തോന്ന്യാസങ്ങൾ ഇത്രക്കാകാമോ?

പോട്ടെ, മിണ്ടണ്ടാ, തലയിൽ നിറയെ കച്ചി തിരുകി നടക്കുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം എന്നോർത്തതാണ്. എന്നാലും കോലാഹലത്തിന്റെ വഷളത്തരം നേരിട്ട് അനുഭവിക്കേണ്ടിവന്നപ്പോൾ മിണ്ടാതിരിക്കുന്നതെങ്ങനെ? പാലായുടെ മദ്ധ്യത്തിൽ പൊതുസ്ഥലത്ത് വഴിക്ക് തടസ്സമായി പടുത്തു വച്ചിരിക്കുന്ന കൂറ്റൻ കുരുശുപള്ളി മാതാവിന്റെ നാമത്തിലാണെന്ന് ഇന്നാണ് മനസ്സിലായത്‌. ഇന്ന് (ഡിസംബർ 8 ന് അമലോത്ഭവ തിരുനാൾ) അതിന്റെ ഏതോ ജൂബിലിയാണ് പോലും. ഒന്നാമതേ ഉത്ഭവപാപവും ഒരാളുടെ കാര്യത്തിൽ മാത്രം അത് ഒഴിവാക്കി ദൈവം മുൻകൂട്ടി മേരിയെ അമലോത്ഭവയാക്കിയതും ഒരു യുക്തിക്കും ചേരാത്ത കെട്ടുകഥകളാണ്.  അത് കണ്ടുപിടിച്ചതുതന്നെ എട്ടാം നൂറ്റാണ്ടിലെ ഏതോ ഭക്തശിരോമണിയാണ്! അതിനുമുമ്പ്  പുത്രൻ തമ്പുരാനുള്പ്പെടെ ഒരാളും അങ്ങനെയൊരു സംശയം പോലും ഉയർത്തിയില്ല. തോമസ്‌ അക്വീനാസ് തുടങ്ങിയ പണ്ഡിതർ അതിനെ ചേദ്യം ചെയ്തിട്ടുള്ളതാണ്. ഫലമുണ്ടായില്ല. ആ വിഷയത്തെക്കുറിച്ച് പാപ്പാമാർ വരെ നോവലുകൾ എഴുതിത്തുടങ്ങി.


ഏതായാലും പാലായിലെ ആ കുരിശുപള്ളിയുടെ ജൂബിലിക്കായി ഇന്ന് പാലാ ടൌൻ മൊത്തം സാധാരണ യാത്രക്കാർക്ക് ദുർഗതമാക്കിയിരിക്കുകയാണ്. കിളച്ചുമുടിചിട്ടിരിക്കുന്ന വേറൊരു വഴിയിലൂടെ ഒരു മല കയറി കറങ്ങി ഒരു മണിക്കൂറോളം നഷ്ടപ്പെടുത്തിയാണ് വണ്ടികളെല്ലാം ട്രാസ്പോര്ട്ട്  സ്റ്റാന്റിൻറെ പരിസരത്തെത്തുന്നത്. ഇതെന്നാ, പാലാ മൊത്തത്തിൽ കത്തോലിക്കർക്ക് എഴുതിക്കിട്ടിയതാണോ? അന്യ ജാതിക്കാരും ഇത്തരം ഊളത്തരത്തിൽ വിശ്വസിക്കാത്തവരും എന്തിന് കണ്ണടച്ച് ഈ ഒച്ചപ്പാടും ബഹളവും യാത്രതടസ്സവും സഹിക്കണം, ഈ തോന്ന്യാസങ്ങൾ വകവയ്ക്കണം? മാണിയും കൂണിയും ആൻറോ ആന്റണിയുമൊക്കെ പാട്ടിലുണ്ടെന്നു വച്ച് പാലാ മെത്രാന് ഇടയ്ക്കിടയ്ക്ക് ഇത്തരം തോന്ന്യാസം കാണിക്കാമോ? ചോദിക്കാനല്ല, തല്ലാൻ ആളില്ലാഞ്ഞിട്ടാണെന്നേ ഞാൻ പറയൂ.

ആഘോഷം വേണമെങ്കിൽ സ്റ്റേഡിയമോ ഫുട്ബോൾ ഗ്രൌണ്ടോ വാടകക്കെടുത്ത് അവിടെ ടാബ്ലോയോ നാടകമോ എന്ത് കുന്തമോ നടത്താമല്ലോ? വേണ്ടവർക്ക് പോയിരുന്ന് ആർത്തുവിളിച്ച് രസിക്കാം. താത്പര്യമില്ലാത്തവർക്ക് ശല്യമില്ലാതെ പൊതുവഴി ഉപയോഗിക്കാം. അതൊരൗദാര്യമല്ല, അവകാശസംരക്ഷണമാണ്. സംസ്കാരമുള്ള സമൂഹത്തിൽ അങ്ങനെയാണ് മനുഷ്യർ പെരുമാറുക. പൊതുശല്യമാകും വിധം മൈക്കുവച്ചും യാത്രക്കാരെ ബുദ്ധിമുട്ടിച്ച് വഴി തടഞ്ഞും ഒരു കോപ്രായവും കാട്ടിക്കൂട്ടരുതെന്ന് ഇവിടെയും നിയമമുണ്ട്. അവയൊക്കെ എല്ലാവരെയും ബാധിക്കുന്നവയാണ്. പക്ഷേ, ഉണ്ടാക്കുന്നവർ തന്നെ നിയമങ്ങൾ ലഘിക്കാനുള്ള അനുമതിയും കൊടുക്കുന്നു. കള്ളും കോഴയും കോഴിക്കാലും കൊടുത്താൽ കിട്ടാത്ത വകയൊന്നും ഈ നാട്ടിലില്ലല്ലോ. അവയ്ക്ക് മുമ്പിൽ കൂര വളയ്ക്കാത്ത മാന്യന്മാരുമില്ല.

പാലാമെത്രാന്മാരുടെ ആശീർവാദത്തോടെ അച്ചന്മാർ കാട്ടിക്കൂട്ടുന്നത് പരമ പോക്രിത്തരമാണ്. ഇതിനെതിരായി പൊതുജനം പ്രതികരിക്കണം. ഓരോ സമുദായവും അതാതിന്റെ ഓരോ വിശ്വാസത്തിന്റെ ഉമ്മാക്കി കാണിച്ച് സാധാരണ ജനത്തെ ഇങ്ങനെ അലട്ടരുത്. ആവശ്യത്തിനു വിവരമില്ലാത്ത മെത്രാനെയും മന്ത്രിയെയും നിലക്ക് നിർത്താൻ ജനാധിപത്യത്തിൽ വഴികളുണ്ട്. അതുപയോഗിക്കണം. അത് ആരംഭിക്കേണ്ടത് ഇത്തരം തോന്ന്യാസങ്ങൾക്കെതിരെ പൊതുജനാഭിപ്രായം രൂപികരിക്കുക വഴിയാണ്. ഏതു ഊളനും പൂളനും എന്ത് ഓക്കത്തരവും കാട്ടിക്കൂട്ടാവുന്ന ഒരേർപ്പാടല്ല ജനാധിപത്യവും അതിനെ ബഹുമാനിക്കുന്ന ജനങ്ങളുടെ പൊതുജീവിതവും. ഇന്നേദിവസം പാലായിൽ യാത്രാക്ഷീണവും സമയനഷ്ടവും അനുഭവിച്ച പൌരന്മാരെങ്കിലും ശക്തമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നു.


0 comments: