നീ മാപ്പർഹിക്കുന്നില്ല, പുരോഹിതാ!

മാണി കൂറ് മാറിയാലും ഇല്ലെങ്കിലും, നീതി എന്നെങ്കിലും അഭയാക്കേസിലെ വിശുദ്ധ മെത്രാനെയും വൈദികരെയും കുരുക്കിലേറ്റിയാലും ഇല്ലെങ്കിലും, മുമ്പൊരിക്കലും ഉണ്ടാകാത്തതുപോലെ, ജനം നീതിക്കുവേണ്ടി ദാഹിച്ചുതുടങ്ങിയിരിക്കുന്നു. വളരെ അപ്രതീക്ഷിതമായി ആഗസ്റ്റിലെ അസ്സീസി മാസിക പ്രസിദ്ധീകരിച്ച ഈ കവിത അതാണ്‌ പറയുന്നത്. സന്യസ്തർ നടത്തുന്ന ഈ മാസിക ഇത്രയും ധൈര്യത്തോടെ ഇങ്ങനെയൊരു കവിത മുദ്രണം ചെയ്യുന്നത് ആദ്യമായാണ്‌. 


നീ മാപ്പർഹിക്കുന്നില്ല പുരോഹിതാ! (ജോജോ മണിമല)

ചിരന്തന വിചിന്തനത്തിനുശേഷം കാലം ചോദിക്കുമ്പോൾ
നിന്റെ പൊക്കണത്തിൽ എന്തുണ്ട് ചരിത്രത്തിനു നല്കാൻ?
നിനക്കു നല്കപ്പെട്ട കരുതലും തണലും
ആദിവാസിയുടെ തുളവീണ നിക്കറുകാരന് നൽകിയിരുന്നെങ്കിൽ
ജയിലിൽ തൂക്കുമരത്തിനു ദിനമെണ്ണുന്നവന് ലഭ്യമായിരുന്നെങ്കിൽ
ഒരു ഗണികയുടെ ഇടറിപ്പോയ ജീവിതവഴിയിൽ വെളിച്ചമായിരുന്നെങ്കിൽ
എന്നേ അവരീ ചരിത്രത്തിന്റെ ഗതി 180 ഡിഗ്രി തിരിച്ചേനേ!
നിനക്കു മാപ്പില്ല പുരോഹിതാ, നീ മാപ്പർഹിക്കുന്നില്ല!

നിനക്കു നല്കപ്പെട്ടതെല്ലാം കൂടിപ്പോയി
എന്റെ പൊന്നുമക്കൾ ഈ ലോകനരകത്തീയിലെരിയുമ്പോൾ
അവർക്കൊരു സ്വർഗം പണിയാതിരിക്കാനെനിക്കാവില്ല
നിനക്കുള്ള ശിക്ഷ ഒരുക്കാതിരിക്കാനും.
വാകൊണ്ടും വാക്കുകൊണ്ടും വണക്കമാസംകൊണ്ടും
ആത്മാവും സത്യവുമില്ലാതെ നീ ഒരുക്കിയ
സങ്കീർത്തനങ്ങൾ എനിക്കിന്നരോചകമാണ്
എന്റെ പെണ്‍കുഞ്ഞിന്റെ മാനമല്ല, വിശുദ്ധി കൊത്തിപ്പറിച്ച്
വഴിയോരക്കഴുകന്മാർ വിരുന്നുണ്ണുന്നു, ഒപ്പം നീയും.

എന്റെ ജീവന്റെ ആദ്യസ്പന്ദനത്തിൽ തന്നെ കഠാരയും
കടലുപ്പുംകൊണ്ടെന്റെ കുഞ്ഞിളം നെഞ്ചു കീറുന്നു
ക്യാൻസർ കടിച്ചുപറിച്ചെന്റെ മക്കൾക്കു പേ പിടിക്കുന്നു
വേദന കടിചിറക്കാനാവാതെ തമ്പാക്കുവച്ചെന്റെ
യുവത്വത്തിന്റെ മുഖത്ത് ആസിഡ്തുള വീഴുന്നു.
ചൊറിഞ്ഞുചൊറിഞ്ഞെന്റെ രാഷ്ട്രീയത്തിന്റെ
ഇടംവലം കാലുകൾ പൊട്ടുന്നു
ഇനിയും ഞാൻ പൊറുക്കണോ? ഇനിയും ഞാൻ ക്ഷമിക്കണോ?

ഇല്ലാ, അണുബോംബും ആറ്റംബോംബുമല്ല
കടുത്ത ഭൂമികുലുക്കവും അഗ്നിപർവതസ്ഫോടനവുമല്ല
കരയെ കടലെടുക്കട്ടെ, മരുഭൂമിയെരിഞ്ഞുതീരട്ടെ
ഉഷ്ണംമൂത്ത് ഭൂമി വിയർത്തുകുളിക്കട്ടെ!

നീ നരകമായി രൂപാന്തരപ്പെടുത്തുന്ന എന്റെ പറുദീസയിൽനിന്ന് ചാക്കുടുക്കാതെ, 
ചാരംപൂശാതെ, ഒരു കുഞ്ഞോ കുരുന്നോ
നിന്റെ വംശത്തിൽനിന്നു രക്ഷപ്പെടില്ല, തീര്ച്ച!
പ്രവൃത്തിയിലേയ്ക്ക്, ഇടപെടലുകളിലേയ്ക്ക് നീ 
ന്റെ ഊർജ്ജപ്രവാഹങ്ങളെ തിരിച്ചുവിടുന്നില്ലെങ്കിൽ
മദം അണപൊട്ടിയൊഴുക്കുക ജലബോംബുകളാവില്ല
അഗ്നിയും ഗന്ധകവും മഞ്ഞുമലകളുമായിരിക്കും
നീയും നിന്റെ കുലവും തല മുണ്ഡനംചെയ്ത്
സ്വയം വിനീതരാവുക, ഭൂമിയോളം കുനിഞ്ഞ് മാപ്പിരക്കുക
അഹങ്കാരത്തിന്റെ ബാബേൽപള്ളിപണി ഉപേക്ഷിക്കുക
ഹൃദയങ്ങൾകൊണ്ടും കരങ്ങൾകൊണ്ടും ദേവാലയം പണിയുക

വരൂ കുഞ്ഞേ, നമുക്കേദനിലെയ്ക്ക് മടങ്ങിപ്പോയി
വള്ളിക്കുടിലിൽ പൂങ്കുരുവിയുടെ ഗാനം കേട്ട്
ഒരു കപ്പു ചായ കുടിക്കാം ...
ഈ കവിതയെഴുതിയ ജോജോ മണിമല അടുത്തുതന്നെ ഒരു കപ്പൂച്ചിൻ വൈദികനാകാൻ പോകുകയാണെന്ന് ഇത് പോസ്റ്റ്‌ ചെയ്തശേഷമാണ് ഞാനറിയുന്നത്. ZN 

0 comments: