മെത്രാൻ-സിനഡിന്റെ വാതുക്കൽ നിന്നുകൊണ്ട് അല്മായപ്രതിനിധികൾ നടത്തുന്ന പരിവേദനങ്ങൾ (ആധാരം - മത്തായി 5, 3 - 11 അഷ്ടസൗഭാഗ്യങ്ങൾ)
ഫറവോന്റെ കാലത്തെ അടിമകളുടെ ദൈവത്തെയല്ല, അനുഷ്ഠാനങ്ങളാലും ബലികളാലും പ്രീതിപ്പെടുത്തേണ്ട മോശയുടെ കാലത്തെ ദൈവത്തെയല്ല, പക്ഷപാതങ്ങളുടെയും സങ്കുചിത പൌരുഷത്തിന്റെയും പ്രതീകമായ കത്തോലിക്കാ ദൈവത്തെയുമല്ല, മറിച്ച്, യേശു സ്വതന്ത്രരാക്കിയ ലോകമെങ്ങുമുള്ള മനുഷ്യരുടെ ദൈവത്തെപ്പറ്റി ഞങ്ങളോട് സംസാരിക്കൂ.
ശുദ്ധഹൃദയരായി നിങ്ങളെയനുഗമിച്ച ഞങ്ങൾ ഇതുവരെ ആ ദൈവത്തെ കാണുന്നില്ലെങ്കിൽ, നിങ്ങളല്ലേ അതിനുത്തരവാദികൾ?
ആത്മാവിൽ ദാരിദ്ര്യമനുഭവിക്കുന്ന ഞങ്ങളുടെ വാഗ്ദാനമായ സ്വർഗരാജ്യമെവിടെ?
ഇന്നെന്നപോലെ മുന്നും നിങ്ങളുടെ മുമ്പിൽ വിലപിക്കുന്ന ഞങ്ങൾക്ക് എന്നാണാശ്വാസം കിട്ടുക?
ശാന്തശീലരായ ഞങ്ങളുടെ ഭൂമി നിങ്ങളല്ലേ കൈവശപ്പെടുത്തിയത്?
കരുണ തേടുന്ന ഞങ്ങള്ക്ക് നിങ്ങളിൽനിന്ന് എന്നാണ് കരുണ ലഭിക്കുക?
എത്രയോ വര്ഷങ്ങളായി ഞങ്ങൾ നീതിക്കുവേണ്ടി
വിശന്നും ദാഹിച്ചും നിങ്ങളുടെ അരമനപ്പടിക്കൽ കാത്തിരുന്നു.
എന്നാൽ ഞങ്ങളല്ല, നിങ്ങളാണ് സംതൃപ്തരായത്.
എത്രനാളായി ഞങ്ങളുടെ ഹൃദയശുദ്ധിയെ മുതലെടുത്ത് നിങ്ങൾ ദൈവസ്ഥാനീയരെപ്പോലെ സഞ്ചരിക്കുന്നു!
നമ്മുടെയിടയിൽ
സംഭവിക്കേണ്ട സമാധാനത്തിനായി എന്തും ചെയ്യാൻ ഒരുങ്ങിയാണ് ഞങ്ങളുടെ
കാത്തിരുപ്പ്; എന്നാണതിന് ഫലമുണ്ടാകുകയും നമ്മെളെല്ലാം ഒരുപോലെ
ദൈവപുത്രരെന്നു വിളിക്കപ്പെടുകയും അങ്ങനെ ജീവിച്ചുതുടങ്ങുകയും ചെയ്യുക?
എത്രനാളാണ് നീതിക്കുവേണ്ടി ഇനിയും നിങ്ങളുടെ പീഡനത്തിന് ഞങ്ങൾ ഇരയാകുക? എത്രനാളാണ് സ്വർഗരാജ്യത്തിനായി ഇനിയും ഞങ്ങൾ കാത്തിരിക്കുക?
ഞങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും
എല്ലാവിധ തിന്മകളും ഞങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുന്ന
നിങ്ങളിൽനിന്ന് എന്തുത്തരമാണ് ഞങ്ങള്ക്ക് കിട്ടുക? ഞങ്ങൾ
കാത്തിരിക്കുകയാണ്.
ഓർത്തുകൊള്ളുവിൻ - (ആധാരം - ലൂക്കാ 1, 49 - 53 മറിയത്തിന്റെ സ്തോത്രഗീതം) -
ദൈവമായ കർത്താവ് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിക്കും; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്ന് ചിതറിക്കും; ശക്തന്മാരെ സിംഹാസനത്തിൽനിന്ന് മറിച്ചിടും; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയക്കും; എളിയവരെ ഉയർത്തുകയും വിശക്കുന്നവരെ സംതൃപ്തരാക്കുകയും ചെയ്യും.
ദൈവമായ കർത്താവ് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിക്കും; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്ന് ചിതറിക്കും; ശക്തന്മാരെ സിംഹാസനത്തിൽനിന്ന് മറിച്ചിടും; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയക്കും; എളിയവരെ ഉയർത്തുകയും വിശക്കുന്നവരെ സംതൃപ്തരാക്കുകയും ചെയ്യും.
ഇതാ വലിയ കാര്യങ്ങൾ ചെയ്യുവാനായി
ശക്തനായവൻ നമ്മെ വിളിക്കുന്നു. അവന്റെ സ്വരം ശ്രവിക്കാനും അവനിൽ
ആനന്ദിക്കാനുമായി ഞങ്ങളോടൊപ്പം ചേരുവിൻ! ഇപ്പോൾ മുതൽ സകല തലമുറകളും നമ്മെ
ദൈവമക്കൾ എന്ന് പ്രകീർത്തിക്കട്ടെ.
ഒരല്മേനി ദൈവപണ്‍ഡിതരായ മെത്രാൻതിരുമേനിമാർക്ക് കൊടുത്തിരിക്കുന്ന ചിന്താവിഷയങ്ങൾ അവരുടെ ഇനിയുള്ള ജീവിതം മുഴുവൻ ഇരുന്ന് ധ്യാനിക്കാനുള്ള വകയാണ്. അത് വായിച്ചപ്പോൾ എന്റെ ഓർമയിൽ പെട്ടെന്ന് വന്നത് ഈയിടെ ഞാൻ ശ്രവിച്ച ഒരു കൊച്ചു പ്രഭാഷണമാണ്. അതിൽ ബോബിയച്ചൻ ഗിരിപ്രഭാഷണത്തിലെ ആഴങ്ങളെപ്പറ്റിയാണ് ധ്യാനോന്മുഖനായി സംസാരിക്കുന്നത്. രണ്ടായിരം വർഷങ്ങൾക്കു മുന്നേ, അത്തരം ആശയങ്ങൾ സാധാരണക്കാരോട് പറയാൻ ധൈര്യപ്പെട്ട ആ ഗുരു അമാനുഷികമായ ഉൾക്കാഴ്ചകളുള്ള മഹാത്മാവായിരുന്നു. അന്ന് തൊട്ടിന്നുവരെ എത്രയോ മനസ്സുകൾക്ക് ആ വചസ്സുകൾ ശക്തിയും ആനന്ദവും നല്കിയിട്ടുണ്ട്. ഈ കമന്റ് വായിക്കുന്നവർ അച്ഛന്റെ സംഭാഷണം കൂടി ഒന്ന് ശ്രദ്ധിച്ചു കേൾക്കുന്നതിനായി ഈ ലിങ്ക് ചുവടെ ചേർക്കുന്നു.
ഗുരുചരണം
http://www.youtube.com/watch?v=_BDW_OZfSg0