ഉയിർപ്പ് എന്നത് മനുഷ്യസമൂഹത്തിന്റെ നവോത്ഥാനം തന്നെ
ആദ്യമായി,
പുനരുത്ഥാനം എന്ന് ബൈബിളിൽ വായിക്കുമ്പോൾ എന്താണ് ഇന്നു
നമ്മൾ മനസ്സിലാക്കുന്നത്? മരണം എന്ന ശരീരത്തിന്റെ അന്ത്യം ഉണ്ടാക്കുന്ന
ഇല്ലായ്മയിൽനിന്ന് തിരികെ ജീവിതത്തിലേയ്ക്ക് വരിക എന്നത് ഒരർത്ഥമാണ്.
എന്നാൽ ആ ജീവിതം ഇഹത്തിലല്ല മറ്റെവിടെയോ ആണ് എന്നതും അതോടൊപ്പം പോകുന്നു.
സമയത്തിന്റെ അവസാനത്തിൽ, അതായത് ഇക്കാണുന്ന പ്രപഞ്ചത്തിന്റെ അവസാനത്തിൽ
നല്ല മനുഷ്യർക്ക് ദൈവം കൊടുക്കുന്ന സ്വർഗ്ഗജീവിതം എന്നാണ് പുരോഹിതരും
വേദാദ്ധ്യാപകരും പറഞ്ഞുവയ്ക്കുന്നത്. എന്നാലിതൊക്കെ മനുഷ്യജിജ്ഞാസയെ
തൃപ്തിപ്പെടുത്താൻ വേണ്ടി കാലാന്തരത്തിൽ ഉരുത്തിരിഞ്ഞുവന്ന
കാഴ്ച്ചപ്പാടുകളാണ്. എന്നാൽ, സുവിശേഷങ്ങൾ എഴുതപ്പെട്ട കാലത്ത് ഉയിർപ്പ്
അല്ലെങ്കിൽ ഉത്ഥാനം എന്ന വാക്കിനുണ്ടായിരുന്നയർത്ഥം ഇതൊന്നുമായിരുന്നില്ല. അതെന്താരുന്നുവെന്നറിയണമെങ്കിൽ
അന്നുള്ളവർ, അതായത് ബൈബിൾ എഴുതപ്പെട്ട കാലത്തു ജീവിച്ചിരുന്ന മനുഷ്യർ
എന്ത് മനസ്സിലാക്കിയിരുന്നു എന്ന് കണ്ടെത്തണം.
വിദൂരഭൂതകാലങ്ങളിൽ എഴുതപ്പെട്ട എന്തെങ്കിലും വായിച്ചിട്ട് അതിന് ഇപ്പോൾ നമ്മൾ കൊടുക്കുന്ന അർത്ഥമാണ് ശരിയെന്നുള്ള വിചാരം ഒട്ടും പക്വമല്ല, വസ്തുതക്ക് നിരക്കുന്നതുമല്ല.
വിദൂരഭൂതകാലങ്ങളിൽ എഴുതപ്പെട്ട എന്തെങ്കിലും വായിച്ചിട്ട് അതിന് ഇപ്പോൾ നമ്മൾ കൊടുക്കുന്ന അർത്ഥമാണ് ശരിയെന്നുള്ള വിചാരം ഒട്ടും പക്വമല്ല, വസ്തുതക്ക് നിരക്കുന്നതുമല്ല.
യഹൂദരിൽ
അധികാരപ്രമത്തരായ സദൂസ്യർ (Saducees) എന്ന കൂട്ടർ (യഹൂദബ്രാഹ്മണർ എന്ന്
വേണമെങ്കിൽ പറയാം) മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നില്ല.
വിജാതീയർ എന്ന് യഹൂദർ വിളിച്ചിരുന്ന പെയ്ഗൻ ജനതയും ഈ
ജീവിതത്തിനപ്പുറത്തുള്ള ഒന്നിലും വിശ്സ്വസിച്ചിരുന്നില്ല. ഫൈലൊ (Philo)
യെപ്പോലുള്ള 'ബുദ്ധിജീവികൾ' ശരീരമില്ലാതെയുള്ള, കൃത്യമായ നിർവചനമില്ലാത്ത
ആത്മാവിന്റെ അനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നു. നവചിന്താനുകൂലികളായിരുന്ന
പരീശർ (Pharisees) ഉൾപ്പെടെയുള്ള മറ്റു യഹൂദർ കരുതിയിരുന്നത്, ശരീരം
നഷ്ടപ്പെട്ട ആത്മാക്കളെ ദൈവം എങ്ങനെയോ എവിടെയോ
തല്ക്കാലത്തേയ്ക്ക് കാത്തുസൂക്ഷിക്കുകയും തന്റേ രാജ്യം
ഇവിടെ സ്ഥാപിതമാകുമ്പോൾ, വീണ്ടും പുതുതായ ശരീരം കൊടുത്ത് അവരെ പുതിയ ഒരു
ജീവിതത്തിന് പര്യാപ്തരാക്കുകയും ചെയ്യുമെന്നാണ്. അത് ഈ പ്രപഞ്ചത്തിൽ, ഈ
ഭൂമിയിൽത്തന്നെ, ആയിരിക്കുമെന്നും കരുതപ്പെട്ടു. ആദിമക്രിസ്ത്യാനി കളും ഏതാണ്ടിങ്ങനെയാണ്
വിശ്വസിച്ചിരുന്നത്. ഇന്ന് കത്തോലിക്കാദൈവത്തിൽ
വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ സഭ പഠിപ്പിക്കുന്നതുപോലെ, ഈലോകത്തി നപ്പുറത്തുള്ള
ഒരിടത്ത് (സ്വർഗ്ഗത്തിൽ) വേറൊരു തരത്തിലുള്ള ജീവിതം അവരുടെ മനസ്സിൽ
ഉണ്ടായിരുന്നേയില്ല. കണ്ണ് കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടിലാത്തതുമായ
സൌഭാഗ്യമനുഭവിക്കാവുന്ന, രൂപാന്തരപ്പെട് ട ശരീരത്തോടെയുള്ള,
ഒരസ്തിത്വത്തെപ്പറ്റി പോൾ പറയുന്നുണ്ട്. മറ്റു മൂന്ന് സുവിശേഷകരും
യേശുവിന്റെ ഉത്ഥാനത്തെപ്പറ്റി വളരെ ചുരുക്കിയാണ് പറയുന്നതെങ്കി ലും,
പുനരുത്ഥാനമില്ലാതെ ഈ ജീവിതത്തിനോ
യേശുവിലുള്ള വിശ്വാസത്തിനോ ഒരർത്ഥവുമില്ലെന്നുവരെ പറഞ്ഞുവച്ചത് ജോണും
പോളുമാണ്. ഇപ്പോഴത്തേതുവച്ച് നോക്കുമ്പോൾ, പുതിയ ശരീരം, അമാനുഷികമെന്നു
പറയാമെങ്കിലും, പഴയതിന്റെതന്നെ പുതിയ രൂപമായിട്ടാണ് ആദിമക്രിസ്ത്യാനികളുടെ
ഭാവനയിൽ നിലകൊണ്ടത്. എന്നാൽ, ഹൈന്ദവഭാവനയിലെ ആവർത്തിതപുനർജ്ജന്മം പോലെയല്ല,
മറിച്ച്, ഇനിയൊരിക്കലും നശിച്ചുപോവാത്ത ഒന്നായിരിക്കുമത്.
ദൈവരാജ്യത്തിനായി കാത്തിരിക്കുകയും ദൈവവുമായി സഹകരിച്ചു പ്രവർത്തിക്കുകയും
ചെയ്യുന്ന എല്ലാവര്ക്കും സംഭവിക്കുന്ന ഒരു രൂപാന്തരമായിരിക്കുമത് എന്നാണവർ
മനസ്സിലാക്കിയത്. അതായത്, പുറംജാതിക്കാർ ചെയ്യുന്നതുപോലെ അധികാരം
കൈയാളുന്നവർ ബാക്കിയുള്ളവരെ പീഡിപ്പിക്കുന്ന അവസ്ഥക്ക് ഉണ്ടാകാൻ പോകുന്ന
സമൂലമായ സാമൂഹികവ്യതിയാനവും അങ്ങനെ ദൈവേഷ്ടത്തിന്റെ വിജയത്തിനുള്ള
സാദ്ധ്യതയുമാണ് യേശുവിന്റെ പുനരുത്ഥാനംകൊണ്ട് ക്രിസ്ത്യാനികൾ
മനസ്സിലാക്കിയത്. യേശു കാണിച്ചുതന്ന വഴിയേ വ്യക്തിതലത്തിലും
സമൂഹമെന്നയർത്ഥത്തിലും നടക്കുക എന്നാൽ, മാനുഷികമായ സഹകരണംവഴി ഈ ലോകത്ത്
ദൈവേഷ്ടം, ദൈവരാജ്യം, കൊണ്ടുവരിക എന്നാണ് അതുകൊണ്ട് അർത്ഥമാക്കിയത്.
ചുറ്റും എതിരാളികൾ മാത്രമുണ്ടായിരുന്ന യേശുവിന്റെ അനുയായികൾക്ക് അതിനുള്ള
തുടക്കമിടാൻ തന്റേടം നല്കിയത് മരണത്തിൽ നിന്നുള്ള അവിടുത്തെ ഉയിർപ്പാണ്. ആ
വിജയം തങ്ങൾക്കും സാദ്ധ്യമാകും എന്ന ധൈര്യമാണ് അവർക്ക് മരണഭയത്തിൽ
നിന്നുള്ള മോചനത്തിന് അടിസ്ഥാനമായി ഭവിച്ചത്. അന്നത്തെയും എന്നത്തെയും
ചുറ്റുപാടുകളിൽ ഒരു റോമൻ സീസറിനോ മറ്റാരു സ്വേശ്ചാധിപതിക്കോ ഏറ്റവും
അവസാനമായി മനുഷ്യരോടു ചെയ്യാവുന്നത് ഇപ്പോഴത്തെ ജീവന്
ഹാനിവരുത്തുക എന്നതായിരുന്നു. എന്നാൽ, മരണത്തിനപ്പുറത്തും തങ്ങൾ വിജയം
ആഘോഷിക്കുന്നവരുടെ കൂടെയായിരിക്കും എന്ന ആത്മവിശ്വാസമാണ് ഇത്രയധികം
രക്തസാക്ഷികളെ ആദ്യസഭക്ക് സമ്മാനിച്ചത്. ആ വിശ്വാസം തന്നെയാണ് യെറൂസലെമിന്
വെളിയിലും അന്യദേശങ്ങളിലും ചെന്ന് യേശുവിന്റെ സന്ദേശം പങ്കുവയ്ക്കാൻ തന്റെ
അനുയായികളെ ശക്തരാക്കിയത്.
കെയിംബ്രിഡ്ജ് യൂണിവേർസിറ്റിയിൽ പ്രൊഫസറായ ജോണ്‍ പോക്കിംഗ്ഹോണ്‍ (Polkinghorne) പറയുന്നത്,
ഇന്നത്തെ മാനുഷകുലത്തെ ഒരു ഹാർഡ്വെയർ ആയി സങ്കല്പിച്ചാൽ, അതിൽ തന്റെ
സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ, ദൈവം പുതിയ ഒരു
ഹാർഡ്വെയർ സൃഷ്ടിക്കുന്നതുപോലെയായിരിക്കും ദൈവരാജ്യസംഭവം എന്നാണ്. ഞങ്ങളെ
നിന്റെ രാജ്യത്തേയ്ക്ക് കൊണ്ടുപോകണമേ എന്നല്ല, നിന്റെ രാജ്യം ഞങ്ങളുടെ
ഇടയിൽ വരേണമേ എന്നു പ്രാർത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. ഈ ഭൂമിയിൽ എല്ലാ
തുറയിലും ദൈവേഷ്ടം നിറവേറണം എന്നാണ് അതിന്റെ പൊരുൾ. അങ്ങനെയെങ്കിൽ
സ്വർഗ്ഗം എന്ന് കേൾക്കുമ്പോൾ ഇന്ന് നമുക്കുണ്ടാകുന്ന സങ്കല്പമല്ല, മറിച്ച്,
നമ്മുടെ സഹകരണത്തിലൂടെ ഈ ഭൂമിയിൽതന്നെ സംഭവ്യമാകുന്ന ദൈവേഷ്ടം എന്നാണ്
ആദ്യകാലങ്ങളിൽ ക്രിസ്ത്യാനികൾ മനസ്സിലാക്കിയിരുന്നത്. യേശുവിന്റെ
കാഴ്ച്ചപ്പാടനുസരിച്ചുള്ള ജീവിതസംവിധാനങ്ങൾ
പ്രാവർത്തികമാക്കുക എന്നുതന്നെയാണ് അതിനെ
മനസ്സിലാക്കേണ്ടത്. അതിനുവേണ്ടിയാണ് അവർ കാത്തിരുന്നത്. പോപ്പ് ഫ്രാൻസിസും
അദ്ദേഹത്തോടൊപ്പം ചിന്തിക്കുന്ന ഇന്നത്തെ നവീകരണപ്രസ്ഥാനങ്ങളും
ആഗ്രഹിക്കുന്നതും വേറൊന്നുമല്ല. വ്യാജമായ അധികാര, പൌരോഹിത്യസംവിധാനങ്ങളെ
സമൂലം ഉടച്ചുവാർത്ത്, ദൈവഹിതത്തിനുചേരുന്ന ഒരു സമൂഹമായി ആകമാന മനുഷ്യരാശി
രൂപാന്തരപ്പെടണം എന്നതുതന്നെയാണ് ആ ലക്ഷ്യം.
0 comments:
Post a Comment