കത്തോലിക്കാസഭയും ഹോമിയോപതിയും

ഏതസുഖം വന്നാലും ഹോമിയോപതി വൈദ്യന്മാരെ സമീപിക്കുന്ന ധാരാളമാളുകൾ നമ്മുടെയിടയിലുണ്ട്. എന്നാൽ എന്താണ് ഈ ചികിത്സാരീതിയുടെ പിന്നിലുള്ള തത്ത്വമെന്ന് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? അതെന്താണെന്നറിയാവുന്നവർപോലും അതിലെ പോഴത്തം തിരിച്ച്ചറിയുന്നില്ല എന്നത് വിചിത്രം തന്നെ. അതായത് ഒരൗഷധസത്തെടുത്ത്, അതിനെ കഴിയുന്നത്ര - ആയിരമോ, പതിനായിരമോ, ഒരു ലക്ഷമോ തവണ - നേർപ്പിക്കുക. എത്രയധികം നേർപ്പിക്കുന്നോ ആത്രയുമധികമായിരിക്കും ഹോമിയോപതി മരുന്നിന്റെ രോഗനിവാരണശക്തി (potency ) എന്നാണ് തത്ത്വം. ഇതിലെ അബദ്ധം മനസ്സിലാക്കിത്തരാൻ ഒരു ചിന്തകൻ പറഞ്ഞ ഒരു തമാശയിങ്ങനെ. വൈദ്യൻ നിശ്ചയിച്ച അളവിനേക്കാൾ വളരെക്കൂടുതൽ ഹോമിയോ മരുന്ന് അകത്തുചെന്നതിനാൽ (over dose) അദ്ദേഹത്തിന്റെ സുഹൃത്ത് മരണമടഞ്ഞു. എന്നുവച്ചാൽ, അയാൾ മരുന്നെടുക്കാനേ മറന്നുപോയി എന്ന്. ഇതിലെ നർമ്മം പിടികിട്ടാൻ പലർക്കും അല്പം ചിന്തിക്കേണ്ടി വരും. അതായത്, ഔഷധഗുണം എത്ര നേർപ്പിക്കുന്നോ അത്രയും ശക്തി കൂടുമെന്നാണെങ്കിൽ, ഓഷധാംശം ഒട്ടും ഇല്ലാതാകുന്നതു വരെ നേർപ്പിക്കുന്നതോ, ഒട്ടും കഴിക്കാതിരിക്കുന്നതോ ആയിരിക്കണമല്ലോ ഏറ്റവും കൂടുതൽ പ്രവർത്തനം കാഴ്ചവയ്ക്കുന്നത്! അധികമായാൽ അമൃതും വിഷം എന്നാണല്ലോ. 

28.12.2013 രണ്ടു മണിക്കാണ് പാലാ മെത്രാസനത്തിൽനിന്ന് യേശുവിന്റെ പ്രതിപുരുഷന്മാർ' അടിവാരമെന്ന പ്രകൃതിരമണീയമായ പശ്ചിമഘട്ടത്താഴ്വരയിൽ അഞ്ചുകോടിയിലേറെ ചെലവാക്കി ഒരു പുതിയ പള്ളി പടുതുയർത്തിയ ഇരുന്നൂറ്റി ഇരുപതോളം കുടുംബങ്ങൾക്കും അവരുടെ ചെറുപ്പക്കാരൻ വികാരി സ്കറിയാ വേകത്താനത്തിനുമുള്ള മുഖസ്തുതികളുടെ രത്നഫലകങ്ങളുമായി എത്തിയത്. യേശു യെരൂസലേം ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെ ഓടിച്ചെങ്കിൽ, ഇന്ന് അവിടുത്തെ 'പ്രതിനിധികൾ' ചെയ്യുന്നത് കോടികൾ മുടക്കിയുണ്ടാക്കുന്ന പള്ളികളിലൂടെ അവരുടെ ഭക്തിക്കച്ചവടം വ്യാപിപ്പിക്കുകയാണ്.

ഹോമിയോപതിയുടെ കാര്യം പറഞ്ഞുവന്നത്, കത്തോലിക്കാസഭയിൽ ഇന്ന് സംഭവിച്ചിരിക്കുന്ന മൂല്യച്ചുതിയെ അതിനോട് ഉപമിക്കാൻ വേണ്ടിയാണ്. മനുഷ്യനെ കൂടുതൽ മനുഷ്യത്വമുള്ള മെച്ചപ്പെട്ട ഒരു നിലയിലേയ്ക്ക്, അതുവഴി ദൈവിക തലത്തിലേയ്ക്കുതന്നെ, ഉയര്ത്താൻ കഴിയുന്ന സത്യങ്ങൾ പഠിപ്പിച്ചുതന്നിട്ടാണ് യേശു പോയത്. ആ സത്യങ്ങൾ അവയുടെ വീര്യം നഷ്ടപ്പെടുത്താതെ ആദിമസഭയിൽ നിലനിന്നിരുന്നു. എന്നാൽ സാവധാനം അവയിൽ മായം ചേർത്ത് നേർപ്പിക്കാൻ നോക്കിയവർ ധാരളമുണ്ടായി. വന്നുവന്ന് സത്യത്തിന്റെ അംശം ഇപ്പോൾ ആദ്യത്തേതിന്റെ ഒരു കോടിയിലൊന്നുപോലും ഇല്ലെന്ന അവസ്ഥയായിട്ടുണ്ട്. അതിനുള്ള ഒരു നല്ല ഉദാഹരണമാണ് പാലാരൂപതയുടെ മെത്രാൻ ജോസഫ് കല്ലറങ്ങാട്ട് അടിവാരത്തെ ദേവാലയകൂദാശയുടെ സന്ദർഭത്തിൽ നടത്തിയ പ്രഭാഷണം. സംസാരം മുഴുവൻ ബൈബിളിനെ ആധാരമാകിയാണെന്ന പ്രതീതി തരികയും അതേസമയം ബൈബിളുമായി യാതൊരുവിധ ബന്ധവും ഒട്ടില്ലാതെയും. എല്ലാ പള്ളിപ്രസംഗങ്ങളും ഏതാണ്ടിത്തരമാണ്. സത്യത്തിന്റെ ഒരംശം പോലും ഒരിടത്തുമില്ല. എല്ലാം ആയിരമോ പതിനായിരമോ തവണ നേര്പ്പിച്ചെടുത്ത പരുവത്തിലായിരിക്കും വിശ്വാസികളിലെത്തുക. യേശുവിന്റെ സന്ദേശത്തിന്റെ പൊടിപോലും വൈദികരുടെ വാക്കുകളിൽ കണ്ടെത്താനാവില്ല എന്നതാണ് സത്യം.

അടിവാരം പള്ളി വെഞ്ചെരിപ്പിന് പണ്ഡിറ്റ്‌ കല്ലറങ്ങാട്ട് ചെയ്ത പ്രസംഗത്തിന്റെ കോരിത്തരിപ്പിക്കുന്ന ഭാഗങ്ങൾ ചുരുക്കിയെഴുതാം. കന്യകാമറിയമാണ് പള്ളിയുടെ മദ്ധ്യസ്ഥ. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ മാതാവായിരുന്നു താരം. താരസ്തുതികൾ ഇങ്ങനെ പോകുന്നു. യേശുവിനെ സൂക്ഷിച്ചിരുന്ന ഗർഭപാത്രവും സക്രാരിയും മേരിയായിരുന്നതുപോലെ, സഭയാണ് ഇന്ന് യേശുവിനെ സൂക്ഷിക്കുന്ന ഗർഭപാത്രവും സക്രാരിയും. (യേശുവിനെ സഭയിൽ അല്ലെങ്കിൽ അതിനു വെളിയിൽ ഒരിടത്തും കാണാനില്ലാത്തത് അതുകൊണ്ടാകാം!) മേരി ഒരു കാലിത്തൊഴുത്ത് യേശുവിന്റെ വീടാക്കിത്തീർത്തതുപോലെ, അടിവാരം വികാരി ഇവിടുത്തെ പിള്ളക്കച്ചകളായ ഓരോ ഇടവകാംഗത്തെയും ചേർത്ത് 'പിരിച്ച്' ദൈവത്തിന് ഒരു വീടുണ്ടാക്കിയിരിക്കുന്നു. അദ്ദേഹം ഓടിനടന്നു ചെല്ലാത്ത സ്ഥലങ്ങളില്ല. വിദേശംവരെ പോയ കാര്യവും മെത്രാൻ എടുത്തുപറഞ്ഞു. അവിടെയും ദൈവമാതാവിന്റെ ഉപമയിൽ നിന്നദ്ദേഹം വിട്ടുപോയില്ല. മേരി 'തിടുക്കത്തിൽ' എലിസബത്തിനെ കാണാൻ പോയതുപോലെയാണ്, ഈ കറിയാച്ചനും കാശിനായി ഓടിനടന്നത്. തീർന്നില്ല, മേരിയെപ്പോലെ ഹൃദയത്തിൽ വേദനയുടെ ഒരു വാളും പേറിയായിരുന്നു ഈ ഓട്ടമെല്ലാം. തന്റെ ഓരോ വാക്കിലൂടെയും ബൈബിൾ കഥകളെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് പാലാ മെത്രാൻ! കാനായിലെ കല്യാണത്തിന് മേരി മുൻകൈയെടുത്ത് അവിടെയുള്ള ഓരോ വീട്ടുകാർക്കും വെള്ളത്തിൽ നിന്നുണ്ടാക്കിയ വൈൻ വേണ്ടുവോളം കൊടുത്തതുപോലെ ഈ വികാരിയും സഹകരണത്തിന്റെയും അദ്ധ്വാനത്തിന്റെയും കൈപ്പുള്ള പാഠങ്ങളിലൂടെ ഈ ഇടവകയിലെ ഓരോരുത്തർക്കും സന്തോഷത്തിന്റെ മധുരമുള്ള വൈൻ കൊടുത്ത് ഉന്മത്തരാക്കിയിരിക്കുന്നു. തനിക്കുവേണ്ടിയല്ല, ഈ നാടിനും നമ്മുടെ രൂപതക്കും വേണ്ടി, എന്നാണു രൂപതാമെത്രാൻ ഉരുവിട്ടത്. (അടിവാരം പള്ളിയെ ഒരു തീർഥാടനകേന്ദ്രമാക്കി പ്രഖ്യാപിച്ചാൽ, അരമനക്കുണ്ടാകുന്ന നേട്ടങ്ങൾ, ഇത് പറയുമ്പോൾ, അദ്ദേഹത്തിന്റെ മനസ്സിലൂടെ തിളങ്ങിപ്പോയിരിക്കണം.)

ജോണ്‍ 19,26 ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടർന്നുപറഞ്ഞത് ശരിക്കും പുരോഹിത ദൈവശാസ്ത്രം തന്നെയായിരുന്നു. കുരിശിന്റെ ചുവട്ടിൽ നിന്നിരുന്ന മേരിയേയും യോഹന്നാനെയും അന്യോന്യം അമ്മയും മകനുമായി ഏല്പ്പിച്ചുകൊടുത്തിട്ട് യേശു പറഞ്ഞത് ഇതോടെ എല്ലാം പൂർത്തിയായി എന്നാണ്. സ്വന്തം അമ്മയെ നമ്മുടെ അമ്മയാക്കിയതാണ് അവിടുന്ന് ചെയ്ത ഏറ്റവും പ്രധാന കാര്യം. ഇനിയെനിക്കൊന്നും പറയാനില്ല, ഇതോടെ എല്ലാം - എനിക്ക് ചെയ്യാനുള്ളതെല്ലാം - തീർന്നിരിക്കുന്നു, എന്നാണ് യേശു ഉദ്ദേശിച്ചത് എന്ന് ഒരു മെത്രാൻ തട്ടിവിടുന്നത് കേട്ട് ഞാൻ അടുത്ത ദൈവശാസ്ത്രസത്യത്തിനായി കാതോർത്തെങ്കിലും പിന്നെയെല്ലാം തന്റെ ശിഷ്യനുംകൂടിയായ വികാരിയച്ചനെക്കുറിച്ചുള്ള പ്രകീർത്തനങ്ങളായിരുന്നു.

കൊച്ചച്ചന്മാർ നല്ല പണസംഭരണകരാണെന്നു തെളിയിച്ചുകഴിഞ്ഞാൽ അവര്ക്ക് നല്ല ഭാവിയുണ്ട്. പടിപടിയായി അവർ മെത്രാൻസ്ഥാനത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കും. തനിക്കും ഈ വഴി തുറക്കപ്പെട്ടിരിക്കുന്നു എന്ന് ഏതാണ്ട് കൃതാർത്ഥതയോടെ ഫാ. സ്കറിയ വേകത്താനത്തിനും വിശ്വസിക്കാം.
  • സ്നേഹം ഒരു വികാരമല്ല, സ്വഭാവമാണ്. മരിച്ചു കിടക്കുന്നവന്റെ വിലാപ്പുറത്തു നിന്നുപോലും രക്തവും ജലവും ഒഴുക്കുന്നതാണെന്ന ക്രിസ്തുഭാഷ്യമാണത്. ‘ഔദ്യോഗികം' എന്ന വാക്കിനു നയതന്ത്രജ്ഞത എന്നൊരു അർത്ഥഭേദം കല്പ്പിക്കാനാകുമെങ്കിൽ, കണ്ണുകെട്ടി തുലാസ് പിടിച്ചു നിൽക്കുന്ന ഒരു നീതിന്യായവ്യവസ്ഥയെയും സങ്കൽപ്പിക്കാനാകും. സഭയിന്ന് ഔദ്യോഗിക സഭയാണ്. അതിൽ, എവിടെയാണ് സ്നേഹം? സ്വയം സ്നേഹമാകാതെ സ്നേഹത്തെ ഉറപ്പിക്കാൻ നമുക്കൊന്നും ചെയ്യാനാവില്ലല്ലോ. അതായത്, സ്നേഹമാണ് ക്രിസ്തുവിന്റെ കൽപ്പനയെങ്കിൽ, ആ മൂലധനമില്ലതെ സഭയെ നമുക്ക് ബോധപൂർവം പണിയാനാകില്ല. അത്തരമൊരു പാഴ്വേലയാണ് രാഷ്ട്രീയ- സാമ്പത്തിക കേന്ദ്രങ്ങളുടെ ഒരുപസംവിധാനം എന്നൊക്കെ വിളിക്കാവുന്ന ഇന്നത്തെ ഈ അധികാര-പണകേന്ദ്രിതമായ ഔദ്യോഗിക സഭ! അങ്ങനെയുള്ള ഒരു സ്ഥാപനത്തിൽ ദാരിദ്ര്യം എന്നൊക്കെ കേൾക്കുന്നത് ഒരു വലിയ ഫലിതമാണ്. മെത്രാന്മാരൊക്കെ ചിരിച്ചു ചിരിച്ചു മടുത്തു എന്നാണ് കേൾക്കുന്നത് !

    “എന്റെ ചെറിയ അജഗണമേ" എന്നാണ് ക്രിസ്തു തന്റെ സഭയെ അഭിസംബോധന ചെയ്തത് . ബോധപൂർവം ഇത്തരം ചില വിലകൾ നല്കാൻ എത്രപേർക്ക് കഴിയുമെന്ന് ക്രിസ്തുവിനറിയാം. ഉള്ളിൽ പാകിയ ഒരു സാദ്ധ്യതയുടെ പേരാണ് ദൈവരാജ്യമെങ്കിൽ, ഭൌതികമായി ഉള്ളത് പങ്കുവെക്കുക എന്നതിലപ്പുറം ക്രിസ്തുവിന്റെ സഭക്ക്, ചിട്ട വട്ടങ്ങളുള്ള, ഐഹികമായൊരു ബദൽ പോലും അനിവാര്യമല്ല. അതിനു വേണ്ടിയുള്ള ശ്രമങ്ങളൊക്കെയും വീണ്ടുമൊരു കറുത്ത ഫലിതമായി ചരിത്രത്തിൽ ശേഷിക്കും. കൂടാതെ, സംഭവിക്കുന്നതെല്ലാം ദൈവേശ്ചയാണെന്ന് സ്ഥാപിച്ച് തങ്ങളുടെ എക്കാലത്തെയും ആർഭാടജീവിതത്തെ സഭാധികാരികൾ ന്യായീകരിക്കുകയും ചെയ്യുന്നുണ്ടാവും.

  • "അങ്ങനെയുള്ള ഒരു സ്ഥാപനത്തിൽ ദാരിദ്ര്യം എന്നൊക്കെ കേൾക്കുന്നത് ഒരു വലിയ ഫലിതമാണ്."

    ദാരിദ്ര്യമെന്നതു അതിൽത്തന്നെ അഭിലഷണീയമല്ലെന്നു നമ്മൾ എടുത്തുപറയേണ്ടതില്ല. അത്യാർത്തിയും അമിതമായ ധൂർത്തും വികലമായ ആഡംഭരങ്ങളും ഒരു വശത്ത്‌ മനുഷ്യത്വത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ അതിനു ബദലായി, ഒരു പ്രതിരോധമായി, ചില സുമനസ്സുകൾ ദാരിദ്ര്യത്തെ വരിക്കുന്നു. ഏവര്ക്കും സുഭിക്ഷമായും സംതൃപ്തമായും കഴിയാൻ വേണ്ടതെല്ലാം പ്രകൃതി തരുന്നുണ്ടെങ്കിലും, കയ്യൂക്കും കാപട്യവും വഴി കുറേപ്പേർ സമ്പത്തെല്ലാം തങ്ങൾക്കായി കവർച്ചചെയ്തു കൂട്ടിവയ്ക്കുകയോ ആവശ്യത്തിലധികമായി വ്യയം ചെയ്യുകയോ ചെയ്യുകവഴി ബാക്കിയുള്ളവർ ഒന്നുമില്ലാത്തവരാകുന്നതിനെയാണ് മനസ്സാക്ഷിയുള്ളവർ എതിർക്കുന്നത്. അതുകൊണ്ടുതന്നെയാണ് സഭയിലും ആര്ഭാടം പാടില്ല, ലാളിത്യം ശീലമാക്കണം എന്നൊക്കെ പോപ്പ് ഫ്രാൻസിസും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്നവരും ആഗ്രഹിക്കുന്നത്.

    അതുകൊണ്ട് തന്നെയാണ് ലളിതമായ ഒരു മലയോരഗ്രാമത്തിന് ഇണങ്ങാത്ത ധൂർത്തോടെ ഒരു പള്ളി ഉയര്ന്നു വരുമ്പോൾ പലരുമതിനെതിരെ സ്വരമുയർത്തുന്നത്. രണ്ടും മൂന്നും കുഞ്ഞുങ്ങളും അക്കൂടെ കൌമാരക്കാരുമുള്ള കുടുംബങ്ങളിൽ പലതിനും ഒരു നല്ല മുറി പോലുമില്ലാത്ത അവസ്ഥയിലാണ് അടിവാരമെന്ന ഗ്രാമത്തിൽ ജനജീവിതം. കുട്ടികള്ക്ക് യൂണിഫോം, പുസ്തകങ്ങൾ, കുട, പുസ്തകസഞ്ചി തുടങ്ങിയവ വാങ്ങാൻ വിഷമിക്കുന്ന ധാരാളം മാതാപിതാക്കളിവിടെയുണ്ട്. ഈ പള്ളി അത്യാവശ്യ സൗകര്യങ്ങളോടെ പുതുക്കിയിട്ട്, ബാക്കി പണവും മനുഷ്യാദ്ധ്വാനവും ഇത്തരം കുടുംബങ്ങൾക്കായി ഉപയോഗിക്കാനുള്ള സുബുദ്ധിയുദിച്ചിരുന്നെങ്കിൽ അത്യാധുനികമായ ഒരു പള്ളി നല്കുന്നതിലും എത്രയോ അധികം സന്തോഷം ഇവിടുത്തെ ഓരോ വീടിനും ഉണ്ടാകുമായിരുന്നു എന്നു ചിന്തിക്കാൻ മാത്രം മനുഷ്യസ്നേഹം ഒരു വികാരിക്കും മെത്രാന്മാർക്കും മനസ്സിലുദിക്കാത്തത് കാതലായ ഒരുൾക്കാഴ്ച്ചയുടെ അഭാവമല്ലേ? എന്തുകൊണ്ടിത്‌ സംഭവിക്കുന്നു എന്നേ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ കുറിപ്പുകൾ വഴി ഞാൻ ചോദിക്കുന്നുള്ളൂ. വായിക്കേണ്ടവർ ഇതൊന്നും വായിക്കുന്നില്ലെങ്കിൽ അവർക്കെങ്ങനെ വീണ്ടുവിചാരമുണ്ടാകും? ശ്രീ ജെയിംസ്‌ കോട്ടൂരിനെപ്പോലുള്ളവർ മെത്രാന്മാർക്ക് അല്മായർ എഴുതുന്ന പലതും അയക്കുന്നുണ്ട്. അവ കിട്ടിയതായിപ്പോലും തിരിച്ചവർ മിണ്ടുന്നില്ല. ഇത്തരക്കാർക്ക് ചാട്ടവാർ മാത്രമേ ഉപകരിക്കൂ എന്നല്ലേ അല്മായർ മനസ്സിലാക്കേണ്ടതും അതനുസരിച്ച് പ്രവർത്തിക്കേണ്ടതും? ഒരു സംശയവും വേണ്ടാ, യേശു ഇന്നിവിടെയുണ്ടായിരുന്നെങ്കിൽ ചാട്ടവാറുകൾ കെട്ടുകണക്കിന് ഉപയോഗിക്കപ്പെടുമായിരുന്നു.
  • 0 comments: