിതത്തില്‍ ശാശ്വതമായതു കണ്ടെത്തുക അസാദ്ധ്യമാണ്. ശാശ്വതമായ ഒന്നുമില്ലെന്ന കണ്ടെത്തല്‍തന്നെ ശാശ്വതമായ ഒരറിവായി പരിണമിക്കാം. കാരണം, ഈയറിവ് ബുദ്ധിക്കു സ്ഥിരതനല്‍കുന്നു. അതൊരു തുടക്കമാണ്. നശ്വരതയെ ജീവിതത്തിന്റെ സ്വഭാവമായി അംഗീകരിക്കാനാവുന്നതോടെ അല്‍പസുഖങ്ങള്‍ പോലും നമുക്ക് തൃപ്തിയേകാന്‍ കെല്പുള്ളവയായി മാറുന്നു. സംതൃപ്തിയെന്നത് ഈ നിമിഷത്തിന്റെ പൂര്‍ത്തീകരണമാണെന്നയുള്‍കാഴ്ച കൈവരുന്നു. ഗ്വേതെയും അതാണല്ലോ പറഞ്ഞത്, സംതൃപ്തി അല്ലെങ്കില്‍ ആഹ്ലാദം എന്നാല്‍ അത് സമയബന്ധിതമല്ല, അത് ഈ നിമിഷത്തിന്റേതാണ് എന്ന്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അവയില്‍ തന്നെ മഹത്തരമെന്നും ഓരോ നിമിഷവും ആസ്വദിക്കാനാകുകയെന്നതാണ് കലയേയും ബുദ്ധിയേയും തമ്മില്‍  ബന്ധിപ്പിക്കുന്നതെന്നും അനുഭവത്തിലൂടെയറിയുന്നവര്‍ യാതൊരുവിധത്തിലുള്ള ആര്‍ത്തിക്കും അടിമകളാകുന്നില്ല. ഏത്‌ സുഖത്തെയും കെടുത്തുന്ന ഇരുട്ടാണ്‌ ആര്‍ത്തി. ദരിദ്രര്‍ ധനികരേക്കാള്‍ ശുദ്ധഹൃദയരും ശുഭാപ്തിയുള്ളവരും സന്തുഷ്ടരുമാണെന്നയനുഭവത്തിനു പിന്നിലെ സത്യമിതായിരിക്കാം. അമിതമായ വില (ആഗ്രഹം) ഒന്നിനും കല്പിക്കാത്തവന് എത്രചെറുതും അത്യധികം വിലയുള്ളതാണെന്ന ഉള്‍ബോധമുണ്ടാകുന്നു. ഓരോ നിമിഷവും സുഖദായകമാക്കാം എന്നവന്‍ അനുഭവിച്ചറിയുന്നു.


അതോടെ, ഭാവിഭൂതങ്ങള്‍ക്ക് പ്രാധാന്യമില്ലാതാകുന്നു. മനുഷ്യന്‍ പ്രപഞ്ചത്തിന്റെ മദ്ധ്യമോ ലക്ഷ്യമോ ആണെന്ന മതത്തിന്റെ പിടിവാശികള്‍ ജല്പനങ്ങളായി തരംതാഴുന്നു. ഇതെഴുതുന്നയാളിന്റെ കൈക്കുറിപ്പുകള്‍ അയാളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കോ, മുറ്റത്തെ ചെടികള്‍ക്കോ യാതൊരര്‍ത്ഥവും ഉണ്ടാക്കുന്നില്ലെന്നതുപോലെ, ദൈവത്തിന്റെ ഡയറിക്കുറിപ്പുകളായ പ്രാപഞ്ചികഗതിവിഗതികള്‍ മനസ്സിലാക്കാന്‍ മനുഷ്യനും കെല്‍പ്പില്ല എന്ന എളിമയിലാണ് ഈ വീണ്ടുവിചാരം നമ്മെ കൊണ്ടെത്തിക്കുന്നത്. ഈയൊരൊറ്റ നിമിഷത്തിനുള്ളില്‍ എന്നില്‍ സംഭവിക്കുന്നതെന്തെല്ലാമെന്ന് പോലും ഞാനറിയുന്നില്ല. മനുഷ്യബുദ്ധി മനസ്സിലാക്കുന്നതോ അതിതുഛം. ഏതു മേഖലയിലാണെങ്കിലും അറിവിലുള്ള മനുഷ്യന്റെ പിടിവാശികളൊക്കെ വെറും മിഥ്യയാണ്‌.

ബൈബിളിലെ ഏറ്റവും ബൌദ്ധികപരിവേഷമുള്ള മനോഹരകൃതിയാണ് സഭാപ്രസംഗകന്‍ (Ecclesiastes). ഗ്രീക് തത്ത്വചിന്തയുടെ സ്വാധീനം ഇതിലുണ്ട്. ഈ ലോകത്തിലെ വ്യാപാരങ്ങളെല്ലാം, സുഖവും ദു:ഖവും, മിഥ്യ മാത്രമാണെന്ന നിഗമനമാണ് അതിന്റെ ഗ്രന്ഥകാരന്റേത്. പക്ഷേ, ബൈബ്ലിന്റെ ഭാഗമായാലും, ഈ കാഴ്ചപ്പാട് വികലമാണെന്ന്, കെ.സി.ബി.സി. ബൈബിളില്‍ മെത്രാന്മാര്‍ വായനക്കാരെ താക്കീതുചെയ്തിട്ടുണ്ട്. (അപ്പോള്‍, അവരുടെ മുന്‍‌കൂര്‍വീക്ഷണങ്ങളോട് ഒത്തുപോകാത്ത ഭാഗത്ത്, തിരുവാക്യമായാലും അവര്‍ അംഗീകരിക്കില്ലെന്ന് സാരം.) ഏതായാലും, നാമെന്തൊക്കെ ചെയ്താലും ശരി, സംഭവിക്കാനുള്ളതു അതാതിന്റെ സമയത്ത് സംഭവിച്ചിരിക്കും എന്നത് മനോഹരമായിട്ടാണ് ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. അതിലെ "A time to be born, a time to die; a time to plant, a time to pluck...a time to weep, a time to laugh;...a time for every purpose under the heaven." എന്ന ഭാഗം ഒരു സുന്ദരഗാനത്തില്‍ The Byrds എന്ന ഗ്രൂപ് 1965 -ല്‍ അനശ്വരമാക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് രസകരമായ ചിത്രീകരണങ്ങളോടെ അതാസ്വദിക്കാന്‍ ഇതാ ഒരു ലിങ്ക്: 
http://www.youtube.com/watch?v=fHvf20Y6eoM&feature=player_embedded#at=102

അസ്തിത്വത്തെപ്പറ്റി ചുഴിഞ്ഞാലോചിച്ച അല്‍ബേര്‍ കമ്യുവിനെപ്പോലുള്ളവര്‍, അത് ഭയാനകമാണെന്നും ആത്മഹത്യയാണ് മനുഷ്യന് ചെയ്യാവുന്ന ഉത്തമകൃത്യമെന്നുമൊക്കെ എഴുതിപ്പിടിപ്പിചിട്ടുണ്ട്. അത് കേട്ടുമടുത്താണ്, തലനാരിഴകീറുന്ന താത്ത്വികവിശകലനങ്ങളേക്കാള്‍ ഗുണകരം കാവ്യാത്മകമായ ധ്യാനമാണെന്ന് സാര്‍ത്രിനെപ്പോലുള്ളവര്‍ വാദിച്ചത്.

* "Glück ist keine Sache der Gewöhnheit, sondern des Augenblicks." J. W. von Göthe